close
Sayahna Sayahna
Search

സ്വപ്നത്തിലെ പെൺകുട്ടി


വി. ശശി കുമാർ

border=yes
ഗ്രന്ഥകർത്താവ് വി. ശശി കുമാർ
മൂലകൃതി ഒരസാധാരണ യാത്ര
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 57
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പടികടന്നു് ഉള്ളിലേക്കു് നടന്നപ്പോൾ തങ്കപ്പനു് ഉറപ്പു തോന്നി ഇതുതന്നെയാണു് വീടെന്നു്. പഴയ രീതിയിലുള്ള ഒരു ചെറിയ വീടു്, മുൻവശം മാത്രം കോൺക്രീറ്റ് ചെയ്തിരിക്കുന്നു എന്നു തോന്നും, ഇടതുവശത്തായി ഒരു ചെറിയ ഷെഡ് കാണാം കാർഷെഡ് എന്നു് പറയാനാവില്ല. അത്രയ്ക്കു് വീതിയില്ല ഒരു സ്ക്കൂട്ടർ വയ്ക്കാനുള്ള സ്ഥലമേയുള്ളൂ. വീടിനു് മുൻവശത്തെത്തിയപ്പോൾ മുൻവശത്തെ വരാന്തയിൽനിന്നു് അകത്തേക്കു് തുറക്കുന്ന ഒരു കതകു കണ്ടു. അതു് തുറന്നു കിടക്കുകയായിരുന്നു. ബെല്ലടിച്ചതും അകത്തുനിന്നു് ഒരു കൊച്ചു പെൺകുട്ടി ഓടി വരുന്നതു് കണ്ടു. ഒരു ഒന്നര വയസ്സു പ്രായം കാണും. “ദേ അങ്കിൾ വന്നു” എന്നു പറഞ്ഞുകൊണ്ടാണു് ആ കുട്ടി വരാന്തയിലേക്കു് വന്നതു്. കണ്ടപ്പോഴേ താൻ ദിവസേന സ്വപ്നത്തിൽ കാണാറുള്ള കുട്ടിയെ തങ്കപ്പൻ തിരിച്ചറിഞ്ഞു. കയ്യിലിരുന്ന പൊതി കുട്ടിയുടെ നേർക്കു നീട്ടി

“അതു് വാങ്ങരുതു് മോളേ. അറിയാൻ വയ്യാത്ത ആരെങ്കിലും എന്തെങ്കിലും കൊണ്ടെ തന്നാൽ വാങ്ങരുതു്, കേട്ടോ.” അകത്തുനിന്നു് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു. നീട്ടിയ കൈ കുട്ടി പിൻവലിച്ചു.

പിന്നാലെ മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ പുറത്തേക്കു് വരികയും ചെയ്തു. “നിങ്ങളാരാ? എന്താ വേണ്ടതു്?” അവർ ചോദിച്ചു.

“ഞാൻ പറയാം.” തങ്കപ്പൻ പറഞ്ഞുതുടങ്ങി, “ഞാൻ ഡ്രൈവർ തങ്കപ്പൻ. മാഡമെന്നെ അറിയില്ല. മാഡമല്ലേ ശാരദ മാഡം?”

“അതെ,” അവർ പറഞ്ഞു.

“കുറച്ചുനാൾ മുമ്പു് നിങ്ങളൊരു അപകടത്തിൽ പെട്ടില്ലേ? ഒരു ബസ് നിങ്ങളുടെ സ്ക്കൂട്ടറിൽ തട്ടിയപ്പോൾ? ഞാനതിന്റെ ഡ്രൈവറായിരുന്നു മാഡം. വണ്ടിയുടെ അടിയിൽനിന്നു് മാഡത്തിനെ പുറത്തെടുക്കുമ്പോഴാണു് ഞാൻ ബസ്സിൽനിന്നു് ഇറങ്ങി ഓടി രക്ഷപ്പെട്ടതു്. ആ സാഹചര്യത്തിൽ ഓടി രക്ഷപ്പെടാനേ പറ്റുള്ളു, മാഡം അല്ലേൽ നാട്ടുകാരെല്ലാംകൂടി തല്ലിക്കൊല്ലും. ആ അപകടം സംഭവിച്ചതിൽ വലിയ ദുഃഖമുണ്ടു് മാഡം, എനിക്കാദ്യമായിട്ടാണു് ഇങ്ങനെ ഒരപകടം ഉണ്ടാവുന്നതു്. അതും പൂർണ്ണമായി എന്റെ തെറ്റല്ലായിരുന്നു മാഡം. മുമ്പിൽ കെടന്ന വണ്ടിയെ ഓവർടേക്ക് ചെയ്യാനായി തിരിച്ചപ്പഴാ സാറു് റോങ്ങ് സൈഡേ കേറി വന്നതു്. ഞങ്ങടെ വണ്ടി പരക്കം പാച്ചിലാന്നു് എന്നു് എല്ലാവരും പരാതിപ്പെടും. പക്ഷെ അങ്ങനെ പാഞ്ഞില്ലേൽ മൊതലാളിക്കു കൊടുക്കാനുള്ള കാശു് വൈകുന്നേരമാകുമ്പഴത്തേക്കു് ഒക്കത്തില്ല, മാഡം.”

“അതിനിനി തങ്കപ്പനെന്നതാ വേണ്ടതു്?” ശാരദ ചോദിച്ചു.

“ഒന്നും വേണ്ടിയിട്ടല്ല, മാഡം. ഈ മിഠായി പാക്കറ്റൊന്നു് വാങ്ങിയിട്ടു് എന്നോടു് പൊറുത്തു എന്നു പറയണം.” തങ്കപ്പൻ പറഞ്ഞു.

“അതിനു് ഞാനെന്തിനാ പൊറുക്കുന്നെ? നിങ്ങളു് ശ്രദ്ധിക്കാതെ ഓടിച്ചതുകൊണ്ടല്ലേ എന്റെ കൊച്ചിന്റെ അച്ഛൻ മരിച്ചു പോയതു?”

“പൊറുക്കണം, മാഡം. അങ്ങനെയല്ല, മാഡം. ഞാൻ വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയ സമയത്താണു് സാറു് ഇടതുവശത്തുകൂടെ മുന്നിൽ വന്നു കയറിയതു്. ഇടതുവശത്തൂടെ കേറിവന്നാൽ ഡ്രൈവർക്കു് കാണാനൊക്കത്തില്ല മാഡം. അതാണു് സംഭവിച്ചതു്. ഞാൻ വണ്ടി മുമ്പോട്ടെടുത്തപ്പഴത്തേക്കും സാറു് എന്റെ വണ്ടീടെ നേരെ മുന്നിലെത്തി. എനിക്കൊന്നും ചെയ്യാൻ പറ്റാതായിപ്പോയി മാഡം. പിന്നെ സാറു് ഹെൽമെറ്റ് വച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ. തലയടിച്ചു വീണതുകൊണ്ടല്ലേ രക്തം വാർന്നു മരിച്ചതു്.” അയാൾ പറഞ്ഞൊപ്പിച്ചു.

“അതൊക്കെ സമ്മതിച്ചു. ചേട്ടനോടു് ഞാനെത്ര പ്രാവശ്യം പറഞ്ഞതാ ഹെൽമെറ്റു് വച്ചോണ്ടേ ഓടിക്കാവൂന്നും സൂക്ഷിച്ചു് ഓടിക്കണമെന്നും. ചേട്ടനു് വല്ലതും പറ്റിയാൽ ഞങ്ങക്കു് ആരുമില്ലാതാകുമെന്നും ഒക്കെ ഞാനൊരുപാടു് പറഞ്ഞുനോക്കിയതാ. ഇന്നത്തെ ട്രാഫിക്കിലും തെരക്കിലും എത്ര സൂക്ഷിച്ചോടിച്ചാലും അപകടം എപ്പഴാ ഉണ്ടാകാൻ പോകുന്നതു് എന്നു് പറയാനാവില്ല. അപ്പഴാ അങ്ങേരു് കൊച്ചു് പയ്യന്മാരെപ്പോലെ വണ്ടികളുടെ ഇടയിൽക്കൂടെ വെട്ടിച്ചു് വെട്ടിച്ചു് ഓടിക്കുന്നതു്. എത്രപ്രാവശ്യം പറഞ്ഞുനോക്കി, ആരെക്കൊണ്ടെല്ലാം പറയിച്ചുനോക്കി ആരു് കേക്കാനാ. അന്നുതന്നെ അങ്ങേരടെ പോക്കു കണ്ടപ്പം ഞാൻ പേടിച്ചു പോയി. ഞാൻ പറഞ്ഞതാ പതുക്കെ പോകാൻ. ങാ, എന്നാ പറയാനാ ഞങ്ങൾക്കു് വിധിച്ചിട്ടുള്ളതു് ഇതായിരിക്കും.” ഇത്രയും പറഞ്ഞപ്പോഴേക്കു് അവർ പൊട്ടിക്കരയാൻ തുടങ്ങി.

“അതൊക്കെ പോകട്ടെ, ഇതിനു് ഞാൻ നിങ്ങളോടെന്തിനാ പൊറുക്കുന്നെ?” കുറച്ചു് കഴിഞ്ഞു് കരച്ചിൽ ശമിച്ചപ്പോൾ ശാരദ ചോദിച്ചു.

“അന്നത്തേതിനു ശേഷം എനിക്കു് ഉറങ്ങാൻ പറ്റിയിട്ടില്ല, മാഡം. ഉറക്കം പിടിക്കുമ്പോൾ ദാ നിങ്ങളുടെ രണ്ടുപേരുടെയും മുഖം എന്റെ കൺമുമ്പിൽ എത്തും. കൂട്ടത്തിൽ ദാ ഇതുപോലെതന്നെയുള്ള ഒരു കുഞ്ഞും” എന്തു ചെയ്യണമെന്നറിയാതെ പ്രായമായ രണ്ടു പേരുടെയും മുഖത്തു് മാറിമാറി നോക്കിക്കൊണ്ടുനിന്ന ആ കുഞ്ഞിനെ ചൂണ്ടിക്കൊണ്ടു് തങ്കപ്പൻ പറഞ്ഞു, “എന്നിട്ടു് ആ കുഞ്ഞു് ചോദിക്കും, എന്തിനാ എന്റെ അച്ഛനെ കൊന്നതു് എന്നു്. എനിക്കു് പിന്നെ ഉറങ്ങാൻ കഴിയില്ല. എന്നു മാത്രമല്ല വണ്ടി ഓടിക്കുമ്പൊ ആകപ്പാടെ ഒരു വെപ്രാളമാ മാഡം.” തങ്കപ്പൻ പറഞ്ഞു. “പൊറുത്തു എന്നു് മാഡം പറഞ്ഞാലേ എനിക്കിനി ഉറങ്ങാൻ കഴിയൂ. ഇതങ്ങോട്ടു് മേടിച്ചോണ്ടു് പൊറുത്തു എന്നൊന്നു് പറയൂ മാഡം. ഇല്ലെങ്കിൽ പൊറുത്തു എന്നു പറയാൻ ഞാനെന്തു് ചെയ്യണമെന്നു പറയൂ മാഡം.” തങ്കപ്പൻ വിക്കി വിക്കിയാണെങ്കിലും പറഞ്ഞു തീർത്തു.

“എന്താണതിലുള്ളതു്?” ശാരദ ചോദിച്ചു.

“കുറച്ചു് മിഠായിയാണു്, മാഡം, കൂട്ടത്തിൽ കുറച്ചു് പണവുമുണ്ടു്” തങ്കപ്പൻ പറഞ്ഞു.

“എന്താ, എന്റെ ഭർത്താവിന്റെ ജീവനുള്ള വിലയാണോ?” ശാരദ ചോദിച്ചു.

“അയ്യോ, അങ്ങനെ വിചാരിക്കല്ലേ മാഡം, അപകടത്തിൽ വണ്ടിക്കു് പറ്റിയ കേടു് തീർക്കാനുള്ള ഒരു ചെറിയ തുക എന്നു മാത്രമെ ഞാൻ കരുതിയുള്ളൂ.” അയാൾ പറഞ്ഞു.

“ശരി, എന്നാൽ ഞാനായിട്ടു് നിങ്ങടെ ഉറക്കം കെടുത്തുന്നില്ല. പൊയ്ക്കോളൂ, ഇവളിനി നിങ്ങടെ ഉറക്കത്തിൽ വരില്ല. ഞാൻ പൊറുത്തിരിക്കുന്നു. ആ പൊതി മേടിച്ചോ മോളേ.” ശാരദ പറഞ്ഞു.

പൊതി കുഞ്ഞിനെ ഏൽപ്പിച്ചു്, “വലിയ ഉപകാരം, മാഡം” എന്നു പറഞ്ഞുകൊണ്ടു് തങ്കപ്പൻ തിരിച്ചു നടന്നു.