ഒരസാധാരണയാത്ര
ഗ്രന്ഥകർത്താവ് | വി. ശശി കുമാർ |
---|---|
മൂലകൃതി | ഒരസാധാരണ യാത്ര |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2017 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 57 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ് ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ് പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ് കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു. ”എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.” അയാൾ പറഞ്ഞു.
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.
“ഹേയ്, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.” അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.
“ഒന്നും പറ്റിയില്ലല്ലോ?” ഞാൻ ചോദിച്ചു.
“ഒന്നും പറ്റിയില്ല.”
“എന്താ ഉണ്ടായതു്?” ഞാൻ ചോദിച്ചു.
“ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.” അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.
“വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.”
“ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.” അയാൾക്കു് ഉറപ്പായിരുന്നു.
“സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.” ഞാൻ പറഞ്ഞു.
“വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.”
“എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?” എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.
“ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.” വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, “ഇവിടെ നിർത്തിയാൽ മതി.”
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, “ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.” ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.
“രവീ , വാ. ഇവിടെ ഇരിക്കാം.”
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്. “മനസ്സിലായില്ലല്ലൊ” എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, “പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം”
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ് മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന ‘സുഹൃത്തു’ പറഞ്ഞു. “ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.”
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.
“മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.”
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി? “കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.” അയാൾ പറഞ്ഞു. “എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.”
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. “ ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.”
“ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.”
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല. “വേലപ്പൻ കഴിക്കുന്നില്ലേ?” ഞാൻ ചോദിച്ചു.
“ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.”
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.
“വേലപ്പനെന്താ ജോലി?” ഞാൻ ചോദിച്ചു.
“ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.”
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു. “പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്?”
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി. “തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.” ഞാൻ പറഞ്ഞു.
“ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.”
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു. “രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.”
“എങ്ങനെയറിയാം?” എന്നായി ഞാൻ.
“എങ്ങനെയായാലെന്താ ശരിയല്ലേ?” എന്നു വേലപ്പൻ. “പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.”
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു. ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു: “വേലപ്പനിവിടെ എന്തെടുക്കുകയാ?”
“ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.”
“ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?”
“ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?”
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ് എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.
“രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.”
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.
“മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ് യുവർ കോഫി ഫാസ്റ്റ്. എനിക്കും പോകാറാകുന്നു.”
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ് മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ് പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.
കോൺഫറൻസ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്. കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, “Excuse me, just a minute please.” (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ് ആയി ഡ്രസ്സ് ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!
“ സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?” എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. “ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.”
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ. “എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.”
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു. യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു.
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു. “പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു” എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി. ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
“ഇപ്പൊ ഫ്രഷ് ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ് ചെയ്യാം.” എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ് മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.
“ഒരു സുഖയാത്രക്കായി” എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു. “കല്യാണിയാണു് എനിക്കതാണിഷ്ടം.” എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായാലും വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.
“എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ് നീണ്ടുപോകുന്നു.” ഒരു സ്പൂൺ ക്ലബ്ബ് മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.
“രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.”
“വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?” ഞാൻ ചോദിച്ചു.
“ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.”
“എവിടെയാണു് സ്വദേശം?” ഞാൻ ചോദിച്ചു.
“ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.”
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ. “ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?” ഞാൻ ചോദിച്ചു.
“ഭൗതികശാസ്ത്രം. ഫിസിക്സ് . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.”
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.
“എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.” ഞാൻ പറഞ്ഞു. “അതും ആസ്ട്രോഫിസിക്സ്.”
“അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.”
“ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.” വേലപ്പൻ തുടർന്നു. “പക്ഷെ ഫിസിക്സ് കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻറോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?”
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.
“ശരിയാണു്.” വേലപ്പൻ പറഞ്ഞു. “സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?”
“ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......”
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: “അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോ നമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?”
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.
“ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.” വേലപ്പൻ പറഞ്ഞു.
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്. വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ് സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ് സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളിക്കളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. “രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ് പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.” എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.
“നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.”
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.
“അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ് ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.”
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.
“വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?”
“ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.”
”മ്‌മ്. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?”
“കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.”
“സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.”
“ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.”
“തനിക്കങ്ങനേയാണോ തോന്നുന്നതു്?” വേലപ്പൻ ചോദിച്ചു.
“എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?” എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. “വാ, നമുക്കു ചർച്ച ചെയ്യാം.” എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.
“കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?”
“നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമുകളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.”
“ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?”
“വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?”
“ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?”
“അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?”
“ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?”
“അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.”
“രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ് സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നെയുണ്ടല്ലൊ.” വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്.
“രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?”
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?
“രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.”
“ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.”
“നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.”
“ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.”
“ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.”
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞാനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.
“നമ്മൾ എന്താണു് ചെയ്യാൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?”
“രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.”
“നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കാം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻകൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ് തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.”
“നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?”
“നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ് ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.” ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.”
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു് നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.
“രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?” വേലപ്പൻ ചോദിക്കുന്നതു് കേട്ടു.
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.
“കാണാം” ഞാൻ പറഞ്ഞു. “വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.”
“താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?”
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.
“പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.”
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ ചുറ്റിലും കുന്നുകൾ കാണാം. “ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാരാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.” വേലപ്പൻ പറഞ്ഞു.
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. ‘നിൽക്കുന്നു’ എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.
“ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.”
“മ്‌മ്, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.”
“ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?” വേലപ്പൻ ചോദിച്ചു.
“അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?”
“പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.”
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.
“പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്, എക്സ്, ഗാമ രശ്മികളാണു് ഉണ്ടാവുക.”
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ. “വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.” വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.
“ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?” വേലപ്പന്റെ ശബ്ദം.
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. “ഞാനിവിടെത്തന്നെ ഉണ്ടു്.” വേലപ്പന്റെ ശബ്ദം.
“എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?”
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.
“നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.” വേലപ്പന്റെ ശബ്ദം.
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ് കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?
“അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.”
“അതെവിടെയാണു്?” ഞാൻ ചോദിച്ചു.
“ഇതാ ഇവിടെ വരെ.” വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.
“ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.” സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.
“അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.” ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.
“എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?”
“ഉവ്വ്, സ്വാമീ.” വേലപ്പന്റെ മറുപടി. “ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കാമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.”
“നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.”
“ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?”
“ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.”
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.
“അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.”
“എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.” ഞാൻ പറഞ്ഞു.
“ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.”
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: “സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭാഗ്യവശാൽ എനിക്കു കാണാൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയെ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്.”
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.