Difference between revisions of "സൈബർ നിഴൽയുദ്ധം"
(Created page with " ഇപ്പോൾ ഭർത്താവിന്റെ പരാതികൾ കേൾക്കാറില്ല. ഭാരതി ആശ്വസിച്ചു. ഒരാ...") |
|||
Line 1: | Line 1: | ||
− | + | {{EHK/AnithayuteVeedu}} | |
− | + | {{EHK/AnithayuteVeeduBox}} | |
ഇപ്പോൾ ഭർത്താവിന്റെ പരാതികൾ കേൾക്കാറില്ല. ഭാരതി ആശ്വസിച്ചു. ഒരാഴ്ച മുമ്പുവരെ താൻ ഒരു പരാതിപ്പെട്ടിയും തന്റെ ചെവികൾ അതിന്റെ എപ്പോഴും തുറന്നു കിടക്കുന്ന വാതിലുമായിരുന്നു. രാവിലെ എഴുന്നേറ്റാൽ ഉറക്കം കിട്ടാത്തതിനെപ്പറ്റിയായിരിക്കും പരാതി. | ഇപ്പോൾ ഭർത്താവിന്റെ പരാതികൾ കേൾക്കാറില്ല. ഭാരതി ആശ്വസിച്ചു. ഒരാഴ്ച മുമ്പുവരെ താൻ ഒരു പരാതിപ്പെട്ടിയും തന്റെ ചെവികൾ അതിന്റെ എപ്പോഴും തുറന്നു കിടക്കുന്ന വാതിലുമായിരുന്നു. രാവിലെ എഴുന്നേറ്റാൽ ഉറക്കം കിട്ടാത്തതിനെപ്പറ്റിയായിരിക്കും പരാതി. | ||
Line 124: | Line 124: | ||
അയാൾ തിരിച്ചു കിടപ്പറയിലേയ്ക്കു നടന്നു. കിടക്കയിൽ കിടന്ന് പുതപ്പുകൊണ്ട് പുതച്ചു മൂടുമ്പോൾ, ഭാരതിയുമായുള്ള മഹാഭാരതയുദ്ധത്തിൽ താൻ തോറ്റു തുന്നംപാടിയെന്ന് അയാൾ വ്യസനത്തോടെ മനസ്സിലാക്കി. | അയാൾ തിരിച്ചു കിടപ്പറയിലേയ്ക്കു നടന്നു. കിടക്കയിൽ കിടന്ന് പുതപ്പുകൊണ്ട് പുതച്ചു മൂടുമ്പോൾ, ഭാരതിയുമായുള്ള മഹാഭാരതയുദ്ധത്തിൽ താൻ തോറ്റു തുന്നംപാടിയെന്ന് അയാൾ വ്യസനത്തോടെ മനസ്സിലാക്കി. | ||
− | + | {{EHK/AnithayuteVeedu}} | |
{{EHK/Works}} | {{EHK/Works}} |
Latest revision as of 14:02, 31 May 2014
സൈബർ നിഴൽയുദ്ധം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അനിതയുടെ വീട് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 75 |
ഇപ്പോൾ ഭർത്താവിന്റെ പരാതികൾ കേൾക്കാറില്ല. ഭാരതി ആശ്വസിച്ചു. ഒരാഴ്ച മുമ്പുവരെ താൻ ഒരു പരാതിപ്പെട്ടിയും തന്റെ ചെവികൾ അതിന്റെ എപ്പോഴും തുറന്നു കിടക്കുന്ന വാതിലുമായിരുന്നു. രാവിലെ എഴുന്നേറ്റാൽ ഉറക്കം കിട്ടാത്തതിനെപ്പറ്റിയായിരിക്കും പരാതി.
‘രാവിലെ നാലു മണിയായാൽ പിന്നെ ഉറക്കംല്ല്യ. ന്നാ അതുവരെ നല്ല ഒറക്കം കിട്ട്യാ നന്നായിരുന്നു. അതുംല്ല്യ.’
അതു ശരിയല്ലെന്ന് ഭാരതിയ്ക്കറിയാം. രാത്രി മുഴുവൻ നല്ല ഉറക്കമാണ്. കൂർക്കംവലിയുടെ ഘരഘര ശബ്ദം ശ്രദ്ധിച്ചുകൊണ്ട് താൻ രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ മൂപ്പര് നല്ല ഉറക്കം തന്നെയല്ലേ. നാലു മണി കഴിഞ്ഞാലത്തെ സ്ഥിതി തനിക്കറിയില്ല. അപ്പോഴാണ് തനിക്ക് ഉറക്കം കിട്ടുന്നത്, ഒരു ഏഴു മണിവരെ. അപ്പോൾ കാണാം മൂപ്പരുടെ വക ബഹളമുണ്ടാക്കല്. അടുക്കളയിൽ പോയി പാത്രങ്ങൾ എടുത്തു പെരുമാറുന്ന ശബ്ദം. വെള്ളം കുടിക്കാനാണ്. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഒഴപ്പി നടക്കുമ്പോൾ ഓരോന്നിന്മേൽ പോയി മുട്ടുന്ന ശബ്ദം. തനിക്കാകട്ടെ അങ്ങിനെ ഉറക്കം ശരിയാവാതെ രാവിലെ എഴുന്നേൽക്കുമ്പോൾ മുട്ടിന് വേദന, മേലാകെ വേദന. ഒന്നും പറയാൻ വയ്യ. എന്തെങ്കിലും പറഞ്ഞാൽ അതിന്റെ ഇരട്ടി പരാതി ഭർത്താവിന്റെ അടുത്തുനിന്ന് ഇങ്ങോട്ടു കേൾക്കേണ്ടിവരും.
രാവിലെ ഉറക്കം കിട്ടുകിട്ടുന്നില്ലെന്നു പറഞ്ഞപ്പോൾ മകൻ പറഞ്ഞു.’അച്ഛൻ ഇന്റർനെറ്റെടുക്കു. ധാരാളം നല്ല സൈറ്റുകളുണ്ട്. നാഷനൽ ജിയോഗ്രഫി, ധാരാളം ആർട്ട് മ്യൂസിയങ്ങൾ. അങ്ങിനെ ഏതെങ്കിലും ബ്രൗസ് ചെയ്താൽ സമയം പോണതറിയില്ല. എന്റെ കമ്പ്യൂട്ടറ് ഇവിടെ വെറുതെ ഇരിക്ക്യല്ലെ. എനിക്കവിടെ പെന്റിയം ഫോർ ഉണ്ട്. അതുപയോഗിച്ച് പരിചയായാൽ പിന്നെ ഇതിൽ വർക്ക് ചെയ്യാൻ ക്ഷമണ്ടാവില്ല. ഇത് പെന്റിയം തുടങ്ങിയ കാലത്ത് വാങ്ങീതാ. വളരെ സ്ലോ ആണ്.’
മുമ്പെല്ലാം ലീവിൽ വന്നാൽ അവൻ അതിന്റെ മുമ്പിൽത്തന്നെയായിരിക്കും. ഇപ്പോൾ കോയമ്പത്തൂരിൽ വേറെ കമ്പ്യൂട്ടർ വാങ്ങിയ ശേഷം ആ ഇരുത്തം കുറഞ്ഞു. കഴിഞ്ഞ കൊല്ലം കല്യാണം കഴിഞ്ഞതിനു ശേഷം ഇതു തൊടാറേയില്ല. നാട്ടിൽ രണ്ടു ദിവസത്തേയ്ക്കു വരുമ്പോൾ കിട്ടുന്ന സമയം ഭാര്യവീട്ടിലും തശ്ശൂരുമായി ചെലവാകും. അങ്ങിനെയാണ് പ്ലാസ്റ്റിക് ഷീറ്റിന്റെ പുതപ്പും പുതച്ച് കമ്പ്യൂട്ടറിന് വിശ്രമിക്കാനായത്.
നിർദ്ദേശം തരക്കേടില്ലെന്നു അയാൾക്കു തോന്നി. അവൻ നാട്ടിലുള്ളപ്പോൾത്തന്നെ അതൊന്ന് പഠിക്കാമായിരുന്നു. പക്ഷേ എങ്ങിനെയാ, അവന് ഒഴിവുള്ള സമയം നോക്കി വേണ്ടെ? ഒന്നുകിൽ അവൻ വല്ല പ്രൊജക്ട് വർക്ക് ചെയ്യുകയായിരിക്കും. അല്ലാത്ത സമയം കളിക്കുകയും. പ്രൊജക്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ പിന്നെയും അവനെ സമീപിക്കാം. കളിക്കുന്ന സമയത്ത് ഒട്ടും പറ്റില്ല. അമ്മ എന്തെങ്കിലും കാര്യം പറഞ്ഞ് സംസാരിക്കാൻ ചെന്നാൽ കേൾക്കാം. ഒരഞ്ചു മിനുറ്റു തികച്ചും അവന്റെ അടുത്തിരിക്കാൻ പറ്റില്ല.
‘ഈ ചെക്കന് എന്തു ദ്വേഷ്യാ…’ അവൾ പിറുപിറുത്തു കൊണ്ട് പുറത്തുവരും.
“എന്റെ അടുത്ത് ചെലവാവ്ണ മാതിരി അവന്റെ അടു ത്ത് ചെലവാവ്ണില്ല്യല്ലെ?’ അയാൾ ചോദിക്കും.
‘എന്താ ഇങ്ങനെ ദ്വേഷ്യം! കളിക്കുമ്പഴാ അവന് കൂടുതല്.’
‘അമ്മ സംസാരിച്ചിരുന്നതോണ്ട് എന്റെ ആള് ചത്തു.’ അവൻ വിളിച്ചു പറയും.
‘ഇരുപത്താറു വയസ്സുള്ള ഒരുത്തനാണ് പറേണത്. ഇള്ള കുട്ടി അല്ലേ?…’
‘ഇതെല്ലാം വെറും നിഴലാണെന്ന് അവൻ മനസ്സിലാക്ക്ണില്ല്യ.’ അയാൾ പറയും. ‘വെറും നിഴൽ മാത്രം.’
‘നെഴലായാലും ശരി അവൻ ജയിക്കണംന്ന് തന്ന്യാ. കുട്ടിക്കാലം തൊട്ടേള്ള സ്വഭാവാ.’
അവന് കളി കാര്യവും പഠിത്തം കളിയുമാണ്. ഭാരതിയാകട്ടെ വല്ലപ്പോഴും അവനെ അടുത്തു കിട്ടുമ്പോൾ അമ്മായിവർത്തമാനം പറയാനാണ് പോകുന്നത്. അയാൾക്കതു പരിചയമായി. പരിചയമായി എന്നു വച്ചാൽ അവൾ സംസാരിക്കാൻ തുടങ്ങിയാൽ ആ നിമിഷം അയാൾ തലച്ചോറിന്റെ സ്വിച്ച് ഓഫ് ചെയ്തിടും. കുഴപ്പമുണ്ടാകുന്നത് അവൾ സംസാരിച്ച് അയാളെക്കൊണ്ട് എന്തെങ്കിലും സമ്മതിപ്പിക്കുമ്പോഴാണ്. താൻ വാക്യങ്ങളുടെ ഇടയിലുള്ള കെണി ശ്രദ്ധിക്കാതെ, ശരിക്കും ഗ്രഹിക്കാതെയായിരിക്കും മൂളിയിട്ടുണ്ടാവുക. പിന്നെ ഭാരതി അതു നടപ്പിലാക്കുമ്പോഴാണ് ചതി മനസ്സിലാവുക. ‘നിങ്ങള് പറഞ്ഞിട്ടല്ലേ?’ എന്നൊരു തുരുപ്പുശീട്ടും എടുത്തിടും.
കമ്പ്യൂട്ടർ വിചാരിച്ച അത്ര വിഷമമൊന്നുമില്ല. മൗസ് കൈയ്യിലൊതുങ്ങാനാണ് കുറച്ചു വിഷമം. ജീവനുള്ള എലിയെ പിടിക്കുന്നതിനേക്കാൾ വിഷമമാണ്. വിചാരിച്ച സ്ഥലത്തേക്കൊന്നുമല്ല പോകുന്നത്. മകന് ദേഷ്യം വരുന്നുണ്ട്.
‘എന്താണ് അച്ഛന് ഇത്ര വിഷമം? ഇതാ ഇങ്ങിനെ പിടിച്ചാൽ മതി. അച്ഛനെന്തിനാണ് മൗസിലേയ്ക്ക് നോക്ക ണത്. അത് ഓടിപ്പോവ്വൊന്നുല്ല്യ. സ്‌ക്രീനിലേയ്ക്കു നോക്കു. ആ പോയ്ന്ററിലേയ്ക്ക്…’
പിന്നിൽ നോക്കിനിന്നിരുന്ന മരുമകൾ ഉറക്കെ ചിരിച്ചു.
‘നീ ഇങ്ങനെ ചീത്ത പറഞ്ഞാൽ ഞാൻ വേറെ ടീച്ചറെ നിയമിക്കും. വേറെ ക്ഷമള്ള ടീച്ചർമാര് ചുറ്റു വട്ടത്തുംണ്ട്.’ മരുമകളെ നോക്കിക്കൊണ്ടാണതു പറഞ്ഞത്.
‘നിങ്ങളീ വയസ്സു കാലത്താ കമ്പ്യൂട്ടറ് പഠിക്കാമ്പോണത്?’ ഭാരതി ചോദിച്ചു.
പഠിച്ചാൽ ശരിയാവില്ലെന്ന ധ്വനിയുണ്ടതിൽ. അങ്ങിനെയാണെങ്കിൽ ഒരു കൈ നോക്കിക്കളയാം. മകനും മരുമകളും ഒരാഴ്ചത്തെ ലീവു കഴിഞ്ഞ് പോകുമ്പോഴേയ്ക്ക് മൗസു പിടിക്കാൻ എന്നല്ല, അത്യാവശ്യം ഒരു കത്തടിക്കാനും ഇങ്ക്‌ജെറ്റ് പ്രിന്ററിൽ അതു പ്രിന്റ് എടുക്കാനും, ഇന്റർനെറ്റിൽ ബ്രൗസു ചെയ്യാനും അയാൾ പഠിച്ചു. അറുപത്തഞ്ചാം വയസ്സിൽ അതൊരു വലിയ നേട്ടമാണ്. ഇന്റർനെറ്റ് ഇത്ര എളുപ്പമായത് മകൻ പല നല്ല സൈറ്റുകളുടെയും ബുക്മാർക്കുകൾ ഉണ്ടാക്കി വച്ചതു കൊണ്ടുമാണ്. അവയിൽ വെറുതെ അമർത്തി യാൽ മതി അദ്ഭുതങ്ങളുടെ ഒരു ലോകം തനിക്കു മുന്നിൽ തുറക്കുകയാണ്. പല ദേശക്കാർ, പല വേഷക്കാർ, പല നൂറ്റാണ്ടുകൾ തന്റെ മുമ്പിലൂടെ മറഞ്ഞുപോകുന്നു. ഇത്ര കാലം ഇതു പഠിക്കാതിരുന്നത് വിഡ്ഢിത്തമായി. ചിത്രശാലകൾ. റെന്‌വ്വാ, പിക്കാസ്സോ, ബൗഷെ, അങ്‌ഗ്രെയുടെ ടർക്കിഷ് ബാത്ത്… അയാൾ തിരിഞ്ഞുനോക്കി. ഇല്ല ഭാരതി എഴുന്നേറ്റിട്ടില്ല. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിലെ ആശാന്മാർ വരച്ച നഗ്നചിത്രങ്ങൾ. കാലത്തിന്റെ മുഖത്തു വന്ന ചുളിവുകൾപോലെ കാൻവാസുകളിൽ ചായം വിണ്ടു നിൽക്കുന്നുണ്ടെങ്കിലും സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ഈ ചിത്രങ്ങൾ എങ്ങിനെ ഹാർഡ് ഡിസ്‌കിലേയ്ക്ക് പകർത്താൻ പറ്റുമെന്ന് അയാൾ ആലോചിച്ചു. മകൻ പറഞ്ഞുതന്നപ്പോൾ ശ്രദ്ധിച്ചില്ല. അപ്പോൾ അതിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ല. ഇനിയെല്ലാം താൻ സ്വയം പഠിക്കേണ്ടിയിരിക്കുന്നു. ഒരു മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷം അതു പഠിച്ചപ്പോഴേയ്ക്ക് ഈ ചിത്രങ്ങൾ ഹാർഡ് ഡിസ്‌കിലുള്ള രണ്ടു ഡ്രൈവുകളിൽ ഒരു മാതിരി എല്ലാ പ്രോഗ്രാമുകളിലും നിറഞ്ഞിരുന്നു. പ്രോഗ്രാമുകളിലല്ല ഇതെല്ലാം ഡൗൺലോഡ് ചെയ്യേണ്ടതെന്നും അതിനായി വേറെ ഫോൾഡർ ഉണ്ടാക്കണമെന്നും മനസ്സിലായത് ഒരു കത്തടിക്കാനായി വേർഡ് എന്ന പ്രോഗ്രാമിന്റെ ഷോർട്കട്ട് അമർത്തിയപ്പോഴാണ്. വേർഡിന്റെ സ്‌ക്രീനിനു പകരം വന്നത് കുളി കഴിഞ്ഞ് പുറം തോർത്തുന്ന ഒരു ചെറുപ്പക്കാരിയുടെ ചിത്രമാണ്. ദേഗായുടെ ‘ഗേൾ ഡ്രൈയിങ് ഹേഴ്‌സെൽഫ്’ എന്ന പെയ്ന്റിങ്. കൊള്ളാം. തന്നോട് ആരാണ് ഇവിടെ വരാൻ പറഞ്ഞത്. ഇനി അവളെയെങ്ങിനെ പറഞ്ഞയക്കും? കീബോർഡിലെ ബട്ടണുകളെല്ലാം അമർത്തി നോക്കി. പോകുന്നില്ല. അവൾ പുറംതിരിഞ്ഞ് ഭംഗിയുള്ള ചന്തിയും കാട്ടി ഒരു ധൃതിയുമില്ലാതെ കൂസലുമില്ലാതെ തോർത്തുക തന്നെയാണ്. അയാൾ കമ്പ്യൂട്ടർ ഓഫാക്കി, വീണ്ടും ഓണാക്കിനോക്കി. പരിഭ്രമം കാരണം ഷട് ഡൗൺ ചെയ്യാതെ കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓഫാക്കുകയാണ് ചെയ്തത്. ശിക്ഷയായി വിന്റോസ് രണ്ടു ഡ്രൈവുകളും സ്‌കാൻ ചെയ്യാൻ തുടങ്ങി, ഒപ്പം കുറേ ചീത്ത വിളിയും. ഇനി മുതൽ ഇങ്ങിനെ ചീത്ത കേൾക്കണ്ടെങ്കിൽ മര്യാദയ്ക്ക് ഷട് ഡൗൺ ചെയ്യണം. ശരി, ഇങ്ങിനെ ഒരുത്തി വന്നു കയറുമെന്നുണ്ടോ സ്വപ്‌നേപി കരുതുന്നു. എന്നിട്ടും കാര്യമുണ്ടായില്ല. അവൾ അതേ നില്പുതന്നെ. ഈശ്വരാ, പൊല്ലാപ്പായല്ലോ. ഇനി ഇവളെ എങ്ങിനെ പറഞ്ഞയക്കും? രാവിലെ ഭാരതി വന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച! ഭാരതിയാണെങ്കിൽ ഇപ്പോൾ താൻ കമ്പ്യൂട്ടർ ഓണാക്കിയാൽ ഇടയ്ക്കിടക്ക് വന്നു നോക്കുന്നുമുണ്ട്. ചിത്രകാരന് തോർത്തിന്റെ വീതി കുറച്ചുകൂടി കൂട്ടാമായിരുന്നു, അല്ലെങ്കിൽ പുറത്തിന്റെ മേൽഭാഗത്തിനു പകരം കുറച്ചുകൂടി താഴെയാകാമായിരുന്നു തോർത്തൽ. ഇത്ര പ്രശ്‌നമുണ്ടാകുമായിരുന്നില്ല. ഭാരതിയെ സംബന്ധിച്ചേടത്തോളം പാശ്ചാത്യ ചിത്രകല എന്നുവച്ചാൽ ഡാവിഞ്ചിയുടെ മോണാലിസ മാത്രമാണ്. ചിത്രകല മോണാലിസയിൽ തുടങ്ങുന്നു, മോണാലിസയിൽത്തന്നെ ഒടുങ്ങുന്നു. ടിഷ്യനോ, വാൻഗോഗോ, ഗോയയോ ഒന്നും പ്രസക്തമല്ല.
സമയം അഞ്ചര മണി. ഇനി ഒന്നര മണിക്കൂറുണ്ട് പ്രശ്‌നപരിഹാരത്തിന്. അല്ലെങ്കിൽ പകൽ കമ്പ്യൂട്ടർ ഓണാക്കുന്നില്ലെന്ന് തീർച്ചയാക്കണം. അതാകട്ടെ തനിക്കൊരു വെല്ലുവിളിയാവുകയും ചെയ്യും. അല്ലെങ്കിലേ തന്റെ ഐ.ടി. രംഗത്തുള്ള മുന്നേറ്റത്തെയും സൈബർ പര്യവേഷണങ്ങളെയും ഭാരതി പുച്ഛത്തോടെയാണ് നിരീക്ഷിക്കുന്നത്.
അങ്ങിനെയാണ് പുസ്തകശാലകളിൽ അന്വേഷണം തുടങ്ങിയത്. നാലഞ്ചു കടകളിൽ കയറിയിറങ്ങിയ പ്പോൾ ഉദ്ദേശിച്ച പുസ്തകം കിട്ടി. വിന്റോസ് ഫോർ ഡമ്മീസ്. തന്നെപ്പോലെ ഒരു ഡമ്മിയ്ക്ക് പറ്റിയ പുസ്തകം തന്നെ. സാധാരണ ജനലും മൈക്രോസോഫ്റ്റിന്റെ വിന്റോസും തമ്മിലുള്ള വ്യത്യാസം തൊട്ട് എല്ലാമുണ്ട് അതിൽ.
വൈകുന്നേരമാകുമ്പോഴേയ്ക്ക് ക്ഷണിക്കാതെ വന്ന അതിഥിയെ ഡെസ്‌ക് ടോപ്പിൽനിന്ന് ഓടിക്കാൻ കഴിഞ്ഞു. ഇനി അവിടെയും ഇവിടെയും, പ്രോഗ്രാമുകളുടെ ഇടയിലും ചെന്ന് ചേക്കേറിയ ചിത്രങ്ങൾ ഒഴിവാക്കണം. അതെല്ലാം ഒരു ഡയറക്ടറിയിൽ ഒന്നിച്ച് വയ്ക്കണം. മാത്രമല്ല അതെല്ലാം ഇടയ്ക്ക് കാണാനായി എടുക്കാനും പഠിക്കണം. അത് നാളെയാകട്ടെ. ഔ, ക്ഷീണിച്ചുപോയി.
രണ്ടാഴ്ച കഴിഞ്ഞ് മകൻ വന്ന് അച്ഛന്റെ പുരോഗതി പരിശോധിച്ചു. കമ്പ്യൂട്ടർ ഓണാക്കുകയേ വേണ്ടിയിരു ന്നുള്ളു. അതോടെ അച്ഛൻ കയറിയ പടവുകൾ ഓരോന്നോരോന്നായി അവൻ കണ്ടു.
‘മൈ ഗുഡ്‌നെസ്സ്!’ അവൻ തലയിൽകൈവച്ചുകൊണ്ട് പറഞ്ഞു. ‘ഇതെന്താണ് കാണിച്ചു വച്ചിരിക്കണത്?’
അച്ഛൻ ഒരു ക്ഷമാപണത്തോടെ പിന്നിൽ നിന്നപ്പോൾ അവൻ ക്ഷമയോടെ ഇരുന്ന് ഹാർഡ് ഡിസ്‌ക് തൂത്തു വാരാൻ തുടങ്ങി. എല്ലാം കഴിഞ്ഞശേഷം വിന്റോസ് ഒരിക്കൽക്കൂടി ഇൻസ്റ്റാൾ ചെയ്തു.
‘ഇതാ അച്ഛന് നശിപ്പിക്കാൻ പാകത്തിലാക്കിയിരിക്കുന്നു.’
‘നീ ഞാൻ ഡൗൺലോഡ് ചെയ്ത പെയ്ന്റിങ്‌സ് എല്ലാം കളഞ്ഞുവല്ലേ?’
‘ഇല്ലച്ഛാ, അതെല്ലാം ‘ഡി’ ഡ്രൈവിൽ പെയ്ന്റിങ്‌സ് എന്ന ഡയറക്ടറി ഉണ്ടാക്കിയിട്ടുണ്ട്. അതിലേയ്ക്ക് കോപ്പി ചെയ്തിട്ടുണ്ട്. ഇതാ.’
അവൻ ഫോൾഡർ തുറന്ന് കാണിച്ചുകൊടുത്തു. പത്തിരുപത് ഫയലുകൾ. അത് ഒരു സ്ലൈഡ് ഷോ പോലെ ഒന്നുകഴിഞ്ഞ് മറ്റൊന്നായി എങ്ങിനെ കാണാമെന്ന് അവൻ വിവരിച്ചുകൊടുത്തു. സ്ലൈഡ്‌ഷോ തുടങ്ങിയ പ്പോൾത്തന്നെ അയാൾ പറഞ്ഞു. മതി നിർത്തിക്കോ. മകന്റെ മുമ്പിൽ വച്ച് ആ ചിത്രങ്ങൾ കാണുന്നത് അയാൾ ഇഷ്ടപ്പെട്ടില്ല. ലോകോത്തര ചിത്രങ്ങളാണെങ്കിലും.
അതിനിടയ്ക്ക് ഭാരതി നല്ലൊരു എതിരാളിയായി രംഗത്തു വന്നത് അയാൾക്ക് വിഷമമുണ്ടാക്കി.
‘നീ എന്നെയും കമ്പ്യൂട്ടർ പഠിപ്പിച്ചു താ.’ ഭാരതി മകനോട് പറഞ്ഞു. ‘എന്നാൽ നെനക്ക് ഇടയ്ക്കിടക്ക് ഇ-മെയിലയക്കാലൊ.’
‘അമ്മ എനിക്ക് ഇ-മെയിലയക്കില്ലെന്ന് സത്യം ചെയ്താൽ ഞാൻ പഠിപ്പിച്ചുതരാം.’ അവൻ പറഞ്ഞു. ‘എനിക്ക് അതെടുത്തു നോക്കാനൊന്നും സമയണ്ടാവില്ല. അല്ലെങ്കിലേ ജങ്ക് മെയിൽ വന്ന് എന്റെ ഇൻബോക്‌സ് നിറഞ്ഞിരിക്ക്യാണ്. ഓരോ ദിവസോം അതെല്ലാം ഡിലീറ്റ് ചെയ്തു കളയാൻതന്നെ പത്തു മിനുറ്റ് പോവും.’
‘ഈ ചെക്കൻ!’
അങ്ങിനെ താൻ സൈബർ യുഗത്തിലേയ്ക്ക് മുതലക്കൂപ്പിടുകയാണ്. മക്കൾ പോയതിന്റെ പിറ്റേ ദിവസം തൊട്ട് ബ്രൗസിങ് ഒന്നുകൂടി വിപുലപ്പെടുത്തണമെന്ന് കരുതി. തന്റെ അറിവിന്റെ സീമകൾ ചക്രവാളത്തോളം നീട്ടണം. ഇത്തരം വാചകങ്ങൾ ഭാരതിയ്ക്കിഷ്ടമല്ല. അതിന്റെയെല്ലാം പാറ്റന്റ് അമേരിക്കക്കാർ എടുത്തു കഴിഞ്ഞുവെന്നും ഇനി പുതിയ പാറ്റന്റിനുള്ള വല്ലതും ഉണ്ടാക്കുകയാണ് നല്ലതെന്നും അവൾ പറയുന്നു.
താൻ എത്രത്തോളം പഠിച്ചുവെന്ന് ഭാര്യയെ അറിയിക്കണം. അതിനായി അയാൾ ഡൗൺ ലോഡ് ചെയ്ത പെയ്ന്റിങ്‌സ് കാണിച്ചു കൊടുത്തു. അവളിൽ മതിപ്പുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് അയാൾ ചെയ്തത്. അവളുടെ പ്രതികരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
‘ഇതെന്തൊക്കെയാണ് എടുത്തുവച്ചിരിക്കണത്? അയ്യേ!’
‘ഇതിന്റെയൊന്നും വില നിനക്കറിയാഞ്ഞിട്ടാ.’
ആദ്യത്തെ നിഷേധാത്മകമായ നിലപാടിൽ കുറച്ചൊരയവു വന്നപ്പോൾ അവൾ ഓരോ ചിത്രവും വിശദമായി പഠിക്കാൻ തുടങ്ങി. ഒപ്പംതന്നെ റണ്ണിങ് കമന്ററിയും.
‘ഇത് നമ്മടെ നളിനിടെ മോളടെ മാതിരിണ്ട്. കണ്ടില്ലേ നൂൽബന്ധമില്ലാതെ കെടക്കുണൂ…’
‘ആര്‌ടെ മകളുടെ മാതിരി?’
‘നമ്മള് വൈകുന്നേരം നടക്കാൻ പോമ്പ രണ്ടാമത്തെ തിരിവില് മൂന്നാമത്തെ വീട്ടില്‌ത്തെ. അവളന്നെ, നല്ല ഛായണ്ട്!’
ബൗഷെയുടെ മാഡ്‌മൊസെൽ ഒ മർഫി എന്ന ചിത്രമായിരുന്നു അത്. അയാൾക്ക് പെട്ടെന്നൊരു വെളിപാടുണ്ടായി. അതോടെ സ്‌ക്രീനിലേയ്ക്കു നോക്കുന്നത് വിഷമമായി. നോക്കാൻ പാടില്ലാത്തത് നോക്കുന്ന പോലെ. ഈ മോഡലിന് പതിനാറ് പതിനെട്ടു വയസ്സേ പ്രായമായിട്ടുണ്ടാവൂ. തന്റെ മകളാവാൻ മാത്രം പ്രായം. അയാൾക്ക് ഓർമ്മ വന്നത് കമ്പ്യൂട്ടർ ഉപയോഗം തുടങ്ങുന്നതിനുമുമ്പ് റിമോട്ടും ഞെക്കി ടിവിക്കു മുമ്പിലിരുന്നതാണ്. മാറിമാറി വരുന്ന ചാനലുകൾക്കിടയിൽ ഫാഷൻ ടിവിയും. ഇരുവശത്തു മിരിക്കുന്ന അതിഥികൾക്കും മാധ്യമപ്രവർത്തകർക്കും നടുവിൽ ഫ്‌ളഡ്‌ലൈറ്റുകളാൽ തിളങ്ങി നീണ്ടു കിടക്കുന്ന കാറ്റ്‌വാക്കിനു മേലെ അല്പവസ്ത്രകളായി സ്വപ്നാടനത്തിലെന്നപോലെ നടക്കുന്ന പെൺകുട്ടി കൾ. രാപ്പകലെന്നില്ലാതെ ഒരേ നടത്തംതന്നെ. അപ്പോഴൊന്നും പക്ഷേ തനിക്കു തോന്നാത്ത വികാരമാണ് ഇപ്പോൾ തന്നെ പിടികൂടിയിരിക്കുന്നത്. ഒരുപക്ഷേ അതു കച്ചവടവും ഇത് കലയുമായതുകൊണ്ടായിരി ക്കണം. ആ നടത്തംതന്നെ എപ്പോഴും കാണാൻ തുടങ്ങിയപ്പോൾ പിന്നെ അയാൾ ചാനലിൽ താല്പര്യ മെടുത്തില്ല.
രാവിലെ നാലു മണിക്ക് എഴുന്നേറ്റാൽ ഇപ്പോൾ നേരെ കമ്പ്യൂട്ടറിന്റെ അടുത്തേയ്ക്ക് ഓട്ടമാണ്. ആ സമയത്ത് ഇന്റർനെറ്റിൽ ഓരോ സൈറ്റുകൾ ലോഡ് ചെയ്തു വരുന്നത് കാണുമ്പോൾ ഹരമാണ്. സെക്കന്റുകൾക്കുള്ളിൽ ഒരു പേജ് വരുന്നു. സേർച്ച് എഞ്ചിനെപ്പറ്റി മകൻ പറഞ്ഞുതന്നതോർത്തപ്പോൾ അയാൾ ശ്രമിച്ചുനോക്കാൻ തീർച്ചയാക്കി. ശരി, എന്താണ് തനിക്കു വേണ്ടത്? എന്താണ് തിരയേണ്ടത് എന്നത് ഒരു പ്രശ്‌നം തന്നെയാണ്. കുറച്ചുനേരം ആലോചിച്ചു. തനിക്ക് ഇപ്പോഴും പ്രതീക്ഷകളുണ്ടോ? രാത്രി താൻ ഉറങ്ങാൻ കിടന്ന് അര മണിക്കൂറിനുശേഷമാണ് ഭാരതി വന്ന് വിളക്കണച്ച് കിടക്കുന്നത്. ചില ദിവസങ്ങളിൽ വേണ്ടാത്ത കാര്യങ്ങളെപ്പറ്റി ആലോചന വരുമ്പോൾ തൊട്ടടുത്തു കിടക്കുന്ന ഭാര്യയുടെ തടിച്ച ദേഹത്തിൽ കൈവയ്ക്കുന്നു. ഒരു ശാപവചനത്തോടെ കൈ തട്ടിമാറ്റി ഉറങ്ങാൻ പോകുന്ന ഭാരതിയെ ഓർത്തപ്പോൾ മനസ്സിലായി എന്താണ് അന്വേഷിക്കുന്നതെന്ന്. അയാൾ സേർച്ച് കോളത്തിൽ സെക്‌സ് എന്നടിച്ചു, ഒരു വാശിയോടെ ഗോ എന്ന ബട്ടണിൽ മൗസ് അമർത്തി. സൈറ്റുകളുടെ ലിങ്കുകൾ ഒരു പട്ടികരൂപത്തിൽ വരികയാണ്. അവസാനിക്കാത്ത വിലാസങ്ങൾ. അയാൾ ആദ്യത്തെ പേജിലെ ആദ്യത്തെ ലിങ്കുതന്നെ ഐശ്വര്യത്തോടെ ക്ലിക് ചെയ്തു. നിമിഷങ്ങൾ മാത്രം. അയാൾ തലയിൽ കൈവച്ച് ഇരുന്നുപോയി. ‘ദൈവമേ!’
കുറ്റം പറയുകയല്ല, ഇതിൽ ദൈവത്തിന് പങ്കില്ലെന്നറിയാം. ഇതെല്ലാം ചെകുത്താന്റെ പണികളാണ്. ഈ സൈറ്റുകൾ മോശമാണെന്ന് കേട്ടിട്ടുണ്ട്, പക്ഷേ എത്രമാത്രം കുഴപ്പമുള്ളതാണെന്ന് നേരിട്ട് കണ്ടപ്പോഴാണ് മനസ്സിലാവുന്നത്. ഇങ്ങിനെയുമുണ്ടോ മനുഷ്യർ!
ആദ്യത്തെ ആഘാതം അടങ്ങിയപ്പോൾ കൂടുതൽ പര്യവേഷണത്തിന്നായി അയാൾ ക്ലിക് ചെയ്യാൻ തുടങ്ങി. കൂടുതൽ പേജുകൾ, ഓരോ പേജിൽനിന്നും ലിങ്കുകൾ മറ്റുള്ള സൈറ്റുകളിലേയ്ക്ക്. ഇതു കണ്ടാൽ ഭാരതി എന്താണ് പറയുക? അവൾ എഴുന്നേറ്റു വരുന്നതിനുമുമ്പ് ഇത് ഓഫാക്കണം. പെട്ടെന്ന് എന്തോ സംശയം തോന്നി അയാൾ തിരിഞ്ഞു നോക്കി. ഭാരതി തൊട്ട പിന്നിൽ വന്ന് നിൽക്കുന്നു, വിടർന്ന കണ്ണുകളോടെ. എന്റീശ്വരാ, അവളെപ്പോഴാണാവോ വന്നത്?
‘നിങ്ങള് ഇതൊക്ക്യാണ് കാണണത് അല്ലേ?’
‘ഏയ്, ആദ്യായിട്ടാണ്.’ സത്യം പറഞ്ഞാൽ അവൾ വിശ്വസിക്കില്ലെന്ന അറിവോടെ അയാൾ പറഞ്ഞു. ‘വെറുതെ ഒരു സ്ഥലത്ത് ക്ലിക് ചെയ്തപ്പോൾ വന്നതാണ്.’ അർദ്ധസത്യമാണ്. അല്ലെങ്കിൽ യുദ്ധത്തിൽ അതൊക്കെ അനുവദനീയമാണ്. ഏറ്റവും വലിയ യുദ്ധം കൂടി ജയിച്ചത് ഒരു അർദ്ധസത്യത്തിന്റെ ദുർബ്ബലമായ പിൻതുണയോടുകൂടിയാണ്. പിന്നെയല്ലേ താനും ഭാരതിയും കൂടിയുള്ള നിസ്സാരമായ ഈ നിഴൽയുദ്ധം?
‘നീ പോയി കിടന്നോ, ഞാൻ വേണമെങ്കിൽ നല്ല ചിത്രങ്ങള് വരുമ്പോ സേവ് ചെയ്തു വയ്ക്കാം.’
‘അല്ലെങ്കിലും ഞാമ്പോയി കെടക്കാൻ പോവ്വാണ്. എനിക്ക് ഇതൊന്നും കാണണ്ട. ഛീ.’ അവൾ പോയി. എപ്പോഴും അങ്ങിനെയാണ്. ഒരുപക്ഷേ കഴിഞ്ഞ ഏതാനും നിമിഷങ്ങൾ അവൾ ഇതെല്ലാം കണ്ട് ആസ്വദി ക്കുകയായിരിക്കണം. ഇപ്പോൾ, തന്നെ പ്രതിയാക്കിക്കൊണ്ട് അവൾ സ്ഥലം വിടുന്നു. സാരമില്ല. അയാൾ സൈബർ സെക്‌സിന്റെ മയക്കുന്ന ലോകത്തേയ്ക്ക് യാത്രയായി.
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് പര്യടനം തുടങ്ങണമെന്നു കരുതി അയാൾ ഉറങ്ങാൻ കിടന്നു. ഇതിന്റെ അവസാനം ഒന്ന് കാണണമല്ലോ. ഒരു ആയുഷ്‌കാലം മുഴുവൻ കാണാനുള്ള സൈറ്റുകൾ ഉണ്ട്. തന്റെ ബാക്കിയുള്ള ജീവിതം ഇങ്ങിനെ ഒരു സൽക്കർമ്മത്തിന്നായി വിനിയോഗിക്കാം. ദൈവം പക്ഷേ മറ്റൊന്നാണ് വിധിച്ചത്. എന്നും രാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്ന മനുഷ്യൻ പിറ്റേന്ന് എഴുന്നേറ്റത് ഏഴു മണിക്ക്! പുറത്ത് വെയിലുദിച്ചുവെന്ന് ജാള്യതയോടെ അയാൾ മനസ്സിലാക്കി. ഭാരതി അടുക്കളയിലെത്തിയിരുന്നു. ഒരു ദിവസമാണ് പോയിക്കിട്ടിയത്. ഇടയ്‌ക്കൊരു ദിവസമല്ലേ, സാരമില്ല.
അതിന്റെ പിറ്റേന്നും, പിറ്റേന്നും ഇതാവർത്തിച്ചു. ഇതു ശരിയാവില്ല. തനിക്കെന്തു പറ്റീ? വർഷങ്ങളായുള്ള പതിവാണ്, രാവിലെ നാലു മണിക്ക് എഴുന്നേൽക്കലും ഉറക്കമില്ലാതെ നടക്കലും. ഇപ്പോൾ ഏഴു മണിവരെ സുഖമായ ഉറക്കം. ഏതാണ് നല്ലതെന്ന് അയാൾക്ക് തീർച്ചയാക്കാൻ പറ്റിയില്ല, ഉറക്കമാണോ, അതോ സൈബർ സെക്‌സാണോ? എന്തായാലും നാളെ അലാം വച്ച് എഴുന്നേൽക്കണമെന്നയാൾ തീരുമാനിച്ചു. മകൻ അമേരിക്കയിൽ പോയപ്പോൾ ചെറിയ അലാം ക്ലോക്ക് കൊണ്ടു വന്നിരുന്നു. അതിന്റെ ബാറ്ററി മാറ്റണം. നാലു മണിക്ക് അലാറം വെക്കണം. അതിന്റെ ചെറിയ ശബ്ദം ഭാരതിയെ ഉണർത്തില്ല.
വിശ്വസ്തയായ അലാം ക്ലോക്ക് കൃത്യം നാലുമണിക്കു തന്നെ ശബ്ദമുണ്ടാക്കി. അതിനു നന്ദി പറഞ്ഞു, തൊട്ടുതലോടി അതിന്റെ സംഗീതം നിർത്തി, അയാൾ എഴുന്നേറ്റു. ലൈറ്റിടാതെ തപ്പി നടന്ന് അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ചു, കമ്പ്യൂട്ടർ വച്ച മുറിയുടെ വാതിൽ തുറന്നു. ഉള്ളിൽ വെളിച്ചമുണ്ടാ യിരുന്നു. രാത്രി ഓഫാക്കാൻ മറന്നെന്നാണ് കരുതിയത്. നോക്കുമ്പോൾ കമ്പ്യൂട്ടറിനു മുമ്പിൽ ഭാരതി ഇരിക്കുന്നു. ഇവളെപ്പോഴാണ് കമ്പ്യൂട്ടറിന്റെ മുമ്പിലെത്തിയത്? കണ്ണട മൂക്കിന്മേൽ വച്ച് അയാൾ അടുത്തു ചെന്നു.
‘എന്റെ ദൈവമേ!’
പറഞ്ഞത് കുറച്ചുറക്കെയായി, ഭാരതി തിരിഞ്ഞുനോക്കി.
‘നോക്കു, ഈ ചിത്രങ്ങളൊക്കെ എങ്ങിന്യാണ് സേവ് ചെയ്തു വക്ക്യാ?’
അത് ശരി, ഇന്നലെ എന്നെ കുറ്റം പറഞ്ഞ് പോയിട്ട് ഇപ്പോ നീ ചെയ്യുന്നതോ?’
‘ഒന്ന് പറഞ്ഞുതരൂന്നേ,’ ഒരു ചമ്മിയ ചിരിയോടെ അവൾ പറഞ്ഞു. ‘വെറുതെ സംസാരിച്ചിട്ട് സമയം കളയണ്ട. ഇന്റർനെറ്റ് ഓണാണ്.’
‘ചിത്രത്തിന്മേൽ മൗസുകൊണ്ട് റൈറ്റ് ക്ലിക് ചെയ്യുക. അപ്പോൾ ഒരു ഡയലോഗ് ബോക്‌സ് വരും അതിൽ സേവ് പിക്ചർ ഏസ് എന്നതിൽ അമർത്തിയാൽ മതി.’
അയാൾ കൂടുതൽ ഒന്നും പറഞ്ഞില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ലെന്നയാൾക്കറിയാം. രാവിലെ താൻ എഴുന്നേറ്റു നോക്കുമ്പോൾ എല്ലാ പ്രോഗ്രാമിലും, ഡെസ്‌ക്‌ടോപ്പിലും ഈ ചിത്രങ്ങൾ നിറഞ്ഞു കഴിഞ്ഞിട്ടു ണ്ടാവുമെന്ന് അയാൾക്കറിയാം. അതെല്ലാം പെറുക്കിയെടുത്ത് ഒന്നിച്ചാക്കുവാൻ ഇപ്പോൾ തനിക്കറിയാ മെന്നത് ആശ്വാസം.
‘എനിക്ക് ഉറക്കം വരുണു. ഞാൻ പോയി കിടക്കട്ടെ.’
അയാൾ തിരിച്ചു കിടപ്പറയിലേയ്ക്കു നടന്നു. കിടക്കയിൽ കിടന്ന് പുതപ്പുകൊണ്ട് പുതച്ചു മൂടുമ്പോൾ, ഭാരതിയുമായുള്ള മഹാഭാരതയുദ്ധത്തിൽ താൻ തോറ്റു തുന്നംപാടിയെന്ന് അയാൾ വ്യസനത്തോടെ മനസ്സിലാക്കി.