Difference between revisions of "എന്റെ പ്രവാസജീവിതവും സാഹിത്യവും"
Line 1: | Line 1: | ||
− | + | {{EHK/EeOrmakalMarikkathirikkatte}} | |
+ | {{EHK/EeOrmakalMarikkathirikkatteBox}} | ||
===എം. ഗോകുൽദാസ് നടത്തിയ അഭിമുഖസംഭാഷണം=== | ===എം. ഗോകുൽദാസ് നടത്തിയ അഭിമുഖസംഭാഷണം=== | ||
Line 74: | Line 75: | ||
17.09.2005 | 17.09.2005 | ||
+ | {{EHK/EeOrmakalMarikkathirikkatte}} | ||
{{EHK/Works}} | {{EHK/Works}} |
Latest revision as of 16:57, 22 June 2014
എന്റെ പ്രവാസജീവിതവും സാഹിത്യവും | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഓര്‍മ്മക്കുറിപ്പ്, ലേഖനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 128 |
എം. ഗോകുൽദാസ് നടത്തിയ അഭിമുഖസംഭാഷണം
23 കൊല്ലം നീണ്ടുനിന്ന പ്രവാസജീവിതം എന്റെ ലോകത്തെ വലുതാക്കുകയായിരുന്നു. പൊന്നാനിയെപ്പോലെ ഒരു നാട്ടിൻപുറത്തുനിന്ന് കൽക്കത്ത പോലുള്ള മഹാനഗരത്തിലേയ്ക്കുള്ള മാറ്റം എന്റെ അനുഭവമണ്ഡലത്തെ സമ്പന്നമാക്കുകയും ജീവിതവീക്ഷണം വികസിപ്പിക്കുകയും ചെയ്തു. നാട്ടിൻപുറത്തെ കൊച്ചുകൊച്ചു കാര്യങ്ങൾക്കപ്പുറത്ത് വിശാലമായൊരു ലോകവും അതിൽ വളരെ സങ്കീർണ്ണമായ ജീവിതങ്ങളും ഉണ്ടെന്ന് മനസ്സിലാവുന്നത് നമ്മൾ ഒരു മഹാനഗരത്തിൽ താമസിക്കുമ്പോൾ മാത്രമാണ്. അതുവരെ നഗരജീവിതത്തെക്കുറിച്ച് നമ്മുടെ ഭാവനയിലുള്ള ചിത്രങ്ങൾ എത്ര അപൂർണ്ണവും അവ്യക്തവുമാണെന്ന് മനസ്സിലാവുന്നു. തൊള്ളായിരത്തി അറുപതു മുതൽ തൊള്ളായിരത്തി എഴുപതുവരെ നീണ്ടുനിന്ന കൽക്കത്തയിലെ ജീവിതമാണ് എന്നെ ഞാനാക്കിയത് എന്നു പറയാം. അനുഭവങ്ങളുടെ സമ്പന്നത മാത്രമായിരുന്നില്ല എന്റെ നേട്ടം. നമ്മിലേയ്ക്കിറങ്ങിവരുന്ന സംസ്‌കാരം. ന്യൂ ആലിപ്പൂരിലെ നാഷനൽ ലൈബ്രറി അറിവിന്റെ ഭണ്ഡാരമായിരുന്നു. എന്റെ വായനയുടെ മുഴുവൻ സ്രോതസ്സ് നാഷനൽ ലൈബ്രറിയായിരുന്നെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. എഴുപതിൽ കൽക്കത്ത വിട്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്റെ വായനയായിരുന്നു. എനിക്കു നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരു വലിയ നിരയായിരുന്നു. സാഹിത്യത്തിനു പുറമെ ചിന്തകന്മാരുടെയും കലാവിമർശകരുടെയും മറ്റും വിലമതിക്കാനാവാത്ത ഒരു ശേഖരം നാഷനൽ ലൈബ്രറിയിലുണ്ടായിരുന്നു. ധാരാളം ശാസ്ത്രഗ്രന്ഥങ്ങൾ എനിക്ക് വായിക്കാൻ ഇടവന്നത് നാഷനൽ ലൈബ്രറിയിൽനിന്നാണ്. അവിടെ മലയാളം വകുപ്പിന്റെ മേധാവിയായിരുന്ന ശ്രീ കെ.എം. ഗോവി വളരെയധികം സഹായിച്ചിട്ടുണ്ട്. ചിത്രകലയിലെ ആചാര്യന്മാരെ ഞാൻ പരിചയപ്പെടുന്നത് അവിടെവച്ചാണ്. കാൾ ഗുസ്റ്റവ് യുങ്ങ്, ഫ്രോയ്ഡ്, ഹെർബർട്ട് റീഡ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ എങ്ങിനെ കലയുടെ ആഴങ്ങളിലേയ്ക്കു കടന്നു ചെല്ലാമെന്ന് എന്നെ പഠിപ്പിച്ചു. ഇതിന്റെയൊക്കെ ഫലമായി എന്റെ സർഗ്ഗാത്മകയത്‌നങ്ങൾക്ക് ആഴവും പരപ്പും ലഭിക്കുകയുണ്ടായി. ചിത്രകലയോടുണ്ടായ അഭിനിവേശം എന്റെ സാഹിത്യത്തെ ഒരു പ്രത്യേക വഴിയ്ക്ക് നയിക്കുകയുണ്ടായി. ‘കൂറകൾ’ എന്ന ആദ്യസമാഹാരത്തിലെ കഥകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും മിക്കവാറും കഥകൾ ചിത്രകലയുടെ സ്വാധീനത്തിൻ എഴുതപ്പെട്ടവയാണെന്ന്.
പിന്നീട് ഞാൻ ശൈലി മാറ്റുകയും കൂടുതൽ ജീവിതഗന്ധിയായ കഥകൾ എഴുതുകയും ചെയ്തു. നഗരങ്ങളിലെ ജനജീവിതത്തെ കൂടുതൽ അടുത്തറിയാനും ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാനും അവസരം ലഭിച്ചതും ഇതിനൊരു കാരണമാകാം. രണ്ടുകൊല്ലം മുമ്പ് കൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ (തടാകതീരത്ത്) എഴുതാൻ തുടങ്ങിയപ്പോൾ കൽക്കത്ത ജീവിതം എന്നിൽ ഇപ്പോഴും പച്ചപിടിച്ചു കിടക്കുകയാണെന്ന് അദ്ഭുതത്തോടെ ഞാൻ മനസ്സിലാക്കി. എഴുപതിലാണ് ഞാൻ ദില്ലിയിലെത്തുന്നത്. അവിടെ ധാരാളം മലയാളി സാഹിത്യകാരന്മാരുണ്ടായിരുന്നു. നാഷനൽ ആർട്ട് ഗ്യാലറിയും മറ്റ് സ്വകാര്യ ഗ്യാലറികളും ഉള്ളതുകൊണ്ട് അവിടെ നല്ലൊരു സാസ്‌കാരിക അന്തരീക്ഷമുണ്ടായിരുന്നുവെന്ന് പറയാം. സാഹിത്യകാരന്മാർക്കു പുറമെ കെ. ദാമോദരൻ, മുത്തുകോയ തുടങ്ങിയ ചിത്രകാരന്മാരുമായി ഞാൻ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. പക്ഷെ എന്തുകൊണ്ടോ എന്റെ സാഹിത്യം ശരിക്കും വികസിച്ചത്, ഞാൻ ഇന്നത്തെ നിലയിലാവാനുള്ള മാർഗ്ഗം സ്വീകരിച്ചത് മുംബൈയിൽ നിന്നായിരുന്നു. എഴുപത്തിഒന്നിലാണ് ഞാൻ ബോംബെയിലെത്തിയത്. അവിടത്തെ അന്തരീക്ഷം കൽക്കത്തയുമായി താരതമ്യപ്പെടുത്തുമ്പോൾ സാംസ്‌കാരികമായി താഴെത്തട്ടിലായിരുന്നെങ്കിലും എന്നെ സംബന്ധിച്ചേടത്തോളം എന്തുകൊണ്ടോ വളരെ സൃഷ്ടിപരമായാണ് അനുഭവപ്പെട്ടത്. ധാരാളം അനുഭവങ്ങൾ, അവ പലതും കഥകളായി രൂപം കൊണ്ടു. ശരിയ്ക്കു പറഞ്ഞാൽ ഞാൻ ബോംബെയിൽനിന്നെഴുതിയ മിക്ക കഥകളും അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയവയാണ്. ജീവനുള്ള കഥാപാത്രങ്ങൾ, അവ എന്റെ കഥയ്ക്ക് മിഴിവു കൊടുത്തു. പല അനുഭവങ്ങളും വേദനാജനകമായിരുന്നു. പക്ഷെ കഥകൾ എത്രതന്നെ ദുഃഖപര്യവസായിയായാലും ശരി അതിന്നെല്ലാം അപ്പുറത്ത് പ്രത്യാശയുടെ മിന്നൽവെളിച്ചം ഞാൻ കണ്ടിരുന്നു. അതെന്റെ കഥകളെ ഒരു പ്രത്യേകതലത്തിലേയ്ക്ക് ഉയർ ത്താറുണ്ടെന്നാണ് എന്റെ അനുഭവം. എന്റെ അളവറ്റ ശുഭാപ്തിവിശ്വാസമായിരിക്കണം അതിനു കാരണം.
ദില്ലിയിൽ ധാരാളം സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കൂട്ടുകെട്ടുണ്ടായിരുന്നുവെങ്കിലും ഞാൻ കാര്യമായ സംഭാവനകളൊന്നും നൽകിയിരുന്നില്ല. ഞാൻ കഥയെഴുത്ത് ഒരു മാതിരി നിർത്തിവച്ചിരുന്നു. മറിച്ചായിരുന്നു ബോംബെജീവിതം. അവിടെ ഞാൻ മലയാളി സമൂഹത്തിൽനിന്ന്, പ്രത്യേകിച്ചും സാഹിത്യകാരന്മാരിൽനിന്ന് അകന്നുള്ള ജീവിതമാണ് നയിച്ചിരുന്നത്. വേണമെന്നുവച്ചിട്ടല്ല. അവസരമുണ്ടായില്ല എന്നുമാത്രം. അവിടെ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം അപാരമാണ്. ഞാൻ താമസിച്ചിരുന്ന ജുഹുവിൽ മലയാളികൾ വളരെ കുറവായിരുന്നു. പക്ഷെ ഞാൻ ധാരാളം എഴുതാൻ തുടങ്ങി. സാഹിത്യകാരന്മാരുമായുള്ള സംസർഗ്ഗമല്ല മറിച്ച് ജനജീവിതവുമായുള്ള അടുത്ത ബന്ധമാണ് സാഹിത്യസൃഷ്ടിയ്ക്ക് വേണ്ടത് എന്ന് എനിക്കു മനസ്സിലായി. അനുഭവങ്ങളുടെ സമൃദ്ധി മാത്രമായിരുന്നില്ല എഴുതാൻ കാരണം. എഴുപത്തി അഞ്ചിലാണ് കലാകൗമുദി പ്രസിദ്ധീകരണം തുടങ്ങിയത്. രണ്ടാമത്തെ ലക്കത്തിൽത്തന്നെ എന്റെ ‘കുങ്കുമം വിതറിയ വഴികൾ’ എന്ന കഥ പ്രസിദ്ധീകരിച്ചു. പിന്നീട് അതിന്റെ പത്രാധിപന്മാരായിരുന്ന ശ്രീ എം.എസ്. മണിയുടെയും ശ്രീ എസ്. ജയചന്ദൻ നായരുടെയും നിരന്തര പ്രോത്സാഹനവും നിർബ്ബന്ധവും കാരണം മൂന്നു കൊല്ലമായി നിർത്തിവച്ച കഥയെഴുത്ത് വീണ്ടും തുടങ്ങി.
എന്റെ സൗന്ദര്യദർശനത്തെയും ചിന്തയെയും സ്വാധീനിച്ചത് യൂറോപ്യൻ, അമേരിക്കൻ എഴുത്തുകാരായിരുന്നു. പക്ഷെ ഞാൻ എന്റേതായ ഒരു സൗന്ദര്യദർശനം രൂപപ്പെടുത്തിയത് തികച്ചും ഭാരതീയമായ ഒരു പശ്ചാത്തലത്തിലാണ്. നമുക്ക് നമ്മുടെതായ ഒരു സംസ്‌കൃതിയുണ്ടെന്നും അതിനുമുകളിലേ നമ്മുടെ ഇഷ്ടികകൾ പടുക്കാൻ പാടുള്ളു എന്നും ഞാൻ മനസ്സിലാക്കി. ഈ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതിൽ എന്റെ അച്ഛനടക്കം നമ്മുടെ കവികൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. കുമാരനാശാന്റെ പേർ പ്രത്യേകം എടുത്തു പറയണം.
എന്റെ രാഷ്ട്രീയ ചിന്താഗതിയെ രൂപപ്പെടുത്തുന്നതിൽ പക്ഷെ യൂറോപ്യൻ അമേരിക്കൻ എഴുത്തുകാരാണ് കാര്യമായ പങ്ക് വഹിച്ചിട്ടുള്ളത്. ജോൺ ഗന്തർ, ഹവാഡ് ഫാസ്റ്റ്, ആർതർ കെസ്റ്റല്ർ, ബോറീസ് പാസ്റ്റർനാക് തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ ഇരുമ്പുമറയെ പിച്ചിച്ചീന്തുന്നതായിരുന്നു. അതുപോലെ ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും എന്റെ ചിന്താഗതിയെ കാര്യമായി സ്വാധീനിക്കുകയുണ്ടായി. ഹങ്കറിയിലെ തൊഴിലാളിസമരം അടിച്ചമർത്താൻ റഷ്യൻ ടാങ്കുകൾ അയച്ചത്, പോളണ്ട്, ചെക്കസ്‌ളോവാക്യ, ഹങ്കറി തുടങ്ങിയ രാഷ്ട്രങ്ങൾ റഷ്യയുടെ കോളനികളായി മാറിയത്, ചൈന ഇന്ത്യയെ കടന്നാക്രമിച്ചത്, ആ കാലത്ത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രാജ്യദ്രോഹപരമായ നിലപാട്, എല്ലാം എന്നിൽ ആഴമുള്ള ആഘാതമുണ്ടാക്കി. ബെർലിൻ മതിൽ പൊളിക്കാനിടയായ സംഭവവികാസങ്ങളും, കിഴക്കും പടിഞ്ഞാറും ജർമ്മനികൾ തമ്മിലുണ്ടായിരുന്ന അവിശ്വസനീയമായ സാമ്പത്തിക അസമാനതയും പാവപ്പെട്ടവരുടെ ഉന്നതിയ്ക്ക് കമ്യൂണിസമല്ല വേണ്ടതെന്നും, നിസ്വനെ നിസ്വനായിത്തന്നെ നിലനിർത്താനുള്ള ഒരു പ്രത്യയശാസ്ത്രമാണതെന്നും തെളിയിച്ചു. ഞാൻ അമ്പത്തൊമ്പതുമുതൽ വിശ്വസിച്ചു പോന്നതെല്ലാം ശരിയാണെന്ന് പിന്നീട് ആഗോളതലത്തിൽ കമ്യൂണിസത്തിനുണ്ടായ തകർച്ച തെളിയിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ എന്റെ ചിന്താഗതിയെയും സൗന്ദര്യദർശനത്തെയും സ്വാധീനിച്ചിട്ടുണ്ട്. മാർക്‌സിസ്റ്റ് സൗന്ദര്യദർശനം ഒരു പുകമറയാണെന്നും അത് സ്വന്തം നിലനിൽപിനുള്ള മുദ്രാവാക്യങ്ങളുടെ തടവറയിലാണെന്നും ഞാൻ മനസ്സിലാക്കി.
ബോംബെയിലെ താമസത്തിനുള്ളിൽ, അത് എഴുപത്തൊന്നുമുതൽ എൺപത്തിമൂന്ന് വരെ നീണ്ടുകിടക്കുന്നു, ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതും അവിസ്മരണീയങ്ങൾതന്നെ. ഞാൻ നേരത്തെ പറഞ്ഞപോലെ ഈ അനുഭവങ്ങൾ എന്റെ കഥകളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പോരാത്തതിന് ഞാൻ അനുഭവക്കുറിപ്പുകൾ തന്നെ ഒരു പരമ്പരയായി വനിത, സ്ത്രീധനം (രാഷ്ട്രദീപിക), ഗൃഹലക്ഷ്മി, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിട്ടുണ്ട്. അവ താമസിയാതെ ‘നീ എവിടെയാണെങ്കിലും’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തിലെഴുതപ്പെട്ട കഥകളിൽ പ്രധാനപ്പെട്ടവ ‘ദിനോസറിന്റെ കുട്ടി’, ‘സൂര്യകാന്തിപ്പൂക്കൾ’, ‘ഒരു കങ്ഫൂഫൈറ്റർ’, ‘ഒരു വിശ്വാസി’ തുടങ്ങിയവയാണ്. ഈ കഥകളിലെല്ലാംതന്നെ നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ തിരനോട്ടം കാണാം.
ചില അനുഭവങ്ങൾ പക്ഷെ ഹൃദയത്തിൽ വല്ലാത്തൊരു മുറിവ് സമ്മാനിച്ചുകൊണ്ടേ കടന്നു പോകുന്നുള്ളു. ഒരു കാലത്ത് വേദന തന്ന അനുഭവങ്ങളാണെങ്കിലും ഇന്ന് ഞാൻ അതിൽനിന്നെല്ലാം വളരെ ദൂരം സഞ്ചരിച്ചുവെന്ന ആശ്വാസമുണ്ട്. അവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇപ്പോൾ അതെല്ലാമോർത്ത് ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. എന്റെ ജീവിതത്തിന്റെ എറ്റവും വിഷമം പിടിച്ച ഘട്ടം ബോംബെയിലാണുണ്ടായിട്ടുള്ളത്. ആ നഗരത്തിന്റെ കുറ്റമല്ല, ജനങ്ങളുടെ കുറ്റമല്ല, എന്റെ തലയിലെഴുത്തിന്റെ പ്രത്യേകത മാത്രമാണതിനു കാരണം.
ഇരുപത്തിരണ്ടു കൊല്ലം ജോലിയെടുത്തു കൊണ്ടിരുന്ന കമ്പനിയിൽ അതൃപ്തി തോന്നിത്തുടങ്ങിയപ്പോൾ ഞാൻ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാമെന്നു വെച്ചു. നാലു കൂട്ടുകാരുമൊത്ത് ഒരു കമ്പനി തുടങ്ങി. ഗുജറാത്തിൽ ഒരു വലിയ മൈക്രോബെയറിങ് തുടങ്ങാനുള്ള പ്രൊജക്ടായിരുന്നു അത്. കാലദോഷം കൊണ്ട് അതു നടന്നില്ല. അതിനിടയിൽ പഴയ കമ്പനിയിൽ തൊഴുത്തിൽക്കുത്തുകൾ കാരണം ഞാൻ പുറത്തായിരുന്നു. എനിയ്ക്കു മീതെ ഒരു സർദാറിനെ കമ്പനി മാനേജ്‌മെന്റ് കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അയാളുടെ സംശയാസ്പദമായ പ്രവർത്തന രീതിയ്ക്ക് ഞാൻ വിലങ്ങുതടിയാണെന്നു കണ്ട അയാൾ എന്നെ പുകച്ചുചാടിക്കുകയാണുണ്ടായത്. അതിനു ശേഷം ഞാൻ സ്വന്തമായി ഒരു കമ്പനി തുടങ്ങി. അതും വലിയ നഷ്ടത്തിൽ കലാശിച്ചു. ഞാൻ വർഷങ്ങളായി കെട്ടിപ്പടുത്ത എല്ലാം എനിയ്ക്കു നഷ്ടമായി. തിരിച്ച്, കുറേ കടങ്ങളും കൈയ്ക്കുന്ന അനുഭവങ്ങളുടെ ഓർമ്മകളും മാത്രം കൈയ്യിൽവച്ച് ഞാൻ നാട്ടിലേയ്ക്കു വന്നു, ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ. ഇക്കാലത്തെ എന്റെ ബോംബെ ജീവിതം സംഭവബഹുലമായിരുന്നു. പട്ടിണി എന്തെന്നറിഞ്ഞ നാളുകൾ. ആ കാലത്തും മനുഷ്യനന്മയിൽ ഉണ്ടായിരുന്ന എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ബിസിനസ്സിനു വേണ്ടി കുറച്ചു പണം അത്യാവശ്യമായി വന്നപ്പോൾ ഞങ്ങൾ താമസിക്കുന്നതിന്റെ താഴത്തെ നിലയിലുള്ള ഒരു പഞ്ചാബി സ്‌നേഹിതനെ സമീപിച്ചു. മിസ്റ്റർ ചോപ്ര. അദ്ദേഹം ഒരു ചോദ്യവും ചോദിക്കാതെ പണമെടുത്തുതന്നു. ഒരു രസീത് കൊടുക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ മാന്യനാണെങ്കിൽ എനിക്ക് ഒരു രസീതിന്റെ ആവശ്യമില്ല. അല്ലെങ്കിൽ എനിക്കീ രസീതുകൊണ്ടും കാര്യമില്ല. നിങ്ങൾ ഒരു മാന്യനാണെന്ന് എനിക്കറിയുന്നതുകൊണ്ടല്ലെ ഞാൻ ഇത്രയും സംഖ്യ കടമായി തരുന്നത്?’
എനിക്ക് എറ്റവും വേദന തന്ന സംഭവവും അദ്ദേഹത്തോടു ബന്ധപ്പെട്ടായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു വയസ്സായ ഏക മകൻ ഒരു സ്‌കൂട്ടറപകടത്തിൽ മരിച്ചതായിരുന്നു അത്. ചെറിയച്ഛന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അവൻ. ആ സംഭവത്തെ ഉപജീവിച്ച് എഴുതിയതാണ് ‘വൃഷഭത്തിന്റെ കണ്ണ്’ എന്ന കഥ. രണ്ടു വയസ്സായ ഞങ്ങളുടെ മകന്റെ ഒപ്പം കളിക്കുവാൻ അവൻ ചേച്ചിമാരുടെ ഒപ്പം കോണി കയറിവരാറുണ്ട്. ഏറ്റവും സന്തോഷം തന്ന നിമിഷം എന്റെ മകനെ ആദ്യമായി കണ്ടപ്പോഴാണ്. നാട്ടിൽവെച്ചായിരുന്നു പ്രസവം. എനിക്കാകട്ടെ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നുമില്ല. റെയിൽവേ സ്റ്റേഷനിൽവച്ച് ആദ്യമായി അവനെ കയ്യിലെടുത്ത നിമിഷമാണ് എന്റെ ജീവിതത്തിൽത്തന്നെ ഏറ്റവും ധന്യമായ മുഹൂർത്തം.
ബോംബെ ജീവിതത്തിൽ എനിക്ക് ധാരാളം സന്തോഷവും ഒപ്പംതന്നെ വേദനയും തന്ന ഒരു പ്രണയബന്ധമുണ്ടായിട്ടുണ്ട്. ഭാര്യ ലളിത അതിനെപ്പറ്റി അറിഞ്ഞിരുന്നു. തീവ്രമായിരുന്ന ആ ബന്ധം സ്വാഭാവികമായും ഒരു ദുരന്തമായിരുന്നു. ഞാൻ ഇതിനെപ്പറ്റി മുമ്പൊരിക്കൽ എഴുതിയ ലേഖനത്തിൽനിന്ന് താഴെ എടുത്തുചേർക്കുന്നു:
‘…എഴുപതുകൾ എന്റെ ജീവിതത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടമായിരുന്നു. ഏറെ സന്തോഷവും ഏറെ സന്താപവും ഒരുമിച്ചനുഭവിക്കേണ്ടി വന്ന കാലം. ധാരാളം സ്‌നേഹം ലഭിച്ചിട്ടും ഒരിത്തിരി ആശ്വാസത്തിനുവേണ്ടി അലഞ്ഞുനടന്ന നാളുകൾ. ആ കാലത്താണ് ഞാൻ രേവതിയെ (പേര് ശരിക്കുള്ളതല്ല) കണ്ടുമുട്ടുന്നത്. അവളും അങ്ങിനെ ഒരു സ്ഥിതിയിലായിരുന്നു. വളരെ വൈകാരികമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ആ ബന്ധത്തിന്റെ മുഴുവൻ പ്രക്ഷുബ്ധതയും ഈ കഥകളിലുണ്ട്. അതിന്റെ പരിസമാപ്തി വളരെ ഹൃദയഭേദകമായിരുന്നു. ‘സ്ത്രീഗന്ധമുള്ള മുറി’ എന്ന കഥ അതിനെപ്പറ്റിയായിരുന്നു. തന്നെക്കുറിച്ച് ഞാൻ കഥകളെഴുതുന്നുണ്ടെന്ന് രേവതിയ്ക്കറിയാമായിരുന്നു. ഭാഷ അറിയാത്തതുകൊണ്ട് പക്ഷേ വായിക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്കു തോന്നുന്നു അവയെല്ലാം അപ്പോൾതന്നെ ഇംഗ്ലീഷിലാക്കി രേവതിയ്ക്ക് വായിക്കാൻ കൊടുക്കേണ്ടതായിരുന്നു എന്ന്. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്ന് അത് പുതിയൊരു മാനം കൊടുക്കുമായിരുന്നു. എല്ലാ കാര്യങ്ങളും അങ്ങിനെയാണ്. രണ്ടാമതൊരവസരം കിട്ടിയാൽ കൂടുതൽ നന്നായി ചെയ്യാമെന്നു കരുതും, പക്ഷേ അങ്ങിനെ ഒരവസരം പിന്നീട് നിങ്ങളെ തേടിവരികയുണ്ടാവില്ല. ലളിതയ്ക്ക് ഈ കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഒരസാധാരണ വ്യക്തിത്വമുള്ള അവൾ എപ്പോഴും എന്നെ ആശ്വസിപ്പിക്കാറുണ്ട്. പ്രക്ഷുബ്ധമായ ഈ ബന്ധം അവസാനിച്ചപ്പോഴും ഒരു തകർച്ചയിൽനിന്ന് എന്നെ രക്ഷിച്ചത് അവളുടെ സാന്ത്വനമായിരുന്നു.’
എന്റെ ഹൃദയത്തിന് എറ്റ ഈ മുറിവിന്റെ കഥകളാണ് ‘ആശ്വാസം തേടി’(1975), ‘നഷ്ടക്കാരി’(1977), ‘മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ’ (1977), ‘സ്ത്രീഗന്ധമുള്ള മുറി’(1979), ‘അവൾ പറഞ്ഞു ഇരുളുംവരെ കാക്കൂ’(1994)എന്നിവ. ഇതിൽ അവസാനത്തെ കഥ മാത്രം ഞാൻ നാട്ടിൽവന്നശേഷം എഴുതിയതാണ്.
ബോംബെയിലെ ബിസിനസ്സ് പൊളിയുകയും കനത്ത നഷ്ടമുണ്ടാകുകയും ചെയ്തുവെന്നു പറഞ്ഞല്ലൊ. അതിനെപ്പറ്റി എഴുതിയ കഥയാണ് ‘ദിനോസറിന്റെ കുട്ടി’. പ്രക്ഷുബ്ധമായ ആ കാലത്ത് ഞങ്ങൾക്ക് മകന് വേണ്ട കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല, പണവുമുണ്ടായിരുന്നില്ല. പക്ഷെ അവൻ വളരെ സൗമ്യതയോടും അസാധാരണമായ വിവേകത്തോടുംകൂടി പെരുമാറി. സാധാരണ ആ പ്രായത്തിൽ കുട്ടികൾക്കുണ്ടാകാറുള്ള അസംഖ്യം ആവശ്യങ്ങളൊന്നുംതന്നെ അവൻ ഉന്നയിച്ചിരുന്നില്ല. മറിച്ച് കഴിയുന്നത്ര ഞങ്ങളെ സഹായിക്കാൻ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നു. ‘ഒരു കങ്ഫൂഫൈറ്റർ’ എന്ന കഥയിൽ അവന്റെ നല്ലൊരു ചിത്രം ഞാൻ വരച്ചിട്ടുണ്ട്. ‘ചുമരിൽ ചിത്രമായി മാറിയ അച്ഛൻ’, ‘ദിനോസറിന്റെ കുട്ടി’, ‘ഒരു വിശ്വാസി’, ‘കാനഡയിൽനിന്നൊരു രാജകുമാരി’ എന്നീ കഥകളിലെല്ലാം അവനുണ്ട്.
മറ്റു പല അനുഭവങ്ങളും എന്റെ വരാൻ പോകുന്ന പുസ്തകത്തിലുണ്ട്. ബസ്സുകൂലിയില്ലാത്തതുകൊണ്ട് വർത്തമാനക്കടലാസിന്റെ കെട്ടും തൂക്കി ജുഹുവിൽനിന്ന് സാന്താക്രൂസിലേയ്ക്കുള്ള എട്ടു ബസ്സ്‌സ്റ്റോപ്പു ദൂരം നടന്നിട്ടുണ്ട്. അന്ന് ജുഹുവിൽ റദ്ദിവാലയുടെ കടയുണ്ടായിരുന്നില്ല. അതേ കാലത്തുതന്നെ ഒരു പലവ്യഞ്ജനക്കടയ്ക്കു മുമ്പിൽനിന്ന് ഇരുനൂറു രൂപ വീണു കിട്ടിയതും, അതേ കടയിൽ ആകെയുള്ള ഇരുനൂറു രൂപകൊണ്ട് സാധനങ്ങൾവാങ്ങാൻ വന്ന സ്ത്രീ പണം നഷ്ടപ്പെട്ട് കരഞ്ഞപ്പോൾ, അവർ എടുത്തുവെച്ചസാധനങ്ങൾക്കിടയിൽ ബേബിഫുഡിന്റെ ടിൻ കണ്ടതും അവരുടെ പണം തിരിച്ചുകൊടുത്തതും, ഖാറിൽ ഒരു വൈകുന്നേരം ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട ഒരു സ്ത്രീയുമായി അറിയാതെ സംസാരിച്ചശേഷം അവരുടെ ജോലി മനസ്സിലായപ്പോൾ ഓടുന്ന ബസ്സിൽ ചാടിക്കയറി രക്ഷപ്പെട്ടതും, ആയ നിരവധി സംഭവങ്ങൾ.
ബോംബെ മലയാളികളുമായി ഞങ്ങൾക്ക് അധികമൊന്നും അടുപ്പമുണ്ടായിരുന്നില്ല. താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ 180 ഫ്‌ളാറ്റുകളിൽ ഒന്നിൽപ്പോലും മലയാളികളുണ്ടായിരുന്നില്ല എന്നതായിരിക്കണം ഒരു കാരണം. ഒരിക്കൽ വളരെ സങ്കടകരമായ ഒരനുഭവമുണ്ടായി. അവിടെ ചെന്ന കാലമായിരുന്നു. ബോംബെയുടെ രീതികളെക്കുറിച്ച് പഠിച്ചുവരുന്നേയുള്ളു. ഒരു ടേപ്‌റെക്കോർഡർ വാങ്ങിയപ്പോൾ പാട്ടുകൾ റിക്കാർഡ് ചെയ്യാനുള്ള കമ്പം വന്നു. ഇല്ലാത്ത പണവുംകൊടുത്ത് രണ്ട് സോണി സി—90 കാസ്സറ്റ് വാങ്ങി. ഡി.എൻ. റോഡിലെ മലയാളി പെട്ടിപ്പീടികകളിലൊന്നിൽനിന്നാണതു വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു ഉപയോഗിച്ചപ്പോഴാണ് മനസ്സിലായത് രണ്ടും വ്യാജനിർമ്മിതമാണെന്നും ഉപയോഗിക്കാൻ കൊള്ളാത്തവയാണെന്നും. ഒരു സി—90 കാസ്സറ്റിന്റെ വശത്ത് റിക്കാർഡ് ചെയ്യാൻ പറ്റിയത് രണ്ടര, മൂന്നു മിനുറ്റിന്റെ രണ്ടു പാട്ടുകൾ മാത്രം. അതുതന്നെ ശബ്ദം കുറഞ്ഞ് കേൾക്കാൻ പറ്റാത്ത വിധത്തിൽ. ഞാൻ പിറ്റേന്നു രാവിലെത്തന്നെ കാസറ്റുകളുംകൊണ്ട് വാങ്ങിയ പീടിക അന്വേഷിച്ചു നടന്നു. എവിടെ കാണാനാണ്? പെട്ടിപ്പീടിക എന്നു പറയുന്നത് അന്വർത്ഥമാണ്. ഒരു പീഞ്ഞപ്പെട്ടിയുടെ വലുപ്പമേയുള്ളു ഓരോ കടയ്ക്കും. പിറ്റേന്നു ഞാൻ ചെന്നപ്പോഴേയ്ക്കും കടകളെല്ലാം അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരിക്കുന്നു. അതുപോലെത്തന്നെ ഇന്നലെ കണ്ട വില്പനക്കാരും അപ്രത്യക്ഷമായിരിക്കുന്നു. പകരം പുതിയ ആൾക്കാർ. ഒരു കാലിഡോസ്‌കോപ്പിലൂടെ നോക്കുമ്പോൾ കാണുന്നപോലെ. എന്നെ കബളിപ്പിച്ച് ഇല്ലാത്ത എഴുപതു രൂപ അടിച്ചെടുത്ത മലയാളി പീടികക്കാരനെ കണ്ടുപിടിക്കാൻ യാതൊരു വഴിയുമില്ല! എനിയ്ക്കു വളരെ വിഷമമായി. പക്ഷെ അന്ന് ഞാൻ ഒരു പാഠം പഠിച്ചു, മാത്രമല്ല കാസ്സറ്റുകളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനുള്ള വാശിയുമുണ്ടായി എനിക്ക്. അതിന്റെ ഫലമായിരിക്കണം പിന്നീട് പതിനായിരക്കണക്കിന് കാസ്സറ്റുകൾ എന്റെ കയ്യിലൂടെ കടന്നുപോയത്. എന്റെ ഏറ്റവും വിഷമം പിടിച്ച ഒരു ഘട്ടത്തിൽ താങ്ങായി വന്നത് കാസറ്റ് റിക്കാർഡിങ്ങായിരുന്നു. അതുപോലെ ബോംബെയിൽനിന്നു നഷ്ടപ്പെട്ടതെല്ലാം നാട്ടിൽ വന്ന് തിരിച്ചുണ്ടാക്കിയത് ഈ ഒരു ബിസിനസ്സുകൊണ്ടാണ്. എനിക്ക് ഒരിക്കലും നഷ്ടം പറ്റിയിട്ടില്ലാത്ത ഒരു ബിസിനസ്സ്.
പിന്നീട് ഞങ്ങൾ ബോംബെ വിട്ട കാലത്ത് ശിവസേന പ്രവർത്തകർ ആ സ്റ്റാളുകൾ തല്ലിപ്പൊളിച്ചെന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിലുണ്ടായത് വ്യത്യസ്ത പ്രതികരണങ്ങളാണ്.
ചോദ്യാവലിയ്ക്കുള്ള ഉത്തരങ്ങൾ
1. കേരളസമൂഹം ഭാവിയിൽ രൂപപ്പെട്ടുവരുന്നത് എങ്ങനെയായിരിക്കും?
- വളരെ അപകടമുള്ള ഒരു മാർഗ്ഗത്തിലൂടെയാണ് കേരളസമൂഹം ഇന്ന് സഞ്ചരിക്കുന്നത്. ഒരുപക്ഷേ ഭാവിയിൽ സമൂഹം എങ്ങിനെയാണ് രൂപപ്പെടുന്നത് എന്നതിന്റെ സൂചന നമുക്കതിൽ ദർശിക്കാം. ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കയാണ്. ഒരു പരിധിവരെ രാഷ്ട്രീയ പാർട്ടികൾ ഇതിനുത്തരവാദികളാണ്. നമുക്ക് അവകാശങ്ങൾ മാത്രം, കർത്തവ്യമില്ല എന്നു പഠിപ്പിക്കുന്ന പാർട്ടികൾ സമൂഹത്തിന് വളരെ ദ്രോഹമാണ് ചെയ്യുന്നത്. കഴിഞ്ഞ നാലു ദശാബ്ദമായി മലയാളികളെ പഠിപ്പിക്കുന്നത് ഇതാണ്. എന്നുവച്ചാൽ രണ്ടു തലമുറയായി ഈ പാർട്ടികൾ അവരുടെ ചിന്തയെ, യുക്തിയെ നിയന്ത്രിച്ച് മസ്തിഷ്‌കപ്രക്ഷാളനം നടത്തി അവരെ സ്വന്തമായി ചിന്തിക്കാൻ കഴിയാത്തവരാക്കി മാറ്റിയിരിക്കുന്നു. ഇത് വളരെ അപകടമുള്ള കാര്യമാണ്. സ്വേഛാധിപത്യത്തിനുള്ള ആദ്യപടിയാണിത്. ഇനി ഒരു പാർട്ടിയ്‌ക്കോ ഒരു വ്യക്തിയ്‌ക്കോ സ്വന്തം ഇഛയ്ക്കനുസരിച്ച്, പ്രതിരോധമൊന്നുമില്ലാതെ ഭരിക്കാൻ പറ്റും. അടുത്ത രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ ഇതു സംഭവിക്കുമെന്നുതന്നെയാണ് ഞാൻ കരുതുന്നത്.
2. ഭാഷാപരവും സാംസ്‌കാരികപരവുമായ ഒരന്യവൽക്കരണം പ്രവാസിമലയാളികൾ അനുഭവിക്കുന്നുണ്ടോ?
- ഭാഷാപരവും സാംസ്‌കാരികവുമായ അന്യവൽക്കരണം പ്രവാസിമലയാളികളുടെ മാത്രം പ്രശ്‌നമല്ല. കേരളത്തിൽ ഇന്ന് സംഭവിക്കുന്ന ഒന്നുതന്നെയാണത്. ഇതിനു പല കാരണങ്ങളുണ്ട്. നമ്മുടെ ചരിത്രവും സംസ്‌കാരവും ഭാഷയും തമസ്‌കരിക്കാനുള്ള മതമൗലികവാദികളുടെയും അവരുടെ പ്രേരണയിൽ രാഷ്ട്രീയ പാർട്ടികളുടെയും ബോധപൂർവ്വമായ പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ നമ്മുടെ ചരിത്രം നമ്മുടെ ബോധമണ്ഡലത്തിൽനിന്ന് എന്നെന്നേയ്ക്കുമായി തുടച്ചുനീക്കപ്പെടും. ഒപ്പംതന്നെ ഭാഷയും സംസ്‌കാരവും. ശരിക്കു പറഞ്ഞാൽ കേരളത്തിനു പുറത്തുള്ളവർ ഇതിൽനിന്നൊഴിവാകുന്നതായാണ് കാണുന്നത്. ഇന്നും മുംബൈ പോലുള്ള ഒരു മഹാനഗരത്തിൽ മലയാളികൾ ഓണം ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഇവിടെ ഓണം ഒരു ഹർത്താൽകൊണ്ട് കിട്ടുന്ന മറ്റൊരു ഒഴിവുദിവസംപോലെ ആസ്വദിക്കാനുള്ളതാണ്.
3. മലയാളിയുടെ ബോധമനസ്സ് മതമൗലികതയുടെയും കടുത്ത യഥാസ്ഥിതികയുടെയും കോളനിയായി മാറിയിരിക്കുകയാണല്ലൊ. ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമൊ?
- ഇത് ആഗോളതലത്തിലുള്ള ഒരു പ്രതിഭാസമാണ്. ചരിത്രം ഇങ്ങിനെ പല അനിവാര്യതകളിലൂടെയും ആപൽക്കരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് ആഗോളതലത്തിലുള്ള ഒരു പദ്ധതിയുടെ ഭാഗമായി കാണുന്നതായിരിക്കും യുക്തി. കൂടുതലൊന്നും ഇതിനെപ്പറ്റി പറയാൻ എനിക്കു താല്പര്യമില്ല.
4. പ്രയോഗതലത്തിലും സൈദ്ധാന്തികതലത്തിലും മാർക്‌സിസത്തിന് തകർച്ച നേരിടുന്ന സ്ഥിരിയ്ക്ക് മാർക്‌സിസം പുനർനിർമ്മിക്കേണ്ടതല്ലെ?
- പ്രയോഗതലത്തിലും സൈദ്ധാന്തികതലത്തിലും തകർച്ച നേരിടുന്ന എന്നല്ല പറയേണ്ടത്, തകർന്ന എന്നാണ്. അങ്ങിനെയുള്ള ഒരു പ്രത്യയശാസ്ത്രത്തെ എന്തിനാണ് പുനർനിർമ്മിക്കുന്നത്. ഒരു സിദ്ധാന്തം പ്രായോഗികമല്ല എന്നു കണ്ടാൽ അതിന്റെ പിന്നാലെ പോകാതെ പുതിയ ഒന്നിനെപ്പറ്റി ആലോചിക്കുകയല്ലെ വേണ്ടത്? ‘വെളിച്ചം തൂകീടുവോളം പൂജാർഹം താനൊരാശയം, അതിരുണ്ടഴൽചാറുമ്പോൾ പൊട്ടിയാട്ടുകതാൻ വരം — പൊട്ടി പുറത്ത് ശീവോതി അകത്ത് (ഇടശ്ശേരി)’
5. മതവിശ്വാസത്തിൽ ഊന്നിയിട്ടുള്ള ധാർമ്മികമൂല്യങ്ങൾക്ക് മാത്രമെ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുള്ളുവെന്ന് വിശ്വസിക്കുന്നുണ്ടോ?
- ഇല്ല, മാത്രമല്ല അതപകടമാണുതാനും, കാരണം ഏറ്റവും എളുപ്പം ദുർവ്യാഖ്യാനം ചെയ്യാവുന്ന ഒന്നാണ് മതം. അവനവനോടു സത്യസന്ധത പുലർത്തിയും മറ്റുള്ളവരെ ജീവിക്കാനനുവദിച്ചുകൊണ്ടുമുള്ള ഒരു ജീവിതരീതി സ്വായത്തമാക്കുകയേ ഒരു വഴിയുള്ളു. ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയിൽ അതു സംഭവിക്കുമെന്നു തോന്നുന്നില്ല.
6. മലയാളസാഹിത്യത്തിന് സർഗ്ഗാത്മവളർച്ച ഉണ്ടാക്കുന്നതിനും ഭാവുകത്വപരമായ ഒരു പരിണാമം ഉണ്ടാക്കുന്നതിനും പത്രാധിപർ എന്ന നിലയിൽ എം.ടി.യുടെ അർപ്പണബോധത്തെ നമ്മൾ വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്ന് തോന്നുന്നു. എന്തു പറയുന്നു?
- എം.ടി. ഒരു ബഹുമുഖപ്രതിഭയാണ്. അദ്ദേഹത്തിന്റെ സർഗ്ഗാത്മജീവിതത്തിന്റെ പല വശങ്ങളും വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്നു വേണം പറയാൻ. അതിനു കഴിവുള്ളവർ അദ്ദേഹത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അറുപതുകളിൽ ഉയർന്നുവന്ന ഞാനടക്കമുള്ള ഒരുമാതിരി എല്ലാ സാഹിത്യകാരന്മാരെയും വളർത്തിക്കൊണ്ടുവന്നത് എം.ടി.യാണെന്ന് സംശയമില്ലാതെ പറയാം. ആവശ്യം കഴിഞ്ഞപ്പോൾ എം.ടി.യെ തള്ളിപ്പറഞ്ഞവരുമുണ്ട് ഇതിൽ.
7. പ്രതിബദ്ധതയുള്ള എഴുത്തുകാരൻ എന്ന നിലയിൽ ഇതുവരെയുള്ള സാഹിത്യജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു.
- ഒരു സാഹിത്യകാരൻ എന്ന നില്‌യ്ക്ക് എന്റെ പ്രതിബദ്ധത ജനങ്ങളോടാണ്, പ്രത്യേകിച്ചും സാമ്പത്തികമായി താഴെത്തട്ടിൽ ജീവിക്കുന്നവരോട്. എന്റെ കഥകൾ അവരുടെ ജീവിതത്തിലെ പൊള്ളുന്ന പ്രശ്‌നങ്ങൾ വായനക്കാരുടെ മുമ്പിൽ എത്തിക്കാൻ ഉതകുന്നതാണെങ്കിൽ ഞാൻ വിജയിച്ചു എന്നു പറയാം. എന്റെ കഥകൾ ഒരു സമൂഹത്തെ മാറ്റിമറിയ്ക്കുമെന്നൊന്നുമുള്ള മിഥ്യാധാരണകൾ എനിക്കില്ല. പക്ഷെ ഒരു വായനക്കാരനിൽ അലിവിന്റെ ചെറിയൊരു നാമ്പ് മുളക്കാൻ അതു പ്രയോജനപ്പെടുമെങ്കിൽ ഞാൻ കൃതാർത്ഥനായി. കഴിഞ്ഞ നാല്പത്തഞ്ചു കൊല്ലമായി ഞാൻ എഴുതാൻ തുടങ്ങിയിട്ട്. ഇത്രയും കാലം കേരളത്തിലെ നിരൂപകർ എന്നെ കണ്ടില്ലെന്നു നടിച്ചു. ഞാനതിൽ തികച്ചും സന്തുഷ്ടനാണ്, കാരണം ഞങ്ങളാണ് നിങ്ങളെ വളർത്തിക്കൊണ്ടുവന്നത് എന്ന് ഒരു നിരൂപകനും പറയില്ലല്ലൊ. മറിച്ച് എനിക്ക് എന്റേതായിട്ടുള്ള ഒരു ആസ്വാദകവൃത്തംതന്നെയുണ്ട്. എന്റെ കഥകളും നോവലുകളും കാത്തിരിക്കുന്നവർ. അവരെ നിരാശപ്പെടുത്താതെ സൂക്ഷിക്കുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഓരോ വാക്യം എഴുതുമ്പോഴും അവരാണെന്റെ മുമ്പിൽ. എന്റെ സാഹിത്യജീവിതം ധന്യമാണ്.
8. താങ്കൾ എഴുതിവരുന്ന പുതിയ രചനയുടെ പ്രത്യേകതകൾ എന്താണ്?
- ഞാൻ എഴുതിവരുന്ന — ഒരുമാതിരി എഴുതിത്തീർത്ത നോവലാണ് കൊച്ചമ്പ്രാട്ടി. എന്റെ ഏതു രചനയുംപോലെ അതും നല്ല സാഹിത്യം ആസ്വദിക്കുന്ന വായനക്കാർക്കുള്ളതാണ്. ഒരുപറ്റം (കപട)ബുദ്ധിജീവികൾക്ക് അവരുടെ ബൗദ്ധികസ്വയംരതി(ശിലേഹഹലരൗേമഹ ാമേെലൃയമശേീി)യ്ക്കുള്ള അവസരം ഒരുക്കാനായി ഞാൻ ഒന്നും എഴുതാറില്ല. അതുകൊണ്ടുതന്നെ അക്കാദമിക് വൃത്തങ്ങളിൽ ഞാനത്ര അഭിമതനുമല്ല. പുതിയ നോവൽ തൊള്ളായിരത്തി അമ്പതുകളുടെ മദ്ധ്യംമുതൽ അറുപതുകളുടെ അന്ത്യംവരെ പൊന്നാനിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. നായർ സമുദായത്തിന്റെ പടിപടിയായുള്ള അധഃപതനവും സാമ്പത്തികമായി താഴെക്കിടയിലുള്ള സമുദായങ്ങളുടെ ഉന്നതിയുമാണ് അതിന്റെ കാതൽ.
- രചനയുടെ പ്രത്യേകതയെന്താണെന്നുവച്ചാൽ ഒരു ചെടിയിൽനിന്ന് മറ്റൊരു ചെടിയിലേയ്ക്കു ചാടിച്ചാടി തേൻകുടിക്കുന്ന പൂമ്പാറ്റയെപ്പോലെ ആഖ്യാനം ഒരാളുടെ മനസ്സിൽനിന്ന് മറ്റൊരാളുടെ മനസ്സിലേയ്ക്ക് മാറിമാറിപ്പോകുന്നു. ഒരു കഥാപാത്രത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്ന ഓർമ്മകളുടെ നിരയിൽ മറ്റൊരു കഥാപാത്രം പ്രത്യക്ഷപ്പെടുമ്പോൾ ആ നിമിഷം തൊട്ട് ആദ്യത്തെ കഥാപാത്രം പിന്നിലേയ്ക്കു വഴിമാറിക്കൊടുക്കുകയും മറ്റെ കഥാപാത്രം വേഷം ഏറ്റെടുക്കുകയും ചെയ്യുന്നു. ആ കഥാപാത്രമാകട്ടെ അപ്പോൾ സംഭവിക്കുന്നതോ അല്ലെങ്കിൽ ഓർമ്മയിൽനിന്നെടുത്തതോ ആയ ഒരു സംഭവത്തിന്റെ ലോകത്തായിരിക്കും. അതുപോലെ ചില സംഭവങ്ങൾ വിശദമായി പറഞ്ഞുകഴിഞ്ഞാൽ കാലത്തിന്റെ ഒരു വിടവ് അനുഭവപ്പെടുന്നു. ആ വിടവ് നികത്തുന്നത് പലരുടെയും ഓർമ്മയിൽനിന്നാണ്. ഈ വിടവാകട്ടെ അത്രതന്നെ മൂർത്തമോ സൂതാര്യമോ ആകണമെന്നില്ല. ഓർമ്മ നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ കാര്യമാകുമ്പോൾ പ്രത്യേകിച്ചും. ഇത് പുതുമയുള്ള ഒരു സങ്കേതമാണ്. ഒട്ടും വിരസത അനുഭവപ്പെടാതെ വായന സുഗമമാക്കാൻ ഈ ശൈലി ഉപകരിക്കും. സ്ത്രീസ്വാതന്ത്ര്യം, ദളിതർ, ലൈംഗികത തുടങ്ങിയ വിഷയങ്ങൾക്ക് എന്റേതായ, സാമ്പ്രദായികമല്ലാത്ത ഭാഷ്യങ്ങൾ നിർമ്മിക്കാനും ഞാൻ ഈ നോവലിൽ ശ്രമിച്ചിട്ടുണ്ട്.
17.09.2005
|