Difference between revisions of "ഒന്നാം പാഠം ..."
(Created page with "{{AYJ/OnnamPadhamBahirakasam}} {{AYJ/OnnamPadhamBahirakasamBox}} {{AYJ/OnnamPadhamBahirakasam}}") |
|||
Line 1: | Line 1: | ||
{{AYJ/OnnamPadhamBahirakasam}} | {{AYJ/OnnamPadhamBahirakasam}} | ||
{{AYJ/OnnamPadhamBahirakasamBox}} | {{AYJ/OnnamPadhamBahirakasamBox}} | ||
+ | എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശപതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ളക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചുതീര്‍ന്നതും, വലതുകൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ചതാണെന്നും സ്പഷ്ടമായിരുന്നു. | ||
+ | |||
+ | ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശക്കപ്പല്‍ ഭൂമിയില്‍നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കുതന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായിക്കഴിഞ്ഞിരുന്നുവെങ്കിലും അമ്മ ഏറെനേരം മുകളിലേക്കുതന്നെ നോക്കിനിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും... | ||
+ | |||
+ | മടക്കയാത്രാവിമാനം കാത്തിരിക്കുമ്പോള്‍ത്തന്നെ ലോഞ്ചിലെ ടെലിവിഷനിലൂടെ അച്ഛന്റെ പര്യവേക്ഷണക്കപ്പല്‍ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നതറിഞ്ഞിട്ടും യാത്രയിലുടനീളം അമ്മ ദുഃഖിതയും മൂകയുമായിരുന്നു. വെള്ളച്ചില്ലുകളിലൂടെ വിമാനം കാട്ടിയ ഭൂമിയിലെ വിസ്മയദൃശ്യങ്ങളൊന്നുപോലും അമ്മയെ ആകര്‍ഷിച്ചില്ല. അമ്മയുടെ മനസ്സ് അച്ഛനെ ചുറ്റിപ്പറ്റി ബഹിരാകാശത്ത് അലയുകയായിരുന്നുവെന്ന് മുഖം കണ്ടാല്‍ത്തന്നെ അറിയാമായിരുന്നു. യാത്രയിലെ രണ്ട് രാത്രികളിലും അമ്മ ഉറങ്ങിയതുമില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ബഹിരാകാശശൂന്യതയിലേക്ക് നോക്കിയിരിക്കുംപോലെ ഒരിരിപ്പായിരുന്നു. വീട്ടിലെത്തിച്ചേര്‍ന്നിട്ടോ? വേഷംപോലും മാറാന്‍ നില്ക്കാതെ അമ്മ സര്‍പ്പക്കാവിലേക്കോടി. സര്‍പ്പക്കല്ലിനു മുന്നില്‍ തിരികൊളുത്തി വളരെനേരം പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് പരിസരബോധം തിരികെക്കിട്ടിയതായിതോന്നിയത്. | ||
+ | |||
+ | വീട്ടില്‍നിന്ന് അര മണിക്കൂര്‍ സൈക്കിള്‍യാത്രയുടെ അകലം മാത്രമുള്ള കപ്പല്‍ശാലയിലെ ജോലി ഉപേക്ഷിച്ച് അച്ഛന്‍ ബഹിരാകാശക്കപ്പലിലെ ജോലി സ്വീകരിച്ചത് നല്ല തീരുമാനമായിരുന്നോ എന്ന് ആലോചിക്കാന്‍തക്ക വിവേകം അന്ന് ആ പതിനാലാം വയസ്സില്‍ എനിക്കില്ലാതെ പോയെങ്കില്‍ അതിന്റെ കാരണക്കാരന്‍ അച്ഛന്‍തന്നെയായിരുന്നു — അച്ഛന്‍ ഞങ്ങളെ ഒരിക്കലും വളരാന്‍ അനുവദിച്ചിരുന്നില്ലല്ലോ. | ||
+ | |||
+ | കൂട്ടുകാരുടെ വീടുകളില്‍ പോയി യാത്ര പറയുവാന്‍വേണ്ടി രാഹുലിനെ മുന്നിലും എന്നെ പിന്നിലും കയറ്റി സൈക്കിളില്‍ പോയപ്പോള്‍പ്പോലും പതിവു മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ടും ഹാന്‍ഡിലില്‍ നിന്ന് കൈയെടുത്ത്, പെഡലില്‍ നിന്ന് കാലെടുത്ത് അഭ്യാസങ്ങള്‍ കാട്ടിയും ഞങ്ങളെ രസിപ്പിക്കുന്നതിലായിരുന്നു അച്ഛന്റെ ശ്രദ്ധ. ഹൂസ്റ്റണിലേക്കുള്ള വിമാനയാത്രയിലാവട്ടെ, രാഹുലിനെ മടിയിലിരുത്തി തലേ രാത്രി പറഞ്ഞുതുടങ്ങിയ ഏതോ തമാശക്കഥയുടെ ബാക്കി ഭാഗങ്ങള്‍ പലപ്പോഴായി പറഞ്ഞു തീര്‍ക്കുന്നതു കേട്ടു. അച്ഛന്‍ അകലേക്കു പോകുന്നല്ലോ എന്ന വിചാരത്തെ ഞങ്ങളില്‍ നിന്നകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം എന്നുപോലും ഞാന്‍ ഇന്നാണ് മനസ്സിലാക്കുന്നത്. | ||
+ | |||
+ | വായ് തുറന്ന ഒരു തിമിംഗലത്തെപ്പോലെ കാത്തുകിടന്ന ബഹിരാകാശക്കപ്പലിലേക്കു കയറും മുന്‍പ് ഞങ്ങളെ ഇരു കൈകളാല്‍ ചേര്‍ത്തുപിടിച്ച്, പിടിവിടാന്‍ മനസ്സുവരാത്തതുപോലെ നിന്ന നേരത്താണ് അച്ഛന്റെ മനസ്സിലെ വേദന എനിക്ക് അല്പമെങ്കിലും തിരിച്ചറിയാനായത്. മടക്കയാത്രയ്ക്കിടയില്‍ അച്ഛന്‍ അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞേ മടങ്ങിവരൂ എന്ന് അമ്മ വെളിപ്പെടുത്തിയപ്പോള്‍ ഞാന്‍ കബളിപ്പിക്കപ്പെട്ടതുപോലെ എനിക്കു തോന്നി. എന്റെയുള്ളില്‍ ക്ഷോഭം നിറയുന്നത് അമ്മ ശ്രദ്ധിച്ചു. “ആലോചിക്കാനും പറയാനുമൊന്നും നേരം തരാതെ എല്ലാം ഇടിപിടീന്നല്ലാരുന്നോടാ മോനെ...” എന്നായിരുന്നു അമ്മയുടെ ന്യായം. മനസ്സിലേക്ക് ഒരു തീപ്പൊരിപോലെ വീണ ആ തിരിച്ചറിവ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ആളിക്കത്താന്‍ തയ്യാറെടുക്കുന്ന ഒരു കനലായി മാറിക്കഴിഞ്ഞിരുന്നു. ഊണുമുറിയുടെ കോണിലെ ഉപയോഗമില്ലാത്ത സാധനങ്ങളുടെയരികില്‍ ചാരിവെച്ചിരുന്ന അച്ഛന്റെ സൈക്കിള്‍ കണ്ണില്‍പ്പെട്ടപ്പോഴെല്ലാം പൊട്ടിക്കരയാനുള്ള ഒരു തോന്നല്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. | ||
+ | |||
+ | അച്ഛന്‍ പോയി, അധികനാള്‍ കഴിയുംമുന്‍പ് അമ്മ എന്റെ ബാല്യത്തെ തള്ളിപ്പറയുകയുണ്ടായി. തെക്കേച്ചിറയിലെ കുട്ടികള്‍ക്കെതിരെ ഞാനും രാഹുലും ഞങ്ങളുടെ ആദ്യത്തെ സെഞ്ച്വറി പാർട്ട്ണർഷിപ് പൂര്‍ത്തിയാക്കിയ ദിവസമായിരുന്നു — അല്ലെങ്കില്‍ത്തന്നെ അച്ഛന്‍ ബഹിരാകാശത്ത് പോയതിന്റെ പേരില്‍ കൂട്ടുകാരുടെ നോട്ടങ്ങളില്‍ തിളങ്ങിനില്ക്കുമ്പോള്‍ ലഭിച്ച ആ നേട്ടം ഞങ്ങളുടെ കണ്ണുകളില്‍ ഇരുട്ടു കയറ്റിയിരുന്നു. വീട്ടിലേക്കു മടങ്ങുവാന്‍ മാത്രം രാത്രിയായത് അറിയാതെ ഞങ്ങള്‍ ഓരോരോ വീരവാദങ്ങള്‍ പറഞ്ഞ് കെട്ടുവരമ്പിലിരുന്നു. ഒടുവില്‍ ബാറ്റൊക്കെ പൊക്കിപ്പിടിച്ചു ചെന്നു കയറിയപ്പോള്‍ വീടിനുള്ളില്‍ അമ്മയുടെ ഗദ്ഗദശബ്ദം. വാതിലുകളും ജനാലകളുമൊക്കെ അടച്ചിട്ട് നടുത്തളത്തില്‍ തണുപ്പേറ്റ പക്ഷികളിരിക്കുംപോലെ പതുങ്ങിയിരുന്ന് കരയുകയായിരുന്നു അമ്മ. ഞങ്ങളെ കണ്ടപ്പോള്‍ കരച്ചിലടങ്ങിയെങ്കിലും ക്രോധത്തോടെ ഒന്നു നോക്കിയിട്ട് ഒന്നും പറയാത്ര എഴുന്നേറ്റ് അടുക്കളയിലേക്കു പോയപ്പോഴാണ്, അച്ഛന്‍ പോയതോര്‍ത്തല്ല, ഞങ്ങളെച്ചൊല്ലിയാണ് അമ്മ കരഞ്ഞതെന്നു മനസ്സിലായത്. ഞങ്ങള്‍ ഒച്ചയുണ്ടാക്കാന്‍പോലും ഭയന്ന്, കണ്ണുകള്‍കൊണ്ടുമാത്രം സംസാരിച്ച്, ഒന്നിച്ചുപോയി കുളിച്ചുവന്ന് പഠിക്കുന്നുവെന്ന മട്ടില്‍ പുസ്തകങ്ങള്‍ വെറുതെ മറിച്ചും തിരിച്ചും നോക്കിക്കൊണ്ടിരുന്നു. ചോറ് വിളമ്പിത്തരുമ്പോഴും | ||
+ | |||
+ | അമ്മ ഒന്നും ഉരിയാടിയില്ല. സെഞ്ച്വറി സ്റ്റാന്‍ഡിന്റെ ക്ഷീണത്താലാവാം ഊണ് കഴിഞ്ഞതും രാഹുല്‍ ഉറങ്ങിപ്പോയി. അപ്പോഴാണ്, അമ്മ എന്നെ കര്‍ശന ശബ്ദത്തില്‍ വിളിച്ച്, വളരെ മുന്‍പേ തയ്യാറാക്കിവെച്ചിരുന്നതെന്നു തോന്നിച്ച ആ ശകാരവര്‍ഷം തുടങ്ങിയത്: “അവന്‍ പിന്നെ കൊച്ചാണെന്നു വെക്കാം. നിനക്ക് അറിവായില്ലേ വിവേകേ... അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ രാത്രികാലത്ത് അമ്മയെ ഒറ്റയ്ക്കാക്കി ഒരിടത്തും പോകരുതെന്നു പറഞ്ഞുതരാതെ തന്നെ വിചാരിക്കാനുള്ള പ്രായമായില്ലേ നിനക്ക്? എന്തെല്ലാം നടക്കുന്ന കാലമാണ്... ഇങ്ങനെയൊക്കെ വളരാനാണ് നിന്റെയൊക്കെ ഒരുക്കമെങ്കില്‍... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. അച്ഛന്റേയും അമ്മേടേം ഗുണത്തിനല്ല, നിന്റെയൊക്കെ ഭാവിയോര്‍ത്തിട്ടാ അച്ഛന്‍ ആ ഊരും പേരുമില്ലാത്തിടത്ത് പോയിക്കിടന്നു പാടുപെടുന്നതെന്നൊരു വിചാരം നിനക്കില്ലാതെപോയല്ലോടാ...” | ||
+ | |||
+ | അന്നോളം, അമ്മ ശകാരം തുടങ്ങുമ്പോള്‍ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്ന് അഭയം തേടിയിരുന്ന കുട്ടിയായിരുന്ന എന്നെ അമ്മ അപ്പോള്‍ത്തന്നെ മുതിര്‍ന്നവനായി കണ്ടുവെങ്കില്‍, അച്ഛന്‍ മടങ്ങിയെത്തുമ്പോഴേക്ക് എന്റെ ബാല്യം അല്പമെങ്കിലും ബാക്കിയുണ്ടാവില്ലല്ലോ. എന്റെ ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. ഭൂമിയിലുണ്ടായിരുന്നപ്പോള്‍ നിവൃത്തിയുള്ളിടത്തോളം ഞങ്ങളെ പിരിയില്ലായിരുന്ന അച്ഛന്‍ അഞ്ച് വര്‍ഷങ്ങള്‍ ബഹിരാകാശത്ത് ജീവിച്ചാല്‍ ഞങ്ങളുടെ ഭാവി എങ്ങനെയാണ് നന്നാവുക എന്ന് അമ്മയോട് ചോദിക്കാന്‍ കരുത്തില്ലാതെനില്ക്കുമ്പോള്‍ അച്ഛന്റെ ശബ്ദം ബഹിരാകാശത്തു നിന്ന് എന്നെ ആശ്വസിപ്പിച്ചതായി എനിക്കു തോന്നി: “അമ്മയെ വേദനിപ്പിക്കരുത് മോനേ... അമ്മ ആഗ്രഹിക്കുന്നതും ശരിയല്ലേ... നമുക്കും വേണ്ടേ ഭൂമിയില്‍ വലിയൊരു വീട്... ധാരാളം വസ്ത്രങ്ങള്‍... അണിയാന്‍ ആഭരണങ്ങള്‍... പെട്ടിയില്‍ പിന്നെയും പണം...” | ||
+ | |||
+ | അച്ഛന്റെ ശബ്ദത്തിന്റെ മുഴക്കങ്ങളും വലിയ നിഴലുകളും വിയര്‍പ്പുഗന്ധവും തഴമ്പുകള്‍ പിണഞ്ഞുകിടക്കുന്ന കൈത്തണ്ടകളുടെ കരുത്തും നഷ്ടപ്പെട്ട വീടിനുള്ളില്‍ ഞങ്ങള്‍ നാള്‍ക്കുനാള്‍ അരക്ഷിതരാവാന്‍ തുടങ്ങി. പറമ്പിലെ അനക്കങ്ങളും വഴിയിലെ നിഴലുകളും അമ്മയെ ഭയപ്പെടുത്തി. ഇരുട്ട് ഒന്നെത്തി നോക്കിയാലുടന്‍ അമ്മ ജനാലകളെല്ലാം ചേര്‍ത്തടച്ചുകുറ്റിയിടുന്നു... “നാടുനീളെ കള്ളന്മാരും തെമ്മാടികളുമാണ്.” അമ്മ പറയുന്നു. ഉറക്കത്തില്‍നിന്ന് ഇടയ്ക്കിടെ ഞെട്ടിയുണരുന്ന അമ്മ ഉടനടി കൈത്തണ്ടകളും കഴുത്തും തപ്പിനോക്കുന്നു... അപ്പോള്‍ കൈകാലുകള്‍ നീട്ടി കിടക്കയില്‍ അച്ഛന്റെ ശരീരം തിരഞ്ഞ് നിരാശനാവുന്ന രാഹുല്‍ അസ്പഷ്ടവാക്കുകള്‍ വിളിച്ചുപറയുന്നു. ഓടു പൊട്ടിയ വിള്ളലിലൂടെ മഴത്തുള്ളികള്‍ വീഴുമ്പോള്‍ വീട് കരയുന്നുവെന്ന് എനിക്ക് തോന്നുന്നു — മഴമേഘങ്ങള്‍ക്കപ്പുറം ഇടിയൊച്ചകള്‍പോലുമെത്താത്തത്രയകലെ, ശൂന്യതയുടെ സമുദ്രത്തില്‍ ഇല്ലാത്തുറമുഖങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ബഹിരാകാശക്കപ്പലില്‍ ഗര്‍ഭസ്ഥശിശുവിനെപ്പോലെ ഏകനായി ഉറങ്ങുന്ന അച്ഛനെ ഓര്‍ത്ത്... | ||
+ | |||
+ | പുലര്‍ച്ചെ ജനാലകള്‍ തുറക്കപ്പെടുമ്പോള്‍ ഇടവഴിയിലെ ഇളം വെട്ടത്തിലൂടെ അച്ഛന്റെ കൂട്ടുകാര്‍ സൈക്കിള്‍ ഓടിച്ചു പോകുന്നുണ്ടാവും മുന്‍പ് അച്ഛന്‍ പോയോ എന്നന്വേഷിക്കാതെ കടന്നുപോയിട്ടില്ലാത്ത അവര്‍ വീട്ടിലേക്ക് ഒന്ന് മുഖംതിരിച്ചുനോക്കുകപോലും ചെയ്യുന്നില്ലല്ലോ എന്ന് ഞാന്‍ ഖേദിക്കുന്നു. പറമ്പില്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍, പാവല്‍വള്ളികള്‍ താങ്ങുവടികള്‍ക്കു മുകളിലെത്തി, ഇനി എങ്ങോട്ട് പടരണമെന്നറിയാതെ ആകാശത്തേക്കു നോക്കി നില്ക്കുന്നു. | ||
+ | |||
+ | അമ്മയുടെ സംരക്ഷകനായി വീട്ടുതിണ്ണയിലിരിക്കുന്ന സന്ധ്യനേരത്ത് എന്നും കേള്‍ക്കുന്ന കപ്പല്‍ശാലയിലെ സൈറണ്‍ അച്ഛന്റെ മുഖം ഓര്‍മയിലെത്തിക്കും. ആയിരം കൂട്ടുകാര്‍ക്കൊപ്പം അതിവേഗം സൈക്കിളോടിച്ച് കപ്പല്‍ശാലയുടെ അതിവിശാലമായ വാതില്‍ കടന്നുവന്നിരുന്ന അച്ഛന്‍... അര മണിക്കൂര്‍ കഴിഞ്ഞ് ഉച്ചത്തില്‍ വര്‍ത്തമാനം പറയുന്ന കൂട്ടുകാര്‍ക്കൊപ്പം വരുന്ന അച്ഛന്‍ വീട്ടുമുറ്റത്തേക്ക് സൈക്കിള്‍ തിരിക്കാറുണ്ടായിരുന്ന നേരത്താണ് ഇന്ന് അമ്മ വീടിന്റെ മുന്‍വാതില്‍ പൂട്ടി ജനാലകള്‍ ചേര്‍ത്തടയ്ക്കുന്നത്. | ||
+ | |||
+ | അടയ്ക്കപ്പെട്ട വീട് എനിക്ക് സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും ചില്ലുകൊട്ടാരമാണ്... ബഹിരാകാശത്ത് ഒരു മത്സ്യത്തെപ്പോലെ തുഴഞ്ഞുനടക്കുന്ന അച്ഛന്‍ ശൂന്യതയുടെ ആഴക്കടലിനടിയില്‍ ഭൂമിയെ തിരയുന്നു. കണ്ണിനോട് ഘടിപ്പിച്ച ബഹുദൂരദര്‍ശിനിയിലൂടെ ഭൂമിയിലെ ഗോളാകൃതിയിലുള്ള കടലുകള്‍ നോക്കി അച്ഛന്‍ അമ്പരക്കുന്നു — ഇതെന്ത്! ദൈവത്തിന്റെ മുഖക്കണ്ണാടിയോ? ബഹുദൂരദര്‍ശിനിയുടെ സൂക്ഷ്മാന്വേഷണക്കുഴലുകള്‍ തിരിച്ചു തിരിച്ച് അച്ഛന്‍, നിലാവിന്റെ നിറം പുരണ്ട ഭൂഗോളത്തിനു പുറത്ത് ഉണങ്ങിപ്പിടിച്ച പായല്‍പോലെ കാണപ്പെടുന്ന ഭൂഖണ്ഡാകൃതികള്‍ തരംതിരിക്കാന്‍ പാടുപെടുന്നു. അച്ഛന്റെ ഓര്‍മയില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ച ഗുരുക്കന്മാര്‍ ഉരുളന്‍ കണ്ണുകളും ചൂരല്‍വടിയുമായി നിരന്നുനില്‍ക്കുന്നു. ചൂരല്‍വടിയുടെ അറ്റംകൊണ്ട് അവര്‍ തൊട്ടുകാണിച്ച ഭൂഖണ്ഡചിത്രങ്ങളുടെ മങ്ങിയ ഓര്‍മകളെ ആശ്രയിച്ച് അച്ഛന്‍ ഭൂമിയുടെ ഭാഗപത്ര ഉടമ്പടിവായിക്കുന്നു — കൊടുംകാടുകളും നീലനദികളും തിങ്ങിയ ഈ ഭൂഖണ്ഡം എന്റെ കറുത്ത മകന്... മഞ്ഞുമലകള്‍ നിറഞ്ഞ മറുഭാഗം എന്റെ വെളുത്ത മകള്‍ക്ക്... | ||
+ | |||
+ | ഇന്ന്, വീടിനെ മൂടാന്‍പോവുംപോലെ കാടും പടലും പിടിച്ച് കിടക്കുന്ന ഞങ്ങളുടെ പറമ്പിലേക്കു നോക്കിയാല്‍ മതി, അച്ഛനെ പിരിഞ്ഞ് ഞങ്ങള്‍ ജീവിച്ച നാളുകളുടെ നീളമറിയാന്‍. പാവലും പടവലവും വെണ്ടയും വഴുതനയും ചേമ്പും കാച്ചിലുമൊക്കെ വളര്‍ന്നിരുന്ന അച്ഛന്റെ കൃഷിത്തോട്ടത്തിന്റെ സ്ഥാനത്ത് ഇതാ കാട്ടുവള്ളികളും കമ്മ്യൂണിസ്റ്റ്പച്ചയും ചൊറിയണവുമൊക്കെ വളര്‍ന്ന്, സൂക്ഷിച്ചു നോക്കിയാല്‍ പ്രാണഭയം തോന്നുന്ന പാഴ്ചെടികളുടെ കാട്... അച്ഛനു മാത്രം പേരു പറഞ്ഞുതരാനറിയാമായിരുന്ന പലതരം കിളികള്‍ പറന്നു നടന്നിരുന്ന കൃഷിത്തോട്ടം ഇന്ന് കിളികളാലെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പരിഭ്രാന്തി പിടിച്ച കണ്ണുകളുള്ള ഓന്തുകളുടെ, ആളനക്കം കേട്ടാല്‍ ഓടിമറയുന്ന ഉടുമ്പുകളുടെ, ഇലക്കൂട്ടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പച്ചിലപ്പാമ്പുകളുടെ ഒളിസങ്കേതമായി മാറിയിരിക്കുന്നു ഞങ്ങളുടെ പുരയിടം സര്‍പ്പക്കാവിലേക്ക് അമ്മ നടന്നുപോകുന്ന കാലടിപ്പാതയില്‍ മാത്രം മണ്ണിന്റെ നിറം കാണാം. | ||
+ | |||
+ | അച്ഛന്‍ പോയതിനു ശേഷം ഞങ്ങൾ ഇത്രമേല്‍ ആഹ്ലാദിച്ച മറ്റൊരു ദിവസവുമുണ്ടായിട്ടില്ല. എത്ര അപ്രതീക്ഷിതമായിട്ടാണ് ഇന്നു കാലത്ത് ഞങ്ങള്‍ സ്കൂളില്‍ പോകാനൊരുങ്ങിനിന്നപ്പോള്‍ ഹുസ്റ്റണില്‍നിന്ന് ആ അടിയന്തരസന്ദേശമെത്തിയത്. അച്ഛന്റെ കപ്പല്‍ ഇന്നു രാത്രി തെക്കേ ഇന്ത്യയുടെ ആകാശം കടന്നുപോകുമെന്ന വാര്‍ത്തയോടൊപ്പം ഞങ്ങള്‍ അച്ഛനുവേണ്ടി കാത്തിരിക്കേണ്ട ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിന്റെ കൃത്യവിവരങ്ങളുമടങ്ങിയിരുന്നതാണതിശയം. കേരള തീരത്തെ ആകാശത്ത്, ഏഴര മണിയോടെ തെക്കുപടിഞ്ഞാറായി പ്രത്യക്ഷപ്പെടുന്ന കപ്പല്‍ ആകാശം മുറിച്ച് അര മണിക്കൂറോളം കഴിഞ്ഞ് വടക്കുകിഴക്കന്‍ ശൂന്യാകാശത്തിലേക്കു മറയുമെന്ന്... | ||
+ | |||
+ | അച്ഛന്റെ നിയമന ഉത്തരവ് കിട്ടിയപ്പോള്‍ അനുഭവിച്ച അതേ ആനന്ദത്തോടെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്ഥനകളര്‍പ്പിച്ച ശേഷമാണ് അമ്മ ആഹ്ലാദത്തടസ്സം പ്രകടമായ ശബ്ദത്തില്‍ ഞങ്ങളെ ആ സന്തോഷവാര്‍ത്തയറിയിച്ചത്. പനിയുടെ നാളുകളില്‍പോലും ഊഷ്മാവ് കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷം മാത്രം സ്കൂളിലേക്ക് അയയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാറുള്ള അമ്മ, അച്ഛന്റെ വരവ് ആഘോഷിക്കാന്‍ അവധിയെടുക്കാന്‍ ഞങ്ങളെ അനുവദിച്ചു. എന്നിട്ട്, ഞങ്ങളെക്കൂട്ടി സര്‍പ്പക്കാവിലേക്ക് പോയി. തിരി കത്തിച്ച് പ്രാര്‍ത്ഥിച്ചശേഷം അമ്മ പതിവില്ലാതെ ഞങ്ങളോടും തിരികള്‍ കൊളുത്താന്‍ ആവശ്യപ്പെട്ടു. | ||
+ | |||
+ | നെഞ്ചിനുള്ളില്‍ വേഗം സന്ധ്യയാവാന്‍ ധൃതികൂട്ടിയ ഹൃദയത്തോടെയാണ് ഞങ്ങള്‍ പകലിന്റെ ശിഷ്ടഭാഗം കഴിച്ചുകൂട്ടിയത്. ആഹാരംപോലും ആവശ്യമായി തോന്നിപ്പിക്കാത്തവണ്ണം ഒരുല്ലാസക്കടല്‍ ഞങ്ങളുടെ ഉള്ളില്‍ ഓളം തല്ലിക്കിടന്നു. | ||
+ | |||
+ | സന്ധ്യയുടെ നിഴലനക്കങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ വീടെല്ലാമടച്ച് ഞങ്ങള്‍ മൂവരും പുത്തന്‍മുറിയുടെ മുകളിലെ ടെറസ്സിലേക്കു കയറി. ആകാശം മുഴുവന്‍ നന്നായി കാണാവുന്ന കിഴക്കേ കോണില്‍ കാത്തിരിക്കാന്‍ തുടങ്ങി. | ||
+ | |||
+ | “അച്ഛനൊത്തിരി മാറിപ്പോയിക്കാണും.” ഏറെനേരം എന്തൊക്കെയോ ചിന്തിച്ചിരുന്നിട്ട് അമ്മ പറഞ്ഞു. | ||
+ | |||
+ | “അതെന്താ അമ്മേ?” രാഹൂല്‍ ചോദിച്ചു. | ||
+ | |||
+ | “അച്ഛന് വയസ്സായിത്തുടങ്ങിക്കാണും മോനെ...” അമ്മ ചിരിച്ചു: “മുടിയൊക്കെ നരച്ചുകാണും... അച്ഛന്റെ ഇപ്പോഴത്തെ പ്രായത്തില്‍ മുത്തച്ഛന്‍ ആകെ നരച്ചിട്ടായിരുന്നു.” | ||
+ | |||
+ | അപ്പോള്‍ കപ്പല്‍ശാലയിലെ സൈറന്‍ മുഴങ്ങി. കപ്പല്‍ശാലയ്ക്ക് പുറത്തേക്ക് ഉത്സാഹത്തോടെ സൈക്കിള്‍ ചവിട്ടിയിറങ്ങി വരുന്ന അച്ഛന്റെ മുഖം ഇന്ന് പതിവിലേറെ അടുത്തു കാണുന്നതായി എനിക്കു തോന്നി. ഇനിയും ഏറെ നാളുകള്‍ കഴിഞ്ഞ് നര കയറിയ മുടിയുള്ള മറ്റൊരു മുഖവുമായിട്ടായിരിക്കുമല്ലോ അച്ഛന്‍ മടങ്ങിവരുന്നതെന്നോര്‍ത്തപ്പോള്‍, അന്ന് ഞാനും അച്ഛന്റെ കണ്ണില്‍, ബഹിരാകാശത്തേക്ക് ഉമ്മ കൊടുത്ത് യാത്രയയച്ച ആ പഴയ കുട്ടിയായിരിക്കില്ലല്ലോ എന്ന വിചാരം എന്നെ വ്യസനിപ്പിച്ചു. | ||
+ | |||
+ | പിന്നെ പടിഞ്ഞാറേച്ചിറയിലെ തെങ്ങിന്‍തോപ്പുകള്‍ക്കു പിന്നിലേക്ക് താഴ്ന്നു താഴ്ന്നുപോകുന്ന സൂര്യനെ നോക്കി നോക്കി ആകാംക്ഷ മുറ്റിയ മനസ്സുകളോടെ ഞങ്ങള്‍ നിശ്ശബ്ദരായിക്കൊണ്ടിരുന്നു. | ||
+ | |||
+ | കിടപ്പുമുറിയിലെ ക്ലോക്കില്‍ ഏഴര മണിയടിക്കുന്ന ശബ്ദം കേട്ടതും പടിഞ്ഞാറനാകാശത്തേക്ക് മുഖം തിരിച്ചിരിക്കുന്ന മൂന്ന് പ്രതിമകള്‍പോലെ ഞങ്ങള്‍ ഉത്കണ്ഠയുടെ കുന്നിന്‍നെറുകയില്‍ അനങ്ങാനാവാതെയിരിക്കെ, ഇരുട്ടു മൂടിയ തെങ്ങിന്‍ തലപ്പുകള്‍ക്കു പിന്നില്‍ നിന്ന് സഞ്ചരിക്കുന്ന ഒരു നക്ഷത്രമായി പൊടുന്നനെ അച്ഛന്റെ ബഹിരാകാശക്കപ്പല്‍ പ്രത്യക്ഷപ്പെടുകയും ആദ്യം കപ്പല്‍ കണ്ടുപിടിച്ച് പരസ്പരം തോല്പിക്കുവാന്‍ വെമ്പിയിരുന്ന ഞങ്ങള്‍ മൂവരും തോറ്റ്, ഒന്നിച്ചൊരാഹ്ലാദച്ചിരിയോടെ അച്ഛനെ വരവേല്‍ക്കുകയും... | ||
+ | |||
+ | “അയ്യോ... അതാണോ അമ്മേ... എന്ത് പൊക്കത്തിലാ...” രാഹുല്‍ ഒച്ചവയ്ക്കാന്‍ തുടങ്ങി: “ആ നക്ഷത്രംതന്നെയാണോ അമ്മേ അച്ഛന്റെ കപ്പല്‍?” | ||
+ | |||
+ | അമ്മയത് കേള്‍ക്കുന്നതേയില്ല. കണ്ണില്‍ വീഴുന്ന നക്ഷത്രരശ്മികളിലൂടെ ഏതോ വിചാരവിനിമയങ്ങള്‍ നടത്തുന്നതുപോലെ അമ്മ ഇമയടയ്ക്കാതെ നോക്കിയിരിക്കുകയാണ്. | ||
+ | |||
+ | “അതാണോ ചേട്ടാ...” രാഹുല്‍ അമ്മയെ വിട്ട് എന്നോട് ചേര്‍ന്നിരുന്നു: “ആ നക്ഷത്രംതന്നെയാണോ അച്ഛന്റെ കപ്പല്‍?” | ||
+ | |||
+ | അത് നക്ഷത്രമല്ല, അച്ഛന്റെ കപ്പല്‍തന്നെയാണെന്നും ആകാശത്തകലെക്കാണുന്നതെല്ലാം നമുക്ക് നക്ഷത്രമാണെന്നു തോന്നുന്നതാണെന്നും പറഞ്ഞു കൊടുത്ത് അവന്റെ സംശയം പെട്ടെന്നടക്കി. ഞാനും അച്ഛന്റെ കപ്പല്‍ ആവോളം കാണാന്‍ തിടുക്കം കൂട്ടി. | ||
+ | |||
+ | “അയ്യോ... അച്ഛന്‍ നമ്മളെ കാണുന്നുണ്ടാവുമോ അമ്മേ?” രാഹൂല്‍ വീണ്ടും അമ്മയെ അലട്ടാന്‍ തുടങ്ങി. | ||
+ | |||
+ | ഇത്തവണ അമ്മ അവനെ നിരാശനാക്കിയില്ല. കൈകളാല്‍ ചേര്‍ത്തുപിടിച്ച് അതീവ വേദന തോന്നിച്ച ഒരു ശബ്ദത്തില്‍ പറഞ്ഞു: “അച്ഛന് കണ്ണുകൊണ്ട് കാണാന്‍ വയ്യ മോനെ... മനസ്സുകൊണ്ട് അച്ഛന്‍ കാണുന്നുണ്ട്.” | ||
+ | |||
+ | രാഹുല്‍ നിശ്ശബ്ദനായി. | ||
+ | |||
+ | ഇപ്പോള്‍, അച്ഛന്റെ കപ്പല്‍ ഞങ്ങളുടെ വീടിനു മേലെയെത്തിയിരിക്കുന്നു. | ||
+ | |||
+ | നക്ഷത്രരശ്മിയുടെ നീണ്ട കോണിയിലൂടെ താഴേക്കിറങ്ങിവരാന്‍ അച്ഛനോട് യാചിക്കാന്‍ എനിക്ക് തോന്നിപ്പോയി. ശൂന്യതയുടെ സമുദ്രത്തില്‍ ഭ്രമണം ചെയ്യുന്ന ആ വ്യര്‍ത്ഥയാത്രയുടെ ദൃശ്യം എന്നെ ദുഃഖിതനാക്കിക്കൊണ്ടിരുന്നു. | ||
+ | |||
+ | ഭീമാകാരനായ ബഹിരാകാശക്കപ്പലില്‍ ഗഗനസഞ്ചാരിയുടെ മുഖാവരണങ്ങളണിഞ്ഞിരിക്കുന്ന അച്ഛന്‍ താഴെ, ഇരുട്ടിന്റെ പാതാളഗര്‍ത്തത്തിലെ വിടെയോ ചുറ്റിത്തിരിയുന്ന ഭൂമിയുടെ സഞ്ചാരവും അതേ വ്യര്‍ത്ഥതാബോധത്തോടെ നോക്കിയിരിക്കുകയായിരിക്കുമെന്നും എനിക്ക് തോന്നി. അപ്പോള്‍, എന്തുകൊണ്ടാണെന്നറിഞ്ഞില്ല, ഓര്‍മയുടെ അഗാധതയില്‍നിന്ന് മുത്തച്ഛന്റെ മുഖം എന്റെ മനസ്സിലേക്ക് എത്തിനോക്കി. | ||
+ | |||
+ | കപ്പല്‍ ആകാശത്തിന്റെ കിഴക്കേച്ചെരുവിലെത്തിക്കഴിഞ്ഞിരുന്നു. | ||
+ | |||
+ | അമ്മയുടെ മുഖത്ത് നക്ഷത്രത്തിളക്കമുള്ള കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകിത്തുടങ്ങി. | ||
+ | |||
+ | മറ്റൊരു വിടപറയലിന്റെ വ്യസനത്തോടെ ഞങ്ങള്‍ നോക്കിയിരിക്കെ, മേഘങ്ങളുടെ ഒരു തിരമാല ഉയര്‍ന്ന് വരികയും ഞങ്ങളുടെ കണ്ണുകളുടെ കൊതിയടങ്ങും മുന്‍പ് അച്ഛന്റെ ബഹിരാകാശക്കപ്പല്‍ ആ തിരയാല്‍ മറയുകയും ചെയ്തു. മേഘങ്ങള്‍ക്കിടയിലെ വിള്ളലുകളിലെവിടെയെങ്കിലും ഒരിക്കല്‍ക്കൂടി അത് ദൃശ്യമാവുമെന്ന ഞങ്ങളുടെ മോഹം വ്യര്‍ത്ഥമായിരുന്നു. | ||
+ | |||
+ | ആകാശത്തിളക്കങ്ങളില്‍നിന്ന് പിന്‍വാങ്ങിയ ഞങ്ങളുടെ കണ്ണുകള്‍ ഭൂമിയിലെ ഇരുട്ടിനോടിണങ്ങാന്‍ അല്പനേരമെടുത്തു. | ||
+ | |||
+ | പിന്നെ ഇരുട്ടിലൂടെ സാവധാനം നടകളിറങ്ങുമ്പോള്‍ അമ്മ തന്നോടുതന്നെ പറയുംപോലെ പറഞ്ഞു: “ഇനീം രണ്ടു വര്‍ഷം... എന്റീശ്വരാ...!” | ||
+ | |||
+ | ഭയംകൊണ്ടെന്നപോലെ എന്നോടു ചേര്‍ന്നു നടക്കുകയായിരുന്ന രാഹൂല്‍ പെട്ടെന്ന്, സ്വകാര്യം പറയുന്ന ശബ്ദത്തില്‍ പറഞ്ഞു: | ||
+ | |||
+ | “എന്ത് പൊക്കത്തിലാ അച്ഛന്‍... അല്ലേ ചേട്ടാ... ദൈവത്തിന്റെയത്ര പൊക്കത്തില്‍...” | ||
+ | |||
+ | രാഹൂല്‍ പറഞ്ഞത് വേറൊരര്‍ത്ഥത്തിലും ശരിയാണെന്ന് എനിക്കു തോന്നി — അകലെയുള്ള അച്ഛനാകുന്നു ദൈവം. | ||
{{AYJ/OnnamPadhamBahirakasam}} | {{AYJ/OnnamPadhamBahirakasam}} |
Revision as of 15:13, 1 June 2014
ഒന്നാം പാഠം ... | |
---|---|
ഗ്രന്ഥകർത്താവ് | അയ്മനം ജോൺ |
മൂലകൃതി | ഒന്നാം പാഠം ബഹിരാകാശം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
വര്‍ഷം |
2014 |
എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശപതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ളക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചുതീര്‍ന്നതും, വലതുകൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ചതാണെന്നും സ്പഷ്ടമായിരുന്നു.
ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശക്കപ്പല്‍ ഭൂമിയില്‍നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കുതന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായിക്കഴിഞ്ഞിരുന്നുവെങ്കിലും അമ്മ ഏറെനേരം മുകളിലേക്കുതന്നെ നോക്കിനിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും...
മടക്കയാത്രാവിമാനം കാത്തിരിക്കുമ്പോള്‍ത്തന്നെ ലോഞ്ചിലെ ടെലിവിഷനിലൂടെ അച്ഛന്റെ പര്യവേക്ഷണക്കപ്പല്‍ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നതറിഞ്ഞിട്ടും യാത്രയിലുടനീളം അമ്മ ദുഃഖിതയും മൂകയുമായിരുന്നു. വെള്ളച്ചില്ലുകളിലൂടെ വിമാനം കാട്ടിയ ഭൂമിയിലെ വിസ്മയദൃശ്യങ്ങളൊന്നുപോലും അമ്മയെ ആകര്‍ഷിച്ചില്ല. അമ്മയുടെ മനസ്സ് അച്ഛനെ ചുറ്റിപ്പറ്റി ബഹിരാകാശത്ത് അലയുകയായിരുന്നുവെന്ന് മുഖം കണ്ടാല്‍ത്തന്നെ അറിയാമായിരുന്നു. യാത്രയിലെ രണ്ട് രാത്രികളിലും അമ്മ ഉറങ്ങിയതുമില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ബഹിരാകാശശൂന്യതയിലേക്ക് നോക്കിയിരിക്കുംപോലെ ഒരിരിപ്പായിരുന്നു. വീട്ടിലെത്തിച്ചേര്‍ന്നിട്ടോ? വേഷംപോലും മാറാന്‍ നില്ക്കാതെ അമ്മ സര്‍പ്പക്കാവിലേക്കോടി. സര്‍പ്പക്കല്ലിനു മുന്നില്‍ തിരികൊളുത്തി വളരെനേരം പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് പരിസരബോധം തിരികെക്കിട്ടിയതായിതോന്നിയത്.
വീട്ടില്‍നിന്ന് അര മണിക്കൂര്‍ സൈക്കിള്‍യാത്രയുടെ അകലം മാത്രമുള്ള കപ്പല്‍ശാലയിലെ ജോലി ഉപേക്ഷിച്ച് അച്ഛന്‍ ബഹിരാകാശക്കപ്പലിലെ ജോലി സ്വീകരിച്ചത് നല്ല തീരുമാനമായിരുന്നോ എന്ന് ആലോചിക്കാന്‍തക്ക വിവേകം അന്ന് ആ പതിനാലാം വയസ്സില്‍ എനിക്കില്ലാതെ പോയെങ്കില്‍ അതിന്റെ കാരണക്കാരന്‍ അച്ഛന്‍തന്നെയായിരുന്നു — അച്ഛന്‍ ഞങ്ങളെ ഒരിക്കലും വളരാന്‍ അനുവദിച്ചിരുന്നില്ലല്ലോ.
കൂട്ടുകാരുടെ വീടുകളില്‍ പോയി യാത്ര പറയുവാന്‍വേണ്ടി രാഹുലിനെ മുന്നിലും എന്നെ പിന്നിലും കയറ്റി സൈക്കിളില്‍ പോയപ്പോള്‍പ്പോലും പതിവു മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ടും ഹാന്‍ഡിലില്‍ നിന്ന് കൈയെടുത്ത്, പെഡലില്‍ നിന്ന് കാലെടുത്ത് അഭ്യാസങ്ങള്‍ കാട്ടിയും ഞങ്ങളെ രസിപ്പിക്കുന്നതിലായിരുന്നു അച്ഛന്റെ ശ്രദ്ധ. ഹൂസ്റ്റണിലേക്കുള്ള വിമാനയാത്രയിലാവട്ടെ, രാഹുലിനെ മടിയിലിരുത്തി തലേ രാത്രി പറഞ്ഞുതുടങ്ങിയ ഏതോ തമാശക്കഥയുടെ ബാക്കി ഭാഗങ്ങള്‍ പലപ്പോഴായി പറഞ്ഞു തീര്‍ക്കുന്നതു കേട്ടു. അച്ഛന്‍ അകലേക്കു പോകുന്നല്ലോ എന്ന വിചാരത്തെ ഞങ്ങളില്‍ നിന്നകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം എന്നുപോലും ഞാന്‍ ഇന്നാണ് മനസ്സിലാക്കുന്നത്.
വായ് തുറന്ന ഒരു തിമിംഗലത്തെപ്പോലെ കാത്തുകിടന്ന ബഹിരാകാശക്കപ്പലിലേക്കു കയറും മുന്‍പ് ഞങ്ങളെ ഇരു കൈകളാല്‍ ചേര്‍ത്തുപിടിച്ച്, പിടിവിടാന്‍ മനസ്സുവരാത്തതുപോലെ നിന്ന നേരത്താണ് അച്ഛന്റെ മനസ്സിലെ വേദന എനിക്ക് അല്പമെങ്കിലും തിരിച്ചറിയാനായത്. മടക്കയാത്രയ്ക്കിടയില്‍ അച്ഛന്‍ അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞേ മടങ്ങിവരൂ എന്ന് അമ്മ വെളിപ്പെടുത്തിയപ്പോള്‍ ഞാന്‍ കബളിപ്പിക്കപ്പെട്ടതുപോലെ എനിക്കു തോന്നി. എന്റെയുള്ളില്‍ ക്ഷോഭം നിറയുന്നത് അമ്മ ശ്രദ്ധിച്ചു. “ആലോചിക്കാനും പറയാനുമൊന്നും നേരം തരാതെ എല്ലാം ഇടിപിടീന്നല്ലാരുന്നോടാ മോനെ...” എന്നായിരുന്നു അമ്മയുടെ ന്യായം. മനസ്സിലേക്ക് ഒരു തീപ്പൊരിപോലെ വീണ ആ തിരിച്ചറിവ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ആളിക്കത്താന്‍ തയ്യാറെടുക്കുന്ന ഒരു കനലായി മാറിക്കഴിഞ്ഞിരുന്നു. ഊണുമുറിയുടെ കോണിലെ ഉപയോഗമില്ലാത്ത സാധനങ്ങളുടെയരികില്‍ ചാരിവെച്ചിരുന്ന അച്ഛന്റെ സൈക്കിള്‍ കണ്ണില്‍പ്പെട്ടപ്പോഴെല്ലാം പൊട്ടിക്കരയാനുള്ള ഒരു തോന്നല്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു.
അച്ഛന്‍ പോയി, അധികനാള്‍ കഴിയുംമുന്‍പ് അമ്മ എന്റെ ബാല്യത്തെ തള്ളിപ്പറയുകയുണ്ടായി. തെക്കേച്ചിറയിലെ കുട്ടികള്‍ക്കെതിരെ ഞാനും രാഹുലും ഞങ്ങളുടെ ആദ്യത്തെ സെഞ്ച്വറി പാർട്ട്ണർഷിപ് പൂര്‍ത്തിയാക്കിയ ദിവസമായിരുന്നു — അല്ലെങ്കില്‍ത്തന്നെ അച്ഛന്‍ ബഹിരാകാശത്ത് പോയതിന്റെ പേരില്‍ കൂട്ടുകാരുടെ നോട്ടങ്ങളില്‍ തിളങ്ങിനില്ക്കുമ്പോള്‍ ലഭിച്ച ആ നേട്ടം ഞങ്ങളുടെ കണ്ണുകളില്‍ ഇരുട്ടു കയറ്റിയിരുന്നു. വീട്ടിലേക്കു മടങ്ങുവാന്‍ മാത്രം രാത്രിയായത് അറിയാതെ ഞങ്ങള്‍ ഓരോരോ വീരവാദങ്ങള്‍ പറഞ്ഞ് കെട്ടുവരമ്പിലിരുന്നു. ഒടുവില്‍ ബാറ്റൊക്കെ പൊക്കിപ്പിടിച്ചു ചെന്നു കയറിയപ്പോള്‍ വീടിനുള്ളില്‍ അമ്മയുടെ ഗദ്ഗദശബ്ദം. വാതിലുകളും ജനാലകളുമൊക്കെ അടച്ചിട്ട് നടുത്തളത്തില്‍ തണുപ്പേറ്റ പക്ഷികളിരിക്കുംപോലെ പതുങ്ങിയിരുന്ന് കരയുകയായിരുന്നു അമ്മ. ഞങ്ങളെ കണ്ടപ്പോള്‍ കരച്ചിലടങ്ങിയെങ്കിലും ക്രോധത്തോടെ ഒന്നു നോക്കിയിട്ട് ഒന്നും പറയാത്ര എഴുന്നേറ്റ് അടുക്കളയിലേക്കു പോയപ്പോഴാണ്, അച്ഛന്‍ പോയതോര്‍ത്തല്ല, ഞങ്ങളെച്ചൊല്ലിയാണ് അമ്മ കരഞ്ഞതെന്നു മനസ്സിലായത്. ഞങ്ങള്‍ ഒച്ചയുണ്ടാക്കാന്‍പോലും ഭയന്ന്, കണ്ണുകള്‍കൊണ്ടുമാത്രം സംസാരിച്ച്, ഒന്നിച്ചുപോയി കുളിച്ചുവന്ന് പഠിക്കുന്നുവെന്ന മട്ടില്‍ പുസ്തകങ്ങള്‍ വെറുതെ മറിച്ചും തിരിച്ചും നോക്കിക്കൊണ്ടിരുന്നു. ചോറ് വിളമ്പിത്തരുമ്പോഴും
അമ്മ ഒന്നും ഉരിയാടിയില്ല. സെഞ്ച്വറി സ്റ്റാന്‍ഡിന്റെ ക്ഷീണത്താലാവാം ഊണ് കഴിഞ്ഞതും രാഹുല്‍ ഉറങ്ങിപ്പോയി. അപ്പോഴാണ്, അമ്മ എന്നെ കര്‍ശന ശബ്ദത്തില്‍ വിളിച്ച്, വളരെ മുന്‍പേ തയ്യാറാക്കിവെച്ചിരുന്നതെന്നു തോന്നിച്ച ആ ശകാരവര്‍ഷം തുടങ്ങിയത്: “അവന്‍ പിന്നെ കൊച്ചാണെന്നു വെക്കാം. നിനക്ക് അറിവായില്ലേ വിവേകേ... അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ രാത്രികാലത്ത് അമ്മയെ ഒറ്റയ്ക്കാക്കി ഒരിടത്തും പോകരുതെന്നു പറഞ്ഞുതരാതെ തന്നെ വിചാരിക്കാനുള്ള പ്രായമായില്ലേ നിനക്ക്? എന്തെല്ലാം നടക്കുന്ന കാലമാണ്... ഇങ്ങനെയൊക്കെ വളരാനാണ് നിന്റെയൊക്കെ ഒരുക്കമെങ്കില്‍... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. അച്ഛന്റേയും അമ്മേടേം ഗുണത്തിനല്ല, നിന്റെയൊക്കെ ഭാവിയോര്‍ത്തിട്ടാ അച്ഛന്‍ ആ ഊരും പേരുമില്ലാത്തിടത്ത് പോയിക്കിടന്നു പാടുപെടുന്നതെന്നൊരു വിചാരം നിനക്കില്ലാതെപോയല്ലോടാ...”
അന്നോളം, അമ്മ ശകാരം തുടങ്ങുമ്പോള്‍ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്ന് അഭയം തേടിയിരുന്ന കുട്ടിയായിരുന്ന എന്നെ അമ്മ അപ്പോള്‍ത്തന്നെ മുതിര്‍ന്നവനായി കണ്ടുവെങ്കില്‍, അച്ഛന്‍ മടങ്ങിയെത്തുമ്പോഴേക്ക് എന്റെ ബാല്യം അല്പമെങ്കിലും ബാക്കിയുണ്ടാവില്ലല്ലോ. എന്റെ ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. ഭൂമിയിലുണ്ടായിരുന്നപ്പോള്‍ നിവൃത്തിയുള്ളിടത്തോളം ഞങ്ങളെ പിരിയില്ലായിരുന്ന അച്ഛന്‍ അഞ്ച് വര്‍ഷങ്ങള്‍ ബഹിരാകാശത്ത് ജീവിച്ചാല്‍ ഞങ്ങളുടെ ഭാവി എങ്ങനെയാണ് നന്നാവുക എന്ന് അമ്മയോട് ചോദിക്കാന്‍ കരുത്തില്ലാതെനില്ക്കുമ്പോള്‍ അച്ഛന്റെ ശബ്ദം ബഹിരാകാശത്തു നിന്ന് എന്നെ ആശ്വസിപ്പിച്ചതായി എനിക്കു തോന്നി: “അമ്മയെ വേദനിപ്പിക്കരുത് മോനേ... അമ്മ ആഗ്രഹിക്കുന്നതും ശരിയല്ലേ... നമുക്കും വേണ്ടേ ഭൂമിയില്‍ വലിയൊരു വീട്... ധാരാളം വസ്ത്രങ്ങള്‍... അണിയാന്‍ ആഭരണങ്ങള്‍... പെട്ടിയില്‍ പിന്നെയും പണം...”
അച്ഛന്റെ ശബ്ദത്തിന്റെ മുഴക്കങ്ങളും വലിയ നിഴലുകളും വിയര്‍പ്പുഗന്ധവും തഴമ്പുകള്‍ പിണഞ്ഞുകിടക്കുന്ന കൈത്തണ്ടകളുടെ കരുത്തും നഷ്ടപ്പെട്ട വീടിനുള്ളില്‍ ഞങ്ങള്‍ നാള്‍ക്കുനാള്‍ അരക്ഷിതരാവാന്‍ തുടങ്ങി. പറമ്പിലെ അനക്കങ്ങളും വഴിയിലെ നിഴലുകളും അമ്മയെ ഭയപ്പെടുത്തി. ഇരുട്ട് ഒന്നെത്തി നോക്കിയാലുടന്‍ അമ്മ ജനാലകളെല്ലാം ചേര്‍ത്തടച്ചുകുറ്റിയിടുന്നു... “നാടുനീളെ കള്ളന്മാരും തെമ്മാടികളുമാണ്.” അമ്മ പറയുന്നു. ഉറക്കത്തില്‍നിന്ന് ഇടയ്ക്കിടെ ഞെട്ടിയുണരുന്ന അമ്മ ഉടനടി കൈത്തണ്ടകളും കഴുത്തും തപ്പിനോക്കുന്നു... അപ്പോള്‍ കൈകാലുകള്‍ നീട്ടി കിടക്കയില്‍ അച്ഛന്റെ ശരീരം തിരഞ്ഞ് നിരാശനാവുന്ന രാഹുല്‍ അസ്പഷ്ടവാക്കുകള്‍ വിളിച്ചുപറയുന്നു. ഓടു പൊട്ടിയ വിള്ളലിലൂടെ മഴത്തുള്ളികള്‍ വീഴുമ്പോള്‍ വീട് കരയുന്നുവെന്ന് എനിക്ക് തോന്നുന്നു — മഴമേഘങ്ങള്‍ക്കപ്പുറം ഇടിയൊച്ചകള്‍പോലുമെത്താത്തത്രയകലെ, ശൂന്യതയുടെ സമുദ്രത്തില്‍ ഇല്ലാത്തുറമുഖങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ബഹിരാകാശക്കപ്പലില്‍ ഗര്‍ഭസ്ഥശിശുവിനെപ്പോലെ ഏകനായി ഉറങ്ങുന്ന അച്ഛനെ ഓര്‍ത്ത്...
പുലര്‍ച്ചെ ജനാലകള്‍ തുറക്കപ്പെടുമ്പോള്‍ ഇടവഴിയിലെ ഇളം വെട്ടത്തിലൂടെ അച്ഛന്റെ കൂട്ടുകാര്‍ സൈക്കിള്‍ ഓടിച്ചു പോകുന്നുണ്ടാവും മുന്‍പ് അച്ഛന്‍ പോയോ എന്നന്വേഷിക്കാതെ കടന്നുപോയിട്ടില്ലാത്ത അവര്‍ വീട്ടിലേക്ക് ഒന്ന് മുഖംതിരിച്ചുനോക്കുകപോലും ചെയ്യുന്നില്ലല്ലോ എന്ന് ഞാന്‍ ഖേദിക്കുന്നു. പറമ്പില്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍, പാവല്‍വള്ളികള്‍ താങ്ങുവടികള്‍ക്കു മുകളിലെത്തി, ഇനി എങ്ങോട്ട് പടരണമെന്നറിയാതെ ആകാശത്തേക്കു നോക്കി നില്ക്കുന്നു.
അമ്മയുടെ സംരക്ഷകനായി വീട്ടുതിണ്ണയിലിരിക്കുന്ന സന്ധ്യനേരത്ത് എന്നും കേള്‍ക്കുന്ന കപ്പല്‍ശാലയിലെ സൈറണ്‍ അച്ഛന്റെ മുഖം ഓര്‍മയിലെത്തിക്കും. ആയിരം കൂട്ടുകാര്‍ക്കൊപ്പം അതിവേഗം സൈക്കിളോടിച്ച് കപ്പല്‍ശാലയുടെ അതിവിശാലമായ വാതില്‍ കടന്നുവന്നിരുന്ന അച്ഛന്‍... അര മണിക്കൂര്‍ കഴിഞ്ഞ് ഉച്ചത്തില്‍ വര്‍ത്തമാനം പറയുന്ന കൂട്ടുകാര്‍ക്കൊപ്പം വരുന്ന അച്ഛന്‍ വീട്ടുമുറ്റത്തേക്ക് സൈക്കിള്‍ തിരിക്കാറുണ്ടായിരുന്ന നേരത്താണ് ഇന്ന് അമ്മ വീടിന്റെ മുന്‍വാതില്‍ പൂട്ടി ജനാലകള്‍ ചേര്‍ത്തടയ്ക്കുന്നത്.
അടയ്ക്കപ്പെട്ട വീട് എനിക്ക് സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും ചില്ലുകൊട്ടാരമാണ്... ബഹിരാകാശത്ത് ഒരു മത്സ്യത്തെപ്പോലെ തുഴഞ്ഞുനടക്കുന്ന അച്ഛന്‍ ശൂന്യതയുടെ ആഴക്കടലിനടിയില്‍ ഭൂമിയെ തിരയുന്നു. കണ്ണിനോട് ഘടിപ്പിച്ച ബഹുദൂരദര്‍ശിനിയിലൂടെ ഭൂമിയിലെ ഗോളാകൃതിയിലുള്ള കടലുകള്‍ നോക്കി അച്ഛന്‍ അമ്പരക്കുന്നു — ഇതെന്ത്! ദൈവത്തിന്റെ മുഖക്കണ്ണാടിയോ? ബഹുദൂരദര്‍ശിനിയുടെ സൂക്ഷ്മാന്വേഷണക്കുഴലുകള്‍ തിരിച്ചു തിരിച്ച് അച്ഛന്‍, നിലാവിന്റെ നിറം പുരണ്ട ഭൂഗോളത്തിനു പുറത്ത് ഉണങ്ങിപ്പിടിച്ച പായല്‍പോലെ കാണപ്പെടുന്ന ഭൂഖണ്ഡാകൃതികള്‍ തരംതിരിക്കാന്‍ പാടുപെടുന്നു. അച്ഛന്റെ ഓര്‍മയില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ച ഗുരുക്കന്മാര്‍ ഉരുളന്‍ കണ്ണുകളും ചൂരല്‍വടിയുമായി നിരന്നുനില്‍ക്കുന്നു. ചൂരല്‍വടിയുടെ അറ്റംകൊണ്ട് അവര്‍ തൊട്ടുകാണിച്ച ഭൂഖണ്ഡചിത്രങ്ങളുടെ മങ്ങിയ ഓര്‍മകളെ ആശ്രയിച്ച് അച്ഛന്‍ ഭൂമിയുടെ ഭാഗപത്ര ഉടമ്പടിവായിക്കുന്നു — കൊടുംകാടുകളും നീലനദികളും തിങ്ങിയ ഈ ഭൂഖണ്ഡം എന്റെ കറുത്ത മകന്... മഞ്ഞുമലകള്‍ നിറഞ്ഞ മറുഭാഗം എന്റെ വെളുത്ത മകള്‍ക്ക്...
ഇന്ന്, വീടിനെ മൂടാന്‍പോവുംപോലെ കാടും പടലും പിടിച്ച് കിടക്കുന്ന ഞങ്ങളുടെ പറമ്പിലേക്കു നോക്കിയാല്‍ മതി, അച്ഛനെ പിരിഞ്ഞ് ഞങ്ങള്‍ ജീവിച്ച നാളുകളുടെ നീളമറിയാന്‍. പാവലും പടവലവും വെണ്ടയും വഴുതനയും ചേമ്പും കാച്ചിലുമൊക്കെ വളര്‍ന്നിരുന്ന അച്ഛന്റെ കൃഷിത്തോട്ടത്തിന്റെ സ്ഥാനത്ത് ഇതാ കാട്ടുവള്ളികളും കമ്മ്യൂണിസ്റ്റ്പച്ചയും ചൊറിയണവുമൊക്കെ വളര്‍ന്ന്, സൂക്ഷിച്ചു നോക്കിയാല്‍ പ്രാണഭയം തോന്നുന്ന പാഴ്ചെടികളുടെ കാട്... അച്ഛനു മാത്രം പേരു പറഞ്ഞുതരാനറിയാമായിരുന്ന പലതരം കിളികള്‍ പറന്നു നടന്നിരുന്ന കൃഷിത്തോട്ടം ഇന്ന് കിളികളാലെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പരിഭ്രാന്തി പിടിച്ച കണ്ണുകളുള്ള ഓന്തുകളുടെ, ആളനക്കം കേട്ടാല്‍ ഓടിമറയുന്ന ഉടുമ്പുകളുടെ, ഇലക്കൂട്ടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പച്ചിലപ്പാമ്പുകളുടെ ഒളിസങ്കേതമായി മാറിയിരിക്കുന്നു ഞങ്ങളുടെ പുരയിടം സര്‍പ്പക്കാവിലേക്ക് അമ്മ നടന്നുപോകുന്ന കാലടിപ്പാതയില്‍ മാത്രം മണ്ണിന്റെ നിറം കാണാം.
അച്ഛന്‍ പോയതിനു ശേഷം ഞങ്ങൾ ഇത്രമേല്‍ ആഹ്ലാദിച്ച മറ്റൊരു ദിവസവുമുണ്ടായിട്ടില്ല. എത്ര അപ്രതീക്ഷിതമായിട്ടാണ് ഇന്നു കാലത്ത് ഞങ്ങള്‍ സ്കൂളില്‍ പോകാനൊരുങ്ങിനിന്നപ്പോള്‍ ഹുസ്റ്റണില്‍നിന്ന് ആ അടിയന്തരസന്ദേശമെത്തിയത്. അച്ഛന്റെ കപ്പല്‍ ഇന്നു രാത്രി തെക്കേ ഇന്ത്യയുടെ ആകാശം കടന്നുപോകുമെന്ന വാര്‍ത്തയോടൊപ്പം ഞങ്ങള്‍ അച്ഛനുവേണ്ടി കാത്തിരിക്കേണ്ട ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിന്റെ കൃത്യവിവരങ്ങളുമടങ്ങിയിരുന്നതാണതിശയം. കേരള തീരത്തെ ആകാശത്ത്, ഏഴര മണിയോടെ തെക്കുപടിഞ്ഞാറായി പ്രത്യക്ഷപ്പെടുന്ന കപ്പല്‍ ആകാശം മുറിച്ച് അര മണിക്കൂറോളം കഴിഞ്ഞ് വടക്കുകിഴക്കന്‍ ശൂന്യാകാശത്തിലേക്കു മറയുമെന്ന്...
അച്ഛന്റെ നിയമന ഉത്തരവ് കിട്ടിയപ്പോള്‍ അനുഭവിച്ച അതേ ആനന്ദത്തോടെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്ഥനകളര്‍പ്പിച്ച ശേഷമാണ് അമ്മ ആഹ്ലാദത്തടസ്സം പ്രകടമായ ശബ്ദത്തില്‍ ഞങ്ങളെ ആ സന്തോഷവാര്‍ത്തയറിയിച്ചത്. പനിയുടെ നാളുകളില്‍പോലും ഊഷ്മാവ് കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷം മാത്രം സ്കൂളിലേക്ക് അയയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാറുള്ള അമ്മ, അച്ഛന്റെ വരവ് ആഘോഷിക്കാന്‍ അവധിയെടുക്കാന്‍ ഞങ്ങളെ അനുവദിച്ചു. എന്നിട്ട്, ഞങ്ങളെക്കൂട്ടി സര്‍പ്പക്കാവിലേക്ക് പോയി. തിരി കത്തിച്ച് പ്രാര്‍ത്ഥിച്ചശേഷം അമ്മ പതിവില്ലാതെ ഞങ്ങളോടും തിരികള്‍ കൊളുത്താന്‍ ആവശ്യപ്പെട്ടു.
നെഞ്ചിനുള്ളില്‍ വേഗം സന്ധ്യയാവാന്‍ ധൃതികൂട്ടിയ ഹൃദയത്തോടെയാണ് ഞങ്ങള്‍ പകലിന്റെ ശിഷ്ടഭാഗം കഴിച്ചുകൂട്ടിയത്. ആഹാരംപോലും ആവശ്യമായി തോന്നിപ്പിക്കാത്തവണ്ണം ഒരുല്ലാസക്കടല്‍ ഞങ്ങളുടെ ഉള്ളില്‍ ഓളം തല്ലിക്കിടന്നു.
സന്ധ്യയുടെ നിഴലനക്കങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ വീടെല്ലാമടച്ച് ഞങ്ങള്‍ മൂവരും പുത്തന്‍മുറിയുടെ മുകളിലെ ടെറസ്സിലേക്കു കയറി. ആകാശം മുഴുവന്‍ നന്നായി കാണാവുന്ന കിഴക്കേ കോണില്‍ കാത്തിരിക്കാന്‍ തുടങ്ങി.
“അച്ഛനൊത്തിരി മാറിപ്പോയിക്കാണും.” ഏറെനേരം എന്തൊക്കെയോ ചിന്തിച്ചിരുന്നിട്ട് അമ്മ പറഞ്ഞു.
“അതെന്താ അമ്മേ?” രാഹൂല്‍ ചോദിച്ചു.
“അച്ഛന് വയസ്സായിത്തുടങ്ങിക്കാണും മോനെ...” അമ്മ ചിരിച്ചു: “മുടിയൊക്കെ നരച്ചുകാണും... അച്ഛന്റെ ഇപ്പോഴത്തെ പ്രായത്തില്‍ മുത്തച്ഛന്‍ ആകെ നരച്ചിട്ടായിരുന്നു.”
അപ്പോള്‍ കപ്പല്‍ശാലയിലെ സൈറന്‍ മുഴങ്ങി. കപ്പല്‍ശാലയ്ക്ക് പുറത്തേക്ക് ഉത്സാഹത്തോടെ സൈക്കിള്‍ ചവിട്ടിയിറങ്ങി വരുന്ന അച്ഛന്റെ മുഖം ഇന്ന് പതിവിലേറെ അടുത്തു കാണുന്നതായി എനിക്കു തോന്നി. ഇനിയും ഏറെ നാളുകള്‍ കഴിഞ്ഞ് നര കയറിയ മുടിയുള്ള മറ്റൊരു മുഖവുമായിട്ടായിരിക്കുമല്ലോ അച്ഛന്‍ മടങ്ങിവരുന്നതെന്നോര്‍ത്തപ്പോള്‍, അന്ന് ഞാനും അച്ഛന്റെ കണ്ണില്‍, ബഹിരാകാശത്തേക്ക് ഉമ്മ കൊടുത്ത് യാത്രയയച്ച ആ പഴയ കുട്ടിയായിരിക്കില്ലല്ലോ എന്ന വിചാരം എന്നെ വ്യസനിപ്പിച്ചു.
പിന്നെ പടിഞ്ഞാറേച്ചിറയിലെ തെങ്ങിന്‍തോപ്പുകള്‍ക്കു പിന്നിലേക്ക് താഴ്ന്നു താഴ്ന്നുപോകുന്ന സൂര്യനെ നോക്കി നോക്കി ആകാംക്ഷ മുറ്റിയ മനസ്സുകളോടെ ഞങ്ങള്‍ നിശ്ശബ്ദരായിക്കൊണ്ടിരുന്നു.
കിടപ്പുമുറിയിലെ ക്ലോക്കില്‍ ഏഴര മണിയടിക്കുന്ന ശബ്ദം കേട്ടതും പടിഞ്ഞാറനാകാശത്തേക്ക് മുഖം തിരിച്ചിരിക്കുന്ന മൂന്ന് പ്രതിമകള്‍പോലെ ഞങ്ങള്‍ ഉത്കണ്ഠയുടെ കുന്നിന്‍നെറുകയില്‍ അനങ്ങാനാവാതെയിരിക്കെ, ഇരുട്ടു മൂടിയ തെങ്ങിന്‍ തലപ്പുകള്‍ക്കു പിന്നില്‍ നിന്ന് സഞ്ചരിക്കുന്ന ഒരു നക്ഷത്രമായി പൊടുന്നനെ അച്ഛന്റെ ബഹിരാകാശക്കപ്പല്‍ പ്രത്യക്ഷപ്പെടുകയും ആദ്യം കപ്പല്‍ കണ്ടുപിടിച്ച് പരസ്പരം തോല്പിക്കുവാന്‍ വെമ്പിയിരുന്ന ഞങ്ങള്‍ മൂവരും തോറ്റ്, ഒന്നിച്ചൊരാഹ്ലാദച്ചിരിയോടെ അച്ഛനെ വരവേല്‍ക്കുകയും...
“അയ്യോ... അതാണോ അമ്മേ... എന്ത് പൊക്കത്തിലാ...” രാഹുല്‍ ഒച്ചവയ്ക്കാന്‍ തുടങ്ങി: “ആ നക്ഷത്രംതന്നെയാണോ അമ്മേ അച്ഛന്റെ കപ്പല്‍?”
അമ്മയത് കേള്‍ക്കുന്നതേയില്ല. കണ്ണില്‍ വീഴുന്ന നക്ഷത്രരശ്മികളിലൂടെ ഏതോ വിചാരവിനിമയങ്ങള്‍ നടത്തുന്നതുപോലെ അമ്മ ഇമയടയ്ക്കാതെ നോക്കിയിരിക്കുകയാണ്.
“അതാണോ ചേട്ടാ...” രാഹുല്‍ അമ്മയെ വിട്ട് എന്നോട് ചേര്‍ന്നിരുന്നു: “ആ നക്ഷത്രംതന്നെയാണോ അച്ഛന്റെ കപ്പല്‍?”
അത് നക്ഷത്രമല്ല, അച്ഛന്റെ കപ്പല്‍തന്നെയാണെന്നും ആകാശത്തകലെക്കാണുന്നതെല്ലാം നമുക്ക് നക്ഷത്രമാണെന്നു തോന്നുന്നതാണെന്നും പറഞ്ഞു കൊടുത്ത് അവന്റെ സംശയം പെട്ടെന്നടക്കി. ഞാനും അച്ഛന്റെ കപ്പല്‍ ആവോളം കാണാന്‍ തിടുക്കം കൂട്ടി.
“അയ്യോ... അച്ഛന്‍ നമ്മളെ കാണുന്നുണ്ടാവുമോ അമ്മേ?” രാഹൂല്‍ വീണ്ടും അമ്മയെ അലട്ടാന്‍ തുടങ്ങി.
ഇത്തവണ അമ്മ അവനെ നിരാശനാക്കിയില്ല. കൈകളാല്‍ ചേര്‍ത്തുപിടിച്ച് അതീവ വേദന തോന്നിച്ച ഒരു ശബ്ദത്തില്‍ പറഞ്ഞു: “അച്ഛന് കണ്ണുകൊണ്ട് കാണാന്‍ വയ്യ മോനെ... മനസ്സുകൊണ്ട് അച്ഛന്‍ കാണുന്നുണ്ട്.”
രാഹുല്‍ നിശ്ശബ്ദനായി.
ഇപ്പോള്‍, അച്ഛന്റെ കപ്പല്‍ ഞങ്ങളുടെ വീടിനു മേലെയെത്തിയിരിക്കുന്നു.
നക്ഷത്രരശ്മിയുടെ നീണ്ട കോണിയിലൂടെ താഴേക്കിറങ്ങിവരാന്‍ അച്ഛനോട് യാചിക്കാന്‍ എനിക്ക് തോന്നിപ്പോയി. ശൂന്യതയുടെ സമുദ്രത്തില്‍ ഭ്രമണം ചെയ്യുന്ന ആ വ്യര്‍ത്ഥയാത്രയുടെ ദൃശ്യം എന്നെ ദുഃഖിതനാക്കിക്കൊണ്ടിരുന്നു.
ഭീമാകാരനായ ബഹിരാകാശക്കപ്പലില്‍ ഗഗനസഞ്ചാരിയുടെ മുഖാവരണങ്ങളണിഞ്ഞിരിക്കുന്ന അച്ഛന്‍ താഴെ, ഇരുട്ടിന്റെ പാതാളഗര്‍ത്തത്തിലെ വിടെയോ ചുറ്റിത്തിരിയുന്ന ഭൂമിയുടെ സഞ്ചാരവും അതേ വ്യര്‍ത്ഥതാബോധത്തോടെ നോക്കിയിരിക്കുകയായിരിക്കുമെന്നും എനിക്ക് തോന്നി. അപ്പോള്‍, എന്തുകൊണ്ടാണെന്നറിഞ്ഞില്ല, ഓര്‍മയുടെ അഗാധതയില്‍നിന്ന് മുത്തച്ഛന്റെ മുഖം എന്റെ മനസ്സിലേക്ക് എത്തിനോക്കി.
കപ്പല്‍ ആകാശത്തിന്റെ കിഴക്കേച്ചെരുവിലെത്തിക്കഴിഞ്ഞിരുന്നു.
അമ്മയുടെ മുഖത്ത് നക്ഷത്രത്തിളക്കമുള്ള കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകിത്തുടങ്ങി.
മറ്റൊരു വിടപറയലിന്റെ വ്യസനത്തോടെ ഞങ്ങള്‍ നോക്കിയിരിക്കെ, മേഘങ്ങളുടെ ഒരു തിരമാല ഉയര്‍ന്ന് വരികയും ഞങ്ങളുടെ കണ്ണുകളുടെ കൊതിയടങ്ങും മുന്‍പ് അച്ഛന്റെ ബഹിരാകാശക്കപ്പല്‍ ആ തിരയാല്‍ മറയുകയും ചെയ്തു. മേഘങ്ങള്‍ക്കിടയിലെ വിള്ളലുകളിലെവിടെയെങ്കിലും ഒരിക്കല്‍ക്കൂടി അത് ദൃശ്യമാവുമെന്ന ഞങ്ങളുടെ മോഹം വ്യര്‍ത്ഥമായിരുന്നു.
ആകാശത്തിളക്കങ്ങളില്‍നിന്ന് പിന്‍വാങ്ങിയ ഞങ്ങളുടെ കണ്ണുകള്‍ ഭൂമിയിലെ ഇരുട്ടിനോടിണങ്ങാന്‍ അല്പനേരമെടുത്തു.
പിന്നെ ഇരുട്ടിലൂടെ സാവധാനം നടകളിറങ്ങുമ്പോള്‍ അമ്മ തന്നോടുതന്നെ പറയുംപോലെ പറഞ്ഞു: “ഇനീം രണ്ടു വര്‍ഷം... എന്റീശ്വരാ...!”
ഭയംകൊണ്ടെന്നപോലെ എന്നോടു ചേര്‍ന്നു നടക്കുകയായിരുന്ന രാഹൂല്‍ പെട്ടെന്ന്, സ്വകാര്യം പറയുന്ന ശബ്ദത്തില്‍ പറഞ്ഞു:
“എന്ത് പൊക്കത്തിലാ അച്ഛന്‍... അല്ലേ ചേട്ടാ... ദൈവത്തിന്റെയത്ര പൊക്കത്തില്‍...”
രാഹൂല്‍ പറഞ്ഞത് വേറൊരര്‍ത്ഥത്തിലും ശരിയാണെന്ന് എനിക്കു തോന്നി — അകലെയുള്ള അച്ഛനാകുന്നു ദൈവം.