മുൻകുറിപ്പ്
ഗ്രന്ഥകർത്താവ് | വി. ശശി കുമാർ |
---|---|
മൂലകൃതി | ഒരസാധാരണ യാത്ര |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2017 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 57 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
കുട്ടിക്കാലത്തു്, അതായതു് സ്ക്കൂളിൽ പഠിക്കുന്ന കാലത്തു്, സ്ക്കൂൾ മാഗസീനുവേണ്ടി കുറച്ചു കഥകളെഴുതിയിരുന്നു. അവ മിക്കതും അച്ഛൻ പറഞ്ഞുകേട്ടതോ മാതൃഭൂമി ആഴ്ചപ്പതിപ്പിലോ ജനയുഗം വാരികയിലോ വായിച്ചതോ ആയ ഏതെങ്കിലും കഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടവയായിരുന്നു. അതിനുശേഷം ഞാനെഴുതിയതെല്ലാം ശാസ്ത്രലേഖനങ്ങളായിരുന്നു. അങ്ങനെയിരിക്കെയാണു് ഒരിക്കൽ എന്റെ അനുഭവത്തിലുള്ളതും ചില സുഹൃത്തുക്കൾ പറഞ്ഞുകേട്ടതുമായ ചില സംഭവങ്ങൾ അയവറുത്തപ്പോൾ അതേപ്പറ്റി എഴുതണമെന്നു തോന്നി. എന്നാൽ, അവയെപ്പറ്റി ഒരു ലേഖനം എഴുതാനുള്ള അറിവു് എനിക്കില്ലായിരുന്നു. അതുകൊണ്ടു്, എനിക്കു പറയാനുള്ളതു് ഒരു കഥയുടെ രൂപത്തിലാവാം എന്നു തീരുമാനിച്ചു. അങ്ങനെയാണു് “ഒരസാധാരണ യാത്ര” എന്ന കഥ എഴുതിയതു്. അതിൽ ചർച്ചചെയ്യുന്ന പല സംഭവങ്ങളും യഥാർത്ഥമാണു്. അതു് നിര്യാതനായ എന്റെ പ്രിയസുഹൃത്തു്, ശ്രീ സുന്ദർ വായിച്ചുനോക്കുകയും വളരെ നല്ല അഭിപ്രായം പറയുകയും ചെയ്തു എന്നു മാത്രമല്ല, സുന്ദറിനു വളരെക്കാലത്തെ പരിചയമുണ്ടായിരുന്ന, സമകാലികമലയാളത്തിൽ അന്നു പ്രവൃത്തിയെടുത്തിരുന്ന ശ്രീ എസ്. ജയചന്ദ്രൻ നായർക്കു് അതു് അയച്ചുകൊടുക്കുകയും അദ്ദേഹത്തിനു് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അന്നതു് പ്രസിദ്ധീകരിച്ചുവന്നില്ല എന്നതു് മറ്റൊരു കാര്യം. പക്ഷെ കഥകളെഴുതാൻ അതെനിക്കു ധൈര്യം തന്നു. അങ്ങനെയാണു് എനിക്കു് എന്തെങ്കിലും പറയാനുണ്ടു് എന്നു തോന്നിയപ്പോൾ ലേഖനങ്ങൾ മാത്രമല്ല കഥകളും എഴുതാം എന്നു മനസ്സിലായതും എഴുതിത്തുടങ്ങിയതും.
എന്റെ പല ബന്ധുക്കളും സുഹൃത്തുക്കളും വായിച്ചു് ഇഷ്ടപ്പെട്ട കഥകളാണെങ്കിലും ഈ പുസ്തകത്തിലെ രണ്ടു കഥകളൊഴിച്ചു് മറ്റൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചുവന്നിട്ടില്ല. ആ രണ്ടു കഥകളും പ്രസിദ്ധീകരിച്ചുവന്നതാവട്ടെ തൃശൂരിൽനിന്നു പുറത്തിറങ്ങിയിരുന്ന “അസാമാന്യമായ മനീഷ” എന്ന ഒരു ചെറിയ മാസികയിലായിരുന്നു. (ആ മാസിക ഇന്നു നിലവിലില്ല എന്നാണറിയുന്നതു്.)
ഈ പുസ്തകത്തിലെ ആദ്യത്തെ കഥ ഒരു “സെന്റിമെന്റൽ തേൻകുഴമ്പാണു്” എന്നു വേണമെങ്കിൽ പഴയൊരു പ്രയോഗമുപയോഗിച്ചു പറയാം. എയ്ഡ്സ് രോഗം വളരെയേറെ സാമൂഹ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും അതിനെ ആസ്പദമാക്കി എന്തുകൊണ്ടു് കഥകളും നാടകങ്ങളും സിനിമകളും ഉണ്ടാകുന്നില്ല (കുഷ്ഠരോഗം ഇതുപോലെ സാമൂഹ്യപ്രശ്നമായിരുന്ന കാലത്തു് തോപ്പിൽ ഭാസി “അശ്വമേധം” എഴുതിയതും പിന്നീടു് ഭൂട്ടാനിൽ അദ്ധ്യാപകനായിരുന്ന ശ്രീ ജി. ബാലചന്ദ്രൻ അതു് കുട്ടികളെക്കൊണ്ടു് സ്ക്കൂളിൽ അഭിനയിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ പ്രശ്നം പരിഹരിക്കുകയും ചെയ്ത കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നതു് ഓർമ്മിക്കുമല്ലൊ.) അപ്പോൾ എയ്ഡ്സിനെ അടിസ്ഥാനമാക്കിയും അതുപോലത്തെ കഥകളും നാടകങ്ങളും സിനിമകളും ഉണ്ടാവേണ്ടതല്ലേ എന്ന ചിന്തയിൽനിന്നാണു് “കണ്ണുനീർത്തുള്ള” എന്ന കഥയുണ്ടായതു്. മറ്റു കഥകളും ഇതുപോലെ ഓരോന്നു പറയണം എന്നു തോന്നിയപ്പോൾ എഴുതിയതാണു്. കഥകൾക്കു് വലിയ മേന്മയൊന്നും അവകാശപ്പെടുന്നില്ല. ഒരു ശാസ്ത്രസാഹിത്യകാരൻ ചുറ്റും കണ്ട കാര്യങ്ങളോടു ആവുംവിധം പ്രതികരിച്ചു എന്നു കരുതിയാൽമതി.
ഈ കഥകൾ വായിച്ചു് അഭിപ്രായം പറയുകയും വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ രണ്ടു കഥകൾ പ്രസിദ്ധീകരിച്ച അസാമാന്യമായ മനീഷയുടെ പത്രാധിപരായിരുന്ന ശ്രീ സുരേന്ദ്രൻ ചെമ്പുക്കാടിനോടും എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. ഒരു അസാധാരണ അനുഭവം കൂടി ഇവിടെ പറയട്ടെ. ഈ പുസ്തകത്തിന്റെ പേരുള്ള കഥ അന്നുണ്ടായിരുന്ന മലയാളം ലവേഴ്സ് (malayalam lovers) എന്ന ഒരു യാഹൂഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അതു് അവരുടെ ലൈബ്രറിയിൽ ആർക്കൈവ് ചെയ്തോട്ടേ എന്നു് ഒരു (ബനാറസ് ആണെന്നു തോന്നുന്നു) സർവകലാശാലയിലെ ലൈബ്രേറിയൻ ചോദിക്കുകയും ചെയ്തിരുന്നതു് എനിക്കു് വളരെ സന്തോഷമുണ്ടാക്കിയ അസാധാരണമായ അനുഭവമായിരുന്നു.
ഒരു കാര്യം കൂടി. ഈ കഥകളെല്ലാം ക്രിയേറ്റിവ് കോമൺസ് by-nc-sa ലൈസൻസിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നതു്. അതായതു്, ഇവ മറ്റെവിടെയെങ്കിലും ഇതുപോലെ തന്നെയൊ മാറ്റം വരുത്തിയൊ പ്രസിദ്ധീകരിക്കാനൊ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനൊ എല്ലാവർക്കും അനുവാദമുണ്ടു് — ഈ പുസ്തകത്തിൽ നിന്നു് എടുത്തതാണു് എന്നു് വ്യക്തമായി പറഞ്ഞിരിക്കണം എന്നു മാത്രം.
എന്റെ ആദ്യത്തെ (അവസാനത്തെയും?) കഥാസമാഹാരം ലോകത്തിലെ എല്ലാ മലയാളികൾക്കുമായി പൂർണ്ണസ്വാതന്ത്ര്യത്തോടെ സമർപ്പിക്കുന്നു.
ഡോ. വി. ശശി കുമാർ
ജൂലൈ 3, 2017