close
Sayahna Sayahna
Search

കണ്ണുനീർത്തുള്ളി


വി. ശശി കുമാർ

border=yes
ഗ്രന്ഥകർത്താവ് വി. ശശി കുമാർ
മൂലകൃതി ഒരസാധാരണ യാത്ര
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 57
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കണ്ണുനീർത്തുള്ളി

ഞാൻ കൊളിൻ വിൽസന്റെ ഔട്സൈഡർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാമത്തെ വായന. പത്തു വർഷമായിട്ടുണ്ടാകും ആദ്യം വായിച്ചിട്ടു്. പുസ്തകം പഴഞ്ചനായിരിക്കാം. പക്ഷെ എന്തുകൊണ്ടോ അതെന്നെ വളരെ ആകർഷിച്ചു.

“എടാ, അനിയുടെ അമ്മച്ചിക്കു് വളരെ സീരിയസ്സാ. നമക്കൊന്നു പോയി നോക്കിയേച്ചും വരാം.”

തലയുയർത്തി നോക്കിയപ്പോൾ ജോസഫ്‌ ജനാലയ്ക്കു് സമീപം നിൽക്കുന്നു. ഞങ്ങൾ സമപ്രായക്കാരാണു്. അയാളെന്നെ “എടാ” എന്നാണു് വിളിക്കാറു്. എന്തുകൊണ്ടോ ഞാനാരെയും എടാ എന്നോ എടീ എന്നോ വിളിക്കാറില്ല. ഒരു ശീലം എന്നു മാത്രം. എന്നുവെച്ചു് ജോസഫ്‌ എന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്കൊരു പരിഭവവും തോന്നിയിട്ടില്ല.

“ബാ, വന്നിരി. ഞാനൊന്നു വേഷം മാറട്ടെ. അമ്മയോടും പറയണം.”

“ഞാനിവിടെ നിക്കാം. നീയെളുപ്പം വേഷം മാറിയേച്ചു വാ.”

ഞാൻ വേഗം ലുങ്കി മാറ്റി മുണ്ടുടുത്തു് ഒരു ഷർട്ടുമിട്ടു് അമ്മയോടു പറഞ്ഞിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മിണ്ടാതെ നടന്നു.

ഞാനും അമ്മയും ഇങ്ങോട്ടു താമസം മാറ്റിയിട്ടു് അധികം കാലമായിട്ടില്ല. ജോസഫാണു് അതിനു സഹായിച്ചതു്. പഴയതെങ്കിലും നല്ല വീടു്. ഏതാനും കസേരകളും രണ്ടു കട്ടിലും ഉൾപ്പെടെ കുറച്ചു ഫർണിച്ചറും വീടിനോടൊപ്പം കിട്ടി. പതിനഞ്ചു സെന്റോളം സ്ഥലം. നിറച്ചു മരങ്ങൾ. വേനൽക്കാലത്തു ചൂടേ അറിയില്ല. ഉടമസ്ഥർ ചെന്നൈയിൽ. ജോസഫാണു് വീടു വാടകയ്ക്കു കൊടുക്കുന്നതും കാര്യങ്ങളെല്ലാം നോക്കുന്നതും. ആളൊരു പരോപകാരിയും പൊതുപ്രവർത്തകനുമാണു്. സ്നേഹമുള്ള വിശ്വസിക്കാവുന്ന മനുഷ്യൻ. ഞങ്ങളൊരുമിച്ചാണു് സ്ഥലത്തെ കോളജിൽ പ്രവൃത്തിയെടുക്കുന്നതു്. കക്ഷിയുടെ ക്ലാസിനേപ്പറ്റി അധികമൊന്നും പറയാനില്ല. ചരിത്രമാണു പഠിപ്പിക്കുന്നതു്. ഭൂരിപക്ഷം കുട്ടികൾക്കും ചരിത്രത്തിൽ വലിയ താൽപര്യമൊന്നുമില്ല. എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ അതു്‌ ഇഷ്ടന്റെ ക്ലാസുകഴിയുമ്പോൾ ഇല്ലാതാകും. പക്ഷെ എല്ലാവർക്കും ഇഷ്ടനെ ഇഷ്ടമാണു്. എന്തു പ്രശ്നമുണ്ടെങ്കിലും ജോസഫിനോടു പറഞ്ഞാൽ മതി. പരിഹാരം ഉണ്ടായിരിക്കും. വെളിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ താമസം മുതൽ കോളജിലെ ഫങ്ഷനുകളുടെ നടത്തിപ്പു വരെ ജോസഫിനാണു്. എല്ലാ പ്രശ്നങ്ങളും നിസ്സാരമാണു്. അതുകൊണ്ടു തന്നെ ഇഷ്ടൻ ആരോടു് എന്താവശ്യപ്പെട്ടാലും അവർക്കു് കഴിയുമെങ്കിൽ അതു്‌ നടത്തിക്കൊടുക്കും. കക്ഷിയുടെ വീടിനു സമീപത്തേയ്ക്കു് താമസം മാറ്റിയപ്പോൾ എനിക്കും അമ്മയ്ക്കും ഭയമുണ്ടായിരുന്നു എന്നെയും പൊതുപ്രവർത്തനത്തിലേക്കു് വലിച്ചിഴയ്ക്കും എന്നു്. പക്ഷെ അയാൾ ഒരിക്കലും എന്നെ ശല്യം ചെയ്തിട്ടില്ല. ഞാൻ പൊതുവെ ഒരു ഇൻട്രോവേർട്ടാണു്. ഇംഗ്ലീഷാണു് പഠിച്ചതെങ്കിലും ഇംഗ്ലീഷിലെയും മലയാളത്തിലെയും സാഹിത്യ കൃതികൾ വായിച്ചു വീട്ടിലിരിക്കാനാണിഷ്ടം. പക്ഷെ ഇപ്പോൾ ജോസഫ്‌ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. അതിനു കാരണമുണ്ടു്‌.

ഞാൻ ഇവിടെ കോളജിൽ ജോലിക്കു് ചേർന്നിട്ടു് അധികനാൾ കഴിഞ്ഞിട്ടില്ല. ഒരു ദിവസം ഞങ്ങളുടെ പ്യൂൺ എന്റെയടുത്തുവന്നു പത്തു രൂപ കടം ചോദിച്ചു. എന്തിനാണെന്നു പോലും ചോദിക്കാതെ ഞാൻ കൊടുക്കുകയും ചെയ്തു. അടുത്ത മാസം ശമ്പളം കിട്ടിയയുടൻ അയാൾ പണം മടക്കിത്തരാൻ വന്നു. ഞാനതു സ്വീകരിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു:

“സാർ ഇതു് മേടിക്കണം. എനിക്കിനിയും ആവശ്യം വരുമ്പോൾ ചോദിക്കണ്ടതാണു്.”

“അതു സാരമില്ല. ചോദിക്കണ്ട എന്നു ഞാൻ പറഞ്ഞില്ലല്ലോ. അന്നുച്ചയ്ക്കു് ഊണു കഴിക്കാനല്ലേ കടം മേടിച്ചതു്. ഞാൻ ഊണു മേടിച്ചു തന്നു എന്നു വിചാരിച്ചാൽ മതി.” അയാൾ കടം മേടിച്ചുകൊണ്ടു്‌ നേരെ കോളജ്‌ കാന്റീനിലേക്കു പോകുന്നതു്‌ ഞാൻ കണ്ടിരുന്നു.

അനി അൽപനേരം മടിച്ചു നിന്നു. എന്നിട്ടു് ഒന്നും മിണ്ടാതെ പോയി. ഇയാൾ പതിവായി കടം മേടിക്കുന്നയാളാണു്, ഇങ്ങനെ പണം കൊടുത്തു പഠിപ്പിക്കരുതു് എന്നൊക്കെ എന്റെ സഹപ്രവർത്തകർ പറഞ്ഞു. അയാൾ പണം മടക്കി തന്നപ്പോൾ മേടിക്കാത്തതുകൊണ്ടു്‌ ഇനി അയാൾ ചോദിക്കില്ല എന്നൊരു ന്യായം ഞാൻ കണ്ടുപിടിച്ചു. സാറനുഭവിച്ചേ പഠിക്കൂ എന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെയിരിക്കെ ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്തു്‌ അനി വീണ്ടും വന്നു. “സാറെന്നോടു് ക്ഷമിക്കണം. എനിക്കൊരു ഇരുപതു രൂപ വേണം. അടുത്ത മാസം മടക്കിത്തന്നോളാം.” എന്നായിരുന്നു അനിയുടെ ഭാഷണം.

“എന്താ അനീ, ഊണിനു വില കൂടിയോ?” ഞാൻ ചോദിച്ചു.

“ഇല്ല സാർ, ഇതു് അമ്മയ്ക്കു് മരുന്നു മേടിക്കാനാണു്.” അനി പറഞ്ഞു.

“എന്തു പറ്റി അമ്മയ്ക്ക്‌?”

“പ്രായമായതിന്റെ പ്രശ്നങ്ങളാണു സാർ. വാതത്തിന്റെയും ഒക്കെ പ്രശ്നമാ. കഷായം മേടിക്കണം.”

അടുത്ത മാസവും അയാൾ പണം മടക്കിത്തരാൻ വന്നപ്പോൾ ഞാൻ മേടിച്ചില്ല. എനിക്കയാളോടു് അൽപം സഹതാപം തോന്നിയിരുന്നു. പിന്നെ എനിക്കാണെങ്കിൽ എന്റെ ശമ്പളം തന്നെ മിച്ചമാണു്. വലിയ ചെലവുകളൊന്നുമില്ല. കുടുംബസ്വത്തിൽ നിന്നു കഴിഞ്ഞുകൂടാനുള്ള വകയൊക്കെ കിട്ടും. പിന്നെ ഞാനെന്തിനു് ഈ പത്തോ ഇരുപതോ രൂപ ഇയാളോടു് തിരികെ മേടിക്കണം? നിശ്ചയമായും അയാൾക്കു് സ്വന്തം വരുമാനം കൊണ്ടു്‌ കാര്യങ്ങളെല്ലാം നടത്താൻ പറ്റുന്നില്ല. അങ്ങനെ എല്ലാ മാസവും പത്തോ ഇരുപതോ അൻപതോ രൂപ അനി മേടിക്കുന്നതു പതിവായി.

അങ്ങനെയിരിക്കെയാണു് പുതിയ വീട്ടിലേക്കു് ഞാനും അമ്മയും താമസം മാറ്റിയതു്. എല്ലാം ജോസഫാണു് ചെയ്തു തന്നതു്. അയാൾ പറഞ്ഞതനുസരിച്ചു് രണ്ടു പേർ വന്നു സാധനങ്ങളെല്ലാം ഭദ്രമായി വണ്ടിയിൽ കയറ്റി പുതിയ വീട്ടിൽ കൊണ്ടുവന്നു് ഓരോന്നും വേണ്ട സ്ഥലങ്ങളിൽ വച്ചു തന്നു. ഞങ്ങൾക്കു് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നു മാത്രമല്ല വളരെ ന്യായമായ കൂലി മാത്രമെ അവർ ചോദിച്ചതുമുള്ളു. പുതിയ സ്ഥലത്തേക്കു താമസം മാറ്റിയതാണെങ്കിലും അമ്മയ്ക്കു് അന്നുതന്നെ അടുക്കളയിൽ പാചകം ചെയ്യാൻ കഴിഞ്ഞു എന്നുള്ളതു തന്നെ പണിക്കാരുടെ സഹകരണത്തിന്റെ ലക്ഷണമാണു്.

ഏതാണ്ടു് ഒമ്പതു മണി ആയപ്പോൾ അത്താഴം കഴിച്ചു മുറ്റത്തു് ഉലാത്തുകയായിരുന്നു ഞാൻ. അപ്പോൾ മുൻപിലത്തെ വഴിയിലൂടെ ആരോ ഉറക്കെ എന്തോ പറഞ്ഞുകൊണ്ടു വരുന്നതു കേട്ടു. മദ്യപിച്ചു് പറയുന്നതു വ്യക്തമല്ലാത്ത നിലയായിരുന്നെങ്കിലും ആരെയൊക്കെയോ ചീത്ത പറയുകയാണെന്നു തോന്നി. ആ പ്രദേശത്തുള്ളവരെ തീരെ പരിചയമില്ലാതിരുന്നതു കൊണ്ടു് ഞാൻ പോയി നോക്കിയില്ല. പക്ഷെ ഇതു് അടുത്ത ദിവസങ്ങളിലും തുടർന്നു. ഒരു ദിവസം, ചെറുതായി നിലാവു കണ്ടു തുടങ്ങിയപ്പോൾ ഒരാൾ വഴിയുടെ “വീതി അളന്നുകൊണ്ടു്” കടന്നു പോകുന്നതുകണ്ടു. പിന്നീടു് നല്ല നിലാവുള്ള ഒരു ദിവസം ഇതാരാണെന്നു പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. ശബ്ദം ദൂരെ നിന്നു കേട്ടപ്പോഴേ ഞാൻ ഗേറ്റിന്റെ അടുത്തു പോയി നിഴലത്തു നിന്നു. അയാൾ നടന്നടുത്തപ്പോൾ രൂപം പരിചിതമാണെന്നു തോന്നി. വീതി കുറഞ്ഞ വഴി ആയതിനാലും മരങ്ങൾക്കിടയിലൂടെ ചിതറി വരുന്ന നിലാവു മാത്രമായിരുന്നു വെളിച്ചം പകർന്നതു് എന്നതുകൊണ്ടും അടുത്തെത്തിയ ശേഷമാണു് ആളെ തിരിച്ചറിഞ്ഞതു്.

“അനീ!” ഞാൻ വിളിച്ചു.

അയാൾ പെട്ടെന്നവിടെ നിന്നു് എന്നെ സൂക്ഷിച്ചു നോക്കി.“അയ്യോ സാറോ!” എന്നല്ലാതൊരു ശബ്ദവും പിന്നെ അയാളുടെ വായിൽ നിന്നു വന്നില്ല. മദ്യത്തിന്റെ കെട്ടു് പകുതിയും വിട്ടതുപോലെ. അയാൾ കുറേക്കൂടി ഉറച്ച കാൽവയ്പോടെയെങ്കിലും ആടിയാടിത്തന്നെ മിണ്ടാതെ പോയി.

അടുത്ത ദിവസം അനി കോളജിൽ വന്നില്ല. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അനിയവിടെ നിൽക്കുന്നു, അമ്മയോടു സംസാരിച്ചുകൊണ്ടു്‌. ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അമ്മ പറഞ്ഞു:

“എടാ, ദേ ഇവൻ ഒരു നേന്ത്രക്കുല കൊണ്ടുവന്നു വെച്ചിരിക്കുന്നു. വേണ്ടെന്നു പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. നിന്റെ കോളജിലെ പ്യൂണാണെന്നു പറഞ്ഞു. നീ ഒത്തിരി സഹായിച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞു.”

അനിയെ ശകാരിക്കാൻ ഉദ്ദേശിച്ച എനിക്കു് പെട്ടെന്നു് എന്തു പറയണം എന്നറിഞ്ഞില്ല.

“ഇതു് ഞങ്ങടെ പറമ്പിൽ കൊലച്ചതാ സാറേ. സാറൊന്നും പറയണ്ട. എടുത്തു വെച്ചാട്ടെ. വറക്കാനും പഴുപ്പിക്കാനും എല്ലാത്തിനും നല്ലതാ. നാടനാ. ഒരു രാസവളോം ഇടാത്തതാ. നല്ല സ്വാദൊള്ളതാ സാറേ. സാറെന്നെ വഴക്കു പറയും എന്നെനിക്കറിയാം. അതു ഞാൻ കേട്ടോളാം. ഇപ്പൊ ഞാൻ പോട്ടേ സാറേ. അമ്മയ്ക്കു് കഷായം കൊടുക്കാൻ സമയമായി.”

എന്തു പറയണമെന്നു് ആലോചിക്കുമ്പോഴേക്കു് അനി അപ്രത്യക്ഷനായി. “പാവം ചെറുക്കൻ.” അമ്മ പറയുന്നതു കേട്ടു. “നിനക്കറിയുവോ, അവന്റെ അമ്മ തീരെ സുഖമില്ലാതെ കെടക്കുവാ. അവൻ മാത്രമേയുള്ളൂ കൂടെ. രണ്ടു പെങ്ങമ്മാരുള്ളതിനെ കെട്ടിച്ചു വിട്ടു. അവരാരും തിരിഞ്ഞുനോക്കുന്നില്ല. ഇവിടെ വന്നാത്തന്നെ ഒള്ളതു വല്ലതും കൈക്കലാക്കാനാണത്രെ അവരുടെ ശ്രമം.”

“അയാൾ വല്ലതും പറയുന്നതൊക്കെ അമ്മയങ്ങു വിശ്വസിച്ചോ? അതിലെത്ര നേരാണോ എന്തോ. അയാളൊരു പാവമായിട്ടാ ആദ്യമൊക്കെ എനിക്കും തോന്നിയെ. പക്ഷെ ഇന്നലെയാ ഞാൻ കണ്ടുപിടിച്ചെ അയാളാ ഇതിലേ രാത്രീൽ കള്ളും കുടിച്ചു് ചീത്തേം വിളിച്ചോണ്ടു പോകുന്നതെന്നു്. അതുകൊണ്ടായിരിക്കും അയാളിന്നു് കോളജിൽ വരാഞ്ഞതും വാഴക്കൊല കൊണ്ടുവന്നു തന്നതുമൊക്കെ. ചെലപ്പൊ കള്ളം പറഞ്ഞതായിരിക്കും, അമ്മേടെ സിമ്പതി കിട്ടാൻ.”

“എന്തോ, എനിക്കങ്ങനെ തോന്നുന്നില്ലെടാ. അവൻ കള്ളുകുടിക്കുന്നുണ്ടായിരിക്കും, പ\-ക്ഷെ ആളു പാവമാ. അവനെ എന്തോ ഒത്തിരി വെഷമിപ്പിക്കുന്നുണ്ടു്‌. ങാ, അതു പോട്ടെ. നീ വന്നു കാപ്പി കുടിക്കു്.” എന്നു പറഞ്ഞു് അമ്മ അകത്തേക്കു് കയറിപ്പോയി. അമ്മയ്ക്കു് ആളുകളെ വിലയിരുത്തുന്നതിൽ സവിശേഷ കഴിവാണു്. ആദ്യമായി കാണുന്നവരേപ്പോലും അമ്മ വിലയിരുത്തുന്നതു്‌ വളരെ ശരിയായിട്ടാണെന്നു പലപ്പോഴും അനുഭവം തെളിയിച്ചിട്ടുണ്ടു്‌. അതുകൊണ്ടു്‌ ഞാൻ പിന്നെയൊന്നും പറഞ്ഞില്ല.

അന്നും രാത്രിയിൽ അനിയുടെ ചീത്തവിളി ദൂരെ കേട്ടു. പക്ഷെ എന്റെ താമസസ്ഥലത്തിനു വളരെ മുമ്പുതന്നെ അയാൾ നിശ്ശബ്ദനായി. ഇതൊഴിച്ചാൽ അനിയുടെ പതിവു കാര്യങ്ങളിൽ മറ്റൊരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

എനിക്കു് ചെടികൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമാണു്. വെണ്ട, ചീര, പാവൽ തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും ഞാൻ പറമ്പിൽ നടാറുണ്ടു്‌. അതിൽനിന്നുള്ള ഫലങ്ങൾ ഉപയോഗിക്കാൻ വേണ്ടിയല്ല. ഒരു സന്തോഷം എന്നുമാത്രം. ചെടികൾ വളർന്നുവരുന്നതു കാണുന്നതിലും അവയെ പരിരക്ഷിക്കുന്നതിലും തന്നെ എനിക്കു് വലിയ സന്തോഷം കണ്ടെത്താനായി. പല ദിവസങ്ങളിലും വൈകുന്നേരത്തും അവധിദിവസങ്ങളിൽ കാലത്തും മറ്റും ഞാൻ പറമ്പിൽ പണിയെടുക്കാറുണ്ടു്‌. അങ്ങനെ ഒരു ഞായറാഴ്ച കാലത്തു് ചീരയുടെ തൈകൾ പറിച്ചുനടാൻ തടമെടുക്കുമ്പോഴാണു് അനിയെ പിന്നീടു് കാണുന്നതു്‌. വാഴക്കുല കൊണ്ടുവന്നതിനു ശേഷം മൂന്നാഴ്ചയോളം കഴിഞ്ഞിരിക്കും.

“അങ്ങനെ പോര സാറേ. മണ്ണു നല്ലോണ്ണം എളകണം. എന്നിട്ടു കൊറച്ചു് ചാണകപ്പൊടീം ചാരോമൊക്കെ ചേർത്തുവെച്ചാ നല്ലോണ്ണം വളരും.” എന്നു പറഞ്ഞുകൊണ്ടാണു് പ്രത്യക്ഷപ്പെട്ടതു്.

“ഓ വന്നോ പിന്നേം. എവിടെയായിരുന്നു കൊറച്ചു നാളായിട്ടു്? ഇപ്പൊ കടമൊന്നും വേണ്ടേ? അതോ കള്ളുകുടിക്കാൻ വേറെ വരുമാനം വല്ലതും കിട്ടിയോ?” എന്തുകൊണ്ടോ എന്റെ ദേഷ്യമൊക്ക കുറേ പോയിരുന്നു.

“ഞാനെവടെ പോകാനാ സാറേ. സാറിപ്പൊ ആ മമ്മട്ടിയിങ്ങു താ. ഞാൻ ശരിയാക്കിത്തരാം.” എന്റെ ചോദ്യങ്ങൾ കേട്ടില്ല എന്ന മട്ടിലായിരുന്നു കക്ഷിയുടെ മറുപടി.

“വേണ്ട. ഇതെനിക്കു തന്നെ ചെയ്യണം. എന്തു നടാനാന്നാ അനിയുടെ വിചാരം?”

“ആ ചീരത്തൈകൾ പറിച്ചു നടാനല്ലേ? ഞാൻ കണ്ടു ചട്ടിയിൽ പൊടിച്ചു നിക്കുന്നതു്‌. രണ്ടുമൂന്നു ദിവസം മുമ്പേ പറിച്ചു നടാമായിരുന്നു. സാറു വെട്ടീട്ടു മണ്ണിൽ വെട്ടേശുന്നില്ല. ഇതൊക്കെ ഞങ്ങളേപ്പോലൊള്ളവർക്കു് പറഞ്ഞിരിക്കുന്ന പണിയാ. ഞാൻ ചെയ്തു തരാം.”

“ഞാൻ ചെയ്താലും പറ്റുമോന്നു നോക്കട്ടെ. ദാ കണ്ടോ, ആ വെണ്ടേം പാവലും മൊളകുമൊക്കെ ഞാൻ തന്നെ വെച്ചതാ.” ഞാൻ അഭിമാനത്തോടെ പറഞ്ഞു.

“സാറെന്റെ വീട്ടി വന്നു നോക്കു് എങ്ങനെയാ നിക്കുന്നേന്നു്. എന്നിട്ടു പറഞ്ഞോ.”

“ങാഹാ നീയോ. ഞാനോർത്തു ആരാന്നു്.” അതു് അമ്മയായിരുന്നു. പതിവായി കാണുന്ന ഒരാളിനോടെന്നപോലെയായിരുന്നു അമ്മയുടെ സംസാരം. അമ്മയങ്ങനെയാണു്. ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരടുത്ത സുഹൃത്തിനെയോ മക്കളെയോ പോലെയാണു് അമ്മയുടെ പെരുമാറ്റം. “നീയിങ്ങു വന്നേ. എടാ നീയും കൈയും കാലും കഴുകീട്ടു വന്നിട്ടു് ആഹാരം കഴിക്കു്. പിന്നെയാവാം കെളക്കലും പിടിക്കലുമൊക്കെ.” അവസാനത്തെ ഭാഗം എന്നോടായിരുന്നു. അമ്മയ്ക്കറിയാം ഞാനീ പണിയിൽ മുഴുകിപ്പോയ്ക്കഴിഞ്ഞാൽ പിന്നെ ഉച്ചയാവും വിശപ്പറിയാൻ എന്നു്. അനി വന്നതുമൂലം ഉണ്ടായ ഡിസ്ട്രാക്‌ഷനും അമ്മയുടെ വിളിയും കൂടിയായപ്പോൾ ഞാൻ തൽക്കാലം പണി നിർത്താൻ തീരുമാനിച്ചു.

ഞാൻ കൈയും കാലും കഴുകി അകത്തേയ്ക്കു് ചെന്നപ്പോൾ അമ്മ മേശപ്പുറത്തേക്കു് ആഹാരം കൊണ്ടുവരികയായിരുന്നു. ഞാൻ മേശക്കരികിൽ ഇരുന്നിട്ടു് അമ്മയോടു ചോദിച്ചു അനി എവിടെ എന്നു്.

“സാധനങ്ങൾ പായ്ക്കു് ചെയ്തു കൊണ്ടുവന്ന കാഡ്ബോഡ്‌ പെട്ടികളൊക്കെ അവിടെ കെടക്കുവാ. എല്ലാമൊന്നു വൃത്തിയാക്കാൻ പറഞ്ഞു. നിന്നോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. എത്ര നാളായി അവിടെത്തന്നെ കെടക്കുന്നു.” അമ്മയ്ക്കു് മറ്റൊരു മകനെ കിട്ടിയതുപോലെയായിരുന്നു. എന്നിട്ടു് “എടാ അനീ, ഇങ്ങു വാ.” എന്നു പറഞ്ഞുകൊണ്ടു്‌ അടുക്കള ഭാഗത്തേയ്ക്കു് പോയി.

“എന്താ അമ്മച്ചീ?” എന്നു ചോദിച്ചുകൊണ്ടു്‌ അനി അടുക്കളയിലെത്തി.

“വാ, നീയും വന്നു വല്ലോം കഴിക്കു്. എന്നിട്ടു മതി ബാക്കി പണി.” അമ്മ പറഞ്ഞു.

“അയ്യോ അമ്മച്ചീ, എനിക്കൊന്നും വേണ്ട. ഞാൻ കഴിച്ചിട്ടാ വന്നെ.” അനി പറഞ്ഞു.

“ഞാൻ നിന്നോടു് ചോദിച്ചില്ലല്ലോ. വന്നു വല്ലതും കഴിക്കു ചെറുക്കാ. പട്ടിണി കെടന്നു് പണിയെടുത്തിട്ടു് ഒരു കാര്യോമില്ല.”

അനി ഒന്നും പറഞ്ഞില്ല. അമ്മ അനിയേയും കൂട്ടി ഡൈനിങ്ങു് റൂമിലേക്കു് വന്നു. അനിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു. അയാൾ എന്റെ മുഖത്തേക്കു് നോക്കുന്നതേയില്ല. അയാൾ യഥാർത്ഥത്തിൽ ഒന്നും കഴിച്ചിട്ടില്ല എന്നും അമ്മ അതു്‌ കണ്ടുപിടിച്ചതിലുള്ള അത്ഭുതവും എന്റെ മുന്നിൽ അതു സമ്മതിക്കേണ്ടി വന്നതിലുള്ള ചമ്മലും അയാളുടെ മനസിൽ സംഘർഷം സൃഷ്ടിക്കുന്നു എന്നും മുഖം കണ്ടപ്പോൾ എനിക്കു തോന്നി.

അമ്മ എനിക്കരികിലായി അനിക്കും ഇഡ്ഡലി വിളമ്പി. അനി ആ പ്ലേറ്റുമെടുത്തുകൊണ്ടു്‌ വീടിന്റെ പുറകിലേക്കു് പോകാനൊരുങ്ങി.

“നീയതെടുത്തോണ്ടു്‌ എങ്ങോട്ടു പോകുവാ? അവിടെയിരുന്നു കഴിക്കു്.” അമ്മ പറഞ്ഞു.

“അയ്യോ, സാറിനോടൊപ്പമിരുന്നു ഞാനെങ്ങനെ കഴിക്കും? അതു വേണ്ട. ഞാനപ്പുറത്തിരുന്നു കഴിച്ചോളാം.” അനി പറഞ്ഞു.

“ഞാൻ കടിക്കുന്ന ജന്തുവൊന്നുമല്ല കേട്ടോ. ഒരു പാവം മനുഷ്യനാ.” ഞാൻ പറഞ്ഞു.

“അങ്ങനെയല്ല സാർ, ഞങ്ങളങ്ങനെയൊന്നും ശീലിച്ചിട്ടില്ല. ഞാനപ്പറത്തിരുന്നു കഴിച്ചോളാം.”

“ഇരിയെടാ അവടെ.” അതു് അമ്മയുടെ വക. “ഞാനൊന്നു നോക്കട്ടെ എന്തു സംഭവിക്കുമെന്നു്.”

അനി നിശ്ശബ്ദനായി അടുത്തുള്ള കസേരയിലിരുന്നു് ഇഡ്ഢലി തിന്നു. അമ്മ അനിയേക്കൊണ്ടു്‌ ആറോ ഏഴോ എണ്ണം തീറ്റിച്ചു. അനി മുഖമുയർത്തി നോക്കിയതുപോലുമില്ല. അനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നതു്‌ ചമ്മന്തിയുടെ എരിവു കാരണമായിരുന്നു എന്നെനിക്കു തോന്നിയില്ല. അമ്മ പറഞ്ഞതുപോലെ ആളൊരു സാധുവാണെന്നു തോന്നി.

ഈ സംഭവത്തോടെ അനി അമ്മയുടെ ഒരാരാധകനായി മാറി. അവരുടെ പറമ്പിൽ നിന്നു് കപ്പ, ചേന, ചീര, കായ്‌ എന്നിങ്ങനെ പലതും അമ്മയുടെ അടുക്കളയിലെത്തി. സാധനങ്ങൾ വാങ്ങിക്കൊണ്ടുവരിക തുടങ്ങി ഞാൻ ചെയ്തിരുന്ന പല ജോലികളും അനി ഏറ്റെടുത്തു. എനിക്കു കോളജിലെ ലൈബ്രറിയിലും നാട്ടിലെ വായനശാലയിലും ഒക്കെ ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടി. അമ്മ അനിക്കു് പണവും കൊടുക്കുമായിരുന്നു എന്നു തോന്നുന്നു. പക്ഷെ രാത്രിയിലുള്ള കുടിയും ചീത്തവിളിയും മാത്രം മാറിയില്ല. ഞങ്ങളുടെ വീടെത്തുന്നതിനു വളരെ മുൻപുതന്നെ ശബ്ദം നിലയ്ക്കും എന്നുമാത്രം.

അങ്ങനെയുള്ള അനിയുടെ അമ്മയ്ക്കു് അസുഖം കൂടുതലാണെന്നറിഞ്ഞാൽ എനിക്കു പോകാതിരിക്കാൻ കഴിയുമോ?

ഞാനാദ്യമായാണു് അനിയുടെ വീട്ടിൽ പോകുന്നതു്. അനി വീട്ടിലെ സ്ഥിരം സന്ദർശകനാവുകയും അമ്മയ്ക്കൊരു മകനേപ്പോലെ ആയിത്തീരുകയും ചെയ്തിരുന്നു എങ്കിലും ഞാനൊരിക്കലും അവിടെ പോയില്ല. അനി വിളിച്ചുമില്ല. അനിയെ ഞാനറിയുന്ന കാലം തൊട്ടു് അയാളുടെ അമ്മ സുഖമില്ലാതെ കിടപ്പാണു്. രോഗസ്ഥിതിയിൽ വലിയ മാറ്റമൊന്നും ഉണ്ടാകാതിരുന്നതിനാൽ പോയി കാണാൻ ഇതുവരെ വിശേഷിച്ചൊരു കാരണമുണ്ടായില്ല. സാധാരണഗതിയിൽ അമ്മ പറയുന്നതാണു്, ‘എടാ, നീയവിടം വരെ ഒന്നു പോയി നോക്കീട്ടു വാ’ എന്നു്. അതും ഉണ്ടായില്ല. ഇന്നുതന്നെ ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. “ദൈവമേ, അവരെ കഷ്ടപ്പെടുത്തരുതേ” എന്നൊരു മനോഗതം മാത്രം.

നേരം സന്ധ്യയോടടുക്കുന്നതേയുള്ളൂ. രാത്രിയിൽ അനി മദ്യപിച്ചുകൊണ്ടു പോകുന്ന ദിശയിൽ ഞാൻ ആദ്യമായി നടന്നപ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. വാസ്തവത്തിൽ ജോസഫ്‌ വന്നു വിളിച്ചപ്പോൾതന്നെ മനസ്സിൽ ഉദിച്ചതാണു്. ഓരോ നിമിഷം കഴിയുംതോറും അതു്‌ ശക്തിയാർജ്ജിച്ചുവന്നു. എന്തുണ്ടാകാം എന്നാലോചിച്ചിട്ടു് പരിഭ്രമിക്കാൻ ഒരു കാര്യവും കണ്ടില്ല. പക്ഷെ ആ പരിഭ്രമം മനസിൽനിന്നു മാറ്റാനും കഴിഞ്ഞില്ല.

ഞാൻ താമസിക്കുന്ന വീട്ടിൽനിന്നു് മൂന്നാലു പറമ്പുകൾക്കപ്പുറം ഒരു ചെറിയ പടിപ്പുര കടന്നു ജോസഫ്‌ നടന്നു. പുറകെ ഞാനും. പടിപ്പുരയിൽനിന്നു് ഏതാണ്ടു്‌ മുപ്പതടി ദൂരത്തിൽ ഒരു പഴയ വീടു്. പണ്ടു്‌ ഓടു മേഞ്ഞതായിരുന്നിരിക്കണം. കുറേ ഭാഗത്തു്‌ ഇപ്പോൾ ഓലയാണു്. മുന്നിലെ വരാന്തയിലേക്കു കയറി ജോസഫ്‌ ചോദിച്ചു,

“ഇവിടെയാരുമില്ലേ?”

ഉള്ളിലെ ഇരുട്ടിൽ അനക്കം കേട്ടു. ചെവിയിൽ വലിയ വളയങ്ങളണിഞ്ഞ ഒരു സ്ത്രീ പുറത്തേക്കു വന്നു. പ്രായമായ ഒരു മുസ്ലിം സ്ത്രീ. കാഴ്ച മങ്ങിയിട്ടുണ്ടു്‌. ജോസഫിനെ സൂക്ഷിച്ചു നോക്കി.

“സാറാണോ. അവനിവിടെയില്ല.” എന്നു പറഞ്ഞു. അപ്പോഴാണവർ എന്നെ ശ്രദ്ധിച്ചതു്. അവരെന്നെയും സൂക്ഷിച്ചു നോക്കി. രണ്ടു നിമിഷമെടുത്തു മനസിലാകാൻ.

“അയ്യോ, സാറുമുണ്ടോ! ഇങ്ങോട്ടിരുന്നാട്ടെ. ഞാനൊരു സ്റ്റൂളെടുത്തോണ്ടു വരാം.” എന്നു പറഞ്ഞു് അവർ അകത്തോട്ടു പോകാനൊരുങ്ങി. ജോസഫ്‌ അവരെ വിലക്കി. ഞാനവരെ കണ്ടിട്ടേയില്ല. പക്ഷെ അവർക്കെന്നെ മനസിലായിരിക്കുന്നു. എനിക്കതുതന്നെ ഒരത്ഭുതമായി.

“അതൊന്നും വേണ്ടുമ്മ. എങ്ങനൊണ്ടിപ്പൊ?”

“ഒരു ബോധോമില്ലാണ്ടു്‌ കെടക്കുവാ സാറേ. വായിക്കൂടാ ശ്വാസം വിടുന്നെ. എടക്കെടയ്ക്കു് കണ്ണീന്നു് വെള്ളോം വന്നോണ്ടിരുന്നു. ഇപ്പൊ അതുമില്ല. ഇതുവരെ അപ്പറത്തെ മറിയാമ്മ ഒണ്ടായിരുന്നു. ഞാൻ വന്നപ്പൊ അവർ പോയി. വേണങ്കി പിന്നെ വരാംന്നു് പറഞ്ഞു. ആ ചെറുക്കൻ വരുന്നതുവരെ ഞാനിരിക്കാംന്നു വിചാരിച്ചു. പിന്ന അവരടെ ആളുകളൊക്കെ എത്തുവല്ലൊ.”

“എടാ വാ. നമുക്കൊന്നു കേറി കാണാം.” എന്നു പറഞ്ഞു് ജോസഫ്‌ അകത്തേയ്ക്കു് കടന്നു. പിന്നാലെ ഞാനും.

മുറിയിൽ ഒരു റാന്തലിന്റെ വെളിച്ചം മാത്രം. ഒരു കട്ടിലിൽ വിരിച്ച പായിൽ ശോഷിച്ചു് എല്ലും തോലും മാത്രമായ ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മുഖം കണ്ടാൽ പേടിയാകും. ഒരു തലയോട്ടി പോലെ. കുഴിഞ്ഞ കണ്ണുകളും പകുതി തുറന്ന വായിലെ ദ്രവിച്ച പല്ലുകളും റാന്തൽ വീശുന്ന നിഴലുകളും കൂടിയായപ്പോൾ എനിക്കു നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ആരായാലും ഒരു ദിവസം ഈ നിലയിൽ ആയിക്കൂടെന്നില്ല. എന്നിട്ടും ആരോഗ്യമുള്ളപ്പോൾ എന്താണു് ചിലരുടെ അഹങ്കാരം!

ഞാനാ മുറിക്കുചുറ്റും ഒന്നു കണ്ണോടിച്ചു. വീടു നോക്കാൻ ആരുമില്ലാത്തതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടു്. മാറാലയടിച്ചിട്ടു് മാസങ്ങൾ കഴിഞ്ഞിരിക്കണം. തടികൊണ്ടുണ്ടാക്കിയ ഒരു പഴയ അലമാരി. ഒരു പൊക്കമുള്ള സ്റ്റൂളിന്റെ പുറത്തു് റാന്തൽ. കട്ടിലിനു സമീപം മറ്റൊരു സ്റ്റൂൾ. അതിലായിരിക്കണം ഉമ്മ ഇരുന്നിരുന്നതു്. അകത്തേയ്ക്കു് രണ്ടു വാതിലുകൾ. അവയിലൊന്നു് അടച്ചിട്ടിരിക്കുന്നു. മറ്റേ വാതിലിൽ കൂടി ഇരുട്ടു മാത്രം കാണാം.

“ഉമ്മാ, ഞങ്ങൾ പോയിട്ടുവരാം. ഞാനിവിടെയുണ്ടാകും. അവരൊക്കെ എത്തുമ്പോൾ ഞാനുണ്ടായേ പറ്റൂ.” ജോസഫ്‌ പറയുന്നതു കേട്ടു.

“അള്ളാ, ഓരെ കഷ്ടപ്പെടുത്താണ്ടെയങ്ങു് എടുത്തോണ്ടാൽ മതിയാർന്നു. ഇന്നിനി എന്തൊക്കെ പുഹിലാണോ നടക്കാൻ പോണതു്!”

“നിങ്ങൾ വെഷമിക്കാണ്ടിരി. അവനെത്തുമ്പോഴേക്കു് ഞാനും വരും. വാടാ, നമുക്കിറങ്ങാം.” എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി. പുറകെ ഞാനും.

ജോസഫ്‌ ആകപ്പാടെ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. പടി കടന്നപ്പോൾ ഞാൻ ചോദിച്ചു,

“എന്താ ജോസഫേ അവരങ്ങനെയൊക്കെ പറഞ്ഞെ? എന്തു പുഹിലാ ഉണ്ടാകാൻ പോകുന്നെ?”

കുറച്ചു നേരത്തേക്കു് ജോസഫ്‌ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു:

“എടാ, നിനക്കറിയാൻ വയ്യാത്ത ചില കാര്യങ്ങളുണ്ടു്‌. ഇനിയിപ്പൊ നീയതൊക്കെ അറിഞ്ഞേ പറ്റൂ. ഞാൻ പറയുന്നതു്‌ ശ്രദ്ധിച്ചു കേൾക്കു്. നിന്റെ ബുദ്ധിയിൽ വല്ലതും ഉദിച്ചാൽ ഒരു പക്ഷെ അതു്‌ സഹായകമാകും.”

“അനിക്കു് മൂന്നു പെങ്ങമ്മാരാണുള്ളതു്. നീ രണ്ടു പേരേപ്പറ്റിയല്ലേ കേട്ടിട്ടുള്ളൂ. അവർ അനിയുടെ മൂത്തതാണു്. രണ്ടുപേരെയും അനിയുടെ അച്ഛനുണ്ടായിരുന്നപ്പോൾ കെട്ടിച്ചു വിട്ടതാണു്. മൂന്നാമത്തവൾ അനിയുടെ ഇളയതാണു്. അവളും അനിയും തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ടു്‌. അവർക്കിടയിൽ ഒരു കുട്ടി ജനിച്ച ഉടനെ തന്നെ മരിച്ചു പോയിരുന്നു. അനി അവളെ കുട്ടിക്കാലത്തു്‌ എടുത്തുകൊണ്ടു്‌ നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവനു് അനിയത്തിയും അവൾക്കു് അവനും ജീവനായിരുന്നു. അവൾ പഠിക്കാൻ സമർത്ഥയായിരുന്നു. നല്ല മാർക്കുവാങ്ങി പ്രീഡിഗ്രി പാസായി. ഡോക്ടറാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. മെഡിസിൻ എൻട്രൻസിനു സാമാന്യം നല്ല റാങ്കുണ്ടായിരുന്നു. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ അഡ്‍മിഷൻ കിട്ടി. മൂത്ത രണ്ടു പെണ്മക്കളെയും കെട്ടിച്ചു് അയച്ചപ്പോൾത്തന്നെ അവരുടെ അച്ഛനു് സാൻപത്തികമായി കഷ്ടപ്പാടായെങ്കിലും മകൾ ഡോക്ടറായി കാണാനുള്ള ആഗ്രഹം കൊണ്ടു്‌ അങ്ങേർ എങ്ങനെയൊക്കെയോ പണം കണ്ടുപിടിച്ചു. ഫർണിച്ചറുണ്ടാക്കി വിൽക്കുകയും മറ്റുമായിരുന്നു അങ്ങേരുടെ പണി. അനി പഠിക്കുന്നതിനു മോശമായിരുന്നതു കൊണ്ടാവാം അവനും പണിയെടുത്തു കാശുണ്ടാക്കി അവളെ പഠിക്കാൻ സഹായിച്ചു. അവനാണു് തിരുവനന്തപുരത്തു പോയി അവളെ കാണുകയും പണം കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നതു്‌. അനി വിവാഹം കഴിക്കാതിരുന്നതു്‌ അനിയത്തിയുടെ വിവാഹം കഴിഞ്ഞു മതി എന്നു പറഞ്ഞാണു്. എന്നാൽ അവന്റെ ചേച്ചിമാർക്കു് അവരുടെ അച്ഛനമ്മമാർ അനിയത്തിക്കു് കൊടുത്തിരുന്ന അധിക വാത്സല്യം തീരെ ഇഷ്ടമായിരുന്നില്ല.”

ഇതിനിടെ ഞങ്ങൾ നടന്നു് എന്റെ വീട്ടിലെത്തി. ഞങ്ങൾ അകത്തു കയറി മുൻവശത്തെ മുറിയിലിരുന്നു. മുൻപിൽ അഴിയിട്ട ഒരു വരാന്തയായിരുന്നു അതു്. ആ നാട്ടിൽ ആരും മുൻപിലത്തെ വാതിൽ അടച്ചിടുന്ന പതിവില്ലാതിരുന്നതിനാൽ കതകു തുറക്കാൻ എനിക്കു് അമ്മയെ വിളിക്കേണ്ടി വന്നില്ല. അവിടെയിരുന്നാൽ വഴിയെ പോകുന്നവരെ കാണാം എന്നും അനിയോ മറ്റു ബന്ധുക്കളോ വരുന്നെങ്കിൽ അറിയാമെന്നും ജോസഫ്‌ പറഞ്ഞതനുസരിച്ചു് അവിടെയിരുന്നു് സംസാരം തുടർന്നു.

“ഏതാണ്ടു്‌ രണ്ടുകൊല്ലം മുൻപു് ഒരു ദിവസം അവൾ മടങ്ങിവന്നു് വീട്ടിലിരുപ്പായി. ആഹാരമൊന്നും ചൊവ്വേനേരെ കഴിക്കുന്നുമില്ല, ആരെന്തു ചോദിച്ചാലും കരച്ചിലും. വീട്ടുകാരൊക്കെ വലിയ വിഷമത്തിലായി. അവളുടെ ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരുമൊക്കെ വന്നു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. എങ്കിലും അവളുടെ വായിൽ നിന്നു് ഒന്നും വന്നില്ല. എന്തെങ്കിലും അബദ്ധം പറ്റി അവൾ ഗർഭം ധരിക്കുകയോ മറ്റോ ചെയ്തിരിക്കും എന്നാണു് എല്ലാവരും വിചാരിച്ചതു്. പക്ഷെ അവളതു വളരെ ശക്തമായിത്തന്നെ നിഷേധിച്ചു.

“ഒടുവിൽ ഒരു ദിവസം അനി എന്റെ വീട്ടിൽ വന്നു വിവരങ്ങളൊക്കെ പറഞ്ഞു. ഞാനപ്പൊത്തന്നെ അവന്റെ കൂടെ പോയി. അവരുടെ വീട്ടിലിരുന്നു് അവളോടു് സംസാരിക്കാൻ ശ്രമിച്ചപ്പോൾ എനിക്കു മനസിലായി മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു്. ഞാനവളെയും കൂട്ടി ഇവിടെ വന്നു. അന്നു് ഈ വീടു് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങളിവിടെയിരുന്നു, ഇതുപോലെ. ഈ കസേരയൊക്കെ ഇവിടെത്തന്നെ കിടന്നിരുന്നു. എന്നിട്ടും കുറേ നേരം അവളൊന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ എന്തു ചെയ്യണമെന്നറിയാൻ വയ്യ. ഹൊ, അതുപോലൊരു അനുഭവം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഒടുവിൽ ഞാൻ പറഞ്ഞു, ‘മോളേ, പ്രശ്നമെന്താണെങ്കിലും പറ, ഞാനതിനു പരിഹാരമുണ്ടാക്കിത്തരാം’ എന്നു്. എന്നിട്ടും അവളൊന്നും പറഞ്ഞില്ല. അവസാനം ഞാൻ ശകാരിക്കുകയും, ഞാനും പൊയ്ക്കളയും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണു് അവൾ പറയാൻ തയാറായതു്. പക്ഷെ അവൾ പറയുന്നതു കേട്ടപ്പോൾ എനിക്കും എന്തു ചെയ്യണമെന്നു് അറിയാൻ വയ്യാതായി.”

ജോസഫ്‌ നിർത്തി. ഒരിഫക്ടിനു വേണ്ടിയല്ല എന്നു വ്യക്തം. അയാളെ ഇത്ര വികാരഭരിതനായി ഞാൻ കണ്ടിട്ടില്ല.

“പിള്ളേരേ നിങ്ങൾക്കു് കാപ്പിയോ ചായയോ വല്ലതും വേണോ?” അകത്തുനിന്നു് അമ്മയുടെ ശബ്ദം.

“എന്താ അമ്മേ, ജലദോഷം പിടിച്ചോ? അമ്മയുടെ ശബ്ദം മാറിയിരിക്കുന്നു?” ഞാൻ ചോദിച്ചു.

“നിന്റെയീ പഴയ പുസ്തകങ്ങളൊക്കെ അടുക്കി വെച്ചതിന്റെയാ.” അമ്മ പറഞ്ഞു.

“അതൊക്കെ കഴിഞ്ഞയാഴ്ചയല്ലേ അമ്മേ പൊടി തട്ടി വെച്ചതു്? എന്തിനാ പിന്നെയും അതൊക്കെ എടുത്തു്‌ അടുക്കാൻ പോയതു്?” ഞാൻ ചോദിച്ചു.

“അമ്മച്ചീ, കാപ്പി കിട്ടിയാൽ സന്തോഷം.” ജോസഫ്‌ പറഞ്ഞു.

അമ്മ അടുക്കളയിലേക്കു പോകുന്ന ശബ്ദം കേട്ടു. വീണ്ടും മൗനം.

“എന്താണു് ആ കുട്ടി പറഞ്ഞതു്?” ഞാൻ ചോദിചൂ.

“അവൾക്കു് എയ്ഡ്സാണെന്നു്!” ജോസഫ്‌ പതുക്കെ പറഞ്ഞു.

അതുകേട്ടു് ഞാൻ സ്തബ്ദനായിപ്പോയി.

ആ മഹാരോഗം വന്ന ആരെയും എനിക്കറിയില്ല. സാവധാനമുള്ള മരണം. വർഷങ്ങൾ കൊണ്ടു്‌ ശരീരവും മനസും ഇല്ലാതാകുന്ന പ്രക്രിയ. അതിനെ ഒരാൾ എങ്ങനെ നേരിടുമെന്നു് എനിക്കൊരു രൂപവുമില്ല. അതിനുമപ്പുറം സമൂഹത്തിന്റെ പുച്ഛവും വെറുപ്പും ഭയവും. അതായിരിക്കും ഏറ്റവും വേദനാജനകം. വീട്ടുകാർ പോലും അടുത്തുവരാൻ മടിക്കുന്ന അവസ്ഥ. ഇടയ്ക്കു് മാധ്യമങ്ങളിൽക്കൂടി ഈ ഹതഭാഗ്യരേപ്പറ്റി വായിച്ചുള്ള അറിവേ എനിക്കുള്ളൂ. അപ്പോഴും എനിക്കോ എന്റെ അടുത്തവർക്കാർക്കെങ്കിലുമോ ഇങ്ങനത്തെ അവസ്ഥയുണ്ടായാൽ എന്തായിരിക്കും എന്റെ പ്രതികരണം എന്നു ഞാനാലോചിച്ചില്ല. ഒരു സിനിമയിൽ കാണുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പ്രതികരണമേ എനിക്കുണ്ടായുള്ളൂ. അവരുടെ അവസ്ഥയിൽ ദുഖം തോന്നി. ഒരുതരം എമ്പതിയും. പക്ഷെ സിനിമ കണ്ടുകഴിഞ്ഞു് നമ്മുടെ ജീവിതത്തിലേക്കു് തിരികെ വരുമ്പോൾ സിനിമയിൽ കണ്ടതെല്ലാം മറക്കുന്നതുപോലെ ഞാനും അതൊക്കെ മറന്നു. മറ്റേതോ ലോകത്തിലേതെന്നപോലെ എയ്ഡ്സ്‌ രോഗികളുടെ കാര്യം മനസിന്റെ ഉള്ളറകളിലേക്കു് ഒതുങ്ങി. ഇപ്പോഴിതാ അപ്രതീക്ഷിതമായി ആ പ്രശ്നം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിലെ നിമിഷനേരം മാത്രം തെളിയുന്ന രൂപമായിട്ടല്ല. മജ്ജയും മാംസവുമുള്ള മനുഷ്യരായി. അനി എന്റെ ബന്ധുവല്ല. അനിയുടെ അനിയത്തിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ പത്രത്തിൽ വായിച്ച ഏതോ ഒരാളിനേപ്പോലെയല്ല അവർ. അനി എന്റെ ഒരു സുഹൃത്തിനേപ്പോലെ ആയിത്തീർന്നിരിക്കുന്നു. അമ്മയ്ക്കു് മറ്റൊരു മകനും. അയാളുടെ അനിയത്തിയ്ക്കു് ഇങ്ങനെയൊരവസ്ഥ വന്നു എന്നു കേട്ടപ്പോൾ, ഞാനാ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും, മനസിൽ ഒരു വിങ്ങൽ.

ഞാനീ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ജോസഫ്‌ പറയുന്നതു കേട്ടു, “ആരോ വഴിയേ നടന്നു വരുന്നുണ്ടു്‌. അവരായിരിക്കും.” അയാൾ എണീറ്റ്‌ ഗേറ്റിനു സമീപത്തേക്കു് നടന്നു. ഇരുട്ടു് പടർന്നു കഴിഞ്ഞിരുന്നു. വീടിനു പുറത്തുള്ള ലൈറ്റ്‌ ഇട്ടിട്ടു് ഞാനും ജോസഫിന്റെ പുറകെ പോയി.

ഞാൻ ജോസഫിന്റെ സമീപത്തു്‌ എത്തിയപ്പോഴേക്കു് വഴിയെ നടന്നു വന്നവർ ഗേറ്റിനു സമീപമെത്തിയിരുന്നു. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടു്‌. കുട്ടികൾക്കു് അഞ്ചോ ആറോ വയസിലധികം പ്രായമുണ്ടാവില്ല. അനിയുടെ ചേച്ചിമാരും കുടുംബങ്ങളും ആയിരിക്കണം. അവർ ഞങ്ങളെ കണ്ടിട്ടു് നിന്നു. പാന്റും ഷർട്ടും ധരിച്ച ഒരു പുരുഷൻ ചോദിച്ചു, “ജോസഫ്‌ സാറല്ലേ?”

“അതെ. എന്താ വൈകിയതു്?”

മറുപടി പറഞ്ഞതു് അൽപം തടിച്ചു് പൊക്കം കുറഞ്ഞ ഒരു സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. “സാറിന്റെ ഫോൺ കിട്ടിയപ്പത്തന്നെ എറങ്ങിയതാ. പിള്ളേരേം തയാറാക്കി എറങ്ങണ്ടേ. പിന്നെ കൊറച്ചു് കാശും വേണ്ടേ. ഇതിയാൻ കടേമടച്ചു് കാശും ശരിയാക്കി വന്നപ്പൊ കൊറച്ചു് സമയമായി. എന്നിട്ടു് യെവളുടെ വീട്ടിലും പോയേച്ചല്ലായോ വന്നെ. അല്ലേലും ഓടിപ്പിടിച്ചിങ്ങു് വന്നിട്ടു് എന്നായെടുക്കാനാ. അവനില്ല്യോ ഇവിടെ. പോരാത്തേനു് രാത്രീമായി. ഇനിയിപ്പൊ നാളെയല്ലേ സെമിത്തേരീലോട്ടു് എടുക്കാനൊക്കൂ. അച്ചനോ വല്ലോം വന്നാരുന്നോ?”

“അച്ചനോടു് പറഞ്ഞിട്ടൊണ്ടു്‌. വന്നോളും. നിങ്ങളങ്ങോട്ടു ചെല്ലു്. അവരു് ചത്തിട്ടില്ല.”

“ചത്തില്ലേ? ഞാനോർത്തു നേരത്തേ തീർന്നിട്ടൊണ്ടാവുമെന്നു്. ഞാൻപറഞ്ഞതാ അത്താഴത്തിനു വല്ലോം മേടിച്ചോണ്ടു വന്നാ മതിയെന്നു്. അപ്പൊ എല്ലാർക്കും എന്നാ വെപ്രാളമായിരുന്നു.”

മറ്റേ സ്ത്രീ ഒന്നും മിണ്ടാതെ നിന്നു. അവർ സാരിയാണു് ഉടുത്തിരുന്നതു്. സഹോദരിയേക്കാൾ പൊക്കമുണ്ടു്‌. എന്നാൽ അത്ര വണ്ണമില്ല.

“അതൊക്കെ ശരിയാക്കാം. നീയിപ്പൊ നടക്കു്.”

പറഞ്ഞതു് ആ സ്ത്രീയുടെ ഭർത്താവായിരിക്കണം. മുണ്ടും ജുബ്ബയും വേഷം. ഏതാണ്ടു്‌ എന്റെ ഉയരം\textemdash ആറടിക്കു് മൂന്നോ നാലോ ഇഞ്ചു് കുറയും. ആദ്യം സംസാരിച്ച പാന്റുവേഷക്കാരൻ പറഞ്ഞു:

“സാറങ്ങോട്ടു വരത്തില്ലയോ?”

അയാൾ മെലിഞ്ഞിട്ടാണു്. നല്ല ഉയരം.

“ഞാനെത്തിക്കോളാം. നിങ്ങൾ പൊയ്ക്കോ.”

അവർ നടന്നു. അതിനിടയിൽ ‘തേവിടിശ്ശി’ എന്ന വാക്കു കേട്ടു. നേരത്തെ പ്രസംഗിച്ച സ്ത്രീയുടെ ശബ്ദം. ഞങ്ങൾ രണ്ടു നിമിഷം അവർ പോയ വഴിയ്ക്കു് നോക്കി നിന്നിട്ടു് തിരികെ വീട്ടിലേക്കു നടന്നു. വരാന്തയിലുള്ള വട്ടമേശപ്പുറത്തു് അമ്മ രണ്ടു കപ്പു കാപ്പി വച്ചിരിക്കുന്നു. ഞങ്ങൾ മേശയുടെ ഇരുവശത്തുമുള്ള കസേരകളിൽ ഇരുന്നു. കാപ്പി കുറേശ്ശെ കുടിയ്ക്കാൻ തുടങ്ങി. മനസിൽ ഇപ്പോൾ കേട്ട സംഭാഷണങ്ങളായിരുന്നു. ആ സ്ത്രീയുടെ ഹൃദയശൂന്യമായ വാക്കുകളും പിന്നെ ‘തേവിടിശ്ശി’ എന്ന പ്രയോഗവും മനസിൽ തങ്ങി നിന്നു.

“അവരുടെ അമ്മയേപ്പറ്റിയല്ലേ ഇങ്ങനെയൊക്കെ സംസാരിച്ചെ?” പകുതി ആത്മഗതമായിരുന്നു.

“ഇങ്ങനത്തെ മക്കളുണ്ടാകുന്നതിൽ ഭേദം ഇല്ലാണ്ടിരിക്കുന്നതാ. ഞാനാണെങ്കിൽ പണ്ടേ അടിച്ചിറക്കിയേനെ. അനി ഒരു പാവമായതുകൊണ്ടാ ഇവളുമാരൊക്കെ ഇങ്ങനെ വിലസുന്നെ.”

“പക്ഷെ അവരെന്തിനാ തേവിടിശ്ശി എന്നു പറഞ്ഞെ?” ആ വാക്കുകൾ എന്റെ മനസ്സിൽനിന്നു മായുന്നില്ല.

“അതു്‌ അനിതയേപ്പറ്റിയാ. അവൾ വ്യഭിചരിച്ചിട്ടാ അവൾക്കു് എയിഡ്സ്‌ വന്നതെന്നാ ഇവരൊക്കെ വിശ്വസിക്കുന്നെ. ഇവരു മാത്രമല്ല, നാട്ടുകാരുതന്നെ പലരും അങ്ങനെയാ പറയുന്നെ. ഈ രോഗം വരാൻ വ്യഭിചരിക്കേണ്ട കാര്യമില്ല എന്നറിയാവുന്നവർക്കു പോലും അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം. ആരാന്റമ്മയ്ക്കു് പ്രാന്തുവന്നാൽ കാണാൻ നല്ല രസമല്ലേ. സാഡിസ്റ്റുകൾ!”

“ജോസഫ്‌ പറഞ്ഞു തുടങ്ങിയതു് മുഴുവനാക്കിയില്ല.” ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഞാൻ ഓർമ്മിപ്പിച്ചു.

“ങ്ങേ? ങാ. എന്നാ പറയാനാ. എനിക്കു് എന്തു ചെയ്യണമെന്നു് ഒരൂഹവുമില്ലായിരുന്നു. ഞാൻ കുറേ നേരമിരുന്നു് ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നവൾക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു. ഒരിക്കൽ ടെറ്റനസ്‌ ഇഞ്ചെക്‌ഷൻ എടുക്കാൻ ഡിസ്പോസബിൾ സിറിഞ്ചു് മേടിച്ചിരുന്നുവത്രെ. അതു്‌ ഉപയോഗിച്ച സാധനം റീപാക്കു് ചെയ്തതായിരിക്കാം എന്നാണു് അവൾ വിചാരിക്കുന്നതു്‌. ഒരു കൂട്ടുകാരിയുടെ ബന്ധുവിനു രക്തം കൊടുക്കാൻ പോയപ്പോൾ ആശുപത്രിക്കാർ ടെസ്റ്റു ചെയ്തതുകൊണ്ടാണു് എച്ച്‌ ഐ വി പോസിറ്റീവ്‌ ആണെന്നു മനസിലായതു്. വിവരം ഹോസ്റ്റലിലെത്തിയപ്പോൾ അടുത്ത കൂട്ടുകാരികൾ തന്നെ അവളോടു മിണ്ടാതായത്രെ. അവളെ പുറത്താക്കണമെന്നു് അവർ വാർഡനോടു് ആവശ്യപ്പെട്ടു. വാർഡൻ അൽപം ബോധമുള്ള സ്ത്രീ ആയിരുന്നതുകൊണ്ടു്‌ അനിതയെ വിളിച്ചു് ഉപദേശിച്ചു. അവിടെ നിന്നാൽ പ്രശ്നമാകുമെന്നും കൂടുതൽ പബ്ലിസിറ്റി വരുത്തി വയ്ക്കുന്നതിനേക്കാൾ നല്ലതു് വീട്ടിലേക്കു പോയിട്ടു് ചികിത്സ ചെയ്യുന്നതാണെന്നും അവർ പറഞ്ഞു. ദേഹത്തു്‌ വൈറസ്‌ ഉണ്ടെന്നേ ഉള്ളൂ, എയ്ഡ്സ്‌ രോഗിണി ആയിട്ടില്ല, എന്നും ഇപ്പോൾ മരുന്നുകളുണ്ടെന്നും പ്രതീക്ഷയ്ക്കു വകയുണ്ടെന്നും അവർ പറഞ്ഞു. പക്ഷെ കൂട്ടുകാരികളുടെ പ്രതികരണം കണ്ടപ്പോൾ വീട്ടിൽ എന്താവും സ്ഥിതി എന്നവൾക്കു പേടിയായി. പക്ഷെ അവൾ എങ്ങോട്ടു പോകാൻ! പാവം. ഇതുങ്ങളേപ്പോലെ ആയിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടു പോയേനെ.”

അവസാനത്തെ പരാമർശം അനിയുടെ ചേച്ചിമാരേപ്പറ്റിയാണെന്നു വ്യക്തം. ജോസഫ്‌ വീണ്ടും നിർത്തി.

“എന്നിട്ടു് അനിത എന്തു ചെയ്തു?” ഞാൻ ചോദിച്ചു.

“ഞാനന്നു കുറേ ആലോചിച്ചിട്ടും എന്തു ചെയ്യണമെന്നു മനസിൽ തോന്നിയില്ല. മറ്റാരോടെങ്കിലും കൂടി ഒന്നു സംസാരിക്കണം എന്നു തോന്നി. അപ്പോഴാണു് ഞങ്ങടെ പള്ളിയിലെ അച്ചന്റെ കാര്യം ഓർത്തതു്. അങ്ങേരൊരു നല്ല മനുഷ്യനാ. കൊനഷ്ടു പിടിച്ച പ്രശ്നങ്ങൾക്കും എന്തെങ്കിലും പരിഹാരം കാണാൻ പറ്റുന്നയാളാ. ഞാൻ അനിതയെ ഇവിടെയിരുത്തീട്ടു് അച്ചനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു തൃശ്ശൂർ കന്യാസ്ത്രീകൾ നടത്തുന്ന ഒരു കേന്ദ്രമുണ്ടു്‌, അവിടെ കൊണ്ടുചെന്നാക്കാൻ. ഒരു കാറു പിടിച്ചു് അനിയേം കൂട്ടി വിടാൻ പറഞ്ഞു. പോകുന്ന വഴി അച്ചനെ കണ്ടിട്ടു പോകണമെന്നും പറഞ്ഞു. അച്ചൻ അവിടത്തെ സിസ്റ്റർക്കു് കത്തു തരാമെന്നു പറഞ്ഞു. ഞാൻ അനിതയേയും കൂട്ടി അവളുടെ വീട്ടിൽ പോയി അവളുടെ തുണികളും മറ്റും എടുത്തു്‌ അനിയേയും കൂട്ടി ഇറങ്ങി. വീട്ടിൽ പറഞ്ഞതു് തിരികെ മെഡിക്കൽ കോളജിലേയ്ക്കു് പോകുവാന്നാ. ബാക്കി കാര്യങ്ങൾ വന്നിട്ടു പറയാം എന്നു പറഞ്ഞു. ഇറങ്ങുൻപോൾ അനിക്കുപോലും അറിയില്ലായിരുന്നു. ഞങ്ങൾ നേരെ ഇങ്ങോട്ടു വന്നു. ഇവിടെ വെച്ചാണു് അനിയോടു കാര്യങ്ങൾ പറഞ്ഞതു്. പാവം അവൻ വല്ലാണ്ടു്‌ അപ്സെറ്റായി. അവളെ കെട്ടിപ്പിടിച്ചു് രണ്ടുപേരും കുറേ നേരം കരഞ്ഞു. അവനൊരുമാതിരി ഭ്രാന്തനേപ്പോലെയായി”

ആ രംഗത്തിന്റെ ഓർമ്മയിൽ മുഴുകി ജോസഫ്‌ നിശബ്ദനായി. ഒന്നും പറയാനാവാതെ ഞാനുമിരുന്നു. അൽപനേരം കഴിഞ്ഞു ജോസഫ്‌ തുടർന്നു.

“മറ്റാരും കാണണ്ട എന്നു കരുതി ഞങ്ങൾ അകത്തെ മുറിയിലിരുന്നതു്‌ നന്നായി. അല്ലെങ്കിൽ അപ്പോൾത്തന്നെ കഥ നാട്ടിലെങ്ങും പടർന്നേനെ. അവരെ ഒന്നു ശാന്തരാക്കാൻ എനിക്കു് നന്നെ കഷ്ടപ്പെടേണ്ടി വന്നു. ടാക്സിക്കാരനു വല്ല സംശയവും വന്നാൽ അയാൾ ചിലപ്പോൾ വണ്ടിയിൽ കയറ്റില്ല. ഞാൻ പോയി ടാക്സി വിളിച്ചോണ്ടു വന്നപ്പോൾ എനിക്കൊരു ബുദ്ധി തോന്നി. അവൾക്കു് ക്യാൻസറാണെന്നും ചികിത്സയ്ക്കു് പോകുകയാണെന്നും ഞാൻ ഡ്രൈവറോടു പറഞ്ഞു. ഇക്കാര്യം അനിയോടും അനിതയോടും കൂടി പറഞ്ഞു. ഞങ്ങൾ അച്ചനെ പോയി കണ്ടു. അച്ചനു് അവരെ കുറെ സമാധാനിപ്പിക്കാൻ കഴിഞ്ഞു. അച്ചൻ കൊടുത്ത കത്തും കൊണ്ടു് അവരെ യാത്രയാക്കീട്ടാണു് ഞാൻ വന്നതു്”

എന്തൊരു കഷ്ടം! ഞാനാലോചിച്ചു. സാധാരണ ഗതിയിൽ തനിക്കു ക്യാൻസറാണെന്നു പറയാൻ, കള്ളമാണെങ്കിൽ പോലും, ആരെങ്കിലും തയാറാവുമോ? ഒരു ടാക്സിയിൽ യാത്ര ചെയ്യാനായി ഇങ്ങനെയൊരു കള്ളം പറയേണ്ടി വരുന്നതു് എന്തൊരു കഷ്ടമാണു്! ജോസഫ്‌ വീണ്ടും നിശബ്ദനായി.

“ദാ അച്ചൻ പോകുന്നു. ഞാനൊന്നു് അവിടം വരെ പോയിട്ടു വരാം.” എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി നടന്നു.

ജോസഫ്‌ പോയിക്കഴിഞ്ഞു് ഞാൻ കുറച്ചുനേരം അവിടെത്തന്നെയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഒന്നുകൂടി മനസിൽക്കൂടി കടന്നുപോയി. അനിയുടെയും അനിതയുടെയും കഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇതാർക്കും സംഭവിക്കാവുന്ന കാര്യമാണു്. മനുഷ്യരുടെ ജീവൻ തന്നെ വിറ്റു കാശാക്കാൻ സന്നദ്ധരായിട്ടുള്ളവർ ഉള്ളിടത്തോളം കാലം ആരു വേണമെങ്കിലും ഈ ചതിക്കുഴിയിൽ വീഴാം\textemdash പഴയ സിറിഞ്ചുകൾ റീസൈക്കിൾ ചെയ്യുന്നവരുൾപ്പെടെ. അമ്മയ്ക്കു് ഒരിഞ്ചെക്‌ഷനെടുക്കാൻ മുമ്പൊരിക്കൽ വീടിനടുത്തു താമസിച്ചിരുന്ന ഒരു ഡോക്ടറെ സമീപിച്ച സംഭവം ഓർമ്മ വന്നു. ഞാൻ മേടിച്ചിരുന്ന ഡിസ്പോസബിൾ സിറിഞ്ചു് അദ്ദേഹം നിരസിച്ചു. എന്നിട്ടു് തിളപ്പിച്ചു വെച്ചിരുന്ന ഗ്ലാസ്സ്‌ സിറിഞ്ചും സൂചിയുമാണു് അദ്ദേഹം ഉപയോഗിച്ചതു്. വാങ്ങിക്കൊണ്ടുവന്ന ഡിസ്പോസബിൾ സിറിഞ്ചിന്റെ സൂചിയിൽ രക്താംശം വരെ കണ്ട അനുഭവമുണ്ടെന്നു് അദ്ദേഹം പറഞ്ഞു.

അപ്പോഴാണു് ഞാൻ അമ്മയുടെ കാര്യം ഓർമ്മിച്ചതു്. ജോസഫ്‌ പറഞ്ഞതെല്ലാം അമ്മ കേട്ടിരിക്കാൻ ഇടയില്ല. അമ്മയോടു് ഇതൊക്കെ പറയേണ്ടതല്ലേ? അമ്മയ്ക്കു് അനിയോടു് വളരെ അടുപ്പമല്ലേ? എന്നാൽ അതുകൊണ്ടുതന്നെ ഞാനിതൊക്കെ പറയുന്നതു്‌ ശരിയാണോ? വേണമെങ്കിൽ അനി തന്നെ പറയുന്നതല്ലേ ശരി? ഇനി അനി പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ അന്നു് അമ്മ അനിക്കെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു് അയാൾ കുടിക്കുന്നതു്‌ ന്യായീകരിച്ചതു്?

ഞാനെഴുന്നേറ്റു് എന്റെ മുറിയിൽ പോയി ലൈറ്റിട്ടു് ഒരു പുസ്തകവുമെടുത്തു് കട്ടിലിൽ കിടന്നു. ഒന്നും വായിക്കാനല്ല. ഒരു ശീലം എന്നു മാത്രം. പുസ്തകം നെഞ്ചത്തുവെച്ചുകൊണ്ടു കിടന്നപ്പോൾ മനസിൽ ഞാനന്നുവരെ കണ്ടിട്ടില്ലാത്ത അനിതയും പിന്നെ അനിയും മരിക്കാറായി കിടക്കുന്ന അവരുടെ അമ്മയും വീട്ടിലെ സംഭവങ്ങളും മാത്രമായിരുന്നു. അങ്ങനെ കിടക്കുൻപോൾ അമ്മ ചോദിച്ചു:

“എടാ, മണി എട്ടാവുന്നു. നീ വേണേൽ വന്നു വല്ലതും കഴിക്കു്. അവിടെ വല്ലതും സംഭവിച്ചാൽ ...”

ഞാനെഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു:

“വേണ്ടമ്മേ. ജോസഫിപ്പൊ ഇങ്ങെത്തും. അയാളും ഒന്നും കഴിച്ചിട്ടില്ലല്ലോ. വരട്ടെ.”

അമ്മയോടു പറയണോ എന്നു വീണ്ടും ആലോചിച്ചു. “അനിയുടെ പെങ്ങമ്മാർ എത്തിയോ?” അമ്മ ചോദിച്ചു.

“ചേച്ചിമാരും കുടുംബാംഗങ്ങളും കുറച്ചു മുൻപെ വന്നു.” ഞാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ പോയി.

ഞാൻ വരാന്തയിലേക്കിറങ്ങി. അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ മുറ്റത്തേക്കിറങ്ങി. വീട്ടിൽനിന്നു പടിവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തുകൊണ്ടോ, ജോസഫ്‌ വീട്ടി വന്നു വിളിച്ചപ്പോൾ മനസിലുണ്ടായ പരിഭ്രമം വളരെ വർദ്ധിച്ചിരുന്നു. ഞാൻ വളരെ അസ്വസ്ഥനായിരുന്നു.

അങ്ങനെ നടക്കുന്നതിനിടയിൽ ജോസഫും അച്ചനും കൂടി മടങ്ങിപ്പോകുന്നതു കണ്ടു. ഞാൻ പടിക്കൽ ചെന്നു് അവർ പോയ വഴിയെ നോക്കി നിന്നു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ ജോസഫ്‌ തിരികെ വന്നു.

“അച്ചനെ കാറിൽ കയറ്റി വിട്ടു. അനിയുടെ അച്ഛന്റെ മരണസമയത്തേപ്പോലെ പ്രശ്നങ്ങളുണ്ടാകുമോന്നാ അച്ചന്റെ പേടി. അതുണ്ടാവാതെ നോക്കണം.”

“അപ്പൊ അനിത വരുന്നുണ്ടോ? അവരുടെ അപ്പച്ചനെപ്പഴാ മരിച്ചതു്? എന്തു പ്രശ്നങ്ങളാ ഉണ്ടായതു്?” എനിക്കൊന്നും മനസിലായില്ല.

“അവരുടെ അച്ഛൻ നേരത്തേ പോയി. അനിതയുടെ വിവരങ്ങളറിഞ്ഞിട്ടു് കഷ്ടിച്ചു് മൂന്നു മാസമെ ജീവിച്ചുള്ളൂ. ഹൃദയം പൊട്ടി മരിക്കുക എന്നൊക്കെ പറയാറില്ലേ? അതു ഞാൻ നേരിട്ടു കണ്ടതു് അപ്പോഴാണു്. അങ്ങേർക്കു് കുട്ടികളിൽ വച്ചു് ഏറ്റവുമിഷ്ടം അനിതയോടായിരുന്നു. അവൾക്കീ ഗതി വന്നതു്‌ അങ്ങേർക്കു് സഹിക്കാനായില്ല. കിടപ്പായി. അവളെ കാണാൻ പോകാൻ ഒരു ശ്രമം നടത്തി. മൂത്ത മക്കൾ വിട്ടില്ല. പിന്നെ ഹാർട്ടറ്റാക്കായി. ആശുപത്രിയിൽ കിടന്നു തന്നെ മരിച്ചു. ശരീരം ഇവിടെ കൊണ്ടുവന്നപ്പോൾ അനിത കാണാനെത്തി. ഞാനാണു് അറിയിച്ചതു്. വീട്ടിൽ വലിയ പ്രശ്നമായി. ആ മൂത്ത ചേച്ചിക്കായിരുന്നു ഏറ്റവും കൂടുതൽ വാശി. അവസാനം ഒരു നോക്കു് കാണാൻ പോലും സമ്മതിക്കില്ല എന്നായിരുന്നു അവരുടെ നിലപാടു്. എല്ലാവർക്കും അനിതയുടെ ദേഹത്തു തൊടാൻ പോലും ഭയമായിരുന്നതിനാൽ അവളെ ഒന്നും ചെയ്തില്ല. പക്ഷെ ‘നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തെ, നീ ഇങ്ങോട്ടിനി കേറണ്ടാടീ’ എന്നൊക്കെ പറഞ്ഞായിരുന്നു ചീത്തവിളി. ഒടുവിൽ ഞാൻ അച്ചനെ വിളിച്ചുവരുത്തിയാണു് ഒരുവിധത്തിൽ പ്രശ്നം പരിഹരിച്ചതു്. അച്ചൻ ഇടപെട്ടതുകൊണ്ടു്‌ അനിതയ്ക്കു് സ്വന്തം അച്ഛന്റെ ശരീരം ഒരു നോക്കു കാണാൻ പറ്റി. പിന്നെ അനിതയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു് അനിയേയും കൂട്ടി രാത്രിയിലെ ബസ്സിൽ കയറ്റി വിട്ടു. രോഗമിതാണെന്നറിഞ്ഞാൽ ബസ്സുകാർ കേറ്റത്തില്ലല്ലൊ.”

“ഇപ്പൊ അനിതയെ അറിയിച്ചിട്ടുണ്ടോ?” ഞാൻ ചോദിച്ചു.

“ഉവ്വ്‌. അനി ബസ്‌ സ്റ്റോപ്പിൽ പോയിരിക്കുവാ. അവർ എപ്പൊ വേണമെങ്കിൽ എത്താം. ഇവറ്റകൾ എത്തുന്നതിനു മുൻപു് അവൾ വരും എന്നാ ഞാൻ വിചാരിച്ചെ.” ജോസഫ്‌ പറഞ്ഞു.

ഞങ്ങൾ പടിക്കൽ തന്നെ നിൽക്കുകയാണെന്നു ഞാനപ്പോഴാണു് ശ്രദ്ധിച്ചതു്. അകത്തേയ്ക്കു് പോയിരിക്കാം എന്നു ജോസഫിനോടു് പറയാമെന്നു വിചാരിച്ചു. പക്ഷെ പകരം ഒരു ചോദ്യമാണു് എന്റെ വായിൽ നിന്നു വന്നതു്.

“അനിയുടെ അമ്മയ്ക്കു് എന്തായിരുന്നു അസുഖം?”

“അസുഖമൊന്നുമില്ല. അവരും കുറേശ്ശെയായി നീറി മരിക്കുകയായിരുന്നു. അവർക്കു് അവരുടെ ഭർത്താവിനേപ്പോലെ ഭാഗ്യമുണ്ടായില്ല. ചൊവ്വെ നേരെ ആഹാരം കഴിക്കാതെ ശരീരവും മനസും കുറേശ്ശെ ഇല്ലാണ്ടാവുകയായിരുന്നു. അവരെ കൊണ്ടുപോകാമെന്നു പെണ്മക്കൾ രണ്ടുപേരും പറഞ്ഞതാണു്. പക്ഷെ അവർ പോകാൻ തയാറായില്ല. അതു്‌ അവരോടുള്ള ഇഷ്ടക്കുറവോ വിശ്വാസക്കുറവോ ഒക്കെയായിട്ടാണു് മക്കൾ കാണുന്നതു്‌. കുറേയൊക്കെ ശരിയുമാണു്. പക്ഷെ ആ സ്ത്രീയ്ക്കു് ഈ സ്ഥലം വിട്ടു പോകാൻ തീരെ മനസില്ലായിരുന്നു എന്നതാണു് സത്യം. പിന്നെ അനി ഒറ്റയ്ക്കാകും എന്ന വിഷമവും.”

ഞങ്ങളവിടെ അങ്ങനെ നിന്നു. ഒരു തണുത്ത കാറ്റു വീശി. ദൂരെയെവിടെയോ മിന്നലിന്റെ വെളിച്ചം.

“മഴ വരുന്നുണ്ടെന്നു തോന്നുന്നു. അതിനു മുൻപെ അവരിങ്ങു് എത്തിയാൽ മതിയായിരുന്നു.” ജോസഫ്‌ പറഞ്ഞു.

പറഞ്ഞു തീർന്നപ്പോഴേക്കു് വഴിയിൽ അകലത്തായി കാലൊച്ച കേട്ടു. വേഗത്തിലാണു നടത്തം. അവർ അടുത്തേക്കു് വരുന്തോറും കാലൊച്ച രണ്ടു പേരുടേതാണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. “ഇതവർ തന്നെയാണെന്നു തോന്നുന്നു.” ജോസഫ്‌ പറഞ്ഞു. അയാളുടെ മുഖത്തു്‌ അസ്വസ്ഥത പ്രകടം. അനിയുടെ വീട്ടിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ നേരിടും എന്ന ചിന്തയും ആയിരിക്കണം.

ഞങ്ങൾ ഗേറ്റിനു പുറത്തേക്കു് കടന്നു. അവരടുത്തെത്തിക്കഴിഞ്ഞു. പെൺകുട്ടിയാണു മുൻപെ നടക്കുന്നതു്, അല്ല ഓടുന്നതു്. അഞ്ചര അടിയോളം ഉയരമുണ്ടാവും. മെലിഞ്ഞ ശരീരം. വെളുത്ത സാരിയും ബ്ലൌസുമാണു് ധരിച്ചിരിക്കുന്നതു്. പിന്നാലെ അനി വേഗത്തിൽ നടന്നു് ഒപ്പമെത്താൻ ശ്രമിക്കുന്നു. അവർ ഞങ്ങളെ കണ്ടതേയില്ല. അല്ലെങ്കിൽ നിൽക്കാനോ സംസാരിക്കാനോ ഉള്ള മനസ്ഥിതിയിലല്ലായിരുന്നു. അവർ ഞങ്ങളെ കടന്നു പോയതിന്റെ പുറകെ “വാടാ” എന്നു പറഞ്ഞു് ജോസഫും നടന്നു. പിന്നാലെ ഞാനും.

അനിതയും അനിയും പടിപ്പുര കടന്നു് അകത്തേയ്ക്കു് കയറിയപ്പോഴേക്കു് ഞങ്ങൾ ഒപ്പമെത്തി. ക്യാമറയുടെ ഫ്ലാഷ്‌ പോലെ ഒരു മിന്നൽ പരത്തിയ വെളിച്ചത്തിൽ അവിടെ നിന്നവരെ കണ്ടു. മുറ്റത്തു്‌ അനിത നിൽക്കുന്നു, തൊട്ടു പിന്നിലായി അനിയും. വീടിന്റെ വരാന്തയിൽ നേരെ മുന്നിലായി ആ തടിച്ച സ്ത്രീയും ഒരു വശത്തായി അനിയുടെ അളിയന്മാർ പുകവലിച്ചുകൊണ്ടും നിൽക്കുന്നു. നാട്ടുകാരാണെന്നു തോന്നുന്നു, മൂന്നാലു മറ്റുള്ളവരുമുണ്ടു്.

“നിന്നെയെന്നാത്തിനാടീ ഇപ്പൊ ഇങ്ങോട്ടു് കെട്ടിയെടുത്തെ?” മൂത്ത ചേച്ചിയാണു്. “നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തുപോയെ. ദേ ഇപ്പൊ എന്റെ അമ്മച്ചീം ചാകാറായി കെടക്കുവാ. ഇനി ഞങ്ങളും കൂടി ചത്താലേ നെനക്കു് സമാധാനമാകത്തൊള്ളോ? ഈ വീട്ടിനകത്തേക്കു് നീ കാലെടുത്തു വെച്ചുപോകരുതു്. തേവിടിശ്ശി!”

ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു ആ സ്ത്രീ നിർത്തി. അനിത കരഞ്ഞുകൊണ്ടു്‌ പടിപ്പുരയുടെ തിണ്ണയിൽ പോയിരുന്നു. ചേച്ചിമാരെത്തുന്നതിനു മുൻപു് വീട്ടിലെത്താനായിരുന്നു ഓട്ടം എന്നു തോന്നുന്നു. വീട്ടിൽ ചേച്ചിമാരെ കണ്ടതോടെ അനിത തളർന്നതുമാതിരി തോന്നി. ഞങ്ങളെ കണ്ടുകൊണ്ടു്‌ അനി അടുത്തേക്കു വന്നു. വീണ്ടും മിന്നലിന്റെ വെളിച്ചം. അനിയുടെ കണ്ണിൽ നിന്നു കണ്ണീരൊഴുകുന്നതു്‌ കണ്ടു. ജോസഫിന്റെ നേരെ തിരിഞ്ഞു് അയാൾ പറഞ്ഞുതുടങ്ങി, “സാറേ ...” അത്രയും പറയാനെ അനിയ്ക്കു് കഴിഞ്ഞുള്ളു. അയാൾ വിങ്ങിപ്പൊട്ടിപ്പോയി.

“നീ പോയി അവളെ സമാധാനിപ്പിക്കു്. ഞാനെന്താ വഴി എന്നു നോക്കട്ടെ.” ജോസഫ്‌ പറഞ്ഞു. ഇതിനിടയിൽ അനിയുടെ അളിയന്മാർ ഞങ്ങളുടെ സമീപമെത്തി.

“സാറെന്തിനാ ഇപ്പൊ അവളെ അറിയിച്ചെ? എല്ലാം കഴിഞ്ഞിട്ടു് പയ്യെ പറഞ്ഞാൽ പോരായിരുന്നോ?” മൂത്ത അളിയൻ.

“നിങ്ങളെന്നതാ പറയുന്നെ? അവളുടെയും കൂടി അമ്മയല്ല്യോ അകത്തു കെടക്കുന്നെ? അവളൊന്നു കേറി കണ്ടെന്നുവെച്ചു് എന്നാ സംഭവിക്കാൻ പോകുവാ? മൂപ്പീന്നു മരിച്ചപ്പൊ അച്ചൻ പറഞ്ഞതനുസരിച്ചു് അവളു കേറി കണ്ടില്ലേ? എന്നിട്ടെന്നാ പറ്റി?”

അളിയനു മറുപടിയില്ലായിരുന്നു. ജോസഫ്‌ പറഞ്ഞതു് തികച്ചും ന്യായമാണെന്നും അതിനു് എതിർവാദമില്ലെന്നും വ്യക്തം.

“സാറിനറിയാമല്ലോ എന്റെ പെമ്പ്രന്നോത്തീടെ സ്വഭാവം. ഇനിയിപ്പൊ നമ്മളാരും പറഞ്ഞാൽ കേക്കത്തില്ല. സാറിനെ ഇവിടെല്ലാർക്കും കാര്യമാ. പക്ഷെ സാറു പറഞ്ഞാലും അവളനുസരിക്കത്തില്ല എന്നറിയാവല്ലൊ.”

മിന്നലിന്റെ ശക്തിയും എണ്ണവും കൂടിവരുന്നു. ഇടിമുഴക്കം കേട്ടു തുടങ്ങി.

“ഞാനൊരു വഴി പറയട്ടെ. അവളകത്തേക്കു് കേറണ്ട. ശവമെടുത്തോണ്ടു്‌ പോകുൻപൊ അവൾ വെളിയിൽ നിന്നു കണ്ടോട്ടെ.” മൂത്ത അളിയന്റെ നിർദ്ദേശം.

“അതിനു് അവർക്കിപ്പഴും ജീവനൊണ്ടല്ലോ. ജീവനോടെ ഒന്നു കണ്ടേച്ചു പോകുന്നതിനു് എന്നതാ കൊഴപ്പം?” ജോസഫ്‌.

“സാറിനെന്റെ പെമ്പ്രന്നോരെ പറഞ്ഞു് സമ്മതിപ്പിക്കാൻ പറ്റുവോ?” മൂത്ത അളിയൻ ചോദിച്ചു. ജോസഫിനു് ഉത്തരം മുട്ടി. മറ്റേ അളിയൻ പറഞ്ഞു:

“സാറേ, ഞങ്ങൾക്കു് ആ കുട്ടിയോടു് യാതൊരു വിരോധവുമില്ല. പക്ഷെ ഈ രോഗം വെറും നിസ്സാരകാര്യമല്ല. സത്യം പറയാമല്ലോ, ഞങ്ങൾക്കു് പേടിയാ. ഡോക്ടറന്മാർ ഇന്നു പറയും കൊഴപ്പമൊന്നുമില്ല, രക്തത്തിൽക്കൂടി മാത്രമെ പകരൂ എന്നൊക്കെ. പക്ഷെ അതു്‌ വിശ്വസിക്കാനൊക്കുമോ? നാളെ അവർ തന്നെ പറയും ഇതു് വേറൊരു രൂപമാണു്, തുമ്മിയാലും പകരുമെന്നു്. ഇതു് ജീവന്റെ പ്രശ്നമാണു് സാറേ.”

“അതും നേരാ.” ആദ്യത്തെ അളിയൻ.

ജോസഫ്‌ ചിന്താമഗ്നനായി. നല്ല തണുത്ത കാറ്റു്. ഇടിയുടെ ശബ്ദം അടുത്തുവരുന്നു. എപ്പോൾ വേണമെങ്കിലും മഴ ഇങ്ങെത്താം.

“ഇദ്ദേഹമാരാ, മനസിലായില്ലല്ലോ.” മൂത്ത അളിയൻ. എന്നേപ്പറ്റിയാണു്.

“ഇതു് രവി. ഞങ്ങടെ കോളജിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണു്. ഇവിടെ അടുത്താണു് താമസിക്കുന്നതു്.” ജോസഫ്‌.

“സാറിനേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടു്‌. എന്റെ സ്റ്റുഡൻസിൽ ചിലരെ സാറു പഠിപ്പിച്ചിട്ടുണ്ടു്‌. അവർക്കൊക്കെ വലിയ ഇഷ്ടമാ സാറിന്റെ ക്ലാസ്‌. സാറു് മലയാളത്തിൽ കഥകളെഴുതാറുണ്ടല്ലേ? ഞാൻ ചിലതു് വായിച്ചിട്ടുണ്ടു്‌.” രണ്ടാമത്തെ അളിയൻ.

“കോളജിലാണോ?” ഞാൻ ചോദിച്ചു.

“അല്ല, സ്ക്കൂൾ മാഷാ. പിന്നെ ഒരു കമ്പ്യൂട്ടർ സെന്ററും നടത്തുന്നുണ്ടു്‌. സാറകത്തേക്കു വന്നിരുന്നാട്ടെ.”

സാമാന്യം ശക്തമായ ഒരിടിമിന്നൽ. എല്ലാവരും ഓടി വീടിന്റെ തിണ്ണയിൽ കയറിനിന്നു. മുറ്റത്തു്‌ ഞാനും ജോസഫും മാത്രമായി. ഞാൻ അനിതയെ നോക്കി. ആ കുട്ടി ഇതൊന്നുമറിയുന്നില്ല. യാതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇനി എന്തിനെ ഭയപ്പെടണം? പൊളിഞ്ഞ പടിപ്പുരയുടെ പൊളിഞ്ഞ തിണ്ണയിൽ തല കൈകളിൽ താങ്ങി കുനിഞ്ഞിരിക്കുന്നു. ഒപ്പം അനിയും. അവനു മാത്രം അനിതയുടെ രോഗത്തിനെ ഭയമില്ല. സ്നേഹം ആ ഭയത്തെ ആകെ കീഴ്പ്പെടുത്തിയിരിക്കുന്നു.

പെട്ടെന്നു് എന്റെ മനസിൽ എന്തോ സംഭവിച്ചു. അതുവരെ ഉണ്ടായിരുന്ന പരിഭ്രമം ഇല്ലാതായി. ആകപ്പാടെ ഒരു ശാന്തത. ഞാനെന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു തോന്നൽ. എന്താണു് ചെയ്യേണ്ടതെന്നും സംശയമില്ല.

“നല്ല മഴ വരുന്നു. ഇനിയിപ്പൊ അച്ചനെ എങ്ങനെ വിളിച്ചോണ്ടുവരും? ഇവർ നേരത്തെ എത്തുമെന്നാ ഞാൻ വിചാരിച്ചെ. ഇത്രയും വൈകിയതെന്താണോ എന്തോ. ഇവളുമാർ വരുന്നതിനു മുൻപു് അനിതയിങ്ങു് എത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഒണ്ടാവത്തില്ലായിരുന്നു.” ജോസഫ്‌ പറയുന്നതു്‌ കേട്ടു.

“ഒരു മിനിറ്റ്‌.” ഞാൻ പറഞ്ഞു. എന്നിട്ടു് അനിതയുടെ നേരെ നടന്നു. അവളുടെ മുന്നിൽ നിന്നുകൊണ്ടു്‌ ഞാൻ പറഞ്ഞു: “എണീക്കൂ കുട്ടീ.”

അവൾ മുഖമുയർത്തി എന്നെ നോക്കി. “എണീക്കൂ.” ഞാൻ വീണ്ടും പറഞ്ഞു. ഒരു പാവയേപ്പോലെ അവൾ അനുസരിച്ചു. ഞാനവളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു, “വരൂ.” എന്നിട്ടു് നേരെ അവരുടെ വീട്ടിലേക്കു് നടന്നു. വാതിൽക്കൽ ചേച്ചിയുണ്ടായിരുന്നു, ഞങ്ങളുടെ വഴി തടഞ്ഞുകൊണ്ടു്‌.

“അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?” അവരങ്ങനെ എന്തോ പറഞ്ഞു.

“അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?” അവരുടെ മുഖത്തു്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടാണു് ഞാനതു് പറഞ്ഞതു്. എനിക്കെങ്ങനെ അതിനുള്ള ധൈര്യം കിട്ടി എന്നറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടു് അത്ര പന്തിയല്ല എന്നവർക്കു് തോന്നിയിരിക്കണം. അവർ മാറി നിന്നു. ഞങ്ങൾ അകത്തു കടന്നു.

അമ്മയെ ഈ നിലയിൽ കാണുമെന്നു് അനിത ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. അവൾ ആകെ പകച്ചുപോയി. പിന്നെ മുട്ടുകുത്തി കട്ടിലിനരികിലിരുന്നു് ഉച്ചത്തിൽ നിലവിളിച്ചു. ആ അമ്മയുടെ കൈകൾ അനങ്ങിയോ? പുരപ്പുറത്തു്‌ വലിയ മഴത്തുള്ളികൾ വീഴുന്ന ശബ്ദം. ശക്തമായ ഒരു മിന്നൽപ്പിണർ അവിടെയെല്ലാം ഒരു നിമിഷത്തേക്കു് പ്രകാശം പരത്തി. അമ്മയുടെ കണ്ണുകളിൽ നിന്നു വലിയ കണ്ണുനീർത്തുള്ളികൾ ഒഴുകി കുഴിഞ്ഞ കവിളിലൂടെ പായിലേക്കു് വീണു. വലത്തേ കൈ ഉയർന്നു മകളുടെ ശിരസിലെക്കു് പതിച്ചു. അനിതയുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞുവന്നു.

അമ്മയുടെ ശ്വാസത്തിന്റെ വേഗത വർദ്ധിച്ചു. പിന്നെ കുറഞ്ഞു. ഒടുവിൽ നിലച്ചു. ഞാൻ കുനിഞ്ഞു് അനിതയുടെ തോളത്തു്‌ കൈകൾ വെച്ചുകൊണ്ടു്‌ പറഞ്ഞു, “കുട്ടീ, എല്ലാം തീർന്നു.” അവൾ ഒരു നിമിഷമെടുത്തു അതിന്റെ അർത്ഥം മനസിലാവാൻ. അപ്പോൾ നിലവിളി വീണ്ടും ഉച്ചത്തിലായി.

ഞാൻ ചുറ്റിലും നോക്കി. ജോസഫ്‌ എന്റെയടുത്തുണ്ടു്‌. ചിലർ പുറത്തേയ്ക്കുള്ള കതകിനു വെളിയിൽ അകത്തേക്കു് നോക്കിക്കൊണ്ടു നിൽക്കുന്നു. അകത്തേയ്ക്കുള്ള കതകിനു സമീപം വൈകിട്ടു കണ്ട ഉമ്മ. അവരുടെ കണ്ണിൽനിന്നു കണ്ണീർ ധാരയായി ഒഴുകുന്നതു്‌ ആ അരണ്ട വെളിച്ചത്തിലും കാണാം. അനിതയും ഉമ്മയും മാത്രമാണു് അവിടെ നിന്നു കരയുന്നതു്. ബാക്കിയുള്ളവർ എന്തോ കാഴ്ച കാണാൻ വന്നവരേപ്പോലെ ഉദ്വേഗത്തോടെ നോക്കി നിൽക്കുന്നു.

ഞാൻ അനിതയുടെ തോളിൽ കൈ വെച്ചുകൊണ്ടു്‌ മെല്ലെ പറഞ്ഞു, “എണീക്കൂ കുട്ടീ, നമുക്കു പോകാം.” എനിക്കു് സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നി. അപ്പോഴാണു് ഞാനും കരയുകയാണെന്നു മനസിലായതു്.

പല പ്രാവശ്യം വിളിച്ചിട്ടാണു് അനിത എഴുന്നേറ്റതു്. ഞാനവളുടെ കൈ പിടിച്ചുകൊണ്ടു്‌ പുറത്തേക്കിറങ്ങി. അനി തിണ്ണയിൽ മുഖം മടിയിലമർത്തി ഇരിക്കുകയാണു്. അവനു് ആകെയുണ്ടായിരുന്ന അമ്മ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. പിന്നിൽ നിന്നു് ജോസഫ്‌ ചോദിച്ചു, “രവി ഇവളെയുംകൊണ്ടു്‌ എങ്ങോട്ടാ പോകുന്നെ?”

“വീട്ടിലേക്കു്.” ഞാൻ പറഞ്ഞു.

മഴ തിമിർത്തു പെയ്യുന്നു. ഞാൻ അനിതയുടെ കൈ പിടിച്ചുകൊണ്ടു്‌ മഴയിലൂടെ നടന്നു. ആരും പുറകെ വന്നില്ല. അനിത ഒന്നും ചോദിച്ചില്ല. ഞാനൊന്നും പറഞ്ഞുമില്ല.