തുഞ്ചത്തെഴുത്തച്ഛന്‍
ഉള്ളൂര്‍: കേരളസാഹിത്യചരിത്രം
Contents
- 1 തുഞ്ചത്തെഴുത്തച്ഛന്‍
- 1.1 തുഞ്ചന്‍പറമ്പു്
- 1.2 ജാതി
- 1.3 പിതാവു്
- 1.4 എഴുത്തച്ഛനും നീലകണ്ഠനും
- 1.5 എഴുത്തച്ഛന്റെ ഗന്ധര്‍വാംശസംഭൂതി
- 1.6 പേര്‍
- 1.7 ചിറ്റൂര്‍ ഗുരുമഠം
- 1.8 ഗ്രാമപ്രതിഷ്ഠയെ തെളിയിക്കുന്ന ശ്ളോകങ്ങള്‍
- 1.9 രാമാനുജനും സൂര്യനാരായണനും
- 1.10 രാമന്‍
- 1.11 എഴുത്തച്ഛന്റെ കാലം
- 1.12 എഴുത്തച്ഛന്റെ ഗുരുക്കന്മാര്‍
- 1.13 ജീവചരിത്രം
- 1.14 എഴുത്തച്ഛന്റെ കൃതികള്‍
- 1.15 കിളിപ്പാട്ട്, കിളിപ്പാട്ടിന്റെ ഉല്‍പത്തി
- 1.16 കിളിപ്പാട്ടുവൃത്തങ്ങള്‍
- 1.17 അദ്ധ്യാത്മരാമായണം
- 1.18 ഉത്തരരാമായണം, പ്രണേതാവു്
- 1.19 മഹാഭാരതം
- 1.20 ദേവീമാഹാത്മ്യം
- 1.21 ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്, കര്‍ത്തൃത്വം
- 1.22 സീതാവിജയം കിളിപ്പാട്ടു്, മൂലം
- 1.23 ശ്രീമല്‍ഭാഗവതം കിളിപ്പാട്ടു്, കര്‍ത്തൃത്വം
- 1.24 സിദ്ധാന്തപക്ഷം
- 1.25 ഹരിനാമകീര്‍ത്തനം, കീര്‍ത്തനപ്രസ്ഥാനം
- 1.26 ചിന്താരത്നം, ഗ്രന്ഥസ്വരൂപം
- 1.27 കൈവല്യനവനീതം, മൂലം
- 1.28 രാമായണം ഇരുപത്തിനാലുവൃത്തം. ഗ്രന്ഥസ്വരൂപം
- 1.29 കേരളനാടകം
- 1.30 ഉപസംഹാരം
തുഞ്ചത്തെഴുത്തച്ഛന്‍
ʻʻസാനന്ദരൂപം സകലപ്രബോധ-
മാനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം.ˮ
തുഞ്ചന്‍പറമ്പു്
മലബാര്‍ ജില്ലയില്‍ പണ്ടത്തെ വെട്ടത്തുനാട്ടിന്റെ മധ്യഭാഗമായ പൊന്നാനിത്താലൂക്കു തൃക്കണ്ടിയൂരംശത്തില്‍ കീര്‍ത്തിപ്പെട്ട തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു് അല്പം പടിഞ്ഞാറു മാറി തിരൂര്‍ തീവണ്ടിസ്റ്റേഷനില്‍നിന്നു് ഏകദേശം ഒരു മൈല്‍ തെക്കുപടിഞ്ഞാറായി പൊന്നാനിപ്പുഴയുടെ തീരത്തില്‍ ʻതുഞ്ചന്‍പറമ്പു്ʼ എന്ന പാവനനാമത്താല്‍ സുവിദിതമായ ഒരു സ്ഥലം ഇന്നും കാണ്‍മാനുണ്ടു്. ആ പറമ്പിലാണു് ഭാഷാസാഹിത്യത്തിന്റെ പലതരത്തിലുള്ള അഭ്യുദയങ്ങള്‍ക്കു ഹേതുഭൂതനായ തുഞ്ചത്തു ഗുരുനാഥന്‍ ജനിച്ചതു്. വളരെക്കാലത്തേക്കു് അവിടെ ഒരു പുരത്തറയേ ഉണ്ടായിരുന്നുള്ളു. അതില്‍ ക്രമേണ ഒരു ഓലപ്പുര ഭക്തന്മാര്‍ ഉണ്ടാക്കുകയും നവരാത്രികാലത്തും മറ്റും അവിടെ വിളക്കുവെച്ചു് ആരാധന നടത്തുകയും ചെയ്തുവന്നിരുന്നു. ഈയിടയ്ക്കു് അതു് ഒരു ഓടുമേഞ്ഞ ചെറിയ ഗുരുമഠമായി വികസിച്ചിട്ടുണ്ടു്. പറമ്പിനു കിഴക്കുപടിഞ്ഞാറു് പതിന്നാലു ദണ്ഡു ദൈര്യഘ്യവും തെക്കുവടക്കു് ഏഴു ദണ്ഡു വിസ്താരവും ഉണ്ടു്. ഗുരുമഠത്തിനു സമീപമായി ഒരു കുളവും കിണറുമുള്ളതില്‍ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റാറില്ല. കുളത്തിനു സമീപമായി നില്ക്കുന്ന കാഞ്ഞിരത്തിന്റെ ചുവട്ടിലിരുന്നു എഴുത്തച്ഛന്‍ നാമജപം ചെയ്യാറുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. ഏതായാലും ആ സ്ഥാനത്തു ഇപ്പോള്‍ വിളക്കുവയ്ക്കാറുണ്ടു്. തുഞ്ചന്‍പറമ്പിലെ മണ്ണു് സ്വല്പം ചുവന്ന നിറത്തിലുള്ളതാണു്. ഇന്നും സമീപസ്ഥന്മാര്‍ കുട്ടികളെ എഴത്തിനിരുത്തുമ്പോള്‍ ആ മണ്ണുകൊണ്ടുപോയി ആദ്യമായി എഴുതിക്കുന്ന പതിവുണ്ടു്. വിജയദശമിക്കു പരിസരവാസികള്‍ അവിടെ വന്നു വിദ്യാരംഭം നടത്താറുണ്ടു്. ഇതില്‍നിന്നെല്ലാം ആ സ്ഥലത്തിനു് അഭംഗുരുമായ ഏതോ ഒരു വൈശിഷ്ട്യമുണ്ടെന്നു സിദ്ധിക്കുന്നു. അതു മഹാത്മാവായ എഴുത്തച്ഛന്റെ അവതാരം ഒന്നുകൊണ്ടുമാത്രം അതിനു സിദ്ധിച്ചിട്ടുള്ളതാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. പറമ്പിന്റെ പേരും ആ വസ്തുത പ്രഖ്യാപനം ചെയ്യുന്നുണ്ടല്ലോ.
ജാതി
എഴുത്തച്ഛന്‍ നായര്‍സമുദായത്തിലാണു് ജനിച്ചതു്. അധ്യാത്മരാമായണത്തിന്റെ ആരംഭത്തില്‍ ʻʻപാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍ˮ എന്നു് അദ്ദേഹംതന്നെ ആ പരമാര്‍ത്ഥം തന്റെ വിനീതമായ ശൈലിയില്‍ പ്രസ്താവിക്കുന്നുണ്ടു്. ഗുരുനാഥന്‍ ചക്കാലനായര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളായിരുന്നു എന്നാണു് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയില്‍ താമസിച്ചു് അദ്ദേഹത്തിന്റെ പ്രീതിക്കു പാത്രമായി എഴുത്തച്ഛന്‍ ആ തമ്പുരാന്റെ സാഹായ്യത്തോടുകൂടി ചെമ്പകശ്ശേരി മുതല്‍ വടക്കോട്ടുള്ള ചക്കുകള്‍ പറിപ്പിച്ചുകളഞ്ഞു എന്നു ചിലര്‍ പറയുന്ന കഥ എനിക്കു് ഏറ്റവും അവിശ്വസനീയമായി തോന്നുന്നു. അക്കാലത്തു ജാതികളുടെ ഉച്ചനീചത്വത്തെപ്പറ്റി ആര്‍ക്കും പരിഗണനയുണ്ടായിരുന്നില്ല എന്നും തന്റെ ജാതിക്കാരുടെ തൊഴില്‍ നശിപ്പിക്കുവാന്‍ അദ്ദേഹം ഒരുമ്പെട്ടു എന്നു് പറയുന്നതില്‍ അനുപപത്തിയുണ്ടെന്നും നാം ഇവിടെ ഓര്‍ക്കേണ്ടതാണു്. ʻതുഞ്ചന്റെ ചക്കില്‍ എന്തെല്ലാം ആടുംʼ എന്നു ചില നമ്പൂരിമാര്‍ പരിഹാസശൈലിയില്‍ ചോദിക്കുകയും നാലുമാറും (നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും) ആടുമെന്നു് അദ്ദേഹം അതേ ശൈലിയില്‍ മറുപടി പറയുകയും ചെയ്തിരിക്കാമെന്നുവന്നാല്‍പ്പോലും അതു ശാന്താത്മാവായ അദ്ദേഹത്തില്‍ ജാത്യപകര്‍ഷബോധവും തന്നിമിത്തമുള്ള ഹൃദയക്ഷോഭവും അങ്കുരിപ്പിക്കുന്നതിനു് ഒരിക്കലും പര്യാപ്തമാകുന്നതല്ല. ക്ഷേത്രപ്രവേശമുള്ള വട്ടയ്ക്കാട്ടുനായര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളായിരുന്നു അദ്ദേഹമെന്നു് അനുമാനിക്കുന്നതില്‍ അപാകമില്ല. എഴുത്തച്ഛന്‍ ക്ഷേത്രങ്ങളില്‍ ചെന്നു ദേവാരാധനം നടത്തിയിരുന്നു. മൂന്നാമത്തെയോ മറ്റോ വയസ്സില്‍ത്തന്നെ അമ്പലങ്ങളില്‍ നമ്പൂരിമാര്‍ വേദം പിഴച്ചുചൊല്ലുന്നതു കേട്ടു് അദ്ദേഹം ʻകാടു്, കാടു്ʼ എന്നു് ആ പ്രമാദത്തെ അവഹേളനംചെയ്തു എന്നുള്ള ഐതിഹ്യാംശവും അസംബന്ധം തന്നെ. ʻഎഴുത്തച്ഛന്‍ʼ എന്നുള്ള പദത്തില്‍ അദ്ദേഹത്തിന്റെ ജാതിയെപ്പറ്റി യാതൊരു സൂചനയുമില്ലെന്നു പറയേണ്ടതില്ലല്ലോ. ʻനാട്ടാശാന്‍ʼ എന്നേ അതിനു് അര്‍ത്ഥമുള്ളൂ. അതിനെ ഒരു സ്ഥാനപ്പേരായി മാത്രം കരുതിയാല്‍ മതിയാകുന്നതാണു്.
പിതാവു്
എഴുത്തച്ഛന്റെ പിതാവു് ഒരു മലയാള ബ്രാഹ്മണനോ പരദേശബ്രാഹ്മണനോ ആയിരിക്കണമെന്നു ചിലര്‍ പറയുന്നതിലും പാരമാര്‍ത്ഥ്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തില്‍ ഉത്തമകവികളായി ആരെങ്കിലും ജനിച്ചാല്‍ അവരുടെ പിതൃത്വം ബ്രാഹ്മണരില്‍ ആരോപിക്കുന്നതും അല്ലെങ്കില്‍ അവരുടെ വശ്യവചസ്ത്വത്തിനു കാരണം ദേവതാഭജനമാണെന്നു തീര്‍ച്ചപ്പെടുത്തുന്നതും അന്ധവിശ്വാസത്തിന്റെ ലക്ഷണമാണു്. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടു്. വടക്കേമലയാളത്തുകാരനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്നു മുറജപം കഴിഞ്ഞു വഞ്ചിവഴി മടങ്ങിപ്പോകുന്ന അവസരത്തില്‍ തൃക്കണ്ടിയൂരെത്തിയെന്നും അപ്പോള്‍ യാത്രയ്ക്കു് അസമയമാകയാല്‍ അവിടെയുള്ള ഒരു ചക്കാലനായര്‍വിട്ടില്‍ കയറിക്കിടന്നു എന്നും അന്നു രാത്രി ആ വീട്ടിലെ ഒരു യുവതി അദ്ദേഹത്തില്‍നിന്നു ഗര്‍ഭം ധരിക്കുവാനിടയായി എന്നും അങ്ങനെയാണു് എഴുത്തച്ഛന്റെ ജനനമെന്നും ഒരു കൂട്ടര്‍ പറയുന്നു. അന്നു മുറജപമില്ലായിരുന്നു എന്നു മാത്രമല്ല വഞ്ചിവഴിക്കു തിരുവനന്തപുരത്തുനിന്നു തൃക്കണ്ടിയൂരെത്തുവാന്‍ മാര്‍ഗ്ഗവുമില്ലായിരുന്നു എന്നുള്ളതുകൊണ്ടു് ആ ഐതിഹ്യം മേല്‍ പ്രതിപാദിച്ചവിധത്തിലാണെങ്കില്‍ അസംഭാവ്യമാണെന്നുള്ളതു സിദ്ധമാണു്. മുറജപത്തേയും വഞ്ചിയേയുംപറ്റിയുള്ള പ്രസ്താവന പരിത്യജിച്ചാലും വിശേഷമൊന്നുമില്ല. തൃക്കണ്ടിയൂര്‍, ആലത്തൂര്‍ഗ്രാമത്തിലെ ബ്രാഹ്മണരെക്കൊണ്ടു നിബിഡമായിരുന്ന ഒരു കാലമാണതു്. ആഗന്തുകനായ ഒരു നമ്പൂരിക്കു് ആതിഥ്യം നല്കുവാന്‍ അവരില്‍ ആരും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാല്‍ അതു യുക്തിക്കു നിരക്കുന്നതല്ല. എഴുത്തച്ഛന്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ വെച്ചു നമ്പൂരിമാരുടെ വേദോച്ചാരണം ʻകാടുകാടെʼന്നധിക്ഷേപിച്ചപ്പോള്‍ അവര്‍ കുപിതരായി ആ ശിശുവിനു മലരും പഴവും ജപിച്ചുകൊടുത്തു മൂകത്വവും ബുദ്ധിമാന്ദ്യവും വരുത്തുകയും അതു കേട്ടു പിതാവായ നമ്പൂരി അവയുടെ പരിഹാരത്തിനായി മദ്യം ഭേഷജരൂപത്തില്‍ സേവിപ്പിക്കുകയും ചെയ്തതായി പറയുന്നതു് അതിലും വിചിത്രമായിരിക്കുന്നു. തന്റെ പുത്രനെ മദ്യപാനം ചെയ്യിക്കത്തക്ക ഹൃദയദൗഷ്ട്യം യാതൊരു പിതാവിനും ഉണ്ടാകുന്നതല്ല. വാസ്തവത്തില്‍ എഴുത്തച്ഛന്‍ മദ്യപനല്ലായിരുന്നു. മദ്യപാനത്തെപ്പറ്റി ആ സല്‍ഗുരു പല അവസരങ്ങളിലും ഉപാലംഭനം ചെയ്തിട്ടുണ്ടു്:
ʻʻഗുരുതല്പഗന്‍ വൃഷതല്പഗനാകും ദ്വിജന്‍
ശരണാഗതഹന്താ മദ്യപനിവരെല്ലാം
കരുതീടണം ബ്രഹ്മഹന്താവിനൊക്കുമല്ലോˮ എന്നും
ʻʻ… … … സുരാപാനം
ചെയ്തീടുന്നവന്‍ ബ്രഹ്മഹത്യയുള്ളതുപോലെ
ജാതിഭ്രഷ്ടനുമായിപ്പാപിയായ് വരികെന്നാന്‍ˮ
എന്നും മറ്റുമുള്ള മഹാഭാരതത്തിലെ പ്രസ്താവനകള്‍ നോക്കുക. മദ്യപനായ ഒരാള്‍ക്കു് അദ്ദേഹത്തിനു് അന്യഥാ എന്തെല്ലാം സിദ്ധികള്‍ ഉണ്ടെങ്കിലും, തന്റെ ജീവിതത്തില്‍ അന്നത്തെ കാലാവസ്ഥയ്ക്കു് എഴുത്തച്ഛനു ലഭിച്ച സര്‍വ്വാരാധ്യമായ സ്ഥാനം കരഗതമാകുമായിരുന്നില്ല. ഭാരതം കര്‍ണ്ണപര്‍വത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ʻസുഖപാനമോദലഹരിʼ എന്ന പദത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കുവാന്‍ ശക്തിയില്ലാത്ത അനന്തരകാലികന്മാരായ ഏതോ ചില പാമരന്മാരുടെ കുസൃഷ്ടിയാണു് ഈ ഐതിഹ്യശകലം എന്നു സധൈര്യം സമര്‍ത്ഥിക്കാവുന്നതാണു്. അദ്ദേഹത്തിനു ലഹരിയുണ്ടായിരുന്നു; എന്നാല്‍ അതു മഹര്‍ഷിമാര്‍ക്കുപോലും അസുലഭമായ ഹരിഭക്തിലഹരിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു ഐതിഹ്യം മുമ്പു സൂചിപ്പിച്ചതിന്റെ പ്രകാരാന്തരമാണു്. അതിനു വെട്ടത്തുനാട്ടില്‍ സാമാന്യം പ്രസിദ്ധിയുള്ളതായി 1082-ലെ ʻരാമാനുജന്‍ʼ മാസികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു! ആകസ്മികമായി ഒരു സായാഹ്നത്തില്‍ പാന്ഥനായ ഒരു നമ്പൂരി തൃക്കണ്ടിയൂരില്‍ ചെന്നുചേര്‍ന്നു തട്ടാരമ്പറത്തു് എന്ന മൂസ്സതിന്റെ ഭവനത്തില്‍ കിടന്നു. നല്ല ഒരു ജ്യൗതിഷികനായ ആ നമ്പൂരി ഒരു വിശിഷ്ടമായ സന്താനോല്‍പാദനമുഹൂര്‍ത്തം സന്നിഹിതമായതായിക്കണ്ടു് ശയ്യയില്‍നിന്നെഴുന്നേറ്റു കൂടെക്കൂടെ ജ്യോതിര്‍ഗ്ഗോളങ്ങളെ നിരീക്ഷിക്കുകയും വീണ്ടും സ്വസ്ഥാനത്തേയ്ക്കു തിരിച്ചു പോരികയും ചെയ്യുന്നതു് ആ ഭവനത്തിലെ ദാസിയായ തുഞ്ചത്തെ ഒരു നായര്‍യുവതി കണ്ടു് അതിന്റെ കാരണം ചോദിക്കുകയും വസ്തുത ഗ്രഹിച്ചപ്പോള്‍ സന്താനലാഭംകൊണ്ടു തന്നെ അനുഗ്രഹിക്കണമെന്നു് അപേക്ഷിക്കുകയും നമ്പൂരി അതിനു് അനുവദിക്കുകയും തല്‍ഫലമായി എഴുത്തച്ഛന്‍ ജനിക്കുകയും ചെയ്തുവത്രെ. പ്രസ്തുത കഥയിലും യുക്തിഭംഗമുണ്ടു്. ആ നമ്പൂരി വാസ്തവത്തില്‍ ജ്യൌതിഷികനായിരുന്നു എങ്കില്‍ തന്റെ ഇല്ലം വിട്ടു് അത്ര വിശിഷ്ടമായ ഒരു ശുഭമുഹൂര്‍ത്തം പാഴാകത്തക്കവണ്ണം സഞ്ചാരത്തിനു് ഒരുങ്ങുന്നതല്ലായിരുന്നു. മൂസ്സതിന്റെ അനുവാദം കൂടാതെ അവിടത്തെ ദാസിയോടു് അതിഥിയായ അദ്ദേഹം അത്തരത്തിലെല്ലാം കാട്ടിക്കൂട്ടിയിരിക്കും എന്നു വിചാരിക്കുന്നതും ക്ഷോദക്ഷമമല്ല. അതുകൊണ്ടു് ആ പുരാവൃത്തവും പരിത്യാജ്യമാകുന്നു. എഴുത്തച്ഛന്റെ ജന്മദാതൃത്വത്തെ ഒരു പരദേശബ്രാഹ്മണനുമായി ഘടിപ്പിച്ചും ചില ഗ്രന്ഥങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടു്. ആ കഥയും തിരസ്കരണത്തെയല്ലാതെ അര്‍ഹിക്കുന്നില്ല.
വഴിയേ പോകുന്നവരെ സന്താനാര്‍ത്ഥം വിളിച്ചുകയറ്റത്തക്കവണ്ണം എഴുത്തച്ഛന്റെ തറവാടു നികൃഷ്ടമല്ലായിരുന്നു എന്നുള്ളതിനു പ്രകൃഷ്ടമായ സാക്ഷ്യമുണ്ടു്:
ʻʻഅഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
മല്‍ഗുരുനാഥനനേകാന്തേവാസികളോടും
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക് രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരും.ˮ
എന്നു് അധ്യാത്മരാമായണത്തില്‍ ഗുരുനാഥന്‍തന്നെ തനിക്കു രാമന്‍ എന്നു പേരോടുകൂടി ഒരു ജ്യേഷ്ഠനുണ്ടായിരുന്നതായും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നതായും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അത്തരത്തില്‍ വൈദുഷ്യത്തിനു കീര്‍ത്തിപ്പെട്ടിരുന്ന ഒരു കുടുംബത്തില്‍ ഇങ്ങനെ ഒരു സംഭവത്തിനു് അശേഷം പ്രസക്തി കാണുന്നില്ല.
എഴുത്തച്ഛനും നീലകണ്ഠനും
നീലകണ്ഠനാമധേയനായ ഒരു നമ്പൂരിയായിരുന്നു എഴുത്തച്ഛന്റെ പിതാവു്. എന്നൊരു ഐതിഹ്യാങ്കുരം ഈയിടയ്ക്കു് ഉത്ഭിന്നമായിട്ടുണ്ടു്. ʻʻഅന്‍പേണമെന്‍ മനസി ശ്രീനീലകണ്ഠഗുരുˮ എന്നൊരു പ്രസ്താവന ഹരിനാമകീര്‍ത്തനത്തിലുണ്ടു്. ʻʻഹരിനാമകീര്‍ത്തനം എഴുത്തച്ഛന്റെ കൃതിയാണു്; ʻഗുരുʼ എന്ന പദത്തിനു് അച്ഛനെന്നും അര്‍ത്ഥം കല്പിക്കാം; തൃക്കണ്ടിയൂര്‍ നീലകണ്ഠസോമയാജിയായിരുന്നു എഴുത്തച്ഛന്റെ പിതാവു് എന്നു് ഈ തെളിവുകള്‍ വച്ചുകൊണ്ടു് അനുമാനിക്കരുതോ?ˮ എന്നു ചിലര്‍ ചോദിക്കുന്നു. നീലകണ്ഠസോമയാജി കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നു എന്നും അദ്ദേഹം ഒരു സുപ്രസിദ്ധനായ കാര്‍ത്താന്തികന്‍ എന്നുള്ളതിനുപുറമെ ചതുശ്ശാസ്ത്രപണ്ഡിതനും, കര്‍മ്മഠനും, ആഴ്‌വാഞ്ചേരിത്തമ്പ്രാക്കളുടെ ഗുരുഭൂതനുമായിരുന്നു എന്നും നാം ധരിച്ചിട്ടുണ്ടല്ലോ. അദ്ദേഹം സ്വദേശത്തു് ഒരു ചക്കാലനായര്‍സ്ത്രീയെ പരിഗ്രഹിക്കുക എന്നുള്ളതു് അത്യന്തം അസംഭാവ്യമാകുന്നു. എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം അദ്ദേഹത്തിനു് എഴുത്തച്ഛന്റെ ജന്മദത്വം സിദ്ധിക്കുന്നതല്ലല്ലോ. 1011-ല്‍ കരുണാകരന്‍ എഴുത്തച്ഛന്റേതു് എന്നു പറഞ്ഞുകൊണ്ടു ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതില്‍,
ʻʻരാമാനന്ദാഗ്രഹാരവര്‍ത്തിയായ് മഹാശാസ്ത്ര-
ധാമാവായ്, ശ്രീനീലകണ്ഠാത്മജനായ് ശ്രീമാനായ്,
അദ്വൈതാചാര്യനായിട്ടാത്മാരാമനായ് സര്‍വ-
വിദ്യാപാരഗനായ രാമദേശികവര്യന്‍ˮ
എന്നീ വരികളുണ്ടെന്നുള്ള വിവരം ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ ആ പുസ്തകത്തിന്റേയും സര്‍വഥാ കുപ്രസിദ്ധമായ കല്യാണസുന്ദരരേഖയുടേയും ഉത്ഭവസ്ഥാനം ഒന്നാകയാല്‍ പ്രസ്തുത ഗ്രന്ഥം ഞാന്‍ പരിശോധിക്കുന്നതുവരെ എനിക്കു് ആ പ്രസ്താവനയുടെ വസ്തുസ്ഥിതിയെപ്പറ്റി യാതൊന്നും ഉപന്യസിക്കുവാന്‍ തോന്നുന്നില്ല.
ചുരുക്കത്തില്‍ എഴുത്തച്ഛന്‍ വൈദുഷ്യധന്യമായ ഒരു വട്ടയ്ക്കാട്ടു നായര്‍കുടുംബത്തില്‍ ജനിച്ചു എന്നു മാത്രമല്ലാതെ ഒരു ബ്രാഹ്മണന്റെ പുത്രനായിരുന്നു അദ്ദേഹം എന്നു പറയുന്നതിനു നിഷ്പക്ഷപാതിയായ ഒരു ഗവേഷകനെ അധികാരപ്പെടുത്തുന്നതായി യാതൊരു ലക്ഷ്യവും ഇല്ലെന്നാണു് എന്റെ അഭിപ്രായം.
എഴുത്തച്ഛന്റെ ഗന്ധര്‍വാംശസംഭൂതി
എഴുത്തച്ഛന്‍ ഒരു ഗന്ധര്‍വന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കുന്നവരും അങ്ങിങ്ങു് ഇല്ലാതെയില്ല. അതിനു് അവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ കേള്‍ക്കാന്‍ രസമുണ്ടു്. അധ്യാത്മരാമായണം രചിച്ച ഒരു സാധുബ്രാഹ്മണന്‍ അതിനു് പ്രചാരം വര്‍ദ്ധിക്കുന്നതിനുള്ള മാര്‍ഗ്ഗം ഉപദേശിക്കണമെന്നു് ഒരു ഗന്ധര്‍വനോടപേക്ഷിച്ചു. അപ്പോള്‍ അവിടെ വേദവ്യാസമഹര്‍ഷി ബ്രാഹ്മണരൂപത്തില്‍ വേഷച്ഛന്നനായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വ്യാസഭഗവാനാണെന്നും അദ്ദേഹത്തോടു് പ്രാര്‍ത്ഥിച്ചാല്‍ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നും ഗന്ധര്‍വന്‍ ഉപദേശിച്ചു. തന്റെ യാഥാര്‍ത്ഥ്യം അന്യനെ ധരിപ്പിച്ചതില്‍ വച്ചു കുപിതനായ മഹര്‍ഷി ആ വ്യോമചാരി ഭൂമിയില്‍ മനുഷ്യനായി ജനിക്കട്ടെ എന്നു ശപിക്കുകയും ആ ശാപത്തിനു വിധേയനായി അദ്ദേഹം എഴുത്തച്ഛനായി അവതരിക്കുകയും ചെയ്തു. ഈ കാലില്ലാക്കഥയ്ക്കു് തെളിവെന്തെന്നു ചോദിച്ചാല്‍ അവര്‍ ഉദ്ധരിച്ചു കാണിക്കുന്നതു മഹാഭാരതം ദ്രോണപര്‍വത്തിലെ
ʻʻവാരണവീരന്‍ തലയറ്റു വില്ലറ്റു
വീരന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
നാലാമതാനതന്‍ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും.ˮ
എന്ന വരികളാണു്. പ്രസ്തുതഗന്ധര്‍വ്വന്‍ അര്‍ജ്ജുനനും ഭഗദത്തനും തമ്മില്‍ നടന്ന യുദ്ധത്തിനു ദൃക്‍സാക്ഷിയായിരുന്നു എന്നും അല്ലെങ്കില്‍ ആ യുദ്ധം അത്തരത്തില്‍ എഴുത്തച്ഛനു വര്‍ണ്ണിച്ചു ഫലിപ്പിക്കുവാന്‍ സാധിക്കുന്നതല്ലായിരുന്നു എന്നുമാണു് അവരുടെ വാദം. മഹാകവികള്‍ ക്രാന്തദര്‍ശികളാണെന്നും ഗന്ധര്‍വന്മാര്‍ക്കുപോലും അദൃശ്യങ്ങളായ വസ്തുക്കള്‍ അവര്‍ക്കു കാണാന്‍ കഴിവുള്ളതാണെന്നും ഇവിടെ പറയേണ്ടതില്ലല്ലോ. താന്‍ ഗന്ധര്‍വന്റെ അവതാരമാണെന്നു് എഴുത്തച്ഛന്‍തന്നെ പറഞ്ഞിട്ടുണ്ടെന്നാണു് അവര്‍ ഉന്നയിക്കുന്ന മറ്റൊരു വാദമുഖം. അതിനു് അവര്‍ ഗന്ധര്‍വ്വചരിതം എന്ന ഒരു പഴയ ഭാഷാചമ്പുവിലുള്ള
ʻʻഗന്ധര്‍വ്വന്‍ പണ്ടു വാനോര്‍നഗരിയിലനിശം
പാടുവോനിന്ദ്രഗേഹേ
ഗാന്ധര്‍വത്തിന്നു മുമ്പുണ്ടുഴകിനുമധികം;
പിന്നെ മറ്റുള്ളതൊപ്പം;
സന്ധ്യാവേലയ്ക്കു ചെല്ലാഞ്ഞൊരുപൊഴുതു വലാ-
രാതികോപേന ശാപാ-
ലന്ധത്വം പൂണ്ടു ഭൂമൌ പരിചിനൊടു പിറ-
ന്നീടിനേന്‍ മാനുഷോ ഞാന്‍ˮ
എന്ന ശ്ലോകം പ്രമാണമായി പ്രദര്‍ശിപ്പിക്കുന്നു. അതിലെ മറ്റൊരു ശ്ലോകം
ʻʻഞാനോ കേളമരാവതീലമരുവോന്‍ ഗന്ധര്‍വ്വരാജന്‍ സഖേ!
വാനോര്‍നാഥനഹേതുകോപി വെറുതേ നമ്മെശ്ശപിച്ചീടിനാന്‍;
ദീനോഹം ധരണീതലേ പിറവി പൂണ്ടീവണ്ണമായിട്ടുമി-
ത്തേനോലും മൊഴിമാര്‍ക്കു മാരമരണാതങ്കം കുറച്ചീടിനേന്‍.ˮ
എന്നതാണു്. ഇതു ഹാസ്യപ്രധാനമായ ഒരു ചെറിയ ചമ്പുവാകുന്നു. ഇതില്‍ ഗന്ധര്‍വനെ ശപിക്കുന്നതു വ്യാസനല്ല, ദേവേന്ദ്രനാണു്. ഈ ഗ്രന്ഥം കാണാത്തതുകൊണ്ടു മാത്രമാണു് ചിലര്‍ ആദ്യം ഉദ്ധരിച്ച ശ്ലോകം ഗുരുനാഥകൃതമാണെന്നു സങ്കല്പിക്കുന്നതു്. അതിലെ തക്കിടിയും വിഡ്ഢിത്തവും എഴുത്തച്ഛന്റെ രസനയില്‍നിന്നു് ഒരിക്കലും പുറപ്പെടാവുന്നതല്ലല്ലോ. ശ്രവണാനന്ദപ്രദമായ ശുകഗാനപ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാ പകനെന്നല്ലാതെ എഴുത്തച്ഛന്‍ ഗന്ധര്‍വ്വാംശസംഭവന്‍ എന്നു പറയുമ്പോള്‍ അതിനു മറ്റൊരര്‍ത്ഥവുമില്ല; ഉണ്ടാകാനൊട്ടു തരവുമില്ല; ഉണ്ടാകേണ്ട ആവശ്യവുമില്ല.
പേര്‍
എഴുത്തച്ഛന്റെ പേര്‍ (1) ശങ്കരന്‍, (2) സൂര്യനാരായണന്‍, (3) രാമാനുജന്‍, (4) രാമന്‍ എന്നിങ്ങനെ നാലു രൂപങ്ങളില്‍ പ്രചരിക്കുന്നുണ്ടു്. ഇവയെപ്പറ്റി പ്രാപ്താവസരമാകയാല്‍ ഇവിടെ ചര്‍ച്ചചെയ്യാം. ശങ്കരന്‍ എന്നായിരുന്നു പേരെന്നുള്ളതിനു തെളിവോ യുക്തിയോ യാതൊന്നുമില്ല. ʻʻഭവതു വദനബിംബം ശാങ്കരം പ്രീതയേ വഃˮ എന്നു കോലത്തുനാട്ടു ശങ്കരകവിയെ പരാമര്‍ശിക്കുന്ന ഒരു ശ്ലോകം ചന്ദ്രോത്സവത്തിലുണ്ടല്ലോ. എഴുത്തച്ഛനെപ്പറ്റി അന്യഥാ യാതൊരു സൂചനയും ആ ഗ്രന്ഥത്തില്‍ കാണാത്തതുകൊണ്ടു പ്രസ്തുതനായ ശങ്കരന്‍ എഴുത്തച്ഛനായിരിക്കണമെന്നു കേരളത്തിലെ സാഹിത്യഗവേഷണചരിത്രത്തിന്റെ ആരംഭത്തില്‍ ആരോ ഊഹിച്ചു എന്നേയുള്ളു. അതു നിര്‍മ്മൂലമാണെന്നു് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. എഴുത്തച്ഛന്റെ കാലത്തിനു വളരെ മുന്‍പുതന്നെ വിരചിതമായ ഒരു കൃതിയാണല്ലോ ചന്ദ്രോത്സവം. രാമാനുജന്‍ എന്ന സംജ്ഞയ്ക്കു കുറേ പ്രാചീനതയുണ്ടെന്നു സമ്മതിക്കാം. 1018-ആണ്ടു മംഗലാപുരത്തുനിന്നു ബേസല്‍മിഷണ്‍ അച്ചുക്കൂടക്കാര്‍ കല്ലച്ചില്‍ മുദ്രണം ചെയ്തു പ്രസിദ്ധീകരിച്ച കേരളോല്‍പത്തിയില്‍ ʻʻഇവയൊക്കെയും കലിയുഗത്തില്‍ അല്പബുദ്ധികളായിരിക്കുന്ന മാനുഷര്‍ക്കു വഴിപോലെ ഗ്രഹിപ്പാന്‍ തക്കവണ്ണം തുഞ്ചത്തു രാമാനുജന്‍ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു. സാരന്മാര്‍ അറിഞ്ഞുകൊള്‍കയും ചെയ്കˮ എന്നീ പങ്‌ക്തികള്‍ കാണുന്നതില്‍ നിന്നു പ്രസ്തുത നാമധേയത്തിനു് ഒരു ശതകത്തോളം പഴക്കമുണ്ടെന്നു വിശദമാകുന്നു. ആ പേര്‍ എങ്ങനെ വന്നു എന്നാണു് ഇനി പര്യാലോചിക്കേണ്ടതു്. രാമന്റെ അനുജനാകയാല്‍ എഴുത്തച്ഛനെ രാമാനുജന്‍ എന്നു വിളിച്ചുവന്നു എന്നു് ഒരു കൂട്ടരും വിശിഷ്ടാ ദ്വൈതമതസ്ഥാപകനായ രാമാനുജാചാര്യരുടെ ശിഷ്യനായി വിദേശങ്ങളില്‍ താമസിച്ചകാലത്തു് അദ്ദേഹം സ്വഗുരുവിന്റെ നാമധേയം സ്വീകരിച്ചു എന്നു മറ്റൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ രണ്ടു മതങ്ങള്‍ക്കും ഉപപത്തിയില്ല. രാമന്റെ അനുജന്‍ എന്നു വിളിക്കത്തക്കവണ്ണമുള്ള വ്യക്തിമാഹാത്മ്യമല്ലല്ലോ അദ്ദേഹത്തിനുണ്ടായിരുന്നതു്. ശൈശവത്തില്‍ അദ്ദേഹത്തിനു കുടുംബാംഗങ്ങള്‍ ഏതെങ്കിലും ഒരു പേര്‍ നല്കിയിരിക്കണമെന്നും, അതു രാമാനുജന്‍ എന്നായിരിക്കുവാന്‍ ഇടയില്ലെന്നുമുള്ള വസ്തുത അല്പമൊന്നാലോചിച്ചാല്‍ ആര്‍ക്കും ബോദ്ധ്യമാകുന്നതാണു്. ʻരാമാനുജന്‍ʼ എന്നു പണ്ടും ഇന്നും കേരളീയര്‍ക്കു പേരില്ല. എഴുത്തച്ഛന്‍ രാമാനുജാചാര്യരുടെ ശിഷ്യനായിരുന്നു എന്നു പറയുന്നവര്‍ക്കു സാഹിത്യചരിത്രത്തെപ്പറ്റി സ്ഥൂലമായ ജ്ഞാനം പോലുമില്ലെന്നു പറയേണ്ടിവരും. രാമാനുജാചാര്യരുടെ ജീവിതകാലം ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. സ്വഗുരുവിന്റെ നാമധേയം ഉച്ചരിക്കുവാന്‍പോലും പാടില്ലെന്നു സ്മൃതികള്‍ വിധിച്ചിരിക്കവേ, ആസ്തികനായ എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ പേര്‍ സ്വായത്തമാക്കി എന്നു പറയുന്നതും അസംബന്ധമായിരിക്കുന്നു. എന്നാല്‍ ഇനി ഏതോ ഒരു ശ്രീവൈഷ്ണവന്‍ ആചാര്യനാകുകനിമിത്തം എഴുത്തച്ഛന്‍ തന്റെ പേര്‍ രാമാനുജനെന്നു മാറ്റി എന്നു സങ്കല്പിക്കുന്നതായാല്‍ അതിനും യുക്തി ഭംഗമുണ്ടു്. എഴുത്തച്ഛന്റെ മതം വൈഷ്ണവമല്ല അദ്വൈതമാണു്. അദ്ദേഹത്തിനു വിഷ്ണുവിന്റെ നേര്‍ക്കായിരുന്നു അധികം ഭക്തി എന്നു സമ്മതിക്കാമെങ്കിലും സാധാരണ വൈഷ്ണവമതാനുയായികളെപ്പോലെ അദ്ദേഹം ശിവനിന്ദകനായിരുന്നില്ല എന്നുള്ളതിനു ധാരാളം തെളിവു് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നല്കുന്നുണ്ടു്. പിന്നെ എങ്ങനെയാണു് ആ പേര്‍ കടന്നുകൂടിയതെന്നാണെങ്കില്‍ അതിനു് ഒരു ഉപപത്തി പറയാം.
ചിറ്റൂര്‍ ഗുരുമഠം
എഴുത്തച്ഛന്റെ മഹാസമാധി കൊച്ചിയില്‍ ചിറ്റൂര്‍ എന്ന സ്ഥലത്താണെന്നുള്ളതിനെപ്പറ്റി വലിയ പക്ഷാന്തരങ്ങള്‍ക്കൊന്നും വഴിയുണ്ടെന്നു തോന്നുന്നില്ല. എഴുത്തച്ഛന്‍ തന്റെ പ്രഥമശിഷ്യനായ കരുണാകരനോടും മറ്റൊരു ശിഷ്യനായ സൂര്യനാരായണനോടും കൂടി ഒരു സഞ്ചാരി എന്ന നിലയില്‍ ഭാരതപ്പുഴയുടെ ഒരു പോഷകനദിയും ശോകനാശിനി എന്നു പേരുള്ളതുമായ നദിയുടെ വടക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന ചിറ്റൂര്‍ദേശം സന്ദര്‍ശിക്കുകയും ആ ദേശത്തില്‍ പ്രകൃതിയുടെ പ്രശാന്തരമണീയതയാല്‍ ആകൃഷ്ടനായി അവിടം തന്റെ വാസസ്ഥാനമാക്കുവാന്‍ തീര്‍ച്ചപ്പെടുത്തുകയും അക്കാലത്തു കേവലം കാനനനിര്‍വിശേഷമായിരുന്ന ആ സ്ഥലം നാലായിരം പണത്തിനു ചമ്പത്തില്‍ മന്നാടിയാരോടു തീറുവാങ്ങി നദീതീരത്തു് ഒരു ശ്രീരാമക്ഷേത്രവും ഒരു ശിവക്ഷേത്രവും പണികഴിപ്പിക്കുകയും ശ്രീരാമക്ഷേത്രത്തിനു മുന്‍വശത്തു രണ്ടു വരിയായി പന്ത്രണ്ടു ഗൃഹങ്ങള്‍ നിര്‍മ്മിച്ചു്, ആ ഗൃഹങ്ങളില്‍ പന്ത്രണ്ടു തമിഴ്ബ്രാഹ്മണഗൃഹക്കാരെ കുടിയിരുത്തുകയും ചെയ്തു. ആചാര്യന്‍ പന്തീരായിരം പണം സാമൂതിരിപ്പാട്ടിലെ പക്കല്‍ നിലനിറുത്തിയിരുന്നു എന്നും യുവാവും, ആധ്യാത്മികവിഷയങ്ങളിലെന്നപോലെ ലൌകികകാര്യങ്ങളിലും വിദഗ്ദ്ധനുമായിരുന്ന സൂര്യനാരായണനെ അങ്ങോട്ടയച്ചു് ആ പണം കൂടി വരുത്തി ചെലവുചെയ്താണു്. ഈ പണികളെല്ലാം നടത്തിച്ചതെന്നും പഴമക്കാര്‍ പറയുന്നു. പണി തീരുന്നതുവരെ എഴുവത്തു ഗോപാലമേനോന്റെ അതിഥികളായാണു് എഴുത്തച്ഛനും ശിഷ്യന്മാരും താമസിച്ചതു്. ആ ഗോപാലമേനോന്‍ അനന്തരം കോപ്പസ്വാമികള്‍ എന്ന പേരില്‍ എഴുത്തച്ഛന്റെ അന്തേവാസിയായിത്തീര്‍ന്നു. പിന്നീടു പതിമ്മൂന്നാമത്തെ ഗൃഹമായി തെക്കേ വരിയില്‍ കിഴക്കേ അറ്റത്തു തനിക്കു് ഈശ്വരഭജനം, യോഗാഭ്യാസം മുതലായവ ചെയ്യുന്നതിനായി ഒരു മഠം പണിയിക്കുകയും ആ ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേര്‍ നല്കുകയും ആ അഗ്രഹാരവും, അതില്‍പ്പെട്ട ക്ഷേത്രങ്ങളും ബ്രാഹ്മണാലയങ്ങളും തന്റെ മഠവുംകൂടി ഗ്രാമജനങ്ങള്‍ക്കു ദാനംചെയ്യുകയും ചെയ്തു. മേലും കുറേക്കാലം അവിടെ താമസിച്ചു ലോകോപകാരംചെയ്തുകൊണ്ടു വിജയിക്കവേ ആ മഹാത്മാവു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തില്‍ സമാധിയെ പ്രാപിച്ചു. എഴുത്തച്ഛന്‍ താമസിച്ചുവന്ന രാമാനന്ദാഗ്രഹാരത്തിലെ ആ മഠത്തെയാണു് ചിറ്റൂര്‍ മഠം എന്നു പറയുന്നതു്. എഴുത്തച്ഛന്‍ ദാനംചെയ്ത അഗ്രഹാരം ഇന്നു് ആറ്റിന്‍കര ഗ്രാമമെന്നും പുഴയ്ക്കല്‍ ഗ്രാമമെന്നും ചിറ്റൂര്‍ തെക്കേ ഗ്രാമമെന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്നു. എഴുത്തച്ഛനാല്‍ സുമുഹൂര്‍ത്തത്തില്‍ ദത്തമായ ആ ഗ്രാമം ഉത്തരോത്തരം ശ്രേയസ്സോടുകൂടി പരിലസിക്കുന്നു. ആദ്യത്തെ പന്ത്രണ്ടു മഠങ്ങള്‍ ഇപ്പോള്‍ മുന്നൂറ്റില്‍പ്പരമായി വര്‍ദ്ധിച്ചിട്ടുണ്ടു്. കൊല്ലം 1094-ല്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കു മൂവായിരപ്പറയ്ക്കുമേല്‍ കൊല്ലത്തില്‍ ആദായമുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നു. എഴുത്തച്ഛന്‍ ജീവിച്ചിരിക്കവേതന്നെ അദ്ദേഹത്തിന്റെ സല്‍പ്രവൃത്തികള്‍ കണ്ടു സന്തുഷ്ടനായ ചമ്പത്തില്‍ മന്നാടിയാര്‍ താന്‍ വാങ്ങിച്ച നാലായിരം പണവും ശ്രീരാമസ്വാമിസന്നിധിയില്‍ കെട്ടിവയ്ക്കുകയും എഴുത്തച്ഛന്‍ അതില്‍ 1000 പണം വീതം ചമ്പത്തു്, വടശ്ശേരി, എഴുവത്തു് ഈ മൂന്നു വീട്ടുകാരുടേയും പക്കലും, ബാക്കിയുള്ള ആയിരം പണം കൊച്ചി സര്‍ക്കാരിലും ഓരോരുത്തരും ക്ഷേത്രത്തിലേക്കു തൊണ്ണൂറു പറ നെല്ലു വീതം പലിശ കൊടുക്കണമെന്നുള്ള വ്യവസ്ഥയില്‍ ഏല്പിക്കുകയും ചെയ്തു. എഴുവത്തുവീട്ടുകാര്‍ തങ്ങള്‍ വാങ്ങിയ സംഖ്യ ദേവസ്വത്തില്‍ തിരിയെ ഏല്പിച്ചു; വടശ്ശേരി മന്നാടിയാരുടെ കുടുംബത്തില്‍നിന്നു് ഇന്നും നെല്ലളക്കുന്നുണ്ടു്. കൊച്ചിസര്‍ക്കാര്‍ കൊല്ലംതോറും ഏതാനും ഉറുപ്പിക വിലത്തരമായി കൊടുക്കുന്നുമുണ്ടു്. ശ്രീരാമസ്വാമിക്ഷേത്രത്തില്‍ കൊല്ലംതോറും മീനമാസത്തില്‍ ശ്രീരാമനവമിക്കു രഥോത്സവവും കന്നിമാസത്തില്‍ നവരാത്രി പ്രമാണിച്ചു് ഒന്‍പതു ദിവസം വിളക്കും മറ്റു വിശേഷാല്‍ അടിയന്തിരങ്ങളും ആഘോഷിക്കാറുണ്ടു്. ആദ്യത്തെ ദിവസത്തെ വിളക്കിനു് ʻഎഴുത്തച്ഛന്‍വിളക്കു്ʼ എന്നാണു് പേര്‍ പറയാറുള്ളതു്. ആ വിളക്കടിയന്തിരം സ്ഥലത്തെ നായന്മാരോടു വരിപിരിച്ചു ഗുരുമഠത്തില്‍നിന്നു മുടക്കംകൂടാതെ നടത്തിവരുന്നു. കഴിഞ്ഞ കണ്ടെഴുത്തുവരേയും പ്രസ്തുതവസ്തുവിന്റെ പട്ടയം എഴുത്തച്ഛന്റെ പേരിലായിരുന്നു എന്നുമറിയുന്നു. അവിടെ പുഴയുടെ മധ്യത്തില്‍ ഉന്നതമായ ഒരു പാറ കാണുന്നുണ്ടു്. അതിനെ എഴുത്തച്ഛന്‍ പാറ എന്നാണു് പറഞ്ഞുവരുന്നതു്.
ഗ്രാമപ്രതിഷ്ഠയെ തെളിയിക്കുന്ന ശ്ളോകങ്ങള്‍
ഗ്രാമപ്രതിഷ്ഠയ്ക്കും മറ്റും ആസ്പദമായി നാലു സംസ്കൃതശ്ലോകങ്ങളുണ്ടു്. അവ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ഏതോ ഒരു കവി നിര്‍മ്മിച്ചതും ഗുരുമഠത്തിലെ രേഖകളില്‍നിന്നു പകര്‍ത്തി ദ്രവിച്ച ഭാഗങ്ങള്‍ മറ്റൊരു വിദ്വാന്‍ പൂരിപ്പിച്ചിട്ടുള്ളതുമാണു്. അവ ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യമുണ്ടു്. ഭിത്തിവലയിതങ്ങളായ ഭാഗങ്ങള്‍ പിന്നീടു പൂരിപ്പിച്ചിട്ടുള്ളവയാണു്:
ʻʻആചാര്യഃ പ്രഥമം നദീം വനമിദം ദൃഷ്ട്വാ(മുദം) പ്രാപ്തവാന്‍
നദ്യാസ്തീര(വനപ്രദേശ)വസതിം നിശ്ചിത്യ ശിഷ്യൈസ്സമം
ലബ്ധ്വാ തദ്വനമത്ര ദേശപതിഭിശ്ചിത്വാ (സമസ്തം ഗുരു)
രാമാനന്ദപുരാഭിധം ദ്വിജഗൃഹൈര്‍ഗ്രാമം ചകാരാലയൈഃ.
പൂര്‍വേ ചിഞ്ചാഖ്യകുല്യാപ്യഥ വരുണദിശാ
പത്രചര്യാപഥാന്തം
യാമ്യേ നദ്യുത്തരാദുത്തരദിശി നിധന-
ക്രോഡകേദാരകാന്തം
അസ്മിന്‍ ദേശേ മഹാത്മാ (വിബുധജ)ന(വര)-
സ്സൂര്യനാരായണാഖ്യ-
സ്സമ്പദ്വേശ്മാധിനാഥാദുദകമ(ഥ)സ ജ-
(ഗ്രാഹ)കാരുണ്യസിന്ധുഃ.
രാമാനന്ദാഗ്രഹാരേ പ്രഥമമിഹ ശിവം
സാംബമൂര്‍ത്തിം സവര്‍ഗ്ഗം
സാക്ഷാദ്വിഷ്ണുഞ്ച രാമം ദ്വിജകുലനിപുണൈഃ
(സ്ഥാപയാമാസ) സൂര്യഃ
(ദ)ധ്‌നാ(പ്യ)ന്നം സസര്‍പ്പിസ്സധനഗൃഹഗണം
ഭൂസുരേഭ്യോ ദദൌ (സോ)
നാകസ്യാനൂനസൌഖ്യം ധ്രുവമിതി മനന-
സ്യാസ്പദം ഭൂരിദാനം.
സമ്പല്‍(ക്ഷേത്ര)മഹേശസപ്തതിവടശ്ശേര്യാഖ്യഗേഹേഷ്വസൗ
ദത്വൈകൈകസഹസ്രകം പണധനം വൃദ്ധര്‍ത്ഥമഭ്യര്‍ച്ചിതും
രാമാനന്ദപുരാലയേ (ദിശി) നവത്യൈകൈകധാന്യാഢകം
പ്രത്യബ്ദന്തു (പറാ)ഖ്യമിത്യനുമതിം തേഭ്യഃ പ്രതിജ്ഞാപിതഃˮ
ഈ ശ്ലോകങ്ങളുടെ കര്‍ത്താവിന്റെയാകട്ടെ പൂരയിതാവിന്റെയാകട്ടെ വൈദുഷ്യത്തെ പ്രശംസിക്കുവാന്‍ മാര്‍ഗ്ഗം കാണുന്നില്ല; പക്ഷേ അതിനു വേണ്ടിയല്ലല്ലോ അവയെ ഇവിടെ ഉദ്ധരിച്ചതു്. കിഴക്കു പുളിങ്കോല്‍തോടും പടിഞ്ഞാറു പട്ടഞ്ചീരിപ്പാതയും തെക്കു പുഴയുടെ വടക്കേക്കരയും വടക്കു കൊല്ലങ്കോട്ടു പാടവുമാണു് എഴുത്തച്ഛന്‍ ചമ്പത്തില്‍ കുടുംബത്തില്‍നിന്നു വിലയ്ക്കുവാങ്ങിയ സ്ഥലത്തിന്റെ അതിര്‍ത്തി എന്നു രണ്ടാംശ്ലോകത്തില്‍ നിന്നു കാണാവുന്നതാണു്.
എഴുത്തച്ഛന്റെ സമാധി ഒരു ശ്ലക്ഷ്ണ്ശിലകൊണ്ടു മൂടീട്ടുള്ളതും അദ്ദേഹം നിത്യമായി ഉപയോഗിച്ചിരുന്ന മുറിയില്‍ വടക്കേ അറ്റത്തു ദക്ഷിണമുഖമായി പ്രതിഷ്ഠിച്ചിട്ടുള്ളതുമാകുന്നു. എഴുത്തച്ഛന്റേതെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന യോഗദണ്ഡും മെതിയടികളും സമാധിക്കു കിഴക്കുവശം ഒരു പീഠത്തില്‍ നിവിഷ്ടമായിരിക്കുന്നു. എല്ലാ ധനുമാസത്തിലും ഉത്രത്തിന്‍ നാള്‍ ഗുരുമഠത്തില്‍വെച്ചു് എഴുത്തച്ഛന്റെ ശ്രാദ്ധം ആഘോഷിക്കുകയും അതിന്റെ ചടങ്ങായി ബ്രാഹ്മണസദ്യയും മറ്റും നടത്തുകയും ചെയ്യാറുണ്ടു്. ഇതിനു ʻʻഗുരുമഠത്തില്‍ ആരാധനˮ എന്നു പേര്‍ പറയുന്നു. ഇതു് എഴുത്തച്ഛന്റെ സമാധികാലം മുതല്‍ ഇന്നുവരെയും അവിച്ഛിന്നമായി നടന്നുവരുന്നുണ്ടു്. 1043-ല്‍ ഗ്രാമത്തില്‍ ഒരഗ്നിബാധയുണ്ടായി. ഏതാനും ഗൃഹങ്ങളും ഗുരുമഠവും അനേകം താളിയോലഗ്രന്ഥങ്ങളും നശിച്ചുപോയി. എങ്കിലും യോഗദണ്ഡിനും പാദുകങ്ങള്‍ക്കും ഹാനി പറ്റിയില്ല എന്നു് 1904-ല്‍ പ്രസിദ്ധീകൃതമായ ഗുരുമഠംവക വിജ്ഞാപനത്തില്‍ കാണുന്നുണ്ടെങ്കിലും അതില്‍ ഗ്രന്ഥങ്ങളെസ്സംബന്ധിച്ചുള്ള പ്രസ്താവന അത്ര ശരിയാണെന്നു തോന്നുന്നില്ല. എന്തെന്നാല്‍ പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ഡോ. ഏ. സി. ബര്‍ണ്ണല്‍ 1041-ആണ്ടിടക്കു താന്‍ ഗുരുമഠം സന്ദര്‍ശിച്ചു എന്നും അപ്പോള്‍ അവിടെ പഴയതു് എന്നു പറയുവാന്‍ ഭാഗവതം കിളിപ്പാട്ടിന്റെ ഒരു മാതൃക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ള ഗ്രന്ഥങ്ങള്‍ 1011-ആണ്ടിടയ്ക്കുണ്ടായ ഒരു അഗ്നിബാധയില്‍ നശിച്ചുപോയെന്നു സ്ഥലവാസികള്‍ തന്നെ ധരിപ്പിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 1043 മുതല്‍ 1068 വരെ ഇരുപത്തഞ്ചുകൊല്ലം മഠത്തിന്റെ സ്ഥിതി അനാഥപ്രായമായിരുന്നു. 1068-ല്‍ ചിറ്റൂര്‍ ബീമത്തു ഗുരുദാസന്‍ കോപ്പുമേനോന്റെ ഉത്സാഹത്താല്‍ അതു ജീര്‍ണ്ണോദ്ധാരണം ചെയ്യപ്പെട്ടു. ഇതാണു് ഗുരുമഠത്തിന്റെ പശ്ചാല്‍കാലചരിത്രം.
രാമാനുജനും സൂര്യനാരായണനും
മേല്പടി ശ്ലോകങ്ങള്‍ വായിച്ചാല്‍ തുഞ്ചന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനാണു് ചിറ്റൂര്‍ പുഴ കണ്ടു സന്തുഷ്ടമായി അവിടെ ഗുരുമഠവും മറ്റും പ്രതിഷ്ഠിച്ചതെന്നു തോന്നുന്നതു സ്വാഭാവികമാണു്. ആചാര്യപദത്തിനു് എഴുത്തച്ഛനെന്നു് അര്‍ത്ഥം കല്പിച്ചാല്‍ മതിയാകുന്നതും അതു ഗുരുവിനും ശിഷ്യനും ഒന്നുപോലെ യോജിപ്പിക്കാവുന്നതുമാകുന്നു. എന്നാല്‍ ഇവിടെ ഒന്നു് ആലോചിക്കേണ്ടതുണ്ടു്. തുഞ്ചന്റെ ഭക്തനായ അന്തേവാസി എന്നുള്ളതില്‍ക്കവിഞ്ഞു് ഒരു വൈശിഷ്ട്യം സൂര്യനാരായണനു് ഉണ്ടായിരുന്നതായി അറിയുന്നില്ല. ʻചൂരിʼ എന്ന സംകുചിതാഭിധാനത്താല്‍ വിദിതനായ അദ്ദേഹം ജാതിയില്‍ തരകന്‍(മക്കവഴി വെള്ളാളന്‍) ആയിരുന്നു. അദ്ദേഹത്തിനുവേണ്ടി ചിറ്റൂരിലെ നായന്മാര്‍ ധനുമാസം ഉത്രത്തില്‍ ശ്രാദ്ധം ആഘോഷിക്കത്തക്ക ഒരു മാഹാത്മ്യം അദ്ദേഹത്തില്‍ ഐതിഹ്യം ആരോപിക്കുന്നില്ല. പ്രത്യുത തുഞ്ചത്തെഴുത്തച്ഛന്റെ സമാധിസ്ഥലമാണതു് എന്നത്രേ ചിറ്റൂരിലെ സകല ജനങ്ങളുടേയും പരമ്പരാഗതമായ വിശ്വാസം; അങ്ങനെയാണെങ്കില്‍ മാത്രമേ അത്തരത്തിലുള്ള ലോകാരാധനത്തിനു് ഉപപത്തിയുമുള്ളൂ. അതുകൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നതു സാക്ഷാല്‍ എഴുത്തച്ഛന്‍തന്നെയായിരുന്നു അവിടത്തെ സ്ഥാപനങ്ങള്‍ക്കെല്ലാം കാരണഭൂതന്‍ എന്നും താന്‍ വൃദ്ധനും സന്യാസിയുമായിരുന്നതിനാല്‍ ആ സല്‍ക്കര്‍മ്മങ്ങളെല്ലാം തന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനെക്കൊണ്ടു് അദ്ദേഹം നടത്തിച്ചു എന്നുമാണു്. സന്യാസാശ്രമത്തില്‍ ഗുരുനാഥന്‍ ʻരാമാനന്ദന്‍ʼ എന്ന നാമം സ്വീകരിച്ചിരുന്നിരിക്കണം. ആ നാമത്താല്‍ മുദ്രിതമാകുകയാലാണല്ലോ അദ്ദേഹം സ്ഥാപിച്ച ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേര്‍ സിദ്ധിച്ചതു്. കുറേക്കാലം ഗുരുമഠത്തില്‍ താമസിച്ചു് ആ യോഗിവര്യന്‍ അവിടെവെച്ചുതന്നെ മഹാസമാധിയെ പ്രാപിച്ചുമിരിക്കണം. അല്ലെങ്കില്‍ ആ പ്രദേശത്തിനു് ഇന്നു നാം കാണുന്ന മാഹാത്മ്യം ഒരു പ്രകാരത്തിലും സിദ്ധിക്കുന്നതിനു ന്യായമില്ല. ബര്‍ണ്ണല്‍സായ്പിന്റെ അന്വേഷണകാലത്തു സാക്ഷാല്‍ എഴുത്തച്ഛന്‍തന്നെ അവിടെ താമസിച്ചിരുന്നതായാണു് ചിറ്റൂര്‍ക്കാര്‍ അദ്ദേഹത്തെ ധരിപ്പിച്ചതു്. സൂര്യനാരായണനെന്നല്ല തുഞ്ചന്റെ പേരെന്നു് ഇത്രയുമുള്ള പ്രസ്താവനയില്‍നിന്നു വ്യക്തമാകുന്നുണ്ടല്ലോ. ഗുരുനാഥന്‍ തൃക്കണ്ടിയൂര്‍ സ്വഗൃഹത്തില്‍വെച്ചുതന്നെയാണു് അന്തരിച്ചതെന്നും അതിനുമുമ്പ പതിനാറു വയസ്സുള്ള തന്റെ ശിഷ്യനായ ഒരു യോഗി അവിടെ വരുമെന്നും അദ്ദേഹത്തിന്റെ പക്കല്‍ തന്റെ ചൂരല്‍ക്കോലം ഭസ്മസഞ്ചിയും മെതിയടികളും ഭാഗവതം മുതലായ ഗ്രന്ഥങ്ങളും കൊടുക്കണമെന്നു് അദ്ദേഹം തന്റെ മരുമകളോടു പറഞ്ഞിരുന്നുവെന്നും അതുപോലെ ആ യുവാവു് (അതാണത്രേ സൂര്യനാരായണന്‍) ആ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുപോയെന്നും അവയെയാണു് ഗുരുമഠത്തില്‍ പിന്നീടു പ്രതിഷ്ഠിച്ചതെന്നുമുള്ള ഐതിഹ്യത്തില്‍ അസംഭവ്യതാംശങ്ങള്‍ പലതും കാണ്‍മാനുണ്ടു്. സൂര്യനാരായണന്‍ എഴുത്തച്ഛന്‍ സാമൂതിരിപ്പാട്ടിലെ ആചാര്യനായിരുന്നു എന്നു പറയുന്നതിനും അപ്രതിഷേധ്യമായ ലക്ഷ്യം വേണ്ടിയിരിക്കുന്നു. അതു ശരിയാണെങ്കില്‍ സാമൂതിരിപ്പാട്ടിലെ അധീനതയിലും ഭാരതപ്പുഴയുടെ തീരത്തിലുമുള്ള ഏതെങ്കിലും മനോഹരമായ ഒരു സ്ഥലത്ത് അദ്ദേഹത്തിന്റെ ഗുരുമഠം പണിയിക്കുകയും അതിന്റെ നിലനില്പിനു പര്യാപ്തമായ സ്വത്തു് ആ രാജാവിനെക്കൊണ്ടുതന്നെ ദാനം ചെയ്യിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ അദ്ദേഹം ആ മഠം പ്രതിഷ്ഠിച്ചതു കൊച്ചിയിലും ആയിരം പണം പലിശയ്ക്ക് ഏല്പിച്ചതു കൊച്ചിസര്‍ക്കാരിലുമായിരുന്നല്ലോ. ആദ്യം തുഞ്ചനോടുകൂടിയും പിന്നീടു തനിച്ചും സൂര്യനാരായണനെഴുത്തച്ഛന്‍ ഗുരുമഠത്തിൽ താമസിച്ചിരുന്നിരിക്കും. ഞാന്‍ ഇത്രയും ഇവിടെ പ്രപഞ്ചനം ചെയ്തതു്. ʻരാമാനന്ദന്‍ʼ എന്നതു് എഴുത്തച്ഛന്‍ സന്യാസാശ്രമംവരിച്ചപ്പോള്‍ സ്വീകരിച്ച പേരാണെന്നു തെളിയിക്കുവാനാണു്. അഥവാ സൂര്യനാരായണനാണു് ഗുരുമഠത്തില്‍ ആദ്യമായി പാര്‍പ്പു തുടങ്ങിയതെന്നു വന്നാല്‍പ്പോലും തന്റെ ഗുരുനാഥന്റെ നാമധേയമാണു്. അദ്ദേഹം അഗ്രഹാരത്തിനു നല്കിയതെന്നുള്ള ഊഹത്തിനു് അതു പ്രതിബന്ധമാകുന്നില്ല. രാമാനന്ദന്‍ എന്നായിരുന്നു എഴുത്തച്ഛന്റെ അക്കാലത്തെ പേരെന്നു വരുമ്പോള്‍ ʻരാമാനന്ദന്‍ʼ എന്ന പദം അനന്തരകാലങ്ങളില്‍ ഉച്ചാരണവൈകല്യത്താല്‍ രൂപഭേദം പ്രാപിച്ചു ʻരാമാനുജന്‍ʼ എന്നായി പരിണമിച്ചതില്‍ ആശ്ചര്യപ്പെടുവാനുമില്ല. പ്രസ്തുതസംജ്ഞയ്ക്ക് അത്തരത്തില്‍ സംഭവിച്ച ഒരു പരിണാമമാണു് ʻരാമാനുജന്‍ʼ എന്ന ഞാന്‍ വിശ്വസിക്കുന്നു.
രാമന്‍
ഇനി സന്യാസത്തിനു മുമ്പുള്ള പേരെന്തെന്നു തിരഞ്ഞുപിടിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ 949-ആണ്ടു മുതല്‍ 1006-ആണ്ടുവരെ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരന്‍നമ്പിയുടെ ഭാഗവതം ഏകാദശം കിളിപ്പാട്ടില്‍നിന്നു താഴെ ഉദ്ധരിക്കുന്ന വരികള്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതുപോലെ തോന്നുന്നു:
ʻʻബാദരായണമുഖനിര്‍ഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തു മേവും രാമദാസനാമെഴുത്തച്ഛന്‍
അച്യുതന്‍തങ്കല്‍ ഭക്തി മുഴുക്കനിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു ഗീതമായുരചെയ്താന്‍ (മുന്നം)ˮ
രാമദാസന്‍ എന്ന സമസ്തപദത്തില്‍ വര്‍ണ്ണദ്യോതകമായ ദാസഘടകം തള്ളിയാല്‍ അവശേഷിക്കുന്നതു രാമശബ്ദമാണല്ലോ. അപ്പോള്‍ ശ്രീധരന്‍നമ്പിയുടെ കാലത്തു് എഴുത്തച്ഛന്റെ പേര്‍ രാമനാണെന്നു പണ്ഡിതന്മാര്‍ വിശ്വസിച്ചിരുന്നതായി സങ്കല്പിക്കാം. എഴുത്തച്ഛനു രാമനെന്ന പേരില്‍തന്നെ ഒരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നതു ഈ സങ്കല്പത്തിനു ബാധകമല്ല. എഴുത്തച്ഛന്‍ അധ്യാത്മരാമായണം രചിക്കുന്ന കാലത്തു് ആ ജ്യേഷ്ഠന്‍ വലിയ ശിഷ്യസമ്പത്തുള്ള ഒരു ആചാര്യനായിരുന്നുവല്ലോ. അവര്‍ തമ്മില്‍ പ്രായംകൊണ്ടു് അടുപ്പമുണ്ടായിരുന്നതായി ആ പ്രസ്താവന തോന്നിക്കുന്നില്ല. അദ്ദേഹം എഴുത്തച്ഛന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ പുത്രനായിരുന്നു എന്നും എഴുത്തച്ഛന്റെ യൌവ്വനത്തില്‍ അദ്ദേഹത്തിനു വാര്‍ദ്ധക്യമായിരുന്നു എന്നും വരാവുന്നതാണു്. രാമന്‍ സന്യാസാശ്രമത്തില്‍ രാമാനന്ദനാകുന്നതു സ്വാഭാവികവുമാണല്ലോ. അതുകൊണ്ടു് എഴുത്തച്ഛന്റെ ബാല്യകാലത്തിലെ നാമധേയം രാമനെന്നായിരുന്നു എന്നു് ഊഹിക്കുന്നതില്‍ അനൌചിത്യമുണ്ടെന്നു തോന്നുന്നില്ല.
എഴുത്തച്ഛന്റെ കാലം
എഴുത്തച്ഛന്റെ ജീവിതത്തെ കൊല്ലം 600-ആണ്ടുമുതല്‍ 800-ആണ്ടുവരെ പല ഘട്ടങ്ങളിലേക്കും ഗവേഷകന്മാര്‍ കൊണ്ടുപോകാറുണ്ടു്. 600-ആണ്ടിടയ്ക്കല്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. അങ്ങനെയാണെങ്കില്‍ കൃഷ്ണഗാഥാകാരനെക്കാള്‍ പ്രാക്തനനാണു് എഴുത്തച്ഛന്‍ എന്നു വരേണ്ടതും ഭാഷാരീതി നോക്കിയാല്‍ അതിനു യാതൊരു പഴുതുമില്ലാത്തതുമാകുന്നു. കണ്ണശ്ശനും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു എന്നു പറയുന്നതും അസംബന്ധമാണു്. ആ രണ്ടു മഹാകവികളുടേയും സംഭാഷണമാണെന്നു ചിലര്‍ കരുതാറുള്ള
ʻʻചൂടായ്കില്‍തത്തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ്‌വരും;
പാടായ്കില്‍ത്തിരുനാമമന്തകഭടന്മാരങ്ങു പാടായ്‌വരും;
കൂടായ്കില്‍സ്സുകൃതങ്ങള്‍ ചെയ്‌വതിനഹോ പാപങ്ങള്‍ കൂടായ‌് വരും:
വീടായ്കില്‍ക്കടമേവനും നരകമാം നാടങ്ങു വീടായ്‌വരുംˮ
എന്ന ശ്ലോകം വെണ്‍മണി അച്ഛന്‍നമ്പൂരിപ്പാട്ടിലെ അപ്ഫ്ന്‍ വിഷ്ണുനമ്പൂരിപ്പാട്ടിലെ കൃതിയാണെന്നു് ഇപ്പോള്‍ അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ടു്.
എഴുത്തച്ഛന്‍ തന്റെ കാലത്തു സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്ന മലയാളഭാഷയിലാണു് കാവ്യങ്ങള്‍ നിര്‍മ്മിച്ചതു്. എന്നാല്‍ അവയിലും ചില പഴയ പദങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ജീവിതം എപ്പോളെന്നു നിര്‍ണ്ണയിക്കുവാന്‍ അല്പാല്പം സഹായിക്കുന്നുണ്ടു്. (1) ചേല്‍ക്കണ്ണി, (2) മയ്യല്‍ (മോഹം), (3) ഒക്കത്തക്ക, (4) വിരയേ, (5) അടയ (മുഴുവന്‍), (6) മുനിവു (കോപം), (7) ഇകലില്‍ (യുദ്ധത്തില്‍), (8) മറുകി (തിളച്ചു, (9) ഇടര്‍ (ദുഃഖം), (10) തൂമ (സത്യം) മുതലായ പദങ്ങളും (1) എവിടത്തു പാര്‍ത്ഥന്‍, (2) ജീവിക്കയില്‍, (3) സത്യമായ് വന്നുതാവൂ, (4) ശുശ്രൂഷ ചെയ്തു ഞായം, (5) സാദരം നല്‌കൂ പിതൃക്കള്‍ക്കും, (6) ഭക്തന്മാര്‍ വിഷയമായ്, (7) രാക്ഷസരാജാവായ രാവണഭഗിനി ഞാന്‍, (8) കീകസാത്മജകുലനാശകാരിണിയായേ, (9) കാടിതു കണ്ടായോ നീ തുടങ്ങിയ പ്രയോഗങ്ങളും നോക്കുക. ഉപോത്തമമായ പ്രയോഗത്തില്‍ കാണുന്ന ʻഏʼ എന്ന പാദ പൂരകമായ നിപാതം നിരണംകവികളുടെ കാലത്തു പ്രചുര പ്രചാരമായിരുന്നു; എഴുത്തച്ഛന്റെ കാലത്തും അതിനു് അങ്ങിങ്ങു പ്രവേശമുണ്ടായിരുന്നതായി കാണുന്നുണ്ടു്. ആകെക്കൂടി ഭാഷാഗതി നോക്കിയാല്‍ എഴുത്തച്ഛന്‍ കൊല്ലം എട്ടാം ശതകത്തിലാണു് ജീവിച്ചിരുന്നതെന്നു സ്പഷ്ടമാകുന്നു. ആ ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലോ ഉത്തരാര്‍ദ്ധത്തിലോ എന്നു മാത്രമേ പരിശോധിക്കേണ്ടതായുള്ളൂ.
എട്ടാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം
മുന്‍പ് ഉദ്ധരിച്ച ഗുരുമഠശ്ലോകങ്ങളില്‍ ʻനാകസ്യാനൂനസൗഖ്യംʼ എന്നൊരു പാദാംശം കാണ്‍മാനുണ്ടു്. അതിനു് ഒരു കലിവാചകത്തിന്റെ സ്വരൂപമുണ്ടെന്നു തീര്‍ച്ചായി പറയാം. ധ്റുവമെന്നു് അതിനപ്പുറമുള്ള പദവും ആ വിഷയത്തില്‍ ജ്ഞാപകമാണു്. അങ്ങനെയാണെങ്കില്‍ ഗ്രാമദാനം 723-ആണ്ടു തുലാമാസം 11-ആംനുയാണെന്നു സിദ്ധിക്കുന്നു. ʻ(ദ)ധ്‌നാ(പ്യ)ന്നം സസര്‍പ്പിഃʼ എന്ന വാചകത്തിനു് ആ ലക്ഷണമില്ല. ഗ്രാമദാനം സംബന്ധിച്ചു് ഒരു ശാസനപത്രം ഗുരുമഠത്തില്‍ ഉണ്ടായിരുന്നു എന്നും 1046 ഇടയ്ക്കു് അതു താന്‍ കണ്ടു എന്നും ബര്‍ണ്ണല്‍ പറയുന്നുണ്ടു്. പക്ഷേ അതില്‍നിന്നു് അദ്ദേഹം അനുമാനിച്ചതു് എഴുത്തച്ഛന്‍ ക്രി. പി. പതിനേഴാം ശതകത്തിന്റെ അവസാനത്തില്‍, അതായതു കൊല്ലം 875-ആണ്ടിടയ്ക്കു, ജീവിച്ചിരുന്നു എന്നാണു്. എഴുത്തച്ഛന്റെ കൃതികളിലേ ഭാഷാരീതി ഈ അനുമാനത്തിനു കടകവിരുദ്ധമായി നിലകൊള്ളുന്നു. കാലഗണനയില്‍ ഏതു കാരണവശാലോ ആ പണ്ഡിതനു് ഒരു കുഴപ്പം പറ്റിപ്പോയിട്ടുണ്ടെന്നതു നിര്‍വിവാദമാണു്.
ʻനാകസ്യാനൂനസൗഖ്യംʼ എന്ന വാചകത്തില്‍ കലിദിന സൂചനയില്ലെന്നു പറയുന്നവര്‍ എഴുത്തച്ഛനും മേല്പുത്തൂര്‍ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നും ഭട്ടതിരി മുഖാന്തിരമാണു് എഴുത്തച്ഛന്‍ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായതെന്നും, അവിടെ വെച്ചാണു് അധ്യാത്മരാമായണം രചിച്ചതെന്നും, ആ ഗ്രന്ഥത്തിന്റെ മൂലം ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നതു ʻപവിത്രകരസ്സൂര്യഃʼ എന്ന കലിവാചകത്താല്‍ സൂചിതമായ കൊല്ലം 787-ആണ്ടു ചിങ്ങത്തിലായിരുന്നു എന്നും വാദിക്കുന്നു. ʻപവിത്രം പരം സൌഖ്യʼ എന്നൊരു ഭാഗം എഴുത്തച്ഛന്റെ അധ്യാത്മരാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തില്‍ കാണുന്നുണ്ടെന്നും അതു കലിവാചകമാണെന്നും അതനുസരിച്ചു നോക്കുമ്പോള്‍ 787-ആണ്ടു ചിങ്ങമാസം 20-ആംനുയാണു് എഴുത്തച്ഛന്‍ ആ ഗ്രന്ഥരചന സമാപിച്ചതു് എന്നു സിദ്ധിക്കുമെന്നുംകൂടി അവര്‍ പറയുന്നു. ഇവിടെ കലിയെസ്സംബന്ധിച്ചിടത്തോളം രണ്ടു വാക്യങ്ങളും ഒന്നുതന്നെയാണെന്നും അധ്യാത്മരാമായണം മൂലം പരദേശത്തില്‍ നിന്നു വന്നുചേര്‍ന്ന ദിവസം തന്നെ അതിന്റെ ഭാഷാനുവാദവും അവസാനിച്ചു എന്നു പറയുന്നതു് അനുപപന്നമാകയാല്‍ ʻപവിത്രം പരം സൗഖ്യʼ തന്നെയാണു് പിന്നീടു ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ʻപവിത്രകരസ്സുര്യഃʼ എന്നു് ആകൃതിഭേദം കൈക്കൊണ്ടതെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം ആകെക്കൂടി പ്രകൃതത്തില്‍ ചര്‍ച്ച ചെയ‌്‌വാനുള്ളതു് എഴുത്തച്ഛന്‍ 729-ആണ്ടിടയ്ക്കോ 787-ആണ്ടിടയ്ക്കോ ജീവിച്ചിരുന്നതു് എന്നു മാത്രമാകുന്നു. ഭട്ടതിരിയുടെ ബാല്യകാലത്തു് എഴുത്തച്ഛനു മധ്യവയസ്സായിരുന്നു എന്നു പറയുന്നവരുമുണ്ടു്.
ഭട്ടതിരിയേയും എഴുത്തച്ഛനേയും സംഘടിപ്പിക്കുന്ന ഐതിഹ്യങ്ങള്‍ക്കു വലിയ വിലയൊന്നും കല്പിക്കുവാന്‍ തോന്നുന്നില്ല. ഭട്ടതിരിയെ വാതരോഗം ബാധിച്ചപ്പോള്‍ അതിനു പ്രതിവിധിയെന്തെന്നു് അദ്ദേഹം ഒരു ദൂതന്‍മുഖാന്തരം എഴുത്തച്ഛനോടു ചോദിച്ചു എന്നും മത്സ്യം തൊട്ടുകൂട്ടണമെന്നു് എഴുത്തച്ഛന്‍ പറഞ്ഞയച്ചു എന്നും ഭട്ടതിരി ആ ഉപദേശത്തിന്റെ സാരം മനസ്സിലാക്കി മത്സ്യാദ്യവതാരവര്‍ണ്ണനാത്മകമായ നാരായണീയം രചിച്ചു എന്നും ചിലര്‍ പറയുന്നതു വിശ്വസിക്കുവാന്‍ മാര്‍ഗ്ഗം കാണുന്നില്ല. ഭട്ടതിരിയുടെ നിലയിലുള്ള ഒരാളോടു ബ്രാഹ്മണരെപ്പറ്റി അളവറ്റ ഭക്തിയും ബഹുമാനവും ഉണ്ടായിരുന്ന എഴുത്തച്ഛന്‍ ഒരിക്കലും ആ ഭാഷയില്‍ ഒരു ഉപദേശം നല്കിയിരിക്കാനിടയില്ല. രണ്ടാമതു നാരായണീയം ആരംഭിക്കുന്നതു തന്നെ മത്സ്യാവതാരകഥകൊണ്ടല്ല; മുപ്പത്തിരണ്ടാം ദശകത്തില്‍ മാത്രമാണു് ശ്രീമല്‍ഭാഗവതത്തെ അനുവര്‍ത്തിച്ചു് അദ്ദേഹം ആ കഥ പ്രതിപാദിക്കുന്നതു്. അതിനു മുന്‍പുതന്നെ വരാഹം, നരസിംഹം, വാമനം, കൂര്‍മ്മം എന്നിങ്ങനെ നാലവതാരങ്ങളേയും പറ്റിയുള്ള പ്രതിപാദനം കഴിയുന്നുണ്ടു്. 762-ല്‍ ആണല്ലോ നാരായണീയരചന. അക്കാലത്തു ഭട്ടതിരി എഴുത്തച്ഛനോടു് ഉപദേശം ചോദിക്കണമെങ്കില്‍ അന്നു് എഴുത്തച്ഛനു് അന്‍പതു വയസ്സോളമെങ്കിലും പ്രായമായിരിക്കണം. 787-ആണ്ടാണു് അധ്യാത്മരാമായണം തര്‍ജ്ജമ ചെയ്തതെങ്കില്‍ അന്നു് 75 വയസ്സിനടുത്തു് എത്തിയുമിരിക്കണം. അധ്യാത്മ രാമായണത്തിനുമേലാണു് ഭാരതത്തിന്റെ രചന എന്നുള്ളതിനെപ്പറ്റി ആര്‍ക്കും വിപ്രതിപത്തിയുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ വരുമ്പോള്‍ 75 വയസ്സിനു മേലാണു് എഴുത്തച്ഛന്‍ ഭാരതനിര്‍മ്മിതിക്കു് ആരംഭിച്ചതെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു. ആ സങ്കല്പം യുക്തിസഹമല്ല. അതുകൊണ്ടു ഭട്ടതിരിയും എഴുത്തച്ഛനും തമ്മില്‍ യാതൊരു സൗഹാര്‍ദ്ദബന്ധത്തിനും മാര്‍ഗ്ഗമില്ലാത്ത നിലയില്‍ കൊല്ലം എട്ടാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലായിരുന്നു എഴുത്തച്ഛന്റെ ജീവിതം എന്നു നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ʻനാകസ്യാനൂനസൗഖ്യംʼ എന്നതു കലിവാചകമാണെന്നും 729-ആണു് എഴുത്തച്ഛന്‍ ജീവിച്ചിരുന്നു എന്നും അനുമാനിക്കുന്നതില്‍ അസാംഗത്യമില്ല. പിന്നെയും കുറേക്കാലംകൂടി അദ്ദേഹം ഗുരുമഠത്തില്‍ താമസിച്ചു ലോകാനുഗ്രഹം ചെയ്തുകൊണ്ടിരുന്നിരിക്കാം. ഇടയ്ക്കു് ʻഭാസ്വത്തുഞ്ചാഖ്യസന്മന്ദിരʼ എന്നിങ്ങനെ ഒരു സംസ്കൃതശ്ലോകം പത്രപങ്‌ക്തികളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അതില്‍ ʻഹംസപ്രാപ്യം നു സൗമ്യംʼ എന്നു് അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗാരോഹണകാലത്തെ ദ്യോതിപ്പിക്കുന്ന ഒരു കലിവാക്യമുണ്ടെന്നും കാണുമാറായി. അതു യഥാര്‍ത്ഥമായ ഒരു രേഖയാണെന്നു് എനിക്കു വിശ്വാസം വന്നിട്ടില്ലാത്തതിനാല്‍ ആ വാക്യം സൂചിപ്പിക്കുന്നതുപോലെ 732 ധനു 24-ആംനുയാണു് എഴുത്തച്ഛന്റെ നിര്യാണം എന്നു ക്നുപ്തപ്പെടുത്തുവാന്‍ നിവൃത്തിയില്ല. ഏതായാലും 750-നു മേല്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്നിരിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ടും ത്രികരണപരിശുദ്ധമായ ജീവിതചര്യയില്‍നിന്നു് അദ്ദേഹം ദീര്‍ഘായുഷ്മാനായി 80 വയസ്സോളം ഐഹികയാത്ര ചെയ്തിരിക്കാമെന്നു് അനുമാനിക്കുന്നതില്‍ അനുപപത്തിയില്ലാത്തതുകൊണ്ടും ആ മഹാത്മാവിന്റെ ജീവിതകാലം കൊല്ലം 671-നും 750-നും ഇടയ്ക്കായിരുന്നു എന്നു് അനുമാനിക്കാവുന്നതാകുന്നു.
കടിയംകുളത്തു ശുപ്പുമേനോന്റെ പ്രസ്താവന
കടിയംകുളം ശുപ്പുമേനോന്‍ തേനാറിമാഹാത്മ്യം എന്ന കിളിപ്പാട്ടില്‍
ʻʻരാഘവനായ ഗുരുനാഥന്റെ കൃപാബലം
ലാഘവമെന്നിയേ സംപൂര്‍ണ്ണമായുണ്ടാകേണം.
ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക-
ളാവോളം മമ മനോമുകുരേ വിളങ്ങണം.
ചന്ദ്രദേശികാചാര്യനന്യദേശികന്മാരും
സാന്ദ്രകാരുണ്യമെന്നില്‍ പ്രീതിപൂണ്ടരുളേണം.
… … …
കരുണാമൃതപൂരവരുണാലയമായ
കരുണാകരാചാര്യചരണാംബുജം കൂപ്പി
സൂര്യജ്ഞാനാന്ധകാരസൂര്യനായീടും ശ്രീമല്‍-
സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരില്‍
പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമല്‍-
പ്പേരുവെന്നുലകിങ്കല്‍പ്പേരിയന്നരുളീടും
സച്ചിദാനന്ദാത്മകനദ്വയനനാമയന്‍
നിശ്ചലന്‍ നിരാകുലനെന്നുടെ ഗുരുനാഥന്‍
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പില്‍ വാണീടവേണം സദാ.ˮ
എന്നു പ്രസ്താവിയ്ക്കുന്നുണ്ടെന്നും അതില്‍നിന്നു് എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണന്റെ പ്രശിഷ്യനാണു് ശുപ്പുമേനോന്‍ എന്നു സിദ്ധിക്കുന്നു എന്നും അതുകൊണ്ടു് എഴുത്തച്ഛന്‍ എട്ടാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നു എന്നു പറയുന്നതു ശരിയല്ലെന്നും ചിലര്‍ വാദിക്കുന്നു. ശുപ്പുമേനോന്‍ 940-ആണ്ടിടയ്ക്കു ജനിച്ചു എന്നും അദ്ദേഹം ʻരാഘവനായ ഗുരുനാഥൻʼ എന്നു തേനാറിമാഹാത്മ്യത്തിലും ʻഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും … … … തുണപ്പാന്‍വന്ദിക്കുന്നേന്‍ʼ എന്നു കാവേരിമാഹാത്മ്യം കിളിപ്പാട്ടിലും താന്‍ സ്മരിക്കുന്ന കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ ശിഷ്യനായിരുന്നു എന്നും സൂക്ഷ്മമായി പറയാം. പിഷാരടി ടിപ്പുസുല്‍ത്താന്റെ കാലത്തു ജീവിച്ചിരുന്നതായി തെളിയുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവിതവും പത്താം ശതകത്തിലായിരുന്നു എന്നു വന്നുകൂടുന്നു. ശുപ്പുമേനോന്റെ മറ്റൊരു ഗുരുവായ പേരുവും രാഘവനും സമവയസ്കന്മാരായിരുന്നിരിയ്ക്കുവാനാണു് ന്യായമുള്ളതു്. അങ്ങിനെ വരുമ്പോള്‍ സൂര്യനാരായണന്‍ 850-ആണ്ടിനുമുന്‍പു ജനിച്ചതായി സങ്കല്പിക്കുവാന്‍ നിവൃത്തിയില്ല. തുഞ്ചത്തെഴുത്തച്ഛന്‍ അന്തരിച്ചപ്പോള്‍ സൂര്യനാരായണനു 16 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ എന്നു സമ്മതിച്ചാല്‍പ്പോലും ആ കൂടസ്ഥനായ ആചാര്യന്‍ 866 വരെ ജീവിച്ചിരുന്നതായി അംഗീകരിക്കേണ്ടിവരുന്നു. അങ്ങനെയായാല്‍ 781-ല്‍ അദ്ദേഹം ചെമ്പകശ്ശേരി രാജധാനിയില്‍ പോകത്തക്ക വയസ്സില്‍ എത്തിയിരിക്കുവാന്‍ ഇടയില്ലല്ലോ. അതുകൊണ്ടു് ഈ വാദം എഴുത്തച്ഛനേയും മേല്പുത്തൂരിനേയും ചെമ്പകശ്ശേരി രാജാവിനേയും കൂട്ടി ഘടിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കു് ഒരുവിധത്തിലും സഹായകമാകുന്നില്ല. ഒന്‍പതാം ശതകത്തിനു മുന്‍പുതന്നെ ശുകഗാന പ്രസ്ഥാനം ഭാഷയില്‍ പ്രതിഷ്ഠയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നുള്ള പരമാര്‍ത്ഥത്തെ ആര്‍ക്കും അന്യഥാകരിക്കുവാന്‍ സാധിക്കുന്നതല്ല. അതിനാല്‍ ആ ശതകത്തിലേക്കു് എഴുത്തച്ഛനെ കടത്തിക്കൊണ്ടുപോകുന്നതു് അത്യന്തം യുക്തിഹീനമാകുന്നു. ശുപ്പുമേനോന്റെ ʻഅന്തേവാസീന്ദ്രന്മാരില്‍ʼ എന്ന പദപ്രയോഗം സൂര്യനാരായണന്റെ ശിഷ്യപ്രശിഷ്യപരമ്പരയെ പൊതുവേ പരാമര്‍ശിച്ചു മാത്രമാണെന്നും പേരു ആ പരമ്പരയില്‍പ്പെട്ട ഒരാളായിരുന്നു എന്നല്ലാതെ സൂര്യനാരായണന്റെ നേരേശിഷ്യനല്ലായിരുന്നു എന്നും അനുമാനിച്ചാലേ ആ പ്രയോഗം അര്‍ത്ഥവത്താകയുള്ളൂ; കരുണാകരനെഴുത്തച്ഛനെ അദ്ദേഹം ഒരു പ്രാക്കാലഗുരുവിന്റെ നിലയില്‍ വന്ദിക്കുന്നതായും കരുതേണ്ടതാണു്.
എഴുത്തച്ഛന്റെ ഗുരുക്കന്മാര്‍
ʻഅഗ്രജന്‍ മമസതാംʼ എന്നു തുടങ്ങുന്ന അധ്യാത്മരാമായണത്തിലെ വരികളില്‍ നിന്നു് എഴുത്തച്ഛനു രാമനാമധേയനായ ഒരു ഗുരുവുണ്ടായിരുന്നു എന്നും അതു് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ തന്നെയാണെന്നും അദ്ദേഹത്തിനു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നു വ്യക്തമാകുന്നതായി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗ്രജനെന്നും, വിദ്വച്ഛ്റേഷ്ഠനായ മറ്റൊരു ഗുരുവെന്നും, രാമനെന്ന മൂന്നാമതൊരു ഗുരുവെന്നും ഇവിടെ അര്‍ത്ഥകല്പന ചെയ്യുന്നതു് അസമഞ്ജസമാകുന്നു. അഗ്രജപദം ബ്രാഹ്മണപര്യായമായി പരിഗണിക്കണമെന്നു ചിലര്‍ പറയുന്നതു് അബദ്ധമല്ലെങ്കിലും പ്രകൃതത്തില്‍ ആ അര്‍ത്ഥത്തിനു പ്രസക്തിയില്ല. രാമന്‍ എന്ന ജ്യോഷ്ഠന്‍തന്നെയായിരുന്നു എഴുത്തച്ഛന്റെ പ്രധാന ഗുരു. അദ്ദേഹവും നാട്ടെഴുത്താശാന്റെ വൃത്തി സ്വീകരിച്ചിരുന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തിനു് ʻഅനേകാന്തേവാസികള്‍ʼ ഉണ്ടായതു്. ആ അന്തേവാസികളോടുകൂടി ʻമമ ഉള്‍ക്കുരുന്നില്‍ വാഴ്കʼ എന്നു് എഴുത്തച്ഛന്‍ പറയുന്നതില്‍ നിന്നു് അധ്യാത്മരാമായണം നിര്‍മ്മിച്ച കാലത്തു രാമനെഴുത്തച്ഛന്‍ അധ്യാപകവൃത്തിയില്‍ നൂതനനല്ലെന്നു് അനുമാനിക്കാവുന്നതാണു്. ʻമുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരുംʼ എന്ന വരികളില്‍ നിന്നു് എഴുത്തച്ഛനു വേറേയും ഗുരുക്കന്മാരുണ്ടായിരുന്നതായും വെളിപ്പെടുന്നു. പക്ഷേ അവരാരെല്ലാമെന്നു് അദ്ദേഹം നമ്മെ അറിയിക്കുന്നില്ല. കേളല്ലൂര്‍ നീലകണ്ഠസോമയാജി അവരില്‍ അന്യതമനായിരുന്നു എന്നുള്ള അഭിപ്രായം എനിക്കു സമ്മതമായി തോന്നുന്നില്ല. അതിനു തെളിവായി ഉദ്ധരിക്കുന്ന ʻഅന്‍പേണമെന്‍ മനസി ശ്രീനീലകണ്ഠഗുരുʼ എന്ന വരി കാണുന്ന ഹരിനാമകീര്‍ത്തനം എഴുത്തച്ഛന്റെ വരിയാണെങ്കില്‍ത്തന്നെയും അതു സോമയാജി ആണെന്നു സിദ്ധിക്കുന്നില്ല. സോമയാജി എഴുത്തച്ഛന്റെ വേദാന്തഗുരുവായിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ പേര്‍ വേണ്ടിയിരുന്നു അദ്ധ്യാത്മരാമായണത്തില്‍ ആദ്യമായി സ്മരിക്കുവാന്‍. നിശ്ചയമായും നീലകണ്ഠന്‍ രാമനെഴുത്തച്ഛനെക്കാള്‍ പതിന്മടങ്ങു വൈദുഷ്യവാനായിരുന്നു. വിശേഷിച്ചു രവിയില്‍നിന്നു് ആത്തവേദാന്തശാസ്ത്രനുമായിരുന്നു. രാമഗീത, ലക്ഷ്മണോപദേശം മുതലായ വേദാന്തഘട്ടങ്ങള്‍ അടങ്ങിയ ഒരു കൃതിയുടെ ആരംഭത്തില്‍ ആ പുണ്യശ്ലോകനെ എഴുത്തച്ഛന്‍ വന്ദിക്കാത്തതു് അദ്ദേഹം തന്റെ ഗുരുവല്ലാതിരുന്നതുകൊണ്ടാണെന്നേ എനിക്കു് ഊഹിക്കുവാന്‍ തോന്നുന്നുള്ളു. ʻʻരാമനാമാചാര്യനുമാവോളം തുണയ്ക്കണംˮ എന്നു ദേവീമാഹാത്മ്യം കിളിപ്പാട്ടിലും എഴുത്തച്ഛന്‍ തന്റെ ജ്യേഷ്ഠനെ വന്ദിച്ചിരിക്കുന്നു. ʻʻരാമഭക്താഢ്യനായ രാമശിഷ്യന്‍ˮ എന്നു ബ്രഹ്മാണ്ഡപുരാണത്തിലും കാണ്‍മാനുണ്ടു്.അതു് എഴുത്തച്ഛന്റെ കൃതിയാണോ എന്നു യഥാവസരം പരിശോധിക്കാം. എഴുത്തച്ഛനു വേദാന്തത്തിലൊഴികെ മറ്റു ശാസ്ത്രങ്ങളില്‍ അവഗാഹമുണ്ടായിരുന്നതായി തെളിയുന്നില്ല. എന്നാല്‍ ഭാഷാകവിതയ്ക്കു വേണ്ട സംസ്കൃതവ്യുല്‍പത്തി അദ്ദേഹത്തിനു സിദ്ധിച്ചിരുന്നു എന്നു നിസ്സംശയമായി പറയാം. അങ്ങിങ്ങു കവിയുടെ അനവധാനതകൊണ്ടോ അവ്യുല്‍പന്നതകൊണ്ടോ അലംഭാവംകൊണ്ടോ അപൂര്‍വ്വം ചില അപശബ്ദങ്ങള്‍ കാണ്‍മാനുണ്ടെങ്കില്‍ അവയെപ്പറ്റി അത്രയൊന്നും അപലപിക്കേണ്ട ആവശ്യവും ഞാന്‍ കാണുന്നില്ല. ഭാഷാകൃതിയാകുമ്പോള്‍ അത്രയൊക്കെ മതിയെന്നേ അക്കാലത്തെ പണ്ഡിതകവികള്‍ പോലും കരുതിയിരുന്നുള്ളു.
ജീവചരിത്രം
മുന്‍പു പ്രസ്താവിച്ചിട്ടുള്ളതിനെക്കാള്‍ വളരെ അധികമൊന്നും എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വ്യക്തമായി അവശേഷിക്കുന്നില്ല. ബാല്യത്തില്‍ത്തന്നെ എഴുത്തച്ഛന്‍ ശമദമാദിഗുണങ്ങളാല്‍ അലംകൃതനും മുമുക്ഷുവുമായിത്തീര്‍ന്നിരിക്കണം. അദ്ദേഹം വിദേശങ്ങളില്‍ സഞ്ചരിച്ചു തമിഴില്‍ വേദാന്തഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതിനുവേണ്ട പാണ്ഡിത്യം ആ ഭാഷയില്‍ സമ്പാദിച്ചുമിരുന്നിരിക്കണം. സംസ്കൃതഭാഷയിലെ വേദാന്തഗ്രന്ഥങ്ങളും അദ്ദേഹം പരിശീലിച്ചിരുന്നു. അദ്ദേഹത്തിനു് ആന്ധ്രഭാഷ അറിയാമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല. ഇദംപ്രഥമമായി കേരളത്തില്‍ വന്നുചേര്‍ന്ന ആന്ധ്രലിപിലിഖിതമായിരുന്ന ഒരു അധ്യാത്മരാമായണഗ്രന്ഥം അദ്ദേഹം ചെമ്പകശ്ശേരി രാജാവിനുവേണ്ടി പകര്‍ത്തിയെന്നു പറയുന്നതു ശരിയല്ല. അതിനു വളരെ മുന്‍പുതന്നെ ആ ഗ്രന്ഥം കേരളീയവിദ്വാന്മാര്‍ കാണത്തക്ക നിലയിലുള്ളതായിരുന്നു അവരും ആന്ധ്രചോളാദിദേശങ്ങളിലെ സംസ്കൃതപണ്ഡിതന്മാരും തമ്മിലുള്ള സൌഹാര്‍ദ്ദബന്ധം. എഴുത്തച്ഛന്‍ പ്രശസ്തനായതിനുമേലല്ല അധ്യാത്മരാമായണം ഭാഷയില്‍ രചിച്ചതെന്നും പ്രത്യുത അധ്യാത്മരാമായണരചനയാണു് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നും ഊഹിക്കുവാനാണു് ഔചിത്യം അധികമുള്ളതു്. വിദേശസഞ്ചാരം കഴിഞ്ഞു യൗവനത്തില്‍ത്തന്നെ അദ്ദേഹം തിരിച്ചു തൃക്കണ്ടിയൂരിലുള്ള സ്വഗൃഹത്തില്‍ എത്തുകയും അവിടെ ഒരു പാഠശാല സ്ഥാപിച്ചു് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. അവിടെവച്ചു് ആദ്യമായി അധ്യാത്മരാമായണവും പിന്നീടു ശ്രീമഹാഭാരതവും നിര്‍മ്മിച്ചു. എഴുത്തച്ഛന്‍ വിവാഹംചെയ്തുവോ എന്നും അതില്‍ സന്തതിയുണ്ടായിരുന്നുവോ എന്നുമുള്ള ചോദ്യങ്ങള്‍ക്കു് ഉത്തരം പറയുന്നതു സുകരമല്ല. ബര്‍ണ്ണല്‍, അദ്ദേഹത്തിനു് ഒരു മകള്‍ ഉണ്ടായിരുന്നു എന്നും ആ മകള്‍ പകര്‍ത്തിയ എഴുത്തച്ഛന്റെ കൃതികളാണു് ഗുരുമഠത്തില്‍ സൂക്ഷിച്ചിരുന്നതെന്നും തദ്ദേശവാസികള്‍ പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. കൂറ്റനാട്ടുള്ള ആമക്കാവു് എന്ന സ്ഥലത്തെ ഒരു കുടുംബത്തില്‍നിന്നായിരുന്നു എഴുത്തച്ഛന്‍ ദാരസം ഗ്രഹംചെയ്തതു് എന്നൊരു ഐതിഹ്യമുണ്ടു്. അതു വിശ്വസിക്കുവാന്‍ ന്യായമില്ല. ആ കുടുംബക്കാരും എഴുത്തച്ഛന്മാര്‍ തന്നെ. തന്റെ പത്നിയുടെ മരണാനന്തരം എഴുത്തച്ഛന്‍ വീണ്ടും ഗാര്‍ഹസ്ഥ്യബദ്ധനാകാതെ സന്യാസാശ്രമം സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ഗുണകര്‍മ്മവിശേഷങ്ങളാല്‍ ആകൃഷ്ടരായി ഭക്തന്മാരും വിരക്തന്മാരുമായ പലരും അദ്ദേഹത്തിന്റെ അന്തേവാസിത്വം അംഗീകരിക്കുകയും അവരോടൊന്നിച്ചു് അദ്ദേഹം പല പുണ്യസ്ഥലങ്ങളിലും പര്യടനം ചെയ്കയും യദൃച്ഛയാ കിഴക്കന്‍ ചിറ്റൂരില്‍ ചെന്നു ചേര്‍ന്നു് അവിടെ ശ്രീരാമക്ഷേത്രവും ഗുരുമഠവും സ്ഥാപിക്കുകയും അതില്‍പ്പിന്നീടു് അവിടെത്തന്നെ ഭഗവദ്ധ്യാനാനുസന്ധാനങ്ങളില്‍ തല്‍പരനായി ആയുരന്തംവരെ കാലയാപനം ചെയ്കയും ചെയ്തിരിക്കാം. കാലാന്തരത്തില്‍ ഐതിഹ്യം അദ്ദേഹം അവിവാഹിതനാണെന്ന വിചാരത്തില്‍ മകളെ മരുമകളാക്കിയതായിരിക്കണം. എഴുത്തച്ഛന്റെ വംശം അദ്ദേഹത്തോടുകൂടി അന്യം നിന്നുപോയതായാണു് കേള്‍വി.
എഴുത്തച്ഛന്റെ കൃതികള്‍
(1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) മഹാഭാരതം, (4) ദേവീമാഹാത്മ്യം, എന്നിവ എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിര്‍വിവാദംതന്നെ. (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമദ്ഭാഗവതം, (8) ഹരിനാമകീര്‍ത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം ഇവയെപ്പറ്റി ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടിയിരിക്കുന്നു. അഷ്ടാംഗഹൃദയത്തിനു് എഴുത്തച്ഛന്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നതിനു ആസ്പദമൊന്നുമില്ല. അദ്ദേഹം ശാക്തേയമതതത്വങ്ങളെ പരാമര്‍ശിച്ചു് ഒരു നിബന്ധം നിര്‍മ്മിച്ചിട്ടുണ്ടെന്നുള്ള ഊഹവും ഭ്രമമൂലകമാകുന്നു. അദ്ദേഹം ശാക്തേയനായിരുന്നില്ല; അദ്ദേഹത്തിന്റെ ഗുരുവെന്നു ചിലര്‍ വാദിക്കുന്ന നീലകണ്ഠസോമയാജിയുടെ തന്ത്രസംഗ്രഹം താന്ത്രികമതത്തെപ്പറ്റിയല്ല,ജ്യോതിശ്ശാസ്ത്രത്തെപ്പറ്റിയാണു് പ്രതിപാദിക്കുന്നതെന്നു് ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുമുണ്ടു്. ശിവപുരാണം കിളിപ്പാട്ടു കുഞ്ചന്‍നമ്പ്യാരുടേതാണെന്നു് ഇപ്പോള്‍ പരിപൂര്‍ണ്ണമായി തെളിഞ്ഞിട്ടുള്ളതിനാല്‍ അതിനെപ്പറ്റി യാതൊരു വിമര്‍ശവും ആവശ്യകമല്ല. പാതാളരാമായണം കോട്ടയത്തു കേരള വര്‍മ്മരാജാവിന്റെ കൃതിയാണെന്നുള്ളതിനു് അതില്‍ത്തന്നെ തെളിവുണ്ടു്.
കിളിപ്പാട്ട്, കിളിപ്പാട്ടിന്റെ ഉല്‍പത്തി
മലയാളഭാഷയില്‍ കിളിയെക്കൊണ്ടു് കഥ പറയിക്കുക എന്ന കവിതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പു ഗുരുദക്ഷിണപ്പാട്ടു്, സേതുബന്ധനം പാട്ടു് എന്നിങ്ങനെ ചില ഭാഷാഗാനങ്ങള്‍ ആവിര്‍ഭവിച്ചുവെങ്കിലും അവയില്‍ കിളിക്കു പ്രവേശം കാണുന്നില്ല. ആ പ്രസ്ഥാനത്തിന്റെ ഉല്‍പത്തിയെപ്പറ്റി പല പണ്ഡിതന്മാര്‍ പലമാതിരി യുക്തികള്‍ ഉന്നയിക്കുന്നുണ്ടു്. കവിക്കു് അറം തട്ടാതെയിരിക്കുന്നതിനുവേണ്ടിയാണെന്നു് ഒരു കൂട്ടരം, പുരാണങ്ങള്‍ ശുകബ്രഹ്മര്‍ഷിയുടെ മുഖത്തുനിന്നു പുറപ്പെട്ടതിനാല്‍ ആ ആഗമത്തെ ആസ്പദീകരിച്ചാണെന്നു മറ്റു ചിലരും, എഴുത്തച്ഛനു ഭഗവാന്‍ ശുകരൂപത്തില്‍ ജ്ഞാനോപദേശം ചെയ്തു എന്നു വേറെ ചിലരും, സരസ്വതീദേവിയുടെ തൃക്കയ്യിലുള്ള ശുകത്തെക്കൊണ്ടാണു് കഥ പറയിക്കുന്നതെന്നു് അന്യരും, തമിഴിലെ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ കൃതികളെ അനുകരിച്ചാണു് എഴുത്തച്ഛന്‍ കിളിപ്പാട്ടുകള്‍ രചിച്ചതെന്നു് അഞ്ചാമതൊരു കൂട്ടരും പറയുന്നു. ഈ ഊഹങ്ങള്‍ക്കൊന്നിനും ഉപപത്തി കാണുന്നില്ല. ഭാഷാസാഹിത്യത്തിന്റെ ആരംഭകാലംമുതല്‍ യാതൊരു കവിയും ഭയപ്പെടാത്ത അറയില്‍ എഴുത്തച്ഛന്‍ ഭീതനായി എന്നു വരാവുന്നതല്ല. അഷ്ടാദശപുരാണങ്ങളില്‍ ശുകബ്രഹ്മര്‍ഷി ഉപദേശിച്ചതായി കാണുന്നതു ശ്രീമല്‍ ഭാഗവതം മാത്രമാകുന്നു. എഴുത്തച്ഛന്റെ കിളി, പെണ്ണാണു്, ആണല്ല, എന്നും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ടു്. എഴുത്തച്ഛനു ഭഗവാന്‍ ശുകരൂപത്തില്‍ ജ്ഞാനോപദേശം ചെയ്തു എന്നുള്ളതു കേവലം കല്പനയാണു്. അവിടെയും ശുകിയുടെ പ്രസക്തി കാണുന്നില്ലല്ലോ. സരസ്വതീദേവിയുടെ കിളിയെക്കൊണ്ടാണു് താന്‍ പാടിക്കുന്നതെന്നു് എഴുത്തച്ഛന്‍ ഒരിടത്തും പ്രസ്താവിക്കുന്നില്ല; വാസ്തവം അങ്ങനെയായിരുന്നാല്‍ അതു് അദ്ദേഹം തെളിച്ചുതന്നെ പറയുമായിരുന്നു. അതു പ്രകൃത്യാ അസംഭവ്യവുമാണു്. പൈങ്കിളിക്കണ്ണിയെന്നും പരാപരക്കണ്ണിയെന്നും പറയുന്നതു തായ്മാനവസ്വാമികളുടെ രണ്ടു ഗാനങ്ങളാകുന്നു.
ʻʻഅന്തമുടനാതിയളവാമലെൻറ്റിവിര്‍
ചുന്തരവാന്‍ ചോതിതുലംകുമോ പൈങ്കിളിയേ?
അകമേവുമണ്ണലുക്കെന്നല്ലലെല്ലാം ചൊല്ലി-
ച്ചുകമാന നീ പോയ്ച്ചുകം കൊടുമാ പൈങ്കിളിയേˮ
എന്നു പൈങ്കിളിക്കണ്ണിയും,
ʻʻചീരാരുന്തെയ്‌വത്തിരുവരുളാം പൂമി മുതര്‍
പാരാതിയാണ്ട പതിയേ പരാപരമേ;
ചിന്തിത്തതെല്ലാമെന്‍ ചിന്തൈയറിന്തേയുതവ
വന്ത കരുണൈമഴൈയേ പരാപരമേˮ
എന്നു പരാപരക്കണ്ണിയും ആരംഭിക്കുന്നു. പരാപരക്കണ്ണി പൈങ്കിളിക്കണ്ണിയെക്കാള്‍ ദീര്‍ഘമാണു്. കേരളകൗമുദിയില്‍ കോവുണ്ണിനെടുങ്ങാടി, ʻഅകമേവുണ്ണല്‍ʼ എന്നും ʻചീരാരുന്തെയ‌്‌വംʼ എന്നുമുള്ള കണ്ണികള്‍ ഉദ്ധരിക്കുന്നു.
ʻʻപൈങ്കിളിക്കണ്ണിയേ നോക്കിത്തന്‍കിളിപ്പാട്ടു തുഞ്ചനും
തങ്കലാണ്ടൊരു ശീലില്‍ത്താന്‍ തംകുമീരടി പാടിനാന്‍ˮ
എന്നു് അദ്ദേഹം കാരികയെഴുതി അതിന്റെ വൃത്തിയില്‍ പൈങ്കിളിക്കണ്ണിയും പരാപരക്കണ്ണിയും നോക്കിയാണു് തുഞ്ചത്തുഗുരുക്കള്‍ കിളിപ്പാട്ടുകള്‍ രചിച്ചതെന്നു പ്രസ്താവിച്ചപ്പോള്‍ അദ്ദേഹത്തിന്നു നിശ്ചയമായും ഒരു വസ്തുത അറിവില്ലാതിരുന്നിരിക്കണം. അതു് എഴുത്തച്ഛന്റെ കാലം കഴിഞ്ഞു പിന്നെയും ഒരു ശതകത്തിനുമേലാണു് തായ്മാനവര്‍ ജീവിച്ചിരുന്നതെന്നും അദ്ദേഹം പാണ്ഡ്യരാജാവായ വിജയരംഗചൊക്കനാഥന്റെ കീഴില്‍ തൃശ്ശിനാപ്പള്ളിയില്‍ ഒരുദ്യോഗസ്ഥനായിരുന്നു എന്നും മരിച്ചതു് 917-ആണ്ടിടയ്ക്കാണു് എന്നുമാകുന്നു. പൈങ്കിളിക്കണ്ണിയിലും മറ്റും കാണുന്നതല്ല കിളിപ്പാട്ടിലെ യാതൊരു വൃത്തവും എന്നും പറയേണ്ടതില്ലല്ലോ. അതു നെടുങ്ങാടിതന്നെ സമ്മതിക്കുന്നുമുണ്ടു്. എഴുത്തച്ഛന്‍ ശാരികയെക്കൊണ്ടു പാടിക്കുന്നതു തന്റെ ഗാനം സംസ്കൃതകൃതിപോലെ പ്രൗഢമല്ലെങ്കിലും മധുരകോമളമാണെന്നും സാമാന്യജനങ്ങളെ ആകര്‍ഷിക്കുന്നതിനു് അത്തരത്തിലുള്ള ഗാനത്തിനു പാടവമുണ്ടായിരിക്കുമെന്നും വ്യഞ്ജിപ്പിക്കുന്നതിനാണെന്നു തോന്നുന്നു. ആ വ്യംഗ്യത്തില്‍ കവിയുടെ ഔദ്ധത്യരഹിതതയും ആത്മപ്രത്യയവും യൗഗപദ്യേന അന്തര്‍ഭവിക്കുന്നു.
തമിഴില്‍ കിളിയെക്കൊണ്ടു പാടിക്കുക എന്നൊരു കവി സമ്പ്രദായം പൂര്‍വകാലങ്ങളില്‍ത്തന്നെ പ്രചരിച്ചിരുന്നതായി കാണുന്നു. പ്രസിദ്ധ ശൈവസമയാചാര്യനായ തിരുജ്ഞാന സംബന്ധമൂര്‍ത്തി നായനാര്‍ തേവാരത്തില്‍ ഈ സമ്പ്രദായത്തെ അനുകരിച്ചിട്ടുണ്ടു്.
ʻʻചിറൈയാരുമടക്കിളിയേയിങ്കേ വാ; തേനോടു പാല്‍
മുറൈയാലേ ഉണത്തരുവന്‍; മൊയ്പവളത്തൊടു തരളം
തുറൈയാരുങ്കടറ്റോണിപുരത്തീചന്റുളം കുമിളം
പിറൈയാളന്‍തിരുനാമമെനക്കൊരു കാര്‍പേചായേˮ
എന്ന കണ്ണി നോക്കുക. സംബന്ധര്‍ ജീവിച്ചിരുന്നതു ക്രി. പി. ഏഴാം ശതകത്തിലായിരുന്നു. ക്രി. പി. ഒന്‍പതാം ശതകത്തില്‍ ജീവിച്ചിരുന്ന മറ്റൊരു ശൈവസമയാചാര്യനായ മാണിക്യവാചകരും തിരുവാചകത്തില്‍
ʻʻഏരാരരുങ്കിളിയേയെങ്കള്‍പെരുന്തുറൈക്കോന്‍
ചീരാര്‍തിരുനാമം തീര്‍ത്തുരൈയായ്ˮ
എന്നു പാടുന്നു. സംബന്ധരുടെ സമകാലികനും അദ്ദേഹത്തിനു സമസ്കന്ധനായ ഒരു ശൈവസമയാചാര്യനുമായ തിരുനാവുക്കരശു നായനാര്‍ തേവാരത്തില്‍ കുയിലിനെക്കൊണ്ടും പാടിക്കുന്നുണ്ടു്. ആദ്യത്തെ രണ്ടു കവികളായിരിക്കാം എഴുത്തച്ഛനു പ്രസ്തുതവിഷയത്തില്‍ മാര്‍ഗ്ഗദര്‍ശികള്‍.
കിളിപ്പാട്ടുവൃത്തങ്ങള്‍
(1) കേക, (2) കാകളി, (3) കളകാഞ്ചി, (4) അന്നനട എന്നീ നാലുമാണു് കിളിപ്പാട്ടിനു് ഉപയോഗിക്കുന്ന വൃത്തങ്ങളില്‍ പ്രധാനമായുള്ളവ. മണി കാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കു് അങ്ങിങ്ങു കടന്നുകൂടുന്നു എന്നല്ലാതെ അതില്‍ മാത്രം എഴുത്തച്ഛന്‍ ഒരു കഥാംശവും ആമൂലാഗ്രം രചിച്ചതായി കാണുന്നില്ല. അന്നനട ആദ്യമായി പ്രവേശിക്കുന്നതു മഹാഭാരതം കര്‍ണ്ണപര്‍വത്തിലും മൗസല പര്‍വത്തിലുമാണു്. വൈചിത്യത്തിനുവേണ്ടി ചില പര്‍വങ്ങളുടെ ആരംഭത്തില്‍ മണികാഞ്ചി, ഊനകാകളി എന്നീ വൃത്തങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ദ്രുതകാകളിയെ കിളിപ്പാട്ടു വൃത്തങ്ങളുടെ സ്ഥാനത്തില്‍ കയറ്റിയവരില്‍ പ്രഥമഗണനീയന്‍ വാല്മീകിരാമായണകര്‍ത്താവായ കോട്ടയത്തു കേരളവര്‍മ്മത്തമ്പുരാനാകുന്നു. എഴുത്തച്ഛനു ഹൃദ്യതമങ്ങളെന്നു തോന്നിയ നാലു വൃത്തങ്ങളില്‍ കേകയും കാകളിയും കളകാഞ്ചിയും ഭാഷാസാഹിത്യത്തില്‍ മുന്‍പുതന്നെ പ്രയുക്തങ്ങളായിരുന്നു എന്നു ഗുരുദക്ഷിണപ്പാട്ടില്‍നിന്നും മറ്റും നാം അറിയുന്നു. മണികാഞ്ചിയിലുള്ള ഒരീരടി ലീലാതിലകത്തില്‍ത്തന്നെ ഉദ്ധൃതമായിരിക്കുന്നു. ആ വൃത്തംകൊണ്ടു് രാമചരിതകാരനും മറ്റും കൈകാര്യം ചെയ്തിട്ടുമുണ്ടു്. എന്നാല്‍ അന്നനടയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. കര്‍ണ്ണപര്‍വത്തിനുമുന്‍പു് ആ വൃത്തം ഞാന്‍ ഭാഷയില്‍ കണ്ടിട്ടില്ല. തമിഴ്‌സാഹിത്യത്തിലും അതുള്ളതായി അറിയുന്നില്ല. പൂര്‍വസൂരികള്‍ പ്രയോഗിച്ച വൃത്തങ്ങളെ സമഞ്ജസമായ രീതിയില്‍ വ്യവസ്ഥാപനം ചെയ്യുകയും അന്നനട ഇദംപ്രഥമമായി കൂട്ടിച്ചേര്‍ക്കുകയുമാണു് എഴുത്തച്ഛന്‍ ഭാഷാ വൃത്തവിഷയത്തില്‍ വരുത്തിയ പരിഷ്കാരമെന്നു സമഷ്ടിയായി പറയാം.
അദ്ധ്യാത്മരാമായണം
എഴുത്തച്ഛന്റെ വകയായി നമുക്കു് ഇപ്പോള്‍ ലഭിച്ചിട്ടുള്ള പ്രധാനകൃതികളില്‍ അദ്ദേഹം ആദ്യമായി രചിച്ചതു് അധ്യാത്മരാമായണമാണെന്നു നിശ്ചയിക്കാവുന്നതാണു്. കവിക്കു ഭാരതനിര്‍മ്മാണത്തിന്റെ കാലത്തു സിദ്ധിച്ചിരുന്ന കൃതഹസ്തത രാമായണം നിബന്ധിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. ആദ്യകാലത്തു സംസ്കൃതപ്രത്യയാന്തങ്ങളും അല്ലാത്തവയുമായ സംസ്കൃതപദങ്ങള്‍ പ്രയോഗിക്കുന്ന വിഷയത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന അതിരുകടന്ന ഔത്സുക്യം പിന്നീടാണു് അദ്ദേഹത്തെ വിട്ടുമാറിയതു്. ʻʻപപ്രച്ഛ നീയാരയച്ചുവന്നൂ കപേ,ˮ ʻʻഅദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍,ˮ
ʻʻശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ
ഹസ്തേ സമാദായ സാര്‍ഘ്യപാദ്യാദിയും
ഗത്വാ രഘൂത്തമസന്നിധൗ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹ ലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൗ മുഴുകിനാന്‍ˮ
എന്നിങ്ങനെയുള്ള വരികള്‍ ഭാരതത്തില്‍ ഉണ്ടോ എന്നു സംശയമാണു്. ഔദ്ധത്യപരിഹാരത്തിന്നുവേണ്ടി രാമായണത്തില്‍ കവി അനേകം ഈരടികള്‍ പ്രയോഗിക്കുന്നു.
ʻʻകാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാംതീര്‍ത്തു
ശോധനചെയ്തീടുവാനാവോളം വണങ്ങുന്നേന്‍.ˮ
ʻʻപാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍
വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍.ˮ
… … …
ʻʻരാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ചെയ്തു.
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതന്‍നാവിന്മേല്‍ വാണീടിനാള്‍.
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്ലാന്‍
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍?
വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേതസി സര്‍വം ക്ഷമിച്ചീടുവിന്‍ കൃപയാലേ!ˮ
എന്നും മറ്റുമുള്ള ശാലീനതാപ്രകടനവും ക്ഷമായാചനവും ആ ഗ്രന്ഥത്തിലാണല്ലോ കാണുന്നതു്.
അധ്യാത്മരാമായണം മൂലം
അധ്യാത്മരാമായണം അഷ്ടാദശമഹാപുരാണങ്ങളില്‍ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തില്‍ ഉള്‍പ്പെടുന്നു എന്നാണു് പറയുന്നതു്. ഉത്തരഭാഗം അറുപത്തൊന്നാമധ്യായം മുതലാണത്രേ അതു് ആരംഭിക്കുന്നതു്.
ʻʻശൃണ വത്സ പ്രവക്ഷ്യാമി ബ്രഹ്മാണ്ഡാഖ്യം പുരാതനം
യത്ര ദ്വാദശസാഹസ്രം ഭാവികല്പകഥായുതം.
പ്രക്രിയാഖ്യോനുഷംഗാഖ്യ ഉപോദ്ഘാതസ്തൃ്തീയകഃ
ചതുര്‍ത്ഥ ഉപസംഹാരഃ പാദാശ്ചത്വാര ഏവ ഹി.
പൂര്‍വപാദദ്വയം പൂര്‍വോ ഭാഗോऽത്ര സമുദാഹൃതഃ
തൃതീയോ മധ്യമോ ഭാഗശ്ചതുര്‍ത്ഥസ്തൂ്ത്തരോ മതഃ.ˮ
എന്നു് ആ പുരാണത്തില്‍ത്തന്നെ കാണുന്ന വാക്യങ്ങളില്‍നിന്നു പന്തീരായിരം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്മാണ്ഡപുരാണത്തില്‍ പ്രക്രിയ, അനുഷംഗം, ഉപോദ്ഘാതം, ഉപസംഹാരം എന്നിങ്ങനെ നാലു പാദങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നും ആദ്യത്തെ രണ്ടു പാദങ്ങള്‍ക്കു പൂര്‍വഭാഗം എന്നും മൂന്നാമത്തേതിനു മധ്യമഭാഗമെന്നും നാലാമത്തേതിനു ഉത്തരഭാഗമെന്നും പേര്‍ പറയുന്നു എന്നും കാണാം. പൂര്‍വഭാഗത്തില്‍ മുപ്പത്തെട്ടും മധ്യമഭാഗത്തില്‍ എഴുപത്തിനാലും ഉത്തരഭാഗത്തില്‍ നാലും അധ്യായങ്ങള്‍ അന്തര്‍ഭവിക്കുന്നു. ഉത്തരഭാഗത്തിലെ നാലധ്യായങ്ങള്‍ കഴിഞ്ഞു് ഒരനുബന്ധംപോലെ ലളിതോപാഖ്യാനം നാല്പതധ്യായങ്ങളിലായി ഘടിപ്പിച്ചിട്ടുമുണ്ടു്. അതുകൂടിച്ചേര്‍ന്നാലും ഉത്തരഭാഗത്തില്‍ അറുപതു് അധ്യായങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല. അതുകൊണ്ടു ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാഗമാണു് അധ്യാത്മരാമായണമെന്നുള്ള ബോധം അബദ്ധമാണെന്നു സിദ്ധിക്കുന്നു. കേരളത്തില്‍ ബ്രഹ്മാണ്ഡപുരാണം എണ്‍പത്തയ്യായിരം ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു എന്നൊരു ധാരണയുണ്ടായിരുന്നതായി കാണുന്നു. ഔത്തരാഹപാഠത്തിലുള്ള മദ്ധ്യമഭാഗത്തിലെ എഴുപത്തിനാലധ്യായങ്ങള്‍ ഇവിടെ തൊണ്ണൂറ്റൊന്‍പതായി വര്‍ദ്ധിക്കുന്നുമുണ്ടു്. അതിനെ അനുസരിച്ചാണു്.
ʻʻബ്രഹ്മാണ്ഡമെണ്‍പത്തയ്യായിരം ഗ്രന്ഥത്തിലതി-
നിര്‍മ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേന്‍ തൊണ്ണൂറ്റൊന്‍പതധ്യായമതു കേട്ടാല്‍
കല്യാണം വരും കൈവല്യത്തെയും സാധിച്ചീടാം.ˮ
എന്നു ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിന്റെ ഒടുവില്‍ പ്രസ്താവിച്ചിരിക്കുന്നതു്. ഏതായാലും അതൊന്നും ഉത്തരഭാഗത്തെ സ്പര്‍ശിക്കുന്നതല്ലല്ലോ. അധ്യാത്മരാമായണത്തിനു സര്‍വ്വതന്ത്ര സ്വതന്ത്രനായ നാഗേശഭട്ടന്റെ ശിഷ്യനും ശൃംഗിവേരപുരാധീശനുമായ രാമവര്‍മ്മരാജാവിനാന്‍ വിരചിതമായ ʻസേതുʼ എന്നൊരു വ്യാഖ്യാനമുണ്ടു്. ആ വ്യാഖ്യാനത്തില്‍ വാല്മീകിമഹര്‍ഷി ശ്രീമാന്റെ മഹാവിഷ്ണുത്വത്തെ അങ്ങിങ്ങു ഗുപ്തമായി മാത്രമേ ആവിഷ്കരിച്ചിട്ടുള്ളൂ എന്നും ആ തത്വത്തെ സ്പഷ്ടീകരിക്കുന്നതിനുവേണ്ടി പരമദയാലുവായ വേദവ്യാസന്‍ വാല്മീകിയുടെ ഇതിവൃത്തത്തെത്തന്നെ അധികരിച്ചു നാരദ ബ്രഹ്മസംവാദരൂപത്തില്‍ ഒരു നവീനസംഹിത നിര്‍മ്മിച്ചു് അതു ബ്രഹ്മാണ്ഡപുരാണത്തില്‍ ഉള്‍പ്പെടുത്തി എന്നും ആ സംഹിത നൈമിശാരണ്യത്തില്‍വെച്ചു സൂതന്‍ മഹര്‍ഷിമാരെ ചൊല്ലിക്കേള്‍പ്പിച്ചു എന്നും പ്രസ്താവിച്ചിരിക്കുന്നു. പണ്ടു പാര്‍വതീ ദേവിയെ ശ്രീപരമേശ്വരന്‍ ശ്രവിപ്പിച്ച പുരാണമാണു് അതെന്നു നാരദനോടു പറഞ്ഞുകൊണ്ടു് ഉമാമഹേശ്വരസംവാദരൂപത്തില്‍ ബ്രഹ്മാവു നാരദനെ അതു ഗ്രഹിപ്പിച്ചതായും ആ ഘട്ടത്തില്‍ ഉപന്യസിച്ചിട്ടുണ്ടു്. അതെല്ലാം ഗ്രന്ഥത്തിനു മഹിമാധിക്യം വരുത്തുന്നതിനായി കവി പ്രയോഗിച്ചിട്ടുള്ള വിദ്യയാണു്. അത്തരത്തിലുള്ള ഏതു നൂതനകൃതിക്കും ആര്‍ഷച്ഛായ കൊടുത്തു ബ്രഹ്മാണ്ഡപുരാണാന്തര്‍ഗ്ഗതമാണെന്നു പറയുന്നതു കവികളുടെ സമ്പ്രദായവുമാണു്. അധ്യാത്മരാമായണത്തില്‍ മാഹാത്മ്യ സര്‍ഗ്ഗം കൂടാതെ അറുപത്തിനാലു സര്‍ഗ്ഗങ്ങളും അവയില്‍ നാലായിരത്തിരുനൂറു ശ്ലോകങ്ങളും അടങ്ങുന്നു. കവിതയില്‍ ജീവാത്മപരമാത്മസ്വരൂപം മുതലായ തത്വചിന്തകള്‍ക്കാണു് ഗ്രന്ഥകാരന്‍ പ്രാധാന്യം നല്കീട്ടുള്ളതെങ്കിലും ഭാവനാസുന്ദരങ്ങളായ ഭാഗങ്ങളും ധാരാളമുണ്ടു്. വനവാസത്തിനു തന്നോടുകൂടി പുറപ്പെടുന്ന സീതാദേവിയോടു ʻമാ വിഘ്നം കുരു ഭാമിനിʼ എന്നുംമറ്റും ശ്രീരാമനെക്കൊണ്ടു പറയിക്കുമ്പോള്‍ കവി തന്റെ നായകനെ മനുഷ്യനിര്‍വിശേഷനായി മാത്രമേ കരുതുന്നുള്ളൂ. എന്നാല്‍ അത്തരത്തിലുള്ള വിസ്മൃതി അദ്ദേഹത്തിനു വളരെ വിരളമായേ പറ്റീട്ടുള്ളു എന്നും പറയേണ്ടതുണ്ടു്.
മൂലഗ്രന്ഥത്തിന്റെ അര്‍വാചീനത
വാസ്തവത്തില്‍ പിന്നീടു് ഏതോ ഒരു കവി അധ്യാത്മരാമായണത്തിനു പ്രാചീനത വരുത്തുവാന്‍വേണ്ടി അത്തരത്തില്‍ ഒരു കൃത്രിമം ചെയ്തു എന്നുള്ളതിനു ധാരാളം തെളിവുണ്ടു്. ക്രി. പി. 1548 മുതല്‍ 1598 വരെ ജീവിച്ചിരുന്ന ഏകനാഥന്‍ എന്ന മഹാരാഷ്ട്രഭാഷാ കവി അധ്യാത്മരാമായണം അര്‍വാചീനമാണെന്നു പറയുന്നു. യുദ്ധകാണ്ഡം പതിമ്മൂന്നാംസര്‍ഗ്ഗത്തിലെ ബ്രഹ്മസ്തുതിയില്‍ ʻʻവൃന്ദാരണ്യേ വന്ദിതവൃന്ദാരകവൃന്ദം വന്ദേ രാമം ഭവമുഖവന്ദ്യം സുഖകന്ദംˮ എന്നും ʻʻവന്ദേ രാമം മരതകവര്‍ണ്ണം മധുരേശംˮ എന്നുമുള്ള ശ്ലോകപാദങ്ങള്‍ കാണുന്നുണ്ടു്. ശ്രീരാമനെ ശ്രീകൃഷ്ണരൂപത്തില്‍ വന്ദിക്കുവാന്‍ തുടങ്ങിയതു് രാമഭക്തനും ഔത്തരാഹനുമായ രാമാനന്ദസ്വാമിയുടെകാലം മുതല്ക്കാകുന്നു. രാമാനന്ദന്റെ കാലം പതിന്നാലാം ശതകത്തിലുമാണു്. ഇതില്‍നിന്നു് അധ്യാത്മരാമായണം എത്ര വളരെ പഴകിയതെന്നു നാം സങ്കുല്പിച്ചാലും ക്രി. പി. പതിന്നാലാംശതകത്തിലെങ്കിലും നിര്‍മ്മിതമായ ഒരു കൃതിയെന്നു സമ്മതിക്കേണ്ടിവരുന്നു. വരരുചിയാണു് അധ്യാത്മരാമായണത്തിന്റെ കര്‍ത്താവു് എന്നുള്ളതിനു യാതൊരടിസ്ഥാനവുമില്ല.
വിവര്‍ത്തനരീതി
എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേവലം ഭാഷാന്തരോന്നയനമാണെന്നുപറയുവാന്‍ ആരെങ്കിലും ഒരുമ്പെടുന്നു എങ്കില്‍ അവര്‍ സഹൃദയന്മാരോ തത്വവേദികളോ അല്ല. അനുപദവിവര്‍ത്തനത്തിനു വിധേയങ്ങളായിട്ടുള്ള ഭാഗങ്ങള്‍തന്നെയാണു് അധികം; എന്നാല്‍ പലതും മൂലത്തെ അതിശയിക്കുന്നവയാണു്. മൂലത്തിലെ ഗുണോത്തരങ്ങളായ ഭാഗങ്ങള്‍ പ്രായേണ വിട്ടുകളയാതേയും, ശുഷ്കങ്ങളായ അംശങ്ങള്‍ ഉപേക്ഷിച്ചും സങ്കോചമോ വികാസമോ ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ ആ കൃത്യം യഥായോഗ്യം അനുഷ്ഠിച്ചും, ചിലപ്പോള്‍ വാല്മീകിരാമായണം, രഘുവംശം, ഭോജചമ്പു, കണ്ണശ്ശരാമായണം മുതലായ പൂര്‍വകവിനിബന്ധനങ്ങളെ ഉപജീവിച്ചും, ചിലപ്പോള്‍ സ്വമനോധര്‍മ്മസാഗരത്തില്‍നിന്നു തന്നെ കല്പനാരത്നങ്ങള്‍ സമുദ്ധരിച്ചും, ഭക്തിസംവര്‍ദ്ധനത്തിനു് എവിടെയും വ്യാഘാതരഹിതമായ മാര്‍ഗ്ഗം ഉല്‍ഘാടനംചെയ്തും, വീരകരുണരസങ്ങളില്‍ സന്ദര്‍ഭമനുസരിച്ചു നിപുണമായി ശ്രദ്ധിച്ചും, ശൃംഗാരഹാസ്യരസങ്ങള്‍കൊണ്ടു ഗംഭീരനായ ഒരു തത്ത്വോപദേശകന്റെ പീഠത്തില്‍ ഉപവിഷ്ടനായി വ്യംഗമര്യാദയില്‍ മാത്രം വ്യാപാരംചെയ്തും, ഒരു സ്വതന്ത്രകാവ്യമാണു് ആ മഹാത്മാവു രചിച്ചിരിക്കുന്നതു്. രസാനുഗുണമായ പദസാമഗ്രി അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനമാണു്; അദ്ദേഹത്തിന്റെ ഭാഷ യഥാവസരം ലളിതകോമളയായും പ്രൗഢോദാത്തയായും മാറിമാറി ഒരു വിദഗ്ദ്ധനര്‍ത്തകിയെപ്പോലെ സഹൃദയന്മാരുടെ ശ്രവണഹൃദയങ്ങളെ വശീകരിക്കുന്നു. അലങ്കാരപ്രയോഗത്തില്‍ അദ്ദേഹം കൃഷ്ണഗാഥാകാരനെ അനുവര്‍ത്തിക്കുന്നില്ല; വ്യാസഭഗവാന്‍ തന്നെയാണു് അദ്ദേഹത്തിനു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശി. തന്നിമിത്തം അദ്ദേഹത്തിന്റെ സൂക്തികള്‍ക്കു് ഔചിത്യവും പ്രസാദവും ദ്വിഗുണീഭവിക്കുന്നതായാണു് ഭാവുകന്മാരുടെ അനുഭവം. ചുരുക്കത്തില്‍ എഴുത്തച്ഛന്‍ സ്വൈരസഞ്ചാരം ചെയ്യുന്ന കാവ്യാധ്വാവു് അന്യകവികള്‍ക്കു അനുഗമ്യമല്ല; അദ്ദേഹത്തിന്റെ ശൈലി അദ്ദേഹത്തിനുമാത്രം കൈവന്നിട്ടുള്ള ഒരു അപൂര്‍വ്വസിദ്ധിയാണു്. ചില ഉദാഹരണങ്ങള്‍കൊണ്ടു് ഈ തത്ത്വങ്ങള്‍ വിശദീകരിക്കുവാന്‍ ഉദ്യമിക്കാം.
ബ്രഹ്മാവിന്റെ വിഷ്ണുദര്‍ശനം
മൂലം ʻʻതതഃ സ്ഫുരല്‍സഹസ്രാംശുസഹസ്രസദൃശപ്രഭഃ
ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യപനയംസ്തമഃ.
കഥഞ്ചിദ്ദൃഷ്ടവാന്‍ ബ്രഹ്മാ ദുര്‍ദ്ദര്‍ശമകൃതാത്മനാം
ഇന്ദ്രനീലപ്രതീകാശം സ്മിതാസ്യം പത്മലോചനം
കിരീടഹാരകേയൂരകുണ്ഡലൈഃ കുടകാദിഭിഃ
വിഭ്രാജമാനം ശ്രീവത്സകൗസ്തുഭപ്രഭയാന്വിതം
സ്തുവദ്ഭിസ്സനകാദ്യൈശ്ച പാര്‍ഷദൈഃ പരിവേഷ്ടിതം
ശംഖചക്രഗദാപദ്മവനമാലാവിരാജിതം
സ്വര്‍ണ്ണയജ്ഞോപവീതേന സ്വര്‍ണ്ണവര്‍ണ്ണാംബരേണ ച
ശ്രിയാ ഭൂമ്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം
ഹര്‍ഷഗദ്ഗദയാ വാചാ സ്തോതും സമുപചക്രമേ.ˮ
പരിഭാഷʻʻഅന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍ തനിക്കമ്പോടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍;
മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം.
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം.
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര-
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവന്‍ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍.ˮ
ശ്രീരാമന്റെ അഭിഷേകവാര്‍ത്ത കേട്ട പൗരന്മാരുടെ ആഹ്ലാദം
മൂലംʻʻസ്ത്രിയോ ബാലാശ്ച വൃദ്ധാശ്ച രാത്രൗ നിദ്രാം ന ലേഭിരേ
- കദാ ദ്രക്ഷ്യാമഹേ രാമം പീതകൗശേയവാസസം
- സര്‍വാഭരണസമ്പന്നം കിരീടകടകോജ്ജ്വലം
- കൗസ്തുഭാഭരണം ശ്യാമം കന്ദര്‍പ്പശതസുന്ദരം
- അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം
- ശ്വേതച്ഛത്രധരം തത്ര ലക്ഷ്മണം ലക്ഷണാന്വിതം
- രാമം കദാ വാ ദ്രക്ഷ്യാമഃ പ്രഭാതം വാ കദാ ഭവേല്‍?
- ഇത്യുത്സുകധിയസ്സര്‍വേ ബഭൂവുഃ പുരവാസിനഃ.ˮ
പരിഭാഷ ʻʻസ്ത്രീബാലവൃദ്ധാവധി പുരവാസിക-
- ളാബദ്ധകൗതൂഹലാബ്ധിനിമഗ്നരായ്
- രാത്രിയില്‍ നിദ്രയും കൈവിട്ടു മാനസേ
- ചീര്‍ത്ത പരമാനന്ദത്തോടു മേവിനാര്‍.
- നമ്മുടെ ജീവനാം രാമകുമാരനെ
- നിര്‍മ്മലരത്നകിരീടമണിഞ്ഞതി-
- രമ്യമകരായിതമണികണ്ഡല-
- സമ്മുഗ്ദ്ധശോഭിതഗണ്ഡസ്ഥലങ്ങളും
- പുണ്ഡരീകച്ഛദലോചനഭംഗിയും
- പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
- ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
- കുന്ദമുകുളസമാനദന്തങ്ങളും
- ബന്ധൂകസൂനസമാനാധരാഭയും
- കന്ധരരാജിതകൗസ്തുഭരത്നവും
- ബന്ധുരാഭം തിരുമാറുമുദരവും
- സന്ധ്യാഭൂസന്നിഭപീതാംബരാഭയും
- ...........................
- ക്ഷോണീപതിസുതനാകിയ രാമനെ-
- ക്കാണായ്‌വരും പ്രഭാതേ ബത നിര്‍ണ്ണയം.
- രാത്രിയാംരാക്ഷസിപോകുന്നതില്ലെന്നു
- ചീര്‍ത്ത വിഷാദമോടൗത്സുക്യമുള്‍ക്കൊണ്ടു
- മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
- പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണ്ണാമൃതാബ്ധിയില്‍
- വീണുമുഴുകിയും പിന്നെയും പൊങ്ങിയും
- വാണീടിനാര്‍ പുരവാസികളാദരാല്‍.ˮ
</poem>
വിരാധന്റെ വരവു്
മൂലം ʻʻതതോ ദദൃശുരായാന്തം മഹാസത്ത്വം ഭയാനകം
കരാളദംഷ്ട്രവദനം ഭീഷയന്തം സ്വഗര്‍ജ്ജിതൈഃ
വാമാംസേ ന്യസ്തശൂലാഗ്രഗ്രഥിതാനേകമാനുഷം
ഭക്ഷയന്തം ഗജവ്യാഘ്രമഹിഷം വനഗോചരം.ˮ
പരിഭാഷ ʻʻഅന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്ത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്ട്രാന്വിത-
വക്‌ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്തശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി-
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുള്ളിത്തുള്ളി
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചുഭക്ഷിച്ചുകൊ-
ണ്ടുച്ചത്തിലലറി വന്നീടിനാനതുനേരം.ˮ
ജടായുവും രാവണനും
മൂലം ʻʻശ്രുത്വാ തല്‍ ക്രന്ദിതം ദീനം സീതായാഃ പക്ഷിസത്തമഃ
ജടായുരുത്ഥിതശ്ശീഘ്രം നഖാഗ്രാത്തീക്ഷ്ണ്തുണ്ഡകഃ
തിഷ്ഠ, തിഷ്ഠേതി തം പ്രാഹ കോ ഗച്ഛതി മമാഗ്രതഃ
മുഷിത്വാ ലോകനാഥസ്യ ഭാര്യാം ശൂന്യാദ്വനാലയാല്‍
ശുനകോ മന്ത്രപൂതം ത്വം പുരോഡാശമിവാധ്വരേ?
ഇത്യുക്ത്വാതീക്ഷ്ണ്തുണ്ഡേന ചൂര്‍ണ്ണയാമാസ തദ്രഥം.ˮ
പരിഭാഷ ʻʻഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും.
തിഷ്ഠ തിഷ്ഠാഗ്രേ മമ സ്വാമിതന്‍ പത്നിയേയും
കട്ടുകൊണ്ടെവിടേയ്ക്കു പോകുന്നു മൂഢാത്മാവേ,
അധ്വരത്തിങ്കല്‍ച്ചെന്നു ശുനകന്‍ മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ?
പദ്ധതിമധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃധ്റരാജനുമൊരു പത്രവാനായുള്ളോരു
കുധ്റരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രുദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്ച്ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു-
ത്താനനങ്ങളും പാരം മുറിഞ്ഞു വശംകേട്ടു
തീക്ഷ്ണ്തുണ്ഡാഗ്രംകൊണ്ടു തേര്‍ത്തടം തകര്‍ത്തിതു.ˮ
ലങ്കാദഹനം
മൂലം ʻʻതഥേതി ശണപട്ടൈശ്ച വസ്ത്രൈരന്യൈരനേകശഃ
തൈലാക്തൈര്‍വേഷ്ടയാമാസുര്‍ലാങ്ഗുലം മാരുതേര്‍ദൃഢം,
പുച്ഛാഗ്രേ കിഞ്ചിദനലം ദീപയിത്വാഥ രാക്ഷസാഃ
രജ്ജുഭിസ്സുദൃഢം ബധ്വാ ധൃത്വാ തം ബലിനോസുരാഃ
സമന്താദ്ഭ്രാമയാമാസുശ്ചോരോയമിതി വാദിനഃ
തൂര്യഘോഷൈര്‍ഘോഷയന്തസ്താഡയന്തോ മുഹുര്‍മ്മുഹുഃ
ഹനൂമതാപി തല്‍ സര്‍വം സോഢം കിഞ്ചിച്ചി കീര്‍ഷുണാ
ഗത്വാ തു പശ്ചിമദ്വാരസമീപം തത്ര മാരുതിഃ
… … …
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം.ˮ
പരിഭാഷ ʻʻതിലരസഘൃതാദിസംസിക്തവസ്ത്രങ്ങളാല്‍
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബലനചലതരമവിടെ മരുവീടിനാ-
നത്യായതസ്ഥൂലമായിതു വാല്‍ തദാ.
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു
വാലുമതീവ ശേഷിച്ചിതു പിന്നെയും.
നിഖിലനിലയനനിഹിതപട്ടാംബരങ്ങളും
നീളെത്തിരഞ്ഞുകൊണ്ടന്നു ചുറ്റീടിനാര്‍,
അതുമുടനൊടുങ്ങി വാല്‍ ശേഷിച്ചു കണ്ടള-
വങ്ങുമിങ്ങും ചെന്നു കൊണ്ടുവന്നീടിനാര്‍;
തിലജഘൃതസുസ്നേഹസംസിക്തവസ്ത്രങ്ങള്‍
ദിവ്യപട്ടാംശുകജാലവും ചുറ്റിനാര്‍.
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും,
അലമലമിതമലനിവനെത്രയും ദിവ്യനി-
താര്‍ക്കു തോന്നീ വിനാശത്തിനെന്നാര്‍ ചിലര്‍,
അനലമിഹ വസനമിതിനനലമിതി വാലധി-
ക്കാശു കൊളുത്തുവിന്‍ വൈകരുതേതുമേ.
പുനരവരുമതുപൊഴുതു തീ കൊളുത്തീടിനാര്‍
പുച്ഛാഗ്രദേശേ പുരന്ദരാരാതികള്‍.
ബലസഹിതമബലമിവ രജ്ജുഖണ്ഡംകൊണ്ടു
ബധ്വാ ദൃഢതരം ധൃത്വാ കപിവരം
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാ രവമരം ഗത്വാ പുരവരം
പറകളെയുമുടനുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
… … …
അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചു തദാ;
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാന്‍
അഹമഹകികാധിയാ പാവകജ്വാലക-
ളംബരത്തോളമുയര്‍ന്നുചെന്നൂ മുദാ.
ഭുവനതലഗതവിമലദിവ്യരത്നങ്ങളാല്‍
ഭൂതിപരിപൂര്‍ണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂര്‍ണ്ണമായ്‌വന്നതത്ഭുതം.
ഉദ്ധരിച്ച ഭാഗങ്ങളില്‍ നിന്നു് എഴുത്തച്ഛന്റെ പ്രപഞ്ചനം, പ്രകാശനം, വിശദീകരണം, വികാരോദ്ദീപനം മുതലായ വിവിധകവിധര്‍മ്മങ്ങളിലുള്ള പാടവം പ്രത്യക്ഷീഭവിക്കുന്നതാണു്. ശ്രീരാമനും പരശുരാമനും തമ്മിലുള്ള സംവാദം, ശ്രീരാമനും ഖരദൂഷണാദികളുമായുള്ള യുദ്ധം തുടങ്ങിയ ഘട്ടങ്ങള്‍ അദ്ദേഹം വളരെ വിസ്തരിച്ചിട്ടുണ്ടു്. ശ്രീരാമനെ സ്മരിക്കുന്ന ഏതവസരങ്ങളിലും ആ ഭക്തോത്തമന്‍ അല്പഭാഷിയല്ല. ʻവാരിധിതന്നില്‍ത്തിരമാലകളെന്നപോലെʼയാണു് അവിടെയെല്ലാം പദപരമ്പരകള്‍ തിങ്ങിവിങ്ങിത്തള്ളിത്തുള്ളിപ്പൊങ്ങുന്നതു്. ശ്രീരാമന്റെ കഥ വിസ്തരിച്ചു കേള്‍പ്പിക്കണമെന്നേ മൂലത്തില്‍ പാര്‍വതി പരമേശ്വരനോടു പ്രാര്‍ത്ഥിക്കുന്നുള്ളു. പരിഭാഷയില്‍ ആ പ്രാര്‍ത്ഥനയ്ക്കു് ഉപോല്‍ബലകമായി ʻʻകിംക്ഷണാനാം കുതോ വിദ്യാˮ ഇത്യാദി സുപ്രസിദ്ധമായ സംസ്കൃതശ്ലോകം ʻʻകിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോˮ എന്നും മറ്റും തര്‍ജ്ജമചെയ്തു ഘടിപ്പിക്കുന്നു. ദശരഥപത്നിമാരുടെ ഗര്‍ഭവര്‍ണ്ണനയും, മൂലത്തെ ആശ്രയിക്കാതെ,
ʻʻഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുന്തോറു-
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നൃപേന്ദ്രനും
തല്‍പ്രണയിനിമാര്‍ക്കുള്ളാഭരണങ്ങള്‍പോലെ
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും
അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറുംˮ
എന്നു് അലങ്കാരപ്രയോഗംകൊണ്ടു് ഭാസുരത വര്‍ദ്ധിപ്പിക്കുന്നു. ശ്രീരാമജാതകത്തെ അന്യഗ്രന്ഥങ്ങളില്‍നിന്നു് ആര്‍ജ്ജിച്ച ജ്ഞാനംകൊണ്ടു സമഗ്രരൂപത്തില്‍ ആവിഷ്കരിക്കുന്നു.
ʻʻഅലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍.ˮ
ʻʻഭര്‍ത്താവിന്നധിവാസമുണ്ടായോരയോധ്യയില്‍-
പ്പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍.ˮ
ʻʻവില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ
ചൊല്ലുകെന്നതുകേട്ടു ചൊല്ലിനാന്‍ വിശ്വാമിത്രന്‍,
എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.ˮ
ʻʻഇടിവെട്ടീടുംവണ്ണം വില്‍ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയില്പേടപോലെ സന്തോഷംപൂണ്ടാള്‍.ˮ
ʻʻവന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍ മുന്നേ
പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍.ˮ
ʻʻഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു?
രണ്ടുമൊന്നത്രേ വിചാരിച്ചുകാണുകില്‍.ˮ
ʻʻഅങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ-
ണ്ടിങ്ങിനി വരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.ˮ
ʻʻആരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.ˮ
ʻʻചെന്താര്‍ ബാണനും തേരിലേറിനാനതുനേരം.ˮ
ʻʻജനകനരപതിവരമകള്‍ക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോംˮ
ʻʻഅവര്‍മനസി മരുവിന തപോമയപാവക-
നദ്യ രാജ്യേ പിടിപെട്ടിതു കേവലം.ˮ
എന്നിങ്ങനെയുള്ള രസനിഷ്യന്ദികളായ അനേകം സൂക്തികള്‍ മൂലാന്തര്‍ഗ്ഗതങ്ങളല്ല. കൗസല്യോപദേശത്തില്‍ വാല്മീകിയുടെ സുപ്രസിദ്ധമായ ʻരാമം ദശരഥം വിദ്ധിʼ എന്ന ശ്ലോകം കൂടി ഭാഷാന്തരപ്പെടുത്തിച്ചേര്‍ക്കുന്നു. ദേവേന്ദ്രന്റെ അഹല്യാ ധര്‍ഷണഘട്ടത്തിലും മറ്റും മൂലത്തില്‍നിന്നു കഥയ്ക്കു വ്യതിയാനം വരുത്തുന്നു. ശൂര്‍പ്പണഖയുടെ കര്‍ണ്ണനാസികാച്ഛേദംകൊണ്ടു തൃപ്തിപ്പെടാതെ ʻʻവാളുറയൂരി കാതും മുലയും മൂക്കുമെല്ലാംˮ മുറിപ്പിക്കുന്നു. പുനംപോലും രാമായണചമ്പുവില്‍ ʻമുലയും മൂക്കുʼ മെന്നേ പറയുന്നുള്ളു. വാല്മീകിയില്‍നിന്നു ʻകാതും മൂക്കുംʼ പുനത്തില്‍നിന്നു ʻമുലയുംʼ ഇവിടെ എഴുത്തച്ഛന്‍ എടുത്തിരിക്കുന്നു. ആരണ്യകാണ്ഡത്തിലേ
ʻʻഅഗ്രേ യാസ്യാമ്യഹം പശ്ചാല്‍ ത്വമന്വേഹി ധനുര്‍ദ്ധരഃ
ആവയോര്‍മ്മധ്യഗാ സീതാ മായേവാത്മപരാത്മനോഃˮ
എന്ന പ്രസിദ്ധമായ രാമവാക്യം എഴുത്തച്ഛന്‍
ʻʻമുന്നില്‍ നീ നടക്കണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം.
ജീവാത്മപരമാത്മാക്കള്‍ക്കു മധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെˮ
എന്നാണു് തര്‍ജ്ജമ ചെയ്തിരിക്കുന്നുത്. അതില്‍ എഴുത്തച്ഛനു നോട്ടക്കുറവു പറ്റീട്ടുണ്ടെന്നു ചിലര്‍ പറയുന്നതു ക്ഷോദക്ഷമമല്ല. ʻʻആത്മപരാത്മനോഃˮ എന്ന പദത്തില്‍ മൂലകാരന്‍ പ്രക്രമം തെറ്റിച്ചിട്ടുണ്ടു്; അതനുസരിച്ചു മഹാകവി ജീവാത്മസ്ഥാനീയനായ ലക്ഷ്മണനെ മുമ്പില്‍ നടത്തുന്നു. ʻʻആത്മപരാത്മ നോര്‍ജ്ജീവേശയോര്‍മ്മധ്യഗാ, ആശ്രയത്വവിഷയാത്തു ആഭ്യാം സംബദ്ധാ മായേവˮ എന്നു് ഒരു ഭാഗം സേതുകാരന്‍ വ്യാഖ്യാനിക്കുന്നു. ജീവാത്മാവിന്റെ പ്രതിഭാസമാണു് ആദ്യം ദേഹികള്‍ക്കുണ്ടാകുന്നതു് എന്നുള്ളതുകൊണ്ടു ഭാഷയില്‍ സ്വീകൃതമായ ആനുപൂര്‍വിയും അനുപപന്നമല്ല. ചാക്യാന്മാരും മറ്റും പ്രവചനത്തിനു് ഉപയോഗിക്കുന്ന കേരളീയമായ രാമായണ പ്രബന്ധത്തില്‍
ʻʻഅഗ്രതോ ഗച്ഛ സൗമിത്രേ സീതാ ത്വാമനുയാസ്യതു
പൃഷ്ഠതോഹം ഗമിഷ്യാമി സീതാം ത്വാമപി പാലയന്‍ˮ
എന്നൊരു ശ്ലോകമുണ്ടു്. ആ ശ്ലോകം എഴുത്തച്ഛന്‍ ധരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹത്തിനു പ്രകൃതത്തില്‍ താദൃശമായ ഒരു വ്യത്യാസം വരുത്തുന്നതു സമുചിതമാണെന്നു തോന്നിയിരിക്കാവുന്നതുമാണു്. ബാലകാണ്ഡത്തില്‍ ശ്രീരാമനോടു ഗുഹന്‍ പറയുന്നു:
ʻʻക്ഷാളയാമി തവ പാദപങ്കജം;
നാഥ! ദാരുദൃഷദോഃ കിമന്തരം?
മാനുഷീകരണചൂര്‍ണ്ണമസ്തി തേ
പാദയോരിതി കഥാ പ്രഥീയസീ.
പാദാംബുജം തേ വിമലം ഹി കൃത്വാ
പശ്ചാല്‍ പരം തീരമഹം നയാമി;
നോ ചേത്തരീ സദ്യുവതീ മലേന
സ്യാച്ചേദ്വിഭോ വിദ്ധി കുടുംബഹാനിഃˮ
എന്നീ പദ്യങ്ങള്‍ എഴുത്തച്ഛന്‍ തര്‍ജ്ജമചെയ്യാതെ വിട്ടതിന്നുള്ള കാരണം വ്യക്തമാകുന്നില്ല. ഗുഹന്റെ അഹല്യാമോക്ഷസൂചകമായ ആ നര്‍മ്മാലാപം ഭക്തിരസത്തിനു് അനനുകൂലമാണെന്നു് അദ്ദേഹം കരുതിയിരിക്കണം. ഇതുപോലെ ശ്രീരാമന്റെ ബാല്യലീലകളെ വര്‍ണ്ണിക്കുന്ന ʻഅംഗണേ രിംഖമാണം തംʼ ഇത്യാദി പദ്യങ്ങളും ഭാര്‍ഗ്ഗവസ്തുതിയില്‍ ഉള്‍പ്പെടുന്ന ʻഅവിദ്യാകൃതദേഹാദിʼ ഇത്യാദി പദ്യങ്ങളും നിശാകരമഹര്‍ഷി സമ്പാതിക്കുപദേശിച്ച ʻഗ്രീവാ ശിരശ്ചʼ ഇത്യാദി പദ്യങ്ങളും രാക്ഷസികള്‍ സീതാദേവിയെ ഭയപ്പെടുത്തുന്ന ഘട്ടത്തിലുള്ള ʻരാക്ഷസ്യോ ജാനകീമേത്യʼ ഇത്യാദി പദ്യങ്ങളും വിഭീഷണന്‍ രാവണനോടുപദേശിക്കുന്ന ʻയാവന്ന രാമസ്യ ശിതാശ്ശിലീമുഖാഃʼ ഇത്യാദി പദ്യങ്ങളും രാമരാവണയുദ്ധത്തിന്നു മുമ്പു രാവണന്‍ മണ്ഡോദരിയോടു പറയുന്ന ʻജാനാമി രാഘവം വിഷ്ണുംʼ ഇത്യാദി പദ്യങ്ങളും എഴുത്തച്ഛന്‍ തര്‍ജ്ജമയില്‍ വിട്ടിരിക്കുന്നു. ഇത്തരത്തില്‍ മനഃപൂര്‍വമായോ അനവധാനത നിമിത്തമോ പരിത്യക്തങ്ങളായിട്ടുള്ള പ്രധാനമൂലശ്ലോകങ്ങള്‍ വേറേയുമുണ്ടു്. യുദ്ധകാണ്ഡത്തില്‍ അതിനുമുമ്പുള്ള അഞ്ചു കാണ്ഡങ്ങളേയുമപേക്ഷിച്ചു വളരെ അധികമായി അദ്ദേഹം വാല്മീകിയെ ഉപജീവിക്കുന്നു. ചില ആശയങ്ങള്‍ക്കെല്ലാം അദ്ദേഹത്തിനു പൂര്‍വ സൂരികളുടെ നേര്‍ക്കുള്ള കടപ്പാടും സുവ്യക്തമാണു്.
സൂക്ഷ്മേക്ഷികയില്‍ അപൂര്‍വമായി അങ്ങിങ്ങു ചില അഭംഗികള്‍ കാണുന്നില്ലെന്നു ശപഥം ചെയ്യുവാന്‍ വൈഷമ്യമുണ്ടു്. ഭക്തയായ പാര്‍വതി പരമേശ്വരനെ ʻഗംഗാകാമുകʼ എന്നു സംബോധന ചെയ്യുന്നതു പന്തിയായില്ല. ശ്രീരാമന്‍ നായാട്ടില്‍ ദുഷ്ടമൃഗങ്ങളെ വധിച്ചു എന്നേ മൂലത്തില്‍ പ്രസ്താവിക്കുന്നുള്ളു. ഹരിണങ്ങളെക്കൂടി വധിച്ചതായി തര്‍ജ്ജമയില്‍ പറയേണ്ടതില്ലായിരുന്നു. പരശുരാമനെക്കണ്ടപ്പോള്‍ ഭയത്രസ്തനായ ദശരഥന്‍ ʻʻഅര്‍ഗ്ഘ്യാദിപൂജാം വിസ്മൃ്ത്യ ത്രാഹി ത്രാഹിˮ എന്നു പ്രാര്‍ത്ഥിച്ചതായി മൂലത്തില്‍ പറയുന്നു. ʻബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താന്‍ʼ എന്നു് ആ ഭാഗം തര്‍ജ്ജമയില്‍ സങ്കോചിപ്പിച്ചതു സമഞ്ജസമായെന്നു തോന്നുന്നില്ല. പക്ഷെ അത്തരത്തിലുള്ള ദോഷങ്ങളെ സര്‍ഷപപരിമാണങ്ങളായിമാത്രമേ നമുക്കു് എഴുത്തച്ഛന്റെ രാമായണത്തില്‍ ഏതു ഭൂതക്കണ്ണാടിവച്ചു നോക്കിയാലും സമീക്ഷിക്കുവാന്‍ സാധിക്കുകയുള്ളു. ആധ്യാത്മികങ്ങളായ ചില ഘട്ടങ്ങളില്‍ മൂലത്തില്‍നിന്നു കവി ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടു്. അവയില്‍ ചിലതിനെല്ലാം സമാധാനം പറയാമെങ്കിലും മറ്റു ചില വ്യതിയാനങ്ങള്‍ അസമാധാനങ്ങളായിത്തന്നെ അവശേഷിക്കുന്നുമുണ്ടു്.
ഉത്തരരാമായണം, പ്രണേതാവു്
ഉത്തരരാമായണം കിളിപ്പാട്ടു് കുഞ്ചന്‍നമ്പ്യാരുടെ കൃതിയെന്നു ചിലര്‍ പറയുന്നതില്‍ അശേഷം യുക്തിയില്ല. കുഞ്ചന്റെ കാലത്തെ ഭാഷയും കുഞ്ചന്റെ ഗൗണപ്രയോഗധോരണിയും അതില്‍ ഒരിടത്തും കാണുന്നില്ല. നേരേമറിച്ചു് എഴുത്തച്ഛന്റെ വാങ്മയമാണു് അതെന്നു പല ഭാഗങ്ങളും വിളിച്ചുപറയുകയും ചെയ്യുന്നു. ʻകാണ്‍കയില്‍ʼ, ʻതപസ്സുചെയ്താന്‍ നിരാഹാരനായേʼ, ʻശൈലൂഷനാകിയ ഗന്ധര്‍വപുത്രിയാംʼ, ʻപണ്ടു കേട്ടിട്ടില്ലയാത വിശേഷങ്ങള്‍ʼ, ʻകാണ്‍മാനുമാമല്ലʼ, ʻഒല്ലാതകര്‍മ്മങ്ങള്‍ʼ, ʻവിരയെപ്പോയʼ, ʻകേട്ടായല്ലോʼ, ʻയാഗം ചെയ്യിപ്പാനായേʼ ʻകോഴ (ദുഃഖം)പൂണ്ടുʼ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും പരിശോധിക്കുക. അധ്യാത്മരാമായണത്തിലെ ചില വരികള്‍ യാതൊരു രൂപഭേദവും കൂടാതെ ഉത്തരരാമായണത്തില്‍ പകര്‍ന്നു കാണ്‍മാനുണ്ടു്.
ʻʻനമസ്തേ നാരായണ, മുകുന്ദ, ദയാനിധേ!
നമസ്തേ വാസുദേവ, ഗോവിന്ദ ജഗല്‍പതേ!
നമസ്തേ ലോകേശ്വര, നമസ്തേ നരകാരേ,
രമിച്ചീടണം ചിത്തം ഭവതി രമാപതേ.ˮ
ʻʻമറ്റൊരു ശരണമില്ലിജ്ജനത്തിനു പോറ്റി,
മറ്റും നിന്തിരുവടിയൊഴിഞ്ഞു ദയാനിധേ.ˮ
ʻʻഗത്വാ പിതാമഹം നത്വാ സസംഭ്രമം
വൃത്താന്തമെല്ലാമുണര്‍ത്തിച്ചരുളിനാര്‍
ശ്രുത്വാ വിരിഞ്ചനുമുത്ഥായ സത്വരം
കൃത്വാ ശുചാ മഹാപ്രസ്ഥാനമാദരാല്‍ˮ
എന്നിങ്ങനെയുള്ള ഈരടികളില്‍ എഴുത്തച്ഛന്റെ വ്യക്തിമുദ്ര സ്പഷ്ടമായി പതിഞ്ഞിട്ടുണ്ടു്. ഉത്തരരാമായാണത്തിന്റെ അവസാനത്തില്‍
ʻʻപാരിലുള്ളജ്ഞാനികള്‍ക്കറിവാന്‍ തക്കവണ്ണം
ശ്രീരാമചരിതം ഞാനിങ്ങനെ ചൊല്ലീടിനേന്‍ˮ
എന്നൊരു കവിവാക്യം കാണുന്നു. ഉത്തരരാമായണകാരന്‍ അധ്യാത്മരാമായണകാരനില്‍നിന്നു ഭിന്നനല്ലെങ്കില്‍മാത്രമേ ʻശ്രീരാമചരിതംʼ എന്ന പദത്തിന്റെ പ്രയോഗം സാധുവാകയുള്ളു എന്നും അതും ആ രണ്ടു കൃതികളുടേയും ഏകകര്‍ത്തൃകത്വത്തിനു് ഒരു ലക്ഷ്യമായി പരിഗണിക്കാവുന്നതാണെന്നും, ഞാന്‍ കരുതുന്നു. ʻഗത്വാ പിതാമഹംʼ എന്നു തുടങ്ങിയ വരികളുടെ ശൈലി പരിശോധിച്ചാല്‍ അധ്യാത്മരാമായണം സമാപിപ്പിച്ചു് ഉടന്‍തന്നെ കവി ഉത്തരരാമായണരചനയില്‍ ഏര്‍പ്പെട്ടു എന്നും ഊഹിക്കത്തക്കതാണു്.
ഉപജീവ്യത
എഴുത്തച്ഛന്‍ ഉത്തരരാമായണരചനയ്ക്കു തിരഞ്ഞെടുത്തിരിക്കുന്ന മൂലഗ്രന്ഥം അധ്യാത്മരാമായണമല്ലെന്നും വാല്മീകിരാമായണമാണെന്നുമുള്ളതിനു സംശയമില്ല. ആധ്യാത്മികോക്തികളുള്ള ഭാഗങ്ങള്‍ അധ്യാത്മരാമായണത്തിന്റെ ഉത്തരകാണ്ഡത്തില്‍ അത്യന്തം വിരളങ്ങളാണെന്നുള്ളതിനു പുറമെ അതിന്റെ അതിരുകടന്ന സംകുചിതതയും എഴുത്തച്ഛനെ വാല്മീകിയെ ആശ്രയിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കണം. ആരംഭത്തില്‍ത്തന്നെ
ʻʻചൊല്ലുവനെങ്കില്‍ക്കേട്ടുകൊള്ളുവിനെല്ലാവരും
നല്ല സല്‍കഥയിതു കല്യാണപ്രദമല്ലോ.
ഉത്തരരാമായണം വാല്മീകിമുനിപ്രോക്ത-
മുത്തമോത്തമമിദം ഭക്തിസാധനം പരംˮ
എന്നു് ആ വസ്തുത അദ്ദേഹംതന്നെ പറഞ്ഞിട്ടുമുണ്ടു്. കാര്യങ്ങള്‍ വിടാതെ കഥകള്‍ സംക്ഷേപിക്കുന്നതില്‍ എഴുത്തച്ഛന്‍ അദ്വിതീയനാകുന്നു; തന്നിമിത്തം വാല്മീകിയുടെ നൂറ്റിപ്പതിനൊന്നു സര്‍ഗ്ഗങ്ങളും അദ്ദേഹം അനതിദീര്‍ഗ്‌ഘങ്ങളായ മൂന്നധ്യായങ്ങളില്‍ അനായാസേന അന്തര്‍ഭവിപ്പിച്ചിരിക്കുന്നു. ഏതേതു ദിക്കില്‍നിന്നു് ഏതേതു മഹര്‍ഷിമാര്‍ അഭിഷേകാനന്തരം ശ്രീരാമനെ സന്ദര്‍ശിക്കുവാന്‍ വന്നു എന്നു് അദ്ദേഹം പറയുന്നതു വാല്മീകിയെ അനുസരിച്ചാണു്. ആ വിവരങ്ങളൊന്നും അധ്യാത്മരാമായണത്തിലില്ല. ഇങ്ങനെ ഏതു ഭാഗം നോക്കിയാലും വാല്മീകിയാണു് എഴുത്തച്ഛനു പ്രസ്തുത കൃതിയില്‍ പ്രഥമാവലംബനം എന്നു കാണാം. കണ്ണശ്ശന്റെ ഉത്തരരാമായണവും അദ്ദേഹത്തിനു പ്രസ്തുതഗ്രന്ഥരചനയില്‍ അതിനൊപ്പംതന്നെയോ അതില്‍ക്കവിഞ്ഞുപോലുമോ മാര്‍ഗ്ഗദര്‍ശകമായിരുന്നു. ആ കൃതി വാല്മീകിയുടെ ഉത്തരരാമായണത്തിന്റെ ഒരു സരസമായ വിവര്‍ത്തനമാണല്ലോ.
കവിതാരീതി
കവിതാവിഷയത്തില്‍ ഉത്തരരാമായണം അധ്യാത്മരാമായണത്തേക്കാള്‍ അപകൃഷ്ടമാണെന്നു പറവാന്‍ നിര്‍വാഹമില്ല. ഹൃദയദ്രവീകരണചണങ്ങളായ ഭാഗങ്ങള്‍ അതിലും ധാരാളമുണ്ടു്. നോക്കുക, ലക്ഷ്മണനും സീതാ ദേവിയും തമ്മിലുള്ള സംവാദത്തിലെ ചില ഈരടികള്‍:
ʻʻവാവിട്ടു കരയുന്ന ലക്ഷ്മണന്‍തന്നെ നോക്കി-
ദ്ദേവിയുമുരചെയ്താളെന്തിതു കുമാര ചൊല്‍?
എന്തിനു കരയുന്നു സന്താപമുണ്ടായതു-
മെന്തെന്നു പരമാര്‍ത്ഥം ചൊല്ലു നീ മടിയാതെ.
അഗ്രജന്‍തന്നെപ്പിരിഞ്ഞിരുന്നിട്ടില്ലതല്ലീ
വ്യഗ്രിച്ചുകരയുന്നു മുറ്റം ബാലകനാം നീ?
രണ്ടു വാസരം പൊറുപ്പാനില്ല ശക്തിയൊട്ടും;
പണ്ടു നീ പിരിഞ്ഞറിയുന്നതുമില്ലയല്ലോ;
എന്നെ നീ നിരൂപിക്ക; മുന്നം ഞാനൊരാണ്ടേയ്ക്കു-
മെന്നുടെ ഭര്‍ത്താവിനെപ്പിരിഞ്ഞു വാണേനല്ലോ.
ഇന്നിനി മുനിപത്നിമാരെയും കണ്ടു നാളെ-
ച്ചെന്നു നിന്‍ പൂര്‍വജനെക്കാണാമെന്നറിഞ്ഞാലും.
… … …
ചൊല്ലുചൊല്ലെന്നു സീതാനിര്‍ബ്ബന്ധം കേട്ടനേരം
ചൊല്ലിനാന്‍ സൌമിത്രിയും ഗദ്ഗദവര്‍ണ്ണങ്ങളാല്‍.
ചൊല്ലിയാല്‍കേള്‍പ്പാന്‍ രഘുനാഥനു പലരുണ്ടു
കല്യന്മാരായിട്ടവര്‍ പലരുമിരിക്കവേ
എന്നോടായിതു നിയോഗിച്ചിതു രാമചന്ദ്രന്‍
മുന്നം ഞാന്‍ ചെയ്ത ദുഷ്കര്‍മ്മങ്ങള്‍തന്‍ ഫലത്തിനാല്‍.
എന്നോളം പാപം ചെയ്തിട്ടാരുമില്ലൊരേടത്തും
പുണ്യമില്ലാത പുരുഷാധമനായേനല്ലോ.
വഹ്നിയില്‍ച്ചാടീടണമെന്നു ചൊല്ലുകിലേതും
ദണ്ഡമില്ലെനിക്കതില്‍പ്പരമിന്നിതു പാര്‍ത്താല്‍.
കാളകൂടത്തെക്കുടിക്കേണമെന്നരുള്‍ചെയ്കില്‍-
ക്കാലംവൈകാതേ കുടിക്കാമതിനെളുതല്ലോ.
ആര്‍ക്കുമോര്‍ത്തോളമരുതാത ദുഷ്കര്‍മ്മം ചെയ്‌വാ-
നാഖ്യാനം ചെയ്താനല്ലോ രാഘവന്‍തിരുവടി.
പണ്ടു ഞാന്‍ ചെയ്ത പാപമെന്തെന്റെ ഭഗവാനേ!
കണ്ടീലെന്‍ പ്രാണത്യാഗം ചെയ്‌വാനുമുപായങ്ങള്‍.
ഇങ്ങനെ പറകയും വീഴ്കയും കരകയും
തിങ്ങിന ദുഃഖം പൂണ്ട ലക്ഷ്മണന്‍തന്നെക്കണ്ടു
വൈദേഹി വിഷണ്ണയായെന്തിതെന്നറിയാഞ്ഞു
ഖേദേന ബാഷ്പം വാര്‍ത്തു ലക്ഷ്മണനോടു ചൊന്നാള്‍.ˮ
വാല്മീകിരാമായണത്തില്‍
ʻʻഹൃദ്ഗതം മേ മഹച്ഛല്യം യസ്മാദാര്യേണ ധീമതാ
അസ്മിന്‍ നിമിത്തേ വൈദേഹി ലോകസ്യ വചനീകൃതഃ
ശ്രേയോ ഹി മരണം മേദ്യ മൃത്യുര്‍വാ യല്‍ പരം ഭവേല്‍.
ന ചാസ്മിന്നീദൃശേ കാര്യേ നിയോജ്യോ ലോകനിന്ദിതേ.
പ്രസീദ ച ന മേ പാപം കര്‍ത്തുമര്‍ഹസി ശോഭനേˮ
എന്നിങ്ങനെ ചില നിര്‍ദ്ദേശശകലങ്ങള്‍ മാത്രമേ ഇതിന്റെ സ്ഥാനത്തില്‍ കാണ്‍മാനുള്ളു. അധ്യാത്മരാമായണകാരനാകട്ടെ കേവലം ഹൃദയശൂന്യനായ ഒരു സാധാരണ ലേഖകന്റെ മട്ടില്‍
ʻʻവാല്മീകേരാശ്രമസ്യാന്തേ ത്യക്ത്വാ സീതാമുവാച സഃ
ലോകാപവാദഭീത്യാ ത്വാം ത്യക്തവാന്‍ രാഘവോനഘഃ
ദോഷോ ന കശ്ചിന്മേ മാതര്‍ഗ്ഗച്ഛാശ്രമപദം മുനേഃˮ
ഇങ്ങനെ ഒന്നുരണ്ടു വചനങ്ങള്‍ വഴിപാടായി ഉച്ചരിച്ചു് അതുകൊണ്ടു കൃതകൃത്യനായതുപോലെ മുന്നോട്ടു പോകുന്നു. ഇവിടെ എഴുത്തച്ഛന്‍ കണ്ണശ്ശന്റെ കാലടിപ്പാടുകളെയാണു് പിന്‍തുടര്‍ന്നിരിക്കുന്നതെങ്കിലും അദ്ദേഹത്തിനുകൂടി അസൂയ തോന്നത്തക്ക നിലയില്‍ ആ അനുകമ്പാജനകമായ സംഭവം വര്‍ണ്ണിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇതുപോലെ വേറെയും വിശിഷ്ടങ്ങളായ പ്രപഞ്ചനങ്ങളുണ്ടു്.
മഹാഭാരതം
അധ്യാത്മരാമായണം നിര്‍മ്മിച്ച കാലത്തു വികസ്വരാവസ്ഥയിലിരുന്ന എഴുത്തച്ഛന്റെ എല്ലാ കവനകലാസിദ്ധികളും മഹാഭാരതരചനയ്ക്കു മുമ്പു പരിപൂര്‍ണ്ണമായ വികാസത്തെ പ്രാപിച്ചുകഴിഞ്ഞിരുന്നു. തന്നിമിത്തം ഭാരതത്തിനു പല അംശങ്ങളിലും – പ്രത്യേകിച്ചു ശബ്ദവിഷയത്തില്‍ – രാമായണത്തെക്കാള്‍ പതിന്മടങ്ങു മെച്ചമേറും. കൃഷ്ണഗാഥയുടെ വിശ്വാകര്‍ഷകതയുടെ ബീജങ്ങള്‍ ഭാരതത്തിന്റെ ഹൃദയഹാരിതയുടെ കാരണങ്ങളില്‍നിന്നു വിഭിന്നങ്ങളാണു്. എങ്കിലും രണ്ടു കൃതികളിലും ആമൂലാഗ്രം അഭൗമമായ ആനന്ദദാനസാമഗ്രി അനുസ്യൂതമായി വിഹരിക്കുന്നു. ശൃംഗാരം, വീരം, അത്ഭുതം, കരുണം, ഭയാനകം, രൗദ്രം, ശാന്തം എന്നീ രസങ്ങളെ കവി അവയുടെ അത്യുച്ചമായ കോടിയില്‍ എത്തുന്നതുവരെ പരിപോഷിപ്പിച്ചു് അന്യാദൃശമായ വിജയം നേടീട്ടുണ്ടു്. അദ്ദേഹത്തിന്റെ ഇതിവൃത്തസംക്ഷേപണത്തിനുള്ള സാമര്‍ത്ഥ്യവും, ആവാപോദ്വാപവ്യാപാരത്തിലുള്ള ഔചിത്യദീക്ഷയും ഏതു ഘട്ടത്തിലും അമന്ദപ്രഭമായി പ്രകാശിക്കുന്നു. പരമഭാഗവതനായ ആ മഹാത്മാവു് അവസരം കിട്ടുമ്പോളെല്ലാം–-കിട്ടാത്തപ്പോള്‍ ഉണ്ടാക്കിപ്പോലും–-ശ്രീകൃഷ്ണനെ നാസ്തികന്മാര്‍പോലും രോമാഞ്ചഭൂഷിതന്മാരാകത്തക്കവണ്ണം സ്തുതിക്കുന്നു. അത്തരത്തില്‍ പരിപാവനവും കൂലംകഷവുമായ ഒരു ഭാഗീരഥീപ്രവാഹം ആ ഹിമവല്‍പര്‍വതത്തില്‍നിന്നല്ലാതെ ഭാഷാ സാഹിത്യഭൂമിയില്‍ ഉണ്ടായിട്ടില്ല. ഏതു വീക്ഷണകോടിയില്‍നിന്നു നോക്കിയാലും, ഏതു മാനദണ്ഡംകൊണ്ടു മാപനം ചെയ്താലും, ആ കൃതിയുടെ മാഹാത്മ്യം അനപലപനീയമായിത്തന്നെ പ്രശോഭിക്കുന്നു. ആ ഒരൊറ്റ കൃതികൊണ്ടു് എഴുത്തച്ഛന്‍ ഭാഷയ്ക്കു വരുത്തീട്ടുള്ള ഉല്‍ഗതിയുടെ ഈദൃക്തയും ഇയത്തയും അവാങ്മനസഗോചരമാണെന്നു പറയുന്നതു ഭൂതാര്‍ത്ഥ കഥനം മാത്രമാകുന്നു.
രചനയുടെ രീതി
എഴുത്തച്ഛന്‍ അധ്യാത്മരാമായണത്തില്‍ രാമഗീത വിട്ടതുപോലെ ഭാരതത്തില്‍ ഭഗവദ്ഗീത, സനല്‍സുജാതീയം, അനുഗീത മുതലായി ത്രയ്യന്തഗന്ധികളായുള്ള പല ഭാഗങ്ങളും തര്‍ജ്ജമചെയ്യാതെ വിട്ടിട്ടുണ്ടു്. ശാന്തി പര്‍വ്വം വളരെ സംകുചിതമാക്കിയിരിക്കുന്നു. ആനുശാസനിക പര്‍വ്വം ഏതാനും ചില ഈരടികളില്‍ തൊട്ടു തൊട്ടില്ല എന്നു മാത്രം കാണിച്ചുകൊണ്ടു കടന്നുപോയിരിക്കുന്നു. ഇതിനെല്ലാം ഒരു കാരണമായി ചിലര്‍ അദ്ദേഹത്തിനു നമ്പൂരിമാരെപ്പറ്റി ഭയമുണ്ടായിരുന്നു എന്നു് ഉല്‍ഭാവനം ചെയ്യുന്നു. വാസ്തവത്തില്‍ അങ്ങിനെയൊരു ഭയത്തിനു കേരളത്തില്‍ ആസ്പദമുണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. ബ്രാഹ്മണരെ എഴുത്തച്ഛന്‍ പല അവസരങ്ങളിലും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അവരില്‍നിന്നു യാതൊരു പ്രാതികൂല്യവും അദ്ദേഹത്തിനുണ്ടായി എന്നു സങ്കല്പിക്കുവാന്‍ ചരിത്രം അനുവദിക്കുന്നില്ല. നിരണത്തു മാധവപ്പണിക്കര്‍ക്കു ഭഗവല്‍ഗീത ഭാഷാന്തരീകരിക്കുന്ന വിഷയത്തില്‍ തിരുവല്ലായിലെ ബ്രാഹ്മണര്‍ ശത്രുക്കളായിരുന്നില്ലല്ലോ. തൃക്കണ്ടിയൂരിലെ ബ്രാഹ്മണരുടെ മനോഭാവം അവരുടേതില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നു പറയണമെങ്കില്‍ അതിനു വിശ്വാസയോഗ്യമായ സാക്ഷ്യം വേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍ എഴുത്തച്ഛന്‍ ആദിപര്‍വ്വം പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഗ്രന്ഥവിസ്തരശങ്ക സംഭവിച്ചിരിക്കണം; അതുകൊണ്ടാണു് ആ പര്‍വ്വത്തിലെന്നതുപോലെ അന്യപര്‍വങ്ങളില്‍ അദ്ദേഹം പ്രസ്താരകുതുകിയായി പ്രത്യക്ഷപ്പെടാത്തതു്. വനപര്‍വത്തില്‍ത്തന്നെ എത്ര ഉപാഖ്യാനങ്ങള്‍ അദ്ദേഹം സങ്കോചിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു എന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. തന്നിമിത്തം സംഭവപര്‍വത്തിനുള്ള മെച്ചം അന്യപര്‍വങ്ങളില്‍ അതേനിലയില്‍ കാണ്‍മാന്‍ പ്രയാസമാണെന്നും പറയേണ്ടിയിരിക്കുന്നു. ശാന്തിപര്‍വത്തിലേയും ആനുശാസനികപര്‍വത്തിലേയും പ്രധാനവിഷയമായ ഭീഷ്മോപദേശം കഥയുടെ പുരോഗതിക്കു് ഒരുവിധത്തില്‍ നോക്കിയാല്‍ പ്രതിബന്ധകമാണെന്നും അദ്ദേഹത്തിന്നു തോന്നിയിരിക്കണം. സനല്‍സുജാതീയം, ഗീത മുതലായ ഭാഗങ്ങള്‍ ഭാഷപ്പെടുത്തുന്നതില്‍ അക്കാലത്തെ മതവിശ്വാസങ്ങളില്‍ നിന്നു് അണുമാത്രംപോലും വ്യതിചലിക്കാതെ ജീവിച്ചിരുന്ന അദ്ദേഹത്തിനു് അല്പം സംശയാലുത്വവും അംകുരിച്ചിരിക്കുവാനിടയുണ്ടു്. ഏതായാലും ഉത്തരരാമായണത്തിന്റെ അവസാനത്തില്‍ ʻʻസജ്ജനമാനന്ദിച്ചു നല്കിടുമനുഗ്രഹം, ദുര്‍ജ്ജനദുര്‍ഭാഷണം ബഹുമാനിച്ചീടേണ്ടˮ എന്ന് ഉല്‍ഘോഷണം ചെയ്ത ആ ദ്വേധാധീരനു തന്റെ അന്തഃകരണത്തെയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ഭയമില്ലായിരുന്നു എന്നു നിസ്സന്ദേഹം സ്ഥാപിക്കാവുന്നതാണു്. മൂലത്തിലെ ആദിപര്‍വത്തെ പൗലോമം ആസ്തികം സംഭവം എന്നിങ്ങിനെ മൂന്നായും സൗപ്തികപര്‍വത്തെ സൗപ്തികമെന്നും ഐഷികമെന്നും രണ്ടായും വിഭജിച്ചു് ഇരുപത്തൊന്നു പര്‍വങ്ങളാക്കിയാണു് എഴുത്തച്ഛന്‍ മഹാഭാരതം ഭാഷയില്‍ സംഗ്രഹിച്ചിരിക്കുന്നതു്. ഈ ഭേദഗതിക്കുള്ള കാരണം വ്യക്തമാകുന്നില്ല.
ചില ഉദാഹരണങ്ങള്‍
ശൃംഗാരരസത്തിനു് പാണ്ഡുവിന്റെ വനവിഹാരം ഉത്തമമായ ഉദാഹരണമാകുന്നു.
ʻʻദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ
ഹിമവാന്‍തന്റെ തെക്കേപ്പുറത്തെപ്പെരുങ്കാട്ടില്‍
പെരികേ രസംപൂണ്ടു കളിച്ചു മരുവിനാന്‍
ഗിരിശൃംഗങ്ങള്‍തോറുമതികൗതുകത്തോടെ,
കരിണീയുഗമധ്യഗതനായ് മദിച്ചോരു
കരിവീരനെപ്പോലെ മദനവിവശനായ്
കരിണീഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹശരസമനാം കാന്തന്‍തന്നെ-
ശ്ശരതൂണീരകരാളോജ്ജ്വലല്‍കരവാള-
ധരനായ്ശ്ശരാസനകരനായ്‌ക്കാണുംതോറും
സരസീരുഹശരനികരപരവശ-
തരമാനസമാരായ് മരുവീടിനനേരം
… … …
കരടിക്കുലം തമ്മില്‍ക്കടിച്ചു കളിപ്പതും
കരിണികളെപ്പൂണ്ടു കരികള്‍ പുളയ്പതും
കിടികള്‍ പിടികളെപ്പിടിച്ചു പുല്കുന്നതും
പിടകളോടു ചേര്‍ന്നു പക്ഷികള്‍ കളിപ്പതും
കണ്ടു കൗതുകംപൂണ്ടു കണ്ടിവാര്‍കുഴലികള്‍
കണ്ഠാശ്ലേഷവും ചെയ്തു കാന്തനും തങ്ങളുമായ്
കണ്ട കാനനംതോറും രമിച്ചുവസിക്കയും
തണ്ടാര്‍ബാണനുമതു കണ്ടേറ്റം ഹസിക്കയും
മാകന്ദമകരന്ദബിന്ദുപാനവും ചെയ്തു
കൂകുന്ന പികകുലപഞ്ചമം കേട്ടുകേട്ടും
വണ്ടുകള്‍ മധുപാനംചെയ്തു മത്തതപൂണ്ടു
കൊണ്ടാടി മുരണ്ടുടന്‍ കണ്ട പുഷ്പങ്ങള്‍തോറും
കുണ്ഠഭാവവും നീക്കിസ്സംഭ്രമിച്ചീടുന്നതും
കണ്ടൊരാനന്ദംപൂണ്ടൊരധരപാനം ചെയ്തു
മന്മഥലീലകൊണ്ടു കണ്‍മുന ചാമ്പിച്ചാമ്പി-
സ്സമ്മോദം വളര്‍ന്നുള്ളില്‍സ്സമ്മോഹം പെരുകിയും
വന്മലമുകളേറി നിര്‍മ്മലശിലാതലേ
നന്മലര്‍മെത്തതന്മേലുന്മേഷംപൂണ്ടു വാണുംˮ ഇത്യാദി
കരുണത്തിനു സുപ്രസിദ്ധമായ ഗാന്ധാരീവിലാപം പരമനിദര്‍ശനമായി നിലകൊള്ളുന്നു. ʻʻകണ്ടീലയോ നീ മുകുന്ദ! ധരണിയിലുണ്ടായ മന്നരില്‍ മുഖ്യന്‍ ഭഗദത്തന്‍ˮ എന്നു തുടങ്ങി.
ʻʻവീണിതല്ലോ കിടക്കുന്നു ധരണിയില്‍-
ശ്ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍
ചൊല്ലെഴുമര്‍ജ്ജുനന്‍ തന്റെ തിരുമകന്‍
വല്ലവീവല്ലഭ! നിന്റെ മരുമകന്‍
കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍തന്നെ നീ?
കൊല്ലിക്കയത്രേ നിനക്കു രസമെടോˮ എന്നും,
ʻʻഅയ്യോ! പുനരതിനങ്ങേപ്പുറത്തതാ
മെയ്യഴുകുള്ള ദുശ്ശാസനനെന്‍മകന്‍
മാരുതി കീറിപ്പിളര്‍ന്നു കുടിച്ചൊരു
മാറിടം കണ്ടാല്‍പ്പൊറുക്കുമോ പൈതലേ?
നീയെന്തിവണ്ണമെന്‍ മാധവ! കാട്ടുവാന്‍
തീയിതാ കത്തുന്നിതെന്നുള്ളിലീശ്വരാ
മാറുമോ കണ്ണുനീരിന്നെനിക്കുണ്ടായ-
താറുമോ ശോകമെന്‍മാനസേ ഗോപതേ?ˮ
എന്നും മറ്റുമുള്ള ഭാഗങ്ങളില്‍ ഓരോ പടവുയര്‍ന്നുയര്‍ന്നു്,
ʻʻഉണ്ണീ മകനേ ദുരിയോധന! തവ
പൊന്നിന്‍കിരീടവും ഭൂഷണജാലവും
ഉമ്പര്‍കോനൊത്തൊരു വന്‍പും പ്രതാപവും
ഗംഭീരമായൊരു ഭാവവും ഭംഗിയും
ഇട്ടും കളഞ്ഞുടനെന്നെയുമെത്രയു-
മിഷ്ടനായീടും പിതാവിനെത്തന്നെയും
പെട്ടെന്നുപേക്ഷിച്ചു പോയ്ക്കൊണ്ടതെന്തു നീ
പൊട്ടുന്നിതെന്മനം കണ്ടിതെല്ലാമഹോ.
പട്ടുകിടക്കമേലേ കിടക്കുന്ന നീ
പട്ടുകിടക്കുമാറായിതോ ചോരയില്‍?
പുഷ്ടകോപത്തോടു മാരുതി തച്ചുടന്‍
പൊട്ടിച്ചു കാലുമൊടിച്ചു കൊന്നിങ്ങനെ
കണ്ടുകൂടായെനിക്കെന്നു ഗാന്ധാരിയും
മണ്ടിനാള്‍ വീണാളുരുണ്ടാള്‍ തെരുതെരെ,
പിന്നെ മോഹിച്ചാളുണര്‍ന്നാള്‍ പൊടുക്കനെ
ഖിന്നതപൂണ്ടു കരഞ്ഞവള്‍ ചൊല്ലിനാള്‍ˮ
എന്നവസാനിക്കുന്ന ആ പരിദേവനം ഹൃദയമുള്ളവര്‍ക്കു കണ്ണു നീര്‍വാര്‍ക്കാതെയും തൊണ്ടയിടറാതെയും വായിക്കുവാന്‍ സാധ്യമല്ല. ഖാണ്ഡവദാഹഘട്ടത്തില്‍ ജരിതയെന്ന ശാര്‍ങ്ഗപക്ഷിയും അതിന്റെ ശിശുക്കളും തമ്മിലുള്ള സംവാര്‍ദവും അത്യന്തം കരുണമയമാണു്:
കരഞ്ഞുതുടങ്ങിനാള്‍ ജരിതതാനുമപ്പോള്‍
നിര്‍ഘൃണനായ പിതാവിവറ്റെയുപേക്ഷിച്ചാന്‍,
ദുഃഖിക്കുമാറായി ഞാന്‍ പൈതങ്ങളിവരോടും,
പറക്കപ്പോകായ്കയും വന്നിതു ബാലന്മാര്‍ക്കു,
നിരക്കെപ്പിടിപെട്ടു വനത്തിലഗ്നിതാനും.
ഞാനിനിയിവറ്റെ-എന്തോര്‍ത്തതെന്‍ തമ്പുരാനേ!
കാനനത്തിങ്കലഗ്നിപിടിച്ചു നാലുപാടും.
ഇങ്ങനെ കരയുമ്പോള്‍ പൈതങ്ങളുരചെയ്താ-
രെങ്ങാനും പോയ്ക്കൊള്‍കമ്മേ! നീകൂടെ മരിയ്ക്കേണ്ട.
ഞങ്ങള്‍ ചാകിലോ പിന്നെപ്പെറ്റു സന്തതിയുണ്ടാ-
മെങ്ങനെയുണ്ടാകുന്നു നീകൂടെ മരിക്കില്ലോ?
ഞങ്ങളെ സ്നേഹിച്ചു നീ സന്താനം മുടിക്കേണ്ടാ
മംഗലം വന്നുകൂടും പിന്നെയുമെന്നേ വരൂ.
അല്ലായ്കില്‍ത്താതന്‍ ചെയ്തതൊക്കെ നിഷ്ഫലമല്ലോ.
നല്ല ലോകങ്ങള്‍ കിട്ടാ താതനെന്നതും വരും.
എന്നതു കേട്ടു പറഞ്ഞീടിനാള്‍ ജരിതയു-
മെന്നുടെ പൈതങ്ങളേ! നിങ്ങളുമൊന്നു വേണം.
ഇക്കണ്ട മരത്തിന്‍കീഴുണ്ടെലിമടയതില്‍-
പ്പൂക്കുകൊള്ളുവിന്‍ നിങ്ങളെന്നാല്‍ ഞാനൊന്നുചെയ്‌വന്‍
പൂഴികൊണ്ടതിന്‍മൂലം മൂടിവയ്ക്കയും ചെയ്യാ-
മൂഴിതന്‍താഴെത്തീയും തട്ടുകയില്ലയല്ലോ.
കീഴേ പോയ്ക്കിടന്നുകൊണ്ടീടുവിന്‍, തീയാറിയാല്‍
പൂഴിയും നീക്കിക്കൊണ്ടുപോന്നുകൊള്ളുവനല്ലോ.
പൈതങ്ങളതു കേട്ടു മാതാവോടുരചെയ്താര്‍;
പൈദാഹത്തോടു മേവുമെലിയുണ്ടതിലമ്മേ!
പറപ്പാന്‍ ചിറകില്ല നടപ്പാനില്ല കാലു-
മിറച്ചി കണ്ടാലെലി പിടിച്ചു തിന്നുമല്ലോ.
ജന്തുക്കള്‍ ഭക്ഷിച്ചിട്ടു മരിക്കുന്നതിനെക്കാള്‍
വെന്തുചാകുന്നതത്രേ ഗതിയെന്നറിഞ്ഞാലും.
ഭര്‍ത്താവുതന്നെ പ്രാപിച്ചുത്തമന്മാരായുള്ള
പുത്രന്മാരെയും ലഭിച്ചീടുക മാതാവേ! നീ.
എന്നതു കേട്ടനേരം വന്നൊരു ശോകത്തോടേ
തന്നുടെ പൈതങ്ങളെ നോക്കിയും കരഞ്ഞിട്ടും
പിന്നെത്താന്‍ പറക്കയും മറിഞ്ഞു നോക്കുകയു-
മെന്നുടെ കര്‍മ്മമെന്നു കല്പിച്ചു പോയാളവള്‍.ˮ
എഴുത്തച്ഛനല്ലാതെ മറ്റൊരു കവിക്കു് ഈ പ്രതിപാദനം സുകരമാണെന്നു തോന്നുന്നില്ല. പക്ഷികളുടെ സംഭാഷണം തന്നെയാണെന്നു് അനുവാചകന്മാര്‍ക്കു തോന്നത്തക്കവിധത്തില്‍ ഭാഷ ഇവിടെ കവി അത്രമാത്രം കോമളമാക്കിയിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു്.
രൗദ്രരസത്തിനു ദുശ്ശാസനവധത്തെത്തന്നെ പ്രഥമോദാഹരണമായി സ്വീകരിക്കാം:
ʻʻചുവട്ടില്‍ മാറിനിന്നടി രണ്ടും വാരി-
ച്ചുവട്ടിലാക്കി മേല്‍ക്കരയേറിക്കര-
മമര്‍ത്തു നന്നായിച്ചവിട്ടിനിന്നുകൊ-
ണ്ടമര്‍ത്ത്യമര്‍ത്ത്യന്മാര്‍ പലരും കാണവേ
ചളിപ്പു കൈവിട്ടങ്ങെടുത്തു കൈവാളാല്‍-
പ്പൊളിച്ചു മാറിടം നഖങ്ങളെക്കൊണ്ടു
പൊടുപൊടെപ്പൊടിച്ചുടനുടനുടന്‍
ചുടുചുടെത്തിളച്ചരുവിയാര്‍പോലെ
തുടുതുട വന്ന രുധിരപൂരത്തെ-
ക്കുടുകുടെക്കൂടിച്ചലറിച്ചാടിയും
പെരുവെള്ളംപോലെ വരുന്ന ശോണിത-
മൊരു തുള്ളിപോലും പുറത്തു പോകാതെ
കവിണ്ണു നന്നായിക്കിടന്നുകൊണ്ടുടന്‍
കവിള്‍ത്തടം നന്നായ് നിറച്ചിറക്കിയുംˮ
എന്ന ഭീമസേനചിത്രണം ഏറ്റവും ഭയങ്കരമായിട്ടുണ്ടു്. വര്‍ണ്ണത്തില്‍ എഴുത്തച്ഛനെപ്പോലെ വൈദഗ്ദ്ധ്യം മറ്റൊരു കവിയും പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നുള്ളതു സര്‍വസമ്മതമാണു്. വിസ്തരഭീതി നിമിത്തം ഇതരരസങ്ങള്‍ക്കു് ഉദാഹരണങ്ങള്‍ ഉദ്ധരിക്കുന്നില്ല. എങ്കിലും ആചാര്യന്റെ ഭക്തിപാരവശ്യത്തെപ്പറ്റി അല്പമൊന്നു പറയാതെ അപ്പുറത്തേയ്ക്കു കടന്നാല്‍ അതൊരു മഹാപാപമായിത്തീരുന്നതാണു്. അധ്യാത്മരാമായണത്തില്‍ ശ്രീരാമന്‍ എങ്ങനെയോ അതുപോലെയോ അതിലധികമോ ഭാരതത്തില്‍ ശ്രീകൃഷ്ണന്‍ അദ്ദേഹത്തിനു പ്രാണനിലും പ്രാണനാണു്. പൗലോമത്തില്‍ ഭാരതകഥ സംഗ്രഹിക്കുന്ന അവസരത്തില്‍പ്പോലും,
ʻʻഇന്ദുശേഖരവന്ദ്യനിന്ദുബിംബാസ്യാംബുജ-
നിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതന്‍ പരന്‍
ഇന്ദിരാവരന്‍ നന്ദനന്ദനന്‍ നാരായണന്‍
ചന്ദ്രികാമന്ദസ്മിതസുന്ദരന്‍ ദാമോദരന്‍ˮ
എന്നൊരു ദീര്‍ഗ്ഘമായ ശ്രീകൃഷ്ണവര്‍ണ്ണനം അദ്ദേഹം ഇടയ്ക്കിടയ്ക്കു ചേര്‍ക്കുന്നുണ്ടു്. കര്‍ണ്ണപര്‍വത്തിലെ വിശ്വമോഹനമായ
ʻʻനിറന്ന പീലികള്‍ നിരക്കവേ കുത്തി
നിറുകയില്‍ക്കൂട്ടിത്തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിര തന്മേല്‍
നനുനനെപ്പൊടിഞ്ഞൊരു പൊടി പറ്റി-
ത്തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
… … …
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കുംപോലെയ-
മ്മണിരഥംതന്നിലകം കുളുര്‍ക്കവേ
മണിവര്‍ണ്ണന്‍തന്നെത്തെളിഞ്ഞു കണ്ടു ഞാന്‍
വിളയാടീടണം വിജയനുമായി-
ട്ടിളകാതേ നിന്നു കുറഞ്ഞോരു നേരം.ˮ
എന്ന പ്രാര്‍ത്ഥന ആരെയാണു് കോള്‍മയിര്‍ക്കൊള്ളിക്കാത്തതു്? ഏതു ഭഗവല്‍സ്തുതിയിലും അദ്ദേഹം പ്രായേണ തന്നെപ്പറ്റി പരാമര്‍ശിക്കുന്നതു പതിവാകുന്നു. അധ്യാത്മരാമായണത്തില്‍ മഹാവിഷ്ണുവിനെ സ്തുതിക്കുമ്പോള്‍
ʻʻമരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതസിന്ധോ! പെരികെ വളരുന്നു;
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ! കരുണാകര പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!ˮ
എന്നു ബ്രഹ്മാവിനെക്കൊണ്ടു ചെയ്യിക്കുന്ന പ്രാര്‍ത്ഥന കവിയുടേതു തന്നെയാണെന്നു പറയേണ്ടതില്ലല്ലോ.
ദേവീമാഹാത്മ്യം
ʻʻരാമാനാമാചാര്യനുമാവോളം തുണയ്ക്കണംˮ എന്ന ഗുരുവന്ദനയുള്ള ഈ കൃതി എഴുത്തച്ഛന്റേതാണെന്നുള്ളതിനെപ്പറ്റി സംശയിക്കുവാനില്ല. ഭാഷയും ആ കാലത്തേതുതന്നെയാണെന്നു സ്പഷ്ടമായിക്കാണാവുന്നതാണു്. ʻസംഹാരം ചെയ്‌വാനായേʼ ʻവഴിയേ ചെയ്തേന്‍ʼ ʻഅല്ലല്‍പെടുത്തങ്ങു്ʼ ʻഅര്‍ദ്ധനിഷ്ക്രാന്തനായേʼ ʻസന്ധ്യകള്‍ തേജസ്സിനാല്‍ʼ (സന്ധ്യകളുടെ) മുതലായ പ്രയോഗങ്ങള്‍ നോക്കുക. ദേവീമാഹാത്മ്യം മാര്‍ക്കാണ്ഡേയപുരാണാന്തര്‍ഗ്ഗതമായ ഒരു ഉപാഖ്യാനമാണു്. അതില്‍ ആ ഉപാഖ്യാനം പ്രക്ഷിപ്തമാണെന്നു് അനുമാനിക്കുവാന്‍ ന്യായമുണ്ടു്. ദേവീമാഹാത്മ്യത്തില്‍ പതിനെട്ടധ്യായങ്ങളുണ്ടെന്നാണു് വയ്പെങ്കിലും ഒടുവിലത്തെ അഞ്ചധ്യായങ്ങള്‍ മുദ്രിതങ്ങളായ പുസ്തകങ്ങള്‍ ഒന്നിലും കാണുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ള വംഗീയപാഠത്തിലും ദാക്ഷിണാത്യപാഠത്തിലും പതിമ്മൂന്നധ്യായങ്ങളേയുള്ളു. ʻഏവം ദേവ്യാ വരം ലബ്ധ്വാ സുരഥഃ ക്ഷത്രിയര്‍ഷഭഃ സൂര്യാജ്ജന്മ സമാസാദ്യ സാവര്‍ണ്ണിര്‍ഭവിതാ മനുഃʼ എന്ന ശ്ലോകത്തോടു കൂടി പതിമ്മൂന്നാമധ്യായം അവസാനിക്കുന്നു. ആ പതിമ്മൂന്നധ്യായങ്ങള്‍തന്നേയാണു് എഴുത്തച്ഛനും ഭാഷാന്തരീകരിച്ചിരിക്കുന്നതു്. ʻʻഇന്നു മഞ്ചധ്യായമുള്ളതു ചൊല്ലുവാനില്ലയെന്നു ചൊന്നാള്‍ കിളിപൈതലുംˮ എന്നൊരു വാക്യം ഒടുവില്‍ കാണുന്നുണ്ടെങ്കിലും അതനുസരിച്ചു് ആ അധ്യായപഞ്ചകം അദ്ദേഹം കിളിയെക്കൊണ്ടു പറയിച്ചിട്ടില്ല. അതിലെ വിഷയം പൂജാകല്പമാണു്.
ദേവീമാഹാത്മ്യത്തിന്റെ പഴയ ഭാഷാഗദ്യവ്യാഖ്യയിലും പതിമ്മൂന്നധ്യായങ്ങളെ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളു. എന്നാല്‍ അവയ്ക്കപ്പുറമുള്ള അഞ്ചധ്യായങ്ങള്‍ക്കു മറ്റൊരു പണ്ഡിതന്‍ ഭാഷാഗദ്യത്തില്‍ ഒരു വിവര്‍ത്തനം നിര്‍മ്മിച്ചു കാണുന്നുണ്ടു്. അതിനും കുറെയെല്ലാം പഴക്കമുണ്ടു്. പ്രക്ഷിപ്തത്തില്‍ പ്രക്ഷിപ്തമായ ആ ഭാഗത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിക്കാം: ʻʻപതിമ്മൂന്നധ്യായവും കേട്ടുകഴിഞ്ഞതിന്റെ ശേഷം സുരഥനാകുന്ന രാജാവു ചോദിക്കുന്നു. ഭഗവാനായുള്ളോവേ! നിന്തിരുവടി ചണ്ഡികാദേവിയുടെ അവതാരങ്ങളെല്ലാം അരുളിച്ചെയ്തുവല്ലോ. ഇനിയും അവതാരമൂര്‍ത്തികളുടെ പ്രകൃതിയേയും ഉള്ളവണ്ണം അരുളിച്ചെയ്യണം. ഇങ്ങനെ രാജാവിന്റെ ചോദ്യത്തെക്കേട്ടു സുമേധസ്സാകുന്ന മഹര്‍ഷി അതിത്തരമരുളിച്ചെയ്യുന്നു. ഇതു് എത്രയും പരമരഹസ്യമായി എത്രയും ഉല്‍കൃഷ്ടമായിരിപ്പോന്നു്, ഇതു് ആരോടും പറയേണ്ടൊരു വസ്തുവല്ല. നീയോ പിന്നെ എത്രയും ഭക്തനല്ലോ; നിന്നോടൊന്നും പറയരുതാതെയില്ലയല്ലോ; അതുകൊണ്ടു് നിനക്കുപദേശിക്കുന്നു. എങ്കില്‍ ഇവയെല്ലാറ്റിനും ആദിഭൂതയായിരിക്കുന്ന മഹാലക്ഷ്മി ത്രിഗുണങ്ങളോടും ലക്ഷ്യാലക്ഷ്യസ്വരൂപയായി സകലപ്രപഞ്ചത്തിലും വ്യാപ്തയായ അവസ്ഥിതിയോടും കൂടിയിരുപ്പോരുത്തി.ˮ
പ്രസക്താനുപ്രസക്തമായ ഈ പ്രസ്താവന നില്ക്കട്ടെ. ദേവീമാഹാത്മ്യം കിളിപ്പാട്ടില്‍ സ്തോത്രങ്ങളുടെ ഭാഷാനുവാദം ശ്ലാഘ്യമാണെന്നു പറവാനില്ലെങ്കിലും മറ്റു ഭാഗങ്ങള്‍ അനവദ്യങ്ങളാണു്. ആകെക്കൂടി നോക്കുമ്പോള്‍ എഴുത്തച്ഛന്റെ ഒരു ബാലകൃതിയായിരിക്കാം ഈ വാങ്മയം എന്നു തോന്നുന്നു. ആദ്യത്തെ മൂന്നധ്യായങ്ങള്‍ കേകയിലും പിന്നീടുള്ള പത്തധ്യായങ്ങള്‍ കാകളിയിലും നിബന്ധിച്ചിരിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം:
ʻʻസര്‍വജന്തുക്കള്‍ക്കുമുണ്ടോര്‍ക്കുമ്പോള്‍ ജ്ഞാനം പുന-
രവ്വണ്ണമുള്ളില്‍ ജ്ഞാനം മാനുഷര്‍ക്കില്ല നൂനം.
വെവ്വേറെ ജന്തുക്കള്‍ക്കു വിഷയങ്ങളുമുണ്ടു;
ദുര്‍വാരമതു മഹാജ്ഞാനികളാലുമോര്‍ത്താല്‍.
കേചില്‍ പ്രാണികള്‍ ദിവാന്ധങ്ങളായുള്ളൂ ഭുവി;
കേചില്‍ പ്രാണികളെല്ലാം രാത്രിയിലന്ധങ്ങളാം;
തുല്യദൃഷ്ടികള്‍ മനുജന്മാരെന്നല്ലോ ചൊല്‍വൂ;
സത്യമല്ലതു നിരൂപിച്ചാല്‍ക്കേവലം ജ്ഞാനം
ചിത്തത്തില്‍പ്പശുപക്ഷിമൃഗജാതികള്‍ക്കത്രേ;
പക്ഷികള്‍ മുട്ടയിട്ടു പട്ടിണിയിട്ടു കിട-
ന്നൊക്കവേ കൊത്തിപ്പിരിച്ചരികെച്ചേര്‍ത്തുകൊണ്ടു
പക്ഷങ്ങള്‍തോറും വച്ചു വളര്‍ത്തു ദിനംതോറും
ഭക്ഷിപ്പാന്‍ കൊക്കില്‍ക്കൊത്തിക്കൊണ്ടന്നു കൊടുത്തുടന്‍
നാള്‍തോറും പറക്കയും പഠിച്ചു വളര്‍ത്തിയാ-
ലേതുമേ മമത്വമില്ലവറ്റിലൊട്ടും പിന്നെ,
മര്‍ത്ത്യന്മാര്‍ പുത്രന്മാരില്‍ പ്രത്യുപകാരം ചിന്തി-
ച്ചെത്രയും മോഹിക്കുന്നോരജ്ഞാനം നിമിത്തമായ്.ˮ
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്, കര്‍ത്തൃത്വം
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു് തുഞ്ചത്താചാര്യന്റെ പ്രഥമ ശിഷ്യനായ കരുണാകരനെഴുത്തച്ഛന്റെ കൃതിയാണെന്നു ചിലര്‍ പറയാറുണ്ടു്. അതിനെപ്പറ്റി ഗാഢമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനത്തില്‍ കവി
ʻʻധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണന്‍തന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം
സോമനാം കുണ്ഡപുരാധീശന്‍തന്നനുഗ്രഹാല്‍
ബ്രാഹ്മണശ്രീപാദപാംസുക്കള്‍ക്കു നമസ്കാരം
ബ്രാഹ്മണഭക്തി മമ വര്‍ദ്ധിച്ചുവരേണമേˮ
എന്ന വരികളില്‍ അതിന്റെ കാരയിതാവിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. ʻനേത്രനാരായണന്‍ʼ എന്നതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാരുടെ മാറാപ്പേരാകുന്നു. ʻസോമനാം കുണ്ഡപുരാധീശന്‍ʼ എന്നതു തൃക്കണ്ടിയൂര്‍ക്ഷേത്രത്തിലെ ദേവനായ ശ്രീപരമേശ്വരനാണെന്നുള്ളതും നിസ്തര്‍ക്കമാണു്. ʻരാമഭക്താഢ്യനായ രാമശിഷ്യനാല്‍ʼ എന്നുള്ളതിനു രാമഭക്തശ്രേഷ്ഠനായ രാമന്റെ ശിഷ്യന്‍ എന്നും, രാമഭക്തനും രാമന്റെ ശിഷ്യനുമായ ഗ്രന്ഥകാരന്‍ എന്നും അര്‍ത്ഥം ഗ്രഹിക്കാം. ആദ്യത്തേതാണു് അര്‍ത്ഥമെങ്കില്‍ അധ്യാത്മരാമായണകര്‍ത്താവായ
രാമനാണു് പ്രണേതാവിന്റെ ഗുരുവെന്നും തദനുരോധേന പ്രണേതാവു കരുണാകരനെഴുത്തച്ഛനാണെന്നും ഊഹിക്കാം. പ്രത്യുത രണ്ടാമത്തെ അര്‍ത്ഥമാണു് സ്വീകാര്യമെങ്കില്‍ രാമന്റെ ശിഷ്യനും രാമഭക്താഢ്യനുമായ തുഞ്ചത്തെഴുത്തച്ഛന്‍തന്നെയാണു് ബ്രഹ്മാണ്ഡപുരാണത്തിന്റെയും രചയിതാവെന്നു വന്നു കൂടുന്നു. ബ്രഹ്മാണ്ഡപുരാണത്തിനു ശ്രീരാമകഥയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല; എന്നിട്ടും കവി ആ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍
ʻʻശ്രീരാമ! രാമചന്ദ്ര! ശ്രീരാമ! രഘുപതേ!
ശ്രീരാമ! രാമഭദ്ര! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ!ˮ
എന്നു് ഇഷ്ടദേവതാപ്രാര്‍ത്ഥന ചെയ്യുന്നു. ഇതില്‍നിന്നു ബ്രഹ്മാണ്ഡപുരാണകാരന്‍തന്നെയാണു് രാമഭക്താഢ്യന്‍ എന്നു് അനുമാനിക്കുന്നതില്‍ അപാകം കാണുന്നില്ല. അങ്ങനെ വരുമ്പോള്‍ തുഞ്ചത്തെഴുത്തച്ഛനെത്തന്നെയാണു് പ്രസ്തുത കൃതിയുടേയും കര്‍ത്താവായി കല്പിക്കേണ്ടതു്. വിമര്‍ശകാഗ്രണിയായ പി. കെ. നാരായണപിള്ളയുടെ അഭിപ്രായവും അതുതന്നെയാകുന്നു. ʻʻനിന്തിരുവടി തിരുവുള്ളത്തിലേറാതെകണ്ടെന്തൊരു വസ്തു ലോകത്തിലുള്ളതു പോറ്റിˮ മുതലായി ചില വരികള്‍ അദ്ധ്യാത്മരാമായണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും ചിലപ്പോള്‍ ഏകരൂപമായും മറ്റു ചിലപ്പോള്‍ ഈഷദ്വ്യത്യാസത്തോടുകൂടിയും കാണുന്നുണ്ടു്. ഭാഷ എഴുത്തച്ഛന്റെ കാലത്തേതുതന്നെയാണു് എന്നുള്ളതിനു (1) ചേല്ക്കണ്ണാള്‍, (2) മടിക്കുന്നില്ലേതും ഞാനോ, (3) മന്നവരനുഷ്ഠാനം, (4) മൂര്‍ച്ഛിതനായേ, (5) ഗുരുഭൂതന്മാരെ വന്ദിപ്പാനായേ, (6) എവിടത്തു, (7) ചൊല്ലവല്ലേന്‍, (8) കാണായതാരായ്‌വരൂ, (9) അതില്‍ക്കാളും, (10) ദുര്‍ന്നിമിത്തങ്ങള്‍ പല, (11) ഊടേചിന്തിച്ചു, (12) ഞങ്ങളിരുന്നു ഞായം മുന്നം തുടങ്ങിയ പ്രയോഗങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. പക്ഷേ ഈ തെളിവുകൊണ്ടു മാത്രം ഗുരുവിനെ വിട്ടു ശിഷ്യനിലോ മറിച്ചോ കര്‍ത്തൃത്വം ആരോപിക്കുവാന്‍ നിര്‍വ്വാഹമില്ല. എന്നാല്‍ കവിതാരീതി നോക്കിയാല്‍ ബ്രഹ്മാണ്ഡപുരാണത്തിനു തുഞ്ചന്റെ കൃതിയാകുവാന്‍തക്ക സ്വരൂപയോഗ്യതയുണ്ടെന്നുതന്നെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറ്റൊന്‍പതധ്യായങ്ങള്‍ സംഗ്രഹിക്കേണ്ടതുകൊണ്ടു വര്‍ണ്ണനത്തിനുള്ള സൗകര്യം കവിക്കു വളരെ വിരളമാണു്. എങ്കിലും പല ഘട്ടങ്ങളിലും അദ്ദേഹം താന്‍ ഒരു വശ്യവചസ്സാണെന്നു തന്റെ വിശിഷ്ടമായ വാഗ്ദ്ധോരണിയാല്‍ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. ʻʻജളത്വമുള്ള ജനം മഹത്ത്വമറികയില്ലളര്‍ക്കമറിയുമോ നരസിംഹത്തിന്‍ ബലം?ˮ ʻʻകാല്ക്കല്‍ വീഴ്കയും കണ്ണിലശ്രുക്കള്‍ പൊഴികയും വീര്‍ക്കയും വിയര്‍ക്കയും കോള്‍മയിര്‍കൊള്ളുകയുംˮ ʻʻദുസ്ത്യജലല്ലോനൂനം പ്രകൃതി വിദ്വാന്മാര്‍ക്കുംˮ എന്നിങ്ങനെയുള്ള വരികളില്‍ മാത്രമല്ല അദ്ദേഹത്തിന്റെ കവനകലാപാടവം പ്രത്യക്ഷീഭവിക്കുന്നതു്. ദത്താത്രേയന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനു നല്കുന്ന ജ്ഞാനോപദേശം, ചന്ദ്രഗുപ്തന്റെ ജമദഗ്ന്യാശ്രമവര്‍ണ്ണനം മുതലായ ഘട്ടങ്ങളില്‍ നാം കേള്‍ക്കുന്നതു സാക്ഷാല്‍ ഗുരുനാഥന്റെ ശബ്ദംതന്നെയാണു്. ശ്രീപരശുരാമനും കാര്‍ത്തവീര്യന്റെ സേനയും തമ്മിലുള്ള യുദ്ധം കവി പ്രപഞ്ചനം ചെയ്യുന്നതില്‍നിന്നു് ഒരു ഭാഗം ഇവിടെ പകര്‍ത്താം:
ʻʻഭൂതലം പൊടിഞ്ഞുപൊങ്ങീടിന പൊടികൊണ്ടു
രോദസി മറഞ്ഞിതു കണ്ടുനിന്നവര്‍കളും.
കല്പാന്തലയമകാലപ്രാപ്തമായിതെന്നു
കല്പിച്ചു നഭസ്ഥന്മാരുല്‍ഭ്രാന്തന്മാരായ് വന്നു.
അഗ്നിലോചനന്‍ ജഗത്സംഹാരത്തിനു ജമ-
ദഗ്നിനന്ദനനായ് വന്നീടിനാനെന്നു നൂനം.
കുണ്ഡലോഷ്ണീഷകിരീടാദികളോടും നൃപ-
മുണ്ഡങ്ങള്‍ നിശിതബാണങ്ങളാല്‍ തെരുതെരെ
ഖണ്ഡിച്ചു വസുമതീമണ്ഡലത്തിനു ബഹു-
മണ്ഡനവിശേഷങ്ങള്‍ നല്കിനാല്‍ ഭൃഗുശ്രേഷ്ഠന്‍.
ഉത്ഥായോത്ഥായ ദ്രുതം നൃത്തവുമാടീടുന്നു
മത്തങ്ങളായേ നിന്നു പൃഥ്വിയില്‍ക്കബന്ധങ്ങള്‍.
കുണ്ഡലാംഗദച്ഛത്രചാമരഹാരസ്വര്‍ണ്ണ-
ദണ്ഡതോരണപതാകാവ്യജനങ്ങള്‍കൊണ്ടും
അങ്കുശകശാവലനാദികള്‍കൊണ്ടു സമ-
രാങ്കണമലങ്കരിച്ചീടിനാന്‍ ഭൃഗുപതി.
ചര്‍മ്മവര്‍മ്മാദിഗദാചാപശസ്ത്രാദികളാല്‍
നിര്‍മ്മലാഭരണങ്ങള്‍ ധരിച്ചു രണാങ്കണം.
ക്ഷത്രവാഹിനിയൊക്കെ മുറിഞ്ഞു ധരണിയും
രക്തവാഹിനികളാല്‍ നിറഞ്ഞു ചിത്രം ചിത്രം.
ഹസ്ത്യശ്വമര്‍ത്ത്യഭവരക്തവാഹിനികളില്‍
ഹസ്തിഗ്രാഹങ്ങളുണ്ടു മാംസപങ്കവുമുണ്ടു,
ശസ്ത്രമീനങ്ങളുണ്ടു തുരഗോഡുപങ്ങളും
മര്‍ത്ത്യമസ്തകമായ പാഷാണങ്ങളുമുണ്ടു,
ഹസ്തിവൃന്ദോത്തമാഗകച്ഛപങ്ങളുമുണ്ടു,
മര്‍ത്ത്യകേശങ്ങളായ ശൈവാലപൂരമുണ്ടു,
ശ്വേതചാമരമായ ഫേനപിണ്ഡങ്ങളുണ്ടു,
നൂതനച്ഛത്രമയഹംസപംക്തിയുമുണ്ടു,
തുരംഗശവമയഗ്രാഹങ്ങളുണ്ടു, ധനു-
സ്തരംഗങ്ങളുമുണ്ടു രത്നവാലുകകളും.
രക്തപായികളായ മാംസഭോജികളെല്ലാം
നൃത്തമാടീടുകയുമലറിക്കളിക്കയും
ബാണങ്ങളേറ്റു മരിച്ചൊട്ടു ശേഷിച്ച സൈന്യം
പ്രാണത്രാണൈകപരായണന്മാരായോടിയും
… … …
പ്രേതഗുഹ്യകപിശാചാദിരാക്ഷസഗണം
പീതശോണിതങ്ങളാം ഡാകിനീഗണങ്ങളും
കങ്കഗൃധ്രശ്വാപദഗോമായുശ്യേനവൃകാ-
ദ്യങ്കിതമായ സമരാങ്കണം ഭയപ്രദം.ˮ
ഈ കവിതയ്ക്കു് അധ്യാത്മരാമായണത്തിന്റെ മെച്ചമുണ്ടെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ ആ ന്യൂനതയ്ക്കുള്ള ഒരു കാരണം മുമ്പു സൂചിപ്പിച്ചതുപോലെ കവിക്കു് ഓരോ അധ്യായവും പ്രത്യേകമായി സംക്ഷേപിക്കുവാനുണ്ടായ ആഗ്രഹമാണു്: ആ പരിപാടിക്കു് ഉത്തരവാദി പക്ഷേ തമ്പ്രാക്കളാണെന്നും വരാന്‍ പാടില്ലായ്കയില്ല. കേരളത്തിന്റെ ജനയിതാവും കേരളബ്രാഹ്മണരുടെ കുലദൈവതവുമാണല്ലോ ശ്രീപരശുരാമന്‍. ആ മഹാത്മാവിന്റെ അപദാനങ്ങളെ ഭാഷാഗാനരുപേണ പ്രകീര്‍ത്തനം ചെയ്യിക്കുവാന്‍ പണ്ഡിതാഗ്രേസരനും നീലകണ്ഠസോമയാജിയുടെ സുഹൃത്തമനുമായ അക്കാലത്തെ ആഴ്‌വാഞ്ചേരിത്തമ്പ്രാക്കള്‍ക്കു് ഔത്സുക്യം സ്വാഭാവികമായി അങ്കുരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹം അധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദംമൂലം ഭാഷാ കവികളില്‍ പ്രഥമഗണനീയനെന്നു പേര്‍ സമ്പാദിച്ചു തൃക്കണ്ടിയൂരില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തുഞ്ചത്തെഴുത്തച്ഛനെ അതിലേക്കു നിയോഗിച്ചിരിക്കാവുന്നതുമാകുന്നു. ഉത്തരരാമായണത്തിന്നു പിന്‍പും മഹാഭാരതത്തിനു മുന്‍പും എഴുത്തച്ഛന്‍ പ്രസ്തുതഗാനം നിര്‍മ്മിച്ചതായി പരിഗണിക്കാവുന്നതാണു്. ഗ്രന്ഥാവസാനത്തില്‍ എഴുത്തച്ഛന്‍ കേരളത്തിന്റെ മഹാത്മ്യത്തെപ്പറ്റി ചില സൂചനകള്‍ നല്കുന്നുണ്ടെന്നുള്ളതു പ്രകൃതത്തില്‍ സ്മരണീയമാകുന്നു.
ʻʻഭൂമിദേവന്മാര്‍ക്കെല്ലാം ഭാര്‍ഗ്ഗവരാമന്‍ നിജ-
ഭൂമിയെദ്ദാനംചെയ്താന്‍ പ്രായശ്ചിത്താര്‍ത്ഥമായേ.
ക്ഷത്രിയര്‍ക്കുള്ള രാജ്യമല്ലിതു നിങ്ങളെല്ലാ-
മധ്വരങ്ങളും ചെയ്തു സുഖിച്ചു വസിച്ചാലും.
ബ്രഹ്മസ്വമായ ഭൂമൌ ദുഷ്ടരാരാനും വന്നു
നിര്‍മ്മര്യാദം ചെയ്കിലും ദേവസ്വാദികളെല്ലാം
ആക്രമിച്ചീടുന്നാകില്‍ നിങ്ങളെല്ലാരുംകൂടി-
പ്പാര്‍ക്കണമെന്നെ ധ്യാനിച്ചവിടെ വരുവന്‍ ഞാന്‍.
ദുഷ്ടരെയെല്ലാമൊക്കെ നിഗ്രഹിച്ചാര്‍ത്തി തീര്‍ത്തു
ശിഷ്ടരെയെല്ലാമത്ര വച്ചു രക്ഷിച്ചീടുവിന്‍.
അബ്ധിതന്നന്തര്‍ഭാഗേ മഗ്നമായ്ക്കിടന്നൊരു
സിദ്ധക്ഷേത്രങ്ങള്‍ പുരഗ്രാമങ്ങള്‍ നഗരങ്ങള്‍
തീര്‍ത്ഥങ്ങളിവയെല്ലാം നീളെക്കാണായിതപ്പോള്‍
ധാത്രീദേവന്മാര്‍ സങ്കേതം വച്ചു മുന്നെപ്പോലെ
യാഗാദികര്‍മ്മംകൊണ്ടുമാശ്രമനിഷ്ഠകൊണ്ടും
യോഗവൈഭവംകൊണ്ടും ദാനാദിധര്‍മ്മംകൊണ്ടും
ദുഃഖങ്ങളറിയാതെ സല്‍കര്‍മ്മങ്ങളും ചെയ്തു
സൗഖ്യംപൂണ്ടിരുന്നിതു ഭൂദേവപ്രവരന്മാര്‍.
ആത്മാനുഭാവംകൊണ്ടു ഭാര്‍ഗ്ഗവന്‍തന്റെ ഭൂമൌ
ഗ്രീഷ്മകാലത്തും മഴ പെയ്യുമാറാക്കിവച്ചാന്‍.
ധനധാന്യാദികളാലധികം സമൃദ്ധിയു-
മനുവാസരം വളര്‍ത്തീടിനാന്‍ ഭൃഗുപതി.
ഈ വര്‍ണ്ണനമൊന്നും മൂലത്തിലില്ല. തൃക്കണ്ടിയൂരപ്പന്റെ അനുഗ്രഹത്തെപ്പറ്റി ഗ്രന്ഥാവസാനത്തില്‍ പ്രസ്താവിച്ചതു ശ്രീപരമേശ്വരന്‍ പരശുരാമന്റെ ഗുരുനാഥനാകകൊണ്ടാണെന്നു തോന്നുന്നു. ഗ്രന്ഥത്തില്‍തന്നെ ഒന്നു രണ്ടു ശിവസ്തോത്രങ്ങളും കാണ്‍മാനുണ്ടല്ലോ.
ഭാഷാനുവാദരീതി
ബ്രഹ്മാണ്ഡപുരാണത്തില്‍ ആദ്യത്തെ പതിനഞ്ചധ്യായങ്ങള്‍ കേകയിലും പിന്നീടുള്ള പതിനഞ്ചധ്യായങ്ങള്‍ കാകളിയിലും ബാക്കിയുള്ള അധ്യായങ്ങളെല്ലാം വീണ്ടും കേകയിലുമാണു് കവി തര്‍ജ്ജമചെയ്തിരിക്കുന്നതു്. ആകെക്കൂടി ദേവീമാഹാത്മ്യത്തിലെന്നപോലെ മൂന്നു വിഭാഗങ്ങളേ കാണുന്നുള്ളു. അതിനാല്‍ അവയെ പാദങ്ങള്‍ എന്നു പറയുന്നതു യുക്തമാണെന്നു തോന്നുന്നില്ല. എഴുത്തച്ഛന്‍ ഭദ്രദീപപ്രതിഷ്ഠാവിധി ഭാഷീകരിക്കുന്നില്ല.
ʻʻമുപ്പത്തിമൂന്നധ്യായമാദിയായഞ്ചധ്യായം
മുപ്പത്തേഴധ്യായവും കഴിഞ്ഞുകൂടുവോളം
ഭദ്രദീപാഖ്യപ്രതിഷ്ഠാവിധി സമസ്തവും
സുദ്യുമ്നന്‍തന്നെക്കേള്‍പ്പിച്ചു … … …ˮ
എന്നു പറഞ്ഞുകൊണ്ടു് അപ്പുറത്തേയ്ക്കു കടക്കുന്നു. അതുപോലെ അസിതമഹര്‍ഷി ജനകമഹാരാജാവിനു നല്കുന്ന മറ്റുപദേശങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നുണ്ടെങ്കിലും നാല്പത്തൊന്‍പതുമുതല്‍ അന്‍പത്തിമൂന്നുവരെയുള്ള അഞ്ചധ്യായങ്ങളില്‍ ചെയ്യുന്ന അധ്യാത്മജ്ഞാനോപദേശം വിട്ടുകളയുന്നു.ʻഇത്യാദ്യമഞ്ചധ്യായം കൊണ്ടുടന്‍ ജനകനോടധ്യാത്മജ്ഞാനമുപദേശിച്ചാ ന സിതനുംʼ എന്നു് ആ ഘട്ടത്തെ ദൂരെനിന്നു ഒന്നു കടാക്ഷിക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളു. കാര്‍ത്തവീര്യന്റെ ജലക്രീഡയെപ്പറ്റിയുള്ള പ്രസ്താവം വരുമ്പോള്‍ ഋഷികല്പനായ ആ ധര്‍മ്മാത്മാവു് ʻʻഅര്‍ജ്ജുനജലക്രീഡാധ്യായമന്‍പത്തെട്ടാമതിന്നിജ്ജനത്തിനു പറഞ്ഞീടുവാന്‍ പണിയത്രേˮ എന്നു് അതില്‍നിന്നൊഴിയുന്നു. അദ്ദേഹത്തിന്റെ ആചാരപ്രവണതയും ഔചിത്യബോധവുമാണു് ഈ വക കാര്യങ്ങളില്‍ പ്രകടീഭവിക്കുന്നതു്.
സീതാവിജയം കിളിപ്പാട്ടു്, മൂലം
സീതാവിജയം കിളിപ്പാട്ടിനു ശതമുഖരാമായണമെന്നും ശതമുഖരാവണവധമെന്നുംകൂടി പേരുകളുണ്ടു്. കിളിപ്പാട്ടില്‍ സീതാവിജയം എന്ന സംജ്ഞതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. ʻʻഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകള്‍ˮ എന്നുള്ള ഒടുവിലത്തെ വരികള്‍ നോക്കക. ʻʻസന്തുഷ്ടാത്മനാ സീതാവിജയം മനോഹരംˮ എന്നു് ആരംഭത്തിലും പ്രസ്താവനയുണ്ടു്. മൂലം സ്കാന്ദ പുരാണാന്തര്‍ഗ്ഗതമായ വാസിഷ്ഠോത്തരരാമായണത്തില്‍ പെട്ടതാണു്. ഏഴധ്യായങ്ങള്‍കൊണ്ടു പ്രസ്തുതോപാഖ്യാനം അതില്‍ സംഗ്രഹിച്ചിരിക്കുന്നു. ദശമുഖരാവണനെക്കാള്‍ ബലശാലിയായ ശതമുഖരാവണനെ സീതാദേവി വധിച്ച കഥ വസിഷ്ഠ മഹര്‍ഷി ശതാനന്ദനെ പറഞ്ഞുകേള്‍പ്പിക്കുന്നു.
കിളിപ്പാട്ടിന്റെ കര്‍ത്താവു്
സീതാവിജയത്തിന്റെ കര്‍ത്താവു് തുഞ്ചത്തെഴുത്തച്ഛനാണെന്നു് ഐതിഹ്യമുണ്ടു്. ഭാഷാരീതി പരിശോധിച്ചാല്‍ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു നിര്‍ണ്ണയിക്കുവാന്‍ കഴിയും. ʻകേള്‍ക്കയില്‍,ʼ ʻഇടര്‍,ʼ ʻമേന്മതകും,ʼ ʻവാക്കുകൊണ്ടേ,ʼ ʻവരിഷിക്കുകʼ എന്നീ പദങ്ങളും പ്രയോഗങ്ങളും നോക്കുക. ʻപൌലസ്ത്യനവനുടെ കാല്‍നഖത്തിനു പോരാʼ, ʻദധിജലധി ശതവദനപതനസമയേ ചെന്നു ദേവലോകത്തു വൃത്താന്തമറിയിച്ചുʼ തുടങ്ങിയ ഭാഗങ്ങളില്‍ അധ്യാത്മരാമായണത്തിലെ ചില വരികളുടെ പ്രതിധ്വനി കേള്‍ക്കുന്നു. നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയില്‍ ഒന്നും നാലും പാദങ്ങള്‍ കേകയിലും രണ്ടാം പാദം കാകളിയിലും മൂന്നാം പാദം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിത ആപാദചൂഡം മനോഹരമായിരിക്കുന്നു. അതിലെ–-പ്രത്യേകിച്ചു മൂന്നാം പാദത്തിലെ–-പദഘനാപാടവത്തെ എഴുത്തച്ഛനിലല്ലാതെ മറ്റൊരു കവിയില്‍ വിനിവേശിപ്പിക്കുവാന്‍ മാര്‍ഗ്ഗം കാണുന്നില്ല. അതുകൊണ്ടു കര്‍ത്തൃത്വത്തെപ്പറ്റി ഗ്രന്ഥത്തില്‍ പ്രകടമായ സൂചനയൊന്നുമില്ലെങ്കിലും ʻശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെʼ എന്നു് അധ്യാത്മരാമായണത്തില്‍ നിയുക്തയായ ആ മധുരസ്വരയായ ശാരികയോടുതന്നെയാണു് ʻʻശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന ശാരികപ്പൈതലേ നീ ചൊല്ലേണമെന്നോടിപ്പോള്‍ˮ എന്ന വരികളില്‍ സീതാവിജയകാരനും അപേക്ഷിക്കുന്നതെന്നു് എനിക്കു തോന്നുന്നു. കവിതയുടെ മാതൃക കാണിക്കുവാന്‍ മൂന്നാം പാദത്തില്‍നിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:
ʻʻനിഖിലനിശിചരശമനകരനഖിലനായകന്‍
നിന്നു പരിശ്രാന്തനായ് സമരാങ്കണേ
കമലദലനയനനഥ ജനകമകള്‍തന്നുടേ
കൈയില്‍ക്കൊടുത്തിതു കാര്‍മ്മുകവും തദാ.
മിഥിലനൃപസുതയുമഥ വാങ്ങിനാള്‍ ചാപവും
മേന്മതകും ബാണജാലവും തൂണിയും.
നിജരമണനികടഭുവി ജനകസുതയും തദാ
നിന്നൂ ജയലക്ഷ്മിയെന്നപോലേ മുദാ.
രഘുപതിയുമതുപൊഴുതു മൃദുഹസിതപൂര്‍വ്വകം
രമ്യാംഗിമാനസം കണ്ടരുളിച്ചെയ്തു.
ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാന്‍ കൊന്നേന്‍ പ്രിയതമേ!
വിബുധപതിജിതമരിയ ദശമുഖതനൂജനെ
വീരനാം സൗമിത്രി കൊന്നൂ ജിതശ്രമം.
മധുതനയമമിതബലമപി ലവണനെത്തദാ
മാനിയാം ശത്രുഘ്നനും വധിച്ചീടിനാന്‍.
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധര്‍വവീരരെക്കൊന്നു ഭരതനും.
ശതവദനനിവനവരിലധികബലനാകയാല്‍
ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം; യുദ്ധം തുടങ്ങു നീ വല്ലഭേ!
… … …
പവനസമജവമൊടുടനതുലവിശിഖം വന്നു
ഫാലദേശേ കൊണ്ടു രക്താഭിഷിക്തയായ്
ദശവദനരിപുമഹിഷി പുനരസഹരോഷേണ
ചേതസി ചിന്തിച്ചുറപ്പിച്ചിതാദരാല്‍.
അയുതശതനവമിഹിരസമരുചി കലര്‍ന്നെഴു-
മാനന്ദവിഗ്രഹമത്ഭുതവിക്രമം
തരണികുലഭവമഭവമഭയദമനാമയം
താപത്രയാപഹം സച്ചിത്സ്വരൂപിണം
ദശവദനകുലവിപിനദഹനമഖിലേശ്വരം
ദേവദേവം വിഭും കുംഭകര്‍ണ്ണാന്തകം
സലിലനിധിതരണകരചതുരമസുരാന്തകം
സായകകോദണ്ഡദോര്‍ദ്ദണ്ഡമണ്ഡിതം
ഖരശമനകരമമലമതുലബലമവ്യയം
കാരണപൂരുഷം കാമദാനപ്രിയം
മൃതിസമയഭയഹരണനിപുണചരണാംബുജം
മൃത്യുമൃത്യും പരം മര്‍ത്ത്യരൂപം ഭജേ.
തപനകുലശുചികരസുചരിതമതികോമളം
താരകബ്രഹ്മസംജ്ഞം രാമനാമകം
നിജഹൃദയകമലഭുവി നിരുപമമുറപ്പിച്ചു
നിര്‍മ്മലം പഞ്ചവാരം ജപിച്ചീടിനാള്‍.ˮ
ശ്രീമല്‍ഭാഗവതം കിളിപ്പാട്ടു്, കര്‍ത്തൃത്വം
സംസ്കൃതത്തില്‍ വിഷ്ണുഭാഗവതമെന്നും ദേവീഭാഗവതമെന്നും രണ്ടു ഭാഗവതങ്ങളുണ്ടു്. അവയില്‍ അഷ്ടാദശമഹാപുരാണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതു് ഏതിനെയാണെന്നുള്ള വാദം പണ്ടുപണ്ടേയുള്ളതും ഇന്നും അവസാനിച്ചിട്ടില്ലാത്തതുമാണു്. അഷ്ടാദശപുരാണങ്ങളും ആവിര്‍ഭവിച്ചതിനുമേല്‍ അവയുടെ മകുടസ്ഥാനത്തില്‍ വിഷ്ണുഭക്തിസംവര്‍ദ്ധകമായി ദാക്ഷിണാത്യനായ ഏതോ സിദ്ധന്‍ രചിച്ചു് ഉപദേശിച്ച ഒരു വിശിഷ്ടഗ്രന്ഥമാണു് ഭാഗവതം എന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രക്ഷിപ്തങ്ങള്‍ നുഴഞ്ഞുകേറാത്ത ഒരു പുരാണമാണു് ഭാഗവതമെന്നുള്ളതു് അതിന്റെ മഹിമോപാധികളില്‍ ഒന്നാണെന്നും നാം ഓര്‍മ്മിക്കേണ്ടതുണ്ടു്. കൊല്ലം എട്ടാം ശതകത്തിലെ കൃതിയായ ഭാഷാവിഷ്ണുഭാഗവതത്തെപ്പറ്റിയാണല്ലോ നമുക്കു് ഇവിടെ പര്യാലോചിക്കുവാനുള്ളതു്. ആ ഗ്രന്ഥം തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണെന്നും അല്ലെന്നും പ്രബലമായ പക്ഷാന്തരമുണ്ടു്.
പൂര്‍വ്വപക്ഷം
ചിറ്റൂര്‍ ഗുരുമഠത്തില്‍ ഭാഗവതം വച്ചുപൂജിച്ചിരുന്നതു് 1041-ല്‍ ബര്‍ണ്ണല്‍സായിപ്പു കണ്ടതായി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു രൂഢമൂലമായ ജനവിശ്വാസമുണ്ടു്. ഭാഗവതത്തിലെ ഭാഷ കൊല്ലം എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലേതാണു് എന്നുള്ളതിനു സംശയമില്ല. ʻസര്‍വലോകേശനായ ഭഗവദ്യശസ്സോടുʼ, ʻഭഗവദ്യശോയുതമല്ലായും പ്രബന്ധങ്ങള്‍ʼ, ʻഉളനായ ചേല്ക്കണ്ണാള്‍ʼ, ʻതേന്‍പോരുംʼ, ʻപോകയില്‍ʼ, ചെല്ലത്തുടങ്ങിനാള്‍ʼ, ʻചോരിവാവേരിʼ, ʻമകളര്‍ʼ ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഉദ്ധരിച്ചു് ഈ വസ്തുത തെളിയിക്കാവുന്നതാണു്. മനോഹരങ്ങളായ പല ഭാഗങ്ങള്‍ ഭാഗവതം കിളിപ്പാട്ടിലുമുണ്ടു്. ഇങ്ങനെ ചില കാരണങ്ങളെ ആസ്പദമാക്കി ഭാഗവതം എഴുത്തച്ഛന്റെ കൃതിതന്നെയെന്നു സ്ഥാപിക്കുവാന്‍ ചില പണ്ഡിതന്മാര്‍ ഉദ്യമിക്കുന്നു. അവരില്‍ത്തന്നെയും ഏതു കാലത്താണു് എഴുത്തച്ഛന്‍ അതു രചിച്ചതെന്നുള്ളതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടു്. ചിലര്‍ വാര്‍ദ്ധക്യാരംഭത്തിലാണെന്നും ചിലര്‍ യൗവനത്തിലെന്നും പറയുന്നു. വാര്‍ദ്ധക്യാരംഭത്തിലാണെന്നു പറയുന്നവര്‍ എഴുത്തച്ഛന്‍ ആ കവിത ചൊല്ലിക്കൊടുത്തു മകളെക്കൊണ്ടു് എഴുതിച്ചതാണെന്നും ആ ഗ്രന്ഥമാണു് ബര്‍ണ്ണല്‍സായിപ്പു് 1041-ല്‍ ഗുരുമഠത്തില്‍ കണ്ടതെന്നും കൂടി പ്രസ്താവിക്കുന്നു. ഭാഗവതം കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു് എനിക്കും ഉറപ്പിച്ചു പറയുവാന്‍ തോന്നുന്നു.
ഏകകര്‍ത്തൃകമാണോ?–-ഭാഗവതത്തിന്റെ ആദ്യന്തമുള്ള പ്രണേതൃത്വം ഒരു കവിയില്‍ ആരോപിക്കുവാന്‍ അശേഷം നിര്‍വാഹമില്ലാത്ത വിധത്തിലാണു് അതിലെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളുടെ രചനാരീതി നിലകൊള്ളുന്നതു്. ഭാഗവതം ആകെക്കൂടിത്തന്നെ ആ വിഷയത്തില്‍ ഭാരതത്തേയും അധ്യാത്മരാമായണത്തേയും അപേക്ഷിച്ചു തുലോം അവരമായ ഒരു സ്ഥാനത്തിലേ സ്ഥിതി ചെയ്യുന്നുള്ളു. അപശബ്ദപ്രയോഗവും മൂലത്തില്‍ നിന്നു തര്‍ജ്ജമയില്‍ കടന്നുകൂടീട്ടുള്ള അര്‍ത്ഥവ്യത്യാസവും ആ ഗ്രന്ഥത്തെ അധഃപതിപ്പിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒട്ടും അപ്രധാനങ്ങളല്ല. ചുരുക്കത്തില്‍ ഭാഗവതത്തിന്റെ ഗതി കൃഷ്ണപക്ഷത്തിലെ ചന്ദ്രമണ്ഡലത്തിന്റേതുപോലെയാണെന്നു പറയാം. മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരുന്ന അനാസ്വാദ്യത ദശമസ്കന്ധത്തില്‍ കാളിയമര്‍ദ്ദനാനന്തരം അതിന്റെ മൂര്‍ദ്ധന്യദശയില്‍ എത്തുന്നു. അതിനു മുന്‍പുതന്നെ ʻഭഗവത്സേവാരതിചെയ്തീടണംʼ എന്നു ദ്വിതീയസ്കന്ധത്തിലും ʻപൂര്‍ഷോത്തമനെ സ്തുതിച്ചാരുടനുടന്‍ʼ എന്നും ʻഭവാനാലഹോ ഹനിച്ചീടിനʼ എന്നു ʻമേളമുഖാംബുജംʼ എന്നും ചതുര്‍ത്ഥസ്കന്ധത്തിലും ʻകാലപാശം പരിച്ഛേദിച്ചുʼ എന്നു ഷഷ്ഠസ്കന്ധത്തിലും ʻഅംബുജന്‍ʼ എന്നു നവമസ്കന്ധത്തിലും മറ്റും പല ഉദ്വേഗജനകങ്ങളായ പ്രയോഗങ്ങള്‍ കാണുന്നുണ്ടു്. ʻസര്‍വഭേദങ്ങളാം രാഗദ്വേഷാദിയാംʼ, ʻമന്ദരപര്‍വതത്തെ പ്രവേശിച്ചു തപസ്സുതുടങ്ങിനാന്‍ʼ എന്നും മറ്റുമുള്ള വൈരൂപ്യദുഷ്ടങ്ങളായ വരികളുമുണ്ടു്. ദശമസ്കന്ധത്തില്‍ പ്രവേശിക്കുമ്പോള്‍ അത്തരത്തിലുള്ള കീടാനുവിദ്ധത ക്രമേണ പ്രവൃദ്ധമാകുന്നു. ʻമാധവസ്വഭൂഃʼ ʻചത്വാരിപാദസംയുക്തന്‍ʼ ʻസഖന്മാരുമായ്ʼ മുതലായ അനേകം അസഹ്യങ്ങളായ സ്‌ഖലിതങ്ങള്‍ അവിടെയാണു് സ്വച്ഛന്ദമായി തലപൊക്കുന്നതു്. എങ്കിലും ഗോവിന്ദദര്‍ശനം കണ്ടുʼ ʻകുഴല്‍സ്വനൈര്‍ന്നിശ്ചലരായിതുʼ ʻമന്നിടമായ ത്രൈലോക്യങ്ങള്‍ʼ ʻത്രാണനം ചെയ്കെങ്ങള്‍ പ്രാണനാഥാ കൃഷ്ണʼ ʻകയ്യതില്‍ വസ്ത്രാഭരണമായും ചിലര്‍ʼ ʻമാര്‍ഗ്ഗമാക്കീടും കൃതാന്തസമീപത്തേക്കു്ʼ ʻആകയാല്‍ നാമൊത്തു യുദ്ധം വഹിക്കിലോ ആകായെന്നാരും പറയാ ധരിക്ക നീʼ ʻയൗവനാത്മാക്കള്‍ʼ ചന്ദ്രികാഹാസിതേʼ ʻപ്രദ്യുമ്നാനിരുദ്ധസംയുതാഭ്യാംʼ (പ്രദ്യുമ്നനനിരുദ്ധസംയുതാഭ്യം എന്നു വേണമെങ്കില്‍ വായിച്ചുകൊള്ളാം) ഇത്തരത്തിലുള്ള ഭീമങ്ങളായ അഭംഗികള്‍ കാളിയമര്‍ദ്ദനഘട്ടത്തിനുമേലേ ദശമസ്കന്ധത്തില്‍ത്തന്നെയും കാണുന്നുള്ളു. ശ്രുതിഗീതയിലും ഏകാദശസ്കന്ധത്തിലും നിരവധി ഭാഷാനുവാദവൈകല്യങ്ങളുണ്ടു്. ദശമസ്കന്ധത്തില്‍ ശാരികയെ കവി അഭിസംബോധനംചെയ്യുന്നതു ʻബാലേ കിളിയേ സുശീലേʼ എന്നിങ്ങനെയാണു്. മറ്റൊരു സ്ഥലത്തും എഴുത്തച്ഛന്‍ ʻകിളിയേʼ എന്നു പ്രയോഗിച്ചിട്ടില്ല.
കാളിയമര്‍ദ്ദനംവരെയുള്ള ഭാഗങ്ങളില്‍ അങ്ങിങ്ങു് അപൂര്‍വമായെങ്കിലും എഴുത്തച്ഛന്റേതായിരിക്കണമെന്നു പറയാവുന്ന ഈരടികള്‍ ഉണ്ടു്. ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം:
1 ʻʻവിഷ്ണുഭഗവാന്‍ വിരിഞ്ചാദിവന്ദിത-
നുഷ്ണേതരാംശുദിവാകരലോചനന്‍
പത്മനാഭന്‍ പരമാത്മാ പരാപരന്‍
പത്മജാവല്ലഭന്‍ പത്മായുധന്‍ പരന്‍
വിശ്വംഭരന്‍ വൃഷവാഹനവന്ദിത-
നച്യുതനവ്യയനവ്യക്തനദ്വയന്‍
നിഷ്കളന്‍ നിര്‍ഗ്ഗുണന്‍ നിഷ്‌ക്രിയന്‍ നിര്‍മ്മമന്‍
നിഷ്കളങ്കന്‍ നിരാതങ്കന്‍ നിരുപമന്‍
നിഷ്കാരണന്‍ നിഗമാന്തവേദ്യാത്മകന്‍
നിഷ്കിഞ്ചനപ്രിയന്‍ നിത്യന്‍ നിരാമയന്‍
നിര്‍മ്മലന്‍ നിര്‍വ്വികല്പന്‍ നിരുപാശ്രയന്‍
സന്മയന്‍ സര്‍വസാക്ഷീശന്‍ സനാതനന്‍.ˮ
(ചതുര്‍ത്ഥസ്കന്ധം)
2 ʻʻഭക്ത്യാ ഭജിപ്പതത്യുത്തമമെന്നു തല്‍-
പുത്രന്‍ പറഞ്ഞതു കേട്ടസുരേശ്വരന്‍
പെട്ടെന്നു വാളുമെടുത്തെഴുന്നേറ്റുല-
കൊട്ടൊഴിയാതേ നിറഞ്ഞവന്‍ തൂണതില്‍
നില്പവന്‍ വന്നു രക്ഷിക്കണമിത്തരം
ദുര്‍ഭാഷണംചെയ്തു നില്ക്കുന്ന നിന്നെ ഞാന്‍
വെട്ടിക്കളവനെന്നോടിയടുത്തു തന്‍
മുഷ്ടികൊണ്ടൊന്നു കുത്തീടിനാന്‍ തൂണിന്മേല്‍.
വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും
പൊട്ടി ഞരിഞ്ഞമര്‍ന്നൂ തല്‍പ്രദേശവും.
വെട്ടമിടിക്കുരല്‍ ഞെട്ടുമാറാശകള്‍
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ
കഷ്ടം! നടുങ്ങുമാറട്ടഹാസത്തൊടും
വട്ടത്തൂണ്‍മധ്യം പിളര്‍ന്നു നൃസിംഹമായ്
പുഷ്ട്യാതിഭീഷണാത്യുഗ്രഭയങ്കരം
മധ്യാഹ്നമാര്‍ത്താണ്ഡനുല്‍പതിക്കുംവണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-
ടോടിയടുത്തുചെന്നീടുമസുരനെ
കൂടെത്തുടര്‍ന്നു ചെറുത്തു തടുത്തള-
വാടലൊഴിഞ്ഞു തന്‍വാളും പരിചയും
കൈക്കൊണ്ടു ദാനവനും ചെറുത്തീടിനാന്‍.ˮ
(സപ്തമസ്കന്ധം)
3 ʻʻദുഗ്ദ്ധാബ്ധിചൂഴുന്നതിന്‍മധ്യേ മംഗലനായൊ-
രദ്രീന്ദ്രന്‍ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്
വര്‍ത്തിപ്പോന്നുയര്‍ന്നതിമുഖ്യനായനാരതം
രത്നകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധര്‍വോരഗനിഷേവിതം
ലക്ഷണപ്രഭം നിഖിലാനന്ദദിവ്യസ്ഥലം
ക്ഷീരവാരിധൗനിന്നു പൊങ്ങീടും തിരകളാല്‍
മാരുതാനന്ദം ചേര്‍ന്നു കുളുര്‍ത്ത സാനുസ്ഥലം
… … …
സര്‍വര്‍ത്തുഗുണഗണപൂര്‍ണ്ണമായനുദിനം
സര്‍വമോഹനതരമാകിയ ദിവ്യസ്ഥലം
നന്ദനസമാനമാനന്ദദാനാഢ്യം ഹരി-
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനേശമാ-
ധ്യന്ദിനകരഹരമംബുവാഹാഭം പരം
മന്ദമാരുതശീതസുഗന്ധപരിപൂര്‍ണ്ണം
ഭൃംഗാദിവിഹംഗനാനാവിധകളരവ-
മംഗലപ്രദം ഭുജംഗാദിഭിര്‍ന്നിഷേവിതം
തുംഗമാതംഗസിംഹകരംഗസാരംഗാദി
രംഗമായഭംഗുരഭംഗിഭംഗിതമായി.ˮ
(അഷ്ടമസ്കന്ധം)
4 മൂലം ʻʻതതോ വത്സാനദൃഷ്ട്വൈത്യ പുളിനേപി ച വത്സപാന്‍
ഉഭാവപി വനേ കൃഷ്ണോ വിചികായ സമന്തതഃ
ക്വാപ്യദൃഷ്ട്വാऽന്തര്‍വിപിനേ വത്സാന്‍ പാലാംശ്ച വിശ്വവില്‍
സര്‍വം വിധികൃതം കൃഷ്ണഃ സഹസാവജഗാമ ഹ.ˮ
തര്‍ജ്ജമ ʻʻഭുക്തിവേലയില്‍ത്തങ്ങല്‍ക്കൊക്കവേ കൂടെക്കൂടെ-
പ്പൈക്കുലങ്ങളെക്കാണ്മാനാകുന്നവണ്ണം തന്നെ
നിര്‍ത്തിവെച്ചുണ്ണുന്നേരം കണ്ടുകണ്ടിരുന്നതു
തത്ര തല്‍ക്ഷണേ കണ്ടീലെന്തതെന്നറിയാഞ്ഞു
ചിത്തവിഭ്രമം കലര്‍ന്നെത്രയും ബദ്ധപ്പെട്ടു
വിദ്രുതമൊട്ടൊട്ടുണ്ടു സത്വരം നോക്കീടുവാന്‍
തത്സഖകുലം പായുന്നേരമങ്ങതു കണ്ടു
ഭക്തവത്സലന്‍ ചിരിച്ചവരോടരുള്‍ചെയ്തു:
ʻനിങ്ങളെന്തേവം ഭ്രമിച്ചീടുവാനെല്ലാവരു-
മിങ്ങനെ തൂര്‍ണ്ണം പുല്ലുള്ളേടം കണ്ടങ്ങെങ്ങാനും
ചെന്നകപ്പെട്ടാര്‍ പശുവൃന്ദങ്ങളൂണിന്നു നാ-
മന്നമുള്ളേടം തിരഞ്ഞിങ്ങു വന്നതുപോലെ.
ചെന്നതു തിരഞ്ഞുകൊണ്ടിങ്ങു ഞാന്‍ വന്നീടുവ-
നിന്നിലം തന്നില്‍ നിങ്ങളേതുമൊന്നലസാതെ
മുന്നേതിലേറ്റം സുഖമായുടനുണ്ടീടുവിന്‍.ʼ
… … …
ഇച്ഛയാംവണ്ണം കൂട്ടിക്കൊണ്ടുടനടവിയില്‍-
പ്പുക്കു നോക്കീടുംപൊഴുതെങ്ങുമേ കണ്ടീലല്ലോ
പൈക്കുലങ്ങളെയടുത്തൊച്ചയും കേട്ടീലെങ്ങും
കഷ്ടമിങ്ങണയത്തുനിന്നു മേഞ്ഞിരുന്ന പൈ-
ക്കുട്ടികളകന്നുപോയ്പോവതിനെന്തെന്തൊരു
കാരണമൊന്നുള്ളതെന്നോര്‍ത്തുടന്‍ വൃന്ദാവനേ
കാരണപൂരുഷനന്വേഷിച്ചു; പരിചെഴും
ഗോവര്‍ദ്ധനാഖ്യാചലത്തിന്‍മുകള്‍പ്പരപ്പേറി-
ഗ്ഗോവൃന്ദം മേഞ്ഞുകഴിഞ്ഞിറങ്ങിപ്പോയീലല്ലീ
ഘോരമാം കൊടുങ്കാട്ടിലെന്നതോര്‍ത്തവിടെയും
പാരാതെ നടന്നന്വേഷിച്ചുടന്‍ കാണാഞ്ഞിങ്ങു
ബാലന്മാരുണ്മാനിരുന്നേടത്തും കണ്ടീലല്ലീ
കാലികള്‍തമ്മെപ്പുനരെന്നോര്‍ത്തു വിരവോടേ
സാദരമവിടെപ്പോയ്ച്ചെന്നു നോക്കീടും നേര-
മോദനാദികളേയും കണ്ടതില്ലെങ്ങും തത്ര.
കാനനംതോറും പശുവൃന്ദങ്ങളന്വേഷിപ്പാ-
നാനായബാലന്മാര്‍ പോയാരെന്നു നിനച്ചുടന്‍
താനവരുടെ നാമധേയങ്ങള്‍ നീളെച്ചൊല്ലി-
സ്സാനന്ദം വിളിച്ചുകൊണ്ടീടിനാന്‍ പലേടത്തും.
വേദങ്ങളോതിത്തിരഞ്ഞാദരാല്‍ക്കാണാതോരു
പാദപങ്കജങ്ങളിക്കല്ലിലും മലയിലും
പാരിച്ച പടലിലും മുള്ളിലും നടന്നിടര്‍
പൂരിച്ചു വശംകെട്ടു മാഴ്‌കിപ്പോകയില്ലല്ലീ?
ബാലഗോജാലങ്ങളെ വേര്‍പെട്ടുപോന്നേനെന്ന-
ങ്ങാലയേ ചൊന്നാലമ്മ കോല്‍കൊണ്ടു തല്ലീലല്ലീ?
പാല്‍വെണ്ണ നിത്യം നുകര്‍ന്നാനന്ദിച്ചിടുമുണ്ണി-
ക്കാര്‍വര്‍ണ്ണനിവയില്ലാഞ്ഞാതങ്കം വായ്ക്കയാലേ
കായവും തപിച്ചുരുവ്യാധികള്‍ പിടിപെട്ടു
പേയായിച്ചമഞ്ഞുപോകല്ലല്ലീ? വിശേഷിച്ചു
കോമളന്‍ തനിക്കുയിരാകിയ ചങ്ങാതികള്‍
യാമിനികുളിലുറങ്ങുമ്പോഴും പിരിയാതെ
കൂടിനില്പവരോടു വേര്‍പിരിഞ്ഞഴല്പെട്ടു
ചൂടുള്ളില്‍ മുഴുത്തുയിര്‍ വേര്‍പെട്ടുപോകില്ലല്ലീ?
ധാതാവേ! ചെറിയോരു ബാലനോടിതു ഭവാന്‍
നീതിയല്ലല്ലോ ചെയ്‌വതെന്നെല്ലാമമരകള്‍
മാനസങ്ങളും ഭ്രമിച്ചാവോളമപേക്ഷിച്ചു
യാനങ്ങള്‍തോറും പരിദീനരായ് നില്ക്കക്കണ്ടു.ˮ
<poem>
(ദശമസ്കന്ധം)
എന്തൊരു ഹൃദയമോഹനമായ വത്സസ്തേയകഥാവര്‍ണ്ണനമാണിതു്? ഈ ഭാഗം മൂലകാരനാലോ കവിക്കു പലപ്പോഴും ഉപജീവ്യനായിക്കാണുന്ന കൃഷ്ണഗാഥാകാരനാലോ അനുപ്രാണിതമല്ല. കണ്ണശ്ശഭാഗവതത്തിലും ഇതില്‍ സ്വല്പമൊരംശത്തിന്റെ നേരിയ ഛായ മാത്രമേ കാണ്മാനുള്ളു. ഇവിടെ എഴുത്തച്ഛന്റെ മനോധര്‍മ്മമല്ല പ്രതിഫലിച്ചിരിക്കുന്നതു് എന്നു് ആര്‍ക്കു വാദിക്കാം? ഭാരതത്തിലുള്ള ഏതു ഭാഗത്തോടും കിടനില്ക്കുവാന്‍ ഇതിനു സമഗ്രമായ യോഗ്യതയുണ്ടു്.
ഇനി ദ്വാദശസ്കന്ധത്തില്‍നിന്നു ചില വരികള്‍കൂടി അനുവാചകന്മാരുടെ ശ്രദ്ധയ്ക്കു വിഷയീഭവിപ്പിക്കേണ്ടിയിരിക്കുന്നു.
<poem>
ʻʻബാഹുക്കള്‍ ദിക്‍പാലന്മാര്‍, മാനസം ചന്ദ്രന്‍, ചില്ലി-
യാകുന്നു യമന്‍താനും, ചന്ദ്രിക മന്ദസ്മിതം,
സ്മയമാകുന്നു ഭ്രമം രോമാണി ഭൂരുഹങ്ങള്‍
മേഘമാം മൂര്‍ദ്ധജങ്ങള്‍ തന്മായാ വനമാലാ
സകലഗുണശോഭയാത്മജ്യോതിസ്സുതന്നെ
സകലാത്മകന്‍തന്റെ കൗസ്തുഭമാകുന്നതും.
ആത്മവ്യാപിനിപ്രഭയാകുന്നൂ ശ്രീവത്സവും
ഛന്ദസ്സു പീതാംബരം ബ്രഹ്മസൂത്രമാം ത്രിവില്‍
സ്വരമാകുന്നു ചൂര്‍ണ്ണം സാംഖ്യയോഗങ്ങള്‍തന്നെ
പരിചേറുന്ന മീനകുണ്ഡലമെന്നും ചൊല്‌വൂ.ˮ
മൂലത്തിലെ ʻലജ്ജോത്തരോധരോ ലോഭോʼ എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നതിനുപുറമേ ʻʻരോമാണി ഭൂരുഹാഃˮ എന്നും-ʻബ്രഹ്മസൂത്രം ത്രിവില്‍ സ്വരംʼ എന്നുമുള്ള വാചകങ്ങള്‍ അതേമാതിരിയില്‍ത്തന്നെ പകര്‍ത്തിയുമിരിക്കുന്ന ദ്വാദശസ്കന്ധകാരന്‍ വത്സസ്തേയകാരനല്ല എന്നു് ഏതു സഹൃദയനും നിശ്ശങ്കം പ്രഖ്യാപനം ചെയ്യാവുന്നതാണു്. ചൂര്‍ണ്ണമെന്നാല്‍ എന്തെന്നു് അനുവാദകനേ അറിഞ്ഞുകൂടു. പ്രകൃതത്തിലെ മഹാപുരുഷവര്‍ണ്ണനം തുടര്‍ന്നു മൂലവുമായി തട്ടിച്ചുനോക്കുന്നവര്‍ക്കു് ഇനിയും പല അസ്വാരസ്യങ്ങളും സ്പഷ്ടീഭവിച്ചുകൊള്ളും.
സിദ്ധാന്തപക്ഷം
എന്റെ ഗാഢമായ പര്യാലോചനയുടെ ഫലമായി താഴെക്കാണുന്ന അനുമാനത്തിലാണു് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതു്. എഴുത്തച്ഛന്റെ യൗവനകാലത്തിലെ കൃതിയാണു് ഭാഗവതമെന്നും അതിനുശേഷമാണു് അദ്ദേഹം രാമായണവും ഭാരതവും നിര്‍മ്മിച്ചതെന്നും പറയുന്നതു് ഉപപന്നമല്ല. ദ്വാദശസ്കന്ധത്തിലും മറ്റും നിന്നു വെളിപ്പെടുന്നിടത്തോളമേ അദ്ദേഹത്തിനു് അക്കാലത്തുപോലും കവിതാവാസന ഉണ്ടായിരുന്നുള്ളു എന്നു് അനുമാനിക്കുവാന്‍ പ്രയാസമുണ്ടു്. അധ്യാത്മരാമായണത്തേയും ഭാരതത്തേയുംകാള്‍ ഭാഷാന്തരീകരണത്തിനു ക്ലേശാധിക്യമുള്ള ഭാഗവതമാണു് അദ്ദേഹത്തിനു് ആദ്യമായി തര്‍ജ്ജമചെയ്‌വാന്‍ തോന്നിയതെന്നും ഞാന്‍ വിചാരിക്കുന്നില്ല. പ്രത്യുത ഭാഗവതത്തിന്റെ ഭാഷാനുവാദത്തിനു് അദ്ദേഹം ആരംഭിച്ചതു വാര്‍ദ്ധക്യത്തിലായിരിക്കണം. ശരീരസാദംനിമിത്തം അതില്‍ പല ഭാഗങ്ങളും പറഞ്ഞുകൊടുത്തു മകളെക്കൊണ്ടോ മറ്റോ എഴുതിച്ചിരിക്കണം. ഇടയ്ക്കിടയ്ക്കു ശിഷ്യന്മാരില്‍ ചിലരും ആ കാവ്യനിര്‍മ്മിതിയില്‍ അദ്ദേഹത്തെ യഥാശക്തി സഹായിച്ചിരിക്കണം. ആ ഭാഗങ്ങള്‍ നിപുണമായി പരിശോധിച്ചു തെറ്റു തിരുത്തുവാനോ രചനയ്ക്കു സാര്‍വത്രികമായ സൗഷ്ഠവം വരുത്തുവാനോ അദ്ദേഹത്തിനു സാധിക്കാതെയും വന്നിരിക്കണം. ʻസത്യജ്ഞാനാനന്താനന്ദാദ്വയാമൃതപൂര്‍ണ്ണം സച്ചില്‍ബ്രഹ്മാഖ്യം പരമാത്മാനമുപാസിച്ചേന്‍ʼ എന്നു ബ്രഹ്മാണ്ഡപുരാണത്തില്‍ എന്നപോലെ ഈഷദ്വ്യത്യാസത്തോടുകൂടി ഉപക്രമത്തിലും
ʻʻമര്‍മ്മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍
നിര്‍മ്മലനായോരു നന്ദതനയനെ;
കല്മഷന്മാര്‍ക്കതു തോന്നുമല്ലോ; തെളി-
ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കെങ്ങുംˮ
എന്നു ഭാരതത്തിലെന്നപോലെ കാളിയമര്‍ദ്ദനഘട്ടത്തിലും തന്റെ വേദാന്താവഗാഹത്തേയും ഭക്തിപാരവശ്യത്തേയും യഥാക്രമം പ്രകടീകരിക്കുന്ന കവി ഒരാള്‍തന്നെയാണെന്നും അതു സാക്ഷാല്‍ തുഞ്ചനല്ലാതെ മറ്റാരുമല്ലെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെന്നപോലെ കാകളീവൃത്തം കൊണ്ടാണു് ഒരു ഭാഗം ആരംഭിക്കേണ്ടതെങ്കില്‍ അതിന്റെ പ്രാരംഭത്തില്‍ ഏതാനും വരികള്‍ ഊനകാകളിയില്‍ ഘടിപ്പിക്കുന്നതു് എഴുത്തച്ഛന്റെ ശൈലിയാകുന്നു. ആ ശൈലി ഷഷ്ഠസ്കന്ധത്തിന്റെ ഉപക്രമത്തിലും കാണാവുന്നതാണു്. ʻʻനാരായണ ജയ നാരായണ ജയ വരദ ഹരേ, നാരായണ പരിപാലയ മാം ബഹുഘോരമഹാപാതകനിവഹാല്‍ˮ തുടങ്ങിയ ഈരടികള്‍ നോക്കുക. എന്റെ ഊഹം ശരിയാണെങ്കില്‍ ʻʻരാമദാസനാമെഴുത്തച്ഛന്‍ നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം ഭാഷയിലൊരു ഗീതമായുരചെയ്താന്‍ മുന്നംˮ എന്നു പുന്നശ്ശേരി ശ്രീധരന്‍നമ്പി ഉപന്യസിച്ചിട്ടുള്ളതു് അത്രത്തോളം പരമാര്‍ത്ഥമാണെന്നും ദശമസ്കന്ധത്തെപ്പറ്റി അദ്ദേഹം ഒന്നും പറയാത്തതു് അതു് അദ്ദേഹം മുഴുപ്പിക്കാത്തതുകൊണ്ടാണെന്നും വന്നുകൂടുന്നു. കാളിയമര്‍ദ്ദനത്തിനുമേല്‍ ഋതുവര്‍ണ്ണനം മുതല്ക്കുള്ള ഭാഗങ്ങളില്‍ എഴുത്തച്ഛന്റെ കൈപ്പെരുമാറ്റം കാണുന്നില്ല. ഋതുവര്‍ണ്ണനം ആരംഭിക്കുന്നതുതന്നെ ʻഗ്രീഷ്മകാലവും വന്നു വര്‍ദ്ധിച്ചിതങ്ങൂഷ്മങ്ങള്‍ കൊണ്ടു പൊറാഞ്ഞിതു മേദിനിʼ എന്ന ഒരു അപശബ്ദഭൂഷിതമായ ഈരടിയോടുകൂടിയാണു്.
ഗ്രന്ഥം അത്രത്തോളം പുരോഗമനം ചെയ്തപ്പോള്‍ എഴുത്തച്ഛന്‍ പരഗതിയെ പ്രാപിച്ചിരിക്കണമെന്നു തോന്നുന്നു. കണ്ണശ്ശരാമായണത്തിനും കണ്ണശ്ശഭാഗവതത്തിനും തമ്മിലുള്ളതില്‍ അധികം വ്യത്യാസം ഭാരതത്തിനും കാളിയമര്‍ദ്ദനംവരെയുള്ള ഭാഗവതത്തിനും ഉണ്ടെന്നു പറയാനില്ല. പക്ഷേ ആദ്യത്തെ രണ്ടു കൃതികളും രാമപ്പണിക്കര്‍ തന്റേതാണെന്നു പ്രഖ്യാപനം ചെയ്തിരിക്കുന്നതുകൊണ്ടു നമുക്കു് അവയുടെ കര്‍ത്തൃത്വത്തെപ്പറ്റി സന്ദേഹമില്ല. പ്രത്യുത ഭാഗവതത്തിന്റെ കര്‍ത്തൃത്വം അനുമാനത്തെ മാത്രം ആസ്പദമാക്കി നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. എന്റെ അനുമാനം അബദ്ധമല്ലെങ്കില്‍ ഗുരുമഠത്തില്‍ ഭാഗവതത്തിനു വന്നുചേര്‍ന്ന അഭ്യര്‍ഹിതത്വം അസമാധേയമല്ല. എഴുത്തച്ഛന്റെ ശിഷ്യന്മാരില്‍ അല്പമായ വാസനയും വ്യുല്‍പത്തിയുമുള്ള ആരെങ്കിലും കാളിയമര്‍ദ്ദനത്തിനു പിന്നീടുള്ള ഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്തു് അതിനോട് കൂട്ടിച്ചേര്‍ത്തിരിക്കണം. രണ്ടു പേരുടേയും വര്‍ണ്ണമെന്തെന്നു് അവര്‍തന്നെ സൂചിപ്പിച്ചിട്ടുണ്ടു്.
ʻʻചൊല്ലുവാനനേകമുണ്ടോരോരോ മുനീന്ദ്രന്മാര്‍
ചൊല്ലിയ വേദാന്തസാരാദികള്‍ ബഹുവിധം;
ചൊല്ലരുതവയൊന്നും നമുക്കു; പുരാണങ്ങള്‍
ചൊല്ലുകെന്നതും കേള്‍ക്കെന്നുള്ളതും ചെയ്യാമല്ലോˮ
എന്നു പ്രഥമസ്കന്ധത്തിലും
ʻʻകരുണാത്മാക്കളായ മഹത്താം ജനത്തിനും
കരുണാത്മകനായ മല്‍ഗുരുവരന്നായും
കരുണാവാരിരാശിയാകിയ ഭഗവാനും
ധരണീസുരന്മാര്‍ക്കും സര്‍വര്‍ക്കും വണങ്ങുന്നേന്‍ˮ
എന്നു ദ്വാദശസ്കന്ധത്തിലും പ്രസ്താവനയുണ്ടു്. ʻകരുണാത്മകനായ മല്‍ഗുരുവരന്‍ʼ തുഞ്ചത്തെഴുത്തച്ഛന്‍ തന്നെയായിരിക്കണം. കരുണാകരനെഴുത്തച്ഛനായിരുന്നെങ്കില്‍ ʻകരുണാകരാഖ്യനാം മല്‍ഗുരുവരന്‍ʼ എന്നു കവിക്കു് ആ വസ്തുത തെളിച്ചു പറയാമായിരുന്നു. ഭാഗവതം കിളിപ്പാട്ടിനു പല വൈകല്യങ്ങളുമുണ്ടെങ്കിലും അതിനും ഭാഷാസാഹിത്യത്തില്‍ അന്ത്യമല്ലാത്ത ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്. ആ പുരാണരത്നം ആ രീതിയില്‍ അന്യകവികളാരും മലയാളത്തില്‍ വിവര്‍ത്തനം ചെയ്കയുണ്ടായില്ലല്ലോ.
ഹരിനാമകീര്‍ത്തനം, കീര്‍ത്തനപ്രസ്ഥാനം
നാമസംകീര്‍ത്തനം അല്ലെങ്കില്‍ കീര്‍ത്തനം എന്നൊരു പദ്യസാഹിത്യപ്രസ്ഥാനം വളരെക്കാലം മുതല്‍ക്കു തന്നെ ഭാഷയില്‍ ആവിര്‍ഭവിച്ചിരുന്നിരിക്കാനിടയുണ്ടു്. കലിയുഗത്തില്‍ നാമസങ്കീര്‍ത്തനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അന്നും ഇന്നും ആസ്തികന്മാര്‍ക്കു് അചഞ്ചലമായ വിശ്വാസമുണ്ടെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. സംസ്കൃതവൃത്തങ്ങളില്‍ രചിതങ്ങളായ കീര്‍ത്തനങ്ങള്‍ അര്‍ത്ഥാവബോധത്തോടുകൂടി ഉച്ചരിക്കുവാന്‍ ശക്തിയില്ലാത്ത സ്ത്രീജനങ്ങള്‍ക്കും മറ്റും ഭാഷാകീര്‍ത്തനങ്ങളുടെ ആവശ്യം നേരിടുകയും ഓരോ കാലത്തു ജീവിച്ചിരുന്ന കവികള്‍ അവരുടെ ആ അഭീഷ്ടം സാധിക്കുന്നതിനു യാവച്ഛക്യം ഉദ്യമിക്കുകയും ചെയ്തു. അങ്ങനെയാണു് കീര്‍ത്തനപ്രസ്ഥാനം ഉണ്ടായതു്. ഭാഷാകീര്‍ത്തനങ്ങള്‍ ദ്രാവിഡവൃത്തങ്ങളില്‍ ഗ്രഥിതങ്ങളും ഏതെങ്കിലും ഈശ്വരനാമത്തോടുകൂടി അവസാനിക്കുന്നവയുമാണു്. അവയില്‍ പലതും അകാരാദിക്രമത്തില്‍ രചിച്ചിരിക്കുന്നതു് ഉച്ചാരകന്മാര്‍ക്കു വേഗത്തില്‍ ഓര്‍മ്മിക്കുന്നതിനുവേണ്ടിയാകുന്നു. നാലുവിധത്തിലുള്ള കീര്‍ത്തനങ്ങള്‍ ഭാഷയില്‍ കാണ്‍മാനുണ്ടു്. കേവലം ഭഗവന്നാമങ്ങള്‍ മാത്രമടങ്ങിയ സ്തോത്രങ്ങള്‍, ഏതെങ്കിലും ഒരു ഭഗവല്‍കഥയെ സംഗ്രഹിച്ചു് ഒന്നോ അതിലധികമോ വൃത്തങ്ങളില്‍ നിര്‍മ്മിതങ്ങളായ സ്തോത്രങ്ങല്‍, ഭക്തിസംവര്‍ദ്ധകങ്ങളായ സ്തോത്രങ്ങള്‍, വേദാന്ത തത്വപ്രതിപാദകങ്ങളായ സ്തോത്രങ്ങള്‍ ഇങ്ങിനെയാണു് അവയെ വിഭജിക്കാവുന്നതു്. പല ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ മൂര്‍ത്തികളെപ്പറ്റി പ്രത്യേകമായി രചിച്ചിട്ടുള്ള സ്തോത്രങ്ങല്‍ ഭക്തിസംവര്‍ദ്ധകഗണത്തില്‍ ഉള്‍പ്പെടുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭഗവന്നാമങ്ങള്‍ മാത്രമടങ്ങിയ സ്തോത്രങ്ങള്‍ പ്രായേണ സംസ്കൃതമയങ്ങളായിരിക്കും.
ʻʻഹരിനാരായണ ഗോവിന്ദാ ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയ നാരായണ ഹരിഗോവിന്ദാ ഗോവിന്ദാ
ഭക്തജനപ്രിയ ഗോവിന്ദാ പങ്കജലോചന ഗോവിന്ദാ
ഭക്തജനപ്രിയ പങ്കജലോചന പരമാനന്ദാ ഗോവിന്ദാ (ഹരി)
മത്സ്യകളേബര ഗോവിന്ദാ വത്സകപാലക ഗോവിന്ദാ
മത്സ്യകളേബര വത്സകപാലക ശ്രീവത്സാങ്കിത ഗോവിന്ദാˮ
എന്നും
ʻʻഹര ഹര ശംഭോ ഗൗരീശാ ശിവ ശിവ ശംഭോ ഗൗരീശാ
ഹര ഹര ശംഭോ ശിവ ശിവ ശംഭോ ജയ ജയ ശംഭോ ഗൗരീശാ
തുംഗജടാധര ഗൗരീശാ പുംഗവവാഹന ഗൗരീശാ
തുംഗജടാധര പുംഗവവാഹന ഗംഗാധര ഹര ഗൗരീശാ
ദക്ഷമദാപഹ ഗൗരീശാ ശിക്ഷിതമന്മഥ ഗൗരീശാ
ദക്ഷമദാപഹ ശിക്ഷിതമന്മഥ ഭിക്ഷാടനപര ഗൗരീശാ.
(ഹര)ˮ
എന്നും ആരംഭിക്കുന്ന കീര്‍ത്തനങ്ങള്‍ നോക്കുക. ഭക്തിസംവര്‍ദ്ധകങ്ങളായ ഭാഷാകീര്‍ത്തനങ്ങള്‍ക്കു് ഒരു ഉദാഹരണം ചേര്‍ക്കാം:
ʻʻഗൗരീപതേ ജയ, ഗൗരീപതേ ജയ
ഗൗരീപതേ ജയ, ഗൗരീപതേ,
നാലു ദിഗന്തം പുകഴ്‌ന്നരുളും തിരു-
വാലൂര്‍മഹേശ വണങ്ങിടുന്നേന്‍. (ഗൗരീ)
അമ്പിളിതുമ്പയുമാകാശഗംഗയു-
മമ്പോടണിഞ്ഞ പുരിചിടയും (ഗൗരീ)
കാലാന്തവഹ്നിയെസ്സംഹരിച്ചീടുന്ന
ഫാലാന്തരാളവിലോചനവും (ഗൗരീ)
ഇത്യാദി. രണ്ടാമത്തെത്തരത്തിലുള്ള ഒരു കീര്‍ത്തനമാണു് രാമായണസംഗ്രഹം. അതിന്റെ രീതി താഴെ ഉദ്ധരിക്കുന്ന ശീലുകളില്‍നിന്നു കാണാവുന്നതാണു്.
ʻʻരാമ ഹരേ ജയ, രാമ ഹരേ ജയ
രാമ ഹരേ ജയ, രാമ ഹരേ,
ശ്രീരാമ ഗോവിന്ദ നാരായണാനന്ത
സീതാപതേ ജയ രാമ ഹരേ (രാമ)
സൂര്യകുലത്തില്‍ദ്ദശരഥന്‍തന്നുടെ
സൂനുവതായൊരു രാമ ഹരേ,
ലക്ഷ്മണപൂര്‍വജ ലക്ഷ്മീനികേതന
പക്ഷീന്ദ്രവാഹന രാമ ഹരേ. (രാമ)
താടകയെക്കൊലചെയ്തു മഹാമുനി-
താപം കളഞ്ഞൊരു രാമ ഹരേ, (രാമ)ˮ ഇത്യാദി
ʻʻപാരില്‍ വസിപ്പാന്‍ സുഖമരുളീടണം
പാരാതെ പിന്നെപ്പരഗതിയും. (രാമ)
കാമിച്ചതെല്ലാം ലഭിപ്പാന്‍ വിശേഷിച്ചു
കാമവിനാശന രാമ ഹരേ. (രാമ)
നാരായണാനന്ത വിഷ്ണോ മഹേശ്വര
നാഥ ജനാര്‍ദ്ദന രാമ ഹരേ (രാമ)
ഇക്കഥ ചൊല്ലി സ്തുതിക്കും ജനങ്ങള്‍ക്കു
ഭുക്തിയും മുക്തിയുമാശു ഫലം. (രാമ)ˮ
എന്നിങ്ങനെയാണു് ആ കീര്‍ത്തനത്തിന്റെ അവസാനം. കഥ വിസ്തരിക്കേണ്ടിവരുമ്പോള്‍ കവികള്‍ ഇടയ്ക്കിടയ്ക്കു വൃത്തങ്ങള്‍ മാറ്റുന്നു. അതാണു് രാമായണം ഇരുപത്തിനാലു വൃത്തത്തിലേയും മറ്റും രചനാരീതി. അതിനു ഞാന്‍ ചില പഴയ താളിയോലഗ്രന്ഥങ്ങളില്‍ ഇരുപത്തിനാലു കീര്‍ത്തനം എന്നു തന്നെ പേര്‍ നല്‍കിക്കണ്ടിട്ടുണ്ടു്. ഇത്തരത്തിലുള്ളവയ്ക്കു സങ്കീര്‍ത്തനങ്ങള്‍ എന്നും ഹ്രസ്വങ്ങളായ ഇതര സ്തോത്രങ്ങള്‍ക്കു കീര്‍ത്തനങ്ങള്‍ എന്നും നാമകരണംചെയ്യുന്നതു സൗകര്യപ്രദമായിരിക്കും. ചതുര്‍ത്ഥവിഭാഗത്തില്‍പ്പെട്ട കൃതികള്‍ അധികമില്ല. അവയില്‍ ഒന്നാണു് ഹരിനാമകീര്‍ത്തനം.
ഹരിനാമകീര്‍ത്തനവൃത്തത്തില്‍ അതിനുമുന്‍പും അത്തരത്തിലുള്ള കൃതികള്‍ ഉണ്ടായിരുന്നു. അവയില്‍ ഒരു കൃതിയില്‍ ഒരു ശീലുദ്ധരിക്കാം:
ʻʻഐന്താര്‍ചരാമയരസം തോഞ്ഞ നാരികള്‍ നി-
റന്റുള്ള വീണകുഴള്‍നേര്‍താളഗാനമൊടു
വൃന്ദാവനേ ജനമനോമോഹനം കളികള്‍
കാണിന്‍റതെന്നിനിയ ഗോവിന്ദ രാമ ജയ.ˮ
കര്‍ത്തൃത്വം
ഹരിനാമകീര്‍ത്തനം എട്ടാം ശതകത്തിലെ ഒരു കൃതിയാണെന്നുള്ളതിനു സംശയമില്ല. ʻഒരിക്കല്‍ʼ ʻമറുകിച്ചാʼ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും അതില്‍ കാണ്‍മാനുണ്ടു്. ʻഹരിനാരായണനായ നമഃʼ എന്നോ ʻനാരായണായനമഃʼ എന്നോ അതിലെ പാട്ടുകള്‍ അവസാനിക്കുന്നതുകൊണ്ടാണു് ഹരിനാമകീര്‍ത്തനം എന്നു് അതിനു പേര്‍ വന്നതു്. ശ്രീനീലകണ്ഠനാമാവായ ഒരു ഗുരുവിനെ കവി പ്രസ്തുത കീര്‍ത്തനത്തില്‍ സ്മരിക്കുന്നുണ്ടെന്നുള്ളതു മുന്‍പു പ്രസ്താവിച്ചുവല്ലോ.
അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അന്‍പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലന്‍പോടു ചേര്‍ക്ക ഹരി നാരായണായ നമഃ.ˮ
എന്ന പതിന്നാലാമത്തെ ശീലിലാണു് ആ പേര്‍ കാണുന്നതു്. അതുമുതല്ക്കു് അകാരാദി ക്രമത്തില്‍ സ്തോത്രം പുരോഗമനം ചെയ്യുന്നു. ഉപോത്തമമായ ശീലില്‍ ʻʻകരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍കˮ എന്നും പ്രാര്‍ത്ഥിച്ചുകാണുന്നു. ഈ നീലകണ്ഠന്‍ ആരാണെന്നു വെളിപ്പെടുന്നില്ല. പൂന്താനം തന്റെ ഗുരുനാഥനായ ഒരു നീലകണ്ഠനെ സ്വകൃതികളില്‍ വന്ദിക്കുന്നുണ്ടെന്നു നാം മുന്‍പു കണ്ടുവല്ലോ. തന്നിമിത്തം ഹരിനാമകീര്‍ത്തനവും പൂന്താനത്തിന്റെ കൃതിയായിരിക്കാമെന്നു പ്രഥമദൃഷ്ടിയില്‍ തോന്നുന്നുവെങ്കിലും പുനഃപര്യാലോചനയില്‍ അതു ശരിയല്ലെന്നു കാണുവാന്‍ പ്രയാസമില്ല. അതില്‍ത്തന്നെ മറ്റൊരു ശീലില്‍ ʻʻഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരുവരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരുംˮ എന്നൊരു പ്രസ്താവനയുണ്ടു്. ബ്രാഹ്മണര്‍ അരുള്‍ (കരുണ) ചെയ്യണമെന്നു പൂന്താനം പ്രാര്‍ത്ഥിച്ചിരിക്കുവാന്‍ ന്യായമില്ലല്ലോ. എന്നു മാത്രമല്ല പൂന്താനം കൃതികളുടെ ലാളിത്യം ഹരിനാമകീര്‍ത്തനത്തില്‍ കാണുന്നുമില്ല. എന്നാല്‍ എഴുത്തച്ഛന്റെ കൃതിയാണെന്നു സമ്മതിക്കുന്നതിന്നും എനിക്കു് അധൈര്യം തോന്നുന്നുണ്ടു്. അവിടവിടെ ആശയ ഭംഗിയുള്ള ചില ശീലുകളില്ലെന്നു ഞാന്‍ പറയുന്നില്ലെങ്കിലും, രചനാഗുണം ആദ്യന്തം വിരളമായ ഒരു കൃതിയാണു് ഹരിനാമകീര്‍ത്തനം എന്നു പ്രസ്താവിക്കാതെ നിര്‍വ്വാഹമില്ല. താഴെക്കാണുന്ന ശീലുകള്‍ എന്നെ ആകര്‍ഷിച്ചിട്ടുമുണ്ടു്.
ʻʻആനന്ദചിന്മയ ഹരേ ഗോപികാരമണ,
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ.
വദനം നമുക്കു ശശിവദനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു, ശിവ, നേത്രങ്ങള്‍ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ.ˮ
ʻപക്ഷീഗണം ഗരുഡനെക്കണ്ടുʼ ʻഇന്ദ്രാത്മജനെ ഹരിʼ ഇത്യാദിഭാഗങ്ങളില്‍ കവിക്കു പദഘടനയിലുള്ള അപാടവം പ്രകടമായി സ്ഫുരിക്കുന്നു.
ʻʻഘര്‍മ്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ.ˮ
എന്നിത്തരത്തിലുള്ള അലങ്കാരപ്രയോഗങ്ങള്‍ എഴുത്തച്ഛന്റേതല്ലെന്നു കല്പിക്കുവാന്‍ വൈഷമ്യമുണ്ടു്. കേരളത്തില്‍ എവിടെയും പ്രചുരപ്രചാരമായ ഒരു ഗ്രന്ഥമാണു് ഹരിനാമകീര്‍ത്തനം. അതിന്റെ പ്രണേതൃത്വം അവിജ്ഞാതമാണെന്നു കരുതുന്നതാണു് ആശാസ്യമായിട്ടുള്ളതു്.
ഈ കീര്‍ത്തനത്തിന്റെ ഛായയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണനെപ്പറ്റി മറ്റൊരു കീര്‍ത്തനം ഏതോ ഒരു കവി രചിച്ചുകാണുന്നു. ആ കൃതിയില്‍നിന്നു രണ്ടു ശീലുകള്‍ പകര്‍ത്താം.
ʻʻശ്രീവാസുദേവ! യദുവംശാവതംസ! സുര-
വിദ്വേഷിഗര്‍വഹര! നന്ദാത്മജാത! ജയ!
ദേവേശ! ശര്‍വനുത! വാനോര്‍നദീനിലയ!
കല്യാണരംഗനട! കാരുണ്യഗാത്ര ജയ!
വന്‍പേറുമിജ്ജനനദേഹാത്യയാംബുനിധി-
സന്താപവന്‍തിരകള്‍ വേര്‍മായുവാനരികില്‍
നിന്‍പാദപത്മയുഗമെപ്പോഴുമെന്മനസി
കാണായ്‌വരേണമരവിന്ദാക്ഷ! കൃഷ്ണ! ജയ!ˮ
വലിയ പഴക്കമൊന്നും പ്രസ്തുത കീര്‍ത്തനത്തിനു കല്പിക്കാവുന്നതല്ല.
ചിന്താരത്നം, ഗ്രന്ഥസ്വരൂപം
ചിന്താരത്നം ആദ്യന്തം കേകാവൃത്തത്തില്‍ വിരചിതമായ ഒരു ഭാഷാകൃതിയാകുന്നു. അതു കിളിപ്പാട്ടല്ല. ഒരു ഗുരു തന്റെ ശിഷ്യയായ ഒരു സ്ത്രീക്കു നല്‍കുന്ന അദ്വൈതജ്ഞാനോപദേശമാണു് അതിലെ പ്രതിപാദ്യം
ʻʻപരമാനന്ദപദം കാണ്‍മതിന്നാശയോടു-
മരികേ വന്നു വിനയാനതവക്‌ത്രത്തോടും
മരുവും സുമംഗലേ! നിന്നുടെ മനോരഥ-
മറിഞ്ഞീടിനേനഹമെന്നതുമല്ല മേന്മേല്‍
വളര്‍ന്നീടുന്ന ഭക്തിവിശ്വാസം കണ്ടുമുള്ളില്‍
ത്തെളിഞ്ഞു നന്നായെനിക്കേറ്റവും ധന്യശീലേ!ˮ
എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.
ʻʻസദ്‌വൃത്തിയുണ്ടാകണം സാധുക്കളോടു സംഗ-
മെത്തണമപ്പോളുള്ളിലജ്ഞാനം നീങ്ങുമെന്നു
വേദാന്തസാരജ്ഞന്മാര്‍ ചൊല്ലീടുന്നതുകൊണ്ടു
വേദാന്തവാക്യം സ്മൃതിഗീതയെന്നിവയോരോ
കഥകളതിലുള്ള സാരോപദേശങ്ങളെ-
പ്പുതുതായ്പരിഭാഷയായിഹ ലോകംതന്നില്‍
മൃദുമാനസന്മാരായ്‌മരുവും ജനങ്ങള്‍ക്കും
മൃദുഭാഷിണിയായ നിനക്കും വഴിപോലെ
പരമാര്‍ത്ഥജ്ഞാനമുണ്ടാവതിനെളുപ്പമാം
ചരിതാമൃതം ചിന്താരത്നമാനന്ദോദയംˮ
എന്നു് ആ ഘട്ടത്തിലും
മങ്ഗലശീലേ ബാലേ നിനക്കു ബോധിപ്പാനാ-
യിങ്ങനെ ചൊന്നേന്‍ പരിഭാഷയായാത്മതത്വം.
എന്നുടെ ഗുരുവരന്‍തന്നുടെ കാരുണ്യത്താല്‍
നന്നെന്നു സമസ്തരും ബോധിച്ചു വഴിപോലെ
സമ്മതിക്കേണമതിന്നായഹം ഗുരുവരം
പിന്നെയും മുഹുര്‍മ്മുഹുരഞ്ജലി ചെയ്തീടുന്നേന്‍.
ഭാഷയെന്നോര്‍ത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യനാടകാദികള്‍ ധരിച്ച മഹാജനം.
യോഷമാര്‍ക്കറിവാനായ്ക്കൊണ്ടു ഞാന്‍ ചുരുക്കമായ്
ഭാഷയായുരചെയ്തേന്‍ ക്ഷമിക്ക സമസ്തരും.
ചിന്തിക്കുംതോറും സാരമുണ്ടിതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടും.
സന്തതം പഠിച്ചീടുന്നവര്‍ക്കു ബന്ധമറ്റു
സന്തതാനന്ദമായ സായുജ്യമനുഭവം.ˮ
എന്നു ഗ്രന്ഥാവസാനത്തിലും കവി പ്രസ്താവിക്കുന്നു. ചിന്താരത്നം ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ പരിഭാഷയല്ലെന്നും വേദാന്തവാക്യങ്ങള്‍ സ്മൃതികള്‍ ഭഗവദ്ഗീത മുതലായ പല വാങ്മയങ്ങളേയും ആസ്പദമാക്കിയാണു് കവി അതു നിബന്ധിച്ചിരിക്കുന്നതെന്നും ആ ഉദ്യമത്തിന്നു തന്നെ പ്രേരിപ്പിച്ചതു സ്ത്രീകള്‍ക്കും അവരെപ്പോലെ താരതമ്യേന അവ്യുല്‍പന്നന്മാരായ പുരുഷന്മാര്‍ക്കും അദ്വൈതതത്ത്വങ്ങള്‍ സുഗ്രഹങ്ങളാക്കുന്നതിനുള്ള ആഗ്രഹമാണെന്നും ഉദ്ധൃതഭാഗങ്ങളില്‍നിന്നു വെളിവാകുന്നു. ഗ്രന്ഥകാരന്‍ വന്ദിക്കുന്ന ആചാര്യന്‍ ആരെന്നു ഖണ്ഡിച്ചു പറവാന്‍ പ്രയാസമുണ്ടു്. എങ്കിലും ആരംഭത്തില്‍
ʻʻപരമാചാര്യനായിപ്പരമഹംസനായി-
പ്പരമാനന്ദപ്രദനായ്പ്പരമാത്മാവായി
പരമഭക്തന്മാര്‍ക്കു ഗുരുവായ് സുരാലയ-
തരുവായ് ഗുണത്രയയുക്തയാം ശക്തിയോടും
ഒരുമിച്ചഹര്‍ന്നിശമാനന്ദസ്വരൂപനായ്
മരുവീടുന്ന ശ്രീകൃഷ്ണാചാര്യസ്വാമിയുടെ
ചരണസരോരുഹയുഗളാന്തര്‍ഭാഗത്തില്‍
പെരുകീടുന്ന സുധാം പെരികെപ്പാനംചെയ്തു
മരുവീടുകകൊണ്ടു പരമാനന്ദമായി-
ട്ടുരചെയ്യുന്നേന്‍ നന്നായ്ത്തെളിഞ്ഞുകേള്‍ക്ക ബാലേ.ˮ
എന്ന വരികളില്‍ ശ്രീകൃഷ്ണഭഗവാനോടൊപ്പം തന്റെ ഗുരുനാഥനായ ശ്രീകൃഷ്ണാചാര്യന്‍ എന്നൊരു സന്യാസിശ്രേഷ്ഠനെക്കൂടി സ്മരിച്ചിട്ടുണ്ടെന്നു തോന്നിപ്പോകുന്നു. ചിന്താരത്നകാരനു് അദ്വൈതവേദാന്തത്തില്‍ അന്യാദൃശമായ അവഗാഹമുണ്ടായിരുന്നു എന്നു് അതിന്റെ ഏതു ഭാഗം വായിച്ചാലും സ്പഷ്ടമാകുന്നതാണു്.
കര്‍ത്തൃത്വം
ചിന്താരത്നം എഴുത്തച്ഛന്‍ തന്റെ മകള്‍ക്കോ മരുമകള്‍ക്കോ വേദാന്തതത്വങ്ങള്‍ ഉപദേശിക്കുന്നതിനു വേണ്ടി രചിച്ച ഒരു കൃതിയാണെന്നു ചിലര്‍ പറയാറുണ്ടു്. ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഒന്നാമതു് അതിലെ ഭാഷ അദ്ധ്യാത്മരാമായണം, ഭാരതം ഇവയെ അപേക്ഷിച്ചു് അര്‍വാചീനവും ആ ദൃഷ്ടിയെ ആശ്രയിച്ചുനോക്കുകയാണെങ്കില്‍ അതിന്റെ ആവിര്‍ഭാവം കൊല്ലം ഒന്‍പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിനു മുന്‍പാണെന്നു ഗണിക്കുവാന്‍ നിവൃത്തിയില്ലാത്തതുമാകുന്നു. രണ്ടാമതു് എഴുത്തച്ഛന്റെ സുവിദിതമായ ശൈലിക്കു വിപരീതമായി സദാശിവരുപത്തിലുള്ള ധ്യാനത്തിനാണു് കവി പ്രസ്തുത കൃതിയില്‍ പ്രാധാന്യം നല്കിക്കാണുന്നതു്. മൂന്നാമതു ʻമനോഹരേʼ, ʻവരാനനേʼ, ʻആയതവിലോചനേʼ എന്നിങ്ങനെ ചില സംബോധനകള്‍ കവി പ്രയോഗിച്ചിരിക്കുന്നതില്‍ അല്പം അനൗചിത്യപ്രസംഗമുള്ളതും എഴുത്തച്ഛനെ അതു് - പ്രത്യേകിച്ചും മകളുടേയോ മരുമകളുടേയോ വിഷയത്തില്‍ - അശേഷം ബാധിക്കുവാന്‍ ഇടയില്ലാത്തതുമാകുന്നു. നാലാമതു ʻʻകാശിയും രാമേശ്വരം ശ്രീരംഗം, കുംഭകോണം, കാമാക്ഷി ഗയാ പുരുഷോത്തമം, ഗോകര്‍ണ്ണവും, കാളഹസ്തിയും കമലാലയം, ചിദംബരം, വ്യാളേന്ദ്രപുരം (തിരുവനന്തപുരം) ശിവപേരൂര്‍, തൃക്കാരിയൂരുംˮ എന്നിങ്ങനെ ഭാരതഖണ്ഡത്തിലെ പുണ്യക്ഷേത്രങ്ങളെ പരിഗണനം ചെയ്യുന്നതു് എഴുത്തച്ഛനാണെങ്കില്‍ കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, തൃക്കാരിയൂര്‍ എന്നീ സ്ഥലങ്ങളെ സ്മരിക്കവേ തൃക്കണ്ടിയൂര്‍ വിട്ടുകളയുവാന്‍ മാര്‍ഗ്ഗമില്ല. ഏതാദൃശങ്ങളായ കാരണങ്ങള്‍കൊണ്ടു കൃഷ്ണശിഷ്യനായ ഏതോ ഒരു കവിയാണു് ചിന്താരത്നത്തിന്റെ പ്രണേതാവെന്നും അതു് എഴുത്തച്ഛനല്ലെന്നും വന്നുകൂടുന്നു.
ʻʻപൃഥ്വീദേവന്മാരാലേ ചെയ്യപ്പെട്ടൊരു കര്‍മ്മ-
ശക്തികൊണ്ടെനിക്കു സായുജ്യമായിരിപ്പൊരു
മുക്തിയെ ലഭിക്കണമെന്നു ചിന്തിക്കും മൂഢ-
ചിത്തന്മാരജ്ഞാനികള്‍ക്കധികാരികളല്ലോ.ˮ
എന്നുംമറ്റുമുള്ള ബ്രാഹ്മണോപാലംഭംകൊണ്ടു തൃപ്തനാകാതെ
ʻʻവെള്ളിമാമലതന്നില്‍ വാഴുന്നൂ പരമേശന്‍,
വെള്ളെരുതെന്നുള്ളോരു വാഹനമതുമുണ്ടു്.
അദ്രിനന്ദിനിക്കനുരൂപനായനുദിനം
പുത്രന്മാരോടുംകൂടിസ്സുഖിച്ചു വസിക്കുന്നു.
പാലാഴിതന്നില്‍ ഫണിമെത്തമേല്‍ ശയിക്കുന്ന
നീലവര്‍ണ്ണനാം വിഷ്ണു ഭഗവാന്‍ നാരായണന്‍
ശ്രീമഹാലക്ഷ്മിയോടും ഭൂദേവിയോടുംകൂടി-
സ്സാമോദം യോഗനിദ്ര ചെയ്യുന്നൂ ജഗന്നാഥന്‍.
ഇപ്രകാരങ്ങളറിഞ്ഞീടുമപ്പോഴുമുള്ളില്‍
സ്വപ്രകാശത്വം ഭവിക്കുന്നീല മായാബലാല്‍
ഈശന്മാര്‍ പലരുണ്ടെന്നുള്ളൊരു മതംപൂണ്ടു
പേശുന്നൂ, കലഹവും കൂടുന്നൂ മതഭേദാല്‍.ˮ
ഇത്യാദി പ്രതീകോപാലംഭത്തിനുപോലും മുതിരുന്ന ചിന്താരത്നകാരനെ, ആ ഉപാലംഭമെല്ലാം അത്യന്തം പ്രാപ്താവസരമാണെങ്കിലും, ദേവബ്രാഹ്മണഭക്തനായ എഴുത്തച്ഛനില്‍നിന്നു ഭിന്നനായല്ലാതെ കല്പിക്കുവാന്‍ മാര്‍ഗ്ഗമില്ല. ʻʻന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസംഗിനാം.ˮ എന്ന ഗീതാവാക്യമനുസരിച്ചായിരുന്നുവല്ലോ എഴുത്തച്ഛന്റെ കാവ്യനിര്‍മ്മിതി.
കവിതാരീതി
ചിന്താരത്നം ശാസ്ത്രനിഷ്ഠമാണെങ്കിലും സരസവും പ്രസന്നവുമായ ഒരു കാവ്യമാകുന്നു. കുറെ വരികള്‍ പകര്‍ത്തിക്കാണിക്കാം:
ʻʻദണ്ഡങ്ങളോരോന്നു വന്നണഞ്ഞിട്ടാത്മാവിനെ-
ദ്ദണ്ഡിപ്പിച്ചീടുമെന്നു തോന്നുന്നൂ നിരൂപിച്ചാല്‍.
എണ്ണുകില്‍ വയസ്സുമൊരെഴുപത്തഞ്ചാമിപ്പോ-
ളിന്നിമേലിരിപ്പെത്രയുണ്ടെന്നുമറിഞ്ഞീല.
എന്നുടെ കാലം കഴിഞ്ഞാലിവരെന്നെപ്പോലെ
തന്നെയിപ്പരാധീനം രക്ഷിച്ചുപൊറുക്കുമോ?
തങ്ങളില്‍ വാശിപിടിച്ചന്യായസ്ഥലത്തെത്തി-
യിങ്ങു ഞാന്‍ നേടിവച്ച ദ്രവ്യങ്ങള്‍ കളയുമോ?
എങ്ങനെ വരുമെന്നതറിഞ്ഞീലെന്നാകിലു-
മിങ്ങു ഞാന്‍ ചെയ്യേണ്ടതു ചെയ്യേണമെന്നാലിപ്പോള്‍.
എന്നുടെ ഗൃഹങ്ങളില്‍ ഞാന്‍ പുലര്‍ത്തേണ്ടുന്നവ-
രൊന്നൊഴിയാതേ പാര്‍ത്താലെണ്‍പതുപേരുണ്ടല്ലോ.
എന്നതില്‍ വിശേഷമുണ്ടെന്മകനിളയവ-
നെന്നോടുകൂടിബ്ഭുജിച്ചല്ലാതെ തൃപ്തിവരാ.
നന്ദനന്മാര്‍ക്കു വേണ്ടുന്നാഭരണങ്ങളെല്ലാം
നന്നായിത്തീര്‍പ്പിച്ചു നല്കീടിനേനിനിയതില്‍
മൂത്തവന്‍തന്റെ മകന്‍തനിക്കായൊരു വള
തീര്‍പ്പിച്ചു നല്കീടണമതിനുണ്ടുപായവും.
സോദരന്‍ മഹാശുദ്ധാത്മാവതികോപശീല-
നോദനം ഭുജിപ്പാനുംകൂടെസ്സാമര്‍ത്ഥ്യമില്ല.
............................................
നാലുനൂറാകും പത്തുകൂടെച്ചേര്‍ക്കുമ്പോളതു
കാലത്തില്‍ വാണാലുണ്ടായ്‌വന്നീടും ധാന്യംകൊണ്ടു്
നാലഞ്ചു ഗൃഹത്തിലായ് വസിക്കുന്നവര്‍ക്കെല്ലാ-
മാലസ്യമെന്യേ ഭുജിച്ചാനന്ദിച്ചിരുന്നീടാം.
വിത്തൊരു പത്തുപറ വിതയ്പാനുള്ള നിലം
സത്വരം കൊണ്ടീടണമതിനുണ്ടുപായവും.
ഇത്തരം വിചാരിച്ചങ്ങിരിക്കും ദശാന്തരേ
ചത്തുപോകുന്നൂ കര്‍മ്മവാസനപോലെ തദാ.ˮ
ഈ വരികളില്‍ നാം പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ചില വരികളുടെ അനുനാദം വ്യക്തമായി കേള്‍ക്കുന്നു. എഴുത്തച്ഛന്റെ മനോഗതി ഇത്തരത്തിലുള്ള വിചാരങ്ങളിലും അവയുടെ നഗ്നമായ വിശദീകരണത്തിലുംനിന്നു വിദൂരസ്ഥമാണു്.
കൈവല്യനവനീതം, മൂലം
ʻകൈവല്യനവനീതംʼ എന്ന അദ്വൈതവേദാന്തപ്രതിപാദകമായ കൃതി തഞ്ചാവൂര്‍ ജില്ലയില്‍ നന്നിലം എന്ന സ്ഥലത്തു ജീവിച്ചിരുന്ന താണ്ഡവരായസ്വാമികള്‍ (താണ്ഡവമൂര്‍ത്തിയെന്നു പറയും) എന്ന ബ്രാഹ്മണകവി തമിഴില്‍ രചിച്ചതാണു്. ആ ദേശവാസിയായ നാരായണാചാര്യന്‍ എന്ന സിദ്ധന്റെ ശിഷ്യനായിരുന്നു താണ്ഡവമൂര്‍ത്തി. ഈ വിവരമെല്ലാം മൂലത്തില്‍ വിശദമായി പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥം തത്ത്വവിളക്കമെന്നും സന്ദേഹത്തെളിതലെന്നും രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുദ്രിതപുസ്തകത്തില്‍ ആദ്യത്തെ പടലത്തില്‍ നൂറ്റെട്ടും രണ്ടാമത്തെ പടലത്തില്‍ നൂറ്റെണ്‍പത്തഞ്ചും അങ്ങനെ ആകെ ഇരുനൂറ്റിത്തൊണ്ണൂറ്റിമൂന്നു പാട്ടുകള്‍ കാണുന്നു. താഴെക്കാണുന്ന പാട്ടുകള്‍ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണു്.
ʻʻപൊന്നിലമാതരാചൈ പൊരുന്തിനര്‍ പൊരുന്താരുള്ളം
തന്നിലന്തരത്തിര്‍ ചീവചാക്ഷിമാത്തിരമായ് നിര്‍ക്കും
എന്നിലങ്കളിനുമിക്കവെഴുനിലമവറ്റിന്‍മേലാം
നന്നില മരുവുമേകനായകന്‍പതങ്കള്‍ പോറ്റി.ˮ (പ:1-1)
ʻʻമുത്തനൈവെങ്കടേചമുകുന്തനൈയെനൈയാട്കൊണ്ട
കത്തനൈ വണങ്കിച്ചൊല്ലുങ്കൈവല്യനവനീതത്തൈ-
ത്തത്തുവവിളക്കമെന്റുഞ്ചന്തേകത്തെളിതലെന്റും
വൈത്തിരുപടലമാക വകത്തുരൈചെയ്കിന്റേനേ.ˮ (പ: 1-7)
ʻʻഎന്ന പുണ്ണിയമോ ചെയ്തേനേതു പാക്കിയമോ കാണേ-
നന്നിലംതനിലെഴുന്ത നാരണന്‍കിരുപൈയാലേ
തന്നിയനാനേനാനുത്തരീയത്തൈ വീശുകിന്റേ-
ന്റന്നിയനിന്നും നാനേ താണ്ടവമാടുകിന്റേന്‍. (പ: 2-175)
തത്തുവഞാനം പന്ത തന്തോടവതിചയത്താ-
നിത്തമാടുവന്‍ കാണെന്റ നിലൈ മുന്നമേയറിന്ത
ചത്തിയമതിനാലന്റോ താണ്ടവാവെന്റഴൈത്ത-
രത്തനൈ മകിമൈയുള്ളോരന്നൈയും പിതാവുംതാമേ.ˮ (2-176)
ʻʻആരണപ്പൊരുളാം വിത്തൈയാനന്തം വിളങ്കവേതു-
ങ്കാരണര്‍ കുറവിലാമര്‍ കൈവല്യനവനീതത്തൈ-
പ്പൂരണമാകവേണ്ടിപ്പൂര്‍വമാനന്നിലത്തി-
നാരണകുരു നമുക്കു നവിന്‍റനര്‍ കനവില്‍ വന്തേ. (2-179)
അണ്ണറന്നരുളിനാലേയകം പുറമീന്റിയൊന്റാ-
മെണ്ണമിലലക്കിയാര്‍ത്തത്തിന്‍ പൊരുളതു താനെന്ന
നണ്ണിന ചരീരമാതിനാതത്തിനു പാതിയെന്റേ
കണ്ണതായനൈത്തും കാണക്കാട്ടിനന്റാണ്ടവേശന്‍ˮ (2-180)
ʻʻഎന്നുമാവാക്യനാര്‍കുമിചൈക്കും വിത്തിയാനന്ത-
ഞ്ചൊന്ന നാരണന്‍ പാതം തൊഴുതു തുനിത്തോര്‍കളറ്റോ-
രിന്നമാണാക്കന്‍ കുരുവാര്‍ ചന്തേകം തീത്തിടു പതത്തേ-
തുന്നിനിറൈന്തു നിന്റോര്‍കടൂയമുത്തരാകുംവരേ.ˮ (2-182)
ഉദ്ധരിച്ച പാട്ടുകളില്‍നിന്നു് ഗ്രന്ഥകാരന്റെ ജന്മഭൂമി, പേര്‍, ദേശികസംജ്ഞ ഇവ അറിയാന്‍ സാധിക്കുന്നു. തിരുപ്പതിയിലെ വെങ്കടേശ്വരമൂര്‍ത്തിയേയും കവി വന്ദിക്കുന്നു. നാരായണഗുരു സ്വപ്നത്തില്‍ തനിക്കു് ഉപദേശിച്ചവിധത്തിലാണു് താന്‍ കൈവല്ല്യനവനീതം രചിക്കുന്നതെന്നും, തത്ത്വജ്ഞാന ലാഭംനിമിത്തമുണ്ടായ സന്തോഷാതിശയത്താല്‍ താന്‍ നൃത്തമാടുമെന്നു മുന്‍കൂട്ടിയറിഞ്ഞു തന്റെ മാതാപിതാക്കന്മാര്‍ തനിക്കു താണ്ഡവന്‍ എന്നു നാമകരണം ചെയ്തുവെന്നും കൂടി അദ്ദേഹം പറയുന്നുണ്ടു്. വിദ്വന്മാണിക്യമായ നാരായണാചാര്യന്‍ കൈവല്യനവനീതം വിദ്യാനന്ദത്തോളം രചിച്ച അവസരത്തില്‍ വിദേഹമുക്തിയെ പ്രാപിച്ചുവെന്നും അതില്‍പ്പിന്നീടു് അദ്ദേഹം ʻനിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേʼ ʻശ്രീമാര്‍ത്താണ്ഡാചാര്യന്‍ʼ ആ ഗ്രന്ഥം പൂരിപ്പിച്ചുവെന്നും പരിഭാഷകന്‍ പ്രസ്താവിച്ചിട്ടുള്ളതിനു മൂലത്തിലാകട്ടെ അതിന്റെ തമിഴുരകളിലാകട്ടെ യാതൊരു സൂചനയുമില്ല. ആ ഭാഗത്തിന്റെ അര്‍ത്ഥം നേരെ മനസ്സിലാകാതെ താണ്ഡവാചാര്യനെ അദ്ദേഹം മാര്‍ത്താണ്ഡാചാര്യനാക്കി എന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്. പരിഭാഷകന്‍ അതിനുമുമ്പു് ʻതത്തുവഞാനംവന്തʼ എന്ന പാട്ടു്,
ʻʻധന്യനായ്‌വന്നേനഹമുത്തരീയം വീയുന്നേന്‍
ധന്യധന്യന്‍ ഞാനഹോ താണ്ഡവം ചെയ്തീടുന്നേന്‍
തത്ത്വജ്ഞാനോദയാനന്ദാനുഭൂതിയാലിവന്‍
നര്‍ത്തനം ചെയ്യുമെന്നതറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ താണ്ഡവം നാമമിട്ടോ-
രുത്തമപിതാക്കന്മാര്‍ മാഹാത്മ്യമത്യത്ഭുതം.ˮ
എന്നു തര്‍ജ്ജമചെയ്തുമിരിക്കുന്നു. വാസ്തവത്തില്‍ നാരായണാചാര്യന്‍ താണ്ഡവമൂര്‍ത്തിയുടെ ഗുരുവായിരുന്നു എന്നും ആ ഗുരുപരമപദം പ്രാപിച്ചതിനുമേല്‍ ശിഷ്യന്‍ കൈവല്യനവനീതം രചിച്ചു എന്നുമാണു് മൂലത്തില്‍നിന്നു വെളിപ്പെടുന്നതു്. കൈവല്യനവീനതം സംസ്കൃതത്തിലുള്ള ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ വിവര്‍ത്തനമല്ല.
മൂലം ʻʻപടര്‍ന്ത വേതാന്തമെന്നും പാര്‍ക്കടല്‍മൊണ്ടു മുന്നൂര്‍
കുടങ്കളി നിറൈത്തുവൈത്താര്‍ കുരവര്‍കളെല്ലാം കായ്ച്ചി-
ക്കടൈന്തെടുത്തളിത്തേനിന്തക്കൈവല്യനവനീതത്തെ
അടൈന്തവര്‍ വിടയമണ്ടിന്റലൈവരോപചിയിലാരേ.ˮ
ഭാഷാന്തരം ʻʻപരന്ന വേദാന്തമാം പാല്‍ക്കടല്‍നിന്നു കോരി
നിറച്ച ശാസ്ത്രങ്ങളാം കുടങ്ങള്‍ നിറഞ്ഞെങ്ങും
പരിചില്‍പ്പാനംചെയ്തുകൊള്ളുവാന്‍ വച്ചു മുന്നം
പരമകൃപാലുക്കളാകിയ ഗുരുക്കന്മാര്‍.
അതിനെക്കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു
മധുരതരമായ കൈവല്യനവനീതം.
അതി ഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ-
രധമവിഷയമാര്‍ന്നതിനാല്‍ വലഞ്ഞിടാ.ˮ
എന്നു കവിതന്നെ ആ വസ്തുത ഉല്‍ഘോഷിക്കുന്നുണ്ടു്. ഗുരുശിഷ്യസംവാദരൂപത്തിലാണു ഗ്രന്ഥം നിര്‍മ്മിച്ചിരിക്കുന്നതു്. സാധനചതുഷ്ടയസമ്പന്നനായ ഒരു പുരുഷന്‍ താപത്രയാര്‍ത്തനായി തനിക്കു് അനുരൂപനായ ഒരു ഗുരുവിനെ ജ്ഞാനലബ്ധിക്കുവേണ്ടി ഉപസര്‍പ്പണം ചെയ്യുന്നു. ആ ഗുരു ഒന്നാം പടലത്തില്‍ തത്ത്വോപദേശം ചെയ്കയും രണ്ടാം പടലത്തില്‍ സന്ദേഹങ്ങള്‍ക്കു നിവൃത്തി വരുത്തുകയും ചെയ്യുന്നു. തത്ത്വവിളക്കത്തിനു തത്ത്വബോധകമെന്നും സന്ദേഹത്തെളിതല്‍പ്പടലത്തിനു സന്ദേഹനിവര്‍ത്തകമെന്നുമാണു് ഭാഷയില്‍ സംജ്ഞകള്‍ കല്പിച്ചിരിക്കുന്നതു്.
കര്‍ത്തൃത്വം
കൈവല്യനവനീതം വേദാന്തമയമായ ഒരു ഗ്രന്ഥമാകയാല്‍ അതിന്റെ പ്രണേതൃത്വം ചിലര്‍ എഴുത്തച്ഛനില്‍ സംക്രമിപ്പിക്കുന്നു എന്നല്ലാതെ അതിനു മറ്റൊരാധാരവുമില്ല. താണ്ഡവമൂര്‍ത്തി എഴുത്തച്ഛനെ അപേക്ഷിച്ചു് അര്‍വാചീനനായിരിക്കണം. ഭാഷാരീതി നോക്കിയാല്‍ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാകുവാന്‍ ന്യായവുമില്ല. കവിക്കു തമിഴില്‍ സാമാന്യമായ പരിജ്ഞാനമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.
ʻʻഉരത്തോരജ്ഞാനത്തിന്‍ പെരുത്ത നാരായവേ-
രറുത്തു ബോധം നല്കും കൈവല്യനവനീതം
സ്ഫുരിച്ച തമിഴ്പ്പൊരുളറിയാ ഞങ്ങള്‍ക്കര്‍ത്ഥം
തിരിച്ചു ചൊല്ലേണം നീ കേരളഭാഷയാലേ.ʼ
എന്നാണല്ലോ കിളിയോടുള്ള പ്രാര്‍ത്ഥന. തര്‍ജ്ജമയില്‍ പല സ്‌ഖലിതങ്ങളും പറ്റിപ്പോയിട്ടുണ്ടു്. സര്‍വാധികാര്യക്കാര്‍ ഗോവിന്ദപ്പിള്ള അതു കടിയംകുളം ശുപ്പുമേനോന്റെ കൃതിയെന്നു പറഞ്ഞിട്ടുള്ളതു വിശ്വസനീയമായിത്തോന്നുന്നു. ഒടുവില്‍ തുഞ്ചത്തെഴുത്തച്ഛനെ വന്ദിയ്ക്കുന്ന ʻസാനന്ദരൂപംʼ എന്ന ശ്ലോകം കാണുന്നതു കവികൃതമല്ല. അതവിടെ ചേര്‍ത്തിരിക്കുന്നതു ശുപ്പുമേനോന്‍ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ഒരാളാകയാലാണെന്നു വിചാരിക്കാം. തേവു (ദേവന്‍) എഴുത്തച്ഛനേയും കോപ്പു (ഗോപാലന്‍) എഴുത്തച്ഛനേയും കടാക്ഷിക്കുന്നതായി കരുതാവുന്ന വേറേ രണ്ടു ശ്ലോകങ്ങളുംകൂടി അച്ചടിച്ച പുസ്തകത്തിലുണ്ടു്. ആധ്യാത്മികതത്ത്വങ്ങളെ ആപാദചൂഡം ശുഷ്കമായ രൂപത്തിലാണു് മൂലഗ്രന്ഥം പ്രതിപാദിക്കുന്നതു്. മൂലത്തെ അനുസരിക്കാതെ ഗത്യന്തരമില്ലായ്കയാല്‍ തര്‍ജ്ജമയും ഏറെക്കുറെ രസശൂന്യമായി പരിണമിച്ചിരിക്കുന്നു.
രാമായണം ഇരുപത്തിനാലുവൃത്തം. ഗ്രന്ഥസ്വരൂപം
രാമായണം ഇരുപത്തിനാലുവൃത്തം സങ്കീര്‍ത്തനം എന്ന ഇനത്തില്‍പ്പെടുന്ന ഒരു കൃതിയാണെന്നു് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇത്തരത്തിലുള്ള പ്രബന്ധങ്ങള്‍ സ്ത്രീകള്‍ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നു എന്നൊരു ധാരണ ചിലക്കുണ്ടു്. അതു ശരിയല്ല. കുഞ്ചന്‍നമ്പ്യാരുടെ രുക്‍മിണീസ്വയംവരം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടാണെങ്കിലും ഭാഗവതം ഇരുപത്തിനാലുവൃത്തം ആ തരത്തിലുള്ളതല്ല. രാമായണം ഇരുപത്തിനാലുവൃത്തം ഭാഗവതം ഇരുപത്തിനാലുവൃത്തവും പത്തുവൃത്തംപോലെ സംഗീതാത്മകങ്ങളായ കൃതികളല്ലെങ്കിലും അവ സംഗീതഗന്ധികളാകയാല്‍ മുന്‍കാലത്തു കുടിപ്പള്ളിക്കൂടങ്ങളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുവാന്‍ ഉപയോഗിച്ചുവന്നിരുന്നു. നാമോച്ചാരണജന്യമായ ഭഗവല്‍ഭക്തി, ശബ്ദവ്യുല്‍പത്തി, ഗാനവാസന എന്നിങ്ങനെ വിവിധഫലങ്ങല്‍ ഇത്തരത്തിലുള്ള കൃതികളുടെ അധ്യയനത്തില്‍നിന്നുണ്ടാകുമെന്നു ജനങ്ങള്‍ വിശ്വസിച്ചിരുന്നു. രാമായണം ഇരുപത്തിനാലുവൃത്തമാണു് ആ പദ്ധതിയിലുള്ള ആദ്യത്തെ കൃതിയെന്നു് എനിക്കു് അഭിപ്രായമില്ല. പാണ്ഡവശങ്കരം അതിനെ അപേക്ഷിച്ചു പ്രാക്തനമാണെന്നു ഞാന്‍ ഊഹിക്കുന്നു. എന്നാല്‍ രാമായണത്തെപ്പോലെ പ്രചുരപ്രചാരമായ ഒരു കാവ്യം ആ വകുപ്പിലില്ലെന്നുള്ളതു സര്‍വസമ്മതമാകുന്നു. പൗലിനസ് ബര്‍ത്തൊലോമിയോ എന്ന പാതിരിപോലും അദ്ദേഹത്തിന്റെ സഞ്ചാരഗ്രന്ഥത്തില്‍ ഭാഷാസാഹിത്യത്തെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ അതില്‍ പ്രഥമവൃത്തത്തിലുള്ള ʻʻഉത്തമപുരാണ,ˮ ʻʻരാക്ഷസകുലാധിപതി,ˮ ʻʻമാധവ ജയിക്കˮ എന്നീ മൂന്നു ശീലുകള്‍ ഉദ്ധരിക്കുന്നുണ്ടു്. ആകെ ഇരുപത്തഞ്ചുവൃത്തം ഉണ്ടെങ്കിലും ഇരുപതാം വൃത്തം കഴിഞ്ഞുള്ളു ʻʻപ്രാപ്തരാജ്യേ ഹരൗ ശാസ്തരീന്ദ്രദിഷാംˮ എന്ന വൃത്തം പ്രക്ഷിപ്തമെന്നാണു് പല മാതൃകാ ഗ്രന്ഥങ്ങളുടേയും പരിശോധനയില്‍നിന്നു വെളിപ്പെടുന്നതു്. ഈ ഇരുപത്തിനാലുവൃത്തങ്ങളും ദ്രാവിഡവൃത്തങ്ങള്‍തന്നെ. ആ രൂപത്തില്‍ ചില വൃത്തങ്ങള്‍ സംസ്കൃതത്തിലും കാണുന്നുണ്ടെന്നുവെച്ചു് ആരും ഭ്രമിച്ചുപോകരുതു്. അവ ഒന്നുകില്‍ ദ്രാവിഡത്തില്‍നിന്നു സംസ്കൃതം കടം വാങ്ങിയതോ അല്ലെങ്കില്‍ ആകസ്മികമായി രണ്ടു ഭാഷകളിലും ഒന്നുപോലെ ഉത്ഭവിച്ചതോ ആണു്. സംസ്കൃതത്തെപ്പോലുള്ള ബന്ധദാര്‍ഢ്യം ആ വൃത്തങ്ങള്‍ക്കു ദ്രാവിഡത്തിലില്ലെന്നും ഓര്‍മ്മിക്കേണ്ടതാകുന്നു.
കവിതാരീതി
ഇരുപത്തിനാലുവൃത്തം എട്ടാംനൂറ്റാണ്ടിലെ ഒരു കൃതിതന്നെയാണെന്നുള്ളതില്‍ പക്ഷാന്തരത്തിന്നു പഴുതില്ല. അരിപ്പം, പതുപ്പു്, വാരാതെ, പകഴി, മതിയുണ്ടു് മമ്മാ, കതിര്‍ത്താര്‍, എണ്ണേറും, അന്‍പതുമറി, കുലചില, മണിപ്പൂണ്‍പു് എന്നിങ്ങനെ അക്കാലത്തെ ചമ്പൂകാരന്മാര്‍ പ്രയോഗിച്ചുവന്ന പല പദങ്ങളും ശൈലികളും അതില്‍ കടന്നുകൂടീട്ടുണ്ടു്. പ്രസ്തുത കൃതിയുടെ രചയിതാവിന്റെ കല്പനാ വൈഭവത്തേയോ പദഘടനാചാതുര്യത്തേയോ വളരെയൊന്നും ശ്ലാഘിക്കുവാന്‍ നിര്‍വാഹമില്ല. ആശയങ്ങള്‍ നൂറ്റിനു തൊണ്ണൂറും അന്യകവികളില്‍നിന്നു് അപഹരിച്ചവയാണു്. പുനത്തിന്റെ രാമായണചമ്പുവാണു് കവിയുടെ പ്രധാനാകരം. രഘുവംശം, ഭോജചമ്പു, ആശ്ചര്യചൂഡാമണി എന്നിങ്ങനെ പല ഇതരഗ്രന്ഥങ്ങളും അദ്ദേഹത്തിനു തരംപോലെയുള്ള മോഷണത്തിനു ധാരാളമായി വകനല്‍കീട്ടുണ്ടു്. പദഘടനയുടെ കാര്യത്തില്‍ കവിയുടെ അപരാധം അക്ഷന്തവ്യമാണെന്നുതന്നെ പറയണം. ഭാഷാസംസ്കൃതപദങ്ങളെ അദ്ദേഹം പലപ്പോഴും യാതൊരന്തവും ചന്തവുമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നു. ഗുരുലഘുക്കള്‍ കുറുക്കിയോ നീട്ടിയോ ശ്രോതാക്കള്‍ ആവശ്യംപോലെ ഉച്ചരിച്ചു മാത്ര ശരിപ്പെടുത്തിക്കൊള്ളണമെന്നാണു് അദ്ദേഹത്തിന്റെ വിധി. യതിഭംഗദുഷ്ടങ്ങളായ വരികള്‍ അവിടവിടെ മുഴച്ചുനിന്നു സഹൃദയന്മാരെ തുറിച്ചുനോക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചില ശീലുകള്‍ നന്നായിട്ടുണ്ടെങ്കിലും പ്രായേണ അപ്രഗല്ഭനായി, അനംകുശനായി, കവിതാദേവിയെ തള്ളുമുന്തുംകൊണ്ടു് സന്തപ്തയാക്കുന്ന ഒരു സാധാരണനെയാണു് നാം ആ കാവ്യത്തിനു പുറകില്‍ കണ്ടുമുട്ടുന്നതു്. ʻഅയിരാവതഗജതോʼ, ʻസൂരിയനുദിച്ച,ʼ ʻസീതേടെʼ, ʻചക്രപാണീടേ,ʼ ʻസവുഷ്ഠവം,ʼ ʻʻദൈതേ,ˮ ʻഎമക്ഷയത്തില്‍,ʼ ʻസുവര്‍ണ്ണമാനു്,ʼ ʻഉരസസ്തട്ടു്,ʼ ʻകടരുനിണം.ʼ ʻകലരിനൊരു,ʼ ʻസൗന്ദരിയം,ʼ ʻജനകജത്തൊടൊല്ല,ʼ ʻപറുവതം,ʼ ʻകമ്പനുമകമ്പനും,ʼ ʻപതത്രിയാള്‍ പതിച്ചുടന്‍ʼ തുടങ്ങിയ പ്രയോഗങ്ങളെ എങ്ങനെ അഭിനന്ദിക്കാം? സംസ്കൃതത്തിലും ചില ശീലുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ʻവീക്ഷʼധാതു ആത്മനേപദിയാണെന്നറിയാതെ ʻവീക്ഷന്‍ʼ എന്നു തട്ടിവിട്ടിരിക്കുന്നു. ʻപൊന്മണിക്കുംഭംപോലെ വിളങ്ങുന്ന നന്മുലയിണ ചാഞ്ഞു കൗസല്യേടെʼ എന്ന വരികളില്‍ ʻകൗസല്യേടെʼ എന്ന പദം എത്രമാത്രം പുറംതള്ളപ്പെട്ടിരിക്കുന്നു. ʻഅക്ഷരിപു ചെന്നു തിരഞ്ഞൌഷധിമത്താകും തല്‍ക്ഷണമെടുത്തു മല കൊണ്ടുവരുന്നേരംʼ എന്ന വരികളില്‍ ദ്വിതീയാക്ഷരപ്രാസത്തില്‍ പ്രായേണ യാതൊരു നിഷ്കര്‍ഷയുമില്ലാത്ത കവി ഒരു ʻക്ഷʼയ്ക്കു വേണ്ടി പ്രാണത്യാഗംതന്നെ ചെയ്തിരിക്കുന്നു. ʻʻനേരേ കുശലവസുതന്മാര്‍ക്കു നല്കി നിജപേരാര്‍ന്ന രാജ്യംˮ എന്ന വരികളില്‍ ʻകുശലവʼ എന്ന പദം ʻകുശാലവʼ എന്നുച്ചരിച്ചാലേ പാടി ഒപ്പിക്കാന്‍ സാധിക്കുകയുള്ളു. ഇനിയും ഈ അപഗ്രഥനം തുടരണമെന്നു വിചാരിക്കുന്നില്ല. ദ്വിതീയപാദത്തില്‍ വിരാമമില്ലാത്ത ശീലുകള്‍ രാമായണത്തില്‍ ധാരാളമുണ്ടെങ്കിലും അതിനു നാം ഗ്രന്ഥകാരനെ കുറ്റപ്പെടുത്തരുതു്. അതു് തമിഴ്‌രീതിയനുസരിച്ചുള്ള അന്നത്തെ ഭാഷാകാവ്യശൈലിയാണു്. രണ്ടു പാദങ്ങള്‍ ചേര്‍ന്നാല്‍ ഒരടിയും അങ്ങനെ രണ്ടടികള്‍ ചേര്‍ന്നാല്‍ ഒരു പാട്ടുമാകുമെന്നായിരുന്നു അന്നത്തെ നിയമം. ആ ശൈലി സംസ്കൃതരീതിയനുസരിച്ച കവികള്‍ അനന്തരകാലങ്ങളില്‍ പരിത്യജിച്ചു. തന്നിമിത്തം ʻജനകനൃപ-ദുഹിതൃകര,ʼ ʻനന്ദിഗ്രാമേʼ, ʻചലിത-മല്ലീ-ലതകള്‍ʼ - ʻകരയേറ്റീ-ടറിക രഘുനാഥാʼ-ʻആമ്മാറെടു-ത്തടവിയിലുടന്‍ʼ ഇത്യാദിപ്രയോഗങ്ങള്‍ അസാധുക്കളല്ല. അക്കാലത്തെ താദൃശങ്ങളായ കൃതികളിലെല്ലാം ആ രചനാരീതി കാണാവുന്നതുമാണു്.
കര്‍ത്തൃത്വം
പ്രസ്തുത കവിത എഴുത്തച്ഛന്റേതാവാന്‍ തരമില്ല എന്നുള്ളതിനു രണ്ടു തെളിവുകള്‍ മേല്‍നിര്‍ദ്ദേശിച്ച അഭംഗികളുടെ ബാഹുല്യവും അതിര്‍കടന്ന അന്യാശയാപഹരണവുമാണു്. മൂന്നാമതായി അങ്ങിങ്ങു സ്ഫുരിക്കുന്ന ഗ്രാമ്യശൃംഗാരത്തെ ഗണിക്കാം. ʻസരസമണികൊങ്കയില്‍ചേര്‍ത്തനംഗോല്‍സവേ തരികയധരാമൃതംʼ, ʻതഴുകി മുലമൊട്ടില്‍ മാരോത്സവസ്യാവധാവുരസി മമ നിദ്രകൊള്‍ʼ, ʻമെഴുത്ത മുഖപത്മം കുളുര്‍ത്ത മുലകളും തടുത്ത തുടയിണ നിനച്ചുടന്‍ʼ എന്നും മറ്റും എഴുത്തച്ഛന്‍ എത്ര അപരിപക്വമായ യൗവനദശയിലും എഴുതിയിരിക്കുകയില്ല. നാലാമതായി അതുപോലെ തന്നെ വികൃതമായ പോരിനു വിളിയേയും കരുതാവുന്നതാണു്.
ʻʻനേരിട്ടണഞ്ഞിട്ടു പോര്‍ചെയ്തുദാരം
ദാരങ്ങളെക്കൊണ്ടുപോയെങ്കില്‍ നിന്റെ
വീര്യങ്ങള്‍ ശൗര്യങ്ങള്‍ കൊള്ളാര്‍ന്നു കള്ളാ!
ദൂരത്തു പോയ്‌നില്ലു ശ്രീരാമ രാമ!ˮ
എന്നു രാവണനോടു പറയുന്നതു ലക്ഷ്മണനാണെങ്കിലും എഴുത്തച്ഛന്‍ അദ്ദേഹത്തെക്കൊണ്ടുപോലും ആ ദുര്‍ഭാഷണം ചെയ്യിക്കുന്നതല്ലായിരുന്നു. അഞ്ചാമതായി ഇരുപത്തിനാലു വൃത്തത്തിലെ ഹാസ്യരസപ്രയോഗത്തെപ്പറ്റിയാണു് പ്രസ്താവിക്കേണ്ടിയിരിക്കുന്നതു്. എഴുത്തച്ഛന്റെ ഫലിതം അന്തര്‍ഗുഢവും ഗൗരവയുക്തവുമാണെന്നു നാം കണ്ടുവല്ലോ. ആ ശൈലിക്കു് അല്പംപോലും അടുപ്പമില്ലാത്ത ഫലിതധോരണിയാണു് ഇരുപത്തിനാലു വൃത്തത്തില്‍ കാണുന്നതു്.
ʻʻമാനുഷരെത്തിന്നു നിറയാത്ത നമുക്കുണ്ടോ
വാനരരെത്തിന്നുദരപൂരണം വരുന്നു?
രാമനെയും ലക്ഷ്മണനെയും കൊറിച്ചു തണ്ണീ-
രൊട്ടു കുടിച്ചാര്‍ത്തികളയുന്നു ഹരിരാമ.ˮ
ʻവില്ലെവിടെയിട്ടുകളഞ്ഞു വലിയ പൊണ്ണാ!
കല്ലിനെയെടുത്തുകൊള്‍ ഹിഡിംബ ഹരിരാമ,ʼ
ʻആനക്കൊമ്പന്മാരേ രാക്ഷസരേ നിങ്ങ-
ളാമെങ്കില്‍ വന്നാലുമെന്നോടിപ്പോള്‍.ʼ
ʻനിച്ചിരിയക്കയ്യര്‍ പോകുവിന്‍ മുമ്പില്‍.ʼ
ʻമീശക്കൊമ്പാക്കെക്കരിച്ചവനെത്രയും
നാശപ്പെടുത്തിനാന്‍ നാരായണാ.ʼ
ʻതുള്ളിമുലച്ചികള്‍ പിള്ളകളെച്ചെന്നു
തുള്ളിത്തുള്ളിപ്പാഞ്ഞെടുക്കുന്നേരം.ˮ
എന്നിങ്ങനെ കുഞ്ചന്‍നമ്പ്യാരോടടുക്കുന്ന ഫലിതങ്ങള്‍ എഴുത്തച്ഛന്റെ മുഖത്തുനിന്നു് ഒരിക്കലും പുറപ്പെടുന്നതല്ല. ഏവഞ്ച ശൃംഗാരം, വീരം, ഹാസ്യം ഈ മൂന്നു രസങ്ങളുടെ പ്രപഞ്ചനത്തിലും ഈ രണ്ടു കവികളും ഏറ്റവും വിഭിന്നന്മാരായി വര്‍ത്തിക്കുന്നു.
ഇരുപത്തിനാലു വൃത്തത്തിന്റെ കര്‍ത്താവു പുനം നമ്പൂരിയാണെന്നു മറ്റു ചിലര്‍ പറയുന്നു. പുനത്തിന്റെ ഹസ്തലാഘവം പ്രസ്തുത കൃതിയില്‍ കണികാണ്മാനില്ലെന്നുള്ളതു പോകട്ടെ. തന്റെ കൃതിയിലേ ആശയങ്ങല്‍തന്നെ പകര്‍ത്തി വേണമോ ആ ഉല്ലേഖസമ്പന്നനു് ഇത്തരത്തില്‍ ഒരു കാവ്യം നിര്‍മ്മിക്കുവാന്‍? ആ ജാജ്ജ്വല്യമാനമായ ജ്യോതിര്‍ഗ്ഗോളം ആകാശമാര്‍ഗ്ഗം വിട്ടു് ഒരു കൈത്തിരിയുടെ രൂപത്തില്‍ ഭൂമിയിലിറങ്ങി എന്നു സങ്കല്പിക്കുവാന്‍ എന്നെ മനസ്സനുവദിക്കുന്നില്ല. എനിക്കു് ഈ വിഷയത്തില്‍ അവസാനമായി ഉപന്യസിക്കുവാനുള്ളതു് ഇത്രമാത്രമാണു്. ഇരുപത്തിനാലുവൃത്തത്തിന്റെ പ്രണേതാവിനു കാവ്യനാടകവ്യുല്‍പത്തിയുണ്ടായിരുന്നുവെങ്കിലും വ്യാകരണ ജ്ഞാനമുണ്ടായിരുന്നില്ല. ജ്യോതിഷത്തില്‍ കുറേ അറിവു സമ്പാദിച്ചിരുന്നു. അദ്ദേഹത്തിനു പുനത്തിന്റെ രാമായണ ചമ്പു അത്യന്തം പ്രിയമായിരുന്നു. പ്രസ്തുത ഗ്രന്ഥം നിര്‍മ്മിക്കുമ്പോള്‍ കവനകലയില്‍ പറയത്തക്ക പരിചയം സിദ്ധിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ടു ʻശുഷ്കം ക്വചില്‍ പര്യുഷിതം ക്വചിച്ച കോഷ്ണം ക്വചില്‍ʼ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൃതി ഉച്ചാവചമായി പരിണമിച്ചു. ചാക്യാര്‍കൂത്തും മറ്റും കേട്ടു് ആ വഴിക്കു പല അറിവുകളും സമ്പാദിച്ചിരുന്ന അദ്ദേഹം ഒരു നമ്പൂരിയായിരുന്നിരിയ്ക്കാനാണു് അധികം ന്യായമുള്ളതു്. തല്‍ക്കാലത്തേക്കു അദ്ദേഹത്തെ അജ്ഞാതനാമാവായിത്തന്നെ കരുതേണ്ടതാണു്. ഗ്രന്ഥത്തിനുള്ള അന്യാദൃശമായ പ്രചാരത്തെപ്പറ്റി മുന്‍പു പറഞ്ഞുവല്ലോ. അതിനു മുഖ്യകാരണം സങ്കീര്‍ത്തനപ്രസ്ഥാനത്തില്‍ അതിനുള്ള അഗ്രിമസ്ഥാനമാണു്. ഓരോ വൃത്തത്തിന്റേയും ഒടുവില്‍ ഒന്നോ ഒന്നിലധികമോ പാട്ടു ശ്രീരാമസ്തുതിപരമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ളതു് ഉചിതമായിരിക്കുന്നുണ്ടു്. അന്യകാവ്യങ്ങളില്‍ നിന്നു പകര്‍ത്തിയവയാണു് അവയിലെ സമുജ്ജ്വലങ്ങളായ ആശയങ്ങള്‍ എന്നു സ്ത്രീകള്‍ക്കും മറ്റും സാമാന്യേന അറിയാന്‍ സൗകര്യമില്ലല്ലോ.
വിവിധ ഗ്രന്ഥങ്ങളിലുള്ള വിശിഷ്ടാശയങ്ങള്‍ ʻഏകത്ര സൗന്ദര്യദിദൃക്ഷുʼക്കളായ പണ്ഡിതന്മാരെ അല്പാല്പം സംതൃപ്തരാക്കിയുമിരിക്കണം. വളരെ താഴ്ചവീഴ്ചകളോടുകൂടിയാണെങ്കിലും ശ്രീരാമന്റെ പാവനമായ ചരിതം അത്തരത്തില്‍ പ്രധാനാംശങ്ങള്‍ ഒന്നും വിടാതെ സംക്ഷേപിച്ചു്,
ʻʻമാലാറുമാറരിയ രാമായണം കഥയെ
ബാലാദി പോലുമുരചെയ്കില്‍ ത്രിലോകപെരു-
മാളാമവന്‍ പരനൊടേകീഭവിപ്പതിനു-
മാളായ്‌വരുന്നു ഹരി നാരായണായ നമഃˮ
എന്ന ഫലശ്രുതിയോടുകൂടി കൈരളിക്കു സമര്‍പ്പിച്ച കവിയെ ജനങ്ങള്‍ പൊതുവേ ആദരിച്ചതു് ആശ്ചര്യകരമല്ല.
ചില നല്ല ഭാഗങ്ങള്‍
നല്ല ശീലുകളുടെ ചില മാതൃകകളാണു് അടിയില്‍ ചേര്‍ക്കുന്നതു്.
പാരിച്ചൊരു മഴുവെടുത്തു ഘോരവരസമരങ്ങളില്‍
പാരിലുള്ള മുടിക്ഷത്രിയവീരരുടെ കഴുത്തറുത്തു
ചോരവെള്ളപ്പെരുമ്പുഴയില്‍ നീരാടിയ മുനിപ്പെരുമാള്‍
നേരെ വന്നു വഴി തടുത്തു രാമ രഘുനാഥ ജയ.
(മൂന്നാം വൃത്തം)
സീതയായൊരു കല്പവല്ലി പടര്‍ന്ന രാമസുരദ്രുമ-
ച്ഛായതന്നില്‍ വസിച്ചു മാമുനിപക്ഷിമണ്ഡലമാദരാല്‍
രാവണാര്‍ക്കമഹാതപത്തിനൊരാതപത്രമുദാരവാങ്-
മധുരീഫലമാസ്വദിച്ചു മദിച്ചു രാമ ഹരേ ഹരേ
(ആറാം വൃത്തം)
നിരന്തരം പദേ പദേ തിരഞ്ഞു കാനനേ ചിരം
ചിരന്തനോ നിജപ്രിയാം പരിശ്രമാകുലക്രിയന്‍
രണക്ഷിതാവസിക്ഷതം യുദൃച്ഛയാ ദദര്‍ശ തം
ഗതപ്രഭം ജടായുഷം മുകുന്ദ രാമ പാഹി മാം
(ഏഴാം വൃത്തം)
ഇതി വദതി പര്‍വതേ യാത്ര ചൊല്ലി ക്ഷണം
ദശവദനഘോരകാന്താരതീവ്രാനലന്‍
സപദി സുരസാംഗനാമങ്ങു കണ്ടീടിനാന്‍
വിപുലതനുതസ്കരീം നൗമി നാരായണം.
(പതിനൊന്നാം വൃത്തം)
പെട്ടെന്നിളക്കുന്ന വാള്‍കൊണ്ടു പാരം
ഞെട്ടിത്തെറിക്കുന്നു വിണ്ണോര്‍വരന്മാര്‍
ചട്ടറ്റ പച്ചത്തഴപ്രൗഢിതന്മേല്‍
മുട്ടുന്നു മേഘങ്ങള്‍ ശ്രീരാമ രാമ.
(പതിനാറാം വൃത്തം)
വാസിഷ്ഠനിയോഗേന തുടങ്ങീ ഹയമേധം
നേദിഷ്ഠതുരംഗാലഭനേനാതിഗഭീരം
സ്വാദിഷ്ഠതരാന്നാശനപാനം മുനിപാളീ-
വൃന്ദിഷ്ഠസുരൗഘം ഹരി നാരായണ നമ്മോ.
(ഇരുപത്തിമൂന്നാം വൃത്തം)
നമോ എന്നു കവി എഴുതി, നമ്മോ എന്നു് അതു ഗാനസൗകര്യത്തിനുവേണ്ടി ഉച്ചരിക്കപ്പെട്ടു. അതിനെ ഒന്നു പരിഷ്കരിച്ചു പശ്ചാല്‍കാലത്തു ജീവിച്ചിരുന്ന പണ്ഡിതമാനികള്‍ ʻനംബോʼ എന്നു രൂപാന്തരപ്പെടുത്തുകയും ചെയ്തു. ʻനമ്മോഃʼ എന്ന പാഠഭേദമുള്ള ചില താളിയോലഗ്രന്ഥങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടു്.
കേരളനാടകം
കേരളനാടകം എന്നു പറയുന്ന ഗ്രന്ഥം ഒരു ദൃശ്യകാവ്യമല്ലെന്നും അതു കേരളോല്‍പത്തിയുടെ ഒരു നാമാന്തരമാണെന്നും വായനക്കാര്‍ ധരിച്ചിരിക്കുമല്ലോ. ʻകേരള നാടകത്തെ ഉപദേശമായി സംഗ്രഹിച്ചു്ʼ എന്ന വാചകം നിരര്‍ത്ഥകമാണെന്നു തോന്നുന്നു. അപൂര്‍വം ചില വാസ്തവശകലങ്ങള്‍ അനവധി അനൃതരാശികളില്‍ മൂടി എല്ലാംകൂടി കൂട്ടിക്കുഴച്ചു് ആര്‍ക്കും എവിടെയും ഒരെത്തുംപിടിയും കിട്ടുവാന്‍ നിവൃത്തിയില്ലാത്ത നിലയില്‍ രചിച്ചിട്ടുള്ള ഒരു ഭാഷാഗദ്യഗ്രന്ഥമാണു് അതു്. ʻʻആനകണ്ടി കൃഷ്ണരായര്‍ മലയാളമടക്കുവാന്‍ സന്നാഹത്തോടുകൂടി പടയ്ക്കു വന്നിരിക്കുന്നുˮ എന്നു ചേരമാന്‍ പെരുമാള്‍ മാനിച്ചനെന്നും വിക്രമനെന്നും പേരുള്ള രണ്ടു് ഏറാടിമാരോടും ഉണ്ണിക്കുമാരനമ്പിയാരോടും പറയുന്ന ഒരു വാക്യം ആ ഗ്രന്ഥത്തിലുണ്ടു്. പെരുമാക്കന്മാരുടെ കാലം കഴിഞ്ഞു് ഏകദേശം 500 സംവത്സരങ്ങള്‍ക്കുമേലാണു് (ആനഗുണ്ഡി) വിജയനഗരസമ്രാട്ടായ കൃഷ്ണദേവമഹാരായര്‍ ജീവിച്ചിരുന്നതു്. അദ്ദേഹവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു. എഴുത്തച്ഛന്‍ പരദേശങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ആ മഹാനുഭാവന്റെ അപദാനങ്ങളെപ്പറ്റി അറിഞ്ഞിരുന്നു എന്നും നമുക്കു ന്യായമായി ഊഹിക്കാവുന്നതാണു്. അങ്ങനെയുള്ള ഒരു ഗ്രന്ഥകാരനു് ഇത്തരത്തില്‍ ഭീമമായ ഒരു അബദ്ധം ഒരിക്കലും പറ്റുവാന്‍ ഇടയില്ല. അതിനാല്‍ കേരളോല്‍പത്തി എഴുത്തച്ഛന്റെ കൃതിയല്ലെന്നും അതിനെ അദ്ദേഹത്തിന്റെ നാമധേയവുമായി ആരോ ഘടിപ്പിച്ചതു വേദവ്യാസന്‍ ശ്രീമഹാഭാഗവതം രചിച്ചു എന്നു പറയുന്നതുപോലെ അതിനു വൈശിഷ്ട്യം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മാത്രമാണെന്നും നാം ഓര്‍മ്മിക്കേണ്ടതാണു്. കേരളോല്‍പത്തിയെപ്പറ്റി വീണ്ടും അന്യത്ര ഉപന്യസിക്കും.
ഇത്രയും പ്രസ്താവിച്ചതില്‍ നിന്നു് (1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) ഭാരതം, (4) ദേവീമാഹാത്മ്യം എന്നീ നാലും എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിസ്സംശയമാണെന്നും, (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമല്‍ഭാഗവതത്തില്‍ കാളിയമര്‍ദ്ദനം വരെയുള്ള ഭാഗം ഉവയെയും അദ്ദേഹത്തിന്റെ വാങ്മയങ്ങളായി കരുതാമെന്നും (8) ഹരിനാമകീര്‍ത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം അഥവാ കേരളോല്‍പത്തി എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്തൃത്വം അദ്ദേഹത്തില്‍ ആരോപിക്കാവുന്നതല്ലെന്നും സിദ്ധിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന മലയാളലിപിയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനാണെന്നു പറയുന്നതു് പ്രമാദമാണു്. കൊല്ലം അഞ്ചാം ശതകം മുതല്‍ക്കു തന്നെ തീയതിക്കുറിപ്പുകളോടു കൂടിയ ഭാഷാഗ്രന്ഥങ്ങള്‍ ഇക്കാലത്തു നമ്മുടെ ദൃഷ്ടിയില്‍പ്പെട്ടുകഴിഞ്ഞിരിക്കുന്നു. നാലാം ശതകത്തിലുള്ള ഭാഷാശിലാരേഖകളും നമുക്കു് ലഭിച്ചിട്ടുണ്ടു്. അതിനും മുന്‍പു്-പക്ഷേ കൊല്ലവര്‍ഷാരംഭത്തില്‍ത്തന്നെ- പ്രസ്തുത ലിപികള്‍ അങ്ങിങ്ങു് ഈഷദ്വ്യത്യാസത്തോടുകൂടി പ്രചരിച്ചിരുന്നിരിക്കണമെന്നുള്ളതു നിര്‍വിവാദമാകുന്നു. തോലന്റെ മണിപ്രവാളശ്ലോകങ്ങള്‍ മറ്റൊരു ലിപിയില്‍ ലിഖിതമായെന്നു പറയുവാന്‍ മാര്‍ഗ്ഗമില്ലല്ലോ.
ഉപസംഹാരം
തുഞ്ചത്തെഴുത്തച്ഛനെ ഭാഷാസാഹിത്യത്തിന്റെ പിതാവെന്നും കേരളീയരുടെ ഗുരുവെന്നും പറയുന്നതു് ഏറ്റവും അര്‍ത്ഥവത്താകുന്നു. അദ്ദേഹം കൈരളിയെ പല പ്രകാരത്തില്‍ സമര്‍ത്ഥമായി, സഫലമായി, പരിപോഷിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ യൗവനത്തിലെ ജീവിക; അനന്തരം അദ്ദേഹം തുരീയാശ്രമത്തില്‍ പ്രവേശിക്കുകയും, അനുരൂപന്മാരായ ശിഷ്യന്മാരാല്‍ പരിവൃതനായി അവര്‍ക്കും മറ്റുള്ളവര്‍ക്കും അധ്യാത്മജ്ഞാനം ഉപദേശിച്ചുകൊണ്ടു് ആയുശ്ശേഷം നയിക്കുകയും ചെയ്തു. കര്‍മ്മകുശലതയിലും വിജ്ഞാനസമ്പാദനത്തിലും സദാചാരനിഷ്ഠയിലും ഈശ്വരഭക്തിയിലും ആ മഹാശയന്‍ അദ്വിതീയനായിരുന്നു. സാത്ത്വികമായ ചര്യാവിശേഷത്താല്‍ അദ്ദേഹം സകല ജനങ്ങള്‍ക്കും സമാരാധ്യനായിത്തീര്‍ന്നു. ഭാഷാകവിതയെ സമുദ്ധരിച്ചു് അതിനെ സംസ്കൃതകവിതയ്ക്കു സമസ്കന്ധമായ സ്ഥാനത്തില്‍ ഉപവേശിപ്പിക്കുവാന്‍ അദ്ദേഹം യാവജ്ജീവം നിസ്തന്ദ്രമായി പ്രയത്നിച്ചു. പുനത്തിനെപ്പോലെ സംസ്കൃതപ്രധാനവും ചെറുശ്ശേരിയെപ്പോലെ ഭാഷാപ്രധാനവുമായല്ല അദ്ദേഹം തന്റെ കാവ്യങ്ങള്‍ നിര്‍മ്മിച്ചതു്; രണ്ടു ഭാഷകളിലെ പ്രസിദ്ധപദങ്ങള്‍ക്കും ആ ഔചിത്യവേദി സമപ്രാധാന്യം നല്കി, ഭാഷാപണ്ഡിതന്മാരേയും സാമാന്യജനങ്ങളേയും ഒന്നുപോലെ അവയിലേയ്ക്കു് ആകര്‍ഷിച്ചു. പ്രചാരലുപ്തങ്ങളായ പദങ്ങള്‍ അദ്ദേഹം പ്രായേണ വര്‍ജ്ജിച്ചു. ആ കവി ചക്രവര്‍ത്തിയുടെ പദഘടനാപാടവം ഭാരതത്തിലാണു് അതിന്റെ അത്യുച്ചപദവിയില്‍ എത്തുന്നതു് എന്നു മുന്‍പുതന്നെ സൂചിപ്പിച്ചുവല്ലോ. മഹാകവി കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ
ʻʻനമുക്കെഴുത്തച്ഛനെടുത്ത ഭാഷാ-
ക്രമക്കണക്കേ ശരണം; ജനങ്ങള്‍
സമസ്തരും സമ്മതിയാതെകണ്ടി-
സ്സമര്‍ത്ഥനോതില്ലൊരു വാക്കുപോലുംˮ
എന്നു പറഞ്ഞിട്ടുള്ളതു തികച്ചും പരമാര്‍ത്ഥമാണു്. അന്നു് എഴുത്തച്ഛന്‍ പ്രയോഗിച്ച പദങ്ങളെക്കൊണ്ടു് തന്നെയാണു് നാനൂറു സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഭാഷാകവികള്‍ കൈകാര്യം ചെയ്യുന്നതു്. ʻകിളിപ്പാട്ടു്ʼ എന്ന ഗാനഗന്ധിയായ കാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് അദ്ദേഹമായിരുന്നു. തദ്ദ്വാരാ അദ്ദേഹം രാമപ്പണിക്കരും ചെറുശ്ശേരിയും സംസ്കൃതവൃത്തങ്ങളെക്കൊണ്ടെന്നപോലെ ഭാഷാവൃത്തങ്ങളെക്കൊണ്ടും ശ്രുതിമധുരങ്ങളായ മഹാകാവ്യങ്ങള്‍ നിര്‍മ്മിക്കാമെന്നു് അതിന്‍മുന്‍പുതന്നെ തെളിയിച്ചിരുന്ന വസ്തുതയെ വീണ്ടും പ്രസ്പഷ്ടമാക്കി. ഇന്നും ആ പ്രസ്ഥാനത്തിന്റെ ആകര്‍ഷകശക്തി അംഭഗുരമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ കാലം വരെ സംസ്കൃതവൃത്തങ്ങളില്‍ വിരചിതങ്ങളായ ഭാഷാകൃതികളില്‍ സദാചാരപ്രേരണ മിക്കവാറും വിരളമായിരുന്നു. ʻസദ്യഃ പരനിര്‍വൃതിʼ അവയില്‍നിന്നു വിഷയാസക്തന്മാര്‍ക്കു് ലഭിച്ചിരുന്നു എങ്കിലും ʻകാന്താസമ്മിതതയോപദേശʼ പ്രാപ്തിക്കു് അവ അനുകൂലങ്ങളായിരുന്നില്ല. എഴുത്തച്ഛന്‍ ആ ആപാതമാത്രമധുരമായ പദ്ധതിയില്‍നിന്നു് ശ്രോതാക്കളെ വ്യാവര്‍ത്തിപ്പിച്ചു് അവര്‍ക്കും ഐഹികമായ അഭ്യുദയവും ആമുഷ്മികമായ നിഃശ്രേയസവും സിദ്ധിക്കത്തക്ക വിധത്തിലുള്ള വാങ്മയങ്ങള്‍ നിര്‍മ്മിച്ചു. അവ ഏതു നിലയില്‍ നിന്നു നോക്കിയാലും അത്യുത്തമങ്ങളായ കാവ്യരത്നങ്ങളാകുന്നു. വൈശികതന്ത്രത്തില്‍ നിന്നു് അദ്ധ്യാത്മരാമായണത്തിലേക്കും ചന്ദ്രോത്സവത്തില്‍ നിന്നു് ഭാരതത്തിലേയ്ക്കുമുള്ള പ്രയാണം രാത്രിയില്‍ നിന്നു പകലിലേക്കെന്നപോലെ കേരളീയര്‍ക്കു് ഉണര്‍ച്ചയും ഉയര്‍ച്ചയും നല്കി. ആ സിദ്ധന്‍ രസഭാവങ്ങളെ അലങ്കാരങ്ങള്‍ക്കു കീഴ്പെടുത്തിയില്ല; ശബ്ദശ്ലേഷംകൊണ്ടു ജാലവിദ്യ കാണിച്ചില്ല; വ്യാകരണപ്രയോഗങ്ങള്‍കൊണ്ടു സാധാരണന്മാരെ അമ്പരപ്പിച്ചില്ല; നഗ്നമായ ശൃംഗാരമോ വിവൃതമായ ഫലിതമോകൊണ്ടു ഭാവുകന്മാര്‍ക്കു് ഉദ്വേഗവും ജനിപ്പിച്ചില്ല; കഥാകഥനത്തില്‍ തനിക്കുണ്ടായിരുന്ന അന്യാദൃശമായ പ്രാഗല്ഭ്യം മുഴുവന്‍ അദ്ദേഹം അനുവാചകന്മാരെ അന്തശ്‌ശുദ്ധന്മാരും ആത്മജ്ഞാനികളുമാക്കിത്തീര്‍ക്കുവാന്‍ വിനിയോഗിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ശാന്തവും സര്‍വമനോരഞ്ജകവുമായ ഒരു വിപ്ലവം അദ്ദേഹം സാഹിത്യസാമ്രാജ്യത്തില്‍ വരുത്തി. അത്തരത്തിലുള്ള ഒരു ആചാര്യന്റെ അവതാരംകൊണ്ടു കൈരളി സര്‍വഥാ ധന്യയായി; സാധാരണന്മാരായ കേരളീയര്‍ സാഹിത്യസമ്പന്നരുമായി. ഏതാദൃശങ്ങളായ ഫലസിദ്ധികളെ ആസ്പദമാക്കിയാണു് ആ മഹാപുരുഷന്‍ ഭാഷാകവികളുടെ മധ്യത്തില്‍ പ്രഥമഗണനീയനായി പരിശോഭിക്കുന്നതു്. മലയാളത്തില്‍ ഒന്നാമത്തെ കാവ്യം കൃഷ്ണഗാഥയാണെങ്കില്‍ അങ്ങനെയിരുന്നു കൊള്ളട്ടെ. ഒന്നാമത്തെ കവി എഴുത്തച്ഛന്‍ തന്നെയാണെന്നു സഹൃദയന്മാര്‍ ആരും സശിരഃകമ്പം സമ്മതിക്കുക തന്നെ ചെയ്യും.
ഉള്ളൂര്‍: കേരളസാഹിത്യചരിത്രം