close
Sayahna Sayahna
Search

കമീഷണർമാരുടെ ഉല്പത്തി


__NOMATHJAX__

കമീഷണര്‍മാരുടെ ഉല്പത്തി
ഗ്രന്ഥകാരന്‍ സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഷയം ഹാസ്യം
മാദ്ധ്യമം പ്രിന്റ്
Preceded by സഞ്ജയോപാഖ്യാനം
Followed by കോഴിക്കോട് മുനിസിപ്പാലിറ്റി

പത്തൊമ്പതാമത്തെ പുരാണമായി ബോബിലിപുരാണം എന്ന ഒരു ഗ്രന്ഥമുണ്ട്. അത് തുത്തന്‍ഖാമന്റെ ശവക്കല്ലറയില്‍ നിന്ന് ഈയിടെ മാന്തിയെടുത്തതാകകൊണ്ട് തുഞ്ചത്താചാര്യന്‍ ഇതിനെപ്പറ്റി കേട്ടിരുന്നില്ല; ചിറ്റൂര് വരവൂര് ശാമുമേനോന്‍ ഇതിനെ തര്‍ജ്ജമചെയ്തിട്ടില്ല; കുന്നത്ത് ജനാര്‍ദ്ദനമേനോനവര്‍കള്‍ ഇതിന് ഗദ്യവിവര്‍ത്തനമെഴുതീ

ട്ടില്ല; ഇത് എസ്. റ്റി, റെഡ്യാർ ആൻറ് സണ്‍സ്, ടി—യാരുടെ ചിലവിന്മേൽ, അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല. ആർ, ആരോട്, എപ്പോൾ, എന്തിന്നു, എങ്ങനെ പറഞ്ഞു എന്നൊന്നും അതിലില്ല. ഭാഷ, കടിച്ചാൽ പൊട്ടാത്ത സംസ്കൃതമാണ്. അതിൽ ഒരിടത്ത്—കൃത്യമായി പറയുകയാണെങ്കിൽ—അഞ്ഞൂറ്റിനാല്പത്തിമൂന്നാം അധ്യായത്തിൽ, മുൻസിപ്പാൽ കമ്മീഷണറുടെ അവതാരത്തെക്കുറിച്ചു വർണ്ണിച്ചിട്ടുണ്ട്. പച്ചമലയാളികളുടെ—ഇളംപച്ചയും ഇതിലുൾപ്പെടും—ഉപയോഗത്തെമാത്രം മുൻനിർത്തിയും, അന്യചിന്തയില്ലാതെയും, അതിന്റെ ഒരു ചുരുക്കം ഞാൻ താഴെ ചേർക്കുന്നു.

“മഹാജനങ്ങൾക്കു രസിക്കുമെങ്കിലീ മമ ശ്രമം നിഷ്ഫലമല്ല കേവലം.”

* * *

മുനിസിപ്പാൽ ചെയർമാന്മാരുടെ—പറയുന്നതിനിടയ്ക്ക്, ചെയർമാൻ എന്നതിന്ന് എന്താണുപോലും ആരും മലയാളവാക്കു കണ്ടുപിടിയ്ക്കാഞ്ഞത്? ”കസാലമനുഷ്യൻ” എന്നാക്കിയാലോ?—മുനിസിപ്പാൽ ചെയർമാൻമാരുടെ അധികാരങ്ങൾ വർദ്ധിച്ചുവന്നതോടുകൂടി ഭൂമീദേവിയുടെ ഭാരവും വർദ്ധിച്ചുവന്നു. പട്ടിണിയിട്ടു പല്ലിളിച്ചു പരക്കംപായുന്ന മാസ്റ്റർമാരെക്കൊണ്ടും, ബ്ലൗസും ചേലയുമായി മന്ദഹസിച്ചുകൊണ്ട് ലാത്തുന്ന മിസ്ട്രസ്സുമാരെക്കൊണ്ടും, മുനിസിപ്പാലിറ്റികൾ നിറഞ്ഞുവഴിഞ്ഞു. ഓരോ മോട്ടോർവാഹനം പോകുമ്പോഴും “പൊടിപടലത്തിലൊളിച്ചു ഭാനു ബിംബം ”. കണ്‍ട്രാക്ടർമാർ ആയിനിപ്പിലാവുപോലെ തടിച്ചുവീർത്തു ; അവരുടെ ഭരണംതന്നെ കവിഞ്ഞ ഭാരമായിത്തീർന്നു. തിരഞ്ഞെടുപ്പുകാലങ്ങളിലെ കശപിശയും ലഹളയുംകൊണ്ട് ഭൂമീദേവിയുടെ ചെവിരണ്ടും അടഞ്ഞു പീരങ്കി പൊട്ടിച്ചാൽക്കൂടി കേൾക്കാത്ത നിലയായി. മുനിസിപാലിറ്റികളിലെ ദുർഗന്ധം മേലോട്ടുപൊങ്ങി ദേവലോകത്തും വ്യാപിച്ചു. മുപ്പത്തിമൂന്നുകോടി ദേവന്മാർ തങ്ങളുടെ അറുപത്താറുകോടി നാസാദ്വാരങ്ങൾപൊത്തി ഓട്ടം തുടങ്ങി. കാമധേനുവിന്ന് മൂക്കുപൊത്തുവാൻ കഴിയാത്തതുകൊണ്ട് കറക്കുവാൻ ചെല്ലുന്നവരെ ചവിട്ടിമറിചിട്ടു.

അങ്ങിനെയിരിക്കുമ്പോളാണ് ഒരു ദിവസം ബ്രഹ്മാവിന്റെ ശിപായി ഭൂമീദേവിയുടെ വിസിറ്റിങ്ങ്കാർഡ്‌ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തത്. മുനിസിപ്പാൽ കൌണ്‍സിലുകളെ “അബോളിഷ്” ചെയ്യണമെന്നും, അല്ലെങ്കിൽ തന്റെ രാജി സ്വീകരിയ്ക്കണമെന്നും ഭൂമീദേവി നാന്മുഖനോടുണർത്തിച്ചു. കൌൺസിലുകളെ അബോളിഷ് ചെയ്‌വാൻ നിവൃത്തിയില്ലെന്നും, പക്ഷെ, വിവരങ്ങളെല്ലാം കാണിച്ച് മഹാവിഷ്ണുവിന്ന് ഒരു ജായിന്റ് ഹരജി അയച്ചാൽ വല്ല ഗുണവും കിട്ടുമെന്നും ബ്രഹ്മാവു മറുപടി പറഞ്ഞു. അതുപ്രകാരം ഹരജി അയച്ചു. വൈകുണ്ഠത്തിലെ ഹജൂർ, ഡിവിഷണൽ, താലൂക്ക്, എന്നീ ആപ്പീസുകളിൽക്കൂടി, റവന്യു ഇൻസ്പെക്ടർമുഖേന അധികാരിയ്കും, ഈ വഴിയിലൂടെത്തന്നെ മടങ്ങി മഹാവിഷ്ണുവിന്റെ അരികേയും ഹരജി എത്തുമ്പോഴേയ്ക്ക്‌ രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് ചതുര്യുഗം കഴിയുമായിരുന്നു. പക്ഷെ ബ്രഹ്മാവും ഭൂമീദേവിയും മേപ്പടിയാപ്പീസുകളിലെ ക്ലാർക്കുമാരുടെ കാലുപിടിച്ചു കരഞ്ഞതുകൊണ്ട് കാര്യം ഒരുവിധം വേഗത്തിൽ കലാശിച്ചു. കൗണ്‍സിലുകളുടെ മദത്തെ ശമിപ്പിപ്പാൻ മഹാവിഷ്ണു ഉടനെ കമ്മീഷണർമാർ എന്ന പേരിൽ ചില കിങ്കരന്മാരെ അയക്കുന്നതാണെന്നും, അവരും അന്യായം പ്രവർത്തി

യ്ക്കുന്ന പക്ഷം, അവരെ കാച്ചുവാൻ സാക്ഷാൽ സുദർശനത്തെത്തന്നെ വിടുന്നതാണെന്നും ആയിരുന്ന കല്പനയുടെ ചുരുക്കം

ഇങ്ങിനെയാണ് കമീഷണർമാരുടെ ഉല്പത്തിയെപ്പറ്റി ബോബിലി പുരാണത്തിൽ കാണുന്നത്. ഇതൊക്കെ നിങ്ങൾ മനസ്സുണ്ടെങ്കെിൽ വിശ്വസിച്ചാൽ മതി. ഏതായാലും കമീഷണർമാർ അവതരിച്ചു. ഓരോ മുനിസിപ്പാലിറ്റിയിലും കമീഷണറും ചെയർമാനും, വസുന്ധരായോഗത്തിലെ ശനിയും ചൊവ്വയും നോക്കുന്നതുപോലെ, ആദ്യത്തെക്കയറ്റത്തിനുമുമ്പ് കൊത്തുകോഴികൾ നോക്കുന്നതുപോലെ, മരത്തിന്മേൽ കയറിയ പൂച്ചയും ചോടെ നില്ക്കുന്ന നായും നോക്കുന്നതുപോലെ “നീയാർ” “നീയാർ?,” എന്നു ചോദിയ്ക്കുന്ന രീതിയിൽ അതിസ്നേഹതേതാടുകൂടി പരസ്പരം നോക്കിത്തുടങ്ങി. അധികാരം രണ്ടുപേർക്കുമുണ്ട്.

“അച്ഛൻ കൊടുത്തൊരു മാല ബാലിക്കുമു-
ണ്ടച്യതൻ നല്കിക മാല സുഗ്രീവനും”

* * *

ഇതാണ് സംസ്ഥാനമൊട്ടുക്ക് പല ദിക്കിലും ഇപ്പോൾത്തന്നെ തുടങ്ങിയിരിയ്ക്കുന്ന കൗൺസിൽ-കമ്മീഷണർ മഹായുദ്ധത്തിന്റെ നാന്ദി.

19.8.1934)