നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-ഇത്രയും കൂടി
|
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി | |
---|---|
ഗ്രന്ഥകർത്താവ് | സിവിക് ചന്ദ്രൻ |
മൂലകൃതി | നിങ്ങളാരെ കമ്യൂണിസ്റ്റാക്കി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നാടകം |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 80 |
ഇത്രയും കൂടി
സിവിക് ചന്ദ്രന്‍
ക്ഷമിക്കണം. നാമാരെയും കമ്യൂണിസ്റ്റാക്കിയില്ല. നമ്മളൊട്ടായതുമില്ല- ഇങ്ങനെ ഒരൊററ വരിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ നാടകം രൂപപ്പെടാന്‍ തുടങ്ങി. ജനകീയ സംസ്ക്കാരികവേദിയുടെ നാളുകളില്‍ത്തന്നെ ഈ നാടകം മനസ്സിലുണ്ടായിരുന്നു. കിഴക്കന്‍ യൂറോപ്യന്‍ വസന്തങ്ങളുടേയും ചുവപ്പന്‍ റഷ്യയുടെ തന്നെയും പതനത്തെത്തുടര്‍ന്ന്, കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കുളള മറുപടിയായി പഴയതുപോലെ യാതൊരു മാറ്റവും കൂടാതെ അവതരിപ്പിക്കുന്നു എന്ന് പരസ്യം ചെയ്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ വീണ്ടും അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ ഈ പ്രതിനാടകം ചെയ്യുകതന്നെ എന്നുറപ്പിച്ചു. അങ്ങനെ തൃശൂരിര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ അര്‍ദ്ധരാത്രിയില്‍ തുറന്ന ആകാശത്തിനു കീഴില്‍ ആയിരങ്ങള്‍ക്കു നടുവിലിരുന്ന് ഒരിക്കല്‍ക്കൂടി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കണ്ടുകൊണ്ടിരുന്നപ്പോൾ ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്ന ശീര്‍ഷകം വീണുകിട്ടുകയായി.
ഒരു നാടകത്തെ, അതിന്റെത്തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ചു അഭിമുഖമായി നിര്‍ത്തുകയും അതിന്റെ ജന്മ ദൗത്യത്തിന്റെ നിന്നും മൗലികമായി വ്യത്യസ്തമായ ഒരു പ്രതിപാഠം ഉല്പാദിപ്പിക്കാനായി അപനിര്‍മ്മിതിക്ക് വിധേയമാക്കുകയും ചെയ്യുക. ഒരു പ്രതിനാടക (COUNTER PLAY) ത്തിന്റെ സ്വഭാവം ഇതാണ്. നാടകംതന്നെ അടിസ്ഥാനപരമായി ഒരു സംവാദമായതുകൊണ്ട്, മലയാളത്തില്‍ നാടകം വഹിച്ച ദൗത്യവും അതായതുകൊണ്ട് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യെ കേരളീയ സാമൂഹ്യ പരിണാമത്തിന്റെ ആത്മരേഖയായെടുത്ത് ഇടതുപക്ഷ പ്രസ്ഥാനത്തെ ഒരു സംവാദത്തിനു പ്രകോപിപ്പിക്കുക — അങ്ങനെ തിയ്യേറ്ററിലൊരു രാഷ്ട്രീയ സംവാദം എന്ന നിലയില്‍ ഈ പ്രതിനാടകം രൂപപ്പെടുന്നു.
തോപ്പില്‍ ഭാസി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ നാടകത്തിന്റെ ഒന്നും രണ്ടും കരടുരൂപങ്ങള്‍ തയ്യാറാക്കപ്പെട്ടിരുന്നു. എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുകളിലും പെട്ട ഏറെ ഇടതുപക്ഷ സുഹൃത്തുക്കളുടെ കൈകളിലൂടെ ആ കരടു രൂപങ്ങള്‍ കടന്നുപോയി. ഇതിനിടയിലാണ് പുന്നപ്ര-വയലാറിന്റെ സമരനായകന്‍ കെ.വി. പത്രോസിന്റെ അപൂര്‍ണ്ണമായെരു ജീവചരിത്രം വായിക്കാനിടയാകുന്നത്. അതോടെയാണ് കേരളത്തിലെ കലാപബോധത്തിന്റെ ഒരു മിത്ത് സൃഷ്ടിക്കുന്നതിലേക്ക് നയിക്കപ്പെടുന്നത്. മലയാളത്തിലെ ദലിത് പ്രമേയപരിണാമം എന്ന പേരില്‍ ഞാനെഴുതിയ ഒരു പാഠഭേദം ലേഖനവും ഈ കഥാപാത്ര രൂപകരണത്തിന് പശ്ചാത്തലമായി. ‘രണ്ടിടങ്ങഴി’ മുതല്‍ ‘ശേഷക്രിയ’യും ‘പ്രകൃതിനിയമ’വും വരെ ഏറെയേറെ സാഹിത്യരചനകള്‍. നാല്പതുകളിലേയും അമ്പതുകളിലേയും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഏറെയേറെ അനുഭവ സാക്ഷ്യങ്ങള്‍ - ഇവയിലൂടെ ഒരിക്കൽക്കൂടി കടന്നുപോയപ്പോള്‍ നാടകം മുഴുവനായി വെളിപ്പെട്ടു കിട്ടുകയായി.
അങ്ങനെ മൂന്നാമത്തെ പ്രാവശ്യം മാററിയെഴുതപ്പെട്ട രൂപമാണ് ‘ഇന്ത്യാ ടുഡേ’യുടെ സാഹിത്യ വാര്‍ഷികപ്പതിപ്പില്‍ (1995 ജനുവരി) പി.എസ്. ജോസഫിന്റേയും സുന്ദര്‍ഭാസിന്റേയും പ്രത്യേക താല്പര്യത്താല്‍ മുഴുവനായി പ്രസിദ്ധീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഏറെ സുഹൃത്തുക്കള്‍ നടകത്തേയും നാടകം ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിമര്‍ശനത്തേയും അടിസ്ഥാനമാക്കി സംവാദത്തിനു മുന്നോട്ടു വന്നു. എന്നാല്‍ ആറുമാസം കാത്തിരുന്നിട്ടും ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഗ്രൂപ്പോ അവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളോ വിമര്‍ശകരോ ഈ നാടകത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടിയില്ല എന്നതെന്നെ വേദനിപ്പിച്ചു. ഒരു ഗൂഢാലോചനയുടെ ഭാഗമെന്നോണം ഈ കൃതിയെ അവഗണിക്കുകയും ഒരു സംവാദത്തില്‍നിന്ന് ഇടതുപക്ഷത്തെ തടയുകയുമാണവര്‍ എന്നുറപ്പായി. അപ്പോഴാണ് തൃശൂരിലെ, തിയ്യേറററിലും രാഷ്ട്രീയത്തിലും ഒരേ പോലെ താല്പര്യമുള്ള സുഹൃത്തുക്കള്‍ ‘രംഗഭാഷ’ എന്ന ബാനറില്‍ നാടകമരങ്ങേറാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത്.
നാടകാവതരണത്തെക്കുറിച്ചുള്ള ആദ്യത്തെ അറിയിപ്പുണ്ടായപ്പോള്‍, കെ. പി. എ. സി. യും ഇടതുപക്ഷ നേതൃത്വവും പെട്ടെന്നാണ് പ്രകോപിതരായത്. മൂന്നു നാടകങ്ങള്‍കൊണ്ട് ഈ നാടകത്തെ നേരിടാനാണവര്‍ ഒരുങ്ങിയത്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം വീണ്ടുമവതരിപ്പിക്കാന്‍ തുടങ്ങിക്കൊണ്ട്, കണിയാപുരം രാമചന്ദ്രനെക്കൊണ്ട് ‘കമ്യൂണിസ്റ്റാക്കിയത് നിന്റെ തന്തയെ’ എന്ന നാടകമെഴുതിച്ചുകൊണ്ട്, നാടകത്തെ അടിസ്ഥാനമാക്കി നടക്കേണ്ടിയിരുന്ന സംവാദത്തെത്തന്നെ മറ്റൊരു ഫോര്‍മുല നാടകമാക്കിക്കൊണ്ട്. ഒരു മാസക്കാലത്തെ ഗ്വാഗ്വാ വിളികള്‍ക്കുശേഷം, എന്തോ, പീന്നീടവര്‍ ഏകപക്ഷീയമായി പിന്മാറുകയാണുണ്ടായത്.
‘രംഗഭാഷ’യും ഞാനും ഈ ഇടതുപക്ഷ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചത് വിവാദങ്ങളില്‍നിന്നു പിന്മാറൂ, സംവാദത്തിന് സന്നദ്ധമാകൂ എന്നാണ്. ‘നിങ്ങളെന്നെ കണ്യൂണിസ്റ്റാക്കി’ കേരളീയ സമൂഹത്തില്‍ ഒരു സംവാദം തുടങ്ങിവെയ്ക്കുകയായിരുന്നു. തോപ്പില്‍ ഭാസി പിന്നീട് ഉതേ നാടകത്തിനുതന്നെ ഒരു രണ്ടാം ഭാഗമെഴുതിയും (ഇന്നലെ, ഇന്ന്, നാളെ) മററുചില നാടകങ്ങളിലൂടെയും ഈ സംവാദത്തെ മുന്നോട്ടുകൊണ്ടുപായി. അദ്ദേഹം നിര്‍ത്തിയേടത്തുനിന്നു ഈ സംവാദത്തെ വികസിപ്പിക്കുകയാണ് ഈ നാടകം ചെയ്യുന്നത്. തോപ്പില്‍ ഭാസി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ ശ്രമത്തെ ഒരു സംവാദത്തിന്റെത്തന്നെ സ്പിരിറ്റിലെടുക്കുമായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവു’ മായി ബന്ധപ്പെട്ട് ആവിഷ്ക്കാര സ്വതന്ത്ര്യ കണ്‍വെണ്‍ഷനില്‍ പങ്കെടുക്കാനായി മാത്രം തൃശൂര്‍വരെ യാത്രചെയ്ത്, അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥികോര്‍ണറില്‍ ഊന്നുവടിയില്‍ നിന്നു പ്രസംഗിക്കുന്ന തോപ്പില്‍ ഭാസിയാണ് ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ മനസ്സിലുള്ളത്. ഇതുപൊലൊരു നാടകത്തിന്‍റെ ഉദ്ദേശശുദ്ധി അദ്ദേഹം തിരിച്ചറിയാതിരിക്കുമായിരുന്നില്ല…
‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അവതരിപ്പിക്കപ്പെടുന്നതിനു തൊട്ടുപിന്നാലെ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നാടകം രചിക്കപ്പെട്ടിരിക്കുന്നത്. ഈ നാടകത്തിന്റെ ആദ്യ അരങ്ങിനോടൊപ്പം അവതരിപ്പിക്കാന്‍ ആ നാടകം ക്ഷണിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുംകൂടി ഒരുമിച്ചവതരിപ്പിക്കുന്ന പ്രശ്നമേയില്ലെന്നു ശഠിച്ചു നില്ക്കുകയാണ് കെ. പി. എ. സി. രണ്ടു നാടകങ്ങളും ഒരേ വേദിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ എത്ര ആരോഗ്യകരമായ സംവാദമാകുമായിരുന്നു നടക്കുമായിരുന്നത്.
നാടകത്തിന്റെ അവതരണം തടയാനുള്ള സാങ്കേതിക വാദമുഖമായി അവരുന്നയിക്കുന്നത് ഈ നാടകത്തില്‍ അവരുടെ നാടകത്തില്‍നിന്നുളള ഏതാനും ചെറു ഭാഗങ്ങള്‍ ഉദ്ധരിക്കുന്നതാണ്. ഈ നാടകത്തില്‍ പല കൃതികളില്‍നിന്നുമുളള ഉദ്ധരണികള്‍ വരുന്നുണ്ട്. ഒരിടത്ത് കെ. ജി. ശങ്കരപിളളയുടെ കവിതാഭാഗവും മറ്റൊരു ഭാഗത്ത് സി. ആര്‍. പരമേശ്വരന്റെ കഥാഭാഗവും ഏതാണ്ടങ്ങനെത്തന്നെ വരുന്നു. ശംപ്ലോയി എന്ന പ്രയോഗം കുഞ്ഞുണ്ണിമാഷുടേതാണ്. ഒരു കൊടുങ്കാറ്റതാ കടന്നുപോകുന്നു. അത് പി. കൃഷ്ണപിളളയാണ് എന്ന പ്രസ്താവന കേശവദേവിന്റേതാണ്. കഥാപാത്രങ്ങളുടെ വായനാ സംസ്കാരത്തിന്റെ ഭാഗമായി വരുന്നതാണവ. നാടകത്തിന്നവലംബമാക്കുന്ന ചരിത്ര വസ്തുതകളെല്ലാം ഞാന്‍ നേരിട്ട് തന്നെ അനുഭവവിച്ചറിഞ്ഞതോ ഖനനം ചെയ്തെടുത്തതോ അല്ല. ഒരു പ്രതിനാടകത്തില്‍ അതിന്നടിസ്ഥാനമായ നാടകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നതില്‍ നിയമപരമല്ലാത്തതായി, ധാര്‍മ്മികമല്ലാത്തതായി യാതൊന്നുംതന്നെയില്ല.
കേരളത്തിന്റെ ചരിത്ര രൂപകരണത്തില്‍ പ്രധാന പങ്കു വഹിച്ചതെന്നവകാശപ്പെടുന്ന ഒരു കൃതിയുടെമേല്‍ ഗ്രന്ഥകാരനങ്ങനെ കേവല സാങ്കേതിക അവകാശങ്ങള്‍ ഉന്നയിക്കുന്നതും ശരിയാണോ? അത് വായനക്കാരന്റെ ജനാധിപത്യാവകാശങ്ങളുടെ നിഷേധമല്ലേ? ഒരു കൃതിയും അടഞ്ഞുകിടക്കുകയല്ല, ഒരു പൂര്‍ണ്ണ വിരാമവുമല്ല. ഒരു കൃതിയുടേയും മേല്‍ കുത്തകാവകാശവുമായി എഴുത്തുകാരനിപ്പോള്‍ ചടഞ്ഞുകിടക്കാറുമില്ല. എഴുതപ്പെട്ടുകഴിയുമ്പോള്‍ എഴുത്തുകാരന്‍ പിന്മാറുകയാണ്, വായനക്കാരുടെ ഊഴമാരംഭിക്കുകയും. കൂടുതല്‍ കൂടുതല്‍ വ്യത്യസ്ത പാഠങ്ങള്‍ സാദ്ധ്യമാകുമ്പോള്‍ ആ കൃതിയുടെ മികവ് പ്രഖ്യാപിക്കപ്പെടുകയാണ്. ആ അര്‍ത്ഥത്തിലാണ് ഊ നാടകം തോപ്പില്‍ ഭാസിക്കുളള പ്രണാമമാകുന്നത്.
അല്പം ധൃതിപിടിച്ചാണ് ഈ നാടകം ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്നത്. അവതരണത്തിനു മുമ്പേയുള്ള തടസ്സവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളുമില്ലായിരുന്നുവെങ്കില്‍ അവതരണത്തിനുശേഷം പ്രേക്ഷകരുടെ പ്രതികരണവുംകൂടി കണക്കിലെടുത്ത് ഇത്തരമൊരു നാടകം സങ്കല്പിക്കാനും ആവിഷ്കരിക്കാനും വിവാദങ്ങളില്‍ പ്രകോപിതനാവാതെ ഉറച്ചുനില്ക്കാനും എന്നെ സഹായിച്ചത് ഞാനൊരു മുരിക്കുങ്ങല്‍ക്കാരനാണ് എന്ന ഓര്‍മ്മയാണ്. കൊടരക്കടുത്തുള്ള മുരിക്കുങ്ങൽ എന്ന ദലിത് — കമ്യൂണിസ്റ്റ് ഗ്രാമത്തിലായിരുന്നു എന്‍റെ ബാല്യവും കൗമാരവും. അവിടത്തെ നിരക്ഷരരായ സഖാക്കള്‍ — അച്യുതമേനോനും ചാത്തന്‍ മാസ്റ്റര്‍ക്കും വേണുവിനും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ അഭയം നല്കിയവര്‍ — എന്‍റെ തുണിത്തൊട്ടിലില്‍നിന്നേ കമ്യൂണിസ്റ്റ് മുദ്രാ വാക്യങ്ങള്‍ പ്രതിധ്വനിപ്പിച്ചവരാണ്. ഒരു മുരിക്കുങ്ങല്‍കാരന്‍ ആയിരുന്നില്ലായെങ്കില്‍ ഊ നാടകമെഴുതാന്‍ എനിക്കാവില്ലായിരുന്നു. അതുകൊണ്ട് മുരിക്കുങ്ങലിലെ ദലിത് സഖാക്കള്‍ക്ക് സ്നേഹാദരങ്ങളോടെ ഈ നാടകം.
ഒരു നാടകത്രയത്തിലാദ്യത്തേതായാണ് ഊ നാടകമിറങ്ങുന്നത്. തുടര്‍ന്നുവരുന്നത് വി. ടി. ജന്മശതാബ്ദിയോടനുബന്ധിച്ച് ഈ നാടകത്തന്‍റെ പ്രമേയം മുന്നോട്ടു കൊണ്ടുപോകുന്ന മറ്റൊരു നാടകമാണ് അനന്തരം വി. ടി. ക്ക് എന്തു സംഭവിച്ചു എന്നും വി. ടി. യും ഗുരുവും അയ്യങ്കാളിയും നേതൃത്വം നല്കിയ സാമൂഹ്യ നവേത്ഥാനത്തെ ഇടതുപക്ഷം എന്തു ചെയ്തുവെന്നും പരിശോധിക്കുന്നതാണ് ഈ നാടകം. വി. ടി. യും ഇ. എം. എസ്സും പ്രധാന കഥാപാത്രങ്ങളാവുന്ന ഊ നാടകത്തില്‍ ഇവരിരുവരേയും ബന്ധിപ്പിക്കുന്ന ‘അടുക്കളയില്‍ നിന്നരങ്ങത്തേക്ക് എന്ന നാടകം പശ്ചാത്തലമായി വരുന്നുണ്ട്. ഇതിന്നിടയിലാണ് എഴുപതുകളില്‍ സംഭവിച്ചത് എന്ന നാടകം വരുന്നു. എഴുപതുകളുടെ രാഷ്ട്രീയത്തെ സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുകയാണാ നാടകം.
തീര്‍ച്ചയായും നാടകത്രയത്തിലാദ്യത്തേത് എന്ന നിലയിലും മറ്റൊരു രചനയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്നത് എന്ന നിലയിലും ഈ നാടകത്തിന് അതിന്‍റേതായ പരിമിതികളുണ്ട്. എങ്കിലും ഈ നാടകത്തിന് അതിന്റേതായ ഇടം മലയാളത്തിലുണ്ടാവാം എന്ന ആശയോടെ ആദ്യ അരങ്ങിനോടെപ്പംതന്നെ ഈ നാടകകൃതി നിങ്ങളുടെ വായനാ മുറിയിലെത്തിക്കുകയാണ്.
ഈ നാടകത്തിനെതിരെ കണിയാപുരം എഴുതിത്തുടങ്ങിയിരിക്കുന്ന നാടകത്തിന്‍റെ പ്രമേയമോര്‍മ്മിച്ചുകൊണ്ട് പറയട്ടെ, തറവാടി കമ്യൂണിസത്തിനു നേരെ ഉയര്‍ത്തുന്ന ജാരപുത്രന്‍റെ ചൂണ്ടുവിരലാണിത്. ഒരു ചൂണ്ടുവിരല്‍ മററുളളവര്‍ക്കു നേരെ ഉയര്‍ത്തുമ്പോള്‍ മററു നാലു വിരലുകള്‍ സ്വന്തം നെഞ്ചിനുനേരെ തന്നെയാണ് എനിക്കു നന്നായറിയാം. ഒട്ടും ആഹ്ലാദത്തേടെയല്ല, അത്യന്തം ദുഃഖത്തോടെ. ഇങ്ങനെ ഇതുപോലൊരു രചന — ഇതൊരു സ്വയം പോസ്റ്റ്മാര്‍ട്ടമാകുന്നു. നിങ്ങള്‍ക്കിത് എങ്ങനെ അനുഭവപ്പെട്ടെന്നറിയാന്‍ താല്പര്യമുണ്ട്. ഈ സംവാദത്തില്‍ നിങ്ങളും ഇടപെടുമെന്നാശിക്കുന്നു.
സിവിക് ചന്ദ്രന്‍
|