close
Sayahna Sayahna
Search

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം അഞ്ച്


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

രംഗം : അഞ്ച്

വൃദ്ധന്‍ : മോളെ, നിനക്കറിയാമോ? കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം ആദ്യമായി നടത്തിയ സമരം കൂലികൂടുതലിനോ ജോലിസ്ഥിരതക്കോ മാത്രമായിരുന്നില്ല. തൊഴില്‍ സദാചാരത്തിനു വേണ്ടിക്കൂടിയായിരുന്നു. കയററുപായയുടെ ഇഴകളില്‍ മായം ചേര്‍ക്കാന്‍ ഞങ്ങള്‍ മുതലാളിക്കു കൂട്ടുനിന്നില്ല. പിന്നീടു തെഴിലാളികളുടെ അവകാശ പത്രികയില്‍ ഞങ്ങള്‍ എഴുതിച്ചേര്‍ത്തു — പ്രായപൂര്‍ത്തി വോട്ടവകാശം, ഉത്തരവാദിത്വ സ്വയം ഭരണം!

ഭാരതി : ങ്ആ — സഖാവിന്നാള്‍ ജ്വാലാഗിരിയില്‍, വ്യവസായത്തൊഴിലാളികളുടെ ടൌണ്‍ഷിപ്പില്‍.

വൃദ്ധന്‍ : (നെടുവീര്‍പ്പോടെ) ഒരിക്കലും ആ ജ്വാല അണയില്ലെന്ന് സഖാവ് കൃഷ്ണപിളള പറയുമായിരുന്നു.

കോറസ് : ഒരു കൊടുങ്കാററതാ കടന്നുപോകുന്നു; — അത് സ. കൃഷ്ണപിളളയാണ്.

രണ്ടാമന്‍ : ‘അതുകൊണ്ടാണു പത്രോസേ, നീയാകുന്ന പാറമേല്‍ നാം നമമുടെ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നത്.‌’

വൃദ്ധന്‍ : കടപ്പുറത്ത് മീന്‍ പിടിച്ചുനടന്നിരുന്ന എന്നെ സഖാവ് മനുഷ്യരെ പിടിക്കുന്നവനാക്കി.

മൂന്നാമന്‍ : കരിങ്കല്ലില്‍നിന്ന് ഇങ്ങനെയാണ് ശില്പങ്ങള്‍ കൊത്തിയെടുക്കുന്നത്.

ഭാരതി : സഖാവിന്റെ മരണ സമയത്തുണ്ടായിരുന്നോ?

വൃദ്ധന്‍ : ചിമ്മിനിവെട്ടത്തില്‍ സഖാവ് എഴുതുകയായിരന്നു.

കോറസ് : വിമര്‍ശനമുണ്ട്. പക്ഷേ, സ്വയം വിമര്‍ശനമില്ല.

(കോടികളെല്ലാം സര്‍പ്പങ്ങളാവുന്ന പ്രതീതി. പാമ്പാട്ടിയുടെ കുഴല്‍വിളി. ) കോറസ് : ഒരു കൊടുങ്കാററതാ കടന്നുപോകുന്നു; — അത് സ. കൃഷ്ണപിളളയാണ്.

രണ്ടാമന്‍ : ‘അതുകൊണ്ടാണു പത്രോസേ, നീയാകുന്ന പാറമേല്‍ നാം നമമുടെ പ്രസ്ഥാന കെട്ടിപ്പടുക്കുന്നത്.‌’

വൃദ്ധന്‍ : കടപ്പുറത്ത് മീന്‍ പിടിച്ചുനടന്നിരുന്ന എന്നെ സഖാവ് മനുഷ്യരെ പിടിക്കുന്നവനാക്കി.

മൂന്നാമന്‍ : കരിങ്കല്ലില്‍നിന്ന് ഇങ്ങനെയാണ് ശില്പങ്ങള്‍ കൊത്തിയെടുക്കുന്നത്.

ഭാരതി : സഖാവിന്റെ മരണ സമയത്തുണ്ടായിരുന്നോ?

വൃദ്ധന്‍ : ചിമ്മിനിവെട്ടത്തില്‍ സഖാവ് എഴുതുകയായിരന്നു.

കോറസ് : വിമര്‍ശനമുണ്ട്. പക്ഷേ, സ്വയം വിമര്‍ശനമില്ല.

(കോടികളെല്ലാം സര്‍പ്പങ്ങളാവുന്ന പ്രതീതി. പാമ്പാട്ടിയുടെ കുഴല്‍വിളി. മയങ്ങിവീഴുന്ന കൃഷ്ണപിളള.)

കൃഷ്ണപിളള : (മയക്കത്തിനിടയില്‍) എന്റെ കണ്ണില്‍ ഇരുട്ടു വ്യാപിച്ചു വരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളേ, മുന്നോട്ട് ലാല്‍സലാം. (തളര്‍ന്നുവീഴുന്നു)

വൃദ്ധന്‍ : പിന്നീട് ചെങ്കൊടികൊണ്ട് കൃഷ്ണപിളളയെ പുതപ്പിച്ച് എടുത്തുകാണ്ടുപോയി രക്തസാക്ഷി മണ്ഡപത്തില്‍ കിടത്തുന്നു. തുടര്‍ന്ന് പൂക്കള്‍ വാരിവിതറുകയും കൃഷ്ണപിളളയുടെ ഫോട്ടോ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുകയും ചെയ്യുന്നു.‍‍)

കോറസ് : നൂറു പൂക്കളേ നൂറുനൂറു പൂക്കളേ.

ലാല്‍ സലാം, ലാല്‍ സലാം, ലാല്‍ സലാം സഖാക്കളെ…

ഭാരതി : ചേച്ചി എത്തിയപ്പോഴേക്കും വിലാപയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നല്ലോ. പാവം, ഭര്‍ത്താവിനെ കണ്ടിട്ട് ആറുമാസമായിരുന്നു. ഭര്‍ത്താവിനെ അവസാനമായൊന്ന് ഉമ്മവയ്ക്കാന്‍ പോലും ചേച്ചിക്കു കഴിഞ്ഞില്ല.

വൃദ്ധന്‍ : ഇല്ല, ഇല്ല, ഈ ഏലിയാസെങ്കിലും വിശ്വസിക്കുന്നില്ല. സഖാവ് കൃഷ്ണപിളള മരിച്ചെന്ന്.

കോറസ് : നൂറു പൂക്കളേ, നൂറുനൂറു പൂക്കളേ. ലാല്‍സലാം, ലാല്‍സലാം, ലാല്‍സലാം, സഖാക്കളെ…

ഭാരതി : പിന്നീടാണല്ലോ പാര്‍ട്ടിയില്‍നിന്നും പുറത്തുപോകേണ്ടിവന്നത്. അംഗത്വം പുതുക്കിയില്ല എന്നൊരു സാങ്കേതിക കാരണവും.

വൃദ്ധന്‍ : പ്രസ്ഥാന സ്ഥാപനമായി ജീര്‍ണിച്ചളിയുന്നതുവരെ ഞാന്‍ കാത്തുനിന്നില്ല. പാര്‍ട്ടിയില്‍ തുടര്‍ന്നെങ്കില്‍ ‘ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പനെപ്പോലെ ഞാനുമൊരു റോമാന്റിക് റെവല്യൂഷണറിയായി അധഃപതിക്കുമായിരുന്നു. (പോസ്) കൊച്ചുനാണുവിനെ മാത്രമല്ല, അവന്റെ അച്ഛനേയും താങ്ങാനുള്ള കരുത്ത് കുടിലിനു പിന്നിലെ മാവിൻ ശിഖരത്തിനും അതില്‍ തൂങ്ങുന്ന ഊഞ്ഞാല്‍ കയറിനും ഉണ്ടെന്ന് അനുഭവിച്ചറിയുമായിരുന്നു. (നെടുവീര്‍പ്പ്) ഒരു ഭാഗത്ത് പാതി വേവിച്ച കോഴിമുട്ടകള്‍, മറുവശത്ത് വേവാത്ത മരച്ചീനിക്കിഴങ്ങുകള്‍, ഇങ്ങനെ പാര്‍ട്ടിക്കുള്ളിലെ വര്‍ഗസമരം നടക്കുന്നു.

കോറസ് : വോള്‍ഗ തന്‍ തടങ്ങളില്‍…

ലാല്‍സലാം, ലാല്‍സലാം, ലാല്‍സലാം, സഖാക്കളെ…

വൃദ്ധന്‍ : നിനക്കറിയാമോ മോളേ, കണ്യൂണിസ്ററ് നേതാക്കള്‍ക്കു സംഭവിച്ചുപോയ മാററങ്ങള്‍? ഉച്ചയുറക്കം; മദ്യപാനം; പെര്‍ഫ്യൂം; കിടക്കച്ചായയോടൊപ്പം ബുള്‍സൈ!

ഭാരതി : ങ്ആ, ജ്വാലാഗിരിയില്‍ പോയ കഥ പറഞ്ഞില്ലല്ലോ.

വൃദ്ധന്‍ : കയര്‍ ചവുട്ടിയും തലയിലേററി ചുവപ്പന്‍ കമ്യൂണിലേക്കു പോയതായിരുന്നു. കനത്ത സെക്യൂരിററി. നോ അഡ്മിഷന്‍. വൈകുംവരെ ഒഴിഞ്ഞ വയറുമായി ഗിരിക്കു മുകളില്‍ ജ്വാലകള്‍ പൂക്കുന്നതും നോക്കിനിന്നു. കൃത്യം അഞ്ചടിച്ചപ്പോള്‍ ടൌണ്‍ഷിപ്പിലേക്കുളള വാതിലുകള്‍ തുറക്കുകയായി. ബൈക്കുകളിലും സ്കൂട്ടറുകളിലുമായി, നഷ്ടപ്പെടാന്‍ കൈവിലങ്ങല്ലാതെ മറ്റൊന്നുമില്ലാത്തവര്‍, ക്വാര്‍ട്ടേഴ്സുകളിലേക്കു കുതിക്കുകയായി.

ഭാരതി : ​എം. എസ്സ്. സി. മാത്‌സ് ഡിസ്ററിംഗ്ഷനോടുകൂടി പാസായ വാമഭാഗങ്ങള്‍ ബുള്‍സൈയുമായി കാത്തിരിക്കുകയാണല്ലോ അവിടെ.

വൃദ്ധന്‍ : തീന്‍മേശിയില്‍ കത്തിയും മുളളും ഒതുക്കിവെച്ചതിനുശേഷം പ്രണയിനിയെ പിറകിലിരുത്ത് ബൈക്കില്‍, വിപ്ളവത്തിന്റെ മുന്നണിപ്പോരാളികള്‍ നേരെ ക്ലബ്ബിലേക്ക്. ക്ലബ്ബില്‍ ഒരു പോളിഷോ ജര്‍മ്മനോ ഫിലിം (നിമിഷങ്ങള്‍ക്കുശേഷം) മോളെ, അധഃസ്ഥിതന്റേതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. ഉരിയരിപോലും കിട്ടാനില്ല പൊന്നു കൊടത്താലും, ഉദയാസ്തമയം പീടിക മുമ്പില്‍ നിന്നു നരച്ചാലും.

(കോറസ് പാടുന്നു)

ഉരിയരിപോലും കിട്ടാനില്ല പൊന്നുകൊടുത്താലും
ഉദയാസ്തമയം പീടിക മുമ്പില്‍ നിന്നു നരച്ചാലും…

വൃദ്ധന്‍ : അങ്ങനത്തെ കാലത്ത് അരി തരാത്ത പണി തരാത്ത തുണി തരാത്ത വ്യവസ്ഥയ്ക്കെതിരെ കെട്ടിപ്പടുത്ത ഗോപുരമായിരുന്നു ആ പാര്‍ട്ടി.

കോറസ് :

അരി തരാത്ത പണി തരാത്ത തുണി തരാത്ത ഭരണമേ
അരി തരാത്ത പണി തരാത്ത തുണി തരാത്ത ഭരണമേ
അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍

വേണ്ടത് ഉത്തരവാദിത്ത സ്വയം ഭരണം.

പ്രായപൂര്‍ത്തിവോട്ടവകാശം.

ഇന്‍ക്വിലാബ് ഇന്‍ക്വിലാബ് ഇന്‍ക്വിലാബ് സിന്ദാബാദ്…

(മറ്റൊരു സംഘം ഗോപാലനേയും ആനയിച്ച് പ്രകടനമായി വരുന്നു)

അമരന്മാര്‍ അമരന്മാര്‍
രക്തസാക്ഷികളമരന്മാര്‍
ധീരാവീരാ ഗോപാലാ‌, ധീരതയോടെ നയിച്ചോളൂ…
സ. ഗോപാലന്‍ കീ. ജയ്!

(ഇരു സംഘങ്ങളും പ്രകടനമായി ചേര്‍ന്ന് നടന്നുമറയുന്നു)

വൃദ്ധന്‍ : (കൃഷ്ണപിളളയുടെ ഫോട്ടോ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അധഃസ്ഥിതന്റേതായിരുന്നു കമ്യൂണിസ്ററ് പാര്‍ട്ടി. ഉരിയരി പോലും കിട്ടാനില്ലാ പൊന്നു കൊടുത്താലും, ഉദയാസ്തമയം പീടിക മുമ്പില്‍ നിന്നു നരച്ചാലും — അങ്ങനത്തെ കാലത്ത് അരി തരാത്ത, പണി തരാത്ത, തുണി തരാത്ത വ്യവസ്ഥിക്കെതിരെ കെട്ടിപ്പടുത്ത ഗോപുരമായിരുന്നു ആ പാര്‍ട്ടി. (പോസ്) ആലപ്പുഴയിലെ തോഴിലാളികളെക്കുറിച്ചോര്‍ക്കുകയാണ്. പുലര്‍ച്ചക്ക് ചാക്കു പുതച്ച് ചുട്ടുമിന്നിച്ച്. കമ്പനിയിലേക്കോടുന്നു. രാത്രിയാകുമ്പോഴാണു കൂലികിട്ടുന്നത്. മുതലാളിക്കു സ്വന്തമായ ബാര്‍ബര്‍ഷാപ്പു വരെയുണ്ട്. മുപ്പുകാശ്, ശീലക്കാശ്, വെച്ചുകാണല്‍, ഷോഡതി, ധര്‍മ്മാവ്, കടമ്പാററ്, ഗുസ്തി, നാടകം… എല്ലാ പിടുത്തവും കഴിച്ച് ഏതാണ്ട് പകുതി കൂലിയാണു കിട്ടുക. അതും പീടികയിലേക്കുളള ചീട്ടായി.

ഭാരതി : നമ്മുടെ ജ്വാലാഗിരിയിലെ ശുക്ര നക്ഷത്രങ്ങള്‍, ഓഫീസുകളിലെ പേനയുന്തികള്‍, സ്കൂളുകളിലേയും കോളേജുകളിലേയും ഒണക്ക വാദ്ധ്യാന്മാര്‍… ഡയറി സഖാക്കള്‍…ഇവരെല്ലാം ഈ ഭൂതകാലം ഓര്‍മ്മിക്കുന്നുവോ?

വൃദ്ധന്‍ : നിനക്കോര്‍മ്മയുണ്ടോ, ജയിലില്‍ നിന്നിറങ്ങി ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്ന ദിവസം?

ഭാരതി : ചുവന്ന അരക്കയ്യന്‍ ഷര്‍ട്ട്, കാക്കി നിക്കര്‍, ആണിരോഗം പിടിപെട്ടതിനുമുമ്പേ എനിക്കാ രൂപം കാണാപ്പാഠമായിരുന്നു. അല്പം ചുമയും വലിവുമാണ് കണ്ടപ്പോള്‍ പുതുതായി തോന്നിയത്.

വൃദ്ധന്‍ : അമ്മയില്‍നിന്ന് പാരമ്പര്യമായി കിട്ടിയതാണ് അല്പം ചുമയും വലിവും.

ഭാരതി : സഖാവിന്റെ അമ്മയെ എ. കെ. ജി. ഗോര്‍ക്കിയുടെ അമ്മയോട് താരതമ്യപ്പെടുത്തുകയുണ്ടായിട്ടുണ്ടല്ലോ.

വൃദ്ധന്‍ : കൃഷ്ണപിളള, കെ. ദാമോദരന്‍, സുഗതന്‍, ഉണ്ണിരാജാ, മിക്കവാറും എ. കെ. ജി, ചിലപ്പോള്‍ ഇ. എം. എസ്. — ഇവരെല്ലാം ഞങ്ങളുടെ ഓലക്കൂരയിലെത്തുമായിരുന്നു. അലുമിനിയം പാത്രത്തില്‍ അമ്മ വിളമ്പുന്ന കപ്പപ്പുഴുക്കും ചമ്മന്തിയും പാലില്ലാ ചായയും അവര്‍ക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു.

ഭാരതി : ഞങ്ങളുടെ വീട്ടില്‍ വെച്ചായിരുന്നല്ലോ സഖാവ്, അമ്മിണിച്ചേച്ചിയെ വീണ്ടുമോര്‍ക്കുന്നത്.

(ഭ്രാന്തു പിടിച്ചൊരു സ്ത്രീ — അമ്മിണി — ഉയര്‍ന്ന തലത്തിലെത്തുന്നു. വൃദ്ധന്‍ അവരെ ശ്രദ്ധിക്കുന്നില്ല)

വൃദ്ധന്‍ : ഞാനവളെ മറന്നിരുന്നു. ചെറുപ്പത്തിലെപ്പോഴോ ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, നെട്ടോട്ടങ്ങൾക്കിടയില്‍ ആ ബന്ധം ഓര്‍മ്മകളില്‍ പോലും നിലനിര്‍ത്താനായില്ല. ഒടുവില്‍ ജീവിതത്തിന്റെ അന്ത്യമായി എന്നു നിശ്ചയിച്ച് ആലപ്പുഴയില്‍ തിരിച്ചെത്തിയപ്പോള്‍, മാലയുടെ വീട്ടില്‍ വന്നപ്പോഴാണറിയുന്നത് — ഇപ്പോഴും എന്റെ പേര്‍ ജപിച്ചുകൊണ്ടൊരു പെണ്‍കുട്ടി.

അമ്മിണി : (ഉയര്‍ന്ന തലത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഹ..ഹ..ഹ (താളത്തില്‍) പെണ്‍കുട്ടി — ആണ്‍കുട്ടി — പെണ്‍കുട്ടി — ആണ്‍കുട്ടി — അവര്‍ക്കിടയിലൊരു കണ്ണാടിപ്പുഴ — ഹ..ഹ..ഹ (പാടുന്നു)

പുല്ലൊണങ്ങണതാലയ്ക്ക്
എള്ളൊണങ്ങണതെണ്ണയ്ക്ക്
ഏനൊണുങ്ങണതാര്ക്ക്
കോലത്തോരുടെ പളളയ്ക്ക്.

വൃദ്ധന്‍ : (സ്വാഗതം) ഭ്രാന്താസ്പത്രിയില്‍ ചെന്ന് ഞാനവളെ കാണുമ്പോള്‍, ഹൊ! മലത്തിലും മൂത്രത്തിലും രക്തത്തിലും കുഴഞ്ഞ് ഏതോ ഒരു ജീവി…

(വൃദ്ധന്‍ ഉയര്‍ന്ന തലത്തില്‍ ചെന്ന് അമ്മിണിയെ കാണുന്നു. അമ്മിണി ഉന്മാദാവസ്ഥയില്‍ തന്നെയാണ്.)

അമ്മിണി : <poem> ആര്ക്ക് വെയ്ക്കണം, ആര്ക്ക് വെയ്ക്കണം കോതമ്പം നാരങ്ങ പടയ്ക്ക് പോയ നായന്മാരുടെ

പടിയ്ക്കെ വെയ്ക്കണം കോതമ്പം നാരങ്ങ — ഹഹഹ

(വൃദ്ധന്‍ അവളെക്കണ്ട് ആശ്ചര്യപ്പെടുന്നു. നിമിഷങ്ങള്‍ കഴിഞ്ഞ് അയാളവളെ വിളിച്ചു)

വൃദ്ധന്‍ : അമ്മീണീ…

(അമ്മിണി പക്ഷേ, വിളി കേള്‍ക്കുന്നില്ല. വീണ്ടും വീണ്ടും വളിച്ചിട്ടും ഒരു ഭാവമാററവും അവളില്‍ കാണുന്നില്ല.)

വൃദ്ധന്‍ : അമ്മിണീ… ഇതു ഞാനാണ്…നിനക്കെണെ മനസ്സിലായില്ലേ?‍ (പലവട്ടം ഇങ്ങനെ ചോദിക്കുന്നുണ്ട്. അവസാനം അവളൊന്നു തലയുയര്‍ത്തി നോക്കി)

വൃദ്ധന്‍ : പത്രോസിനെ നീ മറന്നോ…?

അമ്മിണി : (ചാടിയെഴുന്നേററ്) പത്രോസ്…പത്രോസ്…(ഓര്‍മ്മകളില്‍ നിന്ന്) അയാളിനി വരുമോ?…എന്നെ മറന്നിട്ടുണ്ടാവില്ലേ?

വൃദ്ധന്‍ : അമമിണീ, ഇതു ഞാന്‍ തന്നെയാണ്. പത്രോസ്…

(അവള്‍ പതുക്കെപ്പതുക്കെ അയാളെ കയ്യില്‍ മുറുകെ പിടിക്കുന്നു)

അമ്മിണി : എന്റെ രോഗം മാറി. എന്റെ രോഗം മാറി… എന്നെയൊന്നു കൊണ്ടുപോകൂ… ഈ നരകത്തില്‍ നിന്നൊന്നു കൊണ്ടുപോകൂ… കൊണ്ടുപോകൂ… (അയാള്‍ അവളെയും കൂട്ടി രംഗത്തൊരിടത്തിരുന്നു ശുശ്രൂഷിക്കുന്നു)

ഭാരതി : ഒരു പക്ഷേ, സഖാവ് ചെയ്തിട്ടുള്ള ഏററവും വലിയ പുണ്യ കൃത്യം ഇതാകാം. അമ്മിണിച്ചേച്ചിയേ ഇരുപത്തിനാലു മണിക്കൂറും ശുശ്രൂഷിച്ച് സാധാരണ നിലയിലാക്കിയല്ലോ. ഒരു മുന്നു മാസമെങ്കിലും സഖാവ് കട്ടിലില്‍ ചാരിയിരുന്നൊന്ന് മയങ്ങിയിട്ടുണ്ടെങ്കില്‍ അത്രയായി.

അമ്മിണി : (ആരെയോ കണ്ട് പെടിച്ചൊടുന്നു) അയ്യോ, പോലീത്ത്…

(രണ്ടു പേരെന്തോ സംസാരിച്ചുകൊണ്ടു പോകുന്നു. വൃദ്ധനും ഭാരതിയും ചേര്‍ന്നു അമ്മിണിയെ പിടിച്ചിരുത്തി ശുശ്രൂഷ തുടരുന്നു.)

അമ്മിണി : ദാ; ദാ; നേതാവ് — (പേടിച്ചോടുന്നു. വീണ്ടും രണ്ടുപേര്‍ സംസാരിച്ചു നീങ്ങുന്നു. വൃദ്ധനും ഭാരതിയും വീണ്ടും അമ്മിണിയെ പിടിച്ചിരുത്തി ചികിത്സ തുടരുന്നു)

അമ്മിണി : വരണ്, മാഷ്, മാഷ്, — (ഓടുന്നു. മററു രണ്ടുപേര്‍ സംസാരിച്ചു കൊണ്ടുപോകുന്നു. വൃദ്ധന്‍ വീണ്ടും അമ്മിണിയെ പിടിച്ചിരുത്തി ശുശ്രൂഷിക്കുന്നു)

ഭാരതി : ബോധാബോധങ്ങളുടെ വേലിയേററത്തിനും ഇറക്കത്തിനുമിടയില്‍ ചേച്ചി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ഒരു പോലീസുകാരനെ, നികുതിപിരിവുകാരനെ, ഗ്രാമസേവകനെ, സ്കൂള്‍ മാഷെ, ഡോക്ടറെ, എഞ്ചിനീയറെ, വെളളയോ കാക്കിയോ ഉടുപ്പിട്ട ആരെ കണ്ടാലും അമ്മിണിച്ചേച്ചി ഞെട്ടുകയായി.

വൃദ്ധന്‍ : ഒരു നാടന്‍ നായ്ക്കു് പോലുമുള്ള അന്തഃജ്ഞാനമാണിത് — ഒരു കുററവാളിയെ തിരിച്ചറിയുക. ഓരോരുത്തരെ കാണുമ്പോഴും അവള്‍ മുന്നറിയിപ്പ് നല്കുകയാണ് — അതു രാഷ്ട്രീയക്കാരന്‍, അതാ ശാസ്ത്രജ്ഞന്‍, അതാ സര്‍ക്കാരുദ്യോഗസ്ഥന്‍ — സൂക്ഷിക്കുക. അവള്‍ സാധാരണക്കാരെപ്പാലെ നോര്‍മലാകാതിരിക്കട്ടെ.

അമ്മിണി : (വിവിധ ഭാഗങ്ങളിലായി വ്യത്യസ്ഥ മനുഷ്യരെക്കണ്ട് ഓടി പോകുന്നു)

അയ്യോ, വൈശ്യര് — ദാദാ, പോലീത്ത് — ങ ങ ങാ — പോ പോല്‍ത്തേ, ഇത്തിരി ഒണക്ക കെഴങ്ങൊളളത് ചുട്ടുതിന്നാന്‍ നോക്കുമ്പോ, പൊല്‍ത്ത് ഒളിഞ്ഞു നോക്ക്ണോ, പോ പോ പോല്‍ത്തേ…

ഭാരതി : കൊല്ലന്റെ വളപ്പിലെ മുയലിന്റേതു പോലുള്ള ആ ജീവിതം! ഓരോ തവണ കൂടം ഇരുമ്പിലടിക്കുമ്പോഴും ഞെട്ടി ഞെട്ടി…

(കോറസ് അമ്മിണിയേയുംകൂട്ടി പോകുന്നു)