close
Sayahna Sayahna
Search

ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു


ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

ഇന്നത്തെ തപാലിലാണ് അതു കിട്ടിയത്. ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറിക്കു വേണ്ടി ടേണ്‍ ഓഫ് സെഞ്ചറി മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി (ടി.ഒ.സി.) തയ്യാറാക്കിയ മാര്‍ക്കറ്റ് സര്‍വേ റിപ്പോര്‍ട്ടിന്റെ കരടുപതിപ്പ്.

ടി.ഒ.സി.യില്‍ മാര്‍ക്കറ്റ് അനലിസ്റ്റായ മരുമകന്‍ വിനീത് മേനോന്‍ (വീട്ടില്‍ ഉണ്ണിയെന്ന് വിളിക്കും) എനിക്ക് അയച്ചുതന്നതാണ് അത്.

എന്റെ എഴുപതാം പിറന്നാളിന് വന്നപ്പോഴായിരുന്നു എന്നു തോന്നുന്നു കളി കഴിഞ്ഞ് മുറിയിലേക്ക് കയറിച്ചെല്ലവേ, എന്നെ നോക്കി ഉണ്ണി ചോദിച്ചത്: “ഓഹോ...അമ്മാവന്‍ ഇപ്പോഴും ഹരിതാഭതന്നെയാണോ തേക്കുന്നത്?”

“ഉം? എന്തേ?” ചോദ്യത്തിനു പിന്നില്‍ ഉണ്ണി എന്തോ ഒളിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി.

“ഹരിതാഭ പൂട്ടാന്‍ പോകുകയാണ് അമ്മാവാ...അമ്മാവന്‍ അറിഞ്ഞില്ലേ?” എന്നിട്ട് മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെ നോക്കി ഉണ്ണി തുടര്‍ന്നു: “ഞങ്ങളായിരുന്നു കഴിഞ്ഞ മാര്‍ക്കറ്റ് സര്‍വേ. റിപ്പോര്‍ട്ട് ഡ്രാഫ്റ്റ് ചെയ്തത് ഞാനാ...എ.ജി.എമ്മില്‍ റിപ്പോര്‍ട്ട് പ്ലേസ് ചെയ്തപ്പോള്‍ വലിയ ബഹളം നടന്നെന്ന് കേള്‍ക്കുന്നു. ഒടുവില്‍ കമ്പനി പൂട്ടാന്‍ തീരുമാനിച്ചു. പണ്ടത്തെ അടിപൊളി ബ്രാന്‍ഡാണെന്നു പറഞ്ഞ് പുതിയ ജയന്റ്സിനു മുന്നില്‍ ഈ ഒരൊറ്റ പ്രോജക്ടുകൊണ്ട് എത്ര കാലമാ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത്?”

കേട്ടത് ഒരു മരണവാര്‍ത്തപോലെ എനിക്കു തോന്നി. ഇല്ലിക്കാട് കടവിലെ അലക്കുകല്ലിനു മുകളില്‍ കയറ്റിനിര്‍ത്തി അമ്മ തേച്ചുകുളിപ്പിച്ചിരുന്ന കാലംമുതല്‍ എന്നെ പിന്തുടരുന്ന ഹരിതാഭയുടെ പാലപ്പൂ ഗന്ധം ഇല്ലാതാവാന്‍ പോകുന്നുവെന്നോ? പുഴവെള്ളത്തിലൊഴുകിപ്പോയ അതിന്റെ വര്‍ണക്കുമിളകളിലൊന്നുപോലെ ഹരിതാഭയും ഒഴുക്കിലൊരിടത്തുവെച്ച് പൊട്ടിത്തകരുന്നുവെന്നോ? എന്റെ ജീവിതത്തോടൊപ്പം ഇത്ര കാലവും ഉണ്ടായിരുന്ന ആ മികച്ച ഉത്പന്നം അതിന്റെ വിപണിയില്‍ പരാജയപ്പെട്ടത് എങ്ങനെ എന്നറിയാന്‍ എനിക്കാഗ്രഹമുണ്ടായി.

അന്ന് വൈകുന്നേരം ഉണ്ണി മടങ്ങിയപ്പോള്‍ ആ മാര്‍ക്കറ്റ് സര്‍വേ റിപ്പോര്‍ട്ട് ഒന്ന് കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നു ഞാന്‍ പറഞ്ഞയച്ചിരുന്നു. അവന്‍ തയ്യാറാക്കിയതാണെന്നറിഞ്ഞപ്പോള്‍ വായിക്കാന്‍ താത്പര്യം തോന്നിയിട്ടാണ് എന്ന് ഒരു ന്യായവും പറഞ്ഞു.

ഇന്ന് പകല്‍ മുഴുവന്‍ ഞാന്‍ ആ റിപ്പോര്‍ട്ട് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെളിച്ചം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ട് കണ്ണുകള്‍ക്ക് കൂടെക്കൂടെ ഇടര്‍ച്ചകള്‍ ഉണ്ടാക്കിയിട്ടും ആരാധ്യനായ വീരപുരുഷന്റെ ജീവചരിത്രം വായിക്കുന്നത്ര താത്പര്യത്തോടെയാണ് ഞാന്‍ അത് വായിച്ചുതീര്‍ത്തത്.

റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം മുഴുവന്‍ സോപ്പുവിപണിയെപ്പറ്റിയുള്ള സ്ഥിതി വിവരക്കണക്കുകളാണ്. കഴിഞ്ഞ ഓരോ ദശകത്തിലെയും ഇന്ത്യക്കാരുടെ ശരാശരി സോപ്പുപയോഗം (ഗ്രാം കണക്കില്‍), മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ശരാശരി സോപ്പുപയോഗവുമായുള്ള താരതമ്യങ്ങള്‍, ഭിന്ന സംസ്ഥാനങ്ങളില്‍, ഭിന്ന കാലാവസ്ഥകളിലെ കുളികളുടെ എണ്ണം, ഓരോ കുളിയിലും ഉപയോഗിക്കുന്ന സോപ്പിന്റെ ശരാശരി തൂക്കത്തില്‍ ദശകങ്ങള്‍തോറും രേഖപ്പെടുത്തിയ വ്യതിയാനങ്ങള്‍, കുളിക്കാനെടുക്കുന്ന സമയം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതിന്റെ ശതമാനക്കണക്കുകള്‍, പുഴയില്‍ കുളിക്കുന്നവരുടെ എണ്ണത്തില്‍ വന്ന ഇടിവുകള്‍, കുളിയിലും സോപ്പുപയോഗത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ സോപ്പുവിപണിയെ സംബന്ധിച്ച പ്രത്യേക കണക്കുകള്‍—എന്നിങ്ങനെ.

രണ്ടാം ഭാഗത്താണ്, ഹരിതാഭയെപ്പറ്റിയുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും.

മുപ്പതുകളില്‍ ഉത്പാദനം തുടങ്ങിയ ഹരിതാഭ ഏതാണ്ട് ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഇന്ത്യന്‍ സോപ്പുവിപണിയില്‍ പ്രീമിയര്‍ സോപ്പുകളുടെ പറുദീസയായ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ അറുപതു ശതമാനം മാര്‍ക്കറ്റ് ഷെയര്‍ നേടിയെടുക്കുകയും പിന്നീട് രണ്ട് ദശകങ്ങളോളം അത് ഭദ്രമായി നിലനിര്‍ത്തിയിട്ട് ക്രമേണ മാര്‍ക്കറ്റ് ഷെയര്‍ താഴ്ന്ന് എഴുപതുകള്‍ കഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ഇന്നത്തെ ഏഴ്–എട്ട് ശതമാനത്തില്‍ എത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് പ്രാരംഭചരിത്ര വിവരണത്തില്‍ പറയുന്നു. ആരംഭം മുതല്‍ ഇന്നോളവും പ്രകൃതിദത്തമായ എണ്ണകളും സുഗന്ധദ്രവ്യങ്ങളും മാത്രം ഉപയോഗിച്ച് നിര്‍മിക്കപ്പെട്ടിട്ടുള്ള ഹരിതാഭ, അതിന്റെ കിടയറ്റ ഗുണമേന്മേയാല്‍ എക്കാലവും മുന്‍നിരയില്‍ നില്‍ക്കുമെന്ന് മൂഢമായി വിശ്വസിച്ച മാനേജ്മെന്റിനെ പരിഹസിക്കുന്നതാണ് പിന്നീടുള്ള ഓരോ കണ്ടെത്തലും. ടി.ഒ.സി.യുടെ അഭിപ്രായത്തില്‍ പുക്കളെയും പുഴകളെയും എന്നപോലെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളെയും കാമുകഹൃദയങ്ങള്‍കൊണ്ട് സ്നേഹിച്ചിരുന്നവരുടെ തലമുറകള്‍ ഇക്കാലയളവില്‍ പാതിയിലേറെ മാഞ്ഞുകഴിഞ്ഞു. പുതുതലമുറ ഒരുത്പന്നത്തെയും കണ്ണിനും മൂക്കിനും ചെവിക്കുമൊക്കെയപ്പുറം കടക്കാന്‍ അനുവദിക്കുന്നതേയില്ല. അവരുടെ കണ്ണുകളും കാതുകളും എന്നും പുതുകാഴ്ചകള്‍ക്കും പുതുകേള്‍വികള്‍ക്കും പിന്നാലെ പോകുന്നു. ഉത്പന്നങ്ങള്‍ പോയിട്ട് സ്വഭവനങ്ങള്‍പോലും സ്ഥിരമായി സ്നേഹിക്കപ്പെടുന്നില്ല. ഹരിതാഭയാകട്ടെ, ഈ നീണ്ട കാലയളവില്‍ സോപ്പിന്റെ ആകൃതിയിലോ നിറത്തിലോ എന്തിന് റാപ്പറില്‍പോലുമോ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നില്ല—റാപ്പറിന്റെ കോണിലെ നിര്‍മാണത്തീയതിയിലൊഴികെ. പുതുവര്‍ണങ്ങളിലും പുതുഗന്ധങ്ങളിലും പുതുനാമങ്ങളിലും ഒന്നൊന്നായി എത്തിക്കൊണ്ടിരുന്ന ബോംബെ സോപ്പുത്പന്നങ്ങള്‍ ഹരിതാഭയുടെ ടെറിട്ടറിയിലേക്ക് ശക്തമായ നുഴഞ്ഞുകയറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോഴും ഹരിതാഭ മാനേജ്മെന്റ് ബ്യൂട്ടിസോപ്പിന്റെ ഗുണനിഷ്കര്‍ഷകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. ഫലമോ? അറുപതുകള്‍വരെ പതിനേഴുമുതല്‍ ഇരുപത്തിനാലുവരെയുള്ള മനോഹര സംഖ്യകള്‍ക്കിടയിലായിരുന്ന ഹരിതാഭാ ഉപഭോക്താക്കളുടെ ശരാശരി പ്രായം എഴുപതുകള്‍മുതല്‍ ക്രമാതീതമായി ഉയര്‍ന്ന് ഇന്നത്തെ ആശങ്കാകുലമായ നാല്പത്–അറുപതുകള്‍ക്കിടയിലെത്തി നില്‍ക്കുന്നു (ഉപഭോക്താക്കളുടെ ശരാശരി വയസ്സ് മുപ്പതിനുമേല്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ ഒരു കണ്‍സ്യുമര്‍ ഉത്പന്നത്തിന്, ചെവിയോര്‍ത്താല്‍ മരണമണി കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. “After thirty, man is a back number” എന്ന സാര്‍ത്രിന്റെ വാചകവും ഇവിടെ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്). പുതുതലമുറയുടെ അഭിരുചി എന്തെന്നറിയുവാന്‍ ടി.ഒ.സി. റാന്‍ഡം സെലക്ഷന്‍ മെതേഡില്‍ പതിനേഴ്–ഇരുപത്തിനാലുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ സൗന്ദര്യസോപ്പുകള്‍ ഓരോന്നിന്റെയും പേരിനോടൊപ്പം ഓര്‍ക്കാനുതകുന്ന ഒരു സിനിമാനടിയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹരിതാഭയുടെ പേരിന് കിട്ടിയ ഉത്തരങ്ങള്‍ ഹേമമാലിനി, വൈജയന്തിമാല കെ.ആര്‍. വിജയ എന്നൊക്കെയായിരുന്നത്രെ!

സോപ്പുവിപണിയില്‍ പരസ്യങ്ങളുടെ പ്രാധാന്യമെന്താണെന്നു തിരിച്ചറിയാതെപോയ ഹരിതാഭ മാര്‍ക്കറ്റിങ് ടീമിനെ ടി.ഒ.സി. ഏറെ വിമര്‍ശിച്ചിട്ടുണ്ട്. ബോംബെ സോപ്പുത്പാദകര്‍ വര്‍ഷംതോറും മൂന്നും നാലും കോടി രൂപ ഓരോ ബ്രാന്‍ഡിന്റെയും പരസ്യത്തിനായി ചെലവിടുമ്പോള്‍ വെറും മുപ്പതോ നാല്പതോ ലക്ഷം മുടക്കിയാണ് ഹരിതാഭ അതിന്റെ അതിര്‍ത്തിസംരക്ഷണത്തിന് മുതിരുന്നത് എന്ന് റിപ്പോര്‍ട്ടില്‍ അത്ഭുതപ്പെടുന്നു (ശത്രുക്കളാല്‍ ചുറ്റപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനോളം പ്രധാനമാണ് ഇന്നത്തെ വിപണിയില്‍ ഒരു സോപ്പിന്റെ പരസ്യബജറ്റ് എന്ന് ടി.ഒ.സി). തുലോം പരിമിതമായ ഈ തുകകൊണ്ട് ഹരിതാഭ നല്കിക്കൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ എത്ര അനാകര്‍ഷകങ്ങളാണെന്നും ടി.ഒ.സി. സ്ഥാപിക്കുന്നുണ്ട്. നുരഞ്ഞു പൊന്തുന്ന കടല്‍ത്തിരയില്‍ ബിക്കിനിയിട്ട് നീന്തിത്തുടിക്കുന്ന സുന്ദരിയുടെയും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനു നടുവില്‍ ആലിംഗനം ചെയ്തു നിന്ന് കുളിക്കുന്ന താരദമ്പതികളുടെയുമൊക്കെ ആകര്‍ഷണീയ ചിത്രങ്ങളുള്ള പ്രീമിയം സോപ്പുകളുടെ പരസ്യലോകത്ത് ഹരിതാഭയുടെ ആനയെ കുളിപ്പിക്കുന്ന പരസ്യചിത്രം ഏതു കണ്ണുപൊട്ടന്റെ ഭാവനയാണെന്ന് ടി.ഒ.സി. അമ്പരക്കുന്നു. മുഖം മാത്രം പുറത്തു കാട്ടി സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണത്തേരിലിരിക്കുന്ന രാജകുമാരിയുടെ ചിത്രമുള്ള മറ്റൊരു ഹരിതാഭ പരസ്യത്തെപ്പറ്റി ടി.ഒ.സി. പറയുന്നത്—ഇന്നത്തെ മാര്‍ക്കറ്റില്‍ ഉടലിന്റെ ഇടപെടലില്ലാതെ മുഖകാന്തി മാത്രം കാട്ടി ഒരു സോപ്പും വില്ക്കാനാവില്ല എന്നാണ്. ഹരിതാഭയുടെ സുവര്‍ണകാലത്ത്, ബോംബെയിലെ സുന്ദരിയായ ഒരു പരസ്യമോഡലിനെ വെറും പതിനയ്യായിരം രൂപയ്ക്ക് കരാറാക്കാമെന്നു പറഞ്ഞ് ഹരിതാഭയെ സമീപിച്ച പരസ്യ ഏജന്‍സിയോട് അന്നത്തെ മാര്‍ക്കറ്റിങ് മാനേജര്‍, “ഒന്ന് പല്ല് കാട്ടുന്നതിന് പതിനയ്യായിരം രൂപയോ? അവളാര് ക്ലിയോപാട്രയോ?” എന്ന് ചോദിച്ച് ഓഫര്‍ നിരസിച്ച കഥയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എഴുപതുകളില്‍ ബോംബെ ചലച്ചിത്രലേകത്തിലെ പ്രശസ്ത താരമായി രൂപാന്തരപ്പെട്ട ആ പരസ്യമോഡലിനെ അന്ന് ഹരിതാഭ കരാറാക്കിയിരുന്നെങ്കില്‍ കൈവരുമായിരുന്ന ബോംബെയിലെ മാര്‍ക്കറ്റ് ഷെയര്‍ ടി.ഒ.സി. അനുമാനിക്കുന്നുണ്ട്. ആ പരസ്യത്തിന് കൊടുക്കേണ്ടിയിരുന്ന പതിനയ്യായിരം രൂപ യഥാര്‍ത്ഥത്തില്‍ ഹരിതാഭയ്ക്ക് ചെലവാകുന്നില്ലെന്നും ഏത് ഉത്പന്നത്തിന്റെയും പരസ്യച്ചെലവ് ആത്യന്തികമായി ഉപഭോക്താവ് തിരിച്ചു നല്കുന്നതാണെന്നു മനസ്സിലാക്കാനുള്ള മാര്‍ക്കറ്റിങ് ബുദ്ധി ഹരിതാഭയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന് ഇല്ലാതെ പോയതില്‍ ടി.ഒ.സി. ഖേദിക്കുന്നു.

പരസ്യങ്ങളുടെ മാത്രമല്ല, ഫാക്ടറിയുടെ ആകര്‍ഷണീയത സൂക്ഷിക്കുന്നതിലും ഹരിതാഭ കാട്ടിയ അനാസ്ഥ റിപ്പോര്‍ട്ടില്‍ പഠന വിഷയമാവുന്നുണ്ട്. പ്രധാനപ്പെട്ട ഒരു ദേശീയപാതയ്ക്കരികെ, പുഴയോരത്തെ പ്രകൃതിസുന്ദരമായ ഒരു കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ഹരിതാഭ ഫാക്ടറി പണ്ട് എത്ര ആകര്‍ഷണീയമായി സൂക്ഷിക്കപ്പെട്ടിരുന്നുവെന്ന് ടി.ഒ.സി. ഓര്‍മപ്പെടുത്തുന്നു. ജലധാരായന്ത്രങ്ങളും വര്‍ണവിളക്കുകളുമൊക്കെയുണ്ടായിരുന്ന മനോഹരമായ ഒരു ഉദ്യാനത്തിന് നടുവിലായിരുന്നു അതിന്റെ സ്ഥാനം. എത്രയോ എസ്കര്‍ഷന്‍ പിക്നിക് പാര്‍ട്ടികള്‍ ഫാക്ടറി കാണാന്‍ എത്തിയിരുന്നുവെന്ന് പഴയ വിസിറ്റേഴ്സ് നോട്ടുബുക്കുകളില്‍നിന്ന് കണ്ടെത്തിയതും ടി.ഒ.സി. വെളിപ്പെടുത്തുന്നു. ഇന്ന്, അകലെക്കാഴ്ചയില്‍ കാലിത്തൊഴുത്തുകള്‍ പോലെ തോന്നുന്ന ഫാക്ടറിയും കുറ്റിക്കാടായി മാറിയ ഉദ്യാനവും ആ കുന്നിന്റെ ഭംഗികൂടി നഷ്ടപ്പെടുത്തിയെന്നാണ് ടി.ഒ.സി. യുടെ പക്ഷം. കുന്നു കണ്ടാല്‍ പണ്ടത്തെ ഉയരംപോലും തോന്നാതായോ എന്നും ടി.ഒ.സി. ശങ്കിക്കുന്നു. പുത്തന്‍ സൈക്കിള്‍ കൂട്ടങ്ങളില്‍ ദിവസവും കുന്ന് കയറിയിറങ്ങിയിരുന്ന പഴയകാല ഹരിതാഭത്തൊഴിലാളികളുടെ യൗവനം തുടിച്ചിരുന്ന പ്രസന്നമുഖങ്ങളുടെ സ്ഥാനത്ത് ഇന്ന് കാണുന്നത് തുരുമ്പിച്ച സൈക്കിളുകളില്‍ ക്ഷീണിതരായി ചവിട്ടി നീങ്ങുന്ന മുഖക്ഷൗരം പോലും നടത്താന്‍ മടിക്കുന്ന നിരാശരായ വൃദ്ധന്മാരുടെ മുഖങ്ങളാണെന്ന് ടി.ഒ.സി.

ഹരിതാഭയുടെ പതനത്തിന് മറ്റൊരു കാരണമായി ടി.ഒ.സി. കണ്ടെത്തുന്നത് സോപ്പിന്റെ വിപണനശൃംഖലയിലെ വില്പനക്കാരുടെ കമ്മീഷനില്‍ കാലഗതിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താതിരുന്നതാണ്. മറ്റുത്പാദകര്‍ കമ്മീഷന്‍നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നതിന് പുറമെ, സൗജന്യ സമ്മാനപദ്ധതികള്‍ക്കും ആണ്ടിലൊരിക്കലുള്ള വിനോദയാത്രയ്ക്കുംവരെ പണം മുടക്കി വില്പനയെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഹരിതാഭ അതിന്റെ എട്ട് ശതമാനത്തിന്റെ വലയുടെ കോണില്‍, ഒരു എട്ടുകാലിയെപ്പോലെ അനങ്ങാതിരുന്നതായി ടി.ഒ.സി. പരിഹാസത്തോടെ പറയുന്നു. പണ്ടത്തെ പലചരക്കുകടകളില്‍ ഉപ്പിനും മുളകിനുമൊക്കെ ഒപ്പം വെച്ചിരുന്ന ഹരിതാഭ ബ്യൂട്ടിസോപ്പ് ഇന്നത്തെ കടകളില്‍ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം എടുത്തു കൊടുക്കുന്ന സാധനങ്ങളിലൊന്നായി പിന്‍ അലമാരകളിലേക്ക് മാറ്റപ്പെട്ടത് അങ്ങനെയാണെന്ന് ടി.ഒ.സി. നിരീക്ഷിക്കുന്നു (വില്പനക്കാരനെ വില കുറച്ച് കാണുന്ന ഒരുത്പന്നവും ഇരുപതാം നൂറ്റാണ്ടിന്റെ പടികടന്ന് അപ്പുറം പോവില്ലെന്ന് ടി.ഒ.സി. ഒരു ആപ്തവാക്യം പോലെ പറയുന്നുമുണ്ട്).

ആസന്നമായിക്കഴിഞ്ഞ പുതിയ നൂറ്റാണ്ടില്‍ ഹരിതാഭയെ വിപണിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഉതകുന്ന ഒരുപായവും അവശേഷിക്കുന്നില്ല എന്ന നിഗമനത്തോടെയാണ് ടി.ഒ.സി. റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. വൃദ്ധജനങ്ങളുടെ സോപ്പ് എന്നു വിളിക്കപ്പെടാന്‍ തക്കവണ്ണം അധഃപതിച്ച അതിന്റെ വിപണനമൂല്യം ഉയര്‍ത്തുന്നത് കൂന് നിവര്‍ത്തുന്നതുപോലെ അസാദ്ധ്യമായ സംഗതിയാണ് എന്ന് പറഞ്ഞ് ടി.ഒ.സി. ഭരതവാക്യം ചൊല്ലുന്നു.

മാര്‍ക്കറ്റ് സര്‍വേയില്‍ താന്‍ നടത്തിയ പഠനങ്ങള്‍ എത്രയോ വസ്തു നിഷ്ഠവും ഗഹനവുമാണെന്ന് എന്നെ ബോധ്യപ്പെടുത്താനാവണം ഉണ്ണി, അവന്‍ ഉപയോഗിച്ച സ്റ്റഡിമെറ്റീരിയലുകളില്‍ ചിലതും റിപ്പോര്‍ട്ടിനൊപ്പം അടക്കം ചെയ്തിരുന്നു. അതിലൊന്നില്‍, മലയാളി ഉപഭോക്താക്കളില്‍, അറിയപ്പെടുന്നവരും അടുത്തറിയാവുന്നവരുമായ ചിലരെ അവന്‍ പേരെടുത്തു പറഞ്ഞിരുന്നു. സ്വാതന്ത്ര്യസമരഭടന്മാരും പിരിച്ചുവിടപ്പെട്ട പഴയ കമ്യൂണിസ്റ്റുകാരും കേസില്ലാ വക്കീലന്മാരും വായനക്കാരെ നഷ്ടപ്പെട്ട എഴുത്തുകാരുമൊക്കെയടങ്ങിയ ആ പട്ടികയില്‍ ഉണ്ണി എന്റെ പേരും ചേര്‍ത്തിരുന്നു. പേരിനോടൊപ്പം അമ്മാവന്‍ എന്ന് എഴുതാതെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ എന്നാണ് എഴുതിയിരുന്നതെന്നു മാത്രം. ഈ തിരിച്ചറിയല്‍ പട്ടികയ്ക്ക് താഴെ, ഹരിതാഭയെ സ്നേഹിച്ച തലമുറയുടെ ചില പൊതുസവിശേഷതകളും ഉണ്ണി കുറിച്ചിട്ടിരുന്നു. ഏതാണ്ട് ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ ഓര്‍മിപ്പിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട ഈ കുറിപ്പുകളില്‍ അവന്‍ ഹരിതാഭാഉപഭോക്താക്കളെ ഇപ്രകാരം തിരിച്ചറിയുന്നു. വന്‍ നഗരങ്ങളില്‍ പോലും ഓടിട്ട വീടുകളില്‍ പാര്‍ക്കുന്നവരാണ് അവരേറെയും. വീടിനു മുന്നില്‍ പുല്‍ത്തകിടികള്‍ ഉണ്ടാക്കാതെ പഴയമട്ടില്‍ ചെടിച്ചട്ടികള്‍ നിരത്തിയ പൂന്തോട്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ചെത്തികളും ചെമ്പരത്തികളും പോലും വെട്ടിക്കളയുന്നില്ല. നല്ലയിനം നായ്ക്കളെ വളര്‍ത്താതെ, നാടന്‍ വളര്‍ത്തു നായ്ക്കളെ പോറ്റിവളര്‍ത്തുന്നു. ആഡംബരങ്ങളല്ല, ആദര്‍ശങ്ങളാണ് ജീവിത മൂല്യങ്ങളെ നിര്‍ണയിക്കുന്നത് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഇക്കൂട്ടര്‍ യന്ത്രങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്തുകൊടുക്കാന്‍ കഴിയുന്ന പണികള്‍പോലും സ്വയം ഏറ്റെടുത്ത് ചെയ്യുന്നു. അരി അരയ്ക്കാന്‍ ഗ്രൈന്‍ഡറോ തുണികള്‍ കഴുകാന്‍ വാഷിങ് മെഷീനോ തങ്ങളുടെ വീടുകളില്‍ ഉപയോഗിക്കുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കഴിവതും വര്‍ജിക്കുന്നു. കഴിയാവുന്നത്ര ദൂരങ്ങള്‍ വാഹനങ്ങളെ ആശ്രയിക്കാതെ നടന്നുതന്നെ പോകുന്നു. ബസ്സില്‍ കയറിയാലോോ, ബസ്സുകൂലിയുടെ ബാക്കി കിട്ടുന്ന ചില്ലറത്തുട്ടുകള്‍പോലും എണ്ണി നോക്കുന്നു. ഏതു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിനു മുന്‍പും അതിന്റെ ധാര്‍മികതയെപ്പറ്റി അല്പനേരം ചിന്തിച്ചിരിക്കുന്നു. ശിശുദിനാഘോഷങ്ങളിലൂടെ അവരുടെ മനസ്സില്‍ പതിക്കപ്പെട്ട പ്രാവിനെ പറത്തുന്ന നെഹ്റുചിത്രവും ദണ്ഡിയിലേക്ക് നടക്കുന്ന ഗാന്ധിജിയുടെ ചിത്രവും ചിന്താധീനനായ മാര്‍ക്സിന്റെ ചിത്രവുമൊക്കെ നോക്കി നെടുവീര്‍പ്പിടുന്നു. പഴയ ചലച്ചിത്രഗാനങ്ങള്‍ കേട്ടാല്‍ കോരിത്തരിക്കുകയും പുതിയവ കേട്ടാല്‍ ചെവികള്‍ പൊത്തുകയും ചെയ്യുന്നു. ആശാന്റെയും ചങ്ങമ്പുഴയുടെയുമൊക്കെ കവിതകള്‍ ഇന്നും ഓര്‍ത്തിരുന്ന് ചൊല്ലുന്നു. നരച്ച മുടി ഡൈ ചെയ്യുന്നത് അന്തസ്സിന് നിരക്കാത്ത കാര്യമെന്നു കരുതുന്നു. വരണ്ട പുഴകളും കാട് തെളിക്കപ്പെട്ട കുന്നിന്‍ചരിവുകളുമൊക്കെ നോക്കി വിചാരപ്പെട്ട് നില്‍ക്കുന്നു. ക്രിക്കറ്റിനെക്കാള്‍ നല്ല കായികവിനോദം ഫുട്ബോളാണെന്നു പറയാന്‍ ഇന്നും ധൈര്യം കാട്ടുന്നു. എഴുത്തുകാരും കലാകാരന്മാരും സാംസ്കാരികനായകന്മാരാണെന്ന അന്ധവിശ്വാസം കാത്തു സൂക്ഷിക്കുന്നു. ഒരു സോപ്പ് അദൃശ്യമാവുംവരെ അത് ഉപയോഗിക്കുന്നു. ഭൂമിയില്‍ ഇക്കണ്ട മാറ്റങ്ങളൊക്കെയുണ്ടായിട്ടും മനുഷ്യര്‍ കായ്കനികള്‍ ഭക്ഷിച്ചും കാലികളെ മേയ്ച്ചും നടന്നിരുന്ന സുവര്‍ണകാലം മടങ്ങിവരുമെന്ന് വെറുതെ പ്രതീക്ഷിക്കുന്നു. ഭൗമാന്തരീക്ഷം ഇത്രമേല്‍ മലിനമായിട്ടും ഹൃദയാഘാതംപോലുള്ള വിപത്തുകള്‍ തങ്ങള്‍ക്ക് ഒരിക്കലും നേരിടേണ്ടിവരില്ലെന്നും ഈ ശുദ്ധാത്മാക്കള്‍ വിശ്വസിക്കുന്നു.

ഇത്രയും വായിച്ചപ്പോള്‍, നേരിയ ഒരു ക്ഷീണംപോലെ തോന്നി. ഞാന്‍ റിപ്പോര്‍ട്ട് മടക്കിവെച്ച് ചാരുകസേരയുടെ പിന്നിലേക്കു ചാഞ്ഞു. പഴയ കാര്യങ്ങള്‍ ഓര്‍ത്താല്‍ പലപ്പോഴും അറിയാതെ ചെയ്തുപോകുന്നതുപോലെ കല്യാണിക്കുട്ടിയുടെ ഫോട്ടോയിലേക്കാണ് എന്റെ കണ്ണുകള്‍ നീണ്ടുപോയത്. മുടിയിലെ നരകളും മുഖത്തെ ചുളിവുകളും മായ്ച്ചു കളഞ്ഞ്, അവളുടെ പഴയ മുഖം കാട്ടി കല്യാണിക്കുട്ടി, പണ്ടൊരിക്കല്‍ പൂമലക്കുന്നിന്റെ മുകളിലെ ഭഗവതിക്കാവിലേക്ക് ഞങ്ങളൊന്നിച്ച് തൊഴാന്‍ പോയ വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ഓര്‍മകളിലേക്ക് എന്നെ കൊണ്ടു പോയി.

അന്ന് കുന്നിന്റെ മുകളറ്റത്തെ സര്‍പ്പക്കാവിനടുത്തെത്തിയപ്പോള്‍ പെട്ടെന്നൊന്നുനിന്ന് ആഞ്ഞൊന്നു ശ്വസിച്ചിട്ട്, കല്യാണിക്കുട്ടി പറഞ്ഞു: “നല്ല ഒരു മണം...നല്ല പരിചയമുള്ള ഒരുമണം” ഒട്ടുംതന്നെ വൈകാതെ, വിജയഭാവത്തോടെ അവള്‍ കൂട്ടിച്ചേര്‍ത്തു: “ങാ...ഹരിതാഭാസോപ്പിന്റെ മണം.” സര്‍പ്പക്കാടിനെ മൂടിയ നിറസ്സന്ധ്യയുടെ ഇളംകറുപ്പില്‍, വെള്ളിനക്ഷത്രങ്ങളെപ്പോലെ വിടര്‍ന്നു നിന്ന പാലപ്പൂക്കള്‍ ഞാനാണ് കണ്ടെത്തിയത്. കല്യാണിക്കുട്ടിയെ കളിയാക്കും പോലെ ഒന്ന് പൊട്ടിച്ചിരിച്ചിട്ട് ഞാന്‍ പറഞ്ഞു: “ഓഹോ... അതു കൊള്ളാം.. സോപ്പിന് പൂവിന്റെ മണം എന്നല്ല, പൂവിന് സോപ്പിന്റെ മണം അല്ലേ?”

“സോപ്പല്ലേ എന്നും തേച്ചുകുളിക്കുന്നത്, പൂവല്ലല്ലോ...” തര്‍ക്കുത്തരം പറയാന്‍ മിടുക്കിയായിരുന്ന കല്യാണിക്കുട്ടി ഉടന്‍ പ്രതിവചിച്ചു.

ആ പഴയ വൈകുന്നേരത്തിന്റെ ഓര്‍മയ്ക്കായി ഇന്നത്തെ സായാഹ്ന സവാരി പൂമലക്കുന്നിലേക്കുതന്നെയാകട്ടെ എന്നു ഞാന്‍ തീരുമാനിച്ചു. വഴിയുടെ അകലവും കുന്നുകയറാനുള്ള അധികസമയവും കണക്കാക്കി പതിവിലും നേരത്തേ പുറപ്പെടുകയും ചെയ്തു. സായാഹ്നനടത്തത്തിലെ വഴിമാറ്റത്തിനു കാരണമായി എതിരെവന്ന പലരോടും ഓരോരോ ഒഴികഴിവുകള്‍ പറയേണ്ടിവന്നു. പൂമലക്കുന്നിലേക്കുള്ള വഴി പക്ഷേ, തീര്‍ത്തും വിജനമായിരുന്നു. കാവിലെ പൂജ നിന്നു പോയിരുന്നുവെന്നു തോന്നുന്നു—ചവിട്ടടിപ്പാടുകള്‍ക്കു മുകളില്‍ പോലും പുല്ലുകള്‍ കിളിര്‍ത്തു നിന്നിരുന്നു.

കുന്ന് കയറിത്തുടങ്ങിയപ്പോള്‍തന്നെ വല്ലാത്ത കിതപ്പനുഭവപ്പെട്ടിരുന്നെങ്കിലും സര്‍പ്പക്കാവും പാലമരങ്ങളും അവിടെത്തന്നെയുണ്ടോ എന്നറിയാനുള്ള താത്പര്യം എന്നെ മുന്നോട്ടുതന്നെ നടത്തി. പാതിയോളം കയറിയപ്പോള്‍ എതിരെ വന്ന ചെറുകാറ്റ് കൊണ്ടുവന്ന പാലപ്പൂഗന്ധം എന്റെ കാല്‍വയ്പുകളുടെ വേഗത കൂട്ടി. ഒടുവില്‍ വല്ലാതെ കിതച്ചുകൊണ്ട് ആ സര്‍പ്പക്കാടിന് അടുത്തെത്തി നിന്നതും പാലപ്പൂഗന്ധം പുരണ്ട അന്നത്തെ ആ സന്ധ്യാനേരം ഒരു മാറ്റവുമില്ലാതെ എനിക്കു ചുറ്റും പരന്നു. “സോപ്പല്ലേ എന്നും തേച്ചുകുളിക്കുന്നത്... പൂവല്ലല്ലോ.” കല്യാണിക്കുട്ടിയുടെ ചിരിയില്‍ മുക്കിയ ആ കളിവചനത്തിന്റെ മാറ്റൊലികള്‍ അവിടെനിന്ന് ഞാന്‍ മതിവരുവോളം കേട്ടു.

കുന്നിറങ്ങുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നി. നേരം ഏറെ വൈകിയിരുന്നെങ്കിലും മെല്ലെ നടക്കാനേ കഴിഞ്ഞുള്ളു. വീട്ടിലെത്തി ‍‍ഡോര്‍ ബെല്ലടിച്ചപ്പോള്‍ ഇന്ദുജ ആകാംക്ഷയോടെയാണ് വാതില്‍ തുറന്നത്. “അച്ഛനെന്താ ഇത്ര വൈകിയത്? ഞങ്ങള്‍ നോക്കി നോക്കി ഇരിക്കുകയായിരുന്നു. വാര്‍ത്തേടെ സമയോം കഴിഞ്ഞല്ലോ?”

“ങാ... ഇന്നോരല്പം കൂടുതല്‍ നടന്നു.” ചെറിയ സങ്കോചത്തോടെ ഞാന്‍ പറഞ്ഞു. “മുഖത്ത് അതിന്റെ ക്ഷീണോം കാണുന്നുണ്ട്.” ഇന്ദുജ എന്നെ സൂക്ഷിച്ചൊന്നു നോക്കി. അത് ശ്രദ്ധിച്ചില്ലെന്നു നടിച്ച് ഒരു ഗ്ലാസ് ജീരകവെള്ളം വാങ്ങിക്കുടിച്ച് ഞാന്‍ എന്റെ മുറിയിലേക്കു നടന്നു; ഇന്ദുജ കുട്ടികള്‍ പഠിക്കുന്നിടത്തേക്കും.

കാലമേറെച്ചെന്നിട്ടും തെളിച്ചം നഷ്ടപ്പെട്ടിട്ടില്ലാത്ത കല്യാണിക്കുട്ടിയുടെ ആ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയിലേക്കുതന്നെ നോക്കിക്കൊണ്ട്, കസേരയില്‍ കുറെനേരം വിശ്രമിച്ച ശേഷം വേണു എത്തുവോളം കാത്തിരിക്കാതെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാൻ കിടന്നതാണ്. ഇതുവരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. പൂമലക്കുന്നിറങ്ങുമ്പോള്‍ തോന്നിത്തുടങ്ങിയിരുന്ന നേരിയ നെഞ്ചുവേദന കുറേശ്ശെ കൂടിക്കൂടിവരുന്നതായും തോന്നുന്നു—ഒത്തിരിക്കാലം കൂടിയല്ലേ കയറ്റം കയറി നടന്നത്. പേശികള്‍ വേദനിക്കുന്നതാവും.