BELUCHISTAN ബലൂചിസ്ഥാൻ
BELUCHISTAN ബലൂചിസ്ഥാൻ | |
---|---|
ഗ്രന്ഥകർത്താവ് | ഹെർമ്മൻ ഗുണ്ടർട്ട് |
മൂലകൃതി | കേരളോപകാരി IV:1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ആനുകാലികം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ബാസൽ മിഷൻ, മംഗലാപുരം |
വര്ഷം |
1877 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള് | 22 |
BELUCHISTAN ബലൂചിസ്ഥാൻ
യവനർ ഗൊദ്രൊസി എന്നു വിളിക്കുന്ന ബലൂചിസ്ഥാൻ രാജ്യം ഇരാന്റെ പൂൎവ്വദക്ഷിണ ഭാഗത്തിൽ ഏകദേശം 127000 നാഴിക വിസ്താരമായി വിളങ്ങുന്നു. മഹാഅലക്സന്തർ (325 ക്രി.മു.) ഇന്ത്യയിൽനിന്നു മടങ്ങി പോംവഴി ഈ നാട്ടിലൂടെ സൈനസഹിതം കടന്നു പോയതിൽ ദാഹവും ഉഷ്ണവും കൊണ്ടു സൈന്യത്തിന്റെ 2/3 ഓഹരി ചത്തു പോയി. 40 ദിവസം യാത്ര ചെയ്ത ശേഷം മാത്ര തിരിച്ച് പാൎസ്യയിൽ എത്തി. ഈ നാടു എത്രയും ഉഷ്ണവും പാഴായ്തും ആകുന്നു. ചിലേടത്തു പാറപൎവ്വതങ്ങൾ പൂഴിപ്രദേശങ്ങൾ ഇവയല്ലാതെ മറ്റൊന്നും കാണുകയില്ല. ചിലയിടങ്ങളിൽ മാത്രം ഉറവുകളും അല്പ പുഷ്ടിയും ഉണ്ടു, അതിലെ നിവാസികളായ ബലൂചിസ്ഥരുടെ സംഖ്യ ഏകദേശം 2000000. അവർ സൌന്ദൎയ്യവും ശക്തിയും ഉള്ള ജാതി തന്നെ. അറബികളുടെ സന്തതിയായ അവർ ബഹു താല്പൎയ്യത്തോടെ മുഹമ്മദ് മതത്തിൽ ചെന്നു അബ്ഗാന്യരെപ്പോലെ സുനിദർ ആകയാൽ ശീതരായ പാൎസികളെ ഏറ്റവും പകെക്കുന്നു. അവരുടെ ഭാഷക്കു പാൎസ്യഭാഷയോടു അടുപ്പുണ്ടു. നാട്ടിന്റെ സ്വഭാവപ്രകാരം അവർ ഇടയരെങ്കിലും കവൎച്ചാതല്പരന്മാരാകയാൽ ഒട്ടകങ്ങളെകൊണ്ടു പലപ്പോഴും കവൎച്ചയാത്ര ചെയ്യുന്നു. അവർ 50ൽ പരം ഗോത്രങ്ങളായി വിഭാഗിക്കപ്പെട്ടു. എല്ലാ പ്രധാനികളിലും കെലാത്തിലെ പ്രധാനി തലവൻ തന്നെ. അതിലെ സംസ്ഥാനങ്ങളാവിതു: കെളാത്ത് (Kelat) സരവാൻ (Sarawan) കച്ചാകൂന്താപ് (Katcha Gundawa) ചാലാപാൻ (Dschelawan) ലസ്സ് (Lass) മെഗ്രാൻ (Mekran) ഇവ തന്നെ മുഖ്യസ്ഥലമായ കെളാത്ത് പട്ടണം 7000 കാലടി കടലിനേക്കാൾ ഉയൎന്നു ഒരു ഇടുക്കുതാഴ്വരയിൽ ശാൎമ്മിൎദൻ എന്ന കന്നിന്റെ സമീപത്തു കിടക്കയും ചെയ്യുന്നു. നവെമ്പ്ര മാസം തുടങ്ങി ഫിബ്രുവരിവരെ അവിടെ ഹിമവൎഷം ഉണ്ടു. പട്ടണത്തിലെ ജനസംഖ്യ 12000 തന്നെ.