THE NEW YEAR പുതുവാണ്ടു
THE NEW YEAR പുതുവാണ്ടു | |
---|---|
ഗ്രന്ഥകർത്താവ് | ഹെർമ്മൻ ഗുണ്ടർട്ട് |
മൂലകൃതി | കേരളോപകാരി IV:1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ആനുകാലികം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ബാസൽ മിഷൻ, മംഗലാപുരം |
വര്ഷം |
1877 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള് | 22 |
THE NEW YEAR പുതുവാണ്ടു
ഈ 1877-ആം ആണ്ടു ഹിന്തുരാജ്യങ്ങളിൽ പാൎക്കുന്ന അനേകം ജനങ്ങൾക്കും ബഹു കഷ്ടകാലം ആകും. മലയാളത്തിൽ എന്ന പോലെ മദ്രാസി, ബൊംബായി എന്നീ രണ്ടു സംസ്ഥാനങ്ങളിൽ എങ്ങും മഴ മഹാദുൎല്ലഭമാകകൊണ്ടു മനുഷ്യന്റെയും മൃഗത്തിന്റെയും ആഹാരത്തിനും പാനീയത്തിനും വളരെ മുട്ടു വന്നു പോയിരിക്കുന്നു. സൎക്കാരും ധൎമ്മിഷ്ഠന്മാരായ ധനവാന്മാരും പല ഇടത്തും ദരിദ്രക്കാൎക്കു സഹായിച്ചു, സങ്കടത്തെ ശമിപ്പിച്ചു വരുന്നെങ്കിലും, അതിനെ മുറ്റും നീക്കുവാൻ അവൎക്കു കഴികയില്ല. മഹത്വവും കരുണയുമുള്ള ദൈവത്തിനു മാത്രം മേഘങ്ങളിൽ നിന്നു മഴ പെയ്യിക്കയും ഭൂമിയിൽ നിന്നു പുല്ലുകളെയും ധാന്യാദിഫലങ്ങളെയും മുളെപ്പിച്ചു വിളയിക്കയും, മനുഷ്യനും മൃഗത്തിനും തൃപ്തിയേയും സന്തോഷത്തെയും വരുത്തുകയും ചെയ്യാം. മനുഷ്യൻ അപ്പത്താൽ തന്നെ അല്ല, ദൈവത്തിന്റെ സകല വചനത്താലത്രെ ജീവിക്കും, എന്നു നാം പഠിപ്പാൻ വേണ്ടി, ദൈവം പലപ്പോഴും ക്ഷാമം മുതലായ ശിക്ഷകളെ പ്രയോഗിച്ചു, മനുഷ്യപുത്രന്മാരെ മാനസാന്തരത്തിലേക്കും സത്യത്തിന്റെ അറിവിലേക്കും നടത്തിപ്പാൻ നോക്കുന്നു. ആയവൻ ദുഷ്ടരിലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരിലും മഴ പെയ്യിക്കയും ചെയ്യുന്നതു പോലെ, അവൻ ഇഹത്തിൽ നടത്തിക്കുന്ന ശിക്ഷാവിധികളും എല്ലാവരിലും ഒരു പോലെ തട്ടുകയും ചെയ്യുന്നു. പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും ദുഷ്ടരെ മാത്രമല്ല, ശിഷ്ടരെയും പല വിധേന വലെക്കുന്നു, എങ്കിലും നീതികെട്ടവൻ ദൈവശിക്ഷയെ അനുഭവിച്ചിട്ടു തന്റെ മനസ്സിനെ കഠിനമാക്കി പാപത്തെ വൎദ്ധിപ്പിക്കമാത്രം ചെയ്യുന്ന സമയത്തു, ദൈവഭക്തിയുള്ള മനുഷ്യൻ: നമ്മുടെ പാപംനിമിത്തം ദൈവം ന്യായമായി കോപിക്കയും, നമ്മുടെ അകൃത്യങ്ങൾ നിമിത്തം നമ്മെ ശിക്ഷിക്കയും ചെയ്യുന്നു. എന്നാലും അവന്റെ കോപത്തേക്കാൾ അവന്റെ സ്നേഹവും അവന്റെ നീരസത്തേക്കാൾ അവന്റെ കരുണയും അത്യന്തം വലിയതു, എന്നു ഓൎത്തു, സ്വൎഗ്ഗസ്ഥപിതാവായ അവനെ നോക്കി വിശ്വാസത്തോടെ സഹായത്തിന്നായി പ്രാൎത്ഥിച്ചുംകൊണ്ടു നടക്കുന്നു. അങ്ങിനെയുള്ള പ്രാൎത്ഥനയെ ദൈവം കേട്ടു തന്നിൽ ആശ്രയിക്കുന്ന മനുഷ്യനെ അവന്റെ കഷ്ടപ്പാടുകളിൽ ആശ്വസിപ്പിച്ചു, പലപ്പോഴും ആശ്ചൎയ്യമാംവണ്ണം രക്ഷിക്കയും ചെയ്യും. എന്നതിന്നു ഞാൻ ഒർ ഉദാഹരണം പറയാം: 1877-ാമതിൽ യൂരോപ്പയിൽ മഴയുടെ പെരുപ്പം നിമിത്തം കൃഷികൾ മിക്കതും കെട്ടുപോയതുകൊണ്ടു, ഭക്ഷണാദികളുടെ വില ഭയങ്കരമാംവണ്ണം കയറി, ദരിദ്രൎക്കു നാൾ കഴിക്കേണ്ടതിനു ഏകദേശം പാടില്ലാതെയായി. പലരും വിശപ്പും അതിനാൽ പിടിച്ച വ്യാധികളുംകൊണ്ടു മരിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ഹില്ലർ എന്ന ദൈവഭക്തിയുള്ളൊരു നെയ്ത്തുകാരൻ തന്റെയും ഭാൎയ്യയുടേയും മൂന്നുകുട്ടികളുടെയും ദിവസവൃത്തിയെ കഴിപ്പാൻ വേണ്ടി നാൾ തോറും രാവിലെ തുടങ്ങി പാതിരാവോളം അദ്ധ്വാനിച്ചു പണി എടുക്കയും, 50 ഉറുപ്പിക കടം വാങ്ങുകയും ചെയ്താറെയും, ഭവനത്തിൽ വിശപ്പേയുള്ളു. ഇനി എങ്ങിനെ ആഹാരം ഉണ്ടാകും? കടം വാങ്ങിയാൽ അതിന്നു പലിശ കൊടുക്കയും, പിന്നെതിൽ വീട്ടുകയും ചെയ്വതു എങ്ങിനെ? എന്നു പലപ്പോഴും വിചാരിക്കയും സംശയിക്കയും ദൈവത്തൊടു പ്രാൎത്ഥിക്കയും ചെയ്തശേഷം, ഒരു ഞായറാഴ്ചയിൽ ഭാൎയ്യയോടുകൂടെ കൃഷിഭൂമികളൂടെ നടന്നു, ഓരോ സങ്കടം പറഞ്ഞപ്പോൾ അവൾ നമുക്കു സുഖമുള്ള സമയത്തു മാത്രമല്ല, ദുഃഖമുള്ള നാളിൽ പ്രത്യേകമായി ദൈവത്തിൽ ആശ്രയിച്ചു, അവന്റെ കൃപെക്കായി കാത്തിരിക്കേണ്ടതാകുന്നു, ആകാശത്തിലെ പക്ഷികളെ പോറ്റുന്നവൻ നമ്മെയും പോറ്റും, രക്ഷിപ്പാൻ കഴിയാത്തവണ്ണം അവന്റെ കൈ കുറുകിപ്പോയിട്ടില്ല, അവൻ സഹായിച്ചു നമ്മുടെ കഷ്ടത്തെ തീൎക്കും, എന്നു പറഞ്ഞ ആശ്വാസവാക്കു അവൻ കേട്ടു മിണ്ടാതെ നടന്നു, ഭവനത്തിൽ എത്തി കുറയ നേരം വെറുതെ ഇരുന്നാറെ, പലകയിൽനിന്നു വേദപുസ്തകം എടുത്തു വിടൎത്തു ൨൩ാം സങ്കീൎത്തനം കണ്ടു വായിച്ചുതുടങ്ങി: കൎത്താവു എന്റെ ഇടയൻ ആകുന്നു, എനിക്കു മുട്ടുണ്ടാകയില്ല എന്നു ഒന്നാം വാക്കു തന്നെ വായിച്ചു ഞെട്ടി, അയ്യൊ എനിക്കു എത്ര മുട്ടുണ്ടു! എന്നു വിചാരിച്ചു ദുഖിച്ചു മുന്നോട്ടു വായിച്ചു, അവൻ എന്റെ ആത്മാവിനെ തിരിപ്പിച്ചു, എന്ന വാക്കോളം എത്തി. ഇതു കടലാസ്സിന്റെ താഴെ ഒടുക്കത്തെ വാക്കാകകൊണ്ടു അതിനെ മറിച്ചു, മറുഭാഗത്തു വായിപ്പാൻ നോക്കിയപ്പോൾ ചേൎച്ചയില്ല എന്നു കണ്ടു, രണ്ടു കടലാസ്സുകളെ ഒരുമിച്ചു മറിച്ചു വെച്ചു എന്നും, ഒരു കടലാസ്സു മറ്റേതിനോടു പശകൊണ്ടു പറ്റിച്ചിരിക്കുന്നു എന്നും അറിഞ്ഞു, ഒരു കത്തി എടുത്തു കീറി കടലാസ്സുകളെ വേൎപ്പെടുത്തിയപ്പോൾ 50 പൗെണ്ടിന്റെ ഒരു ഹുണ്ടിക ഇതാ പുസ്തകത്തിൽ കണ്ടു സന്തോഷിച്ചു. താൻ ആ പുസ്തകത്തെ ഒന്നര സംവത്സരത്തിന്നു മുമ്പെ ഒരു ചില്ലറവാണിഭനോടു വിലെക്കു വാങ്ങിയതുകൊണ്ടു ആ പണം എടുത്തു അനുഭവിപ്പാൻ തനിക്കു ന്യായം ഉണ്ടോ ഇല്ലയോ, എന്നു അറിയേണ്ടതിനു ആയാളുടെ അടുക്കൽ ചെന്നു, കാൎയ്യത്തെ അറിയിച്ചു. എന്നാറെ വാണിഭൻ ഹാ സ്നേഹിതാ, ബഹുകാലം ലന്തരുടെയും ഇംഗ്ലിഷുകാരുടെയും കപ്പലുകളിൽ പണി ചെയ്തു വയസ്സനായി തന്റെ നാട്ടിലേക്കു മടങ്ങിവന്നു ഇവിടെ മരിച്ച ഒരു വസ്തുക്കാരന്റെ വീട്ടുസാമാനങ്ങളെ ലേലം വിളിച്ചു വില്ക്കുമ്പോൾ, ഞാൻ അവന്റെ വേദപുസ്തകത്തെ മറ്റുള്ള ചരക്കോടു കൂടെ വാങ്ങി ഇത്ര വലിയ നിധി അതിന്റെ അകത്തു ഉണ്ടു എന്നു ഞാൻ അറിഞ്ഞിട്ടില്ല. നിങ്ങൾ പുസ്തകത്തെ എന്നോടു വാങ്ങിയ സമയത്തിൽ ഈ മുതലിനെകൊണ്ടു ഒർ അറിവുമുണ്ടായതുമില്ല. ഹുണ്ടിക എനിക്കുള്ളതല്ല, അതു എനിക്കു വേണ്ടാ. മരിച്ചവന്റെ സംബന്ധക്കാരും അവകാശികളും ആരുമില്ല. അതു കൂടാതെ തന്റെ പുസ്തകത്തെ വാങ്ങി, നല്ലവണ്ണം വായിക്കുന്നവനു ഈ ധനം കിട്ടേണം, എന്നു വിചാരിച്ചിട്ടത്രെ അക്കിഴവൻ ഹുണ്ടിക അവിടെ വെച്ചുപോന്നു, എന്നു എനിക്കു തോന്നുന്നു. ആകയാൽ ഇതു ദൈവം നിങ്ങൾക്കു സമ്മാനിച്ചു തന്ന അനുഗ്രഹം തന്നെ എന്നു വാണിഭൻ പറഞ്ഞു, ഇരുവരും സന്തോഷിച്ചു ദൈവത്തെ സ്തുതിക്കയും ചെയ്തു. പിന്നെ നെയ്ത്തുകാരൻ താൻ വാങ്ങിയ കടം വീട്ടി, ക്ഷാമം തീരുവോളം സങ്കടം കൂടാതെ നാൾ കഴിച്ചു, മറ്റും ചില ദരിദ്രക്കാൎക്കു സഹായം ചെയ്തു ദുഖിതൎക്കു ആശ്വാസത്തെ വരുത്തി. ക്ഷാമം തീൎന്നശേഷം അവൻ ഒരു പുതിയ ഭവനത്തെ കെട്ടി സൗെഖ്യത്തോടെ പാൎക്കയും ജീവപൎയ്യന്തം ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. അവന്റെ മകൻ ദൈവഭക്തിയുള്ളൊരു ഗുരുനാഥനായിത്തീൎന്നു, താൻ പഠിപ്പിച്ച കുട്ടികളോടു ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചു സംസാരിച്ചപ്പോൾ, പലപ്പോഴും ക്ഷാമകാലത്തിൽ അച്ഛനു ഉണ്ടായ ദൈവസഹായത്തെ അറിയിക്കയും ചെയ്തു. ഈ നെയ്ത്തുകാരനെ പോലെ ദൈവത്തിൽ ആശ്രയിച്ചു, അവന്റെ കൃപെക്കായിട്ടു കാത്തിരിക്കുന്ന ഏവൎക്കും ക്ഷാമകാലത്തിലും മറ്റ എല്ലാകാലങ്ങളിലും ദൈവത്തിന്റെ സഹായവും അനുഗ്രഹവും, അവരുടെ ആണ്ടുകൾ തീൎന്ന ശേഷം നിത്യ മഹത്വവും സന്തോഷവും ഉണ്ടാകും നിശ്ചയം.