ഉപരോധം-ആറ്
ഉപരോധം | |
---|---|
ഗ്രന്ഥകർത്താവ് | സി.വി.ബാലകൃഷ്ണന്‍ |
മൂലകൃതി | ഉപരോധം |
ചിത്രണം | സി.എൻ. കരുണാകരൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 80 |
ആറ്
നേര്‍ത്ത ചെമ്മൺ പാതയിലൂടെ ഒരു ചവിട്ടുവണ്ടി, സാമാന്യം വേഗത്തില്‍ നീങ്ങുകയാണ്. അതിന്റെ ഒപ്പമെത്താന്‍ രണ്ടു പോലീസുകാര്‍ വിയര്‍ത്തും കിതച്ചുമോടുന്നു. സൈക്കിളില്‍ സവാരിചെയ്യുന്നത് സബ് ഇന്‍സ്പെക്ടര്‍ കുങ്കന്‍നായരാണ്. പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് ചവിട്ടി നീങ്ങുകയാണ്. ആളുകള്‍ അങ്ങുമിങ്ങും ഒളിച്ചുനിന്ന് ആ വരവ് കണ്ടു. അവര്‍ വിസ്മയിച്ചു. കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ച് നിന്നു.
കുങ്കന്‍നായരും പാര്‍ട്ടിയും വരുന്നത് ഒരു പിടിച്ചുപറിക്കേസിന്റെ തെളിവെടുപ്പിനാണ്. രാമന്‍നായരെന്നു പേരായ ഒരാളുടെ കയ്യില്‍നിന്ന് വണ്ണത്താന്‍ രാമന്‍ അഞ്ചുരൂപ തട്ടിപ്പറിച്ചുവെന്നാണ് കേസ്.
അന്ന് കുറ്റൂരില്‍ ഒരു ബോര്‍ഡ് സ്ക്കൂള്‍ പേരിന് നിലവിലുണ്ടായിരുന്നു. അവിടെ അദ്ധ്യാപകനായി ജോലിനോക്കിയിരുന്ന കേളുമാസ്റ്റര്‍ കുറെ കുട്ടികളുടെ പേരുവിധം ചേര്‍ത്ത് റിക്കാര്‍ഡുണ്ടാക്കി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നതായി മേലധികാരികളെ ബോധ്യപ്പെടുത്തി വരികയായിരുന്നു. അയാള്‍ യഥാര്‍ത്ഥത്തില്‍ പഠിപ്പിച്ചിരുന്നത് മഠത്തിലെ കുട്ടികളെ മാത്രമാണ്. മഠത്തില്‍വെച്ചുതന്നെയാണ് പഠിപ്പിക്കല്‍ നടന്നിരുന്നത്. ഇതിനുപുറമെ അയാള്‍ കാര്യസ്ഥന്‍ ജോലിയും വഹിച്ചുപോന്നു.
കണ്ണങ്കാട്ട് അറയുടെ സമീപത്തായിരുന്നു സ്കൂള്‍. അതിന്റെ മുന്നിലായി കുങ്കന്‍നായര്‍ സൈക്കളില്‍ നിന്നിറങ്ങി.
പോലീസുകാര്‍ ആശ്വാസപൂര്‍വ്വം നെറ്റിയിലെ വിയര്‍പ്പു തുടച്ചു. അവര്‍ പുതിയടത്തു വീട്ടില്‍ പോയി ഒരു കസേര കൊണ്ടുവന്ന് കുങ്കന്‍ നായര്‍ക്ക് ഇട്ടുകൊടുത്തു. പിന്നെ ഇരുവരും വണ്ണത്താന്‍ രാമനെ അന്വേഷിച്ച് യാത്രയായി.
കുങ്കന്‍നായരുടെ വരവിനെക്കുറിച്ച് കേട്ടറിഞ്ഞ്, പരാതിക്കാരനായ രാമന്‍നായര്‍ വീട്ടിലൊളിച്ചു. അയാളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നത് അവറോന്നൻ ചന്തുനമ്പ്യാരാണ്. അയാള്‍ കുങ്കന്‍നായരെ തൊഴുതുവണങ്ങി.
“നിങ്ങളുടെ പൈസയാണോ തട്ടിപ്പറിച്ചത്?” ഇന്‍സ്പെക്ടര്‍ തിരക്കി.
രാമന്‍നായര്‍ അവറോന്നനെ സഹായമഭ്യര്‍ത്ഥിക്കും മട്ടില്‍ നോക്കി.
‘അതെ, ഇയാളുടേതാ.’ അവരോന്നന്‍ പറഞ്ഞു.
‘എത്രയുണ്ടായിരുന്നു?’
‘അഞ്ചുറുപ്പിക.’ രാമന്‍നായര്‍ വിക്കി വിക്കി പറഞ്ഞു.
ദൂരെ നിന്ന് രണ്ട് പോലീസുകാരോടൊപ്പം കറുപ്പച്ചന്‍ നടന്നുവരുന്നതു കണ്ടപ്പോള്‍ രാമന്‍നായരുടെ കുടല്‍ വിറച്ചു. അവറോന്നന്‍ പറഞ്ഞിട്ടാണ് പരാതിയെഴുതുന്നത്. പൈസ തട്ടിപ്പറിച്ച സംഭവമേ ഉണ്ടായതല്ല. രാമന്‍നായര്‍ പകച്ച മുഖഭാവവുമായി നിന്നു. കാലുകള്‍ കിടുകിടെ വിറയ്ക്കുന്നണ്ടായിരുന്നു.
കുങ്കന്‍നായര്‍ ഒരു തയ്യാറെടുപ്പോടെ എണീറ്റ്, സ്കൂളിന്റെ കഴുക്കോലില്‍ പിടിച്ചു നിന്നു. അയാളും രാമനെപ്പോലെ ദീര്‍ഘകായനായിരുന്നു. ഇരുനിറം. കൊമ്പന്‍മീശ. പരുപരുത്ത ശബ്ദം. തുളച്ചുകയറുന്ന നോട്ടം.
‘ഞാനാരാണെന്നറിയ്യോ?’ അയാള്‍ മീശ പിരിച്ചുകൊണ്ട് ചോദിച്ചു.
ആ ചോദ്യം രാമനെ പ്രകോപിപ്പിച്ചു. രാമന്‍ അവജ്ഞയോടെ പറഞ്ഞു.
‘നീ ആരായാല് എനിക്കെന്താ?’
കുങ്കന്‍നായര്‍ കാലുയര്‍ത്തി ഊക്കില്‍ രാമന്റെ താടിക്ക് തൊഴിച്ചു. അതു രാമന്‍ പ്രതീക്ഷിച്ചില്ല. താടി മുറിഞ്ഞ് ചോര പൊടിഞ്ഞു.
രാമന്‍ ഒറ്റച്ചാട്ടത്തിന് കുങ്കന്‍നായരുടെ കഴുത്തില്‍ പിടിച്ചു. അത് അയാളും പ്രതീക്ഷിച്ചിതല്ല. കഴുത്തില്‍ വിരലുകള്‍ മുറുകി. അയാള്‍ ഞെരിപിരികൊണ്ടു. പോലീസുകാര്‍ രണ്ടുപേരും ചേര്‍ന്ന് സര്‍വ്വശക്തിയുമെടുത്ത് രാമനെ പിടിച്ച് പിറകോട്ട് വലിച്ചു. കുങ്കന്‍ നായര്‍ ഇതിനിടയില്‍ കുതറിമാറി അവറോന്നന്റെ കൂടെ മഠത്തിലേക്കോടി രക്ഷപ്പെട്ടു. രാമന്‍ വെട്ടുപോത്തിനെപ്പോലെ ഒച്ചയെടുത്തു. പോലീസുകാര്‍ക്ക് കണക്കിനു കിട്ടി. പിന്നെ കുങ്കന്‍നായരുടെ സൈക്കിളെടുത്ത് ദേഷ്യം അതിനോട് തീര്‍ത്തു. അത് തല്ലിപ്പൊളിച്ച് നിലത്തിട്ടശേഷം അലറിക്കൊണ്ട് മഠത്തിനു നേര്‍ക്കോടി. വാതിലുകളടച്ച് കുങ്കന്‍ നായര്‍ അകത്തിരിക്കുകയായിരുന്നു. രാമന്‍ മഠത്തിനുചുറ്റും പാഞ്ഞു.
‘ഓനെ വിട്ട് തന്നില്ലെങ്കില് ഈ വീടിന് ഞാന്‍ തീവെയ്ക്കും’ അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ഓടിവന്ന പൊലീസുകാരനും മഠത്തിലെ പണിക്കാരും ചേര്‍ന്ന് ഒടുവില്‍ രാമനെ കീഴ്പ്പെടുത്തി. വരിഞ്ഞുകെട്ടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ചുവന്ന ചായംതേച്ച ചുവരുകള്‍ക്കിടയിലിട്ട്, തല്ലിച്ചതച്ചു.
മതിലുകള്‍ക്കുള്ളില്‍ നിന്നും പുറത്തുകടന്ന്, വെളിച്ചമുള്ള പാതയിലൂടെ അയാള്‍ നടന്നു.
മനസ്സ് മുറിവേല്പിക്കപ്പെട്ടിരുന്നു. മൂഖം സ്തോഭപൂര്‍ണ്ണമായിരുന്നു.
പെറ്റൂവളര്‍ന്ന ഗ്രാമത്തിന്റെ മണ്ണിലെത്തിയപ്പോള്‍ അയാളുടെ നേത്രങ്ങളില്‍ സമ്മിശ്രവികാരങ്ങള്‍ ഓളംവെട്ടി.
ഇലകള്‍ കൊഴിഞ്ഞ് കൊമ്പുകള്‍ തളര്‍ന്ന നാമ്പുകള്‍പോലെ നീണ്ടുകിടക്കുന്ന ഒരു വൃക്ഷം. അയാള്‍ ഏറെ നേരം ആ വൃക്ഷത്തെ നോക്കിനിന്നു. അത് പാടേ ഉണങ്ങിയോ? ഇല്ലില്ല. അയാള്‍ മന്ത്രിച്ചു അതിന്റെയുള്ളില്‍ ഇപ്പോഴും നീരോട്ടമുണ്ട്. അത് നിലയ്ക്കില്ല. വീണ്ടും ഒരുനാള്‍ ശിഖരങ്ങളില്‍ തളിരുകള്‍ വിരിയും. തളിരിലകള്‍ക്ക് പിന്നെപ്പിന്നെ പച്ചനിറം കനത്തുവരും. അവയ്ക്കിടയില്‍നിന്ന് കിളികളുടെ ശബ്ദങ്ങള്‍ കേള്‍ക്കും.
ഒരു വേനലിന് ഉണക്കിക്കളയാവുന്ന വൃക്ഷമല്ല ജീവിതം.
അയാള്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നു.
പുഴ വരണ്ടിരുന്നു. ചരല്‍ക്കല്ലുകള്‍ക്കിടയില്‍ കാട്ടുപുല്ലുകള്‍ കിളിര്‍ത്തുനിന്നു. പുഴയുടെ വക്കുകളില്‍ മാലിന്യങ്ങള്‍ മണ്‍പുറ്റുകള്‍. ഒരു ഞരമ്പിന്റെ തേങ്ങല്‍. ഇത് തീര്‍ത്തും വറ്റിയോ? അടിയില്‍ നീരുറവകള്‍ കാണും. ആര്‍ത്തിരമ്പി വരാനിരിക്കുന്ന കാലവര്‍ഷത്തെ അവ സ്വപ്നം കാണുകയാവും.
ഒരു വേനലിന് അനായാസമായി നശിപ്പിച്ചുകളയാവുന്ന ഒരു പുഴയല്ല ജീവിതം.
അയാള്‍ ചങ്കുറപ്പോടെ നടന്നു.
വിജനമായ കുന്നിന്‍പുറത്ത് ഒരുപറ്റം കാലികള്‍ തളര്‍ന്നുനിന്നു. അവ ശോഷിച്ച് കോലംകെട്ടിരുന്നു. കണ്ണുകളില്‍ ഉദാസീനതയും തളര്‍ച്ചയും മുറ്റിനിന്നു. ചുറ്റിലും പുല്‍ക്കൂട്ടങ്ങളില്ല. കുന്നിന്‍ചരിവ് കൊടും ചൂടില്‍ ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുകയാണ്. ഒരു പുല്‍ക്കൊടിപോലും തലനീട്ടുന്നില്ല. കാറ്റ് വീശുന്നില്ല.
അയാളുടെ കണ്ണുകളില്‍ പ്രതീക്ഷ തുടിച്ചു.
അയാള്‍ കയ്യിലെ പൊതി പെങ്ങളെ ഏല്പിച്ചു. ‘നിനക്കിടാന്‍ കുപ്പായമാണ്.’
‘അയ്യോ.’ ചീല നടുക്കം ഭാവിച്ചു.
‘പേടിക്കേണ്ട, ഞാനില്ലേ.’
എന്നിട്ടും അവളത് രാത്രിയില്‍ മാത്രം ധരിച്ചു.
ചീലയ്ക്ക് ആയിടെ പെരിങ്ങോത്തുനിന്ന് ഒരാലോചന വന്നു. കോടിലോന്‍ അത് നടത്തിക്കൊടുത്തു. പോകാന്‍ നേരത്ത് അവള്‍ മുന്നില്‍ വന്ന് നിന്ന് കരഞ്ഞു. അയാളുടെയുള്ളിലും നൊമ്പരമുണര്‍ന്നു. ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ‘പോ സന്തോഷമായിട്ട് പോ. നിന്നെക്കാണാന്‍ ഏട്ടന്‍ അങ്ങോട്ട് വരും.
കാര്യസ്ഥന്മാരില്‍ ഒരാളായ കുഞ്ഞിക്കോമരം ചാരന്‍കാസ്മിയുടെ അങ്ങാടിയില്‍ നിന്ന് ജാപ്പാണം പുകയിലയും കല്‍ക്കണ്ടവും വാങ്ങി. ഓലക്കുടയുടെ നിഴലില്‍ ഏതാനും വാര നടന്നപ്പോഴാണ് ചെരിപ്പ് മറന്നുവെന്ന കാര്യം ഓര്‍മ്മിച്ചത്. കുടുമ പിടിച്ചുനിന്ന് ഇനി എന്താണ് ചെയ്യുകയെന്ന് നിനച്ചു. ചെരിപ്പെടുക്കാന്‍ അങ്ങാടിയിലേക്ക് തിരിച്ചു നടക്കാന്‍ വയ്യ. തിരിച്ചുപോകുന്നത് അശുഭകരമാണ്. അയാള്‍ തിരിഞ്ഞു നിന്ന് പീടികയിലേക്ക് നോക്കി. അവിടെ കോടിലോന്‍ രാമനെ കണ്ടു. അയാള്‍ ശ്ബദമുയര്‍ത്തി വിളിച്ചുപറഞ്ഞു.
‘എടാ, ആ ചെരിപ്പിങ്ങെട്ക്ക്.’
വാണിയനായ കോമരം തന്നെ എടാ എന്ന് വിളിച്ചതും ചെരുപ്പെടുക്കാന്‍ പറഞ്ഞതും കോടിലോനെ പ്രകോപിപ്പിച്ചു. അവര്‍ക്കിടയിലൂലുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വന്നു.
പിന്നെ ചാരന്‍കാസ്മി കണ്ടത് ചോരയാണ്.
‘എന്നെക്കൊണ്ട് നീ ചെരിപ്പെടുപ്പിക്കും, അല്ലേടാ’. കോടിലോന്റെ ഗര്‍ജ്ജനം കേട്ടു. കുത്തേറ്റഭാഗം അമര്‍ത്തിപ്പിടിച്ചുകൊണ്ട് കുഞ്ഞിക്കോമരം ഓടി. കോടിലോന്‍ ഒരില ഒടിച്ചെടുത്ത് കത്തി തുടച്ചു.
കുഞ്ഞിക്കോമരം മരിച്ചില്ല. മൃതപ്രായനായതേ ഉള്ളൂ. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ബ്രട്ടീഷുകാരനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് കുറ്റൂരിലേയ്ക്ക് വന്നു.
ഉച്ചാലമ്മ തമ്പാനെ കാണിച്ചുകൊടുത്തു. ഒരു വെള്ളക്കുതിര.
കുതിരപ്പുറത്ത് കാല്‍ശരായിയും തൊപ്പിയുമിട്ട സായ്പ്.
കുറ്റൂരിലുള്ള പലരും അന്നാദ്യമായിട്ടാണ് ഒരു സായ്പിനെ കാണുന്നത്. ധാരാളം പറഞ്ഞുകേട്ടിട്ടുണ്ട്. അയാളുടെ വെളുത്ത മുടിയിലേയ്ക്കും ചുവന്നു തുടുത്ത ശരീരത്തിലേയ്ക്കും തക്കാളിപോലുള്ള കവിളുകളിലേയ്ക്കും അപരിചിതത്വം തുടിക്കുന്ന പൂച്ചക്കണ്ണുകളിലേയ്ക്കും. ആളുകള്‍ എത്തിവലിഞ്ഞു നോക്കി.
അവള്‍ ‘ഊയ്ശ്’ എന്നു പറഞ്ഞു.
നായനാര്‍ സായ്പിന്റെ അവസ്ഥയ്ക്കൊത്ത വിധം ഉചിതസംവിധാനങ്ങള്‍ ചെയ്തു. അയാള്‍ രാത്രികഴിച്ചത് മഠത്തിലെ ബംഗ്ലാവിലാണ്. അത് പ്രത്യേകമായി അതിഥിളെ പാര്‍പ്പിക്കാനുണ്ടാക്കിയതാണ്. മുറ്റത്ത് നാലുപാടും പൂച്ചെടികളുണ്ട്. അവയില്‍ പൂക്കള്‍ പരിലസിക്കുന്നു. പല നിറത്തിലുള്ള പൂക്കളുടെ മനോഹാരിത സായ്പ്പിനെ മുഗ്ദ്ധനാക്കി. അയാള്‍ പൈപ്പ് വലിച്ചുകൊണ്ട് ബംഗ്ലാവിന്റെ ഇറയത്തുനിന്നു. മഠത്തിന്റെ കിഴക്കെ മുറ്റത്ത്, തെക്കോട്ടുമാറി ചുറ്റുമതിലിനോട് ചേര്‍ന്നാണ് ബംഗ്ലാവ്. അയാള്‍ അവിടെ നിന്ന് നടപ്പുരയ്ക്കടുത്തുള്ള കാടുകളിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങള്‍ ആസ്വദിച്ചു. മാറുമറച്ചിട്ടില്ലാത്ത ദാസികളെ അയാള്‍ കണ്ണെടുക്കാതെ നോക്കി. എണ്ണമിനുപ്പുള്ള നഗ്നമായ മാറിടങ്ങള്‍ അന്തിവെയില്‍ പോലെ തിളങ്ങി. നായനാര്‍ അയാളെ വിശേഷപ്പെട്ട നാടന്‍ചാരായവും, മാനിറച്ചിയും നല്‍കി സല്‍ക്കരിച്ചു. രാത്രിയില്‍ യജമാനന്റെ കല്പനപ്രകാരം രണ്ടു ദാസികള്‍ അമ്പരന്ന കണ്ണുകളോടെ അയാളുടെ മുറിയിലേക്ക് കയറിചെന്നു. ശരറാന്തൽ വിളക്കിന്റെ വെളിച്ചത്തില്‍ അവര്‍ പരുങ്ങി നിന്നു. കാല്‍വിരലുകള്‍ നിലത്ത് കളമെഴുതി.അയാളവരുടെ മേനികളിലേക്ക് മാറിമാറി നോക്കി. അയാള്‍ക്ക് കൊതിതോന്നി. ‘കമോണ്‍ ലേഡീസ്’ അയാള്‍ കൈകാട്ടി വിളിച്ചു. അവര്‍ തമ്മില്‍ തമ്മില്‍ നോക്കി നാണം കൂറിനിന്നു. അയാൾ കട്ടിലിൽ നിന്നെണീറ്റുചെന്ന്, അവരെ ചേർത്തുപിടിച്ചു. മുടിയില്‍ നിന്ന് നെല്ലെണ്ണയുടെ മണം ചുഴറ്റിവീശി.
സായ്പിന്റെ വെള്ളക്കുതിര തൊടിയില്‍ യജമാനനെ കാത്തുനിന്നു.
പിറ്റേന്ന് കാലത്ത് നടപ്പുരയ്ക്കുള്ളില്‍ നാലുകണ്ണുകള്‍ നിറഞ്ഞൊഴുകി.
‘ഞങ്ങളുടെ നാടിനെക്കുറിച്ച് നിങ്ങള്‍ക്ക് കേള്‍ക്കണോ? എന്നാല് കേട്ടോളൂ.’
സെന്‍ട്രല്‍ ജയിലിലെ ഒരു ബ്ലോക്കില്‍ ഏതാനും തടവുകാര്‍ ഒരുമിച്ചുകൂടി ഇരിക്കുകയാണ്. അവരുടെ നടുവിലിരുന്നു കയ്യും കലാശവും കാണിച്ചുകൊണ്ട് സംസാരിക്കുന്നത് വണ്ണത്താന്‍ രാമനാണ്. അടുത്തുതന്നെ കോടിലോന്നുമുണ്ട്.
അവരിപ്പോള്‍ ജയില്‍ അധികാരികള്‍ക്കും തടവുകാര്‍ക്കും സുപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. മതിലുകള്‍ക്കുള്ളില്‍ അവരുടെ ശബ്ദങ്ങളുയര്‍ന്നു കേള്‍ക്കുന്നു. അവര്‍ അനീതിയെക്കുറിച്ച് പറയുകയാണ്.
മഴ കോരിച്ചൊരിയുന്ന ഒരു ദിവസം വണ്ണത്താന്‍ രാമന്‍ വീണ്ടും ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ടു. വഴികളില്‍ ചെളി കെട്ടിക്കിടന്നിരുന്നു. പുഴയായ പുഴയെല്ലാം കലങ്ങി ചുവന്നിരുന്നു. പെരുമഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. മഴയിലൂടെ നടന്നു നീങ്ങുന്ന ഒരു ദീര്‍ഘകായന്‍. ഉവ്വ്. അതയാള്‍ തന്നെ.
പുഴകള്‍ കടന്നും, കുന്നുകള്‍ കയറിയിറങ്ങിയും അയാള്‍ കുറ്റൂരിലെത്തിച്ചേര്‍ന്നു. അപ്പോഴേക്കും കുന്നിന്‍ചരിവുകള്‍ ഹരിതാഭമായി കഴിഞ്ഞിരുന്നു. വയലുകളില്‍ നെല്ലോലകള്‍ക്ക് കടും പച്ചനിറം കൈവന്നിരുന്നു. കൈത്തോടുകളും പുഴയും നിറഞ്ഞൊഴുകുകയായിരുന്നു. കയ്യാലകളുടെ അരികുപറ്റി കൂണുകള്‍ പൊടിച്ചുനിന്നു. മഴത്തുമ്പികള്‍ പറന്നു നടന്നു. തവളകള്‍ നനഞ്ഞ മണ്ണിലൂടെ യാത്ര പുറപ്പെട്ടു. കൈത്തോടുകളില്‍ കുട്ടികള്‍ പരല്‍മീനുകളോടൊപ്പം നീന്തിക്കളിച്ചു. മരക്കൊമ്പുകളില്‍ കാക്കള്‍ ചിറകുകള്‍ കുടഞ്ഞു.