close
Sayahna Sayahna
Search

ഉപരോധം-എട്ട്


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

എട്ട്

ചിത്രീകരണം : സി.എൻ.കരുണാകരൻ

കോടിലോന്‍ പെങ്ങളുടെ നേര്‍ക്ക് മുഖമുയര്‍ത്തി.

പാട്ടിയമ്മ പുടവയുടെ കോന്തലയെടുത്ത് കണ്ണുതുടച്ചു.

കോടിലോന്റെ മുഖത്ത് താടിയും മീശയും വളര്‍ന്നിരുന്നു.

മനസ്സില്‍ സങ്കടങ്ങള്‍ വിങ്ങി.

പാട്ടിയമ്മ ഒന്നും ചോദിച്ചില്ല. അകത്തേയ്ക്കുപോയി കിണ്ണത്തില്‍ കഞ്ഞി വിളമ്പി.

കോടിലോന്‍ കഞ്ഞി കുടിക്കാനിരുന്നു. ഒരു പിടി വാരിയപ്പോള്‍തന്നെ വേണ്ടെന്നുതോന്നി.

പാട്ടിയമ്മ പറഞ്ഞു:

“കുടിക്ക്, നല്ല ക്ഷീണമുണ്ട് മുഖത്ത്.”

കോടിലോന്‍ ഒന്നും പറയാതെ കഞ്ഞികുടിച്ചു.

പിന്നെ ഇറയത്ത് മലര്‍ന്നുകിടന്ന് പറഞ്ഞു.

“അവര് ആശ്വത്രീല് കൊണ്ടുപോയിറ്റ് രാമന്റെ ഞരമ്പ് മുറിച്ചുകളഞ്ഞ് മൊടന്തനാക്കി.”

ആ വിവരം പാട്ടിയമ്മയ്ക്കുമാത്രമല്ല, കൂറ്റൂരിലെ മിക്കവര്‍ക്കും നടുക്കം പകരുന്നതായിരുന്നു. കൂരകള്‍ക്കുള്ളില്‍നിന്ന് ചുഴികള്‍പോലെ തേങ്ങലുകളുയര്‍ന്നു.

ഉച്ചാലമ്മ കരയുന്നതു കണ്ടപ്പോള്‍ തമ്പാന്‍ ചോദിച്ചു:

“എന്തിന്യാ മൂത്തശ്ശ്യേ, കരയ്ന്നത്?

അവര്‍ തമ്പാനെ ചേര്‍ത്തുപിടിച്ചു.

“നമ്മടെ കുറുപ്പച്ചനെ മൊടന്തനാക്കീലെ അപ്യ.” “ഉച്ചാലമ്മ എങ്ങലടിച്ചു. അതുകണ്ട് അവന്റെയും മനസ്സലിഞ്ഞു.

കൂവപ്പകുന്നിന്റെ ചോട്ടിലിരുന്ന് ചീരൂട്ടി കണ്ണുനീര്‍ വാര്‍ത്തു.

കണ്ണമ്പാടിയിലൂടെ കണ്ണുനീരൊഴുകി.

ആകാശച്ചെരുവുകളില്‍ ദു:ഖച്ഛവി കലര്‍ന്നു. മരങ്ങള്‍ വിറങ്ങലിച്ചു നിന്നു. കാറ്റുപോലും വീര്‍പ്പടക്കിപ്പിടിച്ചു.

പാറക്കടവിലേയ്ക്ക് നോക്കിനിന്ന് കൊല്ലത്തി ചീയേയി തേങ്ങി. മുന്നായം കുണ്ടില്‍ കണ്ണുകള്‍ ഉടക്കി. അതിന്റെ ആഴത്തില്‍നിന്ന് ഒരു കാറ്റ് വീശിപ്പടരുന്നമാതിരി തോന്നി.

* * *

നെല്ല്യാട്ട് വയലില്‍ പുഞ്ചവിതയ്ക്കുകയാണ്. കോടിലോനും മരുമകന്‍ കണ്ണനും ചേര്‍ന്നാണ് വയല്‍ പൂട്ടുന്നത്. പോത്തുകള്‍ ചെളിക്കണ്ടത്തിലൂടെ നടന്നുനീങ്ങി. ചെന്നെല്ലിന്റെ വിത്തുകള്‍ മണ്ണില്‍ പുതഞ്ഞു. കാക്കകള്‍ താണു പറന്നു. തോട്ടിറമ്പിലെ കാട്ടെരിക്കുകള്‍ വൃശ്ചികക്കാറ്റില്‍ ഉലഞ്ഞു.

തോടുകടന്ന് കാരള കോരന്‍ വയലിലേയ്ക്ക് നടന്നു. കോടിലോന്‍ പൂട്ടിക്കൊണ്ടിരുന്ന പാടത്തിന്റെ വരമ്പത്തു കയറിനിന്ന് കോരന്‍ ചോദിച്ചു:

“നിങ്ങളോടാരാ ഇത് പൂട്ടാന്‍ പറഞ്ഞത്?”

കൊടിലോന്‍ പോത്തുകളെ പിടിച്ചുനിര്‍ത്തി. കണ്ണന്റെ പോത്തുകളും നിന്നു.

“എന്താടാ പറഞ്ഞത്?” കോടിലോന്‍ ചോദിച്ചു.

“ഇത് നായനാര് എന്റെ പേരില് എഴുതിത്തന്നതാ. നിങ്ങക്ക് ഇതില് അവകാശമില്ല.”

അതിന്നു മറുപടിയായി കോടിലോന്‍ മുടിങ്കോല്‍ നീട്ടിപ്പിടിച്ചുകൊണ്ട് കോരന്റെ നേര്‍ക്കോടി. കോരന്‍ അവിടെ നിന്നില്ല. പറ്റുന്നത്ര വേഗത്തില്‍ ചലിച്ച് മഠത്തിലെത്തി. നായനാരെ വിവരം ധരിപ്പിച്ചു.

നായനാര്‍ പറഞ്ഞു:

“അഞ്ചാറ് വാലിയക്കാരേംകൂട്ടി നീ പോയി മേല്‍വിത്തിട്.”

നായനാര്‍ പറഞ്ഞ പ്രകാരം കോരന്‍ ആളുകളെ വിളിച്ചുചേര്‍ത്തു. കാനത്തുമ്പൊയില് ശങ്കരന്‍, തോട്ടത്തില്‍ കുഞ്ഞപ്പു. ഉറുവാടന്റെ രാമന്‍, കൂവ കൊട്ടന്‍- ഇവര്‍ക്കു പുറമെ പാടത്തുനിന്ന് കരിമ്പന്‍ പുലയനേയും വെള്ളിപ്പുലയനേയും ഒപ്പം കൂട്ടി. കാരസ്ഥന്‍മാരായ പുല്ലായിക്കൊടി കോരന്‍ നമ്പ്യാരും പനയന്തട്ട് രാമന്‍ നായരും അവരോടുകൂടേ ചേര്‍ന്നു. അഞ്ചേര്‍കാലികളെയും തെളിച്ചുകൊണ്ടായിരുന്നു പോക്ക്.

കാര്യങ്ങള്‍ നേരില്‍ കണ്ടറിയാന്‍ ഒന്നാം കാര്യസ്ഥനായ അവറോന്നനും നെല്ല്യാട്ട് വയലിലേയ്ക്കു നടന്നു. നായനാർ പടിപ്പുരയിലിരുന്നു.

* * *

കാലികളും ആള്‍ക്കാരും വരുന്നത് കണ്ണനാണ് ആദ്യം കാണാനിടയായത്.

“അതാ, വെര്ന്ന്,” അവര്‍ പകച്ച് പറഞ്ഞു.

കോടിലോന്‍ അങ്ങോട്ടു നോക്കി.

“എരുതുകളെ കെട്ട്ടാ,” കോരന്‍ പുലയരോടു പറഞ്ഞു.

അവര്‍ എരുതുകളെ നേരെ നിര്‍ത്തി നുകംവെച്ച് ഞേങ്ങോലു കെട്ടുകയായി.

കോരന്‍ വിത്തുകുട്ടയുമായി വയലില്‍ മേല്‍വിത്തു കൂട്ടാനിറങ്ങി.

കോടിലോന്‍ ഒരു കൊടുങ്കാറ്റുപോലെ ചീറിക്കൊണ്ട് കോരന്റെ നേര്‍ക്ക് കുതിച്ചു. വിത്തുകൂടയോടൊപ്പം കോരന്‍ കണ്ടത്തില്‍ മലര്‍ന്നടിച്ചുവീണു.

തോട്ടുവക്കില്‍ നിന്ന്, കൈതകളുടേയും, കാട്ടെരുക്കുകളുടേയും മറവില്‍ നിന്ന് കാലികള്‍ വയലുകളില്‍ ചാടിയിറങ്ങി. അവയുടെ പിന്നിലെ ഉറുവാടന്റെ രാമനും മറ്റുള്ളവരും ഓടി. കാലികള്‍ നിയന്ത്രണമില്ലാതെ വയലുകളിലൂടെ പായുന്നതും, കുറേ മനുഷ്യരൂപങ്ങള്‍ തന്റെ നേര്‍ക്ക് ഓടിയടുക്കുന്നതും കോടിലോന്‍ കണ്ടു.

* * *

അമ്മാമന്റെ നേര്‍ക്ക് ആളുകള്‍ പാഞ്ഞടുക്കുന്നതു കണ്ട് കണ്ണന്‍ നിലവിളിക്കാന്‍ പോലും മറന്നു. അവന്റെ കണ്ണുകളില്‍ ഭീതിയുടെ പായല്‍ നിറഞ്ഞു. അവന്‍ അറിയാതെ ഞെങ്ങോലില്‍ നിന്ന് പിടിവിട്ടു. എന്നിട്ടും പോത്തുകള്‍ അനങ്ങിയില്ല. വയലുകളിലങ്ങിങ്ങ് ചിറകൊതുക്കിച്ചികഞ്ഞു നടന്ന കൊക്കുകളും കാക്കകളും ഉറക്കെ കരഞ്ഞുകൊണ്ട് പറന്നു പൊങ്ങി. കാട്ടെരിക്കുകള്‍ കാറ്റില്‍ വിറച്ചുലഞ്ഞു. കോടിലോന്റെ അടിയേറ്റ് രണ്ടുപേര്‍ ചെളിയില്‍ വീണു ഞെരങ്ങി. കാലുയര്‍ത്തിയും കൈകള്‍ വീശിയും അയാള്‍ മറ്റുള്ളവരോട് എതിരിട്ടു. അവരില്‍ ചിലര്‍ അടിതെറ്റി ചെളി വയലില്‍ പിടഞ്ഞു വീഴുകയും എഴുന്നേറ്റ് വീണ്ടും ആക്രമണം തുടരുകയും ചെയ്തു. ഒരാള്‍ പിന്നില്‍ നിന്ന് കോടിലോന്റെ ചുമലില്‍ കുത്തി.

അവര്‍ അമ്മാവനെ പൊതിഞ്ഞു നിന്ന്, കൈചുരുട്ടിയിടിക്കുന്നതു കണ്ട് കണ്ണന്‍, വിരയ്ക്കുന്ന ഒച്ചയില്‍ നിലവിളിച്ചു.

“അയ്യോ, അമ്മാവനെ കൊല്ലുന്നേ.” അവന്‍. അവരുടെ നേര്‍ക്കോടി.

ഒരാള്‍ അവനെ വയറ്റത്ത് തൊഴിച്ച് വീഴ്ത്തി. അവന്‍ ചാടിയെണീറ്റ് പിന്നെയും അവരുടെ ഇടയിലേയ്ക്കു പാഞ്ഞു. ആരോ അവനെ

വീണ്ടും പിടിച്ചുതള്ളി. വീണുകിടക്കുമ്പോള്‍ അവന്‍ കണ്ടു. അമ്മാവന്‍ അവരുടെ നടുവില്‍ കാലുതളര്‍ന്ന് മുഖംകുത്തി വീഴുകയാണ്.

“അമ്മാവനെ കൊല്ലല്ലേ” എന്ന് കരഞ്ഞുകൊണ്ട് അവന്‍ പിടഞ്ഞെണീറ്റു.

ഒരാള്‍ ഒരു തോര്‍ത്തുകൊണ്ട് കൊടിലോന്റെ കൈകള്‍ ചേര്‍ത്തു കെട്ടുമ്പോള്‍ മാലത്തില്‍ കണ്ണന്‍ ദൂരെനിന്ന് ഓടിവന്നു. അയാളുടെ കൈയിലൊരു ചെറിയ കത്തിയുണ്ടായിരുന്നു. കോടിലോന്‍ അയാളെ തിരിച്ചറിഞ്ഞ് ഞെരങ്ങുംപോലെ വിളിച്ചു:

“കണ്ണാ, ഓടിവാ.”

നാലുപേര്‍ കണ്ണന്റെ നേര്‍ക്ക് തിരിഞ്ഞുനിന്നു. കോരന്‍നമ്പ്യാര്‍ പറഞ്ഞു:

“ജീവനും കൊണ്ട് തിരിച്ചുപോണംന്നുണ്ടെങ്കില് ഓടിക്കോ.”

അവിടെ നിന്ന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കണ്ണന് ക്ഷണത്തില്‍ ബോദ്ധ്യമായി. ഞെഞ്ചിടിപ്പേറി. എന്താണ് ചെയ്യുകയെന്ന് ഒരുനിമിഷം ആലോചിച്ചു. പിന്നെ, പതിനഞ്ചു നാഴിക അകലെയുള്ള പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി. അതിവേഗത്തില്‍ ഓടി.

വയലുകളും വടക്കും തെക്കും കരകളിലുള്ള വീടുകളില്‍ നിന്ന് ആരെല്ലാമോ നോക്കുന്നുണ്ടായിരുന്നു. ആരും അവിടേക്ക് അടുക്കാന്‍ ധൈര്യപ്പെട്ടില്ല.

രണ്ടുപേര്‍ ചേര്‍ന്ന് കോടിലോനെ വലിച്ചിഴച്ചു.

“പാതാറിന്റെ കല്ലിങ്ങെടുത്തുകൊണ്ട് വാടാ.” രാമന്‍നായര്‍ പുലയരോട് പറഞ്ഞു.

കരിമ്പനും വെള്ളിപ്പുലയനും ഓടിപ്പോയി. പാതാറിന്റെ കല്ലുകള്‍ ഇളക്കിയെടുത്തുകൊണ്ടുവന്നു.

കൊട്ടന്‍ കോടിലൊന്റെ തലപിടിച്ച് സര്‍വേക്കല്ലില്‍ വെച്ചു. കോരനും ഉര്‍വാടന്റെ രാമനും ഓരോ കല്ലെടുത്ത് കോടിലോന്റെ മൂഖത്തിനുനേരെ ഉയര്‍ത്തിപ്പിടിച്ചു.

കലക്കവെള്ളം പരന്ന കണ്ണുകള്‍കൊണ്ട് കോടിലോന്‍ അവ്യക്തമായി കണ്ടു. രണ്ടു കല്ലുകള്‍.

കൃഷ്ണമണികള്‍ സ്ഫടികംപോലെ തിളങ്ങി.

ഒരുകല്ല് മൂക്കിനുമീതെ ആഞ്ഞമര്‍ന്നു. കോരന്‍ അതുയര്‍ത്തിയപ്പോള്‍ രാമന്‍ തന്റെ കയ്യിലുണ്ടായിരുന്ന കല്ലുകൊണ്ട് ഇടത്തേ കണ്ണിന്

കുത്തി. ആ കണ്ണിലാകെ കല്‍ക്കഷ്ണങ്ങളും ചോരയും നിറഞ്ഞു. കോടിലോന്റെ മൂഖം ആ ആഘാതത്തില്‍ ഒരുവശത്തേക്ക് ചരിഞ്ഞു.

തോട്ടുവക്കില്‍ കണ്ണട ധരിച്ച, ദീര്‍ഘകായനായ ഒരാള്‍ കുട തുറന്നുപിടിച്ച് ബിംബംപോലെ നില്‍ക്കുന്നതു കണ്ടു.

അമ്മാവനെ കൊല്ലരുതേ എന്ന് മരുമകന്‍ നിലവിളിക്കുന്നതു കേട്ടു.

ഇടത്തേ കവിളില്‍ ഒരു കല്ലുകൂടി അമര്‍ന്നു. കണ്ണുകളില്‍, നെറ്റിയില്‍, കവിളില്‍, വായില്‍ അവിടെയെല്ലാം കല്ലുകളമര്‍ന്നുകൊണ്ടിരുന്നു. മുഖമാകെ ചതഞ്ഞരഞ്ഞു. കോടിലോന്‍ തന്റെ മരണം ഈ വിധത്തിലാണല്ലോ എന്നോര്‍ത്തുകൊണ്ട് കിടന്നു പുളഞ്ഞു. വരണ്ടതൊണ്ട നനക്കാന്‍ ഒരിറ്റു വെള്ളത്തിനുവേണ്ടി നാവുനീട്ടി.

കൂവകൊട്ടാന്‍ കൈക്കുടന്നയില്‍ ചെളിവെള്ളം കോരിയെടുത്തു. അതങ്ങനെതന്നെ അയാളുടെ വായിലൊഴിച്ചുകൊടുത്തു. ചോരയും ചെളിവെള്ളവും ഒരുമിച്ചു കലര്‍ന്ന്, തൊണ്ടയില്‍ നിറഞ്ഞു.

മരുമകന്‍ കണ്ണന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വയലുകളിലൂടെ പാഞ്ഞു-വെള്ളോറയില്‍ പോയി കേളുവമ്മാവനെ വിവരമറിയിക്കാന്‍. അവന്‍ വഴിനീളെ കരഞ്ഞു. അവന്റെ ശരീരമാസ്കലം ചെളിയായിരുന്നു. അവന്റെ നെഞ്ച് ഒരു അരയാലിലപോലെ വിറച്ചു. കരഞ്ഞുകൊണ്ട്, കിതച്ചുകൊണ്ട് അവനോടി.

മറ്റൊരു വഴിയിലൂടെ പോലീസ് സ്റ്റേഷനിലേയ്ക്കു മാളത്തില്‍ കണ്ണനും ഓടിക്കൊണ്ടിരുന്നു. അയാളും കരയുകയായിരുന്നു. മനസ്സ് പ്രക്ഷുബ്ധമായിരുന്നു. വീഴുമെന്നു തോന്നിയിട്ടും ഒരിടത്തും നില്‍ക്കാതെ ഓടി.

സര്‍വ്വേക്കല്ലില്‍ ചാഞ്ഞുകിടക്കുന്ന മുഖത്ത് പിന്നേയും കല്ലുകളമര്‍ന്നു.

* * *

വെയിലേറ്റുകൊണ്ട്, നടുവയലില്‍ ചതക്കപ്പെട്ട മുഖം ഒരു സര്‍വ്വേക്കല്ലില്‍ ചേര്‍ത്തുവെച്ച് അയാള്‍ കിടന്നു.

വയലുകളില്‍ വേറെ ആരുമില്ല. എല്ലാവരും പൊയ്ക്കഴിഞ്ഞിരിക്കുന്നു. നാലുപോത്തുകള്‍ നുകം പേറി ചുരമാന്തിക്കൊണ്ട് നിന്നു. അവയെ ഊറ്റമായി ചാടിച്ച ശബ്ദം ഇപ്പോഴൊരു തളര്‍ന്ന ഞരക്കം പോലുമില്ല. കല്ലുകള്‍കൊണ്ട് കരുണയില്ലാതെ കുത്തിച്ചതച്ച മൂഖം സര്‍വ്വേക്കല്ലില്‍ ചേര്‍ത്തുവെച്ച്, വയലുകള്‍ക്കു നടുവില്‍, പൊരിവെയിലില്‍ അയാള്‍ കിടന്നു.

തെങ്ങുകളുടെയും എരുക്കുകളുടെയും കണ്ണാവണക്കുകളുടെയും മറവില്‍-

ആരും അനങ്ങിയില്ല.

കൊത്തിവെച്ച പാവപൊലെ അവര്‍ നിന്നു. അന്യോന്യം നോക്കാന്‍ പോലും അവര്‍ ഭയപ്പെട്ടു.

മൂഖത്ത് കുറ്റബോധവും നിസ്സഹായതയും അനുനിമിഷം പെരുകി. ഓടിയെത്തിയ പാട്ടിയമ്മ അവരുടെ അടുത്തായി മൂര്‍ച്ഛിച്ചു വീണു.

വയലുകള്‍ക്കു നടുവില്‍, സര്‍വ്വേക്കല്ലില്‍ തല ചേര്‍ത്തുവെച്ച് അയാള്‍ കിടന്നു. കല്ലിലേയ്ക്ക് ചോര വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു.