close
Sayahna Sayahna
Search

ഉപരോധം-മൂന്ന്


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

മൂന്ന്

ചിത്രീകരണം : സി.എൻ.കരുണാകരൻ

ആലിമമ്മതിന്റെ അങ്ങാടി അടച്ചുകഴിഞ്ഞിരുന്നു. വഴി വിജനമായിരുന്നു. പൊന്തകളില്‍ അനക്കങ്ങള്‍. അകലെ നായാട്ടുകാരുടെ ആര്‍പ്പുവിളികള്‍.

കാരോന്തന്‍ ഇടറിക്കൊണ്ടു നടന്നു. കൂവപ്പകുന്നും മേനോന്‍ കുന്നും ഇരുണ്ട് കിടക്കുന്നു. കണ്ണമ്പാടിയിലൂടെ തെളിനീരൊഴുകുന്നു. ആനക്കാരന്‍ ചാത്തുവിന്റെ വീടും പുതിയടത്തു വീടും കണ്ണങ്കാട്ടറയും കടന്ന് കാരോന്തന്‍ മഠത്തിനുനേര്‍ക്ക് വെച്ചടിച്ചു.

കുറുപ്പച്ചന്റെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുകയാണ്. ഒരൊഴുക്കില്‍പ്പെട്ടിട്ടെന്നപോലെ കാരോന്തന്‍ ഇടറി നീങ്ങുകയാണ്. കുറുക്കന്മാരുടെ ഇടവിട്ടുള്ള ഓരിയിടല്‍ കേള്‍ക്കാം. തൊടിയില്‍ ആനച്ചങ്ങലയുടെ കിലുക്കങ്ങള്‍. തേവാരമാവും കരിഞ്ചാമുണ്ടി കോട്ടയും നടുവിലത്തെ മാളികയും മഠവും ഭയപ്പെടുത്തുന്ന മട്ടില്‍ ഉയര്‍ന്നുനില്‍ക്കുന്നു.

“എന്റെ മീനാക്ഷ്യെ നിങ്ങളെന്താ ചെയ്തത്?” കാരോന്തന്‍ കരയുന്ന സ്വരത്തില്‍ വിളിച്ചുചോദിച്ചു.

ഇരുട്ടില്‍ നിന്ന് നാലഞ്ചുപേര്‍ കാരോന്തന്റെയടുത്തേയ്ക്ക് പാഞ്ഞടുത്തു. അടിയേറ്റ് കാരോന്തന്റെ എല്ലുകള്‍ പൊട്ടുകയും വായില്‍നിന്നും മൂക്കില്‍ നിന്നും ചോരയൊഴിക്കുകയും ചെയ്തു.

നായനാര്‍ പറഞ്ഞു:

“മതി. ഇനി പുകക്കിട്”

അവര്‍ കാരോന്തനെ തൂക്കിയെടുത്ത് ഇടുങ്ങിയ ഇരുള്‍മുറിയിലേക്ക് കൊണ്ടുപോയി. എരിവുള്ള പുകയില്‍പ്പെട്ട് അവന്‍ ശ്വാസംമുട്ടി പിടഞ്ഞു.

പുലര്‍ച്ചയ്ക്ക് മുറ്റത്തേക്കിറങ്ങിയ മീനാക്ഷി നിലത്തെന്തോ കിടക്കുന്നത് കണ്ട്, വായ്ക്ക് കൈവച്ച്, ഉള്‍ക്കിടിലത്തോടെ നിലവിളിച്ച് ബോധമറ്റ് ചാഞ്ഞുവീണു.

* * *

രാവിലെ ചായപ്പൊടി വാങ്ങാന്‍ വന്ന ചെമ്മരത്തിയാണു പാറക്കടവിലെ കുരാച്ചി അവുള്ളയുടെ പീടികയില്‍ വിവരമറിയിച്ചത്. അവിടെയുണ്ടായിരുന്ന പൂച്ചന്‍ മമ്മത്, നടുക്കം പ്രകടിപ്പിച്ചുകൊണ്ട്, ഒന്നിളകിയിരുന്നു.

‘നീ കണ്ടിനോ ചെമ്മരത്തീ’, മമ്മത് ചോദിച്ചു.

‘കണ്ടു മമ്മത് മാപ്ലേ. ആ കെടപ്പ് പറഞ്ഞറിയിക്കാനൊന്നാവൂല.’ ചെമ്മരത്തി കണ്ണുതുടച്ചു.

അപ്പോള്‍ വണ്ണത്താന്‍ രാമന്‍ കയറിവന്നു.

കുറുപ്പച്ചന്‍ കേട്ട്വാ.’ അവുള്ള ചോദിച്ചു.

‘എന്ത്ന്ന്?’

‘കാരോന്തന്റെ പൊരേന്റെ മിറ്റത്ത്..

കാരോന്തന്റെ ജഡത്തിനു ചുറ്റും ഏതാനുംപേര്‍ കൂടിനിന്നു. കോടിലോനും മാളത്തില്‍ കണ്ണനും കാനാ കൊറോശ്ശനും രാമന്‍കുറവനും ചിരുകണ്ടന്‍മേസ്ത്രിയും ആ മൂഖത്തേയ്ക്കു നിര്‍ന്നിമേഷരായി നോക്കിനിന്നു. കാരോന്തന്റെ കവിളിലും നെഞ്ചിലും ഉറുമ്പരിച്ചു.അമ്മയും മീനാക്ഷിയും പെങ്ങളുടെ മക്കളും ഇറയത്തിരുന്ന് തളര്‍ന്ന ഒച്ചയില്‍ കരഞ്ഞു. വൃദ്ധനായ അച്ഛന്‍ വൈയ്ക്കോല്‍ കൂനയ്ക്കരുകില്‍ മുഖം കുനിച്ചിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ദീനമായി കരഞ്ഞു.

കണ്ണമ്പാടിയില്‍ പുതിയടത്തു വീട്ടിലെ ചിണ്ടന്‍ അന്തിത്തിരിയന്‍ ആരോ വിളിക്കുന്നത് കേട്ട് പുറത്തിറങ്ങി.

വണ്ണത്താന്‍ രാമനാണ്.

“എന്തേ രാമാ!”

“അധികാരി ഇല്ലേ?”

“ണ്ട്”

“ഓറ്യത ഇങ്ങ് വിളിച്ചാൻ നിങ്ങ[1] കാരോന്തന്റെ വീട്ടിലേക്ക് പോണുംന്ന് പറയ്.”

അന്തിത്തിരിയന്‍ അധികാരിയെ വിളിക്കാന്‍ അകത്തേയ്ക്കു പോയി.

കുപ്പാടക്കാന്‍ കുഞ്ഞിരാമനായിരുന്നു അധികാരി. കുറ്റൂരില്‍ വന്നാല്‍ താമസിക്കുക ഈ വീട്ടിലാണ്.

അധികാരി മുറിയില്‍ നിന്നിറങ്ങിയപ്പോള്‍ രാമന്‍ പറഞ്ഞു.

“കാരോന്തന്റെ വീട്ടിലേക്ക് ഇപ്പം തന്നെ പോകണം. ഓനെ ആടകൊന്ന് കെടത്തീറ്റ്ണ്ട്.”

അധികാരിക്ക് സംഭ്രമമുണ്ടായി.

ചെരുപ്പെടുത്തിട്ട് കുട തുറന്ന് പിടിച്ച് അപ്പോള്‍ തന്നെ യാത്രയായി.

അധികാരി വരുന്നത് കണ്ട് ആള്‍ക്കാര്‍ ഒഴിഞ്ഞുനിന്നു. അയാള്‍ കാരോന്തനെ ഉറ്റു നോക്കി. മുഖത്തു കടിച്ചുനില്‍ക്കുന്ന ഉറുമ്പുകളെയാണാദ്യം കണ്ടത്. വായില്‍ നിന്ന് ചോര വാര്‍ന്നൊഴുകി കട്ട പിടിച്ചിട്ടുണ്ട്. ദേഹത്ത് പരിക്കുകളുണ്ട്. കൊല ചെയ്യപ്പെട്ടതാണെന്ന് സ്പഷ്ടം.

അയാള്‍ ചുറ്റിലും നില്‍ക്കുന്നവരെ നോക്കിക്കൊണ്ട് പറഞ്ഞു.

“മറവുചെയ്യാം.”

പിന്നീടയാള്‍ തിരിച്ചുനടന്നു.

നടന്നുചെന്നെത്തിയത് മഠത്തിലാണ്.

ചെമ്മണ്ണില്‍ ഒരാള്‍നീളത്തില്‍ ഒരു കുഴിയുണ്ടാക്കാന്‍ കൈക്കോട്ടുകള്‍ ഉയരുകയും താഴുകയും ചെയ്തു. ആകാശത്തേക്ക് മഴക്കാര്‍ മൂടിക്കെട്ടി നിന്നു.

അവറോന്നന്‍ ചന്തുനമ്പ്യാര്‍, കോടിലോന്‍ രാമനെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് മജിസ്ട്രേട്ടുകൊടതിയില്‍ ഒരന്യായം ഫയല്‍ ചെയ്തു. പുലയരെ ദേഹോപദ്രവമേല്പിച്ചുവെന്നായിരുന്നു കേസ്. അന്വേഷണത്തിന് കുറ്റൂരിലേയ്ക്ക് പോലീസ്കാര്‍ വന്നു.

പോലീസുകാരോട് കോടിലോന്റെ വീട്ടില്‍വെച്ച് വണ്ണത്താന്‍ രാമന്‍ ചോദിച്ചു.

‘ഒരാളെ കൊന്നിട്ടാല് കേസില്ലേ?’

പോലീസുകാരിലൊരാള്‍ അയാളുടെ നേര്‍ക്ക് കയ്യോങ്ങി. അയാളുടെ മൂഖം പൊടുന്നനെ നിറംപകര്‍ന്നു. അരയില്‍ നിന്ന് കത്തി വലിച്ചൂരിയെടുത്ത് അയാള്‍ അലറി: ‘നിന്റെ കൈ ഞാന്‍ അരിഞ്ഞുകളയും’.

കോടിലോന്‍ കുറുപ്പച്ചനെ പിടിച്ചു.

“ഓന്‍ വിവരക്കേട് കാണിച്ചതല്ലേ, നീ ക്ഷമിക്ക്.”

കുറുപ്പച്ചന്‍ തന്റെ നേര്‍ക്ക് കയ്യോങ്ങിയ പോലീസുകാരെനെ രൂക്ഷമായി നോക്കി. ആ നോട്ടത്തില്‍ കാക്കിയുടുപ്പുകാരന്‍ ചൂളിപ്പോയി. അത്രയും മൂര്‍ച്ചയുള്ള നോട്ടമായിരുന്നു. ഉറുമിപോലെ ചുറ്റിവരിഞ്ഞ് മുറിപ്പെടുത്തുന്ന നോട്ടം.

“നടക്ക്,” മറ്റൊരു പോലീസുകാരന്‍ കോടിലോനോട് പറഞ്ഞു.

പാട്ടിയും കുഞ്ഞങ്ങയും ചീലയും ഒരുമിച്ചു കരഞ്ഞു.

കരയ്വൊന്നും വേണ്ട. ഞാന്‍ വേഗം വെരും.” കോടിലോന്‍ അവരോട് പറഞ്ഞു.

“നിന്നെ ഒറ്റയ്ക്ക് പറഞ്ഞേക്കൂല. ഞാനും വെര്ന്ന്.” വരണ്ണത്താന്‍ രാമന്‍ പറഞ്ഞു.

പോലീസുകാരുടെ പിന്നാലെ രണ്ടുപേരും നടന്നു. പാടത്തു നിന്നും പറമ്പുകളില്‍ നിന്നും ആളുകള്‍ അവര്‍ പോകുന്നത് കണ്ടു. ആകാശത്തോളം ഉയരുമുള്ള രണ്ടുപേര്‍. കാരിരുമ്പിന്റെ കരുത്തുള്ള രണ്ടുപേര്‍.

“കോടിലോനോട് നേരിട്ടെതിരിടാന്‍ ധൈര്യം ഇല്ലാഞ്ഞിറ്റാ കോടതീല് പോയത്.” ആളുകള്‍ അടക്കം പറഞ്ഞു.

കോടിലൊനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വയസ്സന്‍ മജിസ്ടേട്ട് ചോദിച്ചു.

“കുറ്റം ചെയ്തതാണോ?”

കോടിലോന്‍ പറഞ്ഞു:

“കാര്യസ്ഥന്‍ പറഞ്ഞിറ്റ് അവരെന്നെ തല്ലാന്‍വന്നു. അപ്പോ അവരെ ഞാന്‍ തച്ചത് നേരാ.”

മൂന്നുമാസത്തേക്ക് തടവ്-

വിധി പ്രസ്താവിച്ചു തീര്‍ന്നപ്പോള്‍ വണ്ണത്താന്‍ രാമന്‍ വരാന്തയില്‍ നിന്ന് കോടതിയിലേക്ക് ചാടിക്കയറി.

“കാരോന്തനെ കൊന്നേയ്ന് നായനാറേം ശിക്ഷിക്ക്. നെയമം എല്ലാരിക്കും ബാധകമല്ലേ.”

അയാള്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി. അങ്ങനെ കോടതി നടപടികള്‍ തടസ്സപ്പെട്ടു. നടപടികള്‍ തടസ്സപ്പെടുത്തിയതിന് വണ്ണത്താന്‍ രാമന് ഒരു മാസം തടവുശിക്ഷ വിധിക്കപ്പെട്ടു. രണ്ടുപേരെയും അന്നുതന്നെ കണ്ണൂര് ജയിലിലേയ്ക്ക് കൊണ്ടുപോയി.

* * *

നെല്ലിടുന്ന കളത്താലയുടെ ഇറയത്ത് ഒരു പായയില്‍ അയാളിരുന്നു. അവറോന്നന്‍ കുപ്പിയില്‍ ഗ്ലാസിലേയ്ക്ക് റാക്ക് പകര്‍ന്നു. ഗ്ലാസ് തീര്‍ത്തും കാലിയാക്കി. ചിറി തുടച്ച്, വിമ്മിട്ടപ്പെട്ടുകൊണ്ടു നായനാര്‍ പറഞ്ഞു:

“കത്തുന്ന സാധനം തന്നെ.”

അവറോന്നന്‍ അതംഗീകരിച്ചു ചിരിച്ചു.

“ഒരു ഗ്ലാസിലും കൂടി ഒഴിക്ക്.”

അവറോന്നന്‍ നായനാര്‍ക്കും തനിക്കുംവേണ്ടി റാക്കുനിറച്ചു. നായനാര്‍ കിണ്ണത്തിലൂള്ള വരട്ടിയ മലാനിറച്ചിയില്‍ കൈവച്ചു.

“ഇതൊര് സുഖംതന്നെ, ങ്ങ്ഹേ, ഏത്?”

“ചോദിക്കാന്ണ്ടാ.”

“ജീവിതംന്ന്ച്ചാതന്നെ ഒര് ലഹരിയാ.”

“അതെ.”

“ഒഴിക്ക്.”

അവറോന്നന്‍ വീണ്ടും ഒഴിച്ചു.

“എറച്ചി തീര്‍ന്നോ.”

“ഇല്ല. ഇവിടെയുണ്ട്.”

“എടുക്ക്.”

അവറോന്നന്‍ ഇറച്ചി നീക്കിവച്ചു.

“നല്ല മയിസ്രേട്ടാ അല്ലേ?”

“സംശയ്ണ്ടാ.”

“ശിക്ഷിച്ചുല്ലോ രണ്ടിനേം നന്നായി.”

“തോന്ന്യാസം എന്തെങ്കിലും പറയ്യ്വാ കാണിക്ക്വാ ചെയ്താല് പിടിച്ച് ജെയിലിടുന്നതാ നല്ലത്.”

“കള്ളില്ലേ?”

“ണ്ട്.”

“ഇങ്ങെടുക്ക്.”

“അധികാവ്‌വാ, ഇല്ല.”

അവറോന്നന്‍ കള്ളെടുത്തു. സന്ധ്യയ്ക്കു ചെത്തിയിറക്കിയ മധുരക്കള്ള്. തേനിന്റെ സ്വാദ്. നായനാര്‍ക്ക് തലയ്ക്കുപിടിച്ചുതുടങ്ങി.

‘അവറോന്നാ.’

‘ഓ.’

‘നീ പോയിറ്റ് ഓന്റെ ഓളെ ഇങ്ങ് വിളിച്ചോണ്ട്വാ.’

‘ആരെ?’[2]

‘കോടിലോന്റെ.’

അവറോന്നന്‍ എണീറ്റ് ചൂട്ടുകത്തിച്ച് പുറപ്പെട്ടു.

നായനാര്‍ കുടത്തില്‍ നിന്നും കള്ളൊഴിച്ചുകുടിച്ചും, ഇറച്ചിതിന്നും നേരം കഴിച്ചു കൂട്ടി.

ചൂട്ടുവീശി നടക്കുന്ന കാര്യസ്ഥനില്‍ നിന്ന് തെല്ലകന്ന്, കൈകള്‍ കോര്‍ത്ത് മാറിടം മറച്ച് അവള്‍ നടന്നു. നായനാരുടെ കലങ്ങിച്ചുവന്ന് കണ്ണുകളിലേയ്ക്ക് കയറിച്ചെന്ന്, ഒരരികുപറ്റി നിന്നു.

* * *

ഒരു മാസം കഴിഞ്ഞ്, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടില്‍, വണ്ണത്താന്‍ രാമന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. തോര്‍ത്തുമുണ്ട് മുറുക്കിയുടുത്ത് കുത്തനെ നടന്നു. വളരെ തിടുക്കമൊന്നും കാണിച്ചില്ല. അതിന്റെ കാര്യമില്ല. വഴിക്കുവെച്ച് പരിചയപ്പെട്ടവരോടൊപ്പം, ഷാപ്പുകളില്‍ കയറി വേണ്ടുവോളം കള്ളുകുടിച്ചു. മൂന്നാമത്തെ ദിവസം വൈകുന്നേരം ചെമ്മണ്ണുപുരണ്ട കാലടികളുമായി കുറ്റൂരിലെത്തി. നേരെ പോയത് കരിമ്പന്റെ ഷാപ്പിലേയ്ക്കാണ്.

‘കുറുപ്പച്ചനെ ജയിലിന്ന് വിട്ട്വോ?’ കരിമ്പന്‍ ചോദിച്ചു.

രാമന്‍ തെളിഞ്ഞ് ചിരിച്ചു.

‘നമ്മള് ജെയില്‌‌ന്നല്ലാ. കേട്ടതല്ലേള്ളൂ. കുറുപ്പച്ചനല്ലേ പോയി കണ്ടത്., ചിരുകണ്ടന്‍ മേസ്ത്രി പറഞ്ഞു: ‘കുറുപ്പച്ചന് കള്ള് എന്റെ വക. എത്ര്യാ വേണ്ടെത് ന്നാച്ചാ കൊടുക്കിന്‍.’

ചിരുകണ്ടന്‍ മേസ്ത്രി ഒരു വീരപുരുഷനെയെന്നപോലെ കുറുപ്പച്ചനെ എതിരേറ്റു. കുറ്റൂരില്‍ നിന്നാദ്യമായി ജയിലില്‍ പോയി വരുന്നത് കുറുപ്പച്ചനാണ്.

മുന്നില്‍ കള്ളു നിരന്നു.

‘കുറുപ്പച്ചന് കൂട്ടാനെട്ക്കാന്‍ ആരെട്ക്ക്യാള്ളത്.’ മേസ്ത്രി ഷാപ്പിലുള്ളവരോടായി വിളിച്ചു ചോദിച്ചു.

‘മീന്‍ ചുട്ടത്ണ്ട്.’ കുഞ്ഞുമ്പു മൂസോറ് കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു

‘ഇങ്ങ് തരിന്‍’ മേസ്ത്രി അയാളുടെ അടുത്തേക്ക് നീങ്ങി. ഒരിലക്കീറില്‍ മീനെടുത്ത് കുറുപ്പച്ചന്റെ മുന്നില്‍ വെച്ചു.

‘ഇതൊന്നും വേണ്ട മേസ്ത്രി.’

‘ഒരു സന്തോഷല്ലേ കുറുപ്പച്ചാ.’

മേസ്ത്രി നിര്‍ബന്ധിച്ചു.

രണ്ടുപേരും ഒപ്പമിരുന്ന് കുടിച്ചു. കുടിക്കുന്നതിനിടയില്‍ മേസ്ത്രി ജയിലിലെ വിശേഷങ്ങളാരാഞ്ഞു. അവിടെ എങ്ങനെയൊക്കെയാണ്? എത്ര പോലിസുകാരുണ്ട്? വെള്ളക്കാരുണ്ടോ? തൂക്കുമരമെവിടെയാണ്? ചുറ്റോടുചുറ്റുമുള്ള മതിലിന് എത്ര ഉയരമുണ്ട്? ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ മേസ്ത്രിക്കറിയണം.

‘നിനിക്കന്നെ ഒന്നങ്ങോട്ട് പോയിക്കൂടെ?’ കുഞ്ഞമ്പു മൂസോറ് ചോദിച്ചു.

‘പറയുംപോലെ. എല്ലാ കാര്യും അറിഞ്ഞിറ്റ് വെരാലോ.’ കരിമ്പന്‍ അതേറ്റുപിടിച്ചു.

‘അയ്ന് നമ്മളെ തലക്ക് വരച്ചിറ്റ്ണ്ടാ.’ മേസ്ത്രി പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു.

കുറുപ്പച്ചനും മേസ്ത്രിയും ഷാപ്പില്‍ നിന്നിറങ്ങി. ആലി മമ്മതിന്റെ അങ്ങാടിയിലുള്ളവര്‍ കുറുപ്പച്ചനെ വിസ്മയപ്പെട്ട് നോക്കി. ജയില്‍കണ്ട് മടങ്ങിവരുന്ന ആദ്യത്തെ കുറ്റൂര്‍ക്കാരനാണ്. അവര്‍ വിസ്മയപ്പെട്ടതില്‍ കാര്യമുണ്ട്.

മഠത്തിലെ ഒരാന അവരെക്കടന്നുപോയി. ആനപ്പുറത്ത് ചാത്തുവുമുണ്ടായിരുന്നു. കുറുപ്പച്ചന്‍ ചാത്തുവിനോട് പറഞ്ഞു: ‘ഞാന്‍ വന്നൂന്ന് ആടെ പറഞ്ഞേക്കിന്‍. കോടിലോന് സുഖാണെന്നും.’

ചാത്തു ആനപ്പുറത്തിരുന്ന് കീഴോട്ടുനോക്കിയതല്ലാതെ ഒരക്ഷരവും ഉരിയാടിയില്ല.

പാറക്കടവിലെത്തിയപ്പോള്‍ കുറുപ്പച്ചന്‍ കാവുതിയന്‍ രാമനെ[3]കണ്ടുമുട്ടി.

‘കുറുപ്പച്ചന്റെ താടീം മുടീം വളര്‍ന്നിറ്റ്ണ്ടല്ലോ.’

‘ന്നാല് ഈടത്തന്നെ ഇര്ന്ന് കളയാ.’

അയാള്‍ മരുതിന്റെ ചോട്ടില്‍ ഇരുന്നു. രാമന്‍ പെട്ടിതുറന്ന് കത്തിയും കല്ലും കത്രികയും പുറത്തെടുത്തു.

കുറുപ്പച്ചന്‍ പറഞ്ഞു:

‘ഇനി കുടുമ വേണ്ട.’

ആ തീരുമാനം ഇടിത്തീപോലെ രാമന്റെ കാതുകളില്‍ പതിച്ചു. ഇതെന്താണ് കേള്‍ക്കുന്നത്? കുടുമ വേണ്ടന്നോ? രാമന്റെ കണ്ണു തള്ളിപ്പോയി.

‘എന്താ?’ രാമന്‍ വിക്കിവിക്കി പറഞ്ഞു.

‘ഒന്നുല്ല.’

‘ഞാന്‍ പറഞ്ഞതു കേട്ടില്ലേ?’ ‘ഓ.’ ‘പിന്നെന്ത്യാ?’

‘ഞാങ്ങക്ക് പേട്യാവ്ന്നല്ലോ കുറുപ്പച്ചാ.’

‘എന്തിനാ പേടിക്ക്ന്ന്?’ ‘നിങ്ങക്കറീല്ലേ എന്തിന്യാന്ന്.’

കുറുപ്പച്ചന്‍ പറഞ്ഞിരിക്കുന്നത് നിസ്സാരസംഗതിയല്ല.എത്രയോ കാലമായി തുടരുന്ന ഒരു പതിവ് തെറ്റിക്കാനാണ് പുറപ്പാട്. എന്നും താണ ജാതിക്കാര്‍ക്ക് കുടുമയുണ്ടായിരുന്നു അവരുടെ ക്ഷുരകനെന്ന നിലയ്ക്ക്, രാമനെന്നും നിരവധി കുടുമകളെ സ്പര്‍ശിച്ചിരുന്നു. നാവുതിയന്‍ അപ്പുവിന് കുടുമകളെ തൊടേണ്ടതില്ല. കുടുമ ഉച്ചനീചത്വങ്ങളുടെ ഒരു ചിഹ്നമായി നിലനില്‍ക്കുന്നു. അത് ലംഘിക്കുകയോ? രാമന്‍ ഭയന്നു. എന്റെ മുത്തപ്പാ. വരുംവരായ്കകളെക്കുറിച്ചോര്‍ത്തപ്പോള്‍ രാമന്റെ മുഖം വിളറി വികൃതമായി.

‘കുറുപ്പച്ചാ. നിങ്ങ അറിഞ്ഞോണ്ട് എന്നെ കൊലയ്ക്ക് കൊടുക്കല്ലെ.’ രാമന്‍ തൊഴുത്, കരയുന്നതുപോലെ പറഞ്ഞു.

കുറുപ്പച്ചന്‍ ചൂടായി.

‘ഞാന്‍ പറഞ്ഞതുപോലെ കേട്ടില്ലെങ്ക്‌ല് എന്റെ വിധം മാറും. ങ്ങ്ഹാ,എട്ക്ക് കത്തിര്യ.’

രാമന്‍ ഭയപ്പാടോടെ കത്രികയെടുത്തു. കത്രിക കൈയില്‍ക്കിടന്ന് വിറച്ചു. കുണ്ടോര്‍ ചാമുണ്ഡി, ഭഗവതി,പിന്നെ അമാന്തിച്ചില്ല.

* * *

അതുവഴി വന്ന കാറ്റ് നാട്ടിടങ്ങളില്‍ പറഞ്ഞു നടന്നു.

‘കുറുപ്പച്ചന്‍ കുടുമ മുറിച്ചു.’

ആ വാര്‍ത്ത നായനാരുടെ ചെവിയിലുമെത്തി. അവനത്രയ്ക്കായോ എന്നൊരു ചോദ്യത്തോടെ അയാള്‍ എണീറ്റുനിന്നു.

നാട്ടുവഴിയില്‍:

‘ഏട്യാ കുറുപ്പച്ചന്‍ പോന്ന്? ചിണ്ടന്‍ ചോദിച്ചു. ‘ഏടത്തേക്കായാ നിനിക്കെന്താ?’ ചിണ്ടന് താന്‍ അപമാനിക്കപ്പെട്ടുവെന്ന് തോന്നലുണ്ടായി. എങ്കിലുമത് പുറത്തുകാട്ടിയില്ല. ഉള്ളിലൊതുക്കി.

കുറുപ്പച്ചന്‍ പുറം തെങ്ങിലുരച്ചു.

‘നിങ്ങള നായനാറ് പൂവാന്‍ പറഞ്ഞിന്.’

“ആട്യെന്താ അടിയന്തിരംണ്ടാ?’ ‘അതൊന്നും എനിക്കറീല്ല. നിങ്ങള വിളിക്ക്ന്നുണ്ട് നായനാറ്.

‘നിനിക്കല്ലെ നായനാര്, പോടാ.’

രാമന്‍ പുറം തെങ്ങിലുരച്ച്, ചൊറിച്ചില്‍ തീര്‍ത്തു, കല്ലമ്പിള്ളിയുടെ നേര്‍ക്ക് നടന്നു. ചിണ്ടന്‍ ശരം വിട്ടമാതിരി മഠത്തിലേയ്ക്ക് പാഞ്ഞു.

നായനാര്‍ ചാരുകസേരയിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു. വാതില്പടിയില്‍, പിച്ചളത്തകിടില്‍, ദേവനാഗരി ലിപിയില്‍ എഴുതിവെച്ചിട്ടുണ്ട്:

‘സര്‍വ്വം പരവശം ദുഃഖം
സര്‍വ്വമാത്മവശം സുഖം’
മനുസ്മൃതി

നടുവിലെ മാളികയിലും കളത്താലയിലും നടപ്പുറയിലും വിശാലമായ പറമ്പിലും കൂലിക്കാര്‍ പണിയെടുത്തു. നാലുപാടുനിന്നും അദ്ധ്വാനത്തിന്റെ താളമുയര്‍ന്നു.

ചിണ്ടന്‍ കിതച്ചുപാഞ്ഞ് തിരുമുന്നിലെത്തി. മറ്റാരും കേള്‍ക്കാതിരിക്കാന്‍ തൊട്ടുമുന്നില്‍ ചെന്നുനിന്ന് ഉണര്‍ത്തിച്ചു:

‘ഓന്‍ വെരാന്‍ കൂട്ടാക്ക്ന്നില്ല.’

പിന്നെ ചിണ്ടനെ കാണുന്നത് നിലത്താണ്.


  1. അദ്ദേഹത്തെ നിങ്ങള്‍ ഇങ്ങോട്ട് വിളിക്ക്.
  2. *ആരുടെ എന്ന അര്‍ത്ഥത്തിലാണ് ഈ ചോദ്യം
  3. പിന്നോക്ക ജാതിക്കാരുടെ ക്ഷുരകന്‍