close
Sayahna Sayahna
Search

ഒരു വീഡിയോ സ്വപ്നം


ഒരു വീഡിയോ സ്വപ്നം
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

ഡാൻസ്ഫ്‌ളോറിൽ സൈക്കഡെലിക് വെളിച്ചം മിന്നിക്കൊണ്ടിരുന്നു. കോറിയോഗ്രാഫർ സ്റ്റെപ്പുകൾ കാണിച്ചുതരികയാണ്. നീളമുള്ള മഞ്ഞ ജുബ്ബയുടെ ഉള്ളിൽ അയാളുടെ മെലിഞ്ഞ ദേഹം ഉലഞ്ഞാടി. സംഗീതം ഉച്ചത്തിൽ അലയടിക്കുകയാണ്. ഇത്ര ഉറക്കെ വെക്കേണ്ട ആവശ്യമില്ല, കാരണം ശബ്ദസങ്കലനം പിന്നീട് സ്റ്റുഡിയോവിൽ വച്ച് ചെയ്യുകയേ ഉള്ളൂ. പക്ഷേ അവർ ശബ്ദം കുറച്ചില്ല.

‘മനസ്സിലായോ?’ വേലുസ്വാമി തമിഴ് ചുവയിൽ ചോദിച്ചു.

രമ്യ തലയാട്ടി. അവൾക്ക് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ വളരെ അസ്വാസ്ഥ്യം തോന്നിയിരുന്നു. വസ്ത്രമെന്ന് പറയാനൊന്നുമില്ല. സിൽക്കിന്റെ ഒരു ഷെഡ്ഡി. പൂക്കളുള്ള മുലക്കച്ച. രണ്ടിലും ഗിൽട്ട് തകിടുകൾ തൂങ്ങിക്കിടക്കുന്നു. വേലുസ്വാമിയുടെ ചുകന്ന കണ്ണുകൾ അവളുടെ മാംസളതയിൽ കുടുങ്ങിക്കിടന്നു. അതിൽ വലിയ കുഴപ്പമില്ല. പക്ഷേ അയാളുമൊത്തുള്ള പരിശീലനങ്ങളാണ് ദുസ്സഹം. ഒരു ചുവട് കാണിച്ചുതന്നാൽ അയാൾ പറയും, ‘വരൂ’. പിന്നെ അയാളുടെ വക അഭ്യാസങ്ങളാണ്. ദേഹത്തോട് ഒട്ടിനിന്നുകൊണ്ട് അയാൾ ചുവടുകൾ വയ്ക്കും. അയാളുടെ ആർത്തിപിടിച്ച കൈകൾ അവളുടെ ദേഹത്തിന്റെ വളവുകളിൽ അറിയാത്ത ഭാവത്തിൽ അമരും. ചുറ്റും ആൾക്കാരുള്ളതും അവർ അർത്ഥംവച്ച് ചിരിക്കുന്നതും അയാൾക്ക് വിഷമമുണ്ടാക്കുന്നില്ല. കിട്ടുന്ന അവസരം പാഴാക്കരുതല്ലോ. ഒന്നോ രണ്ടോ വട്ടം പരിശീലിച്ചാൽ ടേക്ക് തുടങ്ങുകയായി. വിളക്കുകൾ പ്രകാശിക്കും, കാമറകൾ പ്രവർത്തിപ്പിക്കും.

‘സോങ് നമ്പർ ത്രീ, സീൻ ഫൈവ്, ടേക്ക് വൺ...’

മേക്കപ്മാൻ മര്യാദക്കാരനായിരുന്നു. അയാൾ ഒരു കലാകാരനാണ്. മുമ്പിലിരിക്കുന്ന സ്ത്രീശരീരം അയാൾക്ക് പണിതീർന്ന ശില്പം മാത്രമാണ്. ഒരു ഷോട്ട് കഴിഞ്ഞ് അവൾ കസേരയിൽ ചെന്നിരുന്നാൽ അയാൾ തന്റെ കിറ്റുമായി ഓടിവരും, വിയർപ്പുതുള്ളികൾ മൃദുവായി ഒപ്പിക്കൊടുക്കും. മുഖത്ത് പൗഡറിടും. തന്റെ കലാവസ്തുവെ നിരൂപണബുദ്ധിയോടെ നോക്കിക്കാണും. അതുകഴിഞ്ഞ് അയാൾ മറ്റുള്ള നർത്തകികളുടെ അടുത്തുചെന്ന് ചോർന്നുപോയ മുഖസൗന്ദര്യം പുനഃസ്ഥാപിക്കും.

അവർ എക്‌സ്ട്രാ നർത്തകികളാണ്. തനിക്കുചുറ്റും താളത്തിന്റെ, ലയത്തിന്റെ തിളക്കമുണ്ടാക്കുകയാണ് അവർ ചെയ്യുന്നത്. ആ പാവങ്ങളോട് രമ്യക്ക് സഹതാപം തോന്നി. മുഖമില്ലാത്ത പെൺകുട്ടികൾ. അഴകുള്ള ദേഹത്തിന്റെ നഗ്നചാരുതമാത്രമേ വീഡിയോവിൽ ആവശ്യമുള്ളൂ. പശ്ചാത്തലത്തിൽ നിഴലായിമാത്രം വർത്തിക്കുന്ന അവരുടെ മുഖം പ്രസക്തമല്ല. മുഖം ശ്രദ്ധിക്കപ്പെടുന്നില്ല. അവരിൽ രണ്ടുപേർ തന്നെപ്പോലെത്തന്നെ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചതാണ്. ഭരതമുനിയുടെ ചുവടുകൾക്ക് ഇവിടെ പക്ഷേ പ്രസക്തിയില്ല. സ്പീക്കറിലൂടെ വരുന്ന സംഗീതം സ്‌പൈസ് ഗേൾസിന്റെ പാട്ടുകളുടെ കോപ്പിയാണ്. വാക്കുകൾ മാത്രം മലയാളത്തിൽ.

ചായക്കുള്ള ഇടവേള. ടോണിയുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടാവും.

‘വിഷമമൊന്നുമില്ലല്ലോ?’ അയാൾ ചോദിച്ചു. ഒരു നിർമ്മാതാവിന്റെ ഭാവമൊന്നുമില്ല. സൗഹൃദം മാത്രം. ‘വിജയത്തിനു നമ്മൾ നല്ലവണ്ണം അദ്ധ്വാനിക്കണം.’ അയാൾ ആദ്യമേ പറഞ്ഞിരുന്നു. ‘നമുക്കിഷ്ടമില്ലാത്തതും സംഭവിച്ചെന്നു വരും. ഒരു വീഡിയോ കാണുമ്പോൾ ആരും അതിനു പിന്നിലെ അദ്ധ്വാനത്തെപ്പറ്റി ഓർക്കാറില്ല.’

സ്റ്റിൽ കാമറാമാൻ ജോസഫ് അടുത്തുള്ള കസേരയിൽ വന്നിരുന്ന് ക്ലിക്‌ചെയ്തുകൊണ്ടിരുന്നു.

‘പബ്ലിസിറ്റിക്കു വേണ്ടിയാണ്.’ ടോണി പറഞ്ഞു. ‘ആദ്യത്തെ കാസ്സറ്റല്ലെ. ഹിറ്റാവണം.’ ഈ ചിത്രങ്ങൾ ഇനി വാരികകളിലും വർത്തമാനപത്രങ്ങളിലും വരുമെന്നോർത്തപ്പോൾ രമ്യക്ക് വിഷമം തോന്നി. ചായക്ക് വന്നിരുന്നപ്പോൾ ഒരു ചൂരിദാർ ഇടാമായിരുന്നു. ടോണിയാണ് പറഞ്ഞത് ഈ വേഷംതന്നെ മതിയെന്ന്. കച്ചവടക്കണ്ണ്. ടോണി നല്ലൊരു കച്ചവടക്കാരനായിരുന്നു. മാന്യനായ കച്ചവടക്കാരൻ. അഞ്ചുകൊല്ലത്തേയ്ക്കുള്ള കോൺട്രാക്ട് ഒപ്പിടുവിച്ചപ്പോൾ പറഞ്ഞ നിബന്ധന ഇതു മാത്രം.

‘ഈ അഞ്ചു കൊല്ലം മറ്റുള്ള പ്രൊഡ്യൂസർമാരുടെ കാസ്സറ്റുകൾ ചെയ്യരുത്. ഞാനാണ് രമ്യയെ പ്രൊമോട്ട് ചെയ്യുന്നത്. എല്ലാ പബ്ലിസിറ്റിയും ഞാൻ ചെയ്യും. രമ്യ ഒരു തെന്നിന്ത്യൻ മഡോണയാവും. അതു ഞാൻ ഗാരണ്ടി ചെയ്യാം. പ്രതിഫലത്തെപ്പറ്റി ഒട്ടും ആശങ്ക വേണ്ട. രമ്യക്കെന്നെ അറിയാമല്ലൊ.’

രമ്യയുടെ മൂന്നു ഓഡിയോകാസ്സറ്റുകൾ ഇറക്കിയത് ടോണിയായിരുന്നു. മൂന്നു കാസ്സറ്റുകളും മാർക്കറ്റിൽ നന്നായി പോയി. രണ്ടു കാസറ്റുകൾ സിഡിയിലാക്കിയപ്പോഴും അയാൾ വേറെ പ്രതിഫലം തന്നു. സാധാരണ അതൊന്നും പതിവില്ല. പ്രതീക്ഷിച്ചതിലധികം പ്രതിഫലം തന്നിരുന്ന അയാളെ തീർച്ചയായും വിശ്വസിക്കാം.

ഇതു അഞ്ചാം ദിവസമാണ്. കഠിനാദ്ധ്വാനത്തിന്റെ അഞ്ചുദിവസങ്ങൾ. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയാൽ രാത്രി എട്ടുമണിവരെ, ചായക്കും ഉച്ചഭക്ഷണത്തിനുമുള്ള കുറച്ചു സമയമൊഴികെ ഷൂട്ടിങ്ങാണ്. മൂന്നാമത്തെ പാട്ട് കഴിയാറായി. ഇനിയും അഞ്ചു പാട്ടുകൾകൂടിയുണ്ട്. അതുകഴിഞ്ഞാൽ പബ്ലിസിറ്റിയ്ക്കുവേണ്ടിയുള്ള ഇന്റർവ്യൂകൾ. ഇന്റർവ്യൂകൾ പാട്ടുകളുടെ ഷൂട്ടിങ്ങിനിടയിലും നടക്കുന്നുണ്ട്. ചോദ്യങ്ങൾക്കുള്ള ഉത്തരം ടോണിയുടെ പബ്ലിസിറ്റി ഓഫീസർ വിനോദാണ് തയ്യാറാക്കുന്നത്. മുമ്പിലുള്ള മോണിറ്ററിൽനോക്കി അതു പറയുകയേ വേണ്ടു. എല്ലാം വളരെ കണിശമായി, ഭംഗിയായി ഏർപ്പാടു ചെയ്തിരിക്കുന്നു. ഒരു വിഡിയോതാരത്തെ സൃഷ്ടിക്കുകയാണ് ടോണി ചെയ്യുന്നത്. വലിയ ഒച്ചപ്പാടോടെ, ശ്രദ്ധിക്കപ്പെടാൻ മാത്രം വർണശബളമായി.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ആലോചിക്കുന്നു. ഇതൊക്കെ ശരിക്കും ഉള്ളതാണോ. ഒരു മാസം മുമ്പുവരെ അവൾ വെറുമൊരു പാട്ടുകാരിയായിരുന്നു. ഗാനമേളകൾക്കും സ്റ്റുഡിയോവിലെ റിക്കാർഡിങ് സെഷനുകൾക്കുമിടയിൽ പരിമിതമായ വിജയത്തിന്റെ ലഹരിയിൽ മയങ്ങിക്കിടന്ന ഒരു ഗായിക. ഇന്നിതാ താനൊരു വീഡിയോതാരമാകാൻ പോകുന്നു. ഒരു മാസത്തിനുള്ളിൽ തന്റെ ആദ്യത്തെ വീഡിയോ കാസറ്റ് പുറത്തിറങ്ങും. അടുത്ത ആഴ്ചമുതൽ അതിന്റെ പരസ്യങ്ങളും മറ്റു പബ്ലിസിറ്റിയും തുടങ്ങും. ചാനലുകളിൽ ഇന്റർവ്യൂ, മാസികകളിൽ ഇന്റർവ്യൂവും റിപ്പോർട്ടുകളും. വർത്തമാനപത്രങ്ങളിൽ വാർത്തകൾ. കാസറ്റ് പുറത്തിറങ്ങുമ്പോഴേയ്ക്ക് രമ്യയെന്ന വീഡിയോതാരം ഒരു ഹരമായിമാറിയിട്ടുണ്ടാവും.

നർത്തകികളിൽ രണ്ടുപേർ അടുത്തുള്ള കട്ടിലിൽ കിടക്കുകയാണ്. അവർ ദൂരെനിന്നു വരുന്നവരാണ്. മറ്റു നാലുപേർ ഷൂട്ടിങ് കഴിഞ്ഞാൽ അവരവരുടെ വീട്ടിലേയ്ക്കു പോകും. കുറേപേരെ ഇന്റർവ്യൂ കഴിച്ചശേഷമാണ് ഈ ആറു പേരെ തെരഞ്ഞെടുത്തത്. ഒരു വലിയ ഭാഗ്യമായിട്ടാണ് അവരതു കരുതുന്നത്. വീഡിയോവിൽ മുഖം കാണിക്കുന്നതുതന്നെ വലിയൊരു ഭാഗ്യമാണ്. പക്ഷേ അവരുടെ മുഖം കാണുന്നില്ലെന്നതാണ് സങ്കടം. ഊന്നൽ അവരുടെ നഗ്നദേഹത്തിനാണ്. രമ്യക്കവരോട് അനുകമ്പ തോന്നി. നല്ല പെൺകുട്ടികൾ. നല്ല ദേഹം. തന്നെക്കാൾ ഭംഗിയുണ്ടവർക്ക്. തന്നേക്കാൾ നന്നായി നൃത്തം ചെയ്യുന്നുമുണ്ട്. പക്ഷേ അവർ പിന്നിലേ വരുന്നുള്ളൂ.

‘ചേച്ചീടെ പാട്ടുകള് നല്ല രസംണ്ട് കേൾക്കാൻ.’ ദീപ പറഞ്ഞു. അവൾ രാധികയെ കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കുകയാണ്. രാത്രിമുഴുവനും അങ്ങിനെയാണ് കിടക്കുക. ആദ്യത്തെ ദിവസം കിടക്കാൻ നേരത്ത് ദീപയാണ് പറഞ്ഞത്. ‘ചേച്ചി ആ കട്ടിലിൽ കിടന്നുകൊള്ളൂ, ഞങ്ങൾ രണ്ടുപേരുംകൂടി ഈ കട്ടിലിൽ കിടക്കാം.’ അതിൽ ബഹുമാനമുണ്ടായിരുന്നു, അംഗീകാരവും. തങ്ങളേക്കാൾ വലിയ ഒരാൾ എന്ന അംഗീകാരം. കട്ടിലുകൾ അടുപ്പിച്ചിട്ട് മൂന്നുപേർക്കും ഒപ്പം കിടക്കാമെന്നു പറയാമായിരുന്നു. പക്ഷേ അവരുടെ അത്രതന്നെ പ്രായമായിട്ടേ ഉള്ളുവെങ്കിലും താൻ വ്യത്യസ്തയാണെന്ന ബോധം, അവർ സ്വയം അംഗീകരിച്ചുതന്ന ഉയരം അവളെ അതിൽനിന്നും മുടക്കി. ഇടയ്ക്ക് ഉണരുമ്പോൾ രമ്യ അവർ കിടക്കുന്നതു നോ ക്കാറുണ്ട്, അവരുടെ അടുത്തുചെന്ന് അവർ കിടക്കുന്നതുപോലെ കെട്ടിപ്പിടിച്ച് കിടക്കാൻ കൊതിയോടെ; തനിക്കൊരിക്കലും അതു ചെയ്യാൻ കഴിയില്ലെന്ന അറിവോടെ. താൻ അവരിൽനിന്നെല്ലാം ഉയർന്നിട്ടാണെന്ന അറിവ് കൂടുംതോറും അവൾ കൂടുതൽ ഏകാകിയാവുകയായിരുന്നു, ദുഃഖിതയും.

‘ഇന്നത്തെ പാട്ട് നല്ല രസംണ്ടായിരുന്നു.’ രാധികയും പറഞ്ഞു.

ഇപ്പോൾ ചിത്രീകരണം നടത്തുന്ന പാട്ടുകളെപ്പറ്റിയാണ് അവർ പറയുന്നത്. മുമ്പിറക്കിയ ലയാത്മകമായ ഗാനങ്ങൾ അവർ കേട്ടിട്ടില്ല. ഒരെണ്ണം ഗുരുവായൂരപ്പന്റെ സ്തുതിയാണ്, ഒരെണ്ണം കൃസ്തീയഭക്തിഗാനങ്ങൾ. മൂന്നാമത്തേത് ലളിതഗാനങ്ങളാണ്. ആ ഗാനങ്ങളിൽ കവിതയുണ്ട്. പാടുമ്പോൾ നമുക്കുമുമ്പിൽ ബിംബങ്ങൾ വന്ന് നൃത്തം ചെയ്യുന്നു. ഇപ്പോൾ ചിത്രീകരിക്കുന്ന പാട്ടുകൾ വെറും അനുകരണങ്ങൾ മാത്രമാണ്. അതിൽ കവിതയില്ല, ബിംബങ്ങളില്ല, വെറും വാക്കുകൾ മാത്രം, കടം വാങ്ങിയ സംഗീതം മാത്രം.

അവൾ അച്ഛനെ ഓർത്തു. കുട്ടിയായിരിക്കുമ്പോൾ തന്റെ കൈപിടിച്ച് എല്ലാ ഞായറാഴ്ചകളിലും നാരായണഭാഗവതരുടെ വീട്ടിലേയ്ക്കു കൊണ്ടുപോകാറുള്ളത്. ഭാഗവതർ ഉമ്മറത്തിരുന്ന് കുട്ടികളെ പാട്ടുപഠിപ്പിക്കുമ്പോൾ അച്ഛൻ പറമ്പിൽ ചുറ്റിനടക്കും. കൈയ്യിൽ വീട്ടിന്റെ പുറകുവശത്തുനിന്ന് എടുത്തുകൊണ്ടുവന്ന കൈക്കോട്ടുമുണ്ടാവും. അതുകൊണ്ട് എന്തെങ്കിലും കിളക്കുകയോ, പച്ചക്കറികൾക്ക് തടമുണ്ടാക്കിക്കൊടുക്കുകയോ ചെയ്യും. കുടമെടുത്ത് കുളത്തിൽനിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് നനയ്ക്കും. അമരയ്ക്ക് പന്തലിട്ടുകൊടുക്കും. അങ്ങിനെ ഒരായിരം കാര്യങ്ങൾ.

തിരിച്ചുപോകുമ്പോൾ അവൾ ചോദിക്കും, ‘അച്ഛൻ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്?’

‘അതുകൊണ്ടെന്താ മോളെ, അച്ഛന് അതൊക്കെ ഇഷ്ടാണ്.’

അച്ഛന് കൃഷിപ്പണി ഇഷ്ടമാണെന്നവൾക്കറിയാം. പിന്നെ കുറേകഴിഞ്ഞേ അവൾക്ക് മനസ്സിലായുള്ളൂ അച്ഛൻ ഭാഗവതർക്ക് ഫീസൊന്നും കൊടുത്തിരുന്നില്ലെന്ന്. ഫീസു കൊടുക്കാനുള്ള കഴിവുണ്ടായിരുന്നില്ല അച്ഛന്ന്. പക്ഷേ അതിനുപകരമായി ഇതൊന്നും ചെയ്യേണ്ടെന്ന് ഭാഗവതർ പറഞ്ഞിരുന്നുവത്രേ. അപ്പോൾ അച്ഛൻ പറയും, ‘പിന്നെ ഈ രണ്ടു മണിക്കൂർ നേരം ഞാനെന്താ ചെയ്യുക?’

ഇപ്പോൾ ആലോചിക്കുമ്പോൾ അവൾക്ക് അദ്ഭുതം തോന്നുന്നു. അതെല്ലാം തന്റെ ജീവിതത്തിൽത്തന്നെ സംഭവിച്ചതാണോ, അല്ലാ താൻ മുജ്ജന്മം സ്വപ്നം കാണുകയായിരുന്നോ? എല്ലാം വളരെ അകലെയെന്നപോലെ. പച്ചപിടിച്ച വയലുകൾക്കിടയിലൂടെ നടക്കുമ്പോൾ വരമ്പിന്നിരുവശത്തുമുള്ള പുല്ലുകളിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ നഗ്നമായ കാലടികളെ നനച്ചുകൊണ്ടിരുന്നത്, ഭാഗവതരുടെ വീട്ടുപടി കടന്നാൽ വരുന്ന മാമ്പൂവിന്റെ മണം, പറമ്പിൽ വീണുകിടക്കുന്ന കരിയിലകൾ, ഒന്നും ഈ ജന്മത്തിലേതാവാൻ വയ്യ. അച്ഛൻ മരിച്ചിട്ട് എട്ടു കൊല്ലമായി. നാരായണഭാഗവതരും മരിച്ചുപോയിരുന്നു. അച്ഛൻ അന്ന് തന്നെ ഭാഗവതരുടെ അടുക്കൽ കൊണ്ടുപോയതുകൊണ്ട് തനിക്കിന്നൊരു കാരിയറുണ്ട്. പക്ഷേ അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ താനിന്നു ചെയ്യുന്നത് അച്ഛനിഷ്ടമാകുമായിരുന്നോ? ഈ നിലക്കെത്താൻ താൻ അച്ഛനിൽനിന്നെത്രദൂരം സഞ്ചരിച്ചു?

കാമറകൾക്കു മുമ്പിൽ ആദ്യമായി നിന്ന രംഗം അവൾ ഓർത്തു. ദേഹത്തിൽ ഒരുമാതിരി വസ്ത്രങ്ങളൊക്കെ ഉണ്ടായിരുന്നു, എന്നിട്ടും അതിശക്തമായ വെളിച്ചത്തിൽ തുറിച്ചുനോക്കുന്ന നിരവധി കണ്ണുകൾക്കുമുമ്പിൽ അവൾ നഗ്നയാക്കപ്പെട്ടപോലെ തോന്നി. ആദ്യത്തെ ദിവസത്തെ വസ്ത്രം വലിയ കുഴപ്പമുണ്ടായിരുന്നില്ല. മിഡിയും ടോപ്പും. മിഡിയുടെ ഒരു വശം തുറന്നതായിരുന്നുവെന്നു മാത്രമേ കുഴപ്പമുണ്ടായിരുന്നുള്ളൂ. ടോണിക്കറിയാമായിരുന്നു തന്റെ വിഷമങ്ങൾ, അതുകൊണ്ട് അയാൾ ക്ഷമയോടെ തന്റെ ഒപ്പം നിന്നു, ഓരോ ചുവടിലും പ്രോ ത്സാഹിപ്പിച്ചുകൊണ്ട്. ടോണിയുള്ളതുകൊണ്ട് മറ്റുള്ളവരുടെ അനാവശ്യമായ ഇടപെടലുകൾ ഉണ്ടായില്ല. തീരെയുണ്ടായില്ല എന്നു പറയാൻ വയ്യ. കൊറിയോഗ്രാഫർ അയാളുടെ പങ്ക് മുതലാക്കുകതന്നെ ചെയ്തു.

വിവസ്ത്രയായത് പടിപടിയായിട്ടാണ്. രണ്ടാമത്തെ ദിവസം മിഡി പോയി. ടോപ്പും, താഴെ അയഞ്ഞ പക്ഷേ കുറിയ ഒരു ട്രൌസറും മാത്രം. പിറ്റേന്ന് അയഞ്ഞ ട്രൌസർ വളരെ കുടുങ്ങിയ ഒരു ഷെഡ്ഡിക്കു വഴിമാറി, ഉച്ചതിരിയുമ്പോഴേയ്ക്ക് ടോപ്പും യാത്രപറഞ്ഞുപോയി.

മൂന്നു ദിവസങ്ങൾക്കുള്ളിൽ അവൾ വളരെ ദൂരം യാത്ര ചെയ്തു. നാട്ടിൻപുറത്തു വളർന്ന, അച്ഛന്റെ കൈപിടിച്ച് സംഗീതം പഠിക്കാൻ നെൽവയലുകൾക്കിടയിലൂടെ നടന്നുപോയ പാവാടയിട്ട പെൺകുട്ടിയിൽനിന്ന് വളരെ ദൂരം. അച്ഛനാണ് സദാചാരത്തെപ്പറ്റി അവളോട് പറയാറ്. ഒരു പെൺകുട്ടി എങ്ങിനെ ഒതുങ്ങി നടക്കണം, ഇരിക്കണം, സംസാരിക്കണം എന്നെല്ലാം. ഇരിക്കുമ്പോൾ മുഴുപ്പാവാട അല്പം തെറ്റി കണങ്കാൽ കണ്ടാൽ അച്ഛൻ പറയും. ‘മോളെ, ശ്രദ്ധിച്ചിരിക്കു.’

ആ പെൺകുട്ടി ഇന്ന്...

അവൾ ഉറങ്ങാൻ ശ്രമിച്ചു. ഇങ്ങിനെ പോയാൽ രാത്രി ഉറക്കമുണ്ടാവില്ല. രാവിലെ ചീർത്ത മുഖവുമായി ഷൂട്ടിങ്ങിനു ഹാജരാകേണ്ടിവരും. രണ്ടു പെൺകുട്ടികളും ഉറക്കമായിരുന്നു. അവൾ എന്തുകൊണ്ടോ രാജേന്ദ്രനെ ഓർത്തു. ടോണിയുമായുള്ള കോൺട്രാക്ടിനെപ്പറ്റി പറഞ്ഞപ്പോൾ അയാൾക്കതിഷ്ടപ്പെട്ടില്ല.

‘രമ്യക്ക് ഇപ്പോഴുള്ള വിജയംകൊണ്ടൊന്നും തൃപ്തിയില്ലേ? മൂന്നു കാസറ്റുകൾ ഇറക്കി. അതിൽ രണ്ടെണ്ണത്തിന്റെ സിഡിയും ഇറക്കി. മൂന്നും ഒരുമാതിരി നന്നായി പോകുന്നുണ്ട്. പിന്നെ ഇപ്പോൾ സിനിമയിൽ പാടാനും അവസരം കിട്ടി. ഇത്രകാലമായിട്ടും എനിക്ക് കിട്ടാതിരുന്ന അവസരമാണ് രമ്യയെത്തേടി വന്നത്. ആ പാട്ടുകളും നന്നായിരുന്നു. അതുകൊണ്ട് സിനിമയിൽ ഇനിയും അവസരം കിട്ടും. അതൊക്കെ പോരെ, എന്തിനാണ് വീഡിയോ എടുക്കാൻ ശ്രമിക്കുന്നത്?’

രാജേന്ദ്രനും താനും ഒരേ സമയത്താണ് ട്രാക്കുപാടാൻ തുടങ്ങിയത്. ട്രാക്കുപാടാൻ പെൺകുട്ടികൾ അധികമില്ലാത്തതിനാൽ അവൾക്ക് ധാരാളം അവസരം കിട്ടി. രാജേന്ദ്രന് അത്രതന്നെ അവസരം കിട്ടിയിരുന്നില്ല. ജോലിയില്ലാത്ത ദിവസങ്ങളിൽ അയാൾ സ്റ്റുഡിയോവിൽ വന്ന് അവൾ പാടുന്നത് കേട്ടിരിക്കും. അങ്ങിനെയിരിക്കുമ്പോൾ ആരെങ്കിലും അയാളെ ഒന്നോ രണ്ടോ പാട്ടുപാടാൻ വിളിച്ചാലായി. ട്രാക്കിലുള്ള പാട്ടുകൾ വെളിച്ചം കാണാറില്ല. പ്രശസ്തരായ ഗായകരുടെ ശബ്ദത്തിന്നതു വഴിമാറിക്കൊടുക്കേണ്ടിവരും. അവൾക്ക് വിഷമം തോന്നും. താനും രാജേന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ ഉറവിടം ഈ അനുതാപമാണെന്നത് അവൾക്കിഷ്ടപ്പെട്ടില്ല. സ്‌നേഹത്തിന്റെ അടിസ്ഥാനം പരസ്പരബഹുമാനമല്ലാതെ അനുകമ്പയായാൽ അത് പിന്നീട് കുഴപ്പങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂ.

അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഇപ്പോൾ ഹോട്ടൽമുറിയിൽ കിടന്ന് ആലോചിക്കുമ്പോൾ അവൾക്ക് സ്വയം അതനുഭവപ്പെട്ടു. എന്തിനാണ് താൻ ഇതിനൊക്കെ പോകുന്നത്? കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അനുഭവം വെച്ചുനോക്കിയാൽ ഇനിയുള്ള തന്റെ ജീവിതം അത്ര സുഖകരമാവില്ല എന്നവൾക്കു മനസ്സിലായി. ഷൂട്ടിങ്ങിന്റെ ഇടയിലുള്ള കൈകടത്തലുകൾതന്നെ അവൾ ഇഷ്ടപ്പെട്ടില്ല. ഉച്ചയ്ക്ക് ഭക്ഷണസമയത്തും വേലുസ്വാമിയുടെ വക കലാപരിപാടികളുണ്ടാവും. അടുത്തുവന്നുനിന്ന് എന്തെങ്കിലും സംസാരിക്കാൻ ശ്രമിക്കും.

‘എന്നവേണം?’

കഴിയുമെങ്കിൽ അവിടെയും ഇവിടെയും അറിയാത്ത ഭാവത്തിൽ തൊടും. അർത്ഥംവച്ച് ഓരോന്ന് പറയും. ഇത് തുടക്കം മാത്രമാണെന്നും, ഇനി തനിക്കുമുമ്പിൽ വിജയത്തിലേയ്ക്കുള്ള പാത നീണ്ടുകിടക്കുകയാണെന്നും അവൾ മനസ്സിലാക്കും. പാത അത്ര സുഗമമല്ലെന്നുള്ള ഉള്ളറിവ് അവളെ നിരുത്സാഹപ്പെടുത്തും.

എട്ടാം ദിവസത്തെ ഷൂട്ടിങ് നടക്കുമ്പോഴാണ് തീരെ സഹിക്കവയ്യാതായത്. അവസാനത്തെ പാട്ടിന്റെ ചിത്രീകരണമാണ്. കോസ്റ്റ്യൂം ഡിസൈനർ കൊണ്ടുവന്നുകൊടുത്ത സഞ്ചിയിൽ ഒരു ടൂ—പീസ് ബിക്‌നിയായിരുന്നു. ബിക്‌നി ധരിച്ചുകൊണ്ട് മുമ്പുതന്നെ ഏതാനും ഷോട്ടുകൾ എടുത്തിട്ടുണ്ട്. പക്ഷേ ഈ ബിക്‌നിയുടെ സവിശേഷതയെന്തെന്നാൽ അത് സുതാര്യമാണെന്നായിരുന്നു. അതു ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒരുപോലെയാണ്. അവൾ അതുംകൊണ്ട് ടോണിയുടെ അടുത്തേയ്ക്കു ചെന്നു.

‘ടോണി, ഇതു ധരിച്ച് നൃത്തംചെയ്യാൻ എന്നെക്കൊണ്ടാവില്ല.’

അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി. അയാൾ പറഞ്ഞു. ‘വരൂ, നമുക്കൊരു ചായ കുടിക്കാം. അല്ലെങ്കിൽ എന്തെങ്കിലും തണുത്തത്.’

ഗാർഡൻചെയറിൽ ഇരുന്നുകൊണ്ട് ഓറഞ്ച് സ്‌ക്വാഷ് സ്റ്റ്രോ ഉപയോഗിച്ച് വലിച്ചുകുടിച്ചുകൊണ്ട് ടോണി സാവധാനത്തിൽ സംസാരിച്ചു. കാസറ്റ് ഒരു വിജയമാക്കേണ്ടതിനെപ്പറ്റി. ആദ്യത്തെ കാസറ്റാണ് എല്ലാവരും നോക്കുക. അതിൽ അവർക്ക് ആവശ്യമുള്ളതെല്ലാമുണ്ടെങ്കിൽ പിന്നീട് ഇറക്കുന്ന കാസറ്റുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ വാങ്ങിക്കൊണ്ടുപോകും. ഈ കാസറ്റ് മലയാളത്തിൽമാത്രമല്ല, ഹിന്ദിയിലും തമിഴിലും തെലുങ്കിലും കൂടി ഡബ്ബുചെയ്ത് ഇറക്കുന്നുണ്ട്. അതായത് നല്ലൊരു മാർക്കറ്റാണ് ടോണിയുടെ ലക്ഷ്യം. ധാരാളം പണമിറക്കുന്നുണ്ട്. ഈ കാസറ്റ് ലാഭം തന്നില്ലെങ്കിൽക്കൂടി അടുത്ത കാസറ്റുകൾ ലാഭം കൊയ്യും. അതുകൊണ്ട് രമ്യ കുറച്ചുകൂടി സഹകരിക്കണം. വിഷമമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പറയുന്നത്.

‘കഷ്ടിച്ച് അര മിനുറ്റിന്റെ ഷോട്ടേ ഈ ഡ്രസ്സിൽ വേണ്ടു.’ ടോണി പറഞ്ഞു. ‘ആൾക്കാർ ശ്രദ്ധിക്കുമ്പോഴേയ്ക്ക് ഷോട്ടു മാറിയിട്ടുണ്ടാവും. വേലുസ്വാമിയെ ഞാൻ നിയന്ത്രിച്ചുകൊള്ളാം. ഇനിമുതൽ സ്റ്റെപ്പുകൾ പുറമെനിന്നുകൊണ്ട് കാണിച്ചുകൊടുത്താൽ മതിയെന്ന് പറയാം. ഇപ്പോൾ ഒരുമാതിരി പ്രാക്ടീസായില്ലേ? പിന്നെ രമ്യക്ക് ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.’

ഈ കാസറ്റിൽ മാത്രമേ രമ്യയെ നിർബ്ബന്ധിക്കാനാവൂഎന്ന് ടോണിക്കറിയാം. അടുത്ത കാസറ്റിൽ രമ്യക്ക് കൂടുതൽ ശബ്ദമുണ്ടാവും. അവൾക്കിഷ്ടപ്പെട്ടാലെ ഒരു കാര്യം ചെയ്യലുണ്ടാവൂ. ആദ്യത്തെ കാസറ്റ് അങ്ങിനെയല്ല. വിജയിക്കുമോ എന്ന ഭയം മുകളിൽ തൂങ്ങിനിൽക്കുമ്പോൾ വളരെയധികമൊന്നും സ്വാതന്ത്ര്യം ഒരാൾ എടുക്കില്ല.

വൈകുന്നേരം സ്റ്റുഡിയോവിലെ സ്‌ക്രീനിൽ റഷസ് കണ്ടപ്പോൾ അവൾക്ക് വിഷമമായി. ഒരു പരിധിവരെ നഗ്നതയാവാമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ ഇന്നത്തേത് വളരെയധികം അതിരു കടന്നുപോയി. കാമറാമാൻ ശരിക്കും മുതലെടുത്തിട്ടുണ്ട്.

ഹോസ്റ്റലിൽ തന്റെ പഴയ മുറിയിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ രമ്യക്ക് സമാധാനമായി. കഴിഞ്ഞ പത്തുദിവസങ്ങളിലെ അദ്ധ്വാനം കഠിനമായിരുന്നു. താൻ മാനസികമായി തകർച്ചയുടെ വക്കത്തെത്തിയെന്ന് അപ്പോഴാണ് അവൾ മനസ്സിലാക്കുന്നത്. ഏതാനും ദിവസമായി തന്നെ ഗ്രസിച്ചിരുന്ന ആവേശം കെട്ടടങ്ങിയിരുന്നു. ഇപ്പോൾ വ്യക്തമായി ആലോചിക്കാനുള്ള അന്തരീക്ഷവുമുണ്ട്. ഞാനെന്താണ് ചെയ്യുന്നത്? അവൾ അച്ഛനെക്കുറിച്ചാലോചിച്ചു. അമ്മയെക്കുറിച്ചാലോചിച്ചു. നാട്ടിൻപുറത്തെ വീട്ടിൽ ടിവിയില്ല. അതുകൊണ്ട് അമ്മയും അവരുടെ സഹായത്തിന് ഒപ്പം താമസിക്കുന്ന ചെറിയമ്മയും തന്റെ വീഡിയോ കണ്ടെന്നു വരില്ല. പക്ഷേ മറ്റുള്ളവർ കാണും. അവർ അതിനെപ്പറ്റി അമ്മയോട് പറഞ്ഞെന്നുവരും. അമ്മ അതിനെ എങ്ങിനെയാണ് എടുക്കുക?

തന്റെ ആദ്യത്തെ ഓഡിയോ കാസറ്റ് ഇറങ്ങിയപ്പോൾ അമ്മയെ കേൾപ്പിച്ചതോർത്തു. കൃഷ്ണഭക്തിഗാനങ്ങളായിരുന്നു അത്. കുളിച്ച് കുറിയിട്ടുവന്ന് അമ്മ ആ കീർത്തനങ്ങൾ മുഴുവൻ കേട്ടു. കണ്ണുകളിൽനിന്ന് ജലധാരയുണ്ടായത് തുടക്കാൻ മെനക്കെടാതെ അമ്മ മുഴുവൻ കേട്ടിരുന്നു. ഈ വീഡിയോ കാണിച്ചുകൊടുത്താലും അമ്മ കരഞ്ഞെന്നുവരും. പക്ഷേ വേറൊരർത്ഥത്തിലാവുമെന്ന് മാത്രം. അവൾ രാജേന്ദ്രനെ ഓർത്തു. അയാൾക്ക് തീരെ ഇഷ്ടപ്പെടില്ലെന്നവൾക്കറിയാം. ടിവിയിൽ സാധാരണ കാണാറുള്ള പോലെ സ്റ്റുഡിയോവിലും മരങ്ങൾക്കിടയിലും മറ്റും നിന്നുകൊണ്ട് പാടുന്ന തരത്തിലുള്ള ചിത്രീകരണമെന്നേ അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവൂ. അതു തന്നെ വേണ്ടെന്ന് പറഞ്ഞതാണ്. അയാൾ സ്റ്റുഡിയോവിൽ വന്നിട്ടില്ല. ഷൂട്ടിങ് കണ്ടിട്ടുമില്ല. അതെല്ലാം കണ്ടിരുന്നെങ്കിൽ ഇതു ചെയ്യരുതെന്നവളെ നിർബ്ബന്ധിച്ചേനേ.ഇനി ചാനലുകളിൽ പരസ്യങ്ങൾ വരുമ്പോഴാണ് അയാൾക്ക് ഈ വീഡിയോവിന്റെ ശരിക്കുള്ള രൂപം മനസ്സിലാവുക. അയാൾ വേദനിക്കും, തീർച്ച.

രാവിലെ ഫോണുണ്ടെന്നു പറഞ്ഞപ്പോഴാണ് അവൾ എഴുന്നേറ്റത്. പെട്ടെന്നവൾക്ക് ഒരു ദുഃസ്സൂചനയുണ്ടായി. താഴെ പൊതുമുറിയിൽ മേശപ്പുറത്തുവച്ച ഫോൺ അവൾ എടുത്തു. ‘ഹലോ...’

അവളുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല.

‘രമ്യാ, ഇത് ഞാനാണ്, രാജു.’ പരിചയമുള്ള ശബ്ദം.

‘പറയൂ രാജൂ.’

‘ഇന്നത്തെ പേപ്പർ കണ്ടു.’

മേശപ്പുറത്തു വച്ച വർത്തമാനപത്രം അപ്പോഴാണവൾ കണ്ടത്. അവൾ എടുത്തു നിവർത്തി. ആദ്യപേജിൽ താഴെയായി തന്റെ പടം.

‘ഇത്രയും വേണ്ടിയിരുന്നില്ല.’ നൈരാശ്യം കലർന്ന താഴ്ന്നശബ്ദം. അവൾ ഒന്നും പറഞ്ഞില്ല. പത്രം വെറുതെ മറിച്ചുനോക്കി. ഉള്ളിലെ പേജിൽ കൂടുതൽ വർണചിത്രങ്ങൾ.

അവൾ യാത്രയിലായിരുന്നു. സൈക്കഡലിക് വെളിച്ചത്തിന്റേയും ജാസ്ഡ്രമ്മിന്റേയും മാസ്മരതയിലൂടെ നീണ്ട പ്രയാണം. ഇനിയും എത്ര ദൂരം സഞ്ചരിക്കാനുണ്ട്? വഴിയിലെവിടേയോവച്ച് രാജേന്ദ്രൻ ഫോൺ വച്ചിരുന്നു. ഡാൻസ്ഫ്‌ളോറിലെ സൈക്കഡലിക് ചതുരങ്ങൾ കെട്ടടങ്ങി. സംഗീതം നേർത്തില്ലാതായി. സ്റ്റുഡിയോവിന്റെ തണുത്ത ഏകാന്തതയിൽ അവൾ മാത്രം.

അവളുടെ കാലുകളിൽ അപ്പോഴും സ്‌പൈസ്‌ഗേൾസിന്റെ താളമുണ്ടായിരുന്നു.