close
Sayahna Sayahna
Search

മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ


മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

മഴ നേരത്തെ തുടങ്ങിയതുകൊണ്ടായിരിക്കണം ഇടവഴികളുടെ തിണ്ടിന്മേൽ അല്ലിത്തണ്ടുചെടികൾ തഴച്ചു വളർന്നിരുന്നു. ഇനി മഴയുടെ ശക്തി കൂടുംതോറും ഈ തിണ്ടുകളും മതിലുകളും പായലിന്റെ പച്ചപ്പുകൊണ്ട് മൂടും. പഴമയുടെ ഈ പച്ചപ്പ് ഒരു കുട്ടിയായിരിക്കുമ്പോൾ അയാൾക്ക് ഇഷ്ടമായിരുന്നു. അല്ലിത്തണ്ടുകൊണ്ട് സ്ലേറ്റു മായ്ക്കാം. ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ഈ ചെടികൾക്കു വേണ്ടി കുറേ പരതിയിട്ടുണ്ട്. അന്ന് ഇടവഴികളുടെ ഇരുവശത്തും വെറും തിണ്ടുകളായിരുന്നു. ചെമ്മണ്ണു തേമ്പിയ ശൂന്യമായ തിണ്ടുകൾ. തനിക്കൊരിക്കലും ഒരു കാര്യവും ആഗ്രഹിക്കുമ്പോൾ കിട്ടിയിരുന്നില്ലെന്ന് ഒരു വേദനയോടെ രാഘവൻ ഓർത്തു. ഇന്ന് പത്തു വയസ്സായ മകന്റെ ഒപ്പം ആ ഇടവഴിയിലൂടെ നടക്കുമ്പോൾ രാഘവൻ എല്ലാം വീണ്ടും ഓർത്തു. സ്‌കൂൾ തുറക്കുന്ന ദിവസം വയറ്റിന്നുള്ളിൽ ഉണ്ടാകാറുള്ള ഒരുതരം കാളൽ അയാൾ വീണ്ടും അനുഭവിച്ചു. എല്ലാ കൊല്ലവും ഉണ്ടാകാറുള്ളതാണ്. ഒരാഴ്ചയോളം നിൽക്കും ഈ കാളൽ. പിന്നെ മനസ്സിലാക്കാൻ വിഷമമായ പാഠങ്ങൾക്കും മനസ്സിലാക്കിത്തരാൻ കഴിവില്ലാത്ത അധ്യാപകർക്കും ഇടയിൽപ്പെട്ട് ഞെരുങ്ങുമ്പോൾ വയറ്റിനുള്ളിലെ കാളൽ മനസ്സിലേയ്ക്ക് പടർന്ന് ഒരു സ്ഥായിഭാവമായി മാറുന്നു.

അയാൾ തിണ്ടിന്മേൽനിന്ന് അല്ലിത്തണ്ടിന്റെ ഒരു ചെടി പറിച്ചെടുത്തു രാജീവിന് കാണിച്ചുകൊടുത്തു. അതിന്റെ ഇലകളുടെ നേർമ്മയും സുതാര്യമായ ത ണ്ടിന്റെ പതുപതുപ്പും ഒരു കൊച്ചു കുട്ടിയുടെ ദേഹം ഓർമ്മിപ്പിച്ചു. അവൻ അതു വാങ്ങി വാസനിച്ചു. അതവന് ഇഷ്ടപ്പെട്ടുവെന്നു തോന്നുന്നു. മൂക്കിലേയ്ക്കു കൊണ്ടുപോകാതെത്തന്നെ അയാൾക്ക് ആ വാസന അനുഭവപ്പെട്ടു. കുട്ടിക്കാലത്ത് അതിന്റെ മണത്തിനു വേണ്ടി ആ ചെടി പറിച്ച് കയ്യിലിട്ട് കശക്കാറുണ്ട്. അയാൾ വീണ്ടും ഒരു കുട്ടിയായി. ഒരു കെട്ടു പുസ്തകവും താങ്ങിപ്പിടിച്ച് വാസുവിന്റേയും സാവിത്രിയുടേയും ഒപ്പം സ്‌കൂളിലേയ്ക്കും തിരിച്ച് വീട്ടിലേയ്ക്കും നടന്നിരുന്നത് ഓർമ്മ വന്നു. പിന്നിൽ നടന്നിരുന്ന വാസുവിനും സാവിത്രിക്കും വയറ്റിനുള്ളിലെ കാളലോ, മറ്റു പ്രശ്‌നങ്ങളോ ഒന്നുമില്ല. അവർ കളിച്ചുചിരിച്ചുകൊണ്ട് നടക്കും.

ഇടവഴി കഴിഞ്ഞാൽ വയലുകളാണ്. കാലത്തിന്റെ കുത്തിയൊഴുക്കിൽ വയലുകൾ ചെറുതായിവന്നുവെന്ന് അയാൾ കണ്ടു. ഇരുവശത്തും വയൽ നികത്തി പുതിയ വീടുകളും അവയ്ക്കുചുറ്റും പന്തലിച്ചു നിൽക്കുന്ന മരങ്ങളും ഉണ്ടായിരിക്കുന്നു.

“അച്ഛന്റെ കുട്ടിക്കാലത്ത് ഈ വയലെല്ലാം വളരെ വലുതായിരുന്നു.” അയാൾ പറഞ്ഞു. “നെൽച്ചെടികൾ ഒരു പച്ചസമുദ്രം ഉണ്ടാക്കിയിരുന്നു. കാറ്റടിക്കുമ്പോൾ ഓളങ്ങളുണ്ടാവും.”

ഒരു മഹാനഗരത്തിൽ ജനിച്ചുവളർന്ന അവന് ഇതെല്ലാം കൗതുകമാണ്. അവൻ ചോദിച്ചു.

“അച്ഛനും അച്ഛൻപെങ്ങളും ഈ വഴി നടന്നിട്ടാണോ സ്‌കൂളിൽ പോവാറ്?”

“അതേ. അച്ഛൻ പെങ്ങൾ മാത്രല്ലാ, അച്ഛന്റെ അനുജൻ വാസുവും?”

ആ ചെറിയച്ഛനെ രാജീവിന്നറിയില്ല. താൻ പറയാറുമില്ല. ബോംബെയിലെ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് തന്റെ കുട്ടിക്കാലത്തെപ്പറ്റി പറയുന്നതിൽ അർത്ഥമൊന്നുമില്ല. അവിടെ ജനിച്ചുവളർന്ന കുട്ടിക്കതൊന്നും മനസ്സിലാവില്ല. ഇവിടെ താൻ കുട്ടിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അന്തരീക്ഷം കാര്യമായി മാറിയിട്ടൊന്നുമില്ല. തനിക്ക് വേണമെങ്കിൽ അവനോട് പറയാം. എന്താണുണ്ടായതെന്ന്. അച്ഛന്റെ അനുജന് എന്തു പറ്റിയെന്ന്. തനിക്കുതന്നെ മുഴുവൻ മനസ്സിലാവാത്ത ഒരു കാര്യമാണെങ്കിൽക്കൂടി.

അവർ വയൽ പിന്നിട്ട് ഇടവഴിയുടെ തണലിലേയ്ക്കു കടന്നു. വയലിൽനിന്നുള്ള കാറ്റ് അവരുടെ വിയർപ്പ് ഉണക്കിവറ്റിക്കുകയാണ്. തറവാടിന്റെ പടിക്കലെ അറ്റക്കടായ ഒരു മാറ്റവും കൂടാതെ കിടക്കുന്നു. മൂന്നാം നിരയിലെ അഴി പണ്ടുപൊട്ടിയത് അതേ മട്ടിൽ ഉണ്ട്. ഇവിടെ കാലം നിശ്ചലമായി നിൽക്കുന്ന പ്രതീതി ഉണ്ടാവുന്നു. ഒരുപക്ഷേ താൻ അടുക്കളയിൽ ചെന്നാൽ അമ്മ ഊണു തയ്യാറാക്കി കാത്തിരിക്കുന്നുണ്ടാവും, വിളമ്പിത്തരാൻ. മൂന്നു പലകകളിട്ട് താനും വാസുവും സാവിത്രിയും ഇരിക്കും. ഏട്ടന്മാരെപ്പറ്റി എന്ത് ഏഷണിയാണ് അമ്മയോട് പറയേണ്ടതെന്ന് ആലോചിക്കുകയായിരിക്കും സാവിത്രി.

ഇല്ല അങ്ങിനെയൊന്നുമുണ്ടാവില്ല. അമ്മ ഇപ്പോൾ പടിഞ്ഞാറ്റയിലെ കൊത്തുപണിയുള്ള കട്ടിലിൽ കുഴഞ്ഞുപോയ പ്രജ്ഞയുടെ ഇരുട്ടിൽ തപ്പുകയാണ്. സാവിത്രി ഇടക്കിടയ്ക്ക് പോയി നോക്കും. ഭക്ഷണസമയമായാൽ അമ്മയെ ചാരിയിരുത്തി വായിൽ കഞ്ഞിയൊഴിച്ചു കൊടുക്കും. അവൾക്ക് ഒരാവാലാതിയുമില്ല. കുട്ടിക്കാലത്തുണ്ടായിരുന്ന സ്വഭാവമേ അല്ല അവൾക്ക് വലുതായപ്പോൾ. ‘അമ്മയ്ക്ക് തീരെ വയ്യ, ഒന്ന് വന്ന് കണ്ടോളൂ,’ എന്ന കത്ത് കിട്ടിയപ്പോൾ താൻ പുറപ്പെട്ടു. രാജീവും ഒപ്പം വന്നു. നിർമ്മലയ്ക്ക് ലീവു കിട്ടിയില്ല. അതുകൊണ്ടവൾ വന്നില്ല.

വന്നുകയറിയ ഉടനെ സാവിത്രി പറഞ്ഞു.

“അമ്മയ്ക്കിനി അധികൊന്നുംണ്ടാവുംന്ന് തോന്ന്ണില്ല്യ. അതോണ്ടാ ഞാൻ പെട്ടെന്ന് വരാനെഴുതീത്.”

സന്ധ്യയ്ക്ക്, ചുറ്റും തിങ്ങിനിൽക്കുന്ന മരങ്ങളുടെ നിഴലുകൾ ഭൂതകാലത്തിലേയ്ക്കുള്ള രാജപാത തുറന്നു. ഉമ്മറത്ത് സിമന്റിട്ട തിണ്ണയിൽ ചാരിയിരുന്നുകൊണ്ട് അയാൾ ചോദിച്ചു.

“നമ്മുടെ തെക്കേ വീട്ടിൽ ഇപ്പോൾ ആരാ താമസം?”

“അറിയില്ല.” സാവിത്രി പറഞ്ഞു.

അയാൾ പഴയ കഥകളെല്ലാം ഓർത്തു, അവയുടെ ദു:ഖകരമായ, അദ്ഭുതകരമായ പരിസമാപ്തിയും.

ഒരു ദിവസം ഉച്ചയ്ക്ക് സ്‌കൂളിൽനിന്ന് വന്ന് ഊണുകഴിക്കാനിരുന്നപ്പോഴാണ് അമ്മ പൊട്ടിത്തെറിച്ചത്.

“തൊലിക്ക് കൊറച്ച് നെറംണ്ട്ന്ന് വച്ച്, രംഭയാണെന്നാ ഭാവം. ചോദിച്ചതിന് മറുപടി പോയിട്ട് ഒന്ന് മൊഖത്ത് നോക്കാൻ കൂടി വയ്യ.”

അയാൾ വാസുവിന്റെ മുഖത്തേയ്ക്കു നോക്കി. അവൻ ഒന്നും മനസ്സിലായില്ലെന്ന് തലയാട്ടി. മൊട്ടച്ചിക്ക് ഭക്ഷണം കിട്ടിയാൽ പിന്നെ ഒന്നിലും ശ്രദ്ധയില്ല. അവൾ സാമ്പാറും കായ മെഴുക്കുപെരട്ടിയും കൂട്ടി ഭംഗിയായി ഊണു തുടങ്ങിയിരുന്നു. അമ്മയുടെ മുഖത്തു നോക്കാ ൻ ധൈര്യമില്ലാതെ രാഘവൻ തല താഴ്ത്തിയിരുന്ന് ഊണു കഴിച്ചു. വാസു വും അസ്വസ്ഥനായിരുന്നു. ഊണു കഴിഞ്ഞ് സ്‌കൂളിലേയ്ക്കു പോകാനായി ഉമ്മറത്ത് അനുജത്തിയെ കാത്തിരിക്കുമ്പോഴാണ് അമ്മയുടെ രോഷത്തിന്റെ ഉറവിടം മനസ്സിലായത്. തെക്കേ വേലി പൊളിഞ്ഞുണ്ടായ വിടവിലൂടെ ഒരു പെൺകുട്ടി നടന്നു വരുന്നു. പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത്, തലതാഴ്ത്തി അവൾ നടന്നു വരികയാണ്. പറമ്പിന്റെ നടുവിലൂടെ നടന്ന് അവൾ മുറ്റത്തെത്തി, ഉമ്മറത്ത് നിൽക്കുകയായിരുന്ന രാഘവനേയും വാസുവിനേയും തലയുയർത്തി നോക്കുകകൂടി ചെയ്യാതെ വടക്കേ പറമ്പിലൂടെ നടന്നുപോയി. തെക്കേ പറമ്പിൽ വരുന്ന വാടകക്കാരുടെ കുട്ടികളെല്ലാം കാലാക്കാലമായി വഴി ലാഭിക്കാൻ ഈ പറമ്പിലൂടെയാണ് നടത്തം. അവരുടെ പടിക്കലൂടെ പോയാൽ ഒരു നാഴികയെങ്കിലും അധികം നടക്കേണ്ടിവരും.

അവൾ സുന്ദരിയായിരുന്നു. തുടുത്ത നിറം. കറുത്ത് ഇടതൂർന്ന നീളമുള്ള തലമുടി മെടഞ്ഞിട്ടിരിക്കുന്നു. കറുത്ത പുരികങ്ങൾക്കു താഴെ വലിയ കണ്ണുകൾ. നീണ്ട പാവാടക്കു താഴെ മൃദുലമായ കാലടികൾ. കണങ്കാലിൽ ഞാന്നു കിടക്കുന്ന വെള്ളിപ്പാദസരം.

അനങ്ങാൻ കഴിയാതെ രാഘവൻ നിന്നു.

“ഈ കുട്ടിയെപ്പറ്റിയാണ് അമ്മ പറേണത്ന്ന് തോന്നുണു.” വാസു സ്വകാര്യമായി പറഞ്ഞു. അമ്മയുടെ ദ്വേഷ്യത്തിന്റെ ലക്ഷ്യം ഈ സുന്ദരിയാണെന്ന് രാഘവനും ഊഹിച്ചുകഴിഞ്ഞു.

അതു ശരിയാണെന്ന് മൊട്ടച്ചി വന്നപ്പോൾ മനസ്സിലായി. ഗെയ്റ്റു കടക്കുമ്പോൾ അവൾ പറഞ്ഞു.

“ആ കുട്ടിയോട് സംസാരിക്കാൻ നിക്കര്ത്ന്ന് അമ്മ പറഞ്ഞിട്ട്ണ്ട്.”

“എന്താടീ കാരണം?” വാസു ചോദിച്ചു. ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം എപ്പോഴും വാസുവിനേ ഉണ്ടാകാറുള്ളൂ.

“അവൾക്ക് വല്യ പവറാണ്.”

“ഓഹോ!”

“അതേ, അമ്മ എന്തോ ചോദിച്ചിട്ട് അവള് ഒന്നും പറയാതെ പോയി. അറിയ്യോ?”

“അറിയില്ലാ.” വാസു അവളെ കളിപ്പിച്ചു.

കളിപ്പിച്ചാലൊന്നും അവൾക്ക് മനസ്സിലാവില്ല. ഇനി മനസ്സിലായാൽ തന്നെ കൂസലുമില്ല. അവൾ ഭീഷണിപ്പെടുത്തി.

“വാസ്വേട്ടനോ രാഘവേട്ടനോ അവളോട് സംസാരിക്കണത് കണ്ടാ ഞാൻ അമ്മ്യോട് പറഞ്ഞുകൊടുക്കും. ങാ!”

ഭീഷണി തന്നെ. അവൾ എക്കാലത്തും ഒരു ഭീഷണിക്കാരിയായിരുന്നു. അമ്മയുടെ ശകാരങ്ങൾക്കും അച്ഛന്റെ ശിക്ഷകൾക്കും ഏകകാരണം മൊട്ടച്ചിയാണ്.

ആ മൊട്ടച്ചിയാണ് തന്റെ മുമ്പിലിരിക്കുന്നത്. രാഘവൻ ചോദിച്ചു.

“നീ ഞങ്ങളെയൊക്കെ ഒറ്റിക്കൊടുക്കാറുള്ളതും ഭീഷണിപ്പെടുത്താറുള്ളതും ഓർമ്മണ്ടോ?”

സാവിത്രി ചിരിച്ചു. അവൾക്ക് വലിയ ഓർമ്മയൊന്നുമില്ല.

“നീ കാരണം ഞങ്ങൾക്ക് രണ്ടുപേർക്കും എത്ര അടിയാണ് കിട്ടിയിട്ടുള്ളത്.”

അവൾ ചിരിക്കുക മാത്രം ചെയ്തു.

“നെനക്ക് വാസുവിനെ ഓർമ്മയുണ്ടോ?”

“നേരിയ ഓർമ്മണ്ട്. അതു മാത്രം. വാസ്വേട്ടന്റെ മുഖം ഒന്നും വ്യക്തായിട്ട് ഓർക്ക്ണില്ല്യ.”

ആ സുന്ദരി തന്റെ ക്ലാസ്സിൽ തന്നെയാണെന്ന് രാഘവൻ അറിഞ്ഞത് ഉച്ചതിരിഞ്ഞ് ക്ലാസ്സ് തുടങ്ങിയപ്പോഴാണ്. രാവിലെ നാണം കാരണം അവൻ പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്ത് നോക്കുകയുണ്ടായില്ല.

ഒരു തിങ്കളാഴ്ചയാണതുണ്ടായത്. അന്ന് ഇംഗ്ലീഷു പഠിപ്പിക്കാൻ പുതിയൊരു മാസ്റ്റരാണ് വന്നത്. മാഷ് അവളോട് ഒരു ചോദ്യം ചോദിച്ചു. അവൾ എഴുന്നേറ്റു നിന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല. മാസ്റ്റർക്ക് ദ്വേഷ്യം വന്നു അവളോട് വരാൻ പറഞ്ഞു. മേശമേൽ ഉണ്ടായിരുന്ന ചൂരലെടുത്ത് അവളുടെ നീട്ടിയ കൈയിൽ നാലഞ്ചടി. ഓരോ അടി അടിക്കുമ്പോഴും അവൾ വേദനകൊണ്ട് കണ്ണിറുക്കിയടച്ചു, മുഖം വിളറി. ശിക്ഷ കഴിഞ്ഞ് അവൾ സ്വന്തം സ്ഥാനത്ത് പോയിരുന്നു. അവൾ നിശ്ശബ്ദയായി കരയുകയായിരുന്നു. നാണം കൊണ്ട് അവളുടെ മുഖം ചുവന്നിരുന്നു. രാഘവന് വളരെ വിഷമം തോന്നി. അടി സ്വയം ഏല്ക്കുമ്പോൾ അവന് അത്ര വിഷമം തോന്നാറില്ല. അടിച്ചു കഴിഞ്ഞപ്പോൾ മാസ്റ്റർക്കും വിഷമമായിയെന്നു തോന്നുന്നു. മാസ്റ്റർ അവളെ വിളിച്ചു ചോദിച്ചു.

“എന്താ കുട്ടീടെ പേര്?”

അവൾ എഴുന്നേറ്റു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

“ഞാൻ ചോദിച്ചതു കേട്ടില്ലെ? എന്താ കുട്ടീടെ പേര്?”

അവൾ ഒന്നും പറയാതെ നിൽക്കുകയാണ്. കണ്ണീർ ധാരയായി ഒഴുകുന്നു. മുഖത്ത് ഭയം തളം കെട്ടി നിൽക്കുകയാണ്. പെട്ടെന്നാണ് അടുത്തിരുന്ന കുട്ടി ധൈര്യപൂർവ്വം എഴുന്നേറ്റു നിന്നത്.

“അവള്‌ടെ പേര് രാഗിണീന്നാ സാർ.”

“അതെന്താ ആ കുട്ടിക്കു തന്നെ പറഞ്ഞുകൂടെ?” മാസ്റ്റർ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.

“പറ്റില്ല സാർ, അവൾക്ക് സംസാരിക്കാൻ കഴിയില്ല. ഊമ്യാണ്.”

ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായി. മാസ്റ്ററുടെ മുഖം വിളറി. അദ്ദേഹം സാവധാനത്തിൽ രാഗിണിയുടെ അടുത്തേയ്ക്ക് നടന്നു ചെന്നു.

“മോളെ ക്ഷമിക്കണം. ഞാൻ അറിഞ്ഞില്ല. വല്ലാതെ വേദനിച്ചോ?”

സമാധാനിപ്പിക്കാനുള്ള ശ്രമം ഫലിച്ചില്ല. അവൾ തേങ്ങിക്കരയുകയാണ്. മാസ്റ്റർ അടുത്തിരുന്ന കുട്ടിയോട് പറഞ്ഞു. “കുട്ടിക്ക് എന്നോടൊന്നു പറയാമായിരുന്നില്ലേ, ഞാൻ അടിക്കേണനുമുമ്പ്?”

“എനിക്കു പേടിയായി സർ.”

“സാരമില്ല മോളെ അങ്ങിനെയൊക്കെ സംഭവിക്കും.”

മാസ്റ്റർ നല്ല മനുഷ്യനായിരുന്നു. തന്നെ ധിക്കരിക്കുന്നു എന്നു തോന്നിയപ്പോൾ ശിക്ഷിച്ചതാണ്.

സ്‌കൂൾ വിട്ടു വരുമ്പോൾ രാഗിണി മുമ്പിൽ ഉണ്ടായിരുന്നു. രാഘവൻ വാസുവിനോട് ക്ലാസിൽ നടന്ന കാര്യങ്ങൾ പറഞ്ഞു.

“അയ്യോ പാവം.” അവൻ പറഞ്ഞു “ഞാൻ ചോദിച്ചു നോക്കട്ടെ?”

“ഞാൻ പറഞ്ഞു കൊടുക്കും.” സാവിത്രിയുടെ ഭീഷണി ഉടനെ ഉണ്ടായി.

“ങാഹാ, ന്നാൽ എനിക്കും പലതും പറഞ്ഞുകൊടുക്കാനുണ്ടാവും, ഓർത്തോ.” വാസു ഭീഷണസ്വരത്തിൽ പറഞ്ഞു.

വാസു വേഗത്തിൽ നടന്നു രാഗിണിയുടെ അടുത്തെത്തി. രാഘവനും ഒപ്പം നടന്നു. ഒപ്പമെത്തിയപ്പോൾ വാസു ചോദിച്ചു.

“കുട്ടീടെ കൈ നോക്കട്ടെ?”

അവൾ പെട്ടെന്ന് പരിഭ്രമിച്ചു.

“ഏതു കൈയ്യിലാണ് അടി കിട്ടീത്?”

അവൾ മടികൂടാതെ അവളുടെ വലതു കൈ തുറന്നു കാണിച്ചുകൊടുത്തു. ചൂരലിന്റെ മയമില്ലാത്ത പാടുകൾ ചുവന്നു കണ്ടു.

“വല്ലാതെ വേദനിച്ചോ?” വാസു പതുക്കെ ചോദിച്ചു.

അവൾ തലയാട്ടി. അവളുടെ കണ്ണുകൾ വീണ്ടും ഈറനായി.

രാഘവന് വാസുവിനോട് അസൂയ തോന്നി. എപ്പോഴും അങ്ങിനെയാണ്. അനുജൻ സന്ദർഭങ്ങൾക്കൊത്ത് ഉയരുന്നു. ധൈര്യമില്ലാത്തതുകൊണ്ട് താൻ എപ്പോഴും താഴെ, വളരെ താഴെ സംശയിച്ചു നിൽക്കുന്നു. തനിക്ക് നേരിട്ട് ചോദിക്കാമായിരുന്നു. അതുവഴി അവളുമായി സൗഹൃദം തുടങ്ങാമായിരുന്നു.

മൊട്ടച്ചി അമ്മയോട് ഒന്നും പറഞ്ഞില്ല. അമ്മ രാഗിണിയെപ്പറ്റി എന്തോ പറഞ്ഞപ്പോൾ അവൾ വാസുവിന്റെ മുഖത്തേയ്ക്ക് നോക്കുകയായിരുന്നു. അവൾ പറഞ്ഞു.

“അമ്മേ, അവള് ഊമ്യാത്രേ. അവൾക്ക് മിണ്ടാൻ പറ്റില്ലാന്ന്. ഇന്ന് ഉത്തരം പറയാതെ ഇംഗ്ലീഷ് മാഷടെ അടുത്ത്ന്ന് അടികിട്ടീത്രെ.”

“ഊമ്യോ? അവളോ?” അമ്മ ഒന്നു താഴ്ന്നപോലെ തോന്നി. “എന്നാൽ അവൾക്കതങ്ങട്ട് പറഞ്ഞൂടെ?”

എങ്ങനെ പറയാനാണ്? രാഘവൻ ആലോചിച്ചു. കടലാസ്സിൽ എഴുതിക്കൊടുക്കേണ്ടിവരും. പിന്നെ താൻ ഒരൂമയാണ് എന്ന് അവൾ എന്തിന് നാട്ടുകാരെയെല്ലാം അറിയിക്കുന്നു? അമ്മയുടെ അസുഖം അതൊന്നുമല്ലെന്ന് മനസ്സിലായി.

എന്തായാലും അമ്മയുടെ ശകാരവർഷം കുറേ ശമിച്ചു. പക്ഷെ ഊരുവിലക്ക് അപ്പോഴുമുള്ളതിനാൽ രാഘവൻ അവളോട് സംസാരിക്കാൻ ശ്രമിച്ചില്ല. മാത്രമല്ല വാസു അവളോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവനെ ശാസിക്കയും ചെയ്തു. അവൾ അവർക്കു മുമ്പിൽ ഒരു നിശ്ചിത അകലത്തിൽ തലയും താഴ്ത്തി നടക്കും.

ഞായറാഴ്ചകളിൽ കഴിഞ്ഞ ഒരാഴ്ചയുടെ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയാണ്. രാഘവൻ മരങ്ങൾ തണൽവിരിച്ച പറമ്പിലൂടെ നടക്കും. കുളത്തിലെ തെളിവെള്ളത്തിലൂടെ സൂര്യരശ്മികൾ ഇറങ്ങിപ്പോകുന്നതു നോക്കി കുളപ്പടവിൽ ഇരിക്കും.

തെക്കേ പറമ്പിലെത്തിയപ്പോൾ അയൽവീട്ടിലേയ്ക്കു നോക്കി. രാഗിണി അവിടെയെങ്ങാനുമുണ്ടോ? ഒരു പാവാടത്തുമ്പിന്റെ നിഴലിനുവേണ്ടി നോക്കി. അടുക്കളയ്ക്കു പിന്നിൽ അയകെട്ടി വസ്ത്രങ്ങൾ ഉണക്കാനിട്ടിരുന്നു. ആകാശം മൂടിക്കെട്ടിയിരുന്നു. ഒരു മഴ ചാറിയെങ്കിലെന്ന് ആശിച്ചു. ഉണക്കാനിട്ടിരുന്നത് എടുക്കാനെങ്കിലും അവൾ പുറത്തു വരുമല്ലോ.

മഴ കനത്തു നിന്നതല്ലാതെ പെയ്തില്ല.

വാസു തന്നിൽനിന്ന് അകലുകയാണെന്ന് രാഘവൻ മനസ്സിലാക്കി. അവന് അവന്റേതായ സ്‌നേഹിതന്മാരുണ്ടായി. വൈകുന്നേരങ്ങളിൽ അവൻ കൂട്ടുകാരുമൊത്ത് കളിക്കാൻ നിൽക്കും. രാഘവൻ ഒറ്റയ്ക്കാവും. സാവിത്രി ഒരിക്കലും ഒരു കൂട്ടായിരുന്നില്ല. ചില ദിവസങ്ങളിൽ അവൾ അവളുടെ സ്‌നേഹിതകളുടെ ഒപ്പം നടന്നുപോകും. രാഘവനും മുമ്പിൽ നടന്നു പോകുന്ന രാഗിണിയും മാത്രം. കുറച്ചുകൂടി വേഗം നടന്ന് രാഗിണിയുടെ ഒപ്പമെത്താൻ താൻ ആഗ്രഹിക്കും. പക്ഷെ അടുത്തെത്തുമ്പോഴേയ്ക്കും കാലുകൾക്ക് ഭാരം കൂടും. നടത്തം പതുക്കെയാവും. തനിക്ക് വാസുവിന്റെ ധൈര്യമുണ്ടായിരുന്നെങ്കിലെന്ന് ആശിക്കും.

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം താൻ ഒറ്റയ്ക്കായി. രാഗിണിയെയും കാണാനില്ല. അവൾ ക്ലാസിലുണ്ടായിരുന്നുവെന്ന് അറിയാം. ബെല്ലടിച്ചപ്പോൾ പുസ്തകങ്ങൾ അടുക്കിവെച്ച് എഴുന്നേല്ക്കുന്നതും കണ്ടതാണ്. പിന്നെ എവിടെപ്പോയി? വീട്ടിലെത്തുന്നതുവരെ അവളെ കണ്ടില്ല. ആ ദിവസം അയാൾ കണിശമായി ഓർത്തു; ആകെ മനസ്സിടിഞ്ഞ് പറമ്പിലൂടെ നടന്നത്.

വെയിൽ മങ്ങിത്തുടങ്ങി. ഇടവഴിയിൽ കണ്ണുംനട്ട് നിൽക്കാൻ തുടങ്ങിയിട്ട് കുറേ സമയമായി. വാസു ഇത്ര വൈകാറില്ല. തനിക്ക് പരിഭ്രമം തോന്നി. രാഗിണിയേയും കണ്ടില്ലെന്നത് അദ്ഭുതകരമായി തോന്നി. അവൾ എങ്ങോട്ടുപോയി?

അപ്പോഴാണ് കണ്ടത്. അവർ നടന്നുവരുന്നു. വാസുവും രാഗിണിയും. വെളിച്ചം മങ്ങിത്തുടങ്ങിയ ഇടവഴിയിലൂടെ അവർ തോളോടുതോളു ചേർന്ന് നടന്നുവരികയാണ്. രാഗിണി കൈവിരലുകൾ കൊണ്ട് ആംഗ്യഭാഷയിൽ സംസാരിക്കുകയാണ്. വാസു അത് അനുകരിക്കുന്നു. അവൻ ആംഗ്യഭാഷ പഠിക്കുകയാണെന്നു തോന്നുന്നു.

രാത്രി കിടക്കുമ്പോൾ രാഘവൻ ചോദിച്ചു.

“നീ എന്തിനാണ് രാഗിണിയുടെ ഒപ്പം വന്നത്?”

“എന്തേ?”

“അമ്മ പറഞ്ഞിട്ടില്ലേ, അവളോട് സംസാരിക്കണ്ടാന്ന്.”

“ഞാൻ പന്തുകളിക്ക്യായിരുന്നു. കളി കഴിഞ്ഞ് പോവാൻ നിക്കുമ്പോ അവള് വന്ന് പറഞ്ഞു കാത്ത് നിൽക്കാൻ പറ്റ്വോന്ന്. അവൾക്ക് ഡാൻസ് ക്ലാസുണ്ടത്രെ. ഞാൻ നിക്കാംന്ന് പറഞ്ഞു.”

താൻ പിന്നെ ഒന്നും ചോദിച്ചില്ല. വൈകുന്നേരം സ്‌കൂൾ വിട്ടാൽ ചുറ്റിപ്പറ്റി നിൽക്കുന്ന പതിവ് തനിക്കില്ല. കളിക്കാൻ കൂട്ടുകാരില്ല. ആർക്കും രാഘവനെ വേണ്ട. പിന്നെ എന്തു പറഞ്ഞാണ് നിൽക്കുക?

പിറ്റേന്ന് രാഗിണിക്കുവേണ്ടി കാത്തിരുന്ന് അവളെ കാണാതെ തിരിച്ചു വന്നത് അയാൾ ഓർത്തു. അന്ന് രാഗിണി ഡാൻസ് ക്ലാസ്സിൽ പോയില്ല. വാസു കളിക്കാൻ നിന്നതുമില്ല. താൻ അതൊന്നും അറിയാതെ ഒന്നര മണിക്കൂർ സ്‌കൂളിൽ കാത്തുനിന്നു.

ഒറ്റയ്ക്കു കിട്ടിയപ്പോൾ രാഘവൻ വാസുവിനോട് ചോദിച്ചു.

‘നീ എന്താണ് കളിക്കാൻ നിൽക്കാതിരുന്നത്?’

“അതോ?” വാസു കുറച്ചുനേരം ആലോചിച്ചുകൊണ്ട് പറഞ്ഞു. “ഇന്ന് രാമു ഇല്ല്യ, പിന്നെ ജോണും. ഇവര് രണ്ടുപേരും ഇല്ലെങ്കിൽ രസംല്ല്യ.”

രാഘവൻ അടുത്ത് ചോദിക്കാൻ പോയത് അവൻ രാഗിണിയുടെ ഒപ്പം നടന്നാണോ വന്നതെന്നായിരുന്നു. അതു ചോദിക്കാൻ തോന്നിയതിന്, ചോദിക്കാൻ ധൈര്യമില്ലാതിരുന്നതിന് അവന്ന് സ്വന്തം വെറുപ്പു തോന്നി.

വാസു കൈവിരലുകൾ ഒരു പ്രത്യേക രീതിയിൽ മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ട് രാഘവനോട് ചോദിച്ചു.

“ഇതിന്റെ അർത്ഥം എന്താന്ന് പറയാമോ?”

ഇല്ലെന്ന് രാഘവൻ തലയാട്ടി.

“ഇതാണ് കാത്തിരിക്കണംന്ന് പറയാൻ. വെയ്റ്റ് ന്ന്. ഊമകളുടെ ഭാഷ്യാണ്.”

അവൻ വീണ്ടും വിരലുകൾകൊണ്ട് അഭ്യാസങ്ങൾ കാട്ടുകയാണ്. “ഇതാണ്, ‘പഠിക്കാനുണ്ട്’ ന്ന് പറയാൻ. ഇത്, ഇതെന്താണെന്നറിയ്യ്യോ?”

“ഊം, ങും.”

“ഇതു ഞാൻ പറഞ്ഞുതരില്ല.” അവൻ പറഞ്ഞു. അവൻ ചിരിക്കയായിരുന്നു.

രാഘവന് കലശലായ ദ്വേഷ്യം വന്നു. സ്വന്തം കഴിവില്ലായ്മയിലാണ് അവന് ദ്വേഷ്യം. വാസു എല്ലാറ്റിലും മുമ്പിലാണ്. താനാണ് മൂത്തത്, മുമ്പിൽ നടക്കേണ്ടത്. പക്ഷേ അവനാണ് എല്ലാ കാര്യത്തിലും മുമ്പിൽ. താൻ അവന്റെ കാൽപാടുകൾ പിൻതുടരുക മാത്രം ചെയ്യുന്നു.

ഇപ്പോൾ ആലോചിക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു നീറൽ പടർന്നു പിടിച്ചു. അങ്ങനെയെങ്കിൽ അങ്ങനെ മതിയായിരുന്നു. ഇപ്പോൾ നീറുന്ന ഓർമ്മ മാത്രം ബാക്കിയായി.

അയാൾ മകന്റെ ഒപ്പം പറമ്പിലേയ്ക്കിറങ്ങി. ചെരുപ്പിടാതെ മണ്ണിന്റെ വാത്സല്യസ്പർശം അനുഭവിച്ചുകൊ ണ്ട് അയാൾ നടന്നു. ഒരു കുട്ടിയായി നടന്ന അതേ വഴികളിലൂടെ, അതേ ആവേശത്തോടെ. ഒരു കാഞ്ഞിരമരത്തിനു താഴെ കുത്തി നിറുത്തിയ മൂന്നു കരിങ്കല്ലുകൾ കണ്ടപ്പോൾ രാജീവ് ചോദിച്ചു. “ഇതെന്താണച്ഛാ?”

അയാൾ അദൃശ്യശക്തികളെപ്പറ്റി പറഞ്ഞു കൊടുത്തു. കുട്ടിച്ചാത്തൻ, പറക്കുട്ടി, ചോഴി എന്നീ ദേവതകൾ. അവ എങ്ങിനെയാണ് അവിടെ കാഞ്ഞിരമരത്തിനു കീഴിൽ മാന്യസ്ഥാനങ്ങൾ കണ്ടുപിടിച്ചതെന്നയാൾക്കറിയില്ല. മച്ചിനകത്തെ പരദേവതെയെപ്പറ്റി മാത്രം അയാൾ കേട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് തെക്കു ദേശത്ത് യുദ്ധത്തിനു പോയ ഒരു കാരണവർ തിരിച്ചു വരുമ്പോൾ ഒപ്പം കൂടിയതാണവൾ. യുദ്ധഭൂമിയിലെ നിണം നക്കി നുണഞ്ഞവൾ മൂപ്പിൽനായരുടെ ശൂരതയിൽ ആകൃഷ്ടയായി വന്നതാണ്. പടിക്കലെത്തിയപ്പോൾ കാരണവർ ചോദിച്ചു. ‘ആണ്ടിലൊരിക്കൽ നേദിക്കുന്ന അവിലും മലരും കുരുതിയും മാത്രം സ്വീകരിച്ച് തറവാട്ടിന്റെ ശ്രേയസ്സിൽ കരിവീഴ്ത്താതെ കഴിക്കാമെന്നുവെച്ചാൽ ഇവിടെ കുടിയിരുത്താം.’ ഭഗവതി സമ്മതിച്ചു. കാരണവർ പഞ്ചഭൂതങ്ങൾ സാക്ഷിയാക്കി ദേവിയെ മച്ചിനു തൊട്ടടുത്ത മുറിയിൽ കുടിയിരുത്തി. എല്ലാ വർഷവും ഇടവത്തിൽ അവൾക്ക് പൂജകഴിക്കുന്നു. യുദ്ധഭൂമിയിലെ നിണത്തിന്റെ സ്വാദ് പക്ഷേ അവൾ മറന്നിരുന്നില്ല. ദാരുണസംഭവങ്ങൾ ആവർത്തിച്ചപ്പോൾ കവിടികൾ നിരത്തി പ്രശ്‌നം വെച്ചു. ദാഹാർത്തയായ ഒരു ദേവതയുടെ സാന്നിദ്ധ്യം കാരണവന്മാരെ അലട്ടി. ഒന്നും ചെയ്യാനില്ല. പൂജ മുടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അത്രതന്നെ.

അവർ നടന്ന് പാമ്പിൻകാവിന്റെ അടുത്തെത്തി. കാവിന്റെ ഉള്ളിൽ നിറയെ മരങ്ങളും വള്ളികളും പടർന്ന് ഇരുട്ടു പിടിച്ചിരുന്നു. ഒരു ഭാഗത്ത് ചിത്രകൂടക്കല്ല് വെച്ച സ്ഥാനത്ത് ചെടികൾ വെട്ടി തെളിയിച്ചിടത്ത് പുല്ലുകൾ വളർന്നിരുന്നു. അയാൾ ഒരു നിമിഷനേരത്തേയ്ക്ക് കുട്ടിക്കാലത്തേയ്ക്ക് പോയി. കാവിൽ പൂജയുടെ സമയമാകുമ്പോൾ ആ പുല്ലുകൾ ചെത്തിവെടുപ്പാക്കാറുള്ളത് അയാൾ ഓർത്തു. ചിത്രകൂടക്കല്ലിനുചുറ്റും ചാണകം മെഴുകി വൃത്തിയാക്കും. വൈകുന്നേരം വയസ്സൻ എമ്പ്രാന്തിരി വന്ന് പൂജചെയ്യും. പൂജകൾ രാത്രി ഇരുളുംവരെ നീണ്ടുപോകും. എണ്ണശ്ശീല ചുറ്റിയ പന്തങ്ങൾ ചുറ്റും കത്തിച്ചുവയ്ക്കും. രാത്രിയിൽ ഇരുട്ടിന്റെ ഭിത്തിമേൽ ആ പന്തങ്ങളുടെ കൊച്ചുനാവുകൾ നക്കിക്കൊണ്ടിരിക്കും. ആ ഇത്തിരിവെട്ടത്തിൽ എമ്പ്രാന്തിരി സർപ്പങ്ങളെയും തറവാട്ടിലെ പരദേവതകളെയും ആവാഹിക്കും. മച്ചിനുള്ളിലെ ദേവതയെ മാത്രമേ വീട്ടിനുള്ളിൽ കുടിവെച്ചിട്ടുള്ളു. ധൂപക്കൂട്ടുകളുടെ അലൗകികഗന്ധം പരക്കുമ്പോൾ സർപ്പങ്ങൾക്ക് പാലും പഴവും, പരദേവതകൾക്ക് അവിലും മലരും, മധുരമുള്ളതും ഇല്ലാത്തതുമായ അടയും അപ്പവും തെച്ചിപ്പൂക്കളും നിവേദിക്കപ്പെടും. കൈമണിയുടെ നേരിയ സ്വരം മച്ചിനകത്തെ പരദേവതയേയും, കാഞ്ഞിര മരത്തിന്റെ കടക്കൽ കുടിവെച്ച ക്ഷുദ്രദേവന്മാരേയും ഉണർത്തും. ആവാഹിക്കുന്ന ക്രമത്തിൽ അവർ ഒരോരുത്തരായി വന്ന് നിവേദ്യം സ്വീകരിക്കും. അതുകഴിഞ്ഞ് മരിച്ചുപോയ കാരണവന്മാരുടെ ആത്മാക്കൾ അവകാശങ്ങൾക്കായി ഒഴുകിവരും.

എമ്പ്രാന്തിരി ഒരുപക്ഷേ മരിച്ചിട്ടുണ്ടാവും. അയാളുടെ മകനായിരിക്കും ഇപ്പോൾ പൂജചെയ്യുന്നത്. ഒരു ശപ്തമായ പൂജയുടെ ഓർമ്മ വന്നപ്പോൾ അയാൾ വീണ്ടും കുട്ടിയായി. ഒരു ദിവസം വൈകുന്നേരം സ്‌കൂൾ വിട്ടു വന്നപ്പോഴാണ് വാസു പറഞ്ഞത്.

“ഏട്ടന് ഞാനൊരു കാര്യം കാട്ടിത്തരാം, വരൂ.”

അതായിരുന്നു തുടക്കം. അതും പറഞ്ഞ് അവൻ നടന്നുകഴിഞ്ഞു.

“എന്തു കാര്യം?”

“വരൂ, കാട്ടിത്തരാം.” അവൻ വീട്ടിന്റെ പിൻഭാഗത്തേയ്ക്കു നടക്കുകയാണ്. രാഘവൻ പിന്നാലെ കൂടി. പടിഞ്ഞാറെ മിറ്റത്ത് നിഴലുകൾ വീണിരുന്നു. മേഘങ്ങൾക്കിടയിൽക്കൂടി എത്തിനോക്കുന്ന വെയിൽക്കഷ്ണങ്ങൾ മരങ്ങളുടെ ഇലകൾക്കിടയിലൂടെ വന്ന് ചുവരിന്റെ മേൽ ചിത്രപ്പണികൾ തീർത്തു. വളരെ ക്ഷണികമാണ് ആ കാഴ്ചയെന്ന് രാഘവന്നറിയാം. പെട്ടെന്നൊരു നിമിഷം അതെല്ലാം അപ്രത്യക്ഷമാവും, ചുമർ വലിയൊരു നിഴൽകൊണ്ട് മൂടുകയും ചെയ്യും. വാസു മുകളിലേയ്ക്ക് ചൂണ്ടിക്കാട്ടി. രാഘവൻ ചോദ്യത്തോടെ അവനെ നോക്കി.

“അവിടെ ദാ ഓടിന്റെ താഴെ ചുമരില് ഒരു വിടവ് കാണാൻല്ല്യേ?”

മേൽപുരയ്ക്കു താഴെ ചുവരിൽ ഒരു വിടവ് അവൻ കണ്ടു. അത് ഏതു കാലത്തും അവിടെ ഉണ്ടായിരുന്നു. അവൻ ശ്രദ്ധിച്ചിരുന്നില്ലെന്നു മാത്രം.

“അതീക്കൂടെ പോയാൽ ഒരു സ്ഥലത്തെത്തും.” വാസു പറഞ്ഞു. “ഏട്ടൻ പോയിട്ട് മൊട്ടച്ചി കാണാതെ ടോർച്ചെടുത്തുകൊണ്ടുവരൂ. ഞാൻ കോണിയെടുത്തുകൊണ്ടുവരാം.”

രാഘവൻ അകത്തേയ്ക്കു പോയി സാവിത്രിയുടെ കണ്ണിൽപെടാതെ ടോർച്ചെടുത്ത് തിരിച്ചുവന്നു. വാസു അപ്പോഴേയ്ക്ക് മുളംകോണി ചുമരിൽ ചാരിവച്ചിരുന്നു. രാഘവന്റെ കൈയിൽനിന്ന് ടോർച്ചു വാങ്ങി വാസു ധൃതിയിൽ കോണികയറി ആ പൊത്തിൽക്കൂടെ അനായാസം അകത്തുകയറി. തിരിഞ്ഞ്, സംശയിച്ചു നിൽക്കുന്ന രാഘവനോട് വേഗം കയറി വരാൻ ആംഗ്യം കാണിച്ചു. വാസുവിന്റെ തല മാത്രമേ കാണാനുള്ളൂ. രാഘവൻ പ്രയാസപ്പെട്ട് മുളംകോണി കയറി. വാസു മുകളിൽനിന്ന് സഹായിച്ച് ഏട്ടനെ ഒരുവിധം പൊത്തിനുള്ളിൽ കയറ്റി. അകത്ത് ഇരുട്ടായിരുന്നു. വാസു ടോർച്ചടിച്ചപ്പോൾ മുമ്പിൽ ഒരു നീണ്ട ഇടനാഴിക തെളിഞ്ഞുവന്നു. ഉയരം കുറവായതിനാൽ അതിലൂടെ കുമ്പിട്ട് നടക്കേണ്ടി വന്നു. ഇടനാഴിക ഇടത്തോട്ടും വലത്തോട്ടും വളഞ്ഞുതിരിഞ്ഞു കിടക്കുകയാണ്. പെട്ടെന്ന് ഒരു വവ്വാൽ എതിർദിശയിൽനിന്നു ശബ്ദത്തോടെ പറന്നുവന്നു. അതിന്റെ ചിറകുകൾ രാഘവന്റെ മുഖത്ത് ഉരഞ്ഞു. താൻ ഒരു നിലവിളിയോടെ തിരിഞ്ഞ് ഓടാൻ തുടങ്ങി. ഒരുവിധം തപ്പിത്തടഞ്ഞ് ഗുഹാമുഖത്തെത്തി. കാൽ പുറത്തേയ്ക്കിട്ട് തപ്പി കോണിമേൽ വച്ചുകൊണ്ട് പുറത്തേക്കിറങ്ങി. തന്റെ മുട്ട് പൊട്ടി ചോരയൊലിച്ചിരുന്നു. അതും തുടച്ചുകൊണ്ട് വാസു പുറത്തിറങ്ങുന്നതും കാത്തിരുന്നു. കുറേ നേരം കാത്തിരുന്നിട്ടും വാസു വരുന്നതു കാണാഞ്ഞപ്പോൾ പരിഭ്രമം തുടങ്ങി. ഒരു പക്ഷേ തന്നെ പേടിപ്പിക്കാൻ അവൻ കരുതിക്കൂട്ടി ഒളിച്ചു നിൽക്കുകയാവും. ഗുഹാമുഖത്തേയ്ക്കുതന്നെ നോക്കിക്കൊണ്ട് രാഘവൻ അവിടെ നിന്നു.

വാസു വന്നത് പക്ഷേ പിന്നിൽനിന്നായിരുന്നു. അതു രാഘവനെ അദ്ഭുതപ്പെടുത്തി. അവൻ എങ്ങിനെ താഴത്തെത്തി?

വാസു ഒന്നും പറയുന്നില്ല. നിർബ്ബന്ധിച്ചപ്പോൾ അവൻ പറഞ്ഞു.

“ഈ ഗുഹ ഇല്ലേ, അത് വേറൊരു ലോകത്തിലേയ്ക്കുള്ളതാ.”

രാഘവന് മനസ്സിലായില്ല. നിറയെ ഊടുവഴികളുള്ള ഒരു ഗുഹ മനസ്സിൽ ഭയം നിറച്ചു. വേറൊരു ലോകത്തേയ്ക്ക്. അതൊരു പേടിപ്പെടുത്തുന്ന അറിവായിരുന്നു. വാസു മുളംകോണി മാറ്റിവച്ചു. വാസുവിന് അടുത്ത കാലത്തായി അങ്ങിനെ കുറേ സംസാരമുണ്ടായിരുന്നു. വേറൊരു ലോകത്തേപ്പറ്റി, വേറൊരു കാലത്തേപ്പറ്റി അവൻ സംസാരിക്കും. അവിടെ ആൾക്കാർക്ക് വേറൊരു രൂപമാണെന്നവൻ പറയും. രാഘവന് പേടിയാവും. താൻ ജീവിക്കുന്ന തലത്തിനു തൊട്ടപ്പുറത്ത് അപരിചിതമായ ഒരവ്യക്തലോകം തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

പിറ്റേന്ന് സർപ്പക്കാവിൽ പൂജയായിരുന്നു. വൈകുന്നേരം സ്‌കൂൾ വിട്ടു വന്നപ്പോൾ കണ്ടത് കാവിനു മുമ്പിലുള്ള സ്ഥലം ചെത്തി നിരപ്പാക്കി മെഴുകിയിട്ടിരിക്കുന്നതാണ്. അവിടെ കുറുപ്പ് കളം വരക്കുകയാണ്. പല നിറങ്ങളിലുള്ള പൊടികൾ കൊണ്ട് അയാൾ ചിത്രം വരക്കുകയാണ്. നടുവിൽ ദേവി, അതിനു ചുറ്റുമായി പാമ്പുകൾ, മറ്റു ദേവതകൾ. ജീവനുണ്ടെന്നു തോന്നിക്കുന്ന ചിത്രങ്ങൾ. മുകളിൽ പന്തലിട്ട് കുരുത്തോലകൊണ്ട് തോരണങ്ങളുണ്ടാക്കിയിരിക്കുന്നു. കാവിന്നുള്ളിൽ ചിത്രകൂടക്കല്ലിനുചുറ്റും ചാണകം മെഴുകി വൃത്തിയാക്കിയിരിക്കുന്നു. വീട്ടിന്റെ ഉമ്മറത്ത് എമ്പ്രാന്തിരി ചാരുകസേലയിൽ ഇരിക്കുകയാണ്. മുണ്ടും മേൽമുണ്ടും മാത്രം വേഷം. മുമ്പിൽ അച്ഛനിരിക്കുന്നു. അച്ഛൻ വെള്ളിയാഴ്ച ലീവെടുത്തിട്ടുണ്ടാവണം, പൂജയ്ക്കു വേണ്ടി. തിണ്ണയിൽ എമ്പ്രാന്തിരിയുടെ പത്തുപന്ത്രണ്ടു വയസ്സുള്ള മകനിരുന്ന് പന്തങ്ങളുണ്ടാക്കുകയാണ്. എമ്പ്രാന്തിരി അവന് നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്.

പന്തങ്ങളുണ്ടാക്കി രാത്രി കാവിലേയ്ക്കുള്ള വഴിയിൽ നിരത്താമെന്ന് പറഞ്ഞത് വാസുവായിരുന്നു. എമ്പ്രാന്തിരിക്കുട്ടി പന്തമുണ്ടാക്കുന്ന രീതി അവർ പഠിച്ചു. മുള ചീന്തി നേരിയ കോലുകളുണ്ടാക്കിയത് വാസുവായിരുന്നു. രാഘവൻ അവയുടെ അറ്റത്ത് തുണി ചുറ്റിപ്പിടിപ്പിച്ചു.

രാത്രി പാമ്പിൻകാവിലേയ്ക്കുള്ള വഴിയിൽ ആ പന്തങ്ങൾ ഇടവിട്ട് കുത്തിനിറുത്തി കത്തിച്ചു. ഉമ്മറത്തുനിന്നു നോക്കുമ്പോൾ ആ പന്തങ്ങൾ ഒരു ചെകുത്താൻ കോട്ടയിലേയ്ക്കുള്ള വഴിവിളക്കുകൾപോലെ തോന്നിച്ചു. കൈമണികൾ ശബ്ദിച്ചു. കുരുതിപ്പാത്രം നിറഞ്ഞൊഴുകി. വെളിച്ചപ്പാടിന്റെ അരമണിയും ചിലമ്പും കലമ്പി.

രാഘവൻ മറുവശത്തുള്ള ഒരു സുന്ദരമുഖം നോക്കിനിൽക്കുകയാണ്. അയൽപക്കത്തുള്ളവരെല്ലാം എത്തിയിട്ടുണ്ട്. പക്ഷേ അവൻ ഒരു മുഖം മാത്രമേ കാണുന്നുള്ളൂ. മറ്റു മുഖങ്ങളെല്ലാം അവ്യക്തമാണ്. രാഗിണി എമ്പ്രാന്തിരി പൂജ ചെയ്യുന്നതും നോക്കി നിൽക്കയാണ്. വെളിച്ചപ്പാട് അരയിൽ കെട്ടിയ പട്ട് മുറുക്കി വാളും പിടിച്ച് കളമെഴുതിയതിനു ചുറ്റുംനടക്കുകയാണ്. എമ്പ്രാന്തിരി സർപ്പങ്ങളെ ആവാഹിക്കുകയാണ്. ആരോ രണ്ടു പെൺകുട്ടികളെ കളത്തിനു മുമ്പിൽ പിടിച്ചിരുത്തി. അവരുടെ കഴുത്തിൽ തെച്ചിമാല്യവും കൈയ്യിൽ പൂക്കുലയുമുണ്ട്. പെട്ടെന്ന് കുറുപ്പ് പാട്ടു തുടങ്ങി. പെൺകുട്ടികൾ കണ്ണടച്ച് ധ്യാനിച്ചിരിക്കയാണ്.

രാഗിണി പെട്ടെന്ന് രാഘവൻ നിൽക്കുന്നിടത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകൾ ഇടഞ്ഞു. അവളുടെ ചുണ്ടുകളിൽ പുഞ്ചിരി പൊടിഞ്ഞു. ഒരു നിമിഷനേരത്തേയ്ക്കു മാത്രം. അവൾ കണ്ണുകൾ പിൻവലിച്ചു കളത്തിലേയ്ക്കു നോക്കി നിൽപ്പായി. രാഗിണിയുടെ നെറ്റിമേൽ വലിയൊരു പൊട്ടുണ്ടായിരുന്നത് ശ്രദ്ധിച്ചപ്പോൾ ആ മുഖം എവിടെയോ കണ്ടിട്ടുണ്ടെന്ന തോന്നലുണ്ടായി. അന്വേഷണം തന്നെ എത്തിച്ചത് പൂജാമുറിയിലായിരുന്നു. കുറുപ്പിന്റെ പാട്ട് മായികമായിരുന്നു. എമ്പ്രാന്തിരിയുടെ കൈമണിയുടെ ശബ്ദം, വെളിച്ചപ്പാടിന്റെ അരമണിയുടേയും ചിലമ്പിന്റേയും ശബ്ദം എല്ലാം രാഘവനെ ഒരർദ്ധബോധാവസ്ഥയിലെത്തിച്ചു. വെളിച്ചപ്പാട് ഉറയുകയായിരുന്നു. രാഘവൻ മറുവശത്തേയ്ക്കു നോക്കി. രാഗിണി അപ്രത്യക്ഷയായിരുന്നു. എപ്പോഴാണവൾ പോയത്? ചുറ്റും നോക്കി. ഇല്ല, അവൾ എവിടേയുമില്ല. അവൻ വാസുവിനുവേണ്ടി പരതി. അവൻ തന്റെ തൊട്ടടുത്തുതന്നെയുണ്ടായിരുന്നു. അവനും എവിടെപ്പോയി? വീട്ടിലേയ്ക്കുള്ള വഴിയിൽ ഒരു വരിയായി പന്തങ്ങൾ പാളിക്കത്തുകയാണ്.

വെളിച്ചപ്പാട് ഉറയുകയാണ്. ആരോ അദ്ദേഹത്തിന്റെ ഒപ്പം നടക്കുന്നുണ്ട്. ഓരോ പ്രാവശ്യം തലയിൽ വെട്ടുമ്പോഴും അയാൾ വെളിച്ചപ്പാടിന്റെ കൈ കടന്നുപിടിച്ചു. കല്പനകൾ വരികയായി.

“ഹിയ്യാ...ഞാനാരാണെന്നറിയ്യ്യോ?...എന്റെ തട്ടകത്തിൽ ഞാൻ മാത്രം മതി...”

എമ്പ്രാന്തിരി എഴുന്നേറ്റു. കുരുതിയുടെ പാത്രം തട്ടിമറിഞ്ഞു. ചോരപ്പുഴ ഒഴുകുകയാണ്. വെളിച്ചപ്പാട് അട്ടഹസിച്ചു.

“എന്റെ തട്ടകത്തിൽ കടന്ന് കളിക്കണ്ടാ...ഇവിടെ ഞാൻ മാത്രം മതി...”

“അതിന് ഇവിടെപ്പൊ എന്തേണ്ടായത്? എന്തിനാങ്ങനെ വെട്ടിപ്പൊളിക്കണത്?” ആരോ ചോദിച്ചു.

“കളിക്കണ്ടാന്ന് പറഞ്ഞില്ല്യേ...” വെളിച്ചപ്പാട് തലയിൽ വെട്ടുകയായിരുന്നു. ഒപ്പം നടക്കുന്ന ആൾക്കും അയാളെ പിടിച്ചുനിർത്താൻ കഴിയുന്നില്ല. നെറ്റിമേൽ ചോര ഒലിച്ചിറങ്ങി.

രാഘവൻ വാസുവിനെ തിരയുകയാണ്. ആൾക്കൂട്ടത്തിൽ മുഴുവൻ അരിച്ചുപെറുക്കിയിട്ടും അവനെ കാണാനില്ല. പന്തങ്ങൾ എരിഞ്ഞടങ്ങിയിരുന്നു. കാറ്റിൽ അതിന്റെ തലപ്പുകൾ ജ്വലിച്ചു. അതിനിടയിൽക്കൂടി നടന്നു വീട്ടിന്റെ പിന്നിലെത്തിയപ്പോൾ കണ്ടു, ചുമരിൽ ചാരിവച്ചിരിക്കുന്ന കോണി. തന്റെ ഹൃദയം തണുത്തുറഞ്ഞുപോയത് അയാൾ ഇപ്പോഴും ഓർത്തു. കയറാൻ ധൈര്യമില്ലാതെ കുറച്ചുനേരം അവിടെ നിന്നു. പിന്നെ വീട്ടിനുള്ളിൽ പോയി ടോർച്ചെടുത്തുകൊണ്ടുവന്ന് സാവധാനത്തിൽ മുളംകോണി കയറി. വളഞ്ഞുപോകുന്ന ആ ഗുഹ അന്തമില്ലാത്തതായി തോന്നി രാഘവന്ന്. മറ്റൊരു ലോകത്തേയ്ക്ക് നയിക്കുന്ന ഊടുവഴികൾ. ഭയം തന്റെ കാലുകളെ തളർത്തി. പക്ഷേ മുന്നോട്ട് പോകേണ്ടതുണ്ട്. ഒരു കാര്യം കണ്ടുപിടിച്ചേ തീരൂ. ഊടുവഴികളുടെ സ്വഭാവം മാറുകയാണ്. ഇപ്പോൾ മുകളിൽ ഓടോ, വശങ്ങളിൽ ചുമരോ ഇല്ല. പകരം പച്ചപിടിച്ച തിണ്ടുകൾ മാത്രം. താൻ നടക്കുകയാണ്. പെട്ടെന്ന് ഒരു തിരിവു കഴിഞ്ഞപ്പോൾ അവരെ കണ്ടു. വാസുവും രാഗിണിയും കൈകോർത്തു നടക്കുന്നു. ഒരു നിമിഷനേരത്തേയ്ക്കു മാത്രം. അവർ നേർത്തു വരുകയാണ്. തന്റെ മനസ്സിൽ വേർപാടിന്റെ വേദനയുണ്ടായത് രാഘവൻ ഓർത്തു. ഒരു വളവിൽ അവർ അപ്രത്യക്ഷരായപ്പോൾ മനസ്സിലെ വേദന തീക്ഷ്ണമായി. രാഘവൻ അന്തമില്ലാത്ത വഴിയിലൂടെ നടക്കുകയാണ്. കയ്യിൽ ടോർച്ചിനുപകരം വലിയൊരു പന്തം എങ്ങിനെ വന്നുവെന്ന് അവൻ അദ്ഭുതപ്പെട്ടു.

എവിടെനിന്നോ വെളിച്ചപ്പാടിന്റെ കല്പനകൾ കേൾക്കാനുണ്ട്. മുമ്പിൽ ദൂരെ ഒരു പ്രകാശബിന്ദു. അതു വലുതായി വരുന്നു. അവസാനം താൻ അഗാധമായൊരു കയത്തിൽ വീണതുമാത്രം ഓർമ്മയുണ്ട്. എമ്പ്രാന്തിരിയുടെ കൈമണിയുടെ ശബ്ദം കേൾക്കാം, ചിലമ്പിന്റെ ഒച്ചയും.

തന്നെ പൂജാമുറിയിൽനിന്നാണ് കിട്ടിയതെന്ന് അച്ഛൻ പിന്നീട് പറഞ്ഞു. എമ്പ്രാന്തിരി കാവിലെ പൂജ കഴിഞ്ഞ് പൂജാമുറിയിലെത്തിയപ്പോഴാണ് ദേവിയുടെ ഓട്ടു പ്രതിമയ്ക്കുമുമ്പിൽ വീണുകിടക്കുന്ന തന്നെ കണ്ടതത്രെ. തലപൊട്ടി ചോരയൊലിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് ബോധം വന്നത്. വാസുവിന്റെ കാര്യം ആരും പറയുന്നില്ല. എന്തേ ഉണ്ടായത്, തനിക്കിപ്പോഴും അറിയില്ല.

അയാൾ ഓർമ്മയിൽനിന്നുണർന്നു നിവർന്നിരുന്നു. രാജീവ് മുറ്റത്തേക്കിറങ്ങിയിരുന്നു.

“അമ്മേടെ കാലം കഴിഞ്ഞാൽ നമുക്കീ വീട് വിൽക്കാം.” സാവിത്രി പറഞ്ഞു. “നമുക്ക് രണ്ടാൾക്കും എന്തായാലും ഇവിടെ വന്ന് നിൽക്കാൻ കഴിയില്ല.”

അയാൾ ഉറപ്പിച്ചിരുന്നു. ഈ നാലുകെട്ടിൽ ഭയപ്പെടുത്തുന്ന എന്തോ ഉണ്ട്. വെളിച്ചപ്പാടിന്റെ കല്പനകൾ അയാൾ ഓർത്തു. ‘എന്റെ തട്ടകത്തിൽ കടന്ന് കളിക്കണ്ടാ...ഇവിടെ ഞാൻ മാത്രം മതി...” എന്താണ് ആ കാളരാത്രിയിൽ സംഭവിച്ചത്. അയാൾക്കറിയില്ല. വാസു എങ്ങിനെയാണ് പെട്ടെന്ന് അപ്രത്യക്ഷനായത്? അയാൾക്ക് ഒരിക്കലും ഉത്തരം കിട്ടില്ലെന്നു തോന്നി.

രാത്രി അമ്മയ്ക്ക് അസുഖം കൂടി. അയാൾ സാവിത്രിയോട് ഡോക്ടറെ വിളിക്കണോ എന്നു ചോദിച്ചു. അവൾ വേണ്ടെന്നു പറഞ്ഞു. അവർ രണ്ടുപേരും ഉറക്കമൊഴിച്ച് കട്ടിലിന്റെ അടുത്ത് ഇരുന്നു.

അമ്മ പുലർച്ചെ മരിച്ചു.

അയൽക്കാരും ബന്ധുക്കളും എത്തിത്തുടങ്ങി. മരണവാർത്ത ആരും അറിയിക്കാതെത്തന്നെ പരക്കുന്നു. രാജീവ് എഴുന്നേറ്റിട്ടുണ്ടാവുമോ? അവൻ അറിഞ്ഞുകാണുമോ? അവൻ മുറിയിലുണ്ടായിരുന്നില്ല. അയാൾ മുറ്റത്തേയ്ക്കിറങ്ങി. നാട്ടിൽ വന്നശേഷം ഉണർന്നെഴുന്നേറ്റ ഉടനെ മുറ്റത്തും പറമ്പിലും നടക്കുക അവന്റെ ശീലമായിരുന്നു. അവൻ പടിഞ്ഞാറെ മുറ്റത്തുണ്ടായിരുന്നു.

അവൻ ചുമരിന്റെ മുകളിലേയ്ക്ക് നോക്കിക്കൊണ്ടു നിൽക്കുകയാണ്. അയാൾ അടുത്തെത്തിയപ്പോൾ അവൻ അച്ഛനെ ഒന്നു നോക്കി, വീണ്ടും മുകളിലേയ്ക്ക്തന്നെ നോക്കി.

“അച്ഛാ,” അവൻ വിളിച്ചു, “ഇവിടെ വരൂ.”

അയാൾ അടുത്തു ചെന്നു. രാജീവൻ നോക്കിയിരുന്നത് ചുമരിനു മുകളിലുള്ള പൊത്തിലേയ്ക്കായിരുന്നു.

“അച്ഛാ, അവിടെ ദാ ആ പൊത്തിന്റവിടെ എന്തോണ്ടായിരുന്നു.”

“എന്ത്?” അയാൾ ഉദ്വേഗത്തോടെ ചോദിച്ചു.

“എന്തോ ഒന്ന്, എനിക്ക് പറയാൻ പറ്റ്ണില്ല. ഞാൻ നോക്ക്യപ്പോ അത് പെട്ടെന്ന് കാണാൻല്ല്യാതായി.”

അയാൾ തന്റെ ഭയം പുറത്തു കാണിക്കാതെ അവനോടു പറഞ്ഞു.

“മോനെ ഉമ്മറത്തേയ്ക്കു പോവു. അവിടെ ആൾക്കാരൊക്കെ വന്നിട്ടുണ്ട്.”

അയാൾ ക്ഷീണിച്ചിരുന്നു. മോന് പെട്ടെന്ന് വാസുവിന്റെ ഛായ ഉണ്ടായത് തന്റെ തോന്നലായിരിക്കാം. അയാൾ പ്രാചീനമായ ആ ഗുഹാമുഖത്തേയ്ക്ക് നോക്കി. അതിനുള്ളിൽ ഇരുട്ടിന്റെ നിഗൂഢതയിൽ സ്മൃതികൾ ഉറങ്ങുകയാണ്, മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ.