തുടർക്കഥ വായിക്കുന്ന സ്ത്രീ
തുടർക്കഥ വായിക്കുന്ന സ്ത്രീ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | ദൂരെ ഒരു നഗരത്തില് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 79 |
തുടർക്കഥകളുടെ മാസ്മരികലോകത്തായിരുന്നു മാലതി. രാവിലെ ഭർത്താവിനെ ഓഫീസിലേക്കയച്ച് ധൃതിയിൽ അടുക്കള വൃത്തിയാക്കി, കുളിമുറിയിൽ പോയി കുളിച്ചെന്നുവരുത്തി ഓടിവന്ന് കിടന്നതാണ് ആഴ്ചപ്പതിപ്പുകളുമായി. ഇരുപത്തഞ്ചു ലക്കങ്ങളും അട്ടിയാക്കി കട്ടിലിന്നടുത്തുള്ള സ്റ്റൂളിൻമേലും ഒരു പാത്രത്തിൽ കുടിക്കാനുള്ള വെള്ളമെടുത്ത് തലയ്ക്കൽ ഭാഗത്തും വച്ച് അവർ കിടക്കയിൽ മലർന്നുകിടന്നു. ഓരോ പുസ്തകത്തിലും തന്റെ പ്രിയപ്പെട്ട നോവലിസ്റ്റിന്റെ നോവൽ ഉള്ള ഏട് ഒരു കടലാസുകഷണം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ഒരു പുസ്തകം കഴിഞ്ഞാൽ അടുത്ത പുസ്തകം എടുത്തതും വായന തുടങ്ങണമെന്ന നിർബന്ധം മാലതിക്കുണ്ടായിരുന്നു. രസച്ചരട് ഒരു സെക്കന്റിനുപോലും പൊട്ടരുത്.
ആദ്യമെല്ലാം ആഴ്ചപ്പതിപ്പ് കിട്ടിയാലുടനെ തുടർക്കഥകൾ വായിക്കുകയായിരുന്നു പതിവ്. അതു പക്ഷേ വളരെ മനഃപ്രയാസങ്ങൾക്ക് കാരണമായി. ഓരോ ആഴ്ചയും കഥ നിൽക്കുമ്പോൾ ഉണ്ടാകുന്ന സസ്പെൻസ് സഹിക്കാനാവുന്നില്ല. ഒരാഴ്ച പിന്നെ ഉറക്കമില്ലാതെ കഴിച്ചുകൂട്ടുന്നു. വ്യാഴാഴ്ചയായാൽ വാരികയ്ക്കുവേണ്ടി കാത്തിരിക്കുന്നു. കിട്ടിയ ഉടൻ നിന്ന നിൽപ്പിൽ തുടർക്കഥ വായിച്ചുതീർക്കുന്നു. കഥ തീർപ്പില്ലാതെ നിൽക്കുമ്പോൾ ഉണ്ടാകുന്ന സസ്പെൻസ് സഹിക്കാനാവുന്നില്ല. ഒരാഴ്ച പിന്നെ ഉറക്കമില്ലാതെ കഴിച്ചുകൂട്ടുന്നു. വീണ്ടും വ്യാഴാഴ്ച വാരികയ്ക്കുവേണ്ടി കാത്തിരിക്കുന്നു. കിട്ടിയ ഉടൻ നിന്ന നിൽപ്പിൽ തുടർക്കഥ വായിച്ചുതീർക്കുന്നു. കഥ തീർപ്പില്ലാതെ നിൽക്കുമ്പോൾ വീണ്ടും സസ്പെൻസ് നിറഞ്ഞ ആഴ്ച മുന്നിൽ. അവസാനം ഭർത്താവിന്റെ നിർദ്ദേശമാണ് അവളെ രക്ഷിച്ചത്. വാരികകൾ എടുത്തു വെച്ച് നോവൽ കഴിഞ്ഞാൽ ഒന്നായി ഒറ്റയിരിപ്പിന് വായിച്ചുതീർക്കുക. അത് ഞരമ്പുകൾക്കു ഗുണംചെയ്യും.
ഇപ്പോൾ വായിക്കാൻ തുടങ്ങുന്ന നോവലിന്റെ അവസാനത്തെ ഭാഗം ഇന്നാണ് കിട്ടുക. കയ്യിൽ കിട്ടിയിട്ടില്ല. അതു കിട്ടുമ്പോഴേക്കും അതുവരെയുള്ള ഇരുപത്തഞ്ച് അദ്ധ്യായങ്ങളും വായിച്ചുതീർക്കണം. തലയിണ ചെരിച്ചുവെച്ച് ചാഞ്ഞിരുന്ന് മാലതി വായന തുടങ്ങി.
ആ സമയം മതിലിന്നപ്പുറത്തു നിന്നുകൊണ്ട് ഒരു ചെറുപ്പക്കാരൻ ആലോചിക്കുകയായിരുന്നു. വീടിന്റെ പിന്നിലുള്ള ബാൽക്കണിയിലേക്കാണവൻ നോക്കിയിരുന്നത്. ആ ബാൽക്കണി കിടപ്പുമുറിയിലേക്കായിരിക്കുമെന്നവൻ ഊഹിച്ചു. കുറച്ചു മുമ്പ് കുളി കഴിഞ്ഞ് പാവാടയും ബ്ലൗസുമായി തലമുടി ഒരു തോർത്തുകൊണ്ടു കെട്ടി, ബാൽക്കണിയിൽ കെട്ടിയ പ്ലാസ്റ്റിക് ചരടിൻമേൽ തിരുമ്പിയ നൈറ്റിയും മറ്റു വസ്ത്രങ്ങളും നിവർത്തിയിട്ടിരുന്ന സ്ത്രീ കിടപ്പുമുറിയിലായിരിക്കുമെന്നവൻ സങ്കൽപ്പിച്ചു.
കിടക്കുക?
ഇരിക്കുക?
നിൽക്കുക?
കിടക്കുകയാവും. മുമ്പിലുള്ള ബാൽക്കണിയിൽനിന്ന് ഭർത്താവിന് ടാറ്റാ പറഞ്ഞിട്ട് അരമണിക്കൂറായി. അപ്പോൾ അവർ ഇട്ടിരുന്നത് ഒരു നൈറ്റിയായിരുന്നു. നൈറ്റിമാത്രം. അടിയിൽ മുകളിലും താഴെയും ഒന്നുമുണ്ടായിരുന്നില്ലെന്ന് അവന്റെ വിദഗ്ദ്ധനേത്രങ്ങൾ കണ്ടുപിടിച്ചിരുന്നു. എതിരെ നിന്നുവന്ന സൂര്യപ്രകാശം ആ സ്ത്രീയുടെ ശരീരഘടന മുഴുവൻ മനസ്സിലാക്കാൻ അവനെ സഹായിച്ചിരുന്നു.
ഭർത്താവിന് ടാറ്റ പറഞ്ഞുകഴിഞ്ഞശേഷം അവർ നേരിട്ട് കുളിമുറിയിൽ കയറിയതായിരിക്കണം. കുളിമുറിയിൽ ബക്കറ്റിൽ വെള്ളം വീഴുന്നതിന്റെയും മറ്റും ബഹളം അവൻ ശ്രദ്ധിച്ചിരുന്നു. അവൻ ചുറ്റും നോക്കി. കിടപ്പറയുടെ ബാൽക്കണിയുള്ള ഭാഗത്ത് ആരുമില്ല. തന്നെ ഒളിഞ്ഞു നോക്കാൻ പറ്റിയ ജനലുകൾ അടുത്തൊന്നും ഇല്ല. അവൻ മുന്നോട്ടു നീങ്ങി.
മാലതി വായന തുടങ്ങി. ആദ്യ ത്തെ അദ്ധ്യായംതന്നെ രസകരമായിരുന്നു. വാരികയിൽ അവകാശപ്പെടുന്ന പോലെതന്നെ നിറയെ സെക്സിന്റെയും അക്രമത്തിന്റെ യും കഥ. ആദ്യത്തെ അദ്ധ്യായം അവസാനിക്കുമ്പോഴേക്ക് രണ്ടു കൊലപതാകങ്ങൾ കഴിഞ്ഞിരുന്നു. ഘാതകൻ ആരാണെന്നറിയില്ല. രണ്ടും മൂന്നും അദ്ധ്യായങ്ങൾ കഴിഞ്ഞിട്ടും ഒരു തുമ്പുമില്ല. വെറും സംശയങ്ങൾ മാത്രം. മൂന്നുപേരിലാണ് സംശയം. അവരിലൊരാൾ തന്നെയായിരിക്കണം അതു ചെയ്തത്. പക്ഷേ, എന്തിനുവേണ്ടി? മൂന്നുപേർക്കും അതുകൊണ്ട് പ്രയോജനമെന്താണെന്ന് മനസ്സിലായില്ല.
സെക്സ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കണം നാലാം അദ്ധ്യായത്തിൽ ഒരു ബലാൽസംഗം അവതരിപ്പിച്ചത്. മാലതിക്ക് അതു വായിക്കാൻ താൽപര്യമായിരുന്നു. ബലാൽസംഗത്തിലാണ് കറകളഞ്ഞ സെക്സ്, അതിന്റെ പ്രാകൃതരൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇര തേടുന്ന മൃഗത്തിന്റെ വന്യവും ഉന്മത്തവുമായ വേട്ടയാടൽ. ഓടിക്കപ്പെടുന്ന മൃഗത്തിന്റെ രക്ഷപ്പെടാനുള്ള വിഫലശ്രമങ്ങൾ, കിതപ്പുകൾ, ഇര കയ്യിലകപ്പെടുന്ന വിജയത്തിന്റെ നിമിഷങ്ങൾ, ഇരയുടെ ഭയചകിതമായ നോട്ടം, ദയയ്ക്കുവേണ്ടിയുള്ള യാചന, വന്യമായ കീഴടക്കൽ. എല്ലാംതന്നെ വളരെ ത്രില്ലിംഗ് ആണ്. അത് മറ്റുള്ളവർക്കാണ് സംഭവിക്കുന്നതെന്നറിയുന്നതാണ് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്. അപകടങ്ങൾ അല്ലെങ്കിൽ മരണം; അത് മറ്റുള്ളവർക്കാണുണ്ടാവുതെന്നറിയുന്നത് എത്ര ആശ്വാസകരമാണ്. അത് വായന സുഗമമാക്കുന്നു.
മാലതി വായന തുടർന്നു.
‘നാൽപ്പതു വയസ്സുള്ള വീട്ടമ്മ ഭർത്താവിനെ ഓഫീസിലേക്ക് പറഞ്ഞയച്ചശേഷം കുളിച്ച് കിടപ്പറയിൽവന്ന് വ സ്ത്രം മാറ്റി, ഒരു വാരികയുമായി കിടക്കയുടെ പതുപതുപ്പിലേക്ക്, ആനന്ദോൽക്കർഷത്തിന്റെ വഴിയിലേക്ക് കടന്നു. ബാൽക്കണിയുടെ വാതിൽ തുറന്നുകിടക്കുകയാണ്.’
ഇവിടെ നോവലിൽ വിവരിച്ച സംഭവത്തിനും തന്റെ ഇപ്പോഴുള്ള സ്ഥിതിയും തമ്മിലുള്ള സാദൃശ്യമൊന്നും മാലതി കണ്ടില്ല. അവളെ സംബന്ധിച്ചിടത്തോളം കട്ടിലിൽ കിടന്നു വാരിക വായിക്കുന്ന സ്ത്രീ ലൈംഗികപീഡനത്തിന് ഇരയാവാൻ പോകുന്ന വസ്തു മാത്രമാണ്. ബാൽക്കണിയുടെ വാതിൽ തുറന്നുകിടക്കുകയാണെന്ന വാചകത്തിലൂടെ നോവലിസ്റ്റ് ഇനി നടക്കാൻപോകുന്ന രസകരമായ സംഭവത്തിന്റെ വാതിൽ തുറന്നിടുകയാണ് ചെയ്തത്. മാലതി വായന തുടർന്നു.
‘അവരുടെ പാവാട ചുരുണ്ടുകയറി കാലിന്റെ മേൽഭാഗത്തെ ഭംഗി മുഴുവൻ പ്രദർശിപ്പിച്ചിരുന്നു.’
ബാൽക്കണിയിലൂടെ വരാൻപോകുന്ന മനുഷ്യന് അതൊരു ക്ഷണമായിരിക്കും. മാലതി ആലോചിച്ചു. വായനയിലുള്ള രസംകൊണ്ട് താനും അതേ സ്ഥിതിയിലാണ് കിടക്കുന്നതെന്ന് അവൾ ശ്രദ്ധിച്ചില്ല. നോവൽ തുടർന്നു.
‘ബാൽക്കണിയുടെ റെയിലിംഗിന്മേൽ രണ്ടു കൈകൾ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഒരു തലയും. നിമിഷനേരത്തിനുള്ളിൽ അയാൾ റെയിലിംഗ് കവച്ചുവെച്ച് ബാൽക്കണിയിലേക്ക് ചാടി.’
ഒരു ശബ്ദം കേട്ട് മാലതി നോക്കി. ബാൽക്കണിയിൽ ഒരു ചെറുപ്പക്കാരൻ, കയ്യിൽ നീണ്ടുകൂർത്ത കത്തി. മാലതി അവിശ്വസനീയതയോടെ നോവലിലേക്കു തിരിഞ്ഞു.
‘ബാൽക്കണിയിലേക്കു ചാടിയ ചെറുപ്പക്കാരന്റെ കയ്യിൽ കത്തിയുണ്ടായിരുന്നു.’
താൻ കാണുന്നത് ശരിക്കുമുള്ളതാണോ അതോ നോവലിലെ കഥാപാത്രമാണോ എന്നവൾക്കു സംശയമായി. തന്റെ കിടപ്പ് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. പാവാട കേറി അരവരെ എത്തിയിരുന്നു. വായനയുടെ രസത്തിൽ അതൊന്നും അറിഞ്ഞില്ല. അവൾ വേഗം പാവാട താഴ്ത്തി കാലുകളുടെ നഗ്നത മറച്ചു.
‘എന്റെ കയ്യിൽ കത്തിയാണ്.’ അവൻ പറഞ്ഞു. ‘ശബ്ദമുണ്ടാക്കിയാൽ കൊല്ലും.’
അവൾ വായിച്ചുനിർത്തിയ വരികൾ തേടി തുടർന്നു വായിച്ചു.
‘എന്റെ കയ്യിൽ കത്തിയാണ്, ശബ്ദമുണ്ടാക്കിയാൽ കൊല്ലും.’
പെട്ടെന്ന് ആ നോവൽ ഒരു പ്രമാണഗ്രന്ഥമായി മാറി. സത്യവും മിഥ്യയും തിരിച്ചറിയാൻ അവലംബിക്കുന്ന പ്രമാണഗ്രന്ഥം. നോവലിന്റെ ത്രിമാനലോകത്ത് സമ്മതമില്ലാതെത്തന്നെ ഒരു കഥാപാത്രമായി മാറുകയായിരുന്നു മാലതി. അതുകാരണം ഭയം നിറഞ്ഞ കൗതുകത്തോടെ അവൾ ആ രംഗം വീക്ഷിച്ചു.
അവൾ വാരികയിലൂടെ കണ്ണോടിച്ചു. കത്തി പിടിച്ച ചെറുപ്പക്കാരൻ ബാൽക്കണിയുടെ വാതിൽകടന്ന് കിടപ്പറയിലേക്ക് പ്രവേശിച്ചു. അപ്പോഴും വായിച്ചുകൊണ്ടിരുന്ന വീട്ടമ്മയോട് ഗർജ്ജിച്ചു.
‘വായന നിർത്തൂ.’
പെട്ടെന്ന് മാലതി ഞെട്ടിപ്പോയി. തന്റെ കിടപ്പറയിലെത്തിയ അപരിചിതനും അതുതന്നെ പറയുകയായിരുന്നു. അവൾ വാരിക മാറ്റിവെച്ചു.
‘അനങ്ങാതെ കിടക്കണം. രക്ഷപ്പെടാൻ ശ്രമിക്കരുത്.’
ചെറുപ്പക്കാരൻ പറഞ്ഞു. മാലതി വിഷമത്തിലായി. അവന്റെ അടുത്ത ചുവട് എന്താണെന്നറിയാൻ വയ്യ. തന്റെ പ്രമാണഗ്രന്ഥം തൊട്ടടുത്തുതന്നെ കിടക്കുന്നു. അതെടുത്ത് തുറന്നുവായിക്കുകയേ വേണ്ടൂ. അവന്റെ അടുത്ത ചുവട് എന്നല്ല അന്നു നടക്കാൻ പോകുന്ന എല്ലാം മനസ്സിലാക്കാൻ പറ്റും. പക്ഷേ, അതു തൊടാൻ വയ്യ. കത്തി പിടിച്ച ഒരുത്തൻ മുമ്പിലുണ്ട്. കത്തിയുടെ മുന കൂർത്തു തിളങ്ങുന്നു.
‘അനങ്ങരുത്.’
അവൻ കട്ടിലിന്നടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
‘നിനക്കെന്താണ് വേണ്ടത്?’ അവൾ ധൈര്യം സംഭരിച്ചുകൊണ്ട് ചോദിച്ചു. സ്ക്രിപ്റ്റ് കൈമോശം വന്ന ഡയറക്ടറുടെ മട്ടായിരുന്നു അവൾ. തുടർക്കഥാകാരന്റെ ഒരു കഥാപാത്രമായി ജീവിക്കാതെ സ്വന്തമായൊരു ജീവിതം നയിക്കാൻ അവൾ തീർച്ചയാക്കി. കഥ താൻതന്നെയുണ്ടാക്കണം, സംഭാഷണങ്ങളും. അവൾ ചോദിച്ചു.
‘നിനക്കെന്താണ് വേണ്ടത്?’
ഒരു സംഭാഷണമെന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയൊന്നുമില്ലാത്ത ഒരു വാചകം. ഒരു തുടക്കമെന്ന നിലയ്ക്ക് ആ വാചകത്തിന് പക്ഷേ, അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു.
‘എനിക്കെന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാം.’ അവൻ ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അത് വേഗം തരുകയാണ് നല്ലത്. അല്ലെങ്കിൽ...’
അവൻ കത്തി ഉയർത്തിക്കാണിച്ചു.
‘നിനക്ക് പണമാണോ വേണ്ടത്?’
അവൾ ധൈര്യപൂർവ്വം ചോദിച്ചു. വാസ്തവത്തിൽ അതൊരുതരം കാപട്യമായിരുന്നു. അവൻ എന്തിനാണ് വന്നതെന്ന് മാലതിക്കറിയാം. കാരണം വായനയ്ക്കിടയിലും അവൾ അല്പസ്വല്പം കള്ളത്തരം കാണിക്കാറുണ്ട്. ആ അദ്ധ്യായത്തിന്റെ അവസാനത്തെ രണ്ടുമൂന്നു വാചകങ്ങൾ അവൾ സ്വന്തം ആത്മാവിനെ വഞ്ചിച്ചുകൊണ്ട് വായിച്ചിരുന്നു. നടക്കാൻ പോകുന്നത് ബലാൽസംഗമാണെന്ന് അവൾക്ക് നല്ലപോലെ മനസ്സിലായിരുന്നു.
അവൾ ഗത്യന്തരങ്ങളെപ്പറ്റി ആലോചിച്ചു. ഓടി രക്ഷപ്പെടാൻ വഴിയില്ല. അനുനയംകൊണ്ട് മാത്രമേ രക്ഷയുള്ളു. അവൾ ചോദിച്ചു.
‘എന്താ നിന്റെ പേര്?’
അവൻ വീണ്ടും ചിരിച്ചു. അതേ ക്രൂരമായ ചിരി.
‘തമാശ പറയുകയായിരിക്കും അല്ലേ? ഞാനെന്റെ പേര്, വിലാസം, ടെലിഫോൺ നമ്പർ ഒക്കെ തന്നുപോകാം. എന്തേ?’
സ്ക്രിപ്റ്റിന്റെ അഭാവം അവളെ വീണ്ടും വിഷമിപ്പിച്ചു. എന്തെങ്കിലും സംഭാഷണം നടത്തി അവനെ വൈകിക്കണം. വൈകിക്കുന്ന ഓരോ നിമിഷവും തനിക്ക് പ്രയോജനപ്പെടും. നോവലിൽ ഒരുപക്ഷേ, ഇങ്ങിനെയുണ്ടാവാം. ‘അപ്പോൾ പെട്ടെന്ന് വാതിൽക്കൽ ഒരു മുട്ടു കേട്ടു. അല്ലെങ്കിൽ ടെലിഫോൺ അടിച്ചു.’ കുറ്റം ചെയ്യാൻ വന്നവനെ നെർവസ്സാക്കുന്ന എന്തെങ്കിലും.
വാരിക തുറന്നുകിടക്കുകയാണ്, കിടക്കയിൽ തന്റെ അരികിൽത്തന്നെ. കൈവിട്ടുപോയ ആയുധം കൈക്കലാക്കാൻ ശ്രമിക്കുന്ന വധ്യയെപ്പോലെ അവൾ വാരികയിലേക്കു നോക്കി, ഒന്നോ രണ്ടോ വാചകങ്ങൾ വായിക്കാനായാൽ അത്രയും സസ്പെൻസ് കുറയുമല്ലോ. വാരിക എടുക്കാനായി അവൾ കൈനീട്ടി.
‘വാരിക തൊടരുത്.’
അവൻ ഗർജ്ജിച്ചു. അവൾ ഞെട്ടിക്കൊണ്ട് കൈ പിൻവലിച്ചു. അവൻ പെട്ടെന്ന് കിടക്കയിലേക്ക് കുതിച്ചു. കത്തി ഇടത്തെ കയ്യിലേക്ക് മാറ്റി. അവൻ വലത്തെ കൈകൊണ്ട് അവളുടെ ബ്ലൗസ് വലിച്ചുകീറി.
ബ്ലൗസ് മാത്രം. അടിയിൽ കീറാൻ ഒന്നുമുണ്ടായിരുന്നില്ല. അതവനെ ക്ഷുഭിതനാക്കി. അവൻ കൂടുതൽ അടിവസ്ത്രങ്ങൾ പ്രതീക്ഷിച്ചിരുന്നു, വലിച്ചുകീറാൻ. തട്ടിത്തകർക്കാനും അതുവഴി ആനന്ദലബ്ധിക്ക് മൂർച്ച കൂട്ടുവാനുമായി കുറെ തടസ്സങ്ങൾ.
‘നിങ്ങൾ അടിയിൽ ഒന്നും ധരിച്ചിട്ടില്ല.’
അവളുടെ നഗ്നമായ മാറിടം അപ്പോഴും ആഘാതത്തിൽ കമ്പിതമായിരുന്നു. അവനും ഒരു സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. അതിൽ ചെറിയൊരു വ്യതിയാനംപോലും അവനെ വിഷമിപ്പിച്ചു. മുമ്പിൽ തുറന്നുകണ്ട മാംസളത അവന്റെ വിഷമങ്ങളെ കുറെയൊക്കെ ദുരീകരിച്ചു. അവൻ അതിൽ മുഖംപൂഴ്ത്തി.
തനിക്കൊന്നും ചെയ്യാനില്ലെന്ന് മാലതിക്ക് മനസിലായി. കുതറാൻ ശ്രമിച്ചാൽ മൂർച്ചയുള്ള കത്തി തന്റെ ദേഹത്തിലാഴും. തുടർക്കഥകൾ രചിക്കുന്നവർക്ക് ധാരാളം ഭാവന വേണമെന്നവൾക്ക് മനസ്സിലായി. ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ അവർക്ക് എന്തൊക്കെ എഴുതിക്കൂട്ടാനുണ്ടാകും. താൻ ഒരിക്കൽ എഴുതാൻ ശ്രമിച്ചത് പരാജയപ്പെട്ടതിന്റെ കാരണം ഇതുതന്നെ. ഭാവനാദാരിദ്ര്യം.
മാലതിയുടെ തണുപ്പൻ മട്ട് അവന് ഇഷ്ടമായില്ല. അവൻ മുഖമുയർത്തി.
‘നിങ്ങളെന്താണ് അനക്കമില്ലാതെ കിടക്കുന്നത്?’ ഒന്നു കുതറി രക്ഷപ്പെടാൻ ശ്രമിച്ചുകൂടേ?
അവൻ വീണ്ടും മാലതിയുടെ മാറിലേക്ക് വീണു.
എന്നിട്ടുവേണം നിന്റെ കത്തി എന്റെ മാറിൽ കുത്തിയിറക്കാൻ അല്ലേ? അവൾ വിചാരിച്ചു. പെട്ടെന്നാണവൾക്ക് ഭൂതോദയമുണ്ടായത്. അവന്റെ രണ്ടു കൈകളും തന്റെ മാറിലമർന്നിരിക്കയാണ്. അപ്പോൾ കത്തി? കത്തി തലയിണയുടെ അടുത്ത് അനാഥമായി കിടക്കുകയാണ്. അതെടുക്കാനായി അവൾ കൈനീട്ടി.
‘കത്തി തൊടരുത്.’
അവൻ ഉറക്കെപ്പറഞ്ഞു. വാരിക തൊടരുത് എന്നുപറഞ്ഞ അതേ വീറോടെയാണ് അവൻ അതു പറഞ്ഞത്. അവൾ കൈ പിൻവലിച്ചു.
അവൻ സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയാണ്. രണ്ടു കൈകളും താൽക്കാലികമായി അവളുടെ ദേഹത്തുനിന്ന് പിൻവലിച്ച് അവൻ ഷർട്ട് അഴുച്ചുമാറ്റി. അവന്റെ കഴുത്തിൽ ഒരു സ്വർണ്ണച്ചെയിൻ ഉണ്ടായിരുന്നു. ഷർട്ട് തറയിലേക്കിട്ടശേഷം അവൻ പാന്റ്സ് അഴിച്ചുമാറ്റി. ഡ്രോയർ അഴിച്ചുമാറ്റുമ്പോഴാണ് അവൻ മാലതി ശ്രദ്ധിക്കുന്നത് കണ്ടത്.
‘നോക്കരുത്.’ അവൻ വീണ്ടും ഗർജ്ജിച്ചു.
അവൾ തല തിരിച്ച സമയം അവൻ ഡ്രോയർ അഴിച്ചുമാറ്റി അവളുടെ മേൽ ചാടി വീണു. ബലംപ്രയോഗിച്ച് അവളുടെ പാവാടയുടെ ചരട് പൊട്ടിച്ച് താഴ്ത്തി. വീണ്ടും പറിച്ചുകളയാൻവേണ്ടി അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് തപ്പിനോക്കി. പെട്ടെന്ന് ഷോക്കേറ്റതുപോലെ അവൻ ചാടി എഴുന്നേറ്റു. അവന്റെ സദാചാരബോധത്തിന് ഏറ്റ രണ്ടാമത്തെ അടിയായിരുന്നു അത്. അവൻ തികച്ചും ക്ഷുഭിതനായി.
‘എന്തുതരം സ്ത്രീയാണ് നിങ്ങൾ?’ അവൻ രോഷാകുലനായി ചോദിച്ചു. ‘ചാരിത്ര്യനിഷ്ഠയില്ലാത്തവൾ.’
മാലതി അപ്പോഴേക്കും കമിഴ്ന്നു കിടന്നിരുന്നു. പകുതി നഗ്നത മറയ്ക്കാൻ കഴിഞ്ഞ ആശ്വാസത്തിൽ കിടക്കുകയായിരുന്ന അവൾ തന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്നതു കേട്ട് അമ്പരന്നു. അവൾ തല തിരിച്ച് അവനെ നോക്കിക്കൊണ്ട് ചോദിച്ചു.
‘എന്തേ?’
‘നിങ്ങൾ അടിയിൽ ഒന്നും ഇട്ടിട്ടില്ല.’
‘ഓ അത്രയേയുള്ളു?’ അവൾ പറഞ്ഞു. ‘അതാണ് ഇപ്പോൾ ഫാഷൻ.’
‘ഫാഷൻ! മണ്ണാങ്കട്ട. അടിവസ്ത്രങ്ങളുണ്ടാക്കുന്ന ഫാക്ടറികളെല്ലാം നിങ്ങൾ പൂട്ടിക്കും. അല്ലെങ്കിലേ തൊഴിലില്ലായ്മ വല്ലാതെ രൂക്ഷമായിരിക്കുന്നു. ഇനി ഇങ്ങിനെ ഓരോന്നുകൂടി തുടങ്ങിയാൽ!’
അവൻ വീണ്ടും ശ്രദ്ധ മാലതിയുടെ നഗ്നതയിലേക്കു തിരിച്ചു. അവൻ അവളെ ബലംപ്രയോഗിച്ച് മലർത്തിക്കിടത്താൻ ശ്രമിക്കുകയാണ്. അവൾ ചെറുക്കുംതോറും അവന് ഉത്സാഹം കയറി. അവനെ അനുനയത്തിലൂടെ വശത്താക്കാൻ അവൾ ശ്രമിച്ചു.
‘നീ നല്ല ബുദ്ധിയുള്ള ചെറുപ്പക്കാരനാണല്ലോ. ഇങ്ങിനെയൊക്കെ ചിന്തിക്കാൻ നല്ല ബുദ്ധിവേണം.’
അതവന് ഇഷ്ടപ്പെട്ടു. അദ്ധ്വാനത്തിനിടയിൽ അവൻ സ്വന്തം തല ചൂണ്ടിക്കാട്ടി പറഞ്ഞു.
‘ഇവിടെ ഒന്നാം നിലയിൽ നിറയെ ഐഡിയകളാണ്.’
താഴത്തെ നില പക്ഷേ, കാലിയായിരുന്നു. പത്തുമിനിറ്റു നേരത്തെ അദ്ധ്വാനത്തിനുശേഷം അവളെ മലത്തിക്കിടത്തി അവളുടെമേൽ ചാടി വീണപ്പോഴേ ആവസ്തുത അവന് സ്വയം മനസ്സിലായുള്ളു. അവൻ അമ്പരപ്പോടെ, ജാള്യതയോടെ അവളുടെ മുഖത്തുനോക്കി. ഒന്നും സംഭവക്കുന്നില്ലെന്നു കണ്ട അവളും അതിന്റെ കാരണമന്വേഷിച്ചു. അവന്റെ ഗ്രൗണ്ട്ഫ്ളോറിൽ വിശേഷമൊന്നുമില്ല. ശാന്തം, സുന്ദരം.
‘നിങ്ങളാണ് ഇതിനൊക്കെ ഉത്തരവാദി.’ അവൻ ദേഷ്യത്തോടെ പറഞ്ഞു. ‘നിങ്ങൾ ഒരാൾ.’
അവന്റെ ദുർസ്ഥിതിക്ക് താൻ എങ്ങിനെ കാരണമായി എന്നറിയാൻ അവൾ ചോദിച്ചു.
‘ഞാൻ എന്തുചെയ്തു എന്നാണ് നീ പറയുന്നത്?’
‘നിങ്ങളുടെ ചാരിത്ര്യശുദ്ധിയില്ലായ്മയാണ് ഇതിനൊക്കെ കാരണം.’
മാലതി അന്തംവിട്ടുപോയി. അവൾ ഇതുവരെ തന്റെ ഭർത്താവിനെയല്ലാതെ മറ്റൊരു പുരുഷനെ മനസ്സിൽപോലും കാമിച്ചിട്ടില്ല. പിന്നെ ഇങ്ങനെ പറയാൻ? പെട്ടെന്നാണ് അടിവസ്ത്രങ്ങളുടെ കാര്യം അവൻ പറഞ്ഞത് മാലതിക്കോർമ്മ വന്നത്. ‘ഓ, അതോ.’ അവൾക്കു ചിരിവന്നു.
‘ഇളിക്കാതെ. ഒന്നു സഹായിക്കാൻ നോക്ക്.’ അവൻ പറഞ്ഞു.
നിസ്സഹായതയിൽ വലയുന്ന ഒരുത്തനെ രക്ഷിക്കേണ്ട ധാർമ്മികമായ കടമ തനിക്കുണ്ടെന്ന് മാലതി ഓർത്തു. പോരാത്തതിന് അവനെ എങ്ങിനെയെങ്കിലും വേഗം പുറത്താക്കണമെന്നുമുണ്ടായിരുന്നു. അവൾ പറഞ്ഞു.
‘ഞാനീ അദ്ധ്യായം ഒന്നു വായിച്ചു തീർത്തോട്ടെ?’
തുടർക്കഥയിൽ നിന്നെല്ലാം വളരെ വ്യത്യാസപ്പെട്ടിട്ടാണ് കാര്യങ്ങൾ നീങ്ങുന്നതെന്നവൾക്കറിയാമായിരുന്നു.
ഒരു പക്ഷേ, രക്ഷപ്പെടാനുള്ള മാർഗ്ഗം തനിക്കുമുമ്പിൽ വന്നുകൂടെന്നില്ല.
‘ഏതു തുടർക്കഥയാണ് നിങ്ങൾ വായിക്കുന്നത്?’
‘മണൽക്കാട്ടിലെ കരിയിലകൾ.’
‘ഔ.’ അവൻ ചാടിയെഴുന്നേറ്റിരുന്നു. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തുടർക്കഥയാണത്. ഇന്ന് രാവിലെ ആഴ്ചപ്പതിപ്പ് കിട്ടിയപ്പോൾ അവസാനത്തെ അദ്ധ്യായംകൂടി വായിച്ചിട്ടാണ് ഞാൻ വരുന്നത്.’
‘നിനക്ക് ഇത്ര വേഗം ആഴ്ചപ്പതിപ്പു കിട്ടിയോ?’ മാലതി ചോദിച്ചു.
‘ഞാൻ കടയിൽനിന്നു വാങ്ങിച്ചു.’ അവൻ പറഞ്ഞു. ‘ആരാണ് കൊലപാതകം നടത്തിയതെന്നറിയാമോ...?’
പെട്ടെന്ന് മാലതി ചാടിയെഴുന്നേറ്റ് അവന്റെ വായ് പൊത്തിപ്പിടിച്ചു.
‘പറയല്ലേ, പിന്നെ എനിക്ക് വായിക്കാൻ പറ്റാതാകും.’
അവളുടെ കണ്ണുകളിൽ അപേക്ഷയുണ്ടായിരുന്നു.
അവളുടെ നഗ്നശരീരം അവന്റെ ദേഹത്ത് ഒട്ടിച്ചേർന്നുനിന്നു. അവൻ അവളെ കെട്ടിപ്പിടിച്ചു. അവൾ യാതൊരതിർപ്പും കൂടാതെ അവന്റെ കൈകളിൽ കിടന്നു. അവളുടെ ഭാവി ആ കൈകളിലായിരുന്നു. ഒരൊറ്റ പേര് അവൻ പുറത്തുവിട്ടാൽ മതി. അവൾ ആറുമാസമായി അമർത്തിവെച്ച സസ്പെൻസ് മുഴുവൻ നശിപ്പിക്കാൻ.
താഴത്തെ നിലയിൽ ചലനങ്ങളുണ്ടാവുന്നത് അവൻ അറിഞ്ഞു.
|