close
Sayahna Sayahna
Search

അദ്ധ്യായം പത്തൊൻപതു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ

“വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി– ത്യുക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം.”

ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ – യുവരാജഹരിപഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാരാജാവിന്റെ മനസ്സിൽ അഭിമാനമുണ്ടാക്കുവാനായി ആ രാജകുമാരൻ ചെയ്ത ഏർപ്പാടിനേക്കാൾ ആപൽക്കരമായ ഒരു ആനുകൂല്യം മറ്റൊന്നില്ലായിരുന്നു. ഈ കഥയിലെ അനന്തരസംഭവങ്ങളോടു് അതിഗൗരവമായുള്ള നൈമിത്തികബന്ധം ഹരികഥാനുഷ്ഠാനത്തിനു് ഉണ്ടായി. കേശവൻകുഞ്ഞിന്റെ അപഹരണമാകുന്ന അപരാധം തന്നിൽ ആരോപിക്കപ്പെട്ടതിനെപ്പറ്റി പരുഷനിവേദനം ചെയ്‌വാൻ രാജസന്നിധിയിൽ പ്രവേശിച്ച യോഗീശ്വരനു് കരുണാഭിമാനപൂർവ്വം മഹാരാജാവു് തൃക്കരദാനംകൊണ്ടു് സാന്ത്വനമരുളാൻ ഒരുങ്ങിയപ്പോൾ, ബുദ്ധസമ്പൂർണ്ണനെന്നുതന്നെ വിവക്ഷിക്കപ്പെടേണ്ടതായ ഹരിപഞ്ചാനനപാദങ്ങൾ, പ്രപഞ്ചസൂത്രധാരന്റെ നിയന്ത്രണംകൊണ്ടെന്നപോലെ, ഒന്നു് അതിയായി വഴുതി. രാജഹസ്തങ്ങളെ പ്രതിഗ്രഹണം ചെയ്‌‌വാൻ യോഗീശ്വരനുണ്ടായ ഇലിമാത്രനേരത്തെ വൈമനസ്യം ആ യോഗിയെക്കുറിച്ചുള്ള കേശവ പിള്ളയുടെ സംശയങ്ങൾ അടിസ്ഥാനശൂന്യങ്ങളല്ലെന്നു്, പരിസ്ഫുടസാക്ഷ്യങ്ങളായി മഹാരാജാവിനെ ദർശിപ്പിച്ചു. ധർമ്മവിലോപം വരാതെയും രാജ്യത്തിൽ മഹത്തായ പ്രക്ഷോഭങ്ങളൊന്നും ഉത്ഭവിക്കാതെയും യോഗീശ്വരന്റെ വിഷമശാസ്ത്രങ്ങളെ നയപ്രത്യസ്ത്രംകൊണ്ടു് ഭിന്നമാക്കുവാൻ അവിടന്നു് ബദ്ധപരികരനായി. ഈ നിശ്ചയത്തോടുകൂടി യോഗീശ്വരനെ തന്റെ പാർശ്വത്തിൽ ഇരുത്തി. സംസ്ഥാനത്തിന്റെ ഭരണം നയഗതി എന്നിത്യാദി ലൗകികകാര്യങ്ങളെ സംബന്ധിച്ചും, സർവ്വജ്ഞപദയോഗ്യനായ ഹരിപഞ്ചാനനന്റെ മതങ്ങളെ ആരാഞ്ഞു. എന്നാൽ, മഹാരാജാവിന്റെ നേത്രങ്ങൾക്കു്, വനമാർജ്ജാരന്റെ വീക്ഷണസൂക്ഷ്മതയുണ്ടായിരുന്നു എങ്കിൽ, ഹരിപഞ്ചാനനന്റെ നേത്രങ്ങൾ മഹേന്ദ്രഗിരിയുടെ ശിരസ്സിൽ നിന്നുകൊണ്ടു് നൂറു യോജന ദൂരത്തുള്ള ലങ്കാപുരത്തെ സുവ്യക്തമായി ദർശനംചെയ്ത സമ്പാതി എന്ന ഗൃദ്ധ്രവരന്റേതുകൾതന്നെ ആയിരുന്നു. മഹാരാജാവിന്റെ സൗജന്യൗദാര്യങ്ങൾ കണ്ടു്, അവിടത്തെ ചുറ്റി താൻ വീശുന്ന വലകളെ മേലിൽ ഒട്ടും താമസംകൂടാതെ മുറുക്കി, താൻ ഉദ്ദേശിക്കുന്ന യജ്ഞസമിതിയുടെ നിവർത്തനം സാധിപ്പാൻ യോഗീശ്വരൻ ഉറച്ചു. അടുത്ത ദിവസംതന്നെ പതിനേഴാം അദ്ധ്യായത്തിൽ വർണ്ണിച്ചിട്ടുള്ളതിന്മണ്ണം നന്തിയത്തുണ്ണിത്താന്റെ സഖ്യത്തെ സമ്പാദിപ്പാൻ ശ്രമിച്ചു. ആ മാർഗ്ഗം ദുർഗ്ഗമെന്നു് കാണുകയാൽ പ്രയുക്തികളിൽ സമ്പന്നനും, നന്തിയത്തേയും കഴക്കൂട്ടത്തേയും സ്ഥലപുരാണങ്ങളെ ഗ്രഹിച്ചിട്ടുള്ളവനും ആയിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ ബുദ്ധിയ്ക്കു് ദൃശ്യമായ ദുർഗ്ഗത്തെ മന്ത്രക്കൂടത്തു് താമസിക്കുന്ന വൃദ്ധയായ ലങ്കാലക്ഷ്മിയുടെ സമ്പ്രീണനംകൊണ്ടു് ഭഞ്ജിക്കാമെന്നു നിശ്ചയിച്ചു്, ധൂർത്തന്മാരായ സ്വേച്ഛാവർത്തികളുടെ സംഗതിയിൽ ധർമ്മാദിശാസ്ത്രങ്ങളും പരേംഗിതഗതികളും ആ സമ്രാട്ടുകളുടെ നിശ്ചയങ്ങളെ അവലംബിക്കണമെന്നുള്ളതിനാൽ, സന്മുഹൂർത്തത്തിനുള്ള ശകുനാദിപ്രതീക്ഷയാൽ നിർവ്വഹണത്തെ താമസിപ്പിക്കുക സഹജമല്ലല്ലോ. വൃദ്ധ എന്നുള്ള കൃത്യ സ്വാജ്ഞാനുകൂലിയായിരിപ്പാൻ നിർബന്ധിതയായി ജീവധാരണംചെയ്യുന്നു എന്നു് ഹരിപഞ്ചാനനനു് സ്മരണയുണ്ടായ രാത്രിയിൽത്തന്നെ ആ വൃദ്ധയുടെ പ്രതിപുരുഷനായ കുപ്പശ്ശാരെ വരുത്തുന്നതിനു് തന്റെ വിശ്വസ്തഭൃത്യനായ ചെറുകരടിത്താനെ കഴക്കൂട്ടത്തേക്കു് യാത്രയാക്കുക കഴിച്ചു.

അടുത്ത ദിവസത്തേയ്ക്കു് മന്ത്രക്കൂടഭവനരക്ഷണം ആ ഭൃത്യനിൽ സ്ഥാപിച്ചുകൊണ്ടു്, സത്സേവകനായ കുപ്പശ്ശാർ ഹരിപഞ്ചാനനവാടത്തെ പ്രാപിച്ചു. അന്നത്തെ സന്ദർശനത്തിൽ കുപ്പശ്ശാർക്കു് യോഗീശ്വരൻ നൽകിയ അരുളപ്പാടുകൾ കൗരവേന്ദ്രനായ സുയോധനമഹാരാജാവിന്റെ പ്രഭാവത്തോടുകൂടിയായിരുന്നു. സന്ദർഭയോജ്യതയെ ബീഭത്സമാക്കാതെ കുപ്പശ്ശാർ, ദ്രോണകൃപാദികളായ ആചാര്യന്മാരുടെ ബുദ്ധിവിജ്ഞാനസമഗ്രതയോടുകൂടിയവൻ എന്നപോലെ ആ ഗൗരവമായ സംവാദത്തിൽ നീതിഭേദങ്ങളെ പ്രഖ്യാപനംചെയ്തു്, രാജ്യതന്ത്രവിദഗ്ദ്ധന്റെ ഉൽക്കടപ്രാഗത്ഭ്യത്തോടുകൂടി ഹരിപഞ്ചാനനന്റെ ഉദ്യമത്തെ പ്രതിഷേധിച്ചു. സകല പ്രതിഭാവിഭവനും സമസ്തകാര്യവിജയിയുമായ ഹരിപഞ്ചാനനൻ ആ മൃഗമനുഷ്യവൃദ്ധനോടു് സാമവാദവും അപേക്ഷയും യാചനയും പ്രാർത്ഥനയും ചെയ്യേണ്ടി വന്നു. എന്നിട്ടും ഹരിപഞ്ചാനനന്റെ ദുരാരംഭത്തെ പൂർവകഥാദൃഷ്ടാന്തവാദങ്ങൾകൊണ്ടു് ആ വൃദ്ധൻ ദൃഢസിദ്ധാന്തമായി നിരോധിച്ചു. മൃതിപ്രാപ്തന്മാരായ ചില മഹാനുഭാവന്മാരുടെ നാമങ്ങളെ വചിച്ചു് ആണയിടുകയും ഗുരുജനങ്ങളുടെ പ്രതിനിധിസ്ഥാനത്തിൽ ഹരിപഞ്ചാനനനു് അദ്ദേഹത്തിന്റെ ദ്രോഹശ്രമങ്ങളിൽനിന്നു് വിരമിപ്പാൻ ഒരു കൽപന നൽകുകയും ചെയ്തു. ഹരിപഞ്ചാനനകേസരിയുടെ സടാപങ്‌‌ക്തി ഉജ്ജൃംഭിച്ചു; നേത്രങ്ങൾ രക്തദ്യുതി കലർന്നുരുണ്ടു; ഭാവവും നിലയും പകർന്നു് വക്ഷസ്സു് വിസ്തൃതമായി; കരാംഘ്രികൾ ഞെരിഞ്ഞു. അദ്ദേഹത്തിനു് ജന്മനാ എന്നു മാത്രമല്ല കർമ്മണാകൂടി സിദ്ധമായുള്ള സേനാനിപദത്തെ അവലംബിച്ചു്, കേവലം ഭൃത്യനായ കുപ്പശ്ശാരെ തന്റെ നിയന്ത്രണയോഗത്തിൽനിന്നു് ബഹിഷ്കരിച്ചു്, “പുരത്തിൽ മരുവും മഹാജനങ്ങളും പുകൾപെരുത്തെഴും നാഗരികജനങ്ങളും നാട്ടിൻപുറത്തു വസിക്കുമോരോ ജനങ്ങളും ഇന്നു കേൾക്കണമെന്റെയാജ്ഞ” എന്നപോലെ സമഷ്ടിയായി ഒരു വിളംബരത്തെ ആ അവഭ്രഷ്ടന്റെയും മറ്റും അറിവിനായി പ്രസിദ്ധമാക്കി. ഏതൊരു നാമത്തെ ആസ്പദമാക്കി കുപ്പശ്ശാർ ശാസനംചെയ്തുവോ, അലംഘ്യാജ്ഞനായ ആ മഹാഗുരുവിന്റെ നാമത്തിലും സ്ഥാനത്തിലും താൻ കൽപിക്കുന്നതിനെ കേൾക്കാഞ്ഞാൽ ‘കൊല്ലും സന്ദേഹമില്ല’ എന്നു് ഹരിപഞ്ചാനനസിദ്ധനായ ആജ്ഞാകരൻ അരുളിച്ചെയ്കയും ചെയ്തു. തന്റെ യജമാനത്തിയെ സേവിച്ചു്, ഒടുവിലത്തെ ജലം അവരിൽനിന്നു് വാങ്ങി കണ്ഠസേചനം ചെയ്തു്, ജന്മബന്ധം മോചിക്ക – എന്നിങ്ങനെ മൂന്നു വരിയിൽ തന്റെ ജീവചരിത്രം ഒതുക്കുവാൻ കുപ്പശ്ശാർ നിശ്ചയിച്ചിരുന്നു. ഇതിനു വിപരീതമായി മല്ലും മത്സരവും കൊണ്ടു് നാടും കുടിയും വിട്ട് – എല്ലും പല്ലും ഞെരിഞ്ഞു്, രണ്ടു പന്തീരാണ്ടുകാലത്തിലധികം ദ്വൈതാടവീവാസവും അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇനിയെങ്കിലും ജീവിതാസ്തമനകാലത്തെ സമാധാനസമന്വിതം ജന്മഭൂമിയിൽവച്ചു് കഴിക്കാമെന്നു് കാംക്ഷിക്കുന്ന ആ വൃദ്ധൻ യോഗീശ്വരനാകുന്ന ബന്ധുവിന്റെ കഠോരാജ്ഞ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു. സഹസ്രനേത്രനും സാധിക്കാത്ത ധാരകളെ അയാളുടെ ഏകനേത്രം വർഷിച്ചു; മർമ്മങ്ങളിൽ ശസ്ത്രജ്ഞഭിഷക്കിന്റെ ആയുധപ്രയോഗം കൊണ്ടുണ്ടായ വേദനയാലെന്നപോലെ ആപാദമസ്തകം വിറച്ചു; താൻ ജനിച്ച മുഹൂർത്തത്തേയും വാസരവത്സരങ്ങളേയും വ്യസനാധിക്യത്താൽ ശപിച്ചു; കോപാതിക്രമം കൊണ്ടുള്ള പ്രജ്ഞാവിഹീനതയാൽ, കഴുകന്മാർ ശവശരീരങ്ങളെത്തന്നെ കാംക്ഷിക്കുമെന്നും, അങ്ങനെയുള്ള ദൗഷ്ട്യത്തിനു് വിധിയല്ലാതെ വേറെ ചികിത്സകനില്ലെന്നും, അയാളുടെ ജീവിതകാലസേവനത്തിനും വാർദ്ധക്യത്തിനും ഭക്തിദൃഢതയ്ക്കും ചേരുംവണ്ണം അധിക്ഷേപഗർഹണം ചെയ്തു. ഹരിപഞ്ചാനനന്റെ നേത്രങ്ങളിൽനിന്നു് തടിച്ഛൂലങ്ങൾതന്നെ വർഷിച്ചു. ദുസ്സഹമായുള്ള കോപത്തിനു് അധീനനായി, ബഹുഭാഷകളുടെ സമ്മിശ്രണത്തോടുകൂടി ഇങ്ങനെ അർത്ഥമാകുമാറു് അദ്ദേഹവും കൽപാന്താട്ടഹാസം ചെയ്തു: “ശഠാ, രാജ്യത്തേയും ഗൃഹത്തേയും ജനത്തേയും ലോകത്തിൽ സകലതിനേയും വെടിഞ്ഞു്, ദേശാന്തരങ്ങൾതോറും ഭിക്ഷുവൃത്തിയെ അനുഷ്ഠിച്ചു്, നരസിംഹസത്വനെങ്കിലും നായ്ക്കും കുറുനരിയ്ക്കും ദാസ്യത്തെ അനുവർത്തിച്ചു്, താരുണ്യവും യൗവനവും പുരുഷത്വവും ഒന്നുപോലെ വ്യർത്ഥമാക്കി, ഗുരുവിന്റെ ആജ്ഞാനിർവഹണത്തെ നാം ദീക്ഷിക്കുന്നു. മരണപ്രാന്തത്തിൽ എത്തിയിരിക്കുന്ന ഭൃത്യമൂർഖൻ നീ വൃദ്ധശാഠ്യംകൊണ്ടു്, അതിവന്ദ്യനായുള്ള ഗുരുവിനാൽ അനുഗൃഹീതനായ ഈ ശിഷ്യനിൽ പ്രതിജ്ഞാപൂർവം സംക്ഷിപ്തമായുള്ള നിയോഗത്തെ പ്രതിബന്ധിക്കുന്നു. നമ്മാൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണ, നമുക്കു് ഈ ആത്മാവിനെ നൽകിയിരിക്കുന്ന പരബ്രഹ്മത്താണ, ശരീരത്തെ നൽകിയിരിക്കുന്ന അച്ഛനാണ, നിന്നെയും നിന്റെ യജമാനനത്തിയേയും, നിങ്ങളുടെ സകല ഭാവിശ്രേയസ്സിനും നിദാനമായി സങ്കൽപിച്ചിരിക്കുന്ന ആ സ്വർണ്ണപ്പാവയേയും, ഉഗ്രക്ഷേത്രത്തിൽനിന്നു് ഇതാ ഇക്ഷണംമുതൽ ബഹിഷ്കരിച്ചിരിക്കുന്നു. നിങ്ങളെ പോറ്റുന്ന നിധി നമ്മോടു ചേരട്ടെ – നിങ്ങൾ ഇദ്ദിനംമുതൽ നിരാധാരസത്വങ്ങളായി, ഭിക്ഷാംദേഹികളായി, തെണ്ടിത്തിരിയുവിൻ! ഗൃഹപ്പടികളിൽ വീണു കരഞ്ഞു് പിടിയരി വാങ്ങി ഭക്ഷണവസ്ത്രധാരണങ്ങളെ നിർവഹിപ്പിൻ! ശക്തികൾ ക്ഷയിക്കുമ്പോൾ, നിങ്ങളുടെ ജാതിഹീനതയ്ക്കു് ചേർന്നതായ നരകസാമ്രാജ്യക്കഞ്ഞിപ്പുരകളിലെ ഉറനീർ വാങ്ങി അന്ത്യകാലകഫപ്രസരണത്തെ അമർത്തുവിൻ! മരിക്കുമ്പോൾ അനാഥപ്രേതങ്ങളായി –”

കുപ്പശ്ശാരുടെ ചുരുങ്ങിയ അക്ഷരമാലയും നിഘണ്ടുവും ഈ പ്രകോപദർശനത്തിൽ നഖാന്തമാർഗ്ഗമായി പ്രസ്രവണംചെയ്തു. തന്റെ ഭൃത്യകൃത്യത്തെ യഥാധർമ്മം താൻ നിർവഹിച്ചു എന്നു് സമാശ്വസിച്ചു്, ധാരയായി വർഷിച്ചുകൊണ്ടിരുന്ന കണ്ണുനീരിനെ അയാൾ തുടച്ചു. സകലവും കർമ്മാധീനമെന്നു് വിധിച്ചും, ഈ സ്ഥിതികളിൽ ഉത്തരക്ഷണത്തിൽ മൃതിതന്നെ മോക്ഷമെന്നു് സങ്കൽപിച്ചും, കൽപന എന്തായാലും അതിനെ നിർവഹിക്കാമെന്നു് സത്യം ചെയ്തും തൊഴുതുകൊണ്ടു് കുപ്പശ്ശാർ കാഷ്ഠശേഷമായി അവിടന്നു നിഷ്ക്രമിച്ചു. എന്നാൽ ഹരിപഞ്ചാനനമതവും നന്തിയത്തുണ്ണിത്താന്റെ ഇംഗിതവും ത്രിപുരസുന്ദരി വലിയമ്മയുടെ യത്മപ്രാർത്ഥനകൾകൊണ്ടും ഏകീകരണത്തെ പ്രാപിച്ചില്ലെന്നു് ഇവിടെ ചുരുക്കത്തിൽ പ്രസ്താവിച്ചുകഴിച്ചേക്കാം. അദ്ദേഹം മകന്റെ അച്ഛൻതന്നെ ആയിരുന്നു. ഹരിപഞ്ചാനനന്റെ ഉദ്യമവിഷയത്തിൽ അദ്ദേഹവും ഗിരിസഹജമായുള്ള അഭേദ്യത്വത്തെ പ്രദർശിപ്പിച്ചു.

ഈ രംഗം ഒരു മഹാങ്കത്തിന്റെ പൂർവരംഗമായിരുന്നതേയുള്ളു. ഇക്കഴിഞ്ഞ രംഗത്തിൽ യോഗീശ്വരന്റെ ചുവടു് രണ്ടാമതും ഒന്നു പിഴച്ചു. കുപ്പശ്ശാർ അദ്ദേഹത്തിന്റെ സന്നിധിയിൽനിന്നു് മറഞ്ഞു ക്ഷണത്തിൽ, കേശവൻകുഞ്ഞിന്റെ അപഹൃതിമുതൽ മീനാക്ഷി പരിഗ്രഹണത്തിനു് വീണ്ടും കാപ്പുകെട്ടി നിർബ്ബന്ധംകൊണ്ടു് യോഗീശ്വരനെ ഇടുക്കിപ്പിഴിച്ചിൽ ചെയ്തുവരുന്ന ഉമ്മിണിപ്പിള്ള സർവ്വജ്ഞപ്പുഞ്ചിരികളും ക്ഷേത്രങ്ങളിലെ പ്രസാദഭാരങ്ങളും വഹിച്ചു്, അടുത്തമുറിയിൽനിന്നു് ആകാരശൂന്യനായ രാഹുവെപ്പോലെ ഉദയംചെയ്തു. യോഗീശ്വരന്റെ മുമ്പിൽ പ്രവേശിച്ച ഉടനെ അദ്ദേഹത്തിന്റെ മുഖത്തു് കാണപ്പെട്ട ക്രൂരമായ ഭ്രൂഭംഗത്തെക്കണ്ടു് അതിനെ ആദരിച്ചെന്നപോലെ രണ്ടു ചുവടു് പുറകോട്ടു ചാടി, പാദങ്ങൾ ഒപ്പിച്ചുനിന്നിട്ടു്, ഉരഗാകൃതിയിലുള്ള സമ്പാതത്തെ അനുഷ്ഠിച്ചു. ഇങ്ങനെയുള്ള നമസ്കാരാനന്തരം യോഗീശ്വരന്റെ പരമാർത്ഥങ്ങളുടെ ഏകദേശത്തെ താൻ അതുവരെ ഗ്രഹിച്ചതു് നീക്കി ശേഷത്തെയും അപ്പോൾ കേട്ട കോപശാസനങ്ങളിൽനിന്നു് അവധാരണംചെയ്തിരിക്കുന്നു എന്നും, എങ്കിലും ശിഷ്യനും ആശ്രിതനുമായ തന്നിൽനിന്നു് യാതൊരാപത്തിനേയും ഭയപ്പെടേണ്ടെന്നും, അതുവരെ അനുകരിപ്പാൻ ധൈര്യപ്പെടാത്ത ഒരു മിത്രനാട്യത്തോടുകൂടി ഓരോ കരത്തേയും ഗഡുമാറി തലോടിക്കൊണ്ടുനിന്നു. തനിക്കു് ഹൈദരാലിയുടെ ആനുകൂല്യമുണ്ടെന്നു് ആ ജളജളൂകൻ ഗ്രഹിച്ചിട്ടുള്ളതായി യോഗീശ്വരൻ അറിയുകയും, അങ്ങനെ അയാൾ അറിഞ്ഞിട്ടുള്ളതിനെ അറിഞ്ഞതായി നടിച്ചു് അദ്ദേഹം ഓരോന്നു് പ്രവർത്തിയ്ക്കയും ചെയ്തിട്ടുണ്ടു്. എന്നാൽ, കുപ്പശ്ശാരോടുണ്ടായ അന്നത്തെ സംഭാഷണത്തിൽ അടങ്ങിയ പരമാർത്ഥങ്ങൾ സൂക്ഷ്മമായി അയാൾ ധരിച്ചു എങ്കിൽ, വിജയസമീപസ്ഥമായ തന്റെ ശ്രമങ്ങൾ ഭഞ്ജിക്കപ്പെടുമെന്നു് അദ്ദേഹം ഭയപ്പെട്ടു. ചന്ത്രക്കാറനോടു് മത്സരവും വിരോധവും അന്തരാത്മനാ തുടങ്ങി, അദ്ദേഹത്തെയും തന്നെയും അയാൾ ദൂഷണംചെയ്തു് നടക്കുന്നതായും യോഗീശ്വരൻ അറിഞ്ഞിരുന്നു. താപസവൃത്തിക്കു് ഒട്ടും അനുരൂപമല്ലാത്ത വിവാഹദൗത്യത്തെ ഉമ്മിണിപ്പിള്ള തന്റെമേൽ ഞെരുക്കിക്കേറ്റുന്നതു്, തന്റെ വാസ്തവസ്ഥിതിയെ ഗ്രഹിച്ചിട്ടുള്ളതിനാൽ അയാൾക്കു് തന്റെമേൽ ദൃഢമായ ഒരു പിടി കിട്ടിയിട്ടുണ്ടെന്നുള്ള ധൈര്യത്തിന്റെ ലക്ഷ്യമല്ലയോ എന്നും അദ്ദേഹം ശങ്കിച്ചു. അതു കൊണ്ടു് തന്റേയും കുപ്പശ്ശാരുടേയും അന്നത്തെ പരുഷഭാഷണത്തിൽ നിന്നു് ഉമ്മിണിപ്പിള്ള, എന്തെല്ലാം, എത്രത്തോളം, ധരിച്ചിട്ടുണ്ടെന്നു് കൗശലത്തിൽ അറിവിനായി, ‘ഹും’ ശബ്ദത്തോടുകൂടിയുള്ള ശിരശ്ചലനത്താൽ ഉമ്മിണിപ്പിള്ളയുടെ വരവിന്റെ ഉദ്ദേശ്യമെന്തെന്നു് യോഗീശ്വരൻ ചോദ്യംചെയ്തു. ഉമ്മിണിപ്പിള്ള തൊഴുതുപിടിച്ചുള്ള കൈകളെ വക്രമായ നാസികയോടു് ചേർത്തു് മുമ്പോട്ടു ചലിപ്പിച്ചുകൊണ്ടു് “ഇപ്പോൾ മനസ്സിലായി സ്വാമി. ഇന്നാൾ രാത്രി വലിയ മൂടുമേനാവിൽ എഴുന്നള്ളിയതാരെന്നു്” എന്നു് അയാൾക്കു് തോന്നിയ പരമാർത്ഥത്തെ തുറന്നുപറഞ്ഞു. ഉമ്മിണിപ്പിള്ളയെ ഉടൻതന്നെ ഹനിച്ചു്, അയാളെ തന്റെ ആത്മാവോടു് ചേർക്കുന്നതിനുള്ള ‘ബ്രഹ്മോഹത്വം’ അദ്ദേഹത്തിന്റെ മനസ്സിൽ അങ്കുരിച്ചു എങ്കിലും വേദാന്തഗോപ്യങ്ങൾ ധരിച്ചിട്ടില്ലാത്ത ആജ്ഞലോകം അതിനേയും വധമെന്നുതന്നെ ഹസിക്കുമെന്നു് ഭയപ്പെട്ടു് സായൂജ്യപ്രദാനത്തിനു് പുറപ്പെടാതെ ഒരു ചോദ്യംകൂടി ചെയ്തു: “അപ്പടിയാ? നല്ലതു്! എഴുനെള്ളിനതു യാർ?”

ഉമ്മിണിപ്പിള്ള
(താൻ സമർത്ഥനെന്ന ഭാവത്തിൽ) “ചോദിപ്പാനുണ്ടോ? പൊന്നുസ്വാമി തിരുവടികടെ ഗുരുസ്വാമി സന്നിധീന്നുതന്നെ. നാരായണ! ഇതെല്ലാം മച്ചമ്പി അറിയുമ്പോൾ എന്തു് ഭാഗ്യം! പരമാനന്ദം! മീനാക്ഷിക്കുഞ്ഞമ്മയെ കിട്ടാൻ എനിക്കു് ഭാഗ്യമില്ല. അതു ഞാൻ കൈവിട്ടു. സ്വാമി രക്ഷിച്ചു് എന്നെ ചെമ്പകശ്ശേരിയിൽ ചേർത്തുതന്നാൽ മതി. മറ്റതൊക്കെ നാലുനാഴികയിലെ കിനാവു്. കൊച്ചുമ്മിണിയും കൊച്ചമ്മിണിയും തമ്മിൽ പേർപ്പൊരുത്തമെങ്കിലുമൊണ്ടു്.”

പരമാർത്ഥം മുഴുവനേയും സൂക്ഷ്മമായി പക്ഷേ, ധരിച്ചില്ലെങ്കിലും താൻ കുപ്പശ്ശാരോടു് ഗർജ്ജിച്ചതിൽനിന്നു് ഗുരുവെന്നു് നിർദ്ദേശിക്കപ്പെട്ട ഒരു മഹാനുഭാവൻകൂടി തിരുവിതാംകോട്ടു് പ്രവേശിച്ചിട്ടുണ്ടെന്നും, താനും മന്ത്രക്കൂടത്തുനിവാസികളും പൂർവ്വപരിചിതരാണെന്നും ആ കശ്മലൻ ധരിച്ചിരിക്കുന്നതായി യോഗീശ്വരൻ ഊഹിച്ചക്ഷണത്തിൽ, എന്നേ ദുരിതമേ! പരമകഷ്ടമേ! ഉമ്മിണിപ്പിള്ളയുടെ കണ്ഠത്തിൽ കാലപാശം വീശിക്കഴിഞ്ഞു. അനന്തശയനപുരം മുഴുവനും നടുങ്ങുംവണ്ണം യോഗീശ്വരൻ ഒന്നു പൊട്ടിച്ചിരിച്ചു. ഹിരണ്യകശിപുവിന്റെ രക്താധാരയിൽ മഗ്നനായ നരസിംഹമൂർത്തി പ്രഹർഷനൃത്തം ചെയ്തതുപോലെ യോഗീശ്വരൻ ആ മുറിക്കകത്തു് ഏകപദനൃത്തത്തിൽ അർദ്ധപ്രദക്ഷിണം ചെയ്തു. അദ്ദേഹത്തിന്റെ ദന്തങ്ങൾ മുപ്പത്തിരണ്ടിന്റേയും ധാവള്യം ഉമ്മിണിപ്പിള്ളയ്ക്കു് അയാളുടെ അഭീഷ്ടസിദ്ധിയുണ്ടായെന്നു് ഒരു സന്തുഷ്ടിയുണ്ടാക്കി. യോഗീശ്വരന്റെ ചിരിയും നൃത്തവും പ്രദക്ഷിണവും അവസാനിച്ചപ്പോൾ ഉമ്മിണിപ്പിള്ള അദ്ദേഹത്തിന്റെ മാറോടു് ചേർത്ത് – പാവനകരങ്ങളാലോ, പാപനഖരങ്ങളാലോ ബന്ധിക്കപ്പെട്ടു. പിന്നീടുണ്ടായ ചാഞ്ചാട്ടം യോഗീശ്വരന്റെ ഭാഷയിൽ ‘രംഗാ രംഗാ!’ തന്നെ ആയിരുന്നു. ഉമ്മിണിപ്പിള്ള സമ്പ്രതീസാധ്വസങ്ങൾകൊണ്ടു് യോഗീശ്വരന്റെ വിപുലവക്ഷഃസ്ഥലത്തിൽ ബാഷ്പപ്പനിനീർ പ്രക്ഷേപിച്ചു. യോഗീശ്വരൻ “ഉനക്കുത്താനപ്പാ, അന്ത കൊച്ചമ്മിണി ഉനക്കുത്താൻ – നമതു യജ്ഞം മുടിയട്ടും. അപ്പാൽ വരുകിറ പ്രഥമമുഹൂർത്തത്തിലെ, ഒന്നുടയ മരതകഗാത്രത്തെ അന്തക്കനകസമ്പുടത്തിലെ നാമേ സംഘടിപ്പിപ്പോം. ബഹതു് ബഹദൂർ! ശാന്തമായിര്, ജഗദംബികയെ നല്ലായ് ഭജിത്തുക്കോ – സത്യം!” എന്നു് ഉമ്മിണിപ്പിള്ളയുടെ കർണ്ണത്തിൽ ഗൂഢമായി മന്ത്രിച്ചു. രാമവർമ്മമഹാരാജാവിന്റെ പുണ്യമഹിമയാൽ അതു് വൃദ്ധസിദ്ധന്റെ കർണ്ണങ്ങളിൽ പതിച്ചു. യോഗീശ്വരനോടു് ആ സിദ്ധനുണ്ടായിരുന്നതും കേശവ പിള്ളയെക്കുറിച്ചു് ദുഷ്പ്രവാദസൃഷ്ടികൊണ്ടു് ശിഥിലമാക്കപ്പെട്ടതും ആയ ബന്ധം യോഗീശ്വരൻ അറിയാതെ പരിപൂർണ്ണമായി ഖണ്ഡിക്കപ്പെട്ടു.

മിഥുനത്തിലേക്കു് രവിസംക്രമം കഴിഞ്ഞു്, കാലവർഷത്തിന്റെ ശക്തിയും ക്ഷയിച്ചിരിക്കുന്ന ഈ കാലത്തിൽ അസ്തസന്ധ്യാസമയം വത്സരത്തിന്റെ വൃദ്ധതയ്ക്കു് ചേരുന്നതരത്തിൽ ആദരണീയമായിരിക്കുന്നു. രാജ്യഭരണനാഡികളുടെ കേന്ദ്രമായ വലിയകൊട്ടാരത്തിലെ ‘പകടശ്ശാല’ എന്ന മന്ത്രിമണ്ഡപരംഗം, കാലസ്ഥിതികൾക്കും നിശാദ്വാരമായ ആ സമയത്തിനും ശക്യമായുള്ളവിധത്തിൽ മനോരമ്യമാക്കപ്പെടുന്നു. അവിടത്തെ വെളുത്ത ഭിത്തികളിന്മേൽ ആ സ്ഥലത്തെ പരിചാരകസാമാന്യത്തിന്റെ സദാചാരപ്രമാണങ്ങളും, അവരുടെ രുചിയ്ക്കു് ചേരുന്നതായുള്ള ഗൃഹവാർത്താദികളും, ദുർവാസനാ പ്രചുരമായുള്ള കവനങ്ങളും, വികടങ്ങളായ അക്ഷരബന്ധങ്ങളും ചതുരഗജചക്രവടിവുകളിൽ എഴുതപ്പെട്ടിരിക്കുന്നവ, ആ സങ്കേതത്തിനു് ഇപ്പോഴുള്ളതുപോലെ വത്സരത്തിലൊരിക്കൽ നവരാത്രി കാലത്തു് മാത്രം സിദ്ധമാകുന്ന സരസ്വതീസാന്നിദ്ധ്യവും ലഭിച്ചുതുടങ്ങിയിരുന്നില്ലെന്നു് പ്രത്യക്ഷീകരിക്കുന്നു. ആ മണ്ഡപത്തിന്റെ ചുവരുകൾ ഒരു ചിത്രശാലയുടെയും വർത്തമാനപ്പത്രത്തിന്റെയും സ്ഥാനവും ആശ്ചര്യകരമാംവണ്ണം വഹിക്കുന്നു. ‘കരിക്കട്ട’ കൊണ്ടുള്ള ലേഖനങ്ങളിൽ വിദഗ്ദ്ധന്മാരായവരുടെ കൂട്ടത്തിൽ ചിത്രകർമ്മകുശലന്മാരാൽ രചിക്കപ്പെട്ട ഗജേന്ദ്രമോക്ഷാദി രംഗത്തോടുകൂടി, ഗ്രാമ്യതയ്ക്കു് പ്രാപിക്കാവുന്ന പരമാവധിയുടെ ദൃഷ്ടാന്തങ്ങളായി അനവധി ‘കരകൃതമപരാധ’ങ്ങളും ആ സ്ഥലത്തെ ‘അ’കാരമാദ്യമായുള്ള പകടശ്ശാല എന്നു് ശങ്കിക്കുമാറാകുന്നു. ആ മണ്ഡപം മശകമക്കുണ പിപീലികാദികോടികളുടെ വസതികൊണ്ടു് ചെറിയതോതിലുള്ള ഒരു ബ്രഹ്മാണ്ഡവുമായി ലസിക്കുന്നു. അവിടവിടെ വിരിയ്ക്കപ്പെട്ടതും, വക്കിലെ കെട്ടുകൾ പൊട്ടിച്ചു് താംബൂലാദിസാധനങ്ങൾ ഉള്ളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നവയുമായ മെത്തപ്പായ്, തടുക്കു് എന്നിവകളും ഉയർന്നു് പടിക്കാരുടെ വിയർപ്പുകൊണ്ടു് മെഴുകി കരുംതാളിയുടെ നിറം വഹിക്കുന്ന ചാരുപലകകളും, ഓരോ രായസക്കാരുടേയും മുമ്പിൽ വിടുർത്തിയിട്ടുള്ള ഓലച്ചുരുണകളും, അവരിൽ കൃത്യനിഷ്ഠന്മാരായുള്ളവരുടെ നാരായമുനകൾ പുതിയ ഓലകളുടെ മുകളിൽ ദ്രുതതരണംചെയ്യുന്ന കിരുകിരാരവവും; ആ സ്ഥലത്തിന്റെ പ്രാചീനതാശ്രീയെ അവാച്യമായി പ്രകാശിപ്പിക്കുന്നു. അപ്പോൾത്തന്നെ കത്തിക്കപ്പെട്ട മാടമ്പിവിളക്കുകൾ അവിടത്തെ ഇതരസാമഗ്രികളോടു് അതിശയമായി യോജിച്ചു് ഈ സന്ദർഭത്തിന്റെ പ്രഭാവത്തെ സപൂർണ്ണമാക്കുന്നു. സംഘങ്ങളായിച്ചേർന്നു് ദീപപ്രദക്ഷിണം ചെയ്യുന്ന മശകചേടികളുടെ മംഗലഗാനാരവത്തിലും പ്രേമാധിക്യപൂർവമുള്ള ചുംബനങ്ങളിലും ലയിച്ചിരിക്കുന്ന പിള്ളമാർ “ഹയ്യ!” വിളിച്ചുകൊണ്ടു് മർമ്മതാളങ്ങൾ ഘോഷിക്കുന്നു. ഗഗനചാരിയായ ആ ബാൻഡ്വാദ്യസംഘത്തിന്റെ വലിയ തമ്പേറെന്നപോലെ പടിഞ്ഞാറുള്ള ഒരിരുട്ടറയിൽ പ്രവേശിച്ചിരിക്കുന്ന സർവാധിപപ്രമാണിയുടെ ‘റാമറാമ’ ജപം മാത്രഭംഗം കൂടാതെ ധ്വനിക്കുന്നു. കേശവൻകുഞ്ഞു് തന്റെ കാരാഗൃഹത്തിൽ വച്ചു് കേശവ പിള്ളയെ അപനയനെന്നു് ഭത്സനംചെയ്ത മുഹൂർത്തത്തിന്റെ ദോഷത്തെ ഇയാളെ നേരിട്ടു് അനുഭവപ്പെടുത്തുന്നതിനു് അവസരം നൽകുവാനെന്നപോലെ വിഷ്ണുഭക്തനായ സർവാധികാര്യക്കാർ ശ്രീപത്മനാഭക്ഷത്രത്തിലേയ്ക്കും അവിടന്നു് ഭവനത്തിലേയ്ക്കും ഉദ്ദേശിച്ചു് പുറപ്പാടായി. അടുത്ത ഉദ്യോഗസ്ഥനായ സമ്പ്രതിയുടെ സാന്നിദ്ധ്യവും ആ സ്ഥലത്തില്ലാതിരുന്നതിനാൽ വെളിച്ചെണ്ണത്തസ്കരന്മാരായ പിള്ളമാർ അതിനെ സംഗ്രഹിച്ചുകൊണ്ടു് പോവാനുള്ള പനയോലപ്പാത്തികളെ നിർമ്മിക്കുന്നതിനും വിനോദരസജ്ഞന്മാർ ഒരു സദിർ കൂട്ടുന്നതിനും തുടങ്ങി. പരമോത്സാഹികളുടെ വിനോദസംഘങ്ങളിൽ നാസികാഗ്രത്തിൽ കോപം സംഭരിച്ചുള്ള ഒരു സാധുവിനെ പിടികൂടി ബലികഴിക്കുന്ന കർമ്മം രസികലോകത്തിൽ വിശ്രുതമാണല്ലോ. അന്നത്തെ യജ്ഞപശുവായി കുറിയ്ക്കപ്പെട്ടതു് ഏകാഗ്രചിത്തനായി പണിയെടുക്കുന്ന കേശവ പിള്ള ആയിരുന്നു. അസൂയാഗരളംകൊണ്ടു് സമ്പൂർണ്ണനായിരുന്ന ഉമ്മിണിപ്പിള്ള സഹൃദയസദസ്യപക്ഷത്തോടു് കുറിശ്ലോകസമ്പ്രദായത്തിൽ ഒരു ചോദ്യം ചെയ്തു: “നിട്ടെഴുത്തിങ്ങത്തെ – പേറ്റുവാലാമയ്ക്കു് – നീട്ടമെന്തെന്നുരയ്ക്ക.” ഈ ചോദ്യത്തിനു് “ഇന്ദ്രാത്മജൻ ദശകണ്ഠനെ ചുറ്റിയ തിരുവാലതിൻ നെടുനീളം –” എന്നുത്തരവും ആശൗചദൈർഘ്യവും അഭിജാത്യനിർണ്ണയത്തിനു് ഉപയുക്തമായ മാനദണ്ഡമാണെന്നുള്ള ഒരു പ്രമാണവും ഒരു സരസനായ കവിസൂനം പൊട്ടിച്ചു. ആ പ്രമാണത്തെ പ്രസ്തുതവിഷയത്തിൽ പ്രയോഗിച്ചു്, “അങ്ങനെയാണെങ്കിൽ ജാതി നിശ്ചയമില്ലാത്ത ആൾക്കു് എന്നും വല്ലായ്മതന്നല്ലോ” എന്നു് ഉമ്മിണിപ്പിള്ള ഒരു സാമുദായികനിയമത്തെ സ്ഥാപിച്ചു്, തന്റെ ബുദ്ധിവിപുലതയെ അഭിനന്ദിച്ചു് പൊട്ടിച്ചിരിച്ചു. ആ ഘോഷം ഒരു വലിയ സംഘത്തെ ഉമ്മിണിപ്പിള്ളയുടെ ചുറ്റും ആകർഷിച്ചു. ആ വിടുവായന്മാരോടു് ചേരാതെ ദൂരത്തിരുന്നിരുന്ന ഒരു വൃദ്ധനോടു് “അമ്മാച്ചാ – നാരായം വിഴുങ്ങിയതുപോലെ അനങ്ങാൻ വയ്യാതിരിക്കുന്നതെന്തു്” എന്നു് വിരുതനായ ഒരു വികടൻ ചോദ്യം ചെയ്തു.

വട്ടമിട്ട കൂട്ടത്തിൽ ഒരു പെരുങ്കന്നൻ
(രായസവാചകത്തിൽ) “നാരായം ഇക്കാലത്തു് കൊലയ്ക്കുന്നേയും, കൊലച്ചാൽ പഴുക്കുന്നേയും, പഴുത്താൻ വിഴുങ്ങാവുന്നേയും സ്ഥിതിക്കു് ‘രായം വിഴുങ്ങിയപോലെ’ എന്നു പഴിപ്പാൻ ന്യായമെന്തു്?”
മറ്റൊരുത്തൻ
“നാരായം കൊലച്ച കഥ പുരാണങ്ങളിലുമില്ലാ – അതു കേട്ടാൽ – ഫലശ്രുതിയും കഥ പറയുന്നവർതന്നെ പറവിൻ!”
വേറൊരുത്തൻ
“ചെവിത്തയെല്ലാം മോന്തായത്തിൽ വച്ചേച്ചു് വയറ്റിപ്പാട്ടിനുള്ളടത്തു് വന്നിരുന്നു്, നാരായം നട്ടതാരു്? കൊലച്ചതെന്തു്? അണ്ണാനോ, പൂവനോ? എന്നൊക്കെ കേൾപ്പാനിരുന്നാൽ, വിഴുങ്ങേണ്ടിവരുന്നതു് ഈരമണ്ണു്!”
ഉമ്മിണിപ്പിള്ള
“നട്ടവന്റെ വായല്ലയോ അതും ശിഷ്ടവും വിഴുങ്ങേണ്ടതു്?”
കവിവിരുതൻ

“കുലച്ചാലെന്തു് കൊന്നാലെന്തു്? –
‘തിങ്കൾപ്രഭയോടേറ്റങ്കം ജയിച്ചുള്ള
തങ്കപ്പഴക്കുലച്ചുങ്കപ്പകിട്ടിനാൽ
നയ്ങ്കുതലയനുമൈങ്കരസ്സ്വാമിയും
ശിങ്കികളിക്കുമേ ശങ്കവേണ്ടൊട്ടുമേ.’”

വികടൻ
“സഭാസെടഘോടേ! പൊന്നിൻകദളിക്കുല ആർക്കു് ആരു നേദിച്ചു? ഈ വൈരംവച്ച ചോദ്യത്തിനു് ഉമ്മിണിപ്പിള്ള ആശാൻ ഉത്തരം പറയട്ടെ.”
ഉമ്മിണിപ്പിള്ള
“നേതിച്ചതു നന്തിയത്തെ യജമാനൻ, പറ്റിയത് – അതു് പറഞ്ഞു് പഴി ഞാൻ ഏൽക്കണോ?”
കവിവിരുതൻ

‌ “ചിത്തരപ്പത്തുതനിൽ
പെറ്റെഴുന്ത പെരുങ്കണക്കൻ –
മാറ്റില്ലാച്ചെമ്പൊന്നും
തോറ്റുമവൻ വാശലിലേ –
പത്തിനിയാൾ തനിയെവന്തു്.
പതികിടപ്പാൾ പടിതനിലേ.”

പത്താമുദയദിവസത്തിലെ ജനനത്തേയും, ഗണിതശാസ്ത്രവൈദഗ്ദ്ധ്യത്തേയും, സുഖമായി കഴിയുന്ന നിത്യവൃത്തിയേയും മീനാക്ഷിയോടുണ്ടായ സംഘടനയേയും സൂചിപ്പിച്ചു് കേശവ പിള്ളയെ ഭവിച്ച ഈ ഗാനത്തെക്കേട്ട സദസ്യർ “ബലേടാ കവികുഞ്ഞരാ” എന്നും, ചിലർ “നല്ല സുദേഷ്ണതൻ ഭ്രാതാവു് കീചകൻ” എന്നും ഘോഷിച്ചു.

കവിവിരുതൻ
“‘കണ്ടാൽ നല്ലവനിലും കേളിയുള്ളവനിലും ഉണ്ടാകുമല്ലോ മധുവാണികൾക്കനുരാഗം,’ എന്നല്ലയോ നമ്മുടെ കവിരാട്ടു പറഞ്ഞിരിക്കുന്നതു്? ഉമ്മിണിപ്പിള്ള ആശാനേ! എനിയ്ക്കും ഒരു പുരാണപ്പട്ടപ്പേർ തരണം”
ഉമ്മിണിപ്പിള്ള
“തരാമെടാ, നൂറുവട്ടം തരാം – എന്റപ്പനും പോയി, ഒരു പട്ടരെക്കൊന്നു്, ഒരു പെണ്ണിനെ മോഷ്ടിച്ചു്, ഒരു കൊലപ്പുള്ളിയെ വിട്ടു്, ഒരു പൊന്നുംകുല കൈക്കൂലിയും വാങ്ങിച്ചു്, എന്നും വാലായ്മയുംകൊണ്ടു്; കൊട്ടാരത്തിൽ വന്നു് പലകയും ചാരി, ‘നെടുമാതിരുമരുകാ’ എന്നു ഞെളിഞ്ഞിരിക്കു്. അപ്പോൾത്തരാം പട്ടവും പടഭണ്ഡാരവിരുതുകളും പടലപടലയായി.”

ബ്രഹ്മഹത്യാദി കഥകൾ കേട്ടുതഴമ്പിച്ചിരുന്ന കേശവ പിള്ളയുടെ കർണ്ണങ്ങൾക്കു്, രാജശാസനാനുസാരമായി മഹാത്മാവായ ഉണ്ണിത്താൻ തന്നെക്കണ്ടു് ചില ആലോചനകൾ ചെയ്തുവരാറുള്ളതിനെ പരസ്യമായി അപഹസനംചെയ്തതു് അതിദുസ്സഹമായി. അന്നന്നുണ്ടായിട്ടുള്ള അവമാനങ്ങളുടെ മുകളിൽ ആ കൈക്കാണക്കഥയും കൂടി ചുമത്തപ്പെട്ടപ്പോൾ ആ യുവാവിന്റെ ക്ഷമാസ്തിവാരം തകർന്നു. കേശവ പിള്ളയുടെ ഭാവഭേദം കണ്ടു് ഉമ്മിണിപ്പിള്ളയ്ക്കും കൂട്ടുകാർക്കും ഉന്മേഷം വർദ്ധിച്ചു. ആ ഉന്മാദലഹരിക്കധീനനായ ഉമ്മിണിപ്പിള്ള അതിനീചമായ ചില അസഭ്യവാക്കുകൾ കേശവ പിള്ളയുടെ ശിരസ്സിൽ പുഷ്പാഞ്ജലിചെയ്തു. ആക്ഷേപസംഘക്കാർ പൊട്ടിച്ചിരിച്ചു. അവിവേകം; അപമര്യാദ എന്നീ ലക്ഷണങ്ങൾകൊണ്ടു് പ്രസംഗങ്ങൾക്കുണ്ടാവുന്ന ഊർജ്ജിതം ഉമ്മിണിപ്പിള്ളയുടെ വീരഭത്സനങ്ങളെ സദസ്യർക്കു് ശ്രാവ്യമാക്കി “കാലും മലർത്തിക്കിടക്കുമ്പോൾ നാക്കുനനപ്പാനും ചത്താൽ പുലകൊൾവാനും ആളില്ലാത്ത എരപ്പനങ്ങുന്നമ്മാരെ കുഴിച്ചുമൂടാൻ മമ്മട്ടിക്കയ്യന്മാരില്ലാത്ത കാലമായല്ലോ. ആണുങ്ങളുണ്ടായിരുന്നതെല്ലാം ചത്തൊടുങ്ങി, കണ്ടടമെല്ലാം കണ്ടവൻകാണിയായി വെട്ടതൊറന്ന് –”

കേശവ പിള്ള ആ കുവിതസംഘത്തോടു് മറുപടി പറയേണ്ടെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി ഇരുന്നിരുന്നു. ഉമ്മിണിപ്പിള്ളയുടെ കരകവിഞ്ഞുള്ള ഒടുവിലത്തെ അധിക്ഷപേങ്ങൾ അയാളെ എഴുന്നേൽപിച്ചു: “മമ്മട്ടിക്കയ്യന്മാർ ചത്തൊടുങ്ങീട്ടില്ല. ഇവിടം വിട്ടാൽ ഇപ്പോഴും കാണാം ആരു്, ആരെ കുഴിച്ചുമൂടുന്നു എന്നും, വഴിയേ കാണാം –”

ഈ കോപപ്രലപനാരംഭത്തിൽ ഉള്ളിലെ കാലുഷ്യദുസ്സഹത കൊണ്ടു ശിരസ്സിൽ കൈ അമർത്തി തടവുകയാൽ, പണ്ടു് മുറിവേറ്റ ഭാഗത്തെ സ്പർശിച്ചു്, കോപപരിത്യാഗംചെയ്യേണ്ടുന്ന ധർമ്മത്തിനു് അതിനെ ശാശ്വതപാഠമായി വരിച്ചിരിക്കുന്ന നിശ്ചയത്തെ കേശവ പിള്ള ഓർത്തു. തിളച്ചുപൊങ്ങിയ കോപത്തെ അമർത്തി, തന്റെ ഉക്തികളുടെ അനൗചിത്യത്തേയും ആപൽഗർഭതയേയും അനുസ്മരിച്ചു് ക്ലേശിച്ചു. അടുത്ത വാക്കിൽ ഉമ്മിണിപ്പിള്ളയോടു് ക്ഷമായാചനം ചെയ്‌വാനും അയാൾ ഒരുങ്ങി. എന്നാൽ “ഉമ്മിണിപ്പിള്ള അമ്മാവാ! ഉമ്മിണിപ്പിള്ളഅണ്ണാ! തല പോയി! കഴുത്തു പോക്കു്” എന്നിങ്ങനെ പലരിൽനിന്നും പുറപ്പെട്ട പലവിധമായ ആർപ്പുകളും “വൃതാരിപുത്രനെക്കൊന്ന ശരം” എന്നു ചില സൂചകവക്രോക്തികളും കേൾക്കുകയാൽ, അയാൾ അവിടെനിന്നു് മിണ്ടാതെ നടന്നു. ഉമ്മിണിപ്പിള്ളയെ ഹനിച്ചുകളയുമെന്നു് കേശവ പിള്ള ശപഥം ചെയ്തതായി സദസ്യർ “അസോ അസേല്ലോ” ഘോഷിച്ചു. ആ സംഗതിയെ അതിയായി വർണ്ണിച്ചുള്ള ഒരു സങ്കടം മഹാരാജാവിനെ ധരിപ്പിപ്പാൻ നക്കൽ എഴുതി എല്ലാവരെയും വായിച്ചുകേൾപ്പിച്ചു്, ഉമ്മിണിപ്പിള്ള മടിയിൽ തിരുകി. സങ്കടസമർപ്പണത്തിനു് മുമ്പു തന്നെ രാജചാരന്മാർ ആ വൃത്താന്തത്തെ മഹാരാജാവിനോടു് ഉണർത്തിച്ചു.

തന്റെ പാദങ്ങൾ ഭൂസ്പർശം ചെയ്യുന്നതറിയാതെയുള്ള വേഗത്തിൽ ഉമ്മിണിപ്പിള്ള ഓടി; തനിയ്ക്കുണ്ടായിരുന്ന ഭയത്തേയും സങ്കടത്തേയും ഹരിപഞ്ചാനനസദസ്സിൽ, അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിച്ചു. അയാളെ ആ സമയത്തും, വലിയ സംരംഭവേഗത്തോടും കണ്ടപ്പോൾ യോഗീശ്വരമനസ്സു് ആപൽസാമീപ്യം കൊണ്ടെന്നപോലെ ഒന്നു ഞെട്ടി. ഉമ്മിണിപ്പിള്ള എന്ന നാമത്തിന്റെ ഉച്ചാരണശ്വാസമാത്രംകൊണ്ടും അക്കാലങ്ങളിൽ ഹരിപഞ്ചാനനമഹദശ്വത്ഥം ഉന്മൂലനം ചെയ്യപ്പെടുമായിരുന്നു. ആ ദുർന്നയനുമാത്രം ഹരിപഞ്ചാനനസിദ്ധനായ മഹാനെയും അദ്ദേഹത്തിന്റെ യജ്ഞത്തെയും അരക്ഷണം കൊണ്ടു ഭഞ്ജിക്കാൻ ശക്തി സിദ്ധിച്ചിരുന്നു. അത്ര പരമശക്തന്റെ പാരവശ്യകാരണത്തെ ഗ്രഹിച്ചപ്പോൾ ഹരിപഞ്ചാനനസമചിത്താഗ്രേസരൻ കേശവ പിള്ളയുടെ യൗവനാഹംകൃതികൊണ്ടുള്ള അന്ധവൃത്തികളെ സ്വശിഷ്യന്മാർ ക്ഷമിച്ചു്, തന്റെ ഉപദേശമാഹാത്മ്യത്തെ പ്രദർശിപ്പിക്കണമെന്നും മറ്റും സന്നിഹിതരായിരുന്ന വിദ്വജ്ജനങ്ങൾ കേൾക്കുമാറു് പ്രസംഗംചെയ്തു് ഉമ്മിണിപ്പിള്ളയുടെ നക്കൽ സങ്കടത്തെ വായിച്ചുകേട്ടു് യോഗീശ്വരൻ അതിനെ ഭദ്രമായ ഒരു സ്ഥലത്തു് നിക്ഷിപ്തമാകുംവണ്ണം വലിച്ചെറിഞ്ഞു. യോഗീശ്വരൻ തന്റെ ഭക്തസംഘത്തെ പത്തുമണിയോടുകൂടി പിരിച്ചയച്ചു. അനന്തരം കുടിലകേസരിയായ ഗുരുവര്യനും ചപലകേസരിയായ ശിഷ്യമന്ദനും തമ്മിൽ അഭിനയമാത്രമായുണ്ടായ സംഭാഷണം, മനുഷ്യബുദ്ധിക്കു് ഊഹ്യമായുള്ള മഹാപാതകസാകല്യത്തേയും സംഘർഷണംചെയ്തു് സരസകലയാക്കിത്തീർക്കലും, അതിനു് ഉപയുക്തമായ ഒരു ഭരതശാസ്ത്രത്തിന്റെ ക്രോഡീകരണവും അതിന്റെ പ്രയോഗാരംഭവും തന്നെ ആയി പരിണമിച്ചു. ഹരിപഞ്ചാനനഭരതാചാര്യർ ചോദിക്കുന്നു. “അരേ! നമതു ഗൂഢമാന ശ്രമത്തേയും യാവൽസ്ഥിതിയേയും ജ്ഞാപകംപെറ്റുക്കൊണ്ട ഖലചാരപ്രവേശനം നമ്മ സംഘത്തിലിരുക്കേ.”

ശിഷ്യൻ ബോധിപ്പിക്കുന്നു
“അല്ലയോ സ്വാമിൻ, പ്രസീദ! ഈ അഗതിയെ യോഗദണ്ഡനിപാതത്താൽ ശിക്ഷിക്കരുതു്.”
ആചാര്യൻ
“യജ്ഞത്തെ ഭഞ്ജനംചെയ്തുടുമേ രുദ്രഘാതകൻ!”
ശിഷ്യൻ
(സംശയം തന്നെക്കുറിച്ചല്ലെന്നു് ധൈര്യമുണ്ടായി) “സ്വാമി കണ്ണുതുറന്നാൽ പൊടിഭസ്മമായി പറന്നുപോവൂല്ലയോ? തട്ടിക്കളയണം – ചെവിയ്ക്കു ചെവി അറിയണ്ട.”
ആചാര്യൻ
“എന്നബ്ബാ? വിശദമാക ശൊല്ലൂ –”
ശിഷ്യൻ
“തലയ്ക്കു തല എന്നുള്ള ന്യായമില്ലയോ? കാച്ചണം.”
ആചാര്യൻ
“നല്ലായ് നിനവെക്കൊണ്ടു് പേശറയാ?”
ശിഷ്യൻ
“ഇപ്പഴെങ്കിൽ ഇപ്പൾ. ആലോചിപ്പാനെന്തു്? ബഹുജനനന്മയ്ക്കു് എന്തുതന്നെ ചെയ്തുകൂടാ?”

ഹരിപഞ്ചാനനാചാര്യർ തന്റെ ശിഷ്യൻ ഉപദേശിച്ച വധഗുണദോഷത്തിനു് ‘തദാസ്തു’ എന്നനുഗ്രഹിച്ചു്, അയാളെ യാത്രയാക്കി. തന്റെ ശ്രമം കൂടാതെ യോഗീശ്വരപൈശാചത്വംകൊണ്ടു് കേശവ പിള്ളയുടെ നിഗ്രഹം കഴിയുമെന്നും, അപ്പോൾ തനിക്കു് നീട്ടെഴുത്തു് നിശ്ചയമായി കിട്ടുമെന്നും, അനന്തരം കൊച്ചമ്മിണി അമ്മയുടെ പരിണയനം അവസ്ഥയായി ആഘോഷിക്കാമെന്നും സന്തോഷിച്ചുകൊണ്ടു് ഉമ്മിണിപ്പിള്ള ഇപ്പോഴുള്ള ‘ചോറ്റുപുര’ ഇടവഴിയിൽക്കൂടി പടിഞ്ഞാറെ തെരുവിൽ എത്തി. അപ്പോൾ കാലഗതികൊണ്ടു്, ഉണ്ണിത്താനെ കാണുന്നതിനായി പുറപ്പെട്ടിരുന്ന കേശവ പിള്ളയുമായി അയാൾ കൂട്ടിമുട്ടി. ഉമ്മിണിപ്പിള്ള ഹരിപഞ്ചാനനന്റെ നിശ്ചയത്തെ സ്മരിച്ചുണ്ടായ ധൈര്യംകൊണ്ടു് ആ യുവാവിനെ ആ സന്ദർഭത്തിലും അധിക്ഷേപിച്ചു തുടങ്ങി. കേശവ പിള്ള മിണ്ടാതെ തിരിഞ്ഞുനിന്നു. “കൈവെയ്ക്കാൻ ഭാവമുണ്ടെങ്കിൽ അതും, മുമ്പു പറഞ്ഞതും കഴിക്കൂ. നല്ല ഇരുട്ടു് – ആകാശംപോലും സാക്ഷിയില്ല. മേഘവും തനിക്കു് സഹായം” എന്നു് ഉമ്മിണിപ്പിള്ള ജളവീരവാദം തുടങ്ങിയപ്പോൾ, കേശവ പിള്ള “ഇങ്ങൊന്നിനും ഭാവമില്ല. നടക്കണം. ഞാൻ തിരിച്ചുപോവുകയാണു്” എന്നു് അതിശാന്തനായി കലശലുണ്ടാകരുതെന്നുള്ള കരുതലോടുകൂടി പറഞ്ഞു. “തന്റെ അപ്പന്റെ വഴിയല്ലിതു്” എന്നുപറഞ്ഞുകൊണ്ടു് കേശവ പിള്ളയെ പിടിക്കുന്നതിനായി ത്വരിതത്തിൽ ഉമ്മിണിപ്പിള്ള അടുക്കുകയും “നിന്നെ ഒന്നു ഞാൻ പഠിപ്പിച്ചേക്കാം – തല വീശുന്നവർ വീശട്ടെ” എന്നു പറഞ്ഞു് ആ യുവാവിന്റെ പുറങ്കഴുത്തിനു് പിടിച്ചു് മുമ്പോട്ടു തള്ളുകയുംചെയ്തു. നിനച്ചിരിക്കാത്ത ഈ സമ്മാനത്തിനു് പ്രതിസംഭാവനയായി കേശവ പിള്ള തിരിഞ്ഞുനിന്നു് ഗണ്ഡത്തിൽ കൊടുത്ത ഒരു പ്രഹരം, ആകാശത്തിൽ സ്വതേയുള്ള നക്ഷത്രങ്ങളുടെ സംഖ്യയെ കാലാരംഭംമുതൽ അവ മറഞ്ഞിരുന്ന ദിവസങ്ങളുടെ സംഖ്യകൊണ്ടു് ഗുണിച്ചാൽ കിട്ടുന്ന ഫലത്തോളം ഇരുട്ടിച്ചതുപോലെ ഉമ്മിണിപ്പിള്ളയ്ക്കു് ആ ഇരുട്ടിലും ദർശിപ്പിച്ചു. ഉമ്മിണിപ്പിള്ള നെടുമ്പനപോലെ ചായുന്നതിനിടയിൽ, അയാളെ സഹായിപ്പാനായി യുദ്ധധർമ്മത്തെ മറന്നു് ഒരു നിഷാദവിഗ്രഹം വധോദ്ദേശ്യത്തോടു് തന്നെ, സിംഹത്തെപ്പോലെ കേശവ പിള്ളയുടെ നേർക്കു് മുന്നോട്ടു് കുതിച്ചു. പരമാർത്ഥം പറകയാണെങ്കിൽ ആ പ്രച്ഛന്നനരകേസരിയുടെ ശ്വാസമാത്രത്തിനു് ഉത്തരം പറയാൻ കേശവ പിള്ളയ്ക്കു് സാധിക്കുന്നതല്ലായിരുന്നു. ആ ഘോരനായ നരാന്തകന്റെ ഹസ്തം കേശവ പിള്ളയെ സ്പർശിച്ചു എങ്കിൽ രാജാകേശവദാസു് എന്ന നാമധേയം ചരിത്രാകാശത്തിൽ ഉദയംചെയ്കയില്ലായിരുന്നു. ശ്രീപത്മനാഭന്റെ സങ്കേതസ്ഥലത്തുവച്ചു് ധർമ്മനിരതനായ കേശവ പിള്ളയുടെ ആയുരന്തം വരുത്താതെ രക്ഷിപ്പാൻ ശ്രീപത്മനാഭനിയുക്തനായ പോലെ ഗിരിശരീരനായ ഒരു പുരുഷൻ കേശവ പിള്ളയുടേയും നരപഞ്ചാസ്യന്റേയും ഇടയ്ക്കുചാടി വധക്രിയയ്ക്കു് പ്രയുക്തമായ ഹസ്തത്തെ സ്വഹസ്തത്തിൽ ബന്ധിച്ചു. ഇതിനിടയിൽ ഉമ്മിണിപ്പിള്ളയും ഒട്ടും കുറയ്ക്കാതെ കേശവ പിള്ളയെ ചെറുത്തുനിറുത്തി, അവർ തമ്മിൽ ഒരു ദ്വന്ദ്വയുദ്ധം തുടങ്ങി. മുറുക്കത്തിലായി. ഉമ്മിണിപ്പിള്ള ‘മമ്മട്ടിക്കയ്യന്മാ’രുടെ വീര്യത്തേയും കൈവിട്ടു് “എന്റമ്മമ്മോ! പൊന്നുസ്വാമിയേ!” എന്നു ചില വിളികൾ കൂട്ടിത്തുടങ്ങി. കേശവ പിള്ളയുടെ യുദ്ധസാമർത്ഥ്യം കണ്ടു് രസിക്കുന്നതിനു് അയാളുടെ സ്തുതിപാഠകനായ മാമാവെങ്കിടൻ ഉണ്ണിത്താന്റെ താമസസ്ഥലത്തുനിന്നു് തംബുരുവാഹകനായ ഒരു ഭൃത്യനുമായി മടങ്ങുന്നവഴി അവിടെയെത്തി. കാക്കക്കൂട്ടത്തിൽ കല്ലെറിഞ്ഞാലുണ്ടാകുന്ന ബഹളത്തോടുകൂടി ബ്രാഹ്മണൻ ചോദ്യംചെയ്യുന്നതിനിടയിൽ, യുദ്ധസാമർത്ഥ്യത്തിൽ ഹൈദർഖാൻ പോലും തന്നോടു തോൽക്കുമെന്നു് ഗർവിച്ചിരുന്ന നിഷാദാകാരൻ പ്രഥമമായി ഒരു വിപുലബലന്റെ കരബന്ധനത്തിൽ അകപ്പെട്ടപ്പോൾ, ആ ഇരുട്ടിനിടയിൽക്കൂടി പ്രതിയോഗിയെ സൂക്ഷിച്ചുനോക്കി. ഐരാവതഗാത്രനെ അയാൾ അപ്പോൾ ധരിച്ചിരുന്ന വേഷത്തിലും നിഷാദവേഷൻ മനസ്സിലാക്കി. ഹിന്ദുസ്ഥാനിയിൽ ഹസ്തമോചനത്തെ അപേക്ഷിച്ചു. നിഷാദൻ പക്ഷ, പ്രയോഗിച്ചേയ്ക്കുമായിരുന്ന അടവുകളിൽ ഒന്നിനേയും ഭയപ്പെടാതെ അയാളുടെ കൈകളെ പ്രതിയോഗി തന്റെ പിടിയിൽനിന്നു് വിട്ടു. ഇതിനിടയിൽ ബന്ധുലാഭംകൊണ്ടു് ഉത്സാഹിയായി പോരാവർത്തിച്ച ഉമ്മിണിപ്പിള്ള കേശവ പിള്ളയാൽ തെരുവിന്റെ അരുകിലുള്ള ഓടയിൽ ശയിപ്പിക്കപ്പെട്ടു. നിഷാദവേഷൻ അതിഭയങ്കരസ്വരത്തിൽ കേശവ പിള്ളയേയും ഉമ്മിണിപ്പിള്ളയേയും ശാസിച്ചു. മാമാവെങ്കിടനും അനുഗാമിയായ നായർക്കും ഈ വാക്കുകൾ ധാർമ്മികനായ ഒരു മധ്യസ്ഥന്റെ ന്യായമായ ശാസനകൾ എന്നു് തോന്നി. ഉമ്മിണിപ്പിള്ള നിശ്ചേഷ്ടനായും നിശ്ശബ്ദനായും കിടക്കുന്നതിനെ കണ്ടു് അയാൾ മരിച്ചുപോയി എന്നു സംശയിച്ചു് മാമൻ ‘പാരയിളവാച്ചു’ എന്നു പരിതപിച്ചു. എണീറ്റാൽ പിന്നേയും ആണത്തംകരുതി കേശവ പിള്ളയോടു് ഏല്ക്കേണ്ടിവരുമെന്നു് ഭയന്നു് ഉമ്മിണിപ്പിള്ള സുഖശയനം ചെയ്കയായിരുന്നു. മാമാവെങ്കിടൻ കേശവ പിള്ളയെ പിടിച്ചുകൊണ്ടു് അയാളുടെ ഭവനത്തിലേയ്ക്കു് തിരിച്ചു. “ഇതിന്റെ അവസാനം കണ്ടാലേ പോകാവൂ” എന്നു കേശവ പിള്ള സിദ്ധാന്തിച്ചു. “ശനിയനെ ആരെങ്കിലും കെട്ടിയെടുത്തു കൊണ്ടുപോട്ടെ. കഥകഴിഞ്ഞാൽ ഭാഗ്യം” എന്നു പറഞ്ഞു്, കേശവ പിള്ളയെ ഉന്തിത്തള്ളിക്കൊണ്ടു് ആ ബ്രാഹ്മണൻ നടന്നു. “ആ രണ്ടുപേരും ആരു്?” എന്നു കേശവ പിള്ള ചോദിച്ചതിനുത്തരമായി “ജന്യേ ജഞ്ജന്യമാനേ പവനതനയയോരിന്ദ്രസന്ദേശതസ്തൗ –” എന്നു് മാമൻ ഗാനം ചെയ്തു്, അപരാധകനെപ്പോലെ തന്റെ വത്സലനെ വലിച്ചിഴച്ചു് അയാളുടെ ഗൃഹത്തിലാക്കി.

ബഹുവിധവിലപനങ്ങളോടുകൂടി ശയിക്കുന്ന ഉമ്മിണിപ്പിള്ളയുടെ സമീപത്തു് നിഷാദവേഷധാരി അടുത്തു. പ്രതിയോഗിയായ ഗിരികായൻ ദയാവാത്സല്യങ്ങളോടുകൂടി നിഷാദാകാരനെ മുന്നിട്ടു്, മുമ്പോട്ടുകടന്നു് ഉമ്മിണിപ്പിള്ളയെ പിടിച്ചെഴുന്നേൽപിച്ചു്, “ഹാ! ഹൂ! അമ്മച്ചി! –” എന്നെല്ലാം ഞറുങ്ങുന്ന പരാജിതക്ഷീണനെ പൊക്കി ഞരമ്പുകളേയും – മഹാശ്ചര്യമേ! വക്രിച്ചിരുന്ന നാസികയേയും ശരിയാക്കി നിറുത്തി. നിഷാദാകാരനും “എന്തപ്പനേ! എന്തുചെയ്യുന്നു? നിന്റെ ഭാഗ്യംകൊണ്ടു് ഞാനിവിടെ എത്തി –അല്ലെങ്കിൽ കൊന്നുപോയേനെ!” എന്നുപറഞ്ഞുകൊണ്ടു് ഗിരികായനു് തടുക്കാൻ കഴിയുന്നതിനുമുമ്പിൽ ഉമ്മിണിപ്പിള്ളയുടെ മുതുകിൽ ഒന്നുതലോടി. ആ ക്രിയ കണ്ടു് ഗിരികായൻ ശിരസ്സിൽ താഡനംചെയ്തുകൊണ്ടു് അവിടെനിന്നു് പറന്നു. നിഷാദന്റെ ഭൂതദയാപൂർവ്വമായുണ്ടായ സാന്ത്വനസ്പർശം ഏറ്റപ്പോൾ ഉമ്മിണിപ്പിള്ള ഞെട്ടി. “അയ്യോ!” എന്നു സ്വർഗ്ഗനരകങ്ങളിൽ ഒന്നുപോലെ കേൾക്കുമാറു് വാവിട്ടു വിളിച്ചു. ഉടൻതന്നെ “ഒന്നുമില്ല, അകത്തൊരെരിച്ചിൽ” എന്നു പറഞ്ഞു് അയാൾ തന്റെ സഹായിയെ ആശ്വസിപ്പിക്കയും ചെയ്തു. അപ്പോൾ ഉണ്ടായിരുന്ന മഹാതിമിരത്തെ ആ സഹായിയുടെ വസ്ത്രങ്ങളുടെ വർണ്ണം ജയിച്ചു എങ്കിൽ, ആ ഘോരപാതകന്റെ ശരീരവർണ്ണത്തെ അയാളുടെ അന്തരംഗതിമിരം സൂര്യപ്രഭമായി വിപര്യയപ്പെടുത്തി. ഉമ്മിണിപ്പിള്ള തന്റെ ഭീരുത്വത്തേയും ബലഹീനതയേയും കുറിച്ചു് ലജ്ജിച്ചുകൊണ്ടു് കുറച്ചുനേരം നിന്നിട്ടു്, “ഒന്നുമില്ലാ – ഒന്നുമില്ലാ – ഞാൻ പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു് നിഷാദാകാരനെ തൊഴുതുകൊണ്ടു് വടക്കോട്ടും, പ്രച്ഛന്നവേഷനായ ആ സഹായി കിഴക്കോട്ടും നടന്നു. ഉമ്മിണിപ്പിള്ളയുടെ പാദസിരകൾ നീരശൂന്യങ്ങളായി; അവയവങ്ങൾ ലോഹനിർമ്മിതങ്ങളെന്നപോലെ ചേഷ്ടാശൂന്യങ്ങളായിച്ചമഞ്ഞു; അന്തർദ്ദാഹാഗ്നി കത്തിപ്പടർന്നു; അനുപദം ദിഗ്ഭ്രമവും പരിസരകാർഷ്ണ്യഭ്രമവും വർദ്ധിച്ചു; പാതാളാവഗാഹനം ചെയ്യുന്നപോലെ ഒരു മഹാഭ്രമത്താൽ ആവൃതനായി, അയാൾ ശ്രീപത്മനാഭക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ചതുഷ്പഥസന്ധിയിൽ എത്തി. പ്രപഞ്ചസർവസ്വവും കൃഷ്ണശിലാതുല്യം നേത്രേന്ദ്രിയത്തിൽ സംഘടനം ചെയ്യുമ്പോലെ തോന്നി. ബഹുശതയോജനദൂരത്തിൽ സ്ഫുരിക്കുന്ന അതിസൂക്ഷ്മമായുള്ള അഗ്നിസ്ഫുലിംഗംപോലെ സമീപത്തുള്ള ക്ഷേത്രത്തിന്റെ പശ്ചിമഗോപുരത്തിൽ കത്തുന്ന ദീപം ഉമ്മിണിപ്പിള്ളയുടെ കൃഷ്ണമണികളിൽ പതിച്ചപ്പോൾ, അയാളെ തപിപ്പിച്ചുതുടങ്ങിയിരുന്ന ജഠരാഗ്നി അന്തകാഗ്നിസമം സർവാംഗം പ്രസരിച്ചു. ആ ക്ഷണത്തിൽ സ്വകണ്ഡത്തിൽനിന്നു് ഛേദിതമായ ആസന്നചരമന്റെ ബോധകർണ്ണകയിൽ ഒരു പ്രജ്ഞ കന്ദളിതമായി. തന്റെ ഹതിയെ തന്നെക്കൊണ്ടുതന്നെ ഹരിപഞ്ചാനനൻസർവസംഹാരകൻ സമ്മതിപ്പിച്ചു എന്നു് അയാളുടെ മനസ്സിൽ പ്രകാശിച്ചു. തന്റെ അവസ്ഥാപരമാർത്ഥത്തെക്കുറിച്ചു് ആ സാധുവിനു് സൂക്ഷ്മബോധമുണ്ടായപ്പോൾ, “ശ്രീപത്മനാഭാ! വിശ്വംഭരാ!” എന്നു ഗുരുനാഥനു് അത്യുച്ചത്തിലുള്ള ക്രന്ദനമഹാനുഗ്രഹത്തെ ദാനംചെയ്തും, ആ അനുഗ്രഹം പരിപൂർണ്ണമായി ഫലിക്കുന്നതിനു് ആ വിശ്വംഭരന്റെ ക്ഷേത്രത്തെ നോക്കി തൊഴുതുപിടിച്ചു കൊണ്ടും, ഉമ്മിണിപ്പിള്ള എന്നു പേർ കൊണ്ടിരുന്ന തടി സാഷ്ടാംഗപ്രണാമമായി വീണു.