close
Sayahna Sayahna
Search

നിന്ദനവും അപമാനവും സാഹിത്യത്തിലൂടെ


നിന്ദനവും അപമാനവും സാഹിത്യത്തിലൂടെ
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

സി.വി. രാമന്‍പിള്ളയുടെ ‘പ്രേമാമൃതം’ എന്ന നോവലിലെ ഒരു കുത്സിത കഥാപാത്രം അക്കാലത്തെ സമുന്നതനായ ഉദ്യോഗസ്ഥ­നായിരുന്ന കപ്പാഴം രാമന്‍പിള്ളയുടെ പ്രതിരൂപമാ­ണെന്നു ശരിയായോ തെറ്റായോ ചിലര്‍ പ്രചരിപ്പിച്ചു. അതറിഞ്ഞു കപ്പാഴം രാമന്‍പിള്ള ക്ഷോഭിച്ചു. ഒരു ദിവസം സി.വി.യുടെ മകന്‍ തിരുവനന്ത­പുരത്തെ സുബ്രഹ്മണ്യ­സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തു­കൂടെയുള്ള റോഡുവഴി താഴൊട്ടു നടക്കുമ്പോള്‍ കപ്പാഴം രാമന്‍പിള്ള സ്വന്തം വീട്ടിന്റെ ഗെയ്റ്റില്‍ നില്ക്കുകയായിരുന്നു. സി.റ്വി.യുടെ മകനെ കണ്ടയുടനെ അദ്ദേഹം കോപിഷ്ഠനായി പറഞ്ഞു. “നിങ്ങളുടെ അച്ഛന്‍ എന്നെ ആ ‘പ്രേമാമൃത’ത്തിലെ ഒരു ദുഷ്ടകഥാപാത്ര­മാക്കിയിരിക്കുന്നല്ലോ. ഇതു ശരിയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? ഒന്നു മനസ്സിലാക്കി­ക്കൊള്ളണം. എനിക്കും എഴുതാന്‍ അറിയാം. ഞാന്‍ ചിലതെല്ലാം എഴുതിയിട്ടുമുണ്ട്.” ചിലതെല്ലാം എഴുതിയെന്ന് കപ്പാഴം പറഞ്ഞതു­ശരിയായിരുന്നു. പ്രാഥമിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി­കള്‍ക്കുവേണ്ടി കോപ്പി പുസ്തകങ്ങളും മറ്റും രചിച്ച എഴുത്തുകാര­നായിരുന്നു കപ്പാഴമെന്ന് പി.കെ. പരമേശ്വരന്‍നായര്‍ എന്നോടു പറഞ്ഞു. സി.വി.യുടെ മകന്‍ ഒന്നും മറുപടി പറയാതെ പോയി. വീട്ടില്‍ച്ചെന്ന് അച്ഛനോട് കപ്പാഴത്തിന്റെ ഭര്‍ത്സനത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്കിയത് ഇങ്ങനെയായിരുന്നു.. “ഞാന്‍ ചില തൊപ്പികളെടുത്ത് മുകളിലെക്ക് എറിയുന്നു. തലയ്ക്കു പാകമായത് അവരെടുത്തു വച്ചുകൊള്ളട്ടെ.”

caption
സി.വി. രാമന്‍പിള്ള

സി.വിയും കപ്പാഴവും ശത്രുക്കളായിരു­ന്നതുകൊണ്ട് ‘പ്രേമാമൃത’ത്തില്‍ ഒരു ദുഷ്ടകഥാ­പാത്രമായി കപ്പാഴത്തിനെ നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കാം. അതുസത്യമാണെങ്കില്‍ സി.വി.ചെയ്തത് സദാചാര­ശാസ്ത്രത്തിന് യോജിച്ച വിധത്തിലായിരുന്നില്ല എന്നാണ് എന്റെ വിചാരം. കാരണം വ്യക്തമാണ്. ശരിയേത് തെറ്റേത് എന്ന ആലോചനയാണ് മനുഷ്യവര്‍ഗ്ഗത്തി­നാകെയുള്ളത്. ഇവിടെ മനുഷ്യരാകെ ഒരുമിച്ചു കഴിയുന്നു. ചില സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ പരിപാലിക്കാതെ നമുക്ക് ഇവിടെ കഴിയാ­നൊക്കുകയില്ല. ഒരാള്‍ വേറൊരാളെ പുലഭ്യം പറയുകയാണെങ്കില്‍ ആ വേറൊരാള്‍ പകരം ചോദിക്കാനെത്തും. സംഘട്ടനമുണ്ടാകും. വ്യക്തികള്‍ അതില്‍ തകര്‍ന്നടിയും. വ്യക്തികള്‍ തകരുമ്പോള്‍ സമുദായം തകരും. സമുദായം തകര്‍ന്നാല്‍ രാഷ്ട്രമാകെ തകരും. അതുകൊണ്ട് സാന്മാര്‍ഗ്ഗിക തത്ത്വചിന്തയുടെ ഒരു സംഹിത നമ്മള്‍ നിര്‍മ്മിച്ചു­വച്ചിരിക്കുന്നു. അതു ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ കോടതി ശിക്ഷിക്കും. തന്നെ കഥാപാത്രമാക്കി അപമാനിച്ചവെന്ന പരാതിയുമായി കപ്പാഴം രാമന്‍പിള്ള കോടതിയെ സമീപിച്ചിരു­ന്നെങ്കില്‍, പരാതി ശരിയാണെന്നു കോടതിക്കു തോന്നിയിരു­ന്നെങ്കില്‍ സി.വി.രാമന്‍പിള്ളയ്ക്കു ശിക്ഷകിട്ടുമായിരുന്നു. മുകളിലെഴുതിയ സംഭവം എന്നോടു പറഞ്ഞ പി.കെ. പരമേശ്വരന്‍നായര്‍ (‘സി.വി. രാമന്‍പിള്ള’, ‘സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണ­പിള്ള’ ജീവചരിത്രങ്ങള്‍ എഴുതിയ സാഹിത്യകാരന്‍) സി.വിയുടെ പ്രവൃത്തിയെ നീതിമത്കരിക്കുകയും കപ്പാഴത്തിന്റെ കോപ്പി പുസ്തക രചനയെക്കുറിച്ചു പറഞ്ഞ്, അദ്ദേഹത്തൊടുള്ള വിപ്രതിപത്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു. ‘സാര്‍, സി.വി. ചെയ്തത് തെറ്റാണ്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിക്ക് ആക്ഷേപിക്കാന്‍ അധികാരമില്ല.’ പി. കെ സാര്‍, ‘അതൊക്ക ചിലപ്പോള്‍ വേണ്ടിവരും കൃഷ്ണന്‍നായരെ’ എന്ന് അഭിപ്രായ­പ്പെട്ടിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു. കപ്പാഴം രാമന്‍പിള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ തെറ്റായി എന്തെങ്കിലും ചെയ്തോ? ചെയ്താലും സി.വി. രാമന്‍പിള്ളയ്ക്ക് അദ്ദേഹത്തെ ആക്ഷേപിച്ചുകൂടാ. സദാചാരപരമായ തത്ത്വത്തെ അറ്വലംബിച്ചാണ് താന്‍ അതു ചെയ്തതെന്ന് സി.വി.ക്ക് അവകാശപ്പെടാനും വയ്യ. വേറൊരു സാന്മാര്‍ഗ്ഗിക തത്ത്വത്തില്‍ നിന്നാണ് സി.വി. രാമന്‍പിള്ള ഒരു സാന്മാര്‍ഗ്ഗി­കതത്ത്വം നിര്‍മ്മിച്ചതെന്നു വാദിക്കാം. അതിലും കഴമ്പില്ല. ആ സാന്മാര്‍ഗ്ഗിക തത്ത്വം കോടതിയുടേതാണ്. നോവലിസ്റ്റിന് അതിനു രൂപം കൊടുക്കാനോ അതിനെ അറ്വലംബിച്ച് സ്വന്തം സാന്മാര്‍ഗ്ഗിക തത്ത്വം നിര്‍മ്മിക്കാനോ അധികാരമില്ല.

സി.വി. രാമന്‍പിള്ളയുടെ കാര്യം പറഞ്ഞിട്ടു നേരേ എന്റെ കാര്യത്തിലേക്കു വരുന്ന ഔചിത്യരാഹിത്യം പ്രിയപ്പെട്ട വായനക്കാര്‍ പൊറുക്കണം. പി. കെ. ബാലകൃഷ്ണന്റെ ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന കൃതി കലാമുല്യമില്ലാ­ത്തതാണെന്ന് എഴുതിയിട്ട് കലാഭംഗി കാണിക്കാനായി ഒരു സ്പാനിഷ് കൃതിയായ ‘Plotero and I’ എന്നതിനെക്കുറിച്ച് ചിലതു പറയേണ്ടതായിവന്നു എനിക്ക്. ബാലകൃഷ്ണന്റെ കഥ പട്ടിയെക്കുറിച്ചുള്ളത്, വിരസമായ ഗദ്യത്തില്‍ എഴുതിയ കഥ. സ്പാനിഷ് കൃതി കഴുതയെക്കുറിച്ചുള്ളത്. ഗദ്യകവിതയാണത്. രണ്ടിനും ഒരു സാദ്യശ്യവുമില്ല. പക്ഷേ ലേഖനമച്ചടിച്ച കൌമുദിപ്പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ വഴക്കുണ്ടാക്കുന്നതിനു മാത്രം ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, പ്ലേറ്ററോ ആന്‍ഡ് ഐ എന്നതിന്റെ മോഷണം’ എന്ന് ലീഡ് കൊടുത്തു. ആ ലീഡ് കണ്ടു കോപാകുലനായ പി.കെ.ബാലകൃഷ്ണന്‍ ലേഖനത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നുപോലും നോക്കാതെ എന്നെ അസഭ്യത്തില്‍ കുളിപ്പിച്ചുകൊണ്ട് കൌമുദി­വാരികയില്‍ ഒരു നോവല്‍ എഴുതിത്തുടങ്ങി. ഇന്നത്തെപ്പോലെ ‘വയസ്സാലുളവാകുന്ന മനസ്സില്‍ പരിപക്വത’ എനിക്കന്ന് ഇല്ലായിരുന്നു. ഞാന്‍ അസ്വസ്ഥനായി പി.കെ. ബാലകൃഷ്ണന്റെ അടുക്കലേക്ക് ഒരു സുഹൃത്തിനെ അയച്ചു. നോവല്‍ രചന നിറുത്തണമെന്ന് അപേക്ഷിച്ചു­കൊണ്ട്. പി.കെ. ബാലകൃഷ്ണന്‍ കുട്ടാക്കിയില്ല. നോവലിന്റെ പല അദ്ധ്യായങ്ങളും അച്ചടിച്ചു വന്നു. എന്റെ അമ്മയെപ്പോലും വേശ്യയായി പി.കെ ബാലകൃഷ്ണന്‍ ചിത്രീകരിച്ചു. അച്ഛനെ എക്സൈസ് ശിപായിയായും. (ശിപായി എന്നുപറഞ്ഞതില്‍ ഒരു മാനക്ഷയവുമില്ല. പക്ഷേ എന്റെ പിതാവ് സീനിയറായ എക്സൈസ് ഇന്‍സ്പെക്ടറായിരുന്നു) കുറെക്കാലം കഴിഞ്ഞ് പി.കെ തന്നെ നോവലെഴുത്ത് അവസാനിപ്പിച്ചു. നോവല്‍ കൌമുദിയില്‍ വന്നുകൊണ്ടി­രുന്നപ്പോള്‍ വിദ്യാര്‍ത്ഥി നേതാവും എന്റെ ശിഷ്യനുമായിരുന്ന സുകുമാരക്കുരുക്കള്‍ മറ്റു വിദ്യാര്‍ത്ഥികളോ­ടൊരുമിച്ച് പി.കെ ബാലകൃഷ്ണനെ അടിക്കാന്‍ തീരുമാനിച്ചു. അതറിഞ്ഞയുടനെ ഞാന്‍ റ്റാക്സിക്കാറില്‍ കയറി കുരുങ്ങളുടെ വീട്ടില്‍ ചെന്ന് ‘എന്നെ സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ ഇതു ചെയ്യരുത്’ എന്നു പറഞ്ഞു. അപേക്ഷിച്ചു. കുരുങ്ങള്‍ വഴങ്ങി. സംഘട്ടന­മില്ലാതെയായി. പി.കെ. ബാലകൃഷ്ണന്റെ നോവല്‍ രചന ‘മോറല്‍ ഈവിള്‍’ ആയിരുന്നു. സുകുമാരക്കുരുക്കള്‍ ഗുരുനാഥനോടുള്ള സ്നേഹബഹുമാന­ങ്ങളോടുകൂടിയാണ് പി.കെ ബാലകൃഷ്ണനെ അടിക്കാന്‍ ഒരുമ്പെട്ടതെങ്കിലും അതും ‘മോറല്‍ ഈവിള്‍’ ആയിരുന്നു.

സദാചാരത്തെ വെല്ലുവിളിക്കുന്ന ഇത്തരം തിന്മകള്‍ ഇന്നു വളരെക്കൂടുതലാണ്. വയലാര്‍ രാമ‌വര്‍മയുടെ ദ്വിതീയ വിവാഹത്തെക്കുറിച്ച് ആക്ഷേപം ചൊരിഞ്ഞു നോവലെഴുതി പ്രശസ്നനായ ഒരു നോവലിസ്റ്റ്. തങ്ങള്‍ക്കു ശത്രുതയുള്ള വ്യക്തികളെ തെറിപറഞ്ഞു കവികള്‍ കവിതകളെഴുതുന്നു, കഥാകാരന്മാര്‍ കഥകളെഴുതുന്നു. ഇതു ചെയ്യുന്നവര്‍ക്ക് കര്‍ത്തൃനിഷ്ഠമായി തങ്ങളുടെ പ്രവൃത്തി ശരിയാണെന്നു തോന്നും. കര്‍ത്തൃനിഷ്ഠമായും വസ്തുനിഷ്ഠമായും ശരിയായതേ സന്മാര്‍ഗ്ഗ­മണ്ഡലത്തില്‍ പ്രവേശിക്കൂ. മറ്റുള്ളവയെല്ലാം സദാചാര­രാഹിത്യത്തിന്റെ മണ്ഡലത്തിലാണ് കടന്നു ചെല്ലുന്നത്.

ഈ ലോകത്ത് ഓരോ വ്യക്തിയും ‘യുണീക്കാ’ണെന്ന വസ്തുത ഞാന്‍ സമ്മതിക്കുന്നു. ഒരച്ഛനു നാലു മക്കളുണ്ടെങ്കില്‍ അവര്‍ നാലു തരത്തിലായിരിക്കും. അതുകൊണ്ടു സംഘട്ടനത്തിനു സാദ്ധ്യതയുണ്ട്. ആ സംഘട്ടന­മൊഴിവാക്കി ലോകത്തുള്ള എല്ലാവര്‍ക്കും സുഖമായി കഴിയുന്നതിനു വേണ്ടിയാണ് സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതു ലംഘിച്ചാല്‍ നമുക്ക് ഇവിടെ കഴിഞ്ഞുകൂടാ­നൊക്കുകയില്ല. ദൌര്‍ഭാഗ്യം കൊണ്ട് പരപീഡനം കൂടിക്കൂടിവരുന്നു ലോകത്ത്. അതുനിന്ദ്യം. സാഹിത്യത്തില്‍ക്കൂടി, കലയില്‍ക്കൂടി അതുനിര്‍വഹി­ക്കപ്പെടുമ്പോള്‍ കൂടുതല്‍നിന്ദ്യം.