close
Sayahna Sayahna
Search

ഭാവിയിലേയ്ക്ക്--ഒന്നാം വേദി


ഭാവിയിലേയ്ക്ക്--ഒന്നാം വേദി
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ഒന്നാംവേദി

മിത്രങ്ങളേ, ആത്മബന്ധുക്കളേ, വീട്ടുകാരേ!

ഒരേ വീട്ടുകാരാണെങ്കിലും നാം ആദ്യം കാണുന്നവരല്ലേ. പരസ്പരം അഭിവാദനം ചെയ്യാം. ഇത്ര രാവിലെ എല്ലാവരും എത്തിയല്ലോ. അമ്മമാര്‍ കൈക്കുഞ്ഞുങ്ങളുമായി എത്തിയിരിക്കുന്നുവല്ലോ. എല്ലാ മുഖത്തും സന്തോഷം പൂവിരിഞ്ഞു കാണുന്നു. ലോകമഹാസംഭവമാണീ കൂടിച്ചേരല്‍, ആരും ഒന്നും സംസാരിക്കാതെ പിരിഞ്ഞാലും ഇത് വിജയിച്ചിരിക്കുന്നു.

ഇത്ര വളരെ അംഗങ്ങളുള്ള ഒരു വീട്ടില്‍ എല്ലാവര്‍ക്കും തമ്മില്‍ പേരറിയുകപോലും സാദ്ധ്യമല്ല. ഭാഷ പരസ്പരം മനസ്സിലാവില്ല. ഞാന്‍ ഇപ്പോള്‍ മലയാള ഭാഷയിലാണു് സംസാരിക്കുന്നുത്. മറ്റു ഭാഷകള്‍ എനിക്ക് വശമില്ല. തത്സമയ ഭാഷാന്തരോപകരണം ഉള്ളതുകൊണ്ടു് നമ്മുടെ വിചാരങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ പ്രയാസം വരില്ല. ബന്ധുത്വം നിലനിര്‍ത്താന്‍ ഭാഷയോ പരിചയമോ ഒന്നും വേണ്ട. തമ്മില്‍ കാണണമെന്നേ ഇല്ല. ഭാവന മാത്രം മതി, ഭാവനയ്ക്ക് ഒന്നും തടസ്സമല്ല. അതിരില്ലാത്ത ഭാവനാശേഷി നമുക്കുണ്ടു്. അത് വിടര്‍ത്താതെ ചുരുട്ടിവച്ചുകൊണ്ട് ‘ഇവരാരും എനിക്കുള്ളവരല്ല’ എന്നുറപ്പിച്ച് അന്യത്വം പുലര്‍ത്തുന്നതല്ലേ നമ്മുടെ അധോഗതിക്ക് കാരണം. കൈയിലെ കുട നിവര്‍ത്താതെ മടക്കി കക്ഷത്തില്‍ വച്ചുകൊണ്ട് മഴ നനഞ്ഞ് തണുത്തുവിറച്ച് വഴിയരികില്‍ വീണു് മരിക്കുന്ന ഭോഷന്റെ നിലയല്ലേ നമ്മുടേത്!

ആത്മമിത്രങ്ങളേ, നാം ഒരു വീട്ടുകാരാണെന്ന് തിരിച്ചറിയൂ, നാം ഒരേ വാഹനത്തില്‍ ഒന്നിച്ച് സഞ്ചരിക്കുന്ന ഒരേ വീട്ടുകാരാണ്. വഴിയില്‍ എല്ലാവര്‍ക്കും യഥേഷ്ടം കുടിക്കാന്‍ ശുദ്ധജലവും വേണ്ടുവോളം ഭക്ഷണസാധനങ്ങളും എല്ലാവര്‍ക്കും ഇരിപ്പിടവും ഉറങ്ങാന്‍ സൌകര്യവും കാററും പ്രകാശവും എല്ലാം ഉള്ള ശ്രേഷ്ഠമായ വാഹനമാണ് ഭൂമി. സമൃദ്ധവും സുന്ദരവുമായ നമ്മുടെ ഈ ഭൂമിയില്‍ ആനന്ദമായി ജീവിക്കാന്‍ നമുക്കു കഴിയും. ഈ കാഴ്ചപ്പാടിനോട് യോജിക്കാന്‍ കഴിയാത്ത ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കില്‍ അവര്‍ക്ക് ഈ വേദിയില്‍ വന്ന് അവരുടെ അഭിപ്രായം വ്യക്തമാക്കാം.

വിശപ്പാണ് ഒന്നാം പ്രശ്നം

ശരി, ഇദ്ദേഹത്തിന്റെ അഭിപ്രായം നമുക്ക് കേള്‍ക്കാം. ചോദ്യം ഏല്ലാവരും കേട്ടിരിക്കുമല്ലോ. പലരും എഴുന്നേററു നിന്ന് ശരിവയ്ക്കുന്നു. ഞാനും ശരിവയ്ക്കുന്നു. നമുക്കു ഈ സഹേദരന്റെ ഇപ്പോഴത്തെ പ്രശ്നം ആദ്യം പരിഹരിക്കാം. “എനിക്ക് വിശന്നിട്ട് ഇരിക്കാന്‍ വയ്യ. തല കറങ്ങുന്നു. എന്റെ അടുത്തിരിക്കുന്ന ഈ മനുഷ്യന്‍ നിറവിന്റെ ഏമ്പക്കത്തിലാണു്. ഞങ്ങള്‍ ഒരേ വീട്ടികാരാണെന്നും സമൃദ്ധിയിലാണെന്നും ഞാനെങ്ങിനെ കരുതും. എന്റെ അനുഭവം നേരെ മറിച്ചാണല്ലോ? എന്നാണല്ലോ ഇദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്?

ഇവിടെ നല്ല കരിക്കിരിക്കുന്നു. ആദ്യം അനുജന്‍ ഇതു കഴിക്കൂ. ഗൌരീഗാത്രമാണ്. കഴിച്ചോളൂ. ഉടച്ചു തരാം. അകത്തെ കാമ്പുകൂടി കഴിക്കൂ. നല്ല മധുരമുള്ള ഇനമാണ്. മാമ്പഴവും പൂളിത്തരാം, കഴിച്ചോളു. ഇത്രവേഗം മതിയായോ. കരിക്കും മാമ്പഴവും ഇനിയും ഉണ്ട്. എടുത്തോളു. കരിക്ക് ഒന്ന് മതിയോ. നാലു മാമ്പഴം. ബാഗില്‍ അത്രയേ കൊള്ളു. ശരി സീററില്‍ പോയി ഇരുന്നുകൊള്ളു. അദ്ദേഹത്തിന്റെ അടുത്തു തന്നെ ഇരിക്കുക. വിശ്വമാനവരേ, ഇതാ ഇതാണ് പ്രശ്നം, ഒരാള്‍ ധനികന്‍, മറ്റൊരാള്‍ ദരിദ്രന്‍. എങ്ങനെ കുടുംബ ബോധമുണ്ടാകും. കുടുംബബോധത്തിനെന്താണര്‍ത്ഥം. ഇത് ഒട്ടും അംഗീകരിക്കാന്‍ പററില്ല. എന്തുകൊണ്ടിതു സംഭവിച്ചു എന്ന് നമുക്ക് അന്വേഷിക്കാം.

വിശന്ന ആ സുഹൃത്തിന് ആഹാരം തല്ക്കാലം കിട്ടി. അദ്ദേഹത്തിന്റെ ബാഗില്‍ കൊള്ളുന്നത്ര കരിക്കും മാമ്പഴവും കരുതുകയും ചെയ്തു. ഇനി എന്റെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹത്തിന് തടസ്സമില്ല.

ദാരിദ്ര്യം കൃത്രിമമാണ്

അതാ ഒരാള്‍ എഴുന്നേററുവല്ലോ. എന്താണ് പറയാനുള്ളതു് വരിക. ശരി, പൂര്‍ണ്ണമായും ശരി. എന്നാല്‍ എന്റെ കൈവശം അത്രയ്ക്കില്ല എന്നു ഞാന്‍ സമ്മതിക്കുന്നു. ഈ ഒരാള്‍ക്ക് കൊടുത്തതുപോലെ ഈ സദസ്സിലുള്ള വിശക്കുന്നവര്‍ക്കെല്ലാവര്‍ക്കും കൊടുക്കാന്‍ കൈയിലുണ്ടോ എന്നാണ് ചോദ്യം. എന്റെ കൈയിലില്ല. സംഘാടകര്‍ കരുതി ഇരിക്കുന്ന ഈ കരിക്കും പഴങ്ങളും തീരുവോളം വേണ്ടവര്‍ക്കുപയോഗിക്കാം. പിന്നീട് ഞാനും വിശപ്പിലാകും. എന്റെ കൈയ്യില്‍നിന്നു കൊണ്ടുപോകുന്നവര്‍ എന്നെപ്പററി ചിന്തിക്കില്ല. ‘നാം ഒരു വീട്ടുകാരാണ് മറ്റെ അംഗത്തെകൂടി കരുതണം’ എന്ന് വിശക്കുന്നവനും ചിന്തിക്കില്ല. ഒരാളിന്റെ വിശപ്പു തീരാന്‍ വേണ്ടതു കിട്ടിയാല്‍ അടുത്ത ചിന്ത ഭാവിയിലേക്കു് കരുതുന്നതിലേക്ക് തിരിയും. തന്നെപ്പോലെ ഇപ്പോള്‍ വിശക്കുന്നവര്‍ വേറെ ഇവിടെ ഉണ്ടോ എന്ന് അന്വേഷിക്കില്ല. ഇവിടെ എല്ലാവര്‍ക്കും ആഹാരം തയ്യാറാക്കുന്നുണ്ട്. എന്നാല്‍ അപരന്‍ തന്റേതാണെന്ന് ധനികന്‍ കരുതാത്തതുപോലെ ദരിദ്രനും കരുതുന്നില്ല. ഓരോരുത്തരും ഓരോന്നാണ്. ‘ഞാന്‍ എനിക്കുവേണ്ടി’ എന്ന കാഴ്ചപ്പാടാണ് ധനികദരിദ്രഭേദത്തിനു കാരണം. വര്‍ഗ്ഗ വിഭജനം സ്വകാര്യമാത്രബോധത്തില്‍ നിന്നാണ് ജന്മമെടുക്കുന്നത്. എന്റെ കൈയ്യില്‍ വരുന്നത് എല്ലാവര്‍ക്കും കൂടിയുള്ള കുടുംബസ്വത്താണ്. ഈ ഭൂമി വീട്ടിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. അവരുടെ കൈയ്യില്‍ വരുന്നത് എനിക്കും എന്റെ കൈയ്യില്‍ വരുന്നത് അവര്‍ക്കും പങ്കിട്ടനുഭവിക്കുവാനുള്ളതാണ് എന്ന്‍ ഞങ്ങള്‍ രണ്ടുകൂട്ടരും മനസ്സിലാക്കുന്നില്ല. അപ്പോള്‍ കയ്യൂക്കുള്ളവന്‍ തട്ടിപ്പറിച്ച് എല്ലാം തന്റെ കൂടയിലാക്കും. ശക്തി കുറഞ്ഞവന്‍ അടിമയാകും. ഇതാണ് വര്‍ഗ്ഗ വിഭജനത്തിന്റെ അടിസ്ഥാനം. മുതലാളിയും തൊഴിലാളിയും മുതലാളിത്തത്തിന്റെ മനോഭാവത്തിലാണുള്ളത്. ഇടിച്ചുകയറി പിടിച്ചെടുത്തില്ലെങ്കില്‍ പിന്‍തള്ളപ്പെട്ടുപോകും എന്ന് ഒരേ കുടുംബത്തിലെ ഓരോ അംഗത്തിനും തോന്നിപ്പോയാല്‍ ആ കുടുംബം എല്ലാ സമൃദ്ധികളോടുംകൂടി നരകമാകും. അതല്ലേ ഇന്ന് നമുക്കും പററിയിരിക്കുന്നത്! ഞാന്‍ എന്റെ ബോദ്ധ്യം നിങ്ങളുടെ മുമ്പില്‍ വയ്ക്കുകയാണ്. ഈ വിചാരം സമര്‍ത്ഥിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. എന്തുകോണ്ടെന്നാല്‍ പൂര്‍ണ്ണ ശരി എന്റെ ധാരണകള്‍ക്കപ്പുറത്താകാം എന്നു ഞാന്‍ കരുതുന്നു. എന്നാലും ഇത്രകാലവുമുള്ള എന്റെ ചിന്തനത്തില്‍ നിന്ന് എനിക്ക് വെളിവായി കിട്ടിയത് എന്റെ വീട്ടുകാരുടെ മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു. മിത്രങ്ങളേ, ഈ ഭൂമിയില്‍ നമുക്കെല്ലാവര്‍ക്കും കഴിക്കാന്‍ വേണ്ടതിലധികമുണ്ട്. വായു ശ്വസിച്ച് തീര്‍ക്കുവാനോ, വെള്ളം കുടിച്ചു തീര്‍ക്കുവാനോ, കായ്കനികളും ധാന്യങ്ങളും, മത്സ്യങ്ങളും തിന്നു തീര്‍ക്കുവാനോ നമുക്ക് സാദ്ധ്യമല്ല. നമുക്ക് താമസിക്കുവാന്‍ എത്രയോ കുറച്ചു സ്ഥലം മതി. എത്ര വിസ്തൃതമാണ് നമ്മുടെ ആകാശവും ഭൂമിയും. ഇന്ന് നാം അനുഭവിക്കുന്ന ദാരിദ്ര്യം കൃത്രിമമാണ്. പ്രകൃത്യനൂസരണമല്ല. സ്വാഭാവികമല്ല. ഈശ്വരനിശ്ചയമല്ല. വിധിയല്ല. അപരന്‍ ശത്രുവാണെന്ന തോന്നലില്‍ നിന്നുണ്ടായതാണ്.

വഴിതെററി

അതാ ഒരാള്‍ എഴുന്നേററു വരുന്നു. വരൂ, എല്ലാവരോടുമായിട്ട് പറയൂ. കേട്ടു, വളരെ നേരായ ചിന്തയാണ് താങ്കള്‍ സദസ്സിന്റെ മുന്‍പാകെ വച്ചത്. സദസ്സിലാകെ പുതിയൊരു ജിജ്ഞാസ ഉണര്‍ന്നു വരുന്നതായി കാണുന്നു. സന്തോഷം. “യുക്തികൊണ്ടീ ദാരിദ്ര്യം കൃത്രിമമാണെന്ന് സമര്‍ത്ഥിക്കാമെങ്കിലും അനുഭവം എന്ന സത്യത്തെ തള്ളിക്കളയാന്‍ യുക്തിക്ക് സാദ്ധ്യമല്ല. നമ്മുടെ ഇടയില്‍ പട്ടിണിമരണം ഉണ്ട്. പാര്‍ക്കാനിടമില്ലാതെ അലയുന്നവരുണ്ട്. ഈ സത്യം ഞാന്‍ കാണുന്നില്ലേ എന്നാണദ്ദേഹത്തിന്റെ ചോദ്യം. അതു കാണുന്നതുകൊണ്ടാണ് ഞാന്‍ നിങ്ങളെ ഈ പ്രഭാതത്തില്‍ വിളിച്ചുകൂട്ടിയത്.

എന്റെ കൂട്ടരേ, നാം വഴിതെററി സഞ്ചരിച്ചു പോയി; സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യോല്പത്തി മുതലേ മനുഷ്യന്‍ വഴിതെററി സഞ്ചരിക്കുക ആയിരുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. ഏതായാലും ചരിത്രത്തില്‍ എത്തിപ്പിടിക്കുവാന്‍ കഴിഞ്ഞത്ര കാലഘട്ടത്തില്‍ മനുഷ്യന്‍ വഴിതെററി സഞ്ചിരിക്കുക ആയിരുന്നു. ഭരണാധികാരികളും, ഉച്ചനീചത്വങ്ങളും അന്യത്വവും, പോരാട്ടങ്ങളും അറിയപ്പെടുന്ന കാലം മുതല്‍ ഉണ്ട്. ജന്തുസഹജമായ സംശയത്തില്‍ നിന്ന ശത്രുതയിലേക്കാണ് നാം തിരിഞ്ഞത്. സംശയത്തില്‍ നിന്ന് മൈത്രിയിലേക്കായിരുന്നു തിരിയേണ്ടിയിരുന്നത്. അപര‌ന്‍ ശത്രുവോ മിത്രമോ എന്ന സംശയം ജീവന്റെ കൂടെ ഉള്ളതാണ്. ഇരതേടുമ്പോല്‍ തന്നെ ഇരയാകാതിരിക്കണം എന്ന കരുതല്‍ കൂടി എല്ലാ ജീവികള്‍ക്കും ഉണ്ട്. സ്വരക്ഷയ്ക്ക് തന്റെ കൈകള്‍ക്കൊപ്പം അപരന്റെ കൈകള്‍കൂടി വേണം എന്നു മനസ്സിലാകാതെ അവന്‍റെ നേരെ കല്ലെടുത്തതാണ് കുഴപ്പങ്ങളുടെ തൂടക്കം എന്നെനിക്കു തോന്നുന്നു. കൈകോര്‍ക്കുക സംസ്ക്കാരമാണ്. കല്ലെടുക്കുക പൈശാചികമാണ്. സംസ്കാരം ഉള്ളില്‍ വളര്‍ത്തിയെടുക്കേണ്ടതാണ്. പൈശാചികതയ്ക്ക് വളരാന്‍ പ്രത്യേക പരിശീലനം വേണ്ട. കളകള്‍ ആര്‍ത്ത് വളരുമ്പോലെ ഭയവും കോപവം ആര്‍ത്തിയും വളര്‍ന്നുകൊള്ളും. ദേഷ്യം വരാന്‍ പ്രത്യേക പരിശീലനം വേണ്ട. ലൈംഗികാനന്ദം പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. എന്നാല്‍ ക്ഷമ, സംയമനം തുടങ്ങിയ ഗുണവികസനത്തിനു പഠനവും സാധനയും വേണം. ദൌര്‍ഭാഗ്യവശാല്‍ ആദ്യകാലം മുതല്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും നമുക്ക് കിട്ടിയ പരിശീലനം തിന്മയുടെ വളര്‍ച്ചയ്ക്ക് സഹായമായിപ്പോയി. ഭയത്തില്‍ നിന്നു മോചനം നേടാന്‍ ആയുധാഭ്യാസമാണ് പരിശീലിപ്പിച്ചത്. ഭയപ്പെടേണ്ടവരല്ല; ബന്ധുക്കളാണ് എല്ലാവരും എന്ന് പരസ്പരം ബോദ്ധ്യപ്പെടുത്തേണ്ടതിനു പകരം രണ്ടു ഭാഗത്തും ആയുധ പരിശീലനം നല്‍കുകയാണ് ചെയ്തത്. വില്ലാളി വീരന്മാരാകാന്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. നാടുതോറും ആയുധപരിശീലനത്തിനുള്ള കളരികള്‍ ഉണ്ടായത് അന്യത്വബോധത്തിന്റെ മാനസികാവസ്ഥയില്‍ നിന്നാണ്. തന്റെ മകന്‍ നിറയൌവനത്തില്‍ വീരചരമമടയുന്നതില്‍ ഒരു മാതാവിന് അഭിമാനിക്കാന്‍ കഴിയത്തക്കവണ്ണം സമൂഹമനസ്സ് അധഃപ്പതിച്ചുപോയി. ആര്‍ദ്രമാകേണ്ട മനസ്സുകള്‍ കഠോരമാകാനുള്ള സാഹചര്യമാണ് വ്യാപകമായി സൃഷ്ടിക്കപ്പെട്ടുപോയത്.

‘എന്റെ ആള്‍ക്കാരാണ് എല്ലാവരും, ഞങ്ങള്‍ പരസ്പരം കണ്ടറിയുന്നില്ലെങ്കിലും ഞങ്ങള്‍ ഒരേ ഒരു കുടുംബത്തില്‍ ഒരേ സംരക്ഷണയില്‍ വളരുന്ന ഓമനകളാണ്’ എന്ന വികാരം കുട്ടികളില്‍ വളര്‍ന്നുവരാനുതകുന്ന കളരികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. സത്യമതായതുകൊണ്ട് ലോകത്തിന്റെ മുക്കിനും മൂലയിലും കാലപ്രവാഹത്തിനിടയില്‍ ‘നാം ഒന്നാണ്’ എന്ന ശബ്ദവും മുഴങ്ങാതിരുന്നില്ല. എന്നാല്‍ ബഹുജനങ്ങളെ രൂപപ്പെടുത്തിയ ശബ്ദം അകന്നു നിന്നു പോരടിച്ച വെട്ടിപ്പിടിക്കുന്നതിന്റെതായിരുന്നു. ‘എല്ലാം എനിക്കായിരിക്കണം’ എന്ന് ഓരോരുത്തരും ആഗ്രഹിക്കുകയും അതിനുവേണ്ടി മരിച്ചുപോരാടാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ആ കുടുംബത്തിന്റെ അവസ്ഥ എന്താവും.

മനുഷ്യമനസ്സില്‍ ഒരുമിപ്പിന്റെ ഭാവം വികസിപ്പിക്കുവാന്‍ ചെയ്ത സകല പരിശ്രമങ്ങളേയും, ഈ സ്വാകാര്യ- വിപരീത - സങ്കുചിത വീക്ഷണം ചവുട്ടിമെതിച്ച്, ജയഭേരി അടിച്ച്, വിവിധ സമൂഹരുപങ്ങളായി വേര്‍തിരിച്ച് ലോകത്തെ ബീഭത്സമാക്കികൊണ്ടിരിക്കുകയാണിന്നും. ഞാന്‍ അതിശയോക്തിയുടെ ഭാഷ ഉപയോഗിക്കുന്നുവേന്ന് ആര്‍ക്കും തോന്നാതിരിക്കട്ടെ. ആലോചിച്ചു നോക്കു. ലോകത്തെ നമ്മുടെ കുടുംബമായി കണ്ട് പരസ്പരം സ്നേഹിച്ചും കൊടുത്തും വാങ്ങിയും ഒററ ഒരു ജനതയായി ജീവിക്കുകയാണ് വേണ്ടത് എന്നു പറഞ്ഞ ആരെ എങ്കിലും നാം ഒററപ്പെടുത്താതിരുന്നിട്ടുണ്ടോ? അവരുടെ പേരിലും നാം പുതിയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുകയല്ലേ ചെയ്തത്. നമ്മുടെ സ്വാര്‍ത്ഥപ്പുളിനീരില്‍ അവര്‍ തന്ന വിത്തുകളും മുക്കി കിളിർക്കാനനുവദിക്കാതെ മരവിപ്പിക്കുകയല്ലേ നാം ചെയ്തു കൊണ്ടിരിക്കുന്നത്. ഞാന്‍ ദീര്‍ഘമായി സംസാരിക്കാനുദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ ചില നിഗമനങ്ങള്‍ നിങ്ങളുടെ മുമ്പില്‍വച്ച് അഭിപ്രായമറിഞ്ഞ് ഒന്നിച്ച് കഴിവതു ചെയ്തു തുടങ്ങുവാനാഗ്രഹമുണ്ട്. എന്റെ നിഗമനം ഞാന്‍ വീണ്ടും പറയട്ടെ; കേട്ടിട്ട് അഭിപ്രായ വ്യത്യാസമുള്ളവര്‍ ഈ വേദിയിലേക്ക് വന്ന് തുറന്ന് പറയണം. ഇത് എല്ലാവര്‍ക്കും യഥേഷ്ടം സ്വാഭിപ്രായം വെളിപ്പെടുത്താനുള്ള വേദിയാണ്. ==പോയിന്റ് ഒന്ന്== — ഈ ഭൂമിയില്‍ ഇവിടെ ഉള്ള എല്ലാവര്‍ക്കും സന്തോഷമായി ജീവിക്കുന്നതിന് വേണ്ടതെല്ലാമുണ്ട്. ഒരാള്‍ പോലും പട്ടിണികിടക്കേണ്ട കാര്യം ഈ വീട്ടിലില്ല. നിങ്ങളുടെ കയ്യടിയും അനുകൂല ശബ്ദങ്ങളും പ്രകൃതിയ്ക്കാകെ നവജീവന്‍ പകരുമെന്ന് എനിക്കുറപ്പുണ്ട്. കാരണം ഭൂമിയുടെ ആധികാരിക സദസ്സാണൈത്. ഭൂമിക്കുവേണ്ടി ഭൂമിക്കാരന്‍ ഭൂമിക്കാരെ വിളിച്ചുകൂട്ടി സൃഷ്ടിച്ച സദസ്സാണിത്. നാം ആവേശഭരിതരാകുന്നതില്‍ അര്‍ത്ഥമില്ല. അത് താല്ക്കാലികമായിപ്പോകും. വിചാരഭരിതരാകാണം. കയ്യടി നിറുത്തി എല്ലാവരും അവരവരുടെ സീററുകളില്‍ ഇരിക്കൂ. മനസ്സ് ശാന്തമാകട്ടെ. സാവധാനം ഭാവന ചെയ്യൂ. നമമള്‍ വേണ്ടപ്പെട്ടവരാണ്. ഒരേ ഭൂമിയില്‍ ഒന്നിച്ചു ജീവിക്കുന്നവരാണ്. അന്യരായി ഇവിടെ ആരുമില്ല. ഒന്നിനൊന്നില്ലെന്നു വന്നാല്‍ നമ്മളെല്ലാവരും ഇല്ലാതാകും. ഒന്നിനൊന്നുണ്ട് എന്നു വന്നാല്‍ ജീവിതം ആനന്ദമാകും. ഭൂമിയാകെ നിറഞ്ഞ് നിരന്ന് ഒഴുകുന്ന അന്യോന്യതയുടെ കുളിര്‍ധാരയില്‍ ചേരാന്‍ നമുക്ക് ഓരോ ഉറവയാകാം. വററാത്ത ഉറവയാകാം. ഇനി നമുക്കല്‍പസമയം മൌനമായി ഈ സത്യം ഭാവനചെയ്യാം.

മയക്കുകയല്ല; ഉണര്‍ത്തുകയാണ് ലക്ഷ്യം

അതാ ആ യുവാവ് എന്തോ പറയുന്നുവല്ലോ. വരു, ഇവിടെ വന്ന് എല്ലാവരും കേള്‍ക്കത്തക്കവണ്ണം പറയു. ഓ, ശരി, അനുജാ, നിനക്ക് അങ്ങിനെ തോന്നിയിതില്‍ തെററുണ്ടെന്നു ഞാന്‍ പറയുന്നില്ല. “ഈ സുപ്രഭാതത്തില്‍ താങ്കല്‍ ഞങ്ങളെ എല്ലാം ഹിപ്നോടൈസ് ചെയ്യാനാണോ തുടങ്ങുന്നത്. താങ്കള്‍ക്ക് കീഴടങ്ങാന്‍ ഞാന്‍ തയ്യാറല്ല” എന്നാണല്ലോ അനുജന്‍ പറഞ്ഞത്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഹിപ്നോടൈസ് ചെയ്യപ്പെട്ട് അതില്‍ മയങ്ങിപ്പോയ നമ്മളെ നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തിലേക്ക് ഉണര്‍ത്തിക്കൊണ്ട് വരാനാണ്. മയക്കാനല്ല, ഉണര്‍ത്താനാണ് ഈ സംരംഭം. ഞാന്‍ ഈ സദസ്സിന്റെ മുന്നില്‍ വച്ച പ്രമേയതേതാട് അനിയന് യോജിപ്പില്ലെങ്കില്‍ അതു വ്യക്തമാക്കൂ. ഈ ഭൂമിയില്‍ ഒരു മനുഷ്യന് പട്ടിണികിടക്കേണ്ടി വരുന്നത് അയാള്‍ക്കു കൂടി വയറു നിറച്ച് കഴിക്കാന്‍ വേണ്ട വക ഇല്ലാത്തതുകൊണ്ടല്ല. സമൃദ്ധിയുടെ കഴിവുകളുടേയും മദ്ധ്യത്തിലാണ് പട്ടിണി. വല്ലതും പോരാതെ വന്നാല്‍ അതുണ്ടാക്കാനുള്ള ബുദ്ധിയും സാമര്‍ത്ഥ്യവും നമുക്കുണ്ട്. ഒരാള്‍ക്ക് കഴിവില്ലെങ്കില്‍ അപരന് അനന്തമായ കഴിവുകളുണ്ട്. ഓരോരുത്തരുടേയും കഴിവുകള്‍ പരസ്പരം ഒഴുകാന്‍ തുടങ്ങുമ്പോള്‍ കഴിവുകേടുകള്‍ അതില്‍ ലയിച്ചുപോകും. ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ നമമുടെ ഇടയില്‍ ഒരാള്‍ക്ക് പോലും കിട്ടാതെവരില്ല. എന്തുകൊണ്ടെന്നാല്‍ ഇവിടെ എല്ലാം ഉള്ളതുകൊണ്ടുതന്നെ. തന്നെയല്ല ഓരോരുത്തര്‍ക്കും കിട്ടണമെന്ന് എല്ലാവരും ആഗ്രഹിച്ചാല്‍ ഈ ലോകത്ത് ദാരിദ്ര്യം നിലനില്‍ക്കുമെന്ന് അനുജന്‍ കരുതുന്നുണ്ടോ?‍ മതി, അതു സമ്മതിച്ചുവല്ലോ. അനിയന്റെ ഉളളിലുള്ള ആ ബോധത്തെ ഉണര്‍ത്തി ഉറപ്പിക്കുക മാത്രമാണ് ഈ മൌനത്തിന്റെ ലക്ഷ്യം. എന്റെ വിചാരം ഈ സദസ്സിന്റെ മേല്‍ ചുമത്താനല്ല, ഇവിടെ ഇരിക്കുന്ന ഓരോരുത്തരുടേയും ഉള്ളില്‍ മങ്ങിക്കിടക്കുന്ന മാനുഷികതയെ ഊതി തെളിക്കുവാന്‍ ഓരോരുത്തരും ചെയ്യേണ്ട ശ്രമത്തിന്റെ ഭാഗമാണീ ധ്യാനം. ഇതിന് ==മാനുഷിക ധ്യാനം== എന്നു പറയാം ജൈവധ്യാനമെന്നും പറയാം. പദങ്ങളില്‍ നാം കുരുങ്ങാതിരിക്കണം. ഭൂമിയില്‍ നാം ഇന്നനുഭവിക്കുന്ന ദാരിദ്ര്യം ഭൂമി വന്ധ്യ ആയുതുകൊണ്ടോ, മനുഷ്യന് കഴിവില്ലാത്തതുകൊണ്ടോ സംഭവിക്കുന്നതല്ല. ഓരോരുത്തരും സമ്പത്തും അധികാരവും സുഖഭോഗങ്ങളും തന്റെ കസ്ററഡിയില്‍ ആയിരിക്കണം എന്ന സങ്കുചിതധാരണ പുലര്‍ത്തുന്നതാണ് ദാരിദ്ര്യം, കലഹം, രോഗം തുടങ്ങിയ അനര്‍ത്ഥങ്ങളുടെ അടിസ്ഥാന കാരണം എന്നാണെന്റെ നിഗമനം. ഈ നിഗമനത്തില്‍ തെററുണ്ടെങ്കില്‍ ഈ വേദിയില്‍ വന്നു പറയുക. ശരി എങ്കില്‍, അത് പരിഹരിക്കാന്‍ നിശ്ചയിച്ചുകൊണ്ട് നമുക്കടുത്ത പടി ചിന്തിക്കാം. അനന്തമായ വികസന സാദ്ധ്യതയുള്ള മനുഷ്യമനസ് സ്വകാര്യമാത്ര ജീവിത വീക്ഷണത്തിന്റെ സുഖം പിടിച്ച് മരുടിച്ചുപോയി. ഇതാണ് മനുഷ്യനെ ഇന്നഭിമുഖീകരിക്കുന്ന വിഷമ പ്രശ്നം. മററുള്ളവരിലേക്ക് വികസിക്കുവാന്‍ ആരും മനസ്സിനെ ശീലിപ്പിക്കുന്നില്ല. മനസ്സിന് ഒരു സ്വാഭാവമുണ്ട്. വികസിക്കാനിടവരുന്നില്ലെങ്കില്‍ അത് സങ്കോചിച്ചുകൊണ്ടിരിക്കും. വെറുതേ ഒരേ പോലെ ഇരിക്കുകയില്ല. വികസന സാദ്ധ്യത ഉളളതിനെല്ലാം സങ്കോചന സാദ്ധ്യതയും ഉണ്ട്. നമമുടെ മനസ്സിന് അപാരമായ വ്യാപനശക്തി ഉണ്ട്. അത് ഒററ വീട്ടിലേയ്ക്കോ സമുദായത്തിലേയ്ക്കോ ചുരുങ്ങുവാനനുവദിച്ചാല്‍ വീണ്ടും ചുരുങ്ങിക്കൊണ്ടേ ഇരിക്കും. ഞാന്‍ എനിക്കുവേണ്ടി മാത്രം എന്ന തലത്തില്‍ മുരടിച്ചു പോകും. പിന്നെ സദാ പുറുപിറുത്തും ശപിച്ചും അസ്വസ്ഥനായിരിക്കും. വികസിക്കാന്‍ തുടങ്ങിയാലോ അതിരുകള്‍ക്കൊന്നിനും തന്നെ തടഞ്ഞുനിര്‍ത്താനാവില്ല. ഭാരം കുറഞ്ഞു കുറഞ്ഞുവരും. ആനന്ദം പരമാനന്ദം! ജീവിതവും മരണവും ആനന്ദമാകും. ഇത് എന്റെ വീക്ഷണം നിങ്ങളടെ വീക്ഷണം വ്യക്തമാക്കൂ.

അപരനു വേണ്ടി ഞാന്‍ നീറുന്നതെന്തിന്?

ഇതാ ഒരു സഹോദരി വരുന്നു. അവര്‍ക്ക് പറയാനുള്ളത് നമുക്ക് കേള്‍ക്കാം. എത്ര സരളമായി സംസാരിച്ചു. ‘എനിക്ക് എന്റേതായ ഒരു ശരീരം ഉള്ളടത്തോളം കാലം ഞാന്‍ അതിന് തന്നെ മുന്‍ഗണന നല്‍കും. എനിക്ക് വിശന്നാല്‍ മററുള്ളവര്‍ ഊണുകഴിച്ചാല്‍ പോരാ. എനിക്കുതന്നെ ഉണ്ണണം. എന്റെ ആവശ്യങ്ങള്‍ എനിക്കു സാധിക്കണം. അതാവും എന്റെ ജീവിതലക്ഷ്യം. അപരനുവേണ്ടി എന്നെ ഹോമിക്കാന്‍ എനിക്കാവില്ല” നിങ്ങള്‍ കയ്യടിച്ചതില്‍ നിന്ന് ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഈ പോയിന്റില്‍ നിന്നു തന്നെ തുടങ്ങാം. എന്നെക്കൂടാതെ നിങ്ങളുടെ ഏതെങ്കിലും ഒരാവശ്യം നിങ്ങള്‍ക്ക്‌ ഒറ്റയ്ക്ക് നിര്‍വ്വഹിക്കാനാകുമോ? നിങ്ങളുടെ ശരീരത്തിന്റെ നിലനില്‍പിനും ശാരീരികാവശ്യങ്ങളുടെ നിര്‍വ്വഹണത്തിനും നിങ്ങള്‍ തന്നെ മതിയോ? നാം ജീവിക്കുന്നത് പരസ്പരം ബന്ധപ്പെട്ടുതന്നെയാണ്. ഒരെഴുത്തുകാരന്‍ ഒററയ്ക്കിരുന്ന് എഴുതുന്നുവെന്ന് കരുതുക. പേപ്പര്‍, പേന, മഷി, ഭാഷ ഇതില്‍ ഏതെങ്കിലും അയാളുടെ സൃഷ്ടിയാണോ?

ആശയങ്ങള്‍ എവിടെ നിന്നെല്ലാം ശേഖരിച്ചു. എഴുതുന്നതുപോലും മററുള്ളവര്‍ക്കുവേണ്ടിയല്ലേ. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നു. കേള്‍ക്കാന്‍ നിങ്ങളാരുമില്ലെങ്കിലോ. നിങ്ങള്‍ക്ക് ശുദ്ധമായ ആഹാരം കിട്ടണമെങ്കില്‍ ഞാന്‍ വിഷം കലര്‍ത്താതെ അരി തരേണ്ടേ? നിങ്ങള്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ കിട്ടണമെങ്കില്‍ മററുള്ളവര്‍ വായു മലിനമാക്കാതിരിക്കേണ്ടേ? നിരന്തരം പ്രകൃതിയുടേയും മററു ജീവരാശികളുടേയും മനുഷ്യന്റേയും സഹകരണം അനുഭവിച്ചുകൊണ്ടിരുന്നിട്ടും അപരനുവേണ്ടി എന്നെ കിട്ടില്ല എന്നു നിങ്ങള്‍ പറയുന്നുവല്ലോ. ഇങ്ങനെ എല്ലാവരും വിചാരിച്ചാല്‍ ആ നിമിഷം ഭൂമി ചലനമററ് നിര്‍ജ്ജീവമാകും. എന്നാല്‍ ഈ പാരസ്പര്യം ഇന്ന് ബോധപൂര്‍വ്വമല്ല നടക്കുന്നത്. ബന്ധുത്വബോധത്തിലുന്നിയിട്ടില്ല. അന്യോന്യ ജീവിതം ഇന്നു നടക്കുന്നത് തന്‍ കാര്യബോധത്തിലാണ്. അന്യത്വം നിലനിര്‍ത്തിക്കൊണ്ട് അന്യോന്യത പുലര്‍ത്തുകയാണ് നാം ഇന്ന്. അതുകൊണ്ടാണ് ഈ സദസ്സില്‍ നിന്ന് ഇങ്ങനെ ഒരു ശബ്ദമുണ്ടായത് എന്നെനിക്കു തോന്നുന്നു.

ആത്മഹത്യാപരമായ ശബ്ദമാണിത്. ‘മററുള്ളവര്‍ക്കു വേണ്ടി ഉള്ളതല്ല എന്റെ ജീവിതം; എന്ന കാഴ്ചപ്പാടിനെപ്പോലെ ഇത്ര സാമൂഹ്യവിരുദ്ധവും നന്ദികെട്ടതുമായ മറ്റൊരു കാഴ്ചപ്പാടില്ല. ‘നാം വേണ്ടപ്പെട്ടവരാണ്. ഞാന്‍ നിനക്കുവേണ്ടി ഉണ്ട്. നീ എനിക്കുവേണ്ടിയും ഉണ്ടാകണം’. ഇതാണ് മാനുഷിക കാഴ്ചപ്പാട്. ആദ്യത്തെ കാഴ്ചപ്പാട് ജന്തുസഹജമാകയാല്‍ അത് നിലനിര്‍ത്താന്‍ യാതൊരു പരിശ്രമവും വേണ്ട. രണ്ടാമത്തെ കാഴ്ചപ്പാട് ജന്തുത്വത്തില്‍ നിന്ന് മനുഷ്യത്വത്തിലേക്കുള്ള കയററമാണ്. അതിന് സാധന ചെയ്തേ പററൂ. ഈ സാധനയ്ക്കുള്ള രണ്ടു സുപ്രധാന കളരികളാവേണ്ട ദേവാലയവും വിദ്യാലയവും ജന്മസിദ്ധമായ മൃഗവാസനകളുടെ ഒഴുക്കില്‍പെട്ടുപോയി എന്നുതന്നയല്ല; ജന്തുക്കളെക്കാള്‍ താണപടിയിലേക്ക് വഴുതിപ്പോകുകയും ചെയ്യുന്നു. മനസ്സിന്റെ മനുഷ്യോചിതമായ രൂപീകരണത്തില്‍ ശ്രദ്ധിക്കാതെ മനുഷ്യന് മോചനം ലഭിക്കുമെന്നു തോന്നുന്നില്ല. ജന്മനാ മനസ്സ് ചുരുണ്ടിരിക്കും. സാധന ചെയ്ത് സാവധാനം വിടര്‍ത്തിക്കൊണ്ടു വരുന്നില്ലെങ്കില്‍ അതേ അതേപടി ഇരുന്നുകൊള്ളുക ഇല്ല. ഏറെ ഏറെ ചുരുണ്ടുകൊണ്ടിരിക്കും. അവനവനിലേക്കുള്ള ഈ ചുരുണ്ടുകൂടലാണ് വര്‍ഗ്ഗീയ ലഹളകളായും കവര്‍ച്ചകളായും ബലാല്‍സംഗങ്ങളായും യുദ്ധങ്ങളായും വിവിധ രൂപങ്ങളില്‍ അപകടം സൃഷ്ടിക്കുന്നത്. റോഡപകടങ്ങള്‍ പോലും അപരനെ പരിഗണിക്കാതെ തോല്പിച്ചു മുന്നേറാനുള്ള സാമൂഹ്യ വിരുദ്ധ പ്രവണതയുടെ ഫലമാണ്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും വിപരീതാഭിപ്രായമുണ്ടെങ്കില്‍ വന്ന് പറയാം. എനിക്കത് ശ്രദ്ധിക്കാന്‍ താല്പര്യമാണ്.

നിശബ്ദമായ ഈ സദസ്സ് ഈ ആശയത്തിന് ഒരോട്ടാണെന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ എങ്കില്‍ ഇത്രയും സമയം നാം ചിന്തിച്ച കാര്യങ്ങളെക്കുറിച്ച് നിശബ്ദമായി എല്ലാവരും ഉളളില്‍ വിചാരിക്കൂ. വീണ്ടും ഉറപ്പാക്കൂ. 1) നമുക്കെല്ലാവര്‍ക്കും സുഖമായി ജീവിക്കാന്‍ വേണ്ടതെല്ലാം ഇവിടെ ഉണ്ട്. പോരാതെ വന്നാല്‍ നമുക്ക് ഉല്പാദിപ്പിക്കുവാന്‍ കഴിയും. ഭൂമിയില്‍ ആര്‍ക്കും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ കഷ്ടപ്പെടേണ്ട കാര്യമില്ല. (2) നാം ഒരു വലിയ കൂട്ടുകൂടുംബത്തിലെ അംഗങ്ങളാണ്. ഇവിടെ അന്യരായി ആരും ഇല്ല (3) ആരുടെ കയ്യില്‍ എന്തു കിട്ടിയാലും സന്തോഷമായി പങ്കിട്ടനുഭവിക്കാനുള്ളതാണെന്നറിഞ്ഞ് കൊടുത്തും വാങ്ങിയും ശീലിക്കണം. എത്ര ചെറുതും വലുതും കൊടുക്കുവാനും വാങ്ങുവാനും തയ്യാറാകണം. ആരോഗ്യം, അറിവ്, തൊഴില്‍, ബുദ്ധി, കലാവാസനകള്‍ തുടങ്ങി എല്ലാ സമ്പത്തും പരസ്പരാനന്ദജീവിതത്തിനുള്ളവയായിത്തീരണം. (4) ഈ വിദ്യാഭ്യാസം — ഈ സാധന — പരിശീലിക്കാതിരുന്നതാണ് മനുഷ്യവര്‍ഗ്ഗത്തിന് പറ്റിയ തെറ്റ്. ഈ നാലു പോയന്റുകളെപ്പററി അല്പസമയം മൌനവിചാരം ചെയ്യാം.

ഈ വേദി അവസാനിച്ചു. എല്ലാവരും പരസ്പരം സംസാരിച്ചും ചുററിനടന്നും അര മണിക്കൂര്‍ ചെലവഴിക്കുക. മനസ്സ് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍പോലും കുരുങ്ങാതെ സ്വതന്ത്രമാകട്ടെ. മാറിനിന്ന് നോക്കി കാണുക. നമുക്ക് വീണ്ടും ചേരാം.