close
Sayahna Sayahna
Search

ഭാവിയിലേയ്ക്ക്--സമാപനം


ഭാവിയിലേയ്ക്ക്--സമാപനം
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

സമാപനം

ഇതിനെല്ലാമുപരി മൈത്രീഭാവന എന്ന ഒരേഒരു കാര്യം പരിശീലിക്കുകയും മററുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു തുടങ്ങിയാല്‍ വീട്ടിലും പുറത്തും ജീവിതം ശാന്തമാകാന്‍ തുടങ്ങും.

“എന്നാല്‍ കഴിവത് ഞാന്‍ ചെയ്യും” എന്ന നമുക്കോരോരുത്തര്‍ക്കും ഇവിടെ വച്ച് ഇപ്പോള്‍ നിശ്ചയിക്കണം. “പുതിയലോകം ഉണ്ടാകുകയോ എല്ലാം കൂടി നശിക്കുകയോ എന്തും സംഭവിക്കട്ടെ. എന്റെ ഗുണദോഷങ്ങളോടുകൂടി എനിക്ക് ബോധമുള്ളേടത്തോളം കാലം ബന്ധുത്വബോധത്തില്‍ ഊന്നിയുള്ള അന്യോന്യജീവിതം എന്റെ ഭൂമിയില്‍ സംഭവിപ്പിക്കുന്നതിന് ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.” സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്നവരെങ്കിലും തങ്ങളുടെ പ്രവര്‍ത്തനത്തിന് ഈ ദിശ സ്വീകരിച്ചെങ്കില്‍ എന്നു ‍ഞാനാശിക്കുന്നു. ഭരണകൂടങ്ങളും നാണയവും ആര്‍ക്കും ആവശ്യമില്ലാതാകുന്ന ഒരു ബന്ധുസമൂഹമാകണം നമ്മുടെ വര്‍ഗ്ഗം എന്ന ലക്ഷ്യം നമ്മുടെ സകലചലനങ്ങളിലും ഉണ്ടായിരിക്കട്ടെ. നാം ഇപ്പോള്‍ പിരിയുന്നു. എന്നാല്‍ ഇനിയുള്ള നമമുടെ ജീവിതത്തിന്റെ ഗതി ഈ വഴിക്കായിരിക്കട്ടെ. ഒരു വസ്തുത പ്രവര്‍ത്തകര്‍ പ്രത്യേകം ഓര്‍ക്കണം. നമ്മുടെ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമായി നമമുടെ ലക്ഷ്യം നേടാന്‍ സാദ്ധ്യമല്ല. ഗവണ്‍മെന്റ്, രാഷ്ട്രീയ കക്ഷികള്‍, മത-സാമുദായിക സംഘടനകള്‍ തുടങ്ങി വിപരീതമെന്നു തോന്നാവുന്നവയുടെ സഹകരണം കൂടി ലഭിക്കത്തക്കവണ്ണമായിരിക്കണം നമ്മുടെ സമീപനം.

“വിശ്വമാനവരേ, ഒന്നിക്കുവിന്‍” എന്ന സൈറണ്‍ മുഴക്കുന്നവരാകട്ടെ നാം ഓരോരുത്തരും. അനൈക്യമുണ്ടാക്കുന്നതൊന്നും - അത് സമ്പത്തോ, അധികാരമോ, ബലമോ, ഈശ്വരവിശ്വാസമോ, ചരിത്രമോ എന്തുമാകട്ടെ നമുക്കിനി വേണ്ട. പരസ്പരം കീഴടക്കാന്‍ ഉപയോഗിക്കുന്ന വാക്കും തോക്കും നമുക്കിനി വേണ്ട.

എല്ലാവരും അല്പസമയം കണ്ണടച്ചിരുന്ന് ഈ ആശയത്തെ ഉള്ളില്‍ ദൃഢമാക്കുക. “ഭൂമി നമ്മുടെ കുടുംബവീട്. സൌകര്യത്തിനുവേണ്ടി നാം വേറേ വേറേ താമസിക്കുന്നു. ആന്യരായി ഇവിടെ ആരുമില്ല. എല്ലാവരും വേണ്ടപ്പെട്ടവര്‍”.

എല്ലാവരും ഭക്ഷണശാലയിലേക്ക് പോരൂ. ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികള്‍ തയ്യാറായിട്ടുണ്ട്. സൌകര്യമായ സ്ഥാനങ്ങളിലിരുന്ന് കഴിക്കാം. വീടുകളിലേക്ക് കൊണ്ടുപോകാന്‍ ഓരോരുത്തര്‍ക്കും ഓരോ പൊതി വേറെയും കരുതിയിട്ടുണ്ട്. അവരവര്‍ക്കെടുക്കാം. മടക്കയാത്രയ്ക്ക് വാഹനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. നമുക്ക് വീണ്ടും ചേരാം. താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടാം.

അഭിവാദനങ്ങള്‍

പത്രാധിപര്‍, ദര്‍ശനം
കഞ്ഞിപ്പാടം പി. ഒ.
ആലപ്പുഴ, കേരളം 688005
ഫോണ്‍: 0477–273323

NB
വായനക്കാരുടെ മുന്‍ ധാരണയില്‍ ഈ പുസ്തകം എന്തെങ്കിലും മാററം വരുത്തിയിട്ടുണ്ടെന്ന് ബോദ്ധ്യം വരുന്നവര്‍ ആ വിവരവും, വ്യത്യസ്ത അഭിപ്രായമുള്ളവര്‍ അവരുടെ വീക്ഷണവും അറിയിക്കുന്നത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായിരിക്കും. എഴുതുമല്ലോ.