close
Sayahna Sayahna
Search

മുഴുമിക്കാത്ത ഒരു യാത്ര


മുഴുമിക്കാത്ത ഒരു യാത്ര
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍ നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

ദേഹത്തുവരിഞ്ഞ ഇളംകൈ പതുക്കെ മാറ്റി, മുളച്ചു വരുന്ന നനുത്ത മീശക്കു താഴെയുള്ള ചുണ്ടുകളില്‍ ചുണ്ടുചേര്‍ത്ത് അവസാനമായി ചുംബിച്ച്, അഴിഞ്ഞ പാവാടചരടുകള്‍ ചേര്‍ത്തുപിടിച്ച് അവള്‍ എഴുന്നേറ്റു. സാരിയെടുത്തുടുത്ത് അപ്പോഴും കിടക്കുകയായിരുന്ന ജയനെ വിളിച്ചു.

എണീക്കു ജയന് പോകേണ്ട സമയായി.

മുറിയില്‍ ഇരുട്ട് നിറഞ്ഞു തുടങ്ങി. മരത്തിന്റെ അഴികളുള്ള ജനലിലൂടെ കാണുന്ന മരങ്ങള്‍ നിഴലുകളായി മാറി അതിനും അപ്പുറത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വെളിച്ചം സ്ഫുരിച്ചു നിന്നു, പുറത്ത് കിളികളുടെ അസ്വസ്ഥശബ്ദങ്ങള്‍ കേട്ടു.

ഞാന്‍ നാളേം വരും. അതിന് ടീച്ചറ് സമ്മതിച്ചാലല്ലാതെ ഞാന്‍ പോവില്ല്യ.

കഴിഞ്ഞ ഒരു മണിക്കൂറായി അവള്‍ ജയനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടരാന്‍ വിഷമമായ ബന്ധത്തെപ്പറ്റി അവന്റെ ഭാവിയെപ്പറ്റി. സ്‌നേഹം എന്നും നിലനില്ക്കില്ലെന്നും, അതുകൊണ്ട് സ്‌നേഹബന്ധങ്ങള്‍ പുതുമ നശിക്കുന്നതിനു മുമ്പു തന്നെ നിര്‍ത്തുകയാണ് നല്ലതെന്നും. പിന്നെ തുടര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന അപവാദങ്ങളെപ്പറ്റിയും.

അവന് പതിനെട്ട് വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആ പ്രായത്തില്‍ ബുദ്ധി ഹൃദയത്തിന് വഴിമാറിക്കൊടു ക്കുന്നു. ഇരുപത്താറു വയസ്സുള്ള ഗ്രേസിടീച്ചര്‍ക്കതറിയാം.

എണീക്കൂ, നല്ല കുട്ടിയാവു.

അവള്‍ കൈ നീട്ടി. ഒരനുസരണയുള്ള കുട്ടിയെപ്പോലെ അവന്‍ ആ നീട്ടിയ മൃദുലമായ കൈപിടിച്ചെഴു ന്നേറ്റു. തലമുടി കൈകൊണ്ടു കോതി. പുസ്തകങ്ങള്‍ എടുത്തു പുറത്തുകടക്കുമ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു.

ടീച്ചര്‍, ഞാന്‍ നാളെയും വരും.

അവര്‍ ഒന്നും പറയാതെ വാതില്ക്കല്‍ നിന്നു. അവനെ തിരിച്ച് വിളിച്ച് ഒരിക്കല്‍ക്കൂടി മാറില്‍ അമര്‍ത്തി ആലിംഗനം ചെയ്യാനുള്ള വെമ്പല്‍ അടക്കി. മുണ്ടു മാടിക്കുത്തി അവന്‍ പടി കടന്നു പാടത്തെ നാട്ടു വെളിച്ചത്തില്‍ നടന്ന കലുന്നത് അവള്‍ നോക്കിനിന്നു. പിന്നെ അവന്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ കട്ടിലില്‍ വന്നിരുന്ന് തേങ്ങിതേങ്ങിക്കരഞ്ഞു. അവള്‍ രാത്രി ഊണുകഴിച്ചില്ല, ഉറങ്ങിയതുമില്ല.

രണ്ടുമണിയായപ്പോള്‍ അവള്‍ എഴുന്നേറ്റു. അടുക്കളയില്‍ കടന്ന് വൃത്തിയാക്കാന്‍ തുടങ്ങി. ചോറിന്‍ പാത്ര ത്തിലെ ചോറും കൂട്ടാനും ഒരു കടലാസ്സിലാക്കി പുറത്ത് ഇറയത്ത് വെച്ചു. വല്ല നായ്ക്കളും തിന്നു പെയ്‌ക്കോളും. പാത്രങ്ങളെല്ലാം കഴുകി കമിഴ്ത്തി വെച്ചു. കിടപ്പു മുറിയില്‍ വന്ന് ചെറിയൊരു സൂട്ട്‌കേസ് പുറത്തെടുത്തു. അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ മാത്രം ഒതുക്കിവെച്ചു. രണ്ടു കത്തുകള്‍ എഴുതാനുണ്ട്. അതും കൂടി എഴുതിയാല്‍ തനിക്കുപോകാം. രണ്ടു വ്യക്തികള്‍ക്കേ തന്റെ ജീവിതത്തില്‍ സ്ഥാനമുള്ളു. അവര്‍ക്കുള്ള കത്തെഴുതി. ഭര്‍ത്താവിനുള്ള കത്ത് മേശപ്പുറത്തു വെച്ചു. ജയനുള്ള കത്ത് പൂമുഖത്ത് രണ്ടാമത്തെ വരി ഓടിന്നിടയിലും. വാതിലില്‍ പൂട്ടു കണ്ടാല്‍ എവിടെയാണ് ടീച്ചറുടെ കത്തിനുവേണ്ടി തപ്പേണ്ടതെന്നവനറിയാം. ഭര്‍ത്താവിന് ഒരു കത്ത് അദ്ദേഹം ജോലി ചെയ്യുന്ന സ്‌ക്കൂളിന്റെ വിലാസത്തില്‍ അയച്ചുകൊടുക്കുകയും ചെയ്യാം. അദ്ദേഹം ഒന്നുമറിയാതെ ഇവിടെവന്ന് പൂട്ടിയിട്ട വാതില്‍ കണ്ട് ഞെട്ടേണ്ട.

സൂട്ട്‌കേസുമെടുത്ത് ഗ്രേസിടീച്ചര്‍ പുറത്തുകടന്നു. സമയം അഞ്ചുമണി. അഞ്ചര മണിക്കാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ആദ്യത്തെ ബസ്സ്.

ബോട്ടില്‍ നിന്നിറങ്ങി ജയന്‍ ചുറ്റും നോക്കി. തൂവെള്ള മണല്‍. നിറയെ തെങ്ങുകള്‍. ചെറിയ വീടുകള്‍. തന്റെ ആറുകൊല്ലത്തെ അന്വേഷണം ഇവിടെ അവസാനിക്കുകയാണെന്നോര്‍ത്തപ്പോള്‍ ജയന്റെ ഹൃദയം മിടിച്ചു. ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന വെള്ളയൂണിഫോമിട്ട പെണ്‍കുട്ടികള്‍ എല്ലാം ഇറങ്ങിയിരുന്നു. അതില്‍ ഒരു പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു.

സ്‌ക്കൂള്‍ എവിടെയാണ്?

അതാ അവിടെ.

അവള്‍ ചൂണ്ടിക്കാട്ടി. ചെറിയ കെട്ടിടങ്ങള്‍ക്കു നേരെ അവള്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് അയാള്‍ നോക്കി. ഏതാണ് സ്‌ക്കൂള്‍ എന്നയാള്‍ക്കു മനസ്സിലായില്ല.

വരു. ഞങ്ങളുടെ ഒപ്പം വന്നാല്‍ മതി. അവള്‍ പറഞ്ഞു. ആരെയാണ് കാണേണ്ടത്?

ഗ്രേസിടീച്ചര്‍. അയാള്‍ പെട്ടെന്നു പറഞ്ഞു. ഉടനെ മനസ്സിലായി അവരെ ആ പേരില്‍ ഈ കുട്ടികള്‍ അറിയുകയുണ്ടാവില്ല. അയാള്‍ തിരുത്തി.

സിസ്റ്റര്‍ പോളിന്‍.

സ്‌ക്കൂള്‍ കെട്ടിടം ചെറുതാണ്. സെന്റ് മേരീസ് ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ എന്ന് ബോര്‍ഡ് എഴുതി വെച്ചിട്ടുണ്ട്.

ഇവിടെ നില്ക്കു. ആ പെണ്‍കുട്ടി പറഞ്ഞു ഞാന്‍ വിളിച്ചുകൊണ്ടുവരാം.

അവള്‍ പോയി ഒരു മുറിയിലേക്കു കടന്നു. ഉടനെ തന്നെ പുറത്തു കടന്നു. ഒപ്പം കന്യാസ്ത്രീകളുടെ തിരുവസ്ത്രം ധരിച്ച ഒരു സ്ത്രീയുമുണ്ടായിരുന്നു. അവന്‍ പെട്ടെന്നവരെ തിരിച്ചറിഞ്ഞു. അവരും, മുഖത്തുണ്ടായ സ്‌തോഭം നിയന്ത്രിച്ച് അവന്‍ ജയന്റെ അടുത്തു വന്നു.

ആര് ജയനോ?

പിന്നെ തിരിഞ്ഞ് ഒരു ചോദ്യഭാവത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടിയോടവര്‍ പറഞ്ഞു.

ഇത് എന്റെ അനുജനാണ് മോളെ. മോള് പൊയ്‌ക്കൊള്ളു.

ഞാന്‍ മദര്‍സുപ്പീരിയറോട് സമ്മതം ചോദിച്ചു വരാം, അവരാണ് ഹെഡ്മിസ്ട്രസ്സ്.

ഗ്രേസിടീച്ചര്‍ നടന്നകലുന്നതും, വരാന്തയിലെ അവസാനത്തെ മുറിയിലേക്കു കടക്കുന്നതും, രണ്ടു മിനിറ്റിനകം തിരിച്ചു വരുന്നതും ജയന്‍ കണ്ടു. ഗ്രേസിടീച്ചര്‍ വരാന്തയുടെ പകുതി ഭാഗം നടന്നപ്പോള്‍ ഹെഡ്മിസ്ട്രസ്സിന്റെ മുറിയില്‍ നിന്ന് ഒരു തടിച്ച കന്യാസ്ത്രീ പുറത്തു കടന്ന് കണ്ണടയിലൂടെ തന്നെ ഗൗരവ പൂര്‍വ്വം നോക്കുന്നതവന്‍ കണ്ടു.

വരു നമുക്ക് ക്വാര്‍ട്ടേഴ്‌സില്‍ പോകാം.

അവര്‍ മുറ്റത്തിറങ്ങി നടന്നു. ഒപ്പം ബ്രീഫ്‌കെയ്‌സ് പിടിച്ച് ജയനും നടന്നു.

ക്വാര്‍ട്ടേഴ്‌സ് കുറച്ചകലെയാണ്. അഞ്ചു മിനിറ്റ് നടക്കാനുള്ള ദുരം. ഓടിട്ട ഒരു ചെറിയ വീട്. തിരുവസ്ത്ര ത്തില്‍ തൂക്കിയിട്ട താക്കോല്‍ക്കൂട്ടത്തില്‍ നിന്നെടുത്ത താക്കോല്‍ കൊണ്ട് അവര്‍ വാതില്‍ തുറന്നു. ചെറിയ ഒരു മുറി. ചുമരിനോടടുപ്പിച്ച് ഇട്ട ഒരു മേശ. മൂന്നു വശത്തായി മൂന്നു കസേരകള്‍. നീല മേശവിരി. നാലഞ്ചു പുസ്തകങ്ങള്‍. ഒരു വശത്ത് ചുമരില്‍, മുള്ളുകള്‍ തറച്ച് രക്തമൊലി ക്കുന്ന ഹൃദയം തുറന്നുകാട്ടുന്ന കൃസ്തു ദേവന്റെ ചിത്രം. അടുത്തത് കിടപ്പു മുറിയാണ്. അവിടെ രണ്ടരുകിലായി വെള്ളവിരിപ്പിട്ട കിടക്കകളുള്ള ചെറിയ കട്ടിലുകള്‍.

ഞാന്‍ ചായയുണ്ടാക്കാം.

ഗ്രേസിടീച്ചര്‍ അടുക്കളയിലേക്കു കടന്നു.

ജയന്‍ ഒന്നും പറയാതെ അവരെ ശ്രദ്ധിക്കുകയായിരുന്നു. ഗ്രേസിടീച്ചര്‍ക്ക് മാറ്റമൊന്നുമില്ല. വെളുത്തു സുന്ദരമായ മുഖം. ഉരുണ്ട കൈകള്‍. കന്യാസത്രീയുടെ വസ്ത്രം അവര്‍ക്ക് ഒട്ടും യോജിക്കുന്നുണ്ടായിരുന്നില്ല. ഒരു പക്ഷെ താനവരെ മറ്റു വസ്ത്രങ്ങളില്‍ കണ്ടതുകൊണ്ടായിരിക്കണം. അവരെ നിറമുള്ള പൂക്കളുള്ള സാരിയില്‍ ജയന്‍ സങ്കല്പിച്ചു. അവര്‍ അതീവ സുന്ദരിയായിരുന്നു.

മേശയ്ക്കപ്പുറത്തും ഇപ്പുറത്തും ഇരുന്ന് ചായ കുടിക്കുമ്പോള്‍ ഗ്രേസിടീച്ചര്‍ ചോദിച്ചു.

നീയെന്തിനാണ് വന്നത്?

ടീച്ചറെ കാണാന്‍, കൊണ്ടുപോകാന്‍.

അവര്‍ ചിരിച്ചു.

നീ നിന്റെ ഭ്രാന്തൊന്നും മറന്നിട്ടില്ലെ?

ജയന്‍ ചിരിച്ചില്ല. അവന് കുറെയധികം പറയണമെന്നുണ്ട്. എന്തിനാണ് ടീച്ചര്‍ തന്നില്‍ നിന്ന് ഓടിപ്പോയ തെന്ന്, വൈകുന്നേരം സാധാരണ മട്ടില്‍ പുസ്തകവുമായി ടീച്ചറുടെ വീട്ടില്‍ ട്യൂഷനെത്തിയപ്പോള്‍ വീട് പൂട്ടിക്കണ്ടത്. ടീച്ചര്‍ പുറത്തെങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകും, അല്ലെങ്കില്‍ പെട്ടെന്ന് ഭര്‍ത്താവിന്റെ അടുത്ത്, തന്നെ അറിയിക്കാതെ പോകേണ്ടി വന്നതാവും, എന്നേ വിചാരിച്ചുള്ളു. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ തനിയ്ക്കുവേണ്ടി കുറിപ്പെഴുതി വെക്കാറുള്ള സ്ഥലത്ത് താന്‍ നോക്കിയപ്പോള്‍ കണ്ട കത്ത് തന്റെ മനസ്സ് ഉലച്ചത്.

‘ജയന്‍, നീ വീണ്ടും വരുമെന്ന് എനിക്കറിയാം അതുകൊണ്ട് ഞാന്‍ പോകുന്നു. നീ നശിക്കരുതെന്നുണ്ട് എനിയ്ക്ക്. എന്നെ അന്വേഷിക്കരുത്. ഞാന്‍ ജോസിനേയും ഉപേക്ഷിക്കുകയാണ്. ജോസിനും ഞാന്‍ എഴു തിയിട്ടുണ്ട്. ജയന്‍, പഠിച്ച് മിടുക്കനാവണം. ടീച്ചറെ ഓര്‍മ്മയുണ്ടായാല്‍ മതി — ജയന്റെ ഗ്രേസിടീച്ചര്‍.’

ജയന്‍ എന്നെയൊക്കെ മറന്നിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ എഞ്ചിനീയറിംഗ് പാസ്സായി. അവന്‍ പറഞ്ഞു.

അതേയോ? നന്നായി. അവര്‍ തികച്ചും സന്തോഷത്തോടെ പറഞ്ഞു. ഇനി ഒരു ജോലിക്കു ശ്രമിക്കു, എന്നിട്ട് നല്ലൊരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു സുഖായി ജീവിക്കു.

ടീച്ചര്‍ എനിക്കു റാങ്കുണ്ട്. സ്റ്റേറ്റില്‍ പന്ത്രണ്ടാമത്തെ റാങ്ക്. എനിക്ക് ജോലി കിട്ടിക്കഴിഞ്ഞു. റാങ്കുള്ളവരെ വലിയ കമ്പനികള്‍ അന്വേഷിച്ച് ജോലി കൊടുക്കും. ആറുമാസം ട്രെയിനിംഗിന്റെ കാലത്ത് അധികം ശമ്പളമുണ്ടാവില്ല. അതു കഴിഞ്ഞാല്‍ നല്ല ശമ്പളമാണ്. ക്വാര്‍ട്ടേഴ്‌സ് കിട്ടും. ടീച്ചര്‍ എന്റെ ഒപ്പം വരു. നമുക്ക് കല്യാണം കഴിച്ച് സുഖമായി കൂടാം.

ടീച്ചര്‍ വിശ്വാസമാവുന്നില്ലെന്ന മട്ടില്‍ ജയനെ നോക്കി. ഓമനത്വമുള്ള മുഖത്തെ മീശ കൂടുതല്‍ കറുത്തി രിക്കുന്നു. ശബ്ദം കൂടുതല്‍ കനത്തിട്ടുണ്ട്. ദേഹം കുറച്ചുകൂടി ഉരുണ്ടിട്ടുണ്ട്.

ജയന്‍, നിനക്കറിയാമോ എനിയ്ക്കിപ്പോള്‍ എന്ത് സന്തോഷമായെന്ന്. സ്‌നേഹിക്കപ്പെടുക എന്നത് എല്ലാവരുടേയും ആവശ്യമാണ്. പക്ഷെ ഞാനിന്ന് സ്വതന്ത്രയല്ല. എല്ലാം കര്‍ത്താവില്‍ അര്‍പ്പിച്ചിരിക്കയാണ്. അതിലാണ് ഞാന്‍ സുഖം കണ്ടെത്തുന്നത്. മറ്റു വികാരങ്ങള്‍ എന്നെ സ്പര്‍ശിക്കുന്നേയില്ല.

ടീച്ചര്‍, ഈ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് യോജിക്കുന്നേയില്ല. ഇതെല്ലാം അഴിച്ചു വലിച്ചെറിയൂ. ടീച്ചര്‍ മുമ്പു ടുത്തിരുന്ന മാതിരി ഭംഗിയുള്ള വസ്ത്രങ്ങള്‍ ഉടുക്കു. ഞാന്‍ പണം കൊണ്ടുവന്നിട്ടുണ്ട്. ടൗണില്‍ പോയി നല്ല വസ്ത്രങ്ങള്‍ വാങ്ങാം.

ഗ്രേസിടീച്ചര്‍ ഒന്നും പറയാതെ കണ്ണടച്ചിരുന്നു. കടല്‍ക്കാറ്റ് ജനലിലൂടെ വന്ന് അവരുടെ വസ്ത്രങ്ങള്‍ ഉലച്ചു. ശാന്തമായിരുന്ന അവരുടെ മുഖത്ത് ക്ഷോഭങ്ങളുടെ വേലിയേറുന്നതും ഇറങ്ങുന്നതും ജയന്‍ കണ്ടു. നിമിഷങ്ങള്‍ കഴിഞ്ഞ് തുറന്ന കണ്ണുകള്‍ ഈറനായിരുന്നു. അവര്‍ ജയനെ നോക്കി പുഞ്ചിരിച്ചു.


ജയന്‍, ഞാന്‍ രണ്ടു പേരെ വളരെയധികം സ്‌നേഹിച്ചു. അവരെ നശിപ്പിക്കാതിരിക്കാനാണ് ഓടിപ്പോയത്. ഞാന്‍ പ്രസവിക്കില്ലാ എന്നു മനസ്സിലായിട്ടും ജോസ് എന്നെ വളരെയധികം സ്‌നേഹിച്ചു. ഞാന്‍ മാറിനിന്നാല്‍ ഒരു പക്ഷെ അദ്ദേഹം വീണ്ടും കല്ല്യാണം കഴിക്കും. കുട്ടികളുണ്ടാവുകയും ചെയ്യും. രണ്ടാമത്തെ ആള്‍ നിനക്കറിയാമല്ലൊ. ജയന്റെ സ്‌നേഹം തീവ്രമാകുകയാണെന്നു മനസ്സിലായപ്പോള്‍ അതു നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. പിന്നെയുള്ള പോംവഴി അപ്രത്യക്ഷയാവുക മാത്രമായിരുന്നു.

നീ ഇനിയും നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ ഇവിടെ നിന്നും അപ്രത്യക്ഷയാകും.

ജയന്‍ എഴുന്നേറ്റു പുറത്തു കടന്നു. കുറച്ചകലെ തെങ്ങുകള്‍ക്കിടയിലൂടെ കടലിന്റെ ജലരേഖ കാണാം. കടല്‍ക്കരയിലേക്കയാള്‍ നടന്നു. തണുത്ത കടല്‍ക്കാറ്റ് അയാള്‍ക്ക് വീടിനുള്ളില്‍ കിട്ടാത്ത സാന്ത്വനമരുളി.

ഗ്രേസിടീച്ചര്‍ അടുക്കളയിലേക്ക് കടന്നു. ജയന് ഇഷ്ടമുള്ള ഭക്ഷണമെന്താണെന്നവര്‍ക്കറിയാം. സ്‌ക്കൂളില്‍ നിന്നു വരുന്ന മകന് അവനിഷ്ടമുള്ള ഭക്ഷണമുണ്ടാക്കുന്ന അമ്മയുടെ നിഷ്‌കര്‍ഷയോടെ അവര്‍ ചോറും കൂട്ടാനും ഉണ്ടാക്കി.

ഭക്ഷണം കഴിക്കുമ്പോള്‍ ഗ്രേസിടീച്ചര്‍ പറഞ്ഞു.

ഇതൊരു ചെറിയ തുരുത്താണ്, നാലു പാടും വെള്ളം. പുറത്തു പോകണമെങ്കില്‍ കടത്തു കടക്കണം. ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്.......

അവര്‍ നിര്‍ത്തി, അല്ലെങ്കില്‍ ഇതിലൊക്കെയെന്താണുള്ളതെന്ന ഭാവത്തില്‍ തലയാട്ടി.

നിനക്കു ഞാന്‍ കുറച്ചുകൂടി ചീരക്കറി തരട്ടെ?

തരു.

അവന്‍ ചോദിച്ചു. എന്താണ് ആലോചിക്കാറുണ്ടെന്നു പറഞ്ഞത്.

ഒന്നുമില്ല. അവര്‍ പറഞ്ഞു. ഞാന്‍ ഈ തുരുത്തിനെപ്പറ്റി പറയുകയായിരുന്നു ഇവിടെ കടത്തുകൂലി ഒരു ഭാഗത്തേക്കെ കൊടുക്കേണ്ടു. തിരിച്ചുപോവുമ്പോള്‍ കൂലികൊടുക്കേണ്ട. അപ്പോള്‍ എനിയ്ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാം. ഒരു ബാദ്ധ്യതയുമില്ലാതെയാണ് വന്നത്, അതുപോലെ പോവുകയും ചെയ്യാം.

ഊണു കഴിച്ചശേഷം അവര്‍ വിശ്രമിക്കാനായി കിടന്നു. രണ്ടു കട്ടിലുകളില്‍ അഭിമുഖമായി കിടന്ന് അവര്‍ സംസാരിച്ചു.

ടീച്ചര്‍ പോയപ്പോള്‍ എനിയ്ക്കു ഭയങ്കര സങ്കടായി. ജയന്‍ പറഞ്ഞു ഞാന്‍ കുറെ നേരം കരഞ്ഞു. പിന്നെ ഒരു തീരുമാനമെടുത്തു. ടീച്ചര്‍ എവിടെയെങ്കിലുമുണ്ടാവുമെന്നറിയാം. ഞാന്‍ പഠിച്ച് ഡിഗ്രിയെടുക്കും, നല്ല മാര്‍ക്കോടെ. എന്നിട്ട് നല്ല ഒരു ജോലി കിട്ടിയാല്‍ ടീച്ചറെ അന്വേഷിച്ചു പിടിച്ച് കല്ല്യാണം കഴിക്കും. ആ ഒരു സമാധാനത്തിലാണ് ഞാന്‍ ഇതുവരെ ജീവിച്ചിരുന്നത്.

ഇവിടെ ഞങ്ങളുടെ മഠം വളരെ ചെറുതാണ്. ടീച്ചര്‍ പറഞ്ഞു. മഠം എന്നു പറയാനൊന്നുമില്ല. മദര്‍ സുപ്പീ രിയര്‍, പിന്നെ ഞങ്ങള്‍ മൂന്നു സിസ്റ്റര്‍മാര്‍ അത്രയേയുള്ളു. കാര്യമായി ഈ സ്‌കൂള്‍ നടത്തിപ്പിനുവേണ്ടിയാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കണത്. ഞങ്ങള്‍ നാലുപേരും പഠിപ്പിക്കുന്നുണ്ട്. ബാക്കിയുള്ള ടീച്ചര്‍മാര്‍ ടൗണില്‍ നിന്ന് കടത്തു കടന്ന് വരികയാണ്. ഇവിടെ ഒരു ചെറിയ അനാഥാലയവും നടത്തുന്നുണ്ട്. പന്ത്രണ്ടു കുട്ടികളുണ്ട്. ഞങ്ങള്‍ അവര്‍ക്കൊക്കെ അമ്മയാണ്. പിന്നെ നല്ല ആരോഗ്യമുള്ള കടല്‍ക്കാറ്റ്. മനസ്സിനെ യാതൊരു അല്ലലുമില്ലാത്ത ജീവിതം! ഇതൊക്കെയല്ലെ നമുക്ക് വേണ്ടത്!

അടുത്തുതന്നെ ഈ തുരുത്തിലും ഒരു പള്ളി വരും. അപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്വവും കൂടും. മറ്റൊന്നിനെപ്പറ്റിയും ആലോചിക്കാന്‍ സമയമുണ്ടാവില്ല.

ടീച്ചറുടെ ഭര്‍ത്താവെന്തു ചെയ്യുന്നു?

അദ്ദേഹം എന്നെത്തേടി വന്നിരുന്നു. ഞാന്‍ തിരിച്ചു വരുന്നില്ലെന്നു പറഞ്ഞു. വേറെ കല്ല്യാണം കഴിക്കാനും നിര്‍ബ്ബന്ധിച്ചു. കല്ല്യാണത്തിനുമുമ്പ് വീണ്ടും വന്നിരുന്നു. ഇനി വരേണ്ടെന്നും പറഞ്ഞു. അദ്ദേഹം സമാധാന പൂര്‍വ്വം ജീവിക്കട്ടെ.

ഞാന്‍ ടീച്ചറുടെ അടുത്തു വന്നു കിടക്കട്ടെ? ജയന്‍ പെട്ടെന്നു പറഞ്ഞു.

കിടന്നോളു, അവര്‍ വാത്സല്യത്തോടെ പറഞ്ഞു. കിടക്കയില്‍ അരുകിലേക്ക് നീങ്ങിക്കിടക്കുകയും ചെയ്തു. നല്ല കുട്ടിയായി പെരുമാറണമെന്നു മാത്രം.

ജയന്‍ എഴുന്നേറ്റ് ടീച്ചറുടെ ഒപ്പം കിടക്കയില്‍ കിടന്നു. കിടക്ക ചെറുതായിരുന്നു. അവര്‍ വളരെ അടുത്ത് മുഖത്തോടു മുഖം കിടന്നു. അവരുടെ കൂസലില്ലായ്മയില്‍ അവന് അത്ഭുതം തോന്നി. അവര്‍ വഴങ്ങാനുള്ള ശ്രമമാണോ എന്നവന്‍ സംശയിച്ചു. അവന്റെ ഹൃദയം ശക്തിയായി മിടിച്ചു. അവന്‍ അവരുടെ മാറില്‍ കൈവെച്ചു.

ജയന്റെ കൈ പതുക്കെ എടുത്തുമാറ്റി അവര്‍ പറഞ്ഞൂ. വികൃതി, ഞാന്‍ പറഞ്ഞില്ലെ നല്ല കുട്ടിയാവണ മെന്ന്.

പെട്ടെന്ന് നഷ്ടപ്പെട്ടവയെല്ലാം ഓര്‍ത്ത് അവന്‍ കരയാന്‍ തുടങ്ങി. അവര്‍ ഒരു നിമിഷം പകച്ചുപോയി. പിന്നെ സാവധാനത്തില്‍ അവനെ ആശ്വസിപ്പിക്കാന്‍ തുടങ്ങി.

നിനക്ക് ഇരുപത്തിനാല് വയസ്സേ ആയിട്ടുള്ളു. നീ ഇപ്പോഴും ഒരു കുട്ടിയാണ്. എനിയ്ക്ക് മുപ്പത്തിരണ്ട് കഴിഞ്ഞു. നീ എന്നെ ചേച്ചിയെന്നു വിളിക്കൂ.

ജയന്‍ കരച്ചില്‍ നിര്‍ത്തിയില്ല. അവര്‍ അവന്റെ അരക്കെട്ടിലൂടെ കയ്യിട്ട് അവനെ അടുപ്പിച്ചു, നെറ്റിമേല്‍ ചുംബിച്ചു.

ജയന്‍, അവര്‍ പതുക്കെ പറഞ്ഞു, എനിയ്ക്കിപ്പോഴും നിന്നെ ഇഷ്ടമാണ്. കരയേണ്ട.

ആറുകൊല്ലം മുമ്പ് വൃദ്ധനായ പാതിരിയുടെ മുമ്പില്‍ കുമ്പസാരിച്ചത് ഗ്രേസിടീച്ചര്‍ ഓര്‍ത്തു, പാതിരിയുടെ ശബ്ദം ദീനാനുകമ്പമായിരുന്നു.

മകളെ നീ കരയേണ്ട. കുമ്പസാരിക്കുക വഴി നീ നിന്റെ പാപങ്ങളെല്ലാം കഴുകി കളഞ്ഞിരിക്കുന്നു. പിതാവിന്റെ സേവനത്തിനായി നിന്റെ ജീവിതം അര്‍പ്പിക്കാനുള്ള തീരുമാനം ഉചിതമായി. നിന്നെ ഞാന്‍ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍.......

ഉറങ്ങിക്കോളു. അവര്‍ പറഞ്ഞു. ഞാന്‍ അഞ്ചുമണിക്ക് വിളിക്കാം.

ഒരു കൊച്ചുകുട്ടിയെപോലെ ജയന്‍ ഉറങ്ങുന്നത് സിസ്റ്റര്‍ നോക്കിക്കിടന്നു. സമയം നാലേമുക്കാലായി. സാവധാനത്തില്‍ അവര്‍ എഴുന്നേറ്റ് അടുക്കളയില്‍ പോയി ചായയുണ്ടാക്കി.

പോകുന്നതിനു മുമ്പ് ഒരിക്കല്‍കൂടി അവനെ തന്നിലേയ്ക്കടുപ്പിച്ച് അവര്‍ അവന്റെ നെറ്റിമേല്‍ ചുംബിച്ചു. ജയന്‍ ഒതുക്കുകള്‍ ഇറങ്ങിയപ്പോള്‍ അവര്‍ തിരിച്ച് മുറിയിലേക്ക് വന്നു. യേശുവിന്റെ ചിത്രത്തിനു മുമ്പില്‍ മുട്ടുകുത്തി ഇരുന്നു, പ്രലോഭനങ്ങളില്‍ നിന്ന് രക്ഷിച്ചതിന് അവര്‍ നന്ദി പറഞ്ഞു. പ്രാര്‍ത്ഥനയില്‍ മുഴുകി. കണ്ണീര്‍ ധാരയായി വന്ന് അവരുടെ മാറിടം നനച്ചു.

ഞായറാഴ്ച അവര്‍ കുമ്പസാരിച്ചു.

ഫാദര്‍, അവന്‍ വന്നു.

എന്നിട്ട്?

ഫാദറിന്റെ ശബ്ദത്തില്‍ ഉദ്വേഗമുണ്ടായിരുന്നു. മുമ്പിലുള്ള മറയ്ക്കു പിന്നില്‍ നില്‍ക്കുന്ന ഫാദറിന്റെ രൂപം അവര്‍ ഭാവന ചെയ്തു. അദ്ദേഹത്തിന്റെ ചുളിഞ്ഞു തുടങ്ങിയ മുഖം ഓര്‍മ്മയില്‍ വന്നു. നരച്ച പുരികം. മെലിഞ്ഞ കൈകള്‍.

ഞാന്‍ സാത്താന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ അവനെ പറഞ്ഞയച്ചു.

മറയ്ക്കു പിന്നില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം.

സ്ത്രീയെ ഫാദര്‍ പറഞ്ഞു തുടങ്ങി. നീ ചെയ്തതു മഹനീയം തന്നെ. സാത്താന്‍ തന്ന കനി തിന്നാന്‍ വിസമ്മതി ക്കുക മൂലം നീ ആദിസ്ത്രീയായ ഹവ്വയേക്കാള്‍ ശ്രേഷ്ഠയായിരിക്കയാണ്. ഭാവിയിലും ഇപ്രകാരം പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ, സാത്താനുമായുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തില്‍ വിജയിക്കാനുള്ള കരുത്ത് നിനക്കുണ്ടാവട്ടെ. ഞാന്‍ കര്‍ത്താവായ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എന്നും നിനക്ക് തുണയായി നില്‍ക്കട്ടെ.

സിസ്റ്റര്‍ക്ക് പെട്ടെന്ന് ഫാദറിനോട് ദേഷ്യം തോന്നി. വാക്കുകള്‍ ഒരു ഓടത്തണ്ട്‌പോലെ പൊള്ളയാണെന്നും, അവ പാതിരിയുടെ കര്‍ത്തവ്യത്തെ ലഘൂകരിക്കുകയല്ലാതെ തന്റെ ആന്തരികമായ വൈകാരിക സംഘട്ടന ങ്ങളില്‍ പ്രയോജനകരമായിട്ടില്ലെന്നും അവര്‍ കണ്ടു.

അവര്‍ താന്‍ താമസിക്കുന്ന തുരുത്തിനെപ്പറ്റി ഓര്‍ത്തു. പള്ളി നിലകൊള്ളുന്നത് വേറൊരു തുരുത്തിലായി രുന്നു. കുറച്ചുകൂടി വലിയ തുരുത്തില്‍. താമസം തുടങ്ങിയ ശേഷം അവര്‍ ആകെ പുറത്തു പോയിട്ടുള്ളത് ഈ രണ്ടു തുരുത്തുകള്‍ക്കിടയിലാണ്. അവിടെ നിന്നു നോക്കുമ്പോള്‍ കര ക്ഷണിക്കുന്നതായി തോന്നും. ജെട്ടിയ്ക്കു പിന്നില്‍ ചുവന്ന ബസ്സുകള്‍ നില്‍ക്കുന്നു. കടത്തു കടക്കുകയേ വേണ്ടു. ആ ബസ്സുകളിലൊന്നില്‍ കയറി രക്ഷപ്പെടാം. കടത്തുകൂലി കൂടി കൊടുക്കണ്ട.

ബോട്ട് മറുവശത്ത് തുരുത്തിലായിരുന്നു. ടിക്കറ്റു വാങ്ങി ജയന്‍ ജെട്ടിയില്‍ കാത്തുനിന്നു. മറുവശത്ത് തുരുത്തില്‍ ഉയര്‍ന്നുകണ്ട വെള്ളക്കുരിശ് അപ്പോഴാണയാള്‍ കണ്ടത്. ഒരു പള്ളിയുടെ ശിഖരമാണതെന്നയാള്‍ മനസ്സിലാക്കി. സൂക്ഷിച്ചു നോക്കിയപ്പോള്‍ തെങ്ങുകള്‍ക്കിടയില്‍ പള്ളിയുടെ വെള്ളച്ചുമരുകളും കമാനങ്ങളും കണ്ടു. പുതുതായി പണിതതാണ്. അഞ്ചുകൊല്ലത്തിനുള്ളില്‍ പല മാറ്റങ്ങളും വന്നതയാള്‍ ശ്രദ്ധിച്ചു. കുറേക്കൂടി വേഗതയുള്ള വലിയ ബോട്ടുകളാണിപ്പോള്‍ ഉള്ളത്. ബോട്ടു ജെട്ടിയും കുറേക്കൂടി പുതുക്കി യിരിക്കുന്നു. അഞ്ചുകൊല്ലം മുമ്പ് താന്‍ രണ്ടു പ്രാവശ്യം അടുപ്പിച്ച് ഗ്രേസിടീച്ചറെ കാണാന്‍ പോയപ്പോഴും എല്ലാം പഴയ മട്ടായിരുന്നു. ആദ്യപ്രാവശ്യം താന്‍ കല്യാണം കഴിക്കാന്‍ പോകുകയാണെന്നു പറയാന്‍, രണ്ടാമത് ഭാര്യയുമൊത്ത്. അതിനുശേഷം അവരെ കാണാന്‍ പോകാഞ്ഞതില്‍ അയാള്‍ സ്വയം കുറ്റപ്പെടുത്തി. ഈ ദുരന്തത്തിന്റെ വിത്തുകള്‍ അന്നേ പാകിയിരുന്നുവെന്നും, പിന്നീട് ഇടയ്‌ക്കെങ്കിലും അവരെ വന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍ അതൊഴിവാക്കാമായിരുന്നെന്നും അയാള്‍ക്കു തോന്നി.

സിസ്റ്റര്‍ പോളിന്‍ മരിച്ചുവെന്നും, സൗകര്യപ്പെട്ടാല്‍ വന്നു കാണണമെന്നുമുള്ള കമ്പി അയാളുടെ കീശയില്‍ ഉണ്ടായിരുന്നു. ഒരു റവറണ്ട് ഫാദര്‍ ആണ് അയച്ചിരിക്കുന്നത്. ഇഗ്നേഷ്യസ് ആണോ, ഓര്‍മ്മയില്ല. കമ്പി കീശയില്‍ നിന്നെടുക്കാന്‍ അയാള്‍ക്കു തോന്നിയില്ല.

ബോട്ട്, ജെട്ടിയിലടുത്തു. മറ്റു യാത്രികരോടൊപ്പം ജയനും കയറി.

ബോട്ടിന്റെ ഒരു വശത്തിരുന്ന് തെന്നിപ്പോകുന്ന ഓളങ്ങളെ നോക്കിയപ്പോള്‍ ഗ്രേസിടീച്ചര്‍ പറഞ്ഞതയാള്‍ ക്ക് ഓര്‍മ്മവന്നു.

ജയന്‍, ഞാന്‍ ഒരു കന്യാസ്ത്രീയാവാന്‍ പറ്റിയവളല്ലെന്നു തോന്നുന്നു. ഈ തുരുത്ത് എനിക്കൊരു കാരാഗ്രഹമായി തോന്നുന്നു. ഞാന്‍ ഒരിക്കല്‍ ഇവിടെ നിന്ന് രക്ഷപ്പെടും. കടത്തുടിക്കറ്റിന്റെ കാര്യം പറഞ്ഞല്ലൊ. ഞാന്‍ കാര്യമായി പറഞ്ഞതാണ്. എന്റെ യാത്ര പകുതിയാക്കിയിട്ടേയുള്ളുവെന്ന തോന്നല്‍ ആ ടിക്കറ്റ് എനിയ്ക്ക് തരുന്നുണ്ട്. ആ ടിക്കറ്റ് എന്റെ ഡയറിയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അതെടുത്തു നോക്കും, ഈ കടവു കടക്കാന്‍ അതിന്റെ ആവശ്യമൊന്നുമില്ല. പക്ഷെ അതെനിക്ക് എന്നെങ്കിലും രക്ഷപ്പെടാമെന്ന ആശ തരുന്നു. വളരെ ആശ്വാസവും.

ജയന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ എനിയ്ക്ക് എന്ത് സന്തോഷമായെന്നോ. ഫോട്ടോവില്‍ കാണുമ്പോള്‍ കുട്ടി നല്ല ഭംഗിയുണ്ട്. ഒരു സാധുവാണെന്നു തോന്നുന്നു. പക്ഷെ ഒപ്പം തന്നെ ജയന്‍ എനിയ്ക്ക് നഷ്ടപ്പെടാന്‍ പോവുകയാണെന്ന ബോധം അടക്കാന്‍ പറ്റുന്നില്ല. ജയന്‍ ആറാറുമാസം കൂടുമ്പോഴെങ്കിലും വന്നിരുന്നപ്പോള്‍ എനിയ്ക്ക് ജയനെ നഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ എന്തോ എനിക്കങ്ങിനെ യൊരു തോന്നല്‍.

കല്ല്യാണം കഴിഞ്ഞാലും താന്‍ വരുമെന്ന് അയാള്‍ വാക്കുകൊടുത്തു. പക്ഷെ ഒരിക്കല്‍ ഭാര്യയെ കാണിക്കാന്‍ മാത്രമാണ് പോയത്. പിന്നെ അഞ്ചു കൊല്ലത്തേയ്ക്ക് എന്തുകൊണ്ടോ പോകാന്‍ പറ്റിയില്ല. ഒരിക്കല്‍ അവരുടെ കത്തുകിട്ടി. ഒന്നു വന്നു കാണാന്‍ പറ്റുമോ എന്നന്വേഷിച്ചു കൊണ്ട്. അടുത്തു തന്നെ ചെല്ലാമെന്നു മറുപടി അയച്ചു. അതിനിടയ്ക്ക് സ്വന്തം പ്രാരാബ്ധങ്ങള്‍. ജോലിസ്ഥലമാറ്റം, കുട്ടികള്‍ പഠിപ്പ്.

ബോട്ടില്‍ നിന്നിറങ്ങി ജയന്‍ നടന്നു. പള്ളി പഴയ സ്‌ക്കൂളിനോട് തൊട്ടുതന്നെയായിരുന്നു. മുറ്റത്ത് നിറയെ ആള്‍ക്കാര്‍ കൂടി നിന്നിരുന്നു. പള്ളിയുടെ ഉള്ളിലും ആള്‍ക്കാര്‍ കൂടിനിന്നിരുന്നു. സ്ത്രീകള്‍ വെളുത്ത ശിരോ വസ്ത്രം ധരിച്ചിരുന്നു. പള്ളിയ്ക്കുള്ളില്‍ ഒരു കന്യാസത്രീ അയാളെ തിരിച്ചറിഞ്ഞു. അവര്‍ അടുത്തു വന്നു ചോദിച്ചു.

ജയന്‍ അല്ലെ.

അതെ.

സിസ്റ്റര്‍ പോളിന്‍ അവിടെയാണ്. അവര്‍ അയാളെ മുന്നിലേയ്ക്ക് കൊണ്ടുപോയി. അവിടെ അള്‍ത്താര യ്ക്കു മുമ്പില്‍ ശവമഞ്ചത്തില്‍ ഗ്രേസിടീച്ചര്‍ കിടന്നിരുന്നു. മുഖം മാത്രമേ വെളിയില്‍ കാണുന്നുള്ളു. ശവമഞ്ചം ആകെ പൂക്കള്‍കൊണ്ട് മൂടപ്പെട്ടിരുന്നു. താന്‍ പൂക്കള്‍ കൊണ്ടു വന്നില്ലെന്ന വിഷമമുണ്ടായി ജയന്. അല്ലെങ്കില്‍ താന്‍ എന്നാണ് ടീച്ചര്‍ക്ക് പൂക്കള്‍ കൊടുത്തിട്ടുള്ളത്.

അവരുടെ മുഖം ശാന്തമായിരുന്നു; മരണത്തിലും മനോഹരമായിരുന്നു. അയാള്‍ അവരുടെ കാല്‍ക്കല്‍ മുട്ടുകുത്തി നിന്നു.

വയസ്സായ ഒരു പാതിരി അയാളുടെ അടുത്തുവന്നു. ചുമലില്‍ കൈ വെച്ചു. ജയന്‍ എഴുന്നേറ്റു.

സാരമില്ല മകനെ.

തൂവാലയെടുത്ത് ജയന്‍ കണ്ണുകളൊപ്പി.

ഫാദര്‍, അയാള്‍ ചോദിച്ചു. എങ്ങിനെയാണ് സിസ്റ്റര്‍ മരിച്ചത്?

പാതിരി ഒരു നിമിഷം കണ്ണടച്ച് ധ്യാനനിരതനായി നിന്നു. ചോദ്യം അദ്ദേഹത്തെ വേദനിപ്പിച്ചെന്നു തോന്നുന്നു. ചുളിവുകളുള്ള മുഖത്തെ അയഞ്ഞ പേശികള്‍ തുടിച്ചു. നേരിയ ചുണ്ടുകള്‍ പ്രാര്‍ത്ഥനയില്‍ ഇളകി. അനിര്‍വച നീയമായ സ്‌നേഹത്തിന്റെ നീരുറവ ആ വൃദ്ധനയനങ്ങളെ സാന്ദ്രമാക്കി. സാവധാനത്തില്‍ കണ്ണു തുറന്ന് കുരിശു വരച്ചശേഷം അദ്ദേഹം പറഞ്ഞു.

അവളെ കര്‍ത്താവു വിളിച്ചു അവള്‍ പോയി. അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.

അള്‍ത്താരയില്‍ ഇട്ട മേശയ്ക്കു പിന്നില്‍ നാലു വൈദികര്‍ ചുവപ്പും വെള്ളയുമായ കാര്‍മ്മികവേഷത്തില്‍ വന്നു നിന്നു. വിശുദ്ധ കുര്‍ബ്ബാന തുടങ്ങുകയാണ്. ജയന്‍ പതുക്കെ ഹാളിന്റെ പിന്നിലേക്കു നടന്നു.

തിരിച്ച് ബോട്ടില്‍ പോകുമ്പോള്‍ അയാള്‍ നാട്ടിന്‍ പുറത്തെ നെല്‍പ്പാടങ്ങള്‍ ഓര്‍ത്തു. ചായ്ഞ്ഞുനില്‍ക്കു ന്ന നെല്‍ച്ചെടികളില്‍ നിന്ന് മൂത്ത നെല്‍മണികള്‍ ഊരിയെടുത്ത് കൊറിച്ച് വരമ്പിലൂടെ ഉത്സാഹത്തോടെ ടീച്ചറുടെ വീട്ടില്‍ ട്യൂഷന് പോയിരുന്നത്. താന്‍ പടി കടന്നു ചെല്ലുന്നത്, ഉമ്മറത്തെ കസേരയിലിരുന്ന് അവര്‍ നോക്കിയിരുന്നത്. അതെല്ലാം സ്ഥലകാല പരിമിതികള്‍ക്കുമപ്പുറത്തേതോ കൗമാരലോകത്ത് എത്താത്തലങ്ങ ളില്‍ വരച്ചിട്ട ചിത്രം പോലെ അയാള്‍ക്കു തോന്നി. ഇനി അതൊന്നും അയാളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ പോകുന്നില്ലെന്ന അറിവ് അയാളെ തളര്‍ത്തി.

പള്ളിയും ആള്‍ക്കാരും വളരെ പിന്നിലായെന്നുറപ്പായപ്പോള്‍ അയാള്‍ കീശയില്‍ നിന്ന് ടീച്ചറുടെ കത്ത് പുറത്തെടുത്തു. വിട പറയുമ്പോള്‍ പാതിരിയച്ചന്‍ ളോഹയുടെ കീശയില്‍ നിന്നെടുത്തു തന്നതായിരന്നു ആ തുറന്ന കത്ത്. രണ്ടു വരി മാത്രം.

ജയന്‍, എന്റെ യാത്ര മുഴുമിക്കാന്‍ കഴിഞ്ഞില്ല. എന്നോട് ക്ഷമിക്കു. സ്‌നേഹം ഗ്രേസിടീച്ചര്‍.

ചുറ്റും ഏകാന്തത നിറഞ്ഞ സ്‌നേഹത്തിന്റേതായ ഒരു തുരുത്ത്. അയാള്‍ ഓര്‍ത്തു. ഒരിയ്ക്കല്‍ യാത്ര മുഴുമിപ്പിക്കാമെന്ന മോഹത്തില്‍ സൂക്ഷിച്ചുവെയ്ക്കപ്പെട്ട ഒരു കടത്തു ടിക്കറ്റും.