ലോഡ്ജിൽ ഒരു ഞായറാഴ്ച
ലോഡ്ജിൽ ഒരു ഞായറാഴ്ച | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | ദൂരെ ഒരു നഗരത്തില് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 79 |
ലോഡ്ജിൽ ഞായറാഴ്ചയുടെ ബഹളങ്ങൾ, ഗന്ധങ്ങൾ. അന്തേവാസികളുടെ ഒരാഴ്ചത്തെ അലക്കു മുഴുവൻ അന്നാണ്. മുകളിൽനിന്ന് വെള്ളത്തിനുള്ള മുറവിളികൾ, ബക്കറ്റ് നിരക്കുന്ന ശബ്ദം. മണി മുകളിലേക്കും താഴേക്കും ഓടിനടന്ന് ഓർഡറുകൾ എടുത്തു.
ഞായറാഴ്ചയും തുറക്കുന്ന പെട്ടിക്കടയിൽനിന്ന് ബാർസോപ്പോ, സിഗരറ്റോ വാങ്ങാനോ, താഴത്തെ നിലയിലെ അടുക്കളയിൽനിന്ന് ചായ കൊണ്ടുവരാനോ ആയി ആ പന്ത്രണ്ടു വയസ്സുകാരൻ നിരന്തരം ഒരു എലവേറ്ററിന്റെ യാന്ത്രികതയോടെ ചലിച്ചു. പതിനാറു പേരുള്ള ലോഡ്ജിൽ പകുതി പേരും വെള്ളിയാഴ്ച വൈകുന്നേരം സ്ഥലം വിടും. ബാക്കിയുള്ളവരാണ് ഇത്രയും ബഹളമുണ്ടാക്കുന്നത്. വാതിലിന്നടുത്തിട്ട മേശക്കു പിന്നിൽ ലോഡ്ജിന്റെ ഉടമസ്ഥൻ ഗോപാലമേനോൻ ഇരുന്നു. പത്തു മണിയാവുമ്പോഴേക്ക് ഓരോരുത്തരായി താഴേയ്ക്കിറങ്ങിവന്ന് അവരവരുടെ സ്ഥാനം പിടിക്കും. തലമുടി പറ്റേ വെട്ടിയ സുരേഷ് ജനലിന്നരികിൽ. അയാളുടെ കൂട്ടുകാർ അനിലും നാഥനും അയാൾക്കെതിരെ. മൂന്നാം നമ്പർ മുറിയിലെ ജോസഫും വിമലും മറുവശത്ത്. നാലിലെ ലക്ഷ്മണൻ ഒറ്റക്ക് വേറൊരു മേശക്കു പിന്നിൽ. ഞായറാഴ്ച രാവിലെ എപ്പോഴും പുട്ടും കടലയും ഇടിയപ്പവും മുട്ടക്കറിയും ആയിരിക്കും പ്രാതൽ. ഇതെല്ലാം പതിവുതെറ്റാതെ ഒരേ മട്ടിൽ ആവർത്തിച്ചു. ഒരു ഞായറാഴ്ചയും മറ്റൊരു ഞായറാഴ്ചയിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.
മേനോൻസ് ലോഡ്ജിൽ ഞായറാഴ്ച പതിവുകാർ കുറവാണ്. ഒഴിവു ദിവസത്തിന്റെ ആലസ്യത്തിൽ പ്രാതൽ ഉണ്ടാക്കാൻ മെനക്കെടാത്ത കുടുംബിനികൾ സ്റ്റീൽ പാത്രങ്ങളും സഞ്ചികളുമായി പറഞ്ഞയക്കുന്ന കുട്ടികൾ, യാത്രക്കാരുടെ കയ്യിൽനിന്ന് ഭീഷണിപ്പെടുത്തി വാടകയിനത്തിൽ കൂടുതൽ വാങ്ങിയ പണംകൊണ്ട് ചായ കുടിക്കാനെത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ, കള്ളതുലാസ് ഉപയോഗിച്ച് രണ്ടുകിലോ വർത്തമാനക്കടലാസ് ഒരു കിലോ തൂക്കം കാണിച്ച് വീട്ടമ്മമാരെ കബളിപ്പിക്കുന്ന കടലാസു കച്ചവടക്കാർ... അങ്ങനെ ഏതാനും പേർ മാത്രമേ വന്നിരുന്നുള്ളു.
ആവർത്തനവിരസത മുഖച്ഛായയാക്കി മാറ്റിയ ആ ലോഡ്ജിലേക്ക് ഒരു ഞായറാഴ്ച രാവിലെ പത്തുമണിക്ക് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കടന്നുവന്നു. പാന്റ്സും നീണ്ട കയ്യുള്ള ഷർട്ട് തിരുകാതെ പാന്റിനു പുറത്ത് ഇട്ടതുമാണ് വേഷം. ഷർട്ടിന്റെ കൈ മടക്കിവെക്കാതെ ബട്ടനിട്ടിരിക്കുന്നു. ചെറുപ്പക്കാരി ഇരുനിറമാണ്. സൗന്ദര്യത്തിനും വൈരൂപ്യത്തിനും ഇടയിൽ ആപൽക്കരമായ തുലനം വെച്ചുപുലർത്തുന്ന പ്രകൃതം. തലയിൽ മുല്ലപ്പൂവ് ചൂടിയിട്ടുണ്ട്. അവൾ ചെറുപ്പക്കാരനിൽനിന്ന് അൽപം മാറി സങ്കോചത്തോടെ നിന്നു. റസ്റ്റോറണ്ടിന്റെ അന്തരീക്ഷംതന്നെ നഗ്നയാക്കുമോ എന്നവൾ ഭയപ്പെടുന്നപോലെ.
ഗോപാലമേനോൻ ശ്രദ്ധിച്ചു. പുതുതായി കല്യാണം കഴിച്ചവരായിരിക്കണം. അങ്ങനെയുള്ളവർ ഉച്ചക്ക് ഊണുകഴിക്കാൻ വരാറുണ്ടെന്നല്ലാതെ രാവിലത്തെ ഭക്ഷണത്തിനായി വരാറില്ല. ഇനി വരികയാണെങ്കിൽതന്നെ വേഗം അകത്തുകയറി അൽപം മറവുള്ള മൂലയിൽ ഒരു സീറ്റ് കണ്ടുപിടിച്ച് ഇരിക്കയാണ് പതിവ്. വഴി അന്വേഷിക്കാൻ കയറിയവരായിരിക്കണം അവർ. ചെറുപ്പക്കാരന്റെ മുഖം എവിടെയോവെച്ച് കണ്ടുപരിചയമുള്ളപോലെ.
ഹാളിൽ പുട്ടും കടലയും കഴിച്ചുകൊണ്ടിരിക്കുന്നവരിൽ വളരെ അദ്ഭുതകരമായ പ്രതികരണങ്ങളാണുണ്ടായത്. ജനലിന്നരികെ ഇരുന്ന് കടലയിൽ കുഴച്ച പുട്ട് ഒരു വായ അകത്താക്കിയതിനു മീതെ ഒരു കവിൾ ചൂടുചായ ഒഴിച്ചത് ഇറക്കാൻ പറ്റാതെ, ഗ്ലാസ് വായിൽനിന്നെടുക്കാൻ പറ്റാതെ സുരേഷ് വെറുങ്ങലിച്ച് ഇരുന്നു. അയാൾക്കെതിരെ ഇരുന്ന അനിലും നാഥനും കൂട്ടുകാരന്റെ തള്ളിനിൽക്കുന്ന കണ്ണുകളിൽ ഉറച്ചുനിൽക്കുന്ന വസ്തു എന്താണെന്നറിയാൻ തിരിഞ്ഞുനോക്കുകയും ആ ക്രിയയിൽ സുരേഷിന്റെ അവസ്ഥയിൽത്തന്നെ എത്തിച്ചേരുകയും ചെയ്തു. ജോസഫും വിമലും ആ കാഴ്ച അൽപം തമാശയോടെ, ഇനി സംഭവിച്ചേക്കാൻ ഇടയുള്ള കാര്യങ്ങൾ ആസ്വദിക്കാൻ തയ്യാറായിരുന്നു. ലക്ഷ്മണനും അവിടെ സ്ഥിരം ചായകുടിക്കാൻ വരാറുള്ള ആട്ടോറിക്ഷാ ഡ്രൈവറും അതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പവും മുട്ടക്കറിയും ഭക്ഷിച്ചു.
ആരെയോ തെരയുകയായിരുന്ന ആ ചെറുപ്പക്കാരനോട് ഗോപാലമേനോൻ ചോദിച്ചു.
എന്താ വേണ്ടത്?
ചെറുപ്പക്കാരന്റെ തെരച്ചിൽ അവസാനിച്ചിരുന്നു. അയാളുടെ കണ്ണുകൾ പ്രതിമയായി മാറിയ സുരേഷിൽ ഉടക്കിനിന്നു. ആ നിമിഷത്തിലാണ് ഗോപാലമേനോന്റെ ചോദ്യമുണ്ടായത്.
എന്താ വേണ്ടത്?
അയാൾ ഉടനെ പ്രതിയുടെ നേർക്ക് വിരൽചൂണ്ടുന്ന വക്കീലിന്റെ നാടകീയതയോടെ, സുരേഷിനു നേരെ ചൂണ്ടിക്കൊ ണ്ട് പറഞ്ഞു.
‘സുരേഷ്...’
ആഘാതത്താൽ സുരേഷിന്റെ വായിലെ പുട്ടും കടലയും ചായയും കൂടിയുള്ള മിശ്രിതം വയറ്റിലേക്കിറങ്ങിപ്പോയി.
ആ, സുരേഷിന്റെ ആളാണോ? ഗോപാലമേനോൻ പറഞ്ഞു. വരൂ ഇരിക്കൂ. സുരേഷ് എന്താണ് നോക്കിനിൽക്കണത്? തന്നെ അന്വേഷിച്ച് ആൾ വന്നിരിക്കണത് കണ്ടില്ലേ?
സുരേഷ് ഞെട്ടലിൽനിന്ന് മോചിതനായിരുന്നു. അയാൾ എഴുന്നേറ്റുവന്നു. അപ്പോഴും വല്ലായ്മയോടെ നിന്നിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു.
‘താൻ എന്താണ് രാവിലെ വന്നത്? ഉച്ചതിരിഞ്ഞ് വരാന്നല്ലേ പറഞ്ഞിരുന്നത്?’
‘രാവിലത്തെ ബസ്സിനുവന്നു.’ അയാൾ പറഞ്ഞു.
‘എന്റെ പെങ്ങളും അളിയനുമാണ്.’ സുരേഷ്, ഗോപാലമേനോന് പരിചയപ്പെടുത്തി.
‘ആ, എന്നിട്ടാണോ താൻ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നിരുന്നത്? എടാ മണി, രണ്ട് ചായ എടുക്ക്. തിന്നാൻ എന്താണ് വേണ്ടത്? പുട്ടും കടലയും ഉണ്ട്, ഇടിയപ്പോം മുട്ടക്കറീംണ്ട്.’
‘ഒന്നും വേണ്ട. അയാൾ പറഞ്ഞു. ഒരു ഗ്ലാസ്സ് വെള്ളം മാത്രം.’
‘എടോ സുരേഷ്, താൻ ഇവരെ തന്റെ മുറിയിലേക്ക് കൊണ്ടുപോകു. കഴിക്കാനുള്ളതൊക്കെ മണി അവിടെ കൊണ്ടുവന്നുതരും. യാത്രകഴിഞ്ഞ ക്ഷീണമുണ്ടാകും.’
സുരേഷ് ആശ്വാസത്തോടെ, കൃതജ്ഞതയോടെ മേനോനെ നോക്കി.
അവർ മുകളിലേക്ക് പോയിക്കഴിഞ്ഞപ്പോൾ മേനോൻ പറഞ്ഞു.
‘എന്തൊരു നാണാ ആ പഹയന്. പെങ്ങൾവന്നതിനാണ്. ഇക്കണക്കിന് അയാള് കല്യാണം കഴിച്ച് കൊണ്ടരുമ്പൊ എന്തായിരിക്കും സ്ഥിതി?’
എല്ലാവരും ചിരിച്ചു. അനിലും നാഥനും പുട്ട് കഴിഞ്ഞ് ഇടിയപ്പത്തിൻമേൽ കൈവെക്കുകയാണ്. ജോസഫ് സിഗരറ്റിനു തീകൊളുത്തി. എല്ലാം വീണ്ടും ശാന്തമായി. അപ്പോഴാണ് സുരേഷ് കോണിയിറങ്ങിവന്നത്.
‘താനെന്തിനാടോ ഇപ്പൊ ഇറങ്ങിവന്നത്? മണിയെ വിളിച്ചു പറഞ്ഞാപ്പോരായിരുന്നോ? എന്താ തിന്നാൻ കൊടുത്തയക്കണ്ടത്.’
‘അവര്ടെ രാവിലത്തെ ഭക്ഷണം കഴിഞ്ഞു. പുറത്ത് എവിടെനിന്നോ കഴിച്ചൂന്ന് പറഞ്ഞു. കുറച്ചുനേരം വിശ്രമിക്കണംത്രെ. രാവിലെ നേർത്തെ എണീറ്റ് ബസ് പിടിച്ചതല്ലെ.’
‘അതെയതെ.’ മേനോൻ കണ്ണിറുക്കി കാട്ടി. വിശ്രമിക്കട്ടെ. താൻ ഉപദ്രവിക്കാനൊന്നും പോണ്ട. അയാൾ ഒന്നുനിർത്തി. പിന്നെ ഓർമ്മയുടെ ചെല്ലപ്പെട്ടി തുറന്ന് വിസ്തരിച്ച് മുറുക്കാനുള്ള ശ്രമമായി. ‘ഞാൻ മദിരാശിലായിരിക്കുമ്പോ ഇതുപോലെ...’
‘ചതിച്ചു.’ ജോസഫ് പറഞ്ഞു. മേനോൻ ഒരു കഥ പുറത്തെടുക്കുന്നു.
മേനോന്റെ കഥകൾ ഒരു ദുരന്തമായിരുന്നു. ജോസഫിന്റെ അഭിപ്രായത്തിൽ മേനോൻ കഥപറച്ചിൽ നിർത്തിയാൽ ലോഡ്ജിൽ ഇപ്പോഴുള്ളതിനേക്കാൾ ആൾക്കാർ താമസത്തിനു വരും. മാത്രമല്ല കുറച്ച് ചാർജ് കൂട്ടിയാലും സസന്തോഷം കൊടുക്കാനും ആൾക്കാർ തയ്യാറാകും. താഴത്തെ റെസ്റ്റോറണ്ടിന്റെ കാര്യവും അതുതന്നെ. പക്ഷേ, മേനോൻ കഥപറച്ചിൽ നിർത്തുകയുണ്ടായില്ല. എല്ലാം മദിരാശിക്കഥകളാണ്. ജീവിതവസന്തത്തിൽ മദിരാശി നഗരത്തിൽവെച്ചുണ്ടായ അനുഭവങ്ങൾ. മധുരിക്കുന്നവ, കയ്പേറിയവ, എരിവും പുളിയും ഉള്ളവ. ആ ഓർമകളുടെ സാന്ത്വനത്തിൽ ആ അറുപതുകാരൻ ജീവിക്കുന്നു. മക്കളില്ല. തളർവാതം പിടിച്ച ഭാര്യ മാത്രം.
‘താനൊരു രസം കൊല്ലിയാണ് ജോസഫെ.’ മേനോൻ പറഞ്ഞു. ‘തനിക്ക് നല്ല കഥ ആസ്വദിക്കാൻ കഴിയില്ല.’ നിസ്സഹായരായി നിൽക്കുന്ന മറ്റുള്ളവരെ നോക്കി അയാൾ തുടർന്നു. ഞാനിതുപോലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഒപ്പം ഒരു സ്നേഹിതനുമുണ്ട്. ഫിഫ്റ്റി ഫൈവ് ഫിഫ്റ്റി സിക്സിലാണ്. ആ കാലത്താണ് പെങ്ങളുടെ കല്യാണം കഴിഞ്ഞത്. വരൻ മദ്രാസിൽത്തന്നെയായിരുന്നു. ട്രഷറിയിൽ ജോലി. അവരുടെ ഒറ്റ മുറി വീടായിരുന്നു. മദിരാശി നഗരത്തിൽ അന്നൊക്കെ അത്രയൊക്കെ പറ്റൂ. അളിയന്റെ അച്ഛനും അമ്മയും ചെറിയ പെങ്ങളുമുണ്ട് ഒപ്പം. ഞാനവരുടെ വീട്ടില് പോയിട്ടുണ്ട്. ഒറ്റമുറ്യാന്നൊക്കൊ മനസ്സിലാക്കീട്ടുണ്ട്. ന്നാലും അതോണ്ട്ള്ള വെഷ മം എന്താന്ന് മനസ്സിലാക്കീട്ടില്ല. എനിക്കത്രേല്ലെ പ്രായള്ളൂ. ചെലദിവസം വൈകുന്നേരം അവര് ലോഡ്ജില് എന്റെ മുറീല് വരും. കുറച്ചുന്നേരം ഇരുന്ന് തിരിച്ചുപോവും. എന്നാലും ആകപ്പാടെ ഒരു മൂഡില്ലാത്തപോലെ. ഞാൻ തമാശ പറയുമ്പോ രണ്ടുപേരും ചിരിക്കുംന്ന് മാത്രം.’
ജോസഫ് എഴുന്നേറ്റു, കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.
‘ഞാൻ പോണ്.’
‘താനവിടെ ഇരിക്കെടോ,’ മേനോൻ ആജ്ഞാപിച്ചു. ‘താനിനി മുകളിൽ പോയി അവരെ ശല്യം ചെയ്യണ്ട.’
ജോസഫ് മണിയോട് ഒരു സിഗരറ്റ് കൂടി വാങ്ങാൻ പറഞ്ഞ്, ഇരുന്നു.
‘അപ്പൊ ഞാൻ പറഞ്ഞുവന്നത് എന്താന്നുവച്ചാൽ, ങ്ങാ, പെങ്ങളുടെയും അളിയന്റെയും മുഖത്ത് സന്തോഷം ഇല്ലാത്തതിന്റെ കാരണം എന്റെ കൂട്ടുകാരൻ പറഞ്ഞപ്പോഴാ മനസ്സിലായത്. എനിക്കുതന്നെ മനസ്സിലാക്കാമായിരുന്നു. പക്ഷേ, ഞാൻ വങ്കൻ അതൊന്നും ഓർത്തില്ല. ഒറ്റ മുറിയിൽ അച്ഛനും അമ്മയും പെങ്ങളും അപ്പുറത്ത് കിടക്കുമ്പോൾ പുതുതായി കല്യാണം കഴിഞ്ഞ ഇവർ ഇപ്പുറത്ത് കിടന്ന് എന്തു ചെയ്യാനാണ്. കാര്യം കഷ്ടം തന്ന്യാണ്. ഞാനും കൂട്ടുകാരനും കുറെ നേരം ആലോചിച്ച് ഒരു സൂത്രം കണ്ടുപിടിച്ചു. അടുത്ത പ്രാവശ്യം അവർ വന്നപ്പോൾ ഞങ്ങൾ സിനിമക്ക് ബുക്ക് ചെയ്തിട്ടുണ്ട് പോവാണ്ന്ന് പറഞ്ഞു. ഞങ്ങൾ വരുന്നതുവരെ അവിടെ ഇരിക്കണമെന്നും പറഞ്ഞ് സ്ഥലം വിട്ടു. തിരിച്ച് ഒമ്പതു മണിക്ക് വന്നപ്പോൾ രണ്ടു പേരുടെ മുഖത്തും ഒരു കള്ളച്ചിരി.’
‘മേനോന്റെ കഥയിലപ്പടി നീലയാണല്ലോ.’ ജോസഫ് പറഞ്ഞു.
‘ആഴ്ചയിലൊരിക്കൽ മാത്രം വന്നിരുന്നവർ ആഴ്ചയിൽ രണ്ടുപ്രാവശ്യമായി. പിന്നെ മൂന്നുപ്രാവശ്യം. അവർ വന്നാൽ ഞങ്ങൾ അഞ്ചുമിനിറ്റ് നേരം സംസാരിച്ചിരിക്കും. പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്തിറങ്ങും. പലപ്പോഴും ബീച്ചിൽ പോയി ഇരിക്കയാണ് പതിവ്. എന്നും സിനിമക്ക് പോകാനുള്ള പണമൊന്നുമില്ല അന്ന്.’
മേനോൻ നിർത്തി. അയാൾ ആലോചിക്കുകയായിരുന്നു. തന്റെ പെങ്ങളെപ്പറ്റി, അളിയനെപ്പറ്റി, അവർ പോയാൽ കിടക്കയിൽ വീണുകിടക്കാറുള്ള ചതഞ്ഞ മുല്ലപ്പൂക്കളെപ്പറ്റി. ആ പൂക്കൾ വലിച്ചെറിയാൻ കഴിയാതെ അയാൾ ഒരു സ്ഫടികപ്പാത്രത്തിലിട്ടു വെച്ചിരുന്നു. അവർ എവിടെയാണിപ്പോൾ എന്ന് മേനോനറിയില്ല. തമിഴ് നാട്ടിലെവിടെയോ ആണ്. ഒരു പക്ഷേ, അളിയൻ മരിച്ചിട്ടുണ്ടാകാം. വളരെ വിചിത്രമായ വിധത്തിൽ താൻ കുടുംബവുമായി വേർപെട്ടുപോകുകയാണുണ്ടായത്.
മുകളിൽനിന്ന് സുരേഷിന്റെ അളിയൻ ഇറങ്ങിവന്നു. താൻ മേനോന്റെ ജീവിതകഥയിലെ ഒരു കഥാപാത്രത്തിൽ വേഷമണിയുകയാണെന്നറിയാതെ അയാൾ അരങ്ങിലേക്ക് അവരുടെ ഇടയിലേക്ക് കടന്നുവന്നു. ഭയപ്പെടുത്തുന്ന നിശ്ശബ്ദത അവരെ ചുഴുന്നു. സ്വയം അറിയാതെത്തന്നെ അയാൾ അഭിനയം തുടങ്ങുകയാണ്.
‘ഇപ്പൊ ഒരു ചായ ആവാം അല്ലെ?’ മേനോൻ ചോദിച്ചു.
‘ആവാം.’ അയാൾ മറുപടി പറഞ്ഞു.
‘മണി ഒരു സ്പെഷൽ ചായ എടുക്ക്. മേനോൻ ഉത്തരവിട്ടു.’
സുരേഷ് കോണിമേലെത്തിയിരുന്നു. അയാൾ മേനോനെ ശ്രദ്ധിച്ചുകൊണ്ട് പതുക്കെ കയറുകയാണ്.
‘പെങ്ങളുടെ അടുത്തേക്ക് പോണ്ണ്ട്.’ മേനോൻ പറഞ്ഞു. ‘വെടിപറഞ്ഞിരിക്കാനാണ്. കുറേ ദിവസം കഴിഞ്ഞ് കാണുന്നതല്ലെ. നാട്ടുവർത്താനങ്ങൾ ശ്ശി കാണും.’
കഥാപാത്രം തലയാട്ടി. അയാൾ മുമ്പിൽ കണ്ട കസേരയിൽ കയറിയിരുന്നു. മുമ്പിലുള്ള മേശ ഒരു പ്രതിരോധമായി അയാൾക്കു തോന്നി. പിന്നിൽ ചുമരാണ്. അയാൾ അനിലിനേയും നാഥനേയും നോക്കി ചിരിച്ചു. അവർ ചായകുടി കഴിഞ്ഞ് വെറുതെ ഇരിക്കുകയാണ്.
‘എന്താ പേര്ന്നാ പറഞ്ഞത്?’
‘രാഘവൻ.’ അയാൾ നുണ പറഞ്ഞു. അതും അയാളുടെ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു.
‘എന്താ ജോലി?’
‘റവന്യൂ ഡിപ്പാർട്ടുമെന്റിലാ.’ വീണ്ടും നുണ. ഇതുപക്ഷേ, തുടരാൻ അയാൾ ഭയപ്പെട്ടു. തന്റെ പൊയ്മുഖം അഴിച്ചുമാറ്റപ്പെടുന്നതയാൾ ഇഷ്ടപ്പെട്ടില്ല. അയാൾ ആക്രമണത്തിലേക്ക് കടന്നു.
‘എങ്ങിനെയുണ്ട് ബിസിനസ്സ്?’
‘ഒക്കെ അങ്ങനെ പോകുന്നു.’ മേനോൻ പറഞ്ഞു. ‘കുറച്ച് നല്ല ആൾക്കാര് താമസിക്കാനുണ്ട്. കുറെ വെടിപറഞ്ഞിരിക്കും.
വീട്ടിൽ ഇരിക്കുന്നതിനേക്കാൾ ഭേദം ഇവിടെ ഇരിക്ക്യാണ്. അല്ലാതെ വലിയ ലാഭം ഒന്നും ഉണ്ടാവാറില്ല.’
മണി ചായ കൊണ്ടുവന്നു വച്ചു.
‘ചായ കുടിക്കൂ.’ മേനോൻ പറഞ്ഞു. ഞാനൊന്ന് അടുക്കളേല് പോയി നോക്കട്ടെ.
അയാൾ മേശയുടെ വലിപ്പടച്ച് പൂട്ടി താക്കോൽ കീശയിലിട്ട് എഴുന്നേറ്റ് നടന്നു. ഇടയ്ക്കൊരു നോട്ടം ഉണ്ടാവുന്നത് നല്ലതാണ്. അത്യാവശ്യം പേടിയും ഉണ്ടാവും. അല്ലെങ്കിൽ സാധനങ്ങൾ നാശമാക്കിക്കളയും.
പത്തുമിനിറ്റ് നേരത്തെ ചുറ്റലിനുശേഷം മേനോൻ തിരിച്ചുവന്നപ്പോൾ സുരേഷ് താഴത്തെത്തിയിരിക്കുന്നു.
‘എന്താടോ നാട്ടുവർത്തമാനം ഒക്കെ കഴിഞ്ഞുവോ?’
സുരേഷ് ചിരിച്ചു. അപ്പോഴാണ് നാഥൻ സ്ഥലംവിട്ടിരിക്കുന്നു എന്ന് മേനോൻ മനസ്സിലാക്കിയത്.
‘നാഥനെവിടെ?’
‘ഇവിടെയെവിടെയെങ്കിലും കാണും.’ സുരേഷ് പറഞ്ഞു.
മുകളിൽ വാതിലടയുന്ന ശബ്ദം കേട്ടു. മേനോൻ പെട്ടെന്ന് അസ്വസ്ഥനായി. നാഥൻ മുകളിലേക്ക് തന്നെയാണ് പോയതെന്ന് മേനോന് മനസ്സിലായി. അയാളുടെ വേഷം ലുങ്കിയും ബനിയനുമായിരുന്നു. ആ വേഷത്തിൽ നാഥൻ പുറത്തുപോവില്ല. പുതുതായി കല്യാണം കഴിച്ച ഒരു നാടൻ പെൺകുട്ടി മുകളിൽ ഒറ്റക്കാണെന്നറിഞ്ഞുകൊണ്ട് മറ്റൊരു ചെറുപ്പക്കാരൻ മുകളിൽ കയറിപ്പോയത് മേനോന്റെ ധാർമികതക്ക്, ഔചിത്യബോധത്തിന് പോറലേൽപ്പിച്ചു. അവളുടെ ഭർത്താവും സഹോദരനും അതു കണ്ടില്ലെന്ന ഭാവത്തിൽ താഴെ ഇരിക്കുന്നതും അയാളെ അദ്ഭുതപ്പെടുത്തി. ഈ ചെറുപ്പക്കാരുടെ പെരുമാറ്റം ഒക്കെ ഒരു വിശേഷവിധിയാണ്.
സുരേഷും രാഘവനും അടക്കം പറഞ്ഞ് സംസാരിക്കുകയാണ്. രണ്ടു പേരുടെയും മുഖം ഗൗരവപൂർണമാണ്. ഇ പ്പോൾ അനിലും അവരോടു കൂടിയിരിക്കുന്നു. അയാളുടെ മുഖവും അത്ര പ്രസന്നമല്ല. എന്തോ ഒരു വലിയ വിപത്ത് വന്നുപെട്ടാലെന്നപോലെ.
‘എന്താ അളിയനും അളിയനും കുശുകുശുക്കണത്?’ മേനോൻ വിളിച്ചു ചോദിച്ചു.
ചെടിച്ചട്ടികൾ തലയിലേറ്റി വിൽക്കാൻ നടക്കുന്ന വയസ്സൻ തലച്ചുമട് ഇറക്കിവെച്ച് നെറുകയിൽ തിരുമ്മിക്കൊണ്ട് ഉള്ളിലേക്ക് വന്ന്, ഫാനിന്റെ ചുവട്ടിലായി ഒരു മേശക്കരികിൽ സ്ഥലം പിടിച്ചു.
‘ഒരു ചായ എടുക്ക്. ഹൗ എന്തൊരു ചൂട്. ആർക്കും വേണ്ടാത്ത ഈ സാധനം തലയിലേറ്റി നടന്നു ക്ഷീണിച്ചു.’
‘എന്തേ ഒന്നും വിറ്റില്ലെ?’
‘ആർക്കും വേണ്ട. രാവിലെ ഏഴുമണിക്കുതൊട്ട് തൊടങ്ങ്യ നടത്താ.’
‘ഇപ്പോൾ ആർക്കും പൂക്കൾ വേണ്ട, പൂച്ചെടികളും.’ മേനോൻ പറഞ്ഞു. ‘ആളുകളുടെ അഭിരുചി മാറിയിരിക്കുന്നു. അവർക്ക് ടിവിയും വീഡിയോയും ഒക്കെ മതി. ഇരുപത്തിനാലു മണിക്കൂറും അതിനു മുമ്പിൽത്തന്നെ.’
അതിനിടെ നാഥൻ ഇറങ്ങി വരുന്നതും അനിൽ അരിച്ചരിച്ച് കോണിച്ചുവട്ടിലേക്ക് നടക്കുന്നതും മേനോൻ ശ്രദ്ധിച്ചു. അയാൾ പറഞ്ഞു.
‘നിങ്ങളെല്ലാവരും കൂടി ആ പെൺകുട്ടിയുടെ ഉറക്കം കളയും.’
‘സാരമില്ല മേനോൻ. അവൾ ഉറങ്ങുകയല്ല.’
രാഘവനാണ്. അയാൾ അവിടെ വന്നതിനുശേഷം ആദ്യത്തെ സത്യം പറഞ്ഞു.
അവൾ ഉറങ്ങുകയായിരുന്നില്ല. അവളുടെ ഉറക്കം എന്നേ നഷ്ടപ്പെട്ടിരുന്നു. വൈകുന്നേരങ്ങളിൽ കുടിച്ചുവന്ന് അവളെ ഭേദ്യം ചെയ്യുന്ന ഭർത്താവിനും നിരന്തരം പനിയും ചുമയും വന്ന് എല്ലു മാത്രമായി മാറിയ രണ്ടു കുട്ടികൾക്കുമിടയിൽ അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ അവൾ ആലോചിച്ചിരുന്നത് പണത്തെപ്പറ്റിയായിരുന്നു. കുട്ടികൾക്ക് രണ്ടുപേർക്കും തലേന്ന് രാത്രി നല്ല പനിയായിരുന്നു. ഇന്ന് എന്തായാലും ഡോക്ടറെ കാണിക്കണം. അതിനുള്ള പണം താൻതന്നെയുണ്ടാക്കണം. ഇതെത്രാമത്തെ ആളാണ്. അവൾക്ക് എണ്ണം നഷ്ടപ്പെട്ടിരുന്നു. മൂന്നു പേരുണ്ടാവുമെന്നാണ് വീതികുറഞ്ഞ നിരത്തിൽ അടച്ചുപൂട്ടിയ പാൽ ബൂത്തിന്റെ മറവിൽ വൈറ്റ് പട്രോളിനെ പേടിച്ച് വിലപേശിക്കൊണ്ടിരുന്നപ്പോൾ തന്നെ വാടകക്കെടുത്ത ആൾ പറഞ്ഞത്. അവൾ എണ്ണാൻ ശ്രമിച്ചു. ആദ്യം തന്നെ ആ ഹോട്ടലിലേക്ക് കൊണ്ടുവന്ന ആൾ. പിന്നെ കറുത്തു തടിച്ച് തലമുടി പറ്റേ വെട്ടിയ ആൾ പിന്നെ... ഓരോ പ്രാവശ്യവും വേദനകൊണ്ടവൾ പുളഞ്ഞു. മൂർച്ചയില്ലാത്ത കത്തി ദേഹത്തിലിറക്കുന്നപോലെ. തുടക്കത്തിൽ മാത്രം. പിന്നെ മർദനത്തിന്നിരയായ ഒരു ആദർശവാദിയുടെ ആത്മസംയമനത്തോടെ അവൾ സ്വയം വേദനയിൽനിന്ന് മുക്തിനേടി. അവൾക്ക് വേദനയേക്കാളേറെ ഭയമായിരുന്നു. ഇനി തനിക്ക് സ്വന്തം ഡോക്ടറെ കാണാനുള്ള പണവും ഉണ്ടാക്കണം. കഴിയുന്നതും വേഗം ഡോക്ടറെ കണ്ടില്ലെങ്കിൽ ഈ തൊഴിലും ചെയ്യാൻ പറ്റാത്ത ഒരു ഘട്ടം വരും. അങ്ങനെ വന്നാൽ...
വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. ഒപ്പമുണ്ടായിരുന്ന ആൾ എഴുന്നേറ്റു പോയി എന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. അവൾ തളർന്നിരുന്നു. എഴുന്നേറ്റ്, കുളിമുറിയിലേക്ക് നടന്നു.
ചെടിച്ചട്ടിക്കാരൻ ചായയുടെ പണം കൊടുത്ത് പുറത്തേക്കിറങ്ങി. രണ്ട് ഓട്ടോറിക്ഷാക്കാർ പുതുതായി വന്നിരുന്നു. ജോസഫും കൂട്ടുകാരനും മുകളിലേക്കുപോയി. ലക്ഷ്മണൻ വർത്തമാനപത്രം വായിച്ചിരിക്കയാണ്. സുരേഷും അളിയനും അപ്പോഴും സംസാരത്തിൽത്തന്നെ നാഥനും അനിലും പുറത്തിറങ്ങി നിൽക്കുകയാണ്. മേനോൻ അടുക്കളയിലേക്കു നടന്നു. ഉച്ചത്തെ ഊണിന്റെ കാര്യങ്ങൾ നോക്കണം. താൻ ഇടക്കൊന്ന് പോയിനോക്കിയാൽ മതി. കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുകൊള്ളും.
ഒരു സ്ത്രീ ബഹളം കൂട്ടുന്ന ശബ്ദം കേട്ടപ്പോൾ മേനോൻ വിചാരിച്ചത് കഴിഞ്ഞആഴ്ച വന്ന് ശല്യപ്പെടുത്തിയ ഭ്രാന്തി വീണ്ടും വന്നു എന്നായിരുന്നു. ഞായറാഴ്ച തന്നെയാണ് അവൾ വന്നത്. റസ്റ്റോറന്റിലേക്ക് കടന്നുവന്നു കുറേ പുലഭ്യം പറഞ്ഞു. അവസാനം ഒഴിവാക്കാൻ ഒരു പ്ലെയ്റ്റ് പുട്ടും കടലയും പൊതിഞ്ഞു കൊടുക്കേണ്ടിവന്നു.
‘ആ ഭ്രാന്തി വീണ്ടും വന്നിട്ടുണ്ടെന്ന് തോന്നുന്നു.’ മേനോൻ വെപ്പുകാരനോട് പറഞ്ഞു.
വെപ്പുകാരൻ സവോള അരിയുന്നതു നിർത്തി മേനോനെ സഹാനുഭൂതിയോടെ നോക്കി.
‘മേനോൻ സാർ ഇങ്ങനെ ശുദ്ധനായല്ലോ. അത് ഭ്രാന്തിയൊന്നും അല്ല. അത് രണ്ടാം നമ്പറിലെ സുരേഷിന്റെ കൂട്ടുകാരൻ കൊണ്ടുവന്ന പെണ്ണാ.’
‘സുരേഷിന്റെ പെങ്ങളോ?’
‘പെങ്ങൾ, കുന്താ. സാറ് ഒന്ന് പോയി നോക്ക്.’
മേനോൻ പുറത്തു കടന്നു. ബഹളം മുകളിൽനിന്നു തന്നെയാണ്. ഒന്നും വ്യക്തമല്ല. അയാൾ കോണി കയറി. രണ്ടാം നമ്പർമുറിയുടെ വാതിൽ തുറന്നുകിടക്കുന്നു. മുറിയുടെ നടുവിൽ അവൾ നിന്നിരുന്നു. ആകെ ഉലഞ്ഞ വേഷം. സാരി ധിറുതിപിടിച്ച് ഉടുത്തതാണ്. തലമുടി അഴിഞ്ഞുലഞ്ഞിരുന്നു. ബ്ലൗസിന്റെ കുടുക്കുകൾ രണ്ടെണ്ണം ഇട്ടിരുന്നില്ല. അതിലൂടെ അവളുടെ മുഷിഞ്ഞ ബ്രേസിയർ കാണുന്നു. മേനോൻ കണ്ണുതിരിച്ചു. സുരേഷും രാഘവനും ജോസഫും അനങ്ങാതെ നിൽക്കുകയാണ്.
‘എന്താ ഇവിടെ ബഹളം?’
ചോദിച്ചത് സുരേഷിനോടായിരുന്നു. പക്ഷേ, മറുപടി വന്നത് ആ സ്ത്രീയിൽ നിന്നാണ്.
‘സാറെ രണ്ടുപേർ എക്സ്ട്രാ ഉണ്ടാവുമെന്ന് പറഞ്ഞിട്ടാണ് എന്നെ കൂട്ടിക്കൊണ്ടുവന്നത്. അമ്പതിന് ഞാൻ സമ്മതിക്കുകയും ചെയ്തു. ഇവിടെ വന്നപ്പൊ എത്ര പേരാ. ഒരു എട്ടു പേരെങ്കിലും കാണും. അപ്പൊ കുറച്ച് എക്സ്ട്രാ വേണംന്ന് പറഞ്ഞതാ. ഇവര് സമ്മതിക്കില്ല്യ. ഞാൻ ബഹളം കൂട്ടും. ആൾക്കാരെ ഒക്കെ വരുത്തും. നേരും നെറിയും ഇല്ലാത്ത ആളുകൾ.’
‘മിണ്ടരുത്.’ മേനോൻ പറഞ്ഞു. ‘നീ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട. ഞാനിപ്പോൾ പോലിസിനെ വിളിക്കും. കാര്യമെന്താച്ചാൽ അത് മര്യാദക്കു പറ.’
പെട്ടെന്നവൾ കരയാൻ തുടങ്ങി.
‘സാറെ, ഒരു നിവൃത്തിയില്ല്യാഞ്ഞിട്ടാ ഈ പണിക്ക് പോണത്. അല്ലെങ്കില് രണ്ടു മക്കളും പട്ടിണ്യാവും. രണ്ടു പേർക്കും പന്യാണ്. ഡോക്ടറെ കാണിക്കാൻ പണം ആവശ്യാ സാറെ. അതോണ്ട് പറയണതാണ്. രാവിലെ ഒരിറക്ക് വെള്ളം കുടിക്കാതെയാണ് ഇതിനെറങ്ങിത്തിരിച്ചത്. സാറ് പോലിസിനെയൊന്നും വിളിക്കല്ലെ. ഞാൻ പൊയ്ക്കൊള്ളാം.’
അവൾ തേങ്ങിക്കൊണ്ട് മുറിയുടെ ഒരു മൂലയിൽ പോയി പകുതി കുത്തഴിഞ്ഞ സാരി ഉടുക്കാൻ തുടങ്ങി.
അപ്പോൾ അയാൾ കണ്ടു, ചുളിഞ്ഞ കിടക്കവിരിയിൽ വാരിയിട്ടപോലെ വാടിയ മുല്ലപ്പൂക്കൾ. ഇതളുകളിൽ തവിട്ടുനിറം ബാധിച്ച ചതഞ്ഞ പൂക്കൾ. അയാളുടെ നെഞ്ചിൽ ഒരു തേങ്ങൽ ഉരുണ്ടുകൂടി. അയാൾ മുറിക്കു പുറത്തുകടന്ന് കോണിയിറങ്ങി. കസേരയിൽ തന്റെ സ്ഥാനത്ത് പോയിരുന്നു. അയാൾ തളർന്നിരുന്നു. താൻ സ്വന്തം ഭാവനയാൽ കബളിക്കപ്പെട്ടിരിക്കുന്നു. തേങ്ങുന്ന ഒരു മുഖം അയാളുടെ മനസ്സിൽ വന്നു. കുത്തഴിഞ്ഞ സാരിയുടെ ഇടയിൽകൂടി കണ്ട നിറം മങ്ങി കീറിയ അടിപ്പാവാടയും. താൻ ഒരു പുരുഷനായതിൽ മേനോന് ലജ്ജ തോന്നി. അവളുടെ മക്കളുടെ കാര്യം പറഞ്ഞത് സത്യമായിരിക്കണം. തകർച്ചയുടെ വക്കിലെത്തിയ ഒരാൾ സത്യമേ പറയൂ. അവൾക്കിനി നഷ്ടപ്പെടാനൊന്നുമില്ല.
മേനോൻ മണിയെ വിളിച്ച് രണ്ടു പ്ലേറ്റ് പുട്ടും കടലയും പൊതിഞ്ഞുകൊണ്ടുവരാൻ പറഞ്ഞു. ഓരോ പടിയും അളന്നു തിട്ടപ്പെടുത്തുന്നതുപോലെ, വളരെ സാവധാനത്തിൽ അവൾ കോണിയിറങ്ങി വന്നു. അവൾക്ക് നടക്കാൻ വിഷമമുണ്ട്.
‘ഇവിടെ വാ.’ മേനോൻ വിളിച്ചു.
‘ഇതാ, ഇതു കൊണ്ടുപോയി മക്കളുടെ ഒപ്പം തിന്ന്.’
അയാൾ മേശവലിപ്പ് തുറന്നു. അന്നത്തെ വരവ് ഏകദേശം നാൽപത്തഞ്ചു രൂപയുണ്ട്. ആ നോട്ടുകൾ വാരിയെടുത്ത് അയാൾ അവളുടെ നേരെ നീട്ടി.
അവൾ രണ്ടും വാങ്ങിയില്ല. നീട്ടിയ കൈകളും തേങ്ങുന്ന ഹൃദയവുമായി ഗോപാലമേനോൻ ഇരിക്കെ പുറത്തെ വെയിലിന്റെ അനിശ്ചിതത്വത്തിലേക്ക്, ക്രൂരതയിലേക്ക് അവൾ ഇറങ്ങിപ്പോയി.
|