മാറാല കണക്കാണ്,
അടുക്കളയിലെ എന്റെ അമ്മ.
ഇളംകാറ്റിന്റെ കൈതട്ടിലും
വല്ലാതങ്ങുലയും.
പുകവിഴുങ്ങി
കറുത്തുകൊണ്ടിരിയ്ക്കുന്ന അവർ
മണ്ണെണ്ണവിളക്കിന്റെ,
ചൂരുള്ള പ്രദർശനശാലയാണ്.
ഓടോട്ടയിലെ
അഴികളിട്ട വെളിച്ചമാണ്
അമ്മയ്ക്കും മാറാലയ്ക്കും
ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്.
മച്ചിലെ പൊടിക്കരുത്ത്
മാറാല തടുക്കുന്നത്,
ഇന്നിലെ വികടധൂളികളെ
അമ്മ എന്നിൽനിന്നും
അരിച്ചകറ്റാറുള്ളത് പോലെയാണ്.
നാലുകെട്ടിനകത്തെ
കാരണവ ചർച്ചകളിൽനിന്നും
ഒരോലത്തുമ്പാലെന്ന പോലെ
തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും.
കാലം കടിച്ചുകീറാത്ത,
ഇഴപിരിയ്ക്കാനാകാത്ത,
സ്നേഹകഞ്ചുകമായി
ഒരു മാതാവും ഒരു മാറാലയും
എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു