close
Sayahna Sayahna
Search

Difference between revisions of "ഭാവിയിലേയ്ക്ക്--മൂന്നാം വേദി"


(Created page with "__NOTITLE__ {{DPK/Bhaviyilek}} {{DPK/BhaviyilekBox}} =മൂന്നാംവേദി= എല്ലാവരും ഗ്രൂപ്പു ചര്‍ച്ചകള്...")
 
(നമുക്കും ശ്രമിക്കാം)
 
Line 117: Line 117:
 
വളരെ പ്രായം ചെന്ന നമ്മുടെ ഒരു കുടുംബ കാരണവർ അതാ വരുന്നു. ശ്രദ്ധിക്കാം.
 
വളരെ പ്രായം ചെന്ന നമ്മുടെ ഒരു കുടുംബ കാരണവർ അതാ വരുന്നു. ശ്രദ്ധിക്കാം.
  
== നമുക്കും ശ്രമിക്കാം ==
+
=== നമുക്കും ശ്രമിക്കാം ===
 
“നമുക്ക് ആത്മവിശ്വാസം പകർന്നു തരുന്ന വാക്കുകൾ ഈശ്വരന്റെ വാക്കുകളായി നമുക്കു കരുതാം. കേൾക്കുക. “നാം ലക്ഷ്യമാക്കുന്ന കാര്യം നമുക്ക് നേടാവുന്നതല്ല. എന്നാൽ അതിനുവേണ്ടി ചരിത്രത്തിനപ്പുറമുള്ള കാലം മുതൽ മഹത്തുക്കൾ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും അവരുടെ ജീവിതവും ഗ്രന്ഥങ്ങളും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. നമുക്കും ശ്രമിക്കുക. ഒരിക്കലും നേടാൻ കഴിഞ്ഞില്ലെന്നു വരാം. നിരന്തരമായ പരിശ്രമം തന്നെ നേട്ടം. എനിക്ക് 92 വയസ്സായെങ്കിലും ഇന്നു നാം ചെയ്ത മാതിരി ഒരു സംവാദത്തിൽ എന്റെ ജീവിതക്കാലത്ത് ഞാൻ കൂടിയിട്ടില്ല. അസാദ്ധ്യമെന്നു തോന്നാവുന്ന ഇക്കാര്യം സാധിക്കുന്നതിനു വേണ്ടി എന്റെ ശിഷ്ട ജീവിതത്തിൽ ഞാൻ ആവുന്നതു ചെയ്യാം.”
 
“നമുക്ക് ആത്മവിശ്വാസം പകർന്നു തരുന്ന വാക്കുകൾ ഈശ്വരന്റെ വാക്കുകളായി നമുക്കു കരുതാം. കേൾക്കുക. “നാം ലക്ഷ്യമാക്കുന്ന കാര്യം നമുക്ക് നേടാവുന്നതല്ല. എന്നാൽ അതിനുവേണ്ടി ചരിത്രത്തിനപ്പുറമുള്ള കാലം മുതൽ മഹത്തുക്കൾ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും അവരുടെ ജീവിതവും ഗ്രന്ഥങ്ങളും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. നമുക്കും ശ്രമിക്കുക. ഒരിക്കലും നേടാൻ കഴിഞ്ഞില്ലെന്നു വരാം. നിരന്തരമായ പരിശ്രമം തന്നെ നേട്ടം. എനിക്ക് 92 വയസ്സായെങ്കിലും ഇന്നു നാം ചെയ്ത മാതിരി ഒരു സംവാദത്തിൽ എന്റെ ജീവിതക്കാലത്ത് ഞാൻ കൂടിയിട്ടില്ല. അസാദ്ധ്യമെന്നു തോന്നാവുന്ന ഇക്കാര്യം സാധിക്കുന്നതിനു വേണ്ടി എന്റെ ശിഷ്ട ജീവിതത്തിൽ ഞാൻ ആവുന്നതു ചെയ്യാം.”
  

Latest revision as of 09:12, 1 September 2014

ഭാവിയിലേയ്ക്ക്--മൂന്നാം വേദി
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

മൂന്നാംവേദി

എല്ലാവരും ഗ്രൂപ്പു ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇങ്ങോട്ടഭിമുഖീകരിച്ച് പൊതുവേദി ആക്കുക. ഈ വേദിയില്‍ ഒരു ‌ചോദ്യത്തിന് വിശദീകരണം കിട്ടിയാല്‍ കൊള്ളാമെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. ചോദ്യമിതാണ്, “മനുഷ്യത്വത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒത്തിരി സ്ഥാപനങ്ങളും സംഘടനകളും നമമുടെ ഇടയിലുണ്ട്. എത്രയെത്ര മഹത്ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മനുഷ്യസ്നേഹികള്‍ അവതാര പുരുഷന്മാര്‍, വിപ്ലവകാരികള്‍ ഒക്കെ ഇവിടെ ഉണ്ടായി. ഇപ്പോഴും ഉണ്ട്. എന്നിട്ടും ഭൂമിയില്‍ സ്വസ്ഥ ജീവിതം സംഭവിക്കുന്നില്ലല്ലോ. എന്തായിരിക്കാം അതിനു കാരണം.”

എവിടെയാണ് തടസ്സം?

ഭാവി പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കണം എന്നാലോചിക്കാന്‍ നമ്മെ ബാദ്ധ്യപ്പെടുത്തുന്ന ഒരു ചോദ്യമാണിത്. ഇതുവരെ സ്വീകരിച്ചുപോന്ന ശൈലി പോരാതെ വന്നിരിക്കുന്നവെന്ന് സമ്മതിക്കുകയാണ് ഈ ചോദ്യം. ഞാനും അതു സമ്മതിക്കുന്നു. എന്താണോ പോരായ്മ. സാധാരണക്കാരായ നാം മനസ്സിന്റെ താണ തലങ്ങളില്‍ നിന്ന് ഉയരാന്‍ ശ്രമിക്കാതെയാണ് ഈ മഹാപ്രസ്ഥാനങ്ങളെ പിന്‍പററിയത്. മഹാത്മാക്കളെ നാം ആദരവോടെ കാണുകയും ആരാധിക്കുകയും ചെയ്യുന്നു. ഗ്രന്ഥങ്ങള്‍ പഠിക്കുന്നു. എന്നാല്‍ അവര്‍ അനുഷ്ഠിച്ച സാധനകള്‍ ഒന്നും ചെയ്യാതെതന്നെ അവരുടെ അനുയായികളാകാന്‍ നമുക്ക് കഴിയുന്നു. സ്വയം വികസിക്കുവാന്‍ ശ്രമിക്കുന്നില്ല. വീട്ടിലും നാട്ടിലും നിത്യേന ഇടപെടുന്ന ആളുകളോട് വെറുപ്പും വിദ്വേഷവും അകലവും പുലര്‍ത്തിക്കൊണ്ടാണ് ആരാധനാലയത്തിലും സല്‍സംഗത്തിലും കീര്‍ത്തനാലാപനത്തിലും എല്ലാം മുഴുകുന്നത്. ഈശ്വരഗാനങ്ങള്‍ പാടിപ്പാടി കണ്ണീരില്‍ കുളിച്ചെന്നു വരാം. അപ്പോഴും അന്യന്റെ ദുഃഖം നമുക്ക് ദുഃഖമാകുന്നില്ലെങ്കില്‍ സമൂഹ ജീവിതത്തില്‍ മാറ്റം വരികയില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്. മററുള്ളവരുമായി പോരടിക്കുന്ന പലരും കടുത്ത മതവിശ്വാസികളാണ്. നിത്യപ്രാര്‍ത്ഥനയും പാരായണവും ഉള്ളവരാണ്. എന്നാല്‍ ഞങ്ങള്‍ ആരോടാണോ പോരടിക്കുന്നത് അവരും തങ്ങളെപ്പോലെ ജഗദീശ്വരന്റെ വാല്‍സല്യഭാജനങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നില്ല. സൃഷ്ടിയെ തളളിയിട്ട് സൃഷ്ടാവിനെ പ്രാപിക്കാനുള്ള ശ്രമം സാമൂഹ്യ മാററത്തിനുതകുകയില്ല. വിശ്വപരിവര്‍ത്തനം മഹത്തുക്കള്‍ക്കുമാത്രമായി നേടാവുന്നതല്ല. അവരില്‍ വിശ്വാസമര്‍പ്പിച്ച് അവരെ പിന്‍പറ്റിയാലും സംഭവിക്കുകയില്ലെന്നു തെളിഞ്ഞു കഴിഞ്ഞു. നാം ഇനി സമീപന ശൈലി മാററണം. കടലാസ്സില്‍ ഒപ്പിട്ട് കമ്മ്യൂണിസ്റ്റാകാം എന്നതാണ് കമ്മ്യൂണിസം സംഭവിക്കാതിരിക്കാന്‍ കാരണം. സമീപനശൈലി മാററണം. ഉത്തരവാദിത്വം നാം സാധാരണക്കാര്‍ ഏറ്റെടുക്കണം. ഓരോരുത്തരും ഒററയ്ക്കും കൂട്ടായും ഹൃദയവികാസത്തിനുതകുന്ന സാധനങ്ങള്‍ ചെയ്യാതെ ഒരിക്കലം ഭൂമിയില്‍ സ്വസ്ഥജീവിതം സംഭവിക്കുകയില്ല. ഓരോ സെല്ലും ആരോഗ്യത്തോടെ സ്പന്ദിച്ചാല്‍ മാത്രമേ ശരീരം രോഗരഹിതമായിരിക്കുകയുള്ളു. ബഹജനങ്ങള്‍ മുന്നില്‍ വരാതെ സംഭവം ഉണ്ടാകില്ല. നാം പിന്നില്‍ നില്‍ക്കാനുള്ളവരാണെന്ന ധാരണ ഇനി പുലർത്തിക്കൂടാ. ജനപ്രതിനിധികളല്ല; ജനങ്ങളാവണം മുന്നിൽ. അതിന് ഓരൊരുത്തരും എല്ലാവരേയും സ്വന്തമാക്കണം. പ്രതിനിധിസഭ പോരാ; വികസിത ജനതകളുടെ സഭകൾ നാടുതോറും ഉണ്ടാവണം. ഈ വഴി ഒരു ചിന്ത ഇപ്പോൾ ഉണ്ടായി വരുന്നുണ്ട്. എന്നാൽ സമൂഹമനസ്സ് വിശാലമാവാതെ, സ്വകാര്യ വിഭാഗീയ- താല്പര്യസംരക്ഷണത്തിൽ നില്ക്കത്തന്നെയാണ് ജനകീയ സഭകൾ ഉണ്ടാകുന്നത് എന്നു വന്നാൽ അതും വിഫലമാകും. ഗ്രാമസഭയിൽ നിന്ന് വല്ലതും നേടാം എന്ന സ്വകാര്യമായ മാനസിക നില തുടരാനാണ് ഇടവരുന്നതെങ്കിൽ ഭൂമിയിലാകെ ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും തറക്കൂട്ടങ്ങളും ഉണ്ടായാലും ഭൂമിയുടെ ഭാരം വർദ്ധിക്കുകയേ ഉള്ളൂ. ഓരോരുത്തർക്കും നേടാനുള്ള സന്ദർഭങ്ങൾ കൂടിക്കൂടി വരുന്നതിനനുസരിച്ച് ആർത്തിയും കൂടിക്കൂടി വരും. പ്രശ്നം ഏറെ സങ്കീർണ്ണമാകാനിടയുണ്ട്.

എന്റെ കാഴ്ചപ്പാട് ഇതാണ്, നമ്മിൽ ഓരോരുത്തരും ഓരോ മനസ്സാണ്. ഈ മനസ്സിന്റെ രൂപീകരണത്തിൽ സാഹചര്യത്തിനും ഉള്ളിന്റെ ഉള്ളിനും പങ്കുണ്ട്. ഉള്ളിന്റെ ഉള്ളിൽനിന്ന് വികസന ശ്രമം ആരംഭിക്കണം. സാഹചര്യം മാറ്റി സമ്മർദ്ദം ചെലുത്താൻ മാത്രം ശ്രമിച്ചാൽ ഉള്ള് ശക്തി ഹീനമാകുകയും സങ്കോചിച്ച് കഠിനമാകുകയും ചെയ്യും. നമുക്ക് നമ്മളോടാണ് ഒന്നാമതായി അഭ്യർത്ഥിക്കാനുള്ളത്. ഞാൻ വികസിത വ്യക്തി ആവാൻ എന്നാലാവതു ശ്രമിച്ചുകൊണ്ടിരിക്കും എന്ന നിശ്ചയവും സന്നദ്ധതയും എന്നിൽ ശക്തമാക്കണം. ‘ഞാൻ ശകതി ഹീനനാണ്, സർക്കാരും, ഈശ്വരനും, സമ്പന്നരും, സംഘടനകളും എല്ലാവരും എന്നെ കൈപിടിച്ചുയർത്തണം’ എന്ന ദുർബലഭാവം ബഹുജനങ്ങളിൽ നിലനിന്നാൽ നാം ഒരിക്കലും രക്ഷപെടുമെന്ന് എനിക്കു തോന്നുന്നില്ല. പകരം എന്റെ സമൂഹത്തിനുവേണ്ടി, ഈ ലോകത്തിനാകെവേണ്ടി – ഈ അപകടഗതിയിൽ നിന്ന് എന്റെ വർഗ്ഗത്തെ നേർവഴിക്ക് തിരിച്ചുകൊണ്ടുവരുവാൻവേണ്ടി - ഞാനും ഉണ്ട് എന്ന ബോധം എനിക്കു വേണം. ഈ ബോധം വ്യക്തികളിൽ വളർത്തി എടുക്കാതിരുന്നതാണ് നമ്മുടെ പരാജയ കാരണം എന്നാണെനിക്കു തോന്നുന്നത്. ഇപ്പോഴും നാം സ്വയം വികസിക്കാൻ സന്നദ്ധരല്ല. അതായത് മതങ്ങളുടെയും ഇസങ്ങളുടെയും മറ്റും സ്ഥാപകർ അനുഷ്ഠിച്ച ഒരു സാധനയും അനുഷ്ഠിക്കാതെ അവയുടെ അനുയായികളായതാണ് പരാജയ കാരണം. ചോദ്യകർത്താവിന് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നാലും.

“ഞാനാണ് ഈ ചോദ്യം ഉന്നയിച്ചത് ഇപ്പോൾ ഇവിടെക്കേട്ട ഉത്തരം എനിക്ക് തോന്നിയിരുന്നില്ല. മഹത്തായ പരിശ്രമങ്ങൾ വിജയിക്കാതിരുന്നത് അതിനെ പിൻപറ്റുന്ന സാധാരണക്കാർ സ്വയംസാധന ചെയ്യാതിരുന്നതുകൊണ്ടാണെന്ന് എനിക്കിപ്പോൾ വ്യക്തമായി. മഹത്തുക്കളുടെ നാമത്തിൽ നാം ഉണ്ടാക്കുന്ന സംഘടനകളും ഗ്രന്ഥങ്ങളും സ്ഥാപനങ്ങളും അവർക്കെതിരായി നാം പ്രയോഗിക്കുന്ന ആയുധങ്ങളായി പരിണമിക്കുന്നു! എന്തൊരു കഷ്ടം”.

ചോദ്യകർത്താവിന് വസ്തുത വ്യക്തമായി എന്നറിഞ്ഞിതിൽ നമുക്ക് സന്തോഷിക്കാം. സാമൂഹ്യ പരിവർത്തനത്തിനുള്ള ശ്രമം തുടങ്ങേണ്ടത് നമ്മിൽ ഓരോരുത്തരിലും നിന്നു തന്നെയാണ്. സമരം ആരംഭിക്കേണ്ടത് അവരവരോടു തന്നെ. അവനവനോടുള്ള സമരത്തിന് സന്നദ്ധരാകാതെ ലോകത്തെ ദരിദ്രരെല്ലാവരും കൂടി ഒരു ശക്തിയായി ഇന്നുള്ള സമ്പന്നവർഗ്ഗത്തെ പുറംതള്ളി വിശ്വത്തിന്റെ അധികാരം കൈക്കലാക്കിയാൽ സാവധാനം ലോകം പുതിയ സമ്പന്നരുടെ അടിമകളായിത്തന്നെ തീരുകയേ ഉള്ളൂ. പകരം മുതലാളിത്തം ഒരു മാനസിക രോഗമാണെന്നും മുതലാളിയിലും തൊഴിലാളിയിലും ഈ രോഗാണു പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാക്കി, പരസ്പരം കൈകോർത്ത് മുന്നേറിയാൽ അത് മുന്നേറ്റമാകുമായിരുന്നു. തൊഴിലാളിയും മുതലാളിയും ധനികനും ദരിദ്രനും ഒന്നിച്ചാണ് രക്ഷപ്പെടേണ്ടത്. നാം ആകെ താണുകൊണ്ടിരിക്കുകയാണ്. ഇതാണ് വസ്തുത. പ്രിയപ്പെട്ടവരേ, നമ്മുടെ കപ്പൽ തേഡ് ക്ലാസും ഫസ്റ്റ് ക്ലാസും ഉൾപ്പടെ കടലിൽ താഴുകയാണ്. നമ്മുടെ ഭവനത്തിൽ ആകെ തീ പടരുകയാണ്. നമ്മുടെ വർഗ്ഗം മൊത്തം രോഗഗ്രസ്തമാണ്. അധികാരികളും അനുയായികളും ഇരുട്ടിലാണ്. ഇനി നമുക്ക് ആദിവാസി, വനവാസി, നഗരവാസി, ബുദ്ധിജീവി എന്നിങ്ങനെ വേർതിരിച്ച് ചികിൽസിച്ച് രക്ഷ നേടാനാവില്ല. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്നു എന്നതാണ് പ്രശ്നം. ഇതിന് സമ്പന്ന ദരിദ്രഭേദമില്ല. ഓരോരുത്തരും മറ്റുള്ളവരിലേക്ക് വിടരണം എന്നതാണാവശ്യം. ഈ ആവശ്യത്തെ മുൻനിർത്തിയാവണം ഇനി നമ്മുടെ സാമൂഹ്യ പ്രവർത്തനം.

സങ്കോചവും വികാസവും രണ്ടും വേണ്ടതുതന്നെ; മൊട്ടും പൂവും പോലെ. ജന്മനാ സങ്കോചിച്ചിരിക്കുന്ന മനസ്സ് ബോധത്തിന്റെ സ്പന്ദനംകൊണ്ട് സാവധാനം വികസിച്ചുവരുന്ന പ്രക്രിയയാവണം മനുഷ്യജീവിതം. സങ്കോചത്തിൽ നിന്നും സങ്കോചത്തിലേക്ക് ആകുന്നു എന്നതാണ് നല്ല ഭാവിയുടെ മുഖ്യ തടസ്സം. അന്യോന്യം അടുക്കാതെ വെടിച്ചു കീറി അകലുന്ന വിടവുകളിൽ മനുഷ്യന് വേണ്ടാത്ത ക്യമി കീടങ്ങളും പാഴ്‌മരങ്ങളും മുളച്ചുവരും. അവ വിടവ് വർദ്ധിപ്പിക്കുകയും ചെയ്യും. നാം സങ്കോചിച്ച് നമ്മുടെ ഇടയിൽ സ്യഷ്ടിച്ച വിടവുകളിൽ വീണ് അഴുക്കായി തീരുകയാണ് ഉന്നത സങ്കല്പങ്ങളെല്ലാം. ഓടയിൽ വീണ് പോകുന്ന റോസാപ്പൂക്കൾപോലെ മഹത്വങ്ങളെല്ലാം ദുഷ്‌പരിണാമത്തിൽ ആകുകയല്ലേ. ആലോചിച്ചു നോക്കൂ. ഹ്യദയങ്ങളെ സങ്കോചിപ്പിച്ച്, ദൂഷിതമാക്കി, ആ മലിനതയിൽ ക്രൂരതയും കഠോരതയും വളരാൻ അനുവദിക്കുകയല്ലേ നാം.

ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ

ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. ലോകത്ത് ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ? ഭരണകൂടങ്ങൾ വെള്ളവും വായുവും പോലെ പ്രകൃതിയിൽ സ്വയം ഉണ്ടായി വന്നതല്ലല്ലോ. കാട്ടു മൃഗങ്ങളിൽ നിന്നു രക്ഷ നേടാൻ വനവാസികൾ ഒന്നിച്ച് ശബ്ദമുണ്ടാക്കാറുണ്ട്. മൃഗങ്ങളെ അകറ്റാൻ ഒരാളിന്റെ ശബ്ദവും ശക്തിയും പോരാ. ആവശ്യം വരുമ്പോൾ അവർ കൂടിച്ചേരുന്നു. ക്രമേണ മറ്റൊരു വനവാസിയേയും ശത്രുവായി തെറ്റിദ്ധരിക്കുന്നു. ശത്രുവിനെ നേരിടേണ്ടി വരുമ്പോൾ അണികളെ ഒന്നിച്ചു നിർത്തി മുന്നേറുന്നതിന് ഒരു നേതാവ് വേണ്ടിവരും. ഓരോ സമൂഹവും പോരാടേണ്ട സന്ദർഭങ്ങളിൽ നേതാക്കന്മാരെ കണ്ടെത്തും. സംഘബലം അനിവാര്യമായിത്തീരും. വ്യക്തികൾ തമ്മിൽ തുടങ്ങിയ സംശയവും ഭയവും ഉരുണ്ടുകൂടി സംഘങ്ങളായി പരസ്പര സംഘർഷത്തിൽ വരും. സംഘർഷമുണ്ടായാൽ നേതൃത്വം കൂടിയേ തീരു. സംഘങ്ങൾക്കെല്ലാം നേതൃത്വം സംഭവിച്ചുകൊള്ളും. പലപ്പോഴും വിഭാഗീയ ചിന്ത ഏറെയുള്ള മനസ്സുകളാകും നേതൃത്വത്തിൽ വരിക. ആർദ്രചിത്തരായ മനുഷ്യ സ്നേഹികൾ വിഘടിത ഗ്രൂപുകളുടെ നേതൃസ്ഥാനത്തു വരുന്നവരാകില്ല. ഈ നേതൃത്വം ആദ്യമാദ്യം പിന്തുടർച്ചയായി വരില്ലെങ്കിലും പിന്നീട് പാരമ്പര്യമാകും. ഇങ്ങനെ അപകടകാരികളായി മുളച്ചുവരുന്ന സംഘടനകൾക്ക് ഒരുദാഹരണമാണ് ഭരണകൂടം. ഭരണാധികാരികൾ തമ്മിൽ മത്സരിക്കുക മാത്രമല്ല ചെയ്യുന്നത്. തങ്ങളുടെ ഭരണാധികാരത്തിൻ കീഴിലുള്ള ജനങ്ങളുടെ ഇടയിലും വിടവ് ബോധപൂർവ്വം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. ജാതി, മതം, വർഗ്ഗം, കക്ഷി, ഭാഷ, അവകാശങ്ങൾ ഇങ്ങനെ നാനാ പേരുകളിൽ ജനങ്ങളുടെ ഇടയിൽ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കണം എന്നത് ഭരണകൂടത്തിന്റെ നിലനില്പിനാവശ്യമാണ്. ഏറ്റവും അപകടകരമായ പ്രവണത ‘ഞങ്ങളാണ് നിങ്ങളെ രക്ഷിക്കേണ്ടവർ’ എന്ന അബദ്ധധാരണ ജനങ്ങളിൽ വളർത്തി ഉത്തരവാദിത്വബോധമില്ലാത്ത — പൗരുഷവും സ്വാതന്ത്ര്യവും ഉണരാത്ത — അഭയാർത്ഥികളായി ബഹുജനങ്ങളെ വാർത്തെടുക്കുന്നു എന്നതാണ്. നാം തമ്മിലുണ്ടാക്കുന്ന വിടവുകളിൽ നിന്നുണ്ടാകുന്ന ഭരണകൂടങ്ങൾ നമ്മെ തമ്മിൽ ഏറെ അകറ്റുക സ്വാഭാവികമാണ്. ഇതിന് ഭരണാധികാരികൾ കുറ്റക്കാരല്ല. ജനങ്ങളുടെ ആവശ്യമാണ് അവർ നിർവ്വഹിച്ചുതരുന്നത്. നാം തമ്മിൽ അടുത്ത് തമ്മിൽ തമ്മിലുള്ള സംശയങ്ങൾ നീക്കി വിശ്വാസം വളർത്തി അന്യോന്യ ജീവിതം തുടങ്ങിയാൽ ഭരണകൂടങ്ങളുടെ ആവശ്യം ക്രമേണ ഇല്ലാതായിക്കൊള്ളും.

ഭരണകൂടം വേണ്ടതല്ലേ?

അതാ ഒരാൾ വേദിയിലേക്കു വരുന്നുവല്ലോ. എന്റെ സംസാരത്തിനിടയിൽ ഏതവസരത്തിലും സദസ്യർക്ക് ഇടപെടാം. ഒട്ടും മടിക്കേണ്ട. വരിക. താങ്കളുടെ അഭിപ്രായം പറഞ്ഞുകൊള്ളു. എല്ലാവരും ശ്രദ്ധിക്കുക.

എറ്റവും യുക്തിയുക്തമായ ഒരു പ്രസ്താവനയാണ് നാം കേട്ടത്. ഇതൊരു സംശയമല്ല, തീർപ്പാണ്. ഭരണകൂടങ്ങളെ തള്ളിപ്പറയുന്നവർ ഇദ്ദേഹത്തിന്റെ നിഗമനത്തിന് മറുപടി പറഞ്ഞേ തീരു. ഞാൻ ചോദ്യം ഒന്നുകൂടി വ്യക്തമാക്കാം. ‘വ്യക്തി ജന്മനാ ജന്തുവാണെന്ന് നാം സമ്മതിക്കുന്നു. ഭയവും, സ്വകാര്യതയും, ഭോഗാസക്തിയും, അസൂയയും, കോപവും, നശീകരണവാസനയും എല്ലാം ഗുണഗണങ്ങളെക്കാൾ മുന്നിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കും സാധാരണക്കാരിൽ. അവർ സാധനചെയ്ത് ഗുണവികാസത്തിന് ശ്രമിക്കാറുമില്ല. ഇത്തരക്കാരിൽ നിന്ന് സമൂഹത്തിലുണ്ടാകുന്ന ഹീനകൃത്യങ്ങളെ നിയന്ത്രിക്കാൻ ഒരു ശക്തികേന്ദ്രം ആവശ്യമാണ്. വിശന്ന രണ്ടുപേർ ഒരു മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാമ്പഴം കണ്ട് ഓടുന്നു. ഒരാൾക്ക് അവ കിട്ടി. അയാൾ പെറുക്കിക്കൊണ്ടിരിക്കുമ്പോൾ അപരൻ അവ തട്ടിപ്പറിക്കുകയും അയാളെ അടിച്ചു വീഴ്ത്തുകയും ചെയ്തിട്ടു മാമ്പഴം മുഴുവൻ എടുത്തു വീണവന്റെ തോർത്തഴിച്ച് അതിൽ കിഴികെട്ടി ഒരു ചവുട്ടും കൊടുത്തിട്ടു വീട്ടിൽ കൊണ്ടു പോകുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഈ അവസ്ഥയിൽ ദുർബലരെ രക്ഷിക്കുവാൻ സംഘ ബലം കുടിയേ തീരു. ഈ സംഘബലമാണു ഭരണകൂടം. ഭരണകൂടം വേണ്ടെന്നായാൽ ഭൂമി ചട്ടമ്പികളുടെ നാടാകും. ബലവാൻ തോന്നിയതൊക്കെ ചെയ്യും. മറ്റുള്ളവർ ഭയന്ന് അവന് അടിമകളാകുകയേ ഉള്ളു. ഇങ്ങനെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നു സാധാരണക്കാരനു രക്ഷ കിട്ടുന്നതു ഭരണകൂടത്തിലൂടെയാണു്. അതിനു പല പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. ഭരണകൂടങ്ങൾ തന്നെ ചട്ടമ്പികളാകുന്നുമുണ്ട്. അതു പരിഹരിക്കുകയും വേണം. എന്നാൽ അതു വേണ്ടെന്നു വച്ചാൽ ഭൂമിയിൽ ആർക്കും ഒരു നിമിഷം സ്വസ്ഥ ജീവിതം സാദ്ധ്യമാവുകയില്ല. കഴിഞ്ഞ കാലം നാം ഓർക്കണം. മേലാളന്മാർ വേലക്കാരെ അടിച്ചു ചവുട്ടിക്കൊന്നു കുഴിച്ചു മൂടിയാലും ആരും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്ന് അതു ചോദ്യം ചെയ്യപ്പെടും. കോടതി ശക്തമാണ്. അതുകൊണ്ട് അരാജകത്വം ഒരിക്കലും അഭിലഷിച്ചുകൂടാ. മനുഷ്യൻ നല്ലവനല്ല. അവനിൽ രണ്ടും ഉണ്ട്. നിയന്ത്രിക്കാൻ ഒരു കേന്ദ്രമില്ലെങ്കിൽ ദുർബലർ ഏറെ ദുരിതം അനുഭവിക്കേണ്ടി വരും.’ ഈ അഭിപ്രായം നമുക്കു പരിശോധിച്ചു നോക്കാം.

നിയന്ത്രണം വേണമെന്നതിൽ എനിക്കു സംശയമില്ല. നിയന്ത്രണം ഫലപ്രദമാവണം. ഇന്നു ഫലപ്രദമാണോ? അല്ലെന്നു സമ്മതിക്കേണ്ടി വരും.

പുതിയ സംവിധാനം

ഇതിനു നമുക്ക് ഒരു പുതിയ സംവിധാനം വേണം. തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമക്കൂട്ടം എന്ന മൂന്നു വീലുകളിൽ നമ്മുടെ സമൂഹ ജീവിതത്തെ സംവിധാനം ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. ഇന്നത്തെ അധികാര കേന്ദ്രീക്രതമായ ഭരണകൂട സംവിധാനത്തിന്റെ ദോഷങ്ങൾ ഈ പുതിയ ത്രിതല സംവിധാനത്തിൽ അത്ര വരില്ല. സകല പ്രവർത്തികളും കുടുംബബോധാടിസ്ഥാനത്തിലായിരിക്കും. പ്രതിഫലമേ ഉണ്ടാവില്ല. അടുത്തടുത്ത എട്ടു പത്തു വീടുകൾ നിത്യേന കൂടി അന്യോന്യ ബന്ധം ഉറപ്പിക്കുകയും പരസ്പരാനന്ദമായി കൂടി ആലോചിച്ച് ജീവിക്കുകയും ചെയ്യുകയാണ് തറക്കൂട്ടം. തറക്കൂട്ടങ്ങളായിരിക്കും ഭാവി സമൂഹത്തിന്റെ സാമൂഹ്യ അടിത്തറ. ലോകമാകെ മനുഷ്യർ ഉള്ള എല്ലായിടത്തും തറക്കൂട്ടങ്ങൾ മുളച്ചു വരണം. കൂടി ആലോചന സമൂഹങ്ങൾ, ഈ ചെറു സമൂഹങ്ങൾ കണ്ണി ചേർന്നുണ്ടാകുന്ന ഒരു സംവിധാനമായിരിക്കും പുതിയ ലോകജീവിത വ്യവസ്ഥ. ഓരോ കണ്ണിയും ലോകത്തിനു വേണ്ടി ചലിക്കും. ഒരാളും അവനവനിലേക്ക് സങ്കോചിച്ചു പോകില്ല. അതിന് ആവശ്യം വരില്ല. സാഹചര്യം ആകെ മാറും. മനോഭാവം വിശാലതലത്തിലേക്ക് ഉയരും. എന്നാലും വ്യക്തികളിൽ ദൗർബല്യവും, കുറ്റവാസനകളും ഉണ്ടായെന്നു വരും. അന്നന്നു കൂടുന്ന തറക്കൂട്ടങ്ങൾ അപ്പഴപ്പോൾ അതറിഞ്ഞ് കൈകാര്യം ചെയ്തുകൊണ്ടിരിക്കും. മുളയിലേ ശ്രദ്ധിക്കുന്നതിനാൽ കുറ്റവാസനകൾക്ക് വൻവൃക്ഷമായി വളരാൻ കഴിയാതെ വരും. തറക്കൂട്ടങ്ങൾ മതിയാകാതെ വരുമ്പോൾ മാത്രം അയൽക്കൂട്ടങ്ങൾ ചലിച്ചാൽ മതി. അതിനും മാറ്റാൻ കഴിയാത്ത തടസ്സങ്ങൾ ഗ്രാമക്കൂട്ടത്തിൽ മാറും. പത്ത് വീട് ഒരു തറ, അഞ്ച് തറ ഒരയൽക്കൂട്ടം (50 വീട്), അഞ്ച് അയൽക്കൂട്ടം ഒരു ഗ്രാമക്കൂട്ടം (250 വീട്). ‘ദർശനം’ 1973-ൽ ഇങ്ങനെയൊരു പ്ലാൻ സംവിധാനം ചെയ്തിരുന്നു. എല്ലായിടത്തും തറക്കൂട്ടങ്ങൾ ശരിയായി നടന്നാൽ അതിനുപരി ഒന്നും വേണ്ടി വരില്ല. പിന്നീട് അതും വല്ലപ്പോഴും കൂടിയാലും മതി എന്നുവരും. സംഭവസ്ഥലത്ത് തത്സമയം ആളുകൾ ചേർന്ന് വേണ്ടത് ചെയ്തു കൊള്ളും. പരിചിത സമൂഹത്തിന് അതിലെ ഒരു വ്യക്തിയെ നിയന്ത്രിക്കുവാൻ കഴിയുന്നതു പോലെ മറ്റാർക്കും കഴിയുകയില്ല.

ഈ സമൂഹവും കുറ്റവാസനയുള്ളതായി പോയാലോ എന്നൊരു പ്രശ്നം വരും. അവിടെ മനുഷ്യനിൽ തിന്മ തന്നെയല്ല നന്മയും ഉണ്ടെന്ന സത്യത്തിന് പ്രകാശനം സംഭവിക്കും. അന്ന് ലോകമാകെ തറക്കൂട്ടങ്ങളാകുന്ന ചെറുമൺചിരാതുകൾ കത്തിനിൽക്കുകയാൽ ഒന്നു കെട്ടാൽ അടുത്തതിൽ നിന്നും കത്തിക്കാം. ഇന്നത്തെ വൻകിട ഭരണകൂടങ്ങൾ പോലെ ഒറ്റ സൂര്യന്റെ പ്രഭയിലാണ് എല്ലാം എന്നു വന്നാൽ ആ ഒന്നു കെട്ടുപോയാൽ സർവ്വത്ര ഇരുട്ടാകും. ചെറുതിരികളുടെ ഈ വെട്ടം മനുഷ്യന് ഭൂമിയിൽ ആനന്ദമായി ജീവിക്കാൻ ധരാളം മതിയാകും. ഇതിലേക്കാണ് ലോകം സാവധാനം തിരിഞ്ഞുവരുന്നത്. എന്നാൽ നമ്മുടെ ഗവണ്മെന്റുകൾക്ക് ഇത് ബോധ്യമായിട്ടില്ല. ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നുമില്ല. ബഹുജനങ്ങൾ ഇന്നും സർക്കാരിൽ നിന്നും കിട്ടുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ആ വഴി ജനശ്രദ്ധ ആകർഷിക്കുവാനാണ് ഗവണ്മെന്റുകളും ശ്രദ്ധിക്കുന്നത്. യഥാർത്ഥ തറക്കൂട്ടങ്ങൾ ജനങ്ങൾ രൂപീകരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭരണകൂടങ്ങളുടെ ആവശ്യം നമ്മുടെ ജീവിതത്തിൽ കുറഞ്ഞു കുറഞ്ഞു വന്ന് കൊഴിഞ്ഞുപൊയ്ക്കൊള്ളും. സർക്കാരുകളെ എതിർക്കേണ്ട ആവശ്യമില്ലന്നുതന്നെയല്ല എതിർത്താൽ അവയ്ക്കൊരിക്കലും കൊഴിയാനാകാതെ നിർബ്ബന്ധമായി നിലനിൽക്കേണ്ടിയും വരും. തന്നെയല്ല ഇന്നിപ്പോൾ ഇവയുടെ നിലനില്പ് ആവശ്യവുമാണ്. എന്നാൽ ബഹുജനശ്രദ്ധ ഭരണകൂടങ്ങളിൽ നിന്ന് മുഖംതിരിക്കേണ്ടിയിരിക്കുന്നു. അഭിമുഖസമൂഹമാകാൻ എത്ര വേഗം സാധിക്കുമോ അത്ര വേഗം ഭീകാരാന്തരീക്ഷം ഒഴിവായിക്കൊള്ളും. അവിടെയാണ് വ്യക്തിപരവും സാമൂഹ്യവുമായ മനോവികാസ സാധന തുടങ്ങണം എന്ന വസ്തുത തെളിയുന്നത്. അതായത് നമ്മുടെ വംശം ആരോഗ്യകരമായ ഒരു ജീവിതപാതയിൽ ഇതുവരെ വന്നിട്ടില്ല. വരണമെങ്കിൽ ഒരോരുത്തരും എല്ലാവർക്കും വേണ്ടി ഉള്ളവരാണെന്ന വിചാരവും ബോധവും ഭാവവും പെരുമാറ്റവും ശീലിച്ചേ തീരു. അതിനു വേണ്ടതു വ്യക്തിപരമായ സാധനതന്നെയാണു. ‘സാധന’ എന്ന പദം ഉപയോഗിക്കുമ്പോൾ അതിനു വിചാരപരവും കർമ്മപരവുമായ രണ്ടു വശങ്ങൾ ഉണ്ട്. അയൽക്കാരനുവേണ്ടിക്കൂടിയാണു ഞാൻ എന്ന ഭാവന ഉള്ളിൽ സദാ വേണം. അയൽ‌പറമ്പിലെ പടവലപ്പന്തലിൽ പുഴു നോക്കാനും വെള്ളം നനയ്ക്കാനും ഞാൻ സമയം കണ്ടെത്തുകയും വേണം. ഇതു രണ്ടുമാണു സാധന എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. മാനസികവും ശാരീരികവുമായി അന്യോന്യ ജീവിതം നയിക്കലാണു സാധന. ഈ സാധന എല്ലാവരും തുടങ്ങണം. അതിനു പ്രേരണ നൽകുന്നവരുടെ എണ്ണം കൂടിവരുന്നതിനനുസരിച്ച് സമൂഹം ആർദ്രമാകുകയും ഒരു സമയം അതു ലോകവ്യാപകമാകുകയും ചെയ്യും. എല്ലാ വീടുകളും, എല്ലാ വ്യക്തികളും എനിക്കുള്ളത്, ഞാൻ അവർക്കുമുള്ളത് എന്ന അനുഭവം ഉണരുന്നതോടു കൂടി ലോകം ആകെ പരസ്പരാനന്ദത്തിൽ വരും. ഈ ലക്ഷ്യത്തിലേക്കാണു നാം ഇനി ചുവടുവെയ്ക്കേണ്ടത്. നവലോകം മനുഷ്യവർഗ്ഗത്തിന്റെ ജീവിത ലക്ഷ്യമാകണം. അതിന്റെ ആത്മഭാവമാണ് ആരും അന്യരല്ല; എല്ലാവരും എനിക്കുള്ളവർ എന്ന അനുഭൂതി. ഈ ഒരു കാര്യം സാധിക്കുന്നതോടുകൂടി നാണയത്തിന്റെ ആവശ്യം ആർക്കും ഇല്ലാതാകും. നാണയമുക്ത സമൂഹം വിടർന്നു വരും. അദ്ധ്വാനത്തിനു കൂലിയും ഉല്പന്നങ്ങൾക്കു വിലയും പഴയകാല ഓർമ്മയായി മാറും. പ്രതിഫലം നാണയമല്ല; ആനന്ദമാണ് എന്ന കാഴ്ചപ്പാടിനെപ്പറ്റി സദസ്സിന്റെ അഭിപ്രായം അറിയണം.

നാണയം വേണ്ടതല്ലേ

ഒരു സഹോദരൻ വരുന്നു. ശരി വരു; പറയൂ. ഇദ്ദേഹം പറഞ്ഞതു കേട്ടുവല്ലോ. ഭരണകൂടം ഇല്ലെങ്കിൽ ലോകജീവിതം അസാദ്ധ്യമാകും എന്ന അഭിപ്രായം പോലെതന്നെയാണ് ഇപ്പോൾ ഇദ്ദേഹം ഉന്നയിച്ച ചോദ്യവും. “നാണയം ഇല്ലെങ്കിൽ എന്തെങ്കിലും നടക്കുമോ. നാണയം കൈമാറുന്നതിനു പകരം സാധന കൈമാറ്റം-ബാർട്ടർ സിസ്റ്റം-പ്രയാസമല്ലേ. എന്തിന് നാം ആ ഭാരം ചുമക്കണം. നമ്മുടെ തലമുറ അനുഭവം കൊണ്ട് ഉപേക്ഷിച്ചു കളഞ്ഞ ആ സമ്പ്രദായം നാം ഇനിയും സ്വീകരിക്കണമോ. ഒരു കാര്യം വ്യക്തം. പകരത്തിനു പകരം എന്തെങ്കിലും ഒന്നു വേണം. എനിക്ക് ഞാൻ പരിശ്രമിച്ചുണ്ടാക്കിയതല്ലാത്ത ഒന്നു കിട്ടണമെങ്കിൽ അപരന്റെ പരിശ്രമത്തിനുള്ള ഒരു പ്രതിഫലം കൊടുക്കേണ്ടിവരും. അതുപോലെ എന്റെ പരിശ്രമത്തിന്റെ ഫലം അപരന് നൽകുന്നതിന് എനിക്കും ഒന്ന് കിട്ടേണ്ടിഅരും. ഈ കൊടുക്കൽ വാങ്ങൽ വേണ്ടെന്നു വന്നാൽ ഉത്പാദനത്തിനുള്ള പ്രേരണ നിലച്ചുപോകും. കഠിനാദ്ധ്വാനം വേണ്ട കാര്യങ്ങൾക്ക് ആരും മുന്നോട്ടു വരില്ല. അവനവന് പ്രയോജന ഉണ്ടാകും എന്ന തോന്നൽ ഉണ്ടാവാതെ വന്നാൽ വ്യക്തി ഉദാസീനനാകും. കടലിലും വനത്തിലും മനുഷ്യർ സാഹസികമായി ഇടപെടുന്നത് നേട്ടങ്ങൾക്കു വേണ്ടിയാണ്. നേട്ടം ഒന്നുമില്ലെന്നു വന്നാൽ ചലന ശക്തി പാഴായി പോകും.”

നാണയം കൂടിയേ തീരൂ

ഈ യുവാവിന്റെ ചോദ്യം നമുക്ക് വിശകലനം ചെയ്തു പഠിക്കാം. അതാ മറ്റൊരാൾ. വരൂ. പറയൂ. ശരി ഇദ്ദേഹം പിൻതാങ്ങിയിരിക്കുന്നു. “എനിക്ക് ലണ്ടൻ വരെ പോകണം. ഒരു രോഗിയുടെ ചികിൽസയ്ക്കാണ്. പണമില്ലാതെ എനിക്ക് യാത്ര ചെയ്യുവാനോ ചികിൽസ നേടുവാനോ കഴിയുമോ.”

ഇനിയും അഭിപ്രായങ്ങൾ വരട്ടെ.

ഓട്ടം അപകടമാണ്

ഒരു കാര്യം ഞാൻ സമ്മതിക്കുന്നു. സകലരും ഇന്ന് നാണയത്തിന്റെ പിന്നാലെ ഓടുകയാണ്. അപകടകരമാണീ ഓട്ടം. ഒരു പരിഹാരം ഇതിനു കണ്ടത്തേണ്ടതാണ്.

വ്യാപാരശാലവേണ്ടേ

ഞാൻ ചോദിക്കുന്നത് നാണയ വ്യവസ്ഥ ഇല്ലാതായാൽ നമ്മുടെ വ്യാപാരശാലകളുടെ ഗതി എന്താവും. ബാങ്കുകൾ ഉണ്ടാവുമോ. ശമ്പളവും കൂലിയും ഇല്ലെന്നായാൽ ആരെങ്കിലും പണി എടുക്കുമോ! ഉല്പന്നങ്ങൾക്ക് വില ഇല്ലെന്നായാൽ ഉല്പാദനം നടക്കുമോ. വളരെ ആലോചിച്ചേ നാണയത്തെ തള്ളി ചിന്തിക്കാവൂ.

നാണയമില്ലാത്ത സമൂഹം

മറ്റെല്ലാറ്റിനെക്കാളും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു നാണയരഹിത സമൂഹം എന്ന കാഴ്ച്ചപ്പാട്. ഇത്ര വളരെപ്പേർ ഈ ചർച്ചയിൽ പങ്കെടുത്തതിൽ എനിക്കു സന്തോഷമുണ്ട്. ദുഃഖവുമുണ്ട്. എന്റെ ദുഃഖം ഞാൻ പറയട്ടെ. നാം ഇതുവരെ ചിന്തിച്ച് അംഗീകരിച്ചു പോന്ന നിഗമനങ്ങളെല്ലാം ‘നീറ്റിൽ വരച്ച വരപോലെ ആയല്ലോ’ എന്നതാണെന്റെ ദുഃഖം. ഞാനതു വ്യക്തമാക്കാം. നാം ഒരു വീട്ടുകാരാണെന്ന് ഈ യോഗത്തിന്റെ തുടക്കത്തിൽ അംഗീകരിച്ചുവല്ലോ. ഉള്ളിൽ നിന്നാണ് ആ നിഗമനം എങ്കിൽ ഇപ്പോൾ ഈ ചോദ്യം ഉണ്ടാകുമായിരുന്നുവോ. കുടുംബാംഗങ്ങൾ തമ്മിൽ അദ്ധ്വാനത്തിനോ ഉല്പാദനത്തിനോ, ഉപഭോഗത്തിനോ എന്തിനെങ്കിലും ഇന്ന് നാണയം ഉപയോഗിക്കാറുണ്ടോ? വീട്ടിൽ അമ്മ ചീരനട്ടാൽ അച്ഛൻ കൂലികൊടുക്കുന്നുണ്ടോ. കുട്ടികൾ വെള്ളം കോരുന്നത് കൂലിയ്ക്കല്ലല്ലോ. വീടുകളിൽ പാചകത്തിനും, ഭക്ഷണത്തിനും ഒന്നിനും കൂലിയും വിലയുമില്ല. ഇത് നമ്മുടെ നിത്യാനുഭവമാണ്.

ലോകമാകെ എല്ലാ വീടുകളിലും ഇതു എന്നും നടന്നുപോരുന്നു. കുടുംബാംഗങ്ങളുടെ ഇടയിൽ ബാർട്ടറുമില്ല നാണയവുമില്ല. പകരത്തിനു പകരം എന്നൊരാവശ്യമേ വരുന്നില്ല. വെളുപ്പിനെഴുന്നേറ്റാൽ രാത്രി 11 ന് ഉറങ്ങുന്നതുവരെ തന്റെ വീട്ടിൽ വിവിധതരം പണിചെയ്യുന്ന ഒരമ്മയ്ക്കു കിടക്കാൻ നേരത്തു കൂലി കിട്ടിയോ എന്നൊരു വിചാരം ഉണ്ടാകാറുണ്ടോ? വീട്ടിൽ ആർക്കും ഒരു ജോലിക്കും അങ്ങിനെ ഒരു വിചാരം ഉണ്ടാകാറില്ലല്ലോ. അതുകൊണ്ടു അവർ പണിചെയ്യാതിരിക്കുന്നുണ്ടോ? ഉദാസീനത കാട്ടുന്നുണ്ടോ? തോട്ടിപ്പണിവരെ ചെയ്യാറില്ലേ. നമ്മുടെ വീടാണു ഈ ഭൂമി. നമെല്ലാം ഒരേ വീട്ടുകാരാണു. നമ്മുടെ ഈ വീടു ആകാശത്തുകൂടി നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്യത്ഭുതകരമായ ഒരു യാനപാത്രമാണു നമ്മുടെ ഭൂമി. നാം ഓരോരുത്തരും എവിടെ നിന്നോ ഈ വീട്ടിൽ വന്നു പിറന്നു. അല്പസമയത്തിനകം ഇവിടെ നിന്നു വിട്ടുപോകുകയും ചെയ്യും. അതിനിടയിൽ നമുക്കിടപെടേണ്ടി വരുന്നവർ എത്രയോ കുറവാണ്. ഇപ്പോൾ നാം അറുനൂറു കോടി അംഗങ്ങൾ ഉണ്ടെന്നാണു ഊഹക്കണക്ക്. അതിൽ എത്രയോ കുറച്ചുപേരുമായി മാത്രമേ നമുക്കിടപെടാൻ കഴിയുന്നുള്ളു. അവരെ സ്വന്തമാണെന്നു തിരിച്ചറിഞ്ഞു ജീവിക്കണം എന്നാണു നാം നിശ്ചയിച്ചതു. ഈ സത്യത്തിന്റെ മുൻപിൽ വിലയ്ക്കും കൂലിയ്ക്കും എന്തു സ്ഥാനം. നാണയത്തിനെന്തു കാര്യം. ഒരാൾ വിശന്നും മറ്റൊരാൾ നിറഞ്ഞും കഴിയേണ്ടി വരുന്നതു ഈ സത്യത്തെ മുൻനിറുത്തി ജീവിക്കാത്തതു കൊണ്ടല്ലേ. ഒരു വീട്ടിൽ ഒരാൾക്കു പ്രതിമാസ ശമ്പളം ഉണ്ട്. മറ്റൊരാൾ മന്ദബുദ്ധിയാണ്. അയാൾക്കുവേണ്ടി ചെലവുചെയ്യുവാൻ ഉദ്ദ്യോഗസ്ഥനു വല്ല മടിയും ഉണ്ടോ? ഉണ്ടെങ്കിൽ ആ വീട്ടിൽ സ്വസ്ഥത ഉണ്ടാവില്ല. വീട് എന്ന സങ്കല്പത്തിൽ ഉള്ളവരും ഇല്ലാത്തവരും എന്ന വ്യത്യാസമില്ല. ഉച്ചനീചത്വങ്ങളൊന്നുമില്ല. സ്വകാര്യ സമ്പാദ്യമില്ല. വാതിലുകൾ തുറന്നുകിടക്കും. സഞ്ചാര തടസ്സമില്ല. വീടിനകത്തു ആരെങ്കിലും ആർഭാടം കാട്ടാറുണ്ടോ? ഭരണസമിതി ഉണ്ടോ.

ഭൂമി നമ്മുടെ വീട്, നാം ഒരേ വീട്ടുകാർ എന്ന വസ്തുത നാം അംഗീകരിച്ചാൽ, അത്തരത്തിൽ കുടുംബജീവിതം നിലവിൽ വന്നാൽ അന്ന് നാണയത്തിന്റെ ആവശ്യം ആർക്കും വരില്ല. ഭൂമിയിൽ എവിടെയും ആകാശമാർഗ്ഗം സഞ്ചരിക്കാം. പൈലറ്റ് പൈലറ്റാകുന്നത് എല്ലാവർക്കും വേണ്ടിയാണ്. വിമാനം നിർമ്മിക്കുന്നവർ വീട്ടാവശ്യം എന്ന നിലയിൽ ഭംഗിയായും ഉറപ്പായും നിർമ്മിക്കുന്നു. കൃഷി ചെയ്യുന്നവർ ഉല്പന്നം ഏറ്റവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കും. തന്റെ വീട്ടുകാർക്ക് കഴിക്കാനുള്ള ഭക്ഷണ വസ്തുക്കളിൽ ആരെങ്കിലും മായം ചേർക്കുമോ. എല്ലാവരും ഭാവനാലോകത്തേക്ക് ഉയർന്ന് നമ്മുടെ ലോകത്തെ വീക്ഷിക്കു. കുടുംബ ബോധത്തിൽ കൃഷി ആരംഭിച്ചാൽ ഉല്പന്നങ്ങൾ നന്നായിരിക്കുമെന്നു മാത്രമല്ല കൃഷിഭൂമി തരിശുഭൂമിയായി മാറുകയും ഇല്ല. ഇന്നത്തെ കൂലി ഏർപ്പാട് കൊണ്ട് എന്തു പറ്റി. ഭൂമി തരിശായി. കൈകൾ ഉപയോഗശ്യൂന്യമായി. വയറ്റിൽ വിശപ്പും തലയിൽ പകയും. ഉദ്യോഗസ്ഥന്റെ പറമ്പ് മതിൽക്കുള്ളിൽ ശൂന്യമായി കിടക്കുന്നു. അടുത്ത വീട്ടിലെ പണിക്കാരൻ ജോലി കിട്ടാതെ പട്ടിണിയിലും കിടക്കുന്നു. എന്തൊരു കഷ്ടമാണിത്. നാം എന്തിനിങ്ങനെ ജീവിക്കുന്നു. എല്ലാവർക്കും അസ്വസ്ഥത ജനിപ്പിച്ചുകൊണ്ട് സ്വകാര്യതയ്ക്ക് വിളയാടാൻ നാം നമ്മെ വിട്ടുകൊടുത്തുകളഞ്ഞുവല്ലോ.

ഭൂമിയിൽ വ്യാപാരശാലകളും ബാങ്കുകളും ബഡ്ജറ്റും ആവശ്യമില്ല. യാത്രയ്ക്ക് ടിക്കറ്റുവേണ്ട. ഇതൊക്കെ കൃത്രിമമാണ്. നാം വിവേകശൂന്യരായി തെറ്റായി രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് ഇതൊക്കെ വേണ്ടതാണെന്നു നമുക്ക് തോന്നുന്നത്. തികച്ചും സത്യവിരുദ്ധമായ ഒരു വിദ്യാഭ്യാസമാണ് നമുക്കിന്ന് കിട്ടുന്നത്. ഇത്തരം വിദ്യാലയങ്ങളേ നമുക്കാവശ്യമുള്ളതല്ല. മാർക്ക്, റാങ്ക്, ഡിഗ്രി തുടങ്ങിയ ശബ്ദങ്ങൾ മാനുഷികമല്ല. നമുക്കാരേയും തോൽപിക്കാനില്ല. ഒന്നിച്ചു മുന്നോട്ടു നീങ്ങുകയാണ് നമുക്കാവശ്യം. അതിനുപകരിക്കേണ്ട നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് സാമ്പത്തിക സ്ഥാപനങ്ങളായി മാറിപ്പോയി. അവയെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയേ തീരൂ.

ഇതാ ഒരു കുറി ഇവിടെ കിട്ടിയിരിക്കുന്നു. വായിക്കാം. “നാണയത്തെപ്പറ്റി താങ്കളുടെ വീക്ഷണം ഒന്നു കൂടി വ്യക്തമാക്കിയൽ കൊള്ളാം”

നാണയത്തെ എതിർക്കരുത്

നാണയം ആവശ്യമില്ലാതാകുന്ന ഒരു ലോകത്തെപ്പറ്റി ഭാവന ചെയ്യാമെന്നല്ലാതെ, ഒരിക്കലും അത് സംഭവമാകുമെന്ന്, സമൂല പരിവർത്തനം ഉണ്ടാവണം എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവരിൽ പലരും കരുതുന്നില്ല. വളരെ ചുരുക്കം പേർക്കു മാത്രമേ ആ കാഴ്ചപ്പാടുള്ളു. ദർശനത്തിന്റെ വീക്ഷണത്തെ ‘സ്വപ്ന ഭാവന’ എന്നു പറഞ്ഞ് പലരും തള്ളുന്നത് ഭരണകൂടം, നാണയം ഈ രണ്ട് വസ്തുതകളെ അംഗീകരിക്കാതിരിക്കുന്നതു കൊണ്ടാണ്. ദർശനം ഭാവന ചെയ്യുന്ന ലോകത്ത് നാണയം ഉണ്ടാവില്ല. രാഷ്ട്രാതിർത്തികൾ സദാ തുറന്നു കിടക്കും. സർവ്വധികാരികളായ ഭരണകൂടങ്ങൾ ഉണ്ടാവില്ല. എന്നാൽ ഇത് ചരിത്രത്തിനു നിരക്കുന്നതല്ല. സമൂഹത്തിന്റെ നിലനില്പിന് ഈ രണ്ടു ഘടകങ്ങളും ആവശ്യമാണ് എന്ന വിശ്വാസം ലോക സമൂഹത്തിനുണ്ട്. നമ്മുടെ നേതാക്കന്മാരും ചിന്തകന്മാരും മഹാ പുരുഷന്മാരും ഈ രണ്ടിനേയും അംഗീകരിച്ചാണ് ചിന്തിക്കുന്നത്. ദർശനം എന്തുകൊണ്ട് വ്യത്യസ്ഥ വീക്ഷണം പുലർത്തുന്നു എന്നറിയുവാൻ താല്പര്യപ്പെടുന്നവരോട് പറയട്ടെ.

ദർശനം നാണയത്തേയും ഭരണകൂടത്തേയും എതിർക്കുന്നില്ല. ദർശനത്തിന്റെ പരിവർത്തന വിചാരം തുടങ്ങുന്നതു മൈത്രിയിലാണു. നമുക്കു മറ്റു മനുഷ്യരെ ബന്ധുക്കളായി കാണാൻ കഴിയുമോ? ചോദ്യം എന്നോടാകട്ടെ. ലോകത്തുള്ള മനുഷ്യരെ വേണ്ടപ്പെട്ടവരായി കരുതാൻ താങ്കൾക്കു കഴിയുന്നുണ്ടോ എന്നു ഞാൻ എന്നോടു ചോദിക്കുന്നു. എന്റെ മറുപടി ഞാൻ ആ പരിശീലനത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണു. ഒരാളെ എന്റെ ബന്ധുവായി കരുതാൻ ഇപ്പോൾ എനിക്കു അയാളുടെ ജാതിമതാദിഗ്രൂപ്പുകളെപ്പറ്റി അറിയേണ്ടതില്ല. ഞാൻ അതന്വേഷിക്കാറേ ഇല്ല. എന്നാലും ജീവിതത്തിന്റെ പ്രാരംഭത്തിൽ കിട്ടിയ തെറ്റായ പ്രവണതകളിൽ നിന്നു ഞാൻ മുക്തമായിട്ടില്ലെന്നു എനിക്കറിയാം. വെറും സാധാരണക്കാരനായ എനിക്കു മൈത്രീഭാവന ഇത്രയെങ്കിലും പരിശീലിക്കാനാകുമെങ്കിൽ ആഗ്രഹിച്ചാൽ ആർക്കുമതു സാധിക്കും. ഒരു മനുഷ്യനു മറ്റു മനുഷ്യരെ തന്റെ ഉറ്റവരായി കരുതി പെരുമാറാൻ കഴിയുമെന്നാണു എന്റെ അനുഭവം. എന്നാൽ അതിനു പരിശീലനം വേണം. പരിശീലിക്കണമെങ്കിൽ വേണമെന്ന തോന്നലുണ്ടാവണം. ഇതുണ്ടാവുന്നില്ല. ഇങ്ങനെ ഒരാവശ്യ ബോധം നമ്മുടെ ആളുകളിൽ ജനിക്കുമോ? അതിന്റെ സാദ്ധ്യതയെപ്പറ്റിയാണു ചിന്തിക്കേണ്ടത്.

ഇതിനു വ്യക്തിപരവും സാമൂഹ്യവുമായ പരിശീലനം നടക്കണം. ലോകവ്യാപകമായി നടക്കണം. സർവ്വ മാധ്യമങ്ങളും, മൈത്രീഭാവം സകല മനസ്സുകളിലും വളർത്തി എടുക്കുക ലക്ഷ്യമാക്കണം. വ്യക്തികൾ തമ്മിലുള്ള ജീവിതബന്ധം സുദൃഢമായി വരുന്നതിനനുസരിച്ചു ഭൂമിയിൽ സംഭവിക്കുന്ന നിരവധി മാറ്റങ്ങളിൽ സുപ്രധാനമായ മാറ്റം അദ്ധ്വാനത്തിനു കൂലിയും ഉപ്പന്നങ്ങൾക്കു വിലയും വേണ്ടെന്നാകും എന്നതായിരിക്കും. ഞാൻ ഞാനായിരിക്കുന്നത് എല്ലാവരോടും കൂടി സന്തോഷമായി ജീവിക്കുവാനാണ് എന്ന ബോധം വ്യക്തികളിലും സമൂഹ മനസ്സിലും സംഭവിക്കുന്നതോടു കൂടി ഓരോ വ്യക്തിയും എല്ലാവർക്കും ഉപകാരി ആയിരിക്കാൻ പരമാവധി ശ്രമിക്കും.

കൈവശാകാശം മതി

ഉടമസ്ഥാവകാശത്തിൽ വരുന്ന മാറ്റം വ്യക്തമാക്കാം. ഭൂമിയിലാകെ പ്രാദേശിക സമൂഹങ്ങളുണ്ടാകും. ആ സമൂഹങ്ങളുമായി ആലോചിച്ച് വ്യക്തികൾ ഭൂവിതരണം സുഗമമാക്കും. ഓരോ കുടുംബത്തിനും പണിയെടുക്കാൻ കഴിയുന്നത്ര ഭൂമിയേ അവർ കൈവശത്തിൽ വയ്ക്കൂ. ഭൂമിയുടെ മേൽ ഉടമാവകാശം ആർക്കും ഉണ്ടാവില്ല. കൈവശാവകാശം മാത്രം മതി. ആധാരവും കരംതീരുവയും വില്പനയും ഒന്നും ഇല്ല. ഒരു വീട്ടിൽ പണിയെടുക്കാൻ അംഗങ്ങൾ കുറവായി വന്നാൽ അവർ കൂടുതൽ അംഗങ്ങളുള്ള അയൽവീടുകൾക്ക് ഭൂമി കൈമാറും. ഗ്രാമസഭയുമായി ആലോചിച്ചാവും അതു ചെയ്യുക. സ്വകാര്യ ഉടമ, സാമൂഹ്യ ഉടമ രണ്ടും ഇല്ലാതായിട്ട് കൈവശാവകാശം എന്നൊരു പുതിയ സമ്പ്രദായം ഭൂമിയിൽ വരും. സകല കുടുംബങ്ങൾക്കും പണിയെടുക്കാൻ ഭൂമി ഉണ്ടാവും. അംഗസംഖ്യയും ആരോഗ്യനിലയും മറ്റും അനുസരിച്ച് ഭൂമി കൈമാറിക്കൊണ്ടിരിക്കും. കൈവശമുള്ള ഭൂമിയിൽ പരസ്പരം സഹകരിച്ച് കൃഷി നടക്കും. അതത് ഭൂമിക്ക് യോജിച്ചതും മനുഷ്യനാവശ്യമുള്ളതും കൃഷി ചെയ്യും. നിത്യേന ചുറ്റുവട്ടത്തിലുള്ളവർ കൂടിയിരുന്നു പ്ലാൻ ചെയ്തുകൊണ്ടേ ഇരിക്കും. ആരോഗ്യപ്രദവും സ്വാദിഷ്ടവുമായ ഉല്പന്നങ്ങൾ മനുഷ്യന്റെ കരങ്ങളും ഹൃദയങ്ങളും ബുദ്ധിയും ചേർന്ന് സ്പർശിക്കുമ്പോൾ മണ്ണു ചുരത്തിത്തരും. ഏതെങ്കിലും ഭൂഭാഗത്ത് ഏതെങ്കിലും കാരണവശാൽ വിള നശിക്കുകയോ പോരാതെ വരികയോ ചെയ്താൽ അറിയുന്ന മാത്രയിൽ ഉള്ളിടത്തു നിന്ന് വിഭവങ്ങൾ എത്തിയിരിക്കും. വാർത്താവിനിമയം ലോകമെമ്പാടും ശരിക്ക് സംവിധാനം ചെയ്തിരിക്കും. ഒരുവന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും ഗ്രാമസഭ അറിഞ്ഞാലുടൻ അത് ലോകത്തെ അറിയിക്കേണ്ടതാണെങ്കിൽ അതിനുള്ള സംവിധാനമുണ്ടായിരിക്കും. വിതരണ വാഹനങ്ങൾ അഗ്നിശമന വാഹങ്ങളെപോലെ വേഗതയിൽ തക്ക സമയങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. അവർക്കുള്ള പ്രതിഫലം തന്റെ കുടുംബത്തിലെ ഒരംഗത്തിന്റെ ജീവിതാവശ്യം നിർവഹിച്ചു കൊടുക്കുന്നതിൽ നിന്നു ലഭിക്കുന്ന ആനന്ദമാണ്. തന്റെ കാര്യത്തിന് ഏതു നിമിഷവും മറ്റുള്ളവരുണ്ടാകുമെന്ന് എല്ലാവർക്കുമറിയാം. ലോകം മുഴുവൻ എന്റെ ചുറ്റും. ഞാൻ ലോകത്തിനു വേണ്ടിയും. എന്റെ പ്ലാവിലെ ചക്ക ലണ്ടനിലെ ഒരു വീട്ടിലെത്തിക്കാൻ ഞാൻ ആഗ്രഹിച്ചാൽ ഗ്രാമസഭയെ അറിയിച്ചാൽ മതി. അന്നു തന്നെ എത്തിക്കൊള്ളും. എനിക്കും ആ വീട്ടുകാർക്കും അതെത്തിക്കുന്നവർക്കും അതറിയുന്നവർക്കും എല്ലാം സന്തോഷം. ഇതില്പരം എന്താണ് വേണ്ടത്. ഇതിനിടയിൽ ഈ കടലാസ്സു നോട്ടുകൾക്കും സ്വർണ്ണനാണയങ്ങൾക്കും എന്തു കാര്യം. ‘നീ എന്റേയും ഞാൻ നിന്റേതും’ എന്ന വികാരം വളർന്നു വരുന്നതിനനുസരിച്ചേ ഇതു സംഭവിക്കൂ. മനുഷ്യനു ഇതു സാദ്ധ്യമാണ്. ഈ വഴി നമ്മുടെ ശ്രദ്ധ തിരിച്ചു കൊണ്ടുവരാൻ എളുപ്പമല്ലെന്നുറപ്പ്. എന്നാൽ അസാദ്ധ്യമെന്നു കരുതിക്കൂടാ. ഓരോരുത്തരും ശ്രമം തുടങ്ങുക. ഒറ്റയ്ക്ക് തുടങ്ങാവുന്ന പരിവർത്തന പ്രവർത്തനമാണ് അന്യോന്യത.

ഒരിക്കലും ഈ നാണയത്തിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ നിന്ന് മനുഷ്യരാശി മുകതമാവില്ല എന്ന ദുർബല - അടിമത്ത - ചിന്ത ഇനിയും നാം പുലർത്തിക്കൂടാ. നാണയത്തിന്റെ ഏറ്റവും വലിയ അപകടം അതുകൈവന്നാൽ എല്ലാം സാധിക്കാം എന്നതാണ്. മാങ്ങാ കൈവന്നാൽ തിന്നാൻ കൊള്ളാം. പുതയ്ക്കാൻ കൊള്ളുകില്ല. ഓരോ സമ്പത്തും സമ്പത്താകുന്നത് അതതിന്റെ ഗുണത്തിനനുസരിച്ചാണ്. എന്നാൽ ഒരു ഭൂതം നമ്മുടെ ഇടയിൽ കടന്നു വന്ന്, എന്നെ സേവിച്ചാൽ ഞാൻ എല്ലാം നിനക്കു നേടിത്തരാം എന്നു പ്രലോഭിപ്പിക്കുകയും നാം അതിനടിമകളാകയും ചെയ്തു പോയി. ആ ഭൂതമാണ് നാണയം. അതു കൈവന്നാൽ ഭക്ഷണമായി, യാത്രയായി, വസ്ത്രമായി, വീടായി, മാന്യതയായി, അധികാരിയായി ആണിനാണും പെണ്ണിനു പെണ്ണുമായി, ഈശ്വരനെപ്പോലും പണം വേണ്ടത്ര ഉണ്ടെങ്കിൽ കയ്യിൽ കിട്ടും, തൊടാം എന്നു വന്നു. ഇങ്ങനെ ഒരു സാധനം നമുക്കാപത്താണ്. നമുക്കതതു സാധനത്തിന്റെ ഗുണാനുഭവം മതി. എല്ലാത്തരം രുചികൾക്കും കൂടി ഒരു സാധനം മതി എന്നു വരുന്നത് അപകടമാണ്.

പണത്തിന്റെ കെണി

പണത്തിന്റെ പിന്നാലെ പറക്കാനാണ് നാം ഇനിയും ഭാവമെങ്കിൽ ജീവിതത്തിന്റെ സർവ്വ രംഗങ്ങളും അസ്വസ്ഥമാകും. ഒരുല്പന്നവും നല്ലതായി കിട്ടില്ല. ഒരു വീടും ഉറപ്പായി കെട്ടില്ല. ഒരു വാഹനവും സുഖമായി ദീർഘമായി ഓടില്ല. ഒരു മനുഷ്യനും ആരോഗ്യമായി ജീവിക്കില്ല. അധികാരികളും സന്യാസിമാർ പോലും പണം ആർജ്ജിക്കുവാൻ എന്തും ചെയ്തു പോകും. സകലതും ദൂഷിതമായി ഭവിക്കും. നാണയത്തിന് മറ്റൊരു വലിയ ദോഷമുണ്ട്. നാണയംകൊടുത്തു വാങ്ങേണ്ട ഒരു സാധനം സൗജന്യമായി കിട്ടാനിടയായാൽ നാണയം മിച്ചം വച്ചുകൊണ്ട് സാധനം കരസ്ഥമാക്കാനുള്ള ആർത്തി വർദ്ധിച്ചുവരും. പണം കയ്യിലുണ്ടായിരുന്നാലും എന്തും വെറുതേ കിട്ടുന്നതിൽ നമുക്ക് സന്തോഷം തോന്നിപ്പോകും. അതിൽ നിന്ന് മോഷണവും ചൂഷണവും, ഭാഗ്യക്കുറിയും ചൂതുകളിയും വ്യഭിചാരവും എല്ലാം വർദ്ധിച്ചു വരും. അദ്ധ്വാനിച്ചു വേണം നമുക്ക് വേണ്ടതു നേടുവാൻ. നമുക്ക് വേണ്ടത് വിഭവങ്ങളാണ്. പണമല്ല എന്ന് നാം തിരിച്ചറിയണം. നമുക്ക് വേണ്ടത് മറ്റുള്ളവരാണ്. അവരിലൂടെയാണ് വിഭവങ്ങളും ഈശ്വരാനുഗ്രഹം പോലും നമ്മിലേക്കു വരുന്നത്. മനുഷ്യനെ ചതിച്ചും കൊന്നും സമ്പത്തു കൈക്കലാക്കാനുള്ള പ്രവണത നാണയ വ്യവസ്ഥയിൽ വർദ്ധിച്ചു വരും. ബന്ധം നില നിർത്താൻ ചെയ്യുന്ന ഒരു ശ്രമവും നിലനിൽക്കില്ല. നാണയത്തിന്റെ പിന്നാലെയുള്ള ഒഴുക്കിൽ സകല ബന്ധങ്ങളും ഒലിച്ചു പോകും.

മേലാളർ പറയുന്നതു പോലെ ചെയ്ത് കൂലി വാങ്ങി സ്വന്തം പ്രതിഭയും കഴിവും നശിപ്പിച്ചു മരിക്കാനുള്ള ഗതികേടാണല്ലോ ലോകത്തിനു സംഭവിച്ചിരിക്കുന്നത്. ഇതല്ലേ ഏറ്റവും വലിയ അടിമത്തം. ശമ്പളവും പെൻഷനും കൂലിയും, വിറ്റുവരവും വർദ്ധിപ്പിക്കുവാനും ചെലവു ചെയ്യേണ്ട ഇനമെല്ലാം വെട്ടിച്ചുരുക്കുവാനും വേണ്ടി സമരം ചെയ്ത് നാം പാഴാക്കുന്ന സമയം, നവസമൂഹ രചനക്കു വേണ്ട പരസ്പരാഭിമുഖ്യം നേടി എടുക്കാൻ വിനിയോഗിക്കുകയാണിനി വേണ്ടത്. നാണയം ഇല്ലാതാക്കാൻ അതിനെ എതിർക്കേണ്ട. ബന്ധുത്വം വളർത്തിയെടുത്താൽ മാത്രം മതി. ഈ സാധനം നമ്മുടെ കുടുംബത്തിനാവശ്യമുള്ളതല്ല എന്ന തിരിച്ചറിവ് നാണയം കൈകാര്യം ചെയ്യുമ്പോഴും ഉള്ളിൽ വേണം. സാവധാനം നാണയം പിന്നിലും മനുഷ്യൻ മുന്നിലും ആയിക്കൊള്ളും. ഇതേപ്പറ്റി ഓരോരുത്തരും ചിന്തിക്കൂ. ഇവിടെ ഞാൻ വെളിപ്പെടുത്താത്ത ഒത്തിരി കാര്യങ്ങൾ ഇനിയും തെളിഞ്ഞുവരാനുണ്ട്. നാണയത്തിന്റെ ആകർഷണ സ്വഭാവം ഒന്നു കൂടി വ്യക്തമാക്കാം.

  1. ഭക്ഷണം, ഉറക്കം, സംഭോഗം തുടങ്ങിയ ഭൗതികാനന്ദങ്ങൾ അനുഭവിക്കുമ്പോൾ തൽകാലം മതി എന്നൊരവസ്ഥ വരും. മതിവരാതിരുന്നാൽ ആർത്തി പെരുകി സ്വസ്ഥത നശിക്കും. നാണയം എത്ര കിട്ടിയാലും മതിവരാത്ത ഒരപകട വസ്തു ആണ്.
  2. ‘നിത്യോപയോഗ സാധനങ്ങൾ കേടുവരുന്നവ ആയിരിക്കണം. പച്ചക്കറി, പാല്, പഴം, ചോറ് ഒക്കെ ഒരു സമയം കഴിഞ്ഞാൽ ഉപയോഗിക്കാൻ കൊള്ളാതെ വരും. ഉപയോഗിച്ചോ കൊടുത്തോ തീർക്കേണ്ടി വരും. നാണയം ഒരിക്കലും കേടാകാതെ തലമുറതലമുറയായി സ്വകാര്യതയിൽ വയ്ക്കാൻ സംവിധാനമുണ്ട്. ഇത് ഗുണമല്ല; ദോഷമാണ്. കൊടുക്കാതിരിക്കാൻ തോന്നും.
  3. പ്രകൃതിയിലെ വിഭവങ്ങൾ പലകാര്യങ്ങൾക്കുപയോഗിക്കാമെങ്കിലും അതിനൊരു പരിധി ഉണ്ടു. എല്ലാറ്റിനും ഉപയോഗിക്കാവുന്നതൊന്നും പ്രകൃതിയിലില്ല. അങ്ങിനെ ഒന്ന് നാം അറിഞ്ഞോ അറിയാതെയോ സാവധാനം നമ്മുടെ ഇടയിൽ പെരുകി വന്ന് നാം അതിനു കീഴടങ്ങിപ്പോയി. അതാണു നാണയം.
  4. പണം കണക്കില്ലാതെ വേണമെന്നു ഓരോരുത്തർക്കും മോഹമാകുമ്പോൾ വ്യക്തിയെ കീഴടക്കാൻ ബലം വേണ്ട പണം മതി എന്നു വരും. പണക്കാരന്റെ ചൊല്പടിയിൽ സാധാരണ ലോകം വരും. വേൾഡ് ബാങ്ക് പറയുന്നതു നാം കേൾക്കേണ്ടി വരും. കാരണം നമുക്കു നാട്ടിലെ വിഭവങ്ങളല്ല; പണമാണാവശ്യം.
  5. പണം നമ്മുടെ ലോകത്തെ മാർക്കറ്റാക്കിയിരിക്കുകയാണ്. ഉത്സവപ്പറമ്പും, പെരുനാളും, മഹാസമ്മേളനങ്ങളും, നഗരങ്ങളും ചന്തയുടെ വിവിധ രൂപങ്ങളായിപ്പോയി. നാണയത്തിന്റെ വൈഭവമാണിത്. വ്യാപാരശാലകളില്ലാത്ത ലോകം നമുക്കു ഭാവന ചെയ്യാൻ കഴിയുമോ? നാം അത്രമാത്രം ഭാവനാശൂന്യരായിത്തീർന്നു. അല്ലെങ്കിൽ നമ്മെ അങ്ങിനെ ആക്കിത്തീർത്തു.
  6. മദ്യം, വ്യഭിചാരം, മായം, കള്ളക്കടത്ത്, മോഷണം തുടങ്ങിയവയെ നാം പ്രതിക്കൂട്ടിലാക്കുമ്പോൾ നാണയം പൊട്ടിച്ചിരിക്കും. ‘ഞാനാണിതിനെല്ലാം കാരണം എന്നിവരറിയുന്നില്ലല്ലോ. കല്പതരുവായ എന്നെ കൈക്കലാക്കാനാണു ഇക്കണ്ട കുതന്ത്രങ്ങളെല്ലാം എന്നിവരറിയുന്ന ദിനം എന്റെ മരണദിനമായിരിക്കും.’ മിക്ക തിന്മകളുടേയും പ്രേരകശക്തി നാണയമാണ്.

നാണയം അനാവശ്യമാണെന്നു കാണിക്കാൻ ഇവിടെ പറഞ്ഞ അതേ പോയിന്റുകൾ തന്നെ, നാണയം ആവശ്യമാണെന്നു സമർത്ഥിക്കാനും ഉപയോഗപ്പെടുത്താം. മറ്റൊരു വസ്തുത കൂടി പറഞ്ഞ് ഞാൻ ഈ വിഷയം ഉപസംഹരിക്കാം. നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ അംഗങ്ങളുടെ ഇടയിൽ കൂലിയും വിലയും ഇല്ലല്ലോ. വീടിനകത്തേക്ക് വിലയും കൂലിയും കൊണ്ടുവരാൻ നാം ആഗ്രഹിക്കുന്നില്ലല്ലോ. നാട്ടിൽ നിന്നും ഇവയെ ഒഴിവാക്കാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ. വീടിനു പുറത്തും നാം കൂലി പ്രതീക്ഷിക്കാതെ ജോലികൾ ചെയ്തിട്ടില്ലേ. അത്തരം സന്ദർഭങ്ങളിൽ കൂലി കിട്ടാത്ത ജോലിയാണല്ലോ എന്നോർത്ത് മടികാട്ടാറുണ്ടായിരുന്നുവോ? വില വാങ്ങാതെ വീടിനു പുറത്തേക്കു സാധങ്ങൾ കൊടുക്കാറില്ലേ. അങ്ങനെ കൊടുക്കുമ്പോൾ പകരം കിട്ടണം എന്നു വിചാരിക്കാറില്ലല്ലോ. ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെ വിശ്വസംസ്കാരമാക്കി മാറ്റാനുള്ള ശ്രമം ആവശ്യമായി വന്നിരിക്കുന്നു.

ആരാധനാലയങ്ങൾ

നാണയത്തിന്റെ അതേ ചാലിലായിപ്പോയി ആരാധനാലയങ്ങളും. ജാതിമതാദിഭേദ ഭാവങ്ങളുടേയും, സ്വകാര്യതയുടെയും വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമാണ് ആരാധനാലയങ്ങളിൽ നാം ഇന്ന് നിലനിറുത്തുന്നത്. സിമന്റും കമ്പിയും നിത്യേന പ്രാർത്ഥനാലയങ്ങൾക്ക് ആവശ്യമായി വരുന്നു. എന്തിന്? തങ്ങളുടെ മതത്തിന്റേയും ജാതിയുടേയും മഹത്വം മറ്റുള്ളവരുടെ മുമ്പിൽ ഉയർത്തിക്കാട്ടുന്നതിന് ആരാധനാലയങ്ങളെ ഉപയോഗിക്കുവാൻ ആരും ലജ്ജിക്കുന്നില്ല. സകലതും വലുതാക്കി പുതിയ പുതിയ ഉത്സവങ്ങളും പെരുനാളുകളും നടത്തി സംതൃപ്തി നേടാൻ യുവതലമുറ മുന്നിലാണ്. സർവ്വരിലും ഉള്ളിലും പുറത്തും സദാ പ്രകാശമായി തിളങ്ങുന്ന ഈശ്വരാനുഭൂതി ഓരോ വ്യക്തിക്കും അനുഭവമാകാൻ വേണ്ട ഒന്നും എങ്ങും കാണുന്നില്ല. എല്ലായിടത്തും നെയ്ത്തുജോലി തുടങ്ങണം. പരസ്പരം നെയ്യപ്പെടാനുള്ള നെയ്ത്തുശാലകളാവണം ആരാധനാലയങ്ങൾ. കൃഷിയിടങ്ങളും, കലാവേദികളും, നെയ്ത്ത് ലക്ഷ്യമാക്കണം. ഈ നെയ്ത്തുജോലി ആരംഭിക്കേണ്ടത് നമ്മുടെ മനസ്സിലാണോ? മനസ്സ് ചപലമായതു കൊണ്ട് അതിൽ തുടങ്ങുന്ന ഒന്നിനും നിലനില്പുണ്ടാവാനിടയില്ല. എല്ലാവരോടും ബന്ധപ്പെടാനും ഓരോരുത്തരോടും ഇടഞ്ഞു നിൽക്കാനും മനസ്സിനു കഴിയും. അതുകൊണ്ട് മനസ്സിൽ തുടങ്ങിയാൽ പോരാ; ബോധത്തിൽ തുടങ്ങണം. ബോധത്തിൽ എല്ലാവരേയും കൊണ്ടു വരണം. പിന്നീടതു ഭാവന ചെയ്യണം. ഭാവന സുദൃഡമാകുമ്പോൾ ആർദ്രത ജനിക്കും. സ്നേഹം ഊറി വരും. ഓരോ ഹൃദയവും വിശ്വ സ്നേഹാനുഭൂതിയിൽ വരുമ്പോഴത്തെ സമൂഹ മനസ്സിന്റെ നില അനുഭവിച്ചു തന്നെ അറിയണം. ഈ പരസ്പര ജീവിതാനന്ദാനുഭൂതിയെ ലക്ഷ്യമാക്കുന്നതാവണം ഇനി നമ്മുടെ കൃഷിയും ആരാധനയും വിദ്യാഭ്യാസവും വിവാഹവും സാഹിത്യവും എല്ലാം. എന്റെ ഈ വിചാരം ഞാൻ ലോകജനതയുടെ ഈ സഭയിൽ വിനയപൂർവ്വം അവതരിപ്പിച്ചു കൊള്ളുന്നു. ഇനിയും ഓരോരുത്തരും പറയൂ. നമുക്കു കേൾക്കാം. ശരി. താങ്കൾ തുറന്നു പറഞ്ഞു കൊള്ളൂ. ആവശ്യമുള്ളത്ര സമയം എടുത്തു കൊള്ളൂ.

ഒരു ചോദ്യം തന്നിട്ടു പോകയാണല്ലോ അദ്ദേഹം. ചോദ്യം ഉചിതം തന്നെ. വാസ്തവത്തിൽ ഈ ചോദ്യത്തിന്റെ ഉത്തരമാണ് നമുക്കു വേണ്ടത്. എല്ലാവരും ശ്രദ്ധിച്ച് ഗൗരവപൂർവ്വം ഇതേപറ്റി ചിന്തിക്കണം. ‘കൃഷി ഇടങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ഈ പുതിയ ജീവിതശൈലി എങ്ങിനെ നടപ്പിൽ കൊണ്ടു വരുവാൻ കഴിയും? ലക്ഷ്യത്തോട് അടുക്കേണ്ട ചുവടു വയ്പാണ് കണ്ടെത്തേണ്ടത്. ലക്ഷ്യത്തിന്റെ മഹത്വം എത്ര സ്ഥാപിച്ചാലും അങ്ങോട്ടു നീങ്ങുന്നില്ലെങ്കിൽ പെയ്യാത്ത ശരത്കാല മേഘം പോലെ ആകാശത്തെ സുന്ദരമാക്കാമെന്നേ ഉള്ളല്ലോ. എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിലാണ് വ്യക്തത വേണ്ടത്. അത് ഏതൊരു മനുഷ്യനും ചെയ്യാവുന്നതായിരിക്കുകയും വേണം.’

ധ്യാനം തുടങ്ങണം

നാം എന്തു ചെയ്യണം? എന്ന ചോദ്യത്തിൽ നിന്നു തുടങ്ങാം. മറ്റുള്ളവരെ സ്വന്തമായി കാണാൻ ശ്രമിക്കുക. തന്നിൽ നിന്നു സമൂഹത്തിലേക്കു സ്വയം വളരാൻ തയ്യാറകുക. ആദ്യം വീട്ടിലെ അംഗങ്ങളെ ഭാവനയിൽ കൊണ്ടു വന്നു മനസ്സിൽ ഉറപ്പിക്കുക. മാതാപിതാക്കളെ ആദരവോടെ ഓർമ്മിച്ചു ശീലിക്കുക. ജ്യേഷ്ടാനുജന്മാരേയും സഹോദരിമാരേയും മറ്റു ബന്ധുക്കളേയും ഏകാന്തതയിൽ ഇരുന്നു ഓർമ്മിച്ചു ഇവർക്കു വേണ്ടി കൂടിയാണു ഞാനുള്ളതു എന്നു ഭാവന ചെയ്യുക. വീടും വീട്ടിലുള്ളവരും മനസ്സിൽ ധ്യാനത്തിൽ വരണം. സ്വഗൃഹത്തിൽ ഉണ്ണുകയും ഉറങ്ങുകയും പോരാ. ബോധപൂർവ്വം മനസ്സിൽ ബന്ധുത്വം സ്ഥാപിക്കുമ്പോഴേ ഉള്ളിൽ സഹഭാവത്തിന്റെ ഉറവ ഉണ്ടാവു. ഈശ്വര ധ്യാനം ചെയ്യാത്തവരും കുടുംബധ്യാനം ശീലിക്കണം. വീട്ടിനകത്തു ദിവസേന പ്രതീക്ഷിക്കാത്ത പെരുമാറ്റങ്ങൾ അംഗങ്ങൾ തമ്മിൽ ഉണ്ടാവും. പരസ്പരം വേണ്ടെന്നു തോന്നത്തക്ക പെരുമാറ്റങ്ങൾ ഉണ്ടാവും. അംഗങ്ങൾ എല്ലാവരും കുടുംബധ്യാനം ശീലിച്ചു തുടങ്ങിയാൽ ഈ തലത്തിൽ നിന്നുയരാൻ കഴിയും. നിത്യേന ഉണരുന്ന നേരത്തു എഴുന്നേറ്റിരുന്നു ശീലിക്കാവുന്ന ഒരു സാധനയാണിത്. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ശീലിക്കാൻ കഴിഞ്ഞാലും ഒറ്റയ്ക്കുള്ള പരിശീലനം ഉപേക്ഷിച്ചുകൂടാ. ഈ കുടുംബധ്യാനം സാവധാനം മാനുഷിക ധ്യാനമായും പ്രപഞ്ച ധ്യാനമായും വികസിക്കണം. ഈ പശ്ചാത്തലം സൃഷ്ടിച്ചു കൊണ്ടുവേണം തറക്കൂട്ടങ്ങൾ രൂപീകരിക്കുവാൻ.

ആരിതു ചെയ്യും? ആർക്കുവേണം? ജന്തുക്കളേക്കാൾ എത്രയോ താണ തലത്തിൽ ജീവിക്കുന്ന നമ്മുടെ തലമുറയ്ക്കു ഇതൊന്നും ചിന്തിക്കാൻ പോലും സാദ്ധ്യമല്ല. ഈ വെല്ലുവിളിയെയാണു പ്രവർത്തകർ നേരിടുന്നത്. ഏതൊരാളോടും ഭൂമിയിൽ നവീനമായ ഒരു ജീവിതം തുടങ്ങാൻ ശ്രമിക്കണമെന്നു പറയണം. അതിനു ധൈര്യപ്പെടുന്നവരാരോ അവരാണ് പരിവർത്തനത്തിന്റെ മുൻനിരക്കാർ. മുഖാമുഖം ഇങ്ങനെ സംസാരിക്കാൻ കഴിയണമെങ്കിൽ പുതിയ ലോകരചനയുടെ ആവശ്യബോധം തോന്നണം. ഈ ബോധമുള്ളവരിൽ പലരും ഈ വഴി ചിന്തിക്കാറില്ല; ഏതെങ്കിലും പ്രശ്നത്തിൽ കുരുങ്ങിയാണ് ചിന്തിക്കാറ്. അതുകൊണ്ട് സാമൂഹ്യമാറ്റത്തിനുവേണ്ടി ശ്രമിക്കുന്നവരോടെല്ലാം ദർശനം ആവശ്യപ്പെടുന്നത് ധ്യാനം കൂടി ശീലിക്കണമെന്നും അതിന് സമൂഹത്തിന് പ്രേരണ നൽകണമെന്നുമാണ്.

വൻജാഥകളോ, മഹാസമ്മേളനങ്ങളോ, വൻകലാപങ്ങളോ, ഭരണമാറ്റങ്ങളോ പുതിയ ലോകരചനയ്ക്ക് മതിയാവില്ല. എന്നാൽ പരസ്പര പരിഗണനയോടെ, കൂടി ആലോചിച്ചു ജീവിക്കുവാൻ പരിസരവാസികൾ തയ്യാറായാൽ ലോകത്താകെ അത്ഭുതകരമായ മാറ്റം സംഭവിക്കും. ഈ കാഴ്ചപ്പാടുള്ളവർ ഇതേപ്പറ്റി അനുയോജ്യമായ സന്ദർഭങ്ങളിൽ സംസാരിക്കണം. സംഭാഷണം വളരെ പ്രയോജനം ചെയ്യുമെന്നാണ് എന്റെ അനുഭവം. വേദികളിലും സംസാരിക്കണം. ലേഖനങ്ങൾ എഴുതണം. കവിതകളും കഥകളും ദൃശ്യമാദ്ധ്യമങ്ങളും ആവാം. വാർത്താ മാധ്യമങ്ങൾ എല്ലാം ഉപയോഗപ്പെടുത്താം. ഉന്നം പരിവർത്തനം തന്നെ ആവണം. ധ്യാനവും തറക്കൂട്ടവും ലോകത്തിന്റെ ഗൗരവമായ ചിന്താ വിഷയമാക്കണം. അതിനെന്തു വേണമോ അതൊക്കെയാണ് ചെയ്യേണ്ടത്.

അന്യോന്യ ജീവിതത്തിന്റെ സാക്ഷാൽകാരത്തിന് വിഭാഗീയതയും സ്വകാര്യതയും ശക്തമായ തടസ്സങ്ങളായി തീർന്നിട്ടുണ്ട്. എന്റെ നോട്ടത്തിൽ ഇന്ന് അവയെക്കാൾ തടസ്സം ടി. വി. യും ഭാഗ്യക്കുറിയും ആണ്. വിഭാഗീയതയെ മറ്റൊരു വീക്ഷണ കോണിൽക്കൂടി നോക്കിയാൽ തള്ളിക്കളയേണ്ടതില്ലെന്നു കാണാം. ഒരു സഹസ്രദള താമരയിൽ ചെറുതും വലുതുമായ ആയിരം ദളങ്ങളുള്ളത് താമരയുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയല്ലേ ഉള്ളു. നായർ, ഈഴവർ കത്തോലിക്കർ, മാർത്തോമ്മാക്കാർ, അറബികൾ, യഹൂദർ, വിവിധ ഭാഷക്കാർ, ദേശക്കാർ, സ്വഭാവക്കാർ, നിറക്കാർ ഇവരെല്ലാം അങ്ങിനെ തന്നെ നിലനിൽക്കട്ടെ. ഇവ എല്ലാം ഒരേ കുടുംബത്തിൽ ചേർന്നു നിന്ന് പരസ്പരാനന്ദം വർദ്ധിപ്പിക്കുന്ന ദളങ്ങൾ ആണെന്ന ബോധം ഉണ്ടായാൽ പോരെ. അതായിരിക്കും ഉത്തമം എന്നു തോന്നുന്നു.

അതുപോലെ സ്വാർത്ഥതയും സ്വകാര്യതയും അഹവും ഉള്ളവരാണെങ്കിലും ഞങ്ങൾ അവയുടെ നിർവ്വഹണത്തിന് അന്യോന്യം കൈകോർക്കുന്നുവെന്ന് വന്നാൽ അത്രയും നല്ലതല്ലേ. എന്റെ വീട്ടിൽ ഭയം കൂടാതെ കിടന്നുറങ്ങുന്നതിന് ഞാൻ എന്റെ അയൽക്കാരേയും തുണയാക്കുന്നു. അതിന് തറക്കൂട്ടം കൊള്ളാം. അവർക്കും കൊള്ളാം എനിക്കും കൊള്ളാം. പോലീസുകാരെയോ ഗൂർക്കാകളേയോ കാവലേൽപ്പിക്കുന്നതിനേക്കാൾ ലാഭവും സ്വാഭാവികവും തറക്കൂട്ടമാണെന്നു മനസ്സിലാക്കിയാൽ പോരെ. അതുകൊണ്ട് നാം സാമുദായിക സംഘടനകളേയും ഗ്രൂപ്പുകളേയും ഇല്ലാതാക്കുവാൻ ശ്രമിക്കേണ്ട. അത് ഉണ്ടായിരിക്കത്തന്നെ ഓരോ പ്രദേശവും ഓരോ സഹസ്രദളപത്മമായി വിരിഞ്ഞു വരാൻ മൈത്രീ വിചാരവും തറക്കൂട്ട നിർമ്മാണവും ഉപയോഗപ്പെടുത്തിയാൽ മതി. എന്നാൽ ടി. വി. യുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ വഴി ഒന്നും കാണുന്നില്ല. പണം നേടാൻ ഏറ്റവും പറ്റിയ ഒരുപാധി ആയിപ്പോയി ടി. വി. പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗവും അതെത്ര സാമൂഹ്യവിരുദ്ധ മാർഗ്ഗമായിരുന്നാലും ആരും ഉപേക്ഷിക്കില്ല. പണവും കേന്ദ്രാധികാരവും ആവശ്യമില്ലാതാക്കുന്ന ഒരു നവസമൂഹ നിർമ്മാണത്തിനുള്ള ജോലിയാണ് നാം കണ്ടെത്തി ചെയ്യേണ്ടത്.

സാത്താന്റെ കസ്റ്റഡിയിലായിപ്പോയി ലോകം. സർവ്വനാശം സംഭവിച്ചതിനു ശേഷമുണ്ടാകുന്ന മനുഷ്യനിലല്ലാതെ ഇന്നത്തെ മനുഷ്യരിൽ ഇത്തരത്തിൽ ഒരുണർവ്വുണ്ടാകാൻ ഈശ്വരനുപോലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അതാ ഒരമ്മ വരുന്നു. അമ്മയ്ക്ക് എന്താണ് പറയാനുള്ളത് കേൾക്കാമല്ലോ.

ക്രൂരത എങ്ങനെ കുറയ്ക്കാം?

“നാമെല്ലാം അധികാരത്തിന്റെയും പണത്തിന്റെയും പിന്നാലെ ഓടുന്നവരായി തീർന്നുപോയി എന്നൊരു പരാതി പരക്കെ ഉണ്ട്. അതിൽ ശരിയുമുണ്ട്. എന്നാൽ അതിനെക്കാൾ എത്രയോ കഷ്ടമായോരു തലത്തിലേക്കു മനുഷ്യൻ താണുകൊണ്ടിരിക്കുകയാണെന്ന് എനിക്കു തോന്നുന്നു. ശത്രുതാ മനോഭാവമാണ് ഏറ്റവും ശക്തമായികൊണ്ടിരിക്കുന്ന വികാരം. ഒരോരുത്തരും ഓരോ നശീകരണ ബെൽറ്റ് ബോംബാകാനുള്ള വഴി തേടുകയാണിപ്പോൾ. പണം വേണ്ടത് അതിനാണ്. താൻ നശിച്ചുകൊണ്ടും ശത്രുവിനെ നശിപ്പിക്കണം. ജീവിതാശ ഇല്ലാതായി. ശത്രുവിനാശം ജീവിതലക്ഷ്യമായിക്കഴിഞ്ഞു. എന്തു ചെയ്യും മക്കളെ. ഈ മനോഭാവത്തിൽ നിന്ന് വ്യക്തികളെ പിൻതിരിപ്പിക്കാൻ പറ്റുമോ? തന്റെ രക്തം ചൊരിഞ്ഞും തന്റെ ശത്രുവിനോടുള്ള പകപോക്കാൻ രാപകൽ കച്ചകെട്ടുന്ന ലോകജനതയെ മനുഷ്യ സ്നേഹത്തിലേക്കു കൊണ്ടുവരാൻ ഞാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല”.

വളരെ പ്രായം ചെന്ന നമ്മുടെ ഒരു കുടുംബ കാരണവർ അതാ വരുന്നു. ശ്രദ്ധിക്കാം.

നമുക്കും ശ്രമിക്കാം

“നമുക്ക് ആത്മവിശ്വാസം പകർന്നു തരുന്ന വാക്കുകൾ ഈശ്വരന്റെ വാക്കുകളായി നമുക്കു കരുതാം. കേൾക്കുക. “നാം ലക്ഷ്യമാക്കുന്ന കാര്യം നമുക്ക് നേടാവുന്നതല്ല. എന്നാൽ അതിനുവേണ്ടി ചരിത്രത്തിനപ്പുറമുള്ള കാലം മുതൽ മഹത്തുക്കൾ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും അവരുടെ ജീവിതവും ഗ്രന്ഥങ്ങളും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. നമുക്കും ശ്രമിക്കുക. ഒരിക്കലും നേടാൻ കഴിഞ്ഞില്ലെന്നു വരാം. നിരന്തരമായ പരിശ്രമം തന്നെ നേട്ടം. എനിക്ക് 92 വയസ്സായെങ്കിലും ഇന്നു നാം ചെയ്ത മാതിരി ഒരു സംവാദത്തിൽ എന്റെ ജീവിതക്കാലത്ത് ഞാൻ കൂടിയിട്ടില്ല. അസാദ്ധ്യമെന്നു തോന്നാവുന്ന ഇക്കാര്യം സാധിക്കുന്നതിനു വേണ്ടി എന്റെ ശിഷ്ട ജീവിതത്തിൽ ഞാൻ ആവുന്നതു ചെയ്യാം.”

സമീപനം അടിസ്ഥാനപരമാകണം

ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകർ ഇന്നും ഉണ്ട്. എന്തു കൊണ്ട് പ്രശ്നങ്ങൾ പെരുകി വരുന്നു? ഞാൻ കാണുന്ന കാരണം പറയട്ടെ. ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. മദ്യനിരോധനത്തിനു വേണ്ടി പീഡനങ്ങൾ സഹിക്കുകയും ജയിൽവാസം വരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ നിലപാട് അടിസ്ഥാനപരമാണെന്നു കരുതുന്നു. എന്നാൽ ലോകമാകെ ലഹരിമുക്തമായാലും ലോകജീവിതം ആനന്ദമാകണമെന്നില്ല എന്നൊരു സത്യമില്ലേ. ജീവിതത്തിൽ ഒരു തവണ പോലും മദ്യം കഴിച്ചിട്ടില്ലാത്ത എത്രയോ സാമൂഹ്യവിരുദ്ധർ നമ്മുടെ കൂട്ടത്തിലില്ലേ. മദ്യനിരോധന പ്രവർത്തനങ്ങളോടു പോലും അക്കൂട്ടർ പലരും സഹകരിക്കാറില്ലല്ലോ. ‘അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കുകയില്ല’. എത്രയോ മദ്യപാനികൾ പരോപകാരികളാണെന്ന് നമുക്കറിയാമല്ലോ. ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടതു തന്നെ. എന്നാൽ അതുകൊണ്ട് സംതൃപ്തരായിക്കൂടാ. കേരളാ ഗവണ്മെന്റ് പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി കേരളത്തിലെ നാടനും വിദേശിയുമായ എല്ലാ മദ്യശാലകളും അടച്ചു പൂട്ടിയാൽ അത് ശ്രേഷ്ഠമായ കാര്യമായിരിക്കും. എന്നാൽ അതിനു ശേഷം കേരളത്തിൽ സ്വസ്ഥജീവിതം സംഭവിക്കും എന്ന് കരുതാമോ? പണത്തിന്റെ പിന്നാലെ ഉള്ള ഭ്രാന്തമായ ഓട്ടം നിർത്തുമോ? പണവും അധികാരവും നേടാൻ എന്തും ചെയ്യില്ലേ. അതിനുള്ള മാർഗ്ഗം തേടി മദ്യവ്യവസായത്തിലേക്കു രഹസ്യ മാർഗ്ഗങ്ങൾ വീണ്ടും തുറക്കപ്പെടില്ലേ. അപ്പോൾ ഇന്നത്തെ മദ്യനിരോധന പ്രവർത്തകനു നിയമം ശക്തമായി നടപ്പാക്കുവാനുള്ള പ്രക്ഷോഭണങ്ങൾക്കു നേതൃത്വം കൊടുക്കേണ്ടി വരും. ഇന്നുള്ള നിയമങ്ങൾ തന്നെ സർക്കാർ നടപ്പാക്കാറില്ല. കൂട്ടത്തിൽ മദ്യനിരോധന നിയമം നടപ്പാക്കുവാനുമുള്ള സമരം കൂടി ചേർക്കേണ്ടി വരും. ഞാൻ വ്യക്തമാക്കാൻ ശ്രമിക്കുന്നതു മദ്യനിരോധന പ്രവർത്തകർ ആ പ്രവർത്തനം കൊണ്ടു തൃപ്തിപ്പെട്ടുകൂടെന്നാണു്. എന്തുകൊണ്ടെന്നാൽ അതു അടിസ്ഥാന തലത്തിൽ നിന്നു തുടങ്ങുന്നതല്ല. അതിനും താഴെയുള്ള തലങ്ങളിൽ തുടങ്ങേണ്ടതുണ്ടു്. ലഹരി ഒരു പ്രശ്നമേ ആകുന്നുള്ളു.

ഇതുപോലെ ചെറുത്തു നിൽപ്പുകൾ നോക്കാം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നാം സമര മുഖങ്ങൾ സർവ്വത്ര തുറക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം. കൃഷി, ഭരണ സംവിധാനം, കൈക്കൂലി, നിരവധി രംഗങ്ങളിൽ സമരം നടത്തും. സർക്കാരിനെ മാറ്റി പുതിയ ഗവണ്മെന്റിനെ പ്രതിഷ്ഠിക്കാനുള്ള സമരവും നിരന്തരം നടക്കുകയാണല്ലോ. ഇന്നത്തെ ഗവണ്മെന്റ് മാറി പുതിയ സർക്കാർ വന്നാൽ നവസമൂഹ രചന സംഭവിക്കാൻ പോകുന്നില്ലെന്നു എല്ലാവർക്കും അറിയാമല്ലോ. ഇതിനകം എത്ര എത്ര സമരങ്ങൾ ഒത്തുതീർത്തു സമാപിപ്പിച്ചു. ജീവിതത്തിൽ സുരക്ഷിതത്വമോ സന്തോഷമോ ലഭിച്ചുവോ? ഭാരതം നയിച്ച സമരങ്ങളിൽ ഏറ്റവും വ്യാപകമായി നടന്ന സ്വാതന്ത്ര്യ സമരത്തിൽ സർവ്വവും സമർപ്പിച്ചു പോരാടിയവരിൽ ചിലരെങ്കിലും നമ്മുടെ ഇടയിൽ ഇന്നും ജീവിച്ചിരിപ്പുണ്ടു. അവർ സംതൃപ്തരാണോ എന്നു ചോദിച്ചു നോക്കു. ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഇൻഡ്യയെ അദ്ദേഹം ഇഷ്ടപ്പെടുമായിരുന്നുവോ? നാം ഇന്നു ഏർപ്പെട്ടിട്ടുള്ള സമര മുഖങ്ങളിലെല്ലാം നാം വിജയിച്ചാലും ഭരണകൂടം തന്നെ മാറ്റിമറിച്ചു സമരക്കാരുടെ കയ്യിൽ വന്നാലും നാം ആഗ്രഹിക്കുന്ന സംഭവം ഉണ്ടാവാനിടയില്ല എന്നാണ് എന്റെ തോന്നൽ. ഞാൻ കാണുന്ന കാരണം പറയാം. നമ്മുടെ സമീപനം അടിസ്ഥാന തലത്തിൽ നിന്നു തുടങ്ങുന്നില്ലെന്നതു തന്നെ. ദാരിദ്ര നിർമ്മാർജനം അടിസ്ഥാന പ്രവർത്തനമല്ലെന്നാണെന്റെ വിചാരം. സമ്പൂർണ്ണ രോഗമുക്തി വന്ന് ആശുപത്രികളെല്ലാം ഒഴിഞ്ഞാലും ആരോഗ്യപ്രദമായ സമൂഹജീവിതം സംഭവിക്കണമെന്നില്ല. ആരോഗ്യവത്തായ ഒരു സമൂഹത്തിൽ നിന്നല്ലേ നാം ഈ പതനത്തിൽ എത്തിച്ചേർന്നത്.

ഞാൻ പറയുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമോ? നാം എത്രയോ കാലമായി ഉറപ്പായി ധരിച്ചിരിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ പുതിയ വിചാരങ്ങളെ വ്യാഖ്യാനിക്കാൻ നമുക്ക് കഴിയാതെ വരാം. നം ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്നത് പഴയ അടിത്തറയിൽ പുതിയ വിത്തുകൾ മുളപ്പിച്ചെടുക്കാനല്ല. ഈ അടിത്തറകൾ തന്നെ ഇളക്കാനാണ്. അതുകൊണ്ട് സംശയം ഉണ്ടാകുന്നത് നല്ലതാണ്. ആവശ്യമാണ്. ഭൂമിയിലുള്ള എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപാ വീതം നൽകാൻ ഐക്യരാഷ്ട്രസഭ ഒരു തീരുമാനമെടുത്ത് നടപ്പാക്കി എല്ലാവർക്കും തൊഴിൽ നൽകിയാലും കുരുക്ക് അഴിയില്ല. തൊഴിൽ, ആരോഗ്യം, സമൃദ്ധി, സാക്ഷരത, ലഹരിമുക്തി, ജനസംഖ്യാ നിയന്ത്രണം തുടങ്ങി അടിസ്ഥാനപരമെന്ന് നാം കരുതുന്ന പലതിനും താഴെ നിന്നാണ് യഥാർത്ഥ സമൂല പരിവർത്തന പ്രവർത്തനം തുടങ്ങേണ്ടത് എന്നാണെന്റെ വിചാരം. അത് നിങ്ങളെ ഒക്കെ അറിയിച്ച് അതിന്റെ ശരി തെറ്റുകൾ ചർച്ച ചെയ്യുവാനാണ് ഈ ലോക മഹാ സമ്മേളനം ഞാൻ വിളിച്ചുകൂട്ടിയത്.

മിത്രങ്ങളെ, പൂർണ്ണ നിശബ്ദതയോടെ നിങ്ങൾ ശ്രദ്ധിക്കുന്നുവെന്നു കാണുന്നത് എനിക്ക് പറയാൻ പ്രചോദനം നൽകുന്നു. പറയാൻ നാണം തോന്നുന്നതാണ് എനിക്ക് പറയാനുള്ളത്. ഞാൻ നിർദ്ദേശിക്കുന്ന അടിസ്ഥാനതല പ്രവർത്തനം ഏറെ ലളിതവും വിപ്ലവാത്മകത ഇല്ലാത്തതുമാണെന്ന് കരുതപ്പെടുമോ? എന്റെ ഉള്ളിൽ ഉറപ്പായി തോന്നുന്നതാണ് ഞാൻ വെളിപ്പെടുത്താൻ ശ്രമിക്കുന്നത്. നിങ്ങളിൽ സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉള്ളിൽ ഉറപ്പായ ചില ധാരണകൾ ഉണ്ടെന്ന് എനിക്കറിയാം. അതിന്റേയും താഴേയ്ക്ക് ഒന്ന് എത്തി നോക്കേണ്ടി വരും. എന്തിനു നോക്കണം. ഒന്നാമത്തെ കാര്യം നാമെല്ലാം സോഷ്യലിസം, കമ്മ്യൂണിസം, ജനാധിപത്യം, മതാധിപത്യം, ക്ഷേമരാഷ്ട്രം, ഈശ്വരവിശ്വാസം, സാർവ്വത്രിക വിദ്യാഭ്യാസം, ഹരിത വിപ്ലവം, ഒക്കെ നോക്കിയിട്ടും പ്രശ്നം കുരുങ്ങുകയല്ലാതെ പരിഹൃതമാവുന്നില്ലല്ലോ. ഇതുവരെ ഉള്ള അനുഭവം മാത്രം മതി പുതിയ അന്വേഷണം വേണമെന്നതിന്. ആരും തൃപ്തരല്ലാത്ത ഒരവസ്ഥ. എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇതു വീണ്ടുവിചാരം ആവശ്യപ്പെടുന്നു. അടിസ്ഥാനസ്പർശി ആകുന്നില്ല നമ്മുടെ ആത്മാർത്ഥ പരിശ്രമങ്ങൾ പോലും എന്നു കരുതേണ്ടി വരുന്നു. അസന്തുഷ്ടി സർവ്വവ്യാപകമായി വരുമ്പോൾ കാരണവും പരിഹാരവും അന്വേഷിച്ചേ മതിയാകൂ. എന്താ ആ അനുജൻ പറയുന്നത്. അഭിപ്രായ വ്യത്യാസമുണ്ടെന്നോ? വരൂ, വ്യക്തമാക്കൂ. ശരി. ഞാനത് സമ്മതിക്കുന്നു. ഏറെ ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ് ഈ കൊച്ചനുജൻ നമ്മുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നത്. എന്റെ പ്രസ്താവനയെ അനുജന് അംഗീകരിക്കാൻ കഴിയുന്നില്ല. ആരും തൃപ്തരല്ല എന്ന് എന്റെ വീക്ഷണമല്ല; ഈ യുവാവ് പുലർത്തുന്നത്. ഇന്നത്തെ പ്രശ്നം എല്ലാവരും തൃപ്തരാണ് എന്നതാണെന്ന് അനുജൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചുവല്ലോ.

അകാലസംതൃപ്തി

ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. അകാല സംതൃപ്തിയാണ് നമ്മെ അഭിമുഖീകരിക്കുന്ന കീറാമുട്ടി. വീട്ടില്‍ നിന്ന് പുറത്തേക്ക് വ്യക്തികള്‍ വരാതിരിക്കുന്നത് ഗൃഹജീവിതത്തില്‍ സുഖം കണ്ടെത്തുന്നതുകൊണ്ടല്ലേ. പലര്‍ക്കും ഭക്ഷണത്തിനുവേണ്ടതുണ്ട്. വീടുണ്ട്. ആണിനാണും പെണ്ണിന് പെണ്ണും കുഞ്ഞുങ്ങളും ഉണ്ട്. ഒരു കൊച്ചു കുട്ടി മതി വീട് ആനന്ദതുന്ദിലമാകാന്‍. നല്ലവീടും വാഹനങ്ങളും വിവിധ സുഖസാമഗ്രഹികളും കണ്ടെത്താന്‍ ആര്‍ക്കും കഴിയും എന്നബോധം ജനാധിപത്യവും സോഷ്യലിസവും നമുക്ക് തന്നിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അധികാരവും സമ്പത്തും നമ്മുടെ കയ്യിലും വരും. വീട്ടില്‍ സുഖമായി ജീവിക്കാന്‍ ഇന്ന് പറ്റുന്നില്ലെങ്കില്‍ നാളെ പറ്റും. ഗൃഹാനന്ദം അല്ലെങ്കില്‍ സ്വകാര്യാനന്ദം അത് ഇന് എല്ലാവരും ലക്ഷ്യം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുകയാണ്. ചെറുകുടിലിലാണങ്കിലും അതില്‍ പ്രതീക്ഷ പുലര്‍ത്തി ജീവിക്കുവാന്‍ നാം പരിശീലിച്ചുപോയിരിക്കുന്നു. അതായത് മറ്റുള്ളവരുമായി ചേര്‍ന്ന് ഒന്നിച്ച് പുരോഗമിക്കുന്നതാണ് യഥാര്‍ത്ഥ പുരോഗതി എന്ന ധാരണ സമൂഹമനസ്സിൽ ഇല്ല. ’എന്റെ പുരോഗതി എന്റെ സാമാര്‍ത്ഥ്യം കൊണ്ട്’ എന്നതാണ് ചിന്താശൈലി. അതുകൊണ്ട് അത് നേടുന്നതിനസുരിച്ച് ഓരോ വീടും സുഖാനുഭവത്തില്‍ വന്നുകൊണ്ടിരിക്കും. തറയിലിടാന്‍ ഒരു കസേര കിട്ടിയാല്‍ , ഒരു കട്ടില്‍ കിട്ടിയാല്‍ മതി ചിലര്‍ക്ക്. തെരുവുതിണ്ണയിലും തെരുവിലും സുഖമായി ഉറങ്ങുവാന്‍ മനുഷ്യന് കഴിയും. കഴിയുന്നുണ്ട്. അതുപേക്ഷിച്ച് സോഷ്യല്‍ വര്‍ക്ക് ചെയുവാന്‍ ആരും വരില്ല. ഇപ്പോള്‍ തന്നെ സുഖമായിരിക്കെ എന്തിന്? ഇതാണ് ബഹുജന വീക്ഷണം. “അവര്‍ക്ക് വേറെ പണി ഒന്നുമില്ല” എന്നൊരു കമന്റും.

ഗൃഹജീവിയാണ് മനുഷ്യർ. അതിലെ സുഖം വര്‍ദ്ധിക്കുന്നതിന് സഹായമായതിലെല്ലാം അവര്‍ സോത്സാഹം വരും. തന്റെ വീട് സമുഹ മദ്ധ്യത്തില്‍ കഴിയുന്നത്ര കൂടുതല്‍ അംഗീകരിക്കപ്പെടുന്നതിനുവേണ്ടി വീട് പണയപ്പെടുത്താനും തയ്യാറാകും. ഇതുകൊണ്ടാണ് ജനങ്ങളെ ആകര്‍ഷിക്കുവാന്‍ കലാപരിപാടികള്‍ വയ്ക്കുന്നത്. ആ സമ്മേളം എന്തിനുവേണ്ടിയാണ് നടത്തിയതെന്ന് പോലും തിരക്കാതെ കാഴ്ചകള്‍ കണ്ടും രസിച്ചും ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നു. ആരാധനാലയങ്ങളിലും ഇങ്ങനെ തന്നെ വന്നുപോകുന്നു. മതവും, സമുദായവും, രാഷ്ട്രീയവും എല്ലാം വീട്ടിലെ സുഖം വര്‍ദ്ധിപ്പിക്കുവാനായിപ്പോയി. കണ്ടതും കേട്ടതും കിട്ടിയും എല്ലാംകൊണ്ട് വീട്ടില്‍ ചേക്കേറാനാണ് നമുക്ക് കൗതുകം.

അനുജാ, നീ ചൂണ്ടിക്കാണിച്ചുതന്ന ഈ സത്യപ്രസ്താവനയോട് അപ്പൂപ്പന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. നീ ഒരിക്കല്‍ കൂടി ഈ വേദിയിലേക്ക് വരണം. ഈ ഗൃഹനിഷ്ഠാ താല്‍പര്യത്തില്‍ നിന്ന് നമുക്ക് മോചനം വേണ്ടെ? അതോ ഇതുതന്നെ തുടര്‍ന്നാല്‍ മതിയോ. നിന്റെ അഭിപ്രായം പറയൂ. ഞങ്ങൾ എല്ലാവരും അതുകേൾക്കാൻ ആഗ്രഹിക്കുന്നു. ശരി. വരൂ.

‘സ്വന്തം വീടിനേയും സ്വകാര്യ താല്പര്യങ്ങളും ചുറ്റി സാനന്ദം ജീവിക്കുന്ന മനുഷ്യന്‍ മരിച്ചാലും ആ പിടിവിടില്ല’ എന്നാണല്ലേ അനുജന്റെ അഭിപ്രായം. സകല ശ്രമവും ഇവിടെ മുട്ടി നിഷ്ഫലമാകും. കേള്‍ക്കാനേ കൂട്ടാക്കാത്തവരോട് എന്തു സമീപനമാണ് സ്വീകരിക്കുക. നമുക്ക് സമീപിക്കുവാനേ തോന്നുകയില്ല. ഇത്തരക്കാര്‍ കൂടിവരുന്ന ഇക്കാലത്ത് പുത്തന്‍ സമൂഹം ചില മനസ്സുകളില്‍ സ്വപ്നമായി വിടര്‍ന്ന് കരിയുമെന്നല്ലാതെ ലോകത്ത് നടപ്പാകുക ഇല്ല എന്ന് അനുജന്‍ തീര്‍ത്ത് പറഞ്ഞുവല്ലോ.

എന്തുകൊണ്ട് നാമിങ്ങനെ നമ്മെ തന്നെ കെട്ടിപുണര്‍ന്ന് കഴിയുന്നു എന്നന്വേഷിക്കേണ്ടേ. വളരെപ്പേരും വീട്ടിലേക്ക് വലിയുമ്പോഴും നാം ഇത്രവളരെപ്പേര്‍ ഇവിടെകൂടിയല്ലോ. അപകടം മനസ്സിലാക്കുന്നവരുടെ എണ്ണംകൂടി വരുന്നുണ്ടെന്നര്‍ത്ഥം. ഇവിടെ ഒരിക്കല്‍ ഒരില്ലത്തിന് തീപിടിച്ചു. വെളുപ്പാന്‍ കാലം. എല്ലാവരും പുറത്തുചാടി. ആളുകൂടി. കെടുത്താന്‍ കഴിയാത്ത ആളിപ്പടരുന്ന തീ കണ്ട് തളര്‍ന്ന അമ്മ വാവിട്ട് കരഞ്ഞുകൊണ്ട് “എന്റെ ഉണ്ണി അറപ്പുരയിലാണേ” എന്നു വിളിച്ചുകൂവി ഉള്ളില്‍ കടക്കുവാന്‍ വഴിനോക്കി അലമുറ ഇട്ടു. സാഹസികമായ രണ്ടുപേര്‍ അറപ്പുരയില്‍ കടന്ന് പയ്യനെ പുറത്തുകൊൻടു‌വന്ന് വെള്ളത്തിലിട്ടു. ഉണ്ണിക്ക് ബോധം തെളിഞ്ഞു. പൊള്ളലേറ്റില്ല. ഇല്ലം വെന്തുപോയെങ്കിലും ആര്‍ക്കും ജീവാപായം സംഭവിച്ചില്ല. ഉണ്ണിയോട് നീ എന്തുകൊണ്ട് ഓടിപോന്നില്ല എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഉത്തരം നമ്മുടെ പ്രശ്നത്തിന്റെ സ്വഭാവം വ്യക്തമാക്കും. ഉണ്ണിപറഞ്ഞു: “വെളുപ്പിന് ഞാനുണര്‍ന്നപ്പോള്‍ എനിക്ക് ചൂട് തോന്നിച്ചു. സുഖ ചൂടായിരുന്നതിനാല്‍ ഞാന്‍ ചുരുണ്ട് പുതച്ച് കിടന്നു.” ഈ ഉണ്ണിയുടെ മാതിരി തെറ്റിദ്ധാരണയില്‍ കുരുങ്ങി ഗൃഹജീവി ആയി തന്നെമരിക്കാന്‍ നിശ്ചയിച്ച മനുഷ്യനുവേണ്ടി അപകടം മനസ്സിലാക്കിയവര്‍ എന്തെങ്കിലും ചെയ്യേണ്ടേ. ഉണര്‍ന്ന് പുറത്തുവന്ന് ഇവരും കൂടി ചേര്‍ന്നുവെണം തീ കെടുത്തുവാനും. അല്ലെങ്കില്‍ നമ്മെ എല്ലാം അഗ്നി വിഴുങ്ങും. തിരിച്ചറിഞ്ഞവരുടെ രക്ഷക്ക് തിരിച്ചറിവ് മാത്രം പോരാ; ഉറങ്ങിക്കിടക്കുന്നവരും വേണം. പാടത്ത് മഴ വീഴുന്നതുകണ്ട് വിളിച്ചുകൂവുന്ന മനുഷ്യന് മഴ തടയാന്‍ കഴിയില്ല. വളരെപ്പേര്‍ മുന്നോട്ട് വരണം. ആരും വരുന്നില്ലെങ്കില്‍ പാടം അപ്പാടെ മുങ്ങിപ്പോകും. ആ നിലയ്ക്ക് അറിഞ്ഞവരുടെ ബാദ്ധ്യത അറിയാത്തവരെ അറിയിക്കുകതന്നെയാണ്. തീരെ ശ്രദ്ധിക്കാത്തവരെ തല്ക്കാലം വിട്ടിട്ട് പുതിയ ആളുകളെ സമീപിക്കണം. നിരാശപ്പെട്ട് പിന്‍വാങ്ങുന്നവരേക്കാള്‍ ഭേദം അറിയാതിരിക്കുക ആയിരുന്നു. നിരാശ കൂടാതെ വിഡ്ഢി ആയി മരിക്കാമല്ലോ. അറിയിച്ചുകൊണ്ടേ മരിക്കുക. ഒന്നും സംഭവിച്ചില്ലെങ്കില്‍ വേണ്ട. സ്വകാര്യമാത്ര വീക്ഷണത്തില്‍ നിന്ന് അന്യോന്യതയിലേക്ക് വരാനുള്ള പ്രചോദനം സ്വജീവിതം കൊണ്ടും വാക്കുകൊണ്ടും നാം തുടര്‍ന്നുകൊണ്ടേ ഇരിക്കണം. സാവധാനം ഉണരുന്നവരുടെ എണ്ണം കൂടി വരും എന്ന് പ്രതീക്ഷിക്കാം.

വ്യത്യസ്താഭിപ്രായങ്ങള്‍ ധാരാളമുണ്ടാകാവുന്ന ഒരു വിഷയമാണ് നവസമുഹ ജീവിതാവിഷ്കാരം. വെറും ചര്‍ച്ചയോ സംവാദമോ അല്ല ജീവിതമാണ് നമ്മുടെ ലക്ഷ്യം. നമുക്കിനി നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ കുറിക്കാം. കുറിക്കുമ്പോള്‍ വ്യക്തത വരും. കുറിക്കുന്നവ ഇവിടെ തരിക. ഞാനത് വായിക്കാം. എല്ലാവരും അതേപ്പറ്റി ചിന്തിക്കണം. അവരവരുടെ ഭാഷയില്‍ കുറിച്ചുകൊള്ളൂ. ഞാന്‍ ഓരോന്നിനെപ്പറ്റിയും എന്റേതായ വിചാരം പറയാം. ചോദ്യങ്ങള്‍ എല്ലാം വരട്ടെ. വരുന്ന മുറയ്ക്ക് നമ്പരിട്ട് നമുക്ക് ഒന്നൊന്നായി വായിച്ച് ചിന്തിക്കാം. എഴുതിയവര്‍ തരൂ. ആദ്യം കിട്ടിയതു വായിക്കട്ടെ.