close
Sayahna Sayahna
Search

Difference between revisions of "പുകയുന്നവ"


(Created page with "__NOTITLE____NOTOC__← രഞ്ജിത് കണ്ണൻകാട്ടിൽ {{SFN/Kintsugi}}{{SFN/KintsugiBox}} ==പുകയുന്ന...")
 
(No difference)

Revision as of 06:25, 7 November 2016

രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പുകയുന്നവ

പുകവലിയ്ക്കാനുള്ള ലഹരി
ഒരു മുറിവ് പോലെയാണ്.
ചുണ്ടുകളിൽനിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്.

അതിലെല്ലാം,
ചോരയൊപ്പുന്നകണക്കെ
ഉമിനീരൊപ്പി ഒരു സിഗരറ്റുകുറ്റി.

ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെ
പ്രസവത്തിനു തൊട്ടു മുൻപെന്നോണം,
ഉമിനീരൊപ്പിക്കനം വച്ച വായറ്റം
നിരത്തുവക്കിൽ എരിഞ്ഞുപുളയുന്നു,
ഏതോ കനത്ത കാലടിയിൽ നുഴഞ്ഞ് കയറി
ചളിയിലേക്കാഴ്ന്ന് ശ്വാസം മുട്ടി മരിയ്ക്കുന്നു.
കെട്ട തീയും പെണ്ണും.

ചില്ലുകൊട്ടാരത്തിൽനിന്ന് ചുടലപ്പറമ്പിലെത്താൻ
നാലുവിരൽ ദൂരത്തിൽ എരിഞ്ഞുതീർന്നാൽ മതി.
നാലുനിമിഷം മതി.

ഇവിടെയും രണ്ടു പക്ഷമുണ്ട്,
കത്തിയുയരുന്ന പുകക്കാഴ്ചയിൽ കണ്ണു തിരിയാത്തവർ,
ഉള്ളിലെ പുകമറവുകൾ
അന്നനാളത്തിലൂടെ ഊറ്റിയെടുത്ത്
ഊതിപ്പറത്തുന്നവർ.
ഉരഞ്ഞ തൊണ്ടയുടെ ഗാംഭീര്യം,
ആഢ്യ(?)നിശ്വാസത്തിന്റെ കിതപ്പ്.

മെലിഞ്ഞുണങ്ങി കറുത്തുതിങ്ങിയ ചുണ്ടിൽനിന്നും
ചുമച്ചുതുപ്പിയൊരു കാജാ ബീഡി,
ലജ്ജയോടെ തലതാഴ്ത്തി.
പച്ചനൂലരക്കെട്ടിന്റെ ചന്തമഴിച്ച്
ഇലയും പുകയും മൊഴി ചൊല്ലി.

കൈകൂട്ടിത്തിരുമ്മുന്ന പോലെ,
കടത്തിണ്ണയിൽ ഇലച്ചുരുളിന്റെ നേർത്ത കിരുകിരുപ്പ്,
കത്രികയുടെ കടകട ശബ്ദം, കാതിനിരുപുറം ബാക്കി.

ഉണങ്ങിയ ഓർമ്മകളെ വെട്ടിനുറുക്കി
തിരക്കിന്റെ മുറത്തിലിട്ടു വെരുകി,
വിളറിയ കടലാസിലോ,
സ്വർണ്ണനിറമുള്ള ഇലയിലോ പൊതിഞ്ഞ്
ചെമ്പട്ടുനൂലിന്നരപ്പട്ട കെട്ടി അഗ്നിശുദ്ധി ചെയ്യണം.
പുകവലിയ്ക്കുന്ന ലാഘവത്തോടെ,
ലഹരിശമനത്തിന്റെ സംതൃപ്തിയോടെ…