close
Sayahna Sayahna
Search

Difference between revisions of "ധർമ്മരാജാ-07"

m (Rahul.ts moved page ധർമ്മരാജാ-7 to ധർമ്മരാജാ-07: For automatic sorting.)
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[ധർമ്മരാജാ]]
 
__NOTITLE____NOTOC__←  [[ധർമ്മരാജാ]]
 
{{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം ഏഴു്}}
 
 +
{{epigraph|
 +
: “പാരപ്പെട്ടമരത്തിലിരുന്തല്ലൊ
 +
: പല്ലി വന്തു് വലംതോളിലെ വീഴ-
 +
: തൊട്ടതൊട്ട കുറിപലം പൊല്ലാതെ
 +
: തോകയർതാനും മാഴ്കുതെ, …”
 +
}}
  
 +
{{Dropinitial|കൈ|font-size=3.5em|margin-bottom=-.5em}}ലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്കു് ചന്ദ്രഹാസഖഡ്ഗം വിശ്രവസ്സിന്റെ ദ്വിതീയപുത്രനു സംഭാവനയായി കിട്ടി. ആ വീരാഗ്രഗണ്യന്റെ ആത്മഹത്യാശ്രമം അക്ഷയദശകണ്ഠത്വം കൊണ്ടു് അനുഗ്രഹിക്കപ്പെട്ടു. ഇങ്ങനെ ക്രിയയ്ക്കും ഫലത്തിനും തമ്മിലുള്ള വിരുദ്ധതകൊണ്ടു് ദൈവജ്ഞാധീനന്മാരല്ലാത്ത ഒരുകൂട്ടം പരാക്രമികൾ ലോകത്തിൽ വിജയിക്കുന്നുണ്ടെന്നു് മനുഷ്യാനുഭവത്തിൽ കാണപ്പെടുന്നു. ഈ വക ജേതാക്കളുടെ മണ്ഡലത്തിൽ ഒരു സ്ഥാനത്തിനു് നമ്മുടെ ചന്ത്രക്കാറനും അവകാശമുണ്ടായിരുന്നു. തന്റെ സങ്കല്പമാത്രം കൊണ്ടു് സ്ഥലകാലദൂരതകളെ വിച്ഛേദിക്കാൻ മതിയാകുമായിരുന്ന അധികാരബലം അദ്ദേഹത്തിനും അധീനമായിരുന്നു. എങ്കിലും, ചില ഒരുക്കങ്ങൾ ചെയ്‌വാനും മഴയും മഞ്ഞും മാറിയുള്ള അവസരത്തെ പ്രതീക്ഷിച്ചും, ഹരിപഞ്ചാനനസൽക്കാര മഹോത്സവത്തെ ഫാൽഗുനമാസത്തേക്കു മാറ്റിവച്ചു. ആ യോഗീശ്വരനുമായുണ്ടായ സന്ദർശനം കഴിഞ്ഞു് മടങ്ങിയതിന്റെശേഷം ചന്ത്രക്കാറന്റെ ഭാവത്തിനു വളരെ പകർച്ചയുണ്ടായി. ജീവലോകസഹജമായുള്ള അവസ്ഥാത്രയത്തിലും അദ്ദേഹം തന്റെ ദളവാപീഠത്തെ മനോഭ്യസനം ചെയ്തു. ഉദ്യോഗസ്ഥപ്രധാനന്മാർ അനുഷ്ഠിക്കുന്നതായി കണ്ടിട്ടുള്ള ഉദയസ്നാനാദിദിനചര്യാക്രമങ്ങളേയും വസ്ത്രധാരണസമ്പ്രദായങ്ങളേയും കൈക്കൊണ്ടുതുടങ്ങി. അരാജസങ്ങളായ ‘അമ്മണാ’ദി ശബ്ദങ്ങളെ ഉപേക്ഷിച്ചു്,  രാജസഭാമാന്യമായുള്ള ‘അനിയാ’ദി സംസ്കൃതസംബന്ധികളായ പദങ്ങളെ സ്വീകരിച്ചു്, സംഭാഷണരീതിയേയും ഒന്നു നവീകരിച്ചു. അദ്ദേഹത്തിന്റെ പരിചിതവർഗ്ഗത്തിനു് നിർഭരമായ ആശ്ചര്യത്തെ ഉണ്ടാക്കുമാറു് ഭാര്യാപുത്രാദികളേയും പ്രഭുകുടുംബാംഗങ്ങളായി പെരുമാറുന്നതിനു് അവരെ ഉചിതകളാക്കിത്തീർപ്പാൻ തക്കവണ്ണം പരിഷ്കൃതരീതിയിലുള്ള ദിനചര്യാപാഠപദ്ധതികളെ അദ്ധ്യയനം ചെയ്യിച്ചു. രാജ്യഭാരനായകത്വത്തെ വഹിക്കുന്നതിനു് ഒരു ചൊല്ലിയാട്ടമായി സങ്കല്പിച്ചു്, ഹരിപഞ്ചനാനസൽക്കാരത്തെ ആത്മജീവസർവ്വസ്വദാനത്താലും നിർവഹിപ്പാൻ ചന്ത്രക്കാറൻ ബദ്ധകങ്കണനും ആയി. മുതലെടുപ്പിനെ സർവ്വഥാ പോഷിപ്പിച്ചും ചെലവുഭാഗത്തെ പൂജ്യമായി ശോഷിപ്പിച്ചും നടത്തേണ്ട ജഗജ്ജയമനനത്തെ ഹൃദിസ്ഥിതമാക്കീട്ടുള്ള ചന്ത്രക്കാറമനീഷിക്കു്, ഈ പരീക്ഷ വൃഥാശ്രമമായിരുന്നു. ത്രിമൂർത്തികൾ തന്നെ പ്രത്യക്ഷരായി ശാശ്വതസായൂജ്യമോ അല്പകാലദളവാപദമോ വേണ്ടതെന്നു് ചന്ത്രക്കാറനോടു ചോദ്യം ചെയ്തിരുന്നാൽ, ആ ഉദ്യോഗത്തിന്റെ മുദ്രാംഗുലീയവും ഖഡ്ഗവും ധരിപ്പാനുള്ള സൗഭാഗ്യം നൊടിയിടനേരത്തേക്കെങ്കിലും നല്കി അനുഗ്രഹിച്ചാൽ മതിയാകുമെന്നു് നിസ്സംശയമായി അദ്ദേഹം പ്രാർത്ഥിച്ചുപോകുമായിരുന്നു. ഈവിധം മന്ത്രിസ്ഥാനതൃഷ്ണയാൽ എരിപൊരിക്കൊള്ളുന്ന ചന്ത്രക്കാറൻ യോഗീശ്വരാഗനമഹോത്സവത്തെ, ‘ഇരയിട്ടാലെ മീൻ പിടിക്കാവൂ’ എന്നുള്ള ദാശപ്രമാണത്തെ ആസ്പദമാക്കി, അത്യാഡംബരത്തോടുകൂടിത്തന്നെ ആഘോഷിക്കാൻ സന്നദ്ധനായി.
 +
 +
യോഗീശ്വരന്റെ എതിരേല്പിനു് ചിലമ്പിനേത്തുഭവനത്തിൽ നിന്നു് കാൽ കാതം അകലത്തുള്ള ഒരു ജലാശയത്തിന്റെ തീരത്തിൽ അദ്ദേഹത്തിനു് രാത്രി പള്ളിയുറക്കത്തിനും തേവാരത്തിനും വേണ്ടപുരകൾ മുതലായതും, ആ സ്ഥലംമുതൽ ഭവനംവരെ അവിടവിടെ തോരണങ്ങൾകൊണ്ടു് അലങ്കരിക്കപ്പെട്ട ഒരു വിസ്തൃതമായ നിരത്തും, ഭവനപ്പടിക്കൽ ഗംഭീരമായ മകരതോരണവും, ഭവനവിളപ്പിനകത്തു് സൽക്കാരത്തിനും സദ്യയ്ക്കും വിതാനിക്കപ്പെട്ട നെടുമ്പുരകളും ചന്ത്രക്കാറപ്രഭുവിന്റെ വട്ടക്കണ്ണുകൾ ഒന്നടച്ചുതുറന്നതുകൊണ്ടുമാത്രം പണിതീർന്നു. അലങ്കാരാവശ്യങ്ങൾക്കായി, വാഴക്കുല, കുരുത്തോല, കമുകിൻപൂക്കുല എന്നിവ ദാരിദ്ര്യംകൂടാതെ ശേഖരിക്കപ്പെട്ടിരുന്നതിന്റെ ഫലമായി സമീപവാസികളുടെ ഗൃഹങ്ങളിൽ കുറച്ചുകാലത്തേക്കു് ദാരിദ്ര്യേശ്വരീപ്രതിഷ്ഠാപനവും നിർവ്വഹിക്കപ്പെട്ടു – അതാരറിഞ്ഞു? – ചിലമ്പിനേത്തുഭവനത്തിൽ സംഭരിക്കപ്പെട്ട സസ്യാദിവിഭവങ്ങൾക്കും, ആ ഭവനത്തിലെ അറകളിൽനിന്നും പുറത്തിറക്കപ്പെട്ട പൊൻ, വെള്ളി, വെങ്കലപാത്രങ്ങൾക്കും, ചന്ത്രക്കാറനെ സഹായിപ്പാൻ കൂടിയ പുരുഷാരത്തിനും കണക്കില്ലായിരുന്നു. എന്നാൽ യോഗീശ്വരന്റെ ഭിക്ഷയ്ക്കു് അരിയും, കായ്കറിക്കോപ്പുകളും തൈരും വിറകും മുളകും മറ്റും ഇനത്തിമ്പടി ഇത്രവീതമെന്നും, ഇന്നതിന്നതു് ഭരിപ്പാൻ ഇന്നാരിന്നാരെന്നും കാണിച്ചും, അടക്കിബ്ഭരിപ്പാൻ പേർ ചാർത്താതേയും വിവരമായും നിഷ്കർഷാവാചകങ്ങളോടുകൂടിയും ഒരു വരിയോല ഉമ്മിണിപ്പിള്ള തയാറാക്കിയതു് “അടക്കിപരിപ്പും പഴവും നീതന്നളിയാ” എന്നുള്ള അഭിപ്രായസമന്വിതം ചന്ത്രക്കാറനാൽ അനുവദിക്കപ്പെട്ടു. മാമാവെങ്കിടൻ മന്ത്രക്കൂടത്തു് സംഘത്തിൽവച്ചും മീനാക്ഷീപരിണയത്തിനു് വരനിശ്ചയം ചെയ്തുകൊണ്ടിരുന്ന മുഹൂർത്തത്തിൽ, ചിലമ്പിനേത്തു് ഭവനത്തിനകത്തു് നടന്നുകൊണ്ടിരുന്ന കോലാഹലം അവർണ്ണനീയമായിരുന്നു. തൻകര, അയൽക്കരകളുൾപ്പെട്ട എല്ലാ കരകളിലെ നാഥന്മാരും, ആശാന്മാരും കുറുപ്പന്മാരും – എന്നല്ല, എളിമപ്പെട്ടവരും പലവക തൊഴിലന്മാരും —ഇങ്ങനെ പല പടിക്കാരായി കൂടിയ ശ്രമക്കാരിൽ “പാർത്ഥന്റെ അമ്പുകൊള്ളാതെയില്ലാരും കുരുക്കളിൽ” എന്നു് പറയപ്പെട്ടതുപോലെ, ചന്ത്രക്കാറന്റെ ഹസ്തഗദാഗ്രപതനം ഏൽക്കാതെ ആരും തന്നെ ശേഷിച്ചില്ല.
 +
 +
അർദ്ധരാത്രി അടുത്തപ്പോൾ ചന്ത്രക്കാറന്റെ പ്രതിനിധിയായി ഉമ്മിണിപ്പിള്ളയും ഏതാനും കരക്കാരും യോഗീശ്വരനെ എതിരേല്പാനായി മുൻപറഞ്ഞ കുളക്കരയിൽ ഹാജരായി. അതുവരെ നിർമ്മലനീലിമയോടു് പ്രകാശിച്ചിരുന്ന ആകാശപ്പന്തൽ പശ്ചിമസമുദ്രത്തിൽനിന്നു് ഉത്ഥിതങ്ങളായ മേഘപീതാംബരഖണ്ഡങ്ങൾക്കൊണ്ടു് സവിശേഷം വിതാനിക്കപ്പെടുന്നു. തങ്ങളുടെ അധോഭൂവിൽ നടക്കുന്ന വിക്രിയകളുടെ പ്രകൃതത്തേയും പരിണാമത്തേയും അറിവാനായി നക്ഷത്രവൃന്ദത്താൽ നിയോഗിക്കപ്പെട്ട ചാരന്മരെന്നപോലെ ചില രൂക്ഷവിദ്യുത്തുകൾ ആ മേഘങ്ങൾക്കിടയിൽക്കൂടി ഇടയ്ക്കിടെ എത്തിനോക്കി മറയുന്നു. ‘നക്ഷത്ര’ പ്രമാണന്മാരായ കഴക്കൂട്ടവാസികളാൽ ആരാധിതനായ ഒരു മഹാന്റെ ആഗമനസന്ദർഭത്തിൽ നക്ഷത്രേശനായ താൻകൂടി ആകാശമദ്ധ്യത്തിൽ നിലകൊള്ളുന്നതു് അനുചിതമെന്നു് കരുതിയോ, മദ്ധ്യാകാശഗതനായ ചന്ദ്രൻ പടിഞ്ഞാറോട്ടുമാറി മേഘമേൽക്കട്ടിക്കിടയിൽ മറയുന്നു. മേഘശകലങ്ങളിൽ ചിലതു് കാർഷ്ണ്യത്തെ അവലംബിച്ചു. ചന്ദ്രികാപ്രകാശം ക്ഷയിച്ചപ്പോൾ, നിശാചാരിത്രധ്വംസകന്മാരായ കാകന്മാർ കർണ്ണാരുന്തുദങ്ങളായ സംക്രന്ദനങ്ങൾകൊണ്ടു് തങ്ങളുടെ പ്രേമഗീതത്തെ വിസ്തരിച്ചു് തുടങ്ങി. ഈ അധർമ്മവൃത്തിയെ ശാസിക്കുന്നതിനെന്നപോലെ കിഴക്കുള്ള കുന്നുകളുടെ മുകളിൽ ധർമ്മസംരക്ഷകനായ പാകാരിയുടെ ഖഡ്ഗം ഇളകി പ്രകാശിച്ചു. ആകാശമുഖത്തിന്റെ കറുത്ത ഭാവങ്ങളും അകാലകാകധ്വനിയും ഉമ്മിണിപ്പിള്ളപ്രഭൃതികളെ അപശകുനശങ്കാവേശംകൊണ്ടു് വലയ്ക്കുന്നതിനിടയിൽ, ദൂരത്തുനിന്നു് മൃദുലമായ മേനാമൂളലുകൾ കേൾക്കുമാറായി. ചന്ത്രക്കാറന്റെ പരിചാരകന്മാർ ദീപയഷ്ടികളും കുറ്റിവിളക്കുകളും കൊടിവിളക്കുകളും ചൊക്കപ്പനകളും കത്തിച്ചു് ആ സന്ദർഭത്തെ അമംഗളമാക്കാൻ ശ്രമിച്ച നക്ഷത്രചന്ദ്രാദികളുടെ ദർപ്പത്തെ വിച്ഛേദനംചെയ്തു. ഗജമായന്മാരായ പോണ്ടന്മാരുടെ ചുമലിൽ വഹിക്കപ്പെടുന്ന മേനാവിൽ ആരോഹണംചെയ്തു് ഹരിപഞ്ചാനനസ്വാമികൾ, പല്ലക്കു്, കുട, തഴ, വെഞ്ചാമരാദിസ്ഥാനസാമഗ്രികളോടുകൂടി അവതീർണ്ണനായി. ആ വൃത്താന്തത്തെ അടയാളവെടികളായ വാർത്താവാഹകന്മാർ ചിലമ്പിനേത്തറിയിച്ചു.
 +
 +
നാലാം യാമത്തിന്റെ ആരംഭത്തിൽ യോഗീശ്വരൻ ഗംഗയെ ഉണർത്തി, പള്ളിനീരാട്ടുകഴിച്ചു് പള്ളിത്തേവാരത്തിനായി പൂജാമുറിയിൽ പ്രവേശിച്ചു. ആ മുറിക്കകത്തെ അതിനിശ്ശബ്ദത ഉമ്മിണിപ്പിള്ള മുതലായവരുടെ മനസ്സിൽ യോഗീശ്വരന്റെ ഉഭയസമാധിയെ ദർശനംചെയ്‌വാൻ ബലവത്തായ കൗതുകമുണ്ടാക്കി. അവർ വൃദ്ധസിദ്ധപ്രഭൃതികളായ ഗുരുപാദാനുചരന്മാരിൽനിന്നു് പ്രതിബന്ധമൊന്നുംകൂടാതെ പൂജാശാലയ്ക്കകത്തോട്ടു് നോക്കാൻ തുനിഞ്ഞു. ചെറിയ ഭഗവതീവിഗ്രഹം വച്ചലങ്കരിക്കപ്പെട്ടിരുന്ന സിംഹാസനവും, അതിന്റെ പുറകിൽ ചില സാമാനങ്ങളും മുമ്പിൽ ചില വസ്ത്രങ്ങളും പൂജാപാത്രങ്ങളും അല്ലാതെ മറ്റൊന്നും അവിടെ കാൺമാനില്ലായിരുന്നു. യോഗീശ്വരന്റെ ജഡജീവങ്ങൾ അവിടെ ആകാശഗമനംചെയ്തിരുന്നതിനാലായിരിക്കാം, അദ്ദേഹത്തിന്റെ സാന്നിദ്ധ്യദർശനം അവർക്കു് സാദ്ധ്യമായില്ല. ഉമ്മിണിപ്പിള്ള മുതലായവർ അവിവേകംമൂലം ചെയ്ത പരീക്ഷണത്തെപ്പറ്റി അത്യധികം അനുശോചിച്ചും; ആത്മനാ, അപരാധക്ഷമാപ്രാർത്ഥനകൾ ചെയ്തും, പുറത്തിറങ്ങി നിരുല്ലാസന്മാരായി ദ്വാരപാലവൃത്തിയെ അനുഷ്ഠിച്ചു.
 +
 +
മറ്റുകാലങ്ങളിൽ നിർജ്ജനമായുള്ള ആ പ്രദേശം ഒട്ടുകഴിഞ്ഞപ്പോൾ ജീവജാലനിബിഡമായും, സഞ്ചാരസ്ഥലമില്ലാതെ ശബ്ദഘോഷമുഖരിതമായും തീർന്നു. ചന്ത്രക്കാറന്റെ ഉത്സാഹവിലാസത്തോടുകൂടിയ ഗർജ്ജിതാജ്ഞകൾ സകല ചേഷ്ടകൾക്കും ധ്വനികൾക്കും ഉപരിയായി മുഴങ്ങിത്തുടങ്ങി. കളപ്രാക്കോട്ടയിൽ വൈഷ്ണവ ഹരിപഞ്ചാനനന്റെ തിരസ്കൃതിയെ സമാരാധനംചെയ്ത് സൂര്യകിരണങ്ങൾ തന്നെ കഴക്കൂട്ടത്തെ ജലാശയതീരത്തിൽ കാഷായാംബരധരനായ ശൈവഹരിപഞ്ചാനനന്റെ ആവിർഭാവത്തേയും സമാരാധനം ചെയ്തു. തൃശ്ശിവപേരൂർ, ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലെ പൂരപ്പൊടിപൂരത്തേയും ജയിച്ചു്, അണിവെടികൾ ഏകനിനാദമായിത്തീർന്നു്, പടിഞ്ഞാറു് സമുദ്രതരംഗനിരയിലും കിഴക്കു് പർവതശ്രേണിയിലും പ്രതിദ്ധ്വനിച്ചു. ബ്രഹ്മാണ്ഡകടാഹഭേദകമായുള്ള ആ ഭീഷണരവത്തേയും ജയിച്ചു്, “ജയശങ്കര! ജയഗോവിന്ദ! ജയജഗദംബികേ!” എന്നു് മാമാവെങ്കിടന്റെ പുറപ്പാടുകൊണ്ടു് പ്രേരിതന്മാരായി ഭക്ഷണപ്രതിഗ്രഹലോലുപന്മാരായി എത്തിയിരിക്കുന്ന ബ്രാഹ്മണർ കീർത്തിക്കുന്ന കോലാഹലവും, യോഗീശ്വരന്റെ സ്വന്തവും ചന്ത്രക്കാറനാൽ ഏർപ്പാടുചെയ്യപ്പെട്ടതുമായ നഗരാനാഗസ്വരാദിവാദ്യങ്ങളുടെ ഘോഷവും സാമാന്യജനങ്ങളുടെ ആർപ്പുവിളികളും പെണ്ണുങ്ങളുടെ മദമമത്സരത്തോടുകൂടിയ വായ്ക്കുരവകളും ചേർന്നു് യോഗീശ്വരഘോഷയാത്രാവൃത്താന്തത്തെ ഇന്ദ്രപദത്തിൽ എത്തിക്കുന്നു. മുകളിൽ ചപ്രവിതാനംകൂടാതെ പുഷ്പമാലകളും കസവുകുഞ്ചങ്ങളും കേസരങ്ങളുംകൊണ്ടു് അലങ്കരിക്കപ്പെട്ട ദണ്ഡത്തോടുകൂടിയ പല്ലക്കിൽ യോഗീശ്വരൻ ആരോഹണം ചെയ്യപ്പെട്ടു. വാഹകന്മാർ പല്ലക്കിനെ ഉയർത്തി, ബഹുശുഭ്രവസ്ത്രങ്ങൾകൊണ്ടു് സവിശേഷം വിസ്തൃതനായ ചന്ത്രക്കാറൻ പാർശ്വസേവനത്തോടുകൂടി, യോഗീശ്വരഘോഷയാത്രയ്ക്കു് സകലതും തയ്യാറായി. വഞ്ചിരാജസേനാനായകൻ ആകാൻ പോകുന്ന ചന്ത്രക്കാറന്റെ നേത്രാഞ്ചലജ്ഞാബലം കൊണ്ടു് ബഹുസഹസ്രജനസങ്കലനമായുള്ള ആ സംഘം വഴിമദ്ധ്യത്തിൽ വിരിക്കപ്പെട്ടു തുടങ്ങിയ രസികൻ കുന്നുമണലിനു ഭംഗിഭംഗം വരുത്താതെയും, കാലോടുകാലു തട്ടാതെയും, തോളോടുതോളുരുമ്മാതെയും കവാത്തുമുറയ്ക്കു് നടകൊള്ളുന്നതിനു് രണ്ടണിയായി നിരന്നുനിന്നു. പൊന്നണിഞ്ഞുള്ള ഗജങ്ങളും കൊടിതഴകളും പ്രസ്ഥാനത്തിന്റെ പ്രഥമാംഗമായി അണിയിട്ടു. ചെകിടുപൊടിപെടുത്തുന്ന പടഹാദിവാദ്യക്കാർ കാഹളാദിസമേദം ഗജനടകൾക്കു് പുറകിൽ നിരന്നു. അനന്തരം കോലടിക്കാർ, കല്യാണക്കളിക്കാർ, പാണ്ടിവാദ്യക്കാർ എന്നിങ്ങനെ ഓരോ സംഘം അനുക്രമമായി നിലകൊണ്ടു. അതിനടുത്തു് പുറകിൽ ഭജനസംഘവും പിന്നീടു് ബ്രാഹ്മണസംഘവും അതിനെത്തുടർന്നു് വിശേഷവിദഗ്ദ്ധന്മാരായ നാഗസ്വരക്കാരും, അവരുടെ പിന്നിൽ അഷ്ടമംഗല്യം വഹിച്ചുള്ള കന്യാജനങ്ങളും, രാജശാസനയാലെന്നവണ്ണം കൃത്യമായും കുഴപ്പങ്ങൾ കൂടാതെയും പുറപ്പാടുവട്ടത്തെ പുഷ്ടീകരിച്ചു. അനന്തരം യോഗീശ്വരബിരുദവാഹകന്മാരും പരിവാരങ്ങളും യോഗീശ്വരപര്യങ്കവും പൗരജനങ്ങളും, ഇങ്ങനെ പർവവിഭാഗം ചെയ്തു് പുറപ്പെട്ടു് തുടങ്ങിയ ഘോഷയാത്ര കേരളത്തിൽ “ന ഭൂതോ ന ഭവിഷ്യതി.” തുരുതുരെ എത്തി സംഖ്യകൂട്ടുന്ന ബ്രാഹ്മണസംഘങ്ങളെ സ്തോത്രഗീതങ്ങളും, ചെണ്ട മുതലായ വാദ്യങ്ങൾ താളസ്വരലംഘികളായിത്തകർക്കുന്ന ആരവവും ഇടയ്ക്കിടെ പുറപ്പെടുന്ന “ഗോവിന്ദനാമസങ്കീർത്തനം! ഗോവിന്ദാ! ഗോവിന്ദാ!” എന്നുള്ള ആർപ്പുകളും, വൃദ്ധന്മാരിൽ രോമാഞ്ചത്തേയും യുവാക്കളിൽ ഉന്മേഷത്തേയും ബാലന്മാരിൽ ക്രീഡോത്സാഹത്തേയും ഉടയാൻ പിള്ളയുടെ മനഃപത്മത്തിൽ ചാരിതാർത്ഥ്യമധുവിനേയും ഉല്പാദിപ്പിക്കുന്നു. ഭക്തിപാരവശ്യംകൊണ്ടു് പുരുഷന്മാരും, ബാധോപദ്രവതുല്യമായ ഭ്രമംകൊണ്ടു് സ്ത്രീകളും, ചിലർ തുള്ളിത്തുടങ്ങുന്നു; ഉപവാസത്തിനിടയിൽ ഉദയസൂര്യരശ്മികൾ തട്ടുകയാലും, വാദ്യഘോഷത്തിന്റെ ഇടയ്ക്കിടെ തീരുന്ന വെടികളുടേയും ബഹളങ്ങൾകൊണ്ടു് സിരാബന്ധങ്ങൾ ക്ഷീണിച്ചും ചിലർ മോഹാലസ്യപ്പെട്ടും വീഴുന്നു. ഇവരുടെ ആലസ്യപരിഹാരത്തിനായി ശ്രമിച്ചു് മറ്റു ചിലർക്കു് ക്ഷീണം വർദ്ധിക്കുന്നതിനിടയിൽ, ഉത്സാഹമൂർച്ചയോടുകൂടി വാദ്യക്കാർ തങ്ങളുടെ മേളകളകളത്തെ മുറുക്കുന്നു. സങ്കീർത്തനക്കാരും, കല്യാണ ആർപ്പുകാരും, കുരവക്കാരികളും പുഷ്ടോത്സാഹരായി മത്സരം കലർന്നു് തങ്ങളുടെ ശബ്ദനാളശക്തിയെ പരീക്ഷിക്കുന്നു. എല്ലാത്തിനും സ്ഥായിസൂത്രമെന്നോണം യോഗീശ്വരന്റെ പ്രധാന അന്തേവാസിയായ ഉമ്മിണിപ്പിള്ള കൊമ്പനാനകളുടെ വാലുകൾതൊട്ടു് കണ്ണിൽവച്ചും, കോലടിക്കാർക്കു് പാതാളച്ചൂണ്ടു്, ആകാശവീച്ചു്, എന്നു ചില പൊടിക്കൈകൾ ഉപദേശിച്ചും കല്യാണക്കളിക്കാരോടുചേർന്നു് ചില ചോടുകൾ ചവിട്ടിയും, പരിചിതരായ ബ്രാഹ്മണരുടെ വീശുപുടവകളെ തട്ടിത്തെറിപ്പിച്ചും, അഷ്ടമംഗല്യവാഹിനികളുടെ അണികൾ ശരിയിടീച്ചും; യോഗീശ്വരവാഹനത്തിനു് അപ്രദക്ഷിണങ്ങൾ ചെയ്തും; അദ്ദേഹത്തിന്റെ ഭടന്മാരെ ദേശവിശേഷങ്ങൾ പഠനംചെയ്യിച്ചും, ചെണ്ടക്കോലിനടിയിലും കൊടക്കാരുടെ കക്ഷത്തിനിടയിലും വെടിക്കാരുടെ ചൂട്ടിന്മുനകളിലും ഏകകാലത്തിൽ പെരുമാറിയും, ഒരു കൈയിൽ വിശറിയും മറ്റതിൽ കച്ചമുണ്ടുമായി, അഴിഞ്ഞുപറക്കുന്ന കുടമ കെട്ടാൻ സമയം കിട്ടാതെ, അങ്ങോട്ടോടി, ഇങ്ങോട്ടു് പാഞ്ഞു്, അവിടെത്തിക്കി, ഇവിടെത്തള്ളി, ഒരിടത്തു് ഒട്ടുവിശ്രമിച്ചു്, മറ്റൊരിടത്തു് ഉത്സാഹം കൊണ്ടു് ആടി, ഇങ്ങനെയുള്ള ചടുലഗതിക്കിടയിൽ തനിക്കും എല്ലാവർക്കും വീശിയും സർവാധികാരഭരണം നിർവഹിച്ചു്, സർവ്വത്ര വിലസുന്നതു് മാത്രം കൊണ്ടു് ഈ പ്രസ്ഥാനത്തിനു് ഘോഷയാത്ര എന്നപേരു് പ്രത്യക്ഷരം അർത്ഥവത്തായിരിക്കുന്നു.
 +
 +
നീരാളപരിവേഷ്ടിതമായ പല്ലക്കിന്മേൽ ആരൂഢനായി നഭോദേശത്തേക്കു് ഉയർന്നപ്പോൾ, ആ യോഗീശ്വരൻ, പ്രകൃത്യാ ശൈവതേജോമയനെങ്കിലും ബാലഗോവിന്ദതുല്യവിഗ്രഹനായും കരുണാകുലനേത്രനായും ആർദ്രഹസിതനായും കാണപ്പെട്ടു. അദ്ദേഹത്തിന്റെ ദീപ്രതരമായ ദൃഷ്ടിപാതം ഭൂതജാലങ്ങളുടെ ഇന്ദ്രിയവൃത്തിയെ നിരോധിക്കാറുള്ളതുപോലെ, കഴക്കൂട്ടത്തുപ്രദേശത്തിന്റെ സന്ദർശനം മന്ത്രശക്തിയാലെന്നപോലെ യോഗീശ്വരന്റെ ബാഹ്യാന്തഃകരണങ്ങളേയും പാടേ സ്തംഭിപ്പിച്ചു. യോഗിജീവിതത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങൾകൊണ്ടു് സമുഗ്രതരമാക്കപ്പെട്ടതെങ്കിലും, അദ്ദേഹത്തിന്റെ ഹൃദയം മജ്ജാമാംസരക്തസങ്കലിതരായ മനുഷ്യർക്കു് സാധാരണങ്ങളായ വികാരങ്ങളാൽ അസ്പൃഷ്ടമല്ലായിരുന്നു എന്നു തോന്നിപ്പിക്കുമാറു് അദ്ദേഹത്തിന്റെ നേത്രങ്ങൾ ആ ദേശത്തിന്റെ പ്രകൃതി വിലാസചാതുര്യത്തെ ദർശനം ചെയ്‌വാൻ കൗതുകത്തോടുകൂടി നാലു ദിക്കിങ്കലും സഞ്ചാരം തുടങ്ങി. അദ്ദേഹത്തിന്റെ നേത്രങ്ങളോടിടഞ്ഞ ഓരോ വൃക്ഷാഗ്രവും ഗൃഹകൂടവും അദ്ദേഹത്തിന്റെ മനസ്സിൽ ക്ഷേത്രാദിപുണ്യസ്ഥലങ്ങൾക്കു് മാത്രം ശക്യമായുള്ള ഒരു ആനന്ദാനുഭൂതിയെ അങ്കുരിപ്പിച്ചു. യോഗീശ്വരൻ തന്റെ ആത്മീയശക്തികൊണ്ടു് ചന്ത്രക്കാറനെ വ്യാമോഹിപ്പിച്ചു എങ്കിൽ, ഇതാ ചന്ത്രക്കാറന്റെ ലൗകീകത്തിരിപ്പാൽ യോഗീശ്വരൻ ചഞ്ചലചിത്തനായി, മൂഢസാധാരണമായുള്ള പരവശതകളെ പ്രദർശിപ്പിച്ചുതുടങ്ങിയിരിക്കുന്നു. പ്രപഞ്ചബന്ധവിമുക്തനായി അക്ഷോഭ്യബ്രഹ്മയനായി ജനങ്ങൾക്കു് കാണപ്പെടുന്ന ആ യോഗിപരമഹംസന്റെ മനസ്സിൽ പൊങ്ങിത്തിളച്ചുകൊണ്ടിരുന്ന വിചാരങ്ങൾ എന്തായിരുന്നിരിക്കാം? ഓരോ നേത്രത്തിലും നിന്നു് ഓരോ അശ്രുധാര നാസികാപ്രാന്തമാർഗ്ഗമായി പ്രവഹിച്ചു് അധരപുടത്തേയും മീശയേയും നനച്ചുകൊണ്ടു് ഉദരത്തിൽ പതിക്കുന്നു. അന്തോളികയ്ക്കുള്ളിൽ അദ്ദേഹത്തെ ആവരണം ചെയ്യുന്ന സൂര്യപടോപധാനങ്ങൾക്കിടയിൽ സ്ഥാനത്തിനും സന്ദർഭത്തിനും ഉചിതമായ പ്രൗഢതയോടുകൂടി സ്ഥിതിചെയ്യുന്നതിനു് അജയ്യങ്ങളായ എന്തോ ചേതോവികാരക്ഷോഭങ്ങൾ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നു് അസ്വാസ്ഥ്യസൂചകങ്ങളായ ചില അംഗചലനങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നു. താൻ തരണംചെയ്യുന്ന ആകാശത്തെ സ്വമാതൃസ്തനപയസ്സെന്നപോലെ അദ്ദേഹം അത്യുൽക്കണ്ഠയോടെ പാനം ചെയ്യുന്നു. അന്തോളത്തിൽനിന്നു് താഴത്തുചാടി ആ പ്രദേശലക്ഷ്മിയെ പ്രണാമംചെയ്തുകളകയോ എന്നും അദ്ദേഹത്തിനു് ഒരു വ്യാമോഹാവേശം ഉണ്ടാകുന്നു. ‘സർവം ബ്രഹ്മമയം’ എന്നുള്ള തത്വം കൊണ്ടു് പരിപൂരിതമായ അദ്ദേഹത്തിന്റെ പാവനഹൃദയത്തിൽ ഇങ്ങനെയുള്ള വികാരങ്ങൾ അങ്കുരിച്ചതു് ഏതു ജന്മത്തെ ബന്ധത്തിന്റെ ഫലമെന്നുള്ള രഹസ്യം തൽക്കാലം രഹസ്യനിലയിൽത്തന്നെ ഇരിക്കട്ടെ.
 +
 +
ആ ഘോഷയത്ര നാലഞ്ചു നാഴികകൊണ്ടു് ചിലമ്പിനേത്തു പടിക്കൽ എത്തി. അപ്പോളുണ്ടായ കോലാഹലം മുമ്പിലത്തേതിലേയും അതിശയിച്ചു് പ്രചണ്ഡമായപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ ‘യസരീകാഭരാഗു’ എന്നുള്ള ഘോഷധ്വനിയും മുഴങ്ങിത്തുടങ്ങി. അതിനെ ശാസിച്ചു് ഒരു വലിയ ശബ്ദം പടിക്കൽനിന്നും പുറപ്പെട്ടു. അതുകേട്ടുണർച്ചയുണ്ടായ ബ്രാഹ്മണസംഘം സന്ദർഭഗൗരവത്തെ മറന്നു് “മാമാക്കു ജേ, വെങ്കിടാക്കു ജേ!” എന്നു്, അതിരാവിലെ കുളി കുറി മുതലായതും കഴിഞ്ഞു് സമുദായാംഗവേഷത്തിൽ ചിലമ്പിനേത്തെത്തിയിരിക്കുന്ന മാമാവെങ്കിടനെ അഭിമാനിച്ചു്, തങ്ങൾ അറിയാതെ ഉൽഘോഷിച്ചുപോയി, അതിനേയും കോപപൂർവ്വം ഭത്സിച്ചുനില്ക്കുന്ന ഭീമാകാരനായ മാമനെക്കണ്ടപ്പോൾ ചന്ത്രക്കാറന്റെയും ഉമ്മിണിപ്പിള്ളയുടെയും ഉത്സാഹപ്രവാഹം പെട്ടെന്നു് ഒന്നു നിലച്ചു. എങ്കിലും അവർ ക്ഷണമാത്രത്തിൽ ഊർജ്ജിതഭാവത്തെ കൈക്കൊണ്ടു് കൈകൾ വീശിയപ്പോൾ, യാത്രാരംഭത്തിൽ ഉണ്ടായതുപോലെ വെടികളും കുരവകളും ആർപ്പുകളും സങ്കീർത്തനങ്ങളും വാദ്യഘോഷങ്ങളും, ഒത്തൊരുമിച്ചു തകർത്തു. ചിലമ്പിനേത്തു ഗോപുരദ്വാരത്തിൽ എത്തിയ പല്ലക്കിനെ താഴ്ത്തി അകത്തു കൊണ്ടുപോകുന്നതിനു് വാഹകന്മാർ ഒരുമ്പെടുന്നതിനിടയിൽ യോഗീശ്വരന്റെ കണ്ണുകൾ തെക്കോട്ടൊരു യാത്രചെയ്തു. അല്പം ദൂരത്തായി വിചിത്രവർണ്ണങ്ങളോടുകൂടിയ വസ്ത്രങ്ങളെ അകേരളീയസമ്പ്രദായത്തിൽ ധരിച്ചു നില്ക്കുന്ന രണ്ടു് സ്ത്രീകൾ അദ്ദേഹത്തിനു് നേത്രഗോചരമായി. അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായ സിംഹനോട്ടം അപ്പോൾ ആ മുഖത്തു് ആവർത്തനം ചെയ്തു. മോഹാവേശകിരണങ്ങൾ ആ കടുനീലനേത്രതാരങ്ങളിൽനിന്നു പുറപ്പെട്ടു. യോഗീശ്വരന്റെ നന്ദനീയമായുള്ള നന്ദകുമാരത്വം മാറി ഹരിപഞ്ചാനനപ്രൗഢി പിന്നെയും വിലസി. വാഹനത്തെ നിറുത്തുന്നതിനു് അദ്ദേഹത്തിൽനിന്നു് ഒരു കല്പന പുറപ്പെട്ടു. ചന്ത്രക്കാറനെ സമീപത്തു വിളിച്ചു്, ആ സ്ത്രീകൾ ആരാണെന്നു് ഗൂഢമായി ഒരു ചോദ്യത്തെ മന്ത്രിച്ചു. സ്വാശ്രയവർത്തിനികളായ ചില അനാഥകളാണെന്നു് നിസ്സാരകാര്യം പോലെ ചന്ത്രക്കാറന്റെ മറുപടിയും ആ സ്വരത്തിൽത്തന്നെ ഗൂഢതമമായി ഉണർത്തിക്കപ്പെട്ടു. പല്ലക്കിന്റെ തെക്കുവശത്തു് അപ്പോൾ നിലകൊണ്ടിരുന്ന ഉമ്മിണിപ്പിള്ളയുടെ നേത്രങ്ങൾ പ്രാർത്ഥനാശതങ്ങളെ സ്വാമിപാദങ്ങളിൽ സമർപ്പണം ചെയ്തു. സമർത്ഥനായ ഗുസ്തിക്കാരന്റെ കായസാധകത്തോടുകൂടി യോഗീശ്വരൻ പല്ലക്കിൽനിന്നും താഴത്തു ചാടി, സകല ഘോഷങ്ങളേയും ഒരു കരവിന്യാസംകൊണ്ടു് പ്രതിബന്ധനംചെയ്തു. തങ്ങളുടെ താൽക്കാലികമായ കേവലാവസ്ഥയ്ക്കു് അനുരൂപമായിക്കഴിപ്പാൻ പൂർവ്വദിവസത്തിൽ ചെയ്യപ്പെട്ട നിശ്ചയത്തെ വൃദ്ധയും ദൗഹിത്രിയും അനുഷ്ഠിച്ചതുകൊണ്ടു് ‘വന്നു കൂടിയതന്യഥാ.’ വസ്ത്രങ്ങളുടെ വർണ്ണവിശേഷത്താലും, അവയെ ധരിച്ചിരുന്ന രീതിഭേദത്താലും യോഗീശ്വരന്റെ ശ്രദ്ധ അവരിൽ ആകർഷിക്കപ്പെട്ടു. അവർ നിന്നിരുന്ന സ്ഥലത്തേക്കു് അദ്ദേഹം രാജരാജേശ്വരപ്രഭാവത്തോടുകൂടി നടന്നുതുടങ്ങി. യോഗീശ്വരന്റെ കാൽ നടയായ എഴുന്നള്ളത്തിൽ അദ്ദേഹത്തിന്റെ സ്ഥാനഗൗരവത്തെ പോഷിപ്പിക്കുന്നതിനോ തങ്ങളുടെ കുലധർമ്മത്തെ യഥാവിധി അനുഷ്ഠിക്കുന്നതിനോ, കഴക്കൂട്ടത്തെ വിഭൂതികാരകന്മാരായ പണ്ടാരങ്ങൾ തങ്ങളുടെ ശംഖങ്ങളെ ധ്വനിപ്പിച്ചു; കരയ്ക്കും കളരിക്കും നാഥന്മാരായ ആശാൻ, കുറുപ്പു് എന്നിവർ മുമ്പിൽ നടന്നു വഴികാട്ടി; ചാമുണ്ഡിക്കാവിലെ തറവാട്ടുപരമ്പരക്കാരനായ വെളിച്ചപ്പാടു് തുരുമ്പുപിടിച്ച ഖഡ്ഗത്തെ വഹിച്ചു് മുന്നകമ്പടി സേവിച്ചു; അക്ഷരവിദഗ്ദ്ധനായ ഉമ്മിണിപ്പിള്ള വിശറി മാറ്റി, ഒരു വെഞ്ചാമരം വഹിച്ചു് വീശിത്തുടങ്ങി; ചന്ത്രക്കാറിയുടെ കാരണവൻ രണ്ടാംമുണ്ടിനെ തലയിൽ കെട്ടിക്കൊണ്ടു് ചക്രവാളക്കുട പിടിച്ചു; ചന്ത്രക്കാറ സർവ്വസമ്രാട്ടു് യോഗീശ്വരന്റെ പാദുകത്തെ വഹിച്ചു. ഈ സന്നാഹങ്ങളൊന്നും തന്റെ മനസ്സിൽ കടക്കാതെ മന്ത്രക്കൂടദേവതകളുടെ ആവേശംകൊണ്ടെന്നപോലെ ബോധവർജ്ജിതനായ യോഗീശ്വരൻ ഇമനിമേഷങ്ങൾകൂടാതെ വൃദ്ധ നിന്നിരുന്ന സ്ഥലത്തെത്തി. മീനാക്ഷി പടിക്കകത്തു പ്രവേശിച്ചു്, കുപ്പശ്ശാരുടെ പുറകിലായി നിന്നു. അപ്പോൾ ഒരു നവസുകുമാരനായ ശശാങ്കന്റെ ദ്രുതതരാസ്തമയം ഉണ്ടായതിനെ സൂക്ഷ്മസൃഷ്ടിയായ യോഗീശ്വരൻ കാണാതിരുന്നില്ല. യോഗീശ്വരനെ തൊഴുന്നതിനായി മുകുളീകൃതമായ വൃദ്ധയുടെ കൈകളെ അദ്ദേഹം ക്ഷണത്തിൽ സ്വകരങ്ങളിൽ ഗ്രഹിച്ചു്, അഞ്ജലിനിരോധനംചെയ്തു. ഭർത്തൃസന്താനങ്ങളുടെ പരിചരണത്താൽ ക്ഷീണങ്ങളായ ആ കരങ്ങളെ ബാഷ്പപൂർണ്ണമായ നേത്രങ്ങളോടുകൂടി തന്റെ ശിരസ്സിന്മേൽ പതിപ്പിച്ചു് എന്തോ ഒരു പ്രണാമശ്ലോകത്തെ ചൊല്ലി അദ്ദേഹം വൃദ്ധയുടെ വയഃപൂർത്തിയെ ആരാധിച്ചു, ആ സംസ്പർശലാഭത്തിൽ വൃദ്ധയുടെ മനശ്ശരീരങ്ങൾ അനിർവാച്യമായ ദിവ്യാനന്ദലഹരിയെ ആസ്വദിച്ചു. ഈ വികാരത്തിന്റെ ബലത്താൽ വൃദ്ധയ്ക്കു് ശേഷിച്ചിട്ടുണ്ടായിരുന്ന കായബലം നശിക്കയും, സ്ത്രീവർഗ്ഗസാധാരണവും അപസ്മാരശങ്കയെ ജനിപ്പിക്കുന്നതുമായ ഒരു മൂർച്ഛയ്ക്കു് അധീനനായി അവർ യോഗീശ്വരന്റെ മാറിൽ പതിക്കയും ചെയ്തു. വൃദ്ധയുടെ മുഖത്തു് ഒന്നു സൂക്ഷിച്ചുനോക്കിയപ്പോൾ, യോഗീശ്വരന്റെ ശരീരവും കഠിനമായി വിറകൊണ്ടു. അദ്ദേഹം വിളറിയ മുഖത്തോടുകൂടി, ബോധശൂന്യനായി, കരുണാപരിഭൂതനായിട്ടു് വൃദ്ധയെ മാറോടണച്ചു് മുറുകെപ്പുണർന്നു. പരസ്പരകരബദ്ധരായി വൃദ്ധയും യോഗീശ്വരനും നില്ക്കുന്ന ഘട്ടത്തിൽ കുപ്പശ്ശാർ യോഗീശ്വരനെ നമസ്കാരംചെയ്തെഴുന്നേറ്റു് നിർഭരമായ ഭക്തിഭയങ്ങളോടുകൂടി വൃദ്ധയുടെ അടുത്തുചെന്നു് കണ്ണുനീർ വർഷിക്കുന്ന ആ സ്ത്രീയെ യോഗീശ്വരഭുജങ്ങളിൽനിന്നു് വേർപെടുത്തി സ്വരക്ഷയിൽ ഏറ്റു. യോഗീശ്വരൻ തന്റെ അച്ഛനും അമ്മാവനും അല്ലെന്നു് ഒരുദിവസംമുമ്പു് വാദിച്ച മീനാക്ഷി ഭക്ത്യാനന്ദാർദ്രനേത്രങ്ങളോടുകൂടി അദ്ദേഹത്തിന്റെ അഞ്ജലീപ്രണാമം ചെയ്തു് മാതാമഹിയുടെ പാർശ്വത്തിൽ സഹായത്തിനായി എത്തി. കണ്ടുനിന്നവർ യോഗീശ്വരന്റെ മനോമാർദ്ദവത്തെയും ഭൂതദയയേയും കൊണ്ടാടുകയും, ഇങ്ങനെ പരമഗുണവാനായ മഹാവധൂതനെ സൽക്കരിപ്പാൻ തങ്ങൾക്കുണ്ടായ ഭാഗ്യത്തെ നിനച്ചു് ആനന്ദസാഗരമഗ്നന്മാരാവുകയും ചെയ്തു.
 +
 +
ഹരിപഞ്ചാനനവാസത്തിനു് പ്രത്യേകം ഒരുക്കപ്പെട്ടതായ ഇരട്ട നിലച്ചവുക്കയിലേക്ക് ആദ്യമേതന്നെ അദ്ദേഹത്തെ എഴുന്നള്ളിക്കാതെ, പ്രധാനകെട്ടിടത്തിന്റെ നാലുകെട്ടിലുള്ള വിശാലമായ തളത്തിൽവെച്ചു് പ്രഥമസൽക്കാരം കഴിച്ചുകൊണ്ടു് ചന്ത്രക്കാറൻ യോഗീശ്വരന്റെ ആജ്ഞയെ കാത്തു് വിനീതനായി ദൂരത്തു മാറിനിന്നു. യോഗീശ്വരന്റെ മുഖം വിളറിയും ഓജസ്സു് വളരെ ക്ഷയിച്ചും സാധിഷ്ഠാനഭേദംചെയ്തു് അദ്ദേഹത്തിന്റെ അന്തഃകരണം വിപ്ലവംചെയ്യുന്നതുപോലെയും കാണപ്പെട്ടു. മീനാക്ഷിയുടെ സൗന്ദര്യസമുത്കർഷത്താൽ അദ്ദേഹം വശീകൃതനായി എന്നു ശങ്കിച്ചു്, ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും ആ സ്വയംകൃതാനർത്ഥത്തിന്റെ പരിണതിയെ ചിന്തിച്ചു്, ഓരോവിധമായ ഉപശാന്തിമാർഗ്ഗത്തെ കണ്ടുപിടിച്ചു. അഞ്ഞൂറിൽപരം ബ്രാഹ്മണർ കൂടിയപ്പോൾ മുറ്റത്തുള്ള നെടുമ്പുരകളിൽനിന്നു് വലുതായ ശബ്ദം മുഴങ്ങിത്തുടങ്ങി. അതിനെ യഥാശക്തി പോഷിപ്പിക്കാനെന്നപോലെ ‘ശത്തോം! ശത്തോം,’ എന്നും മറ്റും വിളികൂട്ടിക്കൊണ്ടു്, ഇതിനിടയിൽ കലവറയിലും, വയ്പു്, വിളമ്പു് മുതലായ നെടുമ്പുരകളിലും, ചവുക്ക, കുളിപ്പുര മുതലായ കെട്ടിടങ്ങളിലും, സർക്കീട്ടും പരിശോധനയും കഴിച്ചു് എത്തിയ മാമാവെങ്കിടൻ കെട്ടിനകത്തു കടന്നുകൂടി. ആ ബ്രാഹ്മണൻ, ‘ആശീർവാദമങ്കത്തെ’ എന്നു് ചന്ത്രക്കാറനെ അനുഗ്രഹിച്ചതിന്റെശേഷം, രണ്ടാം‌മുണ്ടിനെ ഒരു മടക്കു നിവർത്തു് പടിമേലിട്ടു്; അടുത്തുള്ള തൂണു് താൻ കേട്ടിട്ടുള്ളതിന്മണ്ണം ലോഹനിർമ്മിതംതന്നെയോ എന്നു നിർണ്ണയപ്പെടുത്താൻ അതിന്മേൽ നഖംകൊണ്ടു് ഒരു കലാശം കൊട്ടി വെങ്കലത്തൂണുതന്നെ എന്നു തീർച്ചയാക്കിക്കൊണ്ടു് അതിന്മേൽ ചാടി ഇരിപ്പുറപ്പിച്ചു. അന്നത്തെ പുറപ്പാടിനെക്കുറിച്ചു് “കേമമായി! കൗരവരുടെ ഘോഷയാത്രയും ഇത്ര കേമമായിട്ടില്ല” എന്നു് അയാൾ തുടങ്ങിയ പ്രശംസ ഉപമാനം ശരിയായിട്ടില്ലെന്നു തോന്നിയതിനാൽ “പുണ്ഡരീകനയനാ ജയ ജയ” “അല്ലൈ – ഇനി വരും കുശലങ്ങൾ മേൽക്കുമേലെ” എന്ന സന്ദർഭസംബന്ധമല്ലാതെയുള്ള ഗാനത്തിൽ അവസാനിച്ചു. ഈ അബദ്ധത്തിനു് ശുദ്ധിപത്രമായി ആ ഭവനവർണ്ണനയ്ക്കു് ആരംഭിച്ചപ്പോൾ, യോഗീശ്വരൻ വൃദ്ധയെ കാൺമാൻ പുറപ്പെട്ടതും അമ്മാളുക്കുട്ടിയെ കടാക്ഷിച്ചതും തനിക്കു് വേണ്ടി ആയിരിക്കാമെന്നു് വ്യാഖ്യാനിച്ചു്, ഉന്മാദം കൊണ്ടു തിളച്ചു്, ചന്ത്രക്കാറന്റെ സാന്നിദ്ധ്യത്തേയും മറന്നു് യോഗീശ്വരന്റെ ഇഷ്ടശിഷ്യനിലയിൽ അടുത്തുള്ള നിരമേൽ ചാരിനില്ക്കുന്ന ഉമ്മിണിപ്പിള്ളയെ മാമൻ കണ്ടു്, അയാളോടു് ഇങ്ങനെ കുശലംപറഞ്ഞു: “അടെ! എന്നെടാ, ഇന്നെയ്ക്കു് പുതുമാപ്പിളവട്ടമോ ഇരുക്കിടയൻ ദോശൈ ഇരുപത്തിനാലൈ ഒരു വായാലെ അമുക്കിറ ഈനാചാനാപുള്ളി!” ഇങ്ങനെയുള്ള അസംബന്ധപ്രകടനങ്ങൾ തുരുതുരെ പുറപ്പെട്ടവ യോഗീശ്വരന്റെ മനസ്സിനേയും ആകർഷിച്ചു എങ്കിലും, തന്റെ ആത്മാവിനെ ഗ്രസിച്ചിരുന്ന ഗാഢമായ വ്യാമോഹത്താൽ അന്ധനായിത്തീർന്നു്, മാർഗ്ഗദർശനത്തിനു് വിഷമപ്പെടുന്ന അദ്ദേഹം നിശ്ചേഷ്ടനായും സ്വാന്തർവേദനയെ മുഖത്തു് സ്ഫുരിപ്പിക്കാത്തതായ ഗൗരവത്തോടുകൂടിയും ഇരുന്നതേ ഉള്ളു. ആ ഗൗരവത്തെ മാമാവെങ്കിടന്റെ വാക്കുകളാൽ ഉല്‌പാദിതമായ നീരസമെന്നു വ്യാഖ്യാനിച്ചു്, ആ ബ്രാഹ്മണന്റെ കണ്ഠത്തെ ഛേദിച്ചുകളവാൻപോലും ചന്ത്രക്കാറൻ സന്നദ്ധനായി. എന്നാൽ യോഗീശ്വരനും ഉമ്മിണിപ്പിള്ളയും ബ്രാഹ്മണനു മഹാരാജാവിന്റെ സേവകനാണെന്നും, അതിനാൽ അയാളോടുള്ള പെരുമാറ്റം വളരെ സൂക്ഷിച്ചുവേണ്ടതാണെന്നും മുഖഭാവങ്ങൾകൊണ്ടു് ഗുണദോഷിച്ചു. ചന്ത്രക്കാറൻ വെളിയിൽ ഇറങ്ങി, ആർത്തുവിളിച്ചുകൊണ്ടിരുന്ന ബ്രാഹ്മണരോടു് ദേഷ്യപ്പെട്ടു് തന്റെ കോപത്തെ തീർത്തുകൊണ്ടു മടങ്ങിവന്നു. മാമാവെങ്കിടന്റെ വിടുവായത്തം സന്ദർഭത്തിന്റെ മഹിമയെ തീരെ ലംഘിക്കുമെന്നു ശങ്കിച്ചു് ഹരിപഞ്ചാനനൻ അദ്വൈതസാരപൂർണ്ണമായ ഒരു പ്രസംഗം കൊണ്ടു് കുറച്ചുനേരം കഴിച്ചതിന്റെശേഷം എഴുന്നേറ്റു് സംഗീതരസപൂർത്തിയാൽ മാമാവെങ്കിടന്നും ആശ്ചര്യമുണ്ടാക്കുംവണ്ണം ചില ശ്ലോകങ്ങൾ ചൊല്ലി ചന്ത്രക്കാറനെ അനുഗ്രഹിച്ചു. അനന്തരം പുറത്തുചെന്നു് ബ്രാഹ്മണസംഘത്തെ അഭിവാദനവും, ഭക്ഷണസമയത്തു തന്നോടു് ചേരുന്നതിനു് മാമാവെങ്കിടനെ ക്ഷണവുംചെയ്തുകൊണ്ടു്, ചന്ത്രക്കാറനാൽ നീതനായി തന്റെ പൂജയ്ക്കു് ഒരുക്കിയിട്ടുള്ള സ്ഥലത്തേക്കു യോഗീശ്വരൻ നടകൊണ്ടു.
 +
 +
രണ്ടാമതും സ്നാനംകഴിച്ചു് ഹരിപഞ്ചാനനൻ പൂജയ്ക്കാരംഭിച്ചു. പൂജാമുറിയിൽ പ്രവേശിച്ച യോഗീശ്വരനോടു് പരികർമ്മിയായ വൃദ്ധസിദ്ധൻ എന്തോ അദ്ദേഹത്തിന്റെ ഭാഷയിൽ ധരിപ്പിച്ചു. യോഗീശ്വരൻ പ്രചണ്ഡമായി കോപഭത്സനങ്ങൾ ചെയ്തുകൊണ്ടു്, വൃദ്ധസിദ്ധനോടു് എന്തോ അരുളിച്ചെയ്തു. അയാൾ പുറത്തുപോയി ഒരു ചെറിയ കരിംകുരങ്ങുസ്വരൂപനുമായി മടങ്ങിയെത്തി. രണ്ടാമതു പ്രവേശിച്ചവനോടു് യോഗീശ്വരൻ മൂർഖസ്വരത്തിൽ ചില ചോദ്യങ്ങൾചെയ്തു. പൂർവ്വരാത്രിയിൽ യോഗീശ്വരാജ്ഞപ്രകാരമുള്ള ആളോടു് തിരുവിതാംകൂർ വിട്ടു് തത്കാലം താമസിപ്പാൻ ഗുണദോഷിച്ചു് എന്നും അതിനു മറുപടിയായി അയാൾ ചിരിച്ചുകളഞ്ഞു എന്നും, അയാളെ ബോധംകെടുത്തിക്കൊണ്ടുപോയി ബന്ധനത്തിലാക്കി ഒളിക്കുന്നതിനു് ഭസ്മം പ്രയോഗിച്ചതിൽ ഫലിച്ചില്ലെന്നും, അതിനാൽ അയാളുടെ കൈയിലിരുന്ന നാരായത്തെ പിടിച്ചുപറിച്ചു് മാറിൽ കുത്തിയിറക്കിയിട്ടു് പോന്നു എന്നും ഭൃത്യൻ ബോധിപ്പിച്ചു. അനന്തരം തന്റെ വസ്ത്രത്തിനിടയിൽനിന്നു് ഒരു ചെറിയ പൊതിയെടുത്തു് യോഗീശ്വരന്റെ മുമ്പിൽ വച്ചു് നമസ്കരിച്ചു. അവൻ ഉടൻ തന്നെ ആ മുറിക്കകത്തുനിന്നു് അയയ്ക്കപ്പെട്ടു. ആ ഘട്ടത്തിൽ വൃദ്ധസിദ്ധൻ പരിചാരകഭാവം വിട്ടു് ഹരിപഞ്ചാനനനു് സിദ്ധിച്ചിട്ടുള്ള അധികാരത്തെക്കവിഞ്ഞു് നടത്തപ്പെട്ട ആ ദുഷ്ക്രിയയെ ഉടനെ തന്റെ നാഥനെ ധരിപ്പിക്കുമെന്നും അവിടുന്നു് മറുപടി വരുന്നതിനിടയിൽ ഇതിന്മണ്ണം ഇനി ഒരു ക്രിയകൂടി നടത്തപ്പെടുന്നെങ്കിൽ പരമാർത്ഥസ്ഥിതി എല്ലാം രാമവർമ്മമഹാരാജാവിനെ ധരിപ്പിക്കുമെന്നും ഗൗരവമായ ഒരു താക്കീതു് കൊടുത്തു. ചന്ത്രക്കാറനോടുള്ള പരിചയം തന്റെ ശ്രമങ്ങളെ പരാജയോന്മുഖമാക്കുന്നതിനെപ്പറ്റി ക്ലേശിച്ചു കൊണ്ടു് മറുപടിയൊന്നും പറയാതെ യോഗീശ്വരൻ അടങ്ങിയിരുന്നു.
 +
 +
ഭിക്ഷാമൃതേത്തുസമയത്തു് യോഗീശ്വരൻ മാമാവെങ്കിടനെക്കൂടി ഇരുത്തി രാജയോഗ്യവും ദേവയോഗ്യവുമായുള്ള സദ്യയുടെ വിഭവങ്ങളെ സരസസംഭാഷണപൂർവ്വം ബ്രാഹ്മണനെക്കൊണ്ടു് സമൃദ്ധാശനം ചെയ്യിച്ചു. യോഗിവര്യൻതന്നെ ചില മധുരപദാർത്ഥങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തു. അല്പനേരം കഴിഞ്ഞപ്പോൾ, അമിതഭക്ഷകനായ ആ ബ്രാഹ്മണന്റെ ശിരസ്സിനു് ഒരു മാന്ദ്യം തുടങ്ങി. കുറച്ചുനേരംകൊണ്ടു് അയാളുടെ അവശത വർദ്ധിച്ചു് താടി നെഞ്ചോടമർന്നു് കണ്ണുകളടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭീമാകാരൻ കൈകാലുകൾ നീട്ടി, അതിദയനീയമായ സ്ഥിതിയിൽ ബോധംകെട്ടു് നെടുന്തടിപോലെ കിടപ്പുമായി. സ്ഥലത്തുള്ള ചില വൈദ്യന്മാരും ഭിഷഗ്വരനായ ഹരിപഞ്ചാനനനും പഠിച്ച വിദ്യകളെല്ലാം പരീക്ഷിച്ചിട്ടും, തിന്നു മലർന്ന ബ്രാഹ്മണനു് ഉണർച്ചയുണ്ടാക്കാൻ കഴിഞ്ഞില്ല. ആ വൃദ്ധനെ ഇനിയും ഇവിടെ താമസിപ്പിക്കുന്നതു് വിഹിതമല്ലെന്നു തീർച്ചയാക്കി, ചന്ത്രക്കാറൻ അയാളെ ഉടൻതന്നെ എടുപ്പിച്ചു് തിരുവനന്തപുരത്തേക്കു യാത്രയാക്കി. ചന്ത്രക്കാറന്റെ ബുദ്ധിപൂർവ്വമായുള്ള ഈ ഉചിതക്രിയ കണ്ടുണ്ടായ സന്തോഷത്തെ സൂചിപ്പിച്ചു് യോഗീശ്വരൻ തന്റെ കൈവശമുണ്ടായിരുന്ന വിലയേറിയ ഒരുജോടി രത്നത്തെ ചന്ത്രക്കാറനു സമ്മാനിച്ചു.
 +
 +
രണ്ടരമണിയോടുകൂടി സ്വാമികൾ സ്വല്പമായ ഒരു നിദ്രയ്ക്കാരംഭിച്ചു. ചന്ത്രക്കാറൻ വടക്കൊരു കെട്ടിൽ ചെന്നിരുന്നു് കുടുംബസംബന്ധമായുള്ള ഒരു കാര്യവിചാരം തുടങ്ങി. ചിലമ്പിനേത്തു തറവാടിന്റെ ഒരു ശാഖ കൊട്ടാരക്കരെ പാർപ്പുറപ്പിച്ചിട്ടുണ്ടെന്നും, ആ തായ്‌വഴിയിലല്ലാതെ അദ്ദേഹത്തിനു് മറ്റു ശേഷക്കാരില്ലെന്നും, ഇതിനുമുമ്പിൽ സൂചിപ്പിച്ചിച്ചുണ്ടല്ലോ. ആ ശാഖയിൽ ഒരു സ്ത്രീയെ നന്തിയത്തുണ്ണിത്താൻ എന്ന മാടമ്പി പരിഗ്രഹിച്ചു് ഒരു പുരുഷസന്താനം ഉണ്ടായിട്ടുണ്ടു്. അച്ഛനുണ്ണിത്താൻ ധനികനും ധീരോദാത്തനും വലിയ വിദ്വാനും ആയിരുന്നു. സംസ്കൃതാഭ്യസനത്തിനു് നിയോഗിക്കപ്പെട്ട പുത്രൻ നാട്ടിൻപുറത്തുള്ള ഗുരുനാഥന്മാരുടെ പാണ്ഡിത്യപരിമിതിയെ കവിയുകയാൽ ഉണ്ണിത്താൻ അയാളെ തർക്കവ്യാകരണാദി പഠനത്തിനായി തിരുവനന്തപുരത്തു താമസിപ്പിച്ചു് സാംബദീക്ഷിതർ എന്ന ഒരു വിശ്രുതശാസ്ത്രജ്ഞനെ ഭരമേല്പിച്ചിരുന്നു. ചിലമ്പിനേത്തെ സ്വത്തുക്കൾക്കെല്ലാം അവകാശിയായിരുന്ന ഈ വിദ്യാർത്ഥി അനദ്ധ്യായദിവസങ്ങളിൽ അവിടെ ചെന്നു് പോരാറുണ്ടായിരുന്നു. ഹരിപഞ്ചാനനസ്വാമികളെ എതിരേല്ക്കുന്നതിനു് അന്നുദയത്തോടുകൂടി എങ്കിലും ആ യുവാവും ചെന്നുചേരണമെന്നു് ദൂതമുഖേന കാരണവർ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അയാളുടെ സാന്നിദ്ധ്യംകൂടാതെ എതിരേൽപ്പും മറ്റും നടത്തേണ്ടിവന്നതുകൊണ്ടു് ന്യായമായി കാരണവർക്കുണ്ടായ കോപത്തെ അടക്കിക്കൊണ്ടിരുന്നിട്ടു്, സാവകാശംകിട്ടിയപ്പോൾ അനന്തരവന്റെ അപരാധത്തെപ്പറ്റി വിചാരണ തുടങ്ങി. ആ യുവാവു് വളരെ താമസിച്ചു് എത്തീട്ടുണ്ടെന്നറിയുകയാൽ അയാളെ തന്റെ മുമ്പിൽ വരുത്തി. ഒരു മാടമ്പിയുടെ മകനായിരുന്നതുകൊണ്ടു് ‘കുഞ്ഞു്’ എന്നുള്ള സ്ഥാനപദം ചേർത്തു് ‘കേശവൻകുഞ്ഞു്’ എന്നു് വിളിക്കപ്പെട്ടിരുന്ന ഈ യുവാവിനു് ഇരുപത്തിനാലു വയസ്സു് പ്രായമുണ്ടായിരുന്നു. ഈയാൾ യുദ്ധശീലന്മാരായ ആദിമനായന്മാരുടെ ശരീരലക്ഷണങ്ങൾ കൂടാതെ, നാട്ടിൽ സമാധാനവ്യാപ്തിയോടും നവമായ ഗ്രന്ഥസമുച്ചയത്തിന്റെ പ്രചാരത്തോടും ഉത്ഭവിച്ച ശാന്തപ്രകൃതരും രജോഗുണ പ്രധാനരും ആയ പുത്തൻവർഗ്ഗത്തിന്റെ ഒരു മാതൃകാപുരുഷനായിരുന്നു. വിനയമര്യാദകളാൽ ഒതുങ്ങിയും, അപരാധകന്റെ പുഞ്ചിരിതൂകിയും, തന്റെ മുമ്പിൽ പ്രവേശിച്ച പല്ലവകോമളവും വല്ലീകൃശവുമായ ആ ശരീരത്തിന്റെ ചേതോഹാരിത്വം ഉഗ്രനായ ചന്ത്രക്കാറന്റേയും ഹൃദയത്തെ സ്വല്പമൊന്നു ദ്രവിപ്പിച്ചു. ശിരസ്സിന്റെ പൂർവ്വഭാഗം മുഴുവൻ വളർത്തു് നീട്ടി നേത്രക്കാപോലെ കെട്ടി മുമ്പറ്റം വികസിച്ചു് പുറകോട്ടു വാലിട്ടിരിക്കുന്ന കുടുമയും, ക്ഷൗരകർമ്മംകൊണ്ടു് നീലിമയോടു ശോഭിക്കുന്ന ശേഷം ശിരഃപ്രദേശവും, ആ വർണ്ണത്തോടുതന്നെ അതിമിനുസമായി വിളങ്ങുന്ന ഗണ്ഡങ്ങൾക്കും താടിക്കും മേൽച്ചുണ്ടിനും ഇടയ്ക്കു് രക്തവർണ്ണമായി ശോഭിക്കുന്ന അധരവും, ശാന്തമായ പ്രകൃതിഗൗരവത്തേയും അഗാധതമമായ വിജ്ഞാനത്തേയും സ്ഫുടീകരിക്കുന്ന നേത്രങ്ങളും, പൗരുഷസൂചകമായ വിസ്തീർണ്ണലലാടവും, പ്രഭുക്കളിടയിലും വിശുദ്ധവൃത്തന്മാരിൽ മാത്രം കാണപ്പെടുന്ന വർണ്ണകോമളിമാവും കൂടിയ ഈ യുവാവു് ചന്ത്രക്കാറന്റെ സന്നിധിയിൽ, ആ പ്രഭുവിനെ സൃഷ്ടിച്ച കൈപ്പിഴയ്ക്കു് ബ്രഹ്മാവു് പിഴ മൂളിയ ഒരു വിശിഷ്ടനിർമ്മാണമായി വിപര്യയപ്പെട്ടു. ആ യുവാവിനെക്കണ്ടപ്പോൾ, ആ കണ്ടകന്റെ ഹൃദയത്തിലും മൃദുവായ ഒരു കോണുണ്ടെന്നു് തെളിയിക്കുമാറാണു് കേസ്സുവിസ്താരം തുടങ്ങിയതു്.
 +
 +
; ചന്ത്രക്കാറൻ: “ഉണ്ടോ നീ?”
 +
 +
; കേശവൻകുഞ്ഞു്: “ഉണ്ടേ.”
 +
 +
; ചന്ത്രക്കാറൻ: “എപ്പോൾ? വല്ലകൂട്ടത്തിലും ചെന്നിരുന്നാണോ തിന്നതു്?”
 +
 +
കേശവൻകുഞ്ഞു്: “ഊണുകഴിഞ്ഞു് ഒന്നുരണ്ടു നാഴികയായി. അമ്മാവൻ ഉണ്ട ഇലയിൽ, അമ്മാവി വിളമ്പിത്തന്നു. ലക്ഷ്മിക്കുഞ്ഞിനും അവിടെത്തന്നെ ഇല വച്ചു.”
 +
 +
; ചന്ത്രക്കാറൻ: (കോപം മുക്കാലേമുണ്ടാണിയും ശമിച്ചു. തന്റെ പുത്രിയുടെ അടുത്തു് ഉണ്ണാനിരുന്നു എന്നു പറഞ്ഞതു്, പ്രമാണിത്വവും ജാതിശ്രേഷ്ഠതയും ഉള്ള ഒരു പഴയ കുടുംബത്തോടു് ആ യുവാവിനെ സംഘടിപ്പിച്ചു് തനിക്കു ബലവാന്മാരായ സംബന്ധികളെ ഉണ്ടാക്കണം എന്നു താൻ കരുതി ഇരിക്കുന്നതിനെ, വിഘ്നപ്പെടുത്തിയേക്കുമോ എന്നു ഭയപ്പെട്ടു്) “യക്ഷിക്കുഞ്ഞിന്റെ അടുത്തും മറ്റും അങ്ങനെ ചെങ്ങാത്തവും മറ്റും വേണ്ട. ഞാനതിനൊക്കെ തക്കവും തരവും നോക്കണൊണ്ടു്. നീ നാലക്ഷരം പടിച്ചവനല്ലയോ? നല്ലടത്തുവേണം ചേരാൻ, എപ്പോത്തിരിച്ചു് തിരുവനന്തപുരത്തൂന്നു്?”
 +
 +
; കേശവൻകുഞ്ഞു്: “എട്ടൊമ്പതു വെളുപ്പിനു്.”
 +
 +
; ചന്ത്രക്കാറൻ: “അത്ര കാലത്തെ പോന്നെങ്കിൽ പെലച്ചക്കിവിടെ എത്താത്തെന്തു്?”
 +
 +
; കേശവൻകുഞ്ഞു്: “വെങ്കിടേശ്വരഭാഗവതർ ഇങ്ങോട്ടു കേറിയപ്പോൾ ഞാൻ തെക്കു വന്നു.”
 +
 +
; ചന്ത്രക്കാറൻ: “എന്നിട്ടോ? അവിടെ വല്ല ആണിയും നിന്നെ ഒടക്കിപ്പിടിച്ചോണ്ടോ?”
 +
 +
; കേശവൻകുഞ്ഞു്: “ആ കുപ്പച്ചാരു് എന്നെ അകത്തോട്ടു വിളിച്ചു.”
 +
 +
ചന്ത്രക്കാറന്റെ അഭിപ്രായപ്രകാരം, രാജ്യസമുദായഗൃഹകാര്യങ്ങളുടെ ജീവനാഡിയാകുന്ന ധർമ്മം ആജ്ഞാനുസരണമാണു്. ആജ്ഞാലംഘനാപരാധത്തെ തന്റെ ജീവസുഖത്തിനു് സന്നിപാതജ്വരം എന്നപോലെയാണു് അദ്ദേഹം ഗണിച്ചിരിക്കുന്നതു്. ഈ യുവാവിനെ ആ പരദേശസ്ത്രീകളുടെ പാർപ്പിടത്തിൽ കയറ്റരുതെന്നു് ആ സ്ത്രീകൾക്കു് പ്രത്യേകം കല്പനകൾ അദ്ദേഹം കൊടുത്തിട്ടുണ്ടായിരുന്നു. അവയെ ലംഘിച്ചുള്ള കുപ്പശ്ശാരുടെ പ്രവൃത്തിയെക്കുറിച്ചു് അദ്ദേഹത്തിനു് അറിവു് കിട്ടിയപ്പോൾ ആ സംഘത്തെ ആ സ്ഥലത്തുനിന്നു് ആകപ്പാടെ തുരത്തിയേക്കുന്നുണ്ടെന്നു് നിശ്ചയിച്ചു എങ്കിലും അതിയായ ഒരു ക്ഷീണവും ദയനീയതയും തന്റെ അനന്തരവൻ കാണിക്കുകയാൽ അദ്ദേഹത്തിന്റെ കോപം പകർന്നു്, പുച്ഛം, ഹാസ്യം, വിനോദം ഇങ്ങനെ ഓരോ പടികളിൽക്കൂടി കരുണയിൽ ചെന്നവസാനിച്ചു. അനന്തരവനുതന്നെ തന്റെ പ്രതിഷേധകല്പന കൊടുത്തു്, തനിക്കു് അനിഷ്ടമായി സംഭവിക്കാവുന്ന ബാന്ധവത്തെ തടഞ്ഞുകളയാമെന്നു് നിശ്ചയിച്ചുകൊണ്ടു് അദ്ദേഹം എഴുന്നേറ്റു്, തളർന്നുവാടി നില്ക്കുന്ന അനന്തരവന്റെ സമീപത്തു് ചെന്നു്, ആ യുവാവിന്റെ മുഖത്തു് നോക്കിക്കൊണ്ടു്, ഇങ്ങനെ ആജ്ഞാപിച്ചു: “ഇനി ഒരു ദിവസി നീ അതിനകത്തു് കേറിപ്പോണെങ്കിലു് – ആഃ. ഇന്നുതന്നെ സാമി തിരുമുമ്പിലു് അവരെ പേയാട്ടം എന്തരു ചേലായിരുന്നു! ഛീ! ഛീ! – ഛവങ്ങളു്! ആ പെണ്ണുങ്ങളാരെന്നു നിനക്കറിയാമോ?”
 +
 +
; കേശവൻകുഞ്ഞു്: “അമ്മാവന്റെ ആദ്യത്തെ ഭാര്യയുടെ അമ്മയും മകളും –”
 +
 +
ഉടയാൻ പിള്ളയുടെ നാസികഗോളദ്വാരങ്ങൾ വിടർന്നു്, നേത്രച്ഛായ പകർന്നു് ഇടയ്ക്കിടെ ഇമകൾ അടഞ്ഞു്, നെഞ്ചു് അമർന്നു പൊങ്ങി –  ഇങ്ങനെയുള്ള ചേഷ്ടാഭാവങ്ങൾകൊണ്ടു് പൊട്ടാൻ തുടങ്ങിയ ചിരിയെ അദ്ദേഹം ബഹുസാഹസം ചെയ്തു് അമർത്തി തന്റെ അനന്തരവൻ ആ ഭവനത്തിൽ പ്രവേശിച്ചിരിക്കുന്നതും ന്യായത്തേയും മുറയേയും ആസ്പദമാക്കി ആണല്ലൊ എന്നു ചന്ത്രക്കാറൻ ആശ്വസിച്ചു. വൃദ്ധയുടെ ജാമാതാവും യുവസുന്ദരിയുടെ ജനകനുമാകാൻ തനിക്കു മഹിമയും സുഭഗതയുമുണ്ടെന്നു് അനന്തരവനു തോന്നീട്ടുള്ളതും തന്റെ വമ്പത്വത്തിനു് സന്തുഷ്ടിപ്രദമായിത്തീർന്നു. “എന്റെ അമ്മാവീം മകളുമോ? ഏതു് യ്യാഗരണത്തീന്നു് പിടിച്ചു അതു്? അവർ നമുക്കു് ചേരാൻ കൊള്ളണവരല്ല! ഞാനിരിക്കെ നീ ഒന്നും അറിയണ്ട. പോട്ടിൽ പാടണതു് പാമ്പു്. അവിടെക്കൊണ്ടു് ചെവിവച്ചാൽ കൊത്തും! കൊത്തും! പോ! ഫോ! പോരായ്മ ഒന്നും വരുത്തരുതു് – അല്ലെങ്കി നില്ലു്.” ഇങ്ങനെ പറഞ്ഞുകൊണ്ടു് അനന്തരവന്റെ കാതിൽ കിടന്ന ചെറിയ ചുവപ്പുവച്ച കടുക്കൻ അഴിച്ചുകൊണ്ടു് പകരം തന്റെ കൈയിൽ ഇരുന്നിരുന്ന കനൽക്കട്ട കുണ്ഡലങ്ങളെ അയാളുടെ കർണ്ണങ്ങളിൽ സംഘടിപ്പിച്ചു. മുതുകിൽ തലോടിയോ എന്നു സംശയം തോന്നുമാറു് ഒന്നു സ്പർശിച്ചതിന്റെശേഷം, അനന്തരവനെ യാത്രയാക്കി. കേശവൻകുഞ്ഞു് കിഴക്കേവശത്തു പോയി കുറച്ചുനേരം പരുഷാലോചനയോടുകൂടിയിരുന്നു. അന്നു രാവിലെയും തന്നാൽ ദർശിക്കപ്പെട്ട മനോഹാരിതയുടേയും ആത്മശുദ്ധിയുടേയും ആവാസമായ ആ ബാലികയെ എങ്ങനെ കുലഭ്രഷ്ടയായി സങ്കൽപിക്കും? സാധുത്വവും പ്രൗഢിയും സൗന്ദര്യവും സൗശീല്യവും ഗാംഭീര്യവും സ്നേഹവും മഹത്വവും സംയോജിച്ചു് അധിവസിക്കുന്ന ആ ക്ഷേത്രത്തെ എങ്ങനെ താൻ തിരസ്കരിക്കും? അമ്മാവന്റെ ഗുണദോഷം രണ്ടുമൂന്നു മാസങ്ങൾക്കുക് മുമ്പു് ലഭിച്ചിരുന്നുവെങ്കിൽ തന്റെ പുരുഷത്വത്തിനും സത്യനിഷ്ഠയ്ക്കും ഭംഗംവരുത്താതെ താൻ നടന്നുകൊള്ളുമായിരുന്നു. ഇങ്ങനെ ആലോചിച്ചു്, തൽക്കാലം കരണീയമെന്തെന്നു ചിന്ത തുടങ്ങി. ‘ഇനി’ ഒരു ദിവസം ആ ഭവനത്തിനകത്തു കേറിപ്പോകരുതെന്നാണല്ലോ കാരണവരുടെ ആജ്ഞ എന്നും, ആ സ്ഥിതിക്കു് അടുത്ത ദിവസം ഉദിക്കുന്നതുവരെ അവിടെ പ്രവേശിക്കുന്നതിനു് പ്രതിബന്ധമില്ലല്ലോ എന്നും ആ താർക്കികൻ വാദിച്ചു. ക്ഷീണപ്രതിജ്ഞന്മാർ അകൃത്യാനുകരണത്തിനു് കണ്ടുപിടിക്കുന്ന ഏതദ്വിധമായ യുക്തിവാദത്തോടുകൂടി കാരണവരുടെ ആജ്ഞയെ അനുസരിക്കുന്നതിനു് ഉറച്ചിരുന്ന കേശവൻകുഞ്ഞു് തളത്തിൽനിന്നും തിണ്ണയിൽ ഇറങ്ങി ഒട്ടുലാത്തി. അവിടെ നിന്നും മുറ്റത്തും മുറ്റത്തുനിന്നു് പടി വാതുക്കലും എത്തി. അയാളുടെ അന്തഃക്ഷോഭത്തിനിടയിൽ, അനുമതികൂടാതെ പാദങ്ങൾ സ്വതന്ത്രചരണംചെയ്തു് അയാളെ മന്ത്രക്കൂടത്തുപടിക്കൽ എത്തിച്ചു; പടിവാതുക്കൽ അയാളുടെ കൈ മുട്ടിയതും അനുവാദാനുസാരമായല്ല. ആ സംഘട്ടനാർത്ഥത്തെ ഗ്രഹിച്ചു് കുപ്പശ്ശാർ വാതിൽ തുറന്നതു്, ‘ദിനമപി രജനീ സായംപ്രാതഃ’ എന്നു് കാലചക്രഭ്രമണത്തിൽ പ്രകൃതിനീത്യനുസരണമായി നടക്കുന്ന ഒരു സംഭവംപോലെ കഴിഞ്ഞു.
 
{{SFN/Dharmaraja}}
 
{{SFN/Dharmaraja}}

Latest revision as of 15:28, 26 October 2017

ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“പാരപ്പെട്ടമരത്തിലിരുന്തല്ലൊ
പല്ലി വന്തു് വലംതോളിലെ വീഴ-
തൊട്ടതൊട്ട കുറിപലം പൊല്ലാതെ
തോകയർതാനും മാഴ്കുതെ, …”

കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്കു് ചന്ദ്രഹാസഖഡ്ഗം വിശ്രവസ്സിന്റെ ദ്വിതീയപുത്രനു സംഭാവനയായി കിട്ടി. ആ വീരാഗ്രഗണ്യന്റെ ആത്മഹത്യാശ്രമം അക്ഷയദശകണ്ഠത്വം കൊണ്ടു് അനുഗ്രഹിക്കപ്പെട്ടു. ഇങ്ങനെ ക്രിയയ്ക്കും ഫലത്തിനും തമ്മിലുള്ള വിരുദ്ധതകൊണ്ടു് ദൈവജ്ഞാധീനന്മാരല്ലാത്ത ഒരുകൂട്ടം പരാക്രമികൾ ലോകത്തിൽ വിജയിക്കുന്നുണ്ടെന്നു് മനുഷ്യാനുഭവത്തിൽ കാണപ്പെടുന്നു. ഈ വക ജേതാക്കളുടെ മണ്ഡലത്തിൽ ഒരു സ്ഥാനത്തിനു് നമ്മുടെ ചന്ത്രക്കാറനും അവകാശമുണ്ടായിരുന്നു. തന്റെ സങ്കല്പമാത്രം കൊണ്ടു് സ്ഥലകാലദൂരതകളെ വിച്ഛേദിക്കാൻ മതിയാകുമായിരുന്ന അധികാരബലം അദ്ദേഹത്തിനും അധീനമായിരുന്നു. എങ്കിലും, ചില ഒരുക്കങ്ങൾ ചെയ്‌വാനും മഴയും മഞ്ഞും മാറിയുള്ള അവസരത്തെ പ്രതീക്ഷിച്ചും, ഹരിപഞ്ചാനനസൽക്കാര മഹോത്സവത്തെ ഫാൽഗുനമാസത്തേക്കു മാറ്റിവച്ചു. ആ യോഗീശ്വരനുമായുണ്ടായ സന്ദർശനം കഴിഞ്ഞു് മടങ്ങിയതിന്റെശേഷം ചന്ത്രക്കാറന്റെ ഭാവത്തിനു വളരെ പകർച്ചയുണ്ടായി. ജീവലോകസഹജമായുള്ള അവസ്ഥാത്രയത്തിലും അദ്ദേഹം തന്റെ ദളവാപീഠത്തെ മനോഭ്യസനം ചെയ്തു. ഉദ്യോഗസ്ഥപ്രധാനന്മാർ അനുഷ്ഠിക്കുന്നതായി കണ്ടിട്ടുള്ള ഉദയസ്നാനാദിദിനചര്യാക്രമങ്ങളേയും വസ്ത്രധാരണസമ്പ്രദായങ്ങളേയും കൈക്കൊണ്ടുതുടങ്ങി. അരാജസങ്ങളായ ‘അമ്മണാ’ദി ശബ്ദങ്ങളെ ഉപേക്ഷിച്ചു്, രാജസഭാമാന്യമായുള്ള ‘അനിയാ’ദി സംസ്കൃതസംബന്ധികളായ പദങ്ങളെ സ്വീകരിച്ചു്, സംഭാഷണരീതിയേയും ഒന്നു നവീകരിച്ചു. അദ്ദേഹത്തിന്റെ പരിചിതവർഗ്ഗത്തിനു് നിർഭരമായ ആശ്ചര്യത്തെ ഉണ്ടാക്കുമാറു് ഭാര്യാപുത്രാദികളേയും പ്രഭുകുടുംബാംഗങ്ങളായി പെരുമാറുന്നതിനു് അവരെ ഉചിതകളാക്കിത്തീർപ്പാൻ തക്കവണ്ണം പരിഷ്കൃതരീതിയിലുള്ള ദിനചര്യാപാഠപദ്ധതികളെ അദ്ധ്യയനം ചെയ്യിച്ചു. രാജ്യഭാരനായകത്വത്തെ വഹിക്കുന്നതിനു് ഒരു ചൊല്ലിയാട്ടമായി സങ്കല്പിച്ചു്, ഹരിപഞ്ചനാനസൽക്കാരത്തെ ആത്മജീവസർവ്വസ്വദാനത്താലും നിർവഹിപ്പാൻ ചന്ത്രക്കാറൻ ബദ്ധകങ്കണനും ആയി. മുതലെടുപ്പിനെ സർവ്വഥാ പോഷിപ്പിച്ചും ചെലവുഭാഗത്തെ പൂജ്യമായി ശോഷിപ്പിച്ചും നടത്തേണ്ട ജഗജ്ജയമനനത്തെ ഹൃദിസ്ഥിതമാക്കീട്ടുള്ള ചന്ത്രക്കാറമനീഷിക്കു്, ഈ പരീക്ഷ വൃഥാശ്രമമായിരുന്നു. ത്രിമൂർത്തികൾ തന്നെ പ്രത്യക്ഷരായി ശാശ്വതസായൂജ്യമോ അല്പകാലദളവാപദമോ വേണ്ടതെന്നു് ചന്ത്രക്കാറനോടു ചോദ്യം ചെയ്തിരുന്നാൽ, ആ ഉദ്യോഗത്തിന്റെ മുദ്രാംഗുലീയവും ഖഡ്ഗവും ധരിപ്പാനുള്ള സൗഭാഗ്യം നൊടിയിടനേരത്തേക്കെങ്കിലും നല്കി അനുഗ്രഹിച്ചാൽ മതിയാകുമെന്നു് നിസ്സംശയമായി അദ്ദേഹം പ്രാർത്ഥിച്ചുപോകുമായിരുന്നു. ഈവിധം മന്ത്രിസ്ഥാനതൃഷ്ണയാൽ എരിപൊരിക്കൊള്ളുന്ന ചന്ത്രക്കാറൻ യോഗീശ്വരാഗനമഹോത്സവത്തെ, ‘ഇരയിട്ടാലെ മീൻ പിടിക്കാവൂ’ എന്നുള്ള ദാശപ്രമാണത്തെ ആസ്പദമാക്കി, അത്യാഡംബരത്തോടുകൂടിത്തന്നെ ആഘോഷിക്കാൻ സന്നദ്ധനായി.

യോഗീശ്വരന്റെ എതിരേല്പിനു് ചിലമ്പിനേത്തുഭവനത്തിൽ നിന്നു് കാൽ കാതം അകലത്തുള്ള ഒരു ജലാശയത്തിന്റെ തീരത്തിൽ അദ്ദേഹത്തിനു് രാത്രി പള്ളിയുറക്കത്തിനും തേവാരത്തിനും വേണ്ടപുരകൾ മുതലായതും, ആ സ്ഥലംമുതൽ ഭവനംവരെ അവിടവിടെ തോരണങ്ങൾകൊണ്ടു് അലങ്കരിക്കപ്പെട്ട ഒരു വിസ്തൃതമായ നിരത്തും, ഭവനപ്പടിക്കൽ ഗംഭീരമായ മകരതോരണവും, ഭവനവിളപ്പിനകത്തു് സൽക്കാരത്തിനും സദ്യയ്ക്കും വിതാനിക്കപ്പെട്ട നെടുമ്പുരകളും ചന്ത്രക്കാറപ്രഭുവിന്റെ വട്ടക്കണ്ണുകൾ ഒന്നടച്ചുതുറന്നതുകൊണ്ടുമാത്രം പണിതീർന്നു. അലങ്കാരാവശ്യങ്ങൾക്കായി, വാഴക്കുല, കുരുത്തോല, കമുകിൻപൂക്കുല എന്നിവ ദാരിദ്ര്യംകൂടാതെ ശേഖരിക്കപ്പെട്ടിരുന്നതിന്റെ ഫലമായി സമീപവാസികളുടെ ഗൃഹങ്ങളിൽ കുറച്ചുകാലത്തേക്കു് ദാരിദ്ര്യേശ്വരീപ്രതിഷ്ഠാപനവും നിർവ്വഹിക്കപ്പെട്ടു – അതാരറിഞ്ഞു? – ചിലമ്പിനേത്തുഭവനത്തിൽ സംഭരിക്കപ്പെട്ട സസ്യാദിവിഭവങ്ങൾക്കും, ആ ഭവനത്തിലെ അറകളിൽനിന്നും പുറത്തിറക്കപ്പെട്ട പൊൻ, വെള്ളി, വെങ്കലപാത്രങ്ങൾക്കും, ചന്ത്രക്കാറനെ സഹായിപ്പാൻ കൂടിയ പുരുഷാരത്തിനും കണക്കില്ലായിരുന്നു. എന്നാൽ യോഗീശ്വരന്റെ ഭിക്ഷയ്ക്കു് അരിയും, കായ്കറിക്കോപ്പുകളും തൈരും വിറകും മുളകും മറ്റും ഇനത്തിമ്പടി ഇത്രവീതമെന്നും, ഇന്നതിന്നതു് ഭരിപ്പാൻ ഇന്നാരിന്നാരെന്നും കാണിച്ചും, അടക്കിബ്ഭരിപ്പാൻ പേർ ചാർത്താതേയും വിവരമായും നിഷ്കർഷാവാചകങ്ങളോടുകൂടിയും ഒരു വരിയോല ഉമ്മിണിപ്പിള്ള തയാറാക്കിയതു് “അടക്കിപരിപ്പും പഴവും നീതന്നളിയാ” എന്നുള്ള അഭിപ്രായസമന്വിതം ചന്ത്രക്കാറനാൽ അനുവദിക്കപ്പെട്ടു. മാമാവെങ്കിടൻ മന്ത്രക്കൂടത്തു് സംഘത്തിൽവച്ചും മീനാക്ഷീപരിണയത്തിനു് വരനിശ്ചയം ചെയ്തുകൊണ്ടിരുന്ന മുഹൂർത്തത്തിൽ, ചിലമ്പിനേത്തു് ഭവനത്തിനകത്തു് നടന്നുകൊണ്ടിരുന്ന കോലാഹലം അവർണ്ണനീയമായിരുന്നു. തൻകര, അയൽക്കരകളുൾപ്പെട്ട എല്ലാ കരകളിലെ നാഥന്മാരും, ആശാന്മാരും കുറുപ്പന്മാരും – എന്നല്ല, എളിമപ്പെട്ടവരും പലവക തൊഴിലന്മാരും —ഇങ്ങനെ പല പടിക്കാരായി കൂടിയ ശ്രമക്കാരിൽ “പാർത്ഥന്റെ അമ്പുകൊള്ളാതെയില്ലാരും കുരുക്കളിൽ” എന്നു് പറയപ്പെട്ടതുപോലെ, ചന്ത്രക്കാറന്റെ ഹസ്തഗദാഗ്രപതനം ഏൽക്കാതെ ആരും തന്നെ ശേഷിച്ചില്ല.

അർദ്ധരാത്രി അടുത്തപ്പോൾ ചന്ത്രക്കാറന്റെ പ്രതിനിധിയായി ഉമ്മിണിപ്പിള്ളയും ഏതാനും കരക്കാരും യോഗീശ്വരനെ എതിരേല്പാനായി മുൻപറഞ്ഞ കുളക്കരയിൽ ഹാജരായി. അതുവരെ നിർമ്മലനീലിമയോടു് പ്രകാശിച്ചിരുന്ന ആകാശപ്പന്തൽ പശ്ചിമസമുദ്രത്തിൽനിന്നു് ഉത്ഥിതങ്ങളായ മേഘപീതാംബരഖണ്ഡങ്ങൾക്കൊണ്ടു് സവിശേഷം വിതാനിക്കപ്പെടുന്നു. തങ്ങളുടെ അധോഭൂവിൽ നടക്കുന്ന വിക്രിയകളുടെ പ്രകൃതത്തേയും പരിണാമത്തേയും അറിവാനായി നക്ഷത്രവൃന്ദത്താൽ നിയോഗിക്കപ്പെട്ട ചാരന്മരെന്നപോലെ ചില രൂക്ഷവിദ്യുത്തുകൾ ആ മേഘങ്ങൾക്കിടയിൽക്കൂടി ഇടയ്ക്കിടെ എത്തിനോക്കി മറയുന്നു. ‘നക്ഷത്ര’ പ്രമാണന്മാരായ കഴക്കൂട്ടവാസികളാൽ ആരാധിതനായ ഒരു മഹാന്റെ ആഗമനസന്ദർഭത്തിൽ നക്ഷത്രേശനായ താൻകൂടി ആകാശമദ്ധ്യത്തിൽ നിലകൊള്ളുന്നതു് അനുചിതമെന്നു് കരുതിയോ, മദ്ധ്യാകാശഗതനായ ചന്ദ്രൻ പടിഞ്ഞാറോട്ടുമാറി മേഘമേൽക്കട്ടിക്കിടയിൽ മറയുന്നു. മേഘശകലങ്ങളിൽ ചിലതു് കാർഷ്ണ്യത്തെ അവലംബിച്ചു. ചന്ദ്രികാപ്രകാശം ക്ഷയിച്ചപ്പോൾ, നിശാചാരിത്രധ്വംസകന്മാരായ കാകന്മാർ കർണ്ണാരുന്തുദങ്ങളായ സംക്രന്ദനങ്ങൾകൊണ്ടു് തങ്ങളുടെ പ്രേമഗീതത്തെ വിസ്തരിച്ചു് തുടങ്ങി. ഈ അധർമ്മവൃത്തിയെ ശാസിക്കുന്നതിനെന്നപോലെ കിഴക്കുള്ള കുന്നുകളുടെ മുകളിൽ ധർമ്മസംരക്ഷകനായ പാകാരിയുടെ ഖഡ്ഗം ഇളകി പ്രകാശിച്ചു. ആകാശമുഖത്തിന്റെ കറുത്ത ഭാവങ്ങളും അകാലകാകധ്വനിയും ഉമ്മിണിപ്പിള്ളപ്രഭൃതികളെ അപശകുനശങ്കാവേശംകൊണ്ടു് വലയ്ക്കുന്നതിനിടയിൽ, ദൂരത്തുനിന്നു് മൃദുലമായ മേനാമൂളലുകൾ കേൾക്കുമാറായി. ചന്ത്രക്കാറന്റെ പരിചാരകന്മാർ ദീപയഷ്ടികളും കുറ്റിവിളക്കുകളും കൊടിവിളക്കുകളും ചൊക്കപ്പനകളും കത്തിച്ചു് ആ സന്ദർഭത്തെ അമംഗളമാക്കാൻ ശ്രമിച്ച നക്ഷത്രചന്ദ്രാദികളുടെ ദർപ്പത്തെ വിച്ഛേദനംചെയ്തു. ഗജമായന്മാരായ പോണ്ടന്മാരുടെ ചുമലിൽ വഹിക്കപ്പെടുന്ന മേനാവിൽ ആരോഹണംചെയ്തു് ഹരിപഞ്ചാനനസ്വാമികൾ, പല്ലക്കു്, കുട, തഴ, വെഞ്ചാമരാദിസ്ഥാനസാമഗ്രികളോടുകൂടി അവതീർണ്ണനായി. ആ വൃത്താന്തത്തെ അടയാളവെടികളായ വാർത്താവാഹകന്മാർ ചിലമ്പിനേത്തറിയിച്ചു.

നാലാം യാമത്തിന്റെ ആരംഭത്തിൽ യോഗീശ്വരൻ ഗംഗയെ ഉണർത്തി, പള്ളിനീരാട്ടുകഴിച്ചു് പള്ളിത്തേവാരത്തിനായി പൂജാമുറിയിൽ പ്രവേശിച്ചു. ആ മുറിക്കകത്തെ അതിനിശ്ശബ്ദത ഉമ്മിണിപ്പിള്ള മുതലായവരുടെ മനസ്സിൽ യോഗീശ്വരന്റെ ഉഭയസമാധിയെ ദർശനംചെയ്‌വാൻ ബലവത്തായ കൗതുകമുണ്ടാക്കി. അവർ വൃദ്ധസിദ്ധപ്രഭൃതികളായ ഗുരുപാദാനുചരന്മാരിൽനിന്നു് പ്രതിബന്ധമൊന്നുംകൂടാതെ പൂജാശാലയ്ക്കകത്തോട്ടു് നോക്കാൻ തുനിഞ്ഞു. ചെറിയ ഭഗവതീവിഗ്രഹം വച്ചലങ്കരിക്കപ്പെട്ടിരുന്ന സിംഹാസനവും, അതിന്റെ പുറകിൽ ചില സാമാനങ്ങളും മുമ്പിൽ ചില വസ്ത്രങ്ങളും പൂജാപാത്രങ്ങളും അല്ലാതെ മറ്റൊന്നും അവിടെ കാൺമാനില്ലായിരുന്നു. യോഗീശ്വരന്റെ ജഡജീവങ്ങൾ അവിടെ ആകാശഗമനംചെയ്തിരുന്നതിനാലായിരിക്കാം, അദ്ദേഹത്തിന്റെ സാന്നിദ്ധ്യദർശനം അവർക്കു് സാദ്ധ്യമായില്ല. ഉമ്മിണിപ്പിള്ള മുതലായവർ അവിവേകംമൂലം ചെയ്ത പരീക്ഷണത്തെപ്പറ്റി അത്യധികം അനുശോചിച്ചും; ആത്മനാ, അപരാധക്ഷമാപ്രാർത്ഥനകൾ ചെയ്തും, പുറത്തിറങ്ങി നിരുല്ലാസന്മാരായി ദ്വാരപാലവൃത്തിയെ അനുഷ്ഠിച്ചു.

മറ്റുകാലങ്ങളിൽ നിർജ്ജനമായുള്ള ആ പ്രദേശം ഒട്ടുകഴിഞ്ഞപ്പോൾ ജീവജാലനിബിഡമായും, സഞ്ചാരസ്ഥലമില്ലാതെ ശബ്ദഘോഷമുഖരിതമായും തീർന്നു. ചന്ത്രക്കാറന്റെ ഉത്സാഹവിലാസത്തോടുകൂടിയ ഗർജ്ജിതാജ്ഞകൾ സകല ചേഷ്ടകൾക്കും ധ്വനികൾക്കും ഉപരിയായി മുഴങ്ങിത്തുടങ്ങി. കളപ്രാക്കോട്ടയിൽ വൈഷ്ണവ ഹരിപഞ്ചാനനന്റെ തിരസ്കൃതിയെ സമാരാധനംചെയ്ത് സൂര്യകിരണങ്ങൾ തന്നെ കഴക്കൂട്ടത്തെ ജലാശയതീരത്തിൽ കാഷായാംബരധരനായ ശൈവഹരിപഞ്ചാനനന്റെ ആവിർഭാവത്തേയും സമാരാധനം ചെയ്തു. തൃശ്ശിവപേരൂർ, ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലെ പൂരപ്പൊടിപൂരത്തേയും ജയിച്ചു്, അണിവെടികൾ ഏകനിനാദമായിത്തീർന്നു്, പടിഞ്ഞാറു് സമുദ്രതരംഗനിരയിലും കിഴക്കു് പർവതശ്രേണിയിലും പ്രതിദ്ധ്വനിച്ചു. ബ്രഹ്മാണ്ഡകടാഹഭേദകമായുള്ള ആ ഭീഷണരവത്തേയും ജയിച്ചു്, “ജയശങ്കര! ജയഗോവിന്ദ! ജയജഗദംബികേ!” എന്നു് മാമാവെങ്കിടന്റെ പുറപ്പാടുകൊണ്ടു് പ്രേരിതന്മാരായി ഭക്ഷണപ്രതിഗ്രഹലോലുപന്മാരായി എത്തിയിരിക്കുന്ന ബ്രാഹ്മണർ കീർത്തിക്കുന്ന കോലാഹലവും, യോഗീശ്വരന്റെ സ്വന്തവും ചന്ത്രക്കാറനാൽ ഏർപ്പാടുചെയ്യപ്പെട്ടതുമായ നഗരാനാഗസ്വരാദിവാദ്യങ്ങളുടെ ഘോഷവും സാമാന്യജനങ്ങളുടെ ആർപ്പുവിളികളും പെണ്ണുങ്ങളുടെ മദമമത്സരത്തോടുകൂടിയ വായ്ക്കുരവകളും ചേർന്നു് യോഗീശ്വരഘോഷയാത്രാവൃത്താന്തത്തെ ഇന്ദ്രപദത്തിൽ എത്തിക്കുന്നു. മുകളിൽ ചപ്രവിതാനംകൂടാതെ പുഷ്പമാലകളും കസവുകുഞ്ചങ്ങളും കേസരങ്ങളുംകൊണ്ടു് അലങ്കരിക്കപ്പെട്ട ദണ്ഡത്തോടുകൂടിയ പല്ലക്കിൽ യോഗീശ്വരൻ ആരോഹണം ചെയ്യപ്പെട്ടു. വാഹകന്മാർ പല്ലക്കിനെ ഉയർത്തി, ബഹുശുഭ്രവസ്ത്രങ്ങൾകൊണ്ടു് സവിശേഷം വിസ്തൃതനായ ചന്ത്രക്കാറൻ പാർശ്വസേവനത്തോടുകൂടി, യോഗീശ്വരഘോഷയാത്രയ്ക്കു് സകലതും തയ്യാറായി. വഞ്ചിരാജസേനാനായകൻ ആകാൻ പോകുന്ന ചന്ത്രക്കാറന്റെ നേത്രാഞ്ചലജ്ഞാബലം കൊണ്ടു് ബഹുസഹസ്രജനസങ്കലനമായുള്ള ആ സംഘം വഴിമദ്ധ്യത്തിൽ വിരിക്കപ്പെട്ടു തുടങ്ങിയ രസികൻ കുന്നുമണലിനു ഭംഗിഭംഗം വരുത്താതെയും, കാലോടുകാലു തട്ടാതെയും, തോളോടുതോളുരുമ്മാതെയും കവാത്തുമുറയ്ക്കു് നടകൊള്ളുന്നതിനു് രണ്ടണിയായി നിരന്നുനിന്നു. പൊന്നണിഞ്ഞുള്ള ഗജങ്ങളും കൊടിതഴകളും പ്രസ്ഥാനത്തിന്റെ പ്രഥമാംഗമായി അണിയിട്ടു. ചെകിടുപൊടിപെടുത്തുന്ന പടഹാദിവാദ്യക്കാർ കാഹളാദിസമേദം ഗജനടകൾക്കു് പുറകിൽ നിരന്നു. അനന്തരം കോലടിക്കാർ, കല്യാണക്കളിക്കാർ, പാണ്ടിവാദ്യക്കാർ എന്നിങ്ങനെ ഓരോ സംഘം അനുക്രമമായി നിലകൊണ്ടു. അതിനടുത്തു് പുറകിൽ ഭജനസംഘവും പിന്നീടു് ബ്രാഹ്മണസംഘവും അതിനെത്തുടർന്നു് വിശേഷവിദഗ്ദ്ധന്മാരായ നാഗസ്വരക്കാരും, അവരുടെ പിന്നിൽ അഷ്ടമംഗല്യം വഹിച്ചുള്ള കന്യാജനങ്ങളും, രാജശാസനയാലെന്നവണ്ണം കൃത്യമായും കുഴപ്പങ്ങൾ കൂടാതെയും പുറപ്പാടുവട്ടത്തെ പുഷ്ടീകരിച്ചു. അനന്തരം യോഗീശ്വരബിരുദവാഹകന്മാരും പരിവാരങ്ങളും യോഗീശ്വരപര്യങ്കവും പൗരജനങ്ങളും, ഇങ്ങനെ പർവവിഭാഗം ചെയ്തു് പുറപ്പെട്ടു് തുടങ്ങിയ ഘോഷയാത്ര കേരളത്തിൽ “ന ഭൂതോ ന ഭവിഷ്യതി.” തുരുതുരെ എത്തി സംഖ്യകൂട്ടുന്ന ബ്രാഹ്മണസംഘങ്ങളെ സ്തോത്രഗീതങ്ങളും, ചെണ്ട മുതലായ വാദ്യങ്ങൾ താളസ്വരലംഘികളായിത്തകർക്കുന്ന ആരവവും ഇടയ്ക്കിടെ പുറപ്പെടുന്ന “ഗോവിന്ദനാമസങ്കീർത്തനം! ഗോവിന്ദാ! ഗോവിന്ദാ!” എന്നുള്ള ആർപ്പുകളും, വൃദ്ധന്മാരിൽ രോമാഞ്ചത്തേയും യുവാക്കളിൽ ഉന്മേഷത്തേയും ബാലന്മാരിൽ ക്രീഡോത്സാഹത്തേയും ഉടയാൻ പിള്ളയുടെ മനഃപത്മത്തിൽ ചാരിതാർത്ഥ്യമധുവിനേയും ഉല്പാദിപ്പിക്കുന്നു. ഭക്തിപാരവശ്യംകൊണ്ടു് പുരുഷന്മാരും, ബാധോപദ്രവതുല്യമായ ഭ്രമംകൊണ്ടു് സ്ത്രീകളും, ചിലർ തുള്ളിത്തുടങ്ങുന്നു; ഉപവാസത്തിനിടയിൽ ഉദയസൂര്യരശ്മികൾ തട്ടുകയാലും, വാദ്യഘോഷത്തിന്റെ ഇടയ്ക്കിടെ തീരുന്ന വെടികളുടേയും ബഹളങ്ങൾകൊണ്ടു് സിരാബന്ധങ്ങൾ ക്ഷീണിച്ചും ചിലർ മോഹാലസ്യപ്പെട്ടും വീഴുന്നു. ഇവരുടെ ആലസ്യപരിഹാരത്തിനായി ശ്രമിച്ചു് മറ്റു ചിലർക്കു് ക്ഷീണം വർദ്ധിക്കുന്നതിനിടയിൽ, ഉത്സാഹമൂർച്ചയോടുകൂടി വാദ്യക്കാർ തങ്ങളുടെ മേളകളകളത്തെ മുറുക്കുന്നു. സങ്കീർത്തനക്കാരും, കല്യാണ ആർപ്പുകാരും, കുരവക്കാരികളും പുഷ്ടോത്സാഹരായി മത്സരം കലർന്നു് തങ്ങളുടെ ശബ്ദനാളശക്തിയെ പരീക്ഷിക്കുന്നു. എല്ലാത്തിനും സ്ഥായിസൂത്രമെന്നോണം യോഗീശ്വരന്റെ പ്രധാന അന്തേവാസിയായ ഉമ്മിണിപ്പിള്ള കൊമ്പനാനകളുടെ വാലുകൾതൊട്ടു് കണ്ണിൽവച്ചും, കോലടിക്കാർക്കു് പാതാളച്ചൂണ്ടു്, ആകാശവീച്ചു്, എന്നു ചില പൊടിക്കൈകൾ ഉപദേശിച്ചും കല്യാണക്കളിക്കാരോടുചേർന്നു് ചില ചോടുകൾ ചവിട്ടിയും, പരിചിതരായ ബ്രാഹ്മണരുടെ വീശുപുടവകളെ തട്ടിത്തെറിപ്പിച്ചും, അഷ്ടമംഗല്യവാഹിനികളുടെ അണികൾ ശരിയിടീച്ചും; യോഗീശ്വരവാഹനത്തിനു് അപ്രദക്ഷിണങ്ങൾ ചെയ്തും; അദ്ദേഹത്തിന്റെ ഭടന്മാരെ ദേശവിശേഷങ്ങൾ പഠനംചെയ്യിച്ചും, ചെണ്ടക്കോലിനടിയിലും കൊടക്കാരുടെ കക്ഷത്തിനിടയിലും വെടിക്കാരുടെ ചൂട്ടിന്മുനകളിലും ഏകകാലത്തിൽ പെരുമാറിയും, ഒരു കൈയിൽ വിശറിയും മറ്റതിൽ കച്ചമുണ്ടുമായി, അഴിഞ്ഞുപറക്കുന്ന കുടമ കെട്ടാൻ സമയം കിട്ടാതെ, അങ്ങോട്ടോടി, ഇങ്ങോട്ടു് പാഞ്ഞു്, അവിടെത്തിക്കി, ഇവിടെത്തള്ളി, ഒരിടത്തു് ഒട്ടുവിശ്രമിച്ചു്, മറ്റൊരിടത്തു് ഉത്സാഹം കൊണ്ടു് ആടി, ഇങ്ങനെയുള്ള ചടുലഗതിക്കിടയിൽ തനിക്കും എല്ലാവർക്കും വീശിയും സർവാധികാരഭരണം നിർവഹിച്ചു്, സർവ്വത്ര വിലസുന്നതു് മാത്രം കൊണ്ടു് ഈ പ്രസ്ഥാനത്തിനു് ഘോഷയാത്ര എന്നപേരു് പ്രത്യക്ഷരം അർത്ഥവത്തായിരിക്കുന്നു.

നീരാളപരിവേഷ്ടിതമായ പല്ലക്കിന്മേൽ ആരൂഢനായി നഭോദേശത്തേക്കു് ഉയർന്നപ്പോൾ, ആ യോഗീശ്വരൻ, പ്രകൃത്യാ ശൈവതേജോമയനെങ്കിലും ബാലഗോവിന്ദതുല്യവിഗ്രഹനായും കരുണാകുലനേത്രനായും ആർദ്രഹസിതനായും കാണപ്പെട്ടു. അദ്ദേഹത്തിന്റെ ദീപ്രതരമായ ദൃഷ്ടിപാതം ഭൂതജാലങ്ങളുടെ ഇന്ദ്രിയവൃത്തിയെ നിരോധിക്കാറുള്ളതുപോലെ, കഴക്കൂട്ടത്തുപ്രദേശത്തിന്റെ സന്ദർശനം മന്ത്രശക്തിയാലെന്നപോലെ യോഗീശ്വരന്റെ ബാഹ്യാന്തഃകരണങ്ങളേയും പാടേ സ്തംഭിപ്പിച്ചു. യോഗിജീവിതത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങൾകൊണ്ടു് സമുഗ്രതരമാക്കപ്പെട്ടതെങ്കിലും, അദ്ദേഹത്തിന്റെ ഹൃദയം മജ്ജാമാംസരക്തസങ്കലിതരായ മനുഷ്യർക്കു് സാധാരണങ്ങളായ വികാരങ്ങളാൽ അസ്പൃഷ്ടമല്ലായിരുന്നു എന്നു തോന്നിപ്പിക്കുമാറു് അദ്ദേഹത്തിന്റെ നേത്രങ്ങൾ ആ ദേശത്തിന്റെ പ്രകൃതി വിലാസചാതുര്യത്തെ ദർശനം ചെയ്‌വാൻ കൗതുകത്തോടുകൂടി നാലു ദിക്കിങ്കലും സഞ്ചാരം തുടങ്ങി. അദ്ദേഹത്തിന്റെ നേത്രങ്ങളോടിടഞ്ഞ ഓരോ വൃക്ഷാഗ്രവും ഗൃഹകൂടവും അദ്ദേഹത്തിന്റെ മനസ്സിൽ ക്ഷേത്രാദിപുണ്യസ്ഥലങ്ങൾക്കു് മാത്രം ശക്യമായുള്ള ഒരു ആനന്ദാനുഭൂതിയെ അങ്കുരിപ്പിച്ചു. യോഗീശ്വരൻ തന്റെ ആത്മീയശക്തികൊണ്ടു് ചന്ത്രക്കാറനെ വ്യാമോഹിപ്പിച്ചു എങ്കിൽ, ഇതാ ചന്ത്രക്കാറന്റെ ലൗകീകത്തിരിപ്പാൽ യോഗീശ്വരൻ ചഞ്ചലചിത്തനായി, മൂഢസാധാരണമായുള്ള പരവശതകളെ പ്രദർശിപ്പിച്ചുതുടങ്ങിയിരിക്കുന്നു. പ്രപഞ്ചബന്ധവിമുക്തനായി അക്ഷോഭ്യബ്രഹ്മയനായി ജനങ്ങൾക്കു് കാണപ്പെടുന്ന ആ യോഗിപരമഹംസന്റെ മനസ്സിൽ പൊങ്ങിത്തിളച്ചുകൊണ്ടിരുന്ന വിചാരങ്ങൾ എന്തായിരുന്നിരിക്കാം? ഓരോ നേത്രത്തിലും നിന്നു് ഓരോ അശ്രുധാര നാസികാപ്രാന്തമാർഗ്ഗമായി പ്രവഹിച്ചു് അധരപുടത്തേയും മീശയേയും നനച്ചുകൊണ്ടു് ഉദരത്തിൽ പതിക്കുന്നു. അന്തോളികയ്ക്കുള്ളിൽ അദ്ദേഹത്തെ ആവരണം ചെയ്യുന്ന സൂര്യപടോപധാനങ്ങൾക്കിടയിൽ സ്ഥാനത്തിനും സന്ദർഭത്തിനും ഉചിതമായ പ്രൗഢതയോടുകൂടി സ്ഥിതിചെയ്യുന്നതിനു് അജയ്യങ്ങളായ എന്തോ ചേതോവികാരക്ഷോഭങ്ങൾ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നു് അസ്വാസ്ഥ്യസൂചകങ്ങളായ ചില അംഗചലനങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നു. താൻ തരണംചെയ്യുന്ന ആകാശത്തെ സ്വമാതൃസ്തനപയസ്സെന്നപോലെ അദ്ദേഹം അത്യുൽക്കണ്ഠയോടെ പാനം ചെയ്യുന്നു. അന്തോളത്തിൽനിന്നു് താഴത്തുചാടി ആ പ്രദേശലക്ഷ്മിയെ പ്രണാമംചെയ്തുകളകയോ എന്നും അദ്ദേഹത്തിനു് ഒരു വ്യാമോഹാവേശം ഉണ്ടാകുന്നു. ‘സർവം ബ്രഹ്മമയം’ എന്നുള്ള തത്വം കൊണ്ടു് പരിപൂരിതമായ അദ്ദേഹത്തിന്റെ പാവനഹൃദയത്തിൽ ഇങ്ങനെയുള്ള വികാരങ്ങൾ അങ്കുരിച്ചതു് ഏതു ജന്മത്തെ ബന്ധത്തിന്റെ ഫലമെന്നുള്ള രഹസ്യം തൽക്കാലം രഹസ്യനിലയിൽത്തന്നെ ഇരിക്കട്ടെ.

ആ ഘോഷയത്ര നാലഞ്ചു നാഴികകൊണ്ടു് ചിലമ്പിനേത്തു പടിക്കൽ എത്തി. അപ്പോളുണ്ടായ കോലാഹലം മുമ്പിലത്തേതിലേയും അതിശയിച്ചു് പ്രചണ്ഡമായപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ ‘യസരീകാഭരാഗു’ എന്നുള്ള ഘോഷധ്വനിയും മുഴങ്ങിത്തുടങ്ങി. അതിനെ ശാസിച്ചു് ഒരു വലിയ ശബ്ദം പടിക്കൽനിന്നും പുറപ്പെട്ടു. അതുകേട്ടുണർച്ചയുണ്ടായ ബ്രാഹ്മണസംഘം സന്ദർഭഗൗരവത്തെ മറന്നു് “മാമാക്കു ജേ, വെങ്കിടാക്കു ജേ!” എന്നു്, അതിരാവിലെ കുളി കുറി മുതലായതും കഴിഞ്ഞു് സമുദായാംഗവേഷത്തിൽ ചിലമ്പിനേത്തെത്തിയിരിക്കുന്ന മാമാവെങ്കിടനെ അഭിമാനിച്ചു്, തങ്ങൾ അറിയാതെ ഉൽഘോഷിച്ചുപോയി, അതിനേയും കോപപൂർവ്വം ഭത്സിച്ചുനില്ക്കുന്ന ഭീമാകാരനായ മാമനെക്കണ്ടപ്പോൾ ചന്ത്രക്കാറന്റെയും ഉമ്മിണിപ്പിള്ളയുടെയും ഉത്സാഹപ്രവാഹം പെട്ടെന്നു് ഒന്നു നിലച്ചു. എങ്കിലും അവർ ക്ഷണമാത്രത്തിൽ ഊർജ്ജിതഭാവത്തെ കൈക്കൊണ്ടു് കൈകൾ വീശിയപ്പോൾ, യാത്രാരംഭത്തിൽ ഉണ്ടായതുപോലെ വെടികളും കുരവകളും ആർപ്പുകളും സങ്കീർത്തനങ്ങളും വാദ്യഘോഷങ്ങളും, ഒത്തൊരുമിച്ചു തകർത്തു. ചിലമ്പിനേത്തു ഗോപുരദ്വാരത്തിൽ എത്തിയ പല്ലക്കിനെ താഴ്ത്തി അകത്തു കൊണ്ടുപോകുന്നതിനു് വാഹകന്മാർ ഒരുമ്പെടുന്നതിനിടയിൽ യോഗീശ്വരന്റെ കണ്ണുകൾ തെക്കോട്ടൊരു യാത്രചെയ്തു. അല്പം ദൂരത്തായി വിചിത്രവർണ്ണങ്ങളോടുകൂടിയ വസ്ത്രങ്ങളെ അകേരളീയസമ്പ്രദായത്തിൽ ധരിച്ചു നില്ക്കുന്ന രണ്ടു് സ്ത്രീകൾ അദ്ദേഹത്തിനു് നേത്രഗോചരമായി. അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായ സിംഹനോട്ടം അപ്പോൾ ആ മുഖത്തു് ആവർത്തനം ചെയ്തു. മോഹാവേശകിരണങ്ങൾ ആ കടുനീലനേത്രതാരങ്ങളിൽനിന്നു പുറപ്പെട്ടു. യോഗീശ്വരന്റെ നന്ദനീയമായുള്ള നന്ദകുമാരത്വം മാറി ഹരിപഞ്ചാനനപ്രൗഢി പിന്നെയും വിലസി. വാഹനത്തെ നിറുത്തുന്നതിനു് അദ്ദേഹത്തിൽനിന്നു് ഒരു കല്പന പുറപ്പെട്ടു. ചന്ത്രക്കാറനെ സമീപത്തു വിളിച്ചു്, ആ സ്ത്രീകൾ ആരാണെന്നു് ഗൂഢമായി ഒരു ചോദ്യത്തെ മന്ത്രിച്ചു. സ്വാശ്രയവർത്തിനികളായ ചില അനാഥകളാണെന്നു് നിസ്സാരകാര്യം പോലെ ചന്ത്രക്കാറന്റെ മറുപടിയും ആ സ്വരത്തിൽത്തന്നെ ഗൂഢതമമായി ഉണർത്തിക്കപ്പെട്ടു. പല്ലക്കിന്റെ തെക്കുവശത്തു് അപ്പോൾ നിലകൊണ്ടിരുന്ന ഉമ്മിണിപ്പിള്ളയുടെ നേത്രങ്ങൾ പ്രാർത്ഥനാശതങ്ങളെ സ്വാമിപാദങ്ങളിൽ സമർപ്പണം ചെയ്തു. സമർത്ഥനായ ഗുസ്തിക്കാരന്റെ കായസാധകത്തോടുകൂടി യോഗീശ്വരൻ പല്ലക്കിൽനിന്നും താഴത്തു ചാടി, സകല ഘോഷങ്ങളേയും ഒരു കരവിന്യാസംകൊണ്ടു് പ്രതിബന്ധനംചെയ്തു. തങ്ങളുടെ താൽക്കാലികമായ കേവലാവസ്ഥയ്ക്കു് അനുരൂപമായിക്കഴിപ്പാൻ പൂർവ്വദിവസത്തിൽ ചെയ്യപ്പെട്ട നിശ്ചയത്തെ വൃദ്ധയും ദൗഹിത്രിയും അനുഷ്ഠിച്ചതുകൊണ്ടു് ‘വന്നു കൂടിയതന്യഥാ.’ വസ്ത്രങ്ങളുടെ വർണ്ണവിശേഷത്താലും, അവയെ ധരിച്ചിരുന്ന രീതിഭേദത്താലും യോഗീശ്വരന്റെ ശ്രദ്ധ അവരിൽ ആകർഷിക്കപ്പെട്ടു. അവർ നിന്നിരുന്ന സ്ഥലത്തേക്കു് അദ്ദേഹം രാജരാജേശ്വരപ്രഭാവത്തോടുകൂടി നടന്നുതുടങ്ങി. യോഗീശ്വരന്റെ കാൽ നടയായ എഴുന്നള്ളത്തിൽ അദ്ദേഹത്തിന്റെ സ്ഥാനഗൗരവത്തെ പോഷിപ്പിക്കുന്നതിനോ തങ്ങളുടെ കുലധർമ്മത്തെ യഥാവിധി അനുഷ്ഠിക്കുന്നതിനോ, കഴക്കൂട്ടത്തെ വിഭൂതികാരകന്മാരായ പണ്ടാരങ്ങൾ തങ്ങളുടെ ശംഖങ്ങളെ ധ്വനിപ്പിച്ചു; കരയ്ക്കും കളരിക്കും നാഥന്മാരായ ആശാൻ, കുറുപ്പു് എന്നിവർ മുമ്പിൽ നടന്നു വഴികാട്ടി; ചാമുണ്ഡിക്കാവിലെ തറവാട്ടുപരമ്പരക്കാരനായ വെളിച്ചപ്പാടു് തുരുമ്പുപിടിച്ച ഖഡ്ഗത്തെ വഹിച്ചു് മുന്നകമ്പടി സേവിച്ചു; അക്ഷരവിദഗ്ദ്ധനായ ഉമ്മിണിപ്പിള്ള വിശറി മാറ്റി, ഒരു വെഞ്ചാമരം വഹിച്ചു് വീശിത്തുടങ്ങി; ചന്ത്രക്കാറിയുടെ കാരണവൻ രണ്ടാംമുണ്ടിനെ തലയിൽ കെട്ടിക്കൊണ്ടു് ചക്രവാളക്കുട പിടിച്ചു; ചന്ത്രക്കാറ സർവ്വസമ്രാട്ടു് യോഗീശ്വരന്റെ പാദുകത്തെ വഹിച്ചു. ഈ സന്നാഹങ്ങളൊന്നും തന്റെ മനസ്സിൽ കടക്കാതെ മന്ത്രക്കൂടദേവതകളുടെ ആവേശംകൊണ്ടെന്നപോലെ ബോധവർജ്ജിതനായ യോഗീശ്വരൻ ഇമനിമേഷങ്ങൾകൂടാതെ വൃദ്ധ നിന്നിരുന്ന സ്ഥലത്തെത്തി. മീനാക്ഷി പടിക്കകത്തു പ്രവേശിച്ചു്, കുപ്പശ്ശാരുടെ പുറകിലായി നിന്നു. അപ്പോൾ ഒരു നവസുകുമാരനായ ശശാങ്കന്റെ ദ്രുതതരാസ്തമയം ഉണ്ടായതിനെ സൂക്ഷ്മസൃഷ്ടിയായ യോഗീശ്വരൻ കാണാതിരുന്നില്ല. യോഗീശ്വരനെ തൊഴുന്നതിനായി മുകുളീകൃതമായ വൃദ്ധയുടെ കൈകളെ അദ്ദേഹം ക്ഷണത്തിൽ സ്വകരങ്ങളിൽ ഗ്രഹിച്ചു്, അഞ്ജലിനിരോധനംചെയ്തു. ഭർത്തൃസന്താനങ്ങളുടെ പരിചരണത്താൽ ക്ഷീണങ്ങളായ ആ കരങ്ങളെ ബാഷ്പപൂർണ്ണമായ നേത്രങ്ങളോടുകൂടി തന്റെ ശിരസ്സിന്മേൽ പതിപ്പിച്ചു് എന്തോ ഒരു പ്രണാമശ്ലോകത്തെ ചൊല്ലി അദ്ദേഹം വൃദ്ധയുടെ വയഃപൂർത്തിയെ ആരാധിച്ചു, ആ സംസ്പർശലാഭത്തിൽ വൃദ്ധയുടെ മനശ്ശരീരങ്ങൾ അനിർവാച്യമായ ദിവ്യാനന്ദലഹരിയെ ആസ്വദിച്ചു. ഈ വികാരത്തിന്റെ ബലത്താൽ വൃദ്ധയ്ക്കു് ശേഷിച്ചിട്ടുണ്ടായിരുന്ന കായബലം നശിക്കയും, സ്ത്രീവർഗ്ഗസാധാരണവും അപസ്മാരശങ്കയെ ജനിപ്പിക്കുന്നതുമായ ഒരു മൂർച്ഛയ്ക്കു് അധീനനായി അവർ യോഗീശ്വരന്റെ മാറിൽ പതിക്കയും ചെയ്തു. വൃദ്ധയുടെ മുഖത്തു് ഒന്നു സൂക്ഷിച്ചുനോക്കിയപ്പോൾ, യോഗീശ്വരന്റെ ശരീരവും കഠിനമായി വിറകൊണ്ടു. അദ്ദേഹം വിളറിയ മുഖത്തോടുകൂടി, ബോധശൂന്യനായി, കരുണാപരിഭൂതനായിട്ടു് വൃദ്ധയെ മാറോടണച്ചു് മുറുകെപ്പുണർന്നു. പരസ്പരകരബദ്ധരായി വൃദ്ധയും യോഗീശ്വരനും നില്ക്കുന്ന ഘട്ടത്തിൽ കുപ്പശ്ശാർ യോഗീശ്വരനെ നമസ്കാരംചെയ്തെഴുന്നേറ്റു് നിർഭരമായ ഭക്തിഭയങ്ങളോടുകൂടി വൃദ്ധയുടെ അടുത്തുചെന്നു് കണ്ണുനീർ വർഷിക്കുന്ന ആ സ്ത്രീയെ യോഗീശ്വരഭുജങ്ങളിൽനിന്നു് വേർപെടുത്തി സ്വരക്ഷയിൽ ഏറ്റു. യോഗീശ്വരൻ തന്റെ അച്ഛനും അമ്മാവനും അല്ലെന്നു് ഒരുദിവസംമുമ്പു് വാദിച്ച മീനാക്ഷി ഭക്ത്യാനന്ദാർദ്രനേത്രങ്ങളോടുകൂടി അദ്ദേഹത്തിന്റെ അഞ്ജലീപ്രണാമം ചെയ്തു് മാതാമഹിയുടെ പാർശ്വത്തിൽ സഹായത്തിനായി എത്തി. കണ്ടുനിന്നവർ യോഗീശ്വരന്റെ മനോമാർദ്ദവത്തെയും ഭൂതദയയേയും കൊണ്ടാടുകയും, ഇങ്ങനെ പരമഗുണവാനായ മഹാവധൂതനെ സൽക്കരിപ്പാൻ തങ്ങൾക്കുണ്ടായ ഭാഗ്യത്തെ നിനച്ചു് ആനന്ദസാഗരമഗ്നന്മാരാവുകയും ചെയ്തു.

ഹരിപഞ്ചാനനവാസത്തിനു് പ്രത്യേകം ഒരുക്കപ്പെട്ടതായ ഇരട്ട നിലച്ചവുക്കയിലേക്ക് ആദ്യമേതന്നെ അദ്ദേഹത്തെ എഴുന്നള്ളിക്കാതെ, പ്രധാനകെട്ടിടത്തിന്റെ നാലുകെട്ടിലുള്ള വിശാലമായ തളത്തിൽവെച്ചു് പ്രഥമസൽക്കാരം കഴിച്ചുകൊണ്ടു് ചന്ത്രക്കാറൻ യോഗീശ്വരന്റെ ആജ്ഞയെ കാത്തു് വിനീതനായി ദൂരത്തു മാറിനിന്നു. യോഗീശ്വരന്റെ മുഖം വിളറിയും ഓജസ്സു് വളരെ ക്ഷയിച്ചും സാധിഷ്ഠാനഭേദംചെയ്തു് അദ്ദേഹത്തിന്റെ അന്തഃകരണം വിപ്ലവംചെയ്യുന്നതുപോലെയും കാണപ്പെട്ടു. മീനാക്ഷിയുടെ സൗന്ദര്യസമുത്കർഷത്താൽ അദ്ദേഹം വശീകൃതനായി എന്നു ശങ്കിച്ചു്, ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും ആ സ്വയംകൃതാനർത്ഥത്തിന്റെ പരിണതിയെ ചിന്തിച്ചു്, ഓരോവിധമായ ഉപശാന്തിമാർഗ്ഗത്തെ കണ്ടുപിടിച്ചു. അഞ്ഞൂറിൽപരം ബ്രാഹ്മണർ കൂടിയപ്പോൾ മുറ്റത്തുള്ള നെടുമ്പുരകളിൽനിന്നു് വലുതായ ശബ്ദം മുഴങ്ങിത്തുടങ്ങി. അതിനെ യഥാശക്തി പോഷിപ്പിക്കാനെന്നപോലെ ‘ശത്തോം! ശത്തോം,’ എന്നും മറ്റും വിളികൂട്ടിക്കൊണ്ടു്, ഇതിനിടയിൽ കലവറയിലും, വയ്പു്, വിളമ്പു് മുതലായ നെടുമ്പുരകളിലും, ചവുക്ക, കുളിപ്പുര മുതലായ കെട്ടിടങ്ങളിലും, സർക്കീട്ടും പരിശോധനയും കഴിച്ചു് എത്തിയ മാമാവെങ്കിടൻ കെട്ടിനകത്തു കടന്നുകൂടി. ആ ബ്രാഹ്മണൻ, ‘ആശീർവാദമങ്കത്തെ’ എന്നു് ചന്ത്രക്കാറനെ അനുഗ്രഹിച്ചതിന്റെശേഷം, രണ്ടാം‌മുണ്ടിനെ ഒരു മടക്കു നിവർത്തു് പടിമേലിട്ടു്; അടുത്തുള്ള തൂണു് താൻ കേട്ടിട്ടുള്ളതിന്മണ്ണം ലോഹനിർമ്മിതംതന്നെയോ എന്നു നിർണ്ണയപ്പെടുത്താൻ അതിന്മേൽ നഖംകൊണ്ടു് ഒരു കലാശം കൊട്ടി വെങ്കലത്തൂണുതന്നെ എന്നു തീർച്ചയാക്കിക്കൊണ്ടു് അതിന്മേൽ ചാടി ഇരിപ്പുറപ്പിച്ചു. അന്നത്തെ പുറപ്പാടിനെക്കുറിച്ചു് “കേമമായി! കൗരവരുടെ ഘോഷയാത്രയും ഇത്ര കേമമായിട്ടില്ല” എന്നു് അയാൾ തുടങ്ങിയ പ്രശംസ ഉപമാനം ശരിയായിട്ടില്ലെന്നു തോന്നിയതിനാൽ “പുണ്ഡരീകനയനാ ജയ ജയ” “അല്ലൈ – ഇനി വരും കുശലങ്ങൾ മേൽക്കുമേലെ” എന്ന സന്ദർഭസംബന്ധമല്ലാതെയുള്ള ഗാനത്തിൽ അവസാനിച്ചു. ഈ അബദ്ധത്തിനു് ശുദ്ധിപത്രമായി ആ ഭവനവർണ്ണനയ്ക്കു് ആരംഭിച്ചപ്പോൾ, യോഗീശ്വരൻ വൃദ്ധയെ കാൺമാൻ പുറപ്പെട്ടതും അമ്മാളുക്കുട്ടിയെ കടാക്ഷിച്ചതും തനിക്കു് വേണ്ടി ആയിരിക്കാമെന്നു് വ്യാഖ്യാനിച്ചു്, ഉന്മാദം കൊണ്ടു തിളച്ചു്, ചന്ത്രക്കാറന്റെ സാന്നിദ്ധ്യത്തേയും മറന്നു് യോഗീശ്വരന്റെ ഇഷ്ടശിഷ്യനിലയിൽ അടുത്തുള്ള നിരമേൽ ചാരിനില്ക്കുന്ന ഉമ്മിണിപ്പിള്ളയെ മാമൻ കണ്ടു്, അയാളോടു് ഇങ്ങനെ കുശലംപറഞ്ഞു: “അടെ! എന്നെടാ, ഇന്നെയ്ക്കു് പുതുമാപ്പിളവട്ടമോ ഇരുക്കിടയൻ ദോശൈ ഇരുപത്തിനാലൈ ഒരു വായാലെ അമുക്കിറ ഈനാചാനാപുള്ളി!” ഇങ്ങനെയുള്ള അസംബന്ധപ്രകടനങ്ങൾ തുരുതുരെ പുറപ്പെട്ടവ യോഗീശ്വരന്റെ മനസ്സിനേയും ആകർഷിച്ചു എങ്കിലും, തന്റെ ആത്മാവിനെ ഗ്രസിച്ചിരുന്ന ഗാഢമായ വ്യാമോഹത്താൽ അന്ധനായിത്തീർന്നു്, മാർഗ്ഗദർശനത്തിനു് വിഷമപ്പെടുന്ന അദ്ദേഹം നിശ്ചേഷ്ടനായും സ്വാന്തർവേദനയെ മുഖത്തു് സ്ഫുരിപ്പിക്കാത്തതായ ഗൗരവത്തോടുകൂടിയും ഇരുന്നതേ ഉള്ളു. ആ ഗൗരവത്തെ മാമാവെങ്കിടന്റെ വാക്കുകളാൽ ഉല്‌പാദിതമായ നീരസമെന്നു വ്യാഖ്യാനിച്ചു്, ആ ബ്രാഹ്മണന്റെ കണ്ഠത്തെ ഛേദിച്ചുകളവാൻപോലും ചന്ത്രക്കാറൻ സന്നദ്ധനായി. എന്നാൽ യോഗീശ്വരനും ഉമ്മിണിപ്പിള്ളയും ബ്രാഹ്മണനു മഹാരാജാവിന്റെ സേവകനാണെന്നും, അതിനാൽ അയാളോടുള്ള പെരുമാറ്റം വളരെ സൂക്ഷിച്ചുവേണ്ടതാണെന്നും മുഖഭാവങ്ങൾകൊണ്ടു് ഗുണദോഷിച്ചു. ചന്ത്രക്കാറൻ വെളിയിൽ ഇറങ്ങി, ആർത്തുവിളിച്ചുകൊണ്ടിരുന്ന ബ്രാഹ്മണരോടു് ദേഷ്യപ്പെട്ടു് തന്റെ കോപത്തെ തീർത്തുകൊണ്ടു മടങ്ങിവന്നു. മാമാവെങ്കിടന്റെ വിടുവായത്തം സന്ദർഭത്തിന്റെ മഹിമയെ തീരെ ലംഘിക്കുമെന്നു ശങ്കിച്ചു് ഹരിപഞ്ചാനനൻ അദ്വൈതസാരപൂർണ്ണമായ ഒരു പ്രസംഗം കൊണ്ടു് കുറച്ചുനേരം കഴിച്ചതിന്റെശേഷം എഴുന്നേറ്റു് സംഗീതരസപൂർത്തിയാൽ മാമാവെങ്കിടന്നും ആശ്ചര്യമുണ്ടാക്കുംവണ്ണം ചില ശ്ലോകങ്ങൾ ചൊല്ലി ചന്ത്രക്കാറനെ അനുഗ്രഹിച്ചു. അനന്തരം പുറത്തുചെന്നു് ബ്രാഹ്മണസംഘത്തെ അഭിവാദനവും, ഭക്ഷണസമയത്തു തന്നോടു് ചേരുന്നതിനു് മാമാവെങ്കിടനെ ക്ഷണവുംചെയ്തുകൊണ്ടു്, ചന്ത്രക്കാറനാൽ നീതനായി തന്റെ പൂജയ്ക്കു് ഒരുക്കിയിട്ടുള്ള സ്ഥലത്തേക്കു യോഗീശ്വരൻ നടകൊണ്ടു.

രണ്ടാമതും സ്നാനംകഴിച്ചു് ഹരിപഞ്ചാനനൻ പൂജയ്ക്കാരംഭിച്ചു. പൂജാമുറിയിൽ പ്രവേശിച്ച യോഗീശ്വരനോടു് പരികർമ്മിയായ വൃദ്ധസിദ്ധൻ എന്തോ അദ്ദേഹത്തിന്റെ ഭാഷയിൽ ധരിപ്പിച്ചു. യോഗീശ്വരൻ പ്രചണ്ഡമായി കോപഭത്സനങ്ങൾ ചെയ്തുകൊണ്ടു്, വൃദ്ധസിദ്ധനോടു് എന്തോ അരുളിച്ചെയ്തു. അയാൾ പുറത്തുപോയി ഒരു ചെറിയ കരിംകുരങ്ങുസ്വരൂപനുമായി മടങ്ങിയെത്തി. രണ്ടാമതു പ്രവേശിച്ചവനോടു് യോഗീശ്വരൻ മൂർഖസ്വരത്തിൽ ചില ചോദ്യങ്ങൾചെയ്തു. പൂർവ്വരാത്രിയിൽ യോഗീശ്വരാജ്ഞപ്രകാരമുള്ള ആളോടു് തിരുവിതാംകൂർ വിട്ടു് തത്കാലം താമസിപ്പാൻ ഗുണദോഷിച്ചു് എന്നും അതിനു മറുപടിയായി അയാൾ ചിരിച്ചുകളഞ്ഞു എന്നും, അയാളെ ബോധംകെടുത്തിക്കൊണ്ടുപോയി ബന്ധനത്തിലാക്കി ഒളിക്കുന്നതിനു് ഭസ്മം പ്രയോഗിച്ചതിൽ ഫലിച്ചില്ലെന്നും, അതിനാൽ അയാളുടെ കൈയിലിരുന്ന നാരായത്തെ പിടിച്ചുപറിച്ചു് മാറിൽ കുത്തിയിറക്കിയിട്ടു് പോന്നു എന്നും ഭൃത്യൻ ബോധിപ്പിച്ചു. അനന്തരം തന്റെ വസ്ത്രത്തിനിടയിൽനിന്നു് ഒരു ചെറിയ പൊതിയെടുത്തു് യോഗീശ്വരന്റെ മുമ്പിൽ വച്ചു് നമസ്കരിച്ചു. അവൻ ഉടൻ തന്നെ ആ മുറിക്കകത്തുനിന്നു് അയയ്ക്കപ്പെട്ടു. ആ ഘട്ടത്തിൽ വൃദ്ധസിദ്ധൻ പരിചാരകഭാവം വിട്ടു് ഹരിപഞ്ചാനനനു് സിദ്ധിച്ചിട്ടുള്ള അധികാരത്തെക്കവിഞ്ഞു് നടത്തപ്പെട്ട ആ ദുഷ്ക്രിയയെ ഉടനെ തന്റെ നാഥനെ ധരിപ്പിക്കുമെന്നും അവിടുന്നു് മറുപടി വരുന്നതിനിടയിൽ ഇതിന്മണ്ണം ഇനി ഒരു ക്രിയകൂടി നടത്തപ്പെടുന്നെങ്കിൽ പരമാർത്ഥസ്ഥിതി എല്ലാം രാമവർമ്മമഹാരാജാവിനെ ധരിപ്പിക്കുമെന്നും ഗൗരവമായ ഒരു താക്കീതു് കൊടുത്തു. ചന്ത്രക്കാറനോടുള്ള പരിചയം തന്റെ ശ്രമങ്ങളെ പരാജയോന്മുഖമാക്കുന്നതിനെപ്പറ്റി ക്ലേശിച്ചു കൊണ്ടു് മറുപടിയൊന്നും പറയാതെ യോഗീശ്വരൻ അടങ്ങിയിരുന്നു.

ഭിക്ഷാമൃതേത്തുസമയത്തു് യോഗീശ്വരൻ മാമാവെങ്കിടനെക്കൂടി ഇരുത്തി രാജയോഗ്യവും ദേവയോഗ്യവുമായുള്ള സദ്യയുടെ വിഭവങ്ങളെ സരസസംഭാഷണപൂർവ്വം ബ്രാഹ്മണനെക്കൊണ്ടു് സമൃദ്ധാശനം ചെയ്യിച്ചു. യോഗിവര്യൻതന്നെ ചില മധുരപദാർത്ഥങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തു. അല്പനേരം കഴിഞ്ഞപ്പോൾ, അമിതഭക്ഷകനായ ആ ബ്രാഹ്മണന്റെ ശിരസ്സിനു് ഒരു മാന്ദ്യം തുടങ്ങി. കുറച്ചുനേരംകൊണ്ടു് അയാളുടെ അവശത വർദ്ധിച്ചു് താടി നെഞ്ചോടമർന്നു് കണ്ണുകളടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭീമാകാരൻ കൈകാലുകൾ നീട്ടി, അതിദയനീയമായ സ്ഥിതിയിൽ ബോധംകെട്ടു് നെടുന്തടിപോലെ കിടപ്പുമായി. സ്ഥലത്തുള്ള ചില വൈദ്യന്മാരും ഭിഷഗ്വരനായ ഹരിപഞ്ചാനനനും പഠിച്ച വിദ്യകളെല്ലാം പരീക്ഷിച്ചിട്ടും, തിന്നു മലർന്ന ബ്രാഹ്മണനു് ഉണർച്ചയുണ്ടാക്കാൻ കഴിഞ്ഞില്ല. ആ വൃദ്ധനെ ഇനിയും ഇവിടെ താമസിപ്പിക്കുന്നതു് വിഹിതമല്ലെന്നു തീർച്ചയാക്കി, ചന്ത്രക്കാറൻ അയാളെ ഉടൻതന്നെ എടുപ്പിച്ചു് തിരുവനന്തപുരത്തേക്കു യാത്രയാക്കി. ചന്ത്രക്കാറന്റെ ബുദ്ധിപൂർവ്വമായുള്ള ഈ ഉചിതക്രിയ കണ്ടുണ്ടായ സന്തോഷത്തെ സൂചിപ്പിച്ചു് യോഗീശ്വരൻ തന്റെ കൈവശമുണ്ടായിരുന്ന വിലയേറിയ ഒരുജോടി രത്നത്തെ ചന്ത്രക്കാറനു സമ്മാനിച്ചു.

രണ്ടരമണിയോടുകൂടി സ്വാമികൾ സ്വല്പമായ ഒരു നിദ്രയ്ക്കാരംഭിച്ചു. ചന്ത്രക്കാറൻ വടക്കൊരു കെട്ടിൽ ചെന്നിരുന്നു് കുടുംബസംബന്ധമായുള്ള ഒരു കാര്യവിചാരം തുടങ്ങി. ചിലമ്പിനേത്തു തറവാടിന്റെ ഒരു ശാഖ കൊട്ടാരക്കരെ പാർപ്പുറപ്പിച്ചിട്ടുണ്ടെന്നും, ആ തായ്‌വഴിയിലല്ലാതെ അദ്ദേഹത്തിനു് മറ്റു ശേഷക്കാരില്ലെന്നും, ഇതിനുമുമ്പിൽ സൂചിപ്പിച്ചിച്ചുണ്ടല്ലോ. ആ ശാഖയിൽ ഒരു സ്ത്രീയെ നന്തിയത്തുണ്ണിത്താൻ എന്ന മാടമ്പി പരിഗ്രഹിച്ചു് ഒരു പുരുഷസന്താനം ഉണ്ടായിട്ടുണ്ടു്. അച്ഛനുണ്ണിത്താൻ ധനികനും ധീരോദാത്തനും വലിയ വിദ്വാനും ആയിരുന്നു. സംസ്കൃതാഭ്യസനത്തിനു് നിയോഗിക്കപ്പെട്ട പുത്രൻ നാട്ടിൻപുറത്തുള്ള ഗുരുനാഥന്മാരുടെ പാണ്ഡിത്യപരിമിതിയെ കവിയുകയാൽ ഉണ്ണിത്താൻ അയാളെ തർക്കവ്യാകരണാദി പഠനത്തിനായി തിരുവനന്തപുരത്തു താമസിപ്പിച്ചു് സാംബദീക്ഷിതർ എന്ന ഒരു വിശ്രുതശാസ്ത്രജ്ഞനെ ഭരമേല്പിച്ചിരുന്നു. ചിലമ്പിനേത്തെ സ്വത്തുക്കൾക്കെല്ലാം അവകാശിയായിരുന്ന ഈ വിദ്യാർത്ഥി അനദ്ധ്യായദിവസങ്ങളിൽ അവിടെ ചെന്നു് പോരാറുണ്ടായിരുന്നു. ഹരിപഞ്ചാനനസ്വാമികളെ എതിരേല്ക്കുന്നതിനു് അന്നുദയത്തോടുകൂടി എങ്കിലും ആ യുവാവും ചെന്നുചേരണമെന്നു് ദൂതമുഖേന കാരണവർ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അയാളുടെ സാന്നിദ്ധ്യംകൂടാതെ എതിരേൽപ്പും മറ്റും നടത്തേണ്ടിവന്നതുകൊണ്ടു് ന്യായമായി കാരണവർക്കുണ്ടായ കോപത്തെ അടക്കിക്കൊണ്ടിരുന്നിട്ടു്, സാവകാശംകിട്ടിയപ്പോൾ അനന്തരവന്റെ അപരാധത്തെപ്പറ്റി വിചാരണ തുടങ്ങി. ആ യുവാവു് വളരെ താമസിച്ചു് എത്തീട്ടുണ്ടെന്നറിയുകയാൽ അയാളെ തന്റെ മുമ്പിൽ വരുത്തി. ഒരു മാടമ്പിയുടെ മകനായിരുന്നതുകൊണ്ടു് ‘കുഞ്ഞു്’ എന്നുള്ള സ്ഥാനപദം ചേർത്തു് ‘കേശവൻകുഞ്ഞു്’ എന്നു് വിളിക്കപ്പെട്ടിരുന്ന ഈ യുവാവിനു് ഇരുപത്തിനാലു വയസ്സു് പ്രായമുണ്ടായിരുന്നു. ഈയാൾ യുദ്ധശീലന്മാരായ ആദിമനായന്മാരുടെ ശരീരലക്ഷണങ്ങൾ കൂടാതെ, നാട്ടിൽ സമാധാനവ്യാപ്തിയോടും നവമായ ഗ്രന്ഥസമുച്ചയത്തിന്റെ പ്രചാരത്തോടും ഉത്ഭവിച്ച ശാന്തപ്രകൃതരും രജോഗുണ പ്രധാനരും ആയ പുത്തൻവർഗ്ഗത്തിന്റെ ഒരു മാതൃകാപുരുഷനായിരുന്നു. വിനയമര്യാദകളാൽ ഒതുങ്ങിയും, അപരാധകന്റെ പുഞ്ചിരിതൂകിയും, തന്റെ മുമ്പിൽ പ്രവേശിച്ച പല്ലവകോമളവും വല്ലീകൃശവുമായ ആ ശരീരത്തിന്റെ ചേതോഹാരിത്വം ഉഗ്രനായ ചന്ത്രക്കാറന്റേയും ഹൃദയത്തെ സ്വല്പമൊന്നു ദ്രവിപ്പിച്ചു. ശിരസ്സിന്റെ പൂർവ്വഭാഗം മുഴുവൻ വളർത്തു് നീട്ടി നേത്രക്കാപോലെ കെട്ടി മുമ്പറ്റം വികസിച്ചു് പുറകോട്ടു വാലിട്ടിരിക്കുന്ന കുടുമയും, ക്ഷൗരകർമ്മംകൊണ്ടു് നീലിമയോടു ശോഭിക്കുന്ന ശേഷം ശിരഃപ്രദേശവും, ആ വർണ്ണത്തോടുതന്നെ അതിമിനുസമായി വിളങ്ങുന്ന ഗണ്ഡങ്ങൾക്കും താടിക്കും മേൽച്ചുണ്ടിനും ഇടയ്ക്കു് രക്തവർണ്ണമായി ശോഭിക്കുന്ന അധരവും, ശാന്തമായ പ്രകൃതിഗൗരവത്തേയും അഗാധതമമായ വിജ്ഞാനത്തേയും സ്ഫുടീകരിക്കുന്ന നേത്രങ്ങളും, പൗരുഷസൂചകമായ വിസ്തീർണ്ണലലാടവും, പ്രഭുക്കളിടയിലും വിശുദ്ധവൃത്തന്മാരിൽ മാത്രം കാണപ്പെടുന്ന വർണ്ണകോമളിമാവും കൂടിയ ഈ യുവാവു് ചന്ത്രക്കാറന്റെ സന്നിധിയിൽ, ആ പ്രഭുവിനെ സൃഷ്ടിച്ച കൈപ്പിഴയ്ക്കു് ബ്രഹ്മാവു് പിഴ മൂളിയ ഒരു വിശിഷ്ടനിർമ്മാണമായി വിപര്യയപ്പെട്ടു. ആ യുവാവിനെക്കണ്ടപ്പോൾ, ആ കണ്ടകന്റെ ഹൃദയത്തിലും മൃദുവായ ഒരു കോണുണ്ടെന്നു് തെളിയിക്കുമാറാണു് കേസ്സുവിസ്താരം തുടങ്ങിയതു്.

ചന്ത്രക്കാറൻ
“ഉണ്ടോ നീ?”
കേശവൻകുഞ്ഞു്
“ഉണ്ടേ.”
ചന്ത്രക്കാറൻ
“എപ്പോൾ? വല്ലകൂട്ടത്തിലും ചെന്നിരുന്നാണോ തിന്നതു്?”

കേശവൻകുഞ്ഞു്: “ഊണുകഴിഞ്ഞു് ഒന്നുരണ്ടു നാഴികയായി. അമ്മാവൻ ഉണ്ട ഇലയിൽ, അമ്മാവി വിളമ്പിത്തന്നു. ലക്ഷ്മിക്കുഞ്ഞിനും അവിടെത്തന്നെ ഇല വച്ചു.”

ചന്ത്രക്കാറൻ
(കോപം മുക്കാലേമുണ്ടാണിയും ശമിച്ചു. തന്റെ പുത്രിയുടെ അടുത്തു് ഉണ്ണാനിരുന്നു എന്നു പറഞ്ഞതു്, പ്രമാണിത്വവും ജാതിശ്രേഷ്ഠതയും ഉള്ള ഒരു പഴയ കുടുംബത്തോടു് ആ യുവാവിനെ സംഘടിപ്പിച്ചു് തനിക്കു ബലവാന്മാരായ സംബന്ധികളെ ഉണ്ടാക്കണം എന്നു താൻ കരുതി ഇരിക്കുന്നതിനെ, വിഘ്നപ്പെടുത്തിയേക്കുമോ എന്നു ഭയപ്പെട്ടു്) “യക്ഷിക്കുഞ്ഞിന്റെ അടുത്തും മറ്റും അങ്ങനെ ചെങ്ങാത്തവും മറ്റും വേണ്ട. ഞാനതിനൊക്കെ തക്കവും തരവും നോക്കണൊണ്ടു്. നീ നാലക്ഷരം പടിച്ചവനല്ലയോ? നല്ലടത്തുവേണം ചേരാൻ, എപ്പോത്തിരിച്ചു് തിരുവനന്തപുരത്തൂന്നു്?”
കേശവൻകുഞ്ഞു്
“എട്ടൊമ്പതു വെളുപ്പിനു്.”
ചന്ത്രക്കാറൻ
“അത്ര കാലത്തെ പോന്നെങ്കിൽ പെലച്ചക്കിവിടെ എത്താത്തെന്തു്?”
കേശവൻകുഞ്ഞു്
“വെങ്കിടേശ്വരഭാഗവതർ ഇങ്ങോട്ടു കേറിയപ്പോൾ ഞാൻ തെക്കു വന്നു.”
ചന്ത്രക്കാറൻ
“എന്നിട്ടോ? അവിടെ വല്ല ആണിയും നിന്നെ ഒടക്കിപ്പിടിച്ചോണ്ടോ?”
കേശവൻകുഞ്ഞു്
“ആ കുപ്പച്ചാരു് എന്നെ അകത്തോട്ടു വിളിച്ചു.”

ചന്ത്രക്കാറന്റെ അഭിപ്രായപ്രകാരം, രാജ്യസമുദായഗൃഹകാര്യങ്ങളുടെ ജീവനാഡിയാകുന്ന ധർമ്മം ആജ്ഞാനുസരണമാണു്. ആജ്ഞാലംഘനാപരാധത്തെ തന്റെ ജീവസുഖത്തിനു് സന്നിപാതജ്വരം എന്നപോലെയാണു് അദ്ദേഹം ഗണിച്ചിരിക്കുന്നതു്. ഈ യുവാവിനെ ആ പരദേശസ്ത്രീകളുടെ പാർപ്പിടത്തിൽ കയറ്റരുതെന്നു് ആ സ്ത്രീകൾക്കു് പ്രത്യേകം കല്പനകൾ അദ്ദേഹം കൊടുത്തിട്ടുണ്ടായിരുന്നു. അവയെ ലംഘിച്ചുള്ള കുപ്പശ്ശാരുടെ പ്രവൃത്തിയെക്കുറിച്ചു് അദ്ദേഹത്തിനു് അറിവു് കിട്ടിയപ്പോൾ ആ സംഘത്തെ ആ സ്ഥലത്തുനിന്നു് ആകപ്പാടെ തുരത്തിയേക്കുന്നുണ്ടെന്നു് നിശ്ചയിച്ചു എങ്കിലും അതിയായ ഒരു ക്ഷീണവും ദയനീയതയും തന്റെ അനന്തരവൻ കാണിക്കുകയാൽ അദ്ദേഹത്തിന്റെ കോപം പകർന്നു്, പുച്ഛം, ഹാസ്യം, വിനോദം ഇങ്ങനെ ഓരോ പടികളിൽക്കൂടി കരുണയിൽ ചെന്നവസാനിച്ചു. അനന്തരവനുതന്നെ തന്റെ പ്രതിഷേധകല്പന കൊടുത്തു്, തനിക്കു് അനിഷ്ടമായി സംഭവിക്കാവുന്ന ബാന്ധവത്തെ തടഞ്ഞുകളയാമെന്നു് നിശ്ചയിച്ചുകൊണ്ടു് അദ്ദേഹം എഴുന്നേറ്റു്, തളർന്നുവാടി നില്ക്കുന്ന അനന്തരവന്റെ സമീപത്തു് ചെന്നു്, ആ യുവാവിന്റെ മുഖത്തു് നോക്കിക്കൊണ്ടു്, ഇങ്ങനെ ആജ്ഞാപിച്ചു: “ഇനി ഒരു ദിവസി നീ അതിനകത്തു് കേറിപ്പോണെങ്കിലു് – ആഃ. ഇന്നുതന്നെ സാമി തിരുമുമ്പിലു് അവരെ പേയാട്ടം എന്തരു ചേലായിരുന്നു! ഛീ! ഛീ! – ഛവങ്ങളു്! ആ പെണ്ണുങ്ങളാരെന്നു നിനക്കറിയാമോ?”

കേശവൻകുഞ്ഞു്
“അമ്മാവന്റെ ആദ്യത്തെ ഭാര്യയുടെ അമ്മയും മകളും –”