close
Sayahna Sayahna
Search

Difference between revisions of "ധർമ്മരാജാ-21"

(Created page with "__NOTITLE____NOTOC__← ധർമ്മരാജാ {{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം ഇരുപത്തിയൊന...")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[ധർമ്മരാജാ]]
 
__NOTITLE____NOTOC__←  [[ധർമ്മരാജാ]]
 
{{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം ഇരുപത്തിയൊന്നു്}}
 
 +
{{epigraph|
 +
: “അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ;
 +
: ആശീർവചനവും ചെയ്തിതു കുന്തിയും.”
 +
}}
  
 +
{{Dropinitial|ഉ|font-size=3.5em|margin-bottom=-.5em}}മ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, “കൂനിൽ കുരു പുറപ്പെടുക”  എന്നുള്ള മൊഴിയെ ആ സന്ദർഭത്തിൽ ഫലപ്പെടുത്തി, മന്ത്രക്കൂടത്തു് താമസിക്കുന്ന സ്വാധികളുടെ ഹൃദയവ്രണങ്ങളിൽ നവവേദനയുണ്ടാക്കുമാറു് തറച്ചു. ആ ദിവസത്തിൽ കാണപ്പെടുന്ന മീനാക്ഷി കേശവ പിള്ളയെ സന്ദർശനംചെയ്ത വീരവനമാൻകിശോരിക, ശിംശപാതരുമൂലവാസത്തെ ബഹുവത്സരം അനുഷ്ഠിച്ചപോലെ അവസ്ഥാന്തരപ്രാപ്തയായിരിക്കുന്നു. തന്റെ കാമുകൻ പൂർണ്ണസുഖനായും സംശുദ്ധയശസ്കനായും തനിക്കു് തിരിയെ ലബ്ധനാകുമെന്നു് ജഗജ്ജയിയായ ഹരിപഞ്ചാനനൻ പ്രതിജ്ഞചെയ്തിരിക്കുന്നു എന്നു് പറഞ്ഞു്, സമാശ്വസിപ്പിച്ചാണു് കുപ്പശ്ശാർ ആ കന്യകയെ അവളുടെ സാഹസശ്രമത്തിൽനിന്നു് വിരമിപ്പിച്ചതു്. എന്നാൽ, ഹരിപഞ്ചാനനൻ ക്ഷണനേരത്തേക്കു് മന്ത്രക്കൂടത്തുപടിക്കൽവച്ചു് തന്നെ കണ്ടതിലുണ്ടായിട്ടുള്ള അഭിമാനമോ, കഷ്ടമോ – പ്രണയമോ – അല്ലാതെ, തന്റെ ഇംഗിതസിദ്ധിക്കായി യത്നിക്കുന്നതിനു് അദ്ദേഹത്തെ പ്രേരിപ്പിപ്പാനെന്തു് പ്രണോദനമുണ്ടെന്നുള്ള സാരമായ പ്രശ്നം അവളുടെ ഹൃദയത്തിൽ അങ്കുരിച്ചു. ഈ ചോദ്യത്തിനു് സ്വസ്വാന്തത്തിലുണ്ടായ പ്രതിഷേധോത്തരം അവളുടെ ക്ഷതോത്സാഹത്തെ അണുമാത്രവും ഉത്തേജനം ചെയ്തില്ല. മന്ത്രക്കൂടത്തു് തിരിച്ചെത്തിയപ്പോൾ ഉണ്ണിത്താൻപ്രഭുവിന്റെ ഇന്ദുശീതളമായ ഗുരുതരകാരുണ്യത്തിനും, വ്യസനോൽപ്ലാവിതമായ ആ കന്യകയുടെ മനസ്സിനെ സമസ്ഥിതിയിൽ ആക്കുന്നതിനു് സാധിച്ചില്ല. കുപ്പശ്ശാർ അയാൾ പുറത്തു് പറയുന്നതിലധികം എന്തോ മനസ്സിൽ ഉപഗുഹനംചെയ്യുന്നതായി ആ കന്യകയ്ക്കു് തോന്നി. അയാൾ ഐശ്വര്യകാംക്ഷനിമിത്തം ആ യോഗീശ്വരനെ തന്നോടു് സംഘടിപ്പിക്കാൻ യത്നിക്കുന്നതായി വ്യാഖ്യാനിച്ചു്, അവൾ ധർമ്മവ്രതനായ ആ വൃദ്ധനെ ദ്വേഷിച്ചുതുടങ്ങി. കുപ്പശ്ശാർ രണ്ടാമതും യോഗീശ്വരവാടത്തിൽ പോയി തിരിച്ചുവന്നപ്പോൾ മുതൽ, അയാളിൽ കാണപ്പെട്ട ക്രൗര്യഭാവവും നിതാന്തപരുഷതയും, അയാൾ വൃദ്ധയോടു് ഗൂഢമായിച്ചെയ്ത ആലോചനകളും, വൃദ്ധ ഉണ്ണിത്താനെ പ്രത്യേകം വരുത്തി ദീർഘസന്ദർശനം ചെയ്തതിൽ ഭിന്നാഭിപ്രായനെന്നപോലെ അദ്ദേഹം പിരിഞ്ഞതും, മീനാക്ഷിയുടെ ഉള്ളിൽ ജനിച്ച വിദ്വേഷകാലുഷ്യത്തെ സ്ഥിരീകരിച്ചു. വൃദ്ധയും കുപ്പശ്ശാരും ദുർമ്മോഹികളെന്നും, ലോകത്തിൽ തനിക്കു് താനല്ലാതെ ഇതരശരണ്യനുണ്ടെങ്കിൽ അതു് ചിലമ്പിനേത്തുനിന്നു് ഉഗ്രപ്രഭാവനായി വന്നു്, സ്വമാതാമഹിയുടെ സമക്ഷത്തിൽവച്ചു് തന്നെ പരസ്യമായി വരിച്ച കാമുകനല്ലാതെ മറ്റാരുമല്ലെന്നും ചില സ്വന്തകൈവല്യസിദ്ധാന്തങ്ങളും അവൾക്കു് പാഠമായി. ഇങ്ങനെ ആത്മകൈവല്യനിവൃത്തയായ ആ വേദവതിയെ അവളുടെ തൽക്കാലശ്രമത്തിനു് യുക്തശരീരയാക്കുവാനെന്നപോലെ മാതമഹിയുടേയും പരിചാരകന്റേയും മന്ത്രക്കൂടഭവനത്തിന്റേയും വയോവൃദ്ധി, ആ കന്യകയിൽ പകർന്നു. തന്റെ കുടുംബത്തിനു് നിസർഗ്ഗവും അപ്രതിഹതവുമായ് ധൃഷ്ടത അതിലെ എല്ലാ അംഗങ്ങളേയും ഒരേപ്രകാരം വിപന്നരാക്കിയതുപോലെ, പ്രണയബന്ധത്തിലുള്ള തന്റെ സ്ഥിരനിഷ്ഠ തന്നെയും അംഗുലക്രമമായ സ്വപൂർവഗാമികളുടെ ദുരന്തത്തിലേക്കു് നയിക്കുന്നു എന്നും മറ്റും ക്ലേശിച്ചതിനിടയിൽ തന്റെ ഗൃഹനാമത്തെ ‘കഴക്കൂട്ട’മെന്നു സങ്കൽപിച്ചു് ഓരോ ചിന്താവിമർശനങ്ങൾ മനശ്ചാപല്യംകൊണ്ടു് തുടങ്ങി. കഴുകന്മാർക്കു് തങ്ങളുടെ നഖരതുണ്ഡങ്ങൾകൊണ്ടു്, മൃതങ്ങളോ, ജീവത്തുക്കളോ ആയ, ഇതരശരീരങ്ങളുടെ മർദ്ദനവും ഭേദനവും അശനവും ചെയ്കയെന്നുള്ള ക്രൂരാനുഭവങ്ങൾക്കല്ലാതെ, ദിവ്യമായ അനുരാഗഭൂതിക്കോ ആത്മസ്വരത്തിനോ ഉത്തമമായ ഗൃഹജീവിതത്തിന്റെ സൗഭാഗ്യത്തിനോ അവകാശമെന്തു്? തങ്ങൾക്കു് തന്റെ വർഗ്ഗത്തിൽ ജനിച്ചുള്ള അവാന്തരങ്ങളായ പറവകളുടെ ഇടയിൽ നായകസ്ഥാനവും അന്തകസ്ഥാനവും വഹിച്ചും ജലതരുതൃണശൂന്യമായുള്ള വല്ല പർവതാഗ്രശിലയിലും വാസംചെയ്തും മൃദുലവും കരുണാസങ്കലിതവുമായ ജീവികാമാർഗ്ഗത്തെ പരിത്യജിച്ചും ഉള്ള ഏകാന്തജീവിതമല്ലേ വിധിയാൽത്തന്നെ കൽപിക്കപ്പെട്ടിട്ടുള്ളതു്? സ്വജാതീയരിൽ ഇതരന്മാർക്കു് പ്രാപല്യമല്ലാതുള്ള വാസദേശത്തിന്റേയും സഞ്ചാരവീഥിയുടേയും ഔന്നത്യംകൊണ്ടുമാത്രം തങ്ങൾ സന്തുഷ്ടിയെ പ്രാപിക്കേണ്ടേതല്ലേ? തന്റെ കുലത്തിന്റെ നിയതി ഏതദ്വിധമായ ഒരു രാജത്വമാണെങ്കിലും, ആ ഉന്നതകുടുംബത്തിന്റെ നാമമഹിമയ്ക്കുവേണ്ടി താൻ പൂർവജന്മത്തിൽ പ്രാർത്ഥിച്ചില്ലല്ലോ എന്നും അവൾ ചിന്തിച്ചു. എന്നുമാത്രമല്ല, താൻ സ്വകുടുംബധർമ്മത്തിന്റെ വലുതായ വിലോപത്താലെന്നപോലെ, ത്രിപുരസുന്ദരിവലിയമ്മയുടെ മുഖത്തിൽനിന്നു് ആശ്ചര്യാക്ഷേപോക്തികളെ ഉത്സർജ്ജിപ്പിക്കുമാറു്, നേത്രങ്ങളിൽ അശ്രുസ്ഫുരണംചെയ്യിച്ച ഒരു മൃദുശീലയായ കന്യകയുമല്ലേ? ഇങ്ങനെ ബഹുരൂപങ്ങളായി മനസ്സിൽ വ്യാപരിച്ച ആത്മഗതങ്ങളും അവളുടെ താപസാന്ത്വനം ചെയ്യാത്തതിനാൽ, അവൾ ആത്മപ്രഭാവംകൊണ്ടു് തന്റെ വിരഹദുഃഖത്തെ ഉപഗുഹനംചെയ്തു. എന്നാൽ അതിന്റെ രൂക്ഷജ്വലനത്തിൽനിന്നു് ഉൽഭൂതമായ ഒരു ധൂമം അവളുടെ കാന്തിസൗഭാഗ്യത്തെ ക്ഷണംപ്രതി ആച്ഛാദിച്ചു. അവളുടെ നിദ്രാകാലങ്ങൾ പ്രണയസമുദ്രതരംഗങ്ങളിൽ അകപ്പെട്ടു വലയുന്ന തന്റെ പ്രാണരക്ഷണത്തിനുള്ള ശ്രമങ്ങളായും, സ്നാനഭക്ഷണാദിക്രിയകൾ കേവലം വിഗ്രഹാരാധനയിലെ തന്ത്രകർമ്മങ്ങളായും, പ്രാർത്ഥനാശ്ലോക കഥനങ്ങൾ ദൈവനിഷ്കരുണത്വത്തിന്റെനേർക്കുള്ള കോപപർജ്ജന്യധ്വനികളായും ചമഞ്ഞു. ചന്ത്രക്കാറൻ, നന്തിയത്തുണ്ണിത്താൻ എന്നീ പ്രഭുക്കളുടെ പുരുഷത്വത്തേയും രാജാധികാരത്തിന്റെക്ഷീണതയേയും തന്റെ കാമുകന്റെ അനുരാഗദൗർബ്ബല്യത്തേയും അവൾ ആത്മനാ ഉപഹസിച്ചു; വർഷകാലത്തിന്റെ തകൃതികൾ കണ്ടപ്പോൾ, അതുകളോടുകൂടി ലോകം അവസാനിക്കട്ടേ എന്നു് അവൾ ശപിച്ചു. താദൃശമായ തന്റെ അവസ്ഥയെ അപഹസിക്കാനെന്നപോലെ, ഇടയ്ക്കിടെ പ്രസന്നവദനനായി കാണപ്പെട്ട ആദിത്യനോടു് കയർത്തു്; ഇടവിട്ടു് പൊഴിയുന്ന മഴകളെ വിധിഗതിയുടെ ചാപല്യത്തോടുമപിച്ചു് ഭർത്സിച്ചു. തന്റെ ഭർത്തൃസ്ഥാനികനു്, ആപന്മോചനം വരുത്തുന്നതിൽ തനിക്കുള്ള ശക്തിവിഹീനതയെ പരിഹരിപ്പാൻ നിർമ്മമനായ ദൈവത്തോടു് പ്രാർത്ഥിച്ചു; താൻ നിത്യപാരായണംചെയ്യുന്ന സ്തോത്രങ്ങളിൽ “ത്രലോക്യവിജയീ ഭവേൽ”, “ശത്രുസൈന്യം വിജേഷ്യസി” എന്നും
 +
മറ്റും ഫലശ്രുതികൾ ഓരോ ഋഷീശ്വരന്മാരാൽ കീർത്തിക്കപ്പെട്ടിട്ടുള്ളവ തന്റെ സംഗതിയിൽ വിഫലങ്ങളായി ഭവിച്ചതിനാൽ, “ആരൊരുവൻ മേലിൽ സേവിപ്പതും” എന്നുള്ള നളമഹാരാജാവിന്റെ ചോദ്യം ആ കന്യകയുടെ ഹൃദയത്തിലും ഉദിച്ചു. തന്റെ മാതാമഹിയോടും തന്റെ മനസ്സിനു് ‘ആനന്ദകന്ദള’മായ കാമുകനോടും ചേർന്നിരുന്ന നിശയിൽ, തന്നെ ശീതളകരങ്ങൾകൊണ്ടു് തലോടിയ പൂർണ്ണചന്ദ്രന്റെ ആകാശസഞ്ചാരശ്രമത്തെ താൻ പ്രാർത്ഥനാഗീതങ്ങൾകൊണ്ടു് ആശ്വസിപ്പിച്ച ആ സ്വപ്നസദൃശമായ അൽപകാലത്തിന്റെ ആവർത്തനത്തെ അവൾ കാംക്ഷിച്ചു. ആ രാത്രിയുടെ മനോഹരാരംഭവും അതിഭയങ്കരമായ അവസാനവും ഓർത്തപ്പോൾ മീനാക്ഷി പാണ്ഡരവദനയായി, രാജഭടാദിജനങ്ങളുടെ പ്രവേശനംകൊണ്ടു് തന്റെ ഭവനദ്വാരം പുനശ്ച വിപാടനംചെയ്യപ്പെടുന്നു എന്നു് വിഭ്രമിച്ചു. സ്ത്രീകളുടെ കൗമാരകാലം മുതൽ രക്ഷിപ്പാനുള്ള പുരുഷന്റെ പ്രണയസമ്പാദനം തന്റെ സംഗതിയിൽ പ്രാണഭേദകമായി പരിണമിച്ചിരിക്കുന്നതും, എല്ലാം ദൈവവിരോധത്തിന്റെ ലക്ഷ്യങ്ങളെന്നു് സ്മരിച്ചു്, ‘സമസ്താപരാധ’ പ്രാർത്ഥനയോടുകൂടി, തന്നെ വലയംചെയ്ത ദുഃഖതരളതാവാഹിനിയിലെ യോഗാനന്ദതരംഗത്തിൽ നിമഗ്നയായി.
 +
 +
ഇങ്ങനെയുള്ള അശരണ്യതകൊണ്ടു് ദിവസംപ്രതി ഉത്തരോത്തരംക്ഷീണിച്ച മീനാക്ഷിയെ മാതാമഹിയും കുപ്പശ്ശാരും കഴിയുന്നത്ര സാന്ത്വനംചെയ്‌‌വാൻ ശ്രമിച്ചു. മാതാമഹിയുടെ ശയ്യാർദ്ധഭാഗിനിയായി ശയിക്കുക, അനുക്ഷണം എഴുന്നേറ്റു് ഗൃഹദ്വാരത്തോടു് കാമുകസമാഗമത്തെ ഇച്ഛിച്ചു് നോക്കുക, വഴിപോകുന്ന ജനങ്ങളുടെ സ്വജനങ്ങളിൽ പ്രിയതമസംഭാഷണം കേട്ടതായി ഭ്രമിക്കുക, മനശ്ശൂന്യയായി ഗൃഹത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരണം ചെയ്യുക, ദിനകൃത്യങ്ങളെ വിദ്വേഷിച്ചു് സ്വരക്ഷകരോടു് മൗനത്തെ അവലംബിക്കുക ഇത്യാദി വിരഹജ്വരചേഷ്ടകളോടുകൂടി ആ കന്യക സാക്ഷാൽ മീനാക്ഷിയുടെ പ്രേതമെന്നപോലെ ചമഞ്ഞു്, പ്രേക്ഷകജനത്തിനു് അനുകമ്പാവിഷയമായി ഭവിച്ചു. ഇങ്ങനെ കഴിയുന്ന കാലത്തു് ഒരു ദിവസം വൈകുന്നതിനു് മൂന്നുനാലു് നാഴികയുള്ളപ്പോൾ തന്റെ ഹൃദയാപഹാരിയുടെ സ്വരസംഘടനം തന്നെ എന്നു് തോന്നുംവണ്ണം ഒരു ശബ്ദം പടിക്കൽ കേട്ടു. അപാരമായ ആശാനിവേശത്തോടുകൂടി മീനാക്ഷി എഴുന്നേറ്റു് നോക്കുന്നതിനിടയിൽ, യോഗീശ്വരന്റെ ഗതികളെക്കുറിച്ചു് ഏകാഗ്രചിന്തനംചെയ്തും, മറ്റുള്ളവരുടെ സഹതാപംപോലും ലഭിക്കാൻ പാടില്ലാത്തവിധം അതുകളെ ഗോപനംചെയ്തും ഉഴലുന്ന കുപ്പശ്ശാർ വാതിൽ തുറന്നു. മീനാക്ഷിയുടെ ഹൃദയം മുകുളീകൃതമായി. അരുതു്! ബുദ്ധിഹീനമായ മനസ്സേ, വികസിക്കു്! കേശവൻകുഞ്ഞിനെക്കൊണ്ടു് തന്നെ വിവാഹംചെയ്യിപ്പാൻ നിശ്ചയിച്ചു് അനുഗ്രഹിച്ച, പരമബന്ധുവായ വൃദ്ധബ്രാഹ്മണനല്ലേ വരുന്നതു്? – അല്ലാ! ബ്രാഹ്മണ്യമായുള്ള ശാന്തത ആഗതനിൽ കാണപ്പെടുന്നില്ലാ! – ക്ഷമിക്ക, ഹൃദയമേ! അനുഗ്രഹദാനഹസ്തത്തിന്റെ സമാഗമത്തിൽ കൂമ്പുക എന്നുള്ളതു് പുഷ്പജാതിക്കും മര്യാദയല്ല. നിന്നാൽ അഭിലഷിതമായുള്ള വിവാഹത്തെ പ്രസാദപൂർണ്ണതയോടനുവദിച്ച പ്രഭുവര്യൻ പുത്രസമേതം നിന്നെ ആനന്ദസരണിയിലാക്കാൻ ആഗമനംചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്ക – ആഹാ! അങ്ങനെയുമല്ല! ശോകാവേഷ്ടിതമായ ഹൃദയം വ്യർത്ഥങ്ങളായ ആശകൾകൊണ്ടു് വഞ്ചിക്കപ്പെടുന്നല്ലോ! അയ്യോ! ഭൂസ്വർഗ്ഗഭേദങ്ങൾ നഷ്ടമായി, നിര്യാണഗതനായ മാതാമഹന്റെ പ്രാപഞ്ചികമായുള്ള കായത്തെയല്ലേ ദർശനംചെയ്യുന്നതു്. ഭഗവാനേ! മീനാക്ഷിയുടെ വാടാക്കരൾ ഭിന്നമാകുന്നു. സഹ്യനിരയുടെ തരണത്തിലും ക്ഷീണിക്കാത്ത പാദങ്ങൾ തളരുന്നു. മാതൃകാമുകവിയോഗങ്ങളിലും ഊർദ്ധ്വശിഖമായി നിലകൊണ്ട ബോധദീപം അണയുന്നു. കനകകേതകീസദൃശമായുള്ള ആ ശരീരത്തിനു് ഭൂപതനമാകുന്ന അപഹതികൂടി സംഭവിക്കാതെ സാന്ദ്രശരണാവബോധത്തെ നൽകുന്ന രണ്ടു് ഹസ്തങ്ങൾ രക്ഷിക്കുന്നു. സൽക്കരിക്കാൻ വിമനസ്സായ കുപ്പശ്ശാരുടെ നയശ്രമങ്ങളെ പരുഷപ്രകോപത്തോടെ നിരാകരിച്ചു് നാലുകെട്ടിൽ പ്രവേശിച്ച പടത്തലവർ പ്രായംകൊണ്ടു് ബാലികയും ചാർച്ചമുറകൊണ്ടു് ഭാഗിനേയിയും എന്നുള്ള നിലകളിൽ മീനാക്ഷിയെ ഹസ്തഗ്രഹണംചെയ്തു് ശിരസ്സിൽ മുകർന്നു്, ശയ്യാവലംബിനിയായ വൃദ്ധയെ ബഹുമാനസ്നേഹാദരപൂർവ്വം കടാക്ഷിച്ചു. ഈ അത്യാശ്ചര്യസംഭവം കണ്ടു് വൃദ്ധ പരിഭ്രമിച്ച് – ആൾ മനസ്സിലാകാതെ സൂക്ഷിച്ചുനോക്കി – സ്വപ്നവിഭ്രമമോ എന്നു് സംശയിച്ചുഴന്നു് – പിന്നെയും നോക്കി, – നിർഭരമായ വിദ്വേഷാതിരേകം കൊണ്ടു് വിറച്ചു്, ഓരോന്നു് പുലമ്പി. സൽഗുണസമ്പന്നന്മാരുടെ ഹസ്തങ്ങളിൽ സർവദാ വശീകരണവിദ്യുത്പ്രവാഹം ഉണ്ടായിക്കൊണ്ടിരിക്കുമെന്നു് തെളിയിക്കുമാറു്, മീനാക്ഷിയെ ഗ്രഹിച്ചിരിക്കുന്ന ഹസ്തങ്ങൾ അവൾക്കു് ശാശ്വതനർമ്മദയായ ഒരു ബന്ധുവിന്റെ ലബ്ധി ഉണ്ടായിരിക്കുന്നു എന്നുള്ള ജ്ഞാനത്തെ ആത്മോപദേശംപോലെ നൽകി. ഗംഭീരവദനനായി, ആരോഗ്യസൗഭാഗ്യങ്ങളുടെ അവതാരരൂപമായി നിൽക്കുന്ന പ്രഭുവിന്റെ മുഖത്തു് മീനാക്ഷി ബന്ധവാസനാപ്രയുക്തമായ കൗമാരസൗഹാർദ്ദത്തോടുകൂടി നോക്കി. തങ്ങളുടെ തൽക്കാലാവസ്ഥയ്ക്കു് സർവഥാ ശരണ്യനെന്നുള്ള ദൃഢവിശ്വാസത്തെ ജനിപ്പിക്കുന്നവനായ ആ അതിഥിയെ തന്റെ മാതാമഹി സൽക്കരിക്കാത്തതിനെക്കുറിച്ചു് ആശ്ചര്യപ്പെട്ടു.
 +
 +
വൃദ്ധയുടെ ഈർഷ്യാകോപങ്ങൾ വർദ്ധിച്ചു് അവരുടെ വാർദ്ധക്യക്ഷീണത്തിനു് ദുസ്സഹമായിത്തീർന്നു. മീനാക്ഷിയുടെ പിടി വിടാതെ പടത്തലവർ ശയ്യയുടെ സമീപത്തു് നീങ്ങി വൃദ്ധയോടു് അടുത്തു്, അവരുടെ മുഖത്തെ പരിശോധിച്ചപ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ മറഞ്ഞുകിടന്നിരുന്ന ഒരു ആകൃതിയുടെ സ്ഫുടതരമായ സ്മരണ ഉണ്ടായി. പ്രൗഢയായ ഗൃഹനായികയായി വർത്തിച്ചിരുന്ന കാലങ്ങളിലും ഉപയോഗിച്ചിരുന്ന സർപ്പരാജവിഗ്രഹം കൊത്തീട്ടുള്ള താലി അക്കാലത്തെന്നപോലെതന്നെ വർണ്ണവിപര്യയംകൊണ്ടു് അധികം ശോഭിക്കുമാറു്, കറുത്ത ചരടിൽ കോർത്തു് ഇപ്പോഴും ധരിച്ചിരുന്നു. വലതുനേത്രത്തിനടുത്തുള്ള ഗണ്ഡസ്ഥലത്തു്, അദ്ദേഹത്തിന്റെ ബാല്യ വികൃതിത്വത്തിനിടയിൽ ചുരണ്ടിയും കഴുകിയും മായ്ക്കാൻ നോക്കിയിട്ടുള്ള ഒരു ലാഞ്ഛനവും ശ്രീവത്സമെന്നപോലെ കാണുന്നുണ്ടു്. പ്രഭുവിന്റെ സംശയങ്ങൾ തീരെ നീങ്ങി. കേശവ പിള്ളയുടെ അനുമാനത്തിൽ പ്രദർശിതമായ ബുദ്ധിവൈശിഷ്ട്യത്തെ അദ്ദേഹവും അത്യന്തം അഭിമാനിച്ചു. മാമാവെങ്കിടനെപ്പോലെതന്നെ അദ്ദേഹവും ‘വിട്ടുപോവാനും വിരോധിപ്പതിന്നുമങ്ങൊട്ടും സമർത്ഥനല്ലാതെ’ കുഴങ്ങി, വ്യാകുലനായി, കുറച്ചുനേരം നിന്നു; എങ്കിലും സകലതും ഈശ്വരേച്ഛയും മഹാരാജാവിന്റെ കൽപനയും അനുസരിച്ചു് നടക്കട്ടെ എന്നും, എന്നാൽ ഈ ഭവനക്കാർക്കുവേണ്ടി അഭയം യാചിച്ചു് തന്റെ ഹസ്തത്തിൽ ആനന്ദപരവശയായി ലസിക്കുന്ന കന്യകയുടെ ജീവിതത്തെ സുഖമായി കഴിക്കുന്നതിനുള്ള മാർഗ്ഗം താൻ ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നും നിശ്ചയിച്ചു.
 +
 +
ത്രിപുരസുന്ദരി വലിയകുഞ്ഞമ്മയുടെ മുപ്പതു് വയസ്സോളം അവരോടടുത്തു് പരിചയമുണ്ടായിരുന്ന പടത്തലവർ ആ പ്രഭ്വിയുടെ ദയനീയമായ അപ്പോഴത്തെ സ്ഥിതി കണ്ടു് അനുകമ്പാപരവശനായി, അത്യന്തം വിനയത്തോടും ഭക്തിയോടും കുശലാന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ കരുണാസൂചകമായുള്ള വാക്കുകൾ കേട്ടപ്പോൾ രാജനിയോഗാനുസാരം തങ്ങളെ ബന്ധനത്തിലാക്കുന്നതിനുള്ള ദൗത്യത്തോടുകൂടി അദ്ദേഹം ചെന്നിരിക്കുന്നതല്ലെന്നു് വൃദ്ധ അനുമാനിച്ചു. എങ്കിലും പൂർവ്വകഥകളെ ഓർത്തപ്പോൾ തന്റെ മാതുലജാമാതാവായ ഇദ്ദേഹം തന്റെ വംശനാശത്തിനു് അനുകൂലനായി നിന്നു എന്നുള്ള അക്ഷന്തവ്യകൃത്യം അവരുടെ മനസ്സിനു് മഹാവൈകല്യത്തെ ഉണ്ടാക്കി. ബാല്യത്തിലെ സ്വർണ്ണവിഗ്രഹപ്രഭയും, ലോഹയഷ്ടിക്കൊത്ത കായദാർഢ്യവും, ‘ലീലാഗോപകുമാര’ന്റെ വദനപ്രസന്നതയും, പ്രഭുവിൽ അന്നും പ്രകാശിച്ചു. ജ്യേഷ്ഠസഹോദരീസ്ഥാനികമായുള്ള വൃദ്ധയിൽ സ്ത്രീസഹജമായവിധത്തിൽ സ്നേഹത്തെ ഉദ്ധരിച്ചു്, “തിരുമുഖത്തെ അപ്പനല്ലയോ?” എന്നു് ചോദ്യംചെയ്യിപ്പിച്ചു. “അതേ” എന്നും, ഈ ഉത്തരത്തെ കുറച്ചുകൂടി സ്ഫുടമാക്കുന്നതിനു് “ചെമ്പകശ്ശേരിയിൽനിന്നും വരുന്നു” എന്നും പടത്തലവർ മറുപടി പറഞ്ഞപ്പോൾ, വൃദ്ധ വളരെ വൈഷമ്യത്തോടുകൂടി എഴുന്നേറ്റു് ശയ്യയിൽ ഇരിക്കുകയും, മാതാമഹിയുടെ അപ്രസന്നതയിൽ അതുവരെ കുണ്ഠിതത്തോടുകൂടി നിന്നിരുന്ന മീനാക്ഷി ഇത്രത്തോളമെങ്കിലുമുണ്ടായ ആദരത്തെക്കണ്ടു്, തന്റെ പാർശ്വസ്ഥമായ കനകസാലത്തിന്റെ ശിരോദേശത്തെ ലക്ഷ്യമാക്കി ചില പുഞ്ചിരിച്ചെറുപ്രാക്കളെ പറപ്പിക്കയും ചെയ്തു. തന്റെ ശയ്യയിൽത്തന്നെ അദ്ദേഹത്തെ ഇരുത്തി വൃദ്ധ പരുഷസംഭാഷണം തുടങ്ങി: “കഴിഞ്ഞ കഥ പറഞ്ഞു് വ്യസനിക്കേണ്ട. എനിക്കെല്ലൊം മനസ്സിലായി. കോന്തിജ്യേഷ്ഠന്റെ അന്നത്തെ മിടുക്കുകൊണ്ടു് നിങ്ങൾ അപ്പോൾ രക്ഷപ്പെട്ടു. അമ്മാളുക്കുട്ടി സാവിത്രി അമ്മയുടെ മകളാണു്. നിങ്ങൾ രണ്ടുപേരുമേ ശേഷിച്ചിട്ടുള്ളു. ഈ കൊച്ചുമിടുക്കിയെ ഞാൻ ദത്തെടുക്കാൻ നിശ്ചയിച്ചു” എന്നുള്ള ചുരുക്കമായ പ്രസ്താവനകൊണ്ടു് പടത്തലവർ പൂർവകഥകളും വിരോധകാരണങ്ങളുമെല്ലാം മാർജ്ജനംചെയ്തു. ഉണ്ണിത്താൻ പ്രഭുവിൽനിന്നുണ്ടായതിലും തീർച്ചയും കാര്യപ്രയോജകവുമായ വാഗ്ദാനം ഇതാ ലബ്ധമായിരിക്കുന്നു. ദാതാവും നിസ്സാരമതിയോ വൃഥാപ്രതിജ്ഞനോ അല്ലതാനും. തങ്ങളുടെ വിശ്വാസത്തിനു് പാത്രമായുള്ള ധർമ്മനിഷ്ഠനും തങ്ങളോടു് കരുണാപൂർണ്ണനായി വർത്തിപ്പാൻ ബന്ധിതനും ആണു്. നാരായണ! സകല ദുഃഖങ്ങൾക്കും കരകണ്ടു, എന്നു് ത്രിപുരസുന്ദരിവലിയമ്മ ആശ്വസിച്ചുകൊണ്ടു്  “അമ്മാളുക്കുട്ടി എന്നല്ല പേരു് മീനാക്ഷി എന്നാണു് അപ്പനേ! – ഞങ്ങൾ പെട്ട പാടുകൾ –”
 +
 +
ആദ്യമായി ആ നേത്രങ്ങളിൽനിന്നു് കുടുംബാപരാധങ്ങൾ സമസ്തത്തിനും ക്ഷമാപ്രാർത്ഥനയായി കണ്ണുനീർ പ്രവഹിച്ചു. ഇങ്ങനെയുള്ള സന്ദർഭത്തിൽ കുറയ്ക്കേണ്ടെന്നു് വിചാരിച്ചും, സാംക്രമികശക്തിയാലും അഭൂതപൂർവ്വമായുള്ള തന്റെ മാതാമഹിയുടെ ദുഃഖപ്രദർശനാനുമതിയാൽ ധൈര്യപ്പെട്ടും, മീനാക്ഷി സ്വന്തമായ വിരഹദുഃഖത്തെ നിർബ്ബാധമായി, കണ്ണുനീർവഴി പ്രവർഷിച്ചു്, പടത്തലവരുടെ ഹസ്തത്തിനു് അർഘ്യദാനം ചെയ്തു.
 +
 +
ഇവരുടെ പരസ്പരസൗഹാർദ്ദത്തെ കണ്ടപ്പോൾ, പൂർവ്വചരിത്രസൂതിയും തൽക്കാലസ്ഥിതികളുടെ പരമാർത്ഥധാരണവുംകൊണ്ടു് കുപ്പശ്ശാരു് അസാമാന്യമായി പരുങ്ങി. അറിയേണ്ട പ്രധാന സംഗതികളെല്ലാം പടത്തലവർ അറിഞ്ഞു. കലാപങ്ങൾ കൂടാതെ കാര്യങ്ങൾ നിർവ്വഹിക്കണമെന്നുള്ള മഹാരാജാവിന്റെ ഇംഗിതത്തെ ധരിച്ചിരുന്നതിനാൽ, തന്റെ സംബന്ധബന്ധധർമ്മത്തെ നിറവേറ്റി, ഇവരെ സുഖസ്ഥിതിയിലാക്കുവാൻ നിവൃത്തിയുണ്ടെന്നു് തീർച്ചയാക്കുകയും ചെയ്തു. എന്നാൽ മഹാരാജാവിനും തനിക്കും ഉള്ള സംശയത്തിനു് നിവൃത്തിവരുത്തി മീനാക്ഷിയുടെ ഭാവിവിധിയെ നിയമനംചെയ്യേണ്ട കൃത്യം ശേഷിച്ചിരുന്നു. അതിലേക്കായി മീനാക്ഷിയുടെ കൈയ്ക്കു് ദൃഢമായി പിടികൂടിക്കൊണ്ടു്, നാലുകെട്ടിന്റെ പുറകോട്ടുള്ള വാതിലിൽ ചെന്നുനിന്നു്, പടത്തലവർ ഹിന്ദുസ്ഥാനിയിൽ ഉറക്കെ ഒരു ആജ്ഞ പുറപ്പെടുവിച്ചു. കാഷായവസ്ത്രംകൊണ്ടുള്ള കുപ്പായവും തലക്കെട്ടൂം കൃത്രിമമീശയും കുറികളും ധരിച്ചു് ദൃഢകായനായ ഒരു യുവാവു് അകത്തോട്ടു് പ്രവേശിച്ചു. അയാളുടെ ദർശനത്താൽ മീനാക്ഷിക്കു് പ്രബലമായ എന്തെങ്കിലും ചേതോവികാരം ജനിച്ചു‌‌ എങ്കിൽ, വൈദ്യശാസ്ത്രപടുവായ അനന്തപത്മനാഭൻ പ്രഭുവിന്റെ വിരലുകൾക്കു് നാഡീചലനഭേദത്താൽ അതു് സുഗ്രഹമാകുമായിരുന്നു. ആ വേഷംകൊണ്ടും മീനാക്ഷിയുടെ കഴക്കൂട്ടത്തു് വകയായുള്ള നേത്രങ്ങൾ വഞ്ചിക്കപ്പെട്ടില്ല. അന്തര്യാമിയായ ദിവ്യചൈതന്യത്തിന്റെ സാക്ഷ്യത്തോടുകൂടി ഗൂഢാർപ്പണംചെയ്യപ്പെടുന്ന പരസ്പരപ്രണയബന്ധം കൃത്രിമ വേഷങ്ങൾ കൊണ്ടും മറ്റും വഞ്ചിക്കപ്പെടാവുന്നതല്ലല്ലോ. യുവാവിന്റെ മുഖവും കന്യകയുടെ മുഖവും പടത്തലവരുടെ തത്വാന്വേഷികളായ നേത്രങ്ങളാൽ പ്രതിരേഖം പരിശോധിക്കപ്പെട്ടു. യുവാവിനും കന്യകയ്ക്കും ഒന്നുപോലെ പടത്തലവരുടെ അന്തർഗ്ഗതം മനസ്സിലായി. അവാച്യമായുള്ള ഒരു ബന്ധം അവർതമ്മിൽ ഉണ്ടായിട്ടുണ്ടെന്നുവരികിലും അതു് സൗഭ്രാത്രത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ പ്രണയബന്ധമായി ഭവിച്ചിട്ടില്ലെന്നു് പടത്തലവർക്കു് ബോദ്ധ്യപ്പെട്ടു. രണ്ടു് കക്ഷികളുടേയും നേത്രങ്ങളിൽ ബഹുമാനവും ആദരവും അഭിമാനവും സ്ഫുരിച്ചതിനെ ആത്മശാസ്ത്രജ്ഞന്റെ നിലയിൽ പടത്തലവർ മനസ്സിലാക്കി. ഒരു പ്രിയന്റെ വരണംകൊണ്ടു് മീനാക്ഷി സന്തുഷ്ടയായിരുന്നു. രണ്ടാമതൊന്നിനു് അവളുടെ ഹൃദയത്തിൽ സ്ഥലവും ഇല്ലായിരുന്നു. ആത്മസമന്വിതം സമർപ്പണംചെയ്യപ്പെടുന്ന പ്രണയത്തെ ഉപസംഹരിച്ചാൽ അതു് സ്ഥാനശൂന്യമായി വ്യഭിചരണഗതിയെ പ്രാപിക്കാമെന്നുള്ള പതിവ്രതാധർമ്മത്തിന്റെ സ്ഥായിയായ സിദ്ധാന്തത്തെ മീനാക്ഷി ധരിച്ചിരുന്നു. അതുകൊണ്ടു് ആ കന്യകയുടെ ജീവരക്തം അവളുടെ അന്തർഗ്ഗതത്തിന്റെ പരിശുദ്ധതയെത്തന്നെ സൂക്ഷ്മമായി അനുഗമിക്കയും ഈ പ്രൗഢമായുള്ള നാഡീത്രുടനത്തെ പടത്തലവരുടെ അംഗുലികൾ ഗ്രഹിക്കയും ചെയ്തു. അതേ; ഒരു സമുദായത്തിലേക്കു് മുഴുവനുംകൂടിത്തന്നെയാകട്ടെ ഒരു യുഗത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചാരിത്രശുദ്ധിപൂർണ്ണതയോടുകൂടിയ ഏകസമ്പത്തെങ്കിലും ഉണ്ടാകുന്നെങ്കിൽ, ആ സമുദായഭൂമി എത്ര മഹത്തമമായുള്ളതെന്നു് അഭിമാനിക്കകൊണ്ടുണ്ടായ പരിതോഷപ്പുഞ്ചിരിയോടുകൂടി വിദേശഭാഷയിൽ എന്തോ പറഞ്ഞു്, വേഷപ്രച്ഛന്നനായ യുവാവിനെ അയച്ചിട്ടു്, “എന്റെ കുഞ്ഞിന്റെ കേശവൻകുഞ്ഞിനെ തിരിച്ചു് തരാനും ഞാൻ ഏറ്റു” എന്നുള്ള ഒരു പ്രതിജ്ഞാമൃതത്തെ സമ്മാനിച്ചു്, അദ്ദേഹം മീനാക്ഷിയെ ചിരംജീവിനിയാക്കുകയും ചെയ്തു.
 +
 +
പടത്തലവർ അന്നുരാത്രി അവിടെത്താമസിച്ചു്, കുട്ടിക്കോന്തിശ്ശന്റെ ദേശാന്തരപ്രയാണാരംഭംമുതൽക്കുള്ള കഥകൾ അറിഞ്ഞു്, അടുത്തദിവസം ചെമ്പകശ്ശേരിയിലേക്കു് മടങ്ങി. തിരിച്ചുപോകുന്ന മാർഗ്ഗത്തിൽ, വേഷപ്രച്ഛന്നനായി തന്നോടുകൂടിയുണ്ടായിരുന്ന കേശവ പിള്ളയോടും മിണ്ടാതെ ഗൗരവമായുള്ള ചിന്തകളോടുകൂടിയാണു് അദ്ദേഹം യാത്രചെയ്തതു്. ചെമ്പകശ്ശേരിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവു് കാത്തു് നന്തിയത്തുണ്ണിത്താനും മാമാവെങ്കിടനും ആ ഭവനത്തിൽ ഇരുന്നിരുന്നു. പടത്തലവരുടെ മുഖഭാവംകണ്ടു് അവർ രണ്ടുപേരും തങ്ങൾ അറിഞ്ഞിരുന്ന പരമാർത്ഥത്തെ അദ്ദേഹവും ധരിച്ചു എന്നു് ഊഹിച്ചു. ഉണ്ണിത്താനും പടത്തലവരും മാത്രം ചേർന്നു് പ്രത്യേകമായി കുറച്ചുനേരത്തെ സംഭാഷണമുണ്ടായി. അതിൽ, തന്റെ ഒരു സംശയത്തെ ആസ്പദമാക്കി ചിലർക്കുവേണ്ടി ക്ഷമാപ്രാർത്ഥകനായി തിരുമുമ്പിൽ എത്തേണ്ടിവരുമെന്നു് തിരുമനസ്സറിയിച്ചിട്ടുള്ള സംഗതിയേയും ഉണ്ണിത്താൻ പടത്തലവരെ ധരിപ്പിച്ചു. ഉണ്ണിത്താൻ ഒരു സ്വപ്നകഥ പറയുകയാണെന്നു് പടത്തലവർ വിചാരിച്ചു. അദ്ദേഹത്തിന്റെ സംശയഭാവം മനസ്സിലാവുകയാൽ  “അങ്ങനെ വരാം. അബദ്ധമെന്നു് വിചാരിക്കേണ്ട. ശാസ്ത്രങ്ങൾ അനുകൂലമാണു്. കല്പം സേവിച്ചു് സഹസ്രമണ്ഡലജീവിതവും സമ്പാദിക്കാം. അതെല്ലാം അവിടെയും അറിഞ്ഞുകൂടേ? ഈ സംശയമൊന്നും മന്ത്രക്കൂടത്തില്ല. കുപ്പൻ പരമാർത്ഥമറിഞ്ഞിട്ടുണ്ടു്”  എന്നു് ഉണ്ണിത്താൻ പറഞ്ഞു. ഈ വിധമുള്ള വിഷമസംഗതികളാൽ സ്വന്തനേത്രങ്ങളോളം വിശ്വസനീയന്മാരായ ഉപദേഷ്ടാക്കൾ മറ്റു് ആരുമില്ലെന്നു് പടത്തലവർ വിചാരിച്ചു. മഹാരാജാവിന്റെയും രാജ്യത്തിന്റെയും രക്ഷയ്ക്കു് തന്റെ ശ്രമങ്ങൾ ആവശ്യപ്പെട്ട സന്ദർഭങ്ങളിൽ അദ്ദേഹം ഭക്ഷണനിദ്രാദികളെ വർജ്ജിക്കുക നിയമമായിരുന്നതിനാൽ, ആ സംഭാഷണത്തെ ആ ഘട്ടത്തിൽ അവസാനിപ്പിച്ചു്, മറ്റൊന്നും പറയാതേയും ഭക്ഷണത്തിനും മറ്റും താമസിക്കാതേയും പടത്തലവർ ഹരിപഞ്ചാനനവാടത്തിലേക്കു് തിരിച്ചു.
 +
 +
ഹരിപഞ്ചാനനയോഗീശ്വരൻ സത്രസന്നാഹശ്രാന്തനായി യോഗാനുഷ്ഠാനങ്ങളേയും പൂജാദ്യാഘോഷങ്ങളേയും ഭൃത്യരെ ഭാരമേല്പിച്ചു് അടിയന്തരക്കാരനായി ഉഴലുന്നു. തിരുവനന്തപുരത്തെത്തിയിരിക്കുന്ന കളപ്രാക്കോട്ടത്തമ്പി തന്റെ വാഗ്ദത്തെ നിറവേറ്റീട്ടു് ഭൃത്യർ മുഖേന ഗുരുരാജസന്ദർശനത്തിനു് അവസരത്തെ കാത്തിരിക്കുന്നു. തിരുവിതാംകൂർകിരീടത്തിന്റെ വലയം തന്റെ ശിരോവൃത്തത്തിനുചേരുമോ എന്നുള്ള ഏകാഗ്രചിന്തയ്ക്കിടയിൽ, സ്വഭക്തദർശനത്തിനു് അനുകൂലമായി സമയനിശ്ചയംചെയ്‌‌വാൻ യോഗീശ്വരതീർത്ഥപാദർക്കു് അവസരമുണ്ടാകുന്നില്ല. തന്റെ സത്രശ്രമങ്ങൾ മുറുക്കത്തിലാകുംതോറും മന്ത്രക്കൂട നിവാസികളെ അസാങ്കൽപികമായി സന്ദർശനം ചെയ്തുപോയ ഒരു ആജ്ഞാലംഘനാപരാധം അദ്ദേഹത്തിന്റെ ഉത്സാഹഗതിയെ മന്ദീഭവിപ്പിച്ചു. ചന്ത്രക്കാറനാദി ഗോവൃന്ദത്തെ തന്റെ തന്ത്ര നൈപുണ്യപൂർണ്ണമായ അംഗുലികൾകൊണ്ടു് ദോഹനംചെയ്യുമ്പോൾ, തന്റെ മറ്റൊരു ക്ലേശഹേതുവായ ദ്രവ്യശൂന്യത പരിഹരിക്കപ്പെടുമെന്നു് അദ്ദേഹം ആഹ്ലാദിച്ചു. എന്നാൽ ഗുരുനിദേശത്തെ ധിക്കരിച്ചതിനു് ഉമിത്തീയിൽ നിലകൊണ്ടു് ജഡത്തെ ഭസ്മീകരിക്കുക എന്നല്ലാതെ അനിഷ്ടവൃത്തിക്കു് പ്രായശ്ചിത്തമെന്തുള്ളു? അദ്വൈതസിദ്ധാന്തകുശലനായ താൻ ഇങ്ങനെ ക്ലേശിക്കുന്നതിനു് അവകാശമില്ലല്ലോ. അപരാധകൃത്തായ ആത്മാവിനെ ആ അപരാധംകൊണ്ടു് പരിഭൂതനായ ആത്മാവോടു് ഏകീകരിക്കുമ്പോൾ, ക്ഷമാപ്രാർത്ഥകനും ക്ഷമാദാനാധികാരിയും എന്നുള്ള വ്യത്യാസോപാധി നഷ്ടമാവുകയില്ലേ? ഇങ്ങനെ കണ്ടുപിടിച്ച പ്രായശ്ചിത്തവിധിയെ അനുവർത്തിപ്പാൻ തന്റെ പൂജാവിഗ്രഹത്തിനു പുറകിൽ സൂര്യപടസഞ്ചിക്കകത്തു് സൂക്ഷിക്കപ്പെട്ടിരുന്ന ഒരു ഛായാപടത്തെ എടുത്തു്, ഭഗവതിവിഗ്രഹത്തിന്റെ മുമ്പിൽ വച്ചുകൊണ്ടു്, യോഗീശ്വരൻ സർവാന്തഃകരണങ്ങളേയും ആ രൂപത്തിൽ അദ്ധ്യാരോപം ചെയ്തു് നമസ്കരിച്ചു. തന്റെ വൈരാഗ്യശക്തിയെ പാടേ ഹനിച്ചതായ പ്രലോഭനത്തെ യദൃച്ഛയാ ആദരിച്ചുപോയതിനു് പ്രായശ്ചിത്തമായി യോഗീശ്വരന്റെ നിയാമകശക്തിക്കുമാത്രം സാദ്ധ്യമായുള്ള ഏകാഗ്രചിത്തയോടുകൂടി അനുഷ്ഠിക്കപ്പെട്ട ഈ ക്ഷമാപണനമസ്കാരത്തിൽനിന്നു് അദ്ദേഹം എഴുന്നേറ്റു് തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടതു്, ആ ചിത്രത്തിലെ രൂപത്തോടു് വർണ്ണം, ഗാംഭീര്യം, ആകാരം, പ്രായം എന്നിവകൊണ്ടു് സാമ്യം വഹിക്കുന്നതായ ഒരു മഹാനുഭാവവിഗ്രഹമായിരുന്നു. ചിത്രത്തിലെ ഛായ ഒരു അവധൂതവരവൃദ്ധന്റേതായിരുന്നു എങ്കിൽ തന്റെ മുമ്പിൽ കാണപ്പെട്ടതു് ഒരു വൃദ്ധവീരയോദ്ധാവിന്റേതായിരുന്നു. ബുദ്ധിശക്തിയിൽ ബൃഹസ്പതിയേയും ജയിച്ചിരുന്ന ഹരിപഞ്ചാനനൻ തന്റെ ഗൂഢമായുള്ള തേവാരമുറിയിൽ അനുമതികൂടാതെ പ്രവേശിച്ച ഗംഭീരൻ ആരാണെന്നു് മനസ്സിലാക്കി, ചിത്രത്തിൽ പ്രാർത്ഥിക്കപ്പെട്ട ഉഗ്രഗുരുവരന്റെ മുമ്പിലെന്നപോലെതന്നെ ഒരു സങ്കോചത്താൽ കൃശഗാത്രനാക്കപ്പെട്ടു. തന്റെ സന്ന്യാസാശ്രമസ്ഥിതിക്കിടയിൽ ആർക്കുംതന്നെ അനുവദിച്ചിട്ടില്ലാത്തതായ ഒരു പീഠത്തെ യോഗീശ്വരൻതന്നെ അനന്തപത്മനാഭൻ പടത്തലവർക്കു് നീക്കിക്കൊടുത്തു. ഇരുട്ടിലും കാൺമാൻ ശക്തിസിദ്ധിച്ചിട്ടുള്ള പടത്തലവരുടെ നേത്രങ്ങൾ ഭഗവതീവിഗ്രഹത്തിന്റെ പാദത്തോടു് ചേർന്നിരിക്കുന്ന ചിത്രത്തെ ദർശിച്ചു. യോഗീശ്വരനെ സംബന്ധിച്ചു് അദ്ദേഹത്തിന്റെ മനസ്സിൽ അങ്കുരിച്ച സന്ദേഹമെല്ലാം അസ്തമിക്കയാൽ അദ്ദേഹം ഹരിപഞ്ചാനനനേയും ഇരുത്തി സംഭാഷണം തുടങ്ങി. കൗരവവ്യൂഹത്തിൽ കുടുങ്ങി തന്നെ ആവരണംചെയ്ത ചതുരംഗസേനാനിരയെ ഭേദിച്ചു് പുറത്തു് ചാടുവാൻ മാർഗ്ഗമില്ലാതെ കുഴങ്ങിനിന്ന അഭിമന്യുവിന്റെ അവസ്ഥ വായനക്കാർക്കു് ഊഹ്യമാണല്ലോ. ആ സ്ഥിതിയിൽത്തന്നെ, അശരണനായി, യശോജീവഹാനിക്കു് ഉന്മുഖനായിത്തീർന്നു എങ്കിലും, ഹരിപഞ്ചാനനശൂരൻ തന്റെ അച്ഛന്റേയോ മാതുലന്റേയോ നാമമന്ത്രങ്ങളെ വചിച്ചു് പരിപന്ഥിഹനനത്തിനു് ഉദ്യമിച്ചില്ല. സമുദ്രത്തിനും വേട്ടക്കാർക്കും മദ്ധ്യസ്ഥനായ വ്യാഘ്രത്തിന്റെ കഥയും വായനക്കാർ കേട്ടിരിക്കുമല്ലോ. പ്രാണഭീതനായ ആ ഹിംസ്രമൃഗത്തിന്റെ ക്രൂരസാഹസത്തേയും ഹരിപഞ്ചാനയജ്ഞൻ അനുകരിച്ചില്ല. സൂര്യചന്ദ്രവംശ്യന്മാരായ ചക്രവർത്തികളുടെ അനുഗാമികളായി ഭാരതവർഷത്തെ ഭരിച്ച ചന്ദ്രകലാമുദ്രാങ്കിതന്മാരായ സാർവഭൗമന്മാരുടെ പ്രഭാവനാട്യത്തോടുകൂടി അവരുടെ ഭാഷയിൽ പ്രശ്നോത്തരങ്ങൾ തുടങ്ങി. രണ്ടുപേരുടേയും സംവാദം നയവിഷയത്തിൽ ഭീമസേനദുര്യോധനന്മാരുടെ ഗദായുദ്ധംപോലെ വിദഗ്ദ്ധസമരമായി. രാജനീതിയേയും സമുദായനീതിയേയും സംബന്ധിച്ചു് സരസവും സാരഗർഭവുമായ അഭിപ്രായങ്ങളെ അവർ പ്രയോഗിച്ചു് പരസ്പരം സാമർത്ഥ്യ പരീക്ഷണംചെയ്തു. രണ്ടുപേരുടേയും ബുദ്ധിയിൽ ഉൽപാദിച്ച പരസ്പരാഭിമാനത്തോടുകൂടി, വിരുദ്ധഗതികന്മാരാകയാൽ പരസ്പരബന്ധുത്വത്തിനു് മാർഗ്ഗമില്ലാത്തതിനെക്കുറിച്ചു് രണ്ടുപേരുടേയും അന്തരംഗത്തിൽ അതിയായുള്ള ശോകം പ്രസരിച്ചു. ശ്യാമളാംബികാപാദസ്ഥമായ ആ ചിത്രത്തെ പ്രാപിച്ച ഹരിപഞ്ചാനനാപാംഗത്തിൽ വജ്രമണിപോലെ ഒരു അശ്രുബിന്ദു തിളങ്ങി എങ്കിൽ, പടത്തലവരുടെ രണ്ടു് കണ്ണുകളിലും ഒരു ബാഷ്പച്ഛായ പ്രകാശിച്ചു. ഉണ്ണിത്താന്റെ സന്നിധിയിൽവെച്ചു് തന്റെ മുഖത്തു് സന്ധാനംചെയ്തതുപോലെയുള്ള ഭാവഭേദങ്ങൾ എന്നുമാത്രമല്ല; സ്വരഭേദങ്ങളും ചേഷ്ടാഭേദങ്ങളും ഹരിപഞ്ചാനനൻ പടത്തലവന്റെ മുമ്പിലും അഭിനയിച്ചു. ഈ വക പ്രയോഗങ്ങൾകൊണ്ടും അഭിനയവിദ്യയിൽ യോഗീശ്വരനെപ്പോലെ അഭ്യാസവിദഗ്ദ്ധനല്ലെങ്കിലും, അതിലും സാമാന്യപരിശീലനം ചെയ്തിട്ടുള്ള പടത്തലവരെ വഞ്ചിക്കാൻ സാധിച്ചില്ല. പരമബന്ധുക്കളെന്നുള്ള ഭാവത്തിൽ പരസ്പരദർശനത്തിനു് ശ്രമാലുക്കളായി രണ്ടുപേരും പിരിഞ്ഞു. പടത്തലവർ പുറത്തിറങ്ങിയപ്പോൾ കണ്ടതു് കളപ്രാക്കോട്ടത്തമ്പിയുടെ ചില ഭൃത്യന്മാരെ ആയിരുന്നു. വസ്ത്രധാരണക്രമവും മറ്റും കണ്ടു് തെക്കൻനായന്മാരെന്നു് മനസ്സിലാക്കി, അദ്ദേഹം അവരെ ചില ചോദ്യങ്ങൾകൊണ്ടു് വട്ടംചുറ്റിച്ചിട്ടു്, ചെമ്പകശ്ശേരിയിലേക്കു് നടന്നു.
 +
 +
ഹരിപഞ്ചാനനവാടത്തിൽനിന്നു് പുറത്തിറങ്ങിയപ്പോൾ പടത്തലവർ അഗ്നിജാതനായ സാക്ഷാൽ ദേവസേനാപതിതന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്തിൽ സ്ഫുരിച്ച രക്തകാന്തി വസ്ത്രത്തിലും പ്രതിബിംബിച്ചു. അദ്ദേഹം ചെമ്പകശ്ശേരിയിൽ പ്രവേശിച്ചപ്പോൾ, ആ ഭവനവാസികൾ സകലരും ആഗ്നേയമായുള്ള ഒരു സത്വത്തിന്റെ ആഗമനമെന്നു് ഭയന്നു് ഓരോ കോണുകളിൽ മറഞ്ഞു. യുവസിദ്ധവേഷധാരിയായ കേശവ പിള്ളയും അദ്ദേഹത്തിന്റെ മുമ്പിൽ പ്രവേശിക്കുന്നതിനു് ധൈര്യപ്പെട്ടില്ല. തന്റെ സാന്നിദ്ധ്യത്തെ ആവശ്യപ്പെടുന്നതായി ഒരു സിംഹഗർജ്ജനം കേട്ടു്, ആ യുവാവു് അറപ്പുരയ്ക്കകത്തു് പ്രവേശിച്ചു. ചുറ്റുമുള്ള സകലരേയും അകലത്താക്കീട്ടു് പടത്തലവർ സ്നേഹത്തേയും ആദരത്തേയും മറന്നു് കേശവ പിള്ളയെ ഇങ്ങനെ ഭത്സിച്ചു: “നീ എന്തു് കണ്ടു, എന്തറിഞ്ഞു? മലകൾ മറിച്ച മറിപ്പുകൾ എവിടെ? ഹരിപഞ്ചാനനൻ ആരു്, എവിടന്നു്, എന്തിനു് വന്നു? ആ ചിലമ്പിനേത്തെ ഉടയാൻ അവിടെ എന്തിനു് ചേർന്നു? എറുമ്പുകടിച്ചു് ഈച്ച ചത്തു, ഈച്ച നൊച്ചി പൂച്ച പെറ്റു്, അതൊക്കെ എന്തു കഥകൾ? തമ്പുരാനെ സേവിക്കുന്നവർ ഇത്ര മണ്ണുതിന്നുന്ന കൂട്ടമായോ? നീ ബ്രഹ്മാണ്ഡബുദ്ധിമാൻ; കാണാക്കാര്യമെല്ലാം കാണുന്ന നെടുങ്കണ്ണൻ! എന്നിട്ടെന്തു കണ്ടു നീ? നിന്റെ കണ്ണിൽ വിളയുന്നതു് മരമോ മണ്ണോ? ഛായ്!” കേശവ പിള്ളയുടെ ബുദ്ധി ജൃംഭിച്ചു; പാദങ്ങൾ ശക്തിയോടു് നിവർന്നു; ഇമകൾ വിടർന്നു; അധരങ്ങൾ അമർന്നു. ആ പ്രഭുവിൽനിന്നുണ്ടായിട്ടുള്ള സഹായങ്ങളെ സ്മരിച്ചുള്ള കൃതജ്ഞതാബന്ധം ശ്ലഥമായി, അയാളുടെ ദ്രുതകോപം പുറത്തോട്ടു് വഴിയുമെന്നുള്ള നിലയിൽ കരകവിഞ്ഞു.
 +
 +
; പടത്തലവർ: (തുടരുന്നു) “ഹരിപഞ്ചാനനനെ നീ കണ്ടില്ലേ? ആ അമ്മാളുക്കുട്ടിയേയും നിന്റെ കണ്ണല്ലേ കണ്ടതു്? എന്നിട്ടു്?”
 +
 +
; കേശവ പിള്ള: (പരുഷഹാസസ്വരത്തിൽ) “അയാൾ അവളെ വേട്ടുകൊണ്ടു് പോകട്ടെ. ചേരും. എനിക്കെന്തു് ചേതം?” പടത്തലവരുടെ ഗാത്രം എന്തോ ചിന്താവേഗംകൊണ്ടു് വിറച്ചു്  “കഷ്ടം! കഷ്ടം! കൊണ്ടും കൊടുത്തും പോകുന്ന കാര്യം ആരു് പറഞ്ഞിവിടെ?” (ശാന്തസ്വരത്തിൽ) “നിനക്കു പ്രായം കുറഞ്ഞുപോയി അപ്പനേ. അതു് നിന്റെ കുറ്റമല്ല. ഒന്നും ഒന്നും രണ്ടെന്നു് പറവാൻ വളരെ എളുപ്പം. എന്നാൽ അതിനും വയസ്സു് മൂന്നു നാലെങ്കിലും ചെല്ലണം. നാക്കു് പല്ലിനിടയിൽ അകപ്പെട്ടപോലാണു് എന്റെ സ്ഥിതി. നീ അമ്മ എന്നു് വിളിക്കുന്ന എന്റെ ഭാര്യ ഉഗ്രൻ കഴക്കൂട്ടത്തു  പിള്ളയുടെ മകളാണെന്നു് നീ അറിഞ്ഞിട്ടില്ലയോ? ഞാനൊന്നും പറകയില്ല. രാജ്യത്തിൽ ആണുങ്ങളില്ലെങ്കിൽ അതു് കാടുകേറട്ടെ. നീ നിന്റെ ബുദ്ധിചെലുത്തി, അറിഞ്ഞു് പറഞ്ഞാൽ, ഞാൻ ആ വസ്തുത തിരുമനസ്സറിയിക്കാം. അല്ലെങ്കിൽ ശ്രീപത്മനാഭൻ എല്ലാം വെളിപ്പെടുത്തട്ടെ. പരമാർത്ഥം പറയാതെ ഉണ്ണിത്താൻ ഒഴിയുന്നു. ഞാനും അങ്ങനെ ഒഴിഞ്ഞക്കോം.”  (ഗൗരവം ആവർത്തിച്ചു്)  “ബോധമില്ലാത്തപോലെ നീ അവിടെ നിൽക്കുന്നതെന്തു്? ആ പെണ്ണു് ആരു്? അതു് പറവാൻ കഴിഞ്ഞില്ലെങ്കിൽ അണ്ണാവയ്യനെ കൊന്നതും നീ, കേശവൻകുട്ടിയെ മോഷ്ടിച്ചതും നീ, ആ ഉമ്മിണിയെ കൊന്നതും നീ – ഏറു കഴകു് – എരട്ടക്കഴകു് – ഞാൻ വിട്ടു.” പടത്തലവരുടെ വാക്കുകൾ കേശവ പിള്ളയുടെ ക്രോധത്തെ സ്തംഭിപ്പിച്ചു്, ബുദ്ധിയെ വെളിവാക്കി പ്രവർത്തിച്ചു. ആ യുവാവു്, അദ്ദേഹത്തിൽനിന്നു് അഭ്യസിച്ചിട്ടുള്ള ആജ്ഞാനുസാരിത്വത്തെത്തുടർന്നു് അമ്മാളുക്കുട്ടിയുടെ രൂപത്തെ സങ്കൽപംകൊണ്ടു് തന്റെ മുമ്പിൽ ആകർഷിച്ചു. ആ രൂപത്തിന്റെ പാർശ്വത്തിൽ ഹരിപഞ്ചാനനരൂപത്തേയും നിലകൊള്ളിച്ചു; ശ്വാസഹീനനായി നിന്നു്, മനശ്ചക്ഷുസ്സിന്റെ സമഗ്രമായുള്ള പ്രവർത്തനംകൊണ്ടു് ആ രൂപങ്ങൾ തമ്മിലുള്ള സാമ്യത്തെ അവലോകനംചെയ്തു. അഭ്യസനംകൂടാതെ, അവമാനദുഃഖാധിക്യംകൊണ്ടു് സാധിച്ച ഈ ത്രാടകകർമ്മത്തിൽ രണ്ടു രൂപത്തിലേയും കേശസമൃദ്ധിയും, അതിന്റെ വിശേഷനീലിമയും, ഫാലദേശത്തിന്റെ ആകൃതിയും, ഭ്രൂക്കളുടെ ദൈർഘ്യവക്രതകളും, നേത്രങ്ങളുടെ വടിവും തേജസ്സും – എന്നിങ്ങനെ മുഖത്തിന്റെ നാനാംഗങ്ങളുടെ വിശേഷലക്ഷണങ്ങൾക്കും, രണ്ടുപേരുടെയും സ്വരവൈശിഷ്ട്യത്തിനും തമ്മിൽ പ്രത്യക്ഷമായ തുല്യത ആ യുവാവിന്റെ മനസ്സിൽ ഒരു ദീപോദയം പോലെ ഉജ്ജ്വലിച്ചു. കേശവ പിള്ളയുടെ മുഖം അതിപ്രസന്നമായി. തന്റെ സർവ്വാഹങ്കാരങ്ങളും ശമിച്ചു്, ആ യുവാവു് മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പരിപൂർണ്ണാഭിമാനത്തെ സമ്പാദിച്ച മഹാശക്തന്റെ മുമ്പിൽ ലജ്ജയോടും സങ്കോചത്തോടും നിന്നു. അപ്പോൾ ആ ഗുരുവരനിൽനിന്നു്  “ആരപ്പനേ ഹരിപഞ്ചാനനൻ?” എന്നു മൃദുവായി ഉണ്ടായ ചോദ്യത്തിനു് “അമ്മാളുക്കുട്ടിയുടെ അച്ഛൻ” എന്നു് ആ യുവാവു് രണ്ടുപക്ഷത്തിനു് വഴിയില്ലെന്നുള്ള തീർച്ചസ്വരത്തിൽ ഉത്തരം പറഞ്ഞു.
 +
 +
; പടത്തലവർ: “വെച്ചോ – പുറത്തു പറയണ്ടാ, അതു്. അമ്മയാകാത്തതു് ഭാഗ്യം. എങ്കിലും ‘അപ്പൂപ്പൻ’ എന്നു് പറയുന്ന ഉണ്ണിത്താനെക്കാളും നീ ഭേദം; എന്നല്ല വളരെ ഭേദം.അക്കുടുംബത്തിന്റെ പുരാതനങ്ങൾ നിനക്കറിഞ്ഞുകൂടല്ലോ – അതുകൊണ്ടു്, നീ സമർത്ഥൻ! നടന്നൂട് – അധികം പുറത്തു് കാണണ്ട, കേട്ടോ – നിന്റെ പക്കീർസായുടെ ഉപദേശം വിലപിടിച്ചതു് – ഹരിപഞ്ചാനനൻ കുടുക്കിലാകട്ടെ. പിന്നീടേ നീ പുറത്തു് ചാടേണ്ടു.”
 +
 +
പടത്തലവർ ഉടനേതന്നെ മുഖം കാണിച്ചു് അറിയിക്കാവുന്ന വസ്തുതകൾ തിരുമനസ്സറിയിച്ചു്, ആവശ്യമുള്ള കൽപനകൾ വാങ്ങി വീട്ടിൽ പോന്നു്, വേണ്ട ആജ്ഞകൾ കൊടുക്കുകയും ചെയ്തു. പടത്തലവരുടെ ഒന്നാമത്തെ ആജ്ഞ സേനാനായകനായ കുമാരൻതമ്പിക്കും, രണ്ടാമത്തേതു് ഭഗവതി അമ്മയ്ക്കും ആയിരുന്നു. ശ്രീവരാഹക്ഷേത്രത്തിൽനിന്നു് ആ സ്ത്രീയെ വരുത്തി, പടത്തലവർ പല കാര്യങ്ങളും പറഞ്ഞതിനു് പതിന്മടങ്ങു് കാരണങ്ങളും പറയേണ്ടിവന്നു. തന്നെ ഏൽപിക്കുന്നതുപോലുള്ള ഒരു പണിക്കാണു് തന്നെ ആവശ്യപ്പെട്ടതെന്നു് ഭഗവതി അമ്മ ആദ്യമേ മനസ്സിലാക്കി. പടത്തലവർ തന്നെ ഏൽപിച്ച പണിയിൽ അന്തർഭൂതമായുള്ള വിശ്വാസത്തെ അവർ വലിയൊരു സർട്ടിഫിക്കേറ്റായി കൈക്കൊണ്ടു. അവസാനത്തിൽ “കേയൂന്റെ തലപോണ കാര്യമാണു്. അതുകൊണ്ടു് – ” എന്നു് പറഞ്ഞു് പടത്തലവർ ഭഗവതി അമ്മയുടെ ഉത്സാഹത്തെ ഊർജ്ജിതപ്പെടുത്തിയപ്പോൾ ആ സ്ത്രീ “തലയും മൊലയും ഒന്നും പോവൂല്ലങ്ങുന്നേ, അങ്ങുന്നിരിക്കുമ്പം. പിന്നെ അങ്ങുന്നല്യോ ചൊല്ലിവിടുണതു്? കളപ്രാക്കോട്ടയെ പുത്തൻകോട്ടയാക്കി, പുള്ളിയെ റാഞ്ചിക്കൊണ്ടു് വന്നൂടൂല്യൊ പവതി” എന്നു് ആ പ്രഭുവര്യനോടും തന്റെ വീരവാദനിയമത്തിനു് കുറവു് വരുത്താതെ ഉത്തരം പറഞ്ഞു. ഭഗവതി അമ്മയുടെ നാവിൽനിന്നു് പുറപ്പെട്ടതും ഈ കഥാരംഭത്തിലെ ബാലന്റേതുപോലെ ഒരു അറമായിത്തന്നെ ഇരുന്നില്ലേ?
 
{{SFN/Dharmaraja}}
 
{{SFN/Dharmaraja}}

Latest revision as of 06:47, 27 October 2017

ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ;
ആശീർവചനവും ചെയ്തിതു കുന്തിയും.”

മ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, “കൂനിൽ കുരു പുറപ്പെടുക” എന്നുള്ള മൊഴിയെ ആ സന്ദർഭത്തിൽ ഫലപ്പെടുത്തി, മന്ത്രക്കൂടത്തു് താമസിക്കുന്ന സ്വാധികളുടെ ഹൃദയവ്രണങ്ങളിൽ നവവേദനയുണ്ടാക്കുമാറു് തറച്ചു. ആ ദിവസത്തിൽ കാണപ്പെടുന്ന മീനാക്ഷി കേശവ പിള്ളയെ സന്ദർശനംചെയ്ത വീരവനമാൻകിശോരിക, ശിംശപാതരുമൂലവാസത്തെ ബഹുവത്സരം അനുഷ്ഠിച്ചപോലെ അവസ്ഥാന്തരപ്രാപ്തയായിരിക്കുന്നു. തന്റെ കാമുകൻ പൂർണ്ണസുഖനായും സംശുദ്ധയശസ്കനായും തനിക്കു് തിരിയെ ലബ്ധനാകുമെന്നു് ജഗജ്ജയിയായ ഹരിപഞ്ചാനനൻ പ്രതിജ്ഞചെയ്തിരിക്കുന്നു എന്നു് പറഞ്ഞു്, സമാശ്വസിപ്പിച്ചാണു് കുപ്പശ്ശാർ ആ കന്യകയെ അവളുടെ സാഹസശ്രമത്തിൽനിന്നു് വിരമിപ്പിച്ചതു്. എന്നാൽ, ഹരിപഞ്ചാനനൻ ക്ഷണനേരത്തേക്കു് മന്ത്രക്കൂടത്തുപടിക്കൽവച്ചു് തന്നെ കണ്ടതിലുണ്ടായിട്ടുള്ള അഭിമാനമോ, കഷ്ടമോ – പ്രണയമോ – അല്ലാതെ, തന്റെ ഇംഗിതസിദ്ധിക്കായി യത്നിക്കുന്നതിനു് അദ്ദേഹത്തെ പ്രേരിപ്പിപ്പാനെന്തു് പ്രണോദനമുണ്ടെന്നുള്ള സാരമായ പ്രശ്നം അവളുടെ ഹൃദയത്തിൽ അങ്കുരിച്ചു. ഈ ചോദ്യത്തിനു് സ്വസ്വാന്തത്തിലുണ്ടായ പ്രതിഷേധോത്തരം അവളുടെ ക്ഷതോത്സാഹത്തെ അണുമാത്രവും ഉത്തേജനം ചെയ്തില്ല. മന്ത്രക്കൂടത്തു് തിരിച്ചെത്തിയപ്പോൾ ഉണ്ണിത്താൻപ്രഭുവിന്റെ ഇന്ദുശീതളമായ ഗുരുതരകാരുണ്യത്തിനും, വ്യസനോൽപ്ലാവിതമായ ആ കന്യകയുടെ മനസ്സിനെ സമസ്ഥിതിയിൽ ആക്കുന്നതിനു് സാധിച്ചില്ല. കുപ്പശ്ശാർ അയാൾ പുറത്തു് പറയുന്നതിലധികം എന്തോ മനസ്സിൽ ഉപഗുഹനംചെയ്യുന്നതായി ആ കന്യകയ്ക്കു് തോന്നി. അയാൾ ഐശ്വര്യകാംക്ഷനിമിത്തം ആ യോഗീശ്വരനെ തന്നോടു് സംഘടിപ്പിക്കാൻ യത്നിക്കുന്നതായി വ്യാഖ്യാനിച്ചു്, അവൾ ധർമ്മവ്രതനായ ആ വൃദ്ധനെ ദ്വേഷിച്ചുതുടങ്ങി. കുപ്പശ്ശാർ രണ്ടാമതും യോഗീശ്വരവാടത്തിൽ പോയി തിരിച്ചുവന്നപ്പോൾ മുതൽ, അയാളിൽ കാണപ്പെട്ട ക്രൗര്യഭാവവും നിതാന്തപരുഷതയും, അയാൾ വൃദ്ധയോടു് ഗൂഢമായിച്ചെയ്ത ആലോചനകളും, വൃദ്ധ ഉണ്ണിത്താനെ പ്രത്യേകം വരുത്തി ദീർഘസന്ദർശനം ചെയ്തതിൽ ഭിന്നാഭിപ്രായനെന്നപോലെ അദ്ദേഹം പിരിഞ്ഞതും, മീനാക്ഷിയുടെ ഉള്ളിൽ ജനിച്ച വിദ്വേഷകാലുഷ്യത്തെ സ്ഥിരീകരിച്ചു. വൃദ്ധയും കുപ്പശ്ശാരും ദുർമ്മോഹികളെന്നും, ലോകത്തിൽ തനിക്കു് താനല്ലാതെ ഇതരശരണ്യനുണ്ടെങ്കിൽ അതു് ചിലമ്പിനേത്തുനിന്നു് ഉഗ്രപ്രഭാവനായി വന്നു്, സ്വമാതാമഹിയുടെ സമക്ഷത്തിൽവച്ചു് തന്നെ പരസ്യമായി വരിച്ച കാമുകനല്ലാതെ മറ്റാരുമല്ലെന്നും ചില സ്വന്തകൈവല്യസിദ്ധാന്തങ്ങളും അവൾക്കു് പാഠമായി. ഇങ്ങനെ ആത്മകൈവല്യനിവൃത്തയായ ആ വേദവതിയെ അവളുടെ തൽക്കാലശ്രമത്തിനു് യുക്തശരീരയാക്കുവാനെന്നപോലെ മാതമഹിയുടേയും പരിചാരകന്റേയും മന്ത്രക്കൂടഭവനത്തിന്റേയും വയോവൃദ്ധി, ആ കന്യകയിൽ പകർന്നു. തന്റെ കുടുംബത്തിനു് നിസർഗ്ഗവും അപ്രതിഹതവുമായ് ധൃഷ്ടത അതിലെ എല്ലാ അംഗങ്ങളേയും ഒരേപ്രകാരം വിപന്നരാക്കിയതുപോലെ, പ്രണയബന്ധത്തിലുള്ള തന്റെ സ്ഥിരനിഷ്ഠ തന്നെയും അംഗുലക്രമമായ സ്വപൂർവഗാമികളുടെ ദുരന്തത്തിലേക്കു് നയിക്കുന്നു എന്നും മറ്റും ക്ലേശിച്ചതിനിടയിൽ തന്റെ ഗൃഹനാമത്തെ ‘കഴക്കൂട്ട’മെന്നു സങ്കൽപിച്ചു് ഓരോ ചിന്താവിമർശനങ്ങൾ മനശ്ചാപല്യംകൊണ്ടു് തുടങ്ങി. കഴുകന്മാർക്കു് തങ്ങളുടെ നഖരതുണ്ഡങ്ങൾകൊണ്ടു്, മൃതങ്ങളോ, ജീവത്തുക്കളോ ആയ, ഇതരശരീരങ്ങളുടെ മർദ്ദനവും ഭേദനവും അശനവും ചെയ്കയെന്നുള്ള ക്രൂരാനുഭവങ്ങൾക്കല്ലാതെ, ദിവ്യമായ അനുരാഗഭൂതിക്കോ ആത്മസ്വരത്തിനോ ഉത്തമമായ ഗൃഹജീവിതത്തിന്റെ സൗഭാഗ്യത്തിനോ അവകാശമെന്തു്? തങ്ങൾക്കു് തന്റെ വർഗ്ഗത്തിൽ ജനിച്ചുള്ള അവാന്തരങ്ങളായ പറവകളുടെ ഇടയിൽ നായകസ്ഥാനവും അന്തകസ്ഥാനവും വഹിച്ചും ജലതരുതൃണശൂന്യമായുള്ള വല്ല പർവതാഗ്രശിലയിലും വാസംചെയ്തും മൃദുലവും കരുണാസങ്കലിതവുമായ ജീവികാമാർഗ്ഗത്തെ പരിത്യജിച്ചും ഉള്ള ഏകാന്തജീവിതമല്ലേ വിധിയാൽത്തന്നെ കൽപിക്കപ്പെട്ടിട്ടുള്ളതു്? സ്വജാതീയരിൽ ഇതരന്മാർക്കു് പ്രാപല്യമല്ലാതുള്ള വാസദേശത്തിന്റേയും സഞ്ചാരവീഥിയുടേയും ഔന്നത്യംകൊണ്ടുമാത്രം തങ്ങൾ സന്തുഷ്ടിയെ പ്രാപിക്കേണ്ടേതല്ലേ? തന്റെ കുലത്തിന്റെ നിയതി ഏതദ്വിധമായ ഒരു രാജത്വമാണെങ്കിലും, ആ ഉന്നതകുടുംബത്തിന്റെ നാമമഹിമയ്ക്കുവേണ്ടി താൻ പൂർവജന്മത്തിൽ പ്രാർത്ഥിച്ചില്ലല്ലോ എന്നും അവൾ ചിന്തിച്ചു. എന്നുമാത്രമല്ല, താൻ സ്വകുടുംബധർമ്മത്തിന്റെ വലുതായ വിലോപത്താലെന്നപോലെ, ത്രിപുരസുന്ദരിവലിയമ്മയുടെ മുഖത്തിൽനിന്നു് ആശ്ചര്യാക്ഷേപോക്തികളെ ഉത്സർജ്ജിപ്പിക്കുമാറു്, നേത്രങ്ങളിൽ അശ്രുസ്ഫുരണംചെയ്യിച്ച ഒരു മൃദുശീലയായ കന്യകയുമല്ലേ? ഇങ്ങനെ ബഹുരൂപങ്ങളായി മനസ്സിൽ വ്യാപരിച്ച ആത്മഗതങ്ങളും അവളുടെ താപസാന്ത്വനം ചെയ്യാത്തതിനാൽ, അവൾ ആത്മപ്രഭാവംകൊണ്ടു് തന്റെ വിരഹദുഃഖത്തെ ഉപഗുഹനംചെയ്തു. എന്നാൽ അതിന്റെ രൂക്ഷജ്വലനത്തിൽനിന്നു് ഉൽഭൂതമായ ഒരു ധൂമം അവളുടെ കാന്തിസൗഭാഗ്യത്തെ ക്ഷണംപ്രതി ആച്ഛാദിച്ചു. അവളുടെ നിദ്രാകാലങ്ങൾ പ്രണയസമുദ്രതരംഗങ്ങളിൽ അകപ്പെട്ടു വലയുന്ന തന്റെ പ്രാണരക്ഷണത്തിനുള്ള ശ്രമങ്ങളായും, സ്നാനഭക്ഷണാദിക്രിയകൾ കേവലം വിഗ്രഹാരാധനയിലെ തന്ത്രകർമ്മങ്ങളായും, പ്രാർത്ഥനാശ്ലോക കഥനങ്ങൾ ദൈവനിഷ്കരുണത്വത്തിന്റെനേർക്കുള്ള കോപപർജ്ജന്യധ്വനികളായും ചമഞ്ഞു. ചന്ത്രക്കാറൻ, നന്തിയത്തുണ്ണിത്താൻ എന്നീ പ്രഭുക്കളുടെ പുരുഷത്വത്തേയും രാജാധികാരത്തിന്റെക്ഷീണതയേയും തന്റെ കാമുകന്റെ അനുരാഗദൗർബ്ബല്യത്തേയും അവൾ ആത്മനാ ഉപഹസിച്ചു; വർഷകാലത്തിന്റെ തകൃതികൾ കണ്ടപ്പോൾ, അതുകളോടുകൂടി ലോകം അവസാനിക്കട്ടേ എന്നു് അവൾ ശപിച്ചു. താദൃശമായ തന്റെ അവസ്ഥയെ അപഹസിക്കാനെന്നപോലെ, ഇടയ്ക്കിടെ പ്രസന്നവദനനായി കാണപ്പെട്ട ആദിത്യനോടു് കയർത്തു്; ഇടവിട്ടു് പൊഴിയുന്ന മഴകളെ വിധിഗതിയുടെ ചാപല്യത്തോടുമപിച്ചു് ഭർത്സിച്ചു. തന്റെ ഭർത്തൃസ്ഥാനികനു്, ആപന്മോചനം വരുത്തുന്നതിൽ തനിക്കുള്ള ശക്തിവിഹീനതയെ പരിഹരിപ്പാൻ നിർമ്മമനായ ദൈവത്തോടു് പ്രാർത്ഥിച്ചു; താൻ നിത്യപാരായണംചെയ്യുന്ന സ്തോത്രങ്ങളിൽ “ത്രലോക്യവിജയീ ഭവേൽ”, “ശത്രുസൈന്യം വിജേഷ്യസി” എന്നും മറ്റും ഫലശ്രുതികൾ ഓരോ ഋഷീശ്വരന്മാരാൽ കീർത്തിക്കപ്പെട്ടിട്ടുള്ളവ തന്റെ സംഗതിയിൽ വിഫലങ്ങളായി ഭവിച്ചതിനാൽ, “ആരൊരുവൻ മേലിൽ സേവിപ്പതും” എന്നുള്ള നളമഹാരാജാവിന്റെ ചോദ്യം ആ കന്യകയുടെ ഹൃദയത്തിലും ഉദിച്ചു. തന്റെ മാതാമഹിയോടും തന്റെ മനസ്സിനു് ‘ആനന്ദകന്ദള’മായ കാമുകനോടും ചേർന്നിരുന്ന നിശയിൽ, തന്നെ ശീതളകരങ്ങൾകൊണ്ടു് തലോടിയ പൂർണ്ണചന്ദ്രന്റെ ആകാശസഞ്ചാരശ്രമത്തെ താൻ പ്രാർത്ഥനാഗീതങ്ങൾകൊണ്ടു് ആശ്വസിപ്പിച്ച ആ സ്വപ്നസദൃശമായ അൽപകാലത്തിന്റെ ആവർത്തനത്തെ അവൾ കാംക്ഷിച്ചു. ആ രാത്രിയുടെ മനോഹരാരംഭവും അതിഭയങ്കരമായ അവസാനവും ഓർത്തപ്പോൾ മീനാക്ഷി പാണ്ഡരവദനയായി, രാജഭടാദിജനങ്ങളുടെ പ്രവേശനംകൊണ്ടു് തന്റെ ഭവനദ്വാരം പുനശ്ച വിപാടനംചെയ്യപ്പെടുന്നു എന്നു് വിഭ്രമിച്ചു. സ്ത്രീകളുടെ കൗമാരകാലം മുതൽ രക്ഷിപ്പാനുള്ള പുരുഷന്റെ പ്രണയസമ്പാദനം തന്റെ സംഗതിയിൽ പ്രാണഭേദകമായി പരിണമിച്ചിരിക്കുന്നതും, എല്ലാം ദൈവവിരോധത്തിന്റെ ലക്ഷ്യങ്ങളെന്നു് സ്മരിച്ചു്, ‘സമസ്താപരാധ’ പ്രാർത്ഥനയോടുകൂടി, തന്നെ വലയംചെയ്ത ദുഃഖതരളതാവാഹിനിയിലെ യോഗാനന്ദതരംഗത്തിൽ നിമഗ്നയായി.

ഇങ്ങനെയുള്ള അശരണ്യതകൊണ്ടു് ദിവസംപ്രതി ഉത്തരോത്തരംക്ഷീണിച്ച മീനാക്ഷിയെ മാതാമഹിയും കുപ്പശ്ശാരും കഴിയുന്നത്ര സാന്ത്വനംചെയ്‌‌വാൻ ശ്രമിച്ചു. മാതാമഹിയുടെ ശയ്യാർദ്ധഭാഗിനിയായി ശയിക്കുക, അനുക്ഷണം എഴുന്നേറ്റു് ഗൃഹദ്വാരത്തോടു് കാമുകസമാഗമത്തെ ഇച്ഛിച്ചു് നോക്കുക, വഴിപോകുന്ന ജനങ്ങളുടെ സ്വജനങ്ങളിൽ പ്രിയതമസംഭാഷണം കേട്ടതായി ഭ്രമിക്കുക, മനശ്ശൂന്യയായി ഗൃഹത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരണം ചെയ്യുക, ദിനകൃത്യങ്ങളെ വിദ്വേഷിച്ചു് സ്വരക്ഷകരോടു് മൗനത്തെ അവലംബിക്കുക ഇത്യാദി വിരഹജ്വരചേഷ്ടകളോടുകൂടി ആ കന്യക സാക്ഷാൽ മീനാക്ഷിയുടെ പ്രേതമെന്നപോലെ ചമഞ്ഞു്, പ്രേക്ഷകജനത്തിനു് അനുകമ്പാവിഷയമായി ഭവിച്ചു. ഇങ്ങനെ കഴിയുന്ന കാലത്തു് ഒരു ദിവസം വൈകുന്നതിനു് മൂന്നുനാലു് നാഴികയുള്ളപ്പോൾ തന്റെ ഹൃദയാപഹാരിയുടെ സ്വരസംഘടനം തന്നെ എന്നു് തോന്നുംവണ്ണം ഒരു ശബ്ദം പടിക്കൽ കേട്ടു. അപാരമായ ആശാനിവേശത്തോടുകൂടി മീനാക്ഷി എഴുന്നേറ്റു് നോക്കുന്നതിനിടയിൽ, യോഗീശ്വരന്റെ ഗതികളെക്കുറിച്ചു് ഏകാഗ്രചിന്തനംചെയ്തും, മറ്റുള്ളവരുടെ സഹതാപംപോലും ലഭിക്കാൻ പാടില്ലാത്തവിധം അതുകളെ ഗോപനംചെയ്തും ഉഴലുന്ന കുപ്പശ്ശാർ വാതിൽ തുറന്നു. മീനാക്ഷിയുടെ ഹൃദയം മുകുളീകൃതമായി. അരുതു്! ബുദ്ധിഹീനമായ മനസ്സേ, വികസിക്കു്! കേശവൻകുഞ്ഞിനെക്കൊണ്ടു് തന്നെ വിവാഹംചെയ്യിപ്പാൻ നിശ്ചയിച്ചു് അനുഗ്രഹിച്ച, പരമബന്ധുവായ വൃദ്ധബ്രാഹ്മണനല്ലേ വരുന്നതു്? – അല്ലാ! ബ്രാഹ്മണ്യമായുള്ള ശാന്തത ആഗതനിൽ കാണപ്പെടുന്നില്ലാ! – ക്ഷമിക്ക, ഹൃദയമേ! അനുഗ്രഹദാനഹസ്തത്തിന്റെ സമാഗമത്തിൽ കൂമ്പുക എന്നുള്ളതു് പുഷ്പജാതിക്കും മര്യാദയല്ല. നിന്നാൽ അഭിലഷിതമായുള്ള വിവാഹത്തെ പ്രസാദപൂർണ്ണതയോടനുവദിച്ച പ്രഭുവര്യൻ പുത്രസമേതം നിന്നെ ആനന്ദസരണിയിലാക്കാൻ ആഗമനംചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്ക – ആഹാ! അങ്ങനെയുമല്ല! ശോകാവേഷ്ടിതമായ ഹൃദയം വ്യർത്ഥങ്ങളായ ആശകൾകൊണ്ടു് വഞ്ചിക്കപ്പെടുന്നല്ലോ! അയ്യോ! ഭൂസ്വർഗ്ഗഭേദങ്ങൾ നഷ്ടമായി, നിര്യാണഗതനായ മാതാമഹന്റെ പ്രാപഞ്ചികമായുള്ള കായത്തെയല്ലേ ദർശനംചെയ്യുന്നതു്. ഭഗവാനേ! മീനാക്ഷിയുടെ വാടാക്കരൾ ഭിന്നമാകുന്നു. സഹ്യനിരയുടെ തരണത്തിലും ക്ഷീണിക്കാത്ത പാദങ്ങൾ തളരുന്നു. മാതൃകാമുകവിയോഗങ്ങളിലും ഊർദ്ധ്വശിഖമായി നിലകൊണ്ട ബോധദീപം അണയുന്നു. കനകകേതകീസദൃശമായുള്ള ആ ശരീരത്തിനു് ഭൂപതനമാകുന്ന അപഹതികൂടി സംഭവിക്കാതെ സാന്ദ്രശരണാവബോധത്തെ നൽകുന്ന രണ്ടു് ഹസ്തങ്ങൾ രക്ഷിക്കുന്നു. സൽക്കരിക്കാൻ വിമനസ്സായ കുപ്പശ്ശാരുടെ നയശ്രമങ്ങളെ പരുഷപ്രകോപത്തോടെ നിരാകരിച്ചു് നാലുകെട്ടിൽ പ്രവേശിച്ച പടത്തലവർ പ്രായംകൊണ്ടു് ബാലികയും ചാർച്ചമുറകൊണ്ടു് ഭാഗിനേയിയും എന്നുള്ള നിലകളിൽ മീനാക്ഷിയെ ഹസ്തഗ്രഹണംചെയ്തു് ശിരസ്സിൽ മുകർന്നു്, ശയ്യാവലംബിനിയായ വൃദ്ധയെ ബഹുമാനസ്നേഹാദരപൂർവ്വം കടാക്ഷിച്ചു. ഈ അത്യാശ്ചര്യസംഭവം കണ്ടു് വൃദ്ധ പരിഭ്രമിച്ച് – ആൾ മനസ്സിലാകാതെ സൂക്ഷിച്ചുനോക്കി – സ്വപ്നവിഭ്രമമോ എന്നു് സംശയിച്ചുഴന്നു് – പിന്നെയും നോക്കി, – നിർഭരമായ വിദ്വേഷാതിരേകം കൊണ്ടു് വിറച്ചു്, ഓരോന്നു് പുലമ്പി. സൽഗുണസമ്പന്നന്മാരുടെ ഹസ്തങ്ങളിൽ സർവദാ വശീകരണവിദ്യുത്പ്രവാഹം ഉണ്ടായിക്കൊണ്ടിരിക്കുമെന്നു് തെളിയിക്കുമാറു്, മീനാക്ഷിയെ ഗ്രഹിച്ചിരിക്കുന്ന ഹസ്തങ്ങൾ അവൾക്കു് ശാശ്വതനർമ്മദയായ ഒരു ബന്ധുവിന്റെ ലബ്ധി ഉണ്ടായിരിക്കുന്നു എന്നുള്ള ജ്ഞാനത്തെ ആത്മോപദേശംപോലെ നൽകി. ഗംഭീരവദനനായി, ആരോഗ്യസൗഭാഗ്യങ്ങളുടെ അവതാരരൂപമായി നിൽക്കുന്ന പ്രഭുവിന്റെ മുഖത്തു് മീനാക്ഷി ബന്ധവാസനാപ്രയുക്തമായ കൗമാരസൗഹാർദ്ദത്തോടുകൂടി നോക്കി. തങ്ങളുടെ തൽക്കാലാവസ്ഥയ്ക്കു് സർവഥാ ശരണ്യനെന്നുള്ള ദൃഢവിശ്വാസത്തെ ജനിപ്പിക്കുന്നവനായ ആ അതിഥിയെ തന്റെ മാതാമഹി സൽക്കരിക്കാത്തതിനെക്കുറിച്ചു് ആശ്ചര്യപ്പെട്ടു.

വൃദ്ധയുടെ ഈർഷ്യാകോപങ്ങൾ വർദ്ധിച്ചു് അവരുടെ വാർദ്ധക്യക്ഷീണത്തിനു് ദുസ്സഹമായിത്തീർന്നു. മീനാക്ഷിയുടെ പിടി വിടാതെ പടത്തലവർ ശയ്യയുടെ സമീപത്തു് നീങ്ങി വൃദ്ധയോടു് അടുത്തു്, അവരുടെ മുഖത്തെ പരിശോധിച്ചപ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ മറഞ്ഞുകിടന്നിരുന്ന ഒരു ആകൃതിയുടെ സ്ഫുടതരമായ സ്മരണ ഉണ്ടായി. പ്രൗഢയായ ഗൃഹനായികയായി വർത്തിച്ചിരുന്ന കാലങ്ങളിലും ഉപയോഗിച്ചിരുന്ന സർപ്പരാജവിഗ്രഹം കൊത്തീട്ടുള്ള താലി അക്കാലത്തെന്നപോലെതന്നെ വർണ്ണവിപര്യയംകൊണ്ടു് അധികം ശോഭിക്കുമാറു്, കറുത്ത ചരടിൽ കോർത്തു് ഇപ്പോഴും ധരിച്ചിരുന്നു. വലതുനേത്രത്തിനടുത്തുള്ള ഗണ്ഡസ്ഥലത്തു്, അദ്ദേഹത്തിന്റെ ബാല്യ വികൃതിത്വത്തിനിടയിൽ ചുരണ്ടിയും കഴുകിയും മായ്ക്കാൻ നോക്കിയിട്ടുള്ള ഒരു ലാഞ്ഛനവും ശ്രീവത്സമെന്നപോലെ കാണുന്നുണ്ടു്. പ്രഭുവിന്റെ സംശയങ്ങൾ തീരെ നീങ്ങി. കേശവ പിള്ളയുടെ അനുമാനത്തിൽ പ്രദർശിതമായ ബുദ്ധിവൈശിഷ്ട്യത്തെ അദ്ദേഹവും അത്യന്തം അഭിമാനിച്ചു. മാമാവെങ്കിടനെപ്പോലെതന്നെ അദ്ദേഹവും ‘വിട്ടുപോവാനും വിരോധിപ്പതിന്നുമങ്ങൊട്ടും സമർത്ഥനല്ലാതെ’ കുഴങ്ങി, വ്യാകുലനായി, കുറച്ചുനേരം നിന്നു; എങ്കിലും സകലതും ഈശ്വരേച്ഛയും മഹാരാജാവിന്റെ കൽപനയും അനുസരിച്ചു് നടക്കട്ടെ എന്നും, എന്നാൽ ഈ ഭവനക്കാർക്കുവേണ്ടി അഭയം യാചിച്ചു് തന്റെ ഹസ്തത്തിൽ ആനന്ദപരവശയായി ലസിക്കുന്ന കന്യകയുടെ ജീവിതത്തെ സുഖമായി കഴിക്കുന്നതിനുള്ള മാർഗ്ഗം താൻ ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നും നിശ്ചയിച്ചു.

ത്രിപുരസുന്ദരി വലിയകുഞ്ഞമ്മയുടെ മുപ്പതു് വയസ്സോളം അവരോടടുത്തു് പരിചയമുണ്ടായിരുന്ന പടത്തലവർ ആ പ്രഭ്വിയുടെ ദയനീയമായ അപ്പോഴത്തെ സ്ഥിതി കണ്ടു് അനുകമ്പാപരവശനായി, അത്യന്തം വിനയത്തോടും ഭക്തിയോടും കുശലാന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ കരുണാസൂചകമായുള്ള വാക്കുകൾ കേട്ടപ്പോൾ രാജനിയോഗാനുസാരം തങ്ങളെ ബന്ധനത്തിലാക്കുന്നതിനുള്ള ദൗത്യത്തോടുകൂടി അദ്ദേഹം ചെന്നിരിക്കുന്നതല്ലെന്നു് വൃദ്ധ അനുമാനിച്ചു. എങ്കിലും പൂർവ്വകഥകളെ ഓർത്തപ്പോൾ തന്റെ മാതുലജാമാതാവായ ഇദ്ദേഹം തന്റെ വംശനാശത്തിനു് അനുകൂലനായി നിന്നു എന്നുള്ള അക്ഷന്തവ്യകൃത്യം അവരുടെ മനസ്സിനു് മഹാവൈകല്യത്തെ ഉണ്ടാക്കി. ബാല്യത്തിലെ സ്വർണ്ണവിഗ്രഹപ്രഭയും, ലോഹയഷ്ടിക്കൊത്ത കായദാർഢ്യവും, ‘ലീലാഗോപകുമാര’ന്റെ വദനപ്രസന്നതയും, പ്രഭുവിൽ അന്നും പ്രകാശിച്ചു. ജ്യേഷ്ഠസഹോദരീസ്ഥാനികമായുള്ള വൃദ്ധയിൽ സ്ത്രീസഹജമായവിധത്തിൽ സ്നേഹത്തെ ഉദ്ധരിച്ചു്, “തിരുമുഖത്തെ അപ്പനല്ലയോ?” എന്നു് ചോദ്യംചെയ്യിപ്പിച്ചു. “അതേ” എന്നും, ഈ ഉത്തരത്തെ കുറച്ചുകൂടി സ്ഫുടമാക്കുന്നതിനു് “ചെമ്പകശ്ശേരിയിൽനിന്നും വരുന്നു” എന്നും പടത്തലവർ മറുപടി പറഞ്ഞപ്പോൾ, വൃദ്ധ വളരെ വൈഷമ്യത്തോടുകൂടി എഴുന്നേറ്റു് ശയ്യയിൽ ഇരിക്കുകയും, മാതാമഹിയുടെ അപ്രസന്നതയിൽ അതുവരെ കുണ്ഠിതത്തോടുകൂടി നിന്നിരുന്ന മീനാക്ഷി ഇത്രത്തോളമെങ്കിലുമുണ്ടായ ആദരത്തെക്കണ്ടു്, തന്റെ പാർശ്വസ്ഥമായ കനകസാലത്തിന്റെ ശിരോദേശത്തെ ലക്ഷ്യമാക്കി ചില പുഞ്ചിരിച്ചെറുപ്രാക്കളെ പറപ്പിക്കയും ചെയ്തു. തന്റെ ശയ്യയിൽത്തന്നെ അദ്ദേഹത്തെ ഇരുത്തി വൃദ്ധ പരുഷസംഭാഷണം തുടങ്ങി: “കഴിഞ്ഞ കഥ പറഞ്ഞു് വ്യസനിക്കേണ്ട. എനിക്കെല്ലൊം മനസ്സിലായി. കോന്തിജ്യേഷ്ഠന്റെ അന്നത്തെ മിടുക്കുകൊണ്ടു് നിങ്ങൾ അപ്പോൾ രക്ഷപ്പെട്ടു. അമ്മാളുക്കുട്ടി സാവിത്രി അമ്മയുടെ മകളാണു്. നിങ്ങൾ രണ്ടുപേരുമേ ശേഷിച്ചിട്ടുള്ളു. ഈ കൊച്ചുമിടുക്കിയെ ഞാൻ ദത്തെടുക്കാൻ നിശ്ചയിച്ചു” എന്നുള്ള ചുരുക്കമായ പ്രസ്താവനകൊണ്ടു് പടത്തലവർ പൂർവകഥകളും വിരോധകാരണങ്ങളുമെല്ലാം മാർജ്ജനംചെയ്തു. ഉണ്ണിത്താൻ പ്രഭുവിൽനിന്നുണ്ടായതിലും തീർച്ചയും കാര്യപ്രയോജകവുമായ വാഗ്ദാനം ഇതാ ലബ്ധമായിരിക്കുന്നു. ദാതാവും നിസ്സാരമതിയോ വൃഥാപ്രതിജ്ഞനോ അല്ലതാനും. തങ്ങളുടെ വിശ്വാസത്തിനു് പാത്രമായുള്ള ധർമ്മനിഷ്ഠനും തങ്ങളോടു് കരുണാപൂർണ്ണനായി വർത്തിപ്പാൻ ബന്ധിതനും ആണു്. നാരായണ! സകല ദുഃഖങ്ങൾക്കും കരകണ്ടു, എന്നു് ത്രിപുരസുന്ദരിവലിയമ്മ ആശ്വസിച്ചുകൊണ്ടു് “അമ്മാളുക്കുട്ടി എന്നല്ല പേരു് മീനാക്ഷി എന്നാണു് അപ്പനേ! – ഞങ്ങൾ പെട്ട പാടുകൾ –”

ആദ്യമായി ആ നേത്രങ്ങളിൽനിന്നു് കുടുംബാപരാധങ്ങൾ സമസ്തത്തിനും ക്ഷമാപ്രാർത്ഥനയായി കണ്ണുനീർ പ്രവഹിച്ചു. ഇങ്ങനെയുള്ള സന്ദർഭത്തിൽ കുറയ്ക്കേണ്ടെന്നു് വിചാരിച്ചും, സാംക്രമികശക്തിയാലും അഭൂതപൂർവ്വമായുള്ള തന്റെ മാതാമഹിയുടെ ദുഃഖപ്രദർശനാനുമതിയാൽ ധൈര്യപ്പെട്ടും, മീനാക്ഷി സ്വന്തമായ വിരഹദുഃഖത്തെ നിർബ്ബാധമായി, കണ്ണുനീർവഴി പ്രവർഷിച്ചു്, പടത്തലവരുടെ ഹസ്തത്തിനു് അർഘ്യദാനം ചെയ്തു.

ഇവരുടെ പരസ്പരസൗഹാർദ്ദത്തെ കണ്ടപ്പോൾ, പൂർവ്വചരിത്രസൂതിയും തൽക്കാലസ്ഥിതികളുടെ പരമാർത്ഥധാരണവുംകൊണ്ടു് കുപ്പശ്ശാരു് അസാമാന്യമായി പരുങ്ങി. അറിയേണ്ട പ്രധാന സംഗതികളെല്ലാം പടത്തലവർ അറിഞ്ഞു. കലാപങ്ങൾ കൂടാതെ കാര്യങ്ങൾ നിർവ്വഹിക്കണമെന്നുള്ള മഹാരാജാവിന്റെ ഇംഗിതത്തെ ധരിച്ചിരുന്നതിനാൽ, തന്റെ സംബന്ധബന്ധധർമ്മത്തെ നിറവേറ്റി, ഇവരെ സുഖസ്ഥിതിയിലാക്കുവാൻ നിവൃത്തിയുണ്ടെന്നു് തീർച്ചയാക്കുകയും ചെയ്തു. എന്നാൽ മഹാരാജാവിനും തനിക്കും ഉള്ള സംശയത്തിനു് നിവൃത്തിവരുത്തി മീനാക്ഷിയുടെ ഭാവിവിധിയെ നിയമനംചെയ്യേണ്ട കൃത്യം ശേഷിച്ചിരുന്നു. അതിലേക്കായി മീനാക്ഷിയുടെ കൈയ്ക്കു് ദൃഢമായി പിടികൂടിക്കൊണ്ടു്, നാലുകെട്ടിന്റെ പുറകോട്ടുള്ള വാതിലിൽ ചെന്നുനിന്നു്, പടത്തലവർ ഹിന്ദുസ്ഥാനിയിൽ ഉറക്കെ ഒരു ആജ്ഞ പുറപ്പെടുവിച്ചു. കാഷായവസ്ത്രംകൊണ്ടുള്ള കുപ്പായവും തലക്കെട്ടൂം കൃത്രിമമീശയും കുറികളും ധരിച്ചു് ദൃഢകായനായ ഒരു യുവാവു് അകത്തോട്ടു് പ്രവേശിച്ചു. അയാളുടെ ദർശനത്താൽ മീനാക്ഷിക്കു് പ്രബലമായ എന്തെങ്കിലും ചേതോവികാരം ജനിച്ചു‌‌ എങ്കിൽ, വൈദ്യശാസ്ത്രപടുവായ അനന്തപത്മനാഭൻ പ്രഭുവിന്റെ വിരലുകൾക്കു് നാഡീചലനഭേദത്താൽ അതു് സുഗ്രഹമാകുമായിരുന്നു. ആ വേഷംകൊണ്ടും മീനാക്ഷിയുടെ കഴക്കൂട്ടത്തു് വകയായുള്ള നേത്രങ്ങൾ വഞ്ചിക്കപ്പെട്ടില്ല. അന്തര്യാമിയായ ദിവ്യചൈതന്യത്തിന്റെ സാക്ഷ്യത്തോടുകൂടി ഗൂഢാർപ്പണംചെയ്യപ്പെടുന്ന പരസ്പരപ്രണയബന്ധം കൃത്രിമ വേഷങ്ങൾ കൊണ്ടും മറ്റും വഞ്ചിക്കപ്പെടാവുന്നതല്ലല്ലോ. യുവാവിന്റെ മുഖവും കന്യകയുടെ മുഖവും പടത്തലവരുടെ തത്വാന്വേഷികളായ നേത്രങ്ങളാൽ പ്രതിരേഖം പരിശോധിക്കപ്പെട്ടു. യുവാവിനും കന്യകയ്ക്കും ഒന്നുപോലെ പടത്തലവരുടെ അന്തർഗ്ഗതം മനസ്സിലായി. അവാച്യമായുള്ള ഒരു ബന്ധം അവർതമ്മിൽ ഉണ്ടായിട്ടുണ്ടെന്നുവരികിലും അതു് സൗഭ്രാത്രത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ പ്രണയബന്ധമായി ഭവിച്ചിട്ടില്ലെന്നു് പടത്തലവർക്കു് ബോദ്ധ്യപ്പെട്ടു. രണ്ടു് കക്ഷികളുടേയും നേത്രങ്ങളിൽ ബഹുമാനവും ആദരവും അഭിമാനവും സ്ഫുരിച്ചതിനെ ആത്മശാസ്ത്രജ്ഞന്റെ നിലയിൽ പടത്തലവർ മനസ്സിലാക്കി. ഒരു പ്രിയന്റെ വരണംകൊണ്ടു് മീനാക്ഷി സന്തുഷ്ടയായിരുന്നു. രണ്ടാമതൊന്നിനു് അവളുടെ ഹൃദയത്തിൽ സ്ഥലവും ഇല്ലായിരുന്നു. ആത്മസമന്വിതം സമർപ്പണംചെയ്യപ്പെടുന്ന പ്രണയത്തെ ഉപസംഹരിച്ചാൽ അതു് സ്ഥാനശൂന്യമായി വ്യഭിചരണഗതിയെ പ്രാപിക്കാമെന്നുള്ള പതിവ്രതാധർമ്മത്തിന്റെ സ്ഥായിയായ സിദ്ധാന്തത്തെ മീനാക്ഷി ധരിച്ചിരുന്നു. അതുകൊണ്ടു് ആ കന്യകയുടെ ജീവരക്തം അവളുടെ അന്തർഗ്ഗതത്തിന്റെ പരിശുദ്ധതയെത്തന്നെ സൂക്ഷ്മമായി അനുഗമിക്കയും ഈ പ്രൗഢമായുള്ള നാഡീത്രുടനത്തെ പടത്തലവരുടെ അംഗുലികൾ ഗ്രഹിക്കയും ചെയ്തു. അതേ; ഒരു സമുദായത്തിലേക്കു് മുഴുവനുംകൂടിത്തന്നെയാകട്ടെ ഒരു യുഗത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചാരിത്രശുദ്ധിപൂർണ്ണതയോടുകൂടിയ ഏകസമ്പത്തെങ്കിലും ഉണ്ടാകുന്നെങ്കിൽ, ആ സമുദായഭൂമി എത്ര മഹത്തമമായുള്ളതെന്നു് അഭിമാനിക്കകൊണ്ടുണ്ടായ പരിതോഷപ്പുഞ്ചിരിയോടുകൂടി വിദേശഭാഷയിൽ എന്തോ പറഞ്ഞു്, വേഷപ്രച്ഛന്നനായ യുവാവിനെ അയച്ചിട്ടു്, “എന്റെ കുഞ്ഞിന്റെ കേശവൻകുഞ്ഞിനെ തിരിച്ചു് തരാനും ഞാൻ ഏറ്റു” എന്നുള്ള ഒരു പ്രതിജ്ഞാമൃതത്തെ സമ്മാനിച്ചു്, അദ്ദേഹം മീനാക്ഷിയെ ചിരംജീവിനിയാക്കുകയും ചെയ്തു.

പടത്തലവർ അന്നുരാത്രി അവിടെത്താമസിച്ചു്, കുട്ടിക്കോന്തിശ്ശന്റെ ദേശാന്തരപ്രയാണാരംഭംമുതൽക്കുള്ള കഥകൾ അറിഞ്ഞു്, അടുത്തദിവസം ചെമ്പകശ്ശേരിയിലേക്കു് മടങ്ങി. തിരിച്ചുപോകുന്ന മാർഗ്ഗത്തിൽ, വേഷപ്രച്ഛന്നനായി തന്നോടുകൂടിയുണ്ടായിരുന്ന കേശവ പിള്ളയോടും മിണ്ടാതെ ഗൗരവമായുള്ള ചിന്തകളോടുകൂടിയാണു് അദ്ദേഹം യാത്രചെയ്തതു്. ചെമ്പകശ്ശേരിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവു് കാത്തു് നന്തിയത്തുണ്ണിത്താനും മാമാവെങ്കിടനും ആ ഭവനത്തിൽ ഇരുന്നിരുന്നു. പടത്തലവരുടെ മുഖഭാവംകണ്ടു് അവർ രണ്ടുപേരും തങ്ങൾ അറിഞ്ഞിരുന്ന പരമാർത്ഥത്തെ അദ്ദേഹവും ധരിച്ചു എന്നു് ഊഹിച്ചു. ഉണ്ണിത്താനും പടത്തലവരും മാത്രം ചേർന്നു് പ്രത്യേകമായി കുറച്ചുനേരത്തെ സംഭാഷണമുണ്ടായി. അതിൽ, തന്റെ ഒരു സംശയത്തെ ആസ്പദമാക്കി ചിലർക്കുവേണ്ടി ക്ഷമാപ്രാർത്ഥകനായി തിരുമുമ്പിൽ എത്തേണ്ടിവരുമെന്നു് തിരുമനസ്സറിയിച്ചിട്ടുള്ള സംഗതിയേയും ഉണ്ണിത്താൻ പടത്തലവരെ ധരിപ്പിച്ചു. ഉണ്ണിത്താൻ ഒരു സ്വപ്നകഥ പറയുകയാണെന്നു് പടത്തലവർ വിചാരിച്ചു. അദ്ദേഹത്തിന്റെ സംശയഭാവം മനസ്സിലാവുകയാൽ “അങ്ങനെ വരാം. അബദ്ധമെന്നു് വിചാരിക്കേണ്ട. ശാസ്ത്രങ്ങൾ അനുകൂലമാണു്. കല്പം സേവിച്ചു് സഹസ്രമണ്ഡലജീവിതവും സമ്പാദിക്കാം. അതെല്ലാം അവിടെയും അറിഞ്ഞുകൂടേ? ഈ സംശയമൊന്നും മന്ത്രക്കൂടത്തില്ല. കുപ്പൻ പരമാർത്ഥമറിഞ്ഞിട്ടുണ്ടു്” എന്നു് ഉണ്ണിത്താൻ പറഞ്ഞു. ഈ വിധമുള്ള വിഷമസംഗതികളാൽ സ്വന്തനേത്രങ്ങളോളം വിശ്വസനീയന്മാരായ ഉപദേഷ്ടാക്കൾ മറ്റു് ആരുമില്ലെന്നു് പടത്തലവർ വിചാരിച്ചു. മഹാരാജാവിന്റെയും രാജ്യത്തിന്റെയും രക്ഷയ്ക്കു് തന്റെ ശ്രമങ്ങൾ ആവശ്യപ്പെട്ട സന്ദർഭങ്ങളിൽ അദ്ദേഹം ഭക്ഷണനിദ്രാദികളെ വർജ്ജിക്കുക നിയമമായിരുന്നതിനാൽ, ആ സംഭാഷണത്തെ ആ ഘട്ടത്തിൽ അവസാനിപ്പിച്ചു്, മറ്റൊന്നും പറയാതേയും ഭക്ഷണത്തിനും മറ്റും താമസിക്കാതേയും പടത്തലവർ ഹരിപഞ്ചാനനവാടത്തിലേക്കു് തിരിച്ചു.

ഹരിപഞ്ചാനനയോഗീശ്വരൻ സത്രസന്നാഹശ്രാന്തനായി യോഗാനുഷ്ഠാനങ്ങളേയും പൂജാദ്യാഘോഷങ്ങളേയും ഭൃത്യരെ ഭാരമേല്പിച്ചു് അടിയന്തരക്കാരനായി ഉഴലുന്നു. തിരുവനന്തപുരത്തെത്തിയിരിക്കുന്ന കളപ്രാക്കോട്ടത്തമ്പി തന്റെ വാഗ്ദത്തെ നിറവേറ്റീട്ടു് ഭൃത്യർ മുഖേന ഗുരുരാജസന്ദർശനത്തിനു് അവസരത്തെ കാത്തിരിക്കുന്നു. തിരുവിതാംകൂർകിരീടത്തിന്റെ വലയം തന്റെ ശിരോവൃത്തത്തിനുചേരുമോ എന്നുള്ള ഏകാഗ്രചിന്തയ്ക്കിടയിൽ, സ്വഭക്തദർശനത്തിനു് അനുകൂലമായി സമയനിശ്ചയംചെയ്‌‌വാൻ യോഗീശ്വരതീർത്ഥപാദർക്കു് അവസരമുണ്ടാകുന്നില്ല. തന്റെ സത്രശ്രമങ്ങൾ മുറുക്കത്തിലാകുംതോറും മന്ത്രക്കൂട നിവാസികളെ അസാങ്കൽപികമായി സന്ദർശനം ചെയ്തുപോയ ഒരു ആജ്ഞാലംഘനാപരാധം അദ്ദേഹത്തിന്റെ ഉത്സാഹഗതിയെ മന്ദീഭവിപ്പിച്ചു. ചന്ത്രക്കാറനാദി ഗോവൃന്ദത്തെ തന്റെ തന്ത്ര നൈപുണ്യപൂർണ്ണമായ അംഗുലികൾകൊണ്ടു് ദോഹനംചെയ്യുമ്പോൾ, തന്റെ മറ്റൊരു ക്ലേശഹേതുവായ ദ്രവ്യശൂന്യത പരിഹരിക്കപ്പെടുമെന്നു് അദ്ദേഹം ആഹ്ലാദിച്ചു. എന്നാൽ ഗുരുനിദേശത്തെ ധിക്കരിച്ചതിനു് ഉമിത്തീയിൽ നിലകൊണ്ടു് ജഡത്തെ ഭസ്മീകരിക്കുക എന്നല്ലാതെ അനിഷ്ടവൃത്തിക്കു് പ്രായശ്ചിത്തമെന്തുള്ളു? അദ്വൈതസിദ്ധാന്തകുശലനായ താൻ ഇങ്ങനെ ക്ലേശിക്കുന്നതിനു് അവകാശമില്ലല്ലോ. അപരാധകൃത്തായ ആത്മാവിനെ ആ അപരാധംകൊണ്ടു് പരിഭൂതനായ ആത്മാവോടു് ഏകീകരിക്കുമ്പോൾ, ക്ഷമാപ്രാർത്ഥകനും ക്ഷമാദാനാധികാരിയും എന്നുള്ള വ്യത്യാസോപാധി നഷ്ടമാവുകയില്ലേ? ഇങ്ങനെ കണ്ടുപിടിച്ച പ്രായശ്ചിത്തവിധിയെ അനുവർത്തിപ്പാൻ തന്റെ പൂജാവിഗ്രഹത്തിനു പുറകിൽ സൂര്യപടസഞ്ചിക്കകത്തു് സൂക്ഷിക്കപ്പെട്ടിരുന്ന ഒരു ഛായാപടത്തെ എടുത്തു്, ഭഗവതിവിഗ്രഹത്തിന്റെ മുമ്പിൽ വച്ചുകൊണ്ടു്, യോഗീശ്വരൻ സർവാന്തഃകരണങ്ങളേയും ആ രൂപത്തിൽ അദ്ധ്യാരോപം ചെയ്തു് നമസ്കരിച്ചു. തന്റെ വൈരാഗ്യശക്തിയെ പാടേ ഹനിച്ചതായ പ്രലോഭനത്തെ യദൃച്ഛയാ ആദരിച്ചുപോയതിനു് പ്രായശ്ചിത്തമായി യോഗീശ്വരന്റെ നിയാമകശക്തിക്കുമാത്രം സാദ്ധ്യമായുള്ള ഏകാഗ്രചിത്തയോടുകൂടി അനുഷ്ഠിക്കപ്പെട്ട ഈ ക്ഷമാപണനമസ്കാരത്തിൽനിന്നു് അദ്ദേഹം എഴുന്നേറ്റു് തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടതു്, ആ ചിത്രത്തിലെ രൂപത്തോടു് വർണ്ണം, ഗാംഭീര്യം, ആകാരം, പ്രായം എന്നിവകൊണ്ടു് സാമ്യം വഹിക്കുന്നതായ ഒരു മഹാനുഭാവവിഗ്രഹമായിരുന്നു. ചിത്രത്തിലെ ഛായ ഒരു അവധൂതവരവൃദ്ധന്റേതായിരുന്നു എങ്കിൽ തന്റെ മുമ്പിൽ കാണപ്പെട്ടതു് ഒരു വൃദ്ധവീരയോദ്ധാവിന്റേതായിരുന്നു. ബുദ്ധിശക്തിയിൽ ബൃഹസ്പതിയേയും ജയിച്ചിരുന്ന ഹരിപഞ്ചാനനൻ തന്റെ ഗൂഢമായുള്ള തേവാരമുറിയിൽ അനുമതികൂടാതെ പ്രവേശിച്ച ഗംഭീരൻ ആരാണെന്നു് മനസ്സിലാക്കി, ചിത്രത്തിൽ പ്രാർത്ഥിക്കപ്പെട്ട ഉഗ്രഗുരുവരന്റെ മുമ്പിലെന്നപോലെതന്നെ ഒരു സങ്കോചത്താൽ കൃശഗാത്രനാക്കപ്പെട്ടു. തന്റെ സന്ന്യാസാശ്രമസ്ഥിതിക്കിടയിൽ ആർക്കുംതന്നെ അനുവദിച്ചിട്ടില്ലാത്തതായ ഒരു പീഠത്തെ യോഗീശ്വരൻതന്നെ അനന്തപത്മനാഭൻ പടത്തലവർക്കു് നീക്കിക്കൊടുത്തു. ഇരുട്ടിലും കാൺമാൻ ശക്തിസിദ്ധിച്ചിട്ടുള്ള പടത്തലവരുടെ നേത്രങ്ങൾ ഭഗവതീവിഗ്രഹത്തിന്റെ പാദത്തോടു് ചേർന്നിരിക്കുന്ന ചിത്രത്തെ ദർശിച്ചു. യോഗീശ്വരനെ സംബന്ധിച്ചു് അദ്ദേഹത്തിന്റെ മനസ്സിൽ അങ്കുരിച്ച സന്ദേഹമെല്ലാം അസ്തമിക്കയാൽ അദ്ദേഹം ഹരിപഞ്ചാനനനേയും ഇരുത്തി സംഭാഷണം തുടങ്ങി. കൗരവവ്യൂഹത്തിൽ കുടുങ്ങി തന്നെ ആവരണംചെയ്ത ചതുരംഗസേനാനിരയെ ഭേദിച്ചു് പുറത്തു് ചാടുവാൻ മാർഗ്ഗമില്ലാതെ കുഴങ്ങിനിന്ന അഭിമന്യുവിന്റെ അവസ്ഥ വായനക്കാർക്കു് ഊഹ്യമാണല്ലോ. ആ സ്ഥിതിയിൽത്തന്നെ, അശരണനായി, യശോജീവഹാനിക്കു് ഉന്മുഖനായിത്തീർന്നു എങ്കിലും, ഹരിപഞ്ചാനനശൂരൻ തന്റെ അച്ഛന്റേയോ മാതുലന്റേയോ നാമമന്ത്രങ്ങളെ വചിച്ചു് പരിപന്ഥിഹനനത്തിനു് ഉദ്യമിച്ചില്ല. സമുദ്രത്തിനും വേട്ടക്കാർക്കും മദ്ധ്യസ്ഥനായ വ്യാഘ്രത്തിന്റെ കഥയും വായനക്കാർ കേട്ടിരിക്കുമല്ലോ. പ്രാണഭീതനായ ആ ഹിംസ്രമൃഗത്തിന്റെ ക്രൂരസാഹസത്തേയും ഹരിപഞ്ചാനയജ്ഞൻ അനുകരിച്ചില്ല. സൂര്യചന്ദ്രവംശ്യന്മാരായ ചക്രവർത്തികളുടെ അനുഗാമികളായി ഭാരതവർഷത്തെ ഭരിച്ച ചന്ദ്രകലാമുദ്രാങ്കിതന്മാരായ സാർവഭൗമന്മാരുടെ പ്രഭാവനാട്യത്തോടുകൂടി അവരുടെ ഭാഷയിൽ പ്രശ്നോത്തരങ്ങൾ തുടങ്ങി. രണ്ടുപേരുടേയും സംവാദം നയവിഷയത്തിൽ ഭീമസേനദുര്യോധനന്മാരുടെ ഗദായുദ്ധംപോലെ വിദഗ്ദ്ധസമരമായി. രാജനീതിയേയും സമുദായനീതിയേയും സംബന്ധിച്ചു് സരസവും സാരഗർഭവുമായ അഭിപ്രായങ്ങളെ അവർ പ്രയോഗിച്ചു് പരസ്പരം സാമർത്ഥ്യ പരീക്ഷണംചെയ്തു. രണ്ടുപേരുടേയും ബുദ്ധിയിൽ ഉൽപാദിച്ച പരസ്പരാഭിമാനത്തോടുകൂടി, വിരുദ്ധഗതികന്മാരാകയാൽ പരസ്പരബന്ധുത്വത്തിനു് മാർഗ്ഗമില്ലാത്തതിനെക്കുറിച്ചു് രണ്ടുപേരുടേയും അന്തരംഗത്തിൽ അതിയായുള്ള ശോകം പ്രസരിച്ചു. ശ്യാമളാംബികാപാദസ്ഥമായ ആ ചിത്രത്തെ പ്രാപിച്ച ഹരിപഞ്ചാനനാപാംഗത്തിൽ വജ്രമണിപോലെ ഒരു അശ്രുബിന്ദു തിളങ്ങി എങ്കിൽ, പടത്തലവരുടെ രണ്ടു് കണ്ണുകളിലും ഒരു ബാഷ്പച്ഛായ പ്രകാശിച്ചു. ഉണ്ണിത്താന്റെ സന്നിധിയിൽവെച്ചു് തന്റെ മുഖത്തു് സന്ധാനംചെയ്തതുപോലെയുള്ള ഭാവഭേദങ്ങൾ എന്നുമാത്രമല്ല; സ്വരഭേദങ്ങളും ചേഷ്ടാഭേദങ്ങളും ഹരിപഞ്ചാനനൻ പടത്തലവന്റെ മുമ്പിലും അഭിനയിച്ചു. ഈ വക പ്രയോഗങ്ങൾകൊണ്ടും അഭിനയവിദ്യയിൽ യോഗീശ്വരനെപ്പോലെ അഭ്യാസവിദഗ്ദ്ധനല്ലെങ്കിലും, അതിലും സാമാന്യപരിശീലനം ചെയ്തിട്ടുള്ള പടത്തലവരെ വഞ്ചിക്കാൻ സാധിച്ചില്ല. പരമബന്ധുക്കളെന്നുള്ള ഭാവത്തിൽ പരസ്പരദർശനത്തിനു് ശ്രമാലുക്കളായി രണ്ടുപേരും പിരിഞ്ഞു. പടത്തലവർ പുറത്തിറങ്ങിയപ്പോൾ കണ്ടതു് കളപ്രാക്കോട്ടത്തമ്പിയുടെ ചില ഭൃത്യന്മാരെ ആയിരുന്നു. വസ്ത്രധാരണക്രമവും മറ്റും കണ്ടു് തെക്കൻനായന്മാരെന്നു് മനസ്സിലാക്കി, അദ്ദേഹം അവരെ ചില ചോദ്യങ്ങൾകൊണ്ടു് വട്ടംചുറ്റിച്ചിട്ടു്, ചെമ്പകശ്ശേരിയിലേക്കു് നടന്നു.

ഹരിപഞ്ചാനനവാടത്തിൽനിന്നു് പുറത്തിറങ്ങിയപ്പോൾ പടത്തലവർ അഗ്നിജാതനായ സാക്ഷാൽ ദേവസേനാപതിതന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്തിൽ സ്ഫുരിച്ച രക്തകാന്തി വസ്ത്രത്തിലും പ്രതിബിംബിച്ചു. അദ്ദേഹം ചെമ്പകശ്ശേരിയിൽ പ്രവേശിച്ചപ്പോൾ, ആ ഭവനവാസികൾ സകലരും ആഗ്നേയമായുള്ള ഒരു സത്വത്തിന്റെ ആഗമനമെന്നു് ഭയന്നു് ഓരോ കോണുകളിൽ മറഞ്ഞു. യുവസിദ്ധവേഷധാരിയായ കേശവ പിള്ളയും അദ്ദേഹത്തിന്റെ മുമ്പിൽ പ്രവേശിക്കുന്നതിനു് ധൈര്യപ്പെട്ടില്ല. തന്റെ സാന്നിദ്ധ്യത്തെ ആവശ്യപ്പെടുന്നതായി ഒരു സിംഹഗർജ്ജനം കേട്ടു്, ആ യുവാവു് അറപ്പുരയ്ക്കകത്തു് പ്രവേശിച്ചു. ചുറ്റുമുള്ള സകലരേയും അകലത്താക്കീട്ടു് പടത്തലവർ സ്നേഹത്തേയും ആദരത്തേയും മറന്നു് കേശവ പിള്ളയെ ഇങ്ങനെ ഭത്സിച്ചു: “നീ എന്തു് കണ്ടു, എന്തറിഞ്ഞു? മലകൾ മറിച്ച മറിപ്പുകൾ എവിടെ? ഹരിപഞ്ചാനനൻ ആരു്, എവിടന്നു്, എന്തിനു് വന്നു? ആ ചിലമ്പിനേത്തെ ഉടയാൻ അവിടെ എന്തിനു് ചേർന്നു? എറുമ്പുകടിച്ചു് ഈച്ച ചത്തു, ഈച്ച നൊച്ചി പൂച്ച പെറ്റു്, അതൊക്കെ എന്തു കഥകൾ? തമ്പുരാനെ സേവിക്കുന്നവർ ഇത്ര മണ്ണുതിന്നുന്ന കൂട്ടമായോ? നീ ബ്രഹ്മാണ്ഡബുദ്ധിമാൻ; കാണാക്കാര്യമെല്ലാം കാണുന്ന നെടുങ്കണ്ണൻ! എന്നിട്ടെന്തു കണ്ടു നീ? നിന്റെ കണ്ണിൽ വിളയുന്നതു് മരമോ മണ്ണോ? ഛായ്!” കേശവ പിള്ളയുടെ ബുദ്ധി ജൃംഭിച്ചു; പാദങ്ങൾ ശക്തിയോടു് നിവർന്നു; ഇമകൾ വിടർന്നു; അധരങ്ങൾ അമർന്നു. ആ പ്രഭുവിൽനിന്നുണ്ടായിട്ടുള്ള സഹായങ്ങളെ സ്മരിച്ചുള്ള കൃതജ്ഞതാബന്ധം ശ്ലഥമായി, അയാളുടെ ദ്രുതകോപം പുറത്തോട്ടു് വഴിയുമെന്നുള്ള നിലയിൽ കരകവിഞ്ഞു.

പടത്തലവർ
(തുടരുന്നു) “ഹരിപഞ്ചാനനനെ നീ കണ്ടില്ലേ? ആ അമ്മാളുക്കുട്ടിയേയും നിന്റെ കണ്ണല്ലേ കണ്ടതു്? എന്നിട്ടു്?”
കേശവ പിള്ള
(പരുഷഹാസസ്വരത്തിൽ) “അയാൾ അവളെ വേട്ടുകൊണ്ടു് പോകട്ടെ. ചേരും. എനിക്കെന്തു് ചേതം?” പടത്തലവരുടെ ഗാത്രം എന്തോ ചിന്താവേഗംകൊണ്ടു് വിറച്ചു് “കഷ്ടം! കഷ്ടം! കൊണ്ടും കൊടുത്തും പോകുന്ന കാര്യം ആരു് പറഞ്ഞിവിടെ?” (ശാന്തസ്വരത്തിൽ) “നിനക്കു പ്രായം കുറഞ്ഞുപോയി അപ്പനേ. അതു് നിന്റെ കുറ്റമല്ല. ഒന്നും ഒന്നും രണ്ടെന്നു് പറവാൻ വളരെ എളുപ്പം. എന്നാൽ അതിനും വയസ്സു് മൂന്നു നാലെങ്കിലും ചെല്ലണം. നാക്കു് പല്ലിനിടയിൽ അകപ്പെട്ടപോലാണു് എന്റെ സ്ഥിതി. നീ അമ്മ എന്നു് വിളിക്കുന്ന എന്റെ ഭാര്യ ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെ മകളാണെന്നു് നീ അറിഞ്ഞിട്ടില്ലയോ? ഞാനൊന്നും പറകയില്ല. രാജ്യത്തിൽ ആണുങ്ങളില്ലെങ്കിൽ അതു് കാടുകേറട്ടെ. നീ നിന്റെ ബുദ്ധിചെലുത്തി, അറിഞ്ഞു് പറഞ്ഞാൽ, ഞാൻ ആ വസ്തുത തിരുമനസ്സറിയിക്കാം. അല്ലെങ്കിൽ ശ്രീപത്മനാഭൻ എല്ലാം വെളിപ്പെടുത്തട്ടെ. പരമാർത്ഥം പറയാതെ ഉണ്ണിത്താൻ ഒഴിയുന്നു. ഞാനും അങ്ങനെ ഒഴിഞ്ഞക്കോം.” (ഗൗരവം ആവർത്തിച്ചു്) “ബോധമില്ലാത്തപോലെ നീ അവിടെ നിൽക്കുന്നതെന്തു്? ആ പെണ്ണു് ആരു്? അതു് പറവാൻ കഴിഞ്ഞില്ലെങ്കിൽ അണ്ണാവയ്യനെ കൊന്നതും നീ, കേശവൻകുട്ടിയെ മോഷ്ടിച്ചതും നീ, ആ ഉമ്മിണിയെ കൊന്നതും നീ – ഏറു കഴകു് – എരട്ടക്കഴകു് – ഞാൻ വിട്ടു.” പടത്തലവരുടെ വാക്കുകൾ കേശവ പിള്ളയുടെ ക്രോധത്തെ സ്തംഭിപ്പിച്ചു്, ബുദ്ധിയെ വെളിവാക്കി പ്രവർത്തിച്ചു. ആ യുവാവു്, അദ്ദേഹത്തിൽനിന്നു് അഭ്യസിച്ചിട്ടുള്ള ആജ്ഞാനുസാരിത്വത്തെത്തുടർന്നു് അമ്മാളുക്കുട്ടിയുടെ രൂപത്തെ സങ്കൽപംകൊണ്ടു് തന്റെ മുമ്പിൽ ആകർഷിച്ചു. ആ രൂപത്തിന്റെ പാർശ്വത്തിൽ ഹരിപഞ്ചാനനരൂപത്തേയും നിലകൊള്ളിച്ചു; ശ്വാസഹീനനായി നിന്നു്, മനശ്ചക്ഷുസ്സിന്റെ സമഗ്രമായുള്ള പ്രവർത്തനംകൊണ്ടു് ആ രൂപങ്ങൾ തമ്മിലുള്ള സാമ്യത്തെ അവലോകനംചെയ്തു. അഭ്യസനംകൂടാതെ, അവമാനദുഃഖാധിക്യംകൊണ്ടു് സാധിച്ച ഈ ത്രാടകകർമ്മത്തിൽ രണ്ടു രൂപത്തിലേയും കേശസമൃദ്ധിയും, അതിന്റെ വിശേഷനീലിമയും, ഫാലദേശത്തിന്റെ ആകൃതിയും, ഭ്രൂക്കളുടെ ദൈർഘ്യവക്രതകളും, നേത്രങ്ങളുടെ വടിവും തേജസ്സും – എന്നിങ്ങനെ മുഖത്തിന്റെ നാനാംഗങ്ങളുടെ വിശേഷലക്ഷണങ്ങൾക്കും, രണ്ടുപേരുടെയും സ്വരവൈശിഷ്ട്യത്തിനും തമ്മിൽ പ്രത്യക്ഷമായ തുല്യത ആ യുവാവിന്റെ മനസ്സിൽ ഒരു ദീപോദയം പോലെ ഉജ്ജ്വലിച്ചു. കേശവ പിള്ളയുടെ മുഖം അതിപ്രസന്നമായി. തന്റെ സർവ്വാഹങ്കാരങ്ങളും ശമിച്ചു്, ആ യുവാവു് മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പരിപൂർണ്ണാഭിമാനത്തെ സമ്പാദിച്ച മഹാശക്തന്റെ മുമ്പിൽ ലജ്ജയോടും സങ്കോചത്തോടും നിന്നു. അപ്പോൾ ആ ഗുരുവരനിൽനിന്നു് “ആരപ്പനേ ഹരിപഞ്ചാനനൻ?” എന്നു മൃദുവായി ഉണ്ടായ ചോദ്യത്തിനു് “അമ്മാളുക്കുട്ടിയുടെ അച്ഛൻ” എന്നു് ആ യുവാവു് രണ്ടുപക്ഷത്തിനു് വഴിയില്ലെന്നുള്ള തീർച്ചസ്വരത്തിൽ ഉത്തരം പറഞ്ഞു.
പടത്തലവർ
“വെച്ചോ – പുറത്തു പറയണ്ടാ, അതു്. അമ്മയാകാത്തതു് ഭാഗ്യം. എങ്കിലും ‘അപ്പൂപ്പൻ’ എന്നു് പറയുന്ന ഉണ്ണിത്താനെക്കാളും നീ ഭേദം; എന്നല്ല വളരെ ഭേദം.അക്കുടുംബത്തിന്റെ പുരാതനങ്ങൾ നിനക്കറിഞ്ഞുകൂടല്ലോ – അതുകൊണ്ടു്, നീ സമർത്ഥൻ! നടന്നൂട് – അധികം പുറത്തു് കാണണ്ട, കേട്ടോ – നിന്റെ പക്കീർസായുടെ ഉപദേശം വിലപിടിച്ചതു് – ഹരിപഞ്ചാനനൻ കുടുക്കിലാകട്ടെ. പിന്നീടേ നീ പുറത്തു് ചാടേണ്ടു.”