Difference between revisions of "നിർമ്മാണത്തൊഴിലാളികൾ"
(Created page with "__NOTITLE____NOTOC__← രഞ്ജിത് കണ്ണൻകാട്ടിൽ {{SFN/Kintsugi}}{{SFN/KintsugiBox}} ==നിർമ്മാണ...") |
m (Cvr moved page Kintsugi-21 to നിർമ്മാണത്തൊഴിലാളികൾ) |
(No difference)
|
Revision as of 06:18, 7 November 2016
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നിർമ്മാണത്തൊഴിലാളികൾ
എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്?
ഞങ്ങളുടെ ജീവിതം ഞങ്ങളല്ലാതെ മറ്റാരുപറയാനാണ്?
പത്തായിരത്തഞ്ഞൂറു കിലോമീറ്റർ ദൂരെ,
പച്ചവെള്ളം കിട്ടാത്ത തരിശുഭൂമിയിൽ
രാവുപകലില്ലാതെ ഞങ്ങൾ അലയുന്നു.
തലമുടിക്ക്
കൊടും ചൂടിലുരുകിയ പ്ലാസ്റ്റിക് ഗന്ധം.
തൊലിപ്പുറത്ത്,
ചുവപ്പും കറുപ്പും രാശിയിൽ ചെതുമ്പലുകൾ,
കാലിൽ, സ്റ്റീലുറപ്പിച്ച
സേഫ്റ്റി ബൂട്ടുകളിരുന്ന തഴമ്പ്.
മേനിക്ക്,
വെയിലു കൊളുത്തിവലിച്ച
ഗ്ലോസി ജാക്കറ്റിന്റെ തിളക്കം.
ഭൂമിയുടെ നിരപ്പില്ലാത്ത അടരുകളിൽ
ആശുപത്രിയിലേക്കിറങ്ങാൻ ഇടവഴികൾ മാത്രമുള്ള ഊരുകളിൽ,
കലക്കവെള്ളം കുടിക്കുന്ന ആളുകളുടെ ഗ്രാമങ്ങളിൽ,
വൈദ്യുതിയെത്താത്ത മലമേടുകളുടെ നിറുകയിൽ,
കടലിടിച്ചുകയറാറുള്ള മുക്കുവക്കുടികളിൽ,
ഞങ്ങൾ വരാറുണ്ട്.
ഓർമ്മയിൽ ഇടമില്ലാത്തവർ
ജീവിതം മാറ്റുന്നതെങ്ങിനെയെന്നു കാണിച്ച്
അപ്രത്യക്ഷരാകാറുമുണ്ട്.
സർക്കാർകരാറിൽ
പണിയെടുക്കുന്നവരാണ് ഞങ്ങൾ.
അറച്ചിട്ടാണെന്ന് തോന്നുന്നു,
സർക്കാരിൽ നിന്ന് ഒരാളു പോലും
പരിശോധനക്കോ പരിദേവനത്തിനോ ഇവിടെവരാറില്ല.
മൂന്നുനാലു കൊല്ലം
ചോരയിൽ സിമന്റ് കുഴച്ച്
മാംസത്തുണ്ടുകളും മെറ്റലും കലർത്തി,
എല്ലും കമ്പിയും ചേർത്ത്
ഞങ്ങളെ വച്ച്, ഞങ്ങളിത് പണിഞ്ഞിടുന്നു.
താക്കോലു കൈമാറി പിരിഞ്ഞു കഴിയുമ്പോൾ
ഞങ്ങളിലൊരാൾ കൊത്തിയ ശിലാഫലകവും
തുല്യം ചാർത്തുന്നു.
ഓർമ്മകളിൽ നിന്നൊഴിഞ്ഞ് മാറി
ഞങ്ങൾ പതിയെ അടർന്നു വീഴുന്നു.
അടുത്ത വസന്തമുണരുന്ന ഉദ്യാനങ്ങൾ എവിടെയാണ്,
ഓർമ്മയുടെ പൂമ്പൊടികൾ പോലും ഉറഞ്ഞു പോകുന്ന
ശിശിരം എവിടെയാണ്.
അല്ല,
ഞങ്ങളെപ്പറ്റി ഞങ്ങളെങ്കിലും പറയാതിരുന്നാലോ?
|