close
Sayahna Sayahna
Search

SFN:Test


column-gap:20px; column-rule: 1px dotted gray;>


എന്റെ അടുത്ത ബന്ധുവായ ഒരു ചെറുപ്പക്കാരിക്കു് കൂടെക്കൂടെ സിനിമാ കാണാന്‍ പോകണം. പോയി­ക്കഴിഞ്ഞാല്‍ അവിടിരുന്ന് അവള്‍ നല്ലപോലെ ഉറങ്ങും. ഇടവേളയില്‍ വിളക്കുകള്‍ തെളിയുമ്പോള്‍ അവള്‍ കണ്ണൊന്നു തുറക്കും പരസ്യ­പ്രദര്‍ശനം തുടങ്ങുമ്പോള്‍­ത്തന്നെ ഉറക്കം തുടങ്ങും. ചലച്ചിത്രം അവസാനിക്കുമ്പോള്‍ കൂടെച്ചെന്നവരില്‍ ആരെങ്കിലും തട്ടിയുണര്‍­ത്തിയാല്‍ എഴുന്നേറ്റു “തീര്‍ന്നോ’’ എന്നു ചോദിക്കും. കസേരകളില്‍ തട്ടിയും മുട്ടിയും പുറത്തേക്കു പോരികയും ചെയ്യും. ഉറങ്ങാന്‍ മാത്രമായി പത്തു രൂപ പാഴില്‍­ക്കളയുന്ന­തെന്തിനാണെന്ന് അവളോടു ചോദിച്ചാല്‍ മന്ദസ്മിതം മാത്രമേ മറുപടിയായി ലഭിക്കൂ. ഇന്നും അവള്‍ സിനിമ കാണാന്‍ പോകുന്നു. അവിടിരുന്നു സുഖമായി ഉറങ്ങുന്നു. പുതിയ സാരി വാങ്ങുമ്പോ­ഴൊക്കെ അതു കാണിക്കാ­നായിട്ടാണ് അവള്‍ സിനിമയ്ക്കു പോകുന്നതെന്ന് ചില ബന്ധുക്കള്‍ പറയുന്നു. ശരിയായിരിക്കാം. എന്തുമാകട്ടെ.

ഇതെഴുതുന്നയാള്‍ മലയാള ചലച്ചിത്രങ്ങള്‍ കാണാന്‍ പോകാറില്ല. ചിലപ്പോള്‍ ബന്ധുക്കള്‍ക്കു വേണ്ടി പോകും. പോയാല്‍ ഉറങ്ങാറില്ല. സിനിമ കാണാതെ ആളുകളെ നിരീക്ഷിക്കലാണ് ജോലി. ഇടവേളകളിലും സിനിമ തീരുമ്പോഴും Exit എന്നു് തീകൊണ്ടുള്ള അക്ഷരത്തില്‍ എഴുതി­ക്കാണിക്കുമ്പോള്‍ എന്തു രസമാണെനിക്ക്! മൈക്രോഫോണില്‍ രണ്ടു തട്ടു തട്ടി അതിന്റെ ഭദ്രത പരിശോധിക്കുന്ന പ്രഭാഷകനെ­പ്പോലെ കൈകൊണ്ടു മുന്‍പേ നീങ്ങുന്ന നിതംബത്തിന്റെ ദാര്‍ഢ്യം പരിശോധിക്കുന്നവനെ ഞാനുറ്റുനോക്കാറുണ്ട്. സിനിമ ശാലയ്ക്കു പുറത്ത് ഒരു രൂപയ്ക്കു കിട്ടുന്ന ചുവന്ന ദ്രാവകം മൂന്നു രൂപയ്ക്ക് അകത്തു വില്‍ക്കുന്നവന്റെ ക്രൂരതയെ­ക്കുറിച്ചു വിചാരിക്കാറുണ്ട്. തലയ്ക്കു മുകളില്‍­ക്കൂടി പ്രിസത്തിന്റെ ആകൃതിയില്‍ രശ്മിസമൂഹം പാഞ്ഞു പോകുന്നതു കാണാന്‍ രസമാണ്. അതു് വെള്ള­ത്തുണിയില്‍ വീഴ്ത്തുന്ന ഇമേജുകളെ മാത്രമേ ഞാന്‍ നോക്കാതുള്ളൂ. പൈങ്കിളിക്കഥ പോലെ പൈങ്കിളി­സ്സിനിമയും ഉണ്ട്. ആ സിനിമ കണ്ടിട്ട് തീയറ്ററില്‍ നിന്നു റോഡിലേക്കു വരുന്ന അടുക്കളക്കാരികള്‍ സാരിത്തുമ്പു കൊണ്ട് കണ്ണൊപ്പുന്നതും മറ്റുചിലര്‍ ശോകാര്‍ദ്രമായ മന്ദഹാസം പൊഴിക്കുന്നതും നോക്കി ആഹ്ലാദിക്കാറുണ്ട്. സിനിമ കണ്ടാല്‍ ഉളവാകുന്ന ജീവിതാനു­ഭൂതിയെക്കാള്‍ മേന്മയേറിയ ജീവിതാനു­ഭൂതികളാണ് ഈ നിരീക്ഷണങ്ങള്‍ പ്രദാനം ചെയ്യുക. അതുകൊണ്ട് പൈങ്കിളിയായതെന്തും നോക്കേണ്ടതില്ല. വായിക്കേണ്ടതില്ല. അതിനു പകരം റോഡിലിറങ്ങി നടന്നാല്‍ മതി. എങ്കിലും ആളുകള്‍ക്ക് വിശേഷിച്ചും സ്ത്രീകള്‍ക്ക് — ആവേശമാണ് പൈങ്കിളി­സ്സിനിമയിലും സാഹിത്യത്തിലും. ആവേശം കൊണ്ട് തങ്ങളെ­ത്തന്നെ അവര്‍ മറന്നു പോകും. ഒരു ദിവസം ‘എലിപ്പത്തായം’ എന്ന സിനിമ കണ്ടിട്ട് പുറത്തേക്കു പോരിക­യായിരുന്നു ഞാന്‍. അടുത്ത കളിക്കു ടിക്കററ് വാങ്ങാന്‍ ‘ക്യു’ ആയി നിന്ന സ്ത്രീകളുടെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു വൃദ്ധ “മൂന്ന് എലിപ്പത്തായം” എന്നു ടിക്കറ്റു വില്പനക്കാരനോടു പറയുന്നതു ഞാന്‍ കേട്ടു. “മൂന്നു ബാല്ക്കണി” എന്നു പറയുന്നതിനു പകരമായി ആവേശം കൊണ്ടു് അവര്‍‌ അങ്ങനെ ഉറക്കെ വിളിച്ചതായിരുന്നു. ടിക്കറ്റു വില്ക്കുന്നയാളിനെ സഹായിക്കാനിരുന്ന ആളു് സരസന്‍. അയാള്‍ പറഞ്ഞു: “മൂന്നു എലിപ്പത്തായം തന്നെ കൊടുക്കെടേ. പെമ്പിറന്നവരുടെ വീട്ടില്‍ എലികള്‍ ധാരാളം കാണും.”


എം ഗോവിന്ദന്‍

സുന്ദരനും ചെറുപ്പക്കാരനുമായ രോഗി ആശുപത്രിയില്‍ കിടക്കുന്നു. അയാള്‍ക്കു മരുന്നു കൊടുക്കേണ്ട സമയമായപ്പോള്‍ സുന്ദരിയും ചെറുപ്പക്കാരിയുമായ നേഴ്സ് ഗുളിക കൊണ്ടുവന്ന് ʻമരുന്നു തരട്ടേʼ എന്നു മധുരമായി ചോദിക്കുന്നു. അയാള്‍ ചുണ്ടുകള്‍ വിടര്‍ത്തുന്നു. നേഴ്സ് രോഗിയുടെ വായ്ക്കകത്തേക്ക് ഗുളിക ഇട്ടു വെള്ളമൊഴിച്ചുകൊടുക്കുന്നു. തിടുക്കത്തില്‍ പോകുകയാണ് അവള്‍ മറ്റൊരു രോഗിക്കു മരുന്നുകൊടുക്കാന്‍. രോഗിയുടെ സൗന്ദര്യം നേഴ്സില്‍ ഒരു ചലനവുമുളവാക്കുന്നില്ല. നേഴ്സിന്റെ സൗന്ദര്യം രോഗി ശ്രദ്ധിക്കുന്നതേയില്ല. തിടുക്കത്തിലുള്ള അവളുടെ നടത്തത്തിന്റെ പാലമായ നിതംബചലനം രോഗി കാണുന്നില്ല കണ്ടാലും അയാള്‍ക്കു വികാരമൊന്നുമുണ്ടാകുന്നില്ല. ആശുപത്രിയുടെ വരാന്തയില്‍ നില്ക്കുന്നവര്‍ നേഴ്സിന്റെ പരിചരണം കണ്ടുവെന്നു വിചാരിക്കു. അവര്‍ ആ പ്രവൃത്തിയെ അംഗീകരിച്ചിട്ടു് മനസ്സുകൊണ്ടു നേഴ്സിനെ അഭിനന്ദിക്കുകയേയുള്ളൂ. എന്നാല്‍ ഈ രോഗിതന്നെ അരോഗാവസ്ഥയില്‍ വീട്ടിലിരിക്കുകയാണെന്നും നേഴ്സ് ആശുപത്രി ജോലിക്കാരിയല്ലാത്ത മട്ടില്‍ അയാളുടെ അടുത്ത് ഇരിക്കുകയാണെന്നും വിചാരിക്കു. അവള്‍ ഗുളികയ്ക്കുപകരം മധുരപലഹാരമാണ് അയാളുടെ വായ്ക്കകത്തു വച്ചുകൊടുക്കുന്നതെന്നും കരുതൂ. അവള്‍ അതിനുശേഷം നിതംബം ചലിപ്പിച്ചു നടന്നുപോയാല്‍? അയാള്‍ ചാടിയെഴുന്നേറ്റ് അവളെ കൈകള്‍ക്കുള്ളിലാക്കും. അക്കാഴ്ച കാണുന്നവര്‍ കൂവും. ചിലര്‍ കല്ലെടുത്ത് എറിഞ്ഞെന്നുവരും. പരിതസ്ഥിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു മാന്യതയും അമാന്യതയും ഉണ്ടാക്കുന്നത്. ലൈംഗികവര്‍ണ്ണനകള്‍ വിദഗ്ദ്ധന്മാര്‍ നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ലൗകികാംശം നശിച്ച് ആദരണീയവും സ്വീകരണീയവുമാകുന്നു.

വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേടാരുളുമാനതാംഗിമു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം

എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ അതിന്റെ വൈഷയികത്വം നമുക്കു ജുഗുപ്സ ഉളവാക്കുന്നില്ല എന്നാല്‍ ʻʻഭാഗ്യം മഹാഭാഗ്യമിങ്ങനെയെന്‍ തോഴീ ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?ˮ എന്നു കെ എം പണിക്കര്‍ എഴുതുമ്പോള്‍ നമുക്ക് അറപ്പും വെറുപ്പും ഉണ്ടാകുന്നു. വള്ളത്തോള്‍ ആശുപത്രിയിലെ നേഴ്സിനെപ്പോലെയാണ്. കെ. എം. പണിക്കര്‍ മധുരപലഹാരമെടുത്തു കാമുകന്റെ വായ്ക്കകത്ത് വച്ചുകൊടുത്തിട്ട് ചന്തികുലുക്കി നടക്കുന്ന പെണ്ണിനെപ്പോലെയാണ്. ഇപ്പോള്‍ നമ്മുടെ സാഹിത്യത്തില്‍ ഈ രീതിയില്‍ നടക്കുന്ന പെണ്ണുങ്ങളാണ് അധികം. അവരുടെ നടത്തം കാണാനാണ് പലര്‍ക്കും കൗതുകം.

ഈ കൗതുകം മാത്രമുള്ളവര്‍ എം. ഗോവിന്ദന്റെ ʻʻഒരു കന്നിയുടെ കഥˮ എന്ന മനോഹരമായ കാവ്യം വായിക്കേണ്ടതില്ല (മാതൃഭൂമി ആഴ്ചപ്പതിപ്പ് — ലക്കം 17). കാരണം, അദ്ദേഹം ലൈംഗിക വികാരത്തെ പ്രകൃതിയില്‍ ആരോപിച്ച് വാക്കിന്റെ വൈഭവം കൊണ്ട് അതിനെ വിമലീകരിച്ചിരിക്കുകയാണ്. മലയും അലയും ഇണചേര്‍ന്നു ജനിച്ച മലയാളക്കന്നിയുടെ വിവാഹമാണ് പ്രതിപാദ്യം. ജീവിതത്തെയും — നിത്യജീവിതത്തെയും — പ്രകൃതിയെയും ഒന്നായിക്കണ്ട് അതിനെ ചേതോഹരമായി ആവിഷ്കരിക്കുകയാണ് കവി. ഇവിടെ പ്രകൃതി എതിര്‍ക്കപ്പെടേണ്ട ʻപ്രതിഭാസʼ മല്ല. അല്ലെന്നു മാത്രമല്ല അതു നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി പരിണമിക്കുകയും ചെയ്യുന്നു. കവി യുക്തി ചിന്തകൊണ്ടു പ്രകൃതിയെ ഹ്യൂമനൈസ് ചെയ്തു അതിനെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു. ഗോവിന്ദന്റെ കാവ്യവിപഞ്ചികയില്‍ നിന്ന് ഉതിരുന്ന നാദമധുരിമ ആസ്വദിച്ചാലും:

ʻʻപൂന്തിങ്കള്‍ ചന്ദ്രിക ചാര്‍ത്തുമ്പോള്‍
പുളകം കൊള്ളുന്നവളെന്തിന്നോ!
പുലരിയില്‍ മഞ്ഞണി മലര്‍മൊട്ട്
വരിയുമ്പോളെന്തേ വിമ്മിട്ടം?
ചന്ദനക്കാറ്റു തഴുകുമ്പോള്‍
കന്ദര്‍പ്പകല്പന കരളിലുണ്ടോ?ˮ