close
Sayahna Sayahna
Search

ഏകാന്തതയുടെ...


ഏകാന്തതയുടെ...
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

ഈ ലോകത്തു മൂന്നു കാരണങ്ങള്‍ കൊണ്ടു പരിവര്‍ത്തനങ്ങള്‍ സംഭവിക്കാമെന്നു ചിന്തകന്‍മാര്‍ പറയുന്നു. ഒന്ന്: സാമ്പത്തികങ്ങളായ പ്രതിസന്ധികള്‍; രണ്ട്: രാഷ്ട്ര വ്യവഹാരപരങ്ങളായ സിദ്ധാന്തങ്ങള്‍; മൂന്ന്: മഹാവ്യക്തികള്‍. സാമ്പത്തിക വ്യവസ്ഥയോടു ബന്ധപ്പെട്ട സ്ഥിതിവിശേഷങ്ങളാണ് ഫ്രഞ്ച് വിപ്ളവത്തിനു ഹേതുക്കളായത്. മാര്‍ക്സിന്റെ സിദ്ധാന്തങ്ങള്‍ റഷ്യന്‍ വിപ്ളവത്തിനു വഴി തെളിച്ചു. മഹാന്‍മാരും ലോകത്തു പരിവര്‍ത്തനമുണ്ടാക്കുന്നു. ഗാരീബാള്‍ഡീയും ബിസ്മാര്‍ക്കും ലെനിനും ഗാന്ധിയും മാവോസേതൂങ്ങും യഥാക്രമം ഇറ്റലിക്കും റഷ്യയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നൂതന വ്യവസ്ഥിതികള്‍ പ്രദാനം ചെയ്തു. ആ മഹാവ്യക്തികള്‍ ജനിച്ചില്ലായിരുന്നെങ്കില്‍? ഇപ്പറഞ്ഞ രാജ്യങ്ങള്‍ക്ക് ഇന്നത്തെ മഹനീയത കൈവരുമായിരുന്നില്ല. മഹാന്‍മാരുടെ സവിശേഷതയാര്‍ന്ന ധിഷണ സവിശേഷതയാര്‍ന്ന സമുദായങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ സമുദായങ്ങള്‍ പരിവര്‍ത്തനങ്ങള്‍ക്കു വിധേയങ്ങളാവുകയാണ്. കലാകാരന്‍മാരും ഇമ്മട്ടില്‍ പരിവര്‍ത്തനം ജനിപ്പിക്കുന്നു. വാല്മീകിയുടെയും കാളിദാസന്റെയും സോഫോക്ളീസിന്റെയും ഷേക്സ്പിയറുടെയും പ്രതിഭ അവരുടെ കാലഘട്ടങ്ങളിലെ സമുദായങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍, അങ്ങനെ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നടന്നപ്പോള്‍ സാഹിത്യത്തിന് നവീനത ലഭിച്ചു. ഈ വിധത്തില്‍ വിശ്വസാഹിത്യസംസ്ക്കാരത്തിന് വികാസം നല്‍കിയ മഹാനാണ് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നേടിയ കൊളംബിയന്‍ നോവലിസ്റ്റ് ഗാബ്രീയല്‍ ഗാര്‍സീയാ മാര്‍കേസ്(Gabriel Garcia Marquez. ജനനം 1928). ഓരോ വ്യക്തിയും മുമ്പുള്ള പല വ്യക്തികളുടെയും “അനന്തരഫല’’ മാണെന്ന സത്യം ഇവിടെ നിഷേധിക്കുന്നില്ല. എങ്കിലും വ്യക്തിനിഷ്ഠമായ മൗലികതയ്ക്ക് സ്ഥാനമുണ്ട്. അമേരിക്കന്‍ നോവലിസ്റ്റ് വില്യംഫോക്നറും ലാറ്റിനമേരിക്കന്‍ കഥാകാരന്‍ ബോര്‍ഹെസും മാര്‍കേസിന്റെ സാഹിത്യസംസ്കാരത്തെ രൂപപ്പെടുത്തിയിരിക്കാം. പക്ഷേ, മാര്‍കേസ് സംസ്ക്കാരത്തെ വ്യാഖ്യാനിച്ചത് അദ്ദേഹത്തിന്റേതു മാത്രമായ മാര്‍ഗത്തിലൂടെയാണ്. സംസ്ക്കാരത്തിന്റെ പരിവര്‍ത്തനത്തിന് അദ്ദേഹം കാരണക്കാരാനായത് സ്വകീയമായ സര്‍ഗവൈഭവത്താലാണ്. അങ്ങനെ നോക്കുമ്പോള്‍ മാര്‍കേസ്ന് ആരോടും ആധമര്‍ണ്യമില്ല. ഗാബ്രീയല്‍ ഗാര്‍സീയാ മാര്‍കേസിനു തുല്യ്ന്‍ ഗാബ്രീയല്‍ ഗാര്‍സിയ മാര്‍കേസ് മാത്രം.

നൂതന സാഹിത്യസംസ്ക്കാരത്തിന്റെ പ്രയോക്താവെന്ന നിലയില്‍ ആദരിക്കപ്പെടുന്ന ഈ ഉജ്ജ്വല പ്രതിഭാശാലിയുടെ കൃതികള്‍ക്കുള്ള സവിശേഷത എന്താണ്? അതിനുത്തരം നല്‍കാന്‍വേണ്ടി വേറൊരു സാഹിത്യകാരനെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് അന്തരിച്ച ഫ്രഞ്ച് നോവലിസ്റ്റ് റോമാങ് ഗാരിയുടെ The Roots of Heaven എന്ന നോവലില്‍ ഒരു ജര്‍മ്മന്‍ തടങ്കല്‍പ്പാളയത്തിന്റെ വര്‍ണ്ണനമുണ്ട്. അവിടെ കിടക്കുന്ന ഫ്രഞ്ച് ഭടന്‍മാര്‍ ഒന്നിനൊന്നു തകര്‍ച്ചയിലേക്കു നീങ്ങുന്നു. ഈ തകര്‍ച്ചയില്‍നിന്നു രക്ഷപ്രാപിക്കാന്‍ തടവുകാരുടെ നേതാവായ റോബര്‍ ഒരു മാര്‍ഗം കണ്ടു പിടിക്കുന്നു. തടവുമുറിയുടെ ഒരു മൂലയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നതായി സങ്കല്‍പിക്കുക എന്നതാണ് ഈ ഉപായം. ആരെങ്കിലും അന്നനാളത്തിന്റെ മറ്റേയറ്റംകൊണ്ടു ശബ്ദമുണ്ടാക്കിയാല്‍ അയാള്‍ ആ സാങ്കല്‍പികകന്യകയോടു ക്ഷമായാചനം ചെയ്യണം. വസ്ത്രങ്ങള്‍ മാറ്റുമ്പോള്‍ അവള്‍ കാണാതിരിക്കാനായി യവനിക തൂക്കണം. ഈ സങ്കല്‍പത്തിനും അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനത്തിനും ഫലമുണ്ടായി. തടവുകാര്‍ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടു. ജര്‍മ്മന്‍ സൈനികോദ്യോഗ്സ്ഥന്‍ ഇതറിഞ്ഞു. അയാള്‍ അവിടെനിന്ന് അറിയിച്ചു: “നിങ്ങള്‍ ഇവിടെ ഒരു പെണ്‍കുട്ടിയെ താമസിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. നാളെക്കാലത്ത് ഞാനിവിടെ ഭടന്‍മാരുമായി വരും. അപ്പോള്‍ അവളെ വിട്ടുതരണം. ഞാനവളെ വേശ്യാലയത്തിലേയ്ക്ക് അയയ്ക്കും, ജര്‍മ്മന്‍ ഭടന്‍മാരുടെ ആവശ്യത്തിലേക്കുവേണ്ടി.” പെണ്‍കുട്ടിയുടെ വിട്ടുകൊടുത്താല്‍ അവളെ വീണ്ടും സൃഷ്ടിക്കാനാവില്ല എന്ന് ഫ്രഞ്ചുതടവുകാര്‍ക്ക് അറിയാം. അതുകൊണ്ട് അവളെ വിട്ടുകൊടുക്കേണ്ടതില്ലെന്ന് റോബറും കൂട്ടുകാരും തീരുമാനിച്ചു. അടുത്ത ദിവസം റോബര്‍ “ഏകാന്തതടവി” ലേക്കു നയിക്കപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ മരിച്ചിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. ഒരു ദിവസം ക്ഷീണിച്ചു തളര്‍ന്ന റോബറിനെ കൂട്ടുകാര്‍ കണ്ടു. “നിങ്ങളെങ്ങനെയാണ് മരിക്കാതിരുന്നത്?” എന്ന് അവര്‍ ചോദിച്ചപ്പോള്‍ അയാള്‍ മറുപടി നല്‍കി: പെണ്‍കുട്ടിയെ സങ്കല്‍പിച്ചെടുത്തതുപോലെ അയാള്‍ വിശാലങ്ങളായ സമതലങ്ങളില്‍ ആനകള്‍ നടന്നുപോകുന്നതായി സങ്കല്‍പിച്ചുപോലും. ഈ സങ്കല്‍പം അയാളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. യാഥാര്‍ത്ഥ്യത്തിന്റെ ഒരു തലത്തില്‍ നിന്നുകൊണ്ട് മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റെ തലം സാക്ഷാത്കരിക്കുകയായിരുന്നു റോബര്‍. സങ്കല്‍പത്തിന്റെ ഫലമായ ഈ രണ്ടാമത്തെ യാഥാര്‍ത്ഥ്യതലത്തിന് ആദ്യത്തെ യാഥാര്‍ത്ഥ്യതലത്തേക്കാള്‍ സത്യാത്മകത ഉണ്ടായിരിക്കും. മാര്‍കേസ് അനുഷ്ഠിച്ച കൃത്യം ഇതുതന്നെയാണ്. അദ്ദേഹം ജനിച്ചത് കൊളംബിയയിലെ ഒരു അനൂപപ്രദേശത്താണ്. ചതുപ്പുനിലങ്ങള്‍ നിറഞ്ഞ ഈ പ്രദേശമാണ് മാര്‍കേസിന്റെ കൃതികളിലെ മേക്കോണ്ടപ്പട്ടണമായി രൂപാന്തരപ്പെടുന്നത്. അദ്ദേഹത്തിന്റെ Leaf storm and other stories എന്ന കഥാസമാഹാരഗ്രന്ഥം വായിക്കൂ. മേക്കോണ്ടപ്പട്ടണം കാണാം. ആ ഗ്രന്ഥത്തിലാണ് ഈ ടൗണ്‍ഷിപ്പ് ആദ്യമായി പ്രത്യ്ക്ഷമാകുന്നത്. ഇതിന്റെ ‘ഗുരുത്വാകര്‍ഷണത്തി’നു വിധേയമായിട്ടാണ് മാര്‍കേസിന്റെ മറ്റുള്ള കൃതികള്‍ ആവിര്‍ഭവിച്ചതും. മേക്കോണ്ടയില്‍ എല്ലാം ജീര്‍ണ്ണിക്കുന്നു. രാഷ്ട്രീയ മണ്ഡലങ്ങളില്‍ അസഹനീയമായ മര്‍ദ്ദനം നടക്കുന്നു. സദാചാരത്തിന് ഒരു വിലയുമില്ല അവിടെ. ഭൂമിയുടെ ഉടമസ്ഥന്‍മാര്‍ അധികാരികളെ വശപ്പെടുത്തിക്കൊണ്ട് പാവപ്പെട്ട കര്‍ഷകരെ അടിച്ചൊതുക്കുന്നു. ഈ അസമത്വങ്ങളെയും അനീതികളെയും മാര്‍കേസിനു മുന്‍പുള്ള നോവലിസ്റ്റുകളും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, മാര്‍കേസിന്റെ ചിത്രീകരണത്തില്‍ അവയ്ക്കു സാര്‍വലൗകികതലത്തില്‍ പ്രാധാന്യം ലഭിക്കുകയുണ്ടായി. ഇതിന് അദ്ദേഹം അംഗീകരിച്ച മാര്‍ഗ്ഗവും വിഭിന്നമായിരുന്നു. ഒരളവില്‍ ബീഭല്‍സം എന്നു വിളിക്കാവുന്ന സ്ഥൂലീകരണത്തിലൂടെയും അത്യുക്തിയിലൂടെയും ഹാസ്യാത്മകമായി അദ്ദേഹം ചൂഷണങ്ങളെയും മര്‍ദ്ദനങ്ങളെയും ആവിഷ്കരിച്ചു. നിസ്സംഗനായിട്ടാണ് അദ്ദേഹം ചിത്രങ്ങള്‍ വരച്ചത്. ഫലമോ? വായനക്കാരെ ചിന്തയുടെ മണ്ഡലത്തിലേക്കു വലിച്ചെറിയുന്ന കലാശില്‍പങ്ങള്‍. അവയില്‍ നോവലിസ്റ്റിന്റെ ആക്രമണോല്‍സുകത ഇല്ലതാനും. മാര്‍കേസിനു മുമ്പുള്ള നോവലിസ്റ്റുകള്‍ റോസയും അര്‍ഗേതാസും(Arguedas) ഹ്വാന്‍ റൂള്‍ഫോയും (Juan Rulfo)ഇതേ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. മറ്റു നോവലിസ്റ്റുകളായ അലേഹോ കാര്‍പെന്‍റിയറും (Alejo carpentier) മാറിയോ വാര്‍ഗ്ഗാസ്യോസയും) (Mario Vargas Liosa)ഈ പ്രതിപാദ്യ വിഷയം നിരാകരിച്ചില്ല. എങ്കിലും മാര്‍കേസിനു കഴിഞ്ഞതുപോലെ അസുലഭ ശോഭയോടെ അവ സ്ഫുടീകരിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. അസാധാരണം എന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം പ്രതിരൂപാത്മകത്വവും ഫാന്‍റസിയുമാണ് ഈ പ്രതിഭാശാലിയുടെ കലാസൃഷ്ടികളിലുള്ളത്. അവയില്‍ നിന്നു രൂപംകൊള്ളുന്ന മേക്കോണ്ടാപ്പട്ടണം സാര്‍വ ലൗകിക പ്രാധാന്യം ആവഹിക്കുന്നു.

ഈ മേക്കോണ്ട പട്ടണത്തിന്റെ നൂറു കൊല്ലത്തെ ഏകാന്ത ചരിത്രം മാര്‍കേസിന്റെ മാസ്റ്റര്‍പീസായ One hundred Years of Solitude എന്ന നോവലില്‍ അന്യാദൃശസൗന്ദര്യത്തോടെ ആലേഖനം ചെയ്യപ്പെടുന്നു. അതിനായി അദ്ദേഹം സ്വീകരിക്കുന്ന ‘ടെക്നിക്’ റിയലിസത്തിന്റേതല്ല. നോക്കുമ്പോള്‍ കണ്ണിനു വിഷയമാകുന്ന യാഥാര്‍ത്ഥ്യത്തെ സര്‍ഗാത്മകത്വംകൊണ്ടു വേറൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയാണ് മാര്‍കേസ്. ബ്വേണ്ടിയ കുടുംബത്തിന്റെ കഥ പറയുകയാണ് നോവലിസ്റ്റ്. ആ കുടുംബത്തില്‍പ്പെട്ട ഒരു കുട്ടി സ്ക്കൂളില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ അറുപത്തിയെട്ടു കൂട്ടുകാരെക്കൂടെ കൊണ്ടുവന്നുപോലും. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അവര്‍ ഓരോരുത്തരായി കുളിമുറിയില്‍ പോകാന്‍ തുടങ്ങി. രാത്രി ഒരു മണിയായിട്ടും എല്ലാവരും പോയിക്കഴിഞ്ഞില്ല. പ്രായം കൂടിയ ഒരു ബ്വേണ്ടിയ കുടുംബാംഗം മരിച്ചപ്പോള്‍ ആകാശത്തുനിന്നു മഞ്ഞപ്പൂക്കളുടെ വര്‍ഷമുണ്ടായി. മരിച്ച ഒരുത്തന്‍ ജീവനോടെ മേക്കോണ്ടയില്‍ തിരിച്ചെത്തി. അയാള്‍ക്ക് മരണത്തിന്റെ ഏകാന്തത സഹിക്കാന്‍ കഴിഞ്ഞില്ലത്രേ. മുന്‍പു പറഞ്ഞ ബ്വേണ്ടിയ കുടുബാംഗം മരിച്ചത് അയാളുടെ അമ്മ ഉര്‍സൂല അറിയുന്നത് വിചിത്രമായ രീതിയിലാണ്. മരിച്ചയാളിന്റെ വീട്ടില്‍നിന്ന് ഒഴുകാന്‍ തുടങ്ങിയ രക്തരേഖ റോഡിലെ വളവുകളെല്ലാം തിരിഞ്ഞ് ഉര്‍സൂലയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഉര്‍സൂല റൊട്ടിയുണ്ടാക്കാനായി മുപ്പത്തിയാറു മുട്ട ഉടയ്ക്കാന്‍ ഭാവിക്കുകയായിരുന്നു. മേക്കോണ്ടയില്‍ എന്തെല്ലാമാണ് സംഭവിക്കുന്നത്! അലമാരിക്കകത്തു വച്ചു മറന്ന ഒരു ഫ്ലാസ്ക്കിന്റെ കനം കൂടി. മേശപ്പുറത്തുവച്ച ഒരു പാത്രത്തിലെ വെള്ളം തീയില്ലാതെ തിളച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് ആവിയായി പോകുകയും ചെയ്തു. അവാസ്ത്വികങ്ങളായ ഈ സംഭവങ്ങള്‍ മാര്‍കേസ് വര്‍ണ്ണിക്കുന്നതെന്തിനാണ്? നിത്യ ജീവിത സത്യത്തിനും അപ്പുറത്തുള്ള മറ്റൊരു സത്യം ചൂണ്ടികാണിച്ചുതരാനാണ് അദ്ദേഹം അമ്മട്ടില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍ നാം എന്നും കാണുന്ന കാര്യങ്ങള്‍ സത്യമാണെന്നതിന് എന്തു തെളിവുകളുണ്ട്. ബംഗാളിലെ വനത്തില്‍ നടക്കുന്ന കടുവയെ കാന്‍വാസില്‍ വരച്ചുവച്ചാല്‍ ആ കടുവയ്ക്കും വനത്തിലെ കടുവയ്ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കും. വ്യത്യാസമുണ്ടെങ്കില്‍, കാന്‍വാസിലെ കടുവ വെറും സങ്കല്‍പമാണെങ്കില്‍ അതിനു മൂന്നു കാലു മാത്രമേയുള്ളൂ എന്നു പറഞ്ഞുകൂടേ? ആ കടുവ മൂന്നു കാലുവച്ച് ഹോക്കികളിച്ചു എന്നും പറഞ്ഞുകൂടേ? അസാധാരണവും അവിശ്വസനീയവുമായ ഇത്തരം സംഭവങ്ങളുടെ വര്‍ണ്ണനമാണ് മാര്‍കേസിന്റെ കലയുടെ സവിശേഷത. അത് യഥാര്‍ത്ഥ ലോകത്തു നിന്ന് ഒരു മാന്ത്രിക ലോകത്തേക്കു നമ്മെ നയിക്കുന്നു. അപ്പോഴുണ്ടാകുന്ന വിമോചനത്തിന്റെ ബോധം നമുക്ക് എന്തെന്നില്ലാത്ത ആശ്വാസമരുളുന്നു.

ഹോസാര്‍കേദിയോ ബ്വേണ്ടിയ ഒരു രാത്രി കണ്ണാടിച്ചുവരുകളുള്ള ഒരു പട്ടണം സ്വപ്നം കണ്ടു. അടുത്ത ദിവസം അയാള്‍ ആ വിധത്തിലൊരു പട്ടണത്തിന്റെ പ്രതിഷ്ഠാപകനായി. അയാളുടേയും അയാള്‍ക്കു ശേഷമുള്ള നാലു തലമുറകളുടേയും കഥയാണ് ഈ നോവലിലുള്ളത്; നൂറു വര്‍ഷത്തെ ഏകാന്തയുടെ കഥ. അത് ആഖ്യാനംചെയ്തു കഴിയുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. ഹോസ് ആര്‍കേദിയോയുടെ കിനാവുപോലെ മേക്കോണ്ടയും അപ്രത്യക്ഷമാകുന്നു.

ഹോസ് ആര്‍കേദിയോ നഗരം സ്ഥാപിച്ചപ്പോള്‍ അവിടെ ഒരു ജിപ്സി വന്നെത്തി. അയാള്‍ ബ്വേണ്ടിയ കുടുംബത്തിന് അജ്ഞാതമായ ഭാഷയില്‍ രചിക്കപ്പെട്ട ഒരു കൈയെഴുത്തുപ്രതി കൊടുത്തു. കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ഒറീലിനിയോ അതു വായിച്ചു മനസിലാക്കുന്നു. പിതാമഹന്‍മാരുടെയും പ്രപിതാ മഹന്‍മാരുടെയും കഥകള്‍ അതില്‍നിന്ന് അയാള്‍ ഗ്രഹിക്കുന്നു. തന്റെ കഥയും അതിലുണ്ട്. അത് എന്തെന്നറിയാന്‍ അയാള്‍ തിടുക്കത്തോടെ പുറങ്ങള്‍ മറിച്ചു. അപ്പോള്‍ ചക്രവാതമുണ്ടായി. ആ കൊടുങ്കാറ്റില്‍പ്പെട്ട് മേക്കോണ്ട നഗരം തകര്‍ന്നുവീഴും. ഒറീലിനിയോ മുറിവിട്ടു പുറത്തുപോകില്ല. നമ്മള്‍ വായിച്ച നോവല്‍ ജിപ്സി നല്‍കിയ കൈയെഴുത്തു പ്രതിതന്നെ. ഈ ഭാഗത്തെത്തുമ്പോള്‍ വായനക്കാരായ നമ്മളും ചക്രവാതത്തില്‍ പെട്ട്പോകുന്നു എന്ന തോന്നല്‍. ചകിതരായി, പ്രകമ്പനത്തിനു വിധേയരായി നമ്മള്‍ മുറിവിട്ടു പുറത്തുപോകാതെ ഇരുന്നുപോകുന്നു. ശൂന്യതയുടെ ബോധമുളവാക്കുന്ന നോവലുകളില്‍ ഈ നോവല്‍ അത്യുല്‍കൃഷ്ടമാണ്.

യഥാര്‍ത്ഥവും സാങ്കല്‍പികവുമായ വസ്തുതകളുടെ അതിര്‍ത്തിരേഖകള്‍ ഈ നോവലില്‍ മാഞ്ഞുപോകുന്നു. മനുഷ്യാവസ്ഥയുടെ ഒരു ‘മെറ്റഫറാ’ണ് ഈ നോവലെന്നും പറയാം. മനുഷ്യജീവിതത്തിന്റെ ട്രാജഡിയെ ഇതിനേക്കള്‍ ഉദാത്തതയോടെ മറ്റാരും ചിത്രീകരിച്ചിട്ടില്ല. ലാറ്റിനമേരിക്കയുടെ ചരിത്രം കൂടിയാണ് ഈ നോവല്‍. അതിന് സാര്‍വജനീനതയും സാര്‍വലൗകികതയും വരുത്തി മാര്‍കേസ് അനുപമമായ കലാശില്‍പം സൃഷ്ടിച്ചിരിക്കുന്നു.

മാര്‍കേസിന്റെ വേറൊരു മാസ്റ്റര്‍പീസണ് “വര്‍ഗാധിപതിയുടെ വീഴ്ച–The Autumn of the Patriarch– എന്ന നോവല്‍. ഫാന്റസിയിലൂടെ സ്വേച്ഛാധിപത്യത്തിന്റെ കുല്‍സിതത്വം ചിത്രീകരിക്കുന്ന ഈ കൃതി വായിക്കുന്നത് സാധാരണമായ അനുഭവമല്ല, മഹനീയമായ അനുഭവമാണ്. നോവല്‍ ആരംഭിക്കുമ്പോള്‍ സ്വേച്ഛാധിപതിയുടെ അഴുകിയ ശവമാണ് നമ്മള്‍ കാണുന്നത്. കഴുകന്‍മാര്‍ അതിന്റെ അടുക്കലെത്തിക്കഴിഞ്ഞു. പിറകേ വിപ്ലവകാരികളും. അവര്‍ കമഴ്ന്നുകിടന്ന ആ മൃതദേഹം മറിച്ചിട്ടുനോക്കി. സ്വേച്ഛാധിപതിയുടെ മൃതശരീരം തന്നയോ അത്? അറിഞ്ഞുകൂടാ. വിപ്ലകാരികള്‍ അയാളെ കണ്ടില്ലല്ലോ. പിന്നെ എങ്ങനെയാണ് അവര്‍ക്ക് അയാളെ തിരിച്ചറിയാന്‍കഴിയുക? ഭയങ്കരനായ ആ സ്വേച്ഛാധിപതി ആരാണ്? ഭൂമി കുലുക്കമുണ്ടായാല്‍ അതു തടയാന്‍ കഴിയുന്നവന്‍. ഗ്രഹണം ഉണ്ടാകുമെന്നു കണ്ടാല്‍ നിരോധനാജ്ഞകൊണ്ട് അത് ഇല്ലാതാക്കാന്‍ പ്രാഗല്‍ഭ്യമുള്ളവന്‍. നോവല്‍ ആരംഭിക്കുമ്പോള്‍ ഈ ലോകം വിട്ടുപോയിരിക്കുന്ന ആ രാക്ഷസന്‍ പലരുടേയും ആഖ്യാനത്തിലൂടെ നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നു. പ്രതിയോഗിയായ ഒരു മന്ത്രിയെ കൊന്നു വെള്ളി ട്രേയില്‍വച്ച് ബാന്‍ക്വിറ്റിനു കൊണ്ടുവന്നവനാണ് ഡിക്ടേറ്റര്‍. അതിഥികള്‍ക്ക് കോളിഫ്ളവറോടുകൂടി അയാളുടെ മാംസം ഭക്ഷിക്കേണ്ടിവന്നു.

മാര്‍കേസിന്റെ ‘വിഷന്‍’ ഇവിടെയും സ്ഥൂലീകരണമാര്‍ന്നു കാണപ്പെടന്നു. ഇതിനു കാരണമുണ്ട്. കൊളംബിയയിലെ ആഭ്യന്തരയുദ്ധങ്ങള്‍ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളെക്കാള്‍ വിചിത്രതരമാണ്. ‘ഫാന്‍റ്റാസ്റ്റിക്’ എന്ന ഇംഗ്ലീഷ്പദം അതിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമാക്കിത്തരുമെന്നു തോന്നുന്നു. 1899-ലെ ആഭ്യന്തരയുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ വധിക്കപ്പെട്ടു. 1948-നും 1953-നും ഇടയ്ക്കുണ്ടായ വിപ്ലവത്തില്‍ രണ്ടുലക്ഷത്തിലധികം പേരാണ് മരിച്ചത്. 1953-ല്‍ ഖുസ്റ്റാവോ റോഹാസ്പീനീയാ(Gustavo rojas Pinilla) എന്ന സൈനിക മേധാവി പ്രസിഡ്ന്റായിരുന്ന ഗോമേത്തിനെ (Gomez)നിഷ്കാസനം ചെയ്തിട്ട് അധികാരം പിടിച്ചെടുത്തു. അയാളുടെ മര്‍ദ്ദനഭരണവും കൊളമ്പിയന്‍ ജനതക്ക് സഹിക്കേണ്ടിവന്നു. 1957-ല്‍ റോഹാസും സ്ഥാനഭ്രഷ്ടനായി. 1977-ല്‍ പട്ടാളനിയമം വന്നു.എത്രയെത്ര മരണങ്ങളാണ് അതിനുശേഷമുണ്ടായത്. ഇവയൊക്കെക്കണ്ട് മാര്‍ക്കേസിന്റെ വികാരലോലമായ ഹൃദയം പിടഞ്ഞിരിക്കണം. മതിവിഭ്രമജനകമായ ഈ വിപ്ലവങ്ങളുടെ സ്വഭാവം ആവിഷ്കരിക്കുമ്പോള്‍ നോവലുകള്‍ക്കും മതിവിഭ്രമജനക സ്വഭാവം വന്നേ മതിയാവൂ. സ്വസ്ഥതയുള്ള മനുഷ്യന്‍ പ്രാപഞ്ചികസംഭവങ്ങളെ നേരെ കാണും. അടിക്കടി വിപ്ലവം നടക്കുന്ന രാജ്യത്തുള്ള ജനങ്ങള്‍ അസ്വസ്ഥരായിരിക്കും. ആ അസ്വസ്ഥതയോടെ നോക്കുമ്പോള്‍ സംഭവങ്ങള്‍ രൂപപരിവര്‍ത്തനം വന്ന മട്ടിലേ പ്രത്യക്ഷങ്ങളാവൂ. മാര്‍കേസിന്റെ ഫാന്റസിക്ക് ഹേതു ഇതാണ്. ഈ നോവലിലെ ഡിക്ടേറ്റര്‍ക്ക് ‘അധികദിനവല്‍സരം’–leap year– വന്നാല്‍ അതില്ലാതെയാക്കാന്‍ കഴിയും. ഗോപുരത്തിലെ മണി പന്ത്രണ്ടടിക്കാറായപ്പോള്‍ അത് പാടില്ല, രണ്ടു തവണ മാത്രമേ അത് ശബ്ദിക്കാവൂ എന്ന് അയാള്‍ ആജ്ഞാപിച്ചു. പ്രത്യക്ഷത്തില്‍ അസംബന്ധമെന്ന് തോന്നാവുന്ന ഈ സംഭവങ്ങള്‍ വിപ്ലവം കൊണ്ട് ക്ഷോഭിച്ചകൊളംബിയന്‍ ജനതയുടെ മാനസികനിലയ്ക്ക് യോജിച്ചവയാണ്. സാംസ്കാരികവും രാഷ്ട്രവ്യവഹാരപരവുമായ അവസ്ഥാവിശേഷങ്ങളില്‍ ഫാന്റസികള്‍ നിവേശനം ചെയ്ത് സത്യത്തിലേക്ക് നമ്മെ കൊണ്ടുചെല്ലുന്ന നോവലാണ് “വര്‍ഗ്ഗാധിപതിയുടെ വീഴ്ച.”

1973 സെപ്റ്റംബറില്‍ “കൂ ദേ താ” യില്‍ക്കൂടി (Coup d’ etat)–അട്ടിമറിവിപ്ലവത്തില്‍ക്കൂടി ചിലിയില്‍ അധികാരം പിടിച്ചെടുത്ത ഔഗുസ്റ്റോ പീനോചേ ഊഗാര്‍തേ (Augusto Pinochet Vgarte) സ്ഥാനഭ്രഷ്ടനാകുന്നതുവരെ താന്‍ നോവലെഴുതുകയില്ലെന്ന് മാര്‍കേസ് 1973-ല്‍ പ്രഖ്യാപിച്ചു. എങ്കിലും അദ്ദേഹം Chronicle of a Death Foretold) എന്ന മറ്റൊരു പ്രകൃഷ്ടകൃതി നമുക്ക് നല്‍കി. എനിക്ക് അത് വായിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് നിരൂപകര്‍ പറഞ്ഞത് എടുത്തെഴുതാനേ എനിക്കു കഴിയൂ. “വടക്കേ കൊളംബിയയുടെ കായല്‍വാരങ്ങളില്‍ നിദ്രയില്‍ വിലയം കൊണ്ട ഒരു പട്ടണം ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. ഒരു വിവാഹാഘോഷത്തിനുവേണ്ടി. വധുവിന് വേറൊരുത്തന്‍ കാമുകനായി ഉണ്ടെന്നറിഞ്ഞ വരന്‍ അവളെ ഉപേക്ഷിച്ചുപോകുന്നു. വധുവിന് ശാശ്വതമായ ദുഃഖവും ഏകാന്തയും അവളുടെ ഇരട്ടപെറ്റ സഹോദരന്‍മാര്‍ പ്രതികാരനിര്‍വഹണത്തിന് സന്നദ്ധരാകുന്നു.”

“On the day they were going to kill him, Santiago Nasar awoke at five-thirty in the morning…” എന്നാണ് നോവലിന്റെ തുടക്കം. കോടിക്കണക്കിന് നോവല്‍ വിറ്റഴിഞ്ഞു. ഇംഗ്ലീഷിനു പുറമേ മറ്റു പത്തു ഭാഷകളില്‍ അതിന്റെ തര്‍ജ്ജമ വന്നു കഴിഞ്ഞു.

മാര്‍കേസിന്റെ ചെറുകഥകളും ദീര്‍ഘതയാര്‍ന്ന കഥകളും അവയുടെ മാന്ത്രികസൗന്ദര്യംകൊണ്ട് ഹൃദയാവര്‍ജജകങ്ങളായിരിക്കുന്നു. No one writes to the colonel എന്ന നീണ്ടകഥയില്‍ ഒരിക്കലും വരാത്ത പെന്‍ഷനുവേണ്ടി എന്നും പോസ്റ്റാഫിസില്‍ പോകുന്ന ഒരു പട്ടാളക്കാരനെ കാണാം. അയാളുടെ സ്വഭാവം ചിത്രീകരിക്കുന്ന രീതി അന്യാദൃശ്യമെന്നേ പറയാനാവൂ. മാര്‍കേസിന്റെ The other Side of Death എന്ന കഥ ഇരട്ടപെറ്റ സഹോദരന്‍മാരില്‍ ഒരാളുടെ മരണത്തെ വര്‍ണ്ണിക്കുന്ന കഥ–മരണത്തേക്കാള്‍ സുശക്തമാണ്.

ഉജ്ജ്വലങ്ങളായ ഈ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും ഒരു സാമാന്യധര്‍മ്മമുണ്ട്. അതു പ്രകൃതിയുടെ ലയം തന്നെയാണ്. മേക്കോണ്ടയില്‍ കൊടുങ്കാറ്റടിക്കുന്നതിന് തൊട്ടു മുന്‍പ് ഭൂജാതനായ ഒരു ശിശുവിനെ എറുമ്പുകള്‍ തിന്നുകളയുന്നു. മേക്കോണ്ട നശിക്കുന്നു; ഡിക്ടേറ്ററും അയാളുടെ രാജ്യവും നശിക്കുന്നു സ്ഥിരമായി നില്‍ക്കുന്നത് പ്രകൃതിമാത്രം. അതിന്റെ ലയം മാത്രം.

വലിയ കലാകരന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിതഃസ്ഥികളില്‍ ആഘാതമേല്‍പിക്കുന്നു. ടോള്‍സ്റ്റോയിയുടെ ‘വാര്‍ ആന്‍ഡ് പീസ്’ എന്ന നോവല്‍ അങ്ങനെ ആഘാതമുളവാക്കി. ഈ ആഘാതങ്ങള്‍ പ്രതിഭ കുറഞ്ഞവരുടെ മസ്തിഷ്കത്തില്‍ ഒരു ‘പാറ്റേണ്‍’ സൃഷ്ടിക്കുന്നു. ആ പാറ്റേണില്‍നിന്നു മാറിനില്‍ക്കാന്‍ അവര്‍ക്കു കഴിയുകയില്ല. സോള്‍ഷെനിസ്റ്റ്സ്യന്റെ ചരിത്രനോവല്‍ (August 1914)ടോള്‍സ്റ്റോയിയുടെ പരിവേഷത്തിനകത്തു ഭ്രമണം ചെയ്യുന്ന ഷട്പദം മാത്രമാണ്. ഈ പാറ്റേണില്‍നിന്ന് വിട്ടുമാറി ബാഹ്യപരിതഃസ്ഥികളില്‍ ആഘാതമേല്‍പിക്കാന്‍ ഏതു കലാകാരന് കഴിയുമോ അയാളാണ് ഉജ്ജ്വല പ്രതിഭാശാലി. മാര്‍കേസ് ആ വിധത്തിലൊരു കലാകാരനാണ്.