close
Sayahna Sayahna
Search

തടാകത്തിലൂടെ ഒരു കുതിരസവാരി


തടാകത്തിലൂടെ ഒരു കുതിരസവാരി
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

പശ്ചിമജര്‍മ്മനിയില്‍ സ്വിറ്റ്സര്‍ലണ്ടിനോട് അടുത്ത് ബോഡന്‍സേ എന്ന പേരുള്ള ഒരു തടാകമുണ്ട്. അതിന്റെ ഇംഗ്ലീഷ് പേര് “ലേക്ക് കോണ്‍സ്റ്റന്‍സ്” എന്നാണ്. വലിയ കായലാണത്. നൂറ്റിയിരുപത്തിയൊന്‍പതു നാഴിക നീളം. കൂടിയ താഴ്ച എണ്ണൂറ്റിയെഴുപത്തിരണ്ട് അടി. ഈ തടാകത്തെക്കുറിച്ച് ജര്‍മ്മനിയില്‍ ഒരു കെട്ടുകഥയുണ്ട്. മഞ്ഞുകാലം. ഒരു കുതിരസ്സവാരിക്കാരന്‍ തടാകത്തിനക്കരെയുള്ള ഏതോ ഗ്രാമത്തില്‍ പോകാനായി എത്തി. മഞ്ഞു വീഴുന്നു. വീതിയുള്ള തടാകവും ചുറ്റുമുള്ള കുന്നുകളും ദൂരെ നില്‍ക്കുന്ന ആല്‍പ്സ് പര്‍വ്വതവും കാണാന്‍ പാടില്ലാതെയായി. തനിക്കു വഴിതെറ്റിയോയെന്നു കുതിരസ്സവാരിക്കാരനു പേടി. ഒടുവില്‍ അയാളൊരു ഗ്രാമത്തിലെത്തിച്ചേര്‍ന്നു. മഞ്ഞുകട്ടി നിറഞ്ഞ കായലില്‍ക്കൂടെ സഞ്ചരിച്ച് താന്‍ മറുകരയില്‍ എത്തിയെന്ന് അയാളറിഞ്ഞതേയില്ല. ആദ്യം കണ്ട ഗ്രാമീണരോട് തനിക്കു ബോഡന്‍സേ തടാകം കടക്കാന്‍ വഞ്ചി കിട്ടുമോ എന്ന് അയാള്‍ അന്വേഷിച്ചു. ഗ്രാമീണര്‍ അയാളെ അഭിനന്ദിച്ചു പറയുകയായി: “എന്തൊരല്‍ഭുതം. കായലിലെ മഞ്ഞുകട്ടിക്ക് ഒരിഞ്ചില്‍ക്കൂടുതല്‍ കനമില്ല.

എന്നിട്ടും ആപത്തില്ലാതെ നിങ്ങള്‍ കായല്‍ കടന്ന് ഇങ്ങു വന്നല്ലോ”! താന്‍ തരണം ചെയ്ത ആപത്തിനെക്കുറിച്ച് അപ്പോഴുണ്ടായ ഭയത്താല്‍ അയാള്‍ കുതിരപ്പുറത്തുനിന്നു വഴുതി താഴെ വീഴുകയും മരിക്കുകയും ചെയ്തു. ഈ കഥയെ അവലംബിച്ചു ജര്‍മ്മനിയുടെ തെക്കന്‍ ഭാഗത്ത് ഒരു ചൊല്ലുണ്ടായിട്ടുണ്ട്. അറിയാതെ ആപത്തില്‍നിന്നു രക്ഷപ്പെടുകയും പിന്നീട് അതിനെക്കുറിച്ച് അറിയുകയുംചെയ്യുന്ന ആളിനെ “ബോഡന്‍സേ തടാകത്തിലൂടെ കുതിരസ്സവാരി നടത്തിയവന്‍” എന്നു വിളിക്കുന്നു.

1942-ല്‍ ആസ്ട്രിയയില്‍ ജനിച്ച പേറ്റന്‍ ഹന്‍ഡ്ക് എന്ന പ്രതിഭാശാലിയായ നാടകകര്‍ത്താവ് ഈ പഴങ്കഥയെ അവലംബിച്ച് തന്റെ ഒരു നാടകത്തിന് Der Ritt uber dem Bodensee എന്നു പേരിട്ടിരിക്കുന്നു. അതിന്റെ ഇംഗ്‌ളീഷ് തര്‍ജ്ജമയാണ് The Ride Across Lake Constance എന്നത്. ‘കസ്പര്‍’ (Kaspar) എന്ന നാടകമെഴുതി വിശ്വവിഖ്യാതനായിത്തീര്‍ന്ന ഹന്‍ഡ്കാന്റെ രണ്ടാമത്തെ മാസ്റ്റര്‍പീസാണ് ഈ നാടകം. സത്യത്തിന്റെ പുതിയ പുതിയ മണ്ഡലങ്ങള്‍ കണ്ടുപിടിച്ച് മാനവജീവിതത്തെ സമ്പന്നമാക്കുന്നവനെയാണ് “ജീനിയസ്” എന്നു വിളിക്കുന്നതെങ്കില്‍ ഹന്‍ഡ്ക് ജീനിയസ് തന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ നാടകവും മാസ്റ്റര്‍പീസും. അതുകൊണ്ട് ‘കസ്പര്‍’ എന്ന അത്യുത്തമ കൃതിക്കുശേഷം ‘ദ് റൈഡ് എക്രോസ്‌ലേക്ക് കോണ്‍സ്റ്റന്‍സ്’ എന്ന അത്യുത്തമകൃതി. സത്യത്തിന്റെ ഒരു നൂതനമണ്ഡലം അനാവരണം ചെയ്തിരിക്കുകയാണ് ഹന്‍ഡ്ക് ഈ നാടകത്തില്‍. ഒരിഞ്ചു കനം മാത്രമുള്ള മഞ്ഞുകട്ടിയിലൂടെ കുതിരസവാരി ചെയ്യുന്നതുപോലെയാണ് നമ്മള്‍ ലോലങ്ങളോ ദുര്‍ബലങ്ങളോ ആയ കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. സ്നേഹിക്കുക, പ്രവര്‍ത്തിക്കുക, ക്രയവിക്രയം നടത്തുക ഇവയെല്ലാം ഒരിഞ്ചു കനമാര്‍ന്ന മഞ്ഞുകട്ടിയാണ്. ജീവിച്ചിരിക്കാന്‍വേണ്ടി നമ്മള്‍ അവയിലൂടെ കടന്നുപോകുന്നു. സഞ്ചരിച്ചു കഴിഞ്ഞതിനു ശേഷമേ അവയുടെ ദൗര്‍ബല്യത്തെക്കുറിച്ച് നമ്മള്‍ അറിയുന്നുള്ളൂ. മാത്രമല്ല, നമ്മുടെ എല്ലാ ഏര്‍പ്പാടുകളും — ഭാഷപോലും — ഇമ്മട്ടില്‍ ദുര്‍ബലമാണ്. ഭംഗുരമാണ്. (The forms of daily life as for instance being in love, work, buying and selling seem to operate without any pattern എന്നു ഹന്‍ഡ്ക് നാടകത്തിന്റെ ആമുഖത്തില്‍) കുതിരസവാരിക്കാരന്‍ മഞ്ഞുനിറഞ്ഞ നദിയുടെ ഉപരിതലത്തില്‍ക്കൂടെ സഞ്ചരിച്ചപ്പോള്‍ കുതിരയുടെ കുളമ്പു പതിച്ചിട്ടുണ്ടാകുന്ന ശബ്ദം എന്തുകൊണ്ടാണ് അയാള്‍ കേള്‍ക്കാത്തത്? മഞ്ഞുകട്ടി ആ ശബ്ദം അമര്‍ത്തിക്കളഞ്ഞോ? അതോ ഗ്രാമത്തിലെത്തുക എന്നതില്‍ മാത്രം മനസ്സിരുത്തിയതുകൊണ്ട് അയാള്‍ ശബ്ദം കേള്‍ക്കാതിരുന്നുവോ? അതോ നിദ്രാടനക്കാരന്റെ അര്‍ത്ഥബോധാവസ്ഥയിലായിരുന്നോ അയാള്‍? ഈ ലോകത്ത് ഓരോന്നു പ്രവര്‍ത്തിക്കുന്ന നമ്മളെല്ലാവരും നിദ്രാടനക്കാര്‍ തന്നെ. ഗ്രാമവാസികള്‍ ചെയ്തതുപോലെ നമ്മള്‍ ആപത്തു കടന്നുവന്നു എന്ന് ആരെങ്കിലും അറിയിക്കുമ്പോള്‍ നമ്മള്‍ ബോധം കെട്ടു വീണെന്നു വരാം. അന്ത്യശ്വാസം വലിച്ചുവെന്നും വരാം. ഈ ആശയങ്ങളെല്ലാം ഹന്‍ഡ്കിന്റെ നാടകത്തിന്റെ പേര് ധ്വനിപ്പിക്കുന്നു. ഇനി നാടകത്തിലേക്കുതന്നെ കടക്കാം. അര്‍ത്ഥരഹിതങ്ങളെന്നു തോന്നുന്ന കുറെ സംഭാഷണങ്ങളല്ലാതെ ഇതില്‍ കഥയില്ല. കഥാസന്ദര്‍ഭങ്ങളില്ല ആ അര്‍ത്ഥരാഹിത്യത്തിലൂടെ വേറെന്തോ അഭിവ്യഞ്ജിപ്പിക്കുകയാണ് നാടകകര്‍ത്താവ്. അതെന്താനെന്നു നോക്കാം.

ഇബ്സന്റെ ‘പ്രേതങ്ങള്‍’ എന്ന നാടകം ആരംഭിക്കുന്നതിങ്ങനെയാണ്.

റെജിന്‍ (അടക്കിയ ശബ്ദത്തില്‍): ശരി നിങ്ങള്‍ക്കെന്തു വേണം? പാടില്ല — നില്‍ക്കുന്നിടത്തുതന്നെ നിങ്ങള്‍ നിക്കൂ…നനഞ്ഞു വെള്ളം ഇറ്റിറ്റു വീഴുകയല്ലേ?

എങ്സ്ട്രാന്‍ഡ്: എന്റെ കുഞ്ഞേ, ഇത് ഈശ്വരന്റെ മഴ മാത്രമാണ്.

റെജിന്‍: പിശാചിന്റെ മഴ! അതാണിത്!

എങ്സ്ട്രാന്‍ഡ്: ഈശ്വരാ, നീ എന്തു രീതിയിലാണ് സംസാരിക്കുന്നത്? (മുറിയിലേക്കു കുറച്ചു മുടന്തിനടന്നു ചെന്നിട്ട്) എനിക്കു നിന്നോട് പറയാനുള്ളത് —

റെജിന്‍: ഇങ്ങനെ നടന്നു ശബ്ദം കേള്‍പ്പിക്കരുത്. കൊച്ചെജമാന്‍ ഉറങ്ങുകയാണ് മുകളിലത്തെ നിലയില്‍.

എങ്സ്ട്രാന്‍ഡ്: ഈ സമയത്ത് ഉറക്കമോ? പട്ടാപ്പകലോ?

റെജിന്‍: നിങ്ങളറിയേണ്ട കാര്യമല്ല അത്.

മഴ പെയ്ത് അര്‍ദ്ധാന്ധകാരം വ്യാപിച്ചിരിക്കുന്നു. ഇനി നടക്കാന്‍ പോകുന്ന മഹാനാടകം അന്ധകാരത്തിലാണെന്നാണ് സൂചന. ജീവിക്കാന്‍ വേണ്ടി ഒരു പുതിയ ഭക്ഷണശാല തുടങ്ങാന്‍ പോകുന്ന എങ്സ്ട്രാന്‍ഡിന് മഴ ഈശ്വരന്റെ മഴയായിത്തോന്നുന്നത് അയാളുടെ മാനസികനിലയ്ക്കു യോജിച്ചതുതന്നെ. തന്റെ ജീവിതം ഇരുണ്ടതാണെന്നു മനസ്സിലാക്കിയ റെജിന്‍ അതിനെ പിശാചിന്റെ മഴയായി കാണുന്നതും ശാരി. പാരീസില്‍ നിന്നെത്തിയ യജമാനന്‍ — ഓസ്‌വേള്‍ഡ് — ഉറക്കമാണെന്നു റെജീന പറയുന്നു. അയാളുടെ ആഗമനം പ്രേക്ഷകര്‍ അങ്ങനെ അറിയുന്നു. പട്ടാപ്പകല്‍ ഉറങ്ങുകയാണ് ആ ചെറുപ്പക്കാരന്‍. അയാളുടെ ദൂഷിതമായ ജീവിതം അങ്ങയെ ധ്വനിപ്പിക്കപ്പെടുന്നു. സവിശേഷമായ കഥാസന്ദര്‍ഭമാണ് ഈ സംഭാഷണത്തിന് ഹേതു. കഥാസന്ദര്‍ഭം മറ്റൊന്നായിരുന്നെങ്കില്‍ സംഭാഷണം വേറെ വിധത്തിലാകുമായിരുന്നു. ഇനി ഹന്‍ഡ്കിന്റെ നാടകത്തിന്റെ തുടക്കം.

യനിങ്സ് (പൊട്ടിയ ശബ്ദത്തില്‍): ഞാന്‍ പറഞ്ഞതുപോലെ (തൊണ്ട ശരിയാക്കി ഉറച്ച ശബ്ദത്തില്‍ ആവര്‍ത്തിക്കുന്നു) ഞാന്‍ പറഞ്ഞതുപോലെ (കുറച്ചുനേരത്തെ നിശ്ശബ്ദത) ഒരു ചീത്ത നിമിഷം.

കര്‍ക്കശശബ്ദം (യവനികയ്ക്കു പിറകില്‍): എന്തുകൊണ്ട്? (അയാള്‍ തൊണ്ട രണ്ടു തവണ ശരിയാക്കുന്നു. രണ്ടാമത്തെ തവണ യവനികയുടെ പിറകില്‍നിന്നു പുറത്തേയ്ക്കു വരുന്നു. എന്നിട്ട് ഉറച്ച ശബ്ദത്തില്‍) എന്തുകൊണ്ട്?

(അതു ഹൈൻറിഗ് ഗോയോര്‍ഗയാണ്…)

യനിങ്സ് (തല അല്‍പംചരിച്ച്): അതു തീര്‍ന്നു കഴിഞ്ഞു.

ഗേയോര്‍ഗ (യനിങ്സിന്റെ സമീപത്തേയ്ക്കു ഒരടിവച്ചിട്ട് തകര്‍ന്നുവീണ്): എന്റെ കാല് ഉറങ്ങിപ്പോയി (അയാള്‍ പതുക്കെ എഴുന്നേല്‍ക്കുന്നു).

യനിങ്സ് (ചുരുട്ട് ഇരിക്കുന്ന പെട്ടിക്കായി കൈ നീട്ടുന്നു. അയാളത് ഉയര്‍ത്തുന്നു. പിടിച്ച് ഉയര്‍ത്താന്‍ വയ്യാത്തതുകൊണ്ട് അതു താഴെ വീഴുന്നു).

യനിങ്സ്: അങ്ങനെ തന്നെ എന്റെ കൈയും.

ഇവിടെ വിശേഷിച്ചൊരു കഥാസന്ദര്‍ഭമില്ല. കഥാസന്ദര്‍ഭത്തില്‍ നിന്നാണ് യനിങ്സിന്റെയും ഗേയോര്‍ഗയുടെയും സംഭാഷണം രൂപംകൊണ്ടതെന്നു പറയാനാവില്ല. സമൂഹത്തിലുള്ള മനുഷ്യന്റെ പെരുമാറ്റത്തെ അതേ രീതിയില്‍ ആവിഷ്കരിക്കുന്നതേയുള്ളൂ ഹന്‍ഡ്ക്.

ദൈനംദിന ജീവിതത്തിന്റെ എല്ലാ രൂപങ്ങളെയും സൂക്ഷ്മനിരീക്ഷണം ചെയ്തതിനു ശേഷമാണ് താന്‍ നാടകമെഴുതിയതെന്ന് ഹന്‍ഡ്ക് ആമുഖത്തില്‍ പറയുന്നു. ഉദാഹരണം നേരത്തെ നല്‍കിക്കഴിഞ്ഞു. ഒന്നുകൂടി പറയാം. സ്നേഹം, ജോലി വാങ്ങിക്കല്‍, കൊടുക്കല്‍ ഇവയിലെല്ലാം ഒരു ‘പോസ്’ (കൃത്രിമഭാവം) ഉണ്ടെന്നാണ് ഹന്‍ഡ്കിന്റെ മതം. കാമുകിയും കാമുകനും തമ്മില്‍ സംഭാഷണം ചെയ്യുന്നതു സങ്കൽ‌പിച്ചു നോക്കുക. നാട്യത്തോടെയാണ് ആ സംസാരവും പെരുമാറ്റവും. ഉള്ളിലുള്ളത് ഒരിക്കലും പുറത്തു കാണിക്കുകയില്ല, രണ്ടുപേരും. ജോലിയിലെ നാട്യം എവിടെയും ദൃശ്യമാണ്. കോഫി ഹൗസിലെ വെയ്റ്റര്‍ വരുന്നതും മെന്യുകാര്‍ഡ് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നതും അയാള്‍ ശരീരം തെല്ലു വളച്ചു നില്‍ക്കുന്നതും എല്ലാം തിയറ്റ്രിക്കലാണ്. ഈ സ്നേഹിക്കലും ജോലി ചെയ്യലും നാടകവേദിയിലേക്കു കൊണ്ടുവന്നാലോ? അവിടെയുമുണ്ട് പോസ്. ഇവയെ — നിത്യജീവിതത്തിലും നാടകത്തിലുമുള്ള ഈ നാട്യങ്ങള — “ക്‌ളോസപ്പില്‍” കൊണ്ടുവന്നു കാണിച്ചുതരികയാണ് ഹന്‍ഡ്ക്. നിത്യജീവിതത്തിലെ അഭിനയവും നാടകവേദിയിലെ അഭിനയവും — ഇതാണ് ഹന്‍ഡ്കിന്റെ നാടകത്തിലെ പ്രതിപാദ്യ വിഷയം. “Thus the presentation of theatre poses was also an attempt for forms of everyday behaviour to be shown as poses” — Peter Handke. അപ്പോള്‍ നാമറിയുന്ന സത്യം മുഴുവന്‍ കൃത്രിമമാണെന്നു ആശയത്തിലേയ്ക്കു നമ്മള്‍ ചെന്നുചേരുകയാണ്. ലോകം നാടകവേദിയാണെങ്കില്‍ അതിലെ കഥാപാത്രങ്ങളായ നമ്മള്‍ നമ്മുടെ ഭാഗം അഭിനയിക്കുകയാണ്. അഭിനയമെന്നത് ഇല്ലാത്തതിന്റെ പ്രകടനവും. അപ്പോള്‍ നമ്മുടെ ആന്തരമായ ശൂന്യതയിലേക്കും ചേഷ്ടകളുടെ പ്രകടനാത്മകതയിലേക്കുമാണ് (theatricality) ഹന്‍ഡ്ക് കൈ ചൂണ്ടുന്നത്. ഹൈൻറിഹ് ഗേയോര്‍ഗ, യനിങ്സ് കെസലര്‍ (ഇരട്ട പെറ്റവര്‍) ഇവരൊക്കെ മൂകചലച്ചിത്രത്തിലെ പേരുകേട്ട അഭിനേതാക്കളായിരുന്നു. അവരുടെ പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയതുകൊണ്ട് വ്യക്തികളും അവര്‍ അഭിനയിക്കുന്ന ഭാഗങ്ങളും തമ്മിലുള്ള ദൂരം വളരെ കൂടുന്നു. അത് അന്യവത്കരണത്തെ ശക്തമായി ആവിഷ്കരിക്കുകയും ചെയ്യുന്നു.