close
Sayahna Sayahna
Search

അർദ്ധരാത്രിയുടെ സന്താനങ്ങൾ


അർദ്ധരാത്രിയുടെ സന്താനങ്ങൾ
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

രായ്ക്കുരാമാനം വിശ്വസാഹിത്യകാരന്റെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഇന്ത്യാക്കാരനാണ് ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന സല്‍മാന്‍ റാഷ്ദി (Salman Rushdie). അദ്ദേഹത്തിനു മുപ്പത്തഞ്ചു വയസ്സേ ആയിട്ടുള്ളു. Grimus എന്ന പേരില്‍ അദ്ദേഹം ഇതിനു മുന്‍പ് ഒരു നോവലെഴുതിയിട്ടുണ്ട്. അതിനു സാഹിത്യപരമായ മേന്മയൊന്നും ഇല്ലതാനും. അങ്ങനെയിരിക്കെ റഷ്ദി 1981 ഫെബ്രുവരിയില്‍ ‘അര്‍ദ്ധരാത്രിയുടെ സന്താനങ്ങള്‍’ Midnight’s Children എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി. മന്ദഗതിയിലായിരുന്നു അതിന്റെ വില്പന. പക്ഷേ, ആരും ‘വിചാരിക്കാതെ’ അതു ബുക്കര്‍ സമ്മാനം നേടി. അതോടെ റഷ്ദി വിശ്വസാഹിത്യകാരന്മാരില്‍ ഒരാളായി. ഭാരതത്തിലെ ഗുന്റര്‍ ഗ്രാസ് എന്നാണ് അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്. ചെക്കോസ്ലോവാക്യയിലെ മീലാന്‍ കുന്റേയ്ക്കും ട്രീനിഡാദില്‍ ജനിച്ച ഇംഗ്ലീഷ് നോവലിസ്റ്റ് വി.എസ്.നൈപോളിനും സമശീര്‍ഷനാണ് അദ്ദേഹമെന്ന് നിരൂപകര്‍ പ്രഖ്യാപിക്കുന്നു. സാഹിത്യകൃതികളെക്കുറിച്ച് എപ്പോഴും നിയന്ത്രിച്ച മട്ടില്‍ എഴുതുന്ന ഇംഗ്ലീഷ് നിരൂപകന്‍ വി.എസ്.പ്രിച്ചറ്റ്, റഷ്ദിയുടെ കൃതിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “ഇന്ത്യ പകിട്ടുള്ള ഒരു നോവലെഴുത്തുകാരന് ജന്മമരുളിയിരിക്കുന്നു. വിസ്മയിപ്പിക്കാന്‍ പോന്ന ഭാവനാത്മകവും ധൈഷണികവുമായ കഴിവുകളുള്ള നോവലെഴുത്തുകാരന്‍. അവിച്ഛിന്നമായ ആഖ്യാനത്തില്‍ ഒരതിവിദഗ്ദ്ധന്‍.” ‘അര്‍ദ്ധരാത്രിയുടെ സന്താനങ്ങളെ’ കണ്ടുണ്ടായ ഉദീരണങ്ങളാണ് ഇവ.

ആരാണ് അര്‍ദ്ധരാത്രിയുടെ സന്താനങ്ങള്‍? അവര്‍ അച്ഛനമ്മമാരുടെ കുഞ്ഞുങ്ങളായത് ഭാഗികമായി മാത്രം. അര്‍ദ്ധരാത്രിയുടെ ഈ സന്താനങ്ങള്‍ കാലത്തിന്റേയും സന്താനങ്ങളാണ്. ചരിത്രത്തിന്റെ മക്കളാണ് അവര്‍. അതു സംഭവിക്കാം. വിശേഷിച്ചും ഏതാണ്ടൊരു സ്വപ്നംപോലുള്ള ഒരു രാജ്യത്ത്. (Midnight’s Children–Picador Books. Page 118.) അര്‍ദ്ധരാത്രിയുടെ സന്താനങ്ങള്‍! കേരളത്തിലെ ഒരു ആണ്‍കുട്ടിക്കു കണ്ണാടികളില്‍ക്കൂടി കടന്നു ചെല്ലാനും പ്രതിഫലനശക്തിയുള്ള തടാകങ്ങളില്‍ നിന്നു പുറത്തേക്കു പോരാനും കഴിവുണ്ട്. [ഫ്രഞ്ചെഴുത്തുകാരന്‍ മഴ്സല്‍ ഏമേ — Marcel Ayme, 1902–67 — സൃഷ്ടിച്ച പല കഥാപാത്രങ്ങള്‍ക്കും ഈവൈദഗ്ദ്ധ്യമുണ്ട് — ലേഖകന്‍] ഗോവയിലെ ഒരു പെണ്‍കുട്ടിക്കു മല്‍സ്യങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ സാമര്‍ത്ഥ്യം. കാശ്മീരിലെ ഒരു കുട്ടിക്കു വെള്ളത്തില്‍ മുങ്ങി സ്വന്തം സെക്സ് മാറ്റാന്‍ ഒരു പ്രയാസവുമില്ല (പുറം 198). സ്വാതന്ത്ര്യത്തിന്റെ സന്താനങ്ങളായ അവര്‍ക്ക് എല്ലാ അംശങ്ങളിലും മനുഷ്യത്വമുണ്ടെന്നു പറയാന്‍ വയ്യ. അക്രമം, അഴിമതി, ദാരിദ്ര്യം, കൊതി ഇവയെല്ലാം അവര്‍ക്കുണ്ട്. ഇന്ത്യയ്ക്കു പുറത്തു ചെന്നിട്ട് ഇന്ത്യയിലേക്കു നോക്കിയാലേ ഇതൊക്കെ മനസ്സിലാകൂ. (പുറം 291). അര്‍ദ്ധരാത്രിയുടെ സന്താനങ്ങള്‍ യജമാനന്മാരാണ്; അതേസമയം ബലിയാടുകളുമാണ്. ആള്‍ക്കൂട്ടത്തിന്റെ വിനാശാത്മകമായ നീര്‍ച്ചുഴികളില്‍ അവര്‍ വലിച്ചെടുക്കപ്പെടുന്നു. അവര്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ വയ്യ. (പുറം 463) ഈ സന്താനങ്ങളില്‍ ഒന്നായിട്ടാണ് ഈ നോവലിലെ കഥാപാത്രമായ സലിം ജനിച്ചത്: 1947 ആഗസ്റ്റ് 15-ആം തീയതി അര്‍ദ്ധരാത്രിയില്‍. രാത്രി പന്ത്രണ്ടു മണിക്ക് ഇന്ത്യ സ്വതന്ത്രമായി. സലിമും ആ സമയത്ത് ഭൂജാതനായി. ആ ശിശുവിന്റെ വളര്‍ച്ചയാണ് ഈ നോവല്‍ ചിത്രീകരിക്കുന്നത്. പന്ത്രണ്ടു മണിയോട് അടുപ്പിച്ചു ജനിച്ച കുട്ടികള്‍ക്കുപോലും വിസ്മയാവഹങ്ങളായ സിദ്ധികളുണ്ടെങ്കില്‍ സൂക്ഷ്മം പന്ത്രണ്ടിനു ജനിച്ച സലിമിന്റെ കാര്യം എന്തുപറയാനിരിക്കുന്നു. ടെലപ്പതിക്കു–ദൂരാനുഭൂതിക്കു–കഴിവുള്ളവനായിരുന്നു അവന്‍. ബാഹ്യശ്രോത്രത്തിനു പുറമേ ഒരാന്തരശ്രോതവും അവനുണ്ടായിരുന്നു. അതിന്റെ അവലംബത്തോടെ അവന്‍ അന്യരുടെ ചിന്തകള്‍പോലും മനസ്സിലാക്കി. മറ്റു ‘സന്താനങ്ങ’ളോടു ശബ്ദം പുറപ്പെടുവിക്കാതെ സംസാരിച്ചു. സ്വന്തം കുടുംബത്തിന്റെ ചരിത്രം ഗ്രഹിച്ചു.സലിമിന്റെ അപ്പൂപ്പന്‍ ആദാം അസീസ് പശ്ചിമജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഹില്‍ പരിശീലനം കഴിഞ്ഞെത്തിയ ഡോക്ടറായിരുന്നു. അദ്ദേഹത്തിന് ഒരു മുസ്ലീം രോഗിണിയെ പരിശോധിക്കേണ്ടിവന്നപ്പോള്‍ രോഗിണിയ്ക്കും ഡോക്ടര്‍ക്കുമിടയ്ക്ക് ഒരു വിരിപ്പ് പിടിക്കപ്പെട്ടു. ആ വിരിപ്പില്‍ ഒരു ഏഴിഞ്ച് ദ്വാരമുണ്ട്. അതിലൂടെ രോഗംപിടിച്ച ഭാഗം ഡോക്ടര്‍ക്കു നോക്കാം. അങ്ങനെ നോക്കിയപ്പോള്‍ കണ്ടത് രോഗിണിയുടെ ഒരു പൃഷ്ടം. ലജ്ജയാല്‍ അരുണിമയാര്‍ന്ന ആ ചന്തി അദ്ദേഹത്തെ ചലനംകൊള്ളിച്ചോ? അറിഞ്ഞുകൂടാ. എന്തായാലും ഡോക്ടര്‍ അവളെ വിവാഹം കഴിച്ചു. (…and pajamas fall from the celestial rump, which swells wondrously through the whole. Aadam Aziz forces himself into a medical frame of mind…reaches out…feels.And swears to himself, in amazement, that he sees the bottom reddening in a shy, but compliant blush–page 26.) അവരുടെ മകളുടെ മകനായി സലിം ജനിച്ചു. ആ ജനനത്തെക്കുറിച്ച് അറിഞ്ഞയുടനെ പ്രധാനമന്ത്രിയായിരുന്ന ജവാഹരിലാല്‍ നെഹ്രു ആ കുഞ്ഞിന് ഒരു കത്തയച്ചു. “പ്രിയപ്പെട്ട ബേബി സലിം, നിന്റെ ജനനനിമിഷത്തിന്റെ സന്തോഷാവഹമായ യാദൃച്ഛികത്വത്തില്‍ എന്റെ വൈകിപ്പോയ അഭിനന്ദനം. ചിരസ്ഥായിയായി യുവത്വമാര്‍ന്ന ആ പ്രാചീന ഭാരതത്തിന്റെ മുഖം ഏറ്റവും നൂതനമായി ആവഹിക്കുന്നവനാണ് നീ. ഏറ്റവും ശ്രദ്ധയോടെ ഞങ്ങള്‍ നിന്റെ ജീവിതം നിരീക്ഷിക്കുന്നതാണ്. ഒരര്‍ത്ഥത്തില്‍അത് ഞങ്ങളുടെ ജീവിതവും പ്രതിഫലിപ്പിക്കും.”(പുറം 122) മഹാനായ നെഹ്രുവിനെക്കൊണ്ട് ഗ്രന്ഥകാരന്‍ ഉദീരണം ചെയ്യിക്കുന്ന ഈ വാക്കുകള്‍ ഇന്ത്യയുടെ ദൗര്‍ഭാഗ്യങ്ങള്‍ക്ക് കാരണക്കാരന്‍ അദ്ദേഹം തന്നെയാണെന്ന് അഭിവ്യഞ്ജിപ്പിക്കുന്നു. തുടര്‍ന്ന് സലിമിന്റെ ജീവിതംഅനാവരണം ചെയ്യപ്പെടുകയാണ്. എന്തു ജീവിതം? സലിം എന്ന വ്യക്തിയുടെ ജീവിതം നോവലിലെ പ്രതിപാദ്യ വിഷയമേ അല്ല. ആ ബാലന്‍ ടെലപ്പതിയെ അവലംബിച്ചുകൊണ്ട് സ്വന്തം അമ്മയുടെ വ്യഭിചാരം കണ്ടുപിടിക്കുന്നു. ടെലിഫോണില്‍ അമ്മയെ ആരോ വിളിച്ച് സംസാരിക്കുമ്പോള്‍ വളരെനേരം അയാളോട് വര്‍ത്തമാനം പറഞ്ഞിട്ട് “റോങ് നമ്പര്‍” എന്ന് അറിയിക്കുന്ന അമ്മയുടെ ജാരസംസര്‍ഗ്ഗം അവന്‍ ഗ്രഹിക്കുന്നു. സലിം വളര്‍ന്നു, പാക്കിസ്ഥാനില്‍ അയൂബ്‌ഖാന്‍ നടത്തിയ അധികാരം പിടിച്ചെടുക്കല്‍–കൂ (Coup)അയാള്‍ കണ്ടു. ബംഗ്ലാദേശ് യുദ്ധംദര്‍ശിച്ചു. 1976-ല്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ്‌ഗാന്ധിയുടെ ആളുകള്‍ അയാളെ പിടികൂടി വന്ധ്യംകരണം നടത്തി. നോവല്‍ അവസാനിപ്പിക്കാറാകുമ്പോള്‍ അയാള്‍ ഒരു ഉപ്പിലിടുഫാക്ടറിയില്‍ കഴിയുകയാണ്. ഇനി വളരെക്കാലം അയാള്‍ക്ക് ജീവിക്കാനാവില്ല.

തന്റെ സവിശേഷമായ കഴിവുകൊണ്ട് അയാള്‍ മറ്റൊരു രഹസ്യംകൂടെ മനസ്സിലാക്കിയിട്ടുണ്ട്. സലിം വേറെ അച്ഛനമ്മമാര്‍ക്കു ജനിച്ച കുട്ടിയാണ്. അതേ സമയത്തു ജനിച്ച വേറൊരു കുഞ്ഞിന്റെ സ്ഥാനത്തു അവനെ കൊണ്ടുവയ്ക്കുകയായിരുന്നു നഴ്സ്. സലിം സമ്പന്നതയിലൂടെവളര്‍ന്ന് ഉല്പാദനശേഷി നശിച്ചവനായിത്തീരുമ്പോള്‍ മറ്റേ കുട്ടി ദാരിദ്ര്യത്തിലൂടെ വളര്‍ന്ന് ഇന്ത്യയിലെ പ്രമുഖനായ യുദ്ധവീരനായി മാറുന്നു.

ഈ കഥാസംഗ്രഹം ഗ്രന്ഥത്തോടു നീതിപുലര്‍ത്തുന്നില്ല. കാരണം ഇതിലെ ഇതിവൃത്തം സംഗ്രഹത്തിനു വഴങ്ങിത്തരുന്നില്ല എന്നതാണ്. നാടകീയത ആവഹിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളാണ് നോവലിലുള്ളത്. അന്യോന്യബന്ധമില്ലാത്ത അവയെ സംഗ്രഹിച്ചു പറയാന്‍ പ്രയാസമുണ്ട്. ആ സംഭവങ്ങളിലൂടെ ഭാരതത്തിന്റെ ചരിത്രം–റഷ്ദി കാണുന്ന ചരിത്രം–ഒഴുകിക്കൊണ്ടിരിക്കുന്നു. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച നാള്‍മുതലുള്ള ആ ചരിത്രം ബാലന്മാര്‍ക്കുപോലും അറിയാമെന്നതുകൊണ്ട് ചുരുക്കിപ്പറയേണ്ടതില്ല. നെഹ്രുവിന്റെ ഇന്ത്യയും ഇന്ദിരാഗാന്ധിയുടെ ഇന്ത്യയും സലിം കണ്ടു എന്നു മാത്രമേ പറയേണ്ടതുള്ളു.

ഭാരതം സ്വതന്ത്രമായപ്പോള്‍ ജനിച്ചതത്രയും അന്ധകാരത്തിന്റെ കുഞ്ഞുങ്ങളാണെന്നാണ് റഷ്ദിയുടെ സങ്കല്പം. ഈ സങ്കല്പത്തില്‍നിന്ന് അദ്ദേഹം ഒരിക്കലും മാറിപ്പോകാത്തതുകൊണ്ട് നന്മയാര്‍ന്ന സംഭവങ്ങളെപ്പോലും തിന്മയായി മാത്രമേ അദ്ദേഹത്തിനു കാണാന്‍ കഴിയുന്നുള്ളു. ഭാരതത്തിലെ പഞ്ചവത്സരപദ്ധതികള്‍ ജനക്ഷേമത്തെ ലക്ഷ്യമാക്കി ഉള്ളവയാണല്ലോ. അവയെ നിന്ദിക്കാന്‍ എളുപ്പമല്ല. അതുകൊണ്ട് പ്രധാനമന്ത്രിയായിരുന്ന നെഹ്രു പഞ്ചവല്‍സരപദ്ധതിയുടെ വിജയത്തെക്കുറിച്ച് ജ്യോത്സനുമായി ആലോചിച്ചിരുന്നു എന്ന് പരിഹസിച്ച് റഷ്ദി സ്വകീയമായ ഇന്ത്യാവിരോധത്തെയും നെഹ്രുവിരോധത്തെയും സങ്കോചംകൂടാതെ പ്രകടിപ്പിക്കുന്നു. At the same time, Jawaharlal Nehru was consulting astrologers about the Five Year Plan, in order to avoid another Karamstan (Page 158). വ്യക്തിയെന്ന നിലയില്‍ ഏതു വിരോധവും റഷ്ദിക്കു വച്ചുപുലര്‍ത്താവുന്നതാണ്. പക്ഷേ നോവലിസ്റ്റെന്ന നിലയില്‍ ചങ്ങലയ്ക്കിടേണ്ട ഈ ശത്രുത പേ പിടിച്ച പട്ടികളെപ്പോലെ എല്ലാവരെയും ചാടിക്കടിക്കുന്നു. We are a nation of forgetters-മറവിക്കാരുടെ രാഷ്ട്രീയമാണ് നമ്മളുടേത്. (പുറം 37) Sacred cows eat everything–പാവനങ്ങളായ പശുക്കള്‍ എന്തും തിന്നും. (പുറം 44) This independence is for the rich only the poor are being made to kill each other–ഈ സ്വാതന്ത്ര്യം ധനികര്‍ക്കുള്ളതാണ്; പാവങ്ങളെ അന്യോന്യം നിഗ്രഹിപ്പിക്കുന്നു. (പുറം 104). മലയാളഭാഷയെപ്പോലും റഷ്ദി വെറുതെ വിടുന്നില്ല. Malayalam എന്ന് ഇംഗ്ലീഷിലെഴുതിയാല്‍ അതുപോലെ തിരിച്ചും അങ്ങനെതന്നെ വായിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. (Kerala was for speakers of Malayalam, the only palindromically-named tongue on earth. (പുറം 189). കന്യാകുമാരിയിലെ മുക്കുവസ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം കണ്ടാലും: I zipped down to Cape Comorin and became a fisher women whose sari was as tight as her morals were loose (Page 173). കന്യാകുമാരിയിലെ മുക്കുവസ്ത്രീ സാരി മുറുക്കി ഉടുത്തിരിക്കുമെങ്കിലും അവളുടെസദാചാരം അയഞ്ഞതാണുപോലും. കമ്മ്യൂണിസ്റ്റ് നേതാവായ ഇ.എം.എസ്സിനോടും നോവലിസ്റ്റിനു വിരോധം. In Kerala E.M.S.Namboothiripad was promising that communism would give everyone food and jobs (page 185). റഷ്ദിയുടെ ഈ വിരോധം പരകോടിയിലെത്തുന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലാണ്. ഇന്ദിരാഗാന്ധിയെ Widow with a Knife–കത്തി കൈയിലെടുത്ത വിധവ–എന്ന് അദ്ദേഹം വിളിക്കുന്നു. വാസക്ടമിയെ സൂചിപ്പിക്കുന്നതാണ് കത്തി എന്നതിന് നോവലിലെ മറ്റു ഭാഗങ്ങള്‍ തെളിവു നല്‍കുന്നു. പ്രായംകൂടിയവര്‍ക്ക് വിഷമൊഴിക്കാനുള്ള ഭാജനങ്ങളാണ് കുഞ്ഞുങ്ങള്‍ എന്നു പറഞ്ഞിട്ട് ആ കുഞ്ഞുങ്ങള്‍ പ്രായമാകുമ്പോള്‍ വിഷം നിറഞ്ഞവരായി കാണപ്പെടുന്നു എന്ന് ഗ്രന്ഥകാരന്‍ ഉദ്ഘോഷിക്കുന്നു. Poison, and after a gap of many years, a Widow with a Knife (പുറം 256) ഈ വിധത്തില്‍ നിന്ദ്യമായ വിരോധവും പ്രതികാരവാഞ്ഛയും പ്രദര്‍ശിപ്പിക്കുന്ന ഗ്രന്ഥകാരന്റെ കലാസൃഷ്ടിക്ക് ഏതു തരത്തിലുള്ള ഭാവനിബന്ധനം ഉണ്ടായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മൊറാര്‍ജിദേശായിയെ മൂത്രം കുടിയന്‍ എന്നു രണ്ടു തവണ വിളിക്കുന്ന റഷ്ദി, ഭാരതത്തോടും ഹിന്ദുമതത്തോടും വെറുപ്പു കാണിക്കുന്ന റഷ്ദി, അയല്‍രാജ്യമായ പാക്കിസ്ഥാനോടും മുഹമ്മദീയമതത്തോടും വെറുപ്പു കാണിക്കാത്തത് നന്നായി. ഇല്ലെങ്കില്‍ അദ്ദേഹത്തെ മുസ്ലീം വിരോധി എന്നുകൂടി നമുക്കു വിളിക്കേണ്ടതായി വന്നേനെ. വിശുദ്ധിയുള്ള രാജ്യത്ത് (പാക്കിസ്ഥാനില്‍) വിശുദ്ധിയായിരിക്കണം ആദര്‍ശമെന്ന് സലിമിന്റെ അച്ഛനമ്മമാര്‍ പറയുന്നു. പക്ഷേ ബോംബെയില്‍ കഴിഞ്ഞുകൂടിയ സലിമിന്, ജനസംഖ്യയെക്കാള്‍ കവിഞ്ഞ ഈശ്വരന്മാരെ ആരാധിക്കുന്ന ആളുകളുള്ള ഭാരതത്തില്‍ വിശുദ്ധി ഉണ്ടാകുന്നതെങ്ങനെ? (പുറം 310) വിശുദ്ധിയില്ല. അതില്ലാത്തതുകൊണ്ടാണ് റഷ്ദിയുടെ കഥാപാത്രം സലിം സഹോദരിയെ പ്രാപിക്കാന്‍ ശ്രമിക്കുന്നത് (Saleem approached his sister’s bed; his hand sought her. page 325).

രാജ്യത്തിന്റെ ഭവിതവ്യതയോട് അജ്ഞേയമായ വിധത്തില്‍ ബന്ധപ്പെട്ട അര്‍ദ്ധരാത്രിയുടെ സന്താനങ്ങളെ ചിത്രീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ ആ ചിത്രീകരണത്തിന് പ്രചോദനമരുളുന്നത് ഗ്രന്ഥകാരന്റെ ഈ വിരോധമാണ്. ഇന്ദിരാഗാന്ധിയോട് വിരോധം. അവരുടെ ഗവണ്‍മെന്റിനോടു വിരോധം, അവര്‍ ഭരിക്കുന്ന ഇന്ത്യയോടു വിരോധം, അതിന്റെ മഹനീയമായ സംസ്കാരത്തോടു വിരോധം. ഹൈന്ദവമായി എന്തുണ്ടോ അതു കണ്ണിനു കണ്ടുകൂടാ റഷ്ദിക്ക്. കലാകാരന് ഇത്തരത്തിലൊരു ശത്രുത പാടില്ല. വ്യക്തിയായ റഷ്ദിക്ക് അതാകാമെങ്കിലും കലാകാരന്‍ പ്രതിപാദ്യവിഷയത്തില്‍നിന്നും മാറിനില്‍ക്കണം. നിസ്സംഗതയോടെ അതിനെ വീക്ഷിക്കണം, ചിത്രീകരിക്കണം. അപ്പോള്‍ മാത്രമേ കലാപരങ്ങളായ മൂല്യങ്ങള്‍ ഉണ്ടാവുകയുള്ളു. റഷ്ദിക്ക് അങ്ങനെയൊരു നിസ്സംഗതയില്ല. അദ്ദേഹം ആശയത്തിന്റെ വിശുദ്ധിയെ ശിംശപാവൃക്ഷത്തിന്റെ ചുവട്ടിലിരുത്തിയിട്ട് അസാധാരണങ്ങളായ ശക്തിവിശേഷങ്ങളോടുകൂടി പടയ്ക്ക് പുറപ്പെടുന്നു. ആ ശക്തിവിശേഷങ്ങളെ നമ്മള്‍ ബഹുമാനിക്കും. പക്ഷേ, ഉദ്ദേശ്യശുദ്ധിയില്ല റഷ്ദിക്ക്. അദ്ദേഹത്തിന്റെ വ്യക്തിപരങ്ങളായ അനുഭവങ്ങള്‍ കയ്പാര്‍ന്നവയായിരിക്കാം. കലാകാരന്‍ ആ കയ്പിനെ ഭാവനകൊണ്ട് മാധുര്യമുള്ളതാക്കുമ്പോഴാണ് കല ജനിക്കുന്നത്. അങ്ങനെയുള്ള കല ഈ നോവലില്‍ഇല്ല. കുറ്റം ചെയ്തവന്‍ ഏതിനെയും കുറ്റമായിട്ടും ഏതു വ്യക്തിയേയും കുറ്റക്കാരനായും കാണും. റഷ്ദി ഈ ഭാരതത്തില്‍ കുറ്റമേ കാണുന്നുള്ളു, കുറ്റക്കാരെ മാത്രമേ കാണുന്നുന്നുള്ളു. അദ്ദേഹം കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ?

വളരെ വാഴ്ത്തപ്പെട്ടതാണ് ഈ നോവലിലെ പ്രതിപാദനരീതി. സുശക്തമാണ് റഷ്ദിയുടെശൈലിയെന്നതില്‍ ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം ‘ട്രിസ്ട്രം ഷന്‍ഡി’ എഴുതിയ ലോറന്‍സ്സ്റ്റേണിനെയും ‘ടിന്‍ ഡ്രം’ എഴുതിയ ഗുന്റര്‍ ഗ്രാസിനെയും ഗുരുക്കന്മാരായി സ്വീകരിച്ചിരിക്കുന്നു. ഈ രണ്ടു പടിഞ്ഞാറന്‍ നോവലുകള്‍ക്കും ശൈലിയെ സംബന്ധിച്ച് ഒരവലക്ഷണസ്വഭാവമുണ്ട്. നേരമ്പോക്കു പറയുമ്പോഴും ഗുരുത്വം ഒഴിവാക്കാന്‍ അവര്‍ക്കു കഴിയില്ല. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? വസ്തുക്കളോടും വസ്തുതകളോടുമുള്ള ആന്തരപ്രതികരണങ്ങള്‍ ഋജ്ജുതയില്‍ നിന്നല്ല ജനിക്കുന്നത്. അതുകൊണ്ട് “നേരെചൊവ്വേ” എഴുതാന്‍ രന്റുപേര്‍ക്കും പ്രയാസം. അവരെ അനുകരിക്കുന്ന റഷ്ദിക്കും ഇതുതന്നെ സംഭവിക്കുന്നു.

ശൈലിയുടെ അനുകരണംകൊണ്ടും റഷ്ദിയുടെ ആധമര്‍ണ്യം അവസാനിക്കുന്നില്ല. മഴ്സല്‍ ഏമേയുടെ കഥാപാത്രങ്ങള്‍ക്കുള്ള സിദ്ധികള്‍ സലിമിനുള്ളതായി നമ്മള്‍ കണ്ടുകഴിഞ്ഞു. റഷ്ദി ദാസ്യമനോഭാവത്തോടെയാണ് ഗുന്റര്‍ ഗ്രാസ്സിനെ അനുകരിക്കുന്നത്. ഇന്നത്തെ ജര്‍മ്മനിയുടെ ചരിത്രം ഹ്രസ്വകായനായ ഒസ്കാര്‍ വീക്ഷിക്കുന്നതുപോലെ ആധുനിക ഭാരതത്തിന്റെ ചരിത്രം വികലമനസ്കനായ സലിം വീക്ഷിക്കുന്നു. ഒസ്കാര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജന്മദേശമായ ജര്‍മ്മനിയില്‍ അന്യവര്‍കരണം ഉണ്ടാക്കുന്നതുപോലെ സലിമും അന്യവല്‍കരണം സൃഷ്ടിക്കുന്നു. വിച്ഛേദത്തിന്റെ ഈ പാറ്റേണ്‍ രണ്ടു നോവലുകളിലും ഒരേ മട്ടിലുണ്ട്. സ്വന്തം ശബ്ദംകൊണ്ടു ഗ്ലാസ് പൊട്ടിച്ച് വിരോധം പ്രകടിപ്പിക്കാന്‍ ഒസ്കാറിനു കഴിയും. സലിം അധ്യാപകരുടെ മനസിലിരിക്കുന്നതു മുഴുവന്‍ സിദ്ധിവിശേഷത്താല്‍ ഗ്രഹിക്കുന്നു. മൂന്നു വയസ്സായപ്പോള്‍ ഇനി വളരേണ്ടതില്ലെന്നു തീരുമാനിച്ചവനാണ് ഗുന്റര്‍ഗ്രാസ്സിന്റെ കഥാപാത്രം. സലിമിന് ഒമ്പതു വയസുള്ളപ്പോഴാണ് ഈ വൈദഗ്ധ്യത്തിന്റെ പ്രദര്‍ശനം: ‘ടിസ്ട്രം ഷന്‍ഡി’ എന്ന നോവലിനെ അനുകരിച്ച് എഴുതിയ ഭാഗങ്ങളും റഷ്ദിയുടെ കൃതിയില്‍ ധാരാളമുണ്ട്. സ്റ്റേണിന്റെ നോവലിലെ പ്രധാന കഥാപാത്രമായ ടിസ്ട്രമിന് വാള്‍ട്ടര്‍ എന്ന സഹോദരനുണ്ട്. രണ്ടുപേരും വിഭിന്ന സ്വഭാവമുള്ളവര്‍. റഷ്ദിയുടെ സലിമുംഅയാള്‍ക്കുവേണ്ടി നേഴ്സിനാല്‍ മാറ്റപ്പെട്ട ശിശുവും സ്വഭാവത്തിന്റെ കാര്യത്തില്‍ വൈരുദ്ധ്യം പ്രദര്‍ശിപ്പിക്കുന്നു.

ജീവിതാനുഭവമെന്ന അസംസ്കൃതവസ്തുവില്‍നിന്ന് കലാകാരന്‍ തിരഞ്ഞെടുപ്പു നടത്തുന്നു. അതിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നു. എന്നിട്ട് അതിനെ ആത്മാംശവുമായി കൂട്ടിയിണക്കി ആവിഷ്കരിക്കുന്നു. അപ്പോള്‍ അയാള്‍–കലാകാരന്‍–സൃഷ്ടികര്‍മ്മത്തിലേര്‍പ്പെടുന്ന പ്രജാപതിയെപ്പോലെയാണ്. അസംസ്കൃതവസ്തുവിനോടു വിരോധമുണ്ടോ? ഇഷ്ടമുണ്ടോ? എങ്കില്‍ കലാസൃഷ്ടിയല്ല ജനിക്കുന്നത്. വ്യക്തിശത്രുതയുടേയോ വ്യക്തിപ്രീതിയുടേയോ സ്ഫുടീകരണമായിരിക്കുമത്. ഇന്ദിരാഗാന്ധിയോടുള്ള കടുത്ത വിരോധമാണ് റഷ്ദിയുടെ പ്രമേയം. അത് ആവിഷ്കരിച്ചാല്‍ ഇംഗ്ലീഷുകാര്‍ പവനായി സമ്മാനം തരും. സഹൃദയന്റെ അംഗീകാരമെന്ന സമ്മാനം കിട്ടുകില്ല.