close
Sayahna Sayahna
Search

ഭാവിയിലേയ്ക്ക്--രണ്ടാം വേദി


ഭാവിയിലേയ്ക്ക്--രണ്ടാം വേദി
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

രണ്ടാംവേദി

സദസ്സ് വീണ്ടും നിറഞ്ഞുവല്ലോ. പറയേണ്ടതെല്ലാം പറയുകയും കേള്‍ക്കുകയും ചെയ്തു. ഇനി എന്താണ് കേള്‍ക്കാനുണ്ടാവുക എന്നൊരു കൌതുകം ഈ സദസ്സിന്റെ മുഖത്ത് കാണുന്നുണ്ട്. നാം ചിന്തിച്ച അടിസ്ഥാന കാര്യങ്ങളുടെ തുടര്‍ച്ചയായി ഇനിയും പലതും ചിന്തിക്കാനുണ്ട്.

വിഭാഗീയതയും മോചനവും

മനുഷ്യ മനസ്സിന്റെ സങ്കോചനത്തില്‍ നിന്നുണ്ടായതല്ല; വൈവിധ്യം. ജീവന്റെ സ്വതന്ത്ര ഇച്ഛാശക്തിയില്‍ നിന്നുണ്ടായതാണ് വൈവിധ്യം. ഓരോ പരമാണുവിലും സ്വതന്ത്ര ഇച്ഛാശക്തി പ്രവര്‍ത്തിക്കുന്നുണ്ടാവും. അതിന്റെ ഫലമാവാം വൈവിധ്യവും വൈരുദ്ധ്യവും. ഇവ രണ്ടും ജീവിതത്തിന്റെ താളത്തില്‍ വരുന്നവയാണ്; ഉപേക്ഷിക്കേണ്ടവയല്ല.

എന്നാല്‍ വിഭാഗീയതയാകട്ടെ വൈവിധ്യം പോലെയല്ല; സ്വകാര്യതയില്‍ നിന്നുണ്ടായ വിനയാണത്. ഞാന്‍ ഈഴവനായത് എന്റെ ജന്മസിദ്ധ കാര്യമല്ല. അന്യഭാവം സമൂഹത്തിന്റെ ഉപരിതലത്തില്‍ സൃഷ്ടിച്ച ഭീതിയില്‍ നിന്നുണ്ടായ സ്വരക്ഷാ ബോധത്തിന്റെ വിവിധതരം തളംകെട്ടലുകളില്‍ ഒരിനമാണ് ജാതി. വിശ്വാസവ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍ മതഭേദം കൃത്രിമമാണ്. എന്റെ വിശ്വാസത്തില്‍ എല്ലാവരും വരണം എന്നാഗ്രഹിക്കുമ്പോള്‍ അപരനുമായുള്ള ബന്ധം ശിഥിലമാകുന്നു. മററ് വിശ്വാസങ്ങള്‍ അന്ധമാണെന്ന ധാരണ ഓരോ വിശ്വാസിക്കുമുണ്ടാവുമ്പോള്‍ മനുഷ്യ ബന്ധം ആകെ വീണ്ടും പൊട്ടുന്നു. യാഥാര്‍ത്ഥ്യം എന്താണെന്നു സൂക്ഷ്മമായി അന്വേഷിച്ചാല്‍ നമ്മില്‍ പലരിലും ഒരു വിശ്വാസവും ഇല്ലെന്നതാണെന്നു തെളിയുമെന്നു തോന്നുന്നു. ഓരോരുത്തരും അവരവരിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത് സത്യമാണോ എന്നറിയാം. ഇപ്പോള്‍ തന്നെ നമുക്കതു ചെയ്തുനോക്കാവുന്നതേയുളളൂ.

എന്റെ മുമ്പില്‍ ലോകത്തിലെ സര്‍വ്വമതസ്ഥരുമുണ്ട്. ഈശ്വരവിശ്വാസമുള്ളവരും ഇല്ലാത്തവരും നിഷേധികളും അങ്ങനെ ഒന്നും ചിന്തിക്കാത്തവരും നമമുടെ ഇടയിലുണ്ട്. വിശ്വാസികളുടെ വിശ്വാസം കണ്ടെത്താന്‍ അവരവര്‍ തന്നെ ശ്രമിക്കുക. മററു മതങ്ങളെക്കാള്‍ — അവരുടെ ആചാരവിധികളേക്കാള്‍ — ശ്രേഷ്ഠമാണ് എന്റെ മതമെന്നു കരുതുന്ന പലരും സ്വന്തം മതാനുഭൂതി ഉള്ളവര്‍ തന്നെയോ. ഞാന്‍ ഇസ്ലാമാണ്. കൃത്യമായി അഞ്ച് നേരം നിസ്കരിക്കും, അന്ത്യ പ്രവാചകനില്‍ വിശ്വസിക്കുന്നു. സക്കാത്ത് നല്‍കുന്നു. മററാചാര മര്യാദകള്‍ എല്ലാം പാലിക്കുന്നു. ഖുറാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു. എന്നാല്‍ എന്റെ ഉള്ളില്‍ വിശ്വസഹോദര്യാനുഭൂതി ഉണ്ടോ? എന്റെ വീട്ടിലും നാട്ടിലും ലോകമെമ്പാടുമുള്ള എല്ലാവരോടും ഞാന്‍ സ്നേഹദാരങ്ങളോടെയാണോ പെരുമാറുന്നത്. ഞങ്ങള്‍ എല്ലാവുരം തമ്പുരാന്റെ കാരുണ്യത്തില്‍ നിന്ന് സംഭവിച്ചവര്‍. ഒന്നിച്ചുള്ളവര്‍. നമമുടെ ഇടയില്‍ ഒരതിരും ഇല്ല. ഏതു വിശ്വാസത്തില്‍പെട്ടവരും എന്റെ സഹോദരന്‍ തന്നെ, ‘റബ്ബേ, ഞാന്‍ നിന്റെ സാര്‍വ്വലൌകിക കാരുണ്യത്തില്‍ എന്നെ സമര്‍പ്പിക്കുന്നു.’ ഇത്തരത്തില്‍ ഒരനുഭവം പരിശീലിക്കുകയാണ് പളളിയില്‍ നിത്യേന ചെയ്യുന്നതെങ്കില്‍ ഞാന്‍ മുസ്ലീമാണെന്നു പറയുന്നത് ആത്മാര്‍ത്ഥമാവും. താന്താങ്ങളുടെ മതത്തിനുവേണ്ടി പോരടിച്ച് മരിക്കുകയും കൊല്ലുകയും ചെയ്യുന്നവരില്‍ എത്രപേര്‍ മതാനുഭൂതി നേടാന്‍ പരിശ്രമിക്കുന്നവരായുണ്ടാവും. യഥാര്‍ത്ഥ സാധന ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി ചെയ്യുകയല്ല. വ്യക്തിയെ സങ്കോചത്തില്‍ നിന്നു് വികസിപ്പിച്ച് വിശ്വത്തോളം വിടര്‍ത്തി ജഗദീശ്വരനോട് അടുപ്പിച്ചടുപ്പിച്ച് കൊണ്ടുവന്ന് സര്‍വ്വം സ്നേഹമയം എന്നനുഭവിക്കുന്നതിലേയ്ക്കുള്ള ഗതിയാണ് സാധന. ഇതു ചെയ്യാതെ ഒരാള്‍ക്ക് ഹിന്ദവോ, മുസ്ലീമോ, ക്രിസ്ത്യനോ, ഒരു മതസ്ഥനുമാകാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യം മനുഷ്യനാകണം. അപ്പോള്‍ മതസ്ഥനുമാകും. പിന്നെ മതഭേദം പ്രശ്നമാവില്ല. ഭൂമിയില്‍ ഇതുവരെ മതകലഹം ഉണ്ടായിട്ടില്ലെന്നു ഞാന്‍ പറയാറുള്ളത് ഈ കാഴ്ചപ്പാടിലാണ്. ഹിന്ദു മുസ്ലീം ലഹളയെപ്പറ്റി ഞാന്‍ ചരിത്രക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ പാഠപുസ്തകം തിരുത്തി പഠിപ്പിക്കാറുണ്ട്. ഈ പേരില്‍ നടന്നതെല്ലാം പൈശാചിക ലഹളകളാണ്. മനുഷ്യനില്‍ വെറുപ്പിന്റേയും പകയുടേയും വേഷത്തില്‍ ചെകുത്താന്‍ കടന്നുകൂടി പരസ്പരം കൊല്ലിക്കുമ്പോള്‍ അവിടെ മതത്തിന് ഒരു സ്ഥാനവും ഇല്ല. മതബോധമുള്ളവര്‍ യുദ്ധം ചെയ്യുകയില്ല, ചെയ്തുകൂടാ. എന്നാല്‍ നമ്മുടെ പുരാണഗ്രന്ഥങ്ങളിലെല്ലാം യുദ്ധവര്‍ണ്ണനകള്‍ ധാരാളമുണ്ട്. ആ കാലഘട്ടങ്ങളില്‍ അംഗീകരിച്ചു പോയതാവാം അത്. എന്നാല്‍ ഇന്നും അതുതന്നെ തുടര്‍ന്നു പോരികയാണല്ലോ. അത് തുടരാന്‍ കൊള്ളാവുന്നതല്ല. നാം സ്വീകരിക്കേണ്ടത് സ്വീകരിക്കാതെ, പാടില്ലാത്തത് സ്വീകരിക്കുന്നത് പാലുപേക്ഷിച്ചിട്ട് ഗോമൂത്രം കുടിക്കുന്നതുപോലെയാണ്. രണ്ടും പശുവില്‍ നിന്നു കിട്ടും. നാം വിവേകപൂര്‍വ്വം നോക്കി ജീവിതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കെന്താണോ വേണ്ടത് അതുമാത്രം നാം തെരഞ്ഞെടുക്കും. നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ വര്‍ഗ്ഗത്തിന് പരസ്പര ധാരണയോടല്ലാതെ ജീവിക്കാനാവില്ല. ഭൂമിയും ഭൌമാന്തരീക്ഷവും ശൂന്യാകാശവും നമ്മുടെ അറിവില്‍ വന്നുകൊണ്ടിരിക്കുന്നു. മാരകായുധങ്ങള്‍ സംഹാരായുധങ്ങളായി വികസിച്ചുകാണ്ടിരിക്കുന്ന ഇക്കാലത്ത് ദേഷ്യം വരുന്നതും വരുത്തുന്നതും സൂക്ഷിച്ചു വേണം. അവിവേകികളെ ദേഷ്യപ്പെടുത്തിയാല്‍ ‘ഞാന്‍ നശിച്ചാലും എല്ലാം നശിപ്പിക്കും’ എന്നവന് തോന്നിപ്പോയാല്‍ ചിലപ്പോള്‍ അതു നടന്നെന്നു വരും. അതുകൊണ്ട് സര്‍വ്വസംഹാരകമായ ആയുധങ്ങള്‍ കൈവന്ന ഇക്കാലത്ത് മനുഷ്യ സമൂഹത്തിന്റെ നിയന്ത്രണം, ബലത്തില്‍ നിന്നെടുത്ത് വിവേകത്തിന്റെ കയ്യില്‍ കൊടുക്കേണ്ടി ഇരിക്കുന്നു. ഓരോരുത്തരിലും അന്യോന്യതാ ബോധം ഉണര്‍ത്തുകയാണ് വിവേകം. എല്ലാവരും എനിക്കുള്ളവരാണെന്ന തിരിച്ചറിവാണ് വിവേകം. എന്റെ മതമാണ്, എന്റെ രാഷ്ട്രമാണ്, എന്റെ പ്രത്യയശാസ്ത്രമാണ്, എന്റെ പാര്‍ട്ടിയാണ് ഏററവും ശ്രേഷ്ഠം എന്നു സ്ഥാപിക്കുവാനുള്ള ശ്രമം ഇനി വിവേകമാവില്ല. എന്തുകൊണ്ടെന്നാല്‍ അതകലം സൃഷ്ടിക്കുന്നു. ഇനിയും നാം തമ്മിലകന്നാല്‍ നമ്മുടെ ഭൂമി പിളര്‍ന്നു പോകും. മനുഷ്യന്റെ ശ്രേഷ്ഠത, ഭൂമിയുടെ മഹത്വം സത്യാന്വേഷണ ബുദ്ധി ഈ ചാലില്‍ ഭാവന വിടര്‍ന്നു വരണം. നമ്മുടെ അറിവില്‍പ്പെട്ടിട്ടുള്ള എല്ലാ മഹത്തുക്കളും നമ്മുടെ കുടുംബത്തില്‍ പെട്ടവരാണെന്നതില്‍ അഭിമാനിക്കാന്‍ കഴിയണം. അപ്പോള്‍ എന്റെ ബന്ധുവാണ് ശ്രീബുദ്ധന്‍ എന്ന അനുഭൂതി ഉണ്ടാവും. നമ്മുടെ അറിവില്‍പ്പെട്ട മഹത്തുക്കളും, മഹത്ഗ്രന്ഥങ്ങളും, കാപാലികരും കൊള്ളക്കാരുമെല്ലാം നമ്മുടെ കുടുംബാംഗങ്ങളാണെന്ന അറിവ് എത്ര സത്യമാണ്.

മനുഷ്യനാകുക ഇനി സാദ്ധ്യമോ?

അതാ അദ്ദേഹത്തിനെന്തോ പറയാനുണ്ടെന്നു തോന്നുന്നു. വരിക. ഇങ്ങോട്ടു പോരൂ. വേണ്ടത്രേ സമയമെടുത്തു സംസാരിക്കട്ടെ. നമുക്ക് ശ്രദ്ധിക്കാം. ഒരു കീറാമുട്ടി നമ്മുടെ മുമ്പില്‍ ഉരുട്ടി ഇട്ടിട്ട് അദ്ദേഹം എത്രവേഗം നിറുത്തിക്കളഞ്ഞു. ആട്ടെ ഈ പ്രശ്നത്തില്‍ ചോദ്യകര്‍ത്താവിന്റെ ളള്ളില്‍ എന്തെങ്കിലും മറുപടി ഉണ്ടോ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ‘ഇല്ല, എനിക്കറിഞ്ഞുകൂടാ’ എന്നദ്ദേഹം പറയുന്നു. നമുക്കിത് തള്ളിക്കളയാന്‍ പാടുള്ളതല്ല. ചോദ്യം നിങ്ങള്‍ എല്ലാവരും കേട്ടുവല്ലോ. “മനുഷ്യവര്‍ഗ്ഗം ചരിത്രാതീതകാലം മുതല്‍ ലക്ഷക്കണക്കിനു് വിഭാഗങ്ങളായി വേര്‍തിരിഞ്ഞു പോയല്ലോ. ‌ഏതെങ്കിലും ഒരു വിഭാഗത്തിലല്ലാതെ ഒരു മനുഷ്യക്കുട്ടി ഇനി ജനിക്കില്ല. ജാതിക്കാരനായിട്ടാണ് വളരുന്നതും ജീവിക്കുന്നതും. എന്റെ വിഭാഗം എന്റെ വികാരമായിപ്പോയി. എന്റെ വിഭാഗത്തിന്റെ വിശ്വാസം, ആചാരം, നേതൃത്വം ഇതിലൊക്കെ ചുററിയാണ് ഞാന്‍ പടര്‍ന്നു കയറി വന്നിട്ടുള്ളത്. ഈ ചുററഴിച്ച് മനുഷ്യനാകാന്‍ ഇനിയും സാദ്ധ്യമാകുമോ?” ഇതാണല്ലോ ചോദ്യം. എല്ലാവരും കേട്ടുവല്ലോ. ഓരോരുത്തരും ചിന്തിക്കുക. ഒരു മറുപടി കണ്ടെത്താന്‍ നമുക്ക് കഴിയുമോ? മറുപടി ഇല്ലാത്ത ചോദ്യമുണ്ടാകുമോ? ആലോചിക്കുക. നമുക്കു തോന്നുന്നത് നമുക്കു പറഞ്ഞു നോക്കാം. ആദ്യം അല്പനേരം മൌനമായി ഈ ചോദ്യത്തെപ്പററി പോതുചിന്തനം നടക്കട്ടേ.

ശരി - നമുക്കു തുടങ്ങാം. ഉത്തരം തോന്നുന്നവര്‍ ഇവിടെ വന്ന് അവരവരുടെ ഭാഷയില്‍ പറഞ്ഞുകൊള്ളൂ. ഇതാ ഒരു പയ്യന്‍ - കൊച്ചനുജന്‍ - വരുന്നു. സന്തോഷം.

കുട്ടികളെ വെറുതെ വിടൂ

“എന്റെ അഭിപ്രായം ഞാന്‍ പറയാം. ഞങ്ങള്‍ കുട്ടികളെ നിങ്ങള്‍ വെറുതെ വിടുക. ഞങ്ങളുടെ ഇഷ്ടം പോലെ കൂട്ടുകൂടാന്‍ അനുവദിക്കുക. പള്ളിക്കൂടത്തിലും, പള്ളിയിലും, അമ്പലത്തിലും എവിടെയും കൂട്ടുകൂടി പ്രാര്‍ത്ഥിക്കുകയോ, കളിക്കുകയോ വീടുകളില്‍ പോവുകയോ ഒക്കെ ചെയ്യട്ടെ. ഇവിടെ നീ എന്തിന് വന്നു? അവിടെ നീ എന്തിനു പോയി? എന്നൊന്നും ആരും ഞങ്ങളോട് ചോദിക്കരുത്.

ഞങ്ങളെ നിങ്ങളുടെ സംഘവിഭാഗം ആക്കാതെയിരുന്നാല്‍ ഞങ്ങള്‍ മനുഷ്യ കുട്ടികളായി വളര്‍ന്നുകൊള്ളാം. എനിക്ക് ഇത്രേ പറയാനുളളു. നിങ്ങള്‍ക്കെല്ലാം എന്റെ വന്ദനം.” ദീര്‍ഘമായ ഈ കയ്യടി ഹൃദയമിടിപ്പായി മാറട്ടെ. അതാ ഒരു അമ്മ വരുന്നു. അവര്‍ക്ക് പറയാമുള്ളത് കേള്‍ക്കാം. വരു അമ്മേ പറയൂ.

വസ്ത്രധാരണത്തില്‍ സ്വാതന്ത്ര്യം

“ഞാന്‍ എന്റെ ഈ 68 വയസ്സിനിടയില്‍ ഇതുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ല. വിചാരിച്ചിട്ടുപോലുമില്ല. ചേട്ടന്‍ വിളിക്കുകയും ഇത്ര വളരെപ്പേര്‍ വരികയും ചെയ്തല്ലോ. ഇതുതന്നെ ഇന്നുള്ള അകലങ്ങള്‍ കുറഞ്ഞു വരാന്‍ സഹായിക്കും. അന്തര്‍ജനങ്ങളും മുസ്ലീം സ്ത്രീകളും ചട്ടയിട്ടവരും കച്ചകെട്ടിയവരും ഒക്കെ ഒന്നിച്ചിങ്ങനെ വന്നത് നല്ല ഒരു തുടക്കമാണ്. ഇങ്ങനെ പലവട്ടം ഒന്നിച്ചിരിക്കാന്‍ ഇടയായാല്‍ തന്നെ ഒത്തിരി മാറ്റം വരും. എന്റെ അഭിപ്രായത്തില്‍ ഇക്കാണുന്ന അകലങ്ങള്‍ എല്ലാം ഞങ്ങളുടെ വേഷവിധാനത്തിലൂടെയാണ് നിലനിറുത്തുന്നതെന്നാണ്. പലതരത്തില്‍ വസ്ത്രം ധരിക്കുന്നത് പാടില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അതിനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ടായിരിക്കണം. നല്ല മാററം വരും. ഞാന്‍ നിറുത്തട്ടെ.

വിഭാഗീയതകള്‍ക്കെതിരെ നിയമം ആഞ്ഞടിക്കണം

ആതാ ഒരു യുവാവ് വേഗം നടന്നു വരുന്നു. കയ്യടി നിറുത്തി ശ്രദ്ധിക്കുക.

“ശക്തമായ നിയമ നിര്‍മ്മാണം നടത്തി, നിര്‍ദ്ദയമായി അതു നടപ്പാക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്‍കൈ എടുക്കണം. നിയമം മുഖേനയല്ലാതെ വിഭാഗീയത അവസാനിപ്പിക്കാന്‍ സാദ്ധ്യമല്ല. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ അപ്പപ്പോള്‍ കൊടുക്കണം. ജാതിമാറി വിവാഹത്തിനു മുന്നോട്ടു വരുന്നവരെ വീട്ടുകാര്‍ തടസ്സപ്പെടുത്തുന്നുവെന്നു വന്നാല്‍ ആ വീട്ടുകാരെ മുക്കാലിയില്‍ കെട്ടി പരസ്യമായി അടിക്കണം. സര്‍ക്കാര്‍ ഒരിക്കലും ജാതിതിരിച്ച് ഒരു കാര്യവും ചെയ്തുകൂടാ; ജനസംഖ്യാ കണക്ക് ജനക്ഷേമത്തിനാകണം; ഒരു രാഷ്ട്രത്തില്‍ എത്ര അറബികള്‍, എത്ര യഹൂദര്‍ എന്നൊക്കെ വിളംബരം ചെയ്യുവാനാവരുത്. ഭൂമിയില്‍ 600 കോടി മനുഷ്യരുള്ളതില്‍ എത്ര ‌ദരിദ്രര്‍ എന്നറിയുന്നത് അതു പരിഹരിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ എത്ര ഹിന്ദുക്കള്‍, എത്ര ഇന്‍ഡ്യാക്കാര്‍, എന്നൊക്കെ അറിയിച്ച് വികാരം കൊള്ളിക്കുമ്പോള്‍ മറന്നുപോകുന്നത് മനുഷ്യത്വമാണ്. സെക്രട്ടറിയേററില്‍ എത്ര നായന്മാര്‍, ഗസററഡ് ഓഫീസേഴ്സില്‍ എത്ര പട്ടിക ജാതിക്കാര്‍ എന്നിങ്ങനെ അന്വേഷിക്കുന്ന ഏര്‍പ്പാട് മാധ്യമങ്ങളും നിറുത്തണം. അത്തരം അറിവുകള്‍ ഒരു പത്രത്തില്‍ വന്നാല്‍ പിറ്റേന്ന് ആ പത്രം ഇറങ്ങരുത്. ജാതിപ്പേരുള്ള ഒരു സംഘടനയ്ക്ക് എത്ര വിശാലമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നിരുന്നാലും ആ പേരില്‍ സംഘടനയെ ഗവണ്‍മെന്‍റ് അംഗീകരിക്കരുത്; നിരോധിക്കണം. ആരാധനാലയങ്ങള്‍ മുഷ്യന്റേതാക്കണം. സകലതും തുറന്നു കൊടുക്കണം. ഇന്ന കൂട്ടര്‍ക്ക് ഇവിടെ കയറികൂടാ എന്ന ബോര്‍ഡ് വയ്ക്കുവാന്‍ ഗവണ്‍മെന്റ് ആരെയും അനുവദിക്കരുത്. പോകാനാഗ്രഹിക്കുന്നവരൊക്കെ ശബരിമലയ്ക്കും ഹജ്ജിനും പോയി കൊള്ളട്ടെ.ഭൂമിയില്‍ ഒരിടത്തും രണ്ടു മനുഷ്യരെ തമമില്‍ അകററി നിറുത്തുന്ന ഒന്നും പാടില്ലെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും സകല രാഷ്ട്രങ്ങളും കര്‍ശനമായ ശിക്ഷാ നടപടികളിലൂടെ അത് നടപ്പാക്കുകയും ചെയ്യണം. ഇതാണെന്റെ അഭിപ്രായം.”

വൃദ്ധന്റെ സന്ദേശം

അതാ പ്രായമായ ഒരാള്‍ വരുന്നു; കൂടെ കൈപിടിച്ച് ഒരാള്‍ കൂടി ഉണ്ട്. ഈ മാന്യവൃദ്ധനെ എല്ലാവരും ശ്രദ്ധിക്കു.

“ഞാന്‍ ഇവിടെ ഇരുന്നു പറയട്ടെ. എല്ലാവര്‍ക്കും എന്റെ നമസ്കാരം. എന്റെ ഈ 108 വയസ്സിനിടയില്‍ ഞാന്‍ ഇത്തരമൊരു സദസ്സ് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല. ആകാശത്തിന്‍ കീഴില്‍ ഉണ്ടായിട്ടും ഇല്ല. ഇതു വിളിച്ചുകൂട്ടിയ ദര്‍ശനത്തിനും വന്നു കൂടിയ നിങ്ങള്‍ക്കും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ. എല്ലാവരേയും ഒന്നിച്ചൊന്നു കാണാനെനിക്കാഗ്രഹം. എനിക്ക് എഴുന്നേറ്റു നില്‍ക്കണം. ഒന്നു പിടിച്ചോളൂ. നോക്കെത്താത്ത ദൂരത്തിലാണ് ഉള്ളതെങ്കിലും വേദിയില്‍ വരുന്നവര്‍ക്ക് സംഘാടകര്‍ തരുന്ന ഈ കണ്ണട വളരെ ഉപകാരമായെന്ന് ഇതു വച്ചപ്പോഴാണ് എനിക്കനുഭവമാകുന്നത്. വിദൂരതയില്‍ ഇരിക്കുന്നവരേയും എനിക്കിപ്പോള്‍ അടുത്തു വ്യക്തമായി കാണാം. ഇനി ഞാനിരിക്കട്ടെ.

എന്റെ മക്കളെ, വേണ്ടപ്പെട്ടവര്‍ എന്ന ഭാവം സകല മനസ്സുകളിലും നിറഞ്ഞു കവിയട്ടെ. ലോകസമാധാനത്തിന് ഇത്രമാത്രം ഉതകുന്ന ഒരു ഭാവം വേറെ ഇല്ല. ജഗദീശ്വരാ, എന്നെ ഇനിയും ജീവിക്കാനനുവദിക്കേണമേ. ഈ അപ്പച്ചന്‍ ഇക്കണ്ടവരോടെല്ലാം താണു് വീണപേക്ഷിക്കട്ടെ. നമുക്കിനിയുള്ള കാലം ഇവിടെ ബന്ധുക്കളായി കഴിയാം. മിത്രങ്ങളായി ജീവിക്കുന്നതിന് തടസ്സമായ നില്‍ക്കുന്ന വിശ്വാസം ഒരിക്കലും ഈശ്വരവിശ്വാസമാവില്ല. അത് സാത്താന്റെ കയ്യില്‍ നമ്മെ വിട്ടുകൊടുക്കലാകുകയേ ളള്ളു. ഈ ഭൂമിയും ഇവിടെയുള്ള സകല ചരാചരങ്ങളും നമ്മളും സൃഷ്ടാവിന്റേതാണെന്ന സത്യം ഇതാ ഇവിടെവച്ച് ഞാന്‍ വിളിച്ചു പറഞ്ഞുകൊള്ളട്ടെ. സൃഷ്ടി ആകെ സൃഷ്ടാവിന്റേതാണ്. നാമെല്ലാം ഒരേ മടിയില്‍, ഒരേ കാരുണ്യത്തില്‍, രംഗം വിട്ടു

പോയവരും രംഗത്തേക്ക് വരാനിരിക്കുന്നവരും നമ്മളും ചേര്‍ന്ന് ഒരു കുടുംബക്കാര്‍. എത്ര ആനന്ദമാണീ ബോധം. ഈ ബോധത്തെ ജീവിതശൈലി ആക്കുവാന്‍ ഈ മഹാസമ്മേളനം ഇടയാക്കട്ടെ”.

ഇരട്ടകള്‍

അതാ രണ്ടുപേര്‍ ഒന്നിച്ചെഴുന്നേററുവല്ലോ. രണ്ടു പേരും വരിക. ഒരാള്‍ പറഞ്ഞിട്ട് അടുത്ത ആള്‍ ആവട്ടെ.

“ഞങ്ങള്‍ ഒന്നിച്ചെഴുന്നേററത് ഒന്നിച്ചു സംസാരിക്കുവാനാണ്. ഏതു വേദിയില്‍ ചെന്നാലും ഞങ്ങള്‍ ഞങ്ങളുടെ വിചാരം ഒന്നിച്ചവതരിപ്പിക്കാറുണ്ട്. നിങ്ങള്‍ അതിനനുവദിക്കുമോ”.

തീര്‍ച്ചയായും പറഞ്ഞുകൊള്ളു.

ഞങ്ങള്‍ ഇണകളാണ്. ഒരാള്‍ അടുത്തില്ലെങ്കില്‍ മറ്റേ ആള്‍ നിശബ്ദനായിപ്പോകും. ഒന്നും പറയാന്‍ തോന്നുകില്ല. ചലിക്കാന്‍ തോന്നുകില്ല. ഇരട്ടപെററവരേക്കാള്‍ അടുപ്പം സംഭവിച്ചുപോയി. ‍‍ഞങ്ങള്‍ തമ്മില്‍ ഒരേ പാത്രത്തില്‍ കഴിക്കുന്നു. ഒരേ പായയില്‍ ഉറങ്ങുന്നു. ഇനി ഇവന്‍ പറയട്ടെ.

“ഞ‌ങ്ങള്‍ ജീവിക്കുന്നതുപോലെ പെട്ടകെട്ടി എന്തുകൊണ്ട് എല്ലാവര്‍ക്കും ജീവിച്ചുകൂടാ. ഈ ലോകം നമുക്ക് യഥേഷ്ടം ജിവിക്കുവാന്‍ തുറന്നിട്ടിരിക്കുകയല്ലേ. ഇണങ്ങിയും പിണങ്ങിയും ജീവിക്കാം. പ്രകൃതിക്ക് ഒരു നിര്‍ബ്ബന്ധവും ഇല്ല. തമ്മില്‍ വെട്ടിമരിക്കാം. എന്തിന് നാം സ്വയംകൃതാനര്‍ത്ഥത്തില്‍ പെട്ടുഴലുന്നു. ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ഇനി ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നു പറയട്ടെ.

ഇതാ ഈ രണ്ടു കൈകള്‍ തന്നിരിക്കുന്നത് പരസ്പര പൂരകമാകാനാണ്. രണ്ടു കണ്ണ് തന്നിരിക്കുന്നത് ഒന്നിനൊരു മല്‍സരിക്കാനല്ല. രണ്ടു ചെവിതന്നിരിക്കുന്നത് ഒന്നിനു കേടുപററിയാലും മറ്റേത് ആ കുറവ് പരിഹരിക്കട്ടെ എന്നു കരുതിയാണ്. രണ്ടു കാല് തന്നിരിക്കുന്നത് ഒന്ന് മുന്നോട്ടു വയ്ക്കുമ്പോള്‍ മറ്റേതു പിന്നോട്ടു വയ്ക്കുവാനല്ല. ഒന്നിന്റെ പിന്നാലെ മറ്റേതു ഊന്നുമ്പോഴാണ് നാം മുന്നോട്ടു പോകുന്നത്. കറുപ്പും വെളുപ്പും, ആണും പെണ്ണും, കിഴക്കും പടിഞ്ഞാറും, രാവും പകലും, ചൂടും തണുപ്പും പെട്ടകളാണ്. ശത്രുക്കളല്ല. ഈ മാതൃക ‍ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലൂടെ വെളിപ്പെടുത്തിക്കൊള്ളട്ടെ. അഭിവാദനങ്ങള്‍.”

നിലയ്ക്കാത്ത ഈ കയ്യടി, ഇരുകൈകളും സന്തോഷമായി ചേരുമ്പോളത്തെ ഈ ആഹ്ലാദ ശബ്ദം നവലോകത്തിന്റെ പ്രഭാതഭേരിയാവണേ എന്ന് നമുക്കൊന്നിച്ച് അല്‍പനിമിഷം സങ്കല്പിക്കാം.

എന്റെ സാധന

ഈ സെഷന്‍ ഇവിടെ സമാപിക്കുന്നു. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലളിത സാധന ഈ വേദിയില്‍ വെളിപ്പെടുത്തട്ടെ. ഞാന്‍ ജാതി തിരിച്ച് ആളുകളെ പരിചയപ്പെടാന്‍ ശ്രമിക്കാറില്ലെങ്കിലും എനിക്ക് എന്റെ ജാതിയും മറ്റനേകം ജാതികളും അറിവായിപ്പോയി. വന്നുപെട്ടേടത്തുനിന്നു് ഇനിയും പുറകോട്ട് പോകാതെ മുമ്പോട്ട് പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്.പുലയരെ പുലയരായി കണ്ടു ശീലിച്ച എന്റെ മനസ്സില്‍ ഈ പുലയന്‍ എന്റേതാണ് എന്നു കൂടി കരുതാന്‍ പലിശീലിക്കുകയാണ് ഞാന്‍. മുസ്ലീമിനെ മനുഷ്യനായി കാണുവാനല്ല; മുസ്ലീമായ എന്റെ ബന്ധു എന്നു കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ അറിവില്‍ വന്നുപോയ സകല വിഭാഗീയതകളേയും ഞാന്‍ അംഗീകരിക്കുന്നു. ഒന്നും മായ്ക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ എന്റെ അമേരിക്കന്‍ മിത്രം, എന്റെ നായര്‍ മിത്രം, എന്നിങ്ങനെ കാണാന്‍ ശ്രമിക്കുന്നു. ജാതി നശിക്കട്ടെ എന്നു ഞാന്‍ പറയുന്നില്ല. സര്‍വ്വ ജാതിക്കാരും വേണ്ടപ്പെട്ടവര്‍ എന്നു കരുതാന്‍ ശീലിക്കുന്നു.

ഈ പരിശീലനം തുടങ്ങിയതിനുശേഷം എന്റെ മനസ്സില്‍ വിഭാഗീയതയുടെ കട്ടി കുറഞ്ഞു വരുന്നതായി എനിക്കു തോന്നുന്നുണ്ട്. ഞാന്‍ എന്താകാനാഗ്രഹിക്കുന്നുവോ അതായി ഞാന്‍ തീര്‍ന്നിട്ടില്ലെന്നെനിക്കറിയാം. എങ്കിലും അകലം മാറാന്‍ അകലങ്ങളെ എതിര്‍ക്കുകയല്ല; അടുപ്പം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത് എന്നു ഞാന്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അടുപ്പം വര്‍ദ്ധിപ്പിച്ചാല്‍ മാത്രം മതി. അടുക്കാന്‍ വേണ്ടി ആണെങ്കില്‍ പോലും തമ്മിലകലാന്‍ ഇടയാക്കാവുന്നതൊന്നും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. കള്ളനും വെളളനും ഒന്നുപോലെ ചൂടും പ്രകാശവും നല്‍കി സ്വകിരണങ്ങളാല്‍ തലോടി അനുഗ്രഹിക്കുന്ന സൂര്യനെ നാം എന്നും പരിചയപ്പെടുന്നുണ്ടല്ലോ. കാറ്റും അങ്ങിനെ തന്നെ. നമുക്കും ആ വഴി നോക്കാം. കള്ളനെ തിരിച്ചറിഞ്ഞ് വെറുക്കുന്നതിനു പകരം എന്റെ സുഹൃത്തായ കള്ളന്‍ എന്ന തിരിച്ചറിവല്ലേ കള്ളത്തരം ഇല്ലാതാക്കാനുള്ള വഴി. എന്നെ ചതിക്കുന്ന എന്റെ മിത്രം. എന്റെ മിത്രം എന്നെ കൊല്ലാന്‍ വന്നാലോ. എനിക്ക് എതിരിടേണ്ടിവരും. ഞാന്‍ കൊന്നെന്നും വരും. ജിവനില്‍ കൊതി എനിക്കും ഉണ്ട്. എന്നാല്‍ അത്യപൂര്‍വ്വമായ സമയങ്ങളില്‍ സ്വീകരിച്ചുപോയേക്കാവുന്ന ഒരു ദൌര്‍ബല്യത്തെ മുന്‍നിര്‍ത്തി എന്നും ശത്രുതാ ജീവിതം നയിക്കുന്നത് ബുദ്ധിയല്ലല്ലോ.

ഭൂമിയില്‍ എന്റെ നാടാണ്, എന്റെ ഗ്രന്ഥമാണ്, സര്‍വ്വ ശ്രേഷ്ഠം എന്നു സ്ഥാപിക്കുന്നതിനേക്കാള്‍ ഉത്തമവും സത്യവും ആവശ്യവും, എല്ലാ നാടും ഭൂമിയുടെ ഭാഗം തന്നെ, എല്ലാ വ്യക്തികളും നമ്മുടെ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെ, സര്‍വ്വഗ്രന്ഥങ്ങളും എല്ലാവരുടേതും എന്നതല്ലേ. ഒരു നാട്ടുകാരാണെന്ന ബോധം സങ്കോചനത്തിനാവാതിരുന്നാല്‍ മതി. ഞാന്‍ പറയുന്നത് എന്റെ ജാതി, എന്റെ മതം, എന്റെ ദേശം, എന്റെ ഭാഷ, എന്റെ കുടുംബം തുടങ്ങി ഇന്നു നിലനില്‍ക്കുന്ന വിഭാഗീയ സങ്കല്പങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ ഇവയെ എല്ലാം സുന്ദരമായി ഉച്ചനീചഭാവം കൂടാതെ കോര്‍ത്തിണക്കുന്ന ഹൃദ്യമായ ഒരു വേദിയാവാന്‍ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കണം എന്നാണ്. എല്ലാറ്റിനേയും മഹത്വവല്‍ക്കരിക്കാനാവണം ഒന്നിന്റെ മഹത്വം എടുത്തു കാണിക്കുന്നത്. ഭൂമി ആകെ എന്റെ ജന്മഭൂമി ആയിരിക്കെ, മനുഷ്യവര്‍ഗ്ഗം ആകെ എന്റെ ബന്ധുക്കളായിരിക്കെ, ഞാന്‍ ഒരു ദേശത്തിലോ, ഒരു വിഭാഗത്തിലോ, കുരുങ്ങി അതാണേററവും ശ്രേഷ്ഠം എന്നു സ്ഥാപിക്കുവാന്‍ യുദ്ധസന്നദ്ധനാകുമ്പോഴാണ് സര്‍വ്വവും നഷ്ടപ്പെട്ടുപോകുന്നത്. സ്വന്തമെന്നു കരുതിയ ദേശത്തിനും മതത്തിനും ജാതിക്കും ആചാര വിശ്വാസങ്ങള്‍ക്കുമെല്ലാം സ്വയം നാം നാശം വരുത്തുന്നു. മുസ്ലീമിനുവേണ്ടി മററു മതസ്ഥരോടു മുസ്ലീം പോരടിക്കുമ്പോള്‍ സ്വന്തം ശാന്തിയും സാഹോദര്യവും വിശാലതയും മുസ്ലീമിനും നഷ്ടപ്പെടുന്നു. എല്ലാ വ്യത്യസ്തതകളോടും കൂടി ഉള്‍ക്കൊള്ളുമ്പോള്‍ ഓരോന്നും ലക്ഷ്യമാക്കിയ ശാന്തി ഭൂമിക്ക് ലഭിക്കും. ക്രമേണ ആന്യോന്യ ജീവിതാനന്ദം എല്ലാവര്‍ക്കും അനുഭവമാകും.

അടിസ്ഥാന സമീപനം

രണ്ടുപേരു തമ്മില്‍ ഇണങ്ങുമ്പോഴും പിണങ്ങുമ്പോഴും, വെട്ടിമരിക്കുമ്പോഴും രണ്ടുപേരും നമ്മുടെ കൂട്ടത്തില്‍പെട്ട നമ്മുടെ മിത്രങ്ങളാണെന്ന ബോധം മററുള്ളവര്‍ക്കു വേണം. വിഭാഗം തിരിച്ച് ചേരി പിടിക്കരുത്. അതാണ് മാനുഷിക സമീപനം. പകരം അവരെ വേര്‍തിരിച്ചു കണ്ടുകൊണ്ട് നമ്മളും ചേരിതിരിഞ്ഞാല്‍ എല്ലാം ഭിന്നിക്കും. ഇന്നുള്ള എല്ലാ വിഭാഗീയതകളേയും നമ്മുടെ വിശ്വകുടുംബത്തില്‍ നമുക്കു സംഭവിച്ചു പോയ സങ്കോചത്തിന്റെ ഫലമാണെന്ന് കരുതി ഒന്നിനേയും നിന്ദിക്കാതെ, എതിര്‍ക്കാതെ, ഓരോന്നിലും പെട്ടവരെ അതില്‍ നില്‍ക്കത്തന്നെ സ്വന്തമാണെന്നു കരുതി ഇടപെടുകയാണ് വിഭാഗീയതകളില്‍ നിന്നുള്ള മോചനത്തിന് ഏററവും ഉതകുന്ന ലളിതമായ പോംവഴി. ഇവിടെ പലര്‍ ഉന്നയിച്ച മാര്‍ഗ്ഗങ്ങളെ ഒന്നും നാം തള്ളുന്നില്ല. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഓരോന്നിനും പ്രസക്തി ഉണ്ടാവും എന്നാല്‍ എല്ലാവരും നമുക്കു വേണ്ടപ്പെട്ടവര്‍ എന്ന ഭാവം ഒരു സാഹചര്യത്തിലും നമുക്കു നഷ്ടപ്പെടുത്തികൂടാ എന്നേ ഞാന്‍ വിചാരിക്കുന്നുള്ളു. അതായിരിക്കട്ടെ അടിസ്ഥാനം സമീപനം.

ഇനി അടുത്തടുത്തിരിക്കുന്ന അഞ്ചുപേര്‍ വീതം ചെറു ഗ്രൂപ്പുകളായി എല്ലാവരും വട്ടമിട്ടിരിക്കണം. നാം ഇതുവരെ ചിന്തിച്ച കാര്യങ്ങളെപ്പററി ഓരോ ഗ്രൂപ്പിലും സംവാദം നടക്കട്ടെ. അര മണിക്കൂര്‍ കഴിഞ്ഞ് നമുക്കു വീണ്ടും കൂടാം.