close
Sayahna Sayahna
Search

ഉപരോധം-രണ്ട്


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

രണ്ട്

ചിത്രീകരണം : സി.എൻ.കരുണാകരൻ

മാരാന്‍കരയിലെ കരിമ്പന്റെ കള്ളുഷാപ്പ്. വണ്ണത്താന്‍ രാമന്‍ കയറിവരുന്നത് കണ്ടപ്പോള്‍, ഒന്നുരണ്ടുപേര്‍ പരുങ്ങി. വെളുത്തു ദൃഢമായ കിളരംകൂടിയ ശരീരമാണ് രാമന്റേത്. അരയില്‍ ഒരു കത്തി തിരുകിവെച്ചിട്ടുണ്ട്. ആജ്ഞാശക്തി നിറഞ്ഞ കണ്ണുകള്‍.

അകത്തിരിക്കുന്നവരെയെല്ലാം ഒറ്റനോട്ടത്തില്‍ അറിഞ്ഞ് രാമന്‍ നിലത്തിരുന്നു.

കരിമ്പനോട് പറഞ്ഞു:

‘കള്ള് കൊണ്ടാ.’

കരിമ്പന്‍ കള്ളുനിറച്ച തൊട് മുന്നില്‍ കൊണ്ടുവച്ചു. രാമന്‍ ഒരു വീര്‍പ്പിന് തൊട് കാലിയാക്കി. ചിറി തുടച്ച് ഒരിക്കല്‍ക്കൂടി ചുറ്റിലും നോക്കി കരിമ്പന്‍ പിന്നെയും തൊട് നിറച്ച് കൊണ്ടുവന്നു. രാമന്‍ ദ്രുതവേഗത്തില്‍ അത് താഴെവച്ച്, ചത്ത കള്ളെറുമ്പുകളെ തുപ്പിക്കളഞ്ഞു. കണ്ണങ്കാട്ട് ഭഗവതിയെ കെട്ടുന്ന രാമന്‍ കുറവന്‍ ഇലയിലെന്തോ പൊതിഞ്ഞെടുത്ത് ഷാപ്പിലേയ്ക്കു കയറി. രാമനെ കണ്ട് ചിരിച്ചു.

‘ഇതാരി കുറുപ്പച്ചനാ”?[1]

അയാള്‍ കുറുപ്പച്ചന്റെ അടുത്തിരുന്ന് ഇലപ്പൊതിയഴിച്ചു.

‘മൊയലിന്റെ എറച്ചിയാ.’

രാമന്‍ ഒരു കക്ഷണമെടുത്ത് വായിലിട്ടു.

‘നല്ലതല്ലേ കുറുപ്പച്ചാ?’ കുറ്റ്വന്‍ ചോദിച്ചു.

‘ഉം’

കൈ വീണ്ടും ഇലയിലേയ്ക്ക് താണു.

ഉറക്കെ കള്ളിന് വിളിച്ചു.

‘കരിമ്പാ’

കരിമ്പന്‍ വടക്കുപുറത്ത് പുലയര്‍ക്ക് കള്ളൊഴിച്ചു കൊടുക്കുകയായിരുന്നു. അവരെ ഷാപ്പില്‍ കയറ്റില്ല. അവര്‍ക്ക് കുടിക്കാന്‍ ചിരട്ടകളാണ്. പുറത്തിരുന്ന് ചിരട്ടയില്‍ കുടിച്ചാലും ഒരുകുപ്പി കള്ളിന് വില ഒരണതന്നെ. കുടിച്ചുകഴിഞ്ഞ് ഒച്ചയും ബഹളവുമൂണ്ടാക്കാതെ, തങ്ങള്‍ക്ക് മാത്രമായുള്ള ഊടുവഴികളിലൂടെ അവര്‍ നടന്നുപോകും. ആ വഴികള്‍ പുലയര്‍ പോകുന്ന വഴികളാന്നാണ് പരക്കെ അറിയപ്പെടുന്നത്. അതൊക്കെ ഓര്‍ത്തിട്ടോ, എന്തോ കള്ളുകുടിച്ച് മത്തുകയറിയ ഒരു പുലയന്‍ കരയാന്‍ തുടങ്ങി. മറ്റുള്ളവര്‍ അവനെ ഒരത്ഭുതജീവിയെയെന്നോണം നോക്കി. കരിമ്പൻ പൈസയെണ്ണിവാങ്ങി ഷാപ്പിനുള്ളിലേയ്ക്ക് പാഞ്ഞുകയറി. കുറുപ്പച്ചന് ദേഷ്യം തോന്നിയാൽ പിന്നെ സമാധാനിപ്പിക്കാൻ എളുപ്പത്തിലൊന്നും ആവില്ല. കരിമ്പൻ വലിയൊരു തൊടു നിറയെ കള്ള് അയാളുടെ മുന്നിലെടുത്തുവെച്ചു. അയാളും രാമൻകുറവനും അതിൽനിന്ന് പകർന്ന് കുടിക്കുകയായി.

അപ്പോഴാണ് വഴിയിലൂടെ മഞ്ചൽ കടന്നുപോയത്. മഞ്ചൽക്കാർ ക്ഷീണിച്ച മൂളൽ തുടർന്നു. മഞ്ചലിനുള്ളിൽ തമ്പുരാൻ മയങ്ങിക്കിടന്നു. മാരാൻകരയിൽനിന്ന് മഞ്ചൽ മരങ്ങൾക്കിടയിലൂടെ കണ്ണമ്പാടിയുടെ നേർക്ക് നീങ്ങി.

കൂറച്ചു കഴിഞ്ഞപ്പോൾ ഒരാൾകൂടി ഷാപ്പിലേയ്ക്ക് കയറിവന്നു. ഒരു മൂലയ്ക്ക്, തളർന്ന മട്ടിലിരുന്ന്,കരിമ്പനെ നോക്കി. കരിമ്പൻ ഒരു കുപ്പി കള്ള് കൊടുത്തു.

’ഇനീ, വേണം’ ’ഇതു കുടിക്ക്’

പിന്നെ ഒന്നും പറയാതെ പാത്രത്തിൽ ഒഴിച്ച് കുടിച്ചുതുടങ്ങി. അതേ ഇരുപ്പിൽ മൂന്നു കുപ്പി കുടിച്ചു. ആരേയും ശ്രദ്ധിച്ചില്ല. കുറുപ്പച്ചന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ’എന്ത്ന്നാൻടാ ഇത്ര പരവേശം?’ മിണ്ടാട്ടമില്ല. മുഖമുയർത്തുകപോലും ചെയ്തില്ല. ’കാരോന്താ,’ അയാൾ വിളിച്ചു. അതു കാരോന്തനായിരുന്നു. അവൻ കള്ളൊലിക്കുന്ന ചുണ്ടു തുടച്ച് അയാളുടെ കണ്ണുകളിൽ നോക്കി. എന്നിട്ട്, മുന്നറിയിപ്പൊന്നുമില്ലാതെ ഒരുതരം കരച്ചിൽ. ’നായിന്റെ മോനെ, വെയ്‌രംകൊടുക്കാണ്ട് കാര്യമ്പറ. കുറുപ്പച്ചനു ദേഷ്യം വന്നു. ’കുറുപ്പച്ചാ’ ’എന്താണ്ടായത്?’ കാരോന്തൻ വിതുമ്പി.: ’മഞ്ചൽ എന്റെ വീട്ടിലേക്ക് വന്നു.’ കുറുപ്പച്ചന് കാര്യമെല്ലാം മനസ്സിലായി. അയാളുടെ മുഖത്ത് വികാരങ്ങൾ മിന്നിമറഞ്ഞു. പേശികൾ വലിഞ്ഞുമുറുകി. ’അയിന് ഈട്ന്ന് നായീനെപ്പോലെ മോങ്ങീറ്റെന്താവാനാ? പോയി നോക്ക്ടാ. മഠത്തില് പെണ്ണ്ണ്ടോന്ന്.’ അയാളുടെ ആക്രോശം കള്ളുഷാപ്പിലുണ്ടായിരുന്നവരെ ഞെട്ടിച്ചു.

ചിലരുടെ പാത്രങ്ങളില്‍ കള്ള് വിറച്ചുതുളുമ്പി കരിമ്പനും രാമന്‍ കൂറവനും കാരോന്തനുമെല്ലാം ഭയപ്പാടോടെ കുറുപ്പച്ചനെ നോക്കി അയാള്‍ അവരുടെ ഭാവഭേദങ്ങള്‍ അശേഷം ഗൗനിക്കാതെ കുടിതുടര്‍ന്നു. ആരും അയാളുടെ മൂഖത്തു നിന്ന് കണ്ണടുത്തില്ല.

* * *


മഠത്തില്‍ പെണ്ണുങ്ങളുണ്ടായിരുന്നു. റൗക്കകളിട്ട കെട്ടിലമ്മയും പെണ്‍മക്കളും. നടപ്പുരയിലും വടക്കേ നാലുകെട്ടിലും വിയര്‍ത്ത് പണിയെടുക്കുന്ന ദാസികള്‍ക്ക് റൗക്കകളും മേല്‍മുണ്ടുകളുമില്ലായിരുന്നു.

കെട്ടിലമ്മയും പെണ്‍മക്കളും തേവാരമഠത്തില്‍ തൊഴുത്, ദാസി പിടിച്ച തൂക്കുവിളക്കിന്റെ വെളിച്ചത്തില്‍, ഞാവലിനും ചാമ്പയ്ക്കമരത്തിനും കീഴിലൂടെ നടന്നു.

ചുറ്റുമതില്‍ കടന്നു. പടിഞ്ഞാറ് നടുവിലെ മാളികയിലൂടെ കയറി കരിഞ്ചാമുണ്ടി കോട്ടയ്ക്ക് മുന്നിലെത്തിനിന്നു.

കരിഞ്ചാമുണ്ടിയെ കണ്ണടച്ച് തൊഴുതു.

നടുവിലെ മാളികയ്ക്ക് വടക്കുള്ള മദനപ്പൂമരത്തില്‍ നിന്നും ലഹരിയേറ്റുന്ന സുഗന്ധം പരന്നൊഴുകി.

കാര്യസ്ഥന്മാരും പണിക്കാരും അവിടവിടെ ഓച്ഛാനിച്ചു നിന്നു.

നിലവിളക്കുകള്‍ തെളിഞ്ഞുകത്തി. കുട്ടികള്‍ പൂമുഖത്തിരുന്ന് നാമംചൊല്ലി.

പൂമുഖം വിസ്തൃതമാണ്. ഉരുപ്പിന്റേയും ഇരുവൂളിന്റേയും തൂണുകളിലും ജാലകത്തിലും വാതില്‍പ്പടികളിലും അനേകം വിഗദ്ധശില്പികളുടെ കരവിരുത് പ്രകടമാണ്. ഏകാഗ്രചിത്തരായി, അത്യന്തം സൂക്ഷ്മതയോടെ അനേകം പേര്‍ ഓരോ തൂണിലും വാതില്‍പ്പടികളിലും മച്ചിലും വേലയെടുത്തിട്ടുണ്ട്. തവളയെ ചുറ്റി നില്‍ക്കുന്ന ഉടുമ്പും, വ്യാളികളും പക്ഷിരൂപങ്ങളും പുഷ്പങ്ങളും സൂക്ഷ്മമായ കൊത്തുപണിചെയ്ത് അതീവ മനോഹരമാക്കിയിട്ടുണ്ട്. ഭിത്തിയില്‍ വേട്ടയാടിക്കിട്ടിയ മാനുകളുടെ ശിരസ്സുകള്‍ തറച്ചുവെയ്ക്കപ്പെട്ടിരിക്കുന്നു. ഉയരത്തില്‍ സ്ഫടിക ഗുളോപ്പുകള്‍ തൂങ്ങിക്കിടക്കുന്നു.

കിഴക്കേമുറ്റത്ത് നടപ്പുരയോട് ചേര്‍ന്ന്, വളര്‍ത്തുപക്ഷികളുടെയും മൃഗങ്ങളുടെയും കൂടുകള്‍. രണ്ട് പണിക്കാരികള്‍ കൂടുകളില്‍ തീറ്റ വിതറി. കുരങ്ങുകളും മുയലുകളും തത്തകളും മറ്റും ഒരുമിച്ച് ഒച്ചയുണ്ടാക്കി. ശബ്ദങ്ങള്‍ കൂടിക്കലര്‍ന്നു.

മഞ്ചല്‍ക്കാരുടെ ശബ്ദം അവയ്ക്കെല്ലാം മുകളിലായി ഉയര്‍ന്നു.

മഞ്ചല്‍ മുറ്റത്തിറക്കിവെച്ച് അവര്‍ ആശ്വാസത്തോടെ നിവര്‍ന്നു.

* * *


കണ്ണമ്പാടിയില്‍, പുതിയടത്തുവീട്ടിന്റെ കളത്തില്‍ നിന്നുകൊണ്ട്, ചിണ്ടന്‍ അന്തിത്തിരിയില്‍ കോടിലോന്‍ രാമനോട് പറഞ്ഞു:

‘സൂക്ഷിക്കണം തീകൊണ്ടാ കളി.’

വേങ്ങയില്‍ തറവാട്ടുകാര്‍ക്ക് കുറ്റൂരില്‍ സ്ഥലംകൊടുത്തത് പുതിയടത്തു വീട്ടുകാരാണ്. അതൊരു പഴയ കഥ. പിന്നീട് നാടുമുഴുവന്‍ അവരുടേതായി. പുതിയടത്തുകാര്‍, കുറച്ചുഭൂമി സ്വന്തമുള്ള ഇടജന്മിയായി നിലനില്‍ക്കുന്നു. വേങ്ങയില്‍ തറവാടിന്റെ വളര്‍ച്ചയും, അവിടെയുള്ള പുരുഷന്മാരുടെ അതിക്രമങ്ങളും ക്രൂരതകളും കണ്ട് മനസ്സുനൊന്ത ഒരു വൃദ്ധ പുതിയടത്തുവീടിന്റെ അടുക്കളയിലിരുന്ന് ഒരിക്കല്‍ വിലപിക്കുകയുണ്ടായി: ‘വീട്ടിന് മിറ്റത്തല്ലേ കായല്[2]നട്ടത്.’

അറിഞ്ഞോ, അറിയാതെയോ നട്ട കായല്‍ച്ചെടി അപ്പോഴേയ്ക്കും തഴച്ചുവളര്‍ന്ന് മുറ്റം നിറഞ്ഞുകഴിഞ്ഞിരുന്നു. അതിന്റെ മുള്ളുകളില്‍ നിഷ്കളങ്കമായ കൗമാരങ്ങളും യൗവനങ്ങളും ഉടക്കി.

പുതിയടത്തുവീട്ടിലെ കാര്യങ്ങള്‍ ഒരളവോളം നോക്കിനടത്തുന്നത് കോടിലോന്‍രാമനാണ്. അതാണ് ചിണ്ടന്‍ അന്തിത്തിരിയന്‍ കോടിലോന്റെ ദേഹരക്ഷയില്‍ ഉല്‍കണ്ഠ കാണിക്കുന്നത്. നായനാരോട് എതിര്‍ത്തുനിന്നാല്‍ ജീവന്‍ നഷപ്പെടും. അവര്‍ക്ക് പണവും പ്രതാപവുമൂണ്ട്. വെള്ളക്കാരുടെ പോലീസും അവരുടെ ഭാഗത്തുണ്ട്. കൊല്ലിനും കൊലയ്ക്കും അധികാരം കല്പിച്ചുകിട്ടിയിട്ടൂണ്ട്.

‘ന്നാല് ഞാന്‍ വീട്ടിലേക്ക് പോവ്വാ.’ കോടിലോന്‍ പറഞ്ഞു.

‘മഠത്തിന്റങ്ങോട്ടാ? അന്തിത്തിരിയന്‍ ചോദിച്ചു. മഠത്തിനുവടക്കാണ് കോടിലോന്റെ ഭാര്യവീട്. മൂത്ത പെങ്ങളുടെ പേരു തന്നെയാണ് ഭാര്യയ്ക്കും-പാട്ടി.

കോടിലോന്‍ ചൂരല്‍വടി വീശിക്കൊണ്ട് നടക്കാന്‍ തുടങ്ങിയപ്പോള്‍, പിന്നില്‍ നിന്ന് അന്തിത്തിരിയന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു:

“സൂക്ഷിച്ചുവേണം നടക്കാന്‍. അപ്പറോം ഇപ്പറോം കണ്ണുവേണം. പറഞ്ഞില്ലാന്നുവേണ്ട.”

* * *

മഠത്തിന്റെ മട്ടുപ്പാവിലുള്ള സ്ഫടികഗൂളോപ്പുകളിലേയ്ക്കും വേട്ടയുടെ സ്മാരകങ്ങളായ കലമാന്‍കൊമ്പുകളിലേയ്ക്കും കുളിരുള്ള നിലാവിറങ്ങി. താഴെ സാക്ഷാല്‍ നാലുകെട്ടില്‍, കെട്ടിലകത്തിനുതൊട്ടുള്ള തളത്തില്‍ ചാരുകസേരയില്‍ കൃഷ്ണന്‍നായനാര്‍ ഉപവിഷ്ടനായി.

അവറോന്നനും പുല്ലായിക്കൊടി കോരന്‍നമ്പ്യാരും പനയന്തട്ട രാമന്‍നായരും വിശേഷങ്ങള്‍ കേള്‍പ്പിക്കാന്‍ അടുത്തുനിന്നു.

അവറോന്നനാണ് പറഞ്ഞുതുടങ്ങിയത്. അടുക്കളയില്‍ പണിക്കാരികള്‍ തിരക്കിട്ട് പണിയെടുത്തു. ആറേഴുപേരുണ്ട്. അവര്‍ക്ക് പിടിപ്പത് പണിയുമുണ്ട്. കലവറയിലേയ്ക്കും മച്ചിലേയ്ക്കും കുളിപ്പുരയിലേയ്ക്കും നടപ്പുരയിലേയ്ക്കുമായി ഇടയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്നു. അടുപ്പുകളില്‍ കനലാളി. കണ്ണുകള്‍ പുകഞ്ഞു.

നായനാര്‍ നെറ്റിചുളിച്ച്, അസ്വസ്ഥത നടിച്ചുകൊണ്ട് ചോദിച്ചു:

‘എന്നിട്ട്?’

അവറോന്നന്‍ ചന്തുനമ്പ്യാര്‍ പറഞ്ഞുകൊണ്ടിരുന്നു.

പടിഞ്ഞാറെ മുറിക്കരികിലൂടെ നടന്നുപോകുമ്പോള്‍ സുന്ദരിയായ കുഞ്ഞിലക്ഷ്മി, പടിഞ്ഞാറ്റയിലെ ചിത്രവേലചെയ്ത കട്ടിലിലേയ്ക്ക് ഒരു നിമിഷം കണ്ണോടിച്ചു. വിവാഹം കഴിഞ്ഞാല്‍ ആദ്യത്തെ രാത്രിയില്‍, ഭര്‍ത്താവിന്റെ ഒപ്പം ആ കട്ടിലിലാണ് കിടന്നുറങ്ങുക. അവള്‍ക്ക് രോമാഞ്ചമായി. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്കിടയിലൂടെ നടന്ന്, ചായം പൂശിയ കണ്ണാടിജനല്‍ മലര്‍ക്കെ തുറന്നു. ഹായ്, എന്തു ഭംഗിയാണ്! നിലാവില്‍ കുളിച്ചുനില്‍ക്കുന്ന മദനപ്പൂമരം. അതിന്റെ ശിഖരങ്ങളില്‍ നിന്നും,ഞരമ്പുകളെ ത്രസിപ്പിക്കുന്ന പൂമണം വാര്‍ന്നൊഴുകുന്നു. കാറ്റ് അവളുടെ ഉടലാകെ പൂമണം പുരട്ടി. രവിവര്‍മ്മയെഴുതിയ മറ്റൊരു ചിത്രംപോലെ, അവള്‍ കണ്ണടച്ച് നിര്‍വൃതിയില്‍ ലയിച്ചുനിന്നു.

നടപ്പുരയുടെ വടക്കുള്ള ബിരൂമ്പിമരത്തിനുചോട്ടില്‍, ഒരു ദാസി നഷ്ടപ്പെട്ട എന്തിനെയോ ചൊല്ലി ആരും കാണാതെ വിങ്ങിക്കരഞ്ഞു.

  1. വടക്കേ മലബാറില്‍ വണ്ണത്താന്മാരെ കുറുപ്പെന്ന് വിളിക്കാറുണ്ട്
  2. ഒരു മുള്‍ച്ചെടി