ഉപരോധം-നാല്
ഉപരോധം | |
---|---|
ഗ്രന്ഥകർത്താവ് | സി.വി.ബാലകൃഷ്ണന്‍ |
മൂലകൃതി | ഉപരോധം |
ചിത്രണം | സി.എൻ. കരുണാകരൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 80 |
നാല്
വഴിയരികിലുള്ള ഒടിച്ചുകുത്തിച്ചെടികള്‍ക്കു പിന്നില്‍ മറഞ്ഞുനിന്ന് അവറോന്നന്‍ കോടിലോന്റെ കണ്ണില്‍പെടാതെ രക്ഷപ്പെട്ടു. അവിടെ നിന്നുകൊണ്ട് അയാള്‍ കോടിലോന്റെ തിരിച്ചുവരവുകണ്ടു. അത് അയാളില്‍ ഉള്‍ക്കിടിലമുണ്ടാക്കി. കോടിലോന്‍ നായനാരെപ്പൊലെ മുടി മൂറിക്കുകയും, നായനാരെപ്പോലെ കുപ്പായമിടുകയും നായനാരെപ്പോലെ ചെരിപ്പിടുകയും ചെയ്തിരുന്നു. അവറോന്നന്‍ വിചാരിച്ചു. ജയിലിലയച്ചത് ആപത്തായോ? വെള്ളം കോരിയൊഴിക്കുമ്പോള്‍ കനലില്‍ നിന്ന് തീയാളുകയാണോ? ഇതെന്തു കഥ!
കോടിലോന്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നു. മാരാന്‍ കരയില്‍വെച്ചു വണ്ണത്താന്‍ രാമനെ കണ്ടു. രാമന്‍ ഷാപ്പില്‍ നിന്ന് വലിയ ഒച്ചയെടുത്തു കൊണ്ട് വഴിയിലേയ്ക്ക് ചാടിയിറങ്ങി. കോടിലോനെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. രണ്ടുപേരും ഉച്ചത്തില്‍ ചിരിച്ചു.
കോടിലോന്‍ പിടിവിട്ടുനിന്ന് ചങ്ങാതിയുടെ മുടിയിലേയ്ക്ക് നോക്കി.
‘നീ കുടുമ മുറച്ച്വല്ലോ.’
കുറുപ്പച്ചന്‍ ചങ്ങാതിയുടെ കുപ്പായവും ചെരുപ്പുംകണ്ട് മനസ്സില്‍ വിചാരിച്ചു. മൂന്നുമാസം കിടന്നിരുന്നെങ്കില്‍ ഞാനും ഇങ്ങനെയൊക്കെയേ വരുമായിരുന്നുള്ളൂ.
‘അസ്സലായിറ്റ്ണ്ട്’. അയാള്‍ അഭിപ്രായപ്പെട്ടു.
ആലിമമ്മതിന്റെ അങ്ങാടിയിലുണ്ടായിരുന്നവരും, കരിമ്പന്റെ ഷാപ്പിലുണ്ടായിരുന്നവരും തങ്ങളുടെ മുഷിഞ്ഞതും അപര്യാപ്തവുമായ വേഷം നോക്കി മുഖം ചുളിച്ചു. ചെരുപ്പില്ല, ശീലക്കുടയില്ല. കുപ്പായമില്ല, കാല്‍മടമ്പുകളോളമെത്തുന്ന മുണ്ടില്ല. അതൊന്നും തങ്ങള്‍ക്ക് വിധിച്ചിട്ടില്ല. ഓരോരുത്തരുടെയും ആഗ്രഹങ്ങളാണ് ഇതിന്റെയൊക്കെ പിറകിലെന്ന് വരുമോ? തങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണോ ഈ വേഷം? കോടിലോന്‍ തന്നത്താന്‍ തീരുമാനിച്ചുറപ്പിച്ച് വേഷത്തില്‍ അടിമുടി പരിവര്‍ത്തനം വരുത്തി തിരിച്ചുവന്നിരിക്കുന്നു. എന്തും നേരിടാനുള്ള തന്റേടത്തോടെ. ഈശ്വരന്മാരേ, ഇതെവിടെയാണ് അവസാനിക്കുക? എന്തെല്ലാമാണ് കാണേണ്ടിവരിക?
“വാ ഒന്ന് ഷാപ്പില് കേറി മീന്ങ്ങിപ്പോകാം.” രാമന്‍ കോടിലോനെ ക്ഷണിച്ചു.
‘ഇപ്പം വേണ്ട. വീട്ടില് പോണം.”
“ഞാനും വെരന്ന്.”
രണ്ടുപേരും ചുമലില്‍ കയ്യിട്ട് നടന്നു.
എഴിലംമ്പാലയുടെ നിഴല്‍വീണ കണ്ണങ്കാട്ടിന് വടക്കുവശത്തൂടെ, ചെമ്പകച്ചോട്ടില്‍ ത്രിശൂലം തറച്ച ഗുളികന്റെ മുണ്ട്യയ്ക്കരികിലൂടെ, അവര്‍ നടന്നു. പിന്നെ വടക്കുള്ള വേട്ടയ്ക്കൊരുമകന്‍ കോട്ടത്തിലൂടെ നടന്ന് വീട്ടിലെത്തി. മണ്‍ചുമരുകള്‍. പുല്ലുമേഞ്ഞ മേല്‍പ്പുര. ചാണകം മൊഴുകിയ ഇറയം. ഉറ്റുനോക്കുന്ന കണ്ണുകള്‍. പെങ്ങന്മാര്‍. അവര്‍ ചിരിക്കുകയും കരയുകയും ചെയ്തു.
ഒരു ദിവസം സന്ധ്യയ്ക്ക്:
ചീരൂട്ടി ഓലച്ചെറുപ്പിന്നിടയിലൂടെ പാളിനോക്കിയപ്പോള്‍ അവറോന്നനെ കണ്ടു.
അവള്‍ പേടിച്ച് പടിഞ്ഞാറ്റയിലേയ്ക്കോടി വാതിലടച്ച് ഒടാമ്പലിട്ടു.
അയാള്‍ മുറ്റത്ത് ചെരുപ്പഴിച്ചുവെച്ച് ഇറയത്ത് കയറി.
ചീരുട്ടിയുടെ അച്ഛനും അമ്മയും ആങ്ങളമാരും പണിക്കുപോയി തിരിച്ചെത്തിയിട്ടില്ല. കുടിലില്‍ അവള്‍ തനിച്ചാണ്. അവളുടെ മംഗലം ഉറപ്പിച്ചിരിക്കുകയാണ്. അവള്‍ എമരത്തുകാരന്‍ കുഞ്ഞിക്കണ്ണനെ സ്വപ്നം കാണുകയാണ്.
ചീരൂട്ടി പടിഞ്ഞാറെ വാതിലടക്കുന്നത് അയാള്‍ കണ്ടിരുന്നു. വാതിലിനടുത്ത് ചെന്നുനിന്ന്, കഴിവതും സൗമ്യമായി വിളിച്ചു:
“ചീരൂട്ടി.”
അവള്‍ വിളികേട്ടില്ല.
“വാതില് തൊറക്ക് പെണ്ണേ. നിന്നോടൊരു കാര്യം പറയാന്ണ്ട്.”
ചീരൂട്ടി മാറില്‍ കൈചേര്‍ത്ത് നിന്ന്, വിഷ്ണുമൂര്‍ത്തിയേയും ചാമുണ്ടിയേയും ധ്യാനിച്ചു. അവളുടെ നെഞ്ച് പേടികൊണ്ട് ക്രമം തെറ്റി ഉയരുകയും താഴുകയും ചെയ്തു. അവള്‍ കിതയ്ക്കുകയും, ഒച്ച കേള്‍പ്പിക്കാതെ കരയുകയും ചെയ്തു.
“ചീരൂട്ടി.”
മൗനം
“നിന്നെയെങ്ങനെ വിടാനൊന്നും തീരുമാനിച്ചിറ്റ്ല്ല.”
വാതില്‍ മലര്‍ന്നു വീഴുന്നതുകണ്ട് ചീരുട്ടി ഉറക്കെ നിലവിളിച്ചു.
അയാള്‍ വാതില്‍ക്കല്‍ നിന്ന്, കാമത്തിന്റെ തീയുള്ള കണ്ണൂകള്‍കൊണ്ട് അവളെ നോക്കി. പിന്നെയൊരു ചാട്ടത്തിന് അവളെ കടന്നുപിടിച്ചു. അവളുടെ കരച്ചിലുയര്‍ന്നു. അവളെ നിലത്തു വീഴ്ത്തി, മടിക്കുത്തഴിക്കാന്‍ തുടങ്ങുമ്പോ, തൊട്ടുപിന്നില്‍ ആരുടെയോ അലര്‍ച്ച. അയാള്‍ തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും നിലത്തുനിന്ന് പിടിച്ചുയര്‍ത്തപ്പെട്ടുകഴിഞ്ഞിരുന്നു. കരനത്തും മുതുകത്തും ഇരുമ്പുപോലുള്ള കൈകള്‍ ആഞ്ഞമരുകയായിരുന്നു. അടിയേറ്റ് അയാള്‍ അസ്തപ്രജ്ഞനായിത്തീര്‍ന്നു.
‘ഞങ്ങളുടെ പെണ്ണുങ്ങളെ തൊടാന്‍ വന്നാല് ഇനി എല്ലാറ്റിന്റേയും കൊടലെടുക്കും. ങ്ങ്ഹാ.’
വണ്ണത്താന്‍ രാമന്റെ മുന്നില്‍ ഇരുമ്പഴികളും ജയില്‍ഭിത്തികളും നിവര്‍ന്നു നിലയുറപ്പിച്ചു. വാര്‍ഡര്‍മാര്‍ ബുട്സുകളുടെ ഒച്ച കേള്‍പ്പിച്ചുകൊണ്ട് കവാത്തുനടത്തി. റാന്തലുകള്‍ തൂക്കിപ്പിടിച്ച് രാത്രികളില്‍ നടവുമുറികള്‍ക്ക് മുന്നിലൂടെ നടന്നു.
വേട്ടയ്ക്കൊരുമകന്‍ കോട്ടത്തില്‍ കളിയാട്ടം. അവിടെ നിന്ന് നോക്കിയാല്‍, വയലുകള്‍ക്കും, പുഴയ്ക്കുമപ്പൂറം മൈലഞ്ചിരിക്കാവ് കാണാം. തീയരുടെ കാവാണ്. മൈലഞ്ചേരിയില്‍ നിന്ന് കോട്ടത്തിലേയ്ക്ക് ‘കാഴ്ച’ കൊണ്ടുവരും.
കോട്ടം തുടക്കത്തില്‍ നമ്പീശന്മാരുടെതായിരുന്നു. പിന്നീട് വേങ്ങയില്‍ തറവാട്ടുകാര്‍ അതിന് അവകാശം നേടിയെടുത്ത് ഊരാളന്മാരായി മാറി. കളിയാട്ടത്തിന്റെ നായകന്‍ കൂറ്റൂര്‍ മഠത്തിലെ നായനാരാണ്. മേടത്തിലെ കളിയാട്ടത്തിനു പുറമെ, വൃശ്ചികംതൊട്ട് ആറുമാസം ഓരോ മാസത്തിന്റെയും ഒന്നാമത്തെ നാളില്‍ വെള്ളാട്ടം കഴിപ്പിക്കുന്ന പതിവുണ്ട്.
കോട്ടത്തിന് തൊട്ടുതെക്കുള്ള കണ്ണങ്കാട്ട് മകരം പതിനഞ്ചു തുടങ്ങി മൂന്നു നാളത്തേക്ക് ഉത്സവമുണ്ട്. അവിടെയും നായനാര്‍ തന്നെ പ്രധാനി.
അയാള്‍ പരിവാരങ്ങളോടെ കോട്ടത്തിലേയ്ക്കെഴുന്നള്ളി. ആളുകള്‍ പഞ്ചപുച്ഛമടക്കിനിന്നു.
മുരിക്കിന്‍ പൂവുകള്‍ മൂവന്തിയില്‍ തുടുത്തുലഞ്ഞു. മലയന്മാരുടെ കൈകളിലെ ചെണ്ടക്കോലുകള്‍, ചുമലില്‍ കെട്ടിത്തൂക്കിയ ചെണ്ടകളില്‍,
ത്രസിപ്പിക്കുന്ന താളത്തിന് തുടക്കമിട്ടു. കല്‍ച്ചുവരിനടുത്ത്, ചെമ്പട്ടുവിരിച്ച് ചാരിവെച്ച വാളുകള്‍ തിളങ്ങി. കവുങ്ങിന്‍ പൂക്കുലകളും നിറപറയും കുത്തുവിളക്കുകളും കളിയാട്ടത്തിന്റെ ഔജ്ജ്വല്യത്തോടെ തെളിഞ്ഞുനിന്നു. കുട്ടികളുടെ കണ്ണുകള്‍ അവയിലെല്ലാം അലഞ്ഞു. ഒച്ചകള്‍ കൂടിക്കലര്‍ന്നു. ഉത്സവമായി.
മൈലഞ്ചേരിയില്‍ നിന്ന് കാഴ്ച പുറപ്പെട്ടു. വയലുകളില്‍ ഇരുട്ട് പരന്നിരിക്കുന്നു. കാഴ്ചവസ്തുക്കള്‍ ചുമലിലേറ്റിയ വാലിയക്കാര്‍ ഓടുകയാണ്. തീപ്പന്തങ്ങളുയര്‍ത്തിപ്പിടിച്ചും ചെണ്ട മുഴക്കിയും ആര്‍പ്പ് മുഴക്കിയും കാഴ്ചക്കാര്‍ വരുന്നു. കോട്ടത്തിലുള്ളവരെല്ലാം കിഴക്കോട്ട് കണ്ണുനട്ട്, ശ്രദ്ധ കേന്ദ്രീകരിച്ച് നില്‍ക്കുകയാണ്.
കോട്ടത്തിനുമുമ്പില്‍ ഒരു ഇരിപ്പിടത്തിലിരിക്കുന്ന കൃഷ്ണന്‍നായനാരുടെ കണ്ണുകളും അകലെ ഇളകിത്തുടിക്കുന്ന തീപ്പന്തങ്ങളിലാണ്. അയാളുടെ കയ്യില്‍ ഒരു വടിവാളുണ്ട്. അത് ഗൗരവത്തോടെ തിരിച്ചു കൊണ്ടിരിക്കുന്നു.
മൈലഞ്ചേരി മൂപ്പന്‍ പാഞ്ഞുവന്ന് നായനാരുടെ കാല്‍ക്കല്‍ വെറ്റിലയും അടയ്ക്കയും വെച്ചു. കാഴ്ചക്കാര്‍ ആര്‍ത്തുവിളിച്ചു.
അപ്പോള്‍ ആള്‍ത്തിരക്കിനിടയിലൂടെ കോടിലോന്‍ രാമന്‍ ഒരു മിന്നായംപൊലെ ഓടിയടുത്ത് നായനാരുടെ കഴുത്തിന് പിടിച്ചു. ചെണ്ടകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആചാരപ്രകാരം വെറ്റിലയും അടയ്ക്കയും വെച്ച് കാഴ്ചക്കാര്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ കോടിലോന്‍, കൃഷ്ണന്‍നായനാരുടെ കഴുത്തിനു പിടിച്ചു.
നായനാരുടെ ആള്‍ക്കാര്‍ സ്തബ്‌ദ്ധത വിട്ടുണര്‍ന്ന് നാലുപാടു നിന്നും പാഞ്ഞെത്തി. അവര്‍ കോടിലോനെ പിടിച്ചുമാറ്റി നായനാരെ കോട്ടത്തിനകത്തേക്ക് രക്ഷപ്പെടുത്തി വാതിലടച്ചു. എന്താണ് നടക്കുന്നതെന്ന് എല്ലാവരുമറിയുന്നതിനുമുമ്പ് കാര്യം കഴിഞ്ഞു. ചെണ്ടക്കാര്‍ മേളം തുടര്‍ന്നു. കാണികള്‍ പകച്ചുനിന്നു. അവര്‍ക്കിടയിലൂടെ കോടിലോന്‍ ഓടിമറഞ്ഞു
ഉച്ചാലമ്മ ഓലക്കുടിലിന്റെ മുറ്റത്തിരുന്ന് മകളുടെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു. ഏതാനും കോഴികള്‍ വാഴത്തടങ്ങളിലും, കളത്തിലും ചിക്കിച്ചിനച്ച് നടന്നു. ഒരു പൂച്ച ഇറയത്തിരുന്ന് മുഖം തുടച്ചു. മേല്‍പ്പുരയിലിരുന്ന് ഒരു കാക്ക കരഞ്ഞു. ഉച്ചാലമ്മ തമ്പാന് ഒരുമ്മകൊടുത്തു. മേല്‍പ്പുരയിലെ കാക്ക പറന്നുപോയി. കോഴികള്‍ പുഴുക്കളെ തിരിഞ്ഞു പിടിച്ച് തിന്നു. പൂച്ച വടക്കുപുറത്തേക്ക് നടന്നു. ഉച്ചാലമ്മയുടെ ചുക്കിചുളിഞ്ഞ കവിളില്‍ തമ്പാന്‍ ചുണ്ടമര്‍ത്തി. ഇരുവരും പല്ലില്ലാത്ത മോണ കാട്ടി മുഖത്തോടുമൂഖംനോക്കി ചിരിച്ചുകൊണ്ടിരുന്നു.
ഉച്ചാലമ്മ നാട്ടുവഴിയിലേയ്ക്ക് കണ്ണോടിച്ചു. അകലെ ആളനക്കം ആരാണെന്ന് വ്യക്തമല്ല. നാലഞ്ചുപേരുണ്ട്. നടന്നുവരികയാണ്. ആരാണവര്‍? ഉച്ചാലമ്മ ഉറ്റുനോക്കി. അല്ലല്ല. പൊലീസുകാരല്ലേ. ന്റെ മുത്തപ്പാ. ഇത് എന്തിന്യാ പോലീസ് വര്ന്നത്? ആരെ പിടിച്ചോണ്ട് പോകാനാ? അവരുടെ കൂട്ടത്തില്‍ പോലീസുകാരനല്ലാത്ത ഒരാള്‍കൂടിയുണ്ടല്ലോ. മുറിക്കയ്യന്‍ വെള്ളക്കുപ്പായമിട്ട ഒരാള്‍. ഉച്ചാലമ്മ കൈത്തലം കണ്ണുകള്‍ക്കു മീതെവച്ച് സൂക്ഷിച്ചുനോക്കി. മുത്തശ്ശിയുടെ നോട്ടത്തെ പിന്‍തുടര്‍ന്ന് തമ്പാനും അങ്ങോട്ട് കണ്ണുപായിച്ചു.
അത് കോടിലോന്‍ രാമനല്ലാതെ, മറ്റാരുമായിരുന്നില്ല.
ചെമ്മണ്ണിലും പൊടിവേരുകളിലും കാലുകള്‍ ധൃതിയില്‍ ചലിച്ചു കാലടികള്‍ക്കുകീഴെ കരിയിലകള്‍ ഞെരിഞ്ഞമര്‍ന്നു.
ചാരന്‍ കാസ്മിയുടെ പീടികയില്‍ പുകയില വാങ്ങാന്‍ ചെന്നതായിരുന്നു കണ്ണന്‍. അവന് പത്തുവയസ്സ്. അരയിലൊരു തോര്‍ത്തുമുണ്ട്.
പീടികയില്‍ വണ്ണത്താന്‍ രാമന്റെ ഏട്ടന്‍ അനന്തനും വേറെ ചിലരും ഇരിക്കുന്നുണ്ടായിരുന്നു.
അനന്തന്‍ പറഞ്ഞു:
‘ഇപ്പോ എന്തായി? മലയോട് കല്ലെറിയാന്‍ ആരെങ്കിലും ഒര്മ്പെട്വോ?’
‘അല്ല കുറുപ്പച്ചാ, ഇങ്ങള് ആരെഭാഗത്താ?’ കാസ്മി ചോദിച്ചു.
‘ഞാനോ?’
അനന്തന്‍ ആരുടെ ഭാഗത്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
മഠത്തിലെ അലക്ക് അനന്തനാണ്. രാവിലെതോറും, അലക്കിയതല്ലാമെടുത്തുകെട്ടി മഠത്തില്‍ചെന്ന് മൂഖം കാണിക്കും. നാതിയന്‍ അപ്പുവിന് കിട്ടുന്നതുപോലെ രണ്ടിടങ്ങഴി നെല്ലും പണവും കൂലികിട്ടും. പിറ്റേ ദിവസത്തേക്ക് അലക്കിക്കൊണ്ടുവരാനുള്ള തുണികളുമായി വീട്ടിലേക്ക് മടങ്ങും. വളരെ ശ്രദ്ധചെലുത്തിയാണ് അലക്കുക. കല്ലില്‍ കൊണ്ടെങ്ങാനും തുണി കീറിയാലോ? എന്തു സമാധാനം പറയും? അനന്തന് കൂറ് മഠത്തിനോടുതന്നെ. അനിയന്റെ തല തിരിഞ്ഞുപോയി. അതിന്റെ ഫലം ജയിലില്‍കിടന്ന് അനുഭവിക്കുന്നുമുണ്ട്. നേരുപറഞ്ഞാല്‍, അനിയനെക്കുറിച്ചോര്‍ക്കാന്‍തന്നെ അനന്തന് പേടിയാണ്.
‘പൊകേല.’
‘നീയേട്യാ?’
‘ഞാന്‍ കോടിലോന്‍ രാമന്റെ മരുമോനാ.’
അവന്റെ, എടുത്തടിച്ച മട്ടിലുള്ള മറുപടി കാസ്മിക്ക് ഇഷ്ടപ്പെട്ടു. അയാള്‍ക്ക് അവനെ നോക്കിയിരിക്കാന്‍ കൗതുകം തോന്നി.
അയാള്‍ അവന്റെ കൈകളില്‍ പുകയില വെച്ചുകൊടുത്തു.
അവന്‍ ചരല്‍ വഴിയിലൂടെയും, പാറകളിലൂടെയും വയല്‍വരമ്പുകളിലൂടെയും ഓടി.