ഉപരോധം-പത്ത്
ഉപരോധം | |
---|---|
ഗ്രന്ഥകർത്താവ് | സി.വി.ബാലകൃഷ്ണന് |
മൂലകൃതി | ഉപരോധം |
ചിത്രണം | സി.എൻ. കരുണാകരൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 80 |
പത്ത്
രാജകൊട്ടാരംപോലെ മഠം ഉയര്‍ന്നുനിന്നു.
അതിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്തവരുടെ ജീവിതം ദാരുണമായ ദുരന്തങ്ങളിലൊടുങ്ങി. ഇനി ഒരാള്‍ മാത്രമെ അവശേഷിക്കുന്നുള്ളു. ഒരു മുടന്തന്‍,. ജീവപര്യന്തം തടവുശിക്ഷയെ അതിജീവിച്ച് അവന് മുടന്തിക്കൊണ്ട് തിരിച്ചു വന്നാലും സാരമാക്കാനില്ല. മഠത്തിന് ഏതു നിലയ്ക്കും അഭിമാനിക്കാം. അന്തസ്സും പ്രൗഢിയും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ശൈഥില്യങ്ങള് വിട്ടകന്നിരിക്കുന്നു. ഇനിയാരും ചെറുവിരലനക്കാന്‍പോലും ധൈര്യപ്പെടില്ല. നിയമങ്ങള്‍ കുറേക്കൂടി കര്‍ശനമാക്കപ്പെട്ടു. പെരുമാറ്റം കര്‍ക്കശവും. നാട്ടിലെ മൃഗയാവിനോദങ്ങളുടെ കഥകള്‍ പെരുകി. കാര്യസ്ഥന്മാരുടെ ഊര്‍ജസ്വലത വര്‍ദ്ധിച്ചു. അവരുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറി. വയല്പ്പൂക്കള് കൊടുംവേനലില്‍ കരിഞ്ഞു.
കുഞ്ഞിരാമന്‍നായര്‍ക്കുശേഷം ചാത്തുട്ടിനായനാര്‍ അധികാരത്തില്‍ വന്നു. അയാള്‍ കാനായി ചിറ്റാരിലേയ്ക്ക് ഒന്നാം മൂപ്പായി നീങ്ങിയപ്പോള്‍, ഉഗ്രപ്രതാപിയായ നാരായണന്‍നായരുടെ കാലമായി. അധികാരമാറ്റങ്ങള്‍ പല്ലക്കു ചുമക്കുന്നവരുടെ ചുമലുകളിലെ തഴമ്പുകള്‍ക്ക് കനമേറ്റി. അതിനപ്പുറം ഒന്നുമുണ്ടായില്ല. മഠം എന്നത്തേയും പോലെ പ്രതാപത്തോടെ നിലകൊണ്ടു. വിസ്തൃതമായ തൊടിയില്‍ ഏഴാനകള്‍ ചിന്നംവിളിച്ചു. അവയുടെ മസ്തകങ്ങളില്‍ കുങ്കുമവും ചന്ദനവും തിളങ്ങി. വയലുകളില്‍ വിലകുറത്ത മനുഷ്യജീവികള്‍ എല്ലുമുറിയെ അദ്ധ്വാനിച്ചു. കളത്താലയില്‍ നെല്ല് കുമിഞ്ഞുകൂടി. തേവാര മഠത്തില്‍ മുടങ്ങാതെ പൂജ തുടര്‍ന്നു. ചാമ്പയ്ക്കയും ഞാവല്‍പ്പഴങ്ങളും കാറ്റത്ത് ഉതിര്‍ന്നുവീണു. കരിഞ്ചാമുണ്ഡിയുടെ കോലം പലവട്ടം അണിഞ്ഞൊരുങ്ങി ആടിത്തിമിര്‍ത്തു. മദനപ്പൂമരം പലവട്ടം പൂത്തു. ചന്തുപ്പണിക്കരാശാന്റെ നേതൃത്വത്തിലുള്ള കഥകളിസംഘം കാനായിയില്‍ നിന്ന് കുറ്റൂരിലേയ്ക്ക് വന്ന് കൃമ്മീരവധവും ഉത്തരാസ്വയംവരവും കല്യാണസൗഗന്ധികവും നളചരിതവും അവതരിപ്പിച്ചു. പടിഞ്ഞാറ്റയിലെ മനോഹരമായ കട്ടിലില്‍ അലങ്കരിച്ച മെത്തയില്‍, ദമ്പതികള്‍ ആദ്യരാത്രിയുടെ വിസ്മയം നൊട്ടിനുണഞ്ഞു. വംശസമ്പത്ത് പെറ്റുപെരുകി.
നിതംബം കവിഞ്ഞൂ നില്ക്കുന്ന നീണ്ടമുടിയുള്ള ജാനകിയമ്മ, കത്തുന്ന സൗന്ദര്യവുമായി, കിടപ്പുമുറിയില്‍ തമ്പുരാനെ കാത്തുകിടന്നു.
നാടന്‍ചാരായത്തിന്റെ രൂക്ഷഗന്ധം, ഇടറുന്ന കാല്‍വെപ്പുകളുമായി തമ്പുരാന് കടന്നുവന്ന് പ്രേയസിയെ പുണര്‍ന്നു.
ഒരുനാള്‍ നാരായണന് നായനാര്‍ കയറിവന്നത് മുഖം നിറയെ ചോരയുമായാണ്.
ജാനകിയമ്മയ്ക്ക് പരിഭ്രമമായി.
“എന്താ ഇത്?” അവര്‍ നിലവിളിക്കും പോലെ തിരക്കി.
“ഒന്നുമില്ല. വീണതാണ്.” അയാള്‍ മറുപടി പറഞ്ഞു.
ഈ സമയത്ത് ഒരാള്‍ അതിവേഗത്തില്‍ കിഴക്കോട്ടു പായുകയാണ്. വല്ലാതെ ഭയപ്പെട്ട മട്ടുണ്ട്. ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അങ്ങകലെയുള്ള കുടക് ലക്ഷ്യമാക്കിയാണ് അയാളുടെ ഓട്ടം.
കണ്ണങ്കാട്ടിന് പിടിഞ്ഞാറുള്ള ഒരു കിടിലിന്റെ ഇറയത്ത് ചോരപുരണ്ട വെട്ടുകത്തി വീണുകിടക്കുന്നു. അതിനപ്പുറത്തായി കുടിലിലുള്ളവര്‍ കൂനിപ്പിടിച്ചിരുന്ന് കരയുന്നു. മുറ്റത്ത് ഭംഗിയുള്ള ഒരു മുറുക്കാന്‍ചെല്ലം പതറിപ്പൊയ ഒരു നിമിഷത്തില്‍ ആരുടെയോ പക്കല്‍ നിന്ന് താഴെ വീണതാണെന്ന് സ്പഷ്ടമാക്കും വിധത്തില്‍ അലങ്കോലപ്പെട്ട് കാണപ്പെടുന്നു. അകത്തുനിന്ന് ഒരു യുവതിയുടെ തേങ്ങലുയരുന്നു. അവളുടെ ഭര്‍ത്താവായ ചന്തു ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് രക്ഷപ്പെടാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയോടെ കുടകിലേയ്ക്ക് പായുന്നു.
അകത്തുവീണ് കരയുന്ന യുവതിയും, അതിദ്രുതം പായുന്ന പുരുഷനും ഇനി കണ്ടുമുട്ടുക പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ്. അത്രയും കാലം അയാള്‍ ക്ഷമയോടെ കുടകില്‍ ഒളിച്ചുപാര്‍ക്കും. പടിഞ്ഞാറന്‍ കാറ്റ് വീശിയെത്തുമ്പോള്‍ എന്തെങ്കിലും വാര്‍ത്തകളുണ്ടോയെന്ന് അയാള്‍ ചെവിയോര്‍ക്കും. രാത്രികളില്‍ ഇലയനങ്ങുന്ന ഒച്ച കേട്ടാല്‍പോലും ഞെട്ടിയുണരും. ഉണര്‍ന്ന് ആകാശത്തിന്റെ താഴ്വരകളിലേക്കും പകച്ചുനോക്കും. കുറ്റൂരിലാകട്ടെ, നാരായണന് നായനാര്‍ ആള്‍ക്കണ്ണാടിയുടെ മുന്നില്‍ നിന്ന് മുഖത്തെ മാഞ്ഞുപോകാത്തമുറിപ്പാടിനെ ശപിക്കും. രോഷം കൊണ്ട് ഉള്‍ഞരമ്പുകള്‍ വിറയ്ക്കും. കോപാകുലനായി തോക്കുമെടുത്ത് പാഞ്ഞുവന്ന്, മച്ചിനുമുകളില്‍ മുന്‍വശത്തുനിന്ന്, ശുഭ്രമായ ആകാശത്തിലേയ്ക്ക് നിറയൊഴിക്കും.
മൃതിയടഞ്ഞ കോടിലോനും, തടവില്‍ കഴിയുന്ന മുടന്തനായ വണ്ണത്താന്‍ രാമനും, നായനാരെ മുറിവേല്പിച്ച് പ്രാണരക്ഷാര്‍ത്ഥം കുടകിലേയ്ക്കോടിപ്പോയ ചന്തുവും ഗ്രാമീണരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു. വര്‍ഷമേഘങ്ങളെക്കൊണ്ട് മനസ്സിരുണ്ടു. കണ്ണുകളില്‍ മഴക്കാലമായി. ഒരിടത്തിരുന്ന് ഓര്‍ത്ത് കരയുന്ന ഉച്ചാലമ്മയെ നോക്കിനില്‍ക്കെ, തമ്പാന് മനസ്സ് നൊന്തു. അവന് അടുത്തുചെന്ന് അവരുടെ ജര പടര്‍ന്ന കവികളിലെ കണ്ണുനീര് തുടച്ചു.
‘മോനേ.’
ഉച്ചാലമ്മ തേങ്ങി.
‘കുറുപ്പച്ചനെ എപ്പളാ ഇനി ജെയിലീന്ന് വിട്വാ?’
തമ്പാന് പറഞ്ഞില്ല.
‘നമ്മടെ സങ്കടങ്ങള്‍ എതുകാലത്താ തീര്വ, മോനേ?’
ഉച്ചാലമ്മ അവനെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. അവന് ഇന്ന്, വിരിഞ്ഞ നെഞ്ചുള്ള ഒരു വാലിയക്കാരനാണ്. എന്നും മുത്തശ്ശിയുടെ മാറില്‍ ചേര്‍ന്നു നിന്ന്, ഗ്രാമത്തിലെ സംഭവങ്ങള്‍ നോക്കിക്കാണാറുണ്ടായിരുന്ന ചെറിയ കുട്ടി വളര്‍ന്നിരിക്കുന്നു.
രാമന്‍കുറ്റ്വന്‍ കള്ളുനിറച്ച തൊട് ചുണ്ടോടടുപ്പിച്ചുവെങ്കിലും, ഒരു കവിള് പോലും ഇറക്കാതെ, പൊടുന്നനെ ഏതോ ഓര്‍മ്മയില്‍ വേദനിച്ച്, തൊട് താഴെ വെച്ച് കരിമ്പനോട് ചോദിച്ചു:
‘രാമനെ എന്നാ ഞാന്‍ കാണ്വാ.’
കരിമ്പന്‍ നിസ്സാഹയതയോടെ കൈമലര്‍ത്തി.
‘ഞാന്‍ കാണൂല്ലേ?’ ഇത്തിരിക്കൂടി നീങ്ങിയിരുന്ന് രാമന്‍കുറ്റ്വന്‍ ചോദിച്ചു.
മുഖത്ത ഉദ്വേഗം തുടിച്ചു.
‘കാണാണ്ടിരിക്കില്ല.’
കരിമ്പന്‍ അയാളെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.
‘കാണാണ്ട് ചത്താല്‍ എന്റെ കണ്ണടയൂല്ല.’ അയാള്‍ മന്ത്രിച്ചു.
‘രാമന്റെ വിവരം എന്തെങ്കിലുംണ്ടോ?’
തമ്പാന് കൗതുകത്തോടെ അയാളെ നോക്കി.
‘എനിക്കൊന്ന് കാണണം.’ കൊറോശ്ശന് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
‘അടുത്തുതന്നെ വെരും.’ തമ്പാന് അയാളുടെ ചുമലില്‍ കൈവച്ചു.
കാനാകൊറോശ്ശന്‍ കുണ്ടോര്‍ ചാമുണ്ഡിയെ മനസ്സില്‍ നിനച്ചു. ചാമുണ്ഡിയുടെ കോമരമാണ് അയാള്‍. അതു പറഞ്ഞിട്ടെന്താണ് കാര്യം? നാല്പത്തെട്ടില് തന്റെ നെല്ലറ കുത്തിത്തുറക്കുന്ന ആള്‍കൂട്ടത്തില്‍ കൊറോശ്ശന്റെ മൂഖം. രയരപ്പന്‍ നായനാര്‍ കണ്ടെത്തും. നെല്ലറ കുത്തിത്തുറന്ന്, ആവേശത്തോടെ ആര്‍ത്തുവിളിച്ച്, കാട്ടാറുപോലെ അകത്തേക്ക് ഇരച്ചു കയറുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായിത്തീര്‍ന്ന കൊറോശ്ശന് തൊട്ടടുത്തുള്ള രാമനോട് ചോദിക്കും: ‘ഇത് നേര് തന്ന്യോ രാമാ. സ്വപ്നം കാണ്വോ മറ്റോ ആണോ?’ രാമന് ചിരിച്ചുകൊണ്ട് പറയും: ‘ഞാന്‍ പണ്ടേ കണ്ട ഒരു സ്വപ്നമാണ്.’
എന്നാല്‍ ഈ സമയത്ത് അത്ര വലിയ ഒരു സംഭവം മുന്നില്‍ കാണാന്‍ കൊറോശ്ശന് ത്രാണിയില്ല. മറ്റുള്ളവരുടെയും സ്ഥിതി ഇതുതന്നെ. നെടുനാളത്തെ ദു:ഖങ്ങളില്‍ നിന്ന് പിടഞ്ഞെണീറ്റ്, കുന്തങ്ങളും വാക്കത്തികളും ഉലക്കകളുമായി, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും പ്രതികാരദാഹത്താല്‍ ആര്‍ത്തുവിളിച്ചുകൊണ്ട്, ഒരു പുലരിയില്‍ തങ്ങള്‍ മഠത്തിനുനേരെ കുതിക്കുമെന്ന് അവരാരും സങ്കല്പിക്കില്ല. പക്ഷേ, അങ്ങനെയൊരു കുതിച്ചുചാട്ടത്തിന് അവര്‍ നിര്‍ബന്ധിതരായിത്തീരും. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇരുട്ടില്‍, ഒറ്റയടിപ്പാതകളില്‍ ചലനങ്ങള്‍, കൂരകളുടെ മുറ്റങ്ങളില്‍ ഒത്തുചേരല്‍, അടക്കിപ്പിടിച്ചുള്ള സംസാരം.
പിന്നെ, നാല്പത്തെട്ടിലെ ഒരു പ്രഭാതത്തില്‍, പ്രാകൃതമായ ആയുധങ്ങളുയര്‍ത്തിപ്പിടിച്ച്, അങ്ങേയറ്റത്തെ ആവേശത്തൊടെ, ദൂഢചിത്തരായ, ആണും പെണ്ണും വൃദ്ധരും കുട്ടികളുമടങ്ങുന്ന വലിയൊരാള്‍ക്കൂട്ടം മഠത്തിനുനേര്‍ക്ക് ഇരച്ചു പായും. ആദ്യത്തെ നിരയില്‍, വെളുത്തു നീണ്ട ശരീരമുള്ള ഒരു വൃദ്ധനുണ്ടാകും. അയാള്‍, ഞരമ്പുകള്‍ മുറിച്ചു മാറ്റപ്പെട്ട വലതുകാല്‍ വലിച്ചു വെച്ചായിരിക്കും നടക്കുക. അയാളുടെ ശേഷിച്ച ഞരമ്പുകളത്രയും കൊടും കോപത്തില്‍ പിടക്കുകയാവും. നെല്ലറയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഇടിമുഴക്കം പോലെ അയാള്‍ അലറും. ‘പൊളിക്കെടാ, പൊളിക്ക്’ ആ ശബ്ദം കേട്ട് ആകാശം പോലും നടുങ്ങും.
പിന്നീട്, പാറക്കടവിലുള്ള വായനശാലയില്‍ മരണം കാത്തുകിടക്കുന്ന അയാള്‍ക്ക് ആഹാരവുമായി പല വഴിക്ക് പാഞ്ഞെത്തുന്ന സ്നേഹസമ്പന്നരായ ഗ്രാമീണരെല്ലാം അത്യന്തം വേദനയോടെ ആ ക്ഷീണിച്ച മൂഖത്ത് കണ്ണുനട്ടുനിന്ന്, പലതുമോര്‍മ്മിക്കും. ആ ഓര്‍മ്മകളെല്ലാം എത്രയും ഹൃദയഭാരത്തോടെ അവര്‍, വിടര്‍ന്ന കണ്ണുകളും തുറന്ന കാതുകളുമുള്ള ഇളം തലമുറയിലേയ്ക്ക് പകരും.
ഉച്ചാലമ്മ തമ്പാനോട് ചോദിച്ചു:
‘എന്താ മോനേ വെരാനിരിക്കുന്നത്?’
എന്താണ് വരാനിരിക്കുന്നതെന്നതിനെക്കുറിച്ച് തമ്പാനു തന്നെ വ്യക്തമായ രൂപമില്ല.
‘എന്നോട് പറയ് മോനേ.’
എന്താണ് പറയേണ്ടതെന്ന് തമ്പാന് ആലോചിച്ചു.
ഗ്രാമം പതുക്കെപ്പതുക്കെ നിദ്രവിട്ടുണരുകയായിരുന്നു. ഇതിന്റെ ഫലമായി കുറ്റൂരില്‍ എല്ലാവര്‍ക്കുംവേണ്ടി ഒരു സ്കൂളും വായനശാലയും പണിതുയര്‍ത്തപ്പെടും. സ്ക്കൂള് പൊളിച്ചുമാറ്റാന്‍, പുറംനാട്ടുകാരായ പോക്കിരികളെ കൊണ്ടുവന്ന് നായനാര്‍ ഒരന്ത്യശ്രമം നടത്തിനോക്കും. എന്നാല്‍, പണി തീര്‍ന്നുകൊണ്ടിരിക്കുന്ന സ്ക്കൂളിനെ വലയം ചെയ്തു നില്ക്കുന്ന ജനക്കൂട്ടത്തെ കണ്ട്, അന്യദേശക്കാരും അവരെ പിന്തുണക്കാന്‍ ചെന്ന വേട്ടുവരും ജീവനിലുള്ള കൊതിമൂലം പിന്തിരിഞ്ഞോടുകയാണ് ചെയ്യുക. സ്ക്കൂളിന്റെ സംരക്ഷണത്തിന് ഒരുങ്ങി നില്ക്കുന്ന ജനക്കൂട്ടത്തില്‍, ഇനിയും തടിമിടുക്ക് നഷ്ടപ്പെടാത്ത വെളുത്തു നീണ്ട ഒരു വൃദ്ധനുമുണ്ടായിരിക്കും. സ്ക്കൂള് തകര്‍ക്കാനുദ്ദേശിച്ചെത്തുന്നവരുടെ മുന്നില്‍, ഒരു കത്തി നിവര്‍ത്തിപ്പിടിച്ചുനിന്നു അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറയും: ‘കാലം മാറീന്ന് നായനാരോട് പറഞ്ഞേക്കിന്‍’ ആ സംഭവത്തിന് ശേഷം ഏഴെട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞ്, രവിവര്‍മ്മയുടെ ചിത്രങ്ങള്‍കൊണ്ടലങ്കരിച്ച മുറിയില്‍ മയങ്ങിക്കിടക്കുമ്പോള്‍ രയരപ്പന്‍ നായനാര്‍ വലുതായ ഒരു ആരവം കേട്ട് ഞെട്ടിയുണരും. അയാള്‍ ചില്ലുജാലകം തുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ കാണുക, പാഞ്ഞിരച്ചുവരുന്ന ഒരാള്‍ക്കൂട്ടത്തെയാണ്. മുന്നില്‍ മുടന്തിനടക്കുന്ന വൃദ്ധനെ അയാള്‍ തിരിച്ചറിയും.