മാലാഖദാവീദ്
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
മാലാഖദാവീദ്
കോമേനപ്പറമ്പിൽനിന്നും ചെട്ടുവാർകോട്ടത്തേക്കുള്ള
മൂന്നാമത്തെ ബസ്സ്,
മൂന്നാമത്തെ വളവിൽ
മൂന്ന് പേരെയും കൊണ്ട്
ഒരു കൊക്കയിലേക്ക് ചാടുന്നു.
കണ്ടക്ടർ,
കാക്കിക്കുപ്പായക്കാരനല്ലാത്തതിനാൽ,
നിയമലംഘനങ്ങളുടെ ഊരാക്കുടുക്ക്
അയാളുടെ കഴുത്തിൽ കുരുങ്ങി,
പാറേലിടിച്ച്
തലച്ചോറ് ചെത്തിപ്പൂ കണക്ക്
ചിതറുംമുന്നേ ശ്വാസം മുട്ടി മരിച്ചു.
ഡ്രൈവർ,
പത്തിലധികം സ്ത്രീകളെ പ്രാപിച്ച
ഒരു അഗമ്യഗമകനാണ്.
കൽപ്പരവതാനിയിൽ,
രക്തമുന്തിരികളുടക്കും മുന്നേ
സദാചാര-സംസ്കാരസർപ്പങ്ങളയാളെ
കൊത്തിക്കൊന്നു.
ദാവീദേട്ടൻ,
കപ്യാരായിരുന്നു, കുന്നുമ്മേപ്പള്ളീലെ.
ശുദ്ധൻ, ദയാലു, ഭക്തൻ
ഒരു മദ്യപാനിപോലുമല്ലാത്ത നസ്രാണി.
ബസ്സു വീഴുന്നേരം
അയാളൊരു മാലാഖയായി
പറന്നുപോയിക്കാണണം.
|