നേരം കെട്ടിയാടുന്ന പൊട്ടൻ തെയ്യങ്ങൾ
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നേരം കെട്ടിയാടുന്ന പൊട്ടൻ തെയ്യങ്ങൾ
സമയമടുക്കിവച്ച
കൂറ്റൻ ഘടികാരശാലയ്ക്കുമുകളിൽ
ഒരു അക്കഗോപുരമുണ്ട്.
സമയത്തുണ്ടുകളെ ഒരു പ്രതിമ
അവിടെനിന്നും വലിച്ചെറിയും.
ആകാശപ്പറവകളും,
അറവുമാടുകളും,
തെരുവുതെണ്ടികളും ഒഴികെ
എല്ലാവരും
ചുവട്ടിൽ തിരക്കുകൂട്ടിനിൽപ്പുണ്ട്,
സമയോസ്തികൾ പകുക്കാതെ
തട്ടിപ്പറിച്ച് പായുവാനാകണം.
നാഴികമണിയുട ഒച്ചവെളിച്ചങ്ങൾ
മിന്നിയിറങ്ങുമ്പൊഴേയ്ക്കും
ആരെങ്കിലും നേർകീഴിൽ ചെന്ന്
ഉദിച്ച നേരവുമെടുത്ത്,
വിറച്ച് പൊള്ളി,
ജീവിതത്തിലേയ്ക്ക് മരിച്ചുവീഴുന്നത് കാണാം.
ആകാശപ്പറവകൾ,
ഊഴമിട്ടു പാളിയിറങ്ങി,
ആകാത്ത അന്തിച്ചുവപ്പിനെയോർത്ത്
പരിതപിക്കുന്നു.
അറവുമാടുകൾ
പിച്ചാത്തിക്കവാടത്തിനപ്പുറം
വിശപ്പില്ലാത്തിടത്തേക്കുള്ള
സ്വർഗ്ഗാരോഹണം കൊതിച്ച്
അമറിക്കൊണ്ടേയിരിക്കുന്നു.
തെരുവുതെണ്ടികൾ,
ഇനിയും കടന്നുപോകാത്ത ഉച്ചയെ,
“വിശപ്പേ വിശപ്പേ” എന്നാർത്തുവിളിച്ച്
ഉച്ചാടനംചെയ്യാൻ ശ്രമിക്കുന്നു.
നേരമില്ലാത്തവരുടേയും
നേരമുള്ളവരുടേയും തെരുവിലെ
അക്കഗോപുരം
സമയമാട്ടിയുറഞ്ഞുതുള്ളുന്ന
പൊട്ടൻ തെയ്യമായിരിക്കുന്നു
നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
(നിങ്കള നേരോം നേരോല്ലെ ചൊവ്വറെ)
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
(നാങ്കള നേരോം നേരോല്ലെ ചൊവ്വറെ)
പിന്നെന്ത് ചൊവ്വറു പിശക്ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ന്ന്…
|