close
Sayahna Sayahna
Search

ആക്സിഡന്റ് അഥവാ അവഗണിക്കപ്പെട്ടവന്റെ താരാട്ട്


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക


ആക്സിഡന്റ് അഥവാ അവഗണിക്കപ്പെട്ടവന്റെ താരാട്ട്

രാത്രിനഗരത്തിന്റെ പബ്ബൊച്ചകൾക്ക് പുറകിൽ
ഉളുമ്പുമണമുള്ള തെരുവിന്റെ
ഇടനെഞ്ചു തുളച്ചാണ്
അയാളുടെ വാഹനം നിന്നത്.

നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു.

റോഡിന്റെ ഇരുകരകളും
പൊട്ടിപ്പിളർന്നു.
നട്ടെല്ലുതകർന്നൊരു പോസ്റ്റ്,
അരികത്ത് നിന്ന് വേച്ചു വീഴുന്നത്
ഒരാൾപോലും കണ്ടില്ലെന്ന് നടിച്ചു.

ഇരുമ്പുപാളികൾ ആഴ്ന്നുകീറിയ
മുറിപ്പാടിൽനിന്നും അടർന്നുപോയ
മെറ്റൽക്കുഞ്ഞുങ്ങൾ,
പൊള്ളിവിണ്ട താറുടുപ്പിനുള്ളിൽ
കറുത്തുപേടിച്ചിരുന്ന്
ഏകാന്തബസ്സുയാത്രകളുടെ
ചക്രച്ചവിട്ടുമരണം സ്വപ്നംകണ്ടു.
ഇരുമുലകളും ചെത്തിച്ചുരന്നപ്പോൾ
നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു

അമ്മറോഡിനെയാർക്കും എപ്പോഴും
ചവിട്ടിയും തുപ്പിയും
പീഡിപ്പിക്കാവുന്നതാണെന്ന്
പണ്ടേ പഠിച്ചിരുന്നല്ലോ.
പിഞ്ഞിക്കീറിയ ഉടലും മണ്ണിൽ പാകി
അടർന്ന മേനിക്കഷണങ്ങളിൽ
ഉമ്മവച്ചുറങ്ങുന്ന
ചെമ്പിച്ച മഴച്ചാലുകളെനോക്കി
നിശബ്ദയായി അവർ.

ഞങ്ങളെ ചീന്തിയെടുത്തയാൾ
ആശുപത്രിയിലെ ശീതീകരിച്ച മുറിയിലുറങ്ങുകയോ
രാജകീയമായി സംസ്കരിക്കപ്പെടുകയോ ചെയ്തിരിക്കാം.

ചിനച്ച കുഞ്ഞുങ്ങളെ
പിഴുതെറിയാൻ വെമ്പിനിൽക്കുന്ന
വിണ്ടതെരുവുകൾ ഒരുപാട് ബാക്കിയുണ്ട്.
രാജകീയവാഹനങ്ങളുടെ
ഇരുമ്പുമ്മകളുമായി,
ഇനിയും വരുമെങ്കിലുമൊരു ചോദ്യം,
“വഴികളെയെങ്കിലും വെറുതേ വിടാമോ?”