close
Sayahna Sayahna
Search

ജിപ്സിപ്പുല്ല്


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ജിപ്സിപ്പുല്ല്

ഒരു പുൽക്കൊടി തുഷാരമായി
മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും
ഇറ്റിവീണുകൊണ്ടിരിയ്ക്കുന്നു.
കാഴ്ചയുടെ തണുപ്പായി
അവർ പ്രണയസല്ലാപം നടത്തുന്നു.
കാറ്റുവരുമ്പോൾ,
ഒരിടത്തേയ്ക്കവർ ഇറുകിപ്പുണർന്ന് ചായുന്നു.

അവന്റെ അമ്മ,
തോട്ടിറമ്പത്തൊരിയ്ക്കൽ
വലിയൊരു പുല്ലായിരുന്നു.
മേനിയാകെ നനഞ്ഞവൾ
വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ,
മീൻകൊത്തിയെടുത്ത വിത്ത്
തോടിന്റെ ഗർഭത്തിൽനിന്നും
പറിച്ചെടുത്ത് കരയിൽ വച്ചത് ഒരു വേനലാണ്.
ലാളന തീരുവോളമവൻ, വേനലച്ഛനെ ഉമ്മവച്ചുറങ്ങി.
ഇക്കഴിഞ്ഞ മഴയിൽ,
ഒന്നരയടിപ്പൊക്കമുള്ള ഒത്തൊരാൺപുല്ലായി വളർന്നു.

അവളൊരു ജിപ്സിപ്പുല്ലാണ്,
ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ല്!
കാറ്റിനു താളമൊപ്പിച്ച് നൃത്തം ചവിട്ടാറുള്ളതും
ഇലയനക്കങ്ങളിൽ സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും
അതുകൊണ്ടാണ്.

അവളുടെ അമ്മ,
ലാറ്റിനമേരിയ്ക്കൻ കാടോളം വളർന്നുനടന്നു.
ഒരുപാടു നാടുകളുടെ ദഹനപാതയിലൂടെ കയറിയിറങ്ങി.
കുറേയേറെ അന്തിക്കാളകളുടെ അടിയിൽ
ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു.
ആൺപുല്ലുകൾ കുടഞ്ഞിട്ട ചളി കുടിച്ചാണ്
കറുത്തതും ചത്തതും, വിത്തു മുളച്ചതും.

ചത്തതും ചീഞ്ഞതും തൂവെള്ള പാലായി.
മണ്ണ് പതുപതുത്ത മുലയായി.
വേര് നനുത്ത ഇളം ചുണ്ടായി.
അവൾ
ഒന്നരയടിപ്പൊക്കമുള്ള ഒത്തൊരു പെൺപുല്ലായി.

അവർ രണ്ടുപേരും,
വണ്ടെന്ന മധ്യവർത്തിയില്ലാതെ,
കെട്ടിപ്പിടിച്ച് പരാഗണം നടത്തുന്നു.
ഇലയോടില ചേർത്ത് ഉമ്മ വയ്ക്കുന്നു.
കാലം ദേഹം ദേശം സ്നേഹം
രണ്ട് തണ്ടുകളിലേയ്ക്ക് ചുരുങ്ങുന്നു.
രവിവർമ്മച്ചിത്രത്തിലെ ജിപ്സിപ്പെൺകൊടിയുടെ
വരണ്ട മുടിപോലെ അടക്കമില്ലാതെ ഒതുങ്ങുന്നു.