ഉലയരുതെന്ന് മുട്ടിന് മനസ്സിൽ കല്പിച്ചിട്ടും
കാറ്റത്ത് ആർത്തലക്കുന്നുണ്ട്
വേനൽ കൂരമേഞ്ഞ, കൊന്നത്തലപ്പുകൾ.
കൂക്കിവിളിക്കാതിരിക്കെന്ന് പ്രാകിയെങ്കിലും
ചെമ്പൻമുടിക്കാരൻ പയ്യൻ
അമ്പലപ്പറമ്പിൽ കച്ചവടം തുടർന്നു.
നാറുന്നു, നാശമെന്നാക്രോശിച്ചാട്ടിയെന്നാകിലും
നിങ്ങളിൽ നിന്നല്പം മാറി,
വൃദ്ധ ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു.
മറന്നുപോ എന്ന് തന്നത്താൻ കെറുവിച്ചെങ്കിലും
കൈയ്യുഴിഞ്ഞുപോയ സ്പർശങ്ങൾ
തിരപോലെ, തളരാതടിച്ച് തകരുന്നുണ്ട്.
ഇറക്കിവിട്ടിട്ടും മനസ്സിന്റെ ഉമ്മറത്ത്
പിന്തിരിഞ്ഞ് നിൽക്കുന്നുണ്ട്
പ്രിയരായ പലരും, നിലയ്ക്കാത്ത പലതും.