ആകാശത്തിന്റെ അകിടിൽനിന്നും,
നേരം കറക്കിയെടുക്കുന്ന,
വെളിച്ചത്തിന്റെ വെളുത്ത പാലിഴകളിലൂടെ
ഒഴുകിയിറങ്ങിവരുന്ന, സഞ്ചാരികളുടേതാണ് ഈ വീട്.
അതുകൊണ്ട്,
നിഴലുകൾക്ക് മേലെ പ്രകാശം ചൊരിയാൻ
ഞങ്ങൾ ദീപങ്ങൾ നിരത്താറില്ല.
വെളിച്ചത്തിൽ കുളിച്ചുകയറിയവർക്ക്
ഇരുട്ടിലല്പം തുവർത്തിക്കറുക്കണമല്ലോ.
ഞങ്ങളുടെ മേനികൾക്ക് നിറങ്ങളില്ല.
ഒരു ചില്ലുകഷണത്തിലൂടെയെന്നപോലെ
വെളിച്ചം തുളച്ചേറിയിറങ്ങുന്നു.
ഞങ്ങൾ കാഴ്ചകളെ വെറുക്കുകയും
കാഴ്ചയില്ലായ്മയുടെ വെളിച്ചശേഷിപ്പുകളെ
വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ ഘടികാരങ്ങൾക്ക്
വെളിച്ചം/ഇരുൾ പോലെയോ
പകൽ/രാത്രി പോലെയോ
യാതൊരു കെട്ടുകളുമില്ല.
പ്രണയരസം നുകരുവോളം ഉണർന്നിരിയ്ക്കുകയും
പച്ചമേനിയുടെ ചൂരുവിടുന്തോറും ഉറങ്ങിപ്പോവുകയും ചെയ്യുന്നു.
ഓരോ അന്തിയാകുമ്പോഴും
ജീവരക്തത്തിന്റെ ചെമ്പനിഴകൾ
പടിഞ്ഞാറേയ്ക്കെറിഞ്ഞ് ഞങ്ങൾ യാത്രയാകുന്നു.
വെളിച്ച സഞ്ചാരികളുടെ മറുലോകപ്രവേശങ്ങൾ.