close
Sayahna Sayahna
Search

ചെമന്നീല


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചെമന്നീല

ചുവന്ന കളങ്ങളുള്ള കുപ്പായത്തിൽ
നീലവരകൾ കൂടി വേണം.
ചുവന്ന കളങ്ങളൊന്നും പരസ്പരം തൊടാതിരിക്കുന്നെന്ന്
നീലവരകൾ ഉറപ്പുവരുത്തുന്ന വിധത്തിലാകണം
രൂപകല്പന.

അകാലത്തിലെങ്ങാൻ നരച്ചുപോകുന്ന
ഒരു ചുവപ്പുകളമുണ്ടെങ്കിൽ,
“നരച്ചുപോയല്ലോ അത്, അഹോ കഷ്ടം”
എന്ന് നിലവിളിച്ച്,
അതുകൂടി ചായം തേച്ച് നീലയാക്കുക,
ചുവപ്പ് ഒരിക്കലും അംഗീകരിച്ചുകൂടാത്ത
അനുവദിച്ചുകൂടാത്ത നിറപ്രസരമാണ്.
അപായമാണ്.
വരിനെല്ലുകണക്ക്
എങ്ങാനുമൊരു ചുവപ്പു കിളിർത്തുപോയാൽ,
കരിനീലവിഷച്ചാറൊഴിച്ച്
കരിച്ചു കളയുന്നതിൽ തെറ്റില്ല.

തുടക്കത്തിൽ തന്നെ
ചുവപ്പ് കീറിക്കളഞ്ഞുകൂടെ എന്നൊന്നും ചോദിക്കല്ലേ,
കരിനീല കുപ്പായമിട്ടാൽ പോരേ എന്നൊട്ടും ചോദിക്കല്ലേ,
വെളിപ്പെടുന്ന നഗ്നതയ്ക്ക് ആരുത്തരം പറയും?
നാടു നിറഞ്ഞ ചുവപ്പുനൂലുകളെല്ലാം കടലിൽ തള്ളുമോ?