പവർ സർക്യൂട്ടിൽ ആത്മഹത്യ ചെയ്ത്
ഉറുമ്പ് സിസ്റ്റം ഓൺ ചെയ്തു.
കൊളുത്തിട്ട വാതിലും കടന്നെത്തുന്ന
പ്രേതസിനിമകളിലെ ആത്മാക്കളെപ്പോലെ,
പാസ്വേഡിട്ടു തുറക്കാതെ തന്നെ
ലാപ്പിലെ ഫയലുകളിലേയ്ക്ക്
ഉറുമ്പ് പരകായപ്രവേശം നടത്തി.
മധുരമുള്ള കുറേ ഗാനങ്ങൾ, ഗെയ്മുകളിൽ
അൺലോക്ക് ആകാതെ കിടക്കുന്ന
കുറേ തണുത്തിരുണ്ട പാതാളവഴികൾ,
ഉറുമ്പുകൾക്ക് പ്രിയമുള്ളേടങ്ങൾ.
പാതിരകളിൽ,
നിയമത്തോടു പോടാ പുല്ലേന്നും പറഞ്ഞ്,
ഞാൻ തുറക്കാറുള്ള,
എരിവും പുളിയുമുള്ള നീലസ്ഥലികളിലേയ്ക്കാണ്
നീങ്ങുന്ന മറ്റൊരുറുമ്പ്.
മോണിറ്ററിന്റെ മുഖത്ത്
സാങ്കൽപ്പികവരകൾ കോറി
ഇർവ്വിൻ ഗാർവ്വിയുടെ
പാരാസൈക്കോളജി പുസ്തകത്തിന്റെ
പൈറേറ്റഡ് കോപ്പിയുള്ള ഫോൾഡറിലേയ്ക്ക്,
അവ മാർച്ച് ചെയ്യുന്നു.
പൂജ്യങ്ങളും ഒന്നുകളും ചേർത്തുവച്ച്
കൊത്തങ്കല്ലു കളിക്കാനിരിയ്ക്കവേ,
‘മിൽഫു’കളിൽ ഈഡിപ്പസ് കോമ്പ്ലക്സ് കണ്ട അവ,
പലതിന്റേയും, പുനർവ്വായന ആവശ്യപ്പെടുകയാണ്.