കാണുന്നോ സതീർത്ഥ്യരേ, ആകാശക്കിഴക്കിലേ
മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
കത്തുന്ന വയറ്റിലേ, വിശപ്പിന്നാളലത്രേ.
ആകാശയാനങ്ങളിൽ, മാൻപെഴും ഹർമ്മ്യങ്ങളിൽ,
നഗര സന്യാസത്തിൻ പീതതാപസന്മാരിൽ
കാണുകില്ലന്നം തീണ്ടാ-തണയുന്നുടലുകൾ
കേൾക്കുകില്ലുന്നം തെറ്റി തെറിയ്ക്കുന്നാക്രന്ദനം.
ഉയന്ന വൃക്ഷങ്ങളിൽ, കാഴ്ചകളുടക്കുന്നൂ,
ഉടഞ്ഞ സ്വപ്നങ്ങളിൽ, കാൽതട്ടി മുറിയുന്നൂ.
വെളിപാടിൽ പുളയും കോമരപ്പിറവികൾ
തെളിയ്ക്കും വഴി പോകുന്നോരിന്നിൻ സിംഹഭാഗം.
നിങ്ങളെച്ചികയുക, പൊടി തൂത്തെഴുന്നേൽക്ക,
മുന്നേറ്റ വീഥികളിൽ, ഇരുട്ടെങ്ങാരായുക.
ലിഖിതപ്രമാണങ്ങൾ, ഉയരും പ്രസ്താവ്യങ്ങൾ,
തിട്ടമേ തെറ്റാണവ റദ്ദു ചെയ്തു ചിന്തിയ്ക്ക.
ജ്വാലാഗ്രം പോലെ രക്ത വർണ്ണത്തിൽ തിളങ്ങുന്ന
യുവതേ രാജാങ്കണം, സമര ദ്വീപാക്കുക.
സങ്കൽപ്പോദ്യാനം വിട്ട്, ഇരമ്പും കടലോളം
ഊക്കിൽ വന്നിടിയ്ക്കുക, കൊട്ടാരം തകർക്കുക.
കാണുന്നോ സതീർത്ഥ്യരേ, ആകാശക്കിഴക്കിലേ
മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.