close
Sayahna Sayahna
Search

നീളം


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പല വഴികളിലൂടെയും നടന്നു.
ഒന്നിലൂടെ ചിലപ്പോൾ കുറേ പോകും.
അടയുമ്പോഴോ മടുക്കുമ്പോഴോ
കണ്ണുകളടച്ച് കാഴ്ചയ്ക്ക് വിശ്രമംനൽകി
തിരിച്ചു നടക്കും.

ഒരു നേരം
ഒരു വഴിയ്ക്ക് ഞാനിപ്പോളിരിയ്ക്കുന്ന ജയിലറയുടെ
അഴിയോളം നീളം കാണും.
അൽപം കഴിഞ്ഞാലതിന്,
മിക്കപ്പോഴുമെന്നെ പ്രലോഭിപ്പിയ്ക്കാറുള്ള
ഫാൻ ഹുക്കിനോളംപോന്ന വട്ടമായിരിയ്ക്കും.
തിരിച്ചെത്തുമ്പോഴാണ്
ഇത് തുടങ്ങിയേടമല്ലേയെന്നോർത്ത്
ലജ്ജിച്ചിരിയ്ക്കേണ്ടി വരിക.

ഒരിയ്ക്കലാ വഴിയ്ക്ക്
അവളുടെ ശബ്ദത്തോളം നീളമുണ്ടായിരുന്നു.
അതുകൊണ്ടാണല്ലോ,
ഹാമ്ലിനിലെ കുഴലൂത്തുകാരനു പുറകെയെന്നോണം,
ആകൃഷ്ടനായി നടന്നത്.
ചൂടും ചൂരുമൊടുങ്ങിയപ്പോൾ,
കാൽ നനഞ്ഞു പൊള്ളിയപ്പോൾ,
ഓർമ്മകളെ വ്യഭിചരിച്ചു കൊന്നിട്ട് തിരിച്ചു നടന്നതും.

കൊന്നിട്ട ഓർമ്മകളെല്ലാം,
പുഴയുടെ തീരത്തുതന്നെയുള്ള
കണ്ടൽക്കാടുകളിലും
നീളൻ പുഴപ്പുല്ലുകളിലും
കുരുങ്ങിച്ചീഞ്ഞു ചീർത്തുപൊന്തുമെന്നു കരുതിയില്ല.
അല്ലെങ്കിൽ,
എന്റെ ഭാരമുള്ള കണ്ണുകളും,
പറക്കാൻ തീരെശേഷിയില്ലാത്ത
വീർത്തശരീരവും ചേർത്തു കെട്ടി,
ഓർമ്മകളെ ആഴത്തിൽതള്ളിയേനെ.
വഴികളുടെ ദൂരം,
അളക്കാൻ പോലുമാകാത്ത വിധത്തിൽ,
ശൂന്യതകളിലേയ്ക്കകറ്റിയേനെ.

ഇതിപ്പോൾ
ചത്ത ഓർമ്മകൾക്കു മേലുണ്ടായിരുന്ന വിരലടയാളങ്ങളും,
ബലാത്സംഗം ചെയ്യപ്പട്ടപ്പോൾ അവയ്ക്കു മേലുണ്ടായ ശുക്ലവും,
എന്റേതെന്ന് സ്ഥിരീകരിയ്ക്കപ്പെടുന്നു.

ന്യായസ്ഥലികളിലെ വിചാരണയും
വാർത്താവത്കരണവും കഴിഞ്ഞ്,
ജയിലഴിയോളമുള്ള
ഫാൻഹുക്കിനോളം വട്ടമുള്ള
നീളങ്ങളും അളന്ന്,
ഇവിടൊരു മൂലയിലുണ്ട് ഞാൻ.